വിധിയില്‍ ബ്രേക്ക്ഡൗണായ ജീവിതങ്ങള്‍: എംപാനല്‍ കണ്ടക്ടര്‍മാരുടെ ജീവിതസമരം

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജീവനോപാധി നഷ്ടമായ എംപാനല്‍ കണ്ടക്ടര്‍മാരുടെ ജീവിതസമരം
കോടതിവിധി പ്രകാരം എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടപ്പോള്‍ കണ്ണീരോടെ യാത്രപറയുന്ന മൂവാറ്റുപുഴ ഡിപ്പോയിലെ കണ്ടക്ടര്‍ നസീര്‍
കോടതിവിധി പ്രകാരം എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടപ്പോള്‍ കണ്ണീരോടെ യാത്രപറയുന്ന മൂവാറ്റുപുഴ ഡിപ്പോയിലെ കണ്ടക്ടര്‍ നസീര്‍

സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരു മാസത്തിലധികമായി സമരം നടത്തുന്ന കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ട കണ്ടക്ടര്‍മാരുമായി സംസാരിക്കുന്നതിനിടെ അവരിലൊരാള്‍ പാന്റ്സിന്റെ പോക്കറ്റില്‍നിന്നു ചെറിയ കടലാസ് പൊതി പുറത്തെടുത്തു തുറന്നു കാണിച്ചു. ഒരു കുഞ്ഞു സ്വര്‍ണ്ണ വള. ഇളയ മകളുടെ കൈയില്‍നിന്ന് ഊരിയെടുത്ത അത് വീട്ടില്‍ ബാക്കിയുള്ള പൊന്നിന്റെ തരിയാണ്. മൂത്ത മകളുടെ പരീക്ഷാ ഫീസ് ഉള്‍പ്പെടെ ആവശ്യങ്ങളേറെ. പണയം വയ്ക്കുകയോ വില്‍ക്കുകയോ ചെയ്യണം. ആ കുടുംബത്തിന്റെ അന്നു രാത്രിയിലെ ഭക്ഷണത്തിന്റെ പ്രതീക്ഷ കൂടി അതിലാണോ എന്നു ഞങ്ങള്‍ ചോദിച്ചില്ല. പക്ഷേ, വിശപ്പിന്റേയും ഭക്ഷണത്തിന്റേയും കാര്യത്തില്‍ അതിനെക്കാള്‍ നോവിക്കുന്ന കാഴ്ച അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. സമരപ്പന്തലില്‍ വയ്ക്കുന്ന കഞ്ഞി മിക്കപ്പോഴും പങ്കിടുന്ന പുറത്തുനിന്നുള്ള ഒരാളെ സമരം ചെയ്യുന്നവരിലൊരാള്‍ ചൂണ്ടിക്കാണിച്ചു തന്നു. ജോലി പോയ വനിതാ കണ്ടക്ടര്‍മാരിലൊരാളുടെ കൂലിപ്പണിക്കാരനായ ഭര്‍ത്താവാണ്. പണിയില്ലാത്ത ദിവസം അയാളും സമരസ്ഥലത്തിനടുത്തൊക്കെത്തന്നെ ഉണ്ടാകും, കഞ്ഞി കുടിക്കും. സ്‌കൂളില്‍ ഉച്ചഭക്ഷണമുള്ളതുകൊണ്ട് കുട്ടികളുടെ കാര്യത്തില്‍ വേവലാതിയില്ല. അപ്പോള്‍പ്പിന്നെ രാത്രിയിലെ ഭക്ഷണത്തിന്റെ കാര്യമോ എന്നു ചോദിക്കാതെതന്നെ അയാളെ ചൂണ്ടിക്കാണിച്ചുതന്ന ചെറുപ്പക്കാരന്‍ പറഞ്ഞു, മിക്ക ദിവസവും രാത്രിയിലേക്കും ഇവിടെ നിന്നുതന്നെയാണ് കൊണ്ടുപോകുന്നത്. പിന്നെ, ഞങ്ങള്‍ക്ക് ഉറപ്പുവരാന്‍ അയാള്‍ ആ സഹപ്രവര്‍ത്തകയെക്കൂടി കാണിച്ചുതന്ന് അവരുടെ പേരും പറഞ്ഞു. അവരുടെ പേരു മാത്രമല്ല, പേര് മാറ്റിയും ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല. ഒരുപക്ഷേ, മാറ്റിപ്പറയുന്ന പേരിലുള്ള ഒരു സ്ത്രീ അവരുടെ കൂട്ടത്തില്‍ ഉണ്ടായേക്കാം. എന്തുകൊണ്ടെന്നാല്‍ ഇത് ഒന്നോ രണ്ടോ പേരുടെ 'കഥ'യല്ല. 3861 പേര്‍; അവരില്‍ 220 സ്ത്രീകള്‍. 

എംപാനല്‍കാര്‍ എന്ന പേരില്‍ പിരിച്ചുവിടപ്പെട്ട മുഴുവന്‍ പേരും എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ച് വഴി നിയമിക്കപ്പെട്ടവരാണ്. അതാണ് കേരളം മനസ്സിലാക്കാതെ പോകുന്ന വലിയൊരു സത്യം. മുന്‍പ് പിന്‍വാതില്‍ നിയമനം ലഭിച്ചിരുന്ന എംപാനലുകാര്‍ ഉണ്ടായിരുന്നു. പക്ഷേ, പി.എസ്.സി കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ ഏറ്റവും വലിയ തൊഴില്‍ ദാതാവാണ് എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ച്. നിയമനമാകട്ടെ, സംവരണവും ശാരീരിക ക്ഷമതയും ഉള്‍പ്പെടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചും. എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ച് മുഖേന 179 ദിവസം വരെ മാത്രം നിയമനം നല്‍കുന്ന രീതിയില്‍നിന്നു വ്യത്യസ്തമായി ആറ് മുതല്‍ 15 വര്‍ഷം വരെയായി തുടര്‍ച്ചയായി ഇവര്‍ ഇവിടെ ജീവനക്കാരാണ്. പക്ഷേ, വിവേചനങ്ങള്‍ക്ക് കടുകിട മാറ്റമില്ല. ഇപ്പോള്‍ പുറത്തുമായി. അനര്‍ഹമായി നിയമനം ലഭിച്ചവര്‍ അര്‍ഹതയുള്ളവര്‍ക്കു വേണ്ടി മാറിക്കൊടുക്കേണ്ടിവന്നതാണ് എന്ന പ്രചരണത്തിന് ഇവരുടെ വിശദീകരണമാണിത്. ആരോഗ്യവകുപ്പ് ഉള്‍പ്പെടെ സംസ്ഥാനത്തെ പല വകുപ്പുകളിലും എംപ്ലോയ്മെന്റ് മുഖേന നിയമിതരായവര്‍ പിന്നീട് സ്ഥിരപ്പെട്ട അനുഭവമുണ്ട്. പക്ഷേ, ഇവരുടെ കാര്യത്തില്‍ അതുണ്ടായില്ല. 

പരിഹാരമെന്ത് 

''രണ്ടു ദിവസംകൊണ്ട് സമരം തീര്‍ക്കാമെന്നു ഇടതുമുന്നണി കണ്‍വീനര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വലിയ പ്രതീക്ഷ തോന്നി ഞങ്ങള്‍ക്ക്. പക്ഷേ, മന്ത്രിസഭാ യോഗം കഴിഞ്ഞ് ഗതാഗത മന്ത്രി പറഞ്ഞത് നിയമോപദേശം കിട്ടിയിട്ടില്ല എന്നാണ്.'' ജോലി പോയവരുടെ കൂട്ടായ്മയെ ഏകോപിപ്പിക്കുന്നവരിലൊരാളായ ദിനേശ് ബാബു പറയുന്നു. പാലക്കാട് സ്വദേശിയായ ദിനേശ് ബാബു 11 വര്‍ഷമായി കണ്ടക്ടറാണ്. ജോലി പോയപ്പോള്‍ സഹപ്രവര്‍ത്തകരെ ഒന്നിപ്പിച്ച് ലോംഗ് മാര്‍ച്ച് നടത്തുന്നതിലുള്‍പ്പെടെ പ്രധാന പങ്കു വഹിച്ചു. ''കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഇത്രയും ജീവനക്കാരെ പിരിച്ചുവിട്ട് 70 ദിവസമായിട്ടും നിയമോപദേശം വാങ്ങിയെടുക്കാന്‍ കഴിയാത്തത് മനപ്പൂര്‍വ്വമാണ്. ലഭിച്ച നിയമോപദേശം മറച്ചുവച്ചാണ് മന്ത്രി സംസാരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ സ്റ്റാന്റിംഗ് കോണ്‍സലില്‍നിന്നു ലഭിച്ച നിയമോപദേശം ജീവനക്കാര്‍ക്ക് അനുകൂലമാണ്. ഗവണ്‍മെന്റിനും കെ.എസ്.ആര്‍.ടി.സിക്കും നിയമപരമായ യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടാകാതെ തന്നെ ഈ പ്രശ്‌നം പരിഹരിക്കാനുള്ള നിയമോപദേശമാണ് ലഭിച്ചിരിക്കുന്നത്. അതു കണക്കിലെടുക്കാതെ അഡ്വക്കേറ്റ് ജനറലിനോട് ചോദിച്ചിരിക്കുകയാണ്'' -ദിനേശ് ബാബുവിന്റെ വാക്കുകള്‍. 

പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ ന്യായമായ പല വഴികളും സമരം ചെയ്യുന്നവര്‍ക്കു നിര്‍ദ്ദേശിക്കാനുണ്ട്. കെ.യു.ആര്‍.ടി.സിയില്‍ (കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍) ജോലി ചെയ്യുന്നത് കെ.എസ്.ആര്‍.ടി.സിയില്‍നിന്നു ഡെപ്യൂട്ടേഷനില്‍ നിയമിച്ചവരായതുകൊണ്ട് ഇതു തിരിച്ചും ചെയ്യാം എന്നതാണ് നിര്‍ദ്ദേശങ്ങളിലൊന്ന്. അതായത് പിരിച്ചുവിട്ടവരെ കെ.യു.ആര്‍.ടി.സിയില്‍ നിയമിക്കുകയും കെ.എസ്.ആര്‍.ടി.സിയിലേക്ക് ഡെപ്യൂട്ടേഷനില്‍ നിയമിക്കുകയും ചെയ്യുക. ഇവര്‍ക്ക് ജോലിയുമാകും. കെ.എസ്.ആര്‍.ടി.സിയില്‍ ആളുകള്‍ കുറവായതിന്റെ പ്രതിസന്ധിയും മാറും. കെ.യു.ആര്‍.ടി.സിയിലെ നിയമനങ്ങള്‍ പി.എസ്. സിക്കു വിട്ടിട്ടില്ല എന്നതുകൊണ്ട് അവിടുത്തെ നിയമനത്തിനു പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലില്ല എന്നതും ഈ വഴി എളുപ്പമാക്കുന്നു. ഞങ്ങള്‍ക്ക് പണിയുണ്ടെങ്കില്‍ മാത്രം കൂലി തന്നാല്‍ മതിയല്ലോ എന്നാണ് ജോലി പോയ മുഴുവനാളുകളേയും എങ്ങനെ തിരിച്ചെടുക്കും എന്ന ചോദ്യത്തിന് ഇവരുടെ മറുപടി. നേരത്തേയും അങ്ങനെയാണല്ലോ എന്നും. ആര്‍ക്കും ജോലിതന്നെ ഇല്ലാതിരിക്കുന്നതിനെക്കാള്‍ എല്ലാവര്‍ക്കും കുറേ ദിവസമെങ്കിലും ജോലിയും കൂലിയും കിട്ടുന്നതാണ് എന്ന, വിട്ടുവീഴ്ചയുടെ താഴെ അറ്റത്തുനിന്നുകൊണ്ട് ഈ ആശയം ഗവണ്‍മെന്റിനേയും അറിയിച്ചതാണ്.'' ജോലി പോയ എല്ലാവരേയും തിരിച്ചെടുക്കുക എന്നതാണ് പ്രധാനം. ഈ പ്രതിസന്ധി അവരുണ്ടാക്കിയതാണ്, കോടതി വിധി ഞങ്ങള്‍ക്ക് എതിരാകാനുള്ള സാഹചര്യവും സര്‍ക്കാരുണ്ടാക്കിയതാണ്. നിയമോപദേശത്തിന്റെ പേര് പറഞ്ഞ് മന്ത്രി നിഷേധാത്മക നിലപാട് എടുക്കുന്നതില്‍നിന്നുതന്നെ ഇതു വ്യക്തമാണ്. തൊഴിലാളികളെ പിരിച്ചുവിട്ട് സ്ഥാപനത്തിന്റെ നഷ്ടം കുറയ്ക്കാനുള്ള ശ്രമമാണ് മന്ത്രി നടത്തുന്നത്. നാലാളെടുക്കുന്ന ജോലി ഒരാളെ ഏല്പിച്ച് മൂന്നു പേരെ പിരിച്ചുവിടുന്ന ഈ സമീപനം തൊഴിലാളികളുടെ സര്‍ക്കാരിനു ചേര്‍ന്നതല്ല. ഗതാഗത മന്ത്രിക്കു തൊഴിലാളികളുടെ കാര്യത്തില്‍ പ്രതിബദ്ധത ഉണ്ടാകണമെന്നില്ല. പക്ഷേ, സി.പി.എമ്മിനും സി.പി.ഐക്കും എങ്ങനെ അത്തരമൊരു നിലപാടെടുക്കാനാകും. രണ്ട് വട്ടം മുഖ്യമന്ത്രിയെ കണ്ടിരുന്നു. അനുകൂലമായാണ് അദ്ദേഹം രണ്ടുവട്ടവും പ്രതികരിച്ചത്. പക്ഷേ, ഇതുവരെ അത് നടന്നുകാണുന്നില്ല''. 


കെ.എസ്.ആര്‍.ടി.സിയിലെ ഔദ്യോഗിക യൂണിയനുകളെല്ലാം ഇവരുടെ സമരത്തിനു പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചിരുന്നു. പിന്നീട് ആരെയും കണ്ടിട്ടില്ല എന്ന് ഇവരില്‍ ചിലര്‍ കുറ്റപ്പെടുത്തുന്നു. പക്ഷേ, അത് പൂര്‍ണ്ണമായും ശരിയല്ല. കെ.എസ്.ആര്‍.ടി.സിയിലെ എ.ഐ.ടി.യു.സി യൂണിയന്റെ സെക്രട്ടേറിയറ്റിനടുത്തുള്ള ഓഫീസ് ഇവര്‍ക്കൊരു അഭയകേന്ദ്രം പോലെയാണ്. സ്ഥിരമായി സമരരംഗത്തുള്ള മുന്നൂറോളം പുരുഷന്മാര്‍ക്കും മുപ്പതോളം സ്ത്രീകള്‍ക്കും ഏതാവശ്യത്തിനും എപ്പോഴും കയറിച്ചെല്ലാവുന്ന ഇടം. സമരപ്പന്തലിലേക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതും അവിടെയാണ്. മാത്രമല്ല, അരിയും സാധനങ്ങളും മറ്റുമായി കഴിയുന്നത്ര സഹായവും എ.ഐ.ടി.യു.സിക്കാര്‍ ചെയ്യുന്നു. യൂണിയന്‍ നേതൃത്വത്തിനു സ്ഥിരം ജീവനക്കാരുടെ കാര്യത്തില്‍ മാത്രമേ താല്പര്യമുള്ളു എന്ന പരാതിയും പരിഭവവും പ്രകടിപ്പിക്കുമ്പോഴും ഇതൊരു വസ്തുതയായി നിലനില്‍ക്കുന്നു. അതേസമയം യൂണിയനുകള്‍ കൂട്ടായി ശ്രമിച്ചിരുന്നെങ്കില്‍ തങ്ങള്‍ക്കു പുറത്തിറങ്ങി അലയേണ്ടിവരില്ലായിരുന്നു എന്ന് ഇവര്‍ പറയുന്നതില്‍ കാര്യവുമുണ്ട്. വര്‍ഷങ്ങളായി അവരുടെ എല്ലാ അവകാശങ്ങള്‍ക്കും വേണ്ടിയുമുള്ള സമരങ്ങളില്‍ ഒപ്പം നിന്നിട്ടും തങ്ങള്‍ക്ക് ഒരു ആവശ്യം വന്നപ്പോള്‍ കൂടെ നില്‍ക്കുന്നില്ല എന്ന രോഷമായിത്തന്നെ അതു മാറിയിരിക്കുന്നു. നമ്മുടെ സഹോദരങ്ങള്‍ ഇവിടെ സമരത്തിലിരിക്കുന്നു, അവരെ പിന്തുണയ്ക്കണമെന്നു പറഞ്ഞ് ഓരോ ദിവസവും ഓരോ യൂണിറ്റില്‍നിന്നും പത്തുപേരെയെങ്കിലും മാറി മാറി ഇവിടെ എത്തിച്ചിരുന്നെങ്കില്‍ സമരത്തിന്റെ ഗതി തന്നെ മാറില്ലായിരുന്നോ എന്നാണ് ചോദ്യം. സര്‍ക്കാര്‍തലത്തില്‍ അവരുടെ കൂടി ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ വരില്ലായിരുന്നു എന്നാണ് പൊതുവികാരം. 

ജീവിതസമരം

എംപാനല്‍ ഡ്രൈവര്‍മാരും ഓഫീസ് ജീവിനക്കാരും ഉള്‍പ്പെടെ നാലായിരത്തോളം പേര്‍ ഇപ്പോഴും തുടരുന്നുണ്ട്. കോടതി പറഞ്ഞത് എംപാനലുകാരെ പിരിച്ചുവിടണം എന്നാണ്; എംപാനല്‍ കണ്ടക്ടര്‍മാരെ എന്നല്ല. ഒന്നിച്ച് എല്ലാവരേയും കൂടി പിരിച്ചുവിട്ടാല്‍ അതു കുറേക്കൂടി വലിയ സാമൂഹികപ്രശ്‌നമായി മാറും എന്നു മനസ്സിലാക്കിയാണ് ആദ്യം കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എതിര്‍പ്പിനും പ്രക്ഷോഭത്തിനും ശക്തി കൂടുതലായിരിക്കും എന്നും. പക്ഷേ, അടുത്ത ഊഴം മറ്റുള്ളവരുടേതു തന്നെയായേക്കും. കേരളമെമ്പാടുമുള്ള ജോലി പോയവരുടെ പ്രതിനിധികളാണ് സമരരംഗത്തുള്ളത്. ഓരോ പ്രദേശത്തുനിന്നുള്ളവര്‍ ഓരോ ദിവസം മാറി മാറി സമരം ചെയ്യുന്ന രീതിയൊന്നുമല്ല. അങ്ങനെ സമരം ചെയ്യാന്‍ പറ്റുന്ന സംഘടനാ സംവിധാനവും ഇവര്‍ക്കില്ല. പക്ഷേ, വിജയം കാണാതെ പിന്മാറാനും വീടുകളിലേക്കു മടങ്ങാനും തയ്യാറല്ല എന്ന ഉറച്ച തീരുമാനമുണ്ട്. ജീവിതസമരമാണ് എന്നതുതന്നെ കാരണം. തെരഞ്ഞെടുപ്പുകാലത്ത് നിര്‍ബ്ബന്ധിതമായി നിര്‍ത്തേണ്ടിവന്നാല്‍ യൂണിഫോമില്‍ തെരഞ്ഞെടുപ്പുരംഗത്ത് സര്‍ക്കാരിനെതിരെ പ്രചാരണം നടത്താനാണ് ആലോചന. അതു രാഷ്ട്രീയമായി മറ്റാര്‍ക്കെങ്കിലും അനുകൂലമായല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. പിരിച്ചുവിടല്‍ പരോക്ഷമായി നാലുലക്ഷം ആളുകളെയെങ്കിലും ബാധിക്കുമെന്ന വാദം പെരുപ്പിച്ചതാകാം. പക്ഷേ, ഒരാളെ ആശ്രയിച്ചു ജീവിക്കുന്നവര്‍ ശരാശരി മൂന്നു പേര്‍ കൂടിയെങ്കിലും ഉണ്ടാകാം എന്നു കണക്കുകൂട്ടിയാലും പതിനാറായിരം പേരെയെങ്കിലും ഏറ്റവും കുറഞ്ഞത് ബാധിക്കുന്ന നടപടിയാണ് ഈ കൂട്ടപ്പിരിച്ചുവിടല്‍. 

12 വര്‍ഷമായി ജോലി ചെയ്യുന്ന ഉണ്ണി പ്രസാദ്, പത്തു വര്‍ഷമായ തസ്ലിം, 11 വര്‍ഷമായ ഡൊമിനിക്, 12 വര്‍ഷമായ സുരേഷ് കുമാര്‍, എട്ടു വര്‍ഷമായ ശരണ്‍, മനോജ് തുടങ്ങി പലരോടും ഞങ്ങള്‍ സംസാരിച്ചു. ഒരാളോടു സംസാരിക്കുന്നത് കണ്ട് മറ്റുള്ളവര്‍ ഇങ്ങോട്ടു വന്നു സ്വന്തം സ്ഥിതി പറഞ്ഞ് എല്ലാവരുടേയും കണ്ണുകള്‍ നിറച്ച അനുഭവവുമുണ്ടായി. ''തകര്‍ന്നു നില്‍ക്കുകയാണ് ഞങ്ങള്‍. ഈ കൂട്ടായ്മയും സമരവുമാണ് മുന്നോട്ടു പോകാന്‍ പ്രതീക്ഷ നല്‍കുന്നത്. ഭാര്യയും ഒരു വയസ്സായ മകനും പ്രായമായ ബാപ്പയുമുള്ള വീട്ടില്‍നിന്നു സമരത്തിനു മൂന്നു ദിവസം മുന്‍പേ തിരുവനന്തപുരത്തു വന്നതാണ് ഞാന്‍. മിക്കവര്‍ക്കും വീട്ടില്‍ നില്‍ക്കാന്‍ പറ്റുന്നില്ല. ഒരു മാസം പരമാവധി 8000-9000 രൂപയാണ് കിട്ടിക്കൊണ്ടിരുന്നത്. അതുകൊണ്ട് ജീവിച്ചുപോവുകയായിരുന്നു. അതാണ് പെട്ടെന്നു നിലച്ചുപോയത്.'' 10 വര്‍ഷമായി കായംകുളം ഡിപ്പോയില്‍ ജോലി ചെയ്തിരുന്ന തസ്ലിം പറയുന്നു. മിക്കവരുടേയും കുടുംബത്തിലെ കാര്യങ്ങളൊക്കെ തകിടം മറിഞ്ഞിരിക്കുന്നു. ''അതുകൊണ്ടാണ് സമരം ചെയ്യുന്നവരുടെ ഭാഗത്തു നിന്ന് ആത്മഹത്യാ പ്രവണതയും മറ്റും ഉണ്ടാകുന്നത്. സമരത്തിനു ശ്രദ്ധ നേടാനല്ല, ജീവിത പ്രാരാബ്ധങ്ങളാണ് ഞങ്ങളെ ആത്മഹത്യാ ചിന്തയില്‍ എത്തിക്കുന്നത്. ഈ സമരത്തിന്റെ രൂപവും ഭാവവും ഞങ്ങളുടെ സ്ഥിതിയും നേരിട്ടൊന്നു കണ്ടാല്‍ മനുഷ്യത്വമുള്ള ആര്‍ക്കും യാഥാര്‍ത്ഥ്യം മനസ്സിലാകും. ഓരോ ആളുകളുടേയും ജീവിതപ്രയാസങ്ങള്‍ പറഞ്ഞാല്‍ തീരില്ല'' പറയുന്നത് ശരണ്‍. ''ആരു നടത്തുന്ന സമരത്തേയും ഞങ്ങള്‍ കുറച്ചു കാണുകയല്ല. പക്ഷേ, ഈ സമരത്തിന് ഇടയാക്കിയ സാഹചര്യം മറ്റു സമരങ്ങളുടേതിലും വലിയൊരു പ്രശ്‌നമായി സമൂഹവും സര്‍ക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും കാണണം. സാധാരണ സമരമായി കാണരുത്. ദുരന്തത്തിന്റെ ആഴം കാണണം'' -മനോജ് അപേക്ഷിക്കുന്നു.


പിഞ്ചു കുട്ടികളുള്ളവര്‍, വാര്‍ഷിക പരീക്ഷക്കാലമായതുകൊണ്ട് വീട്ടിലെ ദാരിദ്ര്യം അവരുടെ പഠനത്തേയും പരീക്ഷയേയും ബാധിക്കുമെന്നു സങ്കടപ്പെടുന്നവര്‍, അടുത്ത അധ്യയന വര്‍ഷം കുട്ടിയെ പുതിയ ബാഗും പുസ്തകങ്ങളും വസ്ത്രങ്ങളുമായി ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ കാത്തിരിക്കുന്നവര്‍, ബാങ്ക് വായ്പ എടുത്ത് വീടുവച്ച് തിരിച്ചടച്ചുകൊണ്ടിരുന്നവര്‍, സഹോദരിയുടെ വിവാഹത്തിന്റെ കടബാധ്യത തീര്‍ക്കാനുള്ളവര്‍, പ്രായമായ മാതാപിതാക്കളുടെ ഏക ആശ്രയമായവര്‍ അങ്ങനെ ജീവിതത്തിന്റെ നേര്‍ച്ചിത്രങ്ങള്‍ മുഴുവനുമുണ്ട് ഇവിടെ. ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവര്‍ നിരവധി. 

നാട്ടുകാരും ബന്ധുക്കളും ഇപ്പോള്‍ അവജ്ഞയോടെ നോക്കുന്ന സ്ഥിതി കൂടി അഭിമുഖീകരിക്കുന്നു മിക്കവരും. കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ എന്ന ഐഡന്റിറ്റി ഒറ്റ ദിവസംകൊണ്ട് ഇല്ലാതായതാണു കാരണം. കണ്ടക്ടറാണ് എന്നല്ലാതെ പി.എസ്.സിയാണോ എംപാനലാണോ എംപ്ലോയ്മെന്റാണോ സ്ഥിരമാണോ താല്‍ക്കാലികമാണോ എന്നതൊന്നും ഇതുവരെ പ്രശ്‌നമായിരുന്നില്ല. എന്നാല്‍, പിരിച്ചുവിട്ടതോടെ, ഓ, എംപാനലായിരുന്നു അല്ലേ'' എന്നു ചോദിച്ചു പലരും കുത്തി നോവിക്കുന്നു. ഇത് ഇവരില്‍ ഏറെ പേരുടേയും അനുഭവമാണ്. ജീവിക്കാനുള്ള തൊഴിലും വരുമാനവും മാത്രമല്ല, ആത്മാഭിമാനം കൂടി നഷ്ടപ്പെട്ടതിന്റെ അമ്പരപ്പ്. പാല്‍ വാങ്ങാന്‍പോലും പുറത്തിറങ്ങാന്‍ വീട്ടുകാര്‍ക്കു മടി. എന്തായി എന്നു ചോദിക്കും. ബിരുദ പഠനത്തിനിടെ ജോലിക്കു കയറിയ ശരണിനു പരീക്ഷാ ദിവസം ഡ്യൂട്ടി നല്‍കിയതു വഴി പരീക്ഷ മുടങ്ങിയ അനുഭവം പറയാനുണ്ട്. പരീക്ഷയാണെന്നു പറഞ്ഞിട്ടും അവധി കൊടുത്തില്ല. സമീപകാലത്തു വിവാഹം ചെയ്തയാളേയും വിവാഹാലോചന നടന്നുകൊണ്ടിരുന്നയാളേയും ഞങ്ങള്‍ ഇവിടെ കണ്ടു. ഒറ്റയടിക്കു തൊഴില്‍രഹിതനായപ്പോള്‍ ദാമ്പത്യത്തിലും വിവാഹാലോചനയിലും അതിന്റെ പ്രത്യാഘാതമുണ്ടായി. കോവളം സ്വദേശിയായ മറ്റൊരു ചെറുപ്പക്കാരന്‍ കെട്ടിടം പണിക്കു കൈയാളായി പോയിട്ടാണ് സമരപ്പന്തലില്‍ വരുന്നത് ഇപ്പോള്‍. അല്ലെങ്കില്‍ കുടുംബം പട്ടിണിയാകും. അങ്ങനെ തല്‍ക്കാലത്തെ നിലനില്‍പ്പിന് എന്തെങ്കിലുമൊക്കെ ചെയ്യുന്നവര്‍ വേറെയുമുണ്ട്. 

എന്തും സഹിക്കാന്‍ തയ്യാര്‍

ജോലി ഉണ്ടായിരുന്നപ്പോള്‍ ഇവര്‍ അനുഭവിച്ച നിരവധി വിവേചനങ്ങളും ഇപ്പോള്‍ പുറത്തുവരികയാണ്. അധ്വാനം കുറവും വിശ്രമിക്കാന്‍ കൂടുതല്‍ അവസരവുമൊക്കെയുള്ള ഡ്യൂട്ടികള്‍ക്ക്  'ഹല്‍വ ഡ്യൂട്ടി' എന്നാണ് കണ്ടക്ടര്‍മാര്‍ക്കിടയില്‍ വിളിപ്പേര്. ഹല്‍വ ഡ്യൂട്ടികളെല്ലാം സ്ഥിരം കണ്ടക്ടര്‍മാര്‍ക്കു കൊടുക്കും. പുലര്‍ച്ചെ വീട്ടില്‍ നിന്നെത്തി കാത്തു നിന്നാല്‍ അവര്‍ക്കു വേണ്ടാത്ത ഡ്യൂട്ടികള്‍ വരുമ്പോള്‍ മാത്രമാണ് ഇവര്‍ക്കു കിട്ടുക. ഓരോരുത്തരില്‍നിന്നും 5000 രൂപ വീതം കെ.എസ്.ആര്‍.ടി.സി ഡെപ്പോസിറ്റ് വാങ്ങിയിട്ടുണ്ട്. മാസത്തില്‍ 20 ഡ്യൂട്ടിയെങ്കിലും ചെയ്യാത്തവരില്‍നിന്ന് 1000 രൂപ തിരിച്ചു പിടിക്കും. ആ മാസത്തെ ശമ്പളം കൊടുക്കുമെങ്കിലും അടുത്ത മാസം ജോലി തുടരണമെങ്കില്‍ 1000 രൂപ നല്‍കി 5000 രൂപ ഡെപ്പോസിറ്റിലെ കുറവ് നികത്തണം. ഡ്യൂട്ടി കഴിഞ്ഞ് പണം എണ്ണുമ്പോള്‍ കുറവു കണ്ടാല്‍ സ്ഥിരം കണ്ടക്ടര്‍മാരില്‍നിന്ന് ഈടാക്കുന്നത് കുറവു വന്ന അത്രയും തുക മാത്രവും ഇവരില്‍നിന്ന് അതിന്റെ നാലിരട്ടിയും. സ്ഥിരം കണ്ടക്ടര്‍മാര്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള സൗജന്യ യാത്രാ പാസ്സാണ് നല്‍കുക. ഇവര്‍ക്ക് ഒരു മാസത്തേക്കു മാത്രവും. പുതുക്കിക്കിട്ടാന്‍ വൈകിയാല്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ബസില്‍ ടിക്കറ്റെടുത്തു യാത്ര ചെയ്യേണ്ടിവരും. ആറു ദിവസം ജോലി ചെയ്യുമ്പോള്‍ ഒരു ദിവസം അവധി എന്നതും ഇവര്‍ക്കു ബാധകമായിരുന്നില്ല; എല്ലാ ദിവസവും ജോലി. ഓണത്തിനും പെരുന്നാളിനും ക്രിസ്മസിനും ജോലി ചെയ്താലും മറ്റുള്ളവരെപ്പോലെ അധിക ഡ്യൂട്ടിയുടെ വേതനമില്ല. ഇതൊക്കയായിട്ടും ഇവര്‍ തൃപ്തരായിരുന്നു, വേറെ ഗതിയില്ലാത്തതുകൊണ്ട്. 

സി.എം.ഡിയും കെ.എസ്.ആര്‍.ടി.സിയിലെ യൂണിയനുകളും തമ്മിലുള്ള പോരില്‍ ഇവര്‍ കരുക്കളായി മാറുകയായിരുന്നു എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ യൂണിയന്‍കാര്‍ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. പരസ്പരം കടിച്ചുകീറാന്‍ നിന്നിരുന്ന സി.ഐ.ടിയു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി യൂണിയനുകള്‍ ഒന്നിച്ചുനിന്നു ശ്രമിച്ചിട്ടും തച്ചങ്കരിയെ മാറ്റാന്‍ കഴിഞ്ഞുമില്ല. എംപാനല്‍ കണ്ടക്ടര്‍മാരുടെ വിഷയം വന്നതോടെയാണ് തച്ചങ്കരിയെ മാറ്റിയത്. അതുവരെ പ്രകടിപ്പിച്ച ആവേശത്തിന്റെ ബാനറൊക്കെ തച്ചങ്കരിയെ തെറിപ്പിക്കുക എന്ന ലക്ഷ്യം സാധിച്ചതോടെ യൂണിയന്‍കാര്‍ മടക്കിക്കെട്ടി. തച്ചങ്കരിയുടെ കടുത്ത നിലപാട് ഹൈക്കോടതിയുടെ കര്‍ക്കശ സമീപനത്തില്‍ വലിയ പങ്കു വഹിച്ചു എന്നാണ് സമരം ചെയ്യുന്നവരുടെ വിമര്‍ശനം. പി.എസ്.സി അഡൈ്വസ് മെമ്മോ നല്‍കിയവരില്‍നിന്നു കുറച്ചു പേരെയെങ്കിലും നിയമിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ കൂട്ടപ്പിരിച്ചുവിടല്‍ എന്ന നിലപാടിലേക്ക് കോടതി എത്തില്ലായിരുന്നു എന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. പക്ഷേ, അഡൈ്വസ് മെമ്മോ ലഭിച്ചവരെ നിയമിക്കാന്‍ തച്ചങ്കരി വിസമ്മതിച്ചു. ഗതാഗത മന്ത്രിയും അതിനു കൂട്ടുനിന്നു. ഒരുപടികൂടി കടന്ന് പി.എസ്.സിയില്‍നിന്ന് അഡൈ്വസ് മെമ്മോ ലഭിച്ചവരെ കെ.എസ്.ആര്‍.ടി.സിയില്‍ നിയമിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് മന്ത്രി നിയമസഭയില്‍ പറയുകകൂടി ചെയ്തു. പ്രശ്‌നം വഷളായപ്പോള്‍ തച്ചങ്കരിക്കെതിരെ യൂണിയനുകളെല്ലാം ഒന്നിച്ചു ചേര്‍ന്ന് ഇത് ആയുധമാക്കുകയും ചെയ്തു. മുന്‍പ് 9000 പേരെ കെ.എസ്.ആര്‍.ടി.സി ഒന്നിച്ചു നിയമിച്ചപ്പോള്‍പ്പോലും എംപാനലുകാരെ ബാധിച്ചിരുന്നില്ല എന്നതുമായി ഇതു ചേര്‍ത്തു കാണണം. ഡ്യൂട്ടികളുടെ എണ്ണം കുറയുമായിരിക്കും. പക്ഷേ, അതു സഹിക്കാന്‍ എക്കാലത്തും തങ്ങള്‍ തയ്യാറായിട്ടുണ്ട് എന്നു പിരിച്ചുവിടപ്പെട്ടവര്‍ ചൂണ്ടിക്കാണിക്കുന്നതില്‍ കഴമ്പുണ്ട്. 

നിയമനത്തിന് തയാറായില്ല: കോടതിയില്‍ കിട്ടിയ തിരിച്ചടി
3861 എംപാനല്‍ കണ്ടക്ടര്‍മാരെ കെ.എസ്.ആര്‍.ടി.സിയില്‍നിന്നു പറഞ്ഞുവിടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത് 2018 ഡിസംബര്‍ ആറിന്. അതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 16-ന് പിരിച്ചുവിടല്‍ ഉത്തരവിറങ്ങി. സമീപകാല കേരളത്തിലെ കൂട്ടപ്പിരിച്ചുവിടലുകളില്‍ ഏറ്റവും വലുത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സിയുടെ തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് ശക്തമായ നടപടി നേരിടേണ്ടിവരുമെന്നു കോടതി ആവര്‍ത്തിച്ചു താക്കീത് ചെയ്തു. നിയമനം കാത്തിരിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരുടെ ഹര്‍ജി പരിഗണിച്ചായിരുന്നു വിധി. പി.എസ്.സിയില്‍നിന്ന് അഡൈ്വസ് മെമ്മോ ലഭിച്ച 4501 പേരെ നിയമിക്കാന്‍ കെ.എസ്.ആര്‍.ടി.സി തയ്യാറാകുന്നില്ല എന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഹര്‍ജി പരിഗണിച്ചപ്പോള്‍ നിഷേധാത്മക നിലപാടാണ് കെ.എസ്.ആര്‍.ടി.സിയുടെ ഭാഗത്തു നിന്നുണ്ടായത്. ഇതു കോടതിയുടെ ശക്തമായ താക്കീതിനും കൂട്ടപ്പിരിച്ചുവിടല്‍ വിധിക്കും കളമൊരുക്കി.

ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞത് സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്നും ഈ താല്‍ക്കാലിക തിരിച്ചടി ഒരുപക്ഷേ, ജീവനക്കാര്‍ക്ക് സ്ഥിരം നിയമനം ലഭിക്കാന്‍പോലും കാരണമായി മാറിയേക്കും എന്നുമാണ്. പക്ഷേ, ദിവസങ്ങള്‍ക്കുള്ളില്‍ തച്ചങ്കരിയെ സര്‍ക്കാര്‍ മാറ്റി. പിരിച്ചുവിട്ടവര്‍ക്കു പകരം സ്ഥിരം ജീവനക്കാരായ കണ്ടക്ടര്‍മാര്‍ അധിക ജോലി ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുക മാത്രമല്ല, അവരുടെ അധിക ജോലിക്ക് നേരത്തെ നല്‍കിയിരുന്നതിനെക്കാള്‍ അധിക കൂലിയും മന്ത്രി ഉറപ്പു നല്‍കി. എങ്കിലും പിരിച്ചുവിടല്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകളെ ബാധിക്കും എന്നതിലെ ആശങ്കയുടെ ഒരു ഭാഗം പോലും ആയിരക്കണക്കിനു കുടുംബങ്ങളുടെ ജീവിതം പ്രതിസന്ധിയിലാകുന്നതിനെക്കുറിച്ച് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. കോടതി പറഞ്ഞതല്ലേ എന്നു നിസ്സാരമായി കൈകഴുകി ഒഴിഞ്ഞു. 

പി.എസ്.സിക്ക് കെ.എസ്.ആര്‍.ടി.സി റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ നികത്തുന്നതിന് 2013 മെയ് ഒന്‍പതിനു പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് നിലനില്‍ക്കുന്നു എന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്. അതില്‍നിന്നു നിയമനം നടത്താന്‍ തടസ്സം എംപാനലുകാരാണ് എന്നും. പിരിച്ചുവിടല്‍ ഉത്തരവുകള്‍ ഉടനടി പുറപ്പെടുവിച്ചില്ല എന്നതിന്റെ പേരില്‍ അടുത്ത ദിവസം കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ കോടതി കോര്‍പ്പറേഷനെ കുടഞ്ഞു. ഡിസംബര്‍ 17-നു മുന്‍പ് പിരിച്ചുവിട്ടിരിക്കണം എന്ന് അന്ത്യശാസനവും നല്‍കി. ഒരൊറ്റ എംപാനല്‍ കണ്ടക്ടര്‍മാരും ജോലിയില്‍ തുടരുന്നില്ല എന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലം ഡിസംബര്‍ 18-ന് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. 

പിരിച്ചുവിടലിനെതിരെ ആലപ്പുഴയില്‍നിന്ന് തിരുവനന്തപുരത്തേയ്ക്ക് എംപാനല്‍ കണ്ടക്ടര്‍മാരും കുടുംബാംഗങ്ങളും ലോംഗ് മാര്‍ച്ച് നടത്തിയിരുന്നു. ഇവര്‍ വഴിയാധാരമാകുന്ന സ്ഥിതി ഉണ്ടാകാതെ നോക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും പരിഹാരം എളുപ്പമായിരുന്നില്ല. തീരുമാനം ഉണ്ടായുമില്ല. ഇതേത്തുടര്‍ന്നാണ് ജനുവരി 21 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടങ്ങിയത്. സമരം ഒരു മാസം പിന്നിട്ടപ്പോള്‍ ഇടതുമുന്നണി ഇടപെട്ടു. പ്രശ്‌നപരിഹാരത്തിനു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്ന് കണ്‍വീനര്‍ എ. വിജയരാഘവന്‍ സമരം ചെയ്യുന്നവരുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിക്കുകയും ചെയ്തു. അതു വലിയ പ്രതീക്ഷയാണ് അവര്‍ക്കു നല്‍കിയത്. ഫെബ്രുവരി 27-ന്റെ മന്ത്രിസഭാ യോഗം എന്തെങ്കിലുമൊന്നു തീരുമാനിക്കും എന്നായിരുന്നു സൂചന. സമരത്തിന്റെ 38-ാം ദിനം. സമരം ചെയ്യുന്നവര്‍ക്കു വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ, മന്ത്രിസഭാ തീരുമാനങ്ങളില്‍ അവരുടെ കാര്യം ഉണ്ടായിരുന്നില്ല. 

വിഷയം നേരത്തെ നിയമസഭയിലും എത്തിയിരുന്നു. മുന്‍ ഗതാഗത മന്ത്രിയും കോണ്‍ഗ്രസ്സ് എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പിരിച്ചുവിടല്‍ സഭ ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ടോമിന്‍ തച്ചങ്കരിയും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നത് എന്ന് തിരുവഞ്ചൂര്‍ ആരോപിക്കുകയും ചെയ്തു. എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടണമെന്ന് തച്ചങ്കരി സര്‍ക്കാരിനു കത്ത് നല്‍കിയ, കേസ് കോടതിയില്‍ വന്നപ്പോള്‍ പിരിച്ചുവിടലിനെ സര്‍ക്കാര്‍ എതിര്‍ത്തില്ല എന്നീ ആരോപണങ്ങളും ഉയര്‍ന്നു.

പി.എസ്. സി വഴി ജോലിക്കെത്തിയത് 1500 പേര്‍ മാത്രം 

പി.എസ്.സിയില്‍നിന്ന് അഡൈ്വസ് മെമ്മോ ലഭിച്ച മുഴുവനാളുകള്‍ക്കും കോടതി വിധിയെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി നിയമന ഉത്തരവ് അയച്ചിരുന്നു. എന്നാല്‍, ഇതുവരെ 1500-ല്‍ താഴെ പേര്‍ മാത്രമാണ് ജോലിക്കെത്തിയത്. 3861 പേരെ പിരിച്ചുവിട്ടുകൊണ്ടുമാത്രമേ പി.എസ്.സി മുഖേന അത്രയും പേര്‍ക്ക് നിയമനം നല്‍കാന്‍ സാധിക്കുകയുള്ളു എന്ന വാദത്തിന് ഇതോടെ നിലനില്‍പ്പില്ലാതായി. 

ഗതാഗത മന്ത്രിക്ക് ആത്മാര്‍ത്ഥതയില്ല: കെഎസ്ടിഇയു (എഐടിയുസി)

പിരിച്ചുവിട്ട കണ്ടക്ടമാരുടെ കാര്യത്തില്‍ ഗതാഗത മന്ത്രിയുടെ നിലപാട് ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന്  കെ.എസ്.ടി.ഇ.യു (എ.ഐ.ടി.യു.സി) ജനറല്‍ സെക്രട്ടറി എം.ജി. രാഹുല്‍ പറയുന്നു. കോടതി നിര്‍ദ്ദേശപ്രകാരം കെ.എസ്.ആര്‍.ടി.സിയില്‍ ഒരു കൂട്ടപ്പിരിച്ചുവിടല്‍ ഉണ്ടായ സാഹചര്യത്തില്‍ നിയമവശങ്ങളുള്‍പ്പെടെ നോക്കി പ്രശ്‌നപരിഹാര ശ്രമമാണ് സര്‍ക്കാരിന്റെ പ്രതിനിധിയായ മന്ത്രി നടത്തേണ്ടത്. പക്ഷേ, അതല്ല മന്ത്രിയുടെ രീതി. മന്ത്രിക്ക് ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ ഇത്രയും തൊഴിലാളികള്‍ വഴിയാധാരമാകില്ലായിരുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റില്‍നിന്ന് അഡൈ്വസ് മെമ്മോ നല്‍കിയവരെ നിയമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മന്ത്രി നിയമസഭയില്‍ പറഞ്ഞതോടെയാണ് പ്രശ്‌നം വഷളായിത്തുടങ്ങിയത്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി പറയാന്‍ പാടില്ലാത്ത കാര്യമായിരുന്നു അത്. നിയമസഭയിലെ ആ മറുപടിയോടെയാണ് പി.എസ്.സി അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ കേസിനു പോയതും കോടതി കടുത്ത നിലപാടെടുത്തതും. കേസിന്റെ തുടക്കത്തില്‍ രണ്ടുവട്ടം കെ.എസ്.ആര്‍.ടി.സിക്കുവേണ്ടി എം.ഡി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടുകളും പ്രശ്‌നം വഷളാക്കി. പിന്നീട് കൈപൊള്ളുമെന്നു മനസ്സിലായപ്പോഴാണ് സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്റ്റ് നല്‍കിയത്. 

തങ്ങള്‍ ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍ക്കു പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. കോടതി നിര്‍ദ്ദേശപ്രകാരം പിരിച്ചുവിട്ടതായതിനാല്‍ അവരെ തിരിച്ചെടുക്കുമ്പോള്‍ നിയമപരമായ പരിരക്ഷ ഉറപ്പാക്കണം, കെ.യു.ആര്‍.ടി.സിയില്‍ ഇവര്‍ക്ക് നിയമനം നല്‍കുന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ എല്‍.ഡി.എഫിനും സര്‍ക്കാരിനും മുന്നിലുണ്ട്. പിരിച്ചുവിട്ട മുഴുവനാളുകളേയും തിരിച്ചെടുത്ത് സ്ഥിരപ്പെടുത്തണം എന്നാണ് കെ.എസ്.ടി.ഇ.യു (എ.ഐ.ടി.യു.സി) നിലപാട്. ഇതോടെ എംപാനല്‍ നിയമനങ്ങളും അതുവഴിയുള്ള ചൂഷണങ്ങളും അവസാനിപ്പിക്കുകയും വേണം- രാഹുല്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com