''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

ഇക്കഴിഞ്ഞ ഏപ്രില്‍ 26-ന് മാമുക്കോയ വിടവാങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടു.
മാമുക്കോയ
മാമുക്കോയ Express Photo by TP Sooraj

''സിനിമയേക്കാള്‍ വലുതാണല്ലോ ജീവിതം. പടച്ചവനെന്ന മഹാ സംവിധായകന്റെ ക്യാമറയില്‍ ഷൂട്ട് ചെയ്യുന്ന കഥയും കഥാപാത്രങ്ങളും മാത്രമാണ് നമ്മള്. എഡിറ്റ് ചെയ്യാനും കൂട്ടിച്ചേര്‍ക്കാനും ഓന് മാത്രം കഴിയുന്ന ഒരു സിനിമയാണ് ജീവിതം.''

-മാമുക്കോയ

മാമുക്കോയ നമ്മുടെ സ്വന്തം നടനായിരുന്നു. നമ്മുടെ ആരൊക്കെയോ ആയിരുന്നു. അതുകൊണ്ടു തന്നെ മാമുക്കോയയുടെ വിയോഗം അത്, നമുക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാള്‍ നഷ്ടപ്പെട്ട വേദനയാണ് ഇപ്പൊഴും. നമുക്കിടയില്‍ നമ്മുടെ തൊട്ടടുത്ത് ഇപ്പോഴും അദ്ദേഹം ഉണ്ടല്ലോ എന്നു തോന്നിപ്പോകാറുണ്ട്. നമുക്കു ചുറ്റും കാണുന്ന മനുഷ്യരെപ്പോലെയാണ് മാമുക്കോയയെ നമ്മള്‍ സ്‌ക്രീനില്‍ കണ്ടത്. അല്ലെങ്കില്‍, നമ്മളെത്തന്നെയാണ് കണ്ടത്. എല്ലാം ഈ മണ്ണിന്റെ നിറവും മണവും ജീവനുമുള്ള കഥാപാത്രങ്ങളായിരുന്നു. നര്‍മ്മവും കണ്ണീരും പുഞ്ചിരിയും പൊള്ളത്തരങ്ങളും സങ്കടങ്ങളും നിസ്സഹായതകളും അതില്‍ കണ്ടു. സാധാരണക്കാരന് അത്രമേല്‍ അടുപ്പം തോന്നുമാറ് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മാമുക്കോയക്ക് എളുപ്പത്തില്‍ കഴിഞ്ഞത് താന്‍ കടന്നുവന്ന തീവ്രമായ ജീവിതാനുഭവങ്ങള്‍ തന്നെയായിരിക്കണം കാരണം. മലയാളിയുടെ ഹൃദയത്തില്‍ അത്രമാത്രം അലിഞ്ഞുചേര്‍ന്ന പേരായിരുന്നു മാമുക്കോയ എന്നത്. നാടകത്തിലും സിനിമയിലും വലിയ സര്‍ഗ്ഗാത്മക മുന്നേറ്റങ്ങള്‍ നടത്തി ഏറ്റവും സാധാരണക്കാരനായി ജീവിച്ചു മരിച്ച മനുഷ്യനായിരുന്നു മാമുക്കോയ. മാമുക്കോയ അഭിനയിച്ച എത്രയോ സിനിമകളില്‍ കൂടെ ജോലി ചെയ്യാന്‍ ഭാഗ്യം ലഭിച്ച ഒരാളാണ് ഞാന്‍. പത്തു വര്‍ഷത്തോളം മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ കൂടെ സഹസംവിധായകനായി ഞാന്‍ ജോലിചെയ്ത മിക്കവാറുമെല്ലാ സിനിമകളിലും മാമുക്കോയ ഉണ്ടായിരുന്നു. ഒരു സിനിമാനടന്റെ പകിട്ടും പത്രാസും ഒരിക്കല്‍പ്പോലും മാമുക്കോയയില്‍ കണ്ടിട്ടില്ല. മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും സമീപനത്തിലും അദ്ദേഹം പുലര്‍ത്തിയിരുന്ന ലാളിത്യം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. സിനിമയില്‍ കൂടെ വര്‍ക്ക് ചെയ്തിരുന്ന വലിയ താരങ്ങളോടും സാങ്കേതിക പ്രവര്‍ത്തകരോടും മാത്രമല്ല, ഏറ്റവും താഴെ ജോലി ചെയ്തിരുന്ന ചായ കൊണ്ടുകൊടുക്കുന്ന പ്രൊഡക്ഷന്‍ ബോയിയോടുപോലും ഒരേപോലെ പെരുമാറിയിരുന്ന, കാര്യങ്ങള്‍ അന്വേഷിച്ചിരുന്ന വലിയ മനുഷ്യനായിരുന്നു മാമുക്കോയ എന്ന നടന്‍. സിനിമയുടെ വര്‍ണ്ണപ്പകിട്ടുകളില്‍ അപൂര്‍വ്വമായി മാത്രമേ ഇത്തരം പ്രതിഭാസങ്ങളെ കാണാറുള്ളൂ.

അഭിനയത്തില്‍ മാത്രമല്ല, ജോലി ചെയ്യാന്‍ വന്നാല്‍ സമയത്തിന്റെ കാര്യത്തിലും അടുക്കും ചിട്ടയും പുലര്‍ത്തിയിരുന്ന നടനായിരുന്നു മാമുക്കോയ. ഏതെങ്കിലും ഒരു സംവിധായകനോ പ്രൊഡ്യൂസറോ മാമുക്കോയയ്ക്കുവേണ്ടി ഷൂട്ടിങ്ങ് ലൊക്കേഷനില്‍ കാത്തുനില്‍ക്കേണ്ടി വന്നിട്ടുണ്ടാകില്ല. ഞങ്ങള്‍ അസിസ്റ്റന്റ് ഡയറക്ടേഴ്സിന്റെ ഏറ്റവും വലിയ ടെന്‍ഷനാണ് കണ്ടിന്യൂറ്റി ഷോട്ടുകള്‍. കാരണം, പലപ്പോഴും കൃത്യമായ സമയക്രമത്തിലാകില്ല ഷൂട്ട് ചെയ്യുക. ഒരു സീനിന്റെ തുടര്‍ച്ച ചിലപ്പോള്‍ ആഴ്ചകള്‍ കഴിഞ്ഞോ മാസങ്ങള്‍ക്കു ശേഷമോ ആകാം എടുക്കുന്നത്. പക്ഷേ, എത്ര ദിവസങ്ങള്‍ക്കു ശേഷം എടുത്താലും മാമുക്കോയ അഭിനയിച്ച ഒരു സീനിന്റെ തുടര്‍ച്ച അസാധാരണമായ ഓര്‍മ്മയോടെ അദ്ദേഹം മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ടാകും. ഞങ്ങള്‍, സഹസംവിധായകര്‍ ടെന്‍ഷനടിച്ച് സംശയത്തോടെ നിന്നാല്‍, ഒന്നും പേടിക്കേണ്ട അന്നത്തെ ആക്ഷന്‍ കണ്ട്യൂനിറ്റിയും കോസ്റ്റ്യൂം കണ്ടിന്യൂറ്റിയും ഒക്കെ കൃത്യമാണ് നിങ്ങള്‍ മറ്റു കാര്യങ്ങള്‍ നോക്കിക്കൊള്ളൂ എന്നു പറയും. വളരെ അപൂര്‍വ്വം ആര്‍ട്ടിസ്റ്റുകളിലേ ഇങ്ങനെ കണ്ടിട്ടുള്ളൂ. മോഹന്‍ലാലും നെടുമുടി വേണുവും ഒടുവില്‍ ഉണ്ണിക്കൃഷ്ണനും കെ.പി.എ.സി ലളിതയുമൊക്കെ മാമുക്കോയയുടെ കാറ്റഗറിയില്‍പ്പെട്ട ആര്‍ട്ടിസ്റ്റുകളാണ്.

ഷൂട്ടിങ്ങ് ഇല്ലാത്ത സമയങ്ങളില്‍ എന്നോടൊക്കെ ഒരുപാട് കാര്യങ്ങള്‍ വീട്ടിലെ ഒരാളെന്നപോലെ ചോദിച്ചറിയാറുണ്ട്. വായന ഇഷ്ടമാണ്, എഴുതാറുണ്ട് എന്നൊക്കെ പറഞ്ഞാല്‍ ബഷീറും എസ്.കെ. പൊറ്റെക്കാട്ടും എം.ടിയും മാധവിക്കുട്ടിയും ചുള്ളിക്കാടും മാത്രമല്ല, മലയാള സാഹിത്യത്തിലെ ഏറ്റവും പുതിയ എഴുത്തുകാരുടെ കഥകളെക്കുറിച്ചും കവിതകളെക്കുറിച്ചുമൊക്കെ മാമുക്കോയ വായിച്ചതിന്റെ അഭിപ്രായങ്ങളൊക്കെ പങ്കുവെയ്ക്കും. അവരുടെ രചനകളിലെ സവിശേഷതകളും പോരായ്മകളുമൊക്കെ പറയുന്നതു കേട്ടിട്ട് അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയിട്ടുണ്ട്. ലൊക്കേഷനില്‍, അദ്ദേഹത്തിന്റെ ഷോട്ടെടുക്കാത്ത സമയങ്ങളില്‍ നോക്കുമ്പോള്‍ ഏതെങ്കിലും മരച്ചുവട്ടില്‍ കസേരയില്‍ കാല്‍ കയറ്റിവെച്ചിരിപ്പുണ്ടാവും. അല്ലെങ്കില്‍, ലൈറ്റ് ബോയ്സിന്റെയടുത്തോ ഷൂട്ടിങ്ങ് കാണാന്‍ വന്ന മറ്റു പലരോടോ വീട്ടിലേയോ നാട്ടിലേയോ കാര്യങ്ങള്‍ അന്വേഷിച്ച് സംസാരിച്ചു നില്‍ക്കുന്നതു കാണാം. ആരോടും വലിപ്പച്ചെറുപ്പം കാണിക്കാതെ എല്ലാ മാനുഷിക മൂല്യങ്ങളും കാത്തുസൂക്ഷിച്ച വലിയ മനുഷ്യനായിരുന്നു മാമുക്കോയ.

മാമുക്കോയ
മാമുക്കോയ

'സ്വാഭാവികത'യായിരുന്നു മാമുക്കോയയുടെ അഭിനയത്തിന്റെ പ്രത്യേകത. ക്യാമറയ്ക്കു മുന്‍പില്‍ ഒരിക്കലും അഭിനയിക്കുമായിരുന്നില്ല അദ്ദേഹം. ചില ആര്‍ട്ടിസ്റ്റുകളുണ്ട്, സംവിധായകനെ നേരത്തെ വിളിച്ച് കഥാപാത്രത്തെ കൂടുതല്‍ ചോദിച്ചറിഞ്ഞ് എങ്ങനെ അഭിനയിക്കണം? എങ്ങനെ ഡയലോഗ് പറയണം എന്നൊക്കെ ആശങ്ക പങ്കുവെച്ച് സംഭാഷണങ്ങളെല്ലാം കാണാതെ പഠിച്ചു ധാരാളം തയ്യാറെടുപ്പുകളോടെ അഭിനയിക്കാന്‍ വരുന്നവര്‍. അക്കൂട്ടത്തിലായിരുന്നില്ല മാമുക്കോയ. അദ്ദേഹം സെറ്റില്‍ വരുമ്പോള്‍ മാത്രമാണ് കഥാപാത്രത്തെ മനസ്സിലാക്കുന്നതും അഭിനയിക്കുന്നതും. തിലകനും നെടുമുടിയും മോഹന്‍ലാലും ഒടുവിലുമൊക്കെ ഇങ്ങനെ സെറ്റില്‍ വരുമ്പോള്‍ കഥാപാത്രത്തെ മനസ്സിലാക്കി ക്യാമറയ്ക്ക് മുന്നില്‍ വളരെ സ്വാഭാവികതയോടെ അഭിനയിക്കുന്നവരാണ്. ജന്മസിദ്ധമായി മാമുക്കോയയ്ക്കും ലഭിച്ച ഈ സ്വാഭാവികത തന്നെയാണ് സ്‌ക്രീനില്‍ അദ്ദേഹത്തെ കാണുമ്പോള്‍ നമ്മള്‍ ഇത്രമാത്രം ഇഷ്ടപ്പെടാന്‍ കാരണമായതും. എത്ര വലിയ ആര്‍ട്ടിസ്റ്റുകളുടെ കൂടെ ഏതു സീനില്‍ അഭിനയിച്ചാലും അവിടെ മാമുക്കോയയുടെ പ്രസന്‍സ് പ്രേക്ഷകരെ നിരാശരാക്കാറില്ല. കാരണം, അഭിനയത്തിന്റെ ആ താളം അത്രമാത്രം ആ സീനിനെ മാമുക്കോയ ലൈവാക്കി മാറ്റിയിട്ടുണ്ടാകും. അഭിനയത്തെ അനുഭവമാക്കി മാറ്റുന്ന, വളരെ അപൂര്‍വ്വം അഭിനേതാക്കളില്‍ മാത്രം കണ്ടിട്ടുള്ള ഒരു കലാതന്ത്രം, സര്‍ഗസിദ്ധി മാമുക്കോയയ്ക്കു വേണ്ടുവോളമുണ്ടായിരുന്നു. അസാധാരണ പ്രതിഭയുള്ള ചില അഭിനേതാക്കളുണ്ട്. അവര്‍, ഷോട്ടില്‍ ക്യാമറയ്ക്കു മുന്‍പില്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നു സംവിധായകനും ക്യാമറാമാനും ഒരു നിശ്ചയവുമുണ്ടാകില്ല. ഷോട്ടെടുത്ത് കഴിയുമ്പോഴാണ് അത്ഭുതപ്പെട്ടു പോകുക. സംവിധായകനും ക്യാമറാമാനും മനസ്സില്‍ കണ്ടതിനേക്കാള്‍ എത്രയോ ഇരട്ടി അവര്‍ തിരിച്ചുനല്‍കിയിട്ടുണ്ടാകും. ഭരത് ഗോപിയും മോഹന്‍ലാലും തിലകനുമൊക്കെ അത്തരത്തില്‍പ്പെട്ട നടന്മാരാണ്. പ്രതിഭാശാലികളായ ഈ നടന്‍മാരുടെ കൂട്ടത്തിലാണ് മാമുക്കോയയും.

ജീവിതാനുഭവക്കരുത്തുള്ള

കലാകാരന്‍

നാടകവും സിനിമയുമായി ഒരുപാട് ജീവിതാനുഭവങ്ങളുള്ള കലാകാരനായിരുന്നു മാമുക്കോയ. ഒരു സാധാരണ മനുഷ്യനു ജീവിതത്തില്‍ അനുഭവിക്കേണ്ടിവരുന്ന തീക്ഷ്ണമായ വഴികളിലൂടെയെല്ലാം മാമുക്കോയയും കടന്നുപോയിട്ടുണ്ട്. പ്രതിഭാധനരായ എത്രയോ പേര്‍ക്കൊപ്പമാണ് ഈ കലാകാരന്‍ സഞ്ചരിച്ചത്. നാടകത്തിലും സിനിമയിലും ഔന്നത്യമാര്‍ന്ന കലാജീവിതം നയിച്ച പൂര്‍ണ്ണകലാകാരനായിരുന്നു മാമുക്കോയ.

സിനിമയില്‍ തനിക്കു കിട്ടുന്ന സവിശേഷവും അവിസ്മരണീയവുമായ ആദ്യത്തെ കഥാപാത്രം ശ്രീനിവാസന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത 'ദൂരെ ദൂരെ ഒരു കൂടുകൂട്ടാം' (1986) സിനിമയിലെ 'കോയ മാസ്റ്ററാ'ണ്. ഹൃദയം തുറന്നു ചിരിക്കാന്‍ പ്രക്ഷകര്‍ക്ക് അവസരം കൊടുത്ത കഥാപാത്രമായിരുന്നു അത്. 'ദൂരെ ദൂരെ ഒരു കൂടു കൂട്ടാ'മിനുശേഷം മാമുക്കോയ ചെയ്ത പല കഥാപാത്രങ്ങളും ചടുലമായ ചലനത്തോടെ സ്‌ക്രീനില്‍ നിറഞ്ഞുനിന്നവയാണ്. നര്‍മ്മം മാത്രമല്ല, ദു:ഖത്തിന്റെ തീവ്രത മുഴുവന്‍ കാഴ്ചക്കാരുടെ ഹൃദയങ്ങളിലേക്ക് ചേക്കേറിയ കഥാപാത്രങ്ങളേയും അനിതരസാധാരണമായ ഭംഗിയോടെ ഈ നടന്‍ അവതരിപ്പിച്ചിട്ടുണ്ട്.

മാമുക്കോയ
ആണിടങ്ങളുടെ ആട്ടം

വ്യത്യസ്തമായ ജീവിതവഴികളിലൂടെ കടന്നുവന്നതുകൊണ്ട് ജീവിതസങ്കീര്‍ണ്ണതകളുടെ സമഗ്രമായ ഭാവങ്ങള്‍ ആവിഷ്‌കരിക്കാന്‍ മാമുക്കോയയ്ക്ക് എളുപ്പത്തില്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ തനിക്കു കിട്ടുന്ന ഓരോ കഥാപാത്രങ്ങളും അന്യാദൃശ്യമായ സൂക്ഷ്മതയോടെ ആഴത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് അസൂയാര്‍ഹമായി അഭിനയിച്ചു ഫലിപ്പിക്കാന്‍ മാമുക്കോയയ്ക്കായി. ഒരുപാട് ജീവിതാനുഭവങ്ങളെ ധീരമായ വെല്ലുവിളികളോടെ വളരെ തീക്ഷ്ണമായി അഭിമുഖീകരിച്ച് കലാജീവിതത്തില്‍ കടന്നുവന്നയാളായതുകൊണ്ട് അഭിനയത്തിലെ സര്‍ഗ്ഗാത്മക വൈവിധ്യങ്ങളിലേയ്ക്കു കടക്കാന്‍ മാമുക്കോയയ്ക്കു ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എത്രയോ സിനിമകളില്‍ മനുഷ്യസ്വഭാവത്തിന്റെ, ജീവിതത്തിന്റെ വിവിധ മുഖഭാവങ്ങള്‍ മാമുക്കോയയിലൂടെ നമുക്കു കാണാന്‍ കഴിഞ്ഞു. ആദ്യകാലത്ത്, ദാരിദ്ര്യത്തിന്റേയും തൊഴിലില്ലായ്മയുടേയും കഥാപാത്രങ്ങളൊക്കെ വളരെ നര്‍മ്മത്തോടെ മാമുക്കോയ വെള്ളിത്തിരയില്‍ അവതരിപ്പിക്കുമ്പോള്‍ ചിരിയോടൊപ്പം പ്രേക്ഷകര്‍ക്ക് ആ കഥാപാത്രങ്ങളുടെ വേദനയും ഉള്ളുലയ്ക്കലുമുണ്ടാകാറുണ്ട്. ജീവിതത്തിന്റെ നിസ്സഹായത ധ്വനിപ്പിക്കുന്ന സൂക്ഷ്മഭാവങ്ങള്‍ മെനഞ്ഞെടുക്കുന്നതില്‍ ഈ നടനുണ്ടായിരുന്ന അതിശയകരമായ കഴിവാണ് സാധാരണ പ്രേക്ഷകരുടെ സ്വീകാര്യത നേടിയെടുക്കാന്‍ എളുപ്പത്തില്‍ കഴിഞ്ഞതിനു കാരണം.

പള്ളിക്കണ്ടിയില്‍ മമ്മദിന്റേയും ഇമ്പിച്ചി അയിഷയുടേയും മകനായി 1946 ജൂലൈ അഞ്ചിനായിരുന്നു മാമുക്കോയയുടെ ജനനം. പള്ളിക്കണ്ടി എലിമെന്ററി സ്‌കൂള്‍, കുറ്റിച്ചിറ എം.എം സ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കല്ലായിയിലെ കൂപ്പില്‍ തടി അളവുകാരനായി. പകല്‍ കൂപ്പിലെ പണിയും രാത്രി നാടകവുമായി ഒരുപാട് വര്‍ഷങ്ങള്‍. പഠിക്കുമ്പോള്‍ത്തന്നെ ധാരാളം നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. ആദ്യകാലത്ത് കെ.ടി. കുഞ്ഞുവിന്റെ നാടകങ്ങളിലാണ് കൂടുതല്‍ അഭിനയിച്ചതും അറിയപ്പെട്ടു തുടങ്ങിയതും. 'മാമു തൊണ്ടിക്കോട്' എന്ന പേര്

പ്രസിദ്ധമാവുന്നതും ഈ കാലഘട്ടത്തിലാണ്. 'ഗര്‍ഭസത്യാഗ്രഹം', 'ദാഹിച്ചവള്‍', 'വളര്‍ത്തുമൃഗങ്ങള്‍'... തുടങ്ങിയ ആദ്യകാലത്തെ നാടകങ്ങള്‍ ശ്രദ്ധിക്കപ്പെട്ടവയാണ്. കവി സാര്‍ എഴുതി വാസുപ്രദീപ് സംവിധാനം ചെയ്ത നാടകങ്ങളിലും മാമുക്കോയ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 'പുള്ളിക്കുപ്പായം' (ചെമ്മനാട് അബ്ദുറഹിമാന്‍), മൃഗശാല (ടി. മുഹമ്മദ് കോയ), മോചനം (എ.കെ. പുതിയങ്ങാടി), എടവപ്പാതിയും കാത്ത് (സലാം പള്ളിത്തോട്ടം), താലപ്പൊലി (സുന്ദരന്‍ കല്ലായി)... അങ്ങനെ ആ കാലയളവില്‍ നിരവധി നാടകങ്ങളില്‍ മാമുക്കോയ വേഷമിട്ടിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ മാമുക്കോയ പല ജോലികളും ചെയ്തതായി പറഞ്ഞിട്ടുണ്ട്. കല്ലായിപ്പുഴയില്‍നിന്നും മണ്ണുവാരി വില്‍ക്കുക, മരത്തൊലി വില്‍ക്കുക, മുരിങ്ങ പറിച്ചു വില്‍ക്കുക അങ്ങനെ പല പണികളും. വീട്ടിലെ ദാരിദ്ര്യം തന്നെയാണ് കാരണം. അങ്ങനെ കിട്ടുന്ന പണം കൊണ്ടാണ് കപ്പയും അരിയും പഠിക്കാന്‍ പുസ്തകങ്ങളും വാങ്ങിയതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നീട്, പണം പാഴാക്കേണ്ടെന്നു കരുതി പത്താം ക്ലാസ്സില്‍ പഠനം നിര്‍ത്തി. എന്നിട്ടാണ് കല്ലായിയില്‍ മരങ്ങളുടെ അളവെടുക്കുന്ന പണിക്കാരനാവുന്നത്.

മാമുക്കോയ
മാമുക്കോയExpress Photo by TP Sooraj

കോഴിക്കോട്ടെ സാംസ്‌കാരിക കൂട്ടായ്മകളില്‍ സജീവമായി ഉണ്ടായിരുന്ന മാമുക്കോയ സാഹിത്യ സാംസ്‌കാരിക ചരിത്രം അനുഭവിച്ചറിഞ്ഞ കലാകാരന്‍ കൂടിയാണ്. രാഷ്ട്രീയവും സാമൂഹികപരവുമായ കാര്യങ്ങളിലും കൃത്യവും വ്യക്തവുമായ നിലപാടുകളുള്ള കലാകാരനായിരുന്നു അദ്ദേഹം. സാക്ഷാല്‍ ++++++++++മായി മാമുക്കോയയ്ക്കുണ്ടായിരുന്ന സൗഹൃദം പ്രസിദ്ധമാണ്. മാമുക്കോയയുടെ നാടായ ബേപ്പൂരില്‍ ബഷീര്‍ താമസം തുടങ്ങിയതു മുതല്‍ മാമുക്കോയ ആ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ബഷീറിന്റെ പുസ്തകശേഖരത്തിലെ ധാരാളം പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടെന്നും ബഷീറിന്റെ എഴുത്തും ജീവിതകാഴ്ചപ്പാടുകളും തന്നെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ടെന്നും മാമുക്കോയ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എത്രയോ വലിയ കലാകാരന്മാരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു അദ്ദേഹത്തിന്. ബഷീറിനെ കൂടാതെ എസ്.കെ. പൊറ്റെക്കാട്ടും എം.എസ്. ബാബുരാജുമൊക്കെ മാമുക്കോയയുടെ ജീവിതത്തിന്റെ ഭാഗങ്ങളായിരുന്നു. ബഷീറുമായിട്ടുള്ള അടുപ്പം നിരവധി സാഹിത്യകാരന്മാരുമായി വലിയ സൗഹൃദമുണ്ടാക്കാന്‍ ഇടയായതായി മാമുക്കോയ തന്നെ പറഞ്ഞിട്ടുണ്ട്. മാമുക്കോയയുടെ കല്യാണം തന്നെ എസ്.കെ. പൊറ്റെക്കാട്ട് കൊണ്ടുവന്ന ആലോചനയായിരുന്നു. മാമുക്കോയയുടെ ഭാര്യ സുഹറ എസ്.കെയുടെ സുഹൃത്തിന്റെ മകളായിരുന്നു.

എം.ടി., കെ.ടി. മുഹമ്മദ്, തിക്കോടിയന്‍, മൊയ്തു മൗലവി, വി.കെ.എന്‍., ഉറൂബ്, ടി. പത്മനാഭന്‍, സുകുമാര്‍ അഴിക്കോട്, ജോണ്‍ ഏബ്രഹാം, സുരാസു, കോഴിക്കോട് അബ്ദുള്‍ ഖാദര്‍, കെ.എ. കൊടുങ്ങല്ലൂര്‍, പി. ഭാസ്‌കരന്‍, കെ. രാഘവന്‍ മാഷ്, ബാലന്‍ കെ. നായര്‍, കുതിരവട്ടം പപ്പു... തുടങ്ങി മാമുക്കോയയുടെ സൗഹൃദം അതിശയിപ്പിക്കുന്നതായിരുന്നു. ഇതില്‍ പലരും കോഴിക്കോട്ടുകാരായിരുന്നു. മാമുക്കോയ തന്നെ പറഞ്ഞിട്ടുണ്ട് ''അസാധാരണക്കാരായ കുറെ മനുഷ്യരോടൊപ്പം ജീവിക്കാന്‍ ഭാഗ്യം കിട്ടിയ ഒരു സാധാരണ മനുഷ്യനാണ് ഞാന്‍ എന്ന്.'' സിനിമയില്‍ എത്തിച്ചത് വൈക്കം മുഹമ്മദ് ബഷീര്‍. വിവാഹം കഴിക്കാനുള്ള പെണ്ണിനെ കാണിച്ചുകൊടുത്തത് എസ്.കെ. പൊറ്റെക്കാട്ട്. നാടകത്തില്‍ വന്ന കാലത്ത് കോഴിക്കോട് അങ്ങാടി മുഴുവന്‍ നടന്നതാവട്ടെ, സാക്ഷാല്‍ ഉറൂബിന്റെ കൈപിടിച്ചും. മാമുക്കോയ ഒരു തികഞ്ഞ കലാകാരനായി മാറിയതില്‍ പിന്നെ അതിശയിക്കേണ്ടതുണ്ടോ?

വൈക്കം മുഹമ്മദ് ബഷീര്‍
വൈക്കം മുഹമ്മദ് ബഷീര്‍

മാമുക്കോയയുടെ സ്‌കൂള്‍ പഠനകാലത്ത് പള്ളിക്കണ്ടിയില്‍ 'സൈഗാള്‍ ആര്‍ട്ട് പ്രൊഡക്ഷന്‍സ്' എന്നൊരു കലാസമിതിയുണ്ടായിരുന്നു. ബാലന്‍ കെ. നായരും നെല്ലിക്കോട് ഭാസ്‌കരനും മച്ചാട് കൃഷ്ണനും മച്ചാട് വാസന്തിയുമൊക്കെ അഭിനയിച്ച നാടകങ്ങളും ഗാനമേളയും ആ കലാസമിതി അവതരിപ്പിക്കുമായിരുന്നു. ഇതൊക്കെ മാമുക്കോയയെ ചെറിയ പ്രായത്തില്‍ത്തന്നെ ഏറെ സ്വാധീനിച്ചിരുന്നു. നാടകവും സിനിമയുംപോലെ ഫുട്ബോളും മാമുക്കോയ ഹൃദയത്തില്‍ ചേര്‍ത്തു നിര്‍ത്തിയ ഒന്നാണ്. കല്ലായി പുഴയോരത്തും നാട്ടുമ്പുറത്തെ ആളൊഴിഞ്ഞ പറമ്പുകളിലും തുണിപ്പന്തുമായി ഓടിനടന്ന ഒരു ബാല്യം തനിക്കുണ്ടായിരുന്നുവെന്ന് മാമുക്കോയ പറഞ്ഞിട്ടുണ്ട്. വാര്‍ദ്ധക്യത്തോട് അടുത്ത സമയത്തും സമയം കിട്ടിയാല്‍ അദ്ദേഹം ഫുട്ബോള്‍ കളിക്കുമായിരുന്നു. കോഴിക്കോട് ഫുട്ബോള്‍ മത്സരവേദികളില്‍ സിനിമാഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ മാമുക്കോയയെ പലപ്പോഴും കാണാമായിരുന്നു. കോഴിക്കോട് ടൗണ്‍ ഹാളില്‍ നെല്ലിക്കോട് ഭാസ്‌കരന്റേയും ബാലന്‍ കെ. നായരുടേയും നാടകങ്ങള്‍ കണ്ട്, അവരുടെ അഭിനയം കണ്ട് അന്തിച്ചുനിന്ന കാലത്താണ് സിനിമയുടെ മായികലോകം മോഹിപ്പിച്ചതെന്ന് മാമുക്കോയ പറയാറുണ്ട്. 1979-ല്‍ നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത 'അന്യരുടെ ഭൂമി' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. ഗൗരവക്കാരനും നിഷേധിയുമായ ഒരു യുവാവിന്റെ ചെറിയ റോളായിരുന്നു അതില്‍. സിനിമ പക്ഷേ, ശ്രദ്ധിക്കപ്പെടാതെ പോയി. അക്കാലത്ത് സിനിമയിലെ കലാസംവിധായകനായിരുന്ന എസ്. കൊന്നനാട് പി.എ. മുഹമ്മദ് കോയയുടെ 'സുറുമയിട്ട കണ്ണുകള്‍' എന്ന നോവല്‍ അതേ പേരില്‍ സിനിമയാക്കാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ വൈക്കം മുഹമ്മദ് ബഷീര്‍ മാമുക്കോയയ്ക്ക് ഒരു റോള്‍ കൊടുക്കണമെന്ന് കൊന്നനാടിനോട് പറഞ്ഞു. മാമുക്കോയയ്ക്കു പറ്റിയ വേഷമൊന്നും സിനിമയിലില്ലാതെ വന്നപ്പോള്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍വേണ്ടി ഒരു വേഷം പെട്ടെന്ന് എഴുതിയുണ്ടാക്കുകയായിരുന്നു. ഒരു സീനിലോ മറ്റോ വന്നുപോകുന്ന വളരെ ചെറിയൊരു വേഷം. സുറുമയിട്ട കണ്ണുകള്‍ക്കുശേഷം രണ്ടോ മൂന്നോ സിനിമകളില്‍ കൂടി മാമുക്കോയ ചെറിയ വേഷങ്ങള്‍ ചെയ്തുവെങ്കിലും 1986-ല്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത 'ദൂരെ ദൂരെ ഒരു കുടുകൂട്ടാ'മാണ് വലിയ വഴിത്തിരിവായി മാറിയത്.

അന്തിക്കാട് ചിത്രത്തില്‍

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഒരു സ്‌കൂള്‍ പശ്ചാത്തലത്തിലുള്ള കഥയില്‍ കോയ എന്ന അറബി മുന്‍ഷിയുടെ വേഷം മാമുക്കോയ അതിമനോഹരമാക്കി. ഒന്നോ രണ്ടോ സീനില്‍ വന്നുപോകുന്ന കഥാപാത്രത്തെ മാമുക്കോയ അപാരമായ ടൈമിങ്ങില്‍ ചെയ്തു കണ്ടപ്പോള്‍ വീണ്ടും മാമുക്കോയയ്ക്കുവേണ്ടി സീനുകള്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു. അങ്ങനെ 'ദൂരെ ദൂരെ ഒരു കൂടുകൂട്ടാ'മിലെ പ്രധാന കഥാപാത്രമായി മാറി മാമുക്കോയയുടെ അറബി മുന്‍ഷി. സിബി മലയില്‍ പറയുന്നു: ''ദൂരെ ദൂരെ ഒരു കൂടുകൂട്ടാമിന്റെ ലൊക്കേഷന്‍ നോക്കാന്‍ കോഴിക്കോട് എത്തുമ്പോഴാണ് മാമുക്കോയയെ ഞാന്‍ ആദ്യമായി കാണുന്നത്. അന്നു ഞാനും ശ്രീനിവാസനും അവിടെ താമസിച്ചു ലൊക്കേഷന്‍ നോക്കുമ്പോള്‍ ഞങ്ങളെ സഹായിക്കാനായി വന്ന ആളാണ് മാമുക്കോയ. അന്ന് അദ്ദേഹം നാടകരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. എന്നും രാവിലെ ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലിന്റെ ലോബിയില്‍ വന്നിരിക്കുകയും ഞങ്ങള്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ മുന്‍ സീറ്റില്‍ ഇരുന്നു സ്ഥലങ്ങള്‍ കാണിച്ചുതരികയും ചെയ്ത അദ്ദേഹം ഒരാഴ്ചയോളം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഷൂട്ടിങ്ങിന്റെ തലേന്ന് കുതിരവട്ടം പപ്പുവേട്ടന്‍ അഭിനയിക്കേണ്ട വേഷം അഭിനയിക്കാന്‍ അദ്ദേഹം ഉണ്ടാകില്ല എന്ന സാഹചര്യം ഉണ്ടായപ്പോള്‍ പെട്ടെന്നു മറ്റൊരാളെ കണ്ടെത്തേണ്ടിവന്നു. പപ്പുവേട്ടന്‍ ഇല്ലാത്ത സ്ഥിതിക്ക് ആരെയാണ് ഒരാളെ കണ്ടെത്തുക എന്നു ഞാന്‍ ശ്രീനിവാസനോട് ചോദിച്ചപ്പോള്‍ ശ്രീനിയാണ് പറഞ്ഞത് നമുക്ക് മാമുവിനെ അഭിനയിപ്പിച്ചാലോ എന്ന്! മാമു കോഴിക്കോടൊക്കെ അറിയപ്പെടുന്ന നടനാണ്. ഒരുപാട് നാടകങ്ങള്‍ ചെയ്തിട്ടുണ്ട് എന്നൊക്കെ ശ്രീനി പറഞ്ഞെങ്കിലും എനിക്കു പൂര്‍ണ്ണവിശ്വാസം ഇല്ലായിരുന്നു. പക്ഷേ, ശ്രീനിയുടെ ബലത്തില്‍ അദ്ദേഹത്തെ അഭിനയിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത ദിവസം മാമുക്കോയ മുണ്ടും ഷര്‍ട്ടുമിട്ട് കഥാപാത്രമായി നില്‍ക്കുന്നതാണ് കണ്ടത്. കാഴ്ചയില്‍ എന്റെ മനസ്സിലെ കഥാപാത്രം തന്നെയായിരുന്നു അത്. എന്നെ അമ്പരപ്പിച്ചുകൊണ്ട് മാമുക്കോയ ആ കഥാപാത്രത്തെ ഗംഭീരമായി ചെയ്തു. ഒരുപക്ഷേ, പപ്പുവേട്ടന്‍ ചെയ്‌തെങ്കില്‍ ആ കഥാപാത്രവും ഭാഷയും ഇത്രയും ഒറിജിനാലിറ്റി തോന്നില്ലായിരുന്നു. അതാണ് അദ്ദേഹത്തിന്റെ ആദ്യത്തെ മുഖ്യധാരാ സിനിമ എന്നു തോന്നുന്നു. പിന്നീട്, മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറുകയായിരുന്നു മാമുക്കോയ.''

മാമുക്കോയ
മാമുക്കോയ

തനിക്കു നല്ലൊരു അവസരം കിട്ടിയപ്പോള്‍ വളരെ സൂക്ഷ്മതയോടെ ഒരു തുടക്കക്കാരനെന്നു പറയാത്ത രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതായിരുന്നു 'ദൂരെ ദൂരെ ഒരു കൂടുകൂട്ടാ'മിലെ മാമുക്കോയയുടെ പ്രകടനം. ജീവിതത്തില്‍നിന്നും പറിച്ചെടുത്ത ആ കഥാപാത്രത്തെ അസാധാരണ മിഴിവോടെയാണ് മാമുക്കോയ അഭിനയിച്ചു ഫലിപ്പിച്ചത്. സിനിമയില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഹാസ്യനടന്മാരില്‍നിന്നും തികച്ചും വേറിട്ട അനുഭവമായിരുന്നു മാമുക്കോയ. മലയാളികളുടെ സ്‌നേഹാദരങ്ങള്‍ ഈ ഒരൊറ്റ സിനിമയിലൂടെ നേടിയെടുക്കാന്‍ കഴിഞ്ഞത് ചെറിയ നേട്ടമായിരുന്നില്ല. 'ദൂരെ ദൂരെ ഒരു കൂടുകൂട്ടാ'മിലെ പ്രകടനത്തെ ഉറപ്പിക്കുന്നതായിരുന്നു മാമുക്കോയയ്ക്കു ലഭിച്ച അടുത്ത സിനിമ. മോഹന്‍ലാല്‍ തന്നെ നായകനായി അഭിനയിച്ച 'ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റാ'(1986)യിരുന്നു അത്. സിനിമയില്‍ മനുഷ്യസ്പര്‍ശമുള്ള കഥാപാത്രങ്ങളെ കൊണ്ടുവരുന്നതില്‍ മിടുക്കരായ ശ്രീനിവാസനും സത്യന്‍ അന്തിക്കാടും കൂടി ഒത്തുചേര്‍ന്നപ്പോള്‍ അതില്‍ ലാലിന്റെ ചങ്ങാതിയുടെ വേഷം ചെയ്ത് മാമുക്കോയ താനൊരു ഒന്നാന്തരം നടന്‍ തന്നെയാണെന്ന് വീണ്ടും തെളിയിക്കുകയായിരുന്നു. അഭിനയത്തിലെ അസാധാരണമായ അനായാസതയും വ്യത്യസ്തതയും മാമുക്കോയയിലെ നടന്റെ സര്‍ഗപ്രതിഭയുടെ അടയാളങ്ങളായി നമ്മള്‍ വിസ്മയത്തോടെ അദ്ദേഹത്തെ വീണ്ടും വീണ്ടും കണ്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റി'ല്‍ മാമുക്കോയ എത്തിയതിനെപ്പറ്റി മാമുക്കോയയുടെ പ്രിയപ്പെട്ട സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുന്നു: ''ഗാന്ധിനഗറില്‍ മോഹന്‍ലാലിന്റെ ചങ്ങാതിയായിട്ടാണ് മാമുക്കോയ വരുന്നത്. ആദ്യം മാമുവിനു ഡയലോഗ് കൊടുത്തിരുന്നില്ല. മുഴുത്ത പല്ലുകളില്‍നിന്നുള്ള ഉച്ചാരണം എങ്ങനെയാണ് എന്നു പറയാന്‍ കഴിയില്ലല്ലോ? ഷൂട്ടിങ്ങ് തുടങ്ങി മാമു തൊണ്ടിക്കോട് എന്ന ആ നാടകനടന്‍, മരംമില്ലിലെ അളവുകാരന്‍, യാതൊരു കൂസലുമില്ലാതെ ക്യാമറയെ അഭിമുഖീകരിക്കുന്നു. ''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ'' എന്ന ഭാവത്തോടെ. തുടക്കക്കാരന്റേതായ യാതൊരു ഇടര്‍ച്ചയുമില്ലാതെ അയാള്‍ അഭിനയിച്ചു. കൊള്ളാമല്ലോ ശ്രീനിയുടെ കൂട്ടുകാരന്‍ എന്നായി ഞാന്‍ മനസ്സില്‍. മാമുവിന്റെ അഭിനയം കണ്ട് വലിയ അഭിമാനത്തോടെ ശ്രീനിവാസന്‍ അവിടെ ഇരിക്കുന്നുണ്ട്. പരീക്ഷണത്തിന് ആ കഥാപാത്രത്തിന് ഒന്നു രണ്ടു ഡയലോഗുകള്‍ കൂടി സ്‌ക്രിപ്റ്റില്‍ അപ്പോള്‍ തന്നെ എഴുതിച്ചേര്‍ത്ത് ഞാനൊന്നു പൊലിപ്പിച്ചു. പ്രോംപ്റ്റര്‍ പറയുന്നതോടൊപ്പം മാമു അത് അനായാസം പറയുകയും കൂടി ചെയ്തപ്പോള്‍ വലിയൊരു ആശ്വാസമായി. ഒരു അഭിനേതാവിന്റെ സ്വാഭാവികമായ കടന്നുവരവായിരുന്നു അത്.''

ശ്രീനിവാസനെന്ന തിരക്കഥാകൃത്തും സത്യന്‍ അന്തിക്കാടെന്ന സംവിധായകനും ചേര്‍ന്നു വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളെ രാഷ്ട്രീയമായും സാമൂഹികപരമായും കലാപരമായി അവതരിപ്പിച്ചപ്പോള്‍ അതില്‍ അനിവാര്യമായ സാന്നിധ്യമായി മാമുക്കോയയും ഉണ്ടായിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒട്ടുമിക്ക സിനിമകളിലും മികച്ച വേഷങ്ങള്‍ ചെയ്തു മാമുക്കോയ. മാമുക്കോയയെ മലയാള സിനിമയിലെ ജനപ്രിയ നടന്മാരിലൊരാളാക്കി മാറ്റുന്നതില്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ വഹിച്ച പങ്ക് വിസ്മരിക്കാന്‍ പറ്റുന്നതല്ല. ഹൗസ്ഓണര്‍ ഗോപാലകൃഷ്ണപ്പണിക്കരുടെ ധര്‍മ്മസങ്കടങ്ങള്‍ അവതരിപ്പിച്ച 'സന്മനസ്സുള്ളവര്‍ക്ക് സമാധാനം' (1986) ആണ് മാമുക്കോയയുടെ ഗാന്ധിനഗറിനുശേഷം വരുന്ന സിനിമ. അതും സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ - മോഹന്‍ലാല്‍ സിനിമ. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഗോപാലകൃഷ്ണ പണിക്കരുടെ വീടിന്റെ അയല്‍പ്പക്കക്കാരനായി വരുന്ന കഥാപാത്രം. ഒരു പ്രശ്‌നം വരുമ്പോള്‍ ഒരു സാധാരണക്കാരന്‍ ജീവിതത്തില്‍ എങ്ങനെയാണ് പെരുമാറേണ്ടതെന്ന്, എങ്ങനെയാണ് സംസാരിക്കേണ്ടതെന്ന്, സ്വയം ഉള്‍ക്കൊണ്ട അഭിനയസിദ്ധിയിലൂടെ നമുക്കു ബോധ്യപ്പെടുത്തിത്തരികയായിരുന്നു മാമുക്കോയ. നിനച്ചിരിക്കാതെ വന്നുവീഴുന്ന സംഭവങ്ങളില്‍ ഇടപെടേണ്ടിവരുമ്പോഴുള്ള ഏറ്റവും സാധാരണക്കാരനായ ഒരാളുടെ ധര്‍മ്മസങ്കടം അതിമനോഹരമായിട്ടാണ് മാമുക്കോയ സന്മനസ്സില്‍ ചെയ്തത്. അവിടെ ഒരിക്കല്‍പോലും നമ്മള്‍ അതിഭാവുകത്വവും അവിശ്വസനീയതയും കണ്ടില്ല.

മാമുക്കോയ
മാമുക്കോയ Express Photo by TP Sooraj

1987-ലാണ് മാമുക്കോയയെ ജനപ്രീതിയുടെ ഉയരങ്ങളിലെത്തിച്ച 'നാടോടിക്കാറ്റ്' വരുന്നത്. മാമുക്കോയയുടെ അഭിനയജീവിതത്തിലെ മറക്കാനാവാത്ത വര്‍ഷമാണത്. മലയാള സിനിമ എക്കാലവും വിസ്മയപൂര്‍വ്വം നോക്കിക്കണ്ട കഥാപാത്രമാണ് നാടോടിക്കാറ്റിലെ 'ഗഫൂര്‍ക്ക.' മലയാള സിനിമയില്‍ രക്തപ്രസാദമുള്ള, നന്മനിറഞ്ഞ നര്‍മ്മത്തിലൂടെ ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ചേര്‍ന്നൊരുക്കിയ വിരുന്നായിരുന്നു നാടോടിക്കാറ്റ്. മോഹന്‍ലാല്‍-ശ്രീനിവാസന്‍- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിന്റെ ഏറ്റവും അവിസ്മരണീയമായ ചിത്രങ്ങളിലൊന്നായ നാടോടിക്കാറ്റ്, മാമുക്കോയയുടെ അഭിനയജീവിതത്തിലേയും നാഴികക്കല്ലായി മാറി. ദാസന്റേയും വിജയന്റേയും ജീവിതം ചിത്രീകരിച്ച സിനിമയില്‍ ദാസനും വിജയനും പോലെ ജീവിതത്തോട് അടുത്തുനില്‍ക്കുന്ന കഥാപാത്രമായിരുന്നു മാമുക്കോയ അവതരിപ്പിച്ച ഗഫൂര്‍. പ്രേക്ഷകര്‍ നിറഞ്ഞ ഹൃദയത്തോടെ സ്വീകരിച്ച കഥാപാത്രമായിരുന്നു അത്. നര്‍മ്മത്തെ അനായാസതയോടെ അവതരിപ്പിക്കുന്ന മാമുക്കോയയുടെ അഭിനയത്തിലെ അപൂര്‍വ്വ മുഹൂര്‍ത്തങ്ങള്‍ ധാരാളം കാണാം നാടോടിക്കാറ്റില്‍. കള്ള ലോഞ്ച് റെഡിയാക്കി ദാസനേയും വിജയനേയും ഗള്‍ഫിലേയ്ക്ക് പറഞ്ഞയയ്ക്കുന്ന ഗഫൂര്‍ ജീവിതത്തില്‍ എവിടെയെങ്കിലുമൊക്കെ നമുക്കു പരിചയമുള്ള കഥാപാത്രമായി അനുഭവപ്പെട്ടു. ദാസനേയും വിജയനേയും കള്ള ലോഞ്ച് കയറ്റി വിടുമ്പോള്‍ ''കാലിഫോര്‍ണിയയിലേക്ക് ചരക്കു കയറ്റാന്‍ പോകുന്ന ഉരുവാണ്. നിങ്ങള്‍ക്കു രണ്ടാള്‍ക്കുംവേണ്ടി വേണെങ്കില് നമ്മളത് ദുബായികടപ്പുറം വഴി തിരിച്ചുവിടാം. പിന്നെ കഷ്ടി ഒരു ഫര്‍ലോങ്ങ് നീന്തണം'' എന്നു പറയുന്ന ഗഫൂര്‍, ''പണി കിട്ടിയിട്ട് ആദ്യമായിട്ട് നാട്ടില്‍ വരുമ്പോള്‍ ഞമ്മളെ പൊരയിലൊന്നു വെറുതെ വരണം. പൊന്നും പൈസയൊന്നും നമ്മക്കു വേണ്ട. നിങ്ങള് നന്നായി കാണുകാന്നുള്ളതാണ് ഞമ്മക്കുള്ള ആകെയൊരു സന്തോഷം'' എന്നും പറയുന്ന ഗഫൂര്‍ക്കയായ മാമുക്കോയ അസാധാരണമായ ജീവിതനിരീക്ഷണമുള്ള അഭിനയസിദ്ധിയിലൂടെ വ്യത്യസ്ത ഭാവപ്രകടനംകൊണ്ട് സമ്പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ താനൊരു മികച്ച നടനാണെന്നു തെളിയിക്കുകയായിരുന്നു. 'നാടോടിക്കാറ്റി'ലെ 'ഗഫൂര്‍ക്കാ ദോസ്തി'നെ അറിയാത്ത, സിനിമയെ സ്‌നേഹിക്കുന്ന ഏതെങ്കിലുമൊരു മലയാളി ലോകത്തെവിടെയെങ്കിലും ഉണ്ടാകുമെന്നു തോന്നുന്നില്ല. ഒരഭിമുഖത്തില്‍ മാമുക്കോയയുടെ മകന്‍ പറഞ്ഞതായി ഓര്‍ക്കുന്നു. ''അക്കാലത്ത് ഗഫൂര്‍ക്കാ ദോസ്ത്, കോഴിക്കോട് എന്നു മാത്രമെഴുതി പോസ്റ്റോഫീസില്‍നിന്നും വീട്ടിലേയ്ക്ക് വരുന്ന കത്തുകള്‍ക്കു കണക്കില്ലായിരുന്നു'' എന്ന്. തൊട്ടടുത്ത വര്‍ഷം 1988-ല്‍ 'പട്ടണപ്രവേശ'ത്തിലൂടെ 'നാടോടിക്കാറ്റി'ന്റെ രണ്ടാംഭാഗത്തില്‍ മാമുക്കോയയുടെ ഗഫൂര്‍ക്ക പുതിയ രൂപത്തില്‍ നമുക്കു മുന്നില്‍ വന്നു. അതേവര്‍ഷം തന്നെയിറങ്ങിയ സത്യന്‍ അന്തിക്കാടിന്റെ 'പൊന്മുട്ടയിടുന്ന താറാവി'ലെ വേഷവും മാമുക്കോയയെ മലയാള സിനിമയിലെ അവിഭാജ്യഘടകമാക്കി മാറ്റി.

ശ്രദ്ധേയ ചലച്ചിത്രങ്ങള്‍

എണ്‍പത്തിയൊന്‍പതും തൊണ്ണൂറും തൊണ്ണൂറ്റിയൊന്നും മാമുക്കോയയുടെ സുവര്‍ണ്ണവര്‍ഷങ്ങളായിരുന്നു. ജനപ്രീതിയുടെ കൊടുമുടിയിലെത്തിയ വര്‍ഷങ്ങള്‍. 'മഴവില്‍ക്കാവടി', 'പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍', 'വരവേല്പ്', 'വടക്കുനോക്കിയന്ത്രം', 'റാംജിറാവ് സ്പീക്കിങ്ങ്' (1989), 'ഹിസ് ഹൈനസ്സ് അബ്ദുള്ള', 'തലയണമന്ത്രം', 'കളിക്കളം', 'സസ്‌നേഹം', 'പാവം പാവം രാജകുമാരന്‍', 'ഡോക്ടര്‍ പശുപതി', 'ശുഭയാത്ര', 'വിദ്യാരംഭം' (1990), 'എന്നും നന്മകള്‍', 'കണ്‍കെട്ട്', 'ചെപ്പുകിലുക്കണ ചങ്ങാതി', 'സന്ദേശം', 'കടിഞ്ഞൂല്‍ കല്യാണം' 'കനല്‍കാറ്റ്' (1991)... അങ്ങനെ അഭിനയത്തിനെ മാറ്റുരയ്ക്കാന്‍ അവസരം കിട്ടിയ നിരവധി സിനിമകള്‍. ഇതില്‍, മലയാളികളെ ഏറെ ചിരിപ്പിച്ച 'റാംജിറാവ് സ്പീക്കിങ്ങി'ലെ ഹംസക്കോയയും 'മഴവില്‍ക്കാവടി'യിലെ കള്ളന്‍ കുഞ്ഞിക്കാദറും 'സന്ദേശ'ത്തിലെ ഐ.എന്‍.എസ്.പി മണ്ഡലം പ്രസിഡന്റ് പൊതുവാളും 'തലയണമന്ത്ര'ത്തിലെ കുഞ്ഞനന്തന്‍ മേസ്തിരിയും 'കണ്‍കെട്ടി'ലെ നാടന്‍ ചട്ടമ്പി കീലേരി അച്ചുവും പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന കഥാപാത്രങ്ങളാണ്. 'റാംജിറാവ് സ്പീക്കിങ്ങ്' ഇന്നസെന്റിനു വലിയ ജനപ്രീതി നേടിക്കൊടുത്തപ്പോഴും അതില്‍ പ്രേക്ഷകരെ ഏറെ രസിപ്പിച്ച ഹംസക്കോയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാമുക്കോയ നേടിയ കയ്യടിയും ആ സിനിമയുടെ മികച്ച വിജയത്തിനു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് എന്നത് പറയാതെ വയ്യ. ഓരോ സിനിമയിലെ കഥാപാത്രങ്ങളും വളരെ സൂക്ഷ്മമായി ഒപ്പിയെടുത്ത് മാമുക്കോയ മലയാളിക്ക് ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ സംഭാവന ചെയ്തതാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയിലെ പകരക്കാരനില്ലാത്ത നടനായി മാറിയ അതുല്യപ്രതിഭയായിരുന്നു മാമുക്കോയ.

മാമുക്കോയ
''ഡോക്ടറ് സില്‌മേല് വരണ്ട ആളാ... പക്ഷേ ഇഞ്ഞിപ്പോ പോണ്ട''

'പ്രാദേശിക വാര്‍ത്തകള്‍' (1989), 'ഗജകേസരി യോഗം' (1990), 'അയലത്തെ അദ്ദേഹം' (1992), 'സമൂഹം' (1993), 'ഗോളാന്തരവാര്‍ത്ത' (1993), 'ഗസല്‍' (1993), 'വധു ഡോക്ടറാണ്' (1994), 'നമ്പര്‍ വണ്‍ സ്‌നേഹതീരം' (1995), 'തൂവല്‍ക്കൊട്ടാരം' (1996), 'ഒരാള്‍ മാത്രം' (1997), 'മന്ത്രമോതിരം' (1997),

'ചന്ദ്രലേഖ' (1997), 'ഇംഗ്ലീഷ് മീഡിയം' (1999), 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക' (2001), 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' (2002), 'മനസ്സിനക്കരെ' (2003), 'പെരുമഴക്കാലം' (2004), 'വെട്ടം' (2004), നരന്‍ (2005), രസതന്ത്രം (2006), വിനോദയാത്ര (2007), ഇന്നത്തെ ചിന്താവിഷയം (2008), 'ഭാഗ്യദേവത' (2009) 'കഥ തുടരുന്നു' (2010), 'സ്‌നേഹവീട്' (2011), 'ഇന്ത്യന്‍ റുപ്പി' (2011) 'ഉസ്താദ് ഹോട്ടല്‍' (2012), 'ആട്-2' (2017), 'മിന്നല്‍ മുരളി' (2021), 'കുരുതി' (2021)... തുടങ്ങി എത്രയോ സിനിമകളില്‍

മാമുക്കോയ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ വലിയ വിജയവും പ്രേക്ഷകരുടെ അംഗീകാരവും നേടിയെടുത്തവയാണ്. ഇതില്‍ തികച്ചും വ്യത്യസ്ത തലങ്ങളിലും ഭാവങ്ങളിലും നില്‍ക്കുന്ന കഥാപാത്രങ്ങളെയാണ് 'ചന്ദ്രലേഖ'യിലും 'പെരുമഴക്കാല'ത്തിലും മാമുക്കോയ അവതരിപ്പിച്ചത്. പണം കടം കൊടുത്ത് അതു തിരിച്ചു വാങ്ങാന്‍ ഓടി നടക്കുന്ന 'ചന്ദ്രലേഖ'യിലെ പലിശക്കാരന്‍ ബീരാന്‍ സ്വാഭാവികമായ ഹാസ്യത്തിലൂടെ മലയാളിയുടെ മനസ്സില്‍ ഇപ്പൊഴും നിറഞ്ഞുനില്‍ക്കുന്നുണ്ട്. സങ്കടങ്ങളുടെ പെരുമഴയായി മാറിയ രണ്ടു കുടുംബങ്ങള്‍ക്കിടയില്‍ നിസ്സഹായനായി, നിശ്ശബ്ദനായി പോകുന്ന ഒരു പാവം മനുഷ്യന്റെ മനസ്സിന്റെ വിഹ്വലതകളെ മലയാളി എക്കാലവുമോര്‍ക്കുന്ന അഭിനയമികവുകൊണ്ട് മാമുക്കോയ അനശ്വരമാക്കിയ കഥാപാത്രമായിരുന്നു കമല്‍ സംവിധാനം ചെയ്ത 'പെരുമഴക്കാല'ത്തിലെ അബ്ദു. ഭാവാഭിനയത്തില്‍ അസാധാരണമായ മിഴിവ് പുലര്‍ത്തിയ മാമുക്കോയയ്ക്കു 2004-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവും 'പെരുമഴക്കാല'ത്തിലൂടെ ലഭിക്കുകയുണ്ടായി. 2008-ല്‍ സിനിമയിലെ ഹാസ്യാഭിനയത്തിന് കേരള സര്‍ക്കാര്‍ ആദ്യമായി പുരസ്‌കാരം ഏര്‍പ്പെടുത്തിയപ്പോള്‍ അതു ലഭിച്ചതും മാമുക്കോയയ്ക്കായിരുന്നു. 'ഇന്നത്തെ ചിന്താ വിഷയം' എന്ന സിനിമയിലെ ഷാജഹാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനായിരുന്നു അവര്‍ഡ്.

പരാതികളില്ലാത്ത കലാകാരന്‍

നാലര പതിറ്റാണ്ടുകാലം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന കലാകാരനായിരുന്നു മാമുക്കോയ. കിട്ടുന്ന വേഷങ്ങള്‍ എത്ര ചെറുതായാലും അതിനെ അവിസ്മരണീയമാക്കിയ കലാകാരനായിരുന്നു അദ്ദേഹം. അസാധാരണമായ നര്‍മ്മബോധത്തോടെ കാണികളെ എളുപ്പത്തില്‍ ചിരിപ്പിക്കാന്‍ ഒരു പ്രത്യേക മിടുക്ക് തന്നെയുണ്ടായിരുന്നു മാമുക്കോയയ്ക്ക്. ജീവിതത്തോട് വളരെ അടുത്തുനില്‍ക്കുന്ന കഥാപാത്രങ്ങളെ ലഭിച്ചത് പ്രേക്ഷകരുടെ ആദരവും സ്‌നേഹവും വേണ്ടുവോളം ലഭിക്കാന്‍ മായുക്കോയയ്ക്ക് അവസരമുണ്ടാക്കി. അദ്ദേഹത്തിന്റെ കോഴിക്കോടന്‍ മുസ്ലിം സംഭാഷണരീതിയും വ്യത്യസ്ത ഭാവപ്രകടനങ്ങളും കാണികള്‍ക്കു കൗതുകമായിരുന്നു. മാമുക്കോയയുടെ കോഴിക്കോടന്‍ ഭാഷാരീതിയൊക്കെ മലയാള സിനിമയില്‍ സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുമ്പോള്‍ തന്നെയാണ് സത്യന്‍ അന്തിക്കാടിന്റെ 'അര്‍ത്ഥം' (നാണു നായര്‍), 'സസ്‌നേഹം' (അപ്പുക്കുട്ടന്‍) തുടങ്ങിയ സിനിമകളില്‍ പതിവുശൈലിയില്‍നിന്നു മാറിയും വേഷങ്ങള്‍ ചെയ്തത്. അതൊക്കെ അദ്ദേഹത്തിന്റെ കയ്യില്‍ ഭദ്രമായിരുന്നു. അവിടെ ഭാഷയുടെ അതിരുകള്‍ ഒരിക്കലും തടസ്സമായില്ല. ഏതു കഥാപാത്രമായാലും അതുമായി ഇഴുകിച്ചേരാന്‍, ആയാസരഹിതമായി ചെയ്യാന്‍ ജന്മസിദ്ധമായി ലഭിച്ച സര്‍ഗ്ഗസിദ്ധിയാണ് മാമുക്കോയയെ അനുഗ്രഹീതനാക്കി മാറ്റിയത്. എങ്ങനെയാണ് ഇത്രയും സ്വാഭാവികമായി അഭിനയിക്കാന്‍ കഴിയുന്നതെന്ന് മാമുക്കോയയോട് ഒരിക്കല്‍ ആരോ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ''എനിക്ക് അഭിനയിക്കാന്‍ അറിയാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്നാണ്.'' ''ചായക്കടക്കാരന്റേയോ മീന്‍ വില്‍പ്പനക്കാരന്റേയോ പോക്കറ്റടിക്കാരന്റേയോ വേഷം ലഭിക്കുമ്പോള്‍ ജീവിതത്തില്‍ ഞാന്‍ ചായക്കടക്കാരനോ മീന്‍കാരനോ പോക്കറ്റടിക്കാരനോ ആയിരുന്നെങ്കില്‍ എങ്ങനെ പെരുമാറുമായിരുന്നുവോ അങ്ങനെ ചെയ്യുന്നു. അന്യരുടെ അനുഭവങ്ങളെ ഉള്ളിലോട്ട് വലിച്ചെടുത്ത് അതു സ്വന്തം അനുഭവമായി പുറത്തുവരുന്നതാണ് അഭിനയം. അവിടെ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. ഞാന്‍ ഗൗരവത്തിലാണ് ഈ വേഷങ്ങളൊക്കെ ചെയ്യുന്നത്, കാണികള്‍ അതില്‍ ഹാസ്യം കാണുന്നുവെന്നു മാത്രം.''

മാമുക്കോയ പറഞ്ഞു: ''മനുഷ്യനാവുക'' എന്നതാണ് ഒരാളുടെ ധര്‍മ്മം. മറ്റൊരാളെ സ്‌നേഹിക്കുക, അവനെ കേള്‍ക്കുക അതാണുദ്ദേശിച്ചത്. അവിടെ ജാതിക്കോ മതത്തിനോ ഒന്നും ഒരു പ്രസക്തിയുമില്ല. മതപരമായ കാര്യങ്ങളൊക്കെ ഓരോ മനുഷ്യരുടേയും സ്വകാര്യത മാത്രമാണ്. നമ്മള്‍ ഇടപഴകി ചേരുന്ന സമൂഹത്തില്‍ സാംസ്‌കാരികമായിട്ടുള്ള എല്ലാ കാര്യങ്ങളിലും സത്യസന്ധമായ നീതി പുലര്‍ത്തണം.''
മാമുക്കോയയുടെ ഖബര്‍
മാമുക്കോയയുടെ ഖബര്‍

400-ല്‍ കൂടുതല്‍ മലയാള സിനിമകളിലും മൂന്ന് തമിഴ് സിനിമകളിലും അഭിനയിച്ച മാമുക്കോയ അവസാനമായി അഭിനയിച്ചത് വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി' നോവലിനെ പശ്ചാത്തലമാക്കി ഒരുക്കിയ 'ചോന്നമാങ്ങ' എന്ന ഡോക്യുഫിക്ഷനിലാണ്. റിലീസ് ചെയ്ത മാമുക്കോയയുടെ അവസാന ചലച്ചിത്രം അഷറഫ് ഹംസ സംവിധാനം ചെയ്ത 'സുലൈഖ മന്‍സില്‍' ആണ്. മാമുക്കോയയെക്കുറിച്ച് താഹ മാടായി 'മാമുക്കോയ' എന്ന പേരിലും 'ജീവിതം: മാമുക്കോയ കോഴിക്കോട്' എന്ന പേരിലും രണ്ടു ഭാഗങ്ങളിലുള്ള മാമുക്കോയയുടെ അനുഭവങ്ങള്‍ പുസ്തകമാക്കിയിട്ടുണ്ട്. അസുഖങ്ങളെത്തുടര്‍ന്ന് 2023 ഏപ്രില്‍ 26-നായിരുന്നു സ്‌നേഹത്തിന്റെ കോഴിക്കോടന്‍ ഭാഷ സംസാരിച്ച് മലയാള സിനിമയിലേയ്ക്കു കടന്നുവന്നു പിന്നീട്, ഓരോ മലയാളിയും അവരുടെ ഏറ്റവും പ്രിയപ്പെട്ട ആളായി ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ മാമുക്കോയ വിടപറഞ്ഞത്.

മാമുക്കോയ ജനകീയ നടനായി വളര്‍ന്നത് സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലൂടെയാണ്. അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട നടന്മാരില്‍ ഒരാളായിരുന്നു മാമുക്കോയ. തന്റെ ഒട്ടേറെ കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടനെക്കുറിച്ച് മാമുക്കോയയുടെ പ്രിയപ്പെട്ട സംവിധായകന്‍ കൂടിയായ സത്യന്‍ അന്തിക്കാട് പറയുന്നു: ''ക്യാമറയുടെ പിറകില്‍നിന്നു നോക്കുമ്പോള്‍ മാമുക്കോയയുടെ അഭിനയം നമ്മളെ അമ്പരിപ്പിച്ചുകളയും. അത്രയ്ക്കും അനായാസമാണത്. അതു കാണുമ്പോള്‍ എന്തെളുപ്പമാണ് ഈ അഭിനയജോലി എന്നു തോന്നും. ഒരു കാര്യത്തിലും പരിഭവമില്ലാത്തയാളായിരുന്നു മാമുക്കോയ. പണം, പ്രശസ്തി എന്നിവയൊന്നും അയാളെ ബാധിച്ചില്ല. എന്റെ ടീമിലെ സ്ഥിരം ആളായിട്ടും ചില സിനിമകളില്‍ മാമു ഇല്ലാതിരുന്നിട്ടുണ്ട്. എന്നിട്ടും എന്നെ വിളിക്കുകയോ ആരോടെങ്കിലും അതേക്കുറിച്ചു പരാതി പറയുകയോ അദ്ദേഹം ചെയ്തിട്ടില്ല. ആരെങ്കിലും ചോദിച്ചാല്‍ തന്നെ പറയും: ''റോളുണ്ടാവില്ല അതുകൊണ്ടാവും.''

മാമുക്കോയ പറഞ്ഞു: ''മനുഷ്യനാവുക'' എന്നതാണ് ഒരാളുടെ ധര്‍മ്മം. മറ്റൊരാളെ സ്‌നേഹിക്കുക, അവനെ കേള്‍ക്കുക അതാണുദ്ദേശിച്ചത്. അവിടെ ജാതിക്കോ മതത്തിനോ ഒന്നും ഒരു പ്രസക്തിയുമില്ല. മതപരമായ കാര്യങ്ങളൊക്കെ ഓരോ മനുഷ്യരുടേയും സ്വകാര്യത മാത്രമാണ്. നമ്മള്‍ ഇടപഴകി ചേരുന്ന സമൂഹത്തില്‍ സാംസ്‌കാരികമായിട്ടുള്ള എല്ലാ കാര്യങ്ങളിലും സത്യസന്ധമായ നീതി പുലര്‍ത്തണം.''

ജീവിതത്തില്‍ ഒരിക്കിലും അഭിനയിച്ചിട്ടില്ലാത്ത ഒരു സാധാരണ മനുഷ്യനായിരുന്നു മാമുക്കോയ. അതുകൊണ്ടുതന്നെ ജീവിതം പകര്‍ത്തുന്ന സിനിമയിലും അദ്ദേഹത്തിന് അഭിനയിക്കേണ്ടതായി വന്നില്ല. ക്യാമറയ്ക്കു മുന്‍പില്‍ അദ്ദേഹം ചെയ്തത് ജീവിതാനുഭവങ്ങളുടെ പ്രതിഫലനങ്ങളായിരുന്നു. ലളിതവും അത്രമേല്‍ നന്മനിറഞ്ഞതുമായിരുന്നു മാമുക്കോയയുടെ ജീവിതം. ആ സര്‍ഗ്ഗാത്മക വ്യക്തിത്വവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com