ശ്രീറാമിനു മുന്നില്‍ വഴിമാറുന്ന നിയമം 

അനാവശ്യമായ പരിഗണനയും കേസ് അട്ടിമറിക്കാന്‍ നടത്തിയ വഴിവിട്ട നീക്കങ്ങളും പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതെങ്ങനെ?
ശ്രീറാമിനു മുന്നില്‍ വഴിമാറുന്ന നിയമം 

മൊബൈല്‍ ഫോണില്‍ സംസാരിച്ചു വാഹനമോടിക്കരുത് എന്ന നിയമം അനുസരിക്കാനാണ് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വഴിയരികില്‍ ബൈക്ക് നിര്‍ത്തിയത്; എന്നാല്‍, നിയമം ലംഘിക്കാന്‍ മടിക്കാതെയാണ് മദ്യലഹരിയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ അതിവേഗം കാര്‍ ഓടിച്ചത്. പക്ഷേ, ആ കാറിടിച്ച് ബഷീര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ നിയമലംഘനം അങ്ങനെയല്ലാതാക്കാനാണ് ശ്രമം. ആഗസ്റ്റ് രണ്ടിനു രാത്രി 12.55-നു തലസ്ഥാന നഗരത്തിലെ പാളയം-വെള്ളയമ്പലം റോഡിലുണ്ടായ അപകടത്തിനുശേഷമുള്ള സംഭവങ്ങള്‍ കുറ്റവാളിയെ രക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരും പൊലീസും ശ്രമിക്കുന്നതിന്റെ നേര്‍സാക്ഷ്യമായി മാറുകയാണ്. അപകടത്തിന്റെ മൂന്നാം ദിവസം വൈകിട്ടോടെ ശ്രീറാം വെങ്കിട്ടരാമനെ സസ്പെന്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായി. അന്നുതന്നെ, സ്വന്തം ചുമതലകള്‍ നിറവേറ്റാതെ ആരുടേയോ നിയമവിരുദ്ധ ഉത്തരവുകള്‍ നടപ്പാക്കിയ മ്യൂസിയം എസ്.ഐ ജയപ്രകാശിനും സസ്പെന്‍ഷന്‍ കിട്ടി; എ.ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് അഞ്ചംഗ സംഘം രൂപീകരിച്ചു. സമാന്തരമായി മറ്റുചിലതും അതേ ദിവസം നടന്നു. ശ്രീറാമിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിച്ചപ്പോള്‍ പ്രതിയുടെ അഭിഭാഷകന്‍ ഉന്നയിച്ച വാദങ്ങളാണ് അതില്‍ പ്രധാനം. ഒന്ന്, അപകടം നടന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്താനായില്ല. രണ്ട്, ജുഡീഷ്യല്‍ കസ്റ്റഡിയിലായിട്ടും ശ്രീറാമിന്റെ വിരലടയാളം എടുത്തിട്ടില്ല; അതുകൊണ്ട് കാറോടിച്ചത് ശ്രീറാം ആണെന്നുപോലും ഉറപ്പില്ല. 

കിംസ് ആശുപത്രിയില്‍നിന്ന് ആഗസ്റ്റ് നാലിനു മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജയില്‍ സെല്ലിലേക്കു മാറ്റാന്‍ കോടതി നിര്‍ദ്ദേശിച്ച ശ്രീറാമിനെ സൂപ്പര്‍ സ്പെഷ്യാലിറ്റി ഐ.സി.യുവില്‍ കിടത്തിയാണ് ഇപ്പോള്‍ 'ചികിത്സ.' അപകടസമയത്തു കൈക്കു പൊട്ടല്‍ മാത്രം ഉണ്ടായിരുന്നയാളുടെ നട്ടെല്ലിനു പൊട്ടലുണ്ട് എന്നാണ് കിംസിന്റെ റിപ്പോര്‍ട്ടില്‍. അങ്ങനെയാണ് അതീവ ഗുരുതരാവസ്ഥയിലെപ്പോലെ സ്ട്രെച്ചറില്‍ കിടത്തി മൂടിപ്പുതച്ച് കിംസില്‍നിന്ന് ഇറക്കിയത്. ജയിലില്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് മെഡിക്കല്‍ കോളേജ് സെല്ലിലേക്കു മാറ്റാന്‍ മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചതാകട്ടെ, കുഴപ്പമൊന്നും കാണാത്തതുകൊണ്ടാണ് താനും. പക്ഷേ, സര്‍ക്കാരിന്റെ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചപ്പോള്‍ സെല്ലില്‍ കിടത്താതിരിക്കാന്‍ മറ്റൊരു കാരണം കണ്ടെത്തി: ശ്രീറാം മാനസിക സമ്മര്‍ദ്ദത്തിലാണ്.

ബഷീര്‍ ഇന്ന് ഇല്ല; അപകടം നടന്ന ഉടന്‍ മരിച്ച ആ 35 വയസ്സുകാരന്റെ ഭാര്യ ജസീല രണ്ടു പെണ്‍കുഞ്ഞുങ്ങളുമായി അനിശ്ചിത ജീവിതത്തെ നോക്കി പകച്ചിരിക്കുന്നു. കണ്ണീരടങ്ങാന്‍ കാലമെടുക്കും; ഓര്‍മ്മകള്‍ അടങ്ങുകയേയില്ല. വിയോഗനഷ്ടം നികത്താനുമാകില്ല. ശ്രീറാം എന്ന 33-കാരന്‍ ഐ.എ.എസുകാരന്‍ ഡോക്ടറുടെ ജീവിതവും കരിയറും തകരാതിരിക്കാന്‍ ഐ.എ.എസുകാരിലേയും പൊലീസിലേയും ഡോക്ടര്‍മാരിലേയും ഒരു വിഭാഗം ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. മദ്യപാനാഘോഷം നടത്തി കാലുറയ്ക്കാത്ത നിലയിലായപ്പോള്‍ വനിതാ സുഹൃത്തിനെ കാറുമായി വിളിച്ചുവരുത്തിയ ശ്രീറാം വാശിപിടിച്ചാണ് സ്വയം കാറോടിച്ചത്. സുഹൃത്ത് വഫ ഫിറോസ് മജിസ്ട്രേറ്റിനു നല്‍കിയ മൊഴിയിലാണ് ഈ വെളിപ്പെടുത്തല്‍. അത് പൂര്‍ണ്ണരൂപത്തില്‍ പുറത്തു വന്നുകഴിഞ്ഞു. പക്ഷേ, ശ്രീറാം മദ്യപിച്ചിരുന്നില്ല എന്നും വേറെന്തോ വിരോധംകൊണ്ട് ആരൊക്കെയോ വേട്ടയാടുകയാണ് എന്നും വരുത്താനുമുള്ള ശ്രമങ്ങള്‍ സജീവം.

കെഎം ബഷീര്‍
കെഎം ബഷീര്‍

അപകടം നടന്നതിനു തൊട്ടടുത്തുള്ള മ്യൂസിയം പൊലീസ് സ്റ്റേഷനില്‍നിന്നു മിനിറ്റുകള്‍ക്കകം എത്തിയ പൊലീസ് ശ്രീറാമിനെ തിരിച്ചറിഞ്ഞതു മുതല്‍ ഇരയെ മറന്നു പ്രതിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. ഓട്ടോ വിളിച്ച് വഫയെ വീട്ടിലേക്കു വിടുന്നു, രണ്ടുപേരുടേയും വൈദ്യപരിശോധന ഒഴിവാക്കുന്നു, മാധ്യമങ്ങള്‍ ഇടപെട്ടപ്പോള്‍ വഫയെ മാത്രം തിരിച്ചുവിളിച്ച് പരിശോധിക്കുന്നു, ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ അനുവദിക്കുന്നു. ഇത്രയും ഒന്നാം ഘട്ടം. വഴിയരികില്‍ കാറിടിച്ചു മരിച്ച നിരപരാധി ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ അവിടെ തീരുമായിരുന്നു കാര്യങ്ങള്‍. മദ്യപിക്കാത്ത സുഹൃത്താണ് കാറോടിച്ചത് എന്നായി മാറുമായിരുന്നു. അല്ലെങ്കില്‍ അശ്രദ്ധമായി ബൈക്കോടിച്ചയാള്‍ കാറിനടിയില്‍പ്പെട്ടു എന്നും ആകാം. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഒരു കേസ്, പൊലീസ് സ്റ്റേഷനില്‍നിന്നുതന്നെ ജാമ്യം. അതിനപ്പുറം പോകില്ല. അതിനാണ് പൊലീസും ശ്രീറാമിനുവേണ്ടി നിമിഷങ്ങള്‍ക്കകം ഇടപെട്ട ഐ.എ.എസ് ഉന്നതരും ശ്രമിച്ചത്. കൂടിവന്നാല്‍ ശ്രീറാമും വഫയും തമ്മിലുള്ള ബന്ധത്തിലേയ്ക്കു ചില ചുഴിഞ്ഞുനോട്ടങ്ങള്‍ മാത്രമാണ് പിന്നീടുണ്ടാവുക. രാവും പകലും നടക്കുന്ന നിരവധി വാഹനാപകടങ്ങളില്‍ പലതും ഇരയ്ക്കു നീതി കിട്ടാതേയും പ്രതിക്കു ശിക്ഷ കിട്ടാതേയും യാദൃച്ഛിക സംഭവങ്ങളായി അങ്ങനെയാണ് ഒതുങ്ങിപ്പോകുന്നത്. 

പക്ഷേ, കാറോടിച്ചത് പുരുഷനായിരുന്നു എന്നും അയാള്‍ മദ്യപിച്ചു നിയന്ത്രണം തെറ്റിയ നിലയിലായിരുന്നു എന്നും നേരിട്ട് കണ്ടവര്‍ പറയാന്‍ തയ്യാറായി. കുറ്റവാളിയെ രക്ഷിച്ച് അന്വേഷണം അട്ടിമറിക്കാന്‍ അനുവദിക്കാതെ തലസ്ഥാനത്തെ മാധ്യമലോകം ആ അര്‍ധരാത്രി മുതല്‍ കണ്ണും കാതും തുറന്നുപിടിച്ചു ജാഗ്രതയോടെ നിന്നു. മരിച്ചത് തങ്ങളിലൊരാളാണ് എന്നതു മാത്രമല്ല കാരണം; തെളിവുകളും സാക്ഷികളും സംശയരഹിതമാണ് എന്നതുകൂടിയായിരുന്നു,
എന്നിട്ടും ശ്രീറാമിനെ നിരപരാധിയും നിഷ്‌കളങ്കനുമായി അവതരിപ്പിക്കാനുള്ള രണ്ടാം ഘട്ട ശ്രമവും മൂന്നാം ഘട്ട ശ്രമവുമുണ്ടായി. ഇനിയെത്ര ഘട്ടങ്ങള്‍ എന്നു കണ്ടുതന്നെ അറിയണം.

കിംസ് ആശുപത്രിയില്‍ എത്തിയാണ് മൂന്നിന് വൈകിട്ട് പൊലീസ് ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതും പിന്നീട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശ്രീറാമിനെ റിമാന്‍ഡ് ചെയ്തതും. ജനറല്‍ ആശുപത്രിയില്‍നിന്നു പുലര്‍ച്ചെ ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത ഡോക്ടര്‍ 'ഇയാളെ മദ്യം മണക്കുന്നുണ്ട്' എന്നും ഒ.പി ടിക്കറ്റില്‍ എഴുതി. പക്ഷേ, പരിശോധനയ്ക്ക് രക്തസാമ്പിള്‍ എടുത്തില്ല. പൊലീസ് ആവശ്യപ്പെട്ടില്ല എന്നാണ് മാധ്യമപ്രവര്‍ത്തകരോട് ഡോക്ടര്‍ വെളിപ്പെടുത്തിയത്. അവിടെനിന്ന് ഇറങ്ങിയ ശ്രീറാമിനെ പൊലീസ് തന്നെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍, ശ്രീറാമിന്റെ സുഹൃത്തുക്കള്‍ എത്തി കിംസിലേക്ക് കൊണ്ടുപോവുകയായിരുന്നു. പൊലീസ് അത് അനുവദിച്ചു. വഫ ഫിറോസാണ് കാറോടിച്ചത് എന്ന നിലപാടിലായിരുന്നു പൊലീസ്. അപകടം അറിഞ്ഞ് എത്തിയ മാധ്യമപ്രവര്‍ത്തകരോട് മ്യൂസിയം എസ്.ഐ പറഞ്ഞതും അതാണ്. അവരെ വൈദ്യപരിശോധന നടത്തി എന്നു തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആ സമയത്തുതന്നെ ഇടപെട്ടപ്പോഴാണ് പൊലീസ് അവരെ വിളിച്ചുവരുത്തി വൈദ്യ പരിശോധന നടത്തിയത്.

പക്ഷേ, ആ സമയം മുതല്‍ ഇരയ്ക്കൊപ്പം നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഇടപെടലുകളും മുഖ്യമന്ത്രിയുടെതന്നെ നേരിട്ടുള്ള നിര്‍ദ്ദേശങ്ങളും പലപ്പോഴും അട്ടിമറിക്കപ്പെട്ടു. ശ്രീറാമിന്റെ രക്തസാമ്പിള്‍ പരിശോധന ഒമ്പത് മണിക്കൂര്‍ വൈകിപ്പിച്ചതാണ് ഇതിന് ഒന്നാമത്തെ ഉദാഹരണം. അപ്പോഴേയ്ക്കും രക്തത്തില്‍നിന്ന് ആല്‍ക്കഹോളിന്റെ അംശം പൂര്‍ണ്ണമായിത്തന്നെ ഇല്ലാതായിട്ടുണ്ടാകും എന്നു സംശയമുണ്ടായിരുന്നു. അഞ്ചിനു കെമിക്കല്‍ ലാബിന്റെ പരിശോധനാ റിപ്പോര്‍ട്ട് വന്നപ്പോള്‍ അതു ശരിയാവുകയും ചെയ്തു. ഔദ്യോഗികമായി റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുന്‍പുതന്നെയാണ് ശ്രീറാമിന്റെ അഭിഭാഷകന്‍ അതിലെ ഉള്ളടക്കത്തെക്കുറിച്ച് കോടതിയില്‍ പറഞ്ഞത്. 

റിമാന്‍ഡ് പ്രതിയായല്ല കിംസ് ആശുപത്രിയില്‍ ശ്രീറാം കഴിയുന്നത് എന്ന വിവരം നാലിനു രാവിലെ തന്നെ പുറത്തുവന്നു. ഡീലക്‌സ് റൂം, ടിവി, സന്ദര്‍ശകര്‍, ഇഷ്ടഭക്ഷണങ്ങള്‍, മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയ എല്ലാ സൗകര്യങ്ങളോടെയുമുള്ള 'ജുഡീഷ്യല്‍ കസ്റ്റഡി' വാട്സാപ് നമ്പര്‍ മിക്കപ്പോഴും ഓണ്‍ലൈനിലുമായിരുന്നു. തലേന്ന് ബഷീറിന്റെ മൃതദേഹം തിരുവനന്തപുരം പ്രസ്സ്‌ക്ലബില്‍ പൊതുദര്‍ശനത്തിനു വച്ച അതേ സമയത്താണ് ആശുപത്രിയില്‍ ശ്രീറാമിന്റെ വിരലടയാളം എടുക്കാന്‍ പൊലീസ് ഒരു ശ്രമം നടത്തിയെന്നു വരുത്തിയത്. അപ്പോള്‍ വൈകുന്നേരം നാലു മണിയായിരുന്നു. വിരലടയാളമെടുക്കാന്‍ ഡോക്ടര്‍മാര്‍ പൊലീസിനെ അനുവദിച്ചില്ല. ഒരു കയ്യില്‍ പ്ലാസ്റ്ററാണെന്നും മറ്റേ കൈയില്‍ ഡ്രിപ്പ് ഇട്ടിരിക്കുകയാണെന്നുമുള്ള അവരുടെ വാദം നേരത്തേ മനസ്സിലാക്കിത്തന്നെയാണ് പൊലീസ് എത്തിയത്. ചുമതല നിര്‍വ്വഹിക്കാന്‍ ശ്രമിച്ചുവെന്നു വരുത്തുകയായിരുന്നു ലക്ഷ്യം. അവര്‍ അതു നേരിട്ടു പറഞ്ഞപ്പോള്‍ പൊലീസ് പോയതുപോലെ മടങ്ങി. ഈ വിവരം മാധ്യമപ്രവര്‍ത്തകര്‍ക്കു ലഭിച്ച ഉടനെ ഇടപെടലിനു ശ്രമിച്ചു. പൊലീസ് വീണ്ടും അതേവിധം ഒരു ശ്രമംകൂടി നടത്തി. പഴയ നിലപാടുതന്നെ ശ്രീറാമിനുവേണ്ടി ആശുപത്രി ആവര്‍ത്തിച്ചു. പ്രതിയുടെ വിരലടയാളം തന്നെയാണോ കാറിന്റെ സ്റ്റീയറിംഗിലും ഡ്രൈവിംഗ് സീറ്റിലും മറ്റുമുള്ളത് എന്നു ശാസ്ത്രീയമായി സ്ഥിരീകരിക്കാനുള്ള ശ്രമം അവിടെ നിലച്ചു. എന്നാല്‍, കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനുള്ള വക്കാലത്ത് അതേ കൈകൊണ്ട് ഒപ്പിട്ടുകൊടുക്കാന്‍ ശ്രീറാമിനു ബുദ്ധിമുട്ടുണ്ടായുമില്ല. 

ഐ.എ.എസ്
ലോബിയുടെ കരുക്കള്‍

അശ്രദ്ധയോടെ വാഹനമോടിച്ച് അപകടമുണ്ടാകുമ്പോള്‍ എടുക്കുന്ന സാധാരണ നടപടികളും അറസ്റ്റ് ചെയ്‌തെന്നു വരുത്തി അപ്പോള്‍ത്തന്നെ പൊലീസ് സ്റ്റേഷന്‍ ജാമ്യം നല്‍കാനുള്ള നീക്കങ്ങളും ഏറെ മുന്നോട്ടു പോയിരുന്നു. എന്നാല്‍, അത് നടപ്പാക്കാന്‍ അനുവദിക്കാതെ ജാമ്യം ലഭിക്കാത്ത വകുപ്പ് ഉള്‍പ്പെടുത്തി കേസെടുക്കാന്‍ പൊലീസ് നിര്‍ബ്ബന്ധിതമായി. മാധ്യമ സമൂഹത്തിന്റെ ഇടപെടല്‍ ആ ഘട്ടത്തില്‍ ഫലം കണ്ടു. നീതിയുടെ പക്ഷത്തുനിന്നുകൊണ്ടുള്ള ഈ നീക്കങ്ങളെയാണ് മാധ്യമ സമ്മര്‍ദ്ദവും രാഷ്ട്രീയ സമ്മര്‍ദ്ദവുമായി ശ്രീറാമിന്റെ അഭിഭാഷകര്‍ കോടതിയില്‍ ആരോപിച്ചത്. പിന്നീടും പലവട്ടം ഭരണ-രാഷ്ട്രീയ നേതൃത്വത്തിനു പുല്ലുവില കല്പിച്ച് ഐ.എ.എസ് ലോബി കരുക്കള്‍ നീക്കിക്കൊണ്ടിരുന്നു. കാറിന്റെ ഫൊറന്‍സിക് പരിശോധന വൈകിപ്പിച്ച് തെളിവുകള്‍ നശിക്കാന്‍ പരമാവധി സമയം നല്‍കിയത്, ദൃക്സാക്ഷി മൊഴികള്‍ എടുക്കാത്തത് ഇതൊക്കെ ഉദാഹരണങ്ങള്‍. പൊലീസ് പുറത്തുവിട്ട എഫ്.ഐ.ആറില്‍ ദുര്‍ബ്ബല വകുപ്പുകളായിരുന്നു എന്നതും പൊലീസ് അപകടം അറിഞ്ഞെത്തിയ സമയത്തെക്കുറിച്ചുള്‍പ്പെടെ നുണകള്‍ എഴുതിച്ചേര്‍ത്തതും അതിനേക്കാളൊക്കെ വലിയ കള്ളക്കളികളുടെ നേര്‍സാക്ഷ്യമായി. 12.55-നു നടന്ന അപകട സ്ഥലത്ത് ഒരു മണിക്ക് എത്തിയ പൊലീസ് അതു രാവിലെ ഏഴേകാലിന് അറിഞ്ഞുവെന്നാണ് എഫ്.ഐ.ആറില്‍.

അപകടസ്ഥലം
അപകടസ്ഥലം

അറസ്റ്റിലും റിമാന്‍ഡിലുമായ ശേഷം പിറ്റേന്നു റിമാന്‍ഡ് പ്രതി സകല സൗകര്യങ്ങളോടെയും കഴിയുന്നതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ നേതൃത്വവും സിറാജ് ദിനപത്രവും പ്രത്യേകം വാര്‍ത്താസമ്മേളനം നടത്തി. പ്രതിയെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘത്തെക്കൊണ്ട് പരിശോധിപ്പിക്കുക, ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള സത്യാവസ്ഥ പുറത്തുവിടുക, മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജയില്‍ സെല്ലിലേക്ക് മാറ്റുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്. വൈകുന്നേരത്തിനു മുന്‍പ് തീരുമാനമുണ്ടായില്ലെങ്കില്‍ കിംസിലേക്ക് മാര്‍ച്ച് ചെയ്യുമെന്ന് മാധ്യമപ്രവര്‍ത്തകരും സമരപരിപാടികള്‍ ആലോചിക്കേണ്ടി വരുമെന്ന് സിറാജ് ജീവനക്കാരും വ്യക്തമാക്കി. ഇതോടെ മാധ്യമപ്രവര്‍ത്തകരെ ഭിന്നിപ്പിക്കാന്‍ വലിയ ശ്രമങ്ങളാണ് നടന്നത്. ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തില്ല എന്ന ഉറപ്പ് യൂണിയന്‍ നേതൃത്വം തങ്ങള്‍ക്കു നല്‍കിയതായി ആശുപത്രി കേന്ദ്രങ്ങളില്‍നിന്നുതന്നെ ചില മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. അതൊരു കള്ളമായിരുന്നു എന്നു വേഗംതന്നെ വ്യക്തമായി. കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്നു മനസ്സിലായപ്പോഴാണ് കിംസില്‍നിന്നു മാറ്റാനുള്ള തീരുമാനമുണ്ടായത്. അത് മറ്റൊരു നാടകത്തിന്റെ തുടക്കമായിരുന്നു. 

ബൈക്ക് ഇടിച്ചിട്ടശേഷം കാറില്‍നിന്ന് ഉറയ്ക്കാത്ത കാല്‍വയ്പുകളോടെ ഡ്രൈവിംഗ് സീറ്റില്‍നിന്ന് ഇറങ്ങിയ പുരുഷന്‍ റോഡില്‍ വീണുകിടന്ന ബൈക്ക് യാത്രക്കാരനെ വാരിയെടുത്ത് അതുവഴി വന്ന സ്‌കൂട്ടറില്‍ കയറ്റാനും കാറില്‍ കയറ്റാനും മറ്റും ശ്രമിച്ചുവെന്നു ദൃക്സാക്ഷികള്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ശ്രീറാമിനെ പൊലീസ് ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ അയാള്‍ നടന്നാണ് ജീപ്പില്‍ കയറിയത്. എന്നാല്‍, കിംസില്‍നിന്നു പുറത്തേയ്ക്കു പൊലീസിനൊപ്പം നടന്നുവരുന്ന ശ്രീറാമിനെ കാത്തുനിന്ന മാധ്യമ ക്യാമറകള്‍ക്കു മുന്നിലേക്ക് വന്നത് ശരീരം മുഴുവന്‍ മൂടി, മുഖത്ത് മാസ്‌ക് ഇട്ട് സ്ട്രെച്ചറില്‍ കിടത്തിയ നിലയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയെപ്പോലെ അഭിനയിക്കാന്‍ അഭിഭാഷകരുടെ ഉപദേശവും ഡോക്ടര്‍മാരുടെ സഹായവും ഐ.എ.എസ് ലോബിയുടേയും പൊലീസിന്റേയും ഒത്താശയും ലഭിച്ചു.

ശ്രീരാമിനെ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ സ്‌ട്രെക്ചറില്‍ കിടത്തി മജിസ്‌ട്രേറ്റിന്റെ അടുത്ത് എത്തിച്ചപ്പോള്‍
ശ്രീരാമിനെ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ സ്‌ട്രെക്ചറില്‍ കിടത്തി മജിസ്‌ട്രേറ്റിന്റെ അടുത്ത് എത്തിച്ചപ്പോള്‍

ആംബുലന്‍സില്‍ മജിസ്ട്രേട്ടിന്റെ വീട്ടിലെത്തിച്ചപ്പോള്‍ ജാമ്യാപേക്ഷ നല്‍കാന്‍ അവിടെ അഭിഭാഷകരും തയ്യാറായി നിന്നു. പക്ഷേ, ആംബുലന്‍സില്‍ കയറി പ്രതിയെ കണ്ട മജിസ്ട്രേട്ട് നേരെ ജയിലിലേക്ക് അയയ്ക്കാനാണ് നിര്‍ദ്ദേശിച്ചത്. പൂജപ്പുര സബ്ജയിലില്‍ റിമാന്‍ഡ് പ്രതി എന്ന നിലയില്‍ എത്തിച്ചശേഷം ആരോഗ്യസ്ഥിതി പരിശോധിച്ചിട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് ആവശ്യമെങ്കില്‍ മാറ്റാനും നിര്‍ദ്ദേശിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് പിറ്റേന്നത്തേക്കും മാറ്റി. സബ്ജയിലിനു മുന്നില്‍ രണ്ടു മണിക്കൂറോളം വാനില്‍ കിടക്കുന്നതിനിടെ ഡോക്ടര്‍ പരിശോധിച്ചു. അതിനുശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ, ജയിലിലേക്ക് കയറാന്‍പോലും ഇടയാക്കാതെ സഹായിച്ച നാടകം മെഡിക്കല്‍ കോളേജിലെ ജയില്‍ സെല്‍ കാണുകപോലും ചെയ്യാതിരിക്കാനും ശ്രീറാമിനെ സഹായിച്ചു. അത്യാഹിത വിഭാഗത്തില്‍ പരിശോധിച്ചിട്ട് നേരെ ട്രോമാ കെയര്‍ വിഭാഗത്തിലേക്കാണ് മാറ്റിയത്. കുനിഞ്ഞ് ബഷീറിന്റെ ചലനമറ്റ ശരീരം വാരിയെടുത്ത, നടന്നു ജീപ്പില്‍ കയറിയ അതേ ആള്‍ക്കു നട്ടെല്ലിനു പരിക്കുണ്ട് എന്ന കിംസ് ആശുപത്രി റിപ്പോര്‍ട്ട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും കണക്കിലെടുത്തു. അടുത്ത ദിവസം, ആഗസ്റ്റ് അഞ്ചിനു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചപ്പോള്‍ 72 മണിക്കൂര്‍ നിരീക്ഷണമാണ് അവര്‍ പരിശോധിച്ചു നിര്‍ദ്ദേശിച്ചത്. അതിനു സൂപ്പര്‍ സ്പെഷ്യാലിറ്റി ഐ.സി.യുവിലേക്കു മാറ്റുകയും ചെയ്തു. ''ഡോക്ടര്‍ എന്ന നിലയില്‍ ഡോക്ടര്‍മാരുടെ സഹായം, ഐ.എ.എസുകാരനും ഉന്നത ഐ.എ.എസുകാരില്‍ പലരുടേയും ഗുരുതുല്യനായ വെങ്കിട്ടരാമന്റെ മകനും എന്ന നിലയില്‍ അവരുടെ ഐക്യദാര്‍ഢ്യം, ദേവികുളം ഹീറോയെ ഇല്ലാതാക്കാനുള്ള അജന്‍ഡ സംശയിച്ച് സമൂഹമാധ്യമങ്ങളില്‍ മറ്റു ചിലര്‍. പക്ഷേ, നിറയൗവ്വനത്തില്‍ ഒരു നിമിഷംകൊണ്ടു റോഡില്‍ ഇല്ലാതായ പാവപ്പെട്ട ബഷീറിനുവേണ്ടി സഹപ്രവര്‍ത്തകര്‍ ഇടപെട്ടത് മാധ്യമ സമ്മര്‍ദ്ദം'' -ബഷീറിന്റെ ഉറ്റ സുഹൃത്തായിരുന്ന ജന്മഭൂമി ന്യൂസ് എഡിറ്റര്‍ ആര്‍. പ്രദീപ് ചൂണ്ടിക്കാട്ടുന്നു. 

കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകരുടെ എല്ലാ കൂട്ടായ്മകളും 24 മണിക്കൂറും ജാഗ്രതയോടെ നിലകൊണ്ടു. എന്നിട്ടും നിയമം നടപ്പാക്കേണ്ടവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍പിടിക്കുകതന്നെ ചെയ്തു. ഐ.എ.എസ് അസോസിയേഷനെ പ്രതിനിധീകരിച്ച് ഉന്നത ഉദ്യോഗസ്ഥ കിംസ് ആശുപത്രിയില്‍ പോയി ശ്രീറാമിനെ കണ്ടു. റിമാന്‍ഡ് പ്രതിയുമായുള്ള ആ കൂടിക്കാഴ്ചയ്ക്ക് അനുമതി ഉണ്ടായിരുന്നില്ല. തലസ്ഥാന ജില്ലയുടെ ചുമതലയുള്ള ഗവണ്‍മെന്റ് സെക്രട്ടറിയാണ് അത് ചെയ്തതെങ്കില്‍ തലസ്ഥാന ജില്ലയിലെ മറ്റൊരു പ്രമുഖ ഐ.എ.എസ് ഉദ്യോഗസ്ഥനുള്‍പ്പെടെ ഔദ്യോഗിക തിരക്കുകളെല്ലാം മാറ്റിവച്ച് 'സേവ് ശ്രീറാം' പ്രവര്‍ത്തനങ്ങളില്‍ മാത്രം ഏര്‍പ്പെട്ടിരിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com