അന്താരാഷ്ട്ര ചലച്ചിത്രമേള; ആര്‍ക്കാണ് ഒളി അജന്‍ഡ? വിവാദം

അടുത്ത വര്‍ഷം രജതജൂബിലി ആഘോഷിക്കുന്ന ഐ.എഫ്.എഫ്.കെയില്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്ന രീതിയും സമാന്തര സിനിമകളോടുള്ള സമീപനവും മുന്‍പില്ലാത്ത വിധം പരാതികള്‍ക്ക് ഇടയാക്കുകയാണ്
2017 അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പ്രേക്ഷക പങ്കാളിത്തം (ഫയൽ ചിത്രം)/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
2017 അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പ്രേക്ഷക പങ്കാളിത്തം (ഫയൽ ചിത്രം)/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

സിനിമകള്‍ തിരഞ്ഞെടുത്ത രീതിക്കെതിരെ പ്രതിഷേധം ശക്തമാവുകയും എട്ട് സംവിധായകര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതോടെ കേരളത്തിന്റെ ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ) വിവാദച്ചുഴിയില്‍. ഒറ്റപ്പെട്ട പരാതികള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും സംഘടിത പ്രതിഷേധം ഇതാദ്യമാണ്. തിരുവനന്തപുരത്ത് ഡിസംബര്‍ 6 മുതല്‍ 13 വരെയാണ് മേള. അതിനു തിരഞ്ഞെടുത്ത സിനിമകളുടെ പട്ടിക റദ്ദാക്കുകയും പുതിയ തിരഞ്ഞെടുപ്പു സമിതിയെ വച്ച് വീണ്ടും സിനിമകള്‍ കണ്ടു പുതിയ പട്ടിക ഉണ്ടാക്കുകയും ചെയ്യണം എന്നാണ് ആവശ്യം. പ്രദര്‍ശനവിജയം നേടുകയും ടി.വി. ചാനലുകള്‍ സംപ്രേഷണം ചെയ്യുകയും ഡി.വി.ഡി ഇറങ്ങുകയും ചെയ്ത മലയാളം വാണിജ്യ സിനിമകള്‍ക്ക്  ഇടം കൊടുക്കാന്‍ പുതിയ യുവസംവിധായകരുടേതുള്‍പ്പെടെ സമാന്തര സിനിമകള്‍ തള്ളിയെന്നാണ് പ്രധാന വിമര്‍ശനം. എന്നാല്‍, ഏതെങ്കിലും ഒരു സിനിമയ്ക്കോ സംവിധായകനോ വേണ്ടിയല്ല ഈ പ്രതിഷേധം എന്ന പ്രത്യേകതയുണ്ട്. ഐ.എഫ്.എഫ്.കെയില്‍ ചില മാറ്റങ്ങള്‍ ആവശ്യമാണ് എന്ന പൊതുവികാരത്തിനാണ് ഊന്നല്‍. ജെല്ലിക്കെട്ട്, ഉയരെ, ഉണ്ട, വൈറസ്, ഇഷ്‌ക്, കുമ്പളങ്ങി നൈറ്റ്സ്, രൗദ്രം, ആന്റ് ദി ഓസ്‌കാര്‍ ഗോസ് ടു, ഒരു ഞായറാഴ്ച എന്നിവയാണ് മേളയിലെത്തുന്ന ജനപ്രിയ മലയാളം സിനിമകള്‍. ലഭിച്ച 93 സിനിമകളില്‍നിന്ന് ഇവ ഉള്‍പ്പെടെ പതിനാലെണ്ണം മലയാളം സിനിമാ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പുറത്തായ സമാന്തര ചിത്രങ്ങള്‍ നിരവധി. പക്ഷേ, ആ തെരഞ്ഞെടുക്കലും തള്ളലും സുതാര്യമായിരുന്നില്ല എന്ന വിമര്‍ശനമാണ് പ്രതിഷേധമായി ശക്തി പ്രാപിച്ചതും കോടതി കയറിയതും.

മേളയുടെ സംഘാടകരായ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെ സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള സമിതിയില്‍ ഉള്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയ രണ്ടാമത്തെ വിഷയം. ജൂറിക്കു മുന്നിലെത്തിയ സിനിമകള്‍ മുഴുവന്‍ കാണാതെയാണ് തിരഞ്ഞെടുപ്പ് നടത്തിയത് എന്നത് മൂന്നാമത്തെ ആരോപണം. ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്ന മലയാളം സിനിമകളുടെ പട്ടികയുമായി മേള തുടങ്ങിയാല്‍ പരസ്യ പ്രതിഷേധത്തിനും സമാന്തര സിനിമാ പ്രവര്‍ത്തകരുള്‍പ്പെടെ ആലോചിക്കുന്നു. 'മലയാളം സിനിമ ഇന്ന്' വിഭാഗത്തിലേക്ക് സിനിമകള്‍ അയയ്ക്കുകയും തിരഞ്ഞെടുക്കപ്പെടാതിരിക്കുകയും ചെയ്ത എട്ട് സംവിധായകരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഡോ. എസ് സുനില്‍കുമാര്‍ (സിനിമ- വിശുദ്ധ രാത്രികള്‍), സതീഷ് ബാബുസേനന്‍ (ഇരുട്ട്), സന്തോഷ് ബാബുസേനന്‍ (ചായം പൂശിയ വീട്), പ്രതാപ് ജോസഫ് (ഒരു രാത്രി ഒരു പകല്‍), വേണു നായര്‍ (ജലസമാധി), വിനോദ് കൃഷ്ണ (ഇലം), സജാസ് റഹ്മാന്‍ (വാസന്തി), സിദ്ദീഖ് പറവൂര്‍ (താഹിറ) എന്നിവര്‍. ഇതിനു പുറമേ വനിതാ സംവിധായകരുടെ സിനിമകള്‍ തിരഞ്ഞെടുത്തതില്‍ ക്രമക്കേട് ആരോപിച്ച് മറ്റൊരു ഹര്‍ജിയും കോടതിയിലുണ്ട്.

സാംസ്‌കാരിക സെക്രട്ടറി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, ഐ.എഫ്.എഫ്.കെ സെലക്ഷന്‍ കമ്മിറ്റി എന്നിവര്‍ക്കു പുറമേ 'ഇഷ്‌കി'ന്റെ സംവിധായകന്‍ അനുരാജ് മനോഹര്‍, 'കുമ്പളങ്ങി നൈറ്റ്സി'ന്റെ സംവിധായകന്‍ മധു സി. നാരായണന്‍, വൈറസിന്റെ സംവിധായകന്‍ ആഷിക് അബു, ഒരു ഞായറാഴ്ചയുടെ സംവിധായകന്‍ ശ്യാമപ്രസാദ്, 'ഉണ്ട'യുടെ സംവിധായകന്‍ ഖാലിദ് റഹ്മാന്‍, 'ആന്റ് ദി ഓസ്‌കാര്‍ ഗോസ് ടു'വിന്റെ സംവിധായകന്‍ സലിം അഹ്മദ്, 'ഉയരെ'യുടെ സംവിധായകന്‍ മനു അശോകന്‍ എന്നിവരെക്കൂടി എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി. ''മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പതിന്നാല് സിനിമകളില്‍ എട്ടും നേരത്തേ റിലീസ് ചെയ്ത് വന്‍ പ്രദര്‍ശന വിജയം നേടിയവയാണ്. സിനികള്‍ മേളയുടെ ഭാഗമാക്കുന്നത് മറ്റു സ്വതന്ത്ര സംവിധായകരോടും അവരുടെ സമാന്തര സിനിമകളോടും പ്രേക്ഷകരോടുമുള്ള അനീതിയാണ്'' തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അദ്ധ്യാപകന്‍ കൂടിയായ ഡോ. എസ്. സുനില്‍ കുമാര്‍ പറയുന്നു. സാംസ്‌കാരിക മന്ത്രി എ.കെ. ബാലനും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനും വിശദമായ പരാതി നല്‍കിയെങ്കിലും പ്രതികരണം പോലും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. ഐ.എഫ്.എഫ്.കെയില്‍ വിവേചനം നടക്കുന്നതായി അനുഭവവും പരാതിയും ഉള്ളവര്‍ ഉള്‍പ്പെട്ട 'കൗണ്ടര്‍ ഐ.എഫ്.എഫ്.കെ' വാട്സാപ്പ് ഗ്രൂപ്പ് രൂപീകരണത്തോടെ ആരംഭിച്ച എതിര്‍പ്പ് പിന്നീട് വന്‍ പ്രതിഷേധമായി മാറുകയായിരുന്നു. സമൂഹമാധ്യമ ഗ്രൂപ്പിനു പുറത്തും കൂടിയാലോചനകളും കൂട്ടായ്മകളും നടന്നു. തുടര്‍ന്നാണ് നിയമപരമായി  നീങ്ങിയത്. 

അതേസമയം, ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ച് മേളയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് അക്കാദമി. പരാതികള്‍ ശരിയായി മനസ്സിലായിട്ടില്ലെന്ന് മലയാളം സിനിമ ഇന്ന് വിഭാഗം സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ ടി.വി. ചന്ദ്രന്‍ പറയുന്നു. ''ചിലര്‍ കോടതിയില്‍ പോയതായി അറിയാം. പക്ഷേ, അവരുടെ ആവശ്യങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല'' എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ''അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ജൂറി അംഗമാകരുതെന്ന് നിയമാവലിയില്‍ പറയുന്നില്ല; മുന്‍പും ഇതുപോലെ ചെയ്തിട്ടുണ്ട്, വാണിജ്യ സിനിമകളെല്ലാം കലാമൂല്യമില്ലാത്തവയല്ല; എല്ലാത്തവണയും അവ മേളയില്‍ ഉള്‍പ്പെടുത്താറുണ്ട്, ജൂറി സിനിമകളെല്ലാം കണ്ട ില്ല എന്ന് ആരോപിച്ച് മേളയുടെ വിശ്വാസ്യത കളങ്കപ്പെടുത്താനാണ് ശ്രമം'' എന്നിങ്ങനെയാണ് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ജുവിന്റെ വിശദീകരണം. 

കണ്ടും കാണാതേയും

തങ്ങളുടെ സിനിമ കാണാതെ തിരഞ്ഞെടുപ്പ് സമിതി തള്ളിയെന്നാണ് സുനില്‍ കുമാറിന്റെയും പ്രതാപ് ജോസഫിന്റെയും പരാതി. അതുമായി ബന്ധപ്പെട്ട് അനീതി നടന്നുവെന്നും നടപടിക്രമങ്ങള്‍ സുതാര്യമായിരുന്നില്ലെന്നും അവര്‍ പറയുന്നു. സമാന സ്വഭാവമുള്ള പരാതികളുള്ളവരാണ് മറ്റ് ആറു പേരും. 

വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന പ്രേക്ഷകര്‍ക്കു വേണ്ടി മികച്ച മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കുക, ലോകത്തെ മികച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും പ്രത്യേകിച്ച് ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ മത്സരത്തിലൂടെ തിരഞ്ഞെടുത്ത് പുരസ്‌കാരം നല്‍കുകയുമാണ് ഐ.എഫ്.എഫ്.കെയുടെ പ്രഖ്യാപിത ലക്ഷ്യം. വളര്‍ന്നു വരുന്ന യുവ സംവിധായകരെ പ്രോല്‍സാഹിപ്പിക്കുന്നതിന് ഈ രാജ്യങ്ങളില്‍ നിന്നുള്ള നവാഗത സംവിധായകര്‍ക്ക് വേറെയും പുരസ്‌കാരമുണ്ട്. മലയാളം ഒഴികെയുള്ള മറ്റു ഭാഷകളില്‍ നിന്നായി ഒന്‍പത് സിനിമകളാണ് ഇന്ത്യന്‍ സിനിമാ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇതില്‍നിന്ന് രണ്ടെണ്ണം അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കും. 

പതിന്നാലില്‍ എട്ട് വാണിജ്യ സിനിമകള്‍ മലയാളം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് ഐ.എഫ്.എഫ്.കെയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെത്തന്നെ പരാജയപ്പെടുത്തുന്നുവെന്ന വിമര്‍ശനത്തെ മുന്‍ വര്‍ഷങ്ങളിലെ പട്ടികകൊണ്ട് പ്രതിരോധിക്കാനാണ് അക്കാദമി ശ്രമിക്കുന്നത്. കഴിഞ്ഞ തവണ പ്രദര്‍ശന വിജയം നേടിയ ഏഴ് സിനിമകള്‍ ഉണ്ടായിരുന്നുവെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍, ഇത്തരം രേണ്ടാ മൂന്നോ സിനിമകളെ ഉള്‍പ്പെടുത്തി തുടങ്ങുകയും ഓരോ വര്‍ഷവും എണ്ണം കൂട്ടുകയുമാണ് ചെയ്തത് എന്ന് സതീഷ് ബാബുസേനനും സന്തോഷ് ബാബു സേനനും പറയുന്നു. ഇങ്ങനെ പോയാല്‍ ക്രമേണ വാണിജ്യ സിനിമകള്‍ മേളയിലെ മലയാളം വിഭാഗത്തെ വിഴുങ്ങുമെന്ന ആശങ്കയാണ് വേണുനായരും പങ്കുവയ്ക്കുന്നത്. തിരഞ്ഞെടുത്ത ഓരോ സിനിമയ്ക്കും രണ്ടു ലക്ഷം രൂപ വീതം ചലച്ചിത്ര അക്കാദമി നല്‍കുന്നുണ്ട്. 

''കേരളത്തില്‍ നല്ല സിനിമകള്‍ ഉണ്ടാകുന്നതിനുവേണ്ടിയുള്ള പ്രോത്സാഹനമാണ് ഇത്. എന്നാല്‍ പ്രദര്‍ശന വിജയം നേടിയ സിനിമകളെ ഉള്‍പ്പെടുത്തി അവയ്ക്ക് ഈ തുക നല്‍കുന്നത് സ്വതന്ത്ര സംവിധായകരോടും കേരളത്തിലെ സ്വതന്ത്ര സിനിമാ സംസ്‌കാരത്തോടും ചെയ്യുന്ന അനീതിയാണ്''- വിനോദ് കൃഷ്ണ പറയുന്നു. 

''വാണിജ്യപരമായ ലക്ഷ്യങ്ങളോടെ നിര്‍മ്മിക്കുന്ന മലയാളം സിനിമകളെയല്ല, കലാമൂല്യമുള്ള സിനിമകളെ പ്രോല്‍സാഹിപ്പിക്കുകയാണ് ഐ.എഫ്.എഫ്.കെയുടെ ലക്ഷ്യം. വാണിജ്യപരമായി വിജയിച്ചു എന്നതും വാണിജ്യപരമായ മൂല്യങ്ങളും മേളയിലേക്കു സിനിമ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡമല്ല'' എന്നും വിനോദ് കൃഷ്ണ. 

''കഴിഞ്ഞ നാലുവര്‍ഷമായി ഐ.എഫ്.എഫ്.കെ പല കാരണം പറഞ്ഞ് എന്റെ നാലു സിനിമകള്‍ തിരസ്‌കരിച്ചു. നാലു സിനിമയും വെളിച്ചം കണ്ടില്ല. അതില്‍ ഒന്ന് ഒരു ത്രീ ഡി സിനിമയായിരുന്നു. സ്വതന്ത്ര സിനിമയില്‍ ആദ്യമായി ഒരു ത്രീ ഡി സിനിമ- 'കന്യാവനങ്ങള്‍.' ഈ സിനിമ നിരാകരിച്ച അക്കാദമി പറഞ്ഞത് ത്രീ ഡി സിനിമ കാണാനുള്ള സംവിധാനം ഇല്ല എന്നാണ്. എന്നിട്ടും സാങ്കേതികമായും കലാപരമായും ഉന്നത നിലവാരം പുലര്‍ത്തുന്ന സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ എന്നതാണ് അക്കാദമിയുടെ ലക്ഷ്യം എന്ന് അവകാശപ്പെടുകയും ചെയ്യുന്നു'' സിദ്ദീഖ് പറവൂര്‍ പറയുന്നു.

അക്കാദമി ജനറല്‍ കൗണ്‍സിലിലെ ഓരോ അംഗം വീതം ഉള്‍പ്പെട്ട അഞ്ചംഗ സമിതിയാണ് ഓരോ വിഭാഗത്തിലും തിരഞ്ഞെടുപ്പു നടത്തുന്നത്. സിബി മലയില്‍, വി.കെ. ജോസഫ്, പ്രദീപ് ചൊക്‌ളി, സജിതാ മഠത്തില്‍ എന്നിവരാണ് അക്കാദമിയെ പ്രതിനിധീകരിക്കുന്നത്. ഇവരുടെ സാന്നിധ്യം തിരഞ്ഞെടുപ്പിനെ പക്ഷപാതപരമായി സ്വാധീനിച്ചെന്ന് പ്രതിഷേധിക്കുന്നവരും അവരെ ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന് നിയമാവലിയില്‍ പറയുന്നില്ല എന്ന് അക്കാദമിയും വാദിക്കുന്നു. അക്കാദമിയിലെ അംഗങ്ങള്‍ സെലക്ഷന്‍ ജൂറിയില്‍ ഉള്‍പ്പെട്ടതോടെ അത് അക്കാദമിയുടെ ഇടപെടല്‍ തന്നെയായി മാറി എന്നാണ് ഇതിനെതിരെ ഉയര്‍ന്ന വിമര്‍ശനം. യഥാര്‍ത്ഥത്തില്‍ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെ ഉള്‍പ്പെടുത്തണമെന്നോ ഉള്‍പ്പെടുത്താമെന്നോ നിയമാവലിയില്‍ പറയുന്നില്ല. എങ്കിലും അവര്‍ മാറി നില്‍ക്കുകയാണ് ഔചിത്യം എന്ന അഭിപ്രായം പൊതുവേയുണ്ട്. തിരഞ്ഞെടുപ്പ് സമിതിയെ നിയോഗിക്കുന്നതും മേളയുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങളും അക്കാദമി നിര്‍വ്വാഹക സമിതി ഏറ്റെടുക്കുകയും ജനറല്‍ കൗണ്‍സിലില്‍നിന്നു മാറ്റുകയും വേണമെന്നായിരുന്നു സര്‍ക്കാര്‍ നിയോഗിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ സമിതിയുടെ ശുപാര്‍ശ. അത് നടപ്പാക്കിയില്ല. പ്രമുഖ സിനിമാപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സമിതിയെ മതിയായ പ്രതിഫലം നല്‍കി നിയോഗിച്ചു വേണം സിനിമകള്‍ തെരഞ്ഞെടുക്കാന്‍ എന്നും അടൂര്‍ സമിതി ശുപാര്‍ശ ചെയ്തിരുന്നു. 

93 സിനിമകളാണ് മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ കിട്ടിയത്. ഇവ പന്ത്രണ്ട് ദിവസങ്ങള്‍കൊണ്ട് സമിതി കണ്ട് തീര്‍ത്ത് അവയില്‍നിന്ന് പതിന്നാലെണ്ണം തിരഞ്ഞെടുത്തു എന്ന അക്കാദമിയുടെ അവകാശവാദം മുഖവിലയ്ക്കെടുക്കാന്‍ പ്രതിഷേധവുമായി രംഗത്തുള്ള സിനിമാ പ്രവര്‍ത്തകര്‍ തയ്യാറല്ല. ''ഓരോ സിനിമയും ശരാശരി 90 മിനിറ്റെങ്കിലും ഉണ്ടായിരിക്കെ ഇത് അസാധ്യമാണ്. ഭക്ഷണവും വിശ്രമവുമൊക്കെയായി രണ്ടു മണിക്കൂര്‍ വീതമെങ്കിലും മാറ്റിവച്ചാല്‍പ്പോലും എല്ലാ ദിവസവും 14 മണിക്കൂറെങ്കിലും കണ്ടാല്‍ മാത്രമാണ് ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയും സിനിമകള്‍ കണ്ടുതീര്‍ക്കാനാവുക. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പു സമിതി മുഴുവന്‍ സിനിമകളും കാണാതിരിക്കുകയോ മിക്ക സിനിമകളും ഭാഗികമായി മാത്രം കാണുകയോ ചെയ്തുവെന്നാണ് മനസ്സിലാകുന്നത്.'' 

ഇത്തവണ സെപ്റ്റംബര്‍ 10 ആയിരുന്നു മേളയില്‍ ഉള്‍പ്പെടുത്തുന്നതിനു സിനിമകള്‍ അയയ്ക്കാനുള്ള അവസാന തീയതി. ഡി.വി.ഡി, പെന്‍ഡ്രൈവ് എന്നിവ മുഖേനയും ഓണ്‍ലൈന്‍ സ്‌ക്രീനര്‍ മുഖേനയും സിനിമ അയച്ചവരുണ്ട്. എല്ലാവരുടെയും അപേക്ഷയും സിനിമയും ലഭിച്ചുവെന്ന് അറിയിച്ച് അക്കാദമിയില്‍നിന്ന് ഇ-മെയിലില്‍ അറിയിപ്പും ലഭിച്ചു. എന്നാല്‍, മലയാളം സിനിമ ഇന്ന് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പട്ടിക പുറത്തുവന്നപ്പോള്‍ വന്‍ പ്രദര്‍ശന വിജയം നേടിയ സിനിമകളുടെ എണ്ണം കൂടിയത് വലിയ അമ്പരപ്പാണ് ഉണ്ടാക്കിയത്. ലഭിച്ച സിനിമകള്‍ എല്ലാം കാണാന്‍ തയാറാകാതെ 14 മലയാളം സിനിമകള്‍ തെരഞ്ഞെടുത്തതുവഴി അവയ്ക്ക് രണ്ടു ലക്ഷം രൂപ വീതം 28 ലക്ഷം രൂപ പൊതുപണം ലഭിക്കാന്‍ ഇടയാക്കിയത് സാമ്പത്തിക അഴിമതികൂടിയാണ് എന്ന വിമര്‍ശനവുമുണ്ട്.

പലരും സിനിമ അയച്ച വിമിയോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ സാധ്യതകള്‍ തിരിച്ചറിയാതിരുന്നത് ഐ.എഫ്.എഫ്.കെ തിരഞ്ഞെടുപ്പ് സമിതിയുടെ വാദങ്ങള്‍ ദുര്‍ബലമാക്കുന്നു. പാസ്വേഡ് ഉപയോഗിച്ച് യൂ ട്യൂബിലെപ്പോലെ സിനിമ കാണാവുന്ന ഇടമാണ് വിമിയോ. യൂ ട്യൂബിലെയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലെയും പോലെതന്നെ വിമിയോയിലും എത്ര ആളുകള്‍ എവിടെ നിന്നൊക്കെ എപ്പോഴൊക്കെ ക ുവെന്ന് കണ്‍ട്രോള്‍ പാനലിന്റെ യൂസര്‍നെയിമും പാസ്വേഡും ഉള്ളവര്‍ക്ക് അറിയാന്‍ കഴിയും. വിമിയോ വഴി അയക്കുമ്പോള്‍ തുറന്നു സിനിമ കാണാനുള്ള പാസ്വേഡ് ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് സമിതിക്ക് നല്‍കുകയാണ് ചെയ്യുക. തന്റെ സിനിമ സെപ്റ്റംബര്‍ 15-നും 17-നും ഇടയിലായി ആകെ അന്‍പത് ശതമാനം മാത്രമാണ് തിരഞ്ഞെടുപ്പ് സമിതി കണ്ടതെന്ന് പ്രതാപ് ജോസഫ് പറയുന്നു. ഇത് വ്യക്തമാക്കുന്ന പ്രിന്റൗട്ട് കോടതിയിലും സമര്‍പ്പിച്ചു. തള്ളിയ സിനിമകളെല്ലാം ഇതുപോലെ ഭാഗികമായി മാത്രം കണ്ടതോ തീരെ കാണാത്തതോ ആകാനുള്ള സാധ്യതയുണ്ട് എന്നാണ് പരാതി. ഇന്ത്യന്‍ സിനിമാ വിഭാഗത്തിലേക്ക് വിമിയോ വഴി താന്‍ അയച്ച സിനിമ കാണാതെയാണ് തള്ളിയത് എന്ന ബംഗാളി സംവിധായകന്‍ ഇന്ദ്രാസിസ് ആചാര്യയുടെ വെളിപ്പെടുത്തല്‍ ഇതിനു ശക്തി കൂട്ടുകയും ചെയ്യുന്നു. തിരഞ്ഞെടുത്ത സിനിമകളുടെ പട്ടിക ക ആചാര്യ നോക്കിയപ്പോള്‍ തന്റെ സിനിമ സമിതി കണ്ടിട്ടില്ല. ഇത് വാട്സാപ്പ് മെസ്സേജ് വഴി ചൂണ്ടിക്കാണിച്ചപ്പോള്‍ അക്കാദമിയില്‍നിന്നു ലഭിച്ച മറുപടി ഡൗണ്‍ലോഡ് ചെയ്ത് കണ്ടു എന്നായിരുന്നു. എന്നാല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാത്ത ഫോര്‍മാറ്റിലാണ് താന്‍ അയച്ചത് എന്ന് ഇന്ദ്രാസിസ് ആചാര്യ വെളിപ്പെടുത്തുന്നു.
 
സമിതി 307 സിനിമകള്‍ 40 ദിവസം കണ്ട് ലോക സിനിമാ വിഭാഗത്തിലേക്കുള്ള സിനിമകള്‍ തിരഞ്ഞെടുത്തുവെന്നും 207 സിനിമകള്‍ 18 ദിവസം കണ്ട് ഇന്ത്യന്‍ സിനിമാ വിഭാഗത്തിലേക്കുള്ള സിനിമകള്‍ തിരഞ്ഞെടുത്തുവെന്നുമാണ് വാദം. ഇതും ചോദ്യം ചെയ്യപ്പെടുകയാണ്. വലിയൊരു വിഭാഗം സിനിമകള്‍ കാണാതിരിക്കുകയോ കുറച്ചുമാത്രം കാണുകയോ ചെയ്തു. ഇത് വഴിവിട്ടതും അധാര്‍മ്മികവും സങ്കടകരവുമാണെന്ന് പരാതിക്കാര്‍ പറയുന്നു. സിനിമകള്‍ അയയ്ക്കുമ്പോള്‍ സമിതികളില്‍ ആരൊക്കെയാണെന്ന് പുറത്ത് അറിയില്ലായിരുന്നു. അപേക്ഷകളില്‍ സമിതി അംഗങ്ങള്‍ ഇടപെടല്‍ നടത്തില്ല എന്ന അക്കാദമി നിയമാവലിയിലെ വാഗ്ദാനം വിശ്വസിച്ചാണ് അയച്ചത്. പക്ഷേ, അനുഭവം നേരേ തിരിച്ചായി. കലാപരവും ധാര്‍മ്മികവുമായ എടുത്തു പറയാവുന്ന മൂല്യങ്ങളില്ലാത്ത സിനിമകള്‍ മേല്‍ക്കൈ നേടി. അതിനിടെ, മലയാളം സിനിമ ഇന്ന് വിഭാഗത്തിലെ തിരഞ്ഞെടുപ്പ് സമിതി അംഗമായിരുന്ന മുന്‍ ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് പോസ്റ്റ് സിനിമ കാണലിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തി എന്ന വിമര്‍ശനത്തിനും ഇടയാക്കി. ''ജൂറി മുന്‍പാകെ പരിഗണനയ്‌ക്കെത്തിയ 93 മലയാള ചലച്ചിത്രങ്ങളില്‍ നിന്നും 24-ാമത് ഐ.എഫ്.എഫ്.കെയിലേക്ക് 14 ചിത്രങ്ങള്‍ തിരഞ്ഞെടുക്കുക. കാഴ്ചയുടെ മാരത്തണില്‍ പ്രഗത്ഭരായ നാലു പേര്‍ക്കൊപ്പം ഞാനും. രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന യജ്ഞം. രാത്രി വീട്ടിലെത്തി സുനേത്ര ഇറ്റിച്ച് കണ്ണുകളെ ആലസ്യത്തിലാറാടിക്കും'' എന്നായിരുന്നു പോസ്റ്റ്. കെ.എസ്. സുധക്കുട്ടിയുടെ ഈ പോസ്റ്റിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ''സമിതി അംഗങ്ങളില്‍ ചിലരെ സ്വാധീനിക്കാന്‍ ശ്രമിച്ചവരുടെ പേരുകള്‍ കൃത്യമായും ഓര്‍മ്മയുണ്ട്; ഇടവേളകളില്‍ ആ പേരുകള്‍ നേരമ്പോക്കാക്കി ചിരിച്ചിട്ടുമുണ്ട്; എന്നാല്‍ അക്കാദമി ഒരു ഘട്ടത്തിലും ഇടപെട്ടില്ല'' എന്നും സുധക്കുട്ടി എഴുതി. വിവാദമായതോടെ പോസ്റ്റ് നീക്കിയെങ്കിലും അതിനകം സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. ഗോവ ചലച്ചിത്ര മേളയില്‍ പണിയ ഭാഷയിലേത് എന്ന പേരില്‍ പ്രദര്‍ശിപ്പിച്ച സിനിമ ഇവിടെ മലയാളം സിനിമ ഇന്ന് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്. അതും വിമര്‍ശനത്തിന് ഇടയാക്കി.

തങ്ങളുടെ സിനിമ തിരഞ്ഞെടുത്തതിന് നന്ദി അറിയിച്ചുകൊണ്ട് അക്കാദമിയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജില്‍ പലരുടെയും പോസ്റ്റുകള്‍ വന്നു. തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പട്ടിക മുന്‍കൂട്ടി തീരുമാനിച്ചതിന് ഉദാഹരണമായാണ് ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാലിഡോസ്‌കോപ്പ് എന്നൊരു പുതിയ വിഭാഗം ഭാഗികമായി ഇത്തവണ നടപ്പാക്കുന്നുണ്ട്. ദേശീയ ശ്രദ്ധ നേടിയ മലയാളം സിനിമകളില്‍ പുറത്തു പോയി മേളകളില്‍ പങ്കെടുത്തവ ഉണ്ടെങ്കില്‍ അത്തരം സിനിമകള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം എന്നാണ് വ്യവസ്ഥ. ഫിപ്രസി അവാര്‍ഡ് നേടിയ സജിന്‍ ബാബുവിന്റെ 'ബിരിയാണി' ഉള്‍പ്പെടുത്തിയില്ല. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ ഉള്‍പ്പെടുത്താതെ തള്ളിയ 'ചോല' കാലിഡോസ്‌കോപ്പില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, ഐ.എഫ്.എഫ്.കെയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കാലിഡോസ്‌കോപ്പില്‍ ചോല പ്രദര്‍ശിപ്പിക്കുന്നില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ്. നിലപാട് വ്യക്തമാക്കി അദ്ദേഹം ഫേസ്ബുക് പോസ്റ്റും ഇട്ടു.

മേള ആരുടേത്

വാണിജ്യ സിനിമകള്‍ തിരുകിക്കയറ്റാനുള്ള അമിത താല്പര്യം സാംസ്‌കാരിക ഗുണ്ടായിസമാണ് എന്ന വിമര്‍ശനം കൂടിയാണ് ചലച്ചിത്ര അക്കാദമിയും ജൂറിയും നേരിടേണ്ടി വരുന്നത്. എവിടെയും കാണാത്ത നല്ല സിനിമകള്‍ കാണാനാണ് പ്രേക്ഷകര്‍ മേളയില്‍ വരുന്നത്. പ്രദര്‍ശനവിജയം നേടിയ സിനിമകള്‍ അധികമായി ഉള്‍പ്പെടുത്തുന്നതോടെ അത് അട്ടിമറിക്കപ്പെടുന്നു. മറ്റൊന്ന്, സ്വന്തം സിനിമയ്ക്ക് വലിയ മേളയുടെ ടാഗ് നേടി വിപണിയില്‍ കൂടുതല്‍ സ്വീകാര്യതയ്ക്കായി ഉപയോഗിക്കാന്‍ അക്കാദമി കൂട്ടുനില്‍ക്കുന്നു എന്ന ആരോപണമാണ്. ''നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം പോലുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വലിയ വിലയ്ക്ക് ഈ സിനിമകള്‍ വാങ്ങാന്‍ ഈ ടാഗുകള്‍ സഹായിക്കുന്നു. മേളകളില്‍ പോയ സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യത ചെറുതല്ല; വിലപേശല്‍ ശേഷി വര്‍ദ്ധിക്കുമ്പോള്‍ ലഭിക്കുന്ന അധിക വിലകൂടിയാണ് മേളയില്‍ തിരുകിക്കയറ്റുന്നതിനു പിന്നിലെ യഥാര്‍ത്ഥ അജന്‍ഡ. ഒക്ടോബര്‍ എട്ടിന് റിലീസ് ചെയ്ത മൂത്തോന്‍ ടൊറന്റോ മേളയുടെ ടാഗുമായാണ് വന്നത്. ജെല്ലിക്കെട്ടിനും ഇത് ഉണ്ടായിരുന്നു; മത്സരത്തില്‍ പങ്കെടുത്ത് അവാര്‍ഡ് നേടുന്ന മേളയല്ല ടൊറന്റോ. പക്ഷേ, അവിടെ എന്തോ വലിയ സംഭവമായി എന്ന മട്ടില്‍ പ്രചരിപ്പിക്കപ്പെടുന്നു''- ഡോ. സുനില്‍ കുമാറിന്റെ വിമര്‍ശനം. 

'ഇരുട്ട്' വളരെ ശക്തമായ ഇടതുപക്ഷ രാഷ്ട്രീയം പറയുന്ന, തീവ്ര വലതുപക്ഷവിരുദ്ധ രാഷ്ട്രീയം പറയുന്ന സിനിമയാണ്. ''കേരളത്തിലല്ലാതെ മറ്റൊരിടത്തും ഇത് കാണിക്കാന്‍ സാധിക്കുമെന്ന് പോലും പ്രതീക്ഷയില്ല. ഇവിടെ കാണിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അത് സാധിച്ചില്ല'' സതീഷ് ബാബുസേനന്‍ പറയുന്നു. അനുമതി കിട്ടാന്‍ സെന്‍സര്‍ ബോര്‍ഡിനു മുന്നില്‍ പൊരുതേണ്ടി വന്നു. ബീഫ് കഴിക്കുന്നയാള്‍, കാവിവല്‍ക്കരണം, സി.പി.ഐ(എം.എല്‍) തുടങ്ങിയ വാക്കുകളൊന്നും സിനിമയില്‍ പറയാന്‍ പാടില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. കോടതിയില്‍ പോകുമെന്ന് പറഞ്ഞു. ഡോ. സെബാസ്റ്റിയന്‍ പോളിനെ കേസ് ഏല്പിക്കുകയും ചെയ്തു. അതിനുശേഷമാണ് അനുമതി കിട്ടിയത്.

കുറേക്കാലമായി സ്വതന്ത്ര സംവിധായകര്‍ ഐ.എഫ്.എഫ്.കെയിലെ തിരഞ്ഞെടുപ്പ് രീതിയില്‍ അസ്വസ്ഥരാണ്. പക്ഷേ, കൂട്ടായ പ്രതിഷേധം ഉണ്ടായില്ല. ഇവരില്‍ ചിലരുടെയെങ്കിലും സിനിമകള്‍ മുന്‍പ് ഇതേ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അക്കാദമിയുടെ സമീപനം മുന്‍പത്തെപ്പോലെ സുതാര്യമായാല്‍ അങ്ങനെ എല്ലാവര്‍ക്കും അവസരം ലഭിക്കും എന്നാണ് ഇവര്‍ പറയുന്നത്. ജെ.എന്‍.യു.വിലെ ഗവേഷക ഗീഥയുടെ ഒറ്റപ്പെട്ട പ്രതിഷേധമായാണ് തുടങ്ങിയത്. സമിതിയുടെ രൂപീകരണത്തേക്കുറിച്ചും സിനിമകളെല്ലാം സമിതി കാണാത്തതിനേക്കുറിച്ചും മറ്റും അവര്‍ സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി എഴുതി. മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ തെരഞ്ഞെടുക്കാന്‍ ഇടയുള്ള സിനിമകളുടെ പട്ടിക ഗീഥ ഫേസ്ബുക്കില്‍ 'പ്രവചിച്ചു.' അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. 
 
സമാന്തര സിനിമകളിലൂടെ വന്ന സംവിധായകന്‍ ടി.വി. ചന്ദ്രന് ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ ധാര്‍മ്മികമായി കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്ന് യുവ സംവിധായകര്‍ പറയുന്നു. ''അദ്ദേഹം ഇപ്പോള്‍ വാണിജ്യ സിനിമകള്‍ക്കു വേണ്ടി വാദിക്കുന്നു. ജോണ്‍ ഏബ്രഹാമിന്റെ അസിസ്റ്റന്റായിരുന്നു എന്ന് അഭിമാനിക്കുകയും തിരഞ്ഞെടുക്കപ്പെട്ട എട്ട് ഹിറ്റ് സിനിമകളേക്കാള്‍ മോശമാണ് തിരഞ്ഞെടുക്കപ്പെടാത്ത സിനിമകള്‍ എന്ന്  അഭിമുഖത്തില്‍ പറയുകയും ചെയ്യുന്നു.'' വേണു നായരുടെ വിമര്‍ശനം.

ഐ.എഫ്.എഫ്.കെയുമായി ബന്ധപ്പെട്ട പരാതികളെയും വിമര്‍ശനങ്ങളെയും കുറിച്ച് എറണാകുളത്തുനിന്ന് സാംസ്‌കാരിക പ്രവര്‍ത്തകന്‍ പി.കെ. സുനില്‍നാഥ് സാംസ്‌കാരിക മന്ത്രിക്ക് കത്ത് അയച്ചു. പരിശോധനയ്ക്കായി കത്ത് ചലച്ചിത്ര അക്കാദമി സെക്രട്ടറിക്ക് കൈമാറുന്നു എന്ന് അറിയിച്ച് മന്ത്രിയുടെ ഓഫീസില്‍നിന്ന് മറുപടി വന്നു. അതില്‍ അക്കാദമിയുടെ വിലാസം വര്‍ഷങ്ങള്‍ക്കു മുന്‍പുള്ളതാണ്: മണി ഭവന്‍, ശാസ്തമംഗലം. അതിനു ശേഷം മറ്റൊരിടത്ത് അക്കാദമി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. പിന്നീട് ഇപ്പോള്‍ കിന്‍ഫ്ര പാര്‍ക്കിലെ സ്വന്തം കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെ അഭിമാനമായ ചലച്ചിത്ര മേള സംഘടിപ്പിക്കുന്ന ചലച്ചിത്ര അക്കാദമി ഇപ്പോള്‍ എവിടെയാണ് എന്നു പോലും സാംസ്‌കാരിക മന്ത്രിയുടെ ഓഫീസിന് അറിയാത്ത സ്ഥിതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com