അയുക്തമായ, വിപരീത സത്യങ്ങളുടെ വിവാദ ആഘോഷങ്ങള്‍

അയുക്തമായ, വിപരീത സത്യങ്ങളുടെ വിവാദ ആഘോഷങ്ങള്‍

ബി.ജെ.പിക്കോ അവരെ പിന്തുണയ്ക്കുന്ന ഭക്തര്‍ക്കോ കഴിഞ്ഞ കുറേ നാളുകള്‍ നല്ലകാലമായിരുന്നില്ല

രു ഏകാധിപതിയെ മുഖ്യാതിഥിയാക്കിയാണ് ഇന്ത്യ 73-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. കര്‍ത്തവ്യപഥായി പുനര്‍നാമകരണം ചെയ്യപ്പെട്ട രാജ്പഥില്‍ നടന്ന ആഘോഷങ്ങളില്‍ ഈജിപ്ഷ്യന്‍ ഏകാധിപതി അബ്ദെല്‍ ഫത്താഹ് അല്‍ സീസി സാക്ഷിയായിരുന്നു. ചരിത്രത്തിലാദ്യമായി ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയവരെ പുറത്താക്കിയ, സ്വന്തം രാജ്യത്തിന്റെ ഭരണഘടനയെ ഇല്ലാതാക്കിയ, മനുഷ്യാവകാശങ്ങളെ തച്ചുടച്ച ഒരു സ്വേച്ഛാധിപതി മറ്റൊരു രാജ്യത്തിന്റെ ഭരണഘടനയെ പുകഴ്ത്തുന്നത് വിരോധാഭാസമാണ്. ഇങ്ങനെ അയുക്തമായ, വിപരീതസത്യങ്ങളുടെ വിവാദാഘോഷങ്ങളാണ് കഴിഞ്ഞയാഴ്ച മുഴുവന്‍ കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും നടത്തിയത്. 

ബി.ജെ.പിക്കോ അവരെ പിന്തുണയ്ക്കുന്ന ഭക്തര്‍ക്കോ കഴിഞ്ഞ കുറേ നാളുകള്‍ നല്ലകാലമായിരുന്നില്ല. പ്രതിരോധിക്കാനാവത്തവിധം കാമ്പുള്ള വിമര്‍ശനങ്ങളും സംഭവങ്ങളുമാണ് നടന്നത്. ദേശീയതയെ ആക്രമിക്കുന്നുവെന്ന പതിവു വിലാപങ്ങളാണ് ഈ വിവാദങ്ങളിലൊക്കെ ആദ്യം ഉയര്‍ന്നുകേട്ടത്. ബി.ജെ.പിയെ സംബന്ധിച്ച് അതൊരു സ്ഥിരം പ്രതിരോധതന്ത്രവുമാണ്. എന്നാല്‍, അടുത്തിടെയുണ്ടായ വിവാദങ്ങളില്‍ ഈ തന്ത്രംകൊണ്ടും കാര്യങ്ങള്‍ പിടിച്ചുനിര്‍ത്താന്‍ ബി.ജെ.പിക്കോ ഭക്തര്‍ക്കോ കഴിഞ്ഞില്ല. അതിലാദ്യത്തേതായിരുന്നു ജനുവരി 18-ന് പുറത്തിറക്കിയ ബി.ബി.സിയുടെ ഇന്ത്യ-ദി മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററി. ഗുജറാത്തിലെ മുസ്ലിം വംശഹത്യയില്‍ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്കിനെ സംബന്ധിച്ച് ബി.ബി.സി പ്രക്ഷേപണം ചെയ്ത ഈ ഡോക്യുമെന്ററിയില്‍ പരാമര്‍ശിച്ചിരുന്നു. ഡോക്യുമെന്ററി പോലും നേരെചൊവ്വേ കാണാതെ ബി.ബി.സിക്കെതിരേ പതിവുപോലെ ഭക്തര്‍ രംഗത്തിറങ്ങി. മുന്‍പിന്‍ ചിന്തയില്ലാതെ കേന്ദ്രസര്‍ക്കാരും അമിതാവേശം കാണിച്ചു. 

ഡോക്യുമെന്ററിയും അതിന്റെ ക്ലിപ്പുകളും കാണിക്കുന്നതും പങ്കിടുന്നതും തടയുന്നതിനായി 2021-ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിനു കീഴില്‍ ലഭ്യമായ അടിയന്തര അധികാരങ്ങള്‍ സര്‍ക്കാര്‍ ഉപയോഗിച്ചു. ''ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു'' എന്നതിന്റെ അടിസ്ഥാനത്തില്‍ ഡോക്യുമെന്ററി ലിങ്കുകള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോട് സര്‍ക്കാര്‍ ഉത്തരവിട്ടു. ഇന്ത്യയ്ക്കെതിരേയുള്ള ഗൂഢാലോചനയാണ് ഇതെന്നും കൊളോണിയല്‍ അജണ്ടയുടെ ഭാഗമാണ് ഇതെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. സര്‍ക്കാരിന്റെ നിരോധന നടപടി രാജ്യാന്തരതലത്തില്‍ വലിയ ചര്‍ച്ചയായി. ഒരുപക്ഷേ, ഡോക്യുമെന്ററിക്കു സാധാരണ ലഭിക്കുന്ന സ്വീകാര്യതയേക്കാള്‍ ഇന്ത്യയുടെ നിരോധനം ചര്‍ച്ചയായി.  മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയുടെ എതിര്‍ചേരിയില്‍ അണിനിരന്നു. 

കൊൽക്കത്ത ജാദവ്പുർ സർവകലാശാലയിൽ നിരോധിത ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്ന എസ്എഫ്ഐ പ്രവർത്തകർ
കൊൽക്കത്ത ജാദവ്പുർ സർവകലാശാലയിൽ നിരോധിത ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്ന എസ്എഫ്ഐ പ്രവർത്തകർ

ഫലത്തില്‍ രാജാവിനേക്കാള്‍ രാജഭക്തി കാണിച്ചവരാണ് ഈ പ്രശ്നം വഷളാക്കിയത്. ഫലപ്രദമായ പ്രതികരണം പോലും നടത്താനാകാതെ വരുമ്പോള്‍ നേതാവിനു ചുറ്റുമുള്ള അനുചരവൃന്ദം കാട്ടിക്കൂട്ടുന്ന അമിതാവേശമാണ് ഇത്തവണ കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയത്. രാജ്യാന്തരതലത്തില്‍  ബി.ബി.സിയുടെ വിശ്വാസ്യത നമ്മുടെ സര്‍ക്കാര്‍ സ്പോണ്‍സേഡ് സെലിബ്രിറ്റികളായ കങ്കണ റണാവത്തിനേക്കാളും അമിത് മാളവ്യയേക്കാളും അല്പം കൂടുതലാണെന്ന് ട്വിറ്റര്‍ഫീഡ് നോക്കുന്ന ആരും സമ്മതിക്കും. ബി.ബി.സിക്കു ധനസഹായം നല്‍കുന്നത് ബ്രിട്ടീഷ് നികുതിദായകരാണ്. അതിന്റെ വിശ്വസ്തതയും പ്രതിബദ്ധതയും അവരോടാണ്. ഈ വ്യത്യാസം തിരിച്ചറിയാതെ പോയതാണ് ബി.ജെ.പി ഭക്തരുടെ ഒന്നാമത്തെ വീഴ്ച. വര്‍ഷങ്ങള്‍ക്കു മുന്‍പ് 1940-കളിലെ ബംഗാള്‍ ക്ഷാമത്തെക്കുറിച്ച് ഇതുപോലൊരു അന്വേഷണം അവര്‍ നടത്തിയിരുന്നു. അന്ന് ചര്‍ച്ചിലിനേയും അന്നത്തെ കൊളോണിയല്‍ സര്‍ക്കാരിനേയും അവര്‍ പ്രതിക്കൂട്ടിലാക്കിയിരുന്നു. കൊവിഡ് കാലത്ത്  നടന്ന പാര്‍ട്ടിഗേറ്റ് തട്ടിപ്പുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സണിനെ പോലും അവരൊഴിവാക്കിയിരുന്നില്ല.  ഇനിയുമുണ്ട് ഒട്ടേറെ ഉദാഹരണങ്ങള്‍. 1982-ലെ ഫോക്ലാന്‍ഡ് യുദ്ധത്തില്‍ പ്രധാനമന്ത്രിയായ മാര്‍ഗരറ്റ് താച്ചര്‍ തന്നെ ബി.ബി.സിക്കെതിരെ രംഗത്തുവന്നു. ബ്രിട്ടീഷ് സൈന്യത്തെ നമ്മുടെ സൈന്യം എന്ന് റിപ്പോര്‍ട്ടര്‍മാര്‍ വിളിക്കണമെന്നായിരുന്നു താച്ചറിന്റെ നിര്‍ദ്ദേശം. ഞങ്ങള്‍ ബ്രിട്ടനു വേണ്ടിയല്ല, ബി.ബി.സിക്കു വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നായിരുന്നു അവരുടെ മറുപടി. 2003-ല്‍ ഇറാഖ് യുദ്ധസമയത്ത് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തു. മാപ്പ് പറയണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തിനു വഴങ്ങാന്‍ അന്നും ബി.ബി.സി തയ്യാറായില്ല. ഇന്ത്യ പോലൊരു രാജ്യത്ത് ഇന്ന് ഇതൊക്കെ അത്ഭുതമായി തോന്നിയേക്കാം. എന്നാല്‍, കൊളോണിയല്‍ ചരിത്രം പറഞ്ഞ് പാശ്ചാത്യവിമര്‍ശനം നടത്തുമ്പോള്‍ അവിടെ മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യവും നിലനില്‍ക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചേ മതിയാകൂ.

അദാനിയും ഇന്ത്യയും

സമ്പന്നരുടെ പട്ടികയില്‍നിന്ന് ഇറക്കത്തിന്റെ പടവുകളിലാണ് ഇപ്പോള്‍ അദാനി. അതേസമയം വ്യാപകമായ സാമ്പത്തിക ക്രമക്കേടുകളും തട്ടിപ്പുകളും നടത്തിയെന്ന ഹിന്‍ഡെന്‍ബെര്‍ഗ് റിസേര്‍ച്ച് എന്ന ഷോര്‍ട്ട് സെല്ലറുടെ റിപ്പോര്‍ട്ട് സൃഷ്ടിച്ച പ്രത്യാഘാതത്തിന്റെ അലകള്‍ ഇനിയും അവസാനിച്ചിട്ടില്ല. പ്രധാനമന്ത്രി മോദി തന്നെ ദേശീയ ചാംപ്യനെന്നു വിശേഷിപ്പിച്ച അദാനി നേരിട്ട തിരിച്ചടിയുടെ ആശങ്കകള്‍ ഓഹരിവിപണിയില്‍ മാത്രം ഒതുങ്ങുന്നുമില്ല. രാഷ്ട്രീയ, സാമൂഹ്യ മേഖലകളില്‍ അതിന്റെ പ്രതിഫലനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. അതേസമയം, ഹിന്‍ഡെന്‍ബെര്‍ഗിന്റെ റിപ്പോര്‍ട്ടിനെ ഇന്ത്യന്‍ വ്യവസായസ്ഥാപനത്തിനു നേരേ നടത്തുന്ന വൈദേശികാക്രമണമായാണ് അദാനി ചിത്രീകരിക്കാന്‍ ശ്രമിച്ചത്. ഹിന്‍ഡെന്‍ബെര്‍ഗ് ഇന്ത്യയ്ക്കുനേരെ കണക്കുകൂട്ടി ആക്രമണം നടത്തുകയാണെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചു. ദേശീയത പറഞ്ഞ് തട്ടിപ്പ് മറച്ചുവയ്ക്കാനാകില്ലെന്ന് ഹിന്‍ഡെന്‍ബെര്‍ഗ് തിരിച്ചടിച്ചു. 

ജനുവരി 24-നാണ് രണ്ടുവര്‍ഷത്തെ ഗവേഷണത്തിനൊടുവിലെ റിപ്പോര്‍ട്ട് ഹിന്‍ഡെന്‍ബെര്‍ഗ് പുറത്തുവിടുന്നത്. വിപണിയില്‍ ലിസ്റ്റ് ചെയ്ത ഏഴു കമ്പനികളില്‍ അഞ്ചു കമ്പനികളും റിസ്‌ക് കാറ്റഗറിയിലാണ് അവര്‍ ഉള്‍പ്പെടുത്തിയത്. തൊട്ടടുത്ത ദിവസം ജനുവരി 25-ന് അദാനി ഗ്രൂപ്പിനു ഓഹരിവിപണിയില്‍ നഷ്ടമായത് 97000 കോടി രൂപയാണ്. പിറ്റേദിവസം ആരോപണങ്ങളെക്കുറിച്ച് അദാനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജഗേഷിന്ദര്‍ സിങ് പ്രതികരിച്ചത് ഇന്ത്യന്‍ ദേശീയപതാകയുടെ പശ്ചാത്തലത്തിലാണ്. തൊട്ടടുത്ത ദിവസത്തെ പ്രസ്താവനയും അതേ കാര്യം പറയുന്നു. റിപ്പോര്‍ട്ട് ഇന്ത്യന്‍ ഓഹരിവിപണികളിലും ഇന്ത്യന്‍ പൗരന്മാരിലും അനാവശ്യ ആശങ്ക സൃഷ്ടിക്കുകയാണെന്നായിരുന്നു കമ്പനിയുടെ പ്രസ്താവന. ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണങ്ങള്‍ക്കെതിരേ 413 പേജുള്ള വിശദീകരണക്കുറിപ്പിലും അദാനിക്കു പറയാനുള്ള ന്യായം ഒന്നുതന്നെ- ഇത് ഏതെങ്കിലും പ്രത്യേക കമ്പനിക്കു നേരെയുള്ള അനാവശ്യ ആക്രമണമല്ല, മറിച്ച് ഇന്ത്യയ്ക്കും ഇന്ത്യന്‍ സ്ഥാപനത്തിന്റെ സ്വാതന്ത്ര്യത്തിനും സമഗ്രതയ്ക്കും ഗുണനിലവാരത്തിനും ഇന്ത്യയുടെ വളര്‍ച്ചാ കഥയ്ക്കും അഭിലാഷത്തിനും നേരെയുള്ള ആസൂത്രിതമായ ആക്രമണമാണെന്നായിരുന്നു പ്രസ്താവനയുടെ രത്‌നച്ചുരുക്കം. ഇന്ത്യന്‍ റെഗുലേറ്റര്‍സ്ഥാപനങ്ങളോടും ജുഡീഷ്യറിയോടുമുള്ള അവഹേളനമായും ഈ റിപ്പോര്‍ട്ടിനെ ചിത്രീകരിക്കാനാണ് അദാനി ശ്രമിച്ചത്.

പത്താൻ സിനിമയുടെ റിലീസിനോടനുബന്ധിച്ച് നടന്ന ആഘോഷത്തിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ആരാധകർ
പത്താൻ സിനിമയുടെ റിലീസിനോടനുബന്ധിച്ച് നടന്ന ആഘോഷത്തിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ആരാധകർ

അദാനിയുടെ ഈ പ്രസ്താവനയെ ബി.ജെ.പി ഏറ്റെടുക്കുകയായിരുന്നു. മോദി സര്‍ക്കാരില്‍ മുന്‍ സാമ്പത്തിക ഉപദേശകനായിരുന്ന കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യം ഈ പ്രസ്താവന ആവര്‍ത്തിച്ചു. ബി.ജെ.പി മുന്‍ എം.പിയായിരുന്ന ഗീത കോതപള്ളി പറഞ്ഞത് ഗൗതം അദാനി ഒരു വ്യക്തിയല്ല, മറിച്ച് രാജ്യത്തിന് അഭിമാനമാണെന്നാണ്. ഓരോ ഇന്ത്യക്കാരനും 5000 രൂപ നല്‍കി അദാനിയുടേത് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വ്യവസായ സ്ഥാപനങ്ങളുടെ ഓഹരികള്‍ വാങ്ങണമെന്ന ക്യാംപയിനിങ്ങും ട്വിറ്ററിലുണ്ടായി. തീവ്ര വലതുപക്ഷ സ്വഭാവമുള്ള സ്വരാജ്യ മാഗസിന്റെ കോളമിസ്റ്റായ വരുണ്‍ സിങ് വരെ ഇത് ഷെയര്‍ ചെയ്തു. ഇന്ത്യയുടെ വളര്‍ച്ച അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തെ ചെറുക്കാനും ആഹ്വാനമുണ്ടായി. എന്നാല്‍, ഇതുകൊണ്ടും പ്രയോജനമുണ്ടായില്ലെന്നതാണ് വസ്തുത. 

എഫ്.പി.ഒയില്‍നിന്ന് കമ്പനി പിന്‍മാറിയില്ല. ആശ്വാസകരമായ പ്രതികരണമല്ല ആദ്യ മൂലധനസമാഹരണത്തിനു കിട്ടിയത്. മൂന്നാംദിവസം അബുദാബിയുടെ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ് കമ്പനി 400 മില്യണ്‍ ഡോളര്‍ മുടക്കിയതോടെ എഫ്.പി.ഒ വിജയം കണ്ടെങ്കിലും ചോദ്യങ്ങള്‍ക്കു കൃത്യമായ ഉത്തരങ്ങള്‍ നല്‍കാന്‍ അദാനിക്കു കഴിഞ്ഞില്ലെന്ന വിശ്വാസം നിക്ഷേപകരില്‍ നിലനിന്നു. അതുകൊണ്ടുതന്നെ ഓഹരിവിപണിയിലെ തകര്‍ച്ച തുടര്‍ന്നു. ഫെബ്രുവരി ഒന്നിന് അദാനി പോര്‍ട്ട് 19 ശതമാനം ഇടിഞ്ഞു. വിപണിമൂല്യത്തില്‍ ഏഴു ലക്ഷം കോടിയുടെ തകര്‍ച്ചയാണ് അഞ്ചു വ്യാപാരദിനങ്ങളിലായി അദാനിക്കുണ്ടായത്. എഫ്.പി.ഒ പിന്‍വലിച്ച് തുക നിക്ഷേപകര്‍ക്ക് തിരികെ നല്‍കുമെന്ന് അദാനിക്കു പ്രഖ്യാപിക്കേണ്ടിവന്നു. അംബാനിയും അദാനിയുമടക്കം രാജ്യത്തെ മുഴുവുന്‍ കോര്‍പറേറ്റുകളുടേയും പിന്തുണ ബി.ജെ.പിക്കൊപ്പമാണ് ഇപ്പോഴുമെന്നതില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ,  ഈ സംഭവങ്ങള്‍ക്കപ്പുറം ഭരണതലത്തില്‍ സ്വാധീനമുള്ള ഒരു കോര്‍പറേറ്റ് സ്ഥാപനം ദേശീയത ദുരുപയോഗപ്പെടുത്തുന്നത് ആദ്യത്തെ തന്നെ സംഭവമായിരുന്നു. 

ഹിന്‍ഡെന്‍ബെര്‍ഗിന്റെ കണ്ടെത്തലുകളില്‍ അന്വേഷണം നടത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഓഹരിവിപണിയിലെ തിരിമറി സെബിയുള്‍പ്പെടെയുള്ള റെഗുലേറ്റര്‍മാര്‍ അന്വേഷണം എവിടെവരെയെത്തുമെന്നതാണ് പ്രശ്നം. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സി.ബി.ഐയും ഇ.ഡിയും എന്‍.ഐ.എയും തയ്യാറാകുമോ. അന്വേഷിച്ചാല്‍ തന്നെ എന്ത് പുറത്തുവരുമെന്ന് സ്വാഭാവിക ചോദ്യവും ഉയരുന്നു. കമ്പനിയുടെ മൂല്യം പെരുപ്പിച്ച് കാട്ടി ഓഹരിവിപണിയില്‍ നടത്തിയ തട്ടിപ്പും അനധികൃതമായി വിദേശത്ത് നിന്നും കള്ളപ്പണം കടത്തിയതും തെളിഞ്ഞാല്‍ അതിന് ഉത്തരം പറയേണ്ടിവരിക കേന്ദ്രസര്‍ക്കാരും സര്‍ക്കാരിനെ നയിക്കുന്ന പ്രധാനമന്ത്രിയുമാകും. ഗൗതം അദാനിക്ക് പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം അതിശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് നിര്‍ണ്ണായകവുമാണ്. കള്ളപ്പണം പിടികൂടുമെന്നും അതില്‍ വിജയിച്ചുവെന്നും പ്രഖ്യാപിച്ച മോദിയുടെ രാഷ്ട്രീയ പരാജയം കൂടിയാവും അദാനിയുടെ വീഴ്ച. ബോഫോഴ്സ് അഴിമതി മുതല്‍ 2ജി വരെയുള്ള അഴിമതി ആരോപണങ്ങളെ ഇന്നും ആയുധമാക്കുന്ന ബി.ജെ.പിക്ക് അദാനി വിഷയം തിരിച്ചടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനെ എത്രത്തോളം അതിജീവിക്കുമെന്നതേ ഇനി നോക്കിക്കാണാനുള്ളൂ.

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ദീപിക പദുകോണും തങ്ങളുടെ ചിത്രമായ പത്താൻ സിനിമയുടെ വിജയത്തെക്കുറിച്ചുള്ള വാർത്താ സമ്മേളനത്തിൽ
ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ദീപിക പദുകോണും തങ്ങളുടെ ചിത്രമായ പത്താൻ സിനിമയുടെ വിജയത്തെക്കുറിച്ചുള്ള വാർത്താ സമ്മേളനത്തിൽ

പത്താന് കിട്ടിയ സ്വീകരണം

ബോളിവുഡില്‍ തികഞ്ഞ മാന്യത പുലര്‍ത്തുന്ന, രാഷ്ട്രീയത്തില്‍നിന്നകന്ന് നില്‍ക്കുന്ന ഷാരൂഖ് ഖാനെ തീവ്ര വലതുപക്ഷ ഹിന്ദുത്വം ആക്രമിക്കുന്നത് ഇതാദ്യമല്ല. ജനമനസ്സിനെ അളവറ്റ് സ്വാധീനിക്കുന്ന ഹിന്ദിസിനിമാലോകം പിടിച്ചടക്കണമെന്ന ഉദ്ദേശ്യം ഹിന്ദുത്വ ശക്തികളുടെ പുതിയ അജണ്ടയുമല്ല. 2014-ല്‍ മോദി അധികാരത്തിലെത്തിയ മുതല്‍ ബോളിവുഡ് താരങ്ങളുടെ അനുചരവൃന്ദത്തേയും അനുകൂലികളേയും ബോളിവുഡില്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പത്താന്റെ കാര്യത്തില്‍ അതിരുവിട്ട ആക്രമണം ഫലത്തില്‍ ബി.ജെ.പിക്കു ദോഷമാണുണ്ടാക്കിയത്. സിനിമയിലെ 'ബേഷറം രംഗ്' എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണ് വിവാദം കത്തിപ്പടര്‍ന്നത്. ഗാനത്തില്‍ നായികയായ ദീപിക പദുകോണ്‍ കാവി ബിക്കിനി ധരിച്ചെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘടനകള്‍ ബഹിഷ്‌കരണാഹ്വാനവുമായി  രംഗത്തെത്തിയത്. ബി.ജെ.പി മുഖ്യമന്ത്രിമാരടക്കമുള്ളവര്‍ ഇതേറ്റെടുക്കുകയും ചെയ്തു.

മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞത്  പാട്ടില്‍ ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങളില്‍ കാവിയും പച്ചയും നിറങ്ങളാണുള്ളതെന്നും ഇത് ഉപയോഗിച്ചിരിക്കുന്ന രീതി പ്രതിഷേധാര്‍ഹമാണെന്നുമായിരുന്നു. ബീഹാറിലെ ബി.ജെ.പി നേതാവ് ഹരിഭൂഷണ്‍ താക്കൂര്‍ 'ബച്ചൗള്‍' ചിത്രത്തിന്റെ റിലീസ് തടയുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ''രാജ്യത്തിന്റെ സംസ്‌കാരത്തെ വ്രണപ്പെടുത്താന്‍ നടത്തിയ വൃത്തികെട്ട ശ്രമമാണിത്. കാവി നിറം 'സനാതന' സംസ്‌കാരത്തിന്റെ പ്രതീകമാണ്'' എന്നും ബച്ചൗള്‍ പറഞ്ഞിരുന്നു. ഹിന്ദുത്വത്തെ അവഹേളിക്കുന്ന ഒരു സിനിമയും സീരിയലും സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കില്ലെന്ന് മഹാരാഷ്ട്ര ബി.ജെ.പി നേതാവ് രാം കദവും പറഞ്ഞിരുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സംസ്ഥാനത്ത് 'പത്താന്‍' നിരോധിക്കണമെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാക്കളും ആവശ്യപ്പെട്ടിരുന്നു. പത്താന്റെ പ്രദര്‍ശനം തടയണമെന്നും 'ബേഷാരം രംഗ്' എന്ന ഗാനത്തിന്റെ പേരില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കണമെന്നും ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഒരു വലതുപക്ഷ സംഘടനയും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

രാജ്യാന്തരതലത്തില്‍ മതേതര ഇന്ത്യയുടെ പ്രധാന മുഖമാണ് ബോളിവുഡ്. സാംസ്‌കാരിക-സാമൂഹിക വൈവിധ്യമാണ് എക്കാലവും ബോളിവുഡ് അവതരിപ്പിച്ചിരുന്നതും. ഇന്ത്യയെ മതപരവും സാംസ്‌കാരികവുമായ ഒരൊറ്റ കാഴ്ചയിലൂടെ മാത്രം കാണണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന ഇപ്പോഴത്തെ ഭരണകൂടത്തിനും അതിന്റെ അനുയായികള്‍ക്കും ഇത് സ്വീകാര്യമല്ല. ഷാരൂഖ് ഖാന്‍ മറ്റ് ബോളിവുഡിന്റെ തിരിച്ചറിയാവുന്ന മുഖമായതിനാല്‍ അദ്ദേഹത്തെ ഒതുക്കാനാണ് ശ്രമം. കഴിഞ്ഞ വര്‍ഷം വ്യാജ മയക്കുമരുന്നു കേസില്‍ അദ്ദേഹത്തിന്റെ മകനെതിരേയുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാരിനു തന്നെ തിരിച്ചടിയായിരുന്നു. അഞ്ചുവര്‍ഷത്തിനു ശേഷമിറങ്ങുന്ന ഷാരൂഖിന്റെ സിനിമ ഏതു വിധേനയും പരാജയപ്പെടുത്തേണ്ടത് അവരുടെ ആവശ്യമായിരുന്നു. ഗൂഢാലോചനകള്‍ വഴി വിവാദം സൃഷ്ടിക്കപ്പെടുകയായിരുന്നു. എന്നാല്‍, പ്രതിഷേധത്തിനൊപ്പം സിനിമയ്ക്കു കൂടി വന്‍സ്വീകാര്യത ലഭിച്ചതോടെ സിനിമയെക്കുറിച്ച് അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തെത്തി. ഇത്തരം വിവാദങ്ങളില്‍നിന്നും വിട്ടുനില്‍ക്കാന്‍ ബി.ജെ.പി നേതാക്കളോട് മോദി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അത് ബി.ജെ.പിക്കു നല്ലതല്ല സമ്മാനിക്കുക എന്ന തിരിച്ചറിവ് മോദിക്കുണ്ടാകണം. ദേശീയത നിഷ്പ്രഭമാക്കുന്ന മേഖലകളില്‍ കരുതലോടെയുള്ള ആക്രമണത്തിനാണ് സാധ്യതയുണ്ടാകുകയെന്ന തിരിച്ചറിവ് ബി.ജെ.പി ഭക്തര്‍ക്ക് ഇനിയെങ്കിലുമുണ്ടായേ മതിയാകൂ.

അദാനി അധികാരത്തിന്റെ തണല്‍

മറ്റ് ഇന്ത്യന്‍ വ്യവസായികളെപ്പോലെ പൊതുമധ്യത്തില്‍ വാര്‍ത്താകേന്ദ്രമാകാറുള്ള ഒരാളല്ല അദാനി. വര്‍ണ്ണാഭമായ ഭൂതകാലമില്ലാത്തതുകൊണ്ടാവണം ഒതുങ്ങിനില്‍ക്കുന്ന അന്തര്‍മുഖ സ്വഭാവം. ആന്റീലിയ പോലെ വീടുകളോ കാറുകളോ അദാനി ആഡംബരജീവിതത്തിനായി പ്രദര്‍ശിപ്പിക്കാറില്ല. 

മോഹങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ളവരാണ് സസ്യാഹാരികളായ ജൈനന്‍മാര്‍. അത്തരം പാരമ്പര്യങ്ങളെ മുറുകെപിടിച്ച് ജീവിക്കുന്ന ഒരു ഇടത്തരം കുടുംബത്തിലാണ് 1962-ല്‍ അദാനി ജനിച്ചത്. ഗൗതം ഉള്‍പ്പെടെ എട്ടുമക്കള്‍. ഗുജറാത്തിലെ ചെറുകിട വസ്ത്രവ്യാപാരിയായിരുന്നു അദാനിയുടെ പിതാവ്. എന്നാല്‍, ഈ വ്യാപാരത്തില്‍ അദാനിക്കു താല്പര്യമില്ലായിരുന്നു. വിദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തിയ ഗൗതം ജോലി തേടി ബോംബെയിലേക്ക് വണ്ടികയറി. വജ്രക്കല്ലുകള്‍ തരംതിരിക്കുന്ന ജോലിയായിരുന്നു ആദ്യം കിട്ടിയത്. 1981-ല്‍ മൂത്ത സഹോദരന്‍ തുടങ്ങിയ പ്ലാസ്റ്റിക് പ്രോസസിങ് യൂണിറ്റിന്റെ മേല്‍നോട്ടത്തിനുവേണ്ടി വീണ്ടും ഗുജറാത്തിലേക്ക് അദ്ദേഹം മടങ്ങിയെത്തി. അസംസ്‌കൃത വസ്തുക്കളും മരുന്നുകളും തുടങ്ങിയ ചരക്കുകളുടെ ഇറക്കുമതിയായിരുന്നു അടുത്ത ബിസിനസ്.  1995-ല്‍ ഗുജറാത്തില്‍ ബി.ജെ.പി മുഖ്യമന്ത്രിയായിരുന്ന കേശുഭായി പട്ടേലാണ് അദാനിയോട് ആദ്യം സ്നേഹം കാണിച്ചത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖം കേശുഭായി പട്ടേല്‍ അദാനിക്കു സമ്മാനിച്ചു. തുറമുഖത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ചരക്ക് ഇറക്കുമതിയുടെ കരാറുകാരനായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥതലത്തിലെ അവിഹിത ബന്ധങ്ങളും രാഷ്ട്രീയ സ്വാധീനവും മുതലെടുത്ത് 2001-ല്‍ തുടങ്ങിയ മുന്ദ്ര തുറമുഖത്തിന്റെ നടത്തിപ്പു ചുമതല അദാനി നേടി. തുടര്‍ന്നങ്ങോട്ട് അദാനിയുടെ വളര്‍ച്ച നിമിഷവേഗത്തിലായിരുന്നു. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നാണ് ഇത്.  മുന്ദ്ര തുറമുഖം വഴി രാജ്യത്തേക്ക് അനധികൃതമായി പലതും എത്തിയെന്ന ആരോപണം പല തവണ ഉയര്‍ന്നുവെങ്കിലും അതിലൊന്നും അന്വേഷണമോ കണ്ടെത്തലുകളോ ഉണ്ടായില്ല. ബി.ജെ.പി മാത്രമായിരുന്നില്ല അദാനിയുടെ സംരക്ഷകര്‍. യു.പി.എ സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോള്‍ അദാനിയുടെ ആസ്തി രണ്ടിരട്ടിയായി. 

ഭരിക്കുന്നവരുമായി സൗഹൃദം സൂക്ഷിച്ചിരുന്ന അദാനിക്ക് മോദിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. 2001-ല്‍ മോദി ഗുജറാത്തില്‍ അധികാരത്തിലെത്തിയതു മുതലാണ് അദാനിയുടെ വളര്‍ച്ചയും തുടങ്ങുന്നത്. മുഖ്യമന്ത്രിയായിരുന്ന 13 വര്‍ഷക്കാലയളവില്‍ മുന്ദ്ര തുറമുഖവും അദാനിയും വളര്‍ന്നു. തുറമുഖ വികസനത്തിനായി മോദി സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തു നല്‍കി. മോദിയുടെ ഇത്തരം സൗഹൃദനടപടികള്‍ അദാനി എക്കാലവും നിഷേധിക്കുമെങ്കിലും യാഥാര്‍ത്ഥ്യം അതായിരുന്നു. തുറമുഖത്തോടൊപ്പം കല്‍ക്കരി വൈദ്യുതി നിലയവും അദാനി തുടങ്ങി. സൗജന്യമായി ലഭിച്ച ഭൂമി, റെയില്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം ഭരണതലത്തിലെ സ്വാധീനവും കൂടി ലഭിച്ചതോടെ അദാനിയുടെ ബിസിനസ് തഴച്ചുവളര്‍ന്നു. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ഒറ്റപ്പെട്ടുപോയ മോദിയെ വൈബ്രന്റ് ഗുജറാത്ത് എന്ന പേരില്‍ നിക്ഷേപ കൂട്ടായ്മയൊരുക്കി രക്ഷിച്ചത് അദാനിയായിരുന്നു. നിക്ഷേപകരെ ഗുജറാത്തിലേക്കെത്തിക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച അദ്ദേഹം മോദിയുടെ സൗഹൃദപട്ടികയില്‍ അതോടെ ചിരപ്രതിഷ്ഠ നേടി. 

യഥാര്‍ത്ഥത്തില്‍ അദാനിയുടെ ബിസിനസ് വിജയം മോദിയുടെ രാഷ്ട്രീയ വിജയമായിരുന്നു. വികസന നായകന്‍ എന്ന പ്രതിച്ഛായ അദാനിയിലൂടെ മോദി നേടി. 2014-ല്‍ ഡല്‍ഹിയിലേക്കു പ്രധാനമന്ത്രിയായി മോദിയെത്തിയപ്പോള്‍ അദാനിയാകട്ടെ, ഇന്ത്യ മുഴുവന്‍ വ്യാപാരസാമ്രാജ്യം വിപുലീകരിക്കാനാണ് ലക്ഷ്യമിട്ടത്. ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിക്കാന്‍ കാരണമായതും ഇതുതന്നെ. 2014 മുതല്‍ 2018 വരെ മറ്റ് കോര്‍പറേറ്റുകള്‍ക്കൊപ്പം എന്ന നിലയിലായിരുന്നു അദാനി പരിഗണിക്കപ്പെട്ടത്. എന്നാല്‍, അതിനുശേഷം സ്ഥിതി മാറി.  2018 സെപ്തംബറില്‍ സര്‍ക്കാര്‍ നല്‍കിയ പ്രകൃതിവാതക കരാറുകള്‍ 25 എണ്ണം ലഭിച്ചത് അദാനിക്കായിരുന്നു. തുറമുഖ നിര്‍മ്മാണ നടത്തിപ്പില്‍നിന്ന് അദാനി പ്രകൃതിവാതക പദ്ധതികളിലേക്കും ഊര്‍ജ്ജ വിതരണത്തിലേക്കും കടന്നത് അങ്ങനെയാണ്. ഝാര്‍ഖണ്ഡില്‍ അദാനിക്കു പ്രത്യേക സാമ്പത്തികമേഖല തന്നെ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു നല്‍കി. ഹിഡെന്‍ബെര്‍ഗിന്റെ റിപ്പോര്‍ട്ടിലും സര്‍ക്കാരിന്റെ ഇത്തരം താല്പര്യനടപടികള്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍, അദാനി ഇത് പാടേ നിഷേധിക്കുന്നു. കഴിഞ്ഞ മുപ്പതുവര്‍ഷക്കാലയളവില്‍ കാണാതിരുന്ന വ്യാപാരസൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള പരിഷ്‌കാരങ്ങളാണ് മോദി നടത്തിയതെന്നും അതിന്റെ തുടര്‍ച്ചയാണ് തന്റെ വിജയമെന്നുമാണ് അദാനി പറയുന്നത്.  ഏതായാലും 2018-ല്‍നിന്ന് 2022-ലെത്തിയപ്പോള്‍ അദാനിയുടെ സാമ്രാജ്യം തുറമുഖവും ഊര്‍ജ്ജവിതരണവും കടന്ന് വിമാനത്താവള നടത്തിപ്പിലേക്കും ആരോഗ്യ മേഖലയിലേക്കും ഡാറ്റാ വിതരണത്തിലേക്കും വരെ എത്തി. അതായത് സര്‍വ്വത്ര മേഖലയിലേക്കും അദാനിയുടെ ബിസിനസ് സാമ്രാജ്യം വളര്‍ന്നു. ഇതിനെല്ലാം തണലായത് ഭരണതലത്തിലെ സ്വാധീനം തന്നെ.

പൊതുവേദിയില്‍ സംസാരിക്കുന്നത് തന്നെ കുറവ്. വളരെ കുറഞ്ഞ മാധ്യമ അഭിമുഖങ്ങള്‍. വെള്ള ഷര്‍ട്ടും കറുത്ത സ്യൂട്ടുമണിഞ്ഞെത്തുന്ന അദ്ദേഹം പാര്‍ട്ടികളിലും പൊതുസദസ്സുകളില്‍നിന്നും വിട്ടുനില്‍ക്കാറാണ് പതിവ്. നിഗൂഢമായ ആ ജീവിതത്തെക്കുറിച്ച് ജനത്തിനറിയാവുന്നതും വളരെ കുറവാണ്. ചില ഉദാഹരണങ്ങള്‍ ഇതാണ്: 1998-ല്‍ അദാനിയേയും സുഹൃത്തിനേയും ഒരു സംഘം തട്ടിക്കൊണ്ടുപോയി. വന്‍തുക നല്‍കിയിട്ടാണ് ഇരുവരേയും അവസാനം മോചിപ്പിച്ചത്. 2008-ല്‍ മുംബൈയിലെ താജ്മഹല്‍ ഹോട്ടലില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ ഒരു രാത്രി മുഴുവന്‍ അദാനിക്ക് ഹോട്ടലിന്റെ ബേസ്മെന്റില്‍ ഒളിച്ചിരിക്കേണ്ടിവന്നു. തന്റെ വ്യവസായ സാമ്രാജ്യം വിപുലീകരിക്കുന്നതിലായിരുന്നു എന്നും അദാനിയുടെ ശ്രദ്ധ. 

മകന്‍ കരണ്‍ അദാനിയാണ് അദാനി പോര്‍ട്സിന്റെ ചുമതല. ഇളയ സഹോദരന്‍ രാജേഷ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ്. മൂത്ത സഹോദരന്‍ വിനോദാണ് ദുബായില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നോക്കുന്നത്. ഹിഡെന്‍ബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ വിനോദിന്റെ പേരും പരാമര്‍ശിക്കുന്നു. വിദേശഫണ്ടുകളും സ്വാധീനവും ഫണ്ട് തിരിമറിയും വിനോദ് വഴിയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ഇത് അദാനി ഗ്രൂപ്പ് നിഷേധിക്കുന്നു.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com