'ആര്‍എസ്എസ്സിന്റെ ഹിന്ദുരാഷ്ട്രവാദം പോലെ മതരാഷ്ട്രവാദത്തില്‍ അധിഷ്ഠിതമായ ഒരു ഐഡിയോളജി ജമാഅത്തെ ഇസ്‌ലാമി ഉയര്‍ത്തിക്കാണിക്കുന്നില്ല'

ഭരണത്തുടര്‍ച്ച ഉണ്ടാകാനുള്ള  ഒരു അസാധാരണ സാഹചര്യം കേരളത്തില്‍ ഉണ്ടായിരുന്നു. കൊവിഡായിരുന്നു പ്രധാനപ്പെട്ട ഒരു കാരണംv
'ആര്‍എസ്എസ്സിന്റെ ഹിന്ദുരാഷ്ട്രവാദം പോലെ മതരാഷ്ട്രവാദത്തില്‍ അധിഷ്ഠിതമായ ഒരു ഐഡിയോളജി ജമാഅത്തെ ഇസ്‌ലാമി ഉയര്‍ത്തിക്കാണിക്കുന്നില്ല'

എം.എസ്.എഫിനെ പ്രതിനിധീകരിച്ച് സ്‌കൂള്‍ ലീഡറായി തുടങ്ങി, കേരളത്തിലെ മുസ്‌ലിം ലീഗ് നേതൃനിരയുടെ ഭാഗമായി മാറിയിരിക്കുന്നു പി.കെ. ഫിറോസ്. പ്രതിപക്ഷത്തെ ശ്രദ്ധേയനായ യുവജന നേതാവ്. രാഷ്ട്രീയ ബോധ്യത്തോടെ സാമൂഹിക പ്രവര്‍ത്തനം നടത്തുമ്പോള്‍ മാത്രമല്ല, ദൈനംദിന രാഷ്ട്രീയം സംസാരിക്കുമ്പോഴും അതില്‍ സത്യസന്ധതയുടെ ആര്‍ജ്ജവമുണ്ട്. 

ഭരണത്തുടര്‍ച്ചയുടെ ഏഴാം വര്‍ഷത്തില്‍ പ്രതിപക്ഷത്തെ പ്രധാന യുവജനസംഘടന എന്ന നിലയില്‍ എങ്ങനെ വിലയിരുത്തുന്നു? 

ഭരണത്തുടര്‍ച്ച ഉണ്ടാകാനുള്ള  ഒരു അസാധാരണ സാഹചര്യം കേരളത്തില്‍ ഉണ്ടായിരുന്നു. കൊവിഡായിരുന്നു പ്രധാനപ്പെട്ട ഒരു കാരണം. ഏതൊരു രാജ്യത്തേയും ജനങ്ങളുടെ മനോനില പ്രതിസന്ധി ഉണ്ടാകുമ്പോള്‍ ഭരണകൂടത്തിന്റെ കൂടെ നില്‍ക്കുക എന്നുള്ളതാണ്; മോദിയുടെ ഭരണത്തുടര്‍ച്ച ഉണ്ടായത്, ഫുല്‍വാമയിലെ അക്രമവും ജവാന്മാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടപ്പോള്‍ നല്‍കിയ തിരിച്ചടിയും സര്‍ജിക്കല്‍ സ്‌ട്രൈക്കുമൊക്കെയാണ്. ജനവിരുദ്ധമായ ഒട്ടേറെ ഭരണപരിഷ്‌കാരങ്ങള്‍ രാജ്യത്ത് നടപ്പാക്കിയിട്ടും ഭരണത്തുടര്‍ച്ച ഉണ്ടാകാന്‍ അതൊക്കെയാണ് മോദിയെ സഹായിച്ചത്. സമാനരീതിയില്‍ കേരളത്തിലും അഴിമതിയും സ്വജനപക്ഷപാതവും ജനവിരുദ്ധമായ നിരവധി നടപടികളും ഉണ്ടായിട്ടും കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഭരണത്തിന്റെ കൂടെ നില്‍ക്കുക എന്ന നിലപാടാണ് ജനങ്ങള്‍ സ്വീകരിച്ചത്. കിറ്റും അതുപോലുള്ള സഹായങ്ങളുമൊക്കെ ലഭിച്ചു എന്ന കാരണങ്ങളുമുണ്ട്. അങ്ങനെ വരുമ്പോള്‍ ആ അസാധാരണ സാഹചര്യം തരണം ചെയ്യുക എന്ന സ്ഥിതിവിശേഷം പ്രതിപക്ഷത്തിനും ഉണ്ടായി.

സമരങ്ങളെ ദാക്ഷിണ്യമില്ലാതെ അടിച്ചമര്‍ത്തുന്ന പൊലീസ് രീതിയെ അന്ധമായി ന്യായീകരിക്കുകയാണ് ഇടതുപക്ഷം. ഈ സമീപനം കേരള രാഷ്ട്രീയത്തില്‍ എത്രത്തോളം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും? 

കമ്യൂണിസ്റ്റുകാര്‍ എപ്പോഴും അവകാശപ്പെടുന്നത് അവര്‍ സമരങ്ങളുടെ തീച്ചൂളകള്‍ കടന്നു വന്നവരാണ് എന്നാണ്. എന്നാല്‍, 1957ലെ ഒന്നാം കമ്യൂണിസ്റ്റു മന്ത്രിസഭ മുതല്‍ ഇങ്ങോട്ടു പരിശോധിച്ചാല്‍ അവര്‍ സമരങ്ങളോട് വലിയ അസഹിഷ്ണുത കാണിക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. വിമോചനസമരത്തിന് ഇടയാക്കിയതില്‍പ്പോലും ആ സര്‍ക്കാരിന്റെ പൊലീസ് നയമായിരുന്നു പ്രധാനപ്പെട്ട ഒരു കാരണം. ഒട്ടനവധി കൊലപാതകങ്ങളും വെടിവയ്പുമൊക്കെ പൊലീസ് തന്നെ നേരിട്ടു നടത്തുന്ന കാഴ്ച ഒന്നാം ഇ.എം.എസ് മന്ത്രിസഭ മുതല്‍ നമുക്കു കാണാന്‍ സാധിക്കും; ഇപ്പോള്‍ പിണറായി വിജയന്‍ ചെയ്യുന്നതും അതേവിധം ജനാധിപത്യ സമരങ്ങളെ വളരെ ക്രൂരമായി അടിച്ചമര്‍ത്തുന്ന രീതിയാണ്. കരിങ്കൊടി സമരത്തെപ്പോലും ഭയപ്പെടുന്നു, അതിനെതിരെ പൊലീസിനെ വന്‍തോതില്‍ വിന്യസിക്കുന്നു, നേരത്തേ കരിങ്കൊടി കാണിച്ചവര്‍ക്കെതിരെ കാപ്പ പോലും ചുമത്തുന്ന സ്ഥിതിയുണ്ടായി.

ഇടതുമുന്നണി സര്‍ക്കാരിന്റെ ഈ സമീപനത്തെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താന്‍ യു.ഡി.എഫിനു കഴിയുന്നുണ്ടോ? 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു സത്യത്തില്‍ ജനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടിയിരുന്നത്. അന്നത്തെ രാഷ്ട്രീയ സാഹചര്യം ഞാന്‍ പറഞ്ഞല്ലോ. പക്ഷേ, പിന്നീട് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടന്നപ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉപതെരഞ്ഞെടുപ്പു നടന്നപ്പോഴും, പ്രത്യേകിച്ച് സി.പി.എമ്മിനു വലിയ സ്വാധീനമുള്ള മട്ടന്നൂര്‍ പോലെ ഒരു നഗരസഭയില്‍ നടന്ന തെരഞ്ഞെടുപ്പിലും നമുക്കു വ്യക്തമായത് ഭരണത്തിന് എതിരായ വികാരം പ്രയോജനപ്പെടുത്താനുള്ള അവസരം അവര്‍ ഉപയോഗപ്പെടുത്തുന്നു എന്നാണ്. തീര്‍ച്ചയായും വരാന്‍പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതിനുശേഷമുള്ള തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിലുമൊക്കെ ജനങ്ങളുടെ വികാരം അവര്‍ പ്രകടിപ്പിക്കും എന്നുള്ളതില്‍ യാതൊരു സംശയവുമില്ല. 

ഇടതുവിരുദ്ധ നിലപാടുകള്‍ പിന്തുടരേണ്ടിവരുന്നത് ഫാസിസ്റ്റുവിരുദ്ധ കൂട്ടായ്മയുടെ സാധ്യതകളിലെ ലീഗ് പങ്കാളിത്തത്തെ ദുര്‍ബ്ബലപ്പെടുത്തുന്നുണ്ടോ. ഈ രാഷ്ട്രീയ പ്രതിസന്ധിയെ എങ്ങനെയാണ് മറികടക്കുക?
 
ഒരു രാഷ്ട്രീയ പ്രതിസന്ധിയുടെ പ്രശ്‌നമില്ല ഇതില്‍. അതൊരു രാഷ്ട്രീയ നിലപാടാണ്. വളരെ നേരത്തേ തന്നെ, '90-കളില്‍ത്തന്നെ ലീഗ് എടുത്ത നിലപാടാണ് അത്. ദേശീയതലത്തില്‍ ആര്‍.എസ്.എസ്സിനെ, സംഘപരിവാറിനെ പ്രതിരോധിക്കാന്‍ മതേതര കക്ഷികള്‍ ഒരുമിച്ചു നില്‍ക്കണം എന്നുള്ളത് മുസ്‌ലിംലീഗിന്റെ സുവ്യക്ത നിലപാടാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ആ സമീപനത്തോട് അനുകൂല നിലപാടല്ല എടുക്കാറ്. മകന്‍ മരിച്ചാലും മരുമകളുടെ കണ്ണീര് കണ്ടാല്‍ മതി എന്ന തരത്തിലുള്ള സങ്കുചിത ചിന്താഗതിയാണ് പലപ്പോഴും സി.പി.എമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. അന്ധമായ കോണ്‍ഗ്രസ്സ് വിരോധം; ബി.ജെ.പി ഉയര്‍ത്തുന്ന, കോണ്‍ഗ്രസ്സ് മുക്ത ഭാരതം എന്ന അതേ മുദ്രാവാക്യം സി.പി.എമ്മും സ്വീകരിക്കുക; ബി.ജെ.പി അധികാരത്തില്‍ വന്നാലും കുഴപ്പമില്ല, കോണ്‍ഗ്രസ്സ് ജയിക്കാതിരുന്നാല്‍ മതി എന്ന നിലപാട് മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ്സ് അധികാരത്തിലിരിക്കുമ്പോള്‍ സ്വീകരിച്ചത് നമുക്കു മനസ്സിലാക്കാം. പക്ഷേ, ഇപ്പോഴും കോണ്‍ഗ്രസ്സ് ദുര്‍ബ്ബലപ്പെട്ടാല്‍ മതി എന്ന നിലപാടാണ് സി.പി.എമ്മിന്റെ ഭാഗത്തുനിന്നു കണ്ടുകൊണ്ടിരിക്കുന്നത്.

പികെ ഫിറോസിനെ അറസ്റ്റ് ചെയ്തപ്പോൾ. യൂത്ത് ലീ​ഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്
പികെ ഫിറോസിനെ അറസ്റ്റ് ചെയ്തപ്പോൾ. യൂത്ത് ലീ​ഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്

വര്‍ഗ്ഗീയതയ്ക്കും ഫാസിസത്തിനും എതിരായ പോരാട്ടത്തില്‍ വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യാവുന്ന നേതൃത്വമായി ഇപ്പോഴും കോണ്‍ഗ്രസ്സിനെ കാണുന്നത് രാഷ്ട്രീയമായി പൂര്‍ണ്ണശരിയാണ് എന്ന് യൂത്ത് ലീഗ് വിശ്വസിക്കുന്നുണ്ടോ? 

ദേശീയതലത്തില്‍ ഫാസിസ്റ്റുവിരുദ്ധ മുന്നണി കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസ്സിനെക്കൊണ്ടു മാത്രം സാധിക്കില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പക്ഷേ, ഇന്ത്യയില്‍ ഇപ്പോഴും 23 സംസ്ഥാനങ്ങളില്‍ എം.എല്‍.എമാരുള്ള രാഷ്ട്രീയപ്പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. എല്ലാ സംസ്ഥാനങ്ങളിലും വേരുള്ള പാര്‍ട്ടിയാണ്; 52 ലോക്‌സഭാ സീറ്റുകള്‍ ഇപ്പോഴും കോണ്‍ഗ്രസ്സിനാണുള്ളത്. പ്രതിപക്ഷത്തെ മറ്റൊരു കക്ഷിക്കും അത്രയും എം.പിമാര്‍ ഇല്ല.

പ്രതിപക്ഷത്തെ കക്ഷികളെ എടുത്തു പരിശോധിച്ചാല്‍ കോണ്‍ഗ്രസ്സിനാണ് 52 ഉള്ളത്. ആ കോണ്‍ഗ്രസ്സിനെ മാറ്റിനിര്‍ത്തിക്കൊണ്ട് രാജ്യത്ത് ഒരു മതേതര ബദല്‍ രൂപീകരിക്കാന്‍ സാധ്യമല്ല എന്ന് ഇന്ത്യയിലെ മതേതര കക്ഷികള്‍ ആദ്യം അംഗീകരിക്കാന്‍ തയ്യാറാകണം. ആ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു നിലപാടെടുക്കണം. മാത്രമല്ല, കോണ്‍ഗ്രസ്സിന് ഇത് ആദ്യത്തെ പ്രതിസന്ധിയല്ല. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള 1977ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധി പരാജയപ്പെട്ടിട്ടുണ്ട്; കോണ്‍ഗ്രസ്സിനു വലിയ തകര്‍ച്ച ഉണ്ടായിട്ടുണ്ട്. പക്ഷേ, കോണ്‍ഗ്രസ്സ് വീണ്ടും തിരിച്ചുവരുന്നത് രാജ്യം കണ്ടു. അതുപോലെ '90-കളുടെ അവസാനം ബി.ജെ.പി രാജ്യത്ത് ആദ്യമായി അധികാരത്തില്‍ വന്നപ്പോഴും കോണ്‍ഗ്രസ്സിനു തിരിച്ചടി നേരിടേണ്ടിവന്നു. പലരും എഴുതിത്തള്ളിയ കോണ്‍ഗ്രസ്സ് നയിക്കുന്ന യു.പി.എ അതുകഴിഞ്ഞ് രണ്ടു ടേം തുടര്‍ച്ചയായി അധികാരത്തില്‍ വന്നു. ഇപ്പോഴും എഴുതിത്തള്ളാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ്, കോണ്‍ഗ്രസ്സിന്റെ ദൗര്‍ബ്ബല്യം കോണ്‍ഗ്രസ്സ് കൂടി തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു നിലപാടാണ് എടുക്കേണ്ടത്. കോണ്‍ഗ്രസ്സിന് ഇപ്പോള്‍ ആ സമീപനമുണ്ട്. അതുകൊണ്ടാണ് മറ്റു കക്ഷികളെക്കൂടി ഉള്‍ക്കൊള്ളാനും വിശാലമായ കാഴ്ചപ്പാട് സ്വീകരിക്കാനും കഴിയുന്നത്. ഒരുവേള സീതാറാം യച്ചൂരിയെപ്പോലും രാജ്യസഭയിലേക്ക് അയയ്ക്കാന്‍ സഹായിക്കാം എന്നു പറഞ്ഞ രാഷ്ട്രീയപ്പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്.

ഭരണഘടനയെപ്പോലും അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്ന സ്വേച്ഛാധിപത്യ സമാനമായ കാലത്തെ അന്നത്തെ അതേ സാഹചര്യങ്ങളുമായി താരതമ്യം ചെയ്ത് തിരിച്ചുവരവിന്റെ പ്രത്യാശ പ്രകടിപ്പിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ? 

മുന്‍പെങ്ങുമില്ലാത്തവിധമുള്ള ഒരു രാഷ്ട്രീയ പ്രശ്‌നം രാജ്യത്ത് ഇന്നുണ്ട് എന്നതൊരു വസ്തുതയാണ്; അതു വര്‍ഗ്ഗീയതയാണ്. സംഘപരിവാറിന്റെ ഏറ്റവും വലിയ അജന്‍ഡ വര്‍ഗ്ഗീയതയാണ്, വര്‍ഗ്ഗീയ ധ്രുവീകരണമാണ്. മോദി തന്നെ ഗുജറാത്തില്‍ മുഖ്യമന്ത്രിയായ പശ്ചാത്തലം നമുക്ക് അറിയാം. കേശുഭായി പട്ടേലിനെ മാറ്റി അടല്‍ബിഹാരി വാജ്‌പേയി അന്ന് മോദിയെ ലിഫ്റ്റില്‍ ഇറക്കിയതാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുണ്ടായിരുന്ന ബി.ജെ.പിയുടെ സംഘടനാ സെക്രട്ടറിയായിരുന്നു അന്ന് അദ്ദേഹം. പിന്നീടുണ്ടായത് എന്താണ് എന്ന് അറിയാമല്ലോ. ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ്സിനു നേരെ തീവയ്പുണ്ടായി, അന്‍പതിലേറെ കര്‍സേവകര്‍ കൊല്ലപ്പെട്ടു. ആ സംഭവത്തില്‍ ദുരൂഹതകളുണ്ട്. അതിനെത്തുടര്‍ന്നുണ്ടായ വര്‍ഗ്ഗീയകലാപം ഹിന്ദുക്കളേയും മുസ്‌ലിങ്ങളേയും രണ്ടു കള്ളികളിലാക്കി. അതു മുതലെടുത്താണ് ഗുജറാത്തില്‍ നരേന്ദ്ര മോദി തുടര്‍ച്ചയായി അധികാരത്തിലെത്തുന്ന രാഷ്ട്രീയ സാഹചര്യമുണ്ടായത്. ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലേക്കും സമാന സാഹചര്യത്തിലൂടെയാണ് നരേന്ദ്ര മോദി വന്നത്. ഗോവയിലെ പനാജിയില്‍ മോദിയെ അനൗപചാരികമായി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്ന സമയത്ത് മോദി ആദ്യം ചെയ്തത് അമിത്ഷായ്ക്ക് യു.പിയുടെ ചുമതല കൊടുക്കുകയാണ്. അന്ന് ബി.ജെ.പിയുടെ പ്രസിഡന്റല്ല അമിത്ഷാ. അദ്ദേഹം ചെയ്തത് ഉത്തര്‍പ്രദേശിന്റെ തെരുവുകളില്‍ പോയി ലൗ ജിഹാദിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു. അവിടെ കൃത്യമായ ധ്രുവീകരണമുണ്ടാക്കി. മുസഫര്‍ നഗറിലെ കലാപവും ഉത്തര്‍പ്രദേശില്‍ വ്യാപകമായി ഉണ്ടായ കലാപങ്ങളും നമുക്കറിയാം. അതിന്റെ ഒരു റിസല്‍ട്ടാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ '80-ല്‍ 72 സീറ്റും ബി.ജെ.പിക്കു കിട്ടുന്ന സ്ഥിതി ഉണ്ടായത്. ഈ വര്‍ഗ്ഗീയതയാണ് ഇപ്പോഴും, ഏറ്റവും ഒടുവില്‍ ഏക സിവില്‍കോഡിന്റെ പേരിലാണെങ്കിലും പൗരത്വനിയമ ഭേദഗതിയുടെ പേരിലാണെങ്കിലും ആര്‍ട്ടിക്കിള്‍ 370ന്റെ പേരിലാണെങ്കിലും ലക്ഷദ്വീപ് വിഷയം മുന്‍നിര്‍ത്തിയാണെങ്കിലും ബി.ജെ.പി ഉയര്‍ത്തിക്കാണിക്കുന്നത് ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളല്ല. ബി.ജെ.പിയുടെ കര്‍ണാടക പ്രസിഡന്റ് അതു കൃത്യമായി പറഞ്ഞു, നിങ്ങള്‍ അടിസ്ഥാന പ്രശ്‌നങ്ങള്‍ മറന്നേക്കൂ, ലൗ ജിഹാദിനെക്കുറിച്ചു പറയൂ എന്ന്. അത്തരമൊരു രാഷ്ട്രീയമാണ് ബി.ജെ.പി ഉയര്‍ത്തിക്കാണിക്കുന്നത്. ഇത് പ്രതിപക്ഷം തിരിച്ചറിയണം; ഇവര്‍ വെറുപ്പു പറയുമ്പോള്‍ അവിടെ സ്‌നേഹം പ്രചരിപ്പിക്കണം. അടിസ്ഥാന പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചാല്‍, മതം നമ്മുടെ രാജ്യത്ത് ഒരു പ്രധാന ഘടകമായതുകൊണ്ട് ആദ്യമൊക്കെ വര്‍ഗ്ഗീയതയില്‍ കുറേ ആളുകള്‍ മറ്റെല്ലാം മറന്നേക്കാം. വിശ്വാസികളുടെ വിശ്വാസത്തെ വര്‍ഗ്ഗീയമാക്കി മാറ്റിയെടുക്കുന്ന രീതിയാണ് ബി.ജെ.പി പരീക്ഷിക്കുന്നത്. പക്ഷേ, ഒടുവില്‍ ജനം തിരിച്ചറിയുകതന്നെ ചെയ്യും.

കോണ്‍ഗ്രസ്സിന്റെ മൃദുഹിന്ദുത്വം കൊണ്ട് സംഘപരിവാറിനെ നേരിടാനും ദുര്‍ബ്ബലപ്പെടുത്താനും സാധിക്കുമോ? 

കോണ്‍ഗ്രസ്സ് മൃദുഹിന്ദുത്വമാണ് എന്ന വിശ്വാസം ഞങ്ങള്‍ക്കില്ല. രാഹുല്‍ ഗാന്ധി ഏതെങ്കിലും അമ്പലത്തില്‍ കയറിയാല്‍ മൃദു ഹിന്ദുത്വമാകില്ല. കോണ്‍ഗ്രസ്സ് അടിസ്ഥാനപരമായി സെക്കുലര്‍ ഫാബ്രിക്കില്‍ വളരെ ശക്തമായി വിശ്വസിക്കുന്ന, ആ ഒരു ഫാബ്രിക് രാജ്യത്ത് രൂപപ്പെടുത്തുന്നതില്‍ വളരെ വലിയ പങ്കുവഹിച്ച പാര്‍ട്ടിയാണ്. അവര്‍ക്കൊരിക്കലും വര്‍ഗ്ഗീയവാദികളാകാന്‍ സാധിക്കില്ല. അതു കേവലമായ ആരോപണം മാത്രമാണ്. കേരളം പോലെ ന്യൂനപക്ഷങ്ങളുടെ വോട്ട് കേന്ദ്രീകരിച്ചു നില്‍ക്കുന്നിടങ്ങളില്‍ അവരുടെ വോട്ട് കോണ്‍ഗ്രസ്സിന് അനുകൂലമായിപ്പോകരുത് എന്ന് വിചാരിച്ച് ഉന്നയിക്കുന്ന ഒരു ആരോപണം മാത്രമാണ്. അതേസമയം, ബി.ജെ.പിയുടെ ആരോപണം നേരെ തിരിച്ചാണ്: കോണ്‍ഗ്രസ്സ് മുസ്‌ലിങ്ങളെ പ്രീണിപ്പിക്കുന്നു എന്നാണ് അവര്‍ പറയുന്നത്. നമ്മള്‍ മനസ്സിലാക്കേണ്ട ഇന്ത്യയിലെ ഒരു രാഷ്ട്രീയ സാഹചര്യം, ഇപ്പോള്‍ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ എടുത്തു പരിശോധിച്ചാല്‍ ഉത്തര്‍പ്രദേശ് ഒഴികെ പ്രധാനപ്പെട്ട ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലൊക്കെ ബി.ജെ.പിക്ക് എതിരായ ജനവിധിയാണ്. മധ്യപ്രദേശില്‍ പിന്നീട് ബി.ജെ.പി പണം ഉപയോഗിച്ച് അട്ടിമറിച്ചെങ്കിലും തെരഞ്ഞെടുപ്പിലെ ജനവിധി കോണ്‍ഗ്രസ്സിനാണ്, രാജസ്ഥാന്‍ ഭരിക്കുന്നത് കോണ്‍ഗ്രസ്സാണ്, ബിഹാറില്‍ ബി.ജെപി. അല്ല. ബംഗാളിലും പഞ്ചാബിലും ബി.ജെ.പി അല്ല. ദക്ഷിണേന്ത്യയില്‍ കര്‍ണാടക ഒഴിച്ചുനിര്‍ത്തിയാല്‍ ബി.ജെ.പിയല്ല ഒരിടത്തും. കര്‍ണാടകയില്‍ത്തന്നെ ജനം വോട്ടു ചെയ്തത് ബി.ജെ.പിക്ക് എതിരായാണ്. അതായത് ഇന്ത്യയിലെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊക്കെ ബി.ജെ.പിക്ക് എതിരായാണ് ജനവിധി. അതിനെ ദേശീയതലത്തില്‍ക്കൂടി അനുകൂലമാക്കാന്‍ സാധിച്ചാല്‍ ഇപ്പോഴത്തെ സാഹചര്യത്തെയൊക്കെ മറികടക്കാന്‍ സാധിക്കും.

കേരളത്തില്‍ കെ. സുധാകരനെപ്പോലെ, വേണ്ടിവന്നാല്‍ ബി.ജെ.പിയില്‍ പോകും എന്നു പരസ്യമായി പറയാന്‍ മടി ഇല്ലാത്ത ഒരു നേതാവാണ് കോണ്‍ഗ്രസ്സിനെ നയിക്കുന്നത്. ആ കോണ്‍ഗ്രസ്സിന്റെ ഘടക കക്ഷിയാണ് ലീഗ്. അതൊരു പ്രശ്‌നമല്ലേ? 

വേണ്ടിവന്നാല്‍ ബി.ജെ.പിയിലേക്കു പോകുമെന്ന് കെ. സുധാകരന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അത് ഓരോരുത്തരുടെ ശൈലിയുടെ പ്രശ്‌നമാണ്. എന്‍.കെ. പ്രേമചന്ദ്രന്‍ ബി.ജെ.പിയിലേക്കു പോകും എന്നു പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞു. ശശി തരൂര്‍ ബി.ജെ.പിയില്‍ ചേക്കേറുമെന്ന് പറയാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. അതുപോലെ കെ. സുധാകരനെതിരെയും നിരന്തരമായി സി.പി.എമ്മിന്റെ ഒരു ആരോപണമാണ് അദ്ദേഹം ബി.ജെ.പിയിലേക്ക് പോകും എന്നത്. പക്ഷേ, പ്രേമചന്ദ്രന്റേയോ ശശി തരൂരിന്റേയോ ശൈലി ആയിരിക്കില്ല സുധാകരന്റേത്. അതുകൊണ്ട് സുധാകരന്‍ പറയുന്നത്, ബി.ജെ.പിയിലേക്ക് പോകണമെങ്കില്‍ നിങ്ങളുടെ ആരുടേയും സമ്മതം എനിക്കു വേണ്ട എന്നാണ്. അതിനെ വളച്ചൊടിച്ച് ബി.ജെ.പിയിലേക്കു പോകും എന്നു പറയുന്നത് ഒട്ടും ശരിയായ കാര്യമല്ല. കെ. സുധാകരന് ഒരിക്കലും ബി.ജെ.പിയിലേക്ക് പോകാന്‍ കഴിയില്ലെന്നു മാത്രമല്ല, ശക്തമായി കോണ്‍ഗ്രസ്സിന്റെ ഒരു മുന്നണിപ്പോരാളിയായി നിലകൊള്ളുന്ന ആളുമാണ്. 

ഫോട്ടോ: ഇ ​ഗോകുൽ/ എക്സ്പ്രസ്
ഫോട്ടോ: ഇ ​ഗോകുൽ/ എക്സ്പ്രസ്

രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ, പ്രത്യേകിച്ച് മുസ്‌ലിങ്ങളുടെ നിലനില്‍പ്പും ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും ഉറപ്പാക്കിയുള്ള ജീവിതവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നു എന്നത് രാഷ്ട്രീയമായി മാത്രമല്ല, സംഘടനാപരമായും എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത്? 

ഒന്നാമത്തെ കാര്യം ബി.ജെ.പി മുസ്‌ലിങ്ങള്‍ക്കു മാത്രം എതിരായി നിലകൊള്ളുകയല്ല; മുസ്‌ലിങ്ങള്‍ മാത്രമല്ല അവരുടെ ശത്രുപക്ഷം. മറ്റു മതന്യൂനപക്ഷങ്ങളും ദളിതരും ആദിവാസികളുമെല്ലാം ബി.ജെ.പിയുടെ, സംഘപരിവാറിന്റെ ശത്രുക്കളാണ്. ഇപ്പോള്‍ മുസ്‌ലിങ്ങളെ ശത്രുക്കളായി ചൂണ്ടിക്കാണിച്ച് മറ്റുള്ളവരെയെല്ലാം ഏകീകരിക്കണം എന്നതുകൊണ്ട് മുസ്‌ലിങ്ങളെ ശത്രുവായി കാണിക്കുന്നു എന്നു മാത്രമേയുള്ളൂ. മാത്രമല്ല, ഇപ്പോള്‍തന്നെ ക്രൈസ്തവരെ, അവരുടെ മിഷനറി പ്രവര്‍ത്തനങ്ങളെ, അവരുടെ സാമൂഹിക പ്രവര്‍ത്തന സ്ഥാപനങ്ങളെ മതപരിവര്‍ത്തനത്തിന്റെ പേര് പറഞ്ഞുകൊണ്ട് അടിച്ചമര്‍ത്താനും തകര്‍ക്കാനുമുള്ള ശ്രമങ്ങളെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ആത്യന്തികമായി ഇന്ത്യയിലെ ജനങ്ങള്‍ തന്നെ ബി.ജെ.പിയുടെ ശത്രുക്കളാണ്. പെട്രോളിന്റേയും ഡീസലിന്റേയും വില കൂട്ടിയാല്‍ അത് മുസ്‌ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല, ജി.എസ്.ടിയുടെ പ്രശ്‌നങ്ങള്‍ മുസ്‌ലിങ്ങള്‍ക്കു മാത്രമല്ല, പാചകവാതക വില വര്‍ദ്ധന മുസ്‌ലിങ്ങള്‍ക്കു മാത്രമല്ല, നോട്ടുനിരോധനത്തിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചത് മുസ്‌ലിങ്ങള്‍ മാത്രമല്ല. നരേന്ദ്ര മോദി ഗവണ്‍മെന്റ് അധികാരത്തിലിരിക്കുമ്പോള്‍ അദാനിക്കും അതുപോലെ കേവലം ഒന്നോ രണ്ടോ വ്യക്തികള്‍ക്കും മാത്രമാണ് വളര്‍ച്ച. ബാക്കിയെല്ലാവര്‍ക്കും തളര്‍ച്ചയാണ്. ചില വ്യക്തികളില്‍ രാജ്യത്തിന്റെ മുഴുവന്‍ സമ്പത്തും കേന്ദ്രീകരിക്കുന്നു. ഇതൊന്നും മുസ്‌ലിങ്ങളെ മാത്രമല്ല ബാധിക്കുന്നത്. പക്ഷേ, വോട്ടിനുവേണ്ടി മുസ്‌ലിങ്ങളെ ശത്രുക്കളാക്കി കാണിക്കുന്ന പ്രചാരണം നടത്തുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്ന രാഷ്ട്രീയ നിലപാടിലേക്കു ജനങ്ങളെ എത്തിക്കുക എന്നതാണ് യൂത്ത് ലീഗിനെപ്പോലുള്ള സംഘടനകള്‍ ഇപ്പോള്‍ ചെയ്യുന്നത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ തുടങ്ങിയല്ലോ. യു.ഡി.എഫില്‍ ലീഗിന് ഇപ്പോഴത്തെ രണ്ടിലും കൂടുതല്‍ സീറ്റുകള്‍ കിട്ടുക, യുവജനപ്രാതിനിധ്യം കൂടുതല്‍ ഉണ്ടാവുക ഇതൊക്കെ യൂത്ത് ലീഗിന്റെ പരിഗണനയിലുണ്ടോ? 

അതു പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളാണ്. മുസ്‌ലിം ലീഗിനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ മത്സരിക്കുന്ന രണ്ടു ലോക്‌സഭാ സീറ്റുകള്‍ കുറവാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മുസ്‌ലിം ലീഗിനേക്കാള്‍ ചെറിയ കക്ഷിയായ സി.പി.ഐ ഇടതുമുന്നണിയില്‍ നാല് സീറ്റിലാണ് മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലാണെങ്കിലും ലോക്‌സഭയിലാണെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ലീഗിന്റെ പൊളിറ്റിക്കല്‍ ഗ്രാഫ് ഉയര്‍ന്നതാണ്. യു.ഡി.എഫിനു പൊതുവേ എതിരായ തെരഞ്ഞെടുപ്പുകളില്‍പോലും വളരെ പ്രതീക്ഷ നല്‍കുന്ന വിധമാണ് ലീഗിന്റെ ഗ്രാഫ്. അങ്ങനെ നോക്കുമ്പോള്‍ രണ്ടില്‍ക്കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനുള്ള അര്‍ഹത മുസ്‌ലിം ലീഗിനുണ്ട്. പക്ഷേ, അതു മുന്നണിക്കകത്ത് ഉന്നയിക്കണോ, ഏതു നിലയ്ക്ക് ഉന്നയിക്കണം എന്നൊക്കെയുള്ളത് പാര്‍ട്ടി ഫോറത്തിലാണ് ചര്‍ച്ച ചെയ്യേണ്ടത്. അത്തരം വേദികളില്‍ അഭിപ്രായം ചോദിക്കുന്ന സമയത്ത് യൂത്ത് ലീഗ് അതിന്റെ അഭിപ്രായം പറയും. 

ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെ ചില മുസ്‌ലിം സംഘടനകള്‍ ആര്‍.എസ്.എസ്സുമായി നടത്തിയ ചര്‍ച്ച ഏതെങ്കിലും തരത്തില്‍ ഫാസിസ്റ്റുവിരുദ്ധ രാഷ്ട്രീയത്തിനു ഗുണകരമാണോ? 

ഈ വിഷയവുമായി ബന്ധപ്പെട്ട് രണ്ടു കാര്യങ്ങളാണുള്ളത്. ഒന്ന്, സി.പി.എമ്മിന്റെ സമീപനം. ആര്‍.എസ്.എസ്ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ച വലിയ വിവാദമാക്കുക എന്നതാണ് സി.പി.എം ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത്. അവരുടെ പ്രതിരോധ ജാഥയുടെ ഉദ്ഘാടനത്തില്‍പോലും മുഖ്യമന്ത്രി പ്രധാനമായി ഉന്നയിച്ച ഒരു വിഷയം ആര്‍.എസ്.എസ്ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചയാണ്. അത് അവരുടെ കൃത്യമായ രാഷ്ട്രീയ തന്ത്രമാണ്. കേരളത്തിലെ പ്രശ്‌നങ്ങളില്‍നിന്ന്, സര്‍ക്കാരിന്റെ പരാജയങ്ങളില്‍നിന്ന്, ഇന്ധന സെസ്സില്‍നിന്ന് ഒക്കെ ശ്രദ്ധ തിരിക്കാനാണിത്. അവരുടെ പ്രതിരോധ ജാഥ തന്നെ, പുറമേയ്ക്ക് ബി.ജെ.പിക്കും കേന്ദ്രത്തിനും എതിരാണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെ പ്രതിരോധിക്കാനുള്ള യാത്രയാണ്. രണ്ടാമത്തേതും ഈ വിഷയത്തിലെ മൗലികവുമായ പ്രശ്‌നം, ജമാഅത്തെ ഇസ്‌ലാമിയും ആര്‍.എസ്.എസ്സും എന്താണ് ചര്‍ച്ച ചെയ്തത് എന്നതാണ്. ആര്‍.എസ്.എസ്സിനെ നമുക്കറിയാം. അവരുടെ ശത്രു പട്ടികയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭാഗം മുസ്‌ലിങ്ങളാണ്. അവര്‍ മുസ്‌ലിങ്ങളോട് അനുഭാവപൂര്‍ണ്ണമായ സമീപനം ഇക്കാലമത്രയും സ്വീകരിച്ചിട്ടില്ല. അവര്‍ക്ക് അധികാരമുള്ളപ്പോഴും ഇല്ലാതിരുന്നപ്പോഴും ഇതുതന്നെയാണ് സ്ഥിതി. ഒരു മുസ്‌ലിം എം.പിയോ ക്യാബിനറ്റ് മന്ത്രിയോ അവര്‍ക്കില്ല. തികച്ചും മുസ്‌ലിം വിരുദ്ധ നിലപാടുമായാണ് അവര്‍ മുന്നോട്ടു പോകുന്നത്. അങ്ങനെയുള്ളവരുമായി ചര്‍ച്ചയുടെ സാധ്യത എന്താണ് എന്നു പറയേണ്ടത് ജമാഅത്തെ ഇസ്‌ലാമിയാണ്.

രാജ്യത്തു പൊതുവേയോ കേരളത്തില്‍ പ്രത്യേകിച്ചോ മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയ തീരുമാനങ്ങളെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കാന്‍ ശേഷിയുള്ള സംഘടനയാണോ ജമാഅത്തെ ഇസ്‌ലാമി?
 
മുസ്‌ലിം സമുദായത്തിനകത്ത് വളരെച്ചെറിയ ശതമാനത്തിന്റെ മാത്രം പിന്തുണയുള്ള ഒരു സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. സമുദായത്തിനകത്ത് വലിയ സ്വാധീനം സൃഷ്ടിക്കാന്‍ കഴിയുന്ന അംഗബലമുള്ള സംഘടനയല്ല. അതേസമയം അവരുടെ മാധ്യമ സ്ഥാപനങ്ങള്‍ വഴി സമൂഹത്തിനകത്ത് അല്പമെങ്കിലുമൊക്കെ ചലനമുണ്ടാക്കാന്‍ പരിശ്രമിക്കാറുണ്ട്. പക്ഷേ, അംഗബലംകൊണ്ട് മുസ്‌ലിം സമുദായത്തിലോ കേരളീയ പൊതുസമൂഹത്തിലോ ഇന്ത്യയിലോ ഏതെങ്കിലും നിലയ്ക്കുള്ള ഒരു സമ്മര്‍ദ്ദശക്തിയാകാനോ സ്വാധീനം ചെലുത്താനോ കഴിയുന്ന സംഘടനയല്ല. 

ജമാഅത്തെ ഇസ്‌ലാമിയും അടിസ്ഥാനപരമായി മതരാഷ്ട്രവാദികളല്ലേ. രണ്ടു മതരാഷ്ട്രവാദികള്‍ ഒന്നിച്ചിരുന്നാല്‍ ഈ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് എന്തെങ്കിലും വിധത്തില്‍ ജനാധിപത്യപരമായ ഗുണമുണ്ടാകുമോ എന്നതല്ലേ പ്രധാന വിഷയം? 

ആര്‍.എസ്.എസ്സിനോട് ജമാഅത്തെ ഇസ്‌ലാമിയെ സമീകരിക്കുന്നത് ഒരിക്കലും പൊളിറ്റിക്കലി കറക്റ്റല്ല. ഇന്ത്യ ഭരിക്കുന്ന, ഭരണഘടനയില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന, ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ കഴിയുന്ന, ഇന്ത്യയിലെ ജനാധിപത്യത്തെ വിലയ്‌ക്കെടുക്കാന്‍ കഴിയുന്ന ആര്‍.എസ്.എസ്സുമായി നേരത്തെ പറഞ്ഞവിധം അംഗബലം കൊണ്ട് മുസ്‌ലിം സമുദായത്തിനകത്തു ചെറിയ പിന്തുണയുള്ള ജമാഅത്തെ ഇസ്‌ലാമിയെ സമീകരിക്കുന്നത് ഒട്ടും യുക്തിസഹമല്ല എന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തെ കാര്യം, ആര്‍.എസ്.എസ്സിന്റെ ഹിന്ദുരാഷ്ട്രവാദം പോലെ മതരാഷ്ട്രവാദത്തില്‍ അധിഷ്ഠിതമായ ഒരു ഐഡിയോളജി ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി ഉയര്‍ത്തിക്കാണിക്കുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വോട്ടു ചെയ്യാന്‍ പാടില്ല, സര്‍ക്കാര്‍ സര്‍വ്വീസില്‍ ചേരാന്‍ പാടില്ല തുടങ്ങിയ പിന്തിരിപ്പന്‍ നിലപാടുകള്‍ മുന്‍പ് അവര്‍ സ്വീകരിച്ചിരുന്നു. അതേ ജമാഅത്തെ ഇസ്‌ലാമി തന്നെ പിന്നീട് തെരഞ്ഞെടുപ്പുകളില്‍ പങ്കാളികളാകുന്നതും രാഷ്ട്രീയ പാര്‍ട്ടി തന്നെ രൂപീകരിക്കുന്നതും കണ്ടു. അപ്പോള്‍, അവരുടെ നിലപാടുകളില്‍ മാറ്റമുണ്ട്. ഇന്ത്യയില്‍ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കണം എന്ന് അവര്‍ പറയുന്നതായി നമുക്കു കേള്‍ക്കാന്‍ സ്ഥാപിക്കുന്നില്ല. അതുകൊണ്ട് ജമാഅത്തെ ഇസ്‌ലാമിയെ ആര്‍.എസ്.എസ്സിനോടു കൂട്ടിക്കെട്ടി രണ്ടും ഒന്നാണെന്നു പറയുന്നത് ഒരു നിലയ്ക്കും അംഗീകരിക്കാന്‍ കഴിയില്ല.

പികെ കുഞ്ഞാലിക്കുട്ടിക്കൊപ്പം
പികെ കുഞ്ഞാലിക്കുട്ടിക്കൊപ്പം

വെല്‍ഫെയര്‍ പാര്‍ട്ടിയെ യു.ഡി.എഫ് ചേര്‍ത്തുനിര്‍ത്തുന്നതും അപ്രഖ്യാപിത ഘടക കക്ഷിയായി കാണുന്നതും രാഷ്ട്രീയമായി മുസ്‌ലിം ലീഗിനു ദോഷമല്ലേ ചെയ്യുക? 

ജമാഅത്തെ ഇസ്‌ലാമിയുമായി ഞങ്ങള്‍ രാഷ്ട്രീയ സഖ്യമൊന്നും ഉണ്ടാക്കിയിട്ടില്ല. പ്രാദേശികമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ എവിടെയെങ്കിലും പിന്തുണച്ചതിനേക്കുറിച്ചല്ല പറയുന്നത്. അവര്‍ പലപ്പോഴായി പല നിലപാടുകളും എടുത്തിട്ടുണ്ട്. ഇടതുപക്ഷത്തെ പരസ്യമായി പിന്തുണച്ചുകൊണ്ട് ക്യാംപെയ്ന്‍ ചെയ്തിട്ടുണ്ട് അവര്‍. അന്ന് ദേശാഭിമാനി മുഖപ്രസംഗത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെ പ്രകീര്‍ത്തിച്ചത് നമ്മുടെ മുന്നിലുണ്ട്. തരാതരം പോലെയാണ് അവര്‍ തെരഞ്ഞെടുപ്പില്‍ നിലപാടെടുത്തിരുന്നത്. അതില്‍തന്നെ ഏറ്റവും പിന്തുണച്ചിട്ടുള്ളത് ഇടതുപക്ഷത്തെയാണ്. സമീപകാലത്ത്, അതായത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിലയിടങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനെ പിന്തുണച്ചത് മഹാ അപരാധമായി കാണേണ്ടതില്ല. അതു ചൂണ്ടിക്കാണിച്ച് യു.ഡി.എഫിനെ ആക്രമിക്കുന്നത് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാനുള്ള ഒരു രാഷ്ട്രീയ ശൈലിയുടെ ഭാഗമാണ്.
 
സമസ്ത കുറച്ചു കാലമായി ലീഗുമായി അകലുന്നു എന്ന പ്രതീതി വ്യാപകമാണല്ലോ. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അഭിപ്രായ ഭിന്നതകളേയും അകല്‍ച്ചയേയും എങ്ങനെ കാണുന്നു. ലീഗിനെ ഇത് എങ്ങനെയാണ് ബാധിക്കുക? 

സമസ്തയും ലീഗും തമ്മില്‍ അകലുക എന്നത് അസംഭവ്യമായ കാര്യമാണ്. കാരണം, പ്രാദേശിക തലങ്ങളില്‍ സമസ്തയുടെ മഹാഭൂരിഭാഗം പ്രവര്‍ത്തകരും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ്. പ്രത്യേകിച്ച് പള്ളിക്കമ്മിറ്റികള്‍, മദ്രസാ കമ്മിറ്റികള്‍ തുടങ്ങിയതിലൊക്കെ സമസ്തയുടെ പ്രവര്‍ത്തകരില്‍ മഹാഭൂരിഭാഗം ലീഗ് പ്രവര്‍ത്തകരാണ്. മറ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇല്ല എന്നല്ല. പക്ഷേ, മഹാഭൂരിഭാഗം എന്നത് ചെറിയ കാര്യമല്ല. സമസ്തയും ലീഗും തമ്മിലുള്ളത് പൊക്കിള്‍ക്കൊടി ബന്ധം പോലെ സുദൃഢമാണ്. അത് ഇല്ലാതാക്കുക എന്നത് ഏതെങ്കിലും ചില വിഷയങ്ങളുടേയോ വ്യത്യസ്ത അഭിപ്രായങ്ങളുടേയോ പേരില്‍ സാധിക്കുമെന്നു കരുതുന്നത് നടക്കാന്‍ പോകുന്ന കാര്യമല്ല. പിന്നെ, സര്‍ക്കാരുകളുമായി, സര്‍ക്കാരിനു നേതൃത്വം കൊടുക്കുന്ന ആളുകളുമായി ബന്ധങ്ങള്‍ ഉണ്ടാകുന്നത് സ്ഥാപനങ്ങള്‍ നടത്തുന്ന ആളുകള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത കാര്യമാണ്. അവര്‍ക്കു പല കാര്യങ്ങളിലും സര്‍ക്കാരുമായി ബന്ധപ്പെടേണ്ടി വരും. ഒരുപക്ഷേ, മുന്‍കാലങ്ങളിലെ സൂഫികളായിട്ടുള്ള നേതാക്കന്മാര്‍ രാഷ്ട്രീയ നേതാക്കളുമായൊന്നും ബന്ധമുണ്ടാക്കുന്ന ആളുകള്‍ ആയിരുന്നിരിക്കില്ല. അതേസമയം എല്ലാവരും അങ്ങനെ ആയിക്കൊള്ളണം എന്നുമില്ല. അങ്ങനെ ആരെങ്കിലുമൊക്കെ അവരുടെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും മറ്റും ഭരണകൂടങ്ങളുമായി ആശയവിനിമയം നടത്തുന്നത് ലീഗിന് എന്തോ പ്രശ്‌നമാണ് എന്നു ചിന്തിക്കുന്നതുതന്നെ തെറ്റാണ്.

മുസ്‌ലിം ലീഗ് പ്രതിനിധാനം ചെയ്യുന്ന വിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സമസ്തയെ സി.പി.എം ഉപയോഗപ്പെടുത്തുകയാണോ? 

അങ്ങനെ ഉണ്ടാകുമെന്നു വിചാരിക്കുന്നില്ല. സി.പി.എം അതിനു ശ്രമിക്കുന്നുണ്ടാകാം. അതു സ്വാഭാവികമാണ്. മുസ്‌ലിം ലീഗിന്റെ വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ കഴിയുമോ എന്നു ശ്രമിക്കുന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാടാണ്. മുന്‍കാലങ്ങളിലൊക്കെ അവര്‍ പരീക്ഷിച്ചതാണ്. അവര്‍ നേരത്തേ, പി.ഡി.പി വന്നപ്പോഴും ഐ.എസ്.എസ് വന്നപ്പോഴും എന്‍.ഡി.എഫ് രൂപീകരിച്ചപ്പോഴും പിന്നീട് എസ്.ഡി.പി.ഐയോ പോപ്പുലര്‍ ഫ്രണ്ടോ ആകട്ടെ, മുസ്‌ലിം സമുദായത്തിനകത്തു രൂപപ്പെട്ട ഒരുവിധപ്പെട്ട സംഘടനകള്‍ക്കൊക്കെ ഒളിഞ്ഞും തെളിഞ്ഞും സഹായം ചെയ്ത് അതുവഴി ലീഗിനെ ക്ഷീണിപ്പിക്കാന്‍ പറ്റുമോ എന്നു നോക്കി പരാജയപ്പെട്ടവരാണ്. അതുകൊണ്ട് ഇനി സമസ്തയോ മുജാഹിദ് പ്രസ്ഥാനമോ മറ്റു വിഭാഗങ്ങളോ പോലെ ലീഗുമായി ചേര്‍ന്നു നില്‍ക്കുന്നവരിലേക്കു നുഴഞ്ഞുകയറി ലീഗിന്റെ വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ കഴിയുമോ എന്ന് അവര്‍ നോക്കാറുണ്ട്. പക്ഷേ, ആത്യന്തികമായി സി.പി.എമ്മിന്റെ നിലപാട് അവര്‍ ഭരണത്തിലിരിക്കുമ്പോഴാണെങ്കിലും പ്രതിപക്ഷത്താണെങ്കിലും മുസ്‌ലിം വിരുദ്ധമാണ് എന്നതിന് ഒട്ടേറെ തെളിവുകളുണ്ട്. അത് ലീഗിന്റെ മാത്രം ബോധ്യമല്ല, മുസ്‌ലിം സമുദായത്തിന്റെ ബോധ്യമാണ്. ആ ബോധ്യം തിരുത്താന്‍ സി.പി.എമ്മിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 

സി.പി.എം മുസ്‌ലിം വിരുദ്ധമാണ് എന്നതിന് എന്തു തെളിവാണ് ലീഗിനു പറയാന്‍ കഴിയുക. അതൊരു വ്യാജ ആരോപണമല്ലേ? 

ഒട്ടേറെ കാര്യങ്ങള്‍ പറയാന്‍ കഴിയും. ഏറ്റവും ഒടുവില്‍ കണ്ട സാമ്പത്തിക സംവരണം തന്നെ എടുക്കുക. ആര്‍.എസ്.എസ്സിന്റെ അതേ നിലപാടാണ് സി.പി.എമ്മിനുമുള്ളത്. കേരളത്തിലെ മുസ്‌ലിം പുരോഗതിയുടെ ഏറ്റവും പ്രധാന ആണിക്കല്ല് എന്നു പറയുന്നത് സംവരണമാണ്. സി.എച്ച്. മുഹമ്മദ് കോയ സാഹിബൊക്കെ നിയമസഭയില്‍ പോരാടി നേടിയെടുത്ത അവകാശമാണ് അത്. സര്‍ക്കാര്‍ സര്‍വ്വീസിലെ പ്രാതിനിധ്യം മറ്റു സംസ്ഥാനങ്ങളില്‍നിന്നു കേരളത്തില്‍ അല്പം മെച്ചപ്പെടാനുള്ള കാരണം ഈ സംവരണമാണ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടൊക്കെ നമ്മുടെ മുന്നിലുണ്ട്. ഈ സംവരണത്തെ അട്ടിമറിക്കാന്‍ സാമ്പത്തിക സംവരണം നടപ്പാക്കുന്നു. ഇതുപോലെ സാമ്പത്തിക സംവരണം നടപ്പാക്കാന്‍ കഴിയുമോ എന്ന് അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആര്‍.എസ്.എസ്സിനെ വെല്ലുവിളിച്ചു. അവര്‍ അതു കേള്‍ക്കാന്‍ കാത്തുനില്‍ക്കുകയാണ്. അവര്‍ രാജ്യത്തുടനീളം സാമ്പത്തിക സംവരണം നടപ്പാക്കി. അതുപോലെ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്. സിക്കു വിടുന്നതിലും സമുദായത്തിന്റെ പ്രാതിനിധ്യം കുറയാന്‍ ഇടയാക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി. എസ്.സിക്കു വിടാതെയാണ് ഈ നിലപാട്. വലിയ പ്രക്ഷോഭത്തിനു ശേഷമാണ് സി.പി.എം ആ തീരുമാനത്തില്‍നിന്നു പിന്നോട്ടു പോയത്. മറ്റൊന്നു പാഠ്യപദ്ധതി പരിഷ്‌കരണമാണ്. ലിബറല്‍ ആശയങ്ങള്‍ കുത്തിനിറയ്ക്കാന്‍ ശ്രമിക്കുന്നു. നേരത്തെ എം.എ. ബേബിയുടെ കാലത്ത് 'മതമില്ലാത്ത ജീവന്‍' പോലെ എങ്ങനെയാണോ നിരീശ്വരവാദ ആശയങ്ങള്‍ കുത്തിനിറയ്ക്കാന്‍ ശ്രമിച്ചത് അതുപോലെ തന്നെ ജെന്‍ഡര്‍ ന്യൂട്രല്‍ എന്നൊക്കെ ഓമനപ്പേരിട്ട് ലിബറല്‍ ആശയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു. അതുവഴി മതവിശ്വാസികളെ വേദനിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇങ്ങനെ ഒട്ടേറെയുണ്ട്. ഹിജാബ് നിരോധനത്തിനെതിരെ കര്‍ണാടക സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തില്‍ കുറ്റ്യാടിയിലെ സ്റ്റുഡന്റ് കേഡറ്റ് പെണ്‍കുട്ടി തലമറയ്ക്കുന്നതിന് അനുവാദം നിഷേധിച്ചു. അതിനെതിരെ കോടതിയില്‍ പോയപ്പോള്‍ കോടതി സര്‍ക്കാര്‍ നിലപാട് ചോദിച്ചു. സര്‍ക്കാര്‍ പറഞ്ഞത് തല മറച്ചാല്‍, ശിരോവസ്ത്രം ധരിച്ചാല്‍ മതേതരത്വം തകര്‍ന്നുപോകും എന്നാണ്. സ്റ്റുഡന്റ് പൊലീസ് കേഡറ്റിനു സാങ്കേതികമായി ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകും എന്നൊക്കെ പറഞ്ഞാല്‍ മനസ്സിലാക്കാം. എങ്ങനെയാണ് മതവിശ്വാസപരമായ വേഷം ധരിച്ചാല്‍, സിന്ദൂരം ചാര്‍ത്തിയാലോ കുരിശുമാല ധരിച്ചാലോ ശിരോവസ്ത്രം ധരിച്ചാലോ മതേതരത്വം തകരുക? അത് ആര്‍.എസ്.എസ് നിലപാടാണ്. ഇങ്ങനെ പല ഘട്ടങ്ങളിലും ഇവരുടെ ഉള്ളിലുള്ള മുസ്‌ലിം വിരുദ്ധ നിലപാട് സി.പി.എം പുറത്തു കാണിക്കാറുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലെ മുസ്‌ലിങ്ങള്‍ക്ക് അവരുമായി ചേര്‍ന്നുനില്‍ക്കാന്‍ സാധിക്കില്ല. 

ഇടതുപക്ഷവുമായി അടുപ്പിക്കാന്‍ ലീഗിലെ ഒരു വിഭാഗം പലപ്പോഴും ശ്രമിക്കുന്നത് ചര്‍ച്ചയാകാറുണ്ട്. പ്രത്യേകിച്ചും കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍? 

അതു മാധ്യമസൃഷ്ടിയാണ്. ഞാന്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും അംഗമാണ്. ഇന്നുവരെ ഇടതുപക്ഷത്തേക്കു പോകേണ്ടിവരും എന്ന തരത്തിലുള്ള ചര്‍ച്ച പാര്‍ട്ടിയുടെ ഒരു യോഗത്തിലും ഉണ്ടായിട്ടില്ല. അത് മാധ്യമസൃഷ്ടിയാണ്. ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമായിനിന്ന് അതിനെതിരായ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയല്ല ലീഗ് എന്ന സാദിഖലി ശിഹാബ് തങ്ങളൊക്കെ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞു, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം സാഹിബ് പറഞ്ഞു. എന്നിട്ടും മറ്റെന്തോ താല്പര്യത്തോടെ മാധ്യമങ്ങള്‍ പുകമറ സൃഷ്ടിക്കുകയാണ്. 

മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് നേതൃനിരയിലെ സ്ത്രീ പ്രാതിനിധ്യം പാര്‍ട്ടിക്കുള്ളില്‍ ഗൗരവമുള്ള ഒരു ചര്‍ച്ചയാണോ. ലീഗ് എപ്പോഴും വിമര്‍ശനം കേള്‍ക്കുന്ന ഒരു വിഷയമാണല്ലോ അത്? 

സ്ത്രീപ്രാതിനിധ്യം കാലാനുസൃതമായി കൂടണം എന്ന അഭിപ്രായമാണ് യൂത്ത് ലീഗിനുള്ളത്. പക്ഷേ, തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ജയിക്കുക എന്നതാണ്. ജയസാധ്യതയുടെ കാര്യം വരുമ്പോള്‍ ജയിക്കാറില്ല. കഴിഞ്ഞ തവണ തന്നെ സിറ്റിംഗ് സീറ്റിലാണ് മുസ്‌ലിം ലീഗ് ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. നിര്‍ഭാഗ്യവശാല്‍ പരാജയപ്പെട്ടുപോയി. സിറ്റിംഗ് സീറ്റില്‍ മത്സരിപ്പിച്ചിട്ടുപോലും വനിതാ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാന്‍ കഴിയുന്ന സ്ഥിതിയല്ല ലീഗിന് നിലവിലുള്ളത്. അതുകൊണ്ടായിരിക്കും കൂടുതല്‍ സ്ത്രീപ്രാതിനിധ്യത്തിലേക്കു പോകാത്തത്. പക്ഷേ, നന്നായി പ്രവര്‍ത്തിക്കുന്ന, കഴിവും മികവുമുള്ള ഒരുപാട് ചെറുപ്പക്കാര്‍ ലീഗില്‍ പ്രവര്‍ത്തിക്കുന്ന കാലമാണ്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്കു വലിയ റോള്‍ രാഷ്ട്രീയത്തില്‍ വഹിക്കാനുള്ള ഈ കാലത്ത് കൂടുതല്‍ സ്ത്രീപ്രാതിനിധ്യവും ഉണ്ടാകും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. 

ഹരിതയിലെ പ്രശ്‌നം ഉണ്ടായ സമയത്ത് ആ വിഷയം ഉന്നയിച്ച പെണ്‍കുട്ടികളെ ഒറ്റപ്പെടുത്തുകയാണല്ലോ ഉണ്ടായത്? 

അങ്ങനെ കരുതുന്നില്ല, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് ഈ വിഷയം ഉയര്‍ന്നു വന്നപ്പോഴും സമസ്തയുടെ യുവജന, വിദ്യാര്‍ത്ഥി നേതൃത്വം വ്യക്തമാക്കിയത് സമസ്തയുടേയോ മറ്റു സമുദായ സംഘടനകളുടേയോ തലയില്‍ കെട്ടിവച്ച് സ്ത്രീപ്രാതിനിധ്യക്കുറവിനെ ന്യായീകരിക്കേണ്ട എന്നാണ്. മുസ്‌ലിം സമുദായത്തിനുള്ളിലെ സംഘടനാ നേതൃത്വത്തിലുള്ളവര്‍ സ്ത്രീപ്രാതിനിധ്യത്തിന് എതിരല്ല എന്നാണ് ഇതില്‍നിന്നു മനസ്സിലാകുന്നത്. അതുകൊണ്ട് മാറ്റങ്ങള്‍ സമുദായത്തിനകത്തുനിന്നുതന്നെ വന്നുകൊണ്ടിരിക്കുന്നുണ്ട്. അത് മുസ്‌ലിം ലീഗ് നേതൃത്വം ഉള്‍ക്കൊള്ളും എന്ന ശുഭാപ്തിവിശ്വാസമാണുള്ളത്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com