മലബാര്‍ സിമന്റ്സ് അഴിമതി കേസുകള്‍ ഇല്ലാതാക്കുന്നത് ആരെ രക്ഷിക്കാന്‍?

ശശീന്ദ്രന്റെ 92 വയസ്സായ അച്ഛന്‍ വേലായുധന്‍ മാസ്റ്റര്‍ നീതി കിട്ടുമെന്ന പ്രതീക്ഷയില്‍ ജീവിക്കുന്നു.
മലബാര്‍ സിമന്റ്സ് അഴിമതി കേസുകള്‍ ഇല്ലാതാക്കുന്നത് ആരെ രക്ഷിക്കാന്‍?

ലബാര്‍ സിമന്റ്സിലെ കമ്പനി സെക്രട്ടറിയും ഇന്റേണല്‍ ഓഡിറ്ററുമായിരുന്ന വി. ശശീന്ദ്രന്റേയും രണ്ട് മക്കളുടേയും ദുരൂഹ മരണത്തിനു കാരണമായി കരുതപ്പെടുന്ന അഴിമതിക്കേസുകള്‍ ഇല്ലാതാക്കി പ്രതികളെ രക്ഷിക്കാന്‍ ഉന്നതതല ശ്രമം. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്സിലെ അഴിമതികള്‍ക്കു സാക്ഷിയായിരുന്ന ശശീന്ദ്രനെ വേട്ടയാടി കുടുംബത്തോടെ ഇല്ലാതാക്കിയവരെ രക്ഷിക്കുന്നതിന്റെ മുന്നോടിയാണ് അവരുള്‍പ്പെട്ട അഴിമതിക്കേസുകള്‍ ഇല്ലാതാക്കുന്നത്. പ്രമുഖ വ്യവസായി വി.എം. രാധാകൃഷ്ണന്‍ എന്ന ചാക്ക് രാധാകൃഷ്ണനെതിരെ ചുമത്തിയ ആത്മഹത്യാ പ്രേരണക്കേസ് അടക്കമാണ് ഇല്ലാതാക്കുന്നത്. ഈ കേസിലാണ് രാധാകൃഷ്ണന്‍ അറസ്റ്റിലായി മൂന്നുമാസത്തോളം റിമാന്‍ഡില്‍ കഴിയേണ്ടിവന്നത്. അഴിമതിക്കേസുകളിലും ആത്മഹത്യാ പ്രേരണക്കേസിലും പ്രതിസ്ഥാനത്ത് വി.എം. രാധാകൃഷ്ണന്റെ പേരാണുള്ളത്.

'ഞാനൊരു എളിയ ബിസിനസുകാരനാണ്' എന്ന മുഖവുരയോടെ മുഖ്യമന്ത്രി പിണറായി വിജയന് രാധാകൃഷ്ണന്‍ വിശദമായ നിവേദനം നല്‍കിയിരുന്നു. ഇതു പരിഗണിച്ച് വിജിലന്‍സില്‍നിന്നു റിപ്പോര്‍ട്ട് തേടുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഹൈക്കോടതിയുടെ മുന്നിലുള്ള കേസുകളിലെ അസാധാരണ ഇടപെടലായാണ് ഇതു ചൂണ്ടിക്കാണിക്കുന്നത്. ശശീന്ദ്രന്‍ സാക്ഷിയായ അഴിമതിക്കേസുകളുടെ നടത്തിപ്പിനു സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വേണം എന്ന ആവശ്യം തള്ളുകയും ചെയ്തു. ശശീന്ദ്രന്റെ അച്ഛന്‍ കെ. വേലായുധന്‍ മാസ്റ്റര്‍, അനിയന്‍ ഡോ. വി. സനല്‍കുമാര്‍, മനുഷ്യാവകാശ സംരക്ഷണകേന്ദ്രം ജനറല്‍ സെക്രട്ടറി ജോയി കൈതാരത്ത് എന്നിവരാണ് ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14-ന് മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയത്. അതു തള്ളിക്കൊണ്ടുള്ള മറുപടി ഈ മാസം രണ്ടിനു വിജിലന്‍സ് വകുപ്പില്‍നിന്നു കിട്ടി. മലബാര്‍ സിമന്റ്സുമായി ബന്ധപ്പെട്ട കേസുകളില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ ഇരട്ടത്താപ്പിനേക്കാള്‍ മാരകമാണ് ഇപ്പോഴത്തെ അട്ടിമറി നീക്കങ്ങള്‍. 

''രാഷ്ട്രീയ, ഐ.എ.എസ് ഉന്നതരുടെ ഒത്താശയുണ്ട്. അതുകൊണ്ടാണ് മൂന്നു ജീവനും ഒരു കുടുംബം തന്നെയും ഇല്ലായ്മ ചെയ്തിട്ടും അതില്‍ നീതി ഉറപ്പാക്കുന്നതിനു പകരം പ്രതികളുടെ പക്ഷത്തു നില്‍ക്കുന്നത്. അഴിമതിക്കേസുകള്‍ ഇല്ലാതാക്കിയാല്‍ മരണവുമായി ബന്ധപ്പെട്ട കേസില്‍നിന്നു തലയൂരാന്‍ എളുപ്പമാണ്. ആ മരണങ്ങളും അഴിമതികളും തമ്മില്‍ അത്ര വലിയ പരസ്പരബന്ധമാണുള്ളത്'' വി. സനല്‍കുമാര്‍ പറയുന്നു. ഇക്കാലയളവിനിടയില്‍ മറ്റെത്രയോ കേസുകളില്‍ വിധി വന്നുവെന്നും പക്ഷേ, ഇതുമാത്രം നീട്ടിക്കൊണ്ടു പോവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ''ഈ കേസുകള്‍ ഇല്ലാതായാല്‍ ശശീന്ദ്രന്റേയും മക്കളുടേയും ദുരൂഹവും ദാരുണവുമായ മരണത്തില്‍ രാധാകൃഷ്ണനു പങ്കില്ല എന്നാകും. അഴിമതിക്കേസില്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ രക്ഷപ്പെട്ടാല്‍ കേസിലെ സാക്ഷിയേയും കുടുംബത്തേയും ഇല്ലാതാക്കി എന്ന ആരോപണവും ആത്മഹത്യാ പ്രേരണക്കേസുമൊന്നും നിലനില്‍ക്കില്ലെന്നു വരും. അഴിമതിതന്നെ നടന്നിട്ടില്ലെങ്കില്‍പ്പിന്നെ അഴിമതിയുടെ സാക്ഷിയെ എന്തിന് ഇല്ലാതാക്കണം എന്ന ചോദ്യം ഉന്നയിക്കപ്പെടും'' -വര്‍ഷങ്ങളായി നിയമ പോരാട്ടം നടത്തുന്ന ജോയി കൈതാരത്ത് പറയുന്നു. 

2011 ജനുവരി 24-നാണ് ശശീന്ദ്രനും മക്കളും മരിച്ചത്. മലബാര്‍ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് 2010 ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളില്‍ ശശീന്ദ്രന്‍ സാക്ഷിയായിരുന്നു. ആ കേസുകളില്‍പ്പോലും എട്ടു വര്‍ഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിച്ചില്ല. മാസങ്ങള്‍ക്കു മുന്‍പ് ശശീന്ദ്രന്റെ ഭാര്യ ടീനയും മരിച്ചതിലെ ദുരൂഹത നിലനില്‍ക്കുകയാണ്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്ന ടീന പനി മൂര്‍ച്ഛിച്ചു ക്വാര്‍ട്ടേഴ്സില്‍ കുഴഞ്ഞുവീണപ്പോള്‍ എറണാകുളത്തെ ആശുപത്രിയിലല്ല കോയമ്പത്തൂരിലെ ആശുപത്രിയിലാണ് എത്തിച്ചത്. മലബാര്‍ സിമന്റ്സ് ജീവനക്കാരനും മറ്റൊരു സാക്ഷിയുമായിരുന്ന സതീന്ദ്രകുമാര്‍ നേരത്തെ കോയമ്പത്തൂര്‍ ഉക്കടം ബസ് സ്റ്റാന്റില്‍ വച്ച് ബസ് ഇടിച്ചു മരിച്ചു. സതീന്ദ്രകുമാറിനു ചില വിവരങ്ങള്‍ കൈമാറിയ മറ്റൊരാള്‍ കാറിനുള്ളില്‍ കൈഞരമ്പ് മുറിച്ചു മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. ശശീന്ദ്രനും മക്കളും മരിച്ചതോടുകൂടി അബോധാവസ്ഥയിലായ ശശീന്ദ്രന്റെ അമ്മയും ഇന്നില്ല. 92 വയസ്സായ അച്ഛന്‍ വേലായുധന്‍ മാസ്റ്റര്‍ മകന്റെ കുടുംബത്തിനു നീതി കിട്ടുമെന്ന പ്രതീക്ഷയില്‍ ജീവിക്കുന്നു. ആത്മഹത്യാ പ്രേരണക്കേസിന്റെ വിചാരണക്കോടതിയിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തിരിക്കുകയാണ്.

അട്ടിമറികള്‍ പലവിധം 

ശശീന്ദ്രനും മക്കളും മരിക്കുമ്പോള്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലാവധി തീരാന്‍ നാലു മാസം മാത്രമാണുണ്ടായിരുന്നത്. മരണത്തിലേക്ക് എത്തിച്ച അഴിമതികളും അന്വേഷിക്കണം എന്ന് ആ സമയത്തുതന്നെ ബന്ധുക്കളും ആക്ഷന്‍ കൗണ്‍സിലും ആവശ്യപ്പെട്ടിരുന്നു. പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ പരസ്പരവിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയില്‍ വരും എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പുകൊടുത്തു; എന്നാല്‍, ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം നേരെ വിപരീതമായിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിലപാടു മാറ്റം എന്ന് അന്വേഷിക്കാന്‍ സനല്‍കുമാറും മറ്റും ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നു. ഐ.എ.എസുകാരില്‍നിന്നു വലിയ സമ്മര്‍ദ്ദമുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് സനല്‍കുമാര്‍ വെളിപ്പെടുത്തുന്നു.

മലബാര്‍ സിമന്റ്സിലെ അഴിമതിക്കേസുകളുടെ നടത്തിപ്പിനു സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം എന്ന ആവശ്യം തള്ളിക്കൊണ്ടുള്ള വിജിലന്‍സിന്റെ മറുപടി.
മലബാര്‍ സിമന്റ്സിലെ അഴിമതിക്കേസുകളുടെ നടത്തിപ്പിനു സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം എന്ന ആവശ്യം തള്ളിക്കൊണ്ടുള്ള വിജിലന്‍സിന്റെ മറുപടി.

മലബാര്‍ സിമന്റ്സ് എം.ഡിയും വ്യവസായ സെക്രട്ടറിയുമൊക്കെയായിരുന്ന് ചീഫ് സെക്രട്ടറിയായി വിരമിച്ച ജോണ്‍ മത്തായി ഉള്‍പ്പെട്ട കേസും അക്കൂട്ടത്തിലുണ്ടായിരുന്നു. ടീനയും വേലായുധന്‍ മാസ്റ്ററും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് തോമസ് പി. ജോസഫാണ് ശശീന്ദ്രന്റേയും മക്കളുടേയും മരണം സി.ബി.ഐ അന്വേഷിക്കാന്‍ ഉത്തരവിട്ടത്. മരണത്തെക്കുറിച്ചും ശശീന്ദ്രന്‍ സാക്ഷിയായ അഴിമതിക്കേസുകളും കൂടി സി.ബി.ഐ അന്വേഷിക്കണം എന്നു കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച സി.ബി.ഐ അന്വേഷണ വിജ്ഞാപനം അത്തരത്തിലായിരുന്നില്ല. 

അഴിമതികൂടി അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് വേലായുധന്‍ മാസ്റ്ററും ജോയി കൈതാരത്തും 2011 സെപ്റ്റംബറില്‍ ഹര്‍ജി നല്‍കി. ഇക്കാര്യത്തില്‍ കോടതി അഭിപ്രായം ചോദിച്ചപ്പോള്‍ അനുകൂലമായാണ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഫയലില്‍ എഴുതിയത്. ഈ സുപ്രധാന ഫയലാണ് 2018-ല്‍ ഹൈക്കോടതിയില്‍നിന്നു കാണാതായതും അതു വന്‍ വിവാദമായതും. ഫയല്‍ തിരിച്ചുകിട്ടിയെങ്കിലും ഹര്‍ജിക്കാരുടെ ആവശ്യം കോടതി അപ്പോള്‍ അംഗീകരിച്ചില്ല. സി.ബി.ഐ അന്വേഷണത്തില്‍ അഴിമതി എന്നൊരു വാക്കുപോലും ഉണ്ടായുമില്ല. അഴിമതി കേസ് കൂടി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് 2015 മെയ് 30-ന് വി.എസ്. അച്യുതാനന്ദന്‍ സി.ബി.ഐക്ക് എഴുതി. ഈ കാര്യത്തില്‍ ഹൈക്കോടതിയോ സംസ്ഥാന സര്‍ക്കാരോ ശുപാര്‍ശ ചെയ്യണം എന്നു വ്യക്തമാക്കി ജൂലൈ 29-ന് സി.ബി.ഐ മറുപടി നല്‍കി. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ വേഗം തീര്‍പ്പാക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയപ്പോഴാണ് ഫയല്‍ കാണാതായ വിവരം പുറത്തു വന്നത്. ഹൈക്കോടതിയില്‍നിന്നു സുപ്രധാന ഫയല്‍ എങ്ങനെ അപ്രത്യക്ഷമായെന്നോ അതിനു പിന്നില്‍ ആരാണെന്നോ ഉദ്ദേശ്യമോ പുറത്തു വന്നിട്ടില്ല. 

മുഖ്യമന്ത്രി പിണറായി വിജയന് വി.എം. രാധാകൃഷ്ണന്‍ നല്‍കിയ നിവേദനത്തിന്റെ ഒന്നാം പേജ്.
മുഖ്യമന്ത്രി പിണറായി വിജയന് വി.എം. രാധാകൃഷ്ണന്‍ നല്‍കിയ നിവേദനത്തിന്റെ ഒന്നാം പേജ്.


ഇപ്പോഴത്തെ സര്‍ക്കാര്‍ വന്ന ശേഷം പന്ത്രണ്ടു കേസുകളില്‍ ആറെണ്ണത്തില്‍ കുറ്റപത്രം കൊടുത്തു വിചാരണ തുടങ്ങേണ്ട ഘട്ടത്തില്‍ ഒരു കേസില്‍ വിചാരണയ്ക്കു സര്‍ക്കാരിന്റെ അനുമതി തേടി അയച്ചു. സി.പി.എം നേതാവും എം.എല്‍.എയും മലബാര്‍ സിമന്റ്സ് മുന്‍ ഡയറക്ടറുമായ പി. ഉണ്ണിയും മുന്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്ണനും പ്രതികളായ കേസ്. അഴിമതിക്കേസുകളില്‍ വിചാരണയ്ക്ക് സര്‍ക്കാരിന്റെ അനുമതി തേടുന്ന പുതിയ നടപടിക്രമം ബാധകമല്ലാത്ത കേസായിരുന്നു അത്. അന്വേഷിക്കാനും കേസെടുക്കാനുമുള്ള അനുമതി നേരത്തെ കൊടുത്തിരുന്നതാണ് കാരണം. അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കുകയും നിയമോപദേശം കൊടുക്കുകയും ചെയ്തിരുന്നു. പക്ഷേ, ഇപ്പോള്‍ ഒരു വര്‍ഷമായി സര്‍ക്കാര്‍ അത് തീരുമാനമെടുക്കാതെ വച്ചുകൊണ്ടിരിക്കുന്നു. അന്വേഷണം പൂര്‍ത്തിയാക്കി കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ അനുമതി തേടി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര വകുപ്പിനു വ്യവസായ വകുപ്പ് അയച്ച ഫയല്‍ പൂഴ്ത്തി എന്ന ആരോപണം ഉയര്‍ന്നിരുന്നു. അതിനെതിരെ മനുഷ്യാവകാശ സംരക്ഷണകേന്ദ്രം ഹൈക്കോടതിയെ സമീപിച്ചു. വിഖ്യാതമായ ലളിതകുമാരി കേസിലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിനു തടസ്സമെന്താണ് എന്ന് വിജിലന്‍സ് ഡയറക്ടറും ആഭ്യന്തര വകുപ്പ് സെക്രട്ടറിയും കോടതിയില്‍ നേരിട്ടു ഹാജരായി അറിയിക്കാന്‍ ജസ്റ്റിസ് കെ. കെമാല്‍പാഷ ഉത്തരവിട്ടു. ജേക്കബ് തോമസായിരുന്നു വിജിലന്‍സ് ഡയറക്ടര്‍. അങ്ങനെയാണ് ഒറ്റയടിക്ക് അന്നുതന്നെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആ കേസുകളിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് പിണറായി സര്‍ക്കാര്‍ വന്ന പിന്നാലെ മുന്‍ എം.ഡി പത്മകുമാറിനെ അറസ്റ്റു ചെയ്തത്. 

എത്ര ഉന്നതര്‍ അഴിമതി നടത്തിയാലും വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും എന്ന പ്രതിച്ഛായ സര്‍ക്കാരിന് അതു നല്‍കി. എന്നാല്‍, ഐ.എ.എസ് ഉന്നതര്‍ ഭരണ-രാഷ്ട്രീയ നേതൃത്വത്തെ നോക്കുകുത്തിയാക്കുന്ന കാഴ്ചയാണ് പിന്നെ കേരളം കണ്ടത്. 12 ദിവസത്തില്‍ കൂടുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നതിനാല്‍ കേരള സര്‍വ്വീസ് ചട്ടപ്രകാരം പത്മകുമാറിനെ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ സസ്പെന്‍ഡ് ചെയ്തു. പക്ഷേ, ആ ഉത്തരവ് നടപ്പായില്ല. 122 ദിവസത്തിനു ശേഷമാണ് ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. അദ്ദേഹം ഇടപെട്ട് പത്മകുമാറിന്റെ സസ്പെന്‍ഷന്‍ ഉത്തരവ് നടപ്പാക്കേണ്ടിവന്നു. ഈ വിഷയത്തില്‍ അന്നത്തെ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനെ മുഖ്യമന്ത്രി ശാസിച്ചതും സൂപ്പര്‍ മുഖ്യമന്ത്രി ചമയണ്ട എന്നു താക്കീതു ചെയ്തതും വാര്‍ത്തയായി. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ടോം ജോസ് അന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു.
കേസുകള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ വേറെയും നടന്നുവെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ തെളിവുകള്‍ നിരത്തി വിശദീകരിക്കുന്നത്. മലബാര്‍ സിമന്റ്സ് ലീഗല്‍ അഡൈ്വസറായിരുന്ന പ്രകാശ് ജോസഫ് പ്രതിയായ കേസാണ് ഒരു ഉദാഹരണം. വി.എം. രാധാകൃഷ്ണനു ക്രമവിരുദ്ധമായി 50 ലക്ഷം രൂപ ലഭിക്കാന്‍ കൂട്ടുനിന്നു എന്നാണ് കേസ്. കമ്പനി രാധാകൃഷ്ണന് അത്രയും തുക തിരിച്ചുകൊടുക്കാന്‍ പ്രകാശ് ജോസഫിന്റെ തെറ്റായ നിയമോപദേശം കാരണമായെന്നും അതുവഴി കമ്പനിക്കു നഷ്ടം വരുത്തി എന്നായിരുന്നു കേസ്. വിജിലന്‍സ് കേസില്‍നിന്ന് ഒഴിവാക്കിക്കൊടുക്കണം എന്ന് ആവശ്യപ്പെട്ട് പ്രകാശ് ജോസഫ് മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം കൊടുത്തു. കോടതിയിലുള്ള കേസായതിനാല്‍ ഈ ആവശ്യത്തിനു കോടതിയെ സമീപിക്കുകയാണ് വേണ്ടത്. സാധാരണഗതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പരാതിക്കാരനെ അറിയിക്കേണ്ടതും അതുതന്നെ. എന്നാല്‍ ആ പരാതി സ്വീകരിച്ച് വിജിലന്‍സിനോട് റിപ്പോര്‍ട്ട് ചോദിക്കുകയാണ് ചെയ്തത്. അതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഈ കേസില്‍ ശരിയായ തുടര്‍നടപടി സ്വീകരിക്കുന്നില്ല എന്നു പരാതിപ്പെട്ട് പ്രകാശ് ജോസഫ് കോടതിയെ സമീപിക്കുന്നതാണ് പിന്നെ കണ്ടത്. സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രകാശ് ജോസഫിന് അനുകൂലമായി നിലപാടെടുക്കുകയും ചെയ്തു. ഈ കേസില്‍ പരാതിക്കാരനായ ജോയി കൈതാരത്ത് കക്ഷി ചേര്‍ന്നതോടെ എളുപ്പത്തില്‍ കേസില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമം നടന്നില്ല. പക്ഷേ, ഇപ്പോഴും പ്രകാശ് ജോസഫ് ലീഗല്‍ അഡൈ്വസര്‍ തന്നെ. ഈ കേസുകളിലൊന്നും വിചാരണ നടക്കുന്നില്ല.

സത്യവും മിഥ്യയും 

2015-2016 സാമ്പത്തിക വര്‍ഷം ലാഭത്തിലായിരുന്ന മലബാര്‍ സിമന്റ്സ് 2018-2019 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം നഷ്ടത്തിലാണ് എന്നാണ് ഈ മാസം ഒന്നിനു വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ നിയമസഭയെ രേഖാമൂലം അറിയിച്ചത്. വിജിലന്‍സ് കേസിനെത്തുടര്‍ന്ന് അസംസ്‌കൃത വസ്തുക്കള്‍ കിട്ടാതെ വന്നതാണ് കമ്പനിയെ നഷ്ടത്തിലാക്കിയത് എന്നുകൂടി അദ്ദേഹം പറഞ്ഞുവച്ചു. അതായത് കേസുകളും വിവാദവും ഉണ്ടായതോടെ കമ്പനിക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ പുറത്തുനിന്നു കിട്ടാതായി എന്നാണ് വാദം. കോണ്‍ഗ്രസ്സ് എം.എല്‍.എ അന്‍വര്‍ സാദത്തിന്റെ ചോദ്യത്തിനു മറുപടിയാണ് മന്ത്രി നല്‍കിയത്. എന്നാല്‍, അഴിമതി പുറത്തു വരരുത്, കേസാകരുത്, അന്വേഷണമുണ്ടാകരുത് എന്ന ഈ വിചിത്ര വാദം തുറന്നുകാട്ടാന്‍ പ്രതിപക്ഷവും താല്പര്യം കാണിച്ചില്ല. കമ്പനിയുടെ പ്രവര്‍ത്തനം ക്രമേണ മെച്ചപ്പെടുകയും ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ മെയ് വരെ 67 ലക്ഷം രൂപ ലാഭം നേടുകയും ചെയ്തു എന്നുകൂടി മന്ത്രി പറഞ്ഞിരുന്നു. കേസുകളും വിവാദങ്ങളും ഇപ്പോഴുമുണ്ടുതാനും.

ഈ സാഹചര്യത്തിലാണ് വി.എം. രാധാകൃഷ്ണന്റെ നിവേദനവും അതു വിജിലന്‍സിനു കൈമാറിയതും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വേണ്ട എന്ന സര്‍ക്കാര്‍ നിലപാടും പ്രസക്തമാകുന്നത്. 2017 ജനുവരി 11-നാണ് വി.എം. രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയത്. അതില്‍ വിഷയത്തെക്കുറിച്ചു സൂചിപ്പിച്ചിരിക്കുന്നത് ഇങ്ങനെ: ''മലബാര്‍ സിമന്റ്സ് ലിമിറ്റഡ്-വിജിലന്‍സ് കേസുകള്‍ കെട്ടിച്ചമയ്ക്കല്‍, ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഢാലോചന, സ്പോണ്‍സര്‍ ചെയ്യപ്പെട്ട അന്വേഷണങ്ങള്‍, യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവച്ചും തെറ്റിദ്ധരിപ്പിച്ചുമുണ്ടാക്കിയ കേസുകളെക്കുറിച്ചു സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ അന്വേഷണത്തിനുള്ള അപേക്ഷ.''

രാധാകൃഷ്ണന്റെ നിവേദനത്തില്‍ ഉന്നയിച്ചിരുന്ന വാദമാണ് വേറൊരു വിധത്തില്‍ രണ്ടു വര്‍ഷം കഴിഞ്ഞ് മന്ത്രി ജയരാജന്‍ സഭയില്‍ ആവര്‍ത്തിച്ചത്. വിജിലന്‍സ് അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു എന്നും തന്നെ ലക്ഷ്യം വച്ചു ചെയ്ത ആ കാര്യങ്ങള്‍ നന്നായി നടക്കുന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ സല്‍പ്പേരിനേയും വളരെ മോശമായി ബാധിച്ചു എന്നുമായിരുന്നു രാധാകൃഷ്ണന്റെ കുറ്റപ്പെടുത്തല്‍. 2004-2005 കാലത്ത് മലബാര്‍ സിമന്റ്സുമായും ഞാന്‍ ചില ബിസിനസ്സുകള്‍ നടത്തിയിരുന്നു. നിക്ഷിപ്തതാല്പര്യമുള്ള ചിലര്‍ക്കു മാധ്യമങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ചു തന്നെ വിവാദപുരുഷനാക്കി. എനിക്കെതിരെ സ്പോണ്‍സേഡ് വിജിലന്‍സ് അന്വേഷണങ്ങള്‍ ഉണ്ടാക്കുക കൂടിയായിരുന്നു ലക്ഷ്യം. അതു മാത്രമല്ല, നിയമവിരുദ്ധമായി എന്റെ സ്ഥാപനം കരിമ്പട്ടികയില്‍പ്പെടുത്തുകയും എനിക്കെതിരെ സാമൂഹിക ബഹിഷ്‌കരണം പോലും നടപ്പാക്കുകയും ചെയ്തു. 2006 മുതല്‍ അനുഭവിക്കുന്ന ഈ കഷ്ടപ്പാടിന്റെ ഫലമായി ബിസിനസ്സില്‍ വലിയ നഷ്ടവും വിശദീകരിക്കാനാകാത്ത മന:ക്ലേശവും ഉണ്ടായി'' എന്നും ''പൗരനെന്ന നിലയില്‍ സാധാരണവും നിയമപരവുമായ അവകാശങ്ങള്‍ നിഷേധിച്ചു'' എന്നും മറ്റുമുള്ള വാദങ്ങള്‍ ഉന്നയിക്കുന്ന നിവേദനത്തില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുന്‍പ് പത്രസമ്മേളനം നടത്തി ഉന്നയിച്ച ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. ''വിജിലന്‍സിലെ ഉന്നതനും ഡി.വൈ.എസ്.പിയും സംഘവും ദുഷ്ടലാക്കോടെ കേസുകള്‍ കെട്ടിച്ചമയ്ക്കുകയാണ് ചെയ്തത്, മലബാര്‍ സിമന്റ്സില്‍ വിജിലന്‍സ് നഷ്ടം ആരോപിക്കുന്ന കാലയളവില്‍ എന്തെങ്കിലും തരത്തിലുള്ള നഷ്ടം സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ഓഡിറ്റില്‍ കണ്ടെത്തിയിട്ടില്ല, സി.എ.ജിയുടെ പ്രാഥമിക നിരീക്ഷണങ്ങള്‍ പിന്നീട് മലബാര്‍ സിമന്റ്സ് നല്‍കിയ വിശദീകരണത്തെത്തുടര്‍ന്ന്  അവര്‍ തന്നെ നീക്കിയിരുന്നു'' എന്നും പറയുന്നു. ആരോപണങ്ങളില്‍ ഈ സര്‍ക്കാര്‍ മുന്‍വിധികളില്ലാതെ നീതിപൂര്‍വ്വകവും സന്തുലിതവുമായ അന്വേഷണം നടത്തണമെന്നും മുന്‍ സര്‍ക്കാരുകളുടെ കാലത്തെ ആരോപണങ്ങളേയും അന്വേഷണങ്ങളേയും കുറിച്ചു തുറന്ന മനസ്സുണ്ടാകണമെന്നുമാണ് അഭ്യര്‍ത്ഥന. 


അതേസമയം, 2018 നവംബര്‍ ഒമ്പതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച സ്വത്തു കണ്ടുകെട്ടല്‍ ഉത്തരവില്‍ വി.എം. രാധാകൃഷ്ണന്റെ സാമ്പത്തിക സ്രോതസ്സുകളേയും വരുമാനത്തേയും കുറിച്ച് ഗുരുതരമായ കണ്ടെത്തലുകളാണ് ഉള്ളത്. കള്ളപ്പണത്തിനെതിരേയും വരവില്‍ക്കവിഞ്ഞ സ്വത്തിനെതിരേയും ഉള്‍പ്പെടെ നടപടികളെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന പ്രിവന്‍ഷന്‍ ഓഫ് മണി ലെന്‍ഡറിംഗ് ആക്റ്റ് പ്രകാരമായിരുന്നു എന്‍ഫോഴ്സ്മെന്റിന്റെ ഇടപെടല്‍. 172 പേജുകള്‍ ഉള്ള ഉത്തരവാണ് 21 കോടി 66 ലക്ഷത്തി 720 രൂപയുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ടു മാത്രം കൊച്ചി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പുറപ്പെടുവിച്ചത്. നാല് ഉത്തരവുകളിലായി 122 കോടി രൂപ രാധാകൃഷ്ണനില്‍നിന്നു തിരിച്ചുപിടിക്കാനാണ് എന്‍ഫോഴ്സ്മെന്റ് തീരുമാനിച്ചത്. രാധാകൃഷ്ണന്റേയും മകന്റേയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടേയും ബിനാമി സാമ്പത്തിക ഇടപാടുകളുടേയും മാത്രമല്ല, രാധാകൃഷ്ണന്‍ ഉള്‍പ്പെട്ട കേസുകളുടേയും വിശദരേഖ തന്നെയാണ് ഈ ഉത്തരവുകള്‍. ''ലഭിക്കുന്ന നിയമവിധേയമല്ലാത്ത പണം തന്റെ വിവിധ ബിസിനസ്സുകളില്‍ വ്യാപിപ്പിക്കുകയും സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും പങ്കാളിത്തമുള്ള സ്ഥാപനങ്ങളുടെ പേരിലും സ്വത്ത് വാങ്ങിക്കൂട്ടുകയുമാണ് രാധാകൃഷ്ണന്‍ ചെയ്യുന്നത്'' എന്ന് ഉത്തരവില്‍ പറയുന്നു. നിയമവിധേയമല്ലാത്ത പണം രാധാകൃഷ്ണന്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ നിക്ഷേപിക്കുകയും വിവിധ കമ്പനികള്‍ക്കു കീഴില്‍ ഫ്‌ലാറ്റുകള്‍ നിര്‍മിക്കുകയും ചെയ്തതായും പരാമര്‍ശമുണ്ട്. പ്രധാനപ്പെട്ട പ്രോജക്റ്റുകളുടെ പേരും നിക്ഷേപവും ഉള്‍പ്പെടെയാണ് ചേര്‍ത്തിരിക്കുന്നത്. 

''ഒരു പ്രത്യേക വ്യക്തിക്കും അയാളുടെ ഇടപാടുകള്‍ക്കു നേട്ടമുണ്ടാക്കുന്നതിനും വേണ്ടി 2004 മുതല്‍ 2007 വരെയുള്ള കാലയളവില്‍ മലബാര്‍ സിമന്റ്സിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി'' എന്നു വ്യക്തമാക്കിക്കൊണ്ടാണ് വിശദാംശങ്ങളിലേക്കു കടക്കുന്നത്. സിമന്റ് വ്യവസായത്തിലെ അസംസ്‌കൃത വസ്തുക്കളായ സ്വീറ്റനര്‍ ഗ്രേഡ് ലൈം സ്റ്റോണ്‍, ഡ്രൈ ഫ്‌ലൈ ആഷ് എന്നിവയ്ക്കും പാക്ക് ചെയ്യാനുള്ള ചാക്കിനും കൃത്രിമമായി അധിക ആവശ്യകതയുണ്ടാക്കാനുള്ള രഹസ്യ പദ്ധതി രൂപപ്പെട്ടു. ഇതിനു പുറമേ വളരെ ഉയര്‍ന്ന വിലയ്ക്കു ഡ്രൈ ഫ്‌ലൈ ആഷ് എത്തിക്കാനുള്ള ഗൂഢാലോചനയും നടന്നു. ഇതിന്റെ ഫലമായി കമ്പനിക്ക് ഉണ്ടായ സാമ്പത്തിക നഷ്ടം 23,16,00,888.28 രൂപയാണ് എന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. വിജിലന്‍സ് കോടതിയില്‍ വിവിധ കുറ്റപത്രങ്ങള്‍ നല്‍കുകയും ചെയ്തു'' എന്ന ആമുഖത്തിനു പിന്നാലെ ആ കേസുകളുടേയും കുറ്റപത്രങ്ങളുടേയും എല്ലാ വിശദാംശങ്ങളും എന്‍ഫോഴ്സ്മെന്റ് ഉത്തരവിലുണ്ട്.

കമ്പനിയിലെ പ്രമുഖരുടെ ഒത്താശയോടെ രാധാകൃഷ്ണനുള്‍പ്പെടെ സാമ്പത്തിക നേട്ടമുണ്ടാക്കിയപ്പോള്‍ ഒരു ഘട്ടത്തില്‍ മാത്രം മലബാര്‍ സിമന്റ്സിന് ഉണ്ടായ സാമ്പത്തിക നഷ്ടം 23,80,62,053 രൂപ. നിയമവിധേയമല്ലാത്ത കോടികളുടെ ഈ കിലുക്കം മറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരമുള്ള തുടര്‍ നടപടികള്‍ക്കു ഹൈക്കോടതിയില്‍നിന്നു സ്റ്റേ വാങ്ങിയിരിക്കുകയാണ് രാധാകൃഷ്ണന്‍. എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ടിന്റെ പ്രാധാന്യം ഇല്ലാതാക്കാന്‍ കൂടിയാണ് രാധാകൃഷ്ണനെതിരായ അഴിമതിക്കേസുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. 


തന്നോടുള്ള വിരോധംകൊണ്ട് ചില ആളുകളും മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന നുണ- വി.എം. രാധാകൃഷ്ണന്‍.
നൂറുകോടിയിലധികം രൂപ തിരിച്ചുപിടിക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉത്തരവ് രാധാകൃഷ്ണന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. ഉത്തരവു നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരിക്കുന്നു. 
എന്‍ഫോഴ്സ്മെന്റ് പരിശോധിച്ചത് വിജിലന്‍സ് കേസിന്റെ എഫ്.ഐ.ആറുകളും അന്വേഷണ റിപ്പോര്‍ട്ടുകളും കണക്കിലെടുത്ത്
2700 കോടി രൂപയുടെ ആസ്തി രാധാകൃഷ്ണനുണ്ട് എന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രാഥമിക വിലയിരുത്തല്‍. 
സ്പെഷല്‍ പ്രോസിക്യൂട്ടറെ വയ്ക്കാത്തത് അഴിമതിക്കേസുകള്‍ പൊളിക്കാനെന്ന് ആരോപണം.
അഴിമതിക്കേസുകള്‍ ഇല്ലാതായാല്‍ വി. ശശീന്ദ്രനും മക്കളും മരിച്ചതിലെ ആത്മഹത്യാ പ്രേരണക്കേസും ദുര്‍ബ്ബലമാകും.

സഹകരിക്കാതെ രാഷ്ട്രീയനേതൃത്വം
വി.എം. രാധാകൃഷ്ണന്റെ വീട്ടിലും ഓഫീസുകളിലും സി.ബി.ഐ നടത്തിയ റെയ്ഡില്‍ മലബാര്‍ സിമന്റ്സ് എം.ഡിയുടെ ലെറ്റര്‍ഹെഡ് അടക്കമുള്ളവയുടെ ഡ്യൂപ്ലിക്കേറ്റ് കണ്ടെത്തിയിരുന്നു. മുപ്പത്തിയാറോളം രേഖകള്‍ പിടിച്ചെടുത്തു എന്നാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. മലബാര്‍ സിമന്റ്സ് ഇടപാടുകളില്‍ രാധാകൃഷ്ണനു പങ്കുണ്ട് എന്നു വ്യക്തമാക്കുന്ന കണ്ടെത്തല്‍.
ശശീന്ദ്രനും മക്കളും മരിച്ചതിന്റെ പിറ്റേന്ന് നെന്മേനിയിലെ ശശീന്ദ്രന്റെ തറവാട്ടു വീട്ടില്‍ വച്ച് വിപുലമായ യോഗം ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. വി.എം. സുധീരന്‍, പി.സി. ജോര്‍ജ്ജ്, എം.ആര്‍. മുരളി തുടങ്ങിയവര്‍ പങ്കെടുത്തു. എന്നാല്‍, നാട്ടുകാരായ ചിലരൊഴികെ ആരും കാര്യമായി സഹകരിക്കുന്നില്ല. വി.എസും സുധീരനും ഇടപെടലുകള്‍ നടത്തി സഹകരിക്കുന്നു. സി.പി.എം തുടക്കം മുതല്‍ സഹകരിച്ചില്ല. പക്ഷേ, പ്രാദേശികമായി സി.പി.എം അനുഭാവികള്‍ പലരും സഹകരിച്ചു. 

വി. ശശീന്ദ്രന്റെ മരണകാരണവും അഴിമതിയും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് പാലക്കാട് കളക്ട്രേറ്റിനു മുന്നിലും സെക്രട്ടേറിയറ്റിനു മുന്നിലുമുള്‍പ്പെടെ ആക്ഷന്‍ കൗണ്‍സില്‍ സമരങ്ങള്‍ നടത്തി.
രാധാകൃഷ്ണന്റെ വീട്ടില്‍നിന്നു കിട്ടിയ രേഖകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഈ കേസില്‍ വഴിവിട്ട് ഇടപെട്ടാല്‍ നാണംകെടും എന്ന് സി.ബി.ഐ തന്നെ ശശീന്ദ്രന്റെ ബന്ധുക്കള്‍ക്കും മറ്റും സൂചന നല്‍കി. അഴിമതി സംബന്ധിച്ചു വിശദമായി അന്വേഷിക്കാന്‍ യു.ഡി.എഫ് തീരുമാനിക്കുകയും സര്‍ക്കാരിനു ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ആ നിലപാടില്‍നിന്നു മാറുന്നുവെന്നു വന്നപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ശശീന്ദ്രന്റെ അനിയന്‍ ഡോ. വി. സനല്‍കുമാര്‍ ഇത് അറിയിച്ചു. മലബാര്‍ സിമന്റ്സിലെ മുഴുവന്‍ അഴിമതികളും അന്വേഷിക്കും എന്ന് മുഖ്യമന്ത്രി നേരിട്ടു വിളിച്ച് സനല്‍കുമാറിനെ അറിയിച്ചു. പക്ഷേ, പിന്നീട് കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അറിയിച്ചത് നേരെ തിരിച്ചാണ്.


അഴിമതി മറയ്ക്കാന്‍ അവര്‍ കൊന്നു
ഡോ. വി. സനല്‍കുമാര്‍  
(വി. ശശീന്ദ്രന്റെ സഹോദരന്‍)

ഏട്ടനേയും മക്കളേയും കൊന്നതാണ് എന്നത് വ്യക്തമാണ്. ക്രിമിനല്‍ നടപടി ചട്ടം അനുസരിച്ചു കൊലക്കുറ്റം ചുമത്താമെങ്കിലും രാധാകൃഷ്ണനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം മാത്രമാണുള്ളത്. ശശീന്ദ്രന്‍ മക്കളെ കൊന്നിട്ടു മരിച്ചെങ്കില്‍ ശശീന്ദ്രനെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചവര്‍ ആ മക്കളുടെ കൊലയ്ക്ക് ഉത്തരവാദികളാണ്. ദാരുണമായി മരിച്ചവര്‍ക്കും അവരുടെ കുടുംബത്തിനും നീതി വാങ്ങിക്കൊടുക്കണം എന്ന ആത്മാര്‍ത്ഥ നിലപാട് പൊതുവേ ഒരു രാഷ്ട്രീയ നേതാവിനും ഉണ്ടായിരുന്നില്ല. വി.എം. സുധീരനും വി.എസ്. അച്യുതാനന്ദനും മാത്രമാണ് അതില്‍നിന്നു വേറിട്ടുനിന്നത്. രാധാകൃഷ്ണനെ സി.ബി.ഐ അറസ്റ്റു ചെയ്ത് മൂന്നു മാസം റിമാന്‍ഡിലായിരുന്നു. ആ കാലയളവില്‍ത്തന്നെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കില്‍ അഴിമതികൂടി അതിലുള്‍പ്പെടുത്തി വിചാരണ ചെയ്യാമായിരുന്നു. എന്നാല്‍, കുറ്റപത്രം വൈകിച്ചു.

മലബാര്‍ സിമന്റ്സിലെ ചില ഉദ്യോഗസ്ഥരും ഗുണ്ടകളും ശശീന്ദ്രന്റെ വീട്ടിലെത്തി എങ്ങനെ കൊല നടത്തി മടങ്ങി എന്നു വിശദീകരിക്കുന്ന ഒരു റിപ്പോര്‍ട്ട് പ്രമുഖ ഇംഗ്ലീഷ് ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് എന്ന നിലയിലായിരുന്നു അത്. ശശീന്ദ്രന് മലബാര്‍ സിമന്റ്സില്‍ പുനര്‍നിയമനം നല്‍കുന്നതായി ഉത്തരവ് എത്തിച്ചുകൊടുക്കാന്‍ എന്ന പേരില്‍ വീട്ടില്‍ ചെന്ന ചിലരായിരുന്നു കൊലയ്ക്കു പിന്നില്‍ എന്നാണ് പുറത്തുവന്നത്. ഈ കാര്യങ്ങളുടെ ചുവടുപിടിച്ചുള്ള അന്വേഷണം ഉണ്ടായില്ല. കൊലപാതകത്തെ ആത്മഹത്യയാക്കി ചിത്രീകരിക്കാനായിരുന്നു പൊലീസിനു താല്പര്യം. ഇപ്പോള്‍ അഴിമതിക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് കൊലക്കേസ് പ്രതികളെ രക്ഷിക്കുന്നതിന്റെ ഭാഗം. വിജിലന്‍സ് കേസുകളിലെ വിചാരണ നീട്ടിയും തടസ്സപ്പെടുത്തിയും കേസ് ദുര്‍ബ്ബലപ്പെടുത്തി പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പലവഴിക്കു നടക്കുന്നു. സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം എന്ന ആവശ്യം തള്ളിയതും ഈ ശ്രമത്തിന്റെ ഭാഗമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com