ഇതും 'നമ്പര്‍ വണ്‍' കേരളത്തിലാണ്; ജാതിവെറിയില്‍ തഴയപ്പെട്ട് ഒരു സര്‍ക്കാര്‍ സ്‌കൂള്‍

'പരിഹാരമില്ലാത്ത പ്രശ്‌നം' എന്ന മട്ടില്‍ വര്‍ഷങ്ങളായി വളരെ സ്വാഭാവികമായി ഈ ജാതി വിവേചനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 
വിവേചനങ്ങള്‍ക്കിടയിലും മായാത്ത പുഞ്ചിരി; വെല്‍ഫയര്‍ സ്‌കൂളിലെ കുട്ടികള്‍
വിവേചനങ്ങള്‍ക്കിടയിലും മായാത്ത പുഞ്ചിരി; വെല്‍ഫയര്‍ സ്‌കൂളിലെ കുട്ടികള്‍

ളിത് സമുദായത്തോട് കേരളം കാണിക്കുന്ന അയിത്തത്തിന്റെ പ്രതീകമായി ഒരു സ്‌കൂളുണ്ട് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍- പേരാമ്പ്ര ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍.പി. സ്‌കൂള്‍. നമ്മളൊന്നാണ് എന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും 'മോഡേണ്‍ കേരള' ഇപ്പോഴും ജാതിയിലധിഷ്ഠിതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും പെരുമാറുകയും ചെയ്യുന്ന ഒരു സമൂഹമാണെന്നതിന് ഉദാഹരണമാണിത്. സാംബവ/പറയ വിഭാഗത്തിലെ കുട്ടികള്‍ മാത്രമാണ് ഈ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്നത്. മറ്റ് സമുദായത്തില്‍പ്പെട്ടവരാരും തങ്ങളുടെ കുട്ടികളെ വര്‍ഷങ്ങളായി ഈ സ്‌കൂളില്‍ ചേര്‍ക്കാറില്ല. സാംബവ കുട്ടികള്‍ക്ക് ഒപ്പമിരുന്നു പഠിക്കാന്‍ മറ്റ് സമുദായക്കാര്‍ തയ്യാറല്ല. വിദ്യാഭ്യാസം സമൂഹത്തെ മാറ്റിമറിക്കും എന്നൊക്കെ വിശ്വസിക്കുന്നതിന്റെ മുന്നിലാണ് ഒരു സ്‌കൂള്‍ തന്നെ വലിയ ചോദ്യമായി നില്‍ക്കുന്നത്. 'പരിഹാരമില്ലാത്ത പ്രശ്‌നം' എന്ന മട്ടില്‍ വര്‍ഷങ്ങളായി വളരെ സ്വാഭാവികമായി ഈ ജാതി വിവേചനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 

പറയന്മാരുടെ സ്‌കൂള്‍
മറ്റ് സമുദായത്തില്‍പ്പെട്ട കുട്ടികളൊന്നും പഠിക്കാതായതോടെ സ്‌കൂളിനു മറ്റൊരു പേരും വന്നു- പറയന്മാരുടെ സ്‌കൂള്‍. വെല്‍ഫെയര്‍ സ്‌കൂള്‍ എന്നതിനേക്കാള്‍ നാട്ടുകാര്‍ക്ക് പരിചയം 'പറയന്മാരുടെ സ്‌കൂള്‍' എന്നതാണ്. ഇവിടെ പഠിപ്പിക്കാനെത്തുന്ന അധ്യാപകര്‍ക്കും പറയന്മാരുടെ സ്‌കൂളിലാണോ പഠിപ്പിക്കുന്നത് എന്ന ചോദ്യം സൗഹൃദക്കൂട്ടങ്ങളില്‍പ്പോലും കേള്‍ക്കേണ്ടിവരുന്ന അനുഭവമുണ്ട്.  

1956-ലാണ് സ്‌കൂള്‍ സ്ഥാപിതമായത്. 1990-കളുടെ അവസാനം വരെ എല്ലാ സമുദായത്തിലും പെട്ട നിരവധി കുട്ടികള്‍ വെല്‍ഫെയര്‍ സ്‌കൂളിലുണ്ടായിരുന്നു. പിന്നീട് എണ്ണം കുറഞ്ഞുവന്നു.  സ്‌കൂളില്‍നിന്ന് അരക്കിലോമീറ്റര്‍ അകലെയാണ് സാംബവര്‍ താമസിക്കുന്ന ചേര്‍മല കോളനി. വര്‍ഷങ്ങളായി കോളനിയിലെ കുട്ടികള്‍ മാത്രമാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍. തൊട്ടടുത്ത് മറ്റൊരു എയിഡഡ് സ്‌കൂള്‍ വന്നതോടെ രക്ഷിതാക്കള്‍ കുട്ടികളെ അവിടേക്ക് ചേര്‍ത്തു. ദളിത് സമുദായത്തില്‍പ്പെട്ട മറ്റ് ജാതികളിലെ കുട്ടികളും തൊട്ടടുത്തുള്ള സ്‌കൂളുകള്‍ തേടിപ്പോയി. ഒടുവില്‍ ചേര്‍മല കോളനിയിലേയും തൊട്ടടുത്തുള്ള മറ്റ് സാംബവ കുടുംബങ്ങളിലേയും കുട്ടികള്‍ മാത്രമായി വെല്‍ഫെയര്‍ സ്‌കൂളില്‍. ഈ വര്‍ഷം സാംബവ സമുദായത്തിലെ 13 കുട്ടികളാണ് ഒന്നു മുതല്‍ നാലാംതരം വരെയുള്ള ക്ലാസ്സുകളില്‍ ആകെയുണ്ടായിരുന്നത്. വെല്‍ഫെയര്‍ സ്‌കൂളില്‍നിന്ന് നൂറുമീറ്റര്‍ ദൂരത്തുള്ള കിഴിഞ്ഞാണം എയിഡഡ് എല്‍.പി.യില്‍ അറുപതിലധികം കുട്ടികള്‍ പഠിക്കുന്നുണ്ട്. സ്‌കൂളിനോട് തുടരുന്ന അയിത്തം അവസാനിപ്പിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അധ്യാപക സംഘടനയായ കേരള ടീച്ചേഴ്സ് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ വിവിധ ക്ലാസ്സുകളിലായി മുസ്ലിം സമുദായത്തിലെ അഞ്ച് കുട്ടികളെക്കൂടി ഇത്തവണ സ്‌കൂളില്‍ എത്തിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം പൊതുവിദ്യാലയം എന്ന രീതിയിലേക്ക് സ്‌കൂളിനെ തിരിച്ചുപിടിക്കാന്‍ നടത്തിയ കാര്യമായ ഇടപെടല്‍ കൂടിയാണിത്.
സ്‌കൂളില്‍ കുട്ടികളെ എത്തിക്കാന്‍ അധ്യാപകരും സന്നദ്ധസംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും ശ്രമിച്ചിരുന്നു. കാലങ്ങളായി കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു ശക്തമായ വേരോട്ടമുള്ള സ്ഥലം കൂടിയാണ് പേരാമ്പ്ര. എങ്കിലും ആളുകളുടെ ജാതിക്കാഴ്ചപ്പാടുകള്‍ക്ക് മാറ്റം വരുത്താന്‍ അവരുടെ ഇടപെടലുകള്‍ക്ക് കഴിഞ്ഞില്ല. സ്‌കൂള്‍ അധ്യാപകര്‍ സന്നദ്ധസംഘടനകളുടെ സഹായത്തോടെ വീടുകള്‍ കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തുകയും കുട്ടികളെ ഈ സ്‌കൂളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. പക്ഷേ, അഡ്മിഷന്‍ സമയത്ത് മറ്റ് സമുദായക്കാരാരും വെല്‍ഫെയര്‍ സ്‌കൂളിന്റെ പടി കടന്നില്ല. ഈ വിഷയം പൊതുസമൂഹത്തില്‍ ചര്‍ച്ചയായതോടെ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍-പഞ്ചായത്ത് തലത്തില്‍ ഇടപെടലുകളുണ്ടായി. പുതിയ കെട്ടിടവും ചുറ്റുമതിലും ഒക്കെയായി സ്‌കൂള്‍ വികസിച്ചു. നാട്ടുകാരുടെ സ്പോണ്‍സര്‍ഷിപ്പിലും സ്‌കൂള്‍ നവീകരിച്ചു. കുട്ടികള്‍ക്ക് കളിക്കാനായി ഒരു പാര്‍ക്കും സ്ഥാപിച്ചു. മികച്ച സൗകര്യങ്ങള്‍ ഉള്ള സര്‍ക്കാര്‍ സ്‌കൂളാണിതിന്ന്. സാഹചര്യങ്ങള്‍ ഒരുക്കി കാത്തിരുന്നെങ്കിലും കുട്ടികള്‍ മാത്രം എത്തിയില്ല. ഈ സ്ഥിതിക്ക് മാറ്റം വരുത്താന്‍ മന്ത്രി തലത്തില്‍ തന്നെ ചര്‍ച്ച നടത്തി. 2014 കാലത്ത് എല്ലാ പാര്‍ട്ടികളും പഞ്ചായത്തും ഇടപെട്ട് ചര്‍ച്ച നടത്തുകയും സ്‌കൂളില്‍ അണ്‍ എയിഡഡ് ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി തുടങ്ങാന്‍ തീരുമാനമെടുക്കുകയും ചെയ്തു. എല്‍.കെ.ജി, യു.കെ.ജി തുടങ്ങി അവിടെനിന്ന് സ്‌കൂളിലേക്ക് കുട്ടികളെ എത്തിക്കുകയായിരുന്നു ലക്ഷ്യം. അതിനായി രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃത്വത്തിലടക്കം പ്രദേശത്തെ വീടുകള്‍ കയറിയിറങ്ങി വലിയ രീതിയില്‍ പ്രചാരണം നടത്തി. വ്യവസ്ഥിതികള്‍ക്ക് മാറ്റമുണ്ടാക്കാന്‍ തുടങ്ങിയ ആദ്യ എല്‍.കെ.ജി ബാച്ചില്‍ ആറ് കുട്ടികള്‍ എത്തി. എന്നാല്‍ ആ ആറുപേരും പറയ സമുദായത്തിലെ കുട്ടികളായിരുന്നു. മറ്റാരും കുട്ടികളെ അവിടേക്ക് അയക്കാന്‍ തയ്യാറായില്ല. പിറ്റേ വര്‍ഷവും സ്ഥിതിയില്‍ മാറ്റമുണ്ടായില്ല. രണ്ട് വര്‍ഷത്തിനുശേഷം എല്‍.കെ.ജി എന്ന ശ്രമം തന്നെ സ്‌കൂള്‍ അധികൃതര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു.


ജാതി വിവേചനം, തെളിവെടുപ്പ്
വെല്‍ഫെയര്‍ സ്‌കൂളിലെ നാലാംതരത്തിനു ശേഷം ഇവിടുത്തെ കുട്ടികള്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ താമസിച്ച് പഠിക്കുകയാണ് പതിവ്. ദൂരസ്ഥലങ്ങളില്‍ വരെ ഹോസ്റ്റലില്‍നിന്നു പഠിക്കുന്ന കുട്ടികള്‍ കോളനികളിലുണ്ട്. ചില കുട്ടികള്‍ക്ക് വീടും പരിസരവും കുടുംബാംഗങ്ങളേയും വിട്ടുപോകാന്‍ ബുദ്ധിമുട്ടാണ്. തൊട്ടടുത്ത് തന്നെയുള്ള പേരാമ്പ്ര ഹൈസ്‌കൂളിലാണ് ഇത്തരക്കാരുടെ തുടര്‍പഠനം. എന്നാല്‍, സാംബവ സമുദായത്തിലെ കുട്ടികള്‍ക്ക് ഈ സ്‌കൂളിലും വിവേചനം നേരിടേണ്ടിവന്നു. ഇവര്‍ ഇരിക്കുന്ന ബെഞ്ചില്‍ മറ്റ് കുട്ടികള്‍ ഇരിക്കാന്‍ തയ്യാറാകില്ല. ആ സ്‌കൂളിലും കുട്ടികള്‍ ഒറ്റപ്പെട്ടു. എന്‍.സി.സിയില്‍ ചേര്‍ത്തില്ലെന്ന പരാതിയും ഇവര്‍ ഉയര്‍ത്തി. വിഷയം ചര്‍ച്ചയായതോടെ 2015-ല്‍ പട്ടികജാതി കമ്മിഷന്‍ കേസെടുത്തു. തെളിവെടുപ്പിനായി സ്‌കൂളിലെത്തി. സാംബവ സമുദായ സംഘടനയുടെ പരാതിയെ തുടര്‍ന്ന് ഐ.ജി.യും സ്‌കൂളില്‍ അന്വേഷണത്തിനെത്തി. വെല്‍ഫെയര്‍ സ്‌കൂളിലും പട്ടികജാതി കമ്മിഷന്‍ തെളിവെടുപ്പ് നടത്തി.

കുട്ടികളുടെ തുടര്‍പഠനം ഉറപ്പാക്കണമെന്നും സമുദായത്തിന്റെ ഉന്നമനത്തിനായുള്ള നടപടികളെടുക്കണമെന്നുമാണ് കമ്മിഷന്‍ അന്ന് പറഞ്ഞത്. ജാതിയാണ് പ്രശ്‌നം എന്നറിയാമെങ്കിലും  ജാതിവിവേചനം നടത്തി എന്നതിന് പ്രത്യക്ഷത്തില്‍ തെളിവില്ലാത്തതിനാല്‍ കമ്മിഷന് മറ്റ് നടപടികള്‍ക്ക് സാധ്യതയുണ്ടായിരുന്നില്ല. എന്‍.സി.സിയില്‍ ഉയരത്തിന്റെ പ്രശ്‌നം കൊണ്ടാണ് ചേര്‍ക്കാതിരുന്നത് എന്നായിരുന്നു പേരാമ്പ്ര ഹൈസ്‌കൂളിന്റെ വിശദീകരണം. വെല്‍ഫെയര്‍ എല്‍.പി. സ്‌കൂളില്‍ കുട്ടികള്‍ക്ക് യാതൊരു ജാതി വിവേചനവും ഉണ്ടായിട്ടില്ല. മറ്റ് സമുദായക്കാര്‍ കുട്ടികളെ ചേര്‍ക്കാത്തതിന് ആരുടെ പേരിലാണ് നടപടിയെടുക്കുക. കമ്മിഷന് അതില്‍ വേറെന്താണ് ചെയ്യാന്‍ കഴിയുക- വെല്‍ഫെയര്‍ സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപകനും സ്‌കൂളിനോടുള്ള അയിത്തം മാറ്റിയെടുക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയ വ്യക്തിയുമായ രഘുദാസ് പറയുന്നു.
''2007-ലാണ് ഞാന്‍ വെല്‍ഫെയര്‍ സ്‌കൂളില്‍ എത്തിയത്. ആ സമയമാകുമ്പോഴേക്കും കുട്ടികള്‍ വല്ലാതെ കുറഞ്ഞിരുന്നു. മറ്റ് ജാതിക്കാരൊന്നും വരാതെയായി. അണ്‍എയിഡഡ് സ്‌കൂളുകളിലേക്ക് കുട്ടികളുടെ ഒഴുക്ക് ഉണ്ടായ സമയത്തുതന്നെയാണ് വെല്‍ഫെയര്‍ സ്‌കൂളിനേയും അത് ബാധിച്ചത്. തൊട്ടടുത്ത് മറ്റൊരു എല്‍.പി. സ്‌കൂള്‍ കൂടി തുടങ്ങിയതോടെ ആളുകള്‍ അങ്ങോട്ടുപോയി. പതുക്കെ ഇത് ഈ സമുദായക്കാര്‍ മാത്രം പഠിക്കുന്ന സ്‌കൂള്‍ എന്ന നിലയിലേക്ക് മാറുകയായിരുന്നു. ഏറെ പരിശ്രമങ്ങളും ചര്‍ച്ചകളും നടത്തി അധികൃതരെ ഇടപെടുവിച്ച് ഭൗതിക സാഹചര്യങ്ങളൊക്കെ മാറ്റിയെടുത്തു.

കലാമേളകളിലും ശാസ്ത്രമേളകളിലും കുട്ടികളെ പങ്കെടുപ്പിച്ചു. മികച്ച സ്‌കൂളാണ് എന്ന് പേരുണ്ടായാലെങ്കിലും ആളുകള്‍ കുട്ടികളെ എത്തിക്കുമല്ലോ എന്നായിരുന്നു ചിന്തിച്ചത്. അങ്ങനെ ശാസ്ത്രമേളയില്‍ സബ്ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി. മികച്ച നേട്ടം കൈവരിച്ചതിന് ഞങ്ങള്‍ക്ക് സ്വീകരണമൊക്കെ നല്‍കിയെങ്കിലും കുട്ടികളുടെ കാര്യത്തില്‍ ആരും മറിച്ചൊന്ന് ചിന്തിച്ചില്ല. പലതരത്തില്‍ കുട്ടികളെ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് എനിക്കു തന്നെ മനസ്സിലായി, ആളുകളെ മാറ്റിയെടുക്കുക എളുപ്പമല്ല എന്ന്. ഞങ്ങളെക്കൊണ്ട് അത് നടക്കില്ല എന്ന് മനസ്സിലായി. കുട്ടികളെ ആകര്‍ഷിക്കാനായി തുടങ്ങിയ ഇംഗ്ലീഷ് മീഡിയം പ്രീപ്രൈമറി പോലും നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ചേര്‍മല കോളനിയിലെ തന്നെ ഒരു പെണ്‍കുട്ടിയെയാണ് എല്‍.കെ.ജിയില്‍ നിയമിച്ചത്. സ്‌കൂളിലെ ടീച്ചര്‍മാര്‍ പൈസ പിരിച്ചെടുത്താണ് ശമ്പളം നല്‍കിയത്. ആദ്യവര്‍ഷം ആറും രണ്ടാം വര്‍ഷം നാലും കുട്ടികളാണ് എത്തിയത്. ഇതര സമുദായത്തില്‍നിന്ന് ആരും എത്തിയതുമില്ല. പ്രീ പ്രൈമറിക്ക് അംഗീകാരം നേടിയെടുക്കാന്‍ പല ശ്രമങ്ങളും നടത്തി. അംഗീകാരം കിട്ടിയാല്‍ വേതനം കിട്ടും. അതും നടന്നില്ല. എല്ലാ സ്‌കൂളുകളേയും പരിഗണിക്കുമ്പോള്‍ മാത്രമേ ഒരു തീരുമാനം എടുക്കാന്‍ കഴിയുകയുള്ളൂ എന്നും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നുമാണ് മറുപടി കിട്ടിയത്. അതോടെ അതും നിര്‍ത്തേണ്ടിവന്നു. വര്‍ഷങ്ങളോളം നടത്തിയ എല്ലാ അധ്വാനവും ശ്രമങ്ങളും പാഴായിപ്പോയി.

''ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തില്‍ ഇടപെട്ട് അവരുടെ ജീവിതനിലവാരത്തില്‍ മാറ്റം വരുത്തുകയാണ് ഇനി ചെയ്യാനുള്ളത്''- രഘുദാസ് പറയുന്നു.
ഈ സ്‌കൂളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും പൊതുസമൂഹത്തിന്റെ 'കമന്റുകള്‍' കേള്‍ക്കേണ്ടി വരാറുണ്ട്. ''മുമ്പൊക്കെ പറയന്മാരുടെ സ്‌കൂളിലാണല്ലേ എന്ന് ആളുകള്‍ ചോദിക്കും. ചിലപ്പോള്‍ തമാശയാകാം, ചിലപ്പോഴൊക്കെ കളിയാക്കലും. പക്ഷേ, ഇവിടെ പഠിപ്പിക്കുന്നതിന് ഞങ്ങള്‍ക്കൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല'' വെല്‍ഫെയര്‍ സ്‌കൂള്‍ അധ്യാപകനായ പ്രജീഷ് പറഞ്ഞു. കുട്ടികളെ സ്‌കൂളില്‍ ചേര്‍പ്പിക്കാന്‍ ഇപ്പോഴും അവധിക്കാലത്ത് വീടുകളില്‍ പോയി സംസാരിക്കാറുണ്ട് ഇവിടുത്തെ അധ്യാപകര്‍. ഇത്തവണ ചേര്‍ക്കാം എന്നൊക്കെയായിരിക്കും മറുപടിയെങ്കിലും അഡ്മിഷന് ആരും എത്താറില്ല. കേരള ടീച്ചേഴ്സ് മൂവ്മെന്റ് എന്ന അധ്യാപക സംഘടനയുടെ ഇടപെടലിലൂടെ അഞ്ച് കുട്ടികള്‍ കൂടി എത്തിയതോടെ അടുത്ത വര്‍ഷം കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രധാനാധ്യാപികയായ ശാന്തയും അധ്യാപകരായ രാജനും രാകേഷും പ്രജീഷും.

ചേര്‍മല കോളനി നിവാസി ലീല
ചേര്‍മല കോളനി നിവാസി ലീല

എന്തിനാണ് ഞങ്ങളോട് അയിത്തം
സ്‌കൂളിനടുത്ത് ഒരു കുന്നിന് മുകളിലാണ് ചേര്‍മല കോളനി. എല്ലാ വീടുകളിലേക്കും വാഹനങ്ങളെത്താനുള്ള സൗകര്യങ്ങളൊന്നും ഇപ്പോഴുമില്ല. നാല്‍പ്പതിനടുത്ത് കുടുംബങ്ങള്‍ ഇവിടെയുണ്ട്.
''ഞങ്ങളൊക്കെ പഠിക്കുന്നന്ന സമയത്ത് എല്ലാ സമുദായത്തിലേയും കുട്ടികള്‍ ഉണ്ടായിരുന്നു. പിന്നീട് എന്താണ് ആളുകള്‍ക്ക് പറ്റിയതെന്ന് അറിയില്ലായെന്ന് കോളനിയിലെ ജലജ പറഞ്ഞു. ആ കാരണമാണ് ഞങ്ങള്‍ക്കും അറിയേണ്ടത്. വിവേചനം കാണിക്കുന്നവര്‍ അത് പറയണം. ഞങ്ങള്‍ക്ക് അവരോട് ഒരു പ്രശ്‌നവും ഇല്ല. എന്തുകൊണ്ടാണ് അവരുടെ മക്കളെ ഈ സ്‌കൂളില്‍ ചേര്‍ക്കാത്തത് എന്ന് മനസ്സിലാവുന്നില്ല''- ജലജ പറയുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ ഇരിക്കില്ല എന്ന് തീരുമാനിച്ചാല്‍ എന്ത് ചെയ്യാന്‍ പറ്റുമെന്ന് ചേര്‍മലയിലെ ലീല കൂട്ടിച്ചേര്‍ത്തു.

''ഞങ്ങളവിടെ പഠിക്കുന്നതുകൊണ്ടാണ് മറ്റാരും അവിടെ ചേര്‍ക്കാത്തത്. ഞങ്ങളുടെ കൂട്ടത്തില്‍ അവര്‍ വരില്ല എന്നത് തന്നെ. ടൗണിലൊക്കെ പോയി ജോലി ചെയ്യുന്നവരൊക്കെയാണ് ഇവിടെയുള്ളത്. അങ്ങനെ വിവേചനം ഒന്നും കോളനിയിലുള്ളവര്‍ കാണിക്കാറില്ല. ഞങ്ങളെത്ര മാറിയാലും മറ്റുള്ളവര്‍ക്ക് ഒരു അകന്നുനില്‍ക്കല്‍ ഉണ്ട്. ഇതൊക്കെ കാലങ്ങളായി ഉള്ളതാണ്. മുറിച്ചുനോക്കിയാല്‍ എല്ലാരുടേയും ചോര ഒന്നല്ലേ. അതിനെന്തെങ്കിലും മാറ്റമുണ്ടോ. ജാതിയും മതവും മനുഷ്യര്‍ ഉണ്ടാക്കിവെച്ചതല്ലേ. ദൈവം ആക്കിയതല്ലല്ലോ. പണ്ടൊക്കെ വലിയ അയിത്തമായിരുന്നു. ഇപ്പോ കുറേയൊക്കെ മാറി കോലായിലൊക്കെ ഇരിക്കാം എന്ന അവസ്ഥയിലെത്തി. എന്റെയൊക്കെ ചെറുപ്പത്തില്‍ ഞങ്ങളേയും പുലയ സമുദായത്തിലുള്ളവരേയുമാണ് മാറ്റിനിര്‍ത്തുക. പുലയര്‍ നടയിലുണ്ടാകും, ഞങ്ങള്‍ ദൂരെ കണ്ടത്തിലായിരിക്കും. ഇപ്പോ ആ സ്ഥിതിയൊക്കെ മാറിയല്ലോ. സ്‌കൂളിന്റെ പ്രശ്‌നം ചര്‍ച്ചയായതോടെ കുറേക്കൂടി മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്''- ലീല പറയുന്നു.

ജലജ
ജലജ

മാറ്റത്തിനു തുടക്കം
പ്രദേശത്ത് ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള സി.പി.എമ്മിനും മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സാമൂഹ്യമായ ഒരു പരിവര്‍ത്തനം നടത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. സര്‍ക്കാര്‍ തലത്തില്‍ പ്രശ്‌നത്തെ കൃത്യമായി വിലയിരുത്തപ്പെട്ടതായും തോന്നുന്നില്ല. ഇനിയും ഇതൊക്കെ സ്വാഭാവികമായി നിലനിന്നുപോകാം എന്ന മട്ടാണ് പേരാമ്പ്രയില്‍ കണ്ടത്. വെല്‍ഫെയര്‍ പാര്‍ട്ടിയും അവരുടെ അധ്യാപക സംഘടനയും ഈ വര്‍ഷം നടത്തിയ ഇടപെടല്‍ പ്രസക്തമാകുന്നതും അതുകൊണ്ടുതന്നെയാണ്. വിദ്യാഭ്യാസ സ്ഥാപനത്തില്‍പ്പോലും സാമൂഹ്യപരമായ ഇടപെടല്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നുവെങ്കില്‍, അയിത്തം നിലനിര്‍ത്തപ്പെടാനുള്ള ഒരിടമായി ഈ സ്‌കൂളിനെ നിര്‍ത്തേണ്ടതിന്റെ ആവശ്യമെന്താണ്.

തൊഴില്‍പരമായ വിവേചനമായി കാണണം
ഗീതാനന്ദന്‍
ആ സമുദായത്തിനോട് കാണിക്കുന്ന അയിത്തം അവരുടെ തൊഴിലുമായി ബന്ധപ്പെട്ടുള്ളതാണ്. ദേശീയ തലത്തിലുള്ള പ്രശ്‌നമാണത്. തോട്ടിപ്പണിയെടുക്കുന്നവര്‍ എന്നതുമായി ബന്ധപ്പെട്ടാണ് ഈ സമൂഹത്തിനുമേല്‍ ഇത്തരത്തിലുള്ള മാറ്റിനിര്‍ത്തലുകള്‍ രാജ്യത്താകെ ഉണ്ടായിട്ടുള്ളത്. കേരളത്തില്‍ അത് വേറൊരു രീതിയിലായിരിക്കും ഓപ്പറേറ്റ് ചെയ്യുക. എല്ലാ ജാതിയും എല്ലാ സമുദായവും ഇവരോട് മോശപ്പെട്ട രീതിയിലാണ് പെരുമാറുന്നത്. എല്ലാ ഗോത്രങ്ങളും ഇവരെ മാറ്റിനിര്‍ത്താനാണ് ഇഷ്ടപ്പെടുന്നത്.  അയിത്തം നേരിടുന്ന മറ്റ് ജാതിവിഭാഗങ്ങളേക്കാള്‍ കൂടുതലാണ് ഇവര്‍ നേരിടുന്ന മാറ്റിനിര്‍ത്തലുകള്‍. തോട്ടിപ്പണിയെ എല്ലാക്കാലത്തും അതിന്റെ മാനുഷിക വശങ്ങള്‍ വെച്ചാണ് 'ആഘോഷിക്ക'പ്പെടാറുള്ളത്. മാന്‍ഹോളില്‍ ശ്വാസംമുട്ടുന്ന മനുഷ്യരെയൊക്കെ കാണിക്കുന്നത് അങ്ങനെയാണ്. സിനിമകളിലും ഡോക്യുമെന്ററികളിലും അത് പലരും ചെയ്തിട്ടുണ്ട്. പക്ഷേ, അതിന്റെ മറുവശം ആരും അഡ്രസ്സ് ചെയ്യാറില്ല. അത് ഒരു ജാതിപ്രശ്‌നമായി ആരും കാണാറില്ല. 

തൊഴിലിന്റെ പേരിലുള്ള ജാതിവിവേചനമാണല്ലോ അടിസ്ഥാനപരമായി. അതിനെ ഇല്ലാതാക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. ഒരു സംസ്ഥാനപദ്ധതി എന്ന നിലയില്‍ത്തന്നെ അത് വരണം. സാധാരണ ഒരു അയിത്തത്തിന്റെ വിഷയം മാത്രമല്ല അത്. തൊട്ടുകൂടായ്മയും അതിന്റെ ഒരു ഭാഗമാണ്. അതിന്റെ കാഠിന്യം നമുക്കറിയാം. ഇത് അതിനപ്പുറമുള്ള വേറൊരു വിഷയമാണ്. ഈ തൊഴില്‍ ചെയ്തുവന്ന വര്‍ഗ്ഗക്കാരോട് കാണിക്കുന്ന വല്ലാത്തൊരു വിവേചനം. ഇത് എല്ലാ ജാതിക്കാരും അവരോട് കാണിക്കുന്നുണ്ട്. പട്ടികജാതിക്കാരനും കാണിക്കും. അതാണ് ഇതിന്റെ പ്രത്യേകത.

പേരാമ്പ്രയിലെ കാര്യമെടുത്താല്‍ അങ്ങനെയൊരു സ്‌കൂള്‍ അവിടെ നിലനിര്‍ത്തേണ്ട ആവശ്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്. സര്‍ക്കാരിന് മറ്റ് സ്‌കൂളുകള്‍ ഉണ്ടല്ലോ. അധ്യാപകരുടെ തസ്തിക നിലനിര്‍ത്താന്‍ വേണ്ടി ഇതുപോലുള്ള സ്‌കൂളുകള്‍ നിലനിര്‍ത്തുന്നത്. ജാതി വിവേചനം നേരിടാനായി  ഒരു സമുദായത്തിലെ കുട്ടികളെ അവിടെ നിര്‍ത്തേണ്ട കാര്യമില്ലല്ലോ. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശത്തോടൊപ്പം മറ്റ് കുട്ടികളുമായി ഇടപഴകാനുള്ള ഒരു അവകാശം കൂടിയുണ്ടല്ലോ. തീണ്ടാതെ ഇരിക്കാനുള്ള ഒരു അവകാശം കൂടിയുണ്ട് അവര്‍ക്ക്. ഈ കുട്ടികളെ മാത്രം പഠിപ്പിക്കാനുള്ള ഒരു സ്‌കൂള്‍ എന്ന നിലയില്‍ ഒരു ഇന്‍സ്റ്റിറ്റിയൂഷണല്‍ സ്ട്രക്ച്ചറായി അത് നിലനിര്‍ത്തുകയാണ് അടച്ചുപൂട്ടുകയാണ് വേണ്ടത്. മറ്റുള്ളവരുമായി ഇടപഴകി പഠിക്കാനുള്ള  സ്‌കൂളുകളിലേക്ക് കുട്ടികളെ മാറ്റാലോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com