സദാനന്ദന്റെ വ്യവഹാര വഴികള്‍

സ്വയം തൊഴില്‍ തുടങ്ങുന്നതിനു വേണ്ടി ബാങ്ക് വായ്പയ്ക്ക് അപേക്ഷിച്ച ഒരു തൊഴില്‍ രഹിതന്‍ നടത്തേണ്ടി വന്നത് മുപ്പതുവര്‍ഷത്തെ നിയമപോരാട്ടം.
സദാനന്ദന്റെ വ്യവഹാര വഴികള്‍

ടിഞ്ഞാറോട്ടുള്ള റോഡില്‍, ചേപ്പാട് പോസ്റ്റോഫീസ് കഴിഞ്ഞാല്‍ പിന്നെയൊരു തപാല്‍പ്പെട്ടി കൂടിയുണ്ട്. ഛായം മങ്ങിയ വീടിനു മുന്നില്‍, മരക്കൊമ്പില്‍ തൂക്കിയിട്ടിരിക്കുന്ന ആ തകരപ്പെട്ടിയില്‍ മേല്‍വിലാസം വലുതായി രേഖപ്പെടുത്തിയിട്ടുണ്ട്. സദാനന്ദന്‍, ലെനി-ലയം വീട്... കത്തുകളുടെ പ്രവാഹമാണ് ഈ പെട്ടിയിലേക്ക്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നു മുതല്‍ വില്ലേജ് ഓഫീസില്‍ നിന്നുള്ള കത്തുകള്‍ ഇവിടെയെത്തും. പെട്ടിയില്‍ വീഴുന്നതെല്ലാം മറുപടിക്കത്തുകളും വിശദീകരണങ്ങളുമാണ്. ഇതിലൊന്നും 'കൈവിട്ടു' പോകാതിരിക്കാന്‍ കണ്ടെത്തിയ വഴിയാണ് ഈ 'ലെറ്റര്‍ ബോക്‌സ്'. അറുപത്തിയാറുകാരനായ സദാനന്ദന്റെ ജീവിതത്തോടു ഈ പെട്ടി അത്ര ഇഴചേര്‍ന്നുകഴിഞ്ഞു.  'വ്യവഹാരമോഹി'യായ സദാനന്ദന്‍ ഈ പ്രായത്തിലും ജാഗ്രതയോടെ നിയമവഴികളില്‍ യാത്ര തുടരുകയാണ്. 

31 വര്‍ഷം മുന്‍പാണ്, ജീവിതമാര്‍ഗ്ഗത്തിനായി സ്വയംതൊഴില്‍ വായ്പയ്ക്ക് ചേപ്പാട് സ്വദേശിയായ സദാനന്ദന്‍ അപേക്ഷ നല്‍കുന്നത്. അതും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്ന നിബന്ധനകള്‍ പ്രകാരം. എന്നാല്‍, യുക്തിരഹിതമായ കാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ വായ്പ നല്‍കിയില്ല. ഫയല്‍ കാണാനില്ലെന്നും വരുമാനം കൂടുതലാണെന്നുമൊക്കെ തെറ്റിദ്ധാരണ നിറഞ്ഞ റിപ്പോര്‍ട്ടുകളെഴുതി. ഒടുവില്‍, കളക്ടര്‍ അനുവദിച്ച വായ്പയും പിന്നീട് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും അനുവദിച്ച നഷ്ടപരിഹാരവും സദാനന്ദന് കിട്ടിയില്ല. വായ്പയ്ക്കു വേണ്ടി നല്‍കിയ അപേക്ഷയ്ക്ക് ഒരു മുഖ്യമന്ത്രി നല്‍കിയ മറുപടി ഉടന്‍ ജോലി നല്‍കുമെന്നായിരുന്നു. മുപ്പതുവര്‍ഷത്തെ നിയമപോരാട്ടത്തിന്റെ കാരണം തിരിച്ചറിഞ്ഞ മനുഷ്യാവകാശ കമ്മിഷന്‍ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടു. എന്നാല്‍, അതും സദാനന്ദനു കിട്ടിയില്ല. ഉദ്യോഗസ്ഥരുടെ ക്രൂരമായ നടപടികള്‍ക്കെതിരേ ഇക്കഴിഞ്ഞ മൂന്നു ദശാബ്ദമായി നിയമപോരാട്ടത്തിലാണ് സദാനന്ദന്‍. 

സദാനന്ദന്റെ സമയം
നാല്‍പ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സദാനന്ദന്റെ വ്യവഹാരയുദ്ധത്തിന് ആധാരമായ സംഭവം നടക്കുന്നത്. കേരളത്തില്‍ ആദ്യമായി തൊഴിലില്ലായ്മ വേതനം പ്രഖ്യാപിച്ചത് 1978-ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായ മന്ത്രിസഭയായിരുന്നു. ഈ ഉത്തരവ് പ്രകാരം, തൊഴില്‍രഹിതര്‍ എംപ്ലോയ്മെന്റ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ട് മൂന്നുവര്‍ഷം വരെ കാത്തിരുന്നിട്ടും ജോലി കിട്ടിയില്ലെങ്കില്‍ അവര്‍ക്ക് ഈ വേതനത്തിന് അര്‍ഹത ലഭിക്കുമായിരുന്നു. കായംകുളം എംപ്ലോയ്‌മെന്റ് ഓഫീസിലെ ലൈവ് രജിസ്റ്റര്‍ പ്രകാരം സദാനന്ദനും സീനിയോറിറ്റി ലിസ്റ്റിലുണ്ടായിരുന്നു (നമ്പര്‍-3756-78). 1978 മാര്‍ച്ച് മുതല്‍ തൊഴിലില്ലായ്മ വേതനം സദാനന്ദനും ലഭിച്ചിരുന്നു. എന്നാല്‍, നാലു വര്‍ഷങ്ങള്‍ക്കുശേഷം 1982 നവംബര്‍ 12-ന് തൊഴിലില്ലായ്മ വേതനം നല്‍കുന്ന മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ഭേദഗതിചെയ്തു. ഈ ഉത്തരവ് (ജി.ഒ(പി). 40-82-എല്‍.ബി.ആര്‍) പ്രകാരം പുതിയ വ്യവസ്ഥകള്‍ നിലവില്‍ വന്നു. എസ്.എസ്.എല്‍.സി ജയിക്കണമെന്ന നിബന്ധനയ്‌ക്കൊപ്പം 35 വയസ്സ് കഴിഞ്ഞവര്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കേണ്ടതില്ലെന്നുമായിരുന്നു പുതിയ വ്യവസ്ഥ.

വേതനം നിര്‍ത്തുന്ന, 35 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് ജീവനോപാധിയായി സ്വയം തൊഴില്‍ വായ്പ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വായ്പ അനുവദിക്കുന്നതിനു ചില മാനദണ്ഡങ്ങളുണ്ടായിരുന്നു. കുടുംബ വാര്‍ഷികവരുമാനം 4,000 രൂപയില്‍ കൂടരുതെന്നും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നും പ്രതിമാസം 50 രൂപയില്‍ കൂടുതലുള്ള തുക കൈപ്പറ്റാനും പാടില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരുന്നത്. സ്‌റ്റൈപ്പന്റ്, ഓണറേറിയം, അലവന്‍സ് എന്നിങ്ങനെയുള്ളവ ഉദ്ദേശിച്ചാണ് ഇതെന്ന് ഈ നിയമം വ്യക്തമായി പറയുന്നു. ഇത് പരിശോധിക്കാന്‍ വില്ലേജ് ഓഫീസര്‍ക്കായിരുന്നു ചുമതല. 1987-ല്‍ സദാനന്ദന് 30 വയസ്സ് തികഞ്ഞതോടെ, തൊഴിലില്ലായ്മ വേതനം കിട്ടാതായി. ഇതോടെ സ്വയംതൊഴില്‍ വായ്പ അനുവദിക്കണമെന്ന് സദാനന്ദന്‍ അപേക്ഷയും നല്‍കി. മുപ്പത്തിയൊന്നാം വര്‍ഷവും നീളുന്ന നിയമപോരാട്ടത്തിനു തുടക്കം ഈ അപേക്ഷയായിരുന്നു. 

1988  ജൂണ്‍ മൂന്നിനാണ് വായ്പയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നത്. അപേക്ഷയും പ്രൊജക്ട് റിപ്പോര്‍ട്ടും കായംകുളത്തെ എംപ്ലോയ്മെന്റ് ഓഫീസില്‍നിന്ന് ചേപ്പാടുള്ള വില്ലേജ് ഓഫീസിലേക്ക് അയച്ചു. ആലപ്പുഴയിലെ ജില്ലാ എംപ്‌ളോയ്‌മെന്റ് ഓഫീസിലേക്ക് ഫയല്‍ അയയ്ക്കാന്‍ വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടും കൂടി അപേക്ഷയ്ക്ക് വേണമായിരുന്നു. എന്നാല്‍, വില്ലേജ് ഓഫീസര്‍ ഫയലില്‍ തീരുമാനമെടുത്തില്ലെന്ന് മാത്രമല്ല, അത്തരമൊരു ഫയല്‍ എത്തിയിട്ടില്ലെന്നായിരുന്നു കണ്ടെത്തല്‍. വ്യക്തിവിരോധമുള്ള ചില ഉദ്യോഗസ്ഥരുടെ പകപോക്കല്‍ നടപടികളായിരുന്നു ഇതിനു കാരണമെന്നു സദാനന്ദന്‍ പറയുന്നു.

ഭാര്യ പൊടിയമ്മയുടെ പേരില്‍ മൂന്നു സെന്റ് ഭൂമി വാങ്ങിയിരുന്നു. എന്നാല്‍, ഇത് വില്ലേജ് അധികൃതര്‍ അഞ്ചു സെന്റായാണ് രേഖപ്പെടുത്തിയത്. അതുകൂടാതെ, പത്തുസെന്റിന്റെ കരം വാങ്ങുകയും ചെയ്തു. ഇതിനെതിരെ ഞാന്‍ കളക്ടര്‍ക്കു പരാതി കൊടുത്തു. പരാതി നല്‍കിയതിന് പ്രതികാരമായി വസ്തു രണ്ടരസെന്റ് മാത്രമാണെന്ന റിപ്പോര്‍ട്ടാണ് അവര്‍ നല്‍കിയത്. ഇതിനെതിരേ ഞാന്‍ ഉപഭോക്തൃഫോറത്തില്‍ പരാതിപ്പെട്ടു. വില്ലേജ് ഓഫീസര്‍ക്ക് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിവന്നു. അന്നു തുടങ്ങിയ വെറുപ്പാണ് അവര്‍ക്ക് എന്നോട്- സദാനന്ദന്‍ പറയുന്നു. 

1987 മുതല്‍ 1991 വരെയുള്ള നാലു വര്‍ഷം ആ ഫയലിനു പിന്നാലെ നടന്നിട്ടും ഫലമുണ്ടായില്ല. ഒടുവില്‍, പുതിയ അപേക്ഷ കായംകുളത്തെ ഓഫീസില്‍ നല്‍കി. എന്നാല്‍, ആ അപേക്ഷ എംപ്ലോയ്മെന്റ് ഓഫീസര്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. നാലു കൊല്ലം മുന്‍പു സമര്‍പ്പിച്ച അപേക്ഷയും അതില്‍ വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടും ലഭിക്കാതെ പുതിയ അപേക്ഷ സ്വീകരിക്കാനാവില്ലെന്നായിരുന്നു അതിന് അദ്ദേഹം പറഞ്ഞ ന്യായം. തുടര്‍ന്നാണ് ആദ്യം കായംകുളം എംപ്ലോയ്മെന്റ് ഓഫീസര്‍ക്കും ചേപ്പാട് വില്ലേജ് ഓഫീസര്‍ക്കുമെതിരെ രജിസ്‌ട്രേഡ് നോട്ടീസ് അയയ്ക്കുന്നത്. നോട്ടീസ് കൈപ്പറ്റിയ വില്ലേജ് ഓഫീസര്‍ 1991 ജൂലൈ 29-ന് നാലു വര്‍ഷം മുന്‍പു നല്‍കിയ അപേക്ഷ എടുത്തു. ഓഗസ്റ്റ് ഒന്‍പതിന് റിപ്പോര്‍ട്ട് എഴുതി എംപ്ലോയ്മെന്റ് ഓഫീസിലേക്ക് അയച്ചു.

ഹോട്ടല്‍ ജോലിക്കു പോകുന്ന സദാനന്ദന് പ്രതിമാസ വരുമാനം 200 രൂപയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇതനുസരിച്ച് വാര്‍ഷികവരുമാനം 2,400 രൂപ. സ്വാഭാവികമായും വായ്പ അനുവദിച്ചുകിട്ടും. അങ്ങനെയിരിക്കെ, ഈ വില്ലേജ് ഓഫീസര്‍ സ്ഥലംമാറി പോയി. 1991 സെപ്റ്റംബര്‍ 30-ന് ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിലെത്തിയ ഫയല്‍ നവംബര്‍ 30-നു കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ വച്ചില്ല. കളക്ടര്‍ ഉള്‍പ്പെടുന്ന ഈ സമിതിയായിരുന്നു വായ്പ അപേക്ഷയില്‍ തീരുമാനമെടുക്കേണ്ടത്.
 
 ഫയല്‍ അവര്‍ മനപ്പൂര്‍വം എടുത്തുമാറ്റുകയായിരുന്നു. വായ്പ നല്‍കേണ്ടെന്ന് അവര്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. പ്രതികാരനടപടിയെന്നവണ്ണം അതിനവര്‍ പയറ്റാവുന്ന അടവുകളെല്ലാം പുറത്തെടുത്തു- സദാനന്ദന്‍ കൂട്ടിച്ചേര്‍ക്കുന്നു. 

ആ സമയത്തായിരുന്നു മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ സ്പീഡ് പരിപാടി. ഉദ്യോഗസ്ഥരുടെ ക്രൂരതകളെക്കുറിച്ച് വിശദമായി ഒരു പരാതിയെഴുതിയ (സി-493) സദാനന്ദനു പരാതിയും സ്വീകരിച്ച് രസീതും അധികൃതര്‍ നല്‍കി. പരാതി പരിശോധിച്ച് അന്വേഷണത്തിന് ഉത്തരവുമിട്ടു. എന്നാല്‍, പിന്നീട് പരാതിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ആലപ്പുഴ എംപ്ലോയ്മെന്റ് ഓഫീസില്‍ ജോലി തരുമെന്ന മറുപടിയാണ് രേഖയായി ലഭിച്ചത്. വായ്പയുടെ കാര്യം അന്വേഷിച്ച സദാനന്ദന് കിട്ടിയത് ജോലി നല്‍കുമെന്ന വാഗ്ദാനം. ഒരു വര്‍ഷം കാത്തിരുന്നിട്ടും സ്പീഡ് പ്രോഗ്രാമില്‍ എഴുതി ലഭിച്ച ഉറപ്പ് പാലിക്കപ്പെട്ടില്ല. തുടര്‍ന്നാണ് 1992 ഡിസംബര്‍ 12-ന് ഉപഭോക്തൃഫോറത്തില്‍ കേസ് കൊടുക്കുന്നത്. ഇതു പ്രകാരം എതിര്‍കക്ഷികളായ ചേപ്പാട് വില്ലേജ് ഓഫീസറിനും ആലപ്പുഴ എംപ്ലോയ്മെന്റ് ഓഫീസര്‍ക്കും നോട്ടീസ് നല്‍കി. 1993 മാര്‍ച്ച് 30-നാണ് ഇരുവരും ഹാജരായത്. തുടര്‍ന്ന് 1993 ഫെബ്രുവരി പതിനഞ്ചിന് കളക്ടര്‍ ഫയല്‍ അംഗീകരിച്ചെന്നും വായ്പ അനുവദിച്ചെന്നും തൊട്ടടുത്ത സാമ്പത്തിക വര്‍ഷം ബാങ്കിലേക്ക് കൈമാറുമെന്നും ഫോറത്തെ അറിയിച്ചു. എന്നാല്‍, ഈ ഫയലില്‍ വീണ്ടും ചില പ്രശ്‌നങ്ങളുണ്ടായി.  

അട്ടിമറിക്കാന്‍ ഗൂഢാലോചന
മേയ് 21-നാണ് എംപ്ലോയ്മെന്റ് ഓഫീസര്‍ ഒരു കത്ത് നല്‍കുന്നത്. എനിക്ക് വേറെ ജോലിയുണ്ടെന്നും ഉപഭോക്തൃഫോറം അന്തിമ ഉത്തരവ് നല്‍കിയിട്ടില്ലെന്നും പറഞ്ഞായിരുന്നു ആ കത്ത്. ഇതിനായി വില്ലേജ് ഓഫീസറും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറും നാലു തവണ ഗൂഢാലോചന നടത്തിയതിനു തെളിവുണ്ടെന്നു പറയുന്നു സദാനന്ദന്‍. ഇതേത്തുടര്‍ന്നാണ് മേയ് 30-ന് എംപ്ലോയ്മെന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കുന്നത്. തെളിവുകളും ഹാജരാക്കി. തുടര്‍ന്ന് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍, അന്വേഷണ റിപ്പോര്‍ട്ട് മറ്റൊരു കളവായിരുന്നു. മുഖ്യമന്ത്രി നടത്തിയ സ്പീഡ് പ്രോഗ്രാം പരിപാടിയില്‍ പരാതിയുടെ ഒപ്പം ഒരു പത്രറിപ്പോര്‍ട്ടുണ്ടായിരുന്നുവെന്നും ആ റിപ്പോര്‍ട്ടില്‍ വര്‍ക്ക്‌ഷോപ്പില്‍ ജോലിയുണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു അന്വേഷണ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. എന്നാല്‍, വാസ്തവം അതായിരുന്നില്ല.

ഇതിനിടയില്‍ ലേബര്‍ കമ്മിഷണറേയും സമീപിച്ചു. എന്നാല്‍, ഇതേ റിപ്പോര്‍ട്ടാണ് കമ്മിഷണര്‍ക്കും കിട്ടിയത്. അങ്ങനെ, നിയമസഭാ പെറ്റീഷന്‍ കമ്മിറ്റിക്കും പരാതി നല്‍കി. ചെറുകിട വ്യവസായ ഡയറക്ടറെ അന്വേഷണത്തിനു കമ്മിറ്റി നിയോഗിച്ചു. 1993 ഡിസംബര്‍ 23-ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറുടെ പ്രശ്‌നമാണെന്ന് നടപടി ഇത്രയും വൈകിയതിനു കാരണമെന്ന് വ്യക്തമാക്കുന്നുണ്ട്. പിന്നെയും നടപടിയൊന്നും ഉണ്ടാകാത്തതുകൊണ്ട് പീപ്പിള്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിനെ സമീപിച്ചു.

ജസ്റ്റിസ് പി. ജാനകിയമ്മ, ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, ജസ്റ്റിസ് വി.കെ. ഭാസ്‌കരന്‍ എന്നിവരായിരുന്നു കൗണ്‍സില്‍ അംഗങ്ങള്‍. ഉദ്യോഗസ്ഥര്‍ കുറ്റകൃത്യം നടത്തിയെന്നും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും കൗണ്‍സില്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 
ഇതിനിടയില്‍ ആരോപിതമായ പത്രറിപ്പോര്‍ട്ട് ഡയറക്ടര്‍ക്കു മുന്നില്‍ സദാനന്ദന്‍ ഹാജരാക്കിയിരുന്നു. വീണ്ടും അന്വേഷിക്കാന്‍ ഡയറക്ടര്‍ ഉത്തരവിടുകയും ചെയ്തു. ഇത്തവണ പത്രറിപ്പോര്‍ട്ടിനു പകരം മറ്റൊരു കള്ളക്കഥയായിരുന്നു. സദാനന്ദന് പ്രതിമാസം 50 രൂപയിലധികം വരുമാനമുണ്ടെന്ന് കരുനാഗപ്പള്ളി തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് പുതിയ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. കൊല്ലം ജില്ലയില്‍ ഉള്‍പ്പെടുന്ന കരുനാഗപ്പള്ളി തഹസില്‍ദാര്‍ ആലപ്പുഴയിലെ ചേപ്പാട്ട് താമസിക്കുന്ന എനിക്ക് എങ്ങനെ വരുമാന സര്‍ട്ടിഫിക്കറ്റ് എഴുതിയെന്ന് ഇപ്പോഴും ബോധ്യം വന്നിട്ടില്ല-സദാനന്ദന്‍ പറയുന്നു.

1998 മേയ് രണ്ടിന് ഉപഭോക്തൃഫോറത്തില്‍ വീണ്ടും പരാതി നല്‍കി. ആറു തവണ കേസ് വിളിച്ചിട്ടും എതിര്‍കക്ഷികളായ ഉദ്യോഗസ്ഥരാരും ഹാജരായില്ല. അങ്ങനെയാണ് സംസ്ഥാന ഉപഭോക്തൃഫോറത്തിനു പരാതി നല്‍കുന്നത്. ആ വര്‍ഷം ഡിസംബറില്‍ ഹിയറിങ്ങിനു വിളിച്ചിട്ടും എതിര്‍കക്ഷികള്‍ ഹാജരായില്ല. അങ്ങനെ വന്നപ്പോഴാണ് ഡല്‍ഹിയിലെ കേന്ദ്ര ഉപഭോക്തൃക്കമ്മിഷനെ സമീപിക്കുന്നത്. കേസ് നടത്തിപ്പിനായി സദാനന്ദന് സുപ്രീംകോടതി വക്കീലിനെ അനുവദിച്ചു. അഡ്വ. അജയ്പാല്‍ സിങ് ഹാജരായ കേസില്‍ അഞ്ചു തവണ വിചാരണ നടത്തി. വാസ്തവവിരുദ്ധമായ റിപ്പോര്‍ട്ടായിരുന്നു ഇത്തവണയും ഉദ്യോഗസ്ഥര്‍ ഹാജരാക്കിയത്. 1982-ലും 1983-ലും വായ്പയ്ക്ക് അപേക്ഷിച്ചിട്ടില്ലെന്നായിരുന്നു ആ റിപ്പോര്‍ട്ട്. 

ഉത്തരവിനായി നെട്ടോട്ടം
1987 വരെ തൊഴിലില്ലായ്മ വേതനം ലഭിച്ചെന്നും അതിനു ശേഷം 87-ലാണ് 35 വയസ്സ് പൂര്‍ത്തിയായതെന്നും അപ്പോഴാണ് വായ്പയ്ക്ക് അപേക്ഷ നല്‍കിയതെന്നുമുള്ള കാര്യങ്ങള്‍ ബോധപൂര്‍വ്വം മറച്ചുവയ്ക്കപ്പെടുകയായിരുന്നു. അതോടൊപ്പം വായ്പാ മാനദണ്ഡങ്ങള്‍ പറയുന്ന സര്‍ക്കാര്‍ ഉത്തരവ് ഹാജരാക്കാനാണ് കമ്മിഷന്‍ ഉത്തരവിട്ടത്.  പല ഓഫീസുകളില്‍ അപേക്ഷ നല്‍കിയെങ്കിലും ഉത്തരവ് കിട്ടിയില്ല. അങ്ങനെ 2002 ഏപ്രിലില്‍ സര്‍ക്കാര്‍ അച്ചടിവിഭാഗം ഡയറക്ടറെ സമീപിച്ചു. എന്നാല്‍, ഉത്തരവിന്റെ കൃത്യമായ നമ്പരും തീയതിയും പറയണമെന്നും പ്രിന്റ് എടുക്കാനുള്ള കാശ് ചെലവുസഹിതം നല്‍കണമെന്നായിരുന്നു മറുപടി.

ഉത്തരവിനായി പല ഓഫീസുകളിലും കയറിയിറങ്ങിയിട്ടും കിട്ടിയിരുന്നില്ല. അങ്ങനെയാണ് അച്ചടി ഡയറക്ടറെ സമീപിക്കുന്നത്. വായ്പയ്ക്കു തന്നെ അപേക്ഷിച്ചത് ജീവിക്കാന്‍ വേറെ മാര്‍ഗമില്ലാത്തതുകൊണ്ടാണ്. അതിന്റെ പകര്‍പ്പിനും പൈസ ചെലവാക്കണമെന്നത് എനിക്ക് വിചിത്രമായി തോന്നി- സദാനന്ദന്‍ പറയുന്നു

ഇതിനിടയില്‍ പത്രത്തില്‍ വന്ന ഒരു റിപ്പോര്‍ട്ട് അന്ന് പ്രതിപക്ഷ എം.എല്‍.എയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സ്പീക്കറും വകുപ്പ് മന്ത്രിയും പ്രശ്‌നത്തില്‍ ഇടപെട്ട് ഉടന്‍ വായ്പ അനുവദിക്കുന്നതായി (1999 ജൂലൈ പതിനഞ്ചിനു) പ്രഖ്യാപനം വന്നു. എന്നാല്‍ പ്രഖ്യാപനം വാക്കുകളിലൊതുങ്ങി. പ്രഖ്യാപനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ വീണ്ടും സമീപിച്ചപ്പോള്‍ പുതിയ അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാമെന്നായിരുന്നു മറുപടി. 2000 ജനുവരി 22-ന് അണ്ടര്‍സെക്രട്ടറി ഒപ്പുവച്ച കത്തിലാണ് ഇക്കാര്യം പറഞ്ഞത്. 2005 ജൂലൈ പതിനഞ്ചിനു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനും പരാതി നല്‍കി. 17 മാസങ്ങള്‍ക്കു ശേഷമാണ് ഇത്തവണ മറുപടി ലഭിച്ചത്. ഫയല്‍ കാണാനില്ലെന്നായിരുന്നു 2007 നവംബര്‍ 13-ന് ലഭിച്ച മറുപടി. അതോടൊപ്പം നാല്‍പ്പതു വയസ് കഴിഞ്ഞവര്‍ക്ക് വായ്പ നല്‍കില്ലെന്നും മറുപടി ഉത്തരവിലുണ്ടായിരുന്നു. 

ഓരോ മറുപടിയും വിചിത്രവുമായിരുന്നു, തെറ്റിദ്ധരിപ്പിക്കുന്നതും. ഉത്തരവിലെ രണ്ടാം ഖണ്ഡികയില്‍ വ്യക്തമായി പറയുന്നുണ്ട്. 50 രൂപയില്‍ കൂടുതലുള്ള സ്‌റ്റൈഫന്റോ പെന്‍ഷനോ അലവന്‍സോ കൈപ്പറ്റിയാല്‍ വായ്പ കിട്ടില്ലെന്ന്. ആ നിബന്ധനകളൊക്കെ ഞാന്‍ പാലിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ വായ്പ കളക്ടര്‍ അനുവദിച്ചതും. എന്നാല്‍ പിന്നീട് വിരോധമുള്ള ഉദ്യോഗസ്ഥര്‍ ഇടങ്കോലിടുകയായിരുന്നു- സദാനന്ദന്‍ പറയുന്നു.    

2009 ഒക്ടോബര്‍ പത്തിന് നിയമസഭാ പെറ്റീഷന്‍ കമ്മിറ്റിക്ക് സദാനന്ദന്‍ വീണ്ടും പരാതി നല്‍കി. പരാതി റവന്യൂവകുപ്പിനു കൈമാറിയെന്നും അനന്തരനടപടികളുണ്ടായാല്‍ അറിയിക്കുമെന്നുമായിരുന്നു മറുപടി. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. അങ്ങനെയാണ് മുഖ്യമന്ത്രിയുടെ 'സുതാര്യകേരളം' പദ്ധതിയില്‍ 2011 ജൂലൈ 25-ന് പരാതി നല്‍കുന്നത്. പരാതിയുടെ സത്യാവസ്ഥ തിരിച്ചറിഞ്ഞ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നഷ്ടപരിഹാരം നല്‍കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നല്‍കി. അതിനും തുടര്‍നീക്കങ്ങളുണ്ടായില്ല. നടപടിയാകാതെ വന്നപ്പോള്‍ വീണ്ടും മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. മതിയായ നഷ്ടപരിഹാരം നല്‍കാനായിരുന്നു വിധി. 25,000 രൂപ ഉടനടി നല്‍കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ വിധിച്ചു. ഈ ഉത്തരവും നടപ്പായില്ല. 

കാണാതെ പോകുന്ന ഫയലുകള്‍
തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കി. എന്നാല്‍ പരാതി മുഖ്യമന്ത്രിയുടെ മുന്നിലെത്തിയില്ല. ഫയല്‍ മാറ്റിവച്ച എംപ്ലോയ്മെന്റ് ഓഫീസര്‍ കളക്ടര്‍ക്ക് മറ്റൊരു റിപ്പോര്‍ട്ട് നല്‍കി. 1994-നു ശേഷം സദാനന്ദന്‍ എംപ്ലോയ്മെന്റ് കാര്‍ഡ് പുതുക്കിയിട്ടില്ലെന്നായിരുന്നു അതിലെ കണ്ടെത്തല്‍. 1978 മുതല്‍ 2003 വരെ പുതുക്കിയ കാര്‍ഡ് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ എടുത്തുമാറ്റുകയായിരുന്നു. അങ്ങനെയാണ് വിജിലന്‍സ് ഡയറക്ടറെ സമീപിക്കുന്നത്. പുതുക്കിയ കാര്‍ഡ് ഡയറക്ടറിനു മുന്നില്‍ ഹാജരാക്കി. ഇതോടെ ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഒടുവില്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസില്‍ തെറ്റുപറ്റിയിട്ടുണ്ടെന്നും കാര്‍ഡ് 2003 വരെ പുതുക്കിയതാണെന്നും കാണിച്ച് 2012 നവംബര്‍ 20-നു റിപ്പോര്‍ട്ട് നല്‍കി.

മനപ്പൂര്‍വം തെറ്റുവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അഞ്ചു തവണ സദാനന്ദന്‍ പരാതി നല്‍കി. എന്നിട്ടും നടപടിയൊന്നുമുണ്ടായില്ല. നിയമസഭാ സ്പീക്കറിനു പരാതി നല്‍കുകയായിരുന്നു അടുത്ത ഘട്ടം. 2013 ഡിസംബര്‍ അഞ്ചിനു നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയെ വിഷയം അറിയിച്ചിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. ഒടുവില്‍ പാലോട് രവിയുടെ സബ്മിഷനില്‍ മറുപടി പറഞ്ഞ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു പ്രഖ്യാപിച്ചു. 

റവന്യൂ മന്ത്രിയും മുഖ്യമന്ത്രിയും ഉത്തരവ് നല്‍കിയിട്ടും മനുഷ്യാവകാശ കമ്മിഷന്‍ വിധി നടപ്പാക്കി നഷ്ടപരിഹാരം നല്‍കുന്നില്ലെന്ന പരാതി 2012 ഡിസംബറില്‍ മനുഷ്യാവകാശ കമ്മിഷന് നല്‍കി. നഷ്ടപരിഹാരം ഉടന്‍ നല്‍കാന്‍ ചീഫ് സെക്രട്ടറിക്ക് കമ്മിഷന്‍ കര്‍ശന ഉത്തരവും നല്‍കി. ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള നടപടിക്കായി വീണ്ടും സ്പീക്കറേയും മുഖ്യമന്ത്രിയേയും സമീപിച്ചു. അങ്ങനെ 26 വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായി. ചീഫ് സെക്രട്ടറി നഷ്ടപരിഹാരം നല്‍കാന്‍ കളക്ടറെ ചുമതലപ്പെടുത്തി. എന്നാല്‍ നഷ്ടപരിഹാരം നല്‍കാന്‍ മറ്റൊരു സര്‍ക്കാര്‍ ഉത്തരവ് വേണമെന്നായിരുന്നു കളക്ടറുടെ വാദം.

തുടര്‍ന്ന് വീണ്ടും സ്പീക്കറെ സമീപിച്ച സദാനന്ദന് മുഖ്യമന്ത്രി ദുരിതാശ്വാസനിധിയില്‍നിന്ന് 50,000 രൂപ അനുവദിച്ചു. നാലു തവണ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിച്ചതിനു ശേഷമാണ് 2013 മേയ് 23-ന് 50000 രൂപയുടെ ഡി.ഡി നല്‍കിയത്. എന്നാല്‍, നഷ്ടപരിഹാരം സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് നാളിതുവരെ നടപ്പാക്കിയില്ല. 2017 മേയ് 22-ന് ഇക്കാര്യത്തില്‍ കമ്മിഷന്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചു. 60 ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കേണ്ടതാണ്. ജൂലൈ 21-നു മുന്‍പു സര്‍ക്കാര്‍ മറുപടിയൊന്നും നല്‍കിയില്ല. ഇതിനുശേഷം ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ഇതുവരെ സര്‍ക്കാര്‍ ഒരു വിശദീകരണംപോലും നല്‍കുന്നില്ല. ഒരു ദിവസം 200 രൂപ ചെലവ് കണക്കാക്കി 18,61,500 രൂപയാണ് നഷ്ടപരിഹാരമായി ദേശീയ മനുഷ്യാവകാശ കമ്മിഷനില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും എനിക്ക് പ്രതിമാസം 50 രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഒടുവില്‍ രണ്ടരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദേശീയമനുഷ്യാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. 

കളക്ടര്‍ അനുവദിച്ച വായ്പയാണ് മൂന്നു ദശാബ്ദം വൈകിച്ചത്. ഇതുകൊണ്ട് ആര്‍ക്കെന്ത് നേട്ടമെന്നറിയില്ല. പക്ഷേ, ജീവിതമാര്‍ഗ്ഗം കണ്ടെത്താനായിരുന്നു ഞാന്‍ വായ്പയ്ക്ക് അപേക്ഷിച്ചത്. അതു നടന്നില്ല.
ഒരു വഴിയും കാണാതെ വന്നപ്പോള്‍ സദാനന്ദന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും പരാതി നല്‍കി. 2015 ജൂണിലാണ് പരാതി നല്‍കിയത്. നവംബറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചു. 2016 ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്‍പതു രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനമുണ്ടെന്നും അതുകൊണ്ട് വായ്പ നല്‍കാനാവില്ലെന്നുമാണ് ചീഫ് സെക്രട്ടറി വിശദീകരിച്ചത്.

ഓരോ ഫയലും ജീവിതമാണെന്നും അതു വൈകിക്കരുതെന്നും പ്രഖ്യാപിച്ച് അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയനും സദാനന്ദന്‍ പരാതി നല്‍കി. പ്രൈവറ്റ് സെക്രട്ടറി വഴി നല്‍കിയ പരാതിയിലും നടപടിയുണ്ടായില്ല. 2017 സെപ്റ്റംബര്‍ 15-നു നല്‍കിയ മറുപടി അനുസരിച്ച് പരാതി ലാന്‍ഡ് ബോര്‍ഡ്, റവന്യൂ വകുപ്പിനു കൈമാറിയെന്ന് വ്യക്തമാക്കി. നഷ്ടപരിഹാരം സംബന്ധിച്ച് ഒരിക്കല്‍ക്കൂടി മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാനായിരുന്നു 2017 നവംബര്‍ 27-ന് ചീഫ് സെക്രട്ടറി നല്‍കിയ മറുപടി. സേവനാവകാശ നിയമം പാസാക്കുന്ന വേളയില്‍ സദാനന്ദന്‍ നടത്തിയ നിയമപോരാട്ടം കൂടി ആമുഖത്തില്‍ ചേര്‍ക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. സേവനം  ജനങ്ങളുടെ അവകാശമാണെന്നും സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അതിന് നടപടിയെടുക്കാന്‍ നിയമനിര്‍മാണം ആവശ്യമാണെന്നും ബോധ്യപ്പെടുത്താന്‍ സദാനന്ദന്റെ ജീവിതകഥ പ്രചോദനമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com