യോഗിയില്‍ തുടരുന്ന ഹിന്ദുത്വ ദൗത്യം
By അരവിന്ദ് ഗോപിനാഥ് | Published: 27th March 2022 05:35 PM |
Last Updated: 27th March 2022 05:35 PM | A+A A- |

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ വലതുപക്ഷ മാറ്റം കൂടുതല്‍ ഉറപ്പിക്കുന്നതാണ് അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഇക്കഴിഞ്ഞ ജനവിധി. ചില ചെറിയ തിരിച്ചടികളുണ്ടായെങ്കിലും ബി.ജെ.പിയുടെ ജൈത്രയാത്രയ്ക്ക് സമീപഭാവിയില്‍ വിഘാതമുണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി. 2014-ന് മുന്‍പ് സാന്നിധ്യം മാത്രമായിരുന്ന സംസ്ഥാനങ്ങളില്‍ ഇന്ന് സ്ഥിരതയോടെ ഭരണം കയ്യാളുന്ന നിലയിലേക്ക് ബി.ജെ.പി മാറിയിട്ടുണ്ട്. മറുവശത്ത്, കോണ്‍ഗ്രസ്സാകട്ടെ, തിരിച്ചുവരവിന്റെ ഒരു ലക്ഷണവും പ്രകടിപ്പിക്കുന്നില്ല. പ്രത്യയശാസ്ത്രപരമായ അവ്യക്തതയും ലക്ഷ്യബോധമില്ലാത്ത നേതാക്കളും വോട്ടു നേടുന്നതിനു ഗുണകരമല്ലെന്ന് കോണ്‍ഗ്രസ് ഒരിക്കല്‍ക്കൂടി തെളിയിച്ചു. മാധ്യമശ്രദ്ധ നേടാനുള്ള ശ്രമങ്ങളല്ല ജനങ്ങളുടെ ഇടയിലുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ഇനിയും ബോധ്യപ്പെടാന്‍ കോണ്‍ഗ്രസ്സിന് ഇതിലും നല്ല അവസരമില്ല. ഇതിനിടയില്‍ ജനസ്വാധീനമുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു. എന്നിട്ടും സംഘടനാപരമായ പാളിച്ചകളും പിഴവുകളും തിരുത്താന്‍ ആ പാര്‍ട്ടി തയ്യാറല്ല.
ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒപ്പം ശക്തിപ്രകടനം നടത്തിയത് പ്രാദേശിക -സ്വത്വ രാഷ്ട്രീയപ്പാര്‍ട്ടികളാണ്. തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍നിന്ന് ബി.ജെ.പിയുടെ സര്‍വ്വവ്യാപനം അവര്‍ ചെറുത്തു. എന്നാല്‍, കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ ബി.ജെ.പി നേടിയ അധികാരത്തിന്റേയും പണത്തിന്റേയും സ്വാധീനത്തിന്റേയും മുന്നില്‍ അവര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. എങ്കിലും വര്‍ഗ്ഗീയ പ്രചരണത്തിന്റെ വിളനിലമായിരുന്ന ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയുടെ പ്രയത്‌നം കണ്ടില്ലെന്നു നടിക്കാനാകില്ല. വോട്ടുവിഹിതം ഇരട്ടിയായി ഉയര്‍ത്താന്‍ എസ്.പിക്ക് കഴിഞ്ഞെങ്കിലും ബി.ജെ.പി നേടിയ 40 % വോട്ടുകളേക്കാള്‍ കുറവാണ് അതെന്നോര്‍ക്കണം. അതേസമയം, ബി.ജെ.പി സൃഷ്ടിച്ചെടുത്ത ധ്രുവീകരിക്കപ്പെട്ട രാഷ്ട്രീയത്തെ മറികടക്കാന്‍ അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് ഇത്തവണയും കഴിഞ്ഞു. 2014 മുതല്‍ ഡല്‍ഹിയില്‍ എ.എ.പി ഇതില്‍ വിജയിക്കുന്നുമുണ്ട്. മൃദുഹിന്ദുത്വവാദമടക്കമുള്ള വിമര്‍ശനങ്ങളുണ്ടെങ്കിലും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ മറികടക്കാന്‍ എ.എ.പിക്കു കഴിഞ്ഞുവെന്നത് വസ്തുതയാണ്.
പ്രാദേശിക കക്ഷി എന്ന ലേബലില്‍ അറിയപ്പെടാന്‍ എ.എ.പിക്കു പണ്ടേ താല്പര്യമുണ്ടായിരുന്നില്ല. വലതു രാഷ്ട്രീയം എന്ന കള്ളിയിലൊതുങ്ങാതെ ബി.ജെ.പിക്ക് ഒരു ദേശീയ ബദലായി ഉയര്‍ത്തിക്കാട്ടാനാണ് അവരുടെ ശ്രമം. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടിത്തറ കെട്ടിപ്പടുക്കുന്നതിനായി സ്ഥിരതയോടെയും നിശ്ശബ്ദമായും പ്രവര്‍ത്തിച്ചുകൊണ്ട് ആം ആദ്മി അതിന്റെ സംഘടനാശേഷി കെട്ടിപ്പടുക്കുകയും ചെയ്തു. പഞ്ചാബില്‍ അധികാരത്തിലെത്തുന്നതോടെ അവരുടെ ആവശ്യം ഇനി ന്യായമാകും. രൂപീകരിച്ച് 10 വര്‍ഷത്തിനുള്ളില്‍ ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ ഗംഭീര വിജയം നേടിയത് ഇന്ത്യാ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്കുള്ള ദിശാസൂചിക കൂടിയാണ്. 2017-ല്‍ ശക്തി തെളിയിച്ചതിനൊപ്പം ആ കരുത്ത് സ്ഥിരമായി നിലനിര്‍ത്താനും എ.എ.പിക്കു കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ വിജയം കണ്ടില്ലെങ്കിലും ആം ആദ്മി പാര്‍ട്ടി ഇത്തവണ രണ്ടു സീറ്റ് നേടി. പലരും എഴുതിത്തള്ളിയ ആം ആദ്മിയുടെ രാഷ്ട്രീയം ഒരിക്കല്‍ക്കൂടി ചര്‍ച്ചാവിഷയമായി. പരമ്പരാഗത രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് എ.എ.പിയുടെ പ്രവര്‍ത്തനം ഒരു രാഷ്ട്രീയപാഠമാക്കാമെന്ന് ഈ ജനവിധിയും തെളിയിക്കുന്നു.

2024 ഉറപ്പിച്ചോ?
നാല് സംസ്ഥാനങ്ങളിലെ വിജയത്തോടെ 2024-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. കംഫര്‍ട്ടബിള്‍ സോണിലായെന്നത് ഉറപ്പായി. ഈ വിജയം 2024-ലെ തെരഞ്ഞെടുപ്പിലേക്ക് ജനം തനിക്കു നല്‍കുന്ന മുന്‍കൂര്‍ പിന്തുണയാണെന്ന വ്യാഖ്യാനം മോദി നടത്തിക്കഴിഞ്ഞു. പ്രശാന്ത് കിഷോര്‍ അടക്കമുള്ളവര്‍ അങ്ങനെയല്ലെന്നു വാദിക്കുന്നുണ്ടെങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിജയപരമ്പര തുടരുമെന്നതാണ് യാഥാര്‍ത്ഥ്യം. മൂന്നു ദശാബ്ദക്കാലമായി ഒരു പാര്‍ട്ടിയും യു.പിയില്‍ തുടര്‍ഭരണം നേടിയിട്ടില്ല. അങ്ങനെ നേടിയ ഏക പാര്‍ട്ടി ബി.ജെ.പിയാണ്. സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും എന്നാല്‍ ചില സുപ്രധാന തെരഞ്ഞെടുപ്പുകളില്‍നിന്ന് നാം പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും 'ദി ഹിന്ദു'വിലെഴുതിയ ലേഖനത്തില്‍ സീമ ചിസ്തി പറയുന്നു. ബി.ജെ.പി യുഗം ടോപ്പ് ഗിയറിലാണെന്നും അതിന്റെ പ്രയാണം തുടരുമെന്നുമാണ് അവര്‍ നല്‍കിയ സൂചന. യോഗിയുടെ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമായിരുന്നിട്ടും 40 ശതമാനത്തിലധികം വോട്ടുവിഹിതം പാര്‍ട്ടിക്കു നേടാനായി. പ്രതിപക്ഷ അനൈക്യവും ജാതീയ സമവാക്യങ്ങളും അതിനു പ്രത്യക്ഷ കാരണങ്ങളായി കണ്ടെത്താമെങ്കിലും മറ്റൊരു വിലയിരുത്തലിലേക്കാണ് സീമ ചിസ്തി ശ്രദ്ധ ക്ഷണിക്കുന്നത്. നഗര-അര്‍ദ്ധ നഗരമേഖലകളില്‍ ബി.ജെ.പി നേടിയ വന്‍സ്വാധീനമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്ന് മതനിരപേക്ഷത ഏതാണ്ട് പൂര്‍ണ്ണമായി അപ്രത്യക്ഷമായെന്നും ജനക്ഷേമത്തിലൂന്നിയുള്ള ഹിന്ദുത്വയായി മുദ്രാവാക്യം മാറുന്നതും ഈ തെരഞ്ഞെടുപ്പില്‍ പ്രകടമായെന്നതാണ് സവിശേഷത.
എത്ര ഗുരുതരമായ ഭരണവീഴ്ചയുണ്ടായാലും ഹിന്ദുത്വ ദേശീയതയുടെ അടിത്തറയില്‍ അധികാരം നിലനിര്‍ത്താമെന്നാണ് ഈ തെരഞ്ഞെടുപ്പ് പ്രാഥമികമായി തെളിയിച്ചത്. രാജ്യത്തെ ഏറ്റവും മോശമായ സാമ്പത്തിക-സാമൂഹ്യ സാഹചര്യമായിരുന്നു ഉത്തര്‍പ്രദേശിലേത്. യുവാക്കളിലെ തൊഴിലില്ലായ്മ രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ജി.ഡി.പിയിലെ തകര്‍ച്ച, വിലക്കയറ്റം എന്നിവയൊക്കെ 2017-ലേതിനേക്കാളും ഉയര്‍ന്ന നിരക്കിലായിരുന്നു. യു.പിയിലെ തകര്‍ന്ന സാമ്പത്തികാവസ്ഥ ഏറ്റവും കൂടുതല്‍ ബാധിച്ചത് ദരിദ്രരെയാണ്. ദാരിദ്ര്യസൂചികയില്‍ യു.പി ഏറ്റവും മുന്നിലാണ്. ക്രമസമാധാന പ്രശ്നങ്ങള്‍, കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്ത അനാസ്ഥ എന്നിവയൊക്കെ രൂക്ഷമായിരുന്നിട്ടും ഇതൊക്കെ മറികടക്കാന്‍ യോഗിക്കു കഴിഞ്ഞെങ്കില്‍ അതിനു മറ്റു ചില ഘടകങ്ങള്‍ പ്രസക്തമാണ്. ഹിന്ദുത്വ ദേശീയത എന്ന ശക്തമായ പ്രത്യയശാസ്ത്ര അടിത്തറയെ മറികടക്കാനുള്ള ബദല്‍ രാഷ്ട്രീയ പദ്ധതികളില്ലാത്തതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വെല്ലുവിളി.
മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി ഹിന്ദുത്വ ധ്രുവീകരണം എന്നതില്‍ മാത്രം കേന്ദ്രീകരിച്ചാണ് യോഗി പ്രചരണം നടത്തിയത്. സി.എ.എ പ്രക്ഷോഭകരെ ഭീകരമായി നേരിട്ടതും മതപരിവര്‍ത്തന നിയമം പാസ്സാക്കിയതുമൊക്കെ ഇതിനു സഹായകരമായി. പ്രചരണത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ 34 വര്‍ഗ്ഗീയ പ്രസംഗങ്ങളാണ് അദ്ദേഹം നടത്തിയത്. നൂറിലധികം അവസരങ്ങളില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി. വികസനത്തിന്റെ ചിഹ്നമായി ബുള്‍ഡോസറുകള്‍ തെരഞ്ഞെടുപ്പ് റാലികളില്‍ സ്ഥാനം പിടിച്ചപ്പോള്‍ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങളും ഈ റാലികളില്‍ മുഴങ്ങി. ഇപ്പോള്‍ യു.പിയില്‍ വിജയിച്ച ഈ മാതൃക കര്‍ണാടക, ആസാം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ബി.ജെ.പി പരീക്ഷിക്കുമെന്ന് സീമ ചിസ്തി പറയുന്നു. മതധ്രുവീകരണത്തില്‍പ്പെടുത്തി വോട്ടര്‍മാരെ തുടര്‍ച്ചയായി ആകര്‍ഷിക്കാന്‍ ബി.ജെ.പിക്കു വീണ്ടും വീണ്ടും കഴിയുമ്പോള്‍ അത് അപകടകരമാണെന്നു നിരീക്ഷകര്‍ പറയുന്നു. 2017-ല്‍ മോദി വിജയത്തിന്റെ കാരണക്കാരനാകുമ്പോഴും ബി.ജെ.പി സംസ്ഥാനങ്ങള്‍ നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു. ഈ സ്ഥിതിയാണ് മാറിയത്.

വികസനത്തിന്റേയും ക്ഷേമത്തിന്റേയും പേരിലുള്ള അവകാശവാദങ്ങളും ഹിന്ദുത്വവും ചേര്‍ന്ന മിശ്രണമാണ് ബി.ജെ.പി പരീക്ഷിച്ചതും വിജയിച്ചതും. മുസ്ലിം ജനവിഭാഗത്തെ പൂര്‍ണ്ണമായും മാറ്റിനിര്‍ത്തി തെരഞ്ഞെടുപ്പ് 80 ശതമാനവും 20 ശതമാനവും തമ്മിലുള്ള പോരാട്ടമെന്ന് പ്രഖ്യാപിച്ചു. എസ്.പിയുടെ ശക്തമായ വെല്ലുവിളിയും ഒ.ബി.സി ഗ്രൂപ്പുകളുടേയും ഒരു വിഭാഗം ഇടത്തരം വിഭാഗങ്ങളുടേയും കൂട്ടായ്മ സൃഷ്ടിക്കാനുള്ള ശ്രമവും ബി.ജെ.പിയുടെ വോട്ട് വിഹിതം തകര്‍ക്കുമെന്ന് വിശകലന വിദഗ്ദ്ധര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ബി.ജെ.പിയുടെ വോട്ട് വിഹിതം നാല് ശതമാനം വര്‍ദ്ധിക്കുകയാണുണ്ടായത്. ചുരുക്കിപ്പറഞ്ഞാല്‍ 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആവര്‍ത്തനം തന്നെയായിരുന്നു യു.പിയില്‍. ബി.ജെ.പിക്കു സ്വന്തം വോട്ടര്‍മാരില്‍ ഭൂരിഭാഗത്തിനേയും പിടിച്ചുനിര്‍ത്താനും ബി.എസ്.പിയുടേയും കോണ്‍ഗ്രസ്സിന്റേയും നഷ്ടത്തില്‍നിന്ന് നേട്ടമുണ്ടാക്കാനും കഴിഞ്ഞു. അഖിലേഷ് യാദവ് അധികാരത്തിലെത്തിയാല്‍ സമാജ്വാദി പാര്‍ട്ടി ഭരിച്ചിരുന്ന സമയത്തെ ഭീകരതയാകും സൃഷ്ടിക്കുകയെന്ന പ്രചരണം വോട്ടര്‍മാര്‍ വിശ്വസിച്ചെന്നു വേണം കരുതാന്‍. യു.പിയില്‍ എസ്.പിയുടെ ഭരണകാലത്ത് സൈക്കിളുകളിലായിരുന്നു ബോംബുകള്‍ കൊണ്ടുപൊയ്‌ക്കൊണ്ടിരുന്നത് എന്നാണ് മോദി പരിഹസിച്ചത്. എസ്.പിയുടെ ചിഹ്നമായിരുന്നു സൈക്കിള്‍.
ഹിന്ദുത്വത്തിന്റെ സ്വാഭാവികവല്‍ക്കരണം
വികസനം ലക്ഷ്യമിടുന്ന, ക്ഷേമപദ്ധതികള്‍ മുന്നോട്ടുവയ്ക്കുന്ന, ഹിന്ദുത്വവുമായി വലിയ തര്‍ക്കങ്ങളില്ലാതെ പൊരുത്തപ്പെട്ട് മുന്നോട്ടുപോകുന്ന ആം ആദ്മി പാര്‍ട്ടി ദേശീയപാര്‍ട്ടിയായി മാറുന്നതാണ് മറ്റൊരു പ്രധാന വിഷയം. മതേതര സമവാക്യത്തില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യരാഷ്ട്രീയം ഹിന്ദുത്വ സമവാക്യത്തിലേക്ക് മാറുന്നതിന്റെ സൂചന കൂടിയാണ് അത്. ഹിന്ദുത്വവും സ്വാഭാവികവല്‍ക്കരിക്കപ്പെടുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അതായത് മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ആം ആദ്മി പാര്‍ട്ടി മതേതര നിലപാട് പോലും സ്വീകരിക്കുന്നില്ല. മതേതര നിലപാട് പോലും ഹിന്ദുവിരുദ്ധ നിലപാടായി മാറുമെന്നതുകൊണ്ടാണ് അത്. ഫലത്തില്‍ ഹിന്ദുത്വത്തിന്റെ ഏറിയും കുറഞ്ഞുമുള്ള രാഷ്ട്രീയ പതിപ്പുകള്‍ തമ്മിലുള്ള പോരാട്ടമായി വരും തെരഞ്ഞെടുപ്പുകള്‍ മാറും. എങ്കിലും ജാതി, സാമുദായിക, മത വിധേയത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള നടപ്പു രാഷ്ട്രീയരീതികളെ ആം ആദ്മി മറികടന്നു. കെജ്രിവാള്‍ ജയിച്ചത് മതേതരവാദികള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും അത് ഹിന്ദുരാഷ്ട്ര നിര്‍മ്മിതിക്കുവേണ്ടിയുള്ള ബി.ജെ.പിയുടെ ശ്രമത്തിന് ഒരിക്കലും ബദലല്ല. അരവിന്ദ് കെജ്രിവാള്‍ മതേതരത്വത്തെക്കുറിച്ച് വാചാലമാകും, എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഹനുമാന്‍ ചല്‍സ ചൊല്ലും. അതാണ് അവ്യക്തതയുടെ രാഷ്ട്രീയതന്ത്രം. പ്രത്യയശാസ്ത്രങ്ങള്‍ക്കു പുറത്തുള്ള ബദലെന്ന് അവകാശപ്പെടുന്ന എ.എ.പി ഇനിയുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തെ എത്രമാത്രം സ്വാധീനിക്കുമെന്നതാണ് ചോദ്യം. ഒരു പരിധിവരെ അരവിന്ദ് കെജ്രിവാളിന്റെ മുദ്രാവാക്യം തന്നെയാണ് നരേന്ദ്ര മോദിയും ഉയര്‍ത്തിയത്. ന്യൂനപക്ഷ വിരുദ്ധത ഒഴിച്ചുനിര്‍ത്തിയാല്‍ സബ്കാ സാത്ത് സബ്കാ വികാസ് ആ ശൈലിയിലുള്ള മുദ്രാവാക്യമാണ്. വിവാദപരമായ സ്വത്വ രാഷ്ട്രീയത്തിന്റെ കള്ളികളില്‍ തളച്ചിടപ്പെടാതെ നീങ്ങിയെന്നതാണ് കെജ്രിവാളിന്റെ നേട്ടം. വാഗ്ദാനം ചെയ്ത സദ്ഭരണം നടപ്പാക്കുന്ന നേതാവാണ് കെജ്രിവാള്‍ എന്ന വിശ്വാസത്തിന് ഇപ്പോഴും ഇളക്കം തട്ടിയിട്ടില്ല.

ഏറ്റവും തീവ്രമായ തോതില്‍ സാമുദായിക വിഭജനം സംഭവിച്ച യു.പിയില്‍ പിന്നാക്ക ദളിത് വിഭാഗം രാഷ്ട്രീയ അധികാരം നേടുന്നത് തടയാന്‍ ബി.ജെ.പിക്കു കഴിഞ്ഞു. ബി.ജെ.പിയെ തോല്‍പ്പിക്കണമെങ്കില്‍ ആ പാര്‍ട്ടിയുടെ കാതല്‍ ശിഥിലമാക്കണമെന്നും അഖിലേഷ് യാദവിനും മനസ്സിലായി. തെരഞ്ഞെടുപ്പിലൂടെ ആ ലക്ഷ്യത്തിലേക്കാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. യോഗി സര്‍ക്കാരിനോട് അതൃപ്തിയുള്ള ഒരു വലിയ മണ്ഡലം അതിനു സഹായകരമാകുമെന്നും കരുതി. മണ്ഡല്‍ കമ്മിഷന്റെ പേരില്‍ ശക്തിയാര്‍ജ്ജിച്ച പാര്‍ട്ടിയാണ് മുലായംസിങ്ങിന്റെ സമാജ്വാദി പാര്‍ട്ടി. ഹിന്ദുത്വ രാഷ്ട്രീയം ശക്തിയാര്‍ജ്ജിക്കുന്ന ബാബ്റി മസ്ജിദ് പള്ളി പൊളിച്ചതിനു ശേഷം എസ്.പിയും ബി.എസ്.പിയും യു.പി ഭരിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ദുര്‍ബ്ബലമായപ്പോള്‍ ഒ.ബി.സി, ദളിത് രാഷ്ട്രീയ ലേബലുള്ള ഈ പാര്‍ട്ടികളാകുമെന്നായിരുന്നു വാദം. എന്നാല്‍, ഹിന്ദുത്വത്തിന്റെ കൗശലങ്ങള്‍ അതിജീവിക്കാന്‍ ഈ പാര്‍ട്ടികള്‍ക്കു കഴിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതായത് സാമുദായികതയില്‍ മാത്രം ഊന്നിയുള്ള രാഷ്ട്രീയം ഹിന്ദുത്വത്തിനു മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്നില്ലെന്നു കൂടി ഈ തെരഞ്ഞെടുപ്പില്‍ തെളിഞ്ഞിരിക്കുന്നു. ബി.എസ്.പി പൂര്‍ണ്ണമായും തന്നെ ഇല്ലാതായി. പഞ്ചാബില്‍ അകാലിദളും. പിന്നാക്ക വിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും ബി.ജെ.പിയെ മറികടക്കാന്‍ സമാജ്വാദി പാര്‍ട്ടിക്കു കഴിഞ്ഞതുമില്ല.

1989-ല്‍ എന്‍.ഡി. തിവാരി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്തുപോയതില്‍ പിന്നെ സംസ്ഥാനത്ത് ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ബി.ജെ.പിയുടെ രാം പ്രകാശ് ഗുപ്തയും രാജ്‌നാഥ് സിങ്ങും രണ്ടര വര്‍ഷത്തില്‍ താഴെ ഭരിച്ചതൊഴിച്ചാല്‍ (1999-2002) സംസ്ഥാനത്തെ മുഖ്യമന്ത്രി പദം അലങ്കരിച്ചവര്‍ ദളിത്, പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. എസ്.പി-ബി.എസ്.പി. പാര്‍ട്ടികള്‍ ഏതാണ്ട് പൂര്‍ണ്ണമായും കീഴടക്കിയ ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയ ചിത്രത്തില്‍ രാജ്‌നാഥ് സിംഗിനുശേഷം വരുന്ന ബി.ജെ.പി മുഖ്യമന്ത്രി ഗോരഖ്‌നാഥ് മഠത്തിന്റെ മഹന്ത് ആയ യോഗി മാറി. ഉന്നതജാതി വിഭാഗങ്ങള്‍ക്കെതിരെ ദളിതരും ഒ.ബി.സി വിഭാഗങ്ങളും ഉയര്‍ത്തിപ്പിടിച്ച സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിനും ഹിന്ദി ഹൃദയഭൂമിയിലെങ്കിലും ഇത്തവണത്തെ തെരഞ്ഞെടുപ്പോടെ വഴിത്തിരിവുണ്ടായി. സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിനു പുനര്‍വിചിന്തനം ആവശ്യമാണെന്ന ഘട്ടത്തിലെത്തിയിരിക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജാതി സംഘര്‍ഷങ്ങളിലല്ല, വികസനത്തിനാണ് ഭൂരിഭാഗം വോട്ടര്‍മാരും മുന്‍തൂക്കം നല്‍കുന്നത്. അതേസമയം അവരുടെ ജാതിസ്വത്വം രാഷ്ട്രീയപ്രസക്തമായി തുടരുകയും ചെയ്യുന്നു. വോട്ടര്‍മാര്‍ക്കിടയിലുള്ള ഇത്തരം ആഗ്രഹങ്ങളാണ് ബി.ജെ.പി മുതലെടുത്തത്. ബാക്കിയുള്ളവര്‍ അക്കാര്യത്തില്‍ പരാജയപ്പെട്ടു. മുസ്ലിങ്ങളെ ബി.ജെ.പി ഒഴിവാക്കിയത് തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിച്ചില്ലെന്നു മാത്രമല്ല, ഹിന്ദുവിഭാഗങ്ങളില്‍ ജാതിയടിസ്ഥാനത്തില്‍ ഭൂരിഭാഗവും ഏകീകരിക്കാനും അതുവഴി കഴിഞ്ഞു.