'ആത്മശക്തി'യുടെ അരുളും പൊരുളും 

ജാതിമതഭേദങ്ങള്‍ക്കെതിരേയും സാമൂഹിക തിന്മകള്‍ക്കെതിരേയും പോരാടിയ സ്വാമി ആനന്ദതീര്‍ത്ഥന്‍ എന്ന അനന്യവ്യക്തിത്വത്തിന്റെ വെളിച്ചം പ്രസരിപ്പിക്കുന്ന 'നിഷേധിയുടെ ആത്മശക്തി' എന്ന ഡോക്യുഫിക്ഷനെക്കുറിച്ച്
'ആത്മശക്തി'യുടെ അരുളും പൊരുളും 

തത്തിന്റേയും ദൈവത്തിന്റേയും പേരില്‍ നമ്മെ ചൂഷണവിധേയരാക്കാന്‍ ആരേയും നമ്മള്‍ അനുവദിച്ചുകൂടാ. ക്ഷേത്രങ്ങളില്‍ കാഴ്ചയര്‍പ്പിക്കുന്നതിനുപകരം നമ്മുടെ കുട്ടികള്‍ക്ക് ആഹാരം നല്‍കിയാല്‍ അതിലായിരിക്കും ദൈവം കൂടുതല്‍ പ്രസാദിക്കുക.' 

ദൈവം അപ്പത്തിന്റെ രൂപത്തിലാണ് വിശക്കുന്നവന്റെ മുന്‍പാകെ പ്രത്യക്ഷപ്പെടുക എന്ന വിവേകാനന്ദവാക്യത്തെ സ്മരിപ്പിക്കുന്ന ഈ വാക്കുകള്‍ സ്വാമി ആനന്ദതീര്‍ത്ഥന്റേതാണ്. നാരായണഗുരുവിന്റെ ദര്‍ശനത്തെ കര്‍മ്മപഥത്തിലെത്തിച്ചയാളായിരുന്നു അദ്ദേഹം. തന്റെ വിശ്വാസത്തെക്കുറിച്ച് വ്യക്തമാക്കുന്ന കൂട്ടത്തില്‍ ആനന്ദതീര്‍ത്ഥന്‍ പറഞ്ഞതിങ്ങനെ: 'ഞാനൊരു ഹിന്ദുവല്ലെന്നു മാത്രമല്ല, ഒരു പ്രത്യേക വിഭാഗത്തിലും ഉള്‍പ്പെടുന്നയാളുമല്ല.' താന്‍ ഒരു പ്രത്യേക ജാതിയിലോ മതത്തിലോ പെട്ടയാളല്ല എന്ന നാരായണഗുരുവിന്റെ പ്രഖ്യാപനത്തെയാണ് ആ സന്ദര്‍ഭത്തില്‍ ആനന്ദതീര്‍ത്ഥന്‍ പ്രതിദ്ധ്വനിപ്പിച്ചത്. 

സാമൂഹ്യശ്രേണിയില്‍ താഴെത്തട്ടില്‍ കഴിയുന്നവരുടെ ക്ഷേത്രപ്രവേശനശ്രമങ്ങള്‍ക്കു താന്‍ നേതൃത്വം നല്‍കുന്നതിനെ സംബന്ധിച്ച് മറ്റൊരിക്കല്‍ ആനന്ദതീര്‍ത്ഥന്‍ ഇങ്ങനെ പ്രസ്താവിച്ചു: 'ദൈവം സര്‍വ്വവ്യാപിയാണ്. ഞാന്‍ ദൈവത്തെ തേടി ഒരിക്കലും ക്ഷേത്രത്തില്‍ പോകാറില്ല. സവര്‍ണ്ണഹിന്ദുക്കളുടെ ക്ഷേത്രങ്ങളില്‍ അയിത്തത്തിന്റെ പിശാച് കുടിയിരിക്കുന്നുവെന്നു ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏതെല്ലാം ക്ഷേത്രങ്ങളില്‍ ദൈവത്തോടൊപ്പം അയിത്തത്തേയും കുടിയിരുത്തിയിട്ടുണ്ട് എന്ന് പരിശോധിക്കാനാണ് ഞാന്‍ അവിടെ ചെല്ലുന്നത്.' 

സ്വാമി ആനന്ദതീര്‍ത്ഥനെക്കുറിച്ച് മാങ്ങാടന്‍ കുഞ്ഞിക്കൃഷ്ണന്‍ നിര്‍മ്മിച്ച് ബിന്ദു സാജനും അഭിജിത് നാരായണനും സംവിധാനം ചെയ്ത 'നിഷേധിയുടെ ആത്മശക്തി' എന്ന ഡോക്യുമെന്ററിയില്‍ അദ്ദേഹം നടത്തിയ ഈ പ്രസ്താവനകള്‍ ശ്രദ്ധേയമാംവിധം ആവര്‍ത്തിക്കുന്നുണ്ട്. തീര്‍ച്ചയായും ഹിന്ദു സന്ന്യാസിമാരും ആത്മീയപ്രഭാവമുള്ള വ്യക്തിത്വങ്ങളും 'ഹിന്ദുരാഷ്ട്രം' എന്ന രാഷ്ട്രീയ പ്രൊജക്ടിന്റെ ഉപകരണങ്ങളായി അവരറിഞ്ഞും അറിയാതേയും മാറുന്ന ഈ കാലത്ത് മാനവികമായ ഒരു ആത്മീയതയുടെ പൊരുളറിഞ്ഞ് പ്രവര്‍ത്തിച്ച ആനന്ദതീര്‍ത്ഥനെപ്പോലുള്ള വിപ്ലവകാരികളായ സന്ന്യാസിമാരുടെ ജീവിതത്തെക്കുറിച്ച് ആവര്‍ത്തിച്ചു പറയുന്നതിനു വലിയ പ്രസക്തിയുണ്ട്. 'നിഷേധിയുടെ ആത്മശക്തി' എന്ന ഡോക്യുഫിക്ഷന്‍ ശ്രദ്ധേയമാകുന്നതിനു പരമപ്രധാനമായ കാരണങ്ങളിലൊന്നാണിത്. ഒരു ഇരുണ്ട കാലഘട്ടത്തിനും അവിടെ തെളിഞ്ഞുനിന്ന വെളിച്ചങ്ങള്‍ക്കും സമര്‍പ്പിച്ചിട്ടുള്ള ഈ ഡോക്യുഫിക്ഷന്‍ വീണ്ടും ഇരുളു നിറയുന്ന ഒരു കാലഘട്ടത്തില്‍ സ്വജീവിതംകൊണ്ട് വെളിച്ചമായിത്തീര്‍ന്നവരെപ്പറ്റി ഓര്‍മ്മിപ്പിക്കുന്നു. അവര്‍ നടത്തിയ പോരാട്ടങ്ങളേയും. 

താന്‍ ഒരു അവതാരപുരുഷനല്ലെന്നും അഥവാ തന്നെ ആരെങ്കിലും ഒരു അവതാരപുരുഷനായി കരുതുന്നുണ്ടെങ്കില്‍ ജാതി രാക്ഷസനെ നിര്‍മ്മൂലനം ചെയ്യാന്‍ അവതാരമെടുത്തയാളായി കരുതിയാല്‍ മതിയെന്നും പ്രഖ്യാപിച്ച ഒരു ഗുരുവിന്റെ ദര്‍ശനത്തെ പ്രായോഗികമാക്കിയ ശിഷ്യനായിരുന്നു ആനന്ദതീര്‍ത്ഥന്‍. വിഷപ്പല്ലുകള്‍ പുറത്തുകാട്ടി തനിസ്വരൂപം പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്ന ജാതിപ്പിശാചിനെ അതിന്റെ ഉരുക്കുകോട്ടകളില്‍ ചെന്നു നേരിട്ടു ആക്രമിക്കലായിരുന്നു ആനന്ദതീര്‍ത്ഥന്റെ രീതി. വയനാട്ടില്‍ ഗോത്രവിഭാഗക്കാരായ ജനങ്ങളെ അടിമക്കച്ചവടം ചെയ്യുന്നത് തടഞ്ഞും അയിത്തവും ജാതിമേധാവിത്ത്വവും അഴിഞ്ഞാടിയിരുന്ന മധുരൈയിലെ മേലൂര്‍, മാങ്കുളം ഗ്രാമങ്ങളില്‍ കയറിച്ചെന്ന് ശ്രേണീബദ്ധമായ വിവേചനങ്ങളെ ധീരമായി ചോദ്യം ചെയ്തും കേരളത്തില്‍ തന്നെ നിരവധി പ്രദേശങ്ങളില്‍ നടമാടിയിരുന്ന ഹീനമായ ജാത്യാചാരങ്ങളെ രോഷത്തോടെ നേരിട്ടും ജീവിതം നിത്യമായ ഒരു കലാപമാക്കി മാറ്റിയ ആനന്ദതീര്‍ത്ഥന്റെ പാത അത്ര സുഗമമായിരുന്നില്ല. മഹാത്മാഗാന്ധിയില്‍നിന്നും നാരായണഗുരുവില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടും അവരുടെ നിര്‍ദ്ദേശപ്രകാരവും തിരഞ്ഞെടുത്തതായിരുന്നു ആ പാത എങ്കിലും. ആ പാതയിലൂടെ മുന്നോട്ടു യാത്ര ചെയ്തതു നിമിത്തം നിരവധി തവണ ശാരീരികമായ മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടിവന്ന അദ്ദേഹം മരണം വരിക്കുന്നതുതന്നെ അത്തരമൊരു ശാരീരികമര്‍ദ്ദനമേല്പിച്ച അവശതകളെത്തുടര്‍ന്നായിരുന്നുവെന്ന 'നിഷേധിയുടെ ആത്മശക്തി' എന്ന ഡോക്യുമെന്ററിയില്‍ പറയുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെപ്പോലേയും അംബേദ്കറെപ്പോലെയും മനുഷ്യനും മനുഷ്യനും തമ്മില്‍ വര്‍ണത്തിന്റേയും വംശത്തിന്റേയും പേരിലുള്ള വിവേചനങ്ങളെ ചോദ്യം ചെയ്ത ഒരു മഹദ്‌വ്യക്തിയുടെ ജീവിതം നമ്മുടെ മുഖ്യധാരാ ചരിത്രത്തിന്റെ അരികുകളില്‍പോലും രേഖപ്പെടുത്താതെ പോയത് എന്തുകൊണ്ടാകാം എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരവും ഈ ഡോക്യുമെന്ററി നല്‍കുന്നുണ്ട്. 

ആരായിരുന്നു ആനന്ദതീര്‍ത്ഥന്‍? നാരായണഗുരുവിന്റെ അവസാനത്തെ ശിഷ്യന്‍. ഗാന്ധിയന്‍. സാമൂഹ്യ പരിഷ്!കര്‍ത്താവ്. ജീവിതം സമൂഹത്തിന്റെ നന്മയ്ക്കായി സമര്‍പ്പിച്ച നിരവധി മഹദ്!വ്യക്തിത്വങ്ങളില്‍ ഒരാള്‍. അതുമതിയാകുമോ വിശേഷണം? തീര്‍ച്ചയായും പോരാ. 

എന്നാല്‍, ആനന്ദതീര്‍ത്ഥന്‍ ആരാണ് എന്നതിനു കൃത്യമായ ഒരു മറുപടി ഈ ഡോക്യുമെന്ററി നല്‍കുന്നുണ്ട്. സാമൂഹ്യവിപ്ലവകാരി എന്നതാണ് ആ ഉത്തരം. എങ്ങനെയാണ് ആനന്ദതീര്‍ത്ഥന്‍ സാമൂഹ്യവിപ്ലവം നയിച്ചതെന്നത് സംബന്ധിച്ച് വിശദവും വ്യക്തവുമായ ഒരു ഉത്തരം നല്‍കുന്നുണ്ട് 'നിഷേധിയുടെ ആത്മശക്തി' എന്ന ഡോക്യുമെന്ററി. അയിത്തംപോലെയുള്ള ഹീനമായ ജാത്യാചാരങ്ങളും വിവേചനവും ഏറെക്കുറെ അവസാനിപ്പിക്കാന്‍ കേരളീയ സമൂഹത്തിനായിട്ടുണ്ടെങ്കില്‍ അതിനു കടപ്പെട്ടിരിക്കുന്നത് ആനന്ദതീര്‍ത്ഥനടക്കമുള്ളവര്‍ നടത്തിയ പോരാട്ടങ്ങളോടാണ്. അവരുടെ സമര്‍പ്പിത ജീവിതങ്ങളോടാണ് എന്ന യാഥാര്‍ത്ഥ്യത്തിന് അടിവരയിടുന്നുണ്ട് ഈ ഡോക്യുമെന്ററി. 

ജാതിവിരുദ്ധതയുടെ പോരാട്ടവഴികള്‍

മഹാത്മാഗാന്ധിയുടേയും ശ്രീനാരായണ ഗുരുവിന്റേയും ശിഷ്യനായി ജീവിതം ആരംഭിച്ച സ്വാമി ആനന്ദതീര്‍ത്ഥന്‍ നടന്നുതീര്‍ത്ത പാതകള്‍ കേരളം തൊട്ടുകൂടായ്മക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ പാതകള്‍ കൂടിയാണ്. ഹിന്ദുത്വ രാഷ്ട്രീയം പ്രബലമാകുകയും പഴയതൊക്കെ തിരിച്ചുവരാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഈ സന്ദര്‍ഭത്തില്‍ നാം കടന്നുപോന്ന പാതകളെ സംബന്ധിച്ച് ഓര്‍ത്തെടുക്കുന്നതുതന്നെ പുനരുത്ഥാനവാദങ്ങള്‍ക്കെതിരെയുള്ള വലിയ സമരമാണ്. ആ നിലയ്ക്കും ഈ ഡോക്യുമെന്ററിക്ക് ഏറെ പ്രസക്തിയുണ്ട്. 

1905 ജനുവരി രണ്ടിനാണ് പിന്നീട് ആനന്ദതീര്‍ത്ഥന്‍ എന്ന പേരു സ്വീകരിച്ച അനന്ത ഷേണായ് ജനിക്കുന്നത്. തലശ്ശേരിയിലെ രാമചന്ദ്ര റാവുവിന്റേയും ദേവുബായിയുടേയും മകനായി. പഠനകാര്യങ്ങളില്‍ മിടുക്കനായിരുന്നു ചെറുപ്പത്തില്‍ അദ്ദേഹം. മദ്രാസ് പ്രസിഡന്‍സി കോളേജില്‍നിന്നും ഫിസിക്‌സില്‍ ഓണേഴ്‌സ് ബിരുദവും നേടി. മദ്രാസിലെ പഠനകാലത്താണ് അദ്ദേഹത്തിനു സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തോടും ഗാന്ധിയന്‍ മൂല്യങ്ങളോടും ആഭിമുഖ്യം വളരുന്നത്. 


കലാലയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കാലത്തുതന്നെ ഇദ്ദേഹം സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തു ചാടുകയും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഗാന്ധിമാര്‍ഗ്ഗത്തില്‍ ചരിക്കാനാഗ്രഹിച്ച അനന്ത ഷേണായി 23ാം വയസ്സില്‍ സബര്‍മതി സന്ദര്‍ശിച്ചത് കാല്‍നടയായി ചെന്നായിരുന്നുവത്രേ. സി. രാജഗോപാലാചാരിയായിരുന്നു അനന്തഷേണായിയെ സ്വാധീനിച്ച മറ്റൊരു വ്യക്തിത്വം. തമിഴ്‌നാട്ടിലെ വേദാരണ്യത്തിലേക്കു പോകുകയും അദ്ദേഹത്തോടൊപ്പം ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തുവെന്നാണ് ചരിത്രം. 
രാജാജിയുടെ നിര്‍ദ്ദേശപ്രകാരമാണ് ദളിത് കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് പാലക്കാട് ശബരി ആശ്രമം കേന്ദ്രമാക്കി അദ്ദേഹം പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. നായാടികളടക്കമുള്ള താഴ്ന്ന ജാതികള്‍ക്കു വഴിനടക്കാനുള്ള സ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെട്ടിരുന്ന കാലമായിരുന്നു അത്. അന്ന് അത്തരം അനാചാരങ്ങള്‍ക്കെതിരെ പോരാടുകയും ഇടപെടുകയും ചെയ്തതിനും മര്‍ദ്ദനമേല്‍ക്കേണ്ടിവന്നു അദ്ദേഹത്തിന്. 

കോയമ്പത്തൂരില്‍ വെച്ചാണ് അദ്ദേഹം നാരായണഗുരുവിനെ കാണുന്നത്. ആ കൂടിക്കാഴ്ചയോടെ ഗുരുദര്‍ശനത്തെ തന്റെ മാര്‍ഗ്ഗദീപമായി സ്വീകരിക്കുകയും ചെയ്തു ആനന്ദതീര്‍ത്ഥന്‍. കാര്യമായ ഔപചാരികതകളൊന്നും കൂടാതെ തന്നെ നാരായണഗുരു അദ്ദേഹത്തിനു സന്ന്യാസം നല്‍കിയതു സംബന്ധിച്ച് ഡോക്യുമെന്ററിയില്‍ വ്യക്തമാക്കുന്നുണ്ട്. 'സന്ന്യാസിമാരെ തല്ലുന്നത് സാധാരണയായി പതിവില്ലാത്തതുകൊണ്ട് തല്ലുകൊള്ളുന്നത് കുറച്ചു കുറഞ്ഞുകിട്ടുമല്ലോ' എന്നു പറയുന്നത് തമാശയായിട്ടാണെങ്കിലും അനീതികള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ അദ്ദേഹം അനുഭവിക്കേണ്ടിവന്ന ക്ലേശങ്ങളെ സംബന്ധിച്ച് ചെറിയൊരു സൂചന അതു നല്‍കുന്നുണ്ട്. ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ പ്രചാരണവുമായി എ.കെ.ജിയുടേയും കേരളീയന്റേയും നേതൃത്വത്തില്‍ നടത്തിയ ജാഥയ്ക്കുനേരെ ജാതിപ്രമാണിമാരുടെ കുറുവടിസേന നടത്തിയ നിഷ്ഠുര ആക്രമണം അറിഞ്ഞാണ് ആനന്ദതീര്‍ത്ഥന്‍ പയ്യന്നൂരിലെത്തുന്നത്. ആശുപത്രിയിലെത്തിയവരെ പരിചരിക്കുകയും ചെയ്തു. ജാതിവിവേചനത്തിനും അയിത്തോച്ചാടനത്തിനും എതിരെയുള്ള പോരാട്ടത്തിന്റെ വേദിയായി അങ്ങനെ അദ്ദേഹം പയ്യന്നൂരിനെ തിരഞ്ഞെടുത്തു. 1931 നവംബര്‍ 21ന് കൊക്കാനിശ്ശേരിയില്‍ ശ്രീനാരായണ വിദ്യാലയം തുടങ്ങി. പയ്യന്നൂരില്‍ അദ്ദേഹം ആരംഭിച്ച ആശ്രമം അനാഥരായ നൂറുകണക്കിന് ദളിത് കുട്ടികള്‍ക്കു പുതിയ ജീവന്‍ നല്‍കി. അതിനൊപ്പം സാമൂഹിക ജീവിതത്തില്‍ എവിടെയൊക്കെ തൊട്ടുകൂടായ്മയുണ്ടോ അതിനോടൊക്കെ സ്വാമി നിരന്തരമായി പോരാടി. കുറച്ചുകാലം ഈ പോരാട്ടം നടന്നത് തമിഴ്‌നാട്ടിലാണ്. 'ഡോക്യുമെന്ററി എടുക്കുമ്പോള്‍ ഞങ്ങള്‍ നേരിട്ട ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി തന്നെയാണ്. ഒട്ടനവധി ഇടങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉദാഹരണത്തിന് കര്‍ണാടകയില്‍ ആനന്ദതീര്‍ത്ഥന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍. അത് സ്പര്‍ശിക്കാന്‍ സാധിച്ചിട്ടില്ല. 

പല സ്ഥലത്തുനിന്നും കടുത്ത എതിര്‍പ്പും ഭീകരമായ മര്‍ദ്ദനവും ഏറ്റെങ്കിലും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍നിന്ന് ഇതൊന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. ഒടുവില്‍ ഗുരുവായൂര്‍ അമ്പലത്തിലെ തൊട്ടുകൂടായ്മക്കെതിരെ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തില്‍ ലഭിച്ച മര്‍ദ്ദനമാണ് അദ്ദേഹത്തിന്റെ അന്ത്യത്തിലേക്ക് നയിച്ചത്. സാമ്പ്രദായിക അര്‍ത്ഥത്തിലുള്ള ഒരു സന്ന്യാസി ആയിരുന്നില്ല സ്വാമി ആനന്ദതീര്‍ത്ഥന്‍. അതുകൊണ്ടാണ് 'ഞാന്‍ അമ്പലങ്ങളില്‍ പോകുന്നത് ദൈവത്തെ അന്വേഷിച്ചല്ല, മറിച്ച് അയിത്തം കൊടികുത്തി വാഴുന്നത് അമ്പലങ്ങളില്‍ ആയതുകൊണ്ടാണ്' എന്ന് അദ്ദേഹം പറഞ്ഞത്. അയിത്തത്തിനെതിരെ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി ശാരീരികമര്‍ദ്ദനങ്ങളും അവഹേളനങ്ങളും ഏല്‍ക്കേണ്ടിവന്ന അദ്ദേഹം ചിലപ്പോഴൊക്കെ ഹിന്ദുസമുദായത്തില്‍നിന്നും കാര്യമായ പിന്തുണ അതിനു ലഭിക്കാതെ വന്നതില്‍ ഖിന്നനായിരുന്നുവെന്ന് ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. 1971ല്‍ അകല്‍പ്പാടിയിലെ ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്രത്തില്‍ അടിയാള വിഭാഗങ്ങള്‍ക്കു ക്ഷേത്രപ്രവേശനത്തിനു നടത്തിയ ശ്രമത്തെത്തുടര്‍ന്നു ഭീകരമായി മര്‍ദ്ദനമേറ്റ്, അക്രമികള്‍ കത്തിച്ചുകളയാനായി പെട്രോളൊഴിച്ച് കിടത്തിയിരുന്ന ആനന്ദതീര്‍ത്ഥനെ അതുവഴി കാറില്‍ വന്ന മുസ്‌ലിങ്ങളായ ചെറുപ്പക്കാരാണ് രക്ഷിച്ചുകൊണ്ടുപോയത്. ഈ സന്ദര്‍ഭത്തില്‍ 'ഇസ്‌ലാം മതം സ്വീകരിച്ചാലോ' എന്ന ചിന്ത പോലും അദ്ദേഹത്തിനുണ്ടായതായി ഡോക്യുമെന്ററിയിലുണ്ട്.

മിക്കവാറും അദ്ദേഹത്തിന്റേതെല്ലാം ഒറ്റയാള്‍ പോരാട്ടങ്ങളായിരുന്നു. ഈ ഒറ്റയാള്‍ പോരാട്ടങ്ങള്‍ നിര്‍ഭാഗ്യവശാല്‍ ചരിത്രത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. പഴയ ചിത്രങ്ങള്‍പോലും വളരെക്കുറച്ചേ ലഭ്യമായിട്ടുള്ളൂവെന്നാണ് ഡോക്യുഫിക്ഷന്‍ സംവിധായകരായ ബിന്ദു സാജനും അഭിജിത് സാജനും പറയുന്നു:
'അദ്ദേഹത്തിന്റെ ജീവിതത്തെ സംബന്ധിച്ച രേഖകള്‍ വളരെ ദുര്‍ലഭമായിരുന്നുവെന്നത് ഡോക്യുമെന്ററി എന്ന ആശയം സാക്ഷാല്‍ക്കരിക്കുന്നതിനു പ്രയാസമുണ്ടാക്കിയിട്ടുണ്ട്. ഒരൊറ്റ വിഡിയോപോലും ലഭ്യമല്ല. കുറച്ചു ഫോട്ടോകള്‍ തന്നെയും സംഘടിപ്പിച്ചത് ഏറെ ബുദ്ധിമുട്ടിയാണ്. അതുകൊണ്ട് അദ്ദേഹവുമായി ബന്ധമുണ്ടായിരുന്ന കുറച്ചുപേരുടെ അഭിമുഖങ്ങളെ ആശ്രയിക്കേണ്ടിവന്നു. അദ്ദേഹം എടുത്തുവളര്‍ത്തിയ കുട്ടികളുടെ ഓര്‍മ്മകളിലൂടെയും ചരിത്ര സംഭവങ്ങളുടെ നാടകീയാവിഷ്‌കാരത്തിലൂടെയും ആ കാലഘട്ടത്തിന്റെ മുഖം അനാവരണം ചെയ്യുന്ന കവിതകളിലൂടെയുമാണ് ഈ ഡോക്യുമെന്ററി വികസിക്കുന്നത്. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഡോ. ശ്രീജിത് രമണനാണ് ആനന്ദതീര്‍ത്ഥനായി വേഷമിടുന്നത്. ചില കഥാപാത്രങ്ങളെയൊക്കെ കൈകാര്യം ചെയ്തത് ഡോക്യുമെന്ററി ചിത്രീകരിക്കുന്ന ഇടങ്ങളില്‍ ലഭ്യമായ ആളുകളെ വെച്ചാണ്. ഉദാഹരണത്തിന് മധുരൈയിലെ മേലൂരിലേയും മാങ്കുളത്തേയും സ്വാമിയുടെ ജീവിതം' ബിന്ദു സാജന്‍ പറയുന്നു. 

മാറ്റത്തിനുവേണ്ടി നിലക്കൊണ്ട മനസ്സ്

ജീവിതത്തിന്റെ സമസ്ത തലങ്ങളിലും നാടിന്റെ നാനാമൂലയിലും വിപ്ലവകരമായ പരിവര്‍ത്തനത്തിനു ശ്രമിച്ചയാളായിരുന്നു സ്വാമി ആനന്ദതീര്‍ത്ഥന്‍. സൂക്ഷ്മതലങ്ങളില്‍പോലും ജാതിമതഭേദ ചിന്തകളുടെ കണികപോലും ഉണ്ടാകരുതെന്ന് അദ്ദേഹത്തിനു നിഷ്‌കര്‍ഷയുണ്ടായിരുന്നു. തന്റെ സമീപത്തെത്തിച്ചേരുന്ന കുട്ടികളുടെ പേരുകള്‍പോലും ജാതിമതഭേദങ്ങള്‍ ധ്വനിപ്പിക്കരുതെന്ന് അദ്ദേഹം കരുതി. ഹിന്ദു കുട്ടികള്‍ക്ക് ക്രിസ്ത്യന്‍ പേരുകള്‍ നല്‍കിയ സന്ദര്‍ഭങ്ങളുണ്ടെന്നും ഡോക്യുമെന്ററിയിലുണ്ട്. 'ഡോക്യുമെന്ററിയെ സംബന്ധിച്ച ആശയം മുന്നോട്ടുവെച്ചത് കെ.പി. ശശികുമാറാണ്. അദ്ദേഹത്തിന്റെ പിതാവിന്റെ പേര് മോഹനചന്ദ്ര ഗുപ്തന്‍ എന്നായിരുന്നു. ആ പേരിട്ടത് ആനന്ദതീര്‍ത്ഥനാണ്' ബിന്ദു സാജന്‍ പറയുന്നു. ആ പേരുമാറ്റത്തിന്റെ പൊരുളന്വേഷിച്ചുള്ള യാത്രയാണ് ശശികുമാറിന് ആനന്ദതീര്‍ത്ഥനെക്കുറിച്ച് അറിയാനും ഇങ്ങനെയൊരാശയം മുന്നോട്ടുവെയ്ക്കാനും പ്രേരിപ്പിക്കുന്നത്. ആനന്ദതീര്‍ത്ഥന്‍ മിശ്രഭോജനങ്ങള്‍ സംഘടിപ്പിക്കുകയും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തയാളായിരുന്നു. ഇക്കാര്യവും ഡോക്യുമെന്ററിയില്‍ വിവരിക്കുന്നുണ്ട്. 

ജീവിതത്തിന്റെ സര്‍വ്വതലങ്ങളിലും വ്യാപിച്ചുനില്‍ക്കുന്ന ഒരു മാറ്റത്തിനുവേണ്ടി ആനന്ദതീര്‍ത്ഥന്‍ നിലകൊണ്ടതുപോലെ അദ്ദേഹത്തിനു നാടെങ്ങും പ്രവര്‍ത്തനമേഖലയായിരുന്നു. ദക്ഷിണേന്ത്യയിലെ ജാതീയ സാമൂഹ്യക്രമത്തിന്റെ തിന്മകളെക്കുറിച്ച് ബി.ആര്‍. അംബേദ്കര്‍ അറിയുന്നത് മഹാത്മാഗാന്ധി നടത്തിയിരുന്ന ഒരു പ്രസിദ്ധീകരണത്തില്‍ മധുരൈയിലെ ജാത്യാചാരങ്ങളെക്കുറിച്ചും അയിത്തത്തെക്കുറിച്ചും ആനന്ദതീര്‍ത്ഥന്‍ എഴുതിയ ഒരു കത്തില്‍നിന്നാണ്. ഈ ഡോക്യുഫിക്ഷനില്‍ തമിഴിലെ എഴുത്തുകാരനും ചിന്തകനും അദ്ധ്യാപകനുമായ സ്റ്റാലിന്‍ രാജാങ്കം 1952 മുതല്‍ '58 വരെയുള്ള കാലഘട്ടത്തില്‍ മധുരൈയിലെ മേലൂരിലും മാങ്കുളത്തിലും നിരവധി ഗ്രാമങ്ങളില്‍ ആനന്ദതീര്‍ത്ഥന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. അംബേദ്കറിനാല്‍ തുടക്കമിട്ട ദളിത് പോരാട്ടങ്ങള്‍ക്ക് അടിത്തറയായ മഹദ് സത്യഗ്രഹത്തെ അനുസ്മരിപ്പിക്കുംവിധം ഒരിടപെടല്‍ മാങ്കുളത്ത് ആനന്ദതീര്‍ത്ഥന്‍ നടത്തുന്നുണ്ട്. അവിടെ ഒരു പൊതു കുളത്തില്‍നിന്ന് കീഴ്ജാതിക്കാരായ ചെറുപ്പക്കാരുമൊത്ത് വെള്ളമെടുത്ത സ്വാമിയേയും ഒപ്പമുണ്ടായിരുന്നവരേയും ഒരു വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ മേല്‍ജാതിക്കാരായ നാട്ടുകാര്‍ മര്‍ദ്ദിക്കുന്നത് ഡോക്യുഫിക്ഷനിലുണ്ട്. 'ഡയറക്ട് ആക്ഷന്‍' എന്ന തത്ത്വത്തിലായിരുന്നു ആനന്ദതീര്‍ത്ഥനു വിശ്വാസമെന്നു തോന്നും അദ്ദേഹത്തിന്റെ പല പ്രവൃത്തികളേയും വിലയിരുത്തിയാല്‍. തന്റെ കൂടെ ആരൊക്കെ ഉണ്ടെന്നും എന്തായിരിക്കും പ്രത്യാഘാതമെന്നു പോലും അദ്ദേഹം ചിന്തിച്ചിരുന്നില്ല. 

'കര്‍ണാടകയിലും അദ്ദേഹം ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ബാംഗ്ലൂരില്‍ ശുചീകരണത്തൊഴിലാളികള്‍ക്ക് അവരുടെ ജോലി നാട്ടുകാര്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതിന് ഏറെ മുന്‍പ് ചെയ്തു തീര്‍ക്കേണ്ടിരുന്നു. ചൂലുമായി ശുചീകരണത്തിനെത്തുന്ന തൊഴിലാളികള്‍ ഒരു അപശകുനമാണ് എന്നു നാട്ടുകാരില്‍ ചിലരും അധികാരികളും കരുതിയതായിരുന്നു അതിനു കാരണം. എന്നാല്‍, ഈ രീതിക്ക് ഒരറുതി വരുത്താന്‍ ആനന്ദതീര്‍ത്ഥന്റെ ഇടപെടല്‍കൊണ്ടു കഴിഞ്ഞു. തന്റെ സന്ദേശവുമായി അദ്ദേഹമെത്താത്ത ഇടങ്ങളില്ല. എന്നാല്‍, എല്ലാം ഡോക്യുഫിക്ഷനില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ശരിക്കും പറഞ്ഞാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടേയും ജീവിതത്തിന്റേയും ചെറിയ ഒരു അംശം മാത്രമാണ് ഡോക്യുഫിക്ഷനിലുള്ളത്' ബിന്ദു സാജന്‍ പറയുന്നു. 

സ്വാമി ആനന്ദതീര്‍ത്ഥന്‍ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ ആരംഭിച്ച് നാരായണഗുരു ദര്‍ശനത്തെ പ്രവൃത്തിയിലേക്ക് പരിവര്‍ത്തിപ്പിച്ചയാളായിരുന്നു. തന്റെ പോരാട്ടങ്ങള്‍ക്ക് ഏതു മാര്‍ഗ്ഗവുമാകാം എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എന്നും പറയാം. ഡോക്യുമെന്ററിയില്‍ സ്റ്റാലിന്‍ രാജാങ്കം ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. നിയമപ്രകാരം ഭൂമി ലഭിക്കേണ്ടുന്ന ഭൂരഹിത കര്‍ഷകനായ ദളിതനു ഭൂമി ലഭിക്കാന്‍ നിയമപ്രകാരം നീങ്ങിയ ആനന്ദതീര്‍ത്ഥന്‍ ഒരിക്കല്‍ തന്റെ ചായപ്പീടികയില്‍ താഴ്ന്നജാതിക്കാര്‍ക്ക് ചിരട്ടയിലേ ചായ നല്‍കൂ എന്ന മേല്‍ജാതിക്കാരന്റെ വാശിയെ ചോദ്യം ചെയ്യുന്നതും കുപ്പി ഗ്ലാസ് പൊട്ടിച്ച് തന്നെ കുത്താനോങ്ങുന്ന ചായപ്പീടികക്കാരനില്‍നിന്ന് ഓടി രക്ഷപ്പെടുന്നതും സ്റ്റാലിന്‍ രാജാങ്കം വിവരിക്കുന്നുണ്ട്. മേലൂര്‍ മേല്‍വിളവ് എന്ന സ്ഥലത്താണ് ഈ സംഭവം നടക്കുന്നത്. 

ഗുരുവായൂരിലെ ബ്രാഹ്മണസദ്യയുടെ യുക്തിയെ ചോദ്യം ചെയ്യുന്നതിനു തുനിഞ്ഞ നടപടിയെ തുടര്‍ന്ന് അദ്ദേഹത്തിനു ഭീകരമര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നതിനേയും അതേത്തുടര്‍ന്ന് ഏറ്റ പരുക്കുകളേയും അതിജീവിക്കാന്‍ ആനന്ദതീര്‍ത്ഥനു കഴിഞ്ഞില്ല. 1987 നവംബര്‍ 21നി അദ്ദേഹം സമാധിയടഞ്ഞുവെന്ന് ഡോക്യുമെന്ററിയില്‍ പറയുന്നു.  എം. കുഞ്ഞിക്കണ്ണന്‍, ഉഷാകിരണ്‍, കര്‍ണന്‍ തമ്പിലാട്ട്, കെ. ലക്ഷ്മണന്‍, രഘു തായത്തുവയല്‍, കെ. കൃഷ്ണന്‍, എ. കുഞ്ഞമ്പു, ഗാന്ധിയനായ വി.പി. അപ്പുക്കുട്ടന്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, കെ.പി. ശശികുമാര്‍, എന്‍. മനോഹരന്‍, സ്വാമി ശുഭാംഗാനന്ദ, സ്റ്റാലിന്‍ രാജാങ്കം, എ. മണ്ടാച്ചി, ആര്‍. മണികണ്ഠന്‍ മാങ്കുളം, സ്വാമി സച്ചിദാനന്ദ ശിവഗിരി, തമിഴ്‌നാട് അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട് പ്രസിഡന്റ് ടി. ചെല്ലക്കണ്ണ്, മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ എന്‍. മാധവന്‍കുട്ടി, എം.കെ. സാനു എന്നിവരുടെ ഓര്‍മ്മകളിലൂടെയും സംഭാഷണങ്ങളിലൂടേയുമാണ് ആനന്ദതീര്‍ത്ഥന്റേയും അദ്ദേഹത്തിന്റെ പോരാട്ടങ്ങളുടേയും കഥ ഡോക്യുമെന്ററി അനാവൃതമാക്കുന്നത്. നാരായണഗുരുവിന്റെ അനുകമ്പാദശകം, ദൈവദശകം തുടങ്ങിയ കൃതികളും ആലപിക്കപ്പെട്ടിരിക്കുന്നു. ഇഞ്ചി ഫിലിംസ് തിരുവനന്തപുരത്തിന്റെ ബാനറില്‍ നിര്‍മ്മിച്ചിട്ടുള്ള ഒരു മണിക്കൂറിലധികം നീളമുള്ള ഈ ഡോക്യുഫിക്ഷന്റെ രചന നിര്‍വ്വഹിച്ചിട്ടുള്ളതും ബിന്ദു സാജനും അഭിജിത് നാരായണനും ചേര്‍ന്നാണ്. ജി. സാജനാണ് ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റ്. അജിത് നാരായണനും മീനാക്ഷിയും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. അഭിജിത്ത് നാരായണന്‍ തന്നെയാണ് എഡിറ്റിംഗ്. സന്ദീപ് നാരായണന്റെ സംഗീതം ഹൃദയാവര്‍ജ്ജകമാണ്. മനോജ് അങ്കമാലി മേയ്ക്കപ്പും സുനില്‍ദാസ് കലാസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. പുഷ്പാവതി, ശ്രീവല്‍സന്‍ ജെ. മേനോന്‍, അമൃത നാരായണന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com