ലോകത്തെയാകെ കരയിച്ചു, പാതിവഴിയില്‍ ജീവനറ്റ ആ അച്ഛനും മകളും- 2019 പിന്നിടുമ്പോള്‍

ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോണ്‍ വനങ്ങളില്‍ കഴിഞ്ഞവര്‍ഷമുണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ്
മെക്‌സിക്കോയില്‍ നിന്ന് യുഎസിലേക്ക് കുടിയേറാനുള്ള ശ്രമത്തിനിടെ റിയോ ഗ്രാന്‍ഡെ നദിയില്‍ മുങ്ങി മരിച്ച ഓസ്‌കറും മകൾ വലേറിയയും
മെക്‌സിക്കോയില്‍ നിന്ന് യുഎസിലേക്ക് കുടിയേറാനുള്ള ശ്രമത്തിനിടെ റിയോ ഗ്രാന്‍ഡെ നദിയില്‍ മുങ്ങി മരിച്ച ഓസ്‌കറും മകൾ വലേറിയയും

മറുകര കാണാതെ മരണം

മെക്‌സിക്കോയില്‍നിന്ന് യു.എസിലേക്ക് കുടിയേറാനുള്ള ശ്രമത്തിനിടെയാണ് റിയോ ഗ്രാന്‍ഡെ നദിയില്‍ ഓസ്‌കറും മകളായ വലേറിയയും മുങ്ങിമരിച്ചത്. സ്വപ്നങ്ങളുമായി ജീവിതത്തിന്റെ മറുകര തേടിയിറങ്ങുമ്പോള്‍ രണ്ടുവയസ്സുകാരിയായ മകളെ ഒപ്പംകൂട്ടിയിരുന്നു ഇരുപത്തിയഞ്ചുകാരനായ ഓസ്‌കര്‍. ഒടുവില്‍ പാതിവഴിയില്‍ പ്രതീക്ഷകളറ്റ് നിലയില്ലാക്കയത്തിലേക്ക് താണുപോയപ്പോഴും ജീവനറ്റ ശരീരങ്ങളായി കരയിലടിഞ്ഞപ്പോഴും ആ അച്ഛന്‍ മകളെയും മകള്‍ അയാളെയും ചേര്‍ത്തുപിടിച്ചു. അച്ഛന്റെ മേല്‍ക്കുപ്പായത്തിനുള്ളില്‍ അയാളുടെ കഴുത്തില്‍ കൈയിട്ട് കമിഴ്ന്നുകിടക്കുന്ന കുഞ്ഞു വലേറിയയും ലോകത്തെയാകെ കരയിച്ചു. അഭയാര്‍ഥികള്‍ക്കുമുന്നില്‍ വാതില്‍ കൊട്ടിയടയ്ക്കുന്ന അധികാരികളുടെപോലും ഉള്ളുരുകുംവിധം....

പുറത്താകാതിരിക്കാന്‍  ഡൊണാള്‍ഡ്  ട്രംപ്

ട്രംപ് പുറത്താകുമോ? രാജിവയ്ക്കുമോ?. ഇംപീച്ച്‌മെന്റ് നടപടികള്‍ തുടങ്ങിയശേഷവും ചര്‍ച്ച ഇതായിരുന്നു. യു.എസ് പ്രസിഡന്റിനെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റിന് മൂന്നു ഘട്ടങ്ങളാണുള്ളത്. 1) പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം. 2) ജനപ്രതിനിധി സഭയുടെ അംഗീകാരം. 3) സെനറ്റിന്റെ വിചാരണ. ഇതില്‍ പാര്‍ലമെന്ററി സമിതി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവിചാരണയ്ക്കുള്ള ശുപാര്‍ശ നല്‍കിക്കഴിഞ്ഞു. ജനപ്രതിനിധി സഭ അത് അംഗീകരിച്ചു പ്രമേയവും പാസാക്കി. ആദ്യ രണ്ടു ഘട്ടങ്ങള്‍ കഴിഞ്ഞു. ഇനി ബാക്കിയുള്ളത് സെനറ്റിലെ വിചാരണ.

ഭൂമിയുടെ ശ്വാസകോശം കത്തിച്ചാമ്പലാകുമ്പോള്‍

ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോണ്‍ വനങ്ങളില്‍ കഴിഞ്ഞവര്‍ഷമുണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ്.ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള എട്ട് മാസം ഈ മഴക്കാടുകളില്‍ 74,155 തവണ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ബ്രസീലിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്‌പേസ് റിസേര്‍ച്ച് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 85 ശതമാനം അധികം.  പലപ്പോഴും പുറംലോകം അറിയാതെ ദിവസങ്ങളോളം കാട് കത്തിക്കൊണ്ടിരുന്നു. അറിഞ്ഞോ അറിയാതെയോ മനുഷ്യന്റെ ഇടപടലാണ് തീ രൂപപ്പെടുന്നതിന് ഇടയായത്. കാട് കത്തിയമര്‍ന്നതോടെ ആമസോണാസ് സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ബൊല്‍സനാരോയുടെ ഇടപെടലുകള്‍ രാഷ്ട്രീയവിവാദവുമായി. ലോകമെങ്ങും സമ്മര്‍ദമുണ്ടായതോടെ അന്തരാഷ്ട്ര ഇടപെടലുണ്ടായി. ലോകത്തിന് 20 ശതമാനം ഓക്‌സിജന്‍ നല്‍കുന്ന വനത്തെ സംരക്ഷിക്കാന്‍ ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ രാജ്യങ്ങള്‍ കൈകോര്‍ത്തു.

ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം

സ്വാതന്ത്ര്യവും നീതിയും ചൈനീസ് സാമ്രാജ്യത്തിനു മുന്നില്‍ അടിയറ വയ്ക്കാന്‍ നിര്‍ബന്ധിതമാക്കപ്പെട്ട നാടായിരുന്നു പഴയ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ്. 1984ലെ കരാര്‍ പ്രകാരം ചൈനയുടെ പ്രത്യേക സ്വയംഭരണാധികാര പ്രദേശം. ഒരു രാജ്യം, രണ്ടു സംവിധാനം എന്നാണ്  ആ സവിശേഷ ഭരണാധികാരത്തെ ചൈന വിശേഷിപ്പിക്കുക. ഇതില്‍ നിന്ന് മോചനം ആഗ്രഹിച്ചാണ് ഹോങ്കോങ്ങില്‍ പ്രക്ഷോഭം തുടങ്ങിയത്. ഹോങ്കോങ് നിവാസികളെ വിചാരണയ്ക്ക് ചൈനയിലേക്ക് വിട്ടുകൊടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കുറ്റവാളി കൈമാറ്റ നിയമഭേദഗതിയാണ് പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടത്. ചൈനയോടുള്ള അവിശ്വാസവും ഭീതിയും കാരണം ബില്ലിനെ വൈകാരികമായി ജനം സമീപിച്ചു.  അവര്‍ തെരുവിലിറങ്ങി. സമാധാനവഴിയില്‍ നീങ്ങിയ സമരം പതിയെ അക്രമത്തിലേക്കെത്തി. മൂന്നു മാസം മുന്‍പ് തുടങ്ങിയ സമരം ഇന്നും തുടരുന്നു.   

പരമമായ രഹസ്യങ്ങള്‍

ചിലര്‍ക്കു ഹീറോയും മറ്റു ചിലര്‍ക്കു വില്ലനുമാണ് വിക്കിലീക്‌സ് എന്ന ഓണ്‍ലൈന്‍ ന്യൂസ് വെബ്‌സൈറ്റിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസ്സാന്‍ജ്. ഒന്‍പതു വര്‍ഷംമുന്‍പ് അമേരിക്കയുടെ പതിനായിരക്കണക്കിന് ഔദ്യോഗിക രഹസ്യരേഖകള്‍ കൂട്ടത്തോടെ പരസ്യമാക്കിക്കൊണ്ടായിരുന്നു ലോകശ്രദ്ധയിലേക്കുള്ള വിക്കിലീക്‌സിന്റെയും അസ്സാന്‍ജിന്റെയും നാടകീയമായ കടന്നുവരവ്. അതിന്റെ പേരില്‍ അമേരിക്കയുടെ പിടിയിലാവുന്നതില്‍നിന്ന് ഇത്രയുംകാലം അസ്സാന്‍ജ് രക്ഷപ്പെട്ടു. എന്നാല്‍, ഏറ്റവുമൊടുവില്‍ അസ്സാന്‍ജ് ലണ്ടനില്‍ അറസ്റ്റിലായി. ചാരവൃത്തിയും രാജ്യദ്രോഹവുംവരെയുള്ള കുറ്റങ്ങളാണ്അസ്സാന്‍ജിന്റെ മേല്‍ അമേരിക്കയില്‍ ആരോപിക്കപ്പെട്ടിരുന്നത്. വിചാരണയ്ക്കുവേണ്ടി വിട്ടുകിട്ടാന്‍ അമേരിക്ക കാത്തിരിക്കുകയാണ്. ലണ്ടനിലെ അറസ്റ്റ് അതിനുള്ള വഴി തുറന്നിട്ടു. ശേഷം അസാന്‍ജിനെന്ത് സംഭവിച്ചുവെന്നത് അദ്ദേഹത്തിന്റെ ജീവിതം പോലെ തന്നെ ദുരൂഹമായി തുടരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യം അതീവ ഗുരുതരമായ നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കറുപ്പിന്റെ വശ്യവാക്കുകള്‍

ഫ്രിക്കന്‍ വംശജരുടെ ജീവിതസമര ചരിത്രത്തിന്റെ പശ്ചാത്തലത്തിലെഴുതിയ നോവലുകളിലൂടെ ആധുനിക സാഹിത്യഭാവനയെ മാറ്റിമറിച്ച യുഎസ് എഴുത്തുകാരി ടോണി മോറിസണ്‍ വിടവാങ്ങിയത് കഴിഞ്ഞ ഓഗസ്റ്റില്‍. വിദ്വേഷത്തിന് അര്‍ഹമാകേണ്ട നിറമല്ല കറുപ്പെന്നും കറുപ്പിനു സൗന്ദര്യമുണ്ടെന്നും തന്റെ ആദ്യകൃതി മുതലേ ആവര്‍ത്തിച്ച ധീരയായ എഴുത്തുകാരി. കറുത്തവരോടുള്ള വിവേചനം മുഖ്യചര്‍ച്ചയായിരുന്ന എഴുപതുകളിലാണ് ആദ്യകൃതി വെളിച്ചം കാണുന്നത്. സ്‌നേഹത്തെ പുനര്‍നിര്‍വചിച്ച വാക്കുകളുടെ കവിയായിരുന്നു അവര്‍. അനുഭവങ്ങളെ വേദനയുടെയും സഹനത്തിന്റെയും ഭാഷയില്‍ പരിഭാഷപ്പെടുത്തിയ നോവലിസ്റ്റ്. വ്യക്തിത്വത്തിന്റെ സവിശേഷതകളിലൂടെ അമേരിക്കയില്‍ നിറഞ്ഞുനില്‍ക്കുകയും ലോകമാകെ ആരാധകരെ നേടുകയും ചെയ്ത സമാനതകളില്ലാത്ത എഴുത്തുകാരിയായിരുന്നു അവര്‍.

കളിക്കളത്തിലെ വിപ്ലവകാരി

ളിക്കളത്തിലെ വിപ്ലവകാരിയാണ് മേഗന്‍ റാപ്പിനോ. അമേരിക്കന്‍ വനിതാ ഫുട്‌ബോള്‍ താരം. ലോകകിരീടം നേടിയാലും താന്‍ ആ നശിച്ച വൈറ്റ് ഹൗസില്‍ പോകില്ലെന്ന പ്രസ്താവന ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. ട്രംപിന്റെ വംശവെറിക്കും ലൈംഗിക ന്യൂനപക്ഷ വിരുദ്ധതയ്ക്കുമെതിരെയായിരുന്നു ഈ പരാമര്‍ശം. ട്രംപിന്റെ മുഖത്തേറ്റ അടിയായിരുന്നു അത്. ഇത്തവണത്തെ വനിതാ ലോകകപ്പിലാകെ റാപ്പിനോ നേടിയത് ആറു ഗോള്‍. അഞ്ചും നോക്കൗട്ട് മത്സരങ്ങളില്‍. ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ സ്‌കോര്‍ചെയ്തതോടെ ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന ബഹുമതി മേഗന്‍ സ്വന്തമാക്കി. 2016ല്‍ തന്റെ പുരുഷസുഹൃത്തും ഫുട്‌ബോള്‍ താരവുമായ കോളിന്‍ കേപ്പര്‍നിക്കിന് ഐക്യദാര്‍ഢ്യമറിയിച്ച് ദേശീയഗാനത്തിനു മുന്നില്‍ നെഞ്ചില്‍ കൈവയ്ക്കാതെ മുട്ടികുത്തിയിരുന്നതോടെയാണ് ആദ്യമായി റാപ്പിനോ കളിക്കളത്തിനപ്പുറം ലോകശ്രദ്ധ നേടിയത്. ഇതിനു പിന്നാലെ റാപ്പിനോയ്ക്കതെിരെ കടുത്ത വിമര്‍ശവുമായി അമേരിക്കയിലെ ദേശീയവാദികള്‍ രംഗത്തെത്തി. ആത്മബോധം വേണമെന്നായിരുന്നു ഇതിനു മേഗന്‍ നല്‍കിയ മറുപടി

ജാക് ഷിറാക് ഫ്രാന്‍സിന്റെ ബുള്‍ഡോസര്‍

ബുള്‍ഡോസര്‍ എന്നാണ് ഫ്രഞ്ചുകാര്‍ ജാക് ഷിറാക്കിനെ വിളിച്ചിരുന്നത്. കടുത്ത ഭക്ഷണപ്രിയനായ അദ്ദേഹം ഒറ്റയടിക്ക് മൂന്നു നേരം കഴിക്കാനുള്ളത് അകത്താക്കും. ജനപ്രിയനായ നേതാവായിരുന്നു ഷിറാക്ക്. വാക്കുകളുടെ ശക്തിയാണ് മുന്‍ പ്രസിഡന്റിന്റെ കരുത്ത്. ഉശിരന്‍ പ്രസംഗങ്ങള്‍. രാഷ്ട്രീയത്തിന്റെ അടവുകള്‍ പയറ്റിത്തെളിഞ്ഞ കരുത്ത്. പതിനെട്ട് കൊല്ലം പാരീസ് മേയറായിരുന്നു അദ്ദേഹം.  1960 കളില്‍, അന്നത്തെ പ്രധാനമന്ത്രി ഷോര്‍ഷ് പോംപിദുവിന്റെ ഉപദേശകനായാണു പ്രധാനവേഷം അണിഞ്ഞു തുടങ്ങുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ലഘുലേഖകളുമായി നടന്ന യുവ ഷിറാക്കില്‍ നിന്നു തുടങ്ങി ഏറ്റവുമൊടുവില്‍ വലതുപക്ഷം ചേര്‍ന്നു. 1995 മുതല്‍ 2007 വരെ പ്രസിഡന്റും. അതിനു മുന്‍പ് രണ്ടുതവണ പ്രധാനമന്ത്രിയും. ഹിറ്റ്‌ലര്‍ നടത്തിയ ജൂതവംശഹത്യക്ക് ഫ്രഞ്ച് ഭരണകൂടം ഒത്താശ ചെയ്തുവെന്ന് ഏറ്റുപറഞ്ഞ് മാപ്പ് അപേക്ഷിച്ചു. വാഴ്ത്തപ്പെട്ട നടപടിയായിട്ടാണ് പലരും ഇതിനെ കണ്ടത്. സെപ്റ്റംബര്‍ 27നാണ് ഷിറാക് വിടവാങ്ങിയത്.

കിമ്മിന്റെ തീരുമാനങ്ങള്‍

ഞ്ഞുതിര്‍ന്നുവീണു കിടക്കുന്ന പെക്ടു പര്‍വത നിരകളിലൂടെ വെളുത്ത കുതിരപ്പുറത്തേറി സഞ്ചരിക്കുന്ന ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ചിത്രമാണ് ഇത്. കൊറിയന്‍ സാമ്രാജ്യം സ്ഥാപിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന ഡാന്‍ഗുനിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് ഈ മലനിരകളിലാണ്. നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനു തൊട്ടുമുന്‍പാണ് സാധാരണയായി ഉത്തര കൊറിയന്‍ ഭരണാധികാരികള്‍ ഇവിടെ സന്ദര്‍ശനം നടത്താറുണ്ടത്രെ. ദക്ഷിണ കൊറിയയുമായി കഴിഞ്ഞവര്‍ഷം ചര്‍ച്ച നടത്തിയതാണ് നിര്‍ണായകമായ ഒരു നീക്കം.
ആണവമിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിന്റെ കാലാവധി ഈ മാസത്തോടെ അവസാനിക്കാനിരിക്കെ യുഎസ് കടുത്ത ഉപരോധം തുടരുന്നതില്‍ ഉത്തര കൊറിയക്ക് കടുത്ത അമര്‍ഷമുണ്ട്. ഈ വിഷയത്തില്‍ കിം ഒരു നിര്‍ണായക നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും കരുതുന്നത്.

മത്സരത്തിലൂടെ പുനര്‍ജനി

ത്തിനശിച്ച നോത്രദാം കത്തീഡ്രലിന്റെ ഗോഥിക് ഗോപുരം പുനര്‍രൂപകല്‍പന ചെയ്യാന്‍ രാജ്യാന്തര വാസ്തുകലാ മത്സരം നടത്താനൊരുങ്ങുകയാണ് ഫ്രാന്‍സ്. അതിനായി കത്തീഡ്രല്‍ അഞ്ചു വര്‍ഷം അടച്ചിടും. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍പ്പെടുന്ന ദേവാലയത്തിന്റെ 93 മീറ്റര്‍ ഉയരമുള്ള ഗോപുരമടക്കം ഓക് മരത്താല്‍ നിര്‍മിതമായ  മേല്‍ക്കൂര പൂര്‍ണമായും തീപിടിത്തത്തില്‍ ചാമ്പലായിരുന്നു. യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച് നൂറ്റാണ്ടുകള്‍ ഫ്രാന്‍സിന്റെ പ്രതീകമായി നിന്ന കെട്ടിടമാണ് നോത്രദാം ദേവാലയം. ഏതാണ്ട് 200 വര്‍ഷം നീണ്ട പണികള്‍ക്കുശേഷം 12ാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ദേവാലയം പൂര്‍ത്തിയായത്. 18ാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവ സമയത്ത് ദേവാലയം നശിപ്പിക്കപ്പെട്ടിരുന്നു. രണ്ടു ലോക മഹായുദ്ധങ്ങളെയും ദേവാലയം അതിജീവിച്ചു.

വീരനോ വില്ലനോ

കൊളോണിയല്‍ ഭരണത്തില്‍ നിന്നു മോചനം തേടാനുള്ള കറുത്തവര്‍ഗക്കാരുടെ ഐക്യബോധത്തിന് ദിശാബോധം പകര്‍ന്നത് റോബര്‍ട്ട് മുഗാബെയായിരുന്നു.  മുഗാബെയെക്കുറിച്ച് ഇതര ആഫ്രിക്കന്‍ നേതാക്കള്‍ക്ക് ഈ അര്‍ഥത്തില്‍ അഭിമാനമായിരുന്നു. എന്നാല്‍, ഏകാധിപതിയായുളള വേഷപ്പകര്‍ച്ചയുടെ ചരിത്രം പിന്നീടുണ്ടായി. വീരനായകന് വില്ലന്‍പരിവേഷമുണ്ടായി. 1980 മുതല്‍ നീണ്ട 37 വര്‍ഷം സിംബാബ്‌വെയുടെ ഭരണചക്രം തിരിഞ്ഞത് മുഗാബെയെന്ന കേന്ദ്രത്തെ ചുറ്റിപ്പറ്റിയായിരുന്നു. ജീവിതാവസാനംവരെ  അധികാരത്തിലിരിക്കാമെന്ന് മുഗാബെ വിശ്വസിച്ചു. രാജ്യം ഇത്രയൊക്കെ പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും അധികാരം തന്റെ കരങ്ങളില്‍ കേന്ദ്രീകരിക്കുന്നതില്‍ മാത്രമായിരുന്നു മുഗാബെയുടെ ശ്രദ്ധ. ഇതിനെതിരേ രാജ്യത്ത് കനത്ത പ്രക്ഷോഭങ്ങളുയര്‍ന്നു. അഴിമതിയാരോപണങ്ങളും മുഗാബെയ്‌ക്കെതിരേ ഉയര്‍ന്നു. ഇതോടെ സൈന്യം മുഗാബെയെ വീട്ടുതടങ്കലിലാക്കി അധികാരം പിടിച്ചെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com