മാറ്റങ്ങളുടെ ഒന്നര നൂറ്റാണ്ടില്‍ ഈ മാനസികാരോഗ്യ കേന്ദ്രം

മാനസികമായി വെല്ലുവിളിക്കപ്പെട്ടവര്‍ക്ക് ആശ്വാസകേന്ദ്രമായി നിലകൊള്ളുന്ന ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തെക്കുറിച്ച്
മാറ്റങ്ങളുടെ ഒന്നര നൂറ്റാണ്ടില്‍ ഈ മാനസികാരോഗ്യ കേന്ദ്രം

കൃത്യം ഒന്നര നൂറ്റാണ്ടു മുന്‍പു മനുഷ്യമനസ്സുകളിലേക്കു തിരുവിതാംകൂര്‍ തുറന്ന വാതിലാണ് തിരുവനന്തപുരം ഊളമ്പാറയിലെ മാനസികാരോഗ്യ കേന്ദ്രം. ദക്ഷിണേന്ത്യയില്‍ ആദ്യത്തേത്. നാട്ടുകാര്‍ ഭ്രാന്താശുപത്രി എന്നു വിളിച്ച 'മനോരോഗാശുപത്രി' മാനസികാരോഗ്യ കേന്ദ്രമായി വികസിച്ച 150 വര്‍ഷം. ലോകമാകെ മാനസികാരോഗ്യ ചികിത്സയുടെ രൂപവും ഭാവവും മാറുകയും ഐക്യകേരളം രാജഭരണത്തില്‍നിന്നു ജനാധിപത്യത്തിലേക്കു മാറുകയും ചെയ്ത ശേഷവും ഈ ചുമരുകള്‍ക്കുള്ളില്‍ നിലവിളികള്‍ ഉയരുകയും ഒടുങ്ങുകയും ചെയ്തിട്ടുണ്ട്. സാമൂഹിക ജാഗ്രതയും കോടതി ഇടപെടലുകളും മാറിമാറി വന്ന സര്‍ക്കാരുകളില്‍ ചിലതിന്റെ പ്രതിബദ്ധതയും ചേര്‍ന്നാണ് മാറ്റിയെടുത്തത്. ഊളമ്പാറ എന്ന സ്ഥലപ്പേരുപോലും മാനസികാസ്വാസ്ഥ്യമുള്ളവരെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന കാലം മാറി.

150-ാം വാര്‍ഷികാഘോഷത്തിനു കൊവിഡും ലോക്ഡൗണും തടസ്സമാണ്. സ്വാഗതസംഘം രൂപീകരിക്കുന്നതിനു കൂടിയാലോചനാ യോഗം ചേരാനിരിക്കെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ആഘോഷമില്ലെങ്കിലും പിന്നിട്ട ഇരുളും വെളിച്ചവും കൂടിക്കലര്‍ന്ന നീണ്ടകാലത്തിന്റെ പ്രസക്തി കുറയുന്നില്ല. പുതിയ കെട്ടിടങ്ങളും കൂടുതല്‍ സൗകര്യങ്ങളുമായി നവീകരണത്തിനു ബൃഹദ് പദ്ധതി തയ്യാറായതാണ്. പക്ഷേ, സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ അതും കുരുങ്ങി. ഈ സര്‍ക്കാരിന്റെ കാലാവധി തീരും മുന്‍പ് ഇനി നടക്കാനിടയുമില്ല. പ്രശാന്തസുന്ദരമായ 36 ഏക്കര്‍ സ്ഥലത്താണ് മാനസികാരോഗ്യ കേന്ദ്രം. അറുനൂറിലധികം അന്തേവാസികള്‍; പക്ഷേ, അത്രയും കിടക്കകളില്ല. 24 ഡോക്ടര്‍മാര്‍, 74 നഴ്സുമാര്‍, രണ്ട് സൈക്കോളജിസ്റ്റുകള്‍, മൂന്ന് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവരുള്‍പ്പെടെ നാന്നൂറില്‍പ്പരം ജീവനക്കാര്‍. മാനസികാസ്വാസ്ഥ്യമുള്ളവരോടു ദയയില്ലാതെ പെരുമാറിയ മുന്‍ഗാമികളുടെ രീതികളല്ല ഇവരുടേത്. പക്ഷേ, സമൂഹത്തിന്റെ പെരുമാറ്റം മാറിയിട്ടില്ല. അതുകൊണ്ടാണ് സ്ഥിതി ഭേദമായിട്ടും ബന്ധുക്കള്‍ കൂട്ടിക്കൊണ്ടു പോകാത്ത നിരവധിപ്പേരുടെ കണ്ണീരിവിടെ വീഴുന്നത്.

1860-1880 കാലയളവില്‍ തിരുവിതാംകൂര്‍ മഹാരാജാവ് ആയിരുന്ന ആയില്യം തിരുനാള്‍ രാമവര്‍മ്മ 1870-ല്‍ ആണ് ഇതു സ്ഥാപിച്ചത്; പിന്നീട് കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റായി മാറിയ ഹജൂര്‍ കച്ചേരി സ്ഥാപിച്ച കാലത്തുതന്നെ. ദിവാന്‍ ടി. മാധവറാവുവിനായിരുന്നു മേല്‍നോട്ട ചുമതല. സെക്രട്ടേറിയറ്റ് രൂപകല്പന ചെയ്ത വില്യം ബാര്‍ട്ടണ്‍ തന്നെയാണ് ഇതിന്റെയും രൂപകല്പന നിര്‍വ്വഹിച്ചത്. ഇപ്പോഴത്തെ ജനറല്‍ ആശുപത്രിക്കു സമീപമായിരുന്നു തുടക്കം. പിന്നീടാണ് ശാസ്തമംഗലത്തിനും പേരൂര്‍ക്കടയ്ക്കും ഇടയിലെ ഊളമ്പാറയിലേക്കു മാറ്റിയത്. ഔദ്യോഗികമായി അറിയപ്പെടുന്നത് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം എന്നാണ്.

ക്ഷയം, മാനസിക രോഗം, കുഷ്ഠം എന്നിവയ്ക്കുള്ള ഒറ്റ ആശുപത്രിയായിരുന്നു തുടക്കത്തില്‍. കാലക്രമേണ ക്ഷയരോഗ ആശുപത്രി തിരുവനന്തപുരത്തെത്തന്നെ പുലയനാര്‍ കോട്ടയിലേക്കും കുഷ്ഠരോഗ ആശുപത്രി ആലപ്പുഴ ജില്ലയിലെ നൂറനാട്ടേക്കും മാറ്റി. ഇപ്പോള്‍ ആശുപത്രി പ്രവര്‍ത്തിക്കുന്ന സ്ഥലവും എതിര്‍വശത്ത് പൊതുമേഖലാ സ്ഥാപനമായ എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ പ്രവര്‍ത്തിക്കുന്ന സ്ഥലവും തുടക്കത്തില്‍ ആശുപത്രിയുടെ ഭാഗമായിരുന്നു. 42 ഏക്കറാണ് ഒടുവില്‍ ഉണ്ടായിരുന്നത്. അതില്‍ ചില കയ്യേറ്റങ്ങള്‍ ഉണ്ടായി. ഇപ്പോഴത്തെ 36 ഏക്കര്‍ പൂര്‍ണ്ണമായും ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചിരിക്കുന്നു.

സംസ്ഥാന ആരോഗ്യ വകുപ്പ് ഏറ്റെടുത്ത് ആരോഗ്യ ഡയറക്ടര്‍ക്കു കീഴിലാക്കിയ ശേഷം മെന്റല്‍ ഹോസ്പിറ്റല്‍ എന്ന പേര് മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ (മാനസികാരോഗ്യ കേന്ദ്രം) എന്ന് മാറ്റിയത് 1984-ല്‍ ആണ്.

തിരിച്ചുപോകാത്തവര്‍

ഈ ചുറ്റുമതിലുകള്‍ക്കുള്ളില്‍ കൊവിഡ് എത്തുന്നത് തടയുക എന്ന ജാഗ്രതയ്ക്കാണ് ഇപ്പോള്‍ ഏറ്റവും മുന്‍തൂക്കം നല്‍കുന്നതെന്ന് സൂപ്രണ്ട് ഡോ. എല്‍. അനില്‍കുമാര്‍ പറഞ്ഞു. ഒരാള്‍ക്കെങ്കിലും രോഗം ബാധിച്ചാല്‍ അതിവേഗം പടരാനുള്ള സാധ്യത ഇവിടെ കൂടുതലാണ്. മാസ്‌ക് ധരിക്കുക, ഇടയ്ക്കിടെ കൈകള്‍ സോപ്പുപയോഗിച്ചു കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ചു വൃത്തിയാക്കുകയോ ചെയ്യുക, അകലം പാലിക്കുക എന്നീ കൊവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ പ്രാപ്തിയുള്ളവരല്ല ഇവിടുത്തെ അന്തേവാസികളില്‍ ബഹുഭൂരിഭാഗവും. അതുകൊണ്ടു പുതിയതായി ആളുകളെ പ്രവേശിപ്പിക്കുന്നതു താല്‍ക്കാലികമായി കുറച്ചു. തമിഴ്നാട്ടിലെ തിരുനല്‍വേലി, കന്യാകുമാരി ജില്ലകളില്‍നിന്നും കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ജില്ലകളില്‍നിന്നുമാണ് ഇവിടെ ചികിത്സ തേടി കൂടുതലാളുകള്‍ എത്തുന്നത്. തമിഴ്നാട്ടില്‍ കൊവിഡ് വ്യാപനം കൂടുതലായതുകൊണ്ട് ഇപ്പോള്‍ അവിടെനിന്നുള്ളവരെ പ്രവേശിപ്പിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തി. പകരം കേരള, തമിഴ്നാട് അതിര്‍ത്തിക്കടുത്തുതന്നെ തമിഴ്നാട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആശാരിപള്ളം മെഡിക്കല്‍ കോളേജിലെ മനോരോഗ വിഭാഗവുമായി സഹകരിച്ച് അവിടെ ചികിത്സ നല്‍കുന്നു. കണ്ടെയ്ന്‍മെന്റ് മേഖലകളില്‍നിന്നുള്ളവരേയും ഇപ്പോള്‍ പ്രവേശിപ്പിക്കണ്ട എന്നാണ് തീരുമാനം. എങ്കിലും ചില സാഹചര്യങ്ങളില്‍ ചിലരെ അഡ്മിറ്റ് ചെയ്യേണ്ടിവരും. അവരെ പ്രത്യേക വാര്‍ഡിലാണ് പ്രവേശിപ്പിക്കുന്നത്. 531 പേരെ പാര്‍പ്പിച്ചു ചികിത്സിക്കാനാണ് സൗകര്യമുള്ളത്. പക്ഷേ, ഇപ്പോള്‍ 601 പേരുണ്ട്. 31 വാര്‍ഡുകള്‍. ലഹരിമുക്തി ചികിത്സയ്ക്കുവേണ്ടി 24 കിടക്കകള്‍ കൂടി അടുത്തയിടെ അനുവദിച്ചു. കൊവിഡും ലോക്ഡൗണും വന്നപ്പോള്‍ മറ്റെല്ലാ ആശുപത്രികളിലും രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ഇവിടെ കൂടുകയാണ് ചെയ്തത്. മാനസികാസ്വസ്ഥതകളുമായി അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ പിടികൂടി ഇവിടെ എത്തിക്കുന്നതും അതിനു കാരണമായിട്ടുണ്ട്. ഭേദമായവരെ താമസിപ്പിക്കാന്‍ പ്രത്യേകം വാര്‍ഡുണ്ട്. അവര്‍ക്ക് സ്വന്തമായി തൊഴില്‍ചെയ്തു ജീവിക്കാന്‍ പരിശീലനം നല്‍കുന്ന പുനരധിവാസ പദ്ധതിയുമുണ്ട്. ആശുപത്രി ഇപ്പോള്‍ ഏറ്റവും പ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനങ്ങളിലൊന്നാണ് ഇത്. ഗാന്ധി സ്മാരക നിധിക്ക് നൂല്‍ നിര്‍മ്മിച്ചു നല്‍കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ അവര്‍ നല്‍കും. പരിശീലകയ്ക്കുള്ള ശമ്പളം സ്പോണ്‍സര്‍ഷിപ്പ് വഴിയാണ് ഉറപ്പാക്കിയത്. നന്നായി മുന്നോട്ടു പോകുമ്പോഴാണ് ലോക്ഡൗണ്‍ വന്നതും മുടങ്ങിയതും. മെഴുകുതിരി, നോട്ട്ബുക്ക്, റൂം മാറ്റ്, ബെഡ്ഷീറ്റ്, ലോഷന്‍, സോപ്പ് എന്നിവയൊക്കെ നിര്‍മ്മിക്കുന്നു. മലര്‍ ബാത്സോപ്പ് ഇവിടുത്തെ അന്തേവാസികളുടേതാണ്. പക്ഷേ, സോപ്പ് പുറത്തു വില്‍ക്കുന്നതിനു വിപണി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആശുപത്രി സന്ദര്‍ശിക്കുന്നവര്‍ക്ക് അവിടുത്തെ കൗണ്ടറില്‍നിന്നു ലഭിക്കും. ചക്കയില്‍നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനു കുടുംബശ്രീയുമായി സഹകരിച്ച് പരിശീലനം നല്‍കുന്നുണ്ട്. എങ്കിലും സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പുനരധിവാസ കേന്ദ്രങ്ങള്‍ രോഗം ഭേദമായവര്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസമാണ്; ആശുപത്രി അധികൃതര്‍ക്കും. ഇവിടെനിന്നു നിരവധിപ്പേര്‍ അങ്ങനെ പലപ്പോഴായി പുനരധിവാസ കേന്ദ്രങ്ങളിലേക്കു പോയിട്ടുണ്ട്. സാമൂഹികനീതി വകുപ്പിന്റെ സഹായമുള്ള 133 പുനരധിവാസ കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്.

ഭേദമായിട്ടും വര്‍ഷങ്ങളായി ഇവിടെ തുടരുന്നവരുണ്ട്. പഴക്കംചെന്ന രോഗികള്‍ എന്ന തലക്കെട്ടിനു താഴെ അവരുടെ എണ്ണം രേഖപ്പെടുത്തിയിട്ടുണ്ട്: 49 പുരുഷന്മാരും 46 സ്ത്രീകളും. ആരുടെയൊക്കെയോ അമ്മയും അച്ഛനും സഹോദരങ്ങളും മക്കളുമൊക്കെയാണ്; പക്ഷേ, ഭാരമായി മാറും എന്ന ആശങ്കയില്‍ വീട്ടുകാര്‍ വേണ്ടെന്നു വയ്ക്കുന്നവര്‍.

മാറ്റങ്ങള്‍

1983-ല്‍ മദര്‍ തെരേസ സന്ദര്‍ശിച്ചത് ഈ സ്ഥാപനത്തിന്റെ മാറ്റത്തില്‍ ഒരു നാഴികക്കല്ലു തന്നെയായി മാറി. അതുവരെ സര്‍ക്കാരുകളും വേണ്ടത്ര താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. മദര്‍ തെരേസയുടെ സന്ദര്‍ശനത്തിനു സാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തകരുടെ നിരന്തര ഇടപെടലും കാരണമായെന്നു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ ഓര്‍ക്കുന്നു. ആശുപത്രിയുടെ മോശം അവസ്ഥയെക്കുറിച്ചും ചികിത്സാ സൗകര്യങ്ങളിലെ പരിമിതികളെക്കുറിച്ചും ഗവര്‍ണര്‍ പി. രാമചന്ദ്രനുമായി മദര്‍ തെരേസ സംസാരിച്ചു. ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടായതോടെയാണ് സര്‍ക്കാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പക്ഷേ, അടിസ്ഥാന സൗകര്യങ്ങളില്‍ മാറ്റമുണ്ടായെങ്കിലും ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചു പരാതികള്‍ നിലനിന്നു. അതോടെ അന്തേവാസികളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്താന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് 1996-ല്‍ സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി എത്തി. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഹൈക്കോടതി ഇടപെട്ടു. ജില്ലാ ജഡ്ജി അധ്യക്ഷനായി മേല്‍നോട്ട സമിതി രൂപീകരിക്കാനായിരുന്നു പ്രധാന നിര്‍ദ്ദേശം. അതനുസരിച്ച് സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുണ്ട്. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍പേഴ്സണ്‍ ഉപാധ്യക്ഷയും ആശുപത്രി സൂപ്രണ്ട് കണ്‍വീനറുമാണ്. രണ്ടു മാസത്തിലൊരിക്കല്‍ സമിതി യോഗം ചേര്‍ന്നു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട്. ഒടുവില്‍ ചേര്‍ന്നത് ഡിസംബറിലാണ്. മാര്‍ച്ച് ആദ്യം ചേരാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും കൊവിഡും ലോക്ഡൗണും കാരണം മാറ്റിവച്ചു. ഹൈക്കോടതിയുടെ ഇടപെടല്‍ നിരന്തരം ഉണ്ടാകുന്നത് ആശുപത്രിക്ക് ജാഗ്രത നല്‍കുന്നുണ്ട്.

സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ സംബന്ധിച്ച നിയമസഭാ സമിതി (അഷ്വറന്‍സ് കമ്മിറ്റി) 2018 ഡിസംബറില്‍ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തെക്കുറിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരുന്നു. ആശുപത്രി സന്ദര്‍ശിക്കുകയും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമായും ഈ മേഖലയിലെ വിദഗ്ദ്ധരുമായും സംസാരിക്കുകയും ചെയ്തു തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ അടിസ്ഥാന സൗകര്യ വികസനം, ജീവനക്കാരുടെ കുറവ്, പുനരധിവാസത്തിലെ പ്രതിസന്ധി എന്നിവയെക്കുറിച്ച് വിശദമായി പരാമര്‍ശിച്ചു. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ സമഗ്രവും ദീര്‍ഘവീക്ഷണത്തോടുകൂടിയതുമായ മാസ്റ്റര്‍പ്ലാന്‍ സമയ ബന്ധിതമായി നടപ്പാക്കുന്നതിന് അടിയന്തര നടപടി വേണം എന്നായിരുന്നു പ്രധാന ശുപാര്‍ശ.

എം.ബി.ബി.എസ് ബിരുദധാരികള്‍ക്കു കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ (എന്‍.ബി.ഇ) നല്‍കുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമേറ്റ് ഓഫ് നാഷണല്‍ ബോര്‍ഡ് (ഡി.എന്‍.ബി) സൈക്യാട്രി കോഴ്സ് നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് ഇത്. മനശ്ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കും നഴ്സുമാര്‍ക്കും ക്ലിനിക്കല്‍ പരിശീലനം നല്‍കുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുമായി സഹകരിച്ച് മള്‍ട്ടി സെന്റര്‍ സ്റ്റഡി നടത്തുന്നതിന് ഈ മാനസികാരോഗ്യ കേന്ദ്രത്തെ പരിഗണിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മെന്റല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് റിസര്‍ച്ച് സെന്റര്‍ എന്ന് സ്ഥാപനത്തിന്റെ പേരു മാറ്റുക എന്നതായിരുന്നു മറ്റൊരു ശുപാര്‍ശ. ഗവേഷണ കേന്ദ്രം എന്ന നിലയില്‍ ഈ മേഖലയിലെ സര്‍വ്വകലാശാലകളുമായും ശാസ്ത്രസാങ്കേതിക വകുപ്പുമായും വൈദ്യശാസ്ത്ര ഗവേഷണ കൗണ്‍സിലു (ഐ.സി.എം.ആര്‍)മായും മറ്റും സഹകരിച്ച് ഗവേഷണത്തിനും കൂടുതല്‍ വികസനത്തിനും സാധ്യത തെളിയും എന്ന പ്രതീക്ഷയാണ് സമിതി പ്രകടിപ്പിച്ചത്.

മരുന്നുകളുടെ ലഭ്യതയില്‍ കുറവുണ്ട് എന്നാണ് സമിതി കണ്ടെത്തിയത്. ഭേദമായവരെ ഏറ്റെടുക്കുന്നതിനു ബന്ധുക്കള്‍ തയ്യാറാകാത്തത് പുനരധിവാസത്തിലെ വലിയ വെല്ലുവിളിയായി സമിതിയും ചൂണ്ടിക്കാട്ടിയിരുന്നു. ''ഒരിക്കല്‍ മാനസികാരോഗ്യം മോശമായവര്‍ക്കു സമൂഹം ഭ്രഷ്ട് കല്പിക്കുന്ന ചിന്താഗതി മാറാത്തിടത്തോളം ഇവരുടെ പുനരധിവാസം ബുദ്ധിമുട്ടുള്ളതായി തുടരുകതന്നെ ചെയ്യും'' -സമിതി അഭിപ്രായപ്പെട്ടു. അതു മറികടക്കാന്‍ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വേണമെന്നായിരുന്നു ശുപാര്‍ശ.

സഭാസമിതി ശുപാര്‍ശകളുടെ കൂടി അടിസ്ഥാനത്തിലാണ് വിപുലമായ നവീകരണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്. നവീകരണത്തിനു ചുമതലപ്പെടുത്തിയത് 'കിറ്റ്കോ'യെ ആണ്. അവര്‍ ആശുപത്രി സന്ദര്‍ശിച്ച് തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ 100 കോടിയോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്. കിഫ്ബി മുഖേന നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും അത്രയും സാമ്പത്തിക സമാഹരണം പ്രായോഗികമല്ല എന്ന വിലയിരുത്തലാണ് ഉണ്ടായത്. പ്രളയവും കൊവിഡും മൂലം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുവേ ഉണ്ടായ സ്തംഭനത്തില്‍ ഇതും ഉള്‍പ്പെട്ടു.

കഴിഞ്ഞ ഫെബ്രുവരി 24-ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ സി.ആസ്.ആര്‍ ഫണ്ടില്‍നിന്ന് ആശുപത്രി നവീകരണ പദ്ധതിക്ക് പണം കണ്ടെത്താം എന്ന പ്രതീക്ഷ അന്ന് അവര്‍ പ്രകടിപ്പിച്ചതാണ്. പക്ഷേ, കൊവിഡ് കാലത്തെ മുന്‍ഗണനകള്‍ മാറിമറിഞ്ഞതോടെ സര്‍ക്കാര്‍ ഈ പദ്ധതിയെക്കുറിച്ച് ആലോചിക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ആശുപത്രി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം പൈതൃക സ്മാരകമായി സംരക്ഷിക്കുകയാണ്.

കാഴ്ചകളുടെ മറുപുറം

കൊവിഡ്, ലോക്ഡൗണ്‍ കാലം മാനസികാരോഗ്യ കേന്ദ്രത്തേയും ഒരുപാടു വേദനിപ്പിക്കുന്ന കാഴ്ചകള്‍ക്കു സാക്ഷിയാക്കുന്നു. മുംബൈയില്‍ തെരുവുകച്ചവടം നടത്തിയിരുന്ന ഝാര്‍ഖണ്ഡ് സ്വദേശിയുടെ അനുഭവം അത്തരത്തിലൊന്നാണ്. ലോക്ഡൗണില്‍ കച്ചവടവും വരുമാനവുമില്ലാതെ ബുദ്ധിമുട്ടായി. വീട്ടിലും ദാരിദ്ര്യം, പട്ടിണി. മനസ്സ് കലുഷമായി. പ്രത്യേക ട്രെയിനുകള്‍ ഓടിത്തുടങ്ങിയപ്പോള്‍ നാട്ടിലേക്കു പുറപ്പെട്ടെങ്കിലും ട്രെയിന്‍ മാറിക്കയറി എത്തിയത് തിരുവനന്തപുരത്താണ്. നാട്ടിലേക്കു പുറപ്പെട്ട് വിദൂരമായ അപരിചിത ദേശത്ത് എത്തിയവര്‍ വേറെയുമുണ്ട്, ജീവിതം അപ്രതീക്ഷിത പ്രതിസന്ധിയില്‍പ്പെട്ട ആഘാതത്തില്‍ നില തെറ്റിപ്പോയവര്‍.

വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും സമീപദിവസങ്ങളില്‍ വന്നവരെ പ്രത്യേകമാണ് താമസിപ്പിച്ചിരിക്കുന്നത്. കൊവിഡ് ജാഗ്രത തന്നെ കാരണം. ചെറിയ മാനസിക പ്രശ്‌നങ്ങളുള്ളവര്‍ ജോലിയും സമ്പാദ്യവുമൊക്കെ നഷ്ടപ്പെടുമ്പോള്‍ വലിയ മാനസിക പ്രശ്‌നങ്ങളില്‍പ്പെടുന്ന അനുഭവങ്ങളുണ്ട് ഈ സ്ഥാപനത്തിനു പറയാന്‍. പുറത്തുനിന്നു വന്ന മലയാളികളായ അത്തരം നൂറോളം പേരെ ചികിത്സിച്ചയച്ചു കഴിഞ്ഞു. ഇപ്പോള്‍ ഏഴു പേരുണ്ട്. സാധാരണയായി പ്രതിദിനം 150 മുതല്‍ 200 വരെ ആളുകള്‍ ഒ.പിയില്‍ ചികിത്സ തേടാറുണ്ട്. ഇവരില്‍ 10 മുതല്‍ 30 വരെ ആളുകളെ അഡ്മിറ്റ് ചെയ്യേണ്ടിവരാറുമുണ്ട്. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് മരുന്നു വാങ്ങുന്നതിനുള്‍പ്പെടെയുള്ള സര്‍ക്കാര്‍ വിഹിതം വര്‍ദ്ധിക്കുന്നില്ല എന്നതാണ് ഒരു പ്രതിസന്ധി. ഉദാഹരണത്തിന്, മരുന്നു വാങ്ങാന്‍ പ്രതിവര്‍ഷം ഒരു കോടി 60 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. കിടത്തി ചികിത്സിക്കുന്നവര്‍ക്കും ഒ.പിയില്‍ വരുന്നവര്‍ക്കും ഇതില്‍നിന്നു മരുന്നു വാങ്ങണം. പക്ഷേ, അത് പോര എന്നതാണു സ്ഥിതി. കുറവു വരുമ്പോള്‍ ഐ.പി വിഭാഗത്തിനാണ് സ്വാഭാവികമായും മുന്‍ഗണന നല്‍കുക. അപ്പോള്‍ ഒ.പിയില്‍ മരുന്നുകളുടെ കുറവുണ്ടാകുന്നു. ആശുപത്രി വികസന സമിതി ഇത് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനാണ് മരുന്നുകള്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം രോഗികളുടെ ഭക്ഷണം, വസ്ത്രം തുടങ്ങിയവയ്ക്കും വാര്‍ഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കും കൂടി രണ്ട് കോടി 75 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇത്തവണ അതും കുറഞ്ഞു. മറ്റ് ആശുപത്രികളില്‍നിന്നു വ്യത്യസ്തമായി, ഉപേക്ഷിക്കപ്പെട്ട അന്തേവാസികള്‍ക്ക് പല്ലു തേയ്ക്കാന്‍ ബ്രഷും പേസ്റ്റും വസ്ത്രങ്ങളും മുതലുള്ള സാധനങ്ങള്‍ ഇവിടെനിന്നാണ് കൊടുക്കുന്നത്. അതിനു നീക്കിവയ്ക്കുന്ന തുകയില്‍ കുറവുണ്ടാകുമ്പോള്‍ സഹിക്കേണ്ടിവരുന്നത് ചോദിച്ചു വാങ്ങാന്‍ ത്രാണിയില്ലാത്ത പാവങ്ങളാണ്. പക്ഷേ, അങ്ങനെ അവരെ ഉപേക്ഷിക്കാന്‍ കഴിയാത്തതുകൊണ്ട് ഉള്ളതില്‍നിന്ന് എല്ലാവരുടേയും കാര്യങ്ങള്‍ നോക്കാന്‍ ശ്രമിക്കുകയാണ് ഈ സ്ഥാപനം. മനസ്സുകളെ അറിയാനും ആകുലതകള്‍ പരിഹരിക്കാനും സമര്‍പ്പിത മനസ്സോടെ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം നല്ല മനുഷ്യരുടെ പ്രവര്‍ത്തനകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന തിളക്കമുള്ള കാഴ്ചയാണ് നൂറ്റിയമ്പതാം വാര്‍ഷികത്തില്‍ ഈ മാനസികാരോഗ്യ കേന്ദ്രം നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com