'സേവ് ആലപ്പാട്' ആവേശം ഫെയ്സ്ബുക്കിലും ട്വിറ്ററിലുമൊക്കെ തണുത്തു; പക്ഷേ, ഈ മനുഷ്യര്‍ ജനിച്ച മണ്ണിനു വേണ്ടിയുള്ള പോരാട്ടം തുടരുകയാണ്

സുനാമിയുടെ പതിനഞ്ചാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റിലേയ്ക്ക്  ലോങ് മാര്‍ച്ച് നടത്താന്‍ ഒരുങ്ങുകയാണ്  ആലപ്പാടുകാര്‍
'സേവ് ആലപ്പാട്' ആവേശം ഫെയ്സ്ബുക്കിലും ട്വിറ്ററിലുമൊക്കെ തണുത്തു; പക്ഷേ, ഈ മനുഷ്യര്‍ ജനിച്ച മണ്ണിനു വേണ്ടിയുള്ള പോരാട്ടം തുടരുകയാണ്

രു സമരത്തിനും ശുഭപര്യവസായിയായ പരിസമാപ്തിയില്ല, വഴിത്തിരിവുകളല്ലാതെ. അത് ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍പോലും- കരിമണല്‍ വിരിച്ച ചെറിയഴീക്കലിലെ സമരപ്പന്തലിലിരുന്ന് കെ.സി. ശ്രീകുമാര്‍ ഇത് പറയുമ്പോള്‍ ഒരു വര്‍ഷം മുന്‍പ് മലയാളികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആഘോഷിച്ച ഒരു പ്രചാരണം നമുക്ക് മറക്കാനാകില്ല. സേവ് ആലപ്പാട് എന്ന ആവേശം ഫെയ്സ്ബുക്കിലും ട്വിറ്ററിലുമൊക്കെ തണുത്തെങ്കിലും സമരപ്പന്തല്‍ ആളൊരുക്കങ്ങളുമായി ഇന്നും സജീവമാണ്. പ്രചാരണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അലയടിച്ച് തീര്‍ന്നപ്പോഴും ഈ ജനത ജനിച്ച മണ്ണിനുവേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു. കഴിഞ്ഞ നവംബറില്‍ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഒരു വര്‍ഷം പിന്നിട്ടുകഴിഞ്ഞു. പതിവുപോലെ നടക്കുന്ന കലക്ടറേറ്റിലേക്കു ജാഥകളും പ്രക്ഷോഭമാര്‍ച്ചുകളും. ഒടുവില്‍, കടലിലിറങ്ങിവരെ പ്രതിഷേധിക്കാന്‍ തയ്യാറായി ഈ ജനത. സുനാമിയുടെ പതിനഞ്ചാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റിലേക്ക് ലോങ് മാര്‍ച്ച് നടത്താന്‍ ഒരുങ്ങുകയാണ്  ആലപ്പാടുകാര്‍. 

''സമരം കൊണ്ടെന്ത് പ്രയോജനം എന്ന് ചോദിക്കുന്നവരുണ്ട്. അവരോട് പറയാനുള്ള മറുപടിയാണ് ആദ്യം പറഞ്ഞത്. ഇത് ആലപ്പാടിന്റെ മാത്രം സമരമെന്നായിരുന്നു ഏവരും കരുതിയത്. തീരത്തുള്ള ഏതോ ഗ്രാമത്തില്‍, ഏതോ കുറച്ചുപേര്‍ ഖനനത്തിനെതിരേ നടത്തുന്ന സാദാ പരിസ്ഥിതി സമരങ്ങളിലൊന്ന് മാത്രമായിരുന്നു ആദ്യം. എന്നാല്‍, ഇത് ആലപ്പാടിന്റെ മാത്രം വിഷയമല്ല, കേരളത്തിലെ തീരഗ്രാമങ്ങളുടെ മുഴുവന്‍ പ്രശ്നമാണ് എന്ന് തെളിയുകയായിരുന്നു. ഇളക്കം തട്ടാത്ത പൊതുബോധത്തില്‍ അത്തരമൊരു ആശങ്കകള്‍ക്ക് സ്ഥാനം നല്‍കിയെന്നതാണ് ഈ സമരം കൊണ്ടുണ്ടായ ആദ്യ ഗുണം'' സമരസമിതിയുടെ നേതൃത്വം വഹിക്കുന്ന ശ്രീകുമാര്‍ പറയുന്നതിങ്ങനെ:

1911-ലാണ് കരുനാഗപ്പള്ളിയുടെ തീരപ്രദേശങ്ങളില്‍ കരിമണല്‍ ഖനനം തുടങ്ങുന്നത്. അന്നുമുതല്‍ പല ഘട്ടങ്ങളിലായി ഇതിനെതിരേ സമരങ്ങളും നടന്നു. ആലപ്പാട്ടുകാര്‍ തങ്ങളുടെ മണ്ണും ജീവിതവും സംരക്ഷിക്കാനായി സമരം ചെയ്തു തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. കഴിഞ്ഞ ഒന്നര ദശാബ്ദക്കാലത്തിനിടയില്‍ത്തന്നെ വിവിധ പ്രക്ഷോഭങ്ങളുണ്ടാകുകയും ഇല്ലാതാവുകയും ചെയ്തു. കഴിഞ്ഞ നവംബറില്‍ തുടങ്ങിയ ഇപ്പോഴത്തെ ഖനനവിരുദ്ധ ജനകീയ സമരസമിതിയുടെ സമരം പോലും ആദ്യഘട്ടത്തില്‍ പൊതുചര്‍ച്ചയായിരുന്നില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ച ഈ സമരം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ തോതില്‍ ഹാഷ്ടാഗുകളും പോസ്റ്ററുകളും വഴി പ്രചരിക്കപ്പെടുകയാണുണ്ടായത്. അതോടെ, വ്യവസ്ഥാപിത മാധ്യമങ്ങള്‍ക്ക് ഈ വിഷയം ഏറ്റെടുക്കേണ്ടിവന്നു. അങ്ങനെയാണ് പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡും (ഐ.ആര്‍.ഇ.എല്‍) കേരളാ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡും (കെ.എം.എം.എല്‍) നടത്തുന്ന കരിമണല്‍ ഖനനം ഒരു വര്‍ഷം മുന്‍പ് മലയാളികളുടെ ഇടയില്‍ പൊതുചര്‍ച്ചയായത്. പൊതുമേഖലയെ ഇല്ലാതാക്കാനാണ് ഈ സമരമെന്നാരോപിച്ച് ഖനനത്തിന് അനുകൂലമായി സര്‍ക്കാര്‍ നിലകൊണ്ടപ്പോള്‍ അതിനുള്ള പ്രതിവാദങ്ങള്‍ സമരക്കാരും നിരത്തി. ആദ്യം ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയും പിന്നീട് വ്യവസായമന്ത്രി ഇ.പി. ജയരാജനും സര്‍ക്കാര്‍ വാദങ്ങളുമായി രംഗത്തിറങ്ങി. ഖനനം നിര്‍ത്തിയുള്ള ചര്‍ച്ചകളില്ലെന്ന് പ്രഖ്യാപിച്ചു. ആലപ്പാടിനെ തകര്‍ത്തത് ഖനനമല്ല, മറിച്ച് സുനാമിയാണെന്ന് വാദിച്ച ജയരാജന്‍ ചര്‍ച്ചയ്ക്കെത്തിയതും ഇത്തരം മുന്‍വിധികളോടെയായിരുന്നു. ഖനനം നിര്‍ത്താനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി, സമരം തുടരുമെന്ന് ഞങ്ങളും-ശ്രീകുമാര്‍ പറയുന്നു. 

ആലപ്പാടിന്റെ മാത്രം പ്രശ്നമല്ല ഇത്. കുറേയേറെ തീരഗ്രാമങ്ങള്‍ ഭൂപടത്തില്‍നിന്ന് തുടച്ചുനീക്കപ്പെടുകയാണ്. പൊന്മനയും ചവറ പഞ്ചായത്തിലെ കോവില്‍ത്തോട്ടവും ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയും തൃക്കുന്നപ്പുഴയും പുറക്കാടുമൊക്കെ ഇങ്ങനെ ക്രമേണ ഇല്ലാതാകുന്ന ഗ്രാമങ്ങളാണ്. ആലപ്പാട് പഞ്ചായത്തിലെ വെള്ളനാത്തുരുത്തിലും പന്മന പഞ്ചായത്തിലെ പൊന്മലയിലും ഇയണിവേലിക്കുളങ്ങരയിലും പൊതുമേഖലാ സ്ഥാപനങ്ങളായ ഐ.ആര്‍.ഇയും കെ.എം.എം.എല്ലും വര്‍ഷങ്ങളായി കരിമണല്‍ ഖനനം നടത്തുന്നു. 1950 ഓഗസ്റ്റ് 18-നാണ് ഐ.ആര്‍.ഇ.എല്‍ കേരളത്തിലെ ആദ്യ യൂണിറ്റ് ആലുവയില്‍ സ്ഥാപിക്കുന്നത്. 1963-ല്‍ കൊല്ലം ജില്ലയിലെ ചവറയില്‍ യൂണിറ്റ് ആരംഭിച്ചു. നീണ്ടകരയ്ക്കും കായംകുളത്തിനും ഇടയിലുള്ള 23 കിലോമീറ്റര്‍ പ്രദേശത്ത് ഇല്‍മനൈറ്റ് അടക്കമുള്ള ധാതുക്കളുടെ വന്‍ നിക്ഷേപമുണ്ടെന്ന തിരിച്ചറിവിലായിരുന്നു അത്. മണലില്‍നിന്ന് ഇവ വേര്‍തിരിച്ചു വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ചവറയില്‍ പ്ലാന്റ് സ്ഥാപിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ 2007 ഏപ്രില്‍ 17-ലെയും സംസ്ഥാന സര്‍ക്കാരിന്റെ 2007 ജൂണ്‍ എട്ടിലെയും ഉത്തരവുകള്‍ അനുസരിച്ച് ആലപ്പാട്, പൊന്മന, അയണിവേലിക്കുളങ്ങര എന്നീ വില്ലേജുകളിലെ 160 ഹെക്ടര്‍ പ്രദേശം 20 വര്‍ഷത്തേക്ക് ഖനനം നടത്തുന്നതിന് ഐ.ആര്‍.ഇ.എല്ലിന് 20 വര്‍ഷത്തേക്ക് അനുമതിയുണ്ട്.

ഖനനത്തിന്റെ സീവാഷിങ് നിര്‍ത്തി, ഖനനം തുടരുന്നു

ഐ.ആര്‍.ഇ. സീവാഷിങ് നിര്‍ത്തിവച്ചതാണ് സമരംകൊണ്ടുണ്ടായ മറ്റൊരു നേട്ടം. ജനുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉദ്യോഗസ്ഥതല യോഗത്തിലാണ് ഇത് തീരുമാനിച്ചത്. പ്രത്യാഘാതങ്ങള്‍ പഠിക്കുന്നതിനു വിദഗ്ദ്ധസമിതിയെ നിയോഗിക്കുകയും ചെയ്തു. അതേസമയം, ശാസ്ത്രീയമായിട്ടുള്ള ഖനനം പ്രദേശത്തു തുടരുമെന്ന നിലപാട് വ്യക്തമാക്കുകയും ചെയ്തു. സമിതി സമരക്കാരെയാരെയും കണ്ടില്ല. തെളിവെടുപ്പിന് എല്ലാ ഒത്താശയും ചെയ്തത് കമ്പനിയുമായിരുന്നു. സ്വാഭാവികമായും റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഊഹിക്കാവുന്നതാണ്.  
സീവാഷിങ്ങെന്നാല്‍ കടലില്‍നിന്ന് ജെ.സി.ബി ഉപയോഗിച്ച് മണ്ണ് കോരിയെടുക്കുന്ന ഖനനരീതിയാണ്. അശാസ്ത്രീയമായ രീതിയാണ് ഇത്. അങ്ങനെ ഖനനം ചെയ്യുമ്പോള്‍ ആ ഭാഗത്താകില്ല കരയിടിയുക. ഇത്തരത്തിലുള്ള ഖനനം തീരത്തെ മുഴുവന്‍ ബാധിക്കും. കടലാക്രമണങ്ങളും തീരമിടിയലും കൂടും. ഖനനം തുടങ്ങുന്നതിനു മുന്‍പ് ആലപ്പാട് പഞ്ചായത്തിലെ ഇരുപത്തിയൊന്നോളം റീസര്‍വ്വേ നമ്പരുകളിലുണ്ടായിരുന്ന 80 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇല്ലാതായെന്ന നാട്ടുകാരുടെ വാദം ശരിയാണെന്ന് നിയമസഭാസമിതി കണ്ടെത്തിയിട്ടുണ്ട്. ഖനനത്തിന് അനുമതി നല്‍കിയ ബ്ലോക്കുകളിലെ സര്‍വ്വേ നമ്പരുള്ള ഭൂമികള്‍ ഇപ്പോള്‍ കാണാനില്ല. ആ ഭൂമി എന്നേ കടലെടുത്തുപോയി. കാല്പനികതയായിട്ടാണ് പലരും ഇതിനെ കണ്ടത്. പക്ഷേ, യാഥാര്‍ത്ഥ്യം ഇതാണെന്ന് പറയുന്നു ശ്രീകുമാര്‍.

പൊന്മനയില്‍ ഏഴു കിലോമീറ്ററോളം ഭൂമി കടലെടുത്തുപോയെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. പക്ഷേ, പതിറ്റാണ്ട് മുന്‍പ് മനുഷ്യര്‍ ജീവിച്ചിരുന്ന മൂന്നു ഗ്രാമങ്ങള്‍ ഇന്നില്ല. സ്മാരകം കണക്കെ പഴയ സ്‌കൂളും ക്ഷേത്രങ്ങളും നില്‍ക്കുന്നു. അടുത്തകാലം വരെ അവിടെ ഏഴു ചതുരശ്ര കിലോമീറ്റര്‍ ഭൂമി സര്‍ക്കാര്‍ രേഖകളിലുണ്ടായിരുന്നു. അതിനൊക്കെ ഉടമസ്ഥരുമുണ്ടായിരുന്നു. എന്നാല്‍ ഭൂമി കടലെടുത്തതോടെ നിയമസഭയുടെ തീരുമാനപ്രകാരം രേഖകളില്‍നിന്നൊഴിവാക്കുകയായിരുന്നു. 1994-ല്‍ നടന്ന റവന്യൂ റീസര്‍വ്വേ ആലപ്പാട് വില്ലേജിലെ 7200 ഹെക്ടര്‍ ഭൂമിക്കുള്ള കരം ഇനി പിരിക്കേണ്ടതില്ലെന്നു തീരുമാനിച്ചിരുന്നു. അതിനര്‍ത്ഥം അത്രയും ഭൂമി കടലില്‍ പോയി എന്നാണ്.  വെള്ളാനത്തുരുത്ത് എന്ന വിശാലമായ പ്രദേശം കടലെടുത്തു. അവശേഷിക്കുന്ന ചെറുതുരുത്തു മാത്രമാണ് ഇപ്പോള്‍ കാണാനാകുക. ഇവിടെയാണ് റോക്കറ്റ് വിക്ഷേപണ കേന്ദ്രം തുടങ്ങുന്നതിന് അനുയോജ്യമായ പ്രദേശം തേടി വിക്രംസാരഭായ് എത്തിയത്. 1962 സെപ്റ്റംബറില്‍ എത്തിയ അദ്ദേഹം വിശാലമായ മണല്‍പ്പരപ്പാണ് വിക്ഷേപണ കേന്ദ്രത്തിന് അനുയോജ്യമായി കണ്ടത്. അന്നത് പത്രസമ്മേളനം നടത്തി പറയുകയും ചെയ്തു. പണ്ടാരത്തുരുത്ത് മുക്കുംപുഴ മുതല്‍ വെള്ളാനത്തുരുത്തുവരെ നീണ്ടുകിടക്കുന്ന പാടമുണ്ടായിരുന്നു. വലിയ ചിറകളും ശുദ്ധജല തടാകങ്ങളുമുണ്ടായിരുന്നു. വിശാലവും വിജനവുമായിരുന്ന ഈ മണല്‍ക്കുന്നുകള്‍ക്ക് ഇടയിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടിക്ലാസ്സുകള്‍ നടന്നിരുന്നത്. രാത്രി നടക്കുന്ന പാര്‍ട്ടിയുടെ രഹസ്യയോഗങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലമായിരുന്നു ഈ കറുത്ത മണല്‍ക്കുന്നുകള്‍. 

1960 വരെ നടന്ന ഖനനത്തെ അപേക്ഷിച്ച് പിന്നീടുള്ള ഖനനത്തിന്റെ തീവ്രത കൂടി. ഇതോടെ കൂടുതല്‍ ഭൂമി നഷ്ടപ്പെടാനും തുടങ്ങി. അതിനുശേഷമാണ് ഈ പ്രദേശത്ത് ശക്തമായ കടലാക്രമണമുണ്ടായത്. അത് ആലപ്പാട് തീരം മുഴുവന്‍ വ്യാപിക്കുകയും ചെയ്തു.  പൊന്മനയില്‍ ഇനി അവശേഷിക്കുന്നത് അന്‍പതോളം കുടുംബങ്ങള്‍ മാത്രമാണ്. കോവില്‍ തോട്ടത്ത് വീട് നഷ്ടപ്പെട്ടവര്‍ക്ക് മൂന്നു വര്‍ഷത്തിനകം പുനരധിവാസം നല്‍കുമെന്നു 2010-ല്‍ ഉറപ്പു നല്‍കിയ സര്‍ക്കാര്‍ ഒന്‍പതു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ വാഗ്ദാനം പാലിച്ചിട്ടില്ല. ഉപേക്ഷിക്കപ്പെട്ട മണല്‍ കൂനകള്‍ മാത്രമാണ് ഇപ്പോള്‍ ഈ ഗ്രാമത്തില്‍ കാണാനാകുക. ധാതുക്കള്‍ വേര്‍തിരിച്ചശേഷം ഉപേക്ഷിച്ച മണല്‍ പുറത്തേക്ക് വില്‍ക്കുന്നത് തടഞ്ഞതോടെയാണ് ഇങ്ങനെ കൂട്ടിയിടുന്നത്.

ഞങ്ങളിലെ 143 പേരെ കൂട്ടത്തോടെയാണ് സംസ്‌കരിച്ചത്. വേദനയോടെ ഞങ്ങളത് കണ്ടുകൊണ്ട് നിന്നു. 2004 ഡിസംബര്‍ 26-ന് തീരത്തേക്ക് കയറിയ ഭീമന്‍ തിരകളില്‍ ഇവിടെ ആയിരത്തിലേറെ കുടുംബങ്ങള്‍ ഭവനരഹിതരായി. ആ ദുരന്തം കഴിഞ്ഞ് ഒന്നര ദശാബ്ദം പിന്നിടുമ്പോഴും ഓര്‍മ്മകളുടെ നടുക്കം ഇപ്പോഴുമുണ്ട്. മൂന്നുവര്‍ഷം ക്യാമ്പുകളില്‍ താമസിച്ചിട്ടാണ് പലരും വീടുകളിലേക്ക് മടങ്ങിപ്പോയത്. തീരമുണ്ടായിരുന്നെങ്കില്‍ സുനാമി തിരകള്‍ ആലപ്പാടിനെ വിഴുങ്ങില്ല എന്നല്ല. പക്ഷേ, ആഘാതം കുറഞ്ഞേനെ എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നത് -ശ്രീകുമാര്‍ പറയുന്നു. 

1993-ല്‍ ഓസ്ട്രേലിയന്‍ കമ്പനിയായ വെസ്ട്രേലിന്‍ സാന്റ്സ്, അമേരിക്കന്‍ കമ്പനിയായ റെന്നിസണ്‍ ഗോള്‍ഡ് ഫീല്‍ഡ് കണ്‍സോള്‍ഡേറ്റഡ് എന്നീ ബഹുരാഷ്ട്രക്കുത്തക കമ്പനികളുമായി ഐ.ആര്‍.ഇയും കെ.എം.എം.എല്ലും ചേര്‍ന്നാണ് കൊണ്ടുവന്നത്. അന്ന് ജനങ്ങള്‍ സമരരംഗത്തിറങ്ങി. അന്ന് സമരം ചെയ്തില്ലായിരുന്നെങ്കില്‍ അഴീക്കല്‍ -കായംകുളം മത്സ്യബന്ധന തുറമുഖം ഇന്നുണ്ടാകുമായിരുന്നില്ലെന്നു പറയുന്നു ആലപ്പാടുകാര്‍. സുനാമി ദുരന്തം വിതച്ചപ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ പശ്ചിമതീര ദേശീയ ജലപാതയ്ക്ക് കിഴക്ക് ഭാഗത്തുള്ള ജനങ്ങള്‍ക്ക് തിരിച്ചടിയായി. അതിന്റെ പശ്ചാത്തലത്തില്‍ ആഗോളതാപനം മൂലം വെള്ളത്തിനടിയിലാകുന്ന പ്രദേശങ്ങളില്‍ അപ്പര്‍ കുട്ടനാടും ഓണാട്ടുകരയും ഉള്‍പ്പെടുന്നത് മണല്‍ഖനനത്തിന്റെ ഫലമായിട്ടാണെന്ന്  ഇവര്‍ വാദിക്കുന്നു.

അതായത് ജലപാതയ്ക്കും കടലിനുമിടയിലെ തുരുത്താണ് ആലപ്പാട്. ക്രമേണ കടല്‍ കയറുന്നതോടെ ജലപാതയും കടലുമൊന്നാകും. കടല്‍വെള്ളം ഒഴുകി കയറിയാല്‍ കാര്‍ഷിക മേഖലയും ശുദ്ധജല സ്രോതസ്സുകളും പുഴകളും ഉപ്പുവെള്ളം കയറിനിറയും. അതിന്റെ പരിണിതഫലങ്ങള്‍ വിലയിരുത്താവുന്നതേയുള്ളു. കരിമണല്‍ ഖനനം ഇന്ന് വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നത് പലപ്പോഴും ഖനനം മൂലം ഉണ്ടായ പരിസ്ഥിതി പ്രത്യാഘാതങ്ങളോ അതു രാജ്യത്തിനും ജനങ്ങള്‍ക്കും ഉണ്ടാക്കിവച്ച നഷ്ടങ്ങളോ അല്ല മറിച്ച്, ഖനനം സ്വകാര്യ മേഖലയില്‍ വേണോ പൊതുമേഖലയില്‍ വേണോ എന്നതിനെക്കുറിച്ചുള്ള തര്‍ക്കം മാത്രമാണ്. ഖനനത്തിന്റെ ദുരന്തങ്ങള്‍ അനുഭവിക്കുന്ന ജനത്തെ സംബന്ധിച്ച് രണ്ടിന്റേയും ആഘാതം ഒരേപോലെയാണ്. പൊതുമേഖല ഖനനം ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങള്‍ കൂടിയ തോതില്‍ അനുഭവിക്കുന്നവരുടെ അഭിപ്രായം അതാണ്. ഖനനം ആരു നടത്തിയാലും ആഘാതങ്ങള്‍ ഉണ്ടാകുന്നതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണങ്ങള്‍ ഉണ്ട്. കന്യാകുമാരി ജില്ലയിലെ മണവാളക്കുറിച്ചിയുടെ തീരപ്രദേശമായ ചിന്നവിളയില്‍ ആണ് ഐ.ആര്‍.ഇ ആദ്യമായി ഖനനം നടത്തിയത്. സമീപ പ്രദേശങ്ങളായ കുളച്ചല്‍, സൈമണ്‍ കോളനി, കോടി മന, കുറുമ്പന തുടങ്ങിയ പ്രദേശങ്ങളിലാണ് സുനാമി തിരമാലകള്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. കേരളത്തില്‍ ഖനനം നടക്കുന്ന ആലപ്പാടും ആറാട്ടുപുഴയും അനുബന്ധ തീരങ്ങളുമാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്.

സമരം നടന്നതിനുശേഷമാണ് ഖനനം ചെയ്തശേഷം ആഴമുള്ള കുഴി മൂടാന്‍ ഐ.ആര്‍.ഇ തുടങ്ങിയതെന്നു പറയുന്നു സമരക്കാര്‍. എന്നാല്‍, അതൊന്നും ആലപ്പാട്ടുകാരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനു കഴിഞ്ഞിട്ടില്ല. ഡോ. വേലുക്കുട്ടി അരയനെപ്പോലുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ മുന്നോട്ട് വച്ച 'ലാന്റ് റെക്ലമേഷന്‍' പദ്ധതിപോലും അവഗണിക്കപ്പെട്ടു. ഖനനത്തിനെതിരെ ചെറുതും വലുതുമായി ഉയര്‍ന്ന പ്രതിരോധ സമരങ്ങളാണ് അവശേഷിക്കുന്ന ഭൂമി സംരക്ഷിച്ചതെന്ന് സമരക്കാര്‍ വാദിക്കുന്നു. ഖനനം ചെയ്ത മണല്‍, കരിമണല്‍ വേര്‍തിരിച്ച ശേഷം ബാക്കി ഖനനഭൂമി നികത്താന്‍ ഉപയോഗിച്ചെന്നാണ് കമ്പനി പറയുന്നത്. അങ്ങനെയെങ്കില്‍ 1968 മുതല്‍ ഖനനം ചെയ്തു കരിമണല്‍ വേര്‍തിരിച്ചെടുത്തതിന്റെ ബാക്കി മണല്‍ എവിടെപ്പോയി?- ശ്രീകുമാര്‍ ചോദിക്കുന്നു.

ഖനനം തീരത്തെ മാത്രമല്ല കടലിലേക്ക് എടുത്തത്. ഒരു ജനതയുടെ ജൈവതാളവും അതോടെ അപ്രത്യക്ഷമായി. കമ്പവല വലിച്ചിരുന്ന മത്സ്യത്തൊഴിലാളികള്‍ മറ്റു ജോലികള്‍ക്കു പോയി തുടങ്ങി. കക്കയും ഞണ്ടും പൊടിക്കൊഞ്ചുമെല്ലാം കടലോരത്തുനിന്ന് വാരിയവര്‍ പുറംപണിക്കാരായി. തീരത്തുടനീളം ഉയര്‍ന്നിരിക്കുന്ന കടല്‍ഭിത്തിക്കിപ്പുറം ദേശക്കാരില്ലാതായി. താമസക്കാര്‍ മാത്രമായി അവര്‍ ചുരുങ്ങി. നാടിന്റെ നെല്ലറകളായ പൊന്മനപ്പാടം, മുരുക്കുമ്പുഴപ്പാടം, പനക്കടപ്പാടം തുടങ്ങിയവ കടലിനടിയിലായി. അഴീക്കലെ മാധവപുരം ചന്തയും ആലപ്പാട്ടെ അങ്ങാടിയും ഇന്നില്ല. പണ്ടാരത്തുരുത്തിലെ പെസഹ ചന്തയും കടലെടുത്തു. ശൂരനാട് കലാപത്തെത്തുടര്‍ന്ന് കമ്യൂണിസ്റ്റ് നേതാക്കളായ തോപ്പില്‍ ഭാസിയും ശങ്കരനാരായണന്‍ തമ്പിയും ഒളിവിലിരുന്ന പനക്കടക്കാടും ഇന്നില്ല. പകലുപോലും വെളിച്ചം കടന്നുചെല്ലാത്ത ഈ കാട് മുതിര്‍ന്നവര്‍ പറയുന്ന കഥകളില്‍ മാത്രമാണുള്ളതെന്നു പറയുന്നു നാട്ടുകാര്‍. കടലില്‍ ഇന്ന് പരവയില്ല. ചവറയുടെ തീരങ്ങളായിരുന്നു പരവയുടെ പ്രജനന കേന്ദ്രങ്ങള്‍. 

അഴീക്കലെ വ്യാസന്‍ കുന്നും പനക്കട പാടത്തിനു പടിഞ്ഞാറുണ്ടായിരുന്ന അരയത്തിക്കുന്നും ഉയരമുള്ള കരിമണല്‍ കുന്നുകളായിരുന്നു. സായാഹ്നങ്ങളില്‍ നാട്ടുകാര്‍ കൂട്ടം കൂടും. കവിതയും കഥയും ചൊല്ലിയും പറഞ്ഞുമിരിക്കും. കുന്നുകളുടെ ഇറക്കങ്ങളില്‍ ഏഴാം കുലയും വിരിഞ്ഞു ചരിഞ്ഞു നില്‍ക്കുന്ന തെങ്ങുകളുണ്ടാകും.  ആരാധനയ്ക്കായി വിളക്ക് കൊളുത്തുന്ന ആല്‍വൃക്ഷങ്ങളുണ്ടാകും. ചെമ്മീന്‍ പരിപ്പും നെല്ലും തേങ്ങയും കൊണ്ടുപോകാന്‍ വിശാലമായ കായല്‍പ്പരപ്പില്‍ തീരം ചേര്‍ന്നു കെട്ടിയിട്ടിരിക്കുന്ന കേവ് വള്ളങ്ങളുണ്ടാകും. കരിമണല്‍ കുന്നുകള്‍ക്കു പടിഞ്ഞാറ് വിശാലമായ കടപ്പുറം തീരത്തിന്റെ താളമേളങ്ങള്‍ തുടങ്ങുന്നതും അവസാനിക്കുന്നതും അവിടെയാണ്, മാനത്തു പെരുമീന്‍ വെള്ളി ഉദിച്ചുയരുന്നതോടൊപ്പം ഉണരുന്ന മനുഷ്യരും അവരുടെ ജീവിത താളമേളങ്ങളും ഇന്നില്ലെന്ന് പറയുന്നു ആലപ്പാട്ടുകാര്‍. 

ആലപ്പാട് ആകാശ ദൃശ്യം
ആലപ്പാട് ആകാശ ദൃശ്യം

കമ്പനിയുടെ തന്ത്രങ്ങള്‍

സമരത്തെ നേരിടാന്‍ കാലങ്ങളായി പല തന്ത്രങ്ങളും പ്രയോഗിച്ചിട്ടുണ്ട്. ഐ.ആര്‍.ഇ അധികൃതര്‍ വസ്തുവിന് നല്ല വില പറയും. കമ്പനിക്ക് ഭൂമി വില്‍ക്കണോ എന്ന് നാട്ടുകാര്‍ ഞങ്ങളോട് ചോദിക്കും. വില്‍ക്കേണ്ടെന്നു പറഞ്ഞാല്‍ പ്രശ്നമാകുമല്ലോ. എന്നാല്‍ വില്‍ക്കണോ വേണ്ടയോ എന്ന് നിങ്ങള്‍ക്കു തീരുമാനിക്കാമെന്നാണ് സമരസമിതി അവരോട് പറഞ്ഞത്. അതാകുമ്പോള്‍ പ്രശ്നമില്ലല്ലോ. അപ്പോള്‍ അവര്‍ ചോദിക്കും നിങ്ങളെന്തിനാണ് സമരം ചെയ്യുന്നതെന്ന്. തീരം സംരക്ഷിക്കാനാണ് സമരസമിതിയുടെ പ്രക്ഷോഭം. അത് തുടരും- കെ.സി. ശ്രീകുമാര്‍ പറയുന്നു. കരിമണലെടുപ്പിനെതിരെ പ്രതിഷേധം വരുമെന്നത് മുന്നില്‍ക്കണ്ട് കമ്പനി നാട്ടിലെ പ്രബലരായ പലര്‍ക്കും ജോലി നല്‍കിയിരുന്നു. സമരങ്ങളെ തകര്‍ക്കാന്‍ അതാണ് എളുപ്പം. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍നിന്നും കുറച്ചു പേരെ തെരഞ്ഞുപിടിച്ച് തൊഴിലാളികളാക്കും. അവരൊന്നും സ്ഥിരം തൊഴിലാളികളല്ല. അതാണ് വസ്തുത. അതു സംബന്ധിച്ച വിവരാവകാശരേഖയുണ്ട്. ഖനനവുമായി ബന്ധപ്പെട്ട് ഈ നാട്ടുകാര്‍ക്കു ലഭിച്ച എല്ലാ തൊഴിലുകളുടേയും എണ്ണമെടുത്താലും ഖനനം കാരണം നഷ്ടമായ പരമ്പരാഗത തൊഴിലുകളേക്കാള്‍ അധികംവരില്ലെന്നു പറയുന്നു സമരക്കാര്‍. ഇങ്ങനെ, പല രീതിയിലുള്ള വെല്ലുവിളികള്‍ അതിജീവിച്ചാണ് സമരം മുന്നോട്ടുപോകുന്നതെന്ന് പറയുന്നു ഇവര്‍. 

ആലപ്പാടിന് എന്താണ് സംഭവിക്കുന്നത്?

പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് ടി.എസ്. കനാലിനും നടുക്ക് മണല്‍ത്തിട്ടപോലെ നീളത്തില്‍ നീണ്ടുകിടക്കുന്നതാണ് ആലപ്പാട് ഗ്രാമം. അരനൂറ്റാണ്ട് കാലമായുള്ള തീരമണല്‍ ഖനനം മൂലം ഈ പ്രദേശം വട്ടക്കായല്‍ എന്നറിയപ്പെടുന്ന ദേശീയ ജലപാതയേയും കടലിനേയും വേര്‍തിരിക്കുന്ന ഒരു മണല്‍വരമ്പ് മാത്രമായി മാറിക്കഴിഞ്ഞു. കായലിനും കടലിനും ഇടയിലുള്ള അകലം ആലപ്പാട് പഞ്ചായത്തില്‍ ചില സ്ഥലങ്ങളില്‍ 200 മീറ്റര്‍ വരെയാണ്. ചില സ്ഥലങ്ങളില്‍ 50 മീറ്ററില്‍ താഴെയും. കടലിനും കായലിനും ഇടയില്‍ 17 കിലോമീറ്ററോളം ദൂരത്തില്‍ വീതികുറഞ്ഞ ഒരു മാലപോലെ കിടക്കുന്ന ഭൂവിഭാഗമാണ് ആലപ്പാട്-അഴീക്കല്‍ പഞ്ചായത്തുകള്‍. ഖനനത്തിന്റെ രൂക്ഷത ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന രണ്ടു പ്രദേശങ്ങളാണിവ. ഖനനം തുടങ്ങുന്നതിനു മുന്‍പ് 89.5 ചതുരശ്ര കിലോമീറ്റര്‍ ഭൂവിസ്തൃതി ഉണ്ടായിരുന്ന ആലപ്പാട് വില്ലേജ് ഇപ്പോള്‍ കേവലം 7.6 ചതുരശ്ര കിലോമീറ്റര്‍ മാത്രമായി ചുരുങ്ങി. അതായത് ഏകദേശം 20,000 ഏക്കര്‍ ഭൂമി കടലായി മാറിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ 81.5 കിലോമീറ്റര്‍ ഭൂമിയാണ് കടലായി മാറിയത്.

ആരാണ് ഖനനം നടത്തുന്നത്?

നിലവില്‍ രണ്ട് പൊതുമേഖലാ കമ്പനികളാണ് കേരളതീരത്ത് മണല്‍ ഖനനം നടത്തുന്നത്. ഇന്ത്യന്‍ പ്രതിരോധമന്ത്രാലയത്തിന് ആവശ്യമായ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ് (ഐ.ആര്‍.ഇ), സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് (കെ.എം.എം.എല്‍) എന്നിവയാണ് ആ രണ്ടു കമ്പനികള്‍. ശശിധരന്‍ കര്‍ത്തയുടെ കൊച്ചി മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആര്‍.എല്‍) ആണ് കരിമണല്‍ ഖനന മേഖലയിലെ പ്രമുഖ സ്വകാര്യ കമ്പനി. 

എന്തിനാണ് തീരം ഖനനം ചെയ്യുന്നത്?

കൊല്ലം ജില്ലയിലെ ആലപ്പാട്-പന്മന പഞ്ചായത്തുകളിലും തൊട്ടു വടക്ക് ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ ആറാട്ടുപുഴ പഞ്ചായത്തുകളിലും തീരദേശ മണലില്‍ വളരെ കൂടിയ തോതില്‍ മോണോസൈറ്റ് ഉള്ളതായി കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ത്തന്നെ കണ്ടെത്തിയിരുന്നു. വിദേശരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്തിരുന്ന ആലപ്പാടന്‍ കയറില്‍ പറ്റിപ്പിടിച്ച കരിമണല്‍ത്തരികളില്‍ മോണോസൈറ്റിന്റെ തരികള്‍ ജര്‍മന്‍ ശാസ്ത്രജ്ഞനായ ഹെര്‍ഷോംബെര്‍ഗ് കണ്ടെത്തി. അദ്ദേഹത്തിന്റെ അന്വേഷണം ചെന്നെത്തിയത് തിരുവിതാംകൂറിലെ മണവാളക്കുറിച്ചി എന്ന കടലോര ഗ്രാമത്തിലാണ്. കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശങ്ങളില്‍ ഇല്‍മനൈറ്റും മോണോസൈറ്റും ഉള്‍പ്പെടെ അമൂല്യധാതുക്കളുണ്ടെന്ന് അറിഞ്ഞത് അങ്ങനെയാണ്. നീണ്ടകരയില്‍നിന്നും കരിമണലുമായി ആദ്യ കപ്പല്‍ ജര്‍മനിയിലേക്കു പോകുന്നത് 1922-ല്‍. 1932-ല്‍ എഫ്.എക്സ് പെരേര എന്ന കമ്പനി സ്ഥാപിക്കപ്പെട്ടു. 1951-ല്‍ ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെന്റിനും അനുബന്ധ ഉല്പന്നങ്ങളും നിര്‍മ്മിക്കാനായി സംസ്ഥാന സര്‍ക്കാരിനെ നിയന്ത്രണത്തില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്സ് ആരംഭിച്ചു. എഫ്.എക്സ് പെരേര ആന്‍ഡ് സണ്‍സ് എന്ന കമ്പനി എഫ്.എക്സ്.പി എന്ന് പേരിട്ടു ഖനനം തുടര്‍ന്നു. അന്നു മുതല്‍ ഈ മണല്‍ ഖനനം ചെയ്ത് സംസ്‌കരിച്ചു വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. സ്വാതന്ത്ര്യാനന്തരം എഫ്.എക്സ്.പി എന്ന സ്വകാര്യ കമ്പനി കേരള സര്‍ക്കാര്‍ ഏറ്റെടുത്തു. അങ്ങനെ രൂപീകരിച്ചതാണ് ഇപ്പോഴത്തെ കെ.എം.എം.എല്‍ എന്ന സ്ഥാപനം. ഇതിനിടയില്‍ ട്രാവന്‍കൂര്‍ മിനറല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് പ്രവര്‍ത്തനം തുടങ്ങിയ ബ്രിട്ടീഷ് കമ്പനിയായ ഹോക്കിംഗ്സ് ആന്‍ഡ് വില്യംസ് ലിമിറ്റഡ് 1960-ല്‍ അടച്ചുപൂട്ടി. 1971-ല്‍ ഈ കമ്പനികളെ സര്‍ക്കാര്‍ ഏറ്റെടുത്തതോടെ കരിമണല്‍ ഖനന മേഖലയില്‍നിന്നു സ്വകാര്യ കമ്പനികള്‍ മാറ്റിനിര്‍ത്തപ്പെട്ടു.

ഒരു സെന്റിന് ഒരു കോടി

അമൂല്യമായ കരിമണലിന്റെ പുറത്തു ജനിച്ചുപോയി എന്ന ഒറ്റക്കാരണത്താല്‍ ജനാധിപത്യവും ഭരണഘടനാപരമായ നീതി നിഷേധിക്കപ്പെടുന്നവരായി തീരദേശ ജനത മാറിക്കഴിഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു സെന്റിന് 55,000 രൂപ എന്ന തുച്ഛമായ വില നല്‍കിയാണ് ഖനനം ചെയ്യാന്‍ കമ്പനി പാട്ടത്തിനെടുക്കുന്നത്. ഒരു സെന്റ് ഭൂമിയില്‍നിന്നും ഒരു കോടിയിലധികം രൂപ ലഭിക്കുമെന്ന് ഐ.ആര്‍.ഇ തന്നെ സമ്മതിക്കുന്നു. വെള്ളാനത്തുരുത്ത്, പണ്ടാരത്തുരുത്ത് എന്നിവിടങ്ങളില്‍നിന്നും ഖനനം ചെയ്തുകൊണ്ടുപോയ മണലിനു യാതൊരു കണക്കുമില്ല. അന്നൊന്നും മണല്‍ തൂക്കി കൊണ്ടുപോകുന്നതിനുള്ള യാതൊരു സംവിധാനവും ഐ.ആര്‍.ഇ സ്ഥാപിച്ചിരുന്നില്ല. ഇന്നും അത്തരമൊരു സംവിധാനം ഇല്ല. ചുരുക്കിപ്പറഞ്ഞാല്‍ ഈ മണല്‍ കെ.എം.എം.എല്ലിലോ ഐ.ആര്‍.ഇയിലോ എത്തിയിട്ടുണ്ടോ എന്ന് പൊതുസമൂഹത്തിന് ഉറപ്പിക്കാന്‍ കഴിയുന്നില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.

മണ്ണുപേക്ഷിക്കേണ്ടി വന്ന ജനത

കരിമണല്‍ ഖനനം മൂലം ഇതുവരെ അയ്യായിരത്തോളം കുടുംബങ്ങള്‍ ഭൂരഹിതരായെന്നാണ് കണക്ക്. ഇവരെല്ലാം മറ്റു പ്രദേശങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിക്കപ്പെടുകയാണുണ്ടായത്. പരമ്പരാഗതമായി മത്സ്യമേഖല ഉപജീവനമാക്കിയ ആളുകള്‍ മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തതോടെ അവര്‍ക്ക് തൊഴില്‍ നഷ്ടമായതിനപ്പുറം സാമൂഹികതലത്തിലും പ്രശ്‌നങ്ങളുണ്ടായെന്നു സമരം നടത്തുന്നവര്‍ പറയുന്നു. പണ്ട് ഇവിടുത്തെ ഓരോ മനുഷ്യരുടേയും വീടിനോടു ചേര്‍ന്ന തീരം അവന്റെ തൊഴിലിടം കൂടിയായിരുന്നു. കടലിന്റെ ഗതി മനസ്സിലാക്കിയും പ്രകൃതിയെ മനസ്സിലാക്കിയും കടലിലേക്കു പോകാനും തിരിച്ചുവരാനും അവര്‍ക്ക് കഴിയുമായിരുന്നു. ഖനനം സ്വാഭാവിക പരിസ്ഥിതി ഇല്ലാതാക്കി. തീരം സംരക്ഷിക്കാനാണെന്നു പറഞ്ഞ് വലിയ കല്ലുകള്‍ കൊണ്ടുവന്നു നിരത്തി. അതോടെ കമ്പവലകള്‍പോലുള്ള പരമ്പരാഗത മത്സ്യബന്ധന മാര്‍ഗ്ഗങ്ങള്‍ ഇല്ലാതായി. അതോടെ പലരും തീരത്തുനിന്ന് പലായനം ചെയ്തു.

ഇല്ലാതാകുന്ന ചാകര

തീരം ചേര്‍ന്ന് എക്കലും ചെളിയും അടിഞ്ഞുകൂടി കുഴമ്പുരൂപത്തില്‍ കാണുന്നതും തീരത്തെ സംരക്ഷിക്കുന്നതും മത്സ്യസമ്പത്തിന് ജനനത്തിന് ഗുണം ചെയ്യുന്നതുമായ ചാകര എന്ന പ്രതിഭാസം കൊല്ലം ആലപ്പുഴ ജില്ലകളുടെ തീരത്തിനു നഷ്ടമായത് മണല്‍ ഖനനത്തിലൂടെയാണ്. അതിലൂടെ പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികള്‍ തൊഴില്‍ ഇടങ്ങളില്‍നിന്നും മാറ്റിനിര്‍ത്തപ്പെട്ടു. അവര്‍ നിത്യദാരിദ്ര്യത്തിലായി.

കണ്ടല്‍ക്കാടുകളുടെ നശീകരണം

ആലപ്പാട് തെക്കുഭാഗം മുതല്‍ വടക്കുഭാഗം വരെ തീരമേഖലയില്‍ ഉണ്ടായിരുന്ന സ്വാഭാവിക കണ്ടല്‍ക്കാടുകള്‍ ഖനനം മൂലം ആലപ്പാട് നഷ്ടമായി. കണ്ടല്‍ കാടിനോട് ചേര്‍ന്ന് ഉണ്ടായിരുന്ന മത്സ്യസമ്പത്തും ഇതോടൊപ്പം ഇല്ലാതായി. തീരസംരക്ഷണത്തിനു ഭാഗമായി വെച്ചുപിടിപ്പിച്ച കാറ്റാടിമരങ്ങളും ഇന്ന് ഇല്ല. കന്യാകുമാരി കഴിഞ്ഞാല്‍ സുനാമി തിരമാലകള്‍ മൂലം കേരളത്തിലേറ്റവും കൂടുതല്‍ ജീവനും സ്വത്തിനും നഷ്ടമുണ്ടായത് ആലപ്പാട് പഞ്ചായത്തിലാണ്. പഞ്ചായത്തില്‍ ഉണ്ടായിരുന്ന പ്രകൃതിദത്തമായ മണല്‍ക്കുന്നുകള്‍ ഖനനംമൂലം ഇല്ലാതായി. അതോടെ കടലാക്രമണം രൂക്ഷമായി. അങ്ങനെയാണ് സുനാമിയുടെ ഏറ്റവും രൂക്ഷിത ഫലം ആലപ്പാടിന് അനുഭവിക്കേണ്ടിവന്നത്.

തുടര്‍ച്ചയായ നിയമലംഘനങ്ങള്‍

ഐ.ആര്‍.ഇ, കെ.എം.എം.എല്‍ എന്നീ കമ്പനികള്‍ ഖനനം നടത്തുന്നത് വ്യവസ്ഥാപിതമായ എല്ലാ നിയമങ്ങളും ലംഘിച്ചാണ്. തീരദേശ പരിപാലന നിയമത്തിലെ ദൂരപരിധി ഈ രണ്ടു കമ്പനികളും പാലിക്കുന്നില്ല. കനാലില്‍നിന്നും 25 മീറ്റര്‍പോലും ദൂരം പാലിക്കാതെയാണ് പുതിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നെല്‍വയല്‍ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുന്നതിന് കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ ഠവല ഗലൃമഹമ രീിലെൃ്മശേീി ീള ുമററ്യ ഹമിറ മിറ ംല േഹമിറ മര േ2008 നിയമവും കമ്പനികള്‍ ലംഘിക്കുന്നു.

നഷ്ടമായത് പഴയ പ്രതാപം

പനക്കാട് പാടം, മൂക്കുംപുഴ പാടം, പന്മന പാടം ഇനി നെല്‍വയലുകള്‍ ആലപ്പാട് തീരദേശത്തിന്റെ പ്രത്യേകതയായിരുന്നു. കുടിവെള്ളത്തിനായി ശുദ്ധജലത്തടാകങ്ങള്‍ ഈ പ്രദേശത്തുണ്ടായിരുന്നു. എന്നാല്‍, ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. ഖനന പ്രദേശത്ത് ശുദ്ധജലം ലഭ്യമായിരുന്ന തണ്ണീര്‍ത്തടങ്ങളും കിണറുകളും വറ്റി വരണ്ടു. ചുരുക്കിപ്പറഞ്ഞാല്‍ കാര്‍ഷിക സമ്പത്തുകൊണ്ടും മത്സ്യസമ്പത്തുകൊണ്ടും സാമൂഹിക സാംസ്‌കാരിക പുരോഗതികൊണ്ടും ഉയര്‍ച്ചയില്‍നിന്നു ഭൂപ്രദേശമായിരുന്നു ആലപ്പാട്. ആലപ്പാട്ടെ അങ്ങാടിയില്‍നിന്നും പണ്ടാരത്തുരുത്ത് ചന്തയില്‍നിന്നും അഴീക്കല്‍ മാധവപുരം ചന്തയില്‍നിന്നും മത്സ്യകാര്‍ഷിക വിഭവങ്ങള്‍ ഒരുകാലത്ത് കയറ്റിയയച്ചിരുന്നു.

ഭാവിയില്‍ എന്ത് സംഭവിക്കും

ഖനനം ഈ രീതിയില്‍ ഇനിയും തുടര്‍ന്നാല്‍ വരമ്പുപോലെ സ്ഥിതിചെയ്യുന്ന ആലപ്പാട് പഞ്ചായത്തും ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ തൃക്കുന്നപ്പുഴ പുറക്കാട് പഞ്ചായത്തുകളും പൂര്‍ണ്ണമായി ഇല്ലാതാകും. ദേശീയ ജലപാത ഇല്ലാതാകും. ഏകദേശം ഒരു ലക്ഷത്തില്‍ അധികം വരുന്ന തീരജനങ്ങളുടെ ജീവിതത്തെ ഇത് പ്രതികൂലമായി ബാധിക്കും. ദേശീയ ജലപാതയ്ക്ക് കിഴക്കുള്ള ഓണാട്ടുകരയിലും അപ്പര്‍ കുട്ടനാട് വരെയുള്ള ഭൂപ്രദേശത്തേക്ക് സമുദ്രജലം കയറും ഒരു ലക്ഷത്തിലധികം ജനങ്ങള്‍ ആശ്രയിക്കുന്ന കായംകുളം അഴീക്കല്‍ മത്സ്യബന്ധന തുറമുഖം നാശോന്മുഖമാകും.

പഠനങ്ങള്‍ പറയുന്നത് എന്ത്?

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ ചെന്നൈ ഇന്‍സ്റ്റിറ്റിയൂട്ട് ഓഷ്യന്‍ മാനേജ്മെന്റ് നടത്തിയ പഠനത്തില്‍ കേരള തീരത്ത് ഏറ്റവും കൂടുതല്‍ ഭൂമി നഷ്ടപ്പെട്ടത് കരിമണല്‍ ഖനനം നടക്കുന്ന മേഖലയിലാണെന്നു പറയുന്നു. ഖനനം ചെയ്യുന്ന കമ്പനികള്‍ നിയോഗിച്ച പഠന ഏജന്‍സികളായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്റ് ടെക്നോളജി, സെസ് എന്നിവ നടത്തിയ പഠനത്തിലും പ്രദേശത്തിനു പാരിസ്ഥിതിക ആഘാതം നേരിട്ടുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ടി.എം. മഹാദേവന്‍ കമ്മിറ്റിയുടേയും ത്രിവിക്രംജി കമ്മിറ്റിയുടേയും നിഗമനമനുസരിച്ച് ഖനനം തീരദേശത്തെ ജനങ്ങളുടെ ജീവിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പറയുന്നു. കേരള യൂണിവേഴ്സിറ്റിയുടെ അക്വാട്ടിക് ബയോളജി വിഭാഗത്തില്‍നിന്നു വിരമിച്ച പ്രൊഫ. സി.എം. അരവിന്ദന്‍ നടത്തിയ പഠനത്തില്‍ ഖനനവുമായി ബന്ധപ്പെട്ട പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹങ്ങള്‍ക്കു നികത്താനാവാത്ത നാശനഷ്ടങ്ങള്‍ സംഭവിക്കും എന്ന് പറയുന്നുണ്ട്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയില്‍നിന്നും വിരമിച്ച കെ. ബാഹുലേയന്‍ നടത്തിയ ഗവേഷണ റിപ്പോര്‍ട്ട് ഖനനംകൊണ്ട് കടപ്പുറം ഇല്ലാതായാല്‍ ഈ മേഖലയില്‍ തിങ്ങിപ്പാര്‍ക്കുന്ന ജനങ്ങളെ പുനരധിവസിപ്പിക്കുന്നത് വലിയ സാമൂഹികപ്രശ്‌നം ആകുമെന്നും പറയുന്നു. സമീപപ്രദേശങ്ങളിലെ കൃഷിസ്ഥലങ്ങള്‍ ഉപ്പുവെള്ളം കയറി നശിക്കും. കുടിവെള്ള പ്രശ്‌നം രൂക്ഷമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

മണല്‍ബണ്ടിന്റെ സുരക്ഷിതത്വം

ഇത് ഒരു നാടിന്റെ മാത്രം പ്രശ്‌നമല്ല എന്നാണ് പരിസ്ഥിതിവാദികളുടെ മുന്നറിയിപ്പ്. കടല്‍ത്തീരത്ത് തീരപ്രദേശങ്ങളേയും ഭൗമശാസ്ത്രപരമായ പ്രത്യേകതകളെയാണ് ഈ നിഗമനത്തിലെത്തിയത്. കടല്‍ത്തീരങ്ങള്‍ കടലാക്രമണം പ്രതിരോധിക്കാന്‍ ഉതകുംവിധം രൂപപ്പെട്ട മണല്‍ ബെല്‍റ്റ് ആണ്. ആലപ്പുഴ കൊല്ലം ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന ഓണാട്ടുകര കുട്ടനാട് വരെയുള്ള പ്രദേശങ്ങളില്‍ അറബിക്കടലില്‍നിന്നും സംരക്ഷിക്കുന്ന മണല്‍ കോട്ടയാണ് ആലപ്പാട്. അശാസ്ത്രീയമായ മണല്‍ ഖനനം ഇനിയും തുടര്‍ന്നാല്‍ ആലപ്പാട് മാത്രമല്ല, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളുടെ സിംഹഭാഗവും അറബിക്കടലില്‍ പോകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com