ശിശുമരണങ്ങള്‍ തുടര്‍ക്കഥയാകുന്ന അട്ടപ്പാടി

2018-ലെ അവസാനത്തെ ശിശുമരണം നടന്നത് നെല്ലിപ്പതി ഊരിലാണ്, ഡിസംബര്‍ 21-ന്. രങ്കമ്മയുടേയും പഴനിസ്വാമിയുടേയും ആണ്‍കുഞ്ഞ്.
ശിശുമരണങ്ങള്‍ തുടര്‍ക്കഥയാകുന്ന അട്ടപ്പാടി

ട്ടപ്പാടിക്കാരുടെ ടൗണായ ഗൂളിക്കടവില്‍നിന്ന് അഞ്ചു കിലോമീറ്ററോളം ഉണ്ട് നെല്ലിപ്പതി ഊരിലേക്ക്. 2018-ലെ അവസാനത്തെ ശിശുമരണം നടന്നത് നെല്ലിപ്പതി ഊരിലാണ്, ഡിസംബര്‍ 21-ന്. രങ്കമ്മയുടേയും പഴനിസ്വാമിയുടേയും ആണ്‍കുഞ്ഞ്. ഊരിലെ ഒരു ചെറിയ പെണ്‍കുട്ടി രങ്കമ്മയുടെ വീട്ടിലേയ്ക്ക് വഴികാട്ടി. ശാരീരിക അവശതകള്‍ ഏറെയുണ്ടായിരുന്നു രങ്കമ്മയ്ക്ക്. പ്രസവശസ്ത്രക്രിയ കഴിഞ്ഞതിന്റെ ക്ഷീണവും. ഒപ്പം ആരുടെയൊക്കെയോ അനാസ്ഥ കൊണ്ടുമാത്രം പത്തുമാസം ചുമന്നുനടന്ന കുഞ്ഞു മരിച്ചതിന്റെ ദുഃഖവും.

വിതുമ്പലോടെയാണ് പഴനിസ്വാമിയും രങ്കമ്മയും ആശുപത്രിയിലുണ്ടായ അനുഭവം പറഞ്ഞത്: ''ഡിസംബര്‍ 24-നായിരുന്നു അഗളി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍നിന്ന് പ്രസവത്തീയതി പറഞ്ഞത്. തുടക്കം മുതല്‍ അവിടെത്തന്നെയാണ് കാണിച്ചതും. 12-ന് അഡ്മിറ്റാകാന്‍ പറഞ്ഞെങ്കിലും ഡോക്ടറില്ലാത്തതിനാല്‍ പോയില്ല. 19-ന് പോയി അഡ്മിറ്റായി. അപ്പോഴും ഗൈനക്കോളജിസ്റ്റ് ഇല്ലായിരുന്നു. രണ്ടുദിവസം അവിടെ കിടന്നിട്ടും ഡോക്ടര്‍ വന്നില്ല. 21-ന് വൈകിട്ടോടെ ഭയങ്കര വേദന വന്നു. നഴ്സുമാര്‍ വന്ന് ഇന്‍ജക്ഷന്‍ തന്നു. വേദന സഹിക്കാന്‍ പറ്റാണ്ടായി. ആറുമണിയായപ്പോള്‍ നഴ്സുമാര്‍ വന്നിട്ട് തമിഴ്നാട് അതിര്‍ത്തിയിലുള്ള ബഥനി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയ്ക്കൊള്ളാന്‍ പറഞ്ഞു. ഇവിടെ കിടന്നിട്ട് കാര്യമില്ല എന്നാണ് പറഞ്ഞത്. ആംബുലന്‍സില്‍ ഒരു മണിക്കൂര്‍ അകലെയുള്ള ബഥനിയിലെത്തി. അവിടെ എത്തിയപ്പോളേക്കും രാത്രി 8.30 ഒക്കെയായി. അടിയന്തരമായി ഒരു രോഗി വരുന്നുണ്ട് എന്ന് ഇവിടുത്തെ ആശുപത്രിയില്‍നിന്നും അവിടെ വിളിച്ചറിയിച്ചിരുന്നില്ല. അവിടെ പോയപ്പോള്‍ ഡോക്ടര്‍ ഡ്യൂട്ടി കഴിഞ്ഞ് പോയിരുന്നു. വിളിച്ചറിയിച്ചിരുന്നെങ്കില്‍ അവര്‍ തയ്യാറായി നിന്നേനെ എന്നാണ് അവിടെയുള്ളവര്‍ പറഞ്ഞത്. അതുപോലും ചെയ്തില്ല. പിന്നീട് ഡോക്ടറുടെ വീട്ടില്‍ പോയി കൂട്ടിക്കൊണ്ടുവന്നാണ് ശസ്ത്രക്രിയ നടത്തിയത്. പതിനൊന്നരയോടെ മരിച്ച കുട്ടിയെ ആണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്. ഞങ്ങള്‍ക്കെന്ത് ചെയ്യാന്‍ പറ്റും. കോട്ടത്തറ ആശുപത്രിയിലെ നഴ്സുമാര്‍ പറഞ്ഞത് കുട്ടിക്ക് തൂക്കക്കുറവുണ്ട് എന്നാണ്. കുട്ടിക്ക് 3.200 തൂക്കമുണ്ടായിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ബേജാറാക്കല്‍ മാത്രമാണ്. കോട്ടത്തറയില്‍ അഡ്മിറ്റായ രണ്ടു ദിവസവും തറയിലായിരുന്നു കിടന്നത്. ബെഡൊന്നും ഒഴിവുണ്ടായിരുന്നില്ല. ഡോക്ടര്‍ വരില്ലാന്നറിഞ്ഞിരുന്നെങ്കില്‍ കുറച്ചു നേരത്തെ തന്നെ മറ്റാശുപത്രിയിലേയ്ക്ക് മാറ്റാമായിരുന്നു. ഞങ്ങള്‍ ആദിവാസികളല്ലേ, എങ്ങനെ മരിച്ചാലും പോഷകാഹാരക്കുറവു കാരണം മരിച്ചു എന്ന് എഴുതിവെച്ചാല്‍ മതിയല്ലോ. ആരുണ്ട് ചോദിക്കാന്‍.''

'ശിശുമരണം, പോഷകാഹാരക്കുറവ്'' എന്ന ലേബലില്‍ അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ മരണങ്ങള്‍ സര്‍ക്കാര്‍ രേഖകളില്‍ എഴുതപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2013 മുതല്‍ പുറത്തുവരാന്‍ തുടങ്ങിയ കണക്കുകള്‍ക്ക് 2018-ലും കുറവൊന്നുമില്ല. ഔദ്യോഗിക രേഖകള്‍ പ്രകാരം 14 കുഞ്ഞുങ്ങളും ആദിവാസി സംഘടനകളുടെ കണക്കുകള്‍ പ്രകാരം 21 കുഞ്ഞുങ്ങളുമാണ് 2018-ല്‍ അട്ടപ്പാടിയില്‍ മരിച്ചത്. മരണം വിവിധ രീതിയില്‍ വിഭജിച്ചാണ് രേഖകളില്‍ കാണിക്കുന്നത്. ഗര്‍ഭം അലസല്‍, ചാപിള്ള, ഗര്‍ഭസ്ഥ ശിശുമരണം, ശിശുമരണം എന്നിങ്ങനെയാണ് കണക്കുകള്‍. 2018 നവംബര്‍ വരെ 29 ഗര്‍ഭം അലസല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതടക്കം എല്ലാ മരണങ്ങളും ചേര്‍ത്തുവെച്ചാല്‍ ഔദ്യോഗിക രേഖകള്‍ പ്രകാരം തന്നെ അന്‍പതോളം കുഞ്ഞുങ്ങള്‍ 2018-ല്‍ മാത്രം അട്ടപ്പാടിയില്‍ മരിച്ചിട്ടുണ്ട്. പോഷകാഹാരക്കുറവ് എന്ന ഒറ്റക്കാരണം എഴുതി തീര്‍ക്കാവുന്നതല്ല അട്ടപ്പാടിയിലെ മരണങ്ങള്‍. ആരോഗ്യവതിയായ സ്ത്രീയാണ് രങ്കമ്മ. അവരുടെ രണ്ടാമത്തെ പ്രസവമാണ്. കുട്ടിക്ക് മൂന്ന് കിലോയിലധികം തൂക്കവുമുണ്ട്. കുട്ടി മരിച്ചതിന്റെ ഒരേയൊരു കാരണം അട്ടപ്പാടിയില്‍ ഗൈനക്കോളജിസ്റ്റ് ഇല്ല എന്നതായിരുന്നു. ഏക ആശ്രയമായ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ രണ്ട് ഗൈനക്കോളജിസ്റ്റുമാരും അവധിയിലായിരുന്നു. പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറായതുമില്ല. കണക്കില്‍ ഒരു മരണം കൂടി രേഖപ്പെടുത്തപ്പെട്ടു എന്നല്ലാതെ ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ ഒരു നടപടിയും ഇല്ല. ഒരന്വേഷണവും ഇല്ല. രങ്കമ്മയുടെ കുഞ്ഞിന്റേത് ഔദ്യോഗിക രേഖകളില്‍ ശിശുമരണം പോലും അല്ല, ഗര്‍ഭസ്ഥ ശിശുമരണമാണ്. 

സ്വര്‍ണ്ണഗദ്ദ ഊര്, സംഗീത

നവംബര്‍ 26-നായിരുന്നു സംഗീതയുടെ പെണ്‍കുഞ്ഞ് മരിച്ചത്. ആദ്യത്തെ പ്രസവമായിരുന്നു. സംഗീതയെ തേടി സ്വര്‍ണ്ണഗദ്ദ ഊരിലെത്തിയപ്പോള്‍ മാടുകളേയും കൊണ്ട് പുഴക്കരയിലായിരുന്നു. പുഴവക്കത്തിരുന്നാണ് സംഗീത എന്ന 22 കാരി സംസാരിച്ചത്. കണ്ണുനിറയുമ്പോഴെല്ലാം പുഴയിലേക്ക് നോക്കി അവള്‍ സംസാരിച്ചു. ''ഏഴാംമാസം കടുത്ത തലവേദന വന്നാണ് കോട്ടത്തറ ആശുപത്രിയില്‍ എത്തിയത്. തുടക്കം മുതല്‍ അവിടെ തന്നെയായിരുന്നു കാണിച്ചതും. കുട്ടിക്ക് വൈകല്യം ഉണ്ടോ എന്ന സംശയം പറഞ്ഞ് രണ്ടുതവണ സ്‌കാനിങിന് വിട്ടിരുന്നു. ഒരു തവണ കോയമ്പത്തൂരിലേക്കും പിന്നീട് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലേക്കും. കോട്ടത്തറയില്‍ സ്‌കാനിങ് സൗകര്യമില്ല. മണിക്കൂറുകളോളം യാത്ര ചെയ്തുവേണം ഈ ഊരില്‍നിന്ന് കോയമ്പത്തൂരിലും പെരിന്തല്‍മണ്ണയിലേക്കും എത്താന്‍. എന്നിട്ടും ഡോക്ടര്‍ പറഞ്ഞതുകൊണ്ട് പോയി. റിപ്പോര്‍ട്ട് കാണിച്ചപ്പോള്‍ പേടിക്കാനൊന്നുമില്ല, വളര്‍ച്ചക്കുറവുണ്ട് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല എന്നാണ് കോട്ടത്തറയില്‍നിന്നു പറഞ്ഞത്. അതുകൊണ്ട് പിന്നീട് വേറെ എവിടെയും കാണിച്ചതുമില്ല. ഏഴാംമാസം തലവേദന വന്ന് കോട്ടത്തറയിലെത്തിയപ്പോഴാണ് പറയുന്നത്, സീരിയസാണ് വേറെ എങ്ങോട്ടെങ്കിലും കൊണ്ടുപോകേണ്ടിവരും എന്ന്. അങ്ങനെ ആംബുലന്‍സില്‍ മണിക്കൂറുകളോളം സഞ്ചരിച്ച് പെരിന്തല്‍മണ്ണ ഇ.എം.എസ്. ആശുപത്രിയില്‍ എത്തിച്ചു. അവിടെ എത്തി പ്രസവിച്ചയുടന്‍ കുട്ടി മരിച്ചു. കുറേ സമയത്തേയ്ക്ക് എനിക്ക് ഒന്നും ഓര്‍മ്മയില്ലായിരുന്നു. ഗര്‍ഭകാലത്ത് അംഗണവാടിയില്‍നിന്നു കിട്ടുന്ന റാഗിപ്പൊടിയും ഗോതമ്പും എല്ലാം ഞാന്‍ കൃത്യമായി കഴിച്ചിരുന്നു. ഗര്‍ഭസമയത്ത് തന്നെ എത്ര തവണ സ്‌കാനിങിനും മറ്റും യാത്ര ചെയ്യണം. അപ്പോത്തന്നെ ഇല്ലാത്ത അസുഖങ്ങള്‍ വരില്ലേ.''

സംഗീത
സംഗീത


സംഗീതയുടെ ഭര്‍ത്താവ് രംഗസ്വാമി കൂലിപ്പണിക്കാരനാണ്. പ്രസവം വരെ ഒരു ഗര്‍ഭിണിക്കുള്ള ചെലവും ആ കൂലിയില്‍നിന്നു കണ്ടെത്തണം. ആശുപത്രിയില്‍ പോകുന്ന സമയങ്ങളിലൊന്നും പണിക്കു പോകാനും കഴിയില്ല. അതിനു പുറമെ മാസങ്ങളോളമുള്ള മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളും. ഒടുവില്‍ കുഞ്ഞിന്റെ മരണവും വേദനകളും മാത്രം ബാക്കി. സംഗീതയുടെ കേസ് ഔദ്യോഗിക കണക്കില്‍ രേഖപ്പെടുത്തിയിട്ടുപോലുമില്ല. 

കള്ളക്കര ഊര്, രേവതി

തൊഴിലുറപ്പ് പണിയാണ് കള്ളക്കര ഊരിലെ 31 കാരിയായ രേവതിക്ക്. ഭര്‍ത്താവ് മുരുകന്‍ ഡ്രൈവറാണ്. നവംബര്‍ ഒന്‍പതിനായിരുന്നു നാലാമത്തെ കുഞ്ഞിന്റെ പ്രസവം. രാത്രി ഒന്നരയോടെ വേദന തുടങ്ങിയ രേവതിയെ ഓട്ടോയില്‍ അഞ്ചുകിലോമീറ്റര്‍ അകലെയുള്ള കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പോകും വഴി ഓട്ടോയിലായിരുന്നു പ്രസവം. ആശുപത്രിയുടെ അടുത്തെത്തിയതിനാല്‍ നഴ്സുമാര്‍ വന്നു പൊക്കിള്‍ക്കൊടി മുറിച്ച് അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ''കുട്ടിക്ക് ഭാരം കുറവായിരുന്നു. 1.85 കിലോ ഗ്രാം ആയിരുന്നു തൂക്കം. 2.200 എങ്കിലും ആയിട്ട് ഡിസ്ചാര്‍ജ് ചെയ്താല്‍ മതി എന്നു പറഞ്ഞതുകൊണ്ട് 12 ദിവസം അവിടെത്തന്നെ അഡ്മിറ്റായി. അരമണിക്കൂറൊക്കെ ഇടവിട്ട് പാല്‍ കൊടുക്കാന്‍ എന്റെ കയ്യില്‍ കൊണ്ടുതന്നിരുന്നു. തൂക്കം വെച്ച ശേഷം ആശുപത്രിയില്‍നിന്നു വന്നു. കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. നാലാം ദിവസം രാത്രി പാല്‍ കൊടുത്ത് കിടത്തിയതായിരുന്നു. കുഞ്ഞിന് ചൂട് കുറവായതിനാല്‍ സ്വെറ്ററൊക്കെ ഇട്ടുകൊടുത്തിരുന്നു. പിന്നീട് നോക്കിയിട്ട് എണീക്കുന്നില്ല. മൂക്കില്‍നിന്നു നുരയും ചോരയും വന്നിരുന്നു. ഭര്‍ത്താവ് വന്നു നോക്കിയപ്പോഴേയ്ക്കും കുഞ്ഞു പോയിരുന്നു'' കള്ളക്കര ഊരിലെ കമ്മ്യൂണിറ്റി കിച്ചന്റെ തൊട്ടടുത്തുള്ള വീട്ടിന്റെ വരാന്തയിലിരുന്ന് രേവതി പറഞ്ഞു. ഹൈപ്പോതെര്‍മിയ ആണ് മരണകാരണമായി ആശുപത്രി രേഖകളില്‍ ഉള്ളത്.

രേവതി
രേവതി


മേലെ ചൂട്ടറ ഊരിലെ ബിന്ദുവിന്റെ കുഞ്ഞ് മരിച്ചത് മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി എന്നാണ് ആശുപത്രി രേഖകളില്‍. പ്രസവിച്ച് നാലാം ദിവസമാണ് മൂന്നുകിലോയോളം തൂക്കമുള്ള കുഞ്ഞ് മരിച്ചത്. ഔദ്യോഗിക രേഖയിലെ 14 മരണങ്ങളില്‍ ആറും മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി എന്നാണ് കാണിച്ചിരിക്കുന്നത്. വിചിത്ര വാദമായാണ് ആദിവാസി സംഘടനകള്‍ ഇതിനെ കാണുന്നത്. ഊരിലെ അമ്മമാരില്‍ പലര്‍ക്കും എന്തുകൊണ്ടാണ് തങ്ങളുടെ കുട്ടി മരിച്ചത് എന്നത് പോലും അറിയില്ല. 

പോഷകാഹാരം മാത്രം പോര

ഷോളയൂര്‍, പുതൂര്‍, അഗളി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന അട്ടപ്പാടിയില്‍ ഏകദേശം 30,000 ത്തോളം ആദിവാസികളാണുള്ളത്. ഇരുള, മുഡുക, പ്രാകത്‌ന ആദിവാസി വിഭാഗമായ കുറുമ്പ സമുദായങ്ങളിലുള്ളവരാണിവര്‍. 2013-ല്‍ 31 മരണങ്ങള്‍ ഔദ്യോഗിക കണക്കിലും അറുപതോളം മരണങ്ങള്‍ അനൗദ്യോഗിക കണക്കിലും രേഖപ്പെടുത്തപ്പെട്ട അട്ടപ്പാടിയില്‍ അതിനുശേഷം വിവിധങ്ങളായ പദ്ധതികള്‍ കൊണ്ടുവന്നു. കോടികളുടെ ഫണ്ടുകള്‍ പല സര്‍ക്കാര്‍ വകുപ്പുകളില്‍ കൂടി അട്ടപ്പാടിയിലെത്തി. അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചു. പുതിയ ജീവനക്കാരെ നിയമിച്ചു. എന്നാല്‍, ശിശുമരണം മാത്രം ഇല്ലാതായില്ല. 2013-ല്‍ 77 ഗര്‍ഭം അലസലും 18 ഗര്‍ഭസ്ഥ ശിശുമരണവും രേഖകളിലുണ്ട്. തുടര്‍ വര്‍ഷങ്ങളിലും അട്ടപ്പാടിയില്‍ ആദിവാസി കുഞ്ഞുങ്ങള്‍ മരിച്ചു. 2017-ല്‍ 14 ശിശുമരണവും ഏഴ് ഗര്‍ഭസ്ഥ ശിശുമരണവും 24 ഗര്‍ഭം അലസലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2018-ല്‍ 14 ശിശുമരണങ്ങളും അഞ്ച് ഗര്‍ഭസ്ഥ ശിശുമരണവും 29 അബോര്‍ഷന്‍ കേസുകളും അട്ടപ്പാടിയില്‍ നടന്നു. വാര്‍ത്തകള്‍ പുറത്തെത്തുമ്പോള്‍ മാത്രം മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഊരുകയറും, മീറ്റിങ്ങ് നടത്തും, പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷമായും ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍, അട്ടപ്പാടിയുടെ യഥാര്‍ത്ഥ പ്രശ്‌നം കണ്ടെത്തി പരിഹരിക്കേണ്ടിയിരിക്കുന്നു. 
മൂന്നു പഞ്ചായത്തിലെ ആദിവാസികള്‍ക്കുവേണ്ടി സ്ഥാപിതമായ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ സ്‌കാനിങ് സൗകര്യമൊരുക്കാന്‍ ഇനിയെങ്കിലും അധികൃതര്‍ തയ്യാറാവണം. അന്‍പതും അറുപതും കിലോമീറ്റര്‍ സ്‌കാനിങിനുവേണ്ടി മാത്രം ആദിവാസി ഗര്‍ഭിണികളെ ഓടിക്കുന്നത് നീതികേടാണ്. തമിഴ്നാട്ടിലേക്കും മലപ്പുറത്തേക്കും തൃശൂരിലേക്കുമാണ് നിലവില്‍ ഗര്‍ഭിണികളെ റഫര്‍ ചെയ്യുന്നത്. വിദഗ്ദ്ധ ഡോക്ടര്‍മാരും കൂടുതല്‍ ഗൈനക്കോളജിസ്റ്റുകളും കോട്ടത്തറയില്‍ ഉണ്ടാകേണ്ടതാണ്. അട്ടപ്പാടിയില്‍ ഈ ആശുപത്രിക്ക് പുറമെ 28 സബ്സെന്ററുകളും മൂന്ന് പി.എച്ച്.സി.യും ഒരു കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററും അഞ്ച് മൊബൈല്‍ ക്ലിനിക്കുകളും ഉണ്ട്. ഇതില്‍ കൃത്യമായി ജീവനക്കാരെ നിയമിക്കുകയും ഊര്‍ജ്ജിതപ്പെടുത്തുകയും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വികേന്ദ്രീകരിക്കുകയും ചെയ്താല്‍ ഒരു പരിധിവരെ ആശ്വാസമാകും. വാഹനസൗകര്യങ്ങളില്ലാത്ത ഊരുകള്‍ അട്ടപ്പാടിയിലുണ്ട്. വനത്തിനുള്ളില്‍ താമസിക്കുന്ന കുറുമ്പ സമുദായക്കാരാണ് ഇതിന്റെ ദുരന്തം അനുഭവിക്കുന്നത്. വനംവകുപ്പിന്റെ വാഹനങ്ങള്‍ മാത്രമാണ് ഇവിടങ്ങളില്‍ ആശ്രയം. അതിനുവേണ്ടിപ്പോലും കിലോമീറ്ററുകള്‍ നടക്കണം. രോഗികളെ മുളയില്‍ കെട്ടിയാണ് ഇവിടുത്തെ ഊരില്‍നിന്നു റോഡിലേക്കെത്തിക്കുന്നത്. ഇവിടുത്തുകാര്‍ക്ക് താഴെ ആശുപത്രികളിലേക്കെത്തുന്നതുപോലും അതീവ ദുഷ്‌കരമാണ്. സബ്സെന്ററുകളിലൂടെ വിദഗ്ദ്ധ ചികിത്സകളടക്കം വികേന്ദ്രീകരിക്കാന്‍ തയ്യാറായാല്‍ ഇവര്‍ക്ക് പ്രയോജനമാകും. വനപ്രദേശമായതിനാല്‍ വൈദ്യുതി കണക്ഷനും ഇവിടെയില്ല. സോളാര്‍ പാനലാണ് ആശ്രയം. മഴക്കാലമായാല്‍ മണ്ണെണ്ണ വിളക്കും. ഗതാഗത സൗകര്യമെങ്കിലും ഇവര്‍ക്ക് ഒരുക്കിക്കൊടുക്കേണ്ടതാണ്. ആദിവാസികള്‍ക്കിടയില്‍ തന്നെയുള്ള ഉന്നത വിദ്യാഭ്യാസം നേടിയ ആളുകളെ ഇത്തരം ആരോഗ്യസ്ഥാപനങ്ങളില്‍ നിയമിച്ചാല്‍ ഇവര്‍ക്കിടയിലുള്ള ഭാഷാപ്രശ്‌നങ്ങളും മറ്റും മറികടക്കാനും സാധിക്കും.

അട്ടപ്പാടിയിലെ നെല്ലിപ്പതി ഊര്
അട്ടപ്പാടിയിലെ നെല്ലിപ്പതി ഊര്

അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ യഥാര്‍ത്ഥ കാരണം പോഷകാഹാരക്കുറവ് മാത്രമല്ല. പോഷകാഹാരക്കുറവ് ആദിവാസികള്‍ക്കിടയില്‍ ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, കുഞ്ഞുങ്ങളുടെ മരണകാരണം അതുമാത്രമായി ചുരുക്കുന്നത് അപകടകരമാണ്. മരിച്ച ആറു കുട്ടികള്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി എന്നു കാരണം പറയുന്നത് ആദിവാസി സംഘടനകള്‍ ആരോപിക്കുന്നതുപോലെ ദുരൂഹമാണ്. വൈകല്യമുള്ള കുട്ടികള്‍ ജനിക്കുന്നത് എന്തുകൊണ്ടെന്നു കണ്ടെത്തണം. നവജാതശിശുമരണത്തോടൊപ്പം തന്നെ ഗര്‍ഭസ്ഥശിശുമരണത്തേയും ഗൗരവത്തോടെ കാണേണ്ടതുണ്ട്. കൃത്യമായ പഠനത്തിലൂടെ അട്ടപ്പാടിയിലെ കുഞ്ഞുങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു എന്നു കണ്ടെത്തേണ്ടിയിരിക്കുന്നു. പോഷകാഹാര പാക്കേജുകളുടെ പ്രഖ്യാപനമല്ല ഇനിയും അട്ടപ്പാടിക്ക് ആവശ്യം. മരണത്തിന്റെ വര്‍ഷാവര്‍ഷമുള്ള കണക്കെടുക്കാന്‍ മാത്രമാകരുത് സര്‍ക്കാര്‍ വകുപ്പുകള്‍. കാരണങ്ങള്‍ കണ്ടെത്തിയുള്ള പരിഹാരമാണ് ആവശ്യം.

ആദിവാസികള്‍ ആവശ്യപ്പെടാത്ത വികസനം

വി.എസ്. മുരുകന്‍ 
(ആദിവാസി ആക്ടിവിസ്റ്റ്)

കണക്കുകള്‍ കുറച്ചു കാണിക്കുകയാണ്. യഥാര്‍ത്ഥ വിവരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തുവിടുന്നില്ല. പണ്ട് ഞങ്ങള്‍ക്ക് ആശുപത്രികളില്ല, റേഷന്‍ കടയില്ല, അംഗണവാടിയില്ല. എന്നിട്ടും അന്നൊന്നും ആദിവാസികള്‍ക്കിടയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ വികസനത്തിനുശേഷമാണ് ആദിവാസികളുടെ സര്‍വ്വതും നഷ്ടപ്പെട്ടു തുടങ്ങിയത്. അതുവരെ സുഭിക്ഷമായി ജീവിച്ച ഒരു ജനതയായിരുന്നു ഞങ്ങളുടേത്. ആദിവാസികള്‍ ആവശ്യപ്പെടാത്ത ഒരു വികസനമാണ് ഇവിടെ നടപ്പാക്കിയത്. നിക്ഷിപ്തതാല്പര്യക്കാരും മറ്റു ലോബികളും ആവശ്യപ്പെടുന്ന വികസനമാണ് അട്ടപ്പാടിയില്‍ ഇപ്പോഴും നടക്കുന്നത്.

സുതാര്യമായ അന്വേഷണം വേണം

സുരേഷ്  
(ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ്)

14.3 ശതമാനമാണ് അട്ടപ്പാടിയിലെ ശിശുമരണനിരക്ക് കാണിക്കുന്നത്. ഇതു കള്ളമാണ്. ശിശുമരണം ആദിവാസികള്‍ക്കിടയില്‍ മാത്രമാണ്. അവരുടെ ഇടയിലെ മാത്രം ജനനനിരക്ക് വെച്ചു വേണം അത് കണക്കാക്കാന്‍. അങ്ങനെ നോക്കിയാല്‍ 26.24 ശതമാനമാണ് മരണനിരക്ക്. ഗര്‍ഭമലസലും ശിശുമരണമാണ്. അതങ്ങനെതന്നെ കാണണം. കാറ്റഗറൈസ് ചെയ്ത് തീവ്രത കുറയ്ക്കുകയാണ് അധികൃതര്‍. ഇത്രയും കോടികള്‍ ഒഴുക്കിയിട്ടും അട്ടപ്പാടിയിലെ ഏത് കുടുംബത്തിനെയാണ് ഇവര്‍ സസ്റ്റെയിനബിള്‍ ഡവലപ്മെന്റ് ഗ്രാഫില്‍ മുന്‍പിലെത്തിച്ചിട്ടുള്ളത്. ഏതു വിഷയം വരുമ്പോഴും പാക്കേജ് നടപ്പാക്കുകയല്ല വേണ്ടത്. സുതാര്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയാണ്. ഇരയാകുന്ന സമൂഹം സത്യം വിളിച്ചു പറയുമ്പോള്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകുന്നില്ല.

രങ്കപ്പയും പഴനിസ്വാമിയും
രങ്കപ്പയും പഴനിസ്വാമിയും

മരണകാരണം ശാസ്ത്രീയമായി തെളിയിക്കണം

രാജേന്ദ്രപ്രസാദ്  
(പ്രസിഡന്റ്, സെന്റര്‍ ഫോര്‍ ട്രൈബല്‍ എജ്യുക്കേഷന്‍ ഡവലപ്മെന്റ് ആന്റ് റിസര്‍ച്ച്)

2013-ല്‍ തമ്പ് നടത്തിയ പഠനത്തിലാണ് അട്ടപ്പാടിയിലെ ശിശുമരണം കണ്ടെത്തുന്നതും വാര്‍ത്തയാകുന്നതും. അതിനുശേഷമുള്ള വര്‍ഷങ്ങളില്‍ മരണസംഖ്യ കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് ഗൗരവത്തോടെ കാണണം. പഠനാന്തരം ഞങ്ങള്‍ സര്‍ക്കാരിലേക്ക് വെച്ച നിര്‍ദ്ദേശങ്ങളില്‍ ഒന്ന്, മരുന്നും ഭക്ഷണവും നല്‍കുക, രണ്ട്-ഭൂമി പ്രശ്‌നം അഡ്രസ്സ് ചെയ്യുക എന്നതാണ്. ഇതില്‍ ആദ്യത്തേതു മാത്രമേ ചെയ്തിട്ടുള്ളൂ. ഭൂമിയുടെ കാര്യത്തില്‍ ഇടപെടല്‍ ഉണ്ടായിട്ടില്ല. എന്തുകൊണ്ട് അട്ടപ്പാടിയില്‍ മരണം നടക്കുന്നു എന്നതില്‍ കൃത്യമായ ഒരു അന്വേഷണം വേണം. പുറത്തുനിന്ന് ഒരു ടീമിനെത്തന്നെ കൊണ്ടുവന്നു ക്ലിനിക്കല്‍ സ്റ്റഡി നടത്തണം. കുഞ്ഞുങ്ങള്‍ പാലുകയറി മരിച്ചു എന്നത് വിശ്വസിക്കാന്‍ എന്നെപ്പോലെയുള്ളവര്‍ക്ക് കഴിയില്ല. ശാസ്ത്രീയമായി തെളിയിക്കാന്‍ പറ്റണം. എന്നാലേ തെളിവുസഹിതം പൊതുസമൂഹത്തോട് പറയാന്‍ കഴിയൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com