ജീവനക്കാരുടെ സംഘടനകള്‍ ആരെയാണ് പേടിക്കുന്നത് ?

പുതിയ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍പോലും കഴിയാത്ത സാഹചര്യത്തില്‍ നേടിയ അവകാശങ്ങളെങ്കിലും നിലനിര്‍ത്താന്‍ പാടുപെടുകയുമാണ് പ്രധാന സംഘടനകള്‍
ജീവനക്കാരുടെ സംഘടനകള്‍ ആരെയാണ് പേടിക്കുന്നത് ?

ര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവര്‍ദ്ധനയും അലവന്‍സും പ്രധാനമാണ്. എന്നാല്‍, അതിലേറെ പ്രധാനമായി എനിക്കു തോന്നുന്നത് അതു ചോദിക്കാനുള്ള അവകാശമാണ്.'' കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്. അധികാരമേറ്റ പിറ്റേ മാസം പറഞ്ഞ വാക്കുകളാണ്. 1957 മെയ് ഒന്‍പതിന് പാലക്കാട്ട് ചേര്‍ന്ന ഉത്തര കേരള എന്‍.ജി.ഒ അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വിപുലമായ സംഘടനാ സ്വാതന്ത്ര്യം അംഗീകരിക്കുന്നതില്‍ നിര്‍ണ്ണായകമായിരുന്നു ഒന്നാം മുഖ്യമന്ത്രിയുടേയും ആ സര്‍ക്കാരിന്റേയും നിലപാട്. ഇന്നിപ്പോള്‍, കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ പൊരുതിനേടിയ സംഘടനാസ്വാതന്ത്ര്യം ഉപയോഗിച്ചു തോന്നുംപോലെ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍വ്വീസ് സംഘടനകള്‍ക്ക് അപമാനവും പേരുദോഷവും വരുത്തിവയ്ക്കുകയാണ്. പുതിയ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍പോലും കഴിയാത്ത സാഹചര്യത്തില്‍ നേടിയ അവകാശങ്ങളെങ്കിലും നിലനിര്‍ത്താന്‍ പാടുപെടുകയുമാണ് പ്രധാന സംഘടനകള്‍. അതിനിടയിലാണ് വിവിധ വകുപ്പുകളും വിഭാഗങ്ങളും തിരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍. അവയില്‍ പ്രത്യക്ഷത്തില്‍ രാഷ്ട്രീയബന്ധം ഉള്ള സംഘടനകളും സ്വതന്ത്ര സംഘടനകളുമുണ്ട്. പക്ഷേ, രണ്ടുകൂട്ടരും മുന്‍ഗാമികള്‍ പൊരുതി നേടിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു എന്നാണ് പൊതുവികാരം. ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിനു വിലകല്പിക്കാത്തതു മാത്രമല്ല പ്രശ്‌നം; അഴിമതി ആരോപണങ്ങളും ഉള്ളില്‍നിന്നുതന്നെ ഉയരുന്നു. അതിനിടെ, പ്രധാന സംഘടനകള്‍ തന്നെ ചട്ടവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന വസ്തുതയുമുണ്ട്. കേരളത്തിലെ പ്രമുഖ സര്‍വ്വീസ് സംഘടനകളായ കേരള എന്‍.ജി.ഒ യൂണിയന്‍, കേരള എന്‍.ജി.ഒ അസോസിയേഷന്‍, ജോയിന്റ് കൗണ്‍സില്‍ (ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വ്വീസ് ഓര്‍ഗനൈസേഷന്‍സ്) എന്നിവയും സംഘടനാപരമായി ഇവയുടെയത്ര കരുത്തില്ലാത്ത മറ്റു നിരവധി സംഘടനകളും വ്യക്തമായ രാഷ്ട്രീയ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് നിലനില്‍ക്കുന്നത്; എന്നാല്‍, ജീവനക്കാരുടെ സംഘടനകള്‍ക്ക് രാഷ്ട്രീയബന്ധം പാടില്ല എന്നത് പെരുമാറ്റച്ചട്ടത്തിലെ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്നാണ്. പെരുമാറ്റച്ചട്ടം കാലാനുസൃതമായി പരിഷ്‌കരിക്കുകയോ സംഘടനകള്‍ ചട്ടത്തിന്റെ ചട്ടക്കൂടിലേക്ക് ഒതുങ്ങുകയോ വേണ്ടിവരും. എന്നാല്‍, അതു സംബന്ധിച്ച പരസ്യ ചര്‍ച്ചകള്‍ക്കു തല്‍ക്കാലം വഴിതുറക്കേണ്ട എന്നാണ് രാഷ്ട്രീയ, സംഘടനാ നേതൃത്വങ്ങളുടെ പൊതുനിലപാട്. സി.പി.എം അനുകൂല സംഘടന എന്‍.ജി.ഒ യൂണിയന്‍, കോണ്‍ഗ്രസ്സ് അനുകൂല എന്‍.ജി.ഒ അസോസിയേഷന്‍ എന്നിവയ്ക്ക് അനുബന്ധ സംഘടനകള്‍ ഇല്ല. എന്നാല്‍, സി.പി.ഐയുമായി രാഷ്ട്രീയ ബന്ധമുള്ള ജോയിന്റ് കൗണ്‍സിലില്‍ കാറ്റഗറി സംഘടനകള്‍ 32 എണ്ണമുണ്ട്. കയ്യൊഴിയാനോ തള്ളിപ്പറയാനോ സാധിക്കാത്ത വിധം അനുബന്ധ സംഘടനകള്‍ കേരളത്തിലെ ജീവനക്കാരുടെ സംഘടനാ പ്രവര്‍ത്തനമേഖലയെ ചുറ്റിവരിഞ്ഞിരിക്കുന്നു.

അഴിയാക്കുരുക്കുകള്‍ 

ജീവനക്കാരുടെ സംഘടനാ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇ.എം.എസ്. പറയുന്ന കാലത്ത് കേരളത്തിലെ ജീവനക്കാര്‍ക്ക് പൊതുവായി ഒരു സംഘടന ഉണ്ടായിരുന്നില്ല. പിന്നെയും അഞ്ചു വര്‍ഷം കഴിഞ്ഞാണ് കേരള എന്‍.ജി.ഒ യൂണിയന്‍ രൂപീകരിക്കുന്നത്, 1962-ല്‍. പിന്നീട് അതില്‍നിന്നു പിരിഞ്ഞുപോയവര്‍ 1969-ല്‍ ജോയിന്റ് കൗണ്‍സിലും കൗണ്‍സില്‍ പിളര്‍ത്തിയവര്‍ 1974-ല്‍ കേരള എന്‍.ജി.ഒ അസോസിയേഷനും രൂപീകരിച്ചു. സി.പി.എമ്മിന്റെ യൂണിയനും സി.പി.ഐയുടെ കൗണ്‍സിലും കോണ്‍ഗ്രസ്സിന്റെ അസോസിയേഷനുമായാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പിയുടെ എന്‍.ജി.ഒ സംഘ്, മുസ്ലിം ലീഗിന്റെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) എന്നിവയും സജീവം. എന്‍.ജി.ഒ സെന്ററും എന്‍.ജി.ഒ ഫ്രണ്ട്‌സുമൊക്കെ വേറെയുണ്ട്. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയും ജീവനക്കാരെ സംഘടിപ്പിക്കുകയാണ്: സംഘടനയുടെ പേര് 'അസെറ്റ്' (അസോസിയേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ്).

കേരള രൂപീകരണത്തിനു മുന്‍പ് വിവിധ വകുപ്പുകളും വിഭാഗങ്ങളും തിരിഞ്ഞ് സംഘടനകളുണ്ടായിരുന്നു. എന്നാല്‍, എന്‍.ജി.ഒ യൂണിയന്റെ രൂപീകരണത്തോടെ അതിനു മാറ്റം വന്നിരുന്നു. പിളര്‍ന്നപ്പോള്‍ പഴയ സ്ഥിതി തിരിച്ചുവരികയും ചെയ്തു. ''വകുപ്പ്, കാറ്റഗറി അടിസ്ഥാനത്തില്‍ ജീവനക്കാര്‍ ഭിന്നിച്ചുനില്‍ക്കുന്നത് അവരുടെ സമരശേഷിയും കര്‍മ്മശേഷിയും ദുര്‍ബ്ബലപ്പെടുത്താനേ ഉപകരിക്കൂ എന്ന തിരിച്ചറിവാണ് ഒരൊറ്റ എന്‍.ജി.ഒ യൂണിയന്‍ എന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. പക്ഷേ, പിന്നീട് പിളര്‍പ്പുണ്ടാവുകയും മറ്റൊരു സംഘടന രൂപംകൊള്ളുകയും ചെയ്തപ്പോള്‍ വകുപ്പു തിരിച്ചും കാറ്റഗറി തിരിച്ചുമുള്ള സംഘടനകളുടെ കാലംകൂടിയാണ് തിരിച്ചുവന്നത്'' എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ഇ. പ്രേംകുമാര്‍ പറയുന്നു. എന്നാല്‍, ജോയിന്റ് കൗണ്‍സില്‍ നിലപാട് നേരേ തിരിച്ചാണ്. കാറ്റഗറി സംഘടനകള്‍ ഉണ്ടാകാന്‍ ഇടയായ സാഹചര്യത്തെ അന്നുമിന്നും അവര്‍ ന്യായീകരിക്കുന്നു. ''പൊതുസംഘടനയ്ക്ക് വകുപ്പുതിരിച്ചുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വരികയും പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാവുകയും ചെയ്തപ്പോഴാണ് വകുപ്പു തിരിച്ചു സംഘടനകള്‍ വേണമെന്നു തീരുമാനിച്ച് ജോയിന്റ് കൗണ്‍സിലിനു രൂപം കൊടുക്കുന്നത്.'' സംസ്ഥാന പ്രസിഡന്റ് ജി. മോട്ടിലാല്‍ പറയുന്നു.

യൂണിയനും അസോസിയേഷനും കാറ്റഗറി സംഘടനകളെ അംഗീകരിക്കുന്നില്ല. പക്ഷേ, നഴ്സുമാരുടെ വലിയ സംഘടനയെ അസോസിയേഷന്‍ കൂടെ നിര്‍ത്തുന്നുമുണ്ട്. ഇത് ഇരട്ടത്താപ്പാണ് എന്ന വിമര്‍ശനം സംഘടനയ്ക്കുള്ളില്‍ത്തന്നെ ഉണ്ടുതാനും. പഞ്ചായത്ത് ജീവനക്കാരുടെ സംഘടന സമീപകാലം വരെ അസോസിയേഷനൊപ്പം ഉണ്ടായിരുന്നു. പിന്നീട് അതു പിരിച്ചുവിട്ട് അവരെക്കൂടി അസോസിയേഷന്റെ ഭാഗമാക്കി. ഈ അവസരം പ്രയോജനപ്പെടുത്തി ജോയിന്റ് കൗണ്‍സില്‍ പഞ്ചായത്ത് ജീവനക്കാരുടെ സ്വന്തം സംഘടന, കേരള പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷന്‍ ശക്തമാക്കി. 

''കാറ്റഗറി സംഘടനകള്‍ യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ആവശ്യമുള്ള കാര്യമല്ല. ഓരോ വിഭാഗത്തിലേയും ജീവനക്കാരെ പൊതു സംഘടനയ്‌ക്കൊപ്പം നിലനിര്‍ത്തി കൊണ്ടുപോകുന്നതാണ് നല്ലത്. വ്യത്യസ്ത നിലപാടുകളും ആവശ്യങ്ങളുമൊക്കെയുള്ള ജീവനക്കാരെ പൊതുസംഘടനയ്ക്ക് ഒന്നിച്ചു കൊണ്ടുപോകാന്‍ പറ്റും. എന്നാല്‍, കാറ്റഗറി സംഘടനകള്‍ അതാതു സംഘടനകളുടേയും അതില്‍ അംഗങ്ങളായ ജീവനക്കാരുടേയും മാത്രം കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നവരാണ്. ഇത് ഒരേ വകുപ്പില്‍ത്തന്നെ വ്യത്യസ്ത വിഭാഗം ജീവനക്കാരുടെ താല്പര്യ സംഘട്ടനങ്ങള്‍ക്ക് ഇടയാക്കും.'' എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ വ്യക്തമാക്കുന്നു. വര്‍ഷംതോറും കൃത്യമായി സമ്മേളനം നടത്തി, വരവുചെലവ് കണക്കുകളും ഭാരവാഹികളുടെ വിവരങ്ങളുമൊക്കെ സമര്‍പ്പിച്ചാണ് പ്രധാന സംഘടനകള്‍ അംഗീകാരം നിലനിര്‍ത്തുന്നത്. ജീവനക്കാരുടെ വിഷയങ്ങളില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിക്കുമ്പോള്‍ കാറ്റഗറി സംഘടനകളെ വിളിക്കാറില്ലായിരുന്നു. അംഗീകാരമില്ലാത്തതുതന്നെ കാരണം. എന്നാല്‍, അടുത്തകാലത്തായി അതില്‍ ചില മാറ്റങ്ങള്‍ വന്നുതുടങ്ങി. ഇത് അത്തരം സംഘടനകള്‍ക്കു കൂടുതല്‍ സ്വീകാര്യത ലഭിക്കാനും ഇടയാക്കി. ഇതു ശരിയല്ലെന്നും ചവറ ജയകുമാര്‍ ചൂണ്ടിക്കാട്ടുന്നു. 

ജീവനക്കാരുടെ സ്ഥലംമാറ്റമാണ് ഓരോ വകുപ്പുതല സംഘടനയും ജീവശ്വാസമായി കൊണ്ടുനടക്കുന്ന പ്രധാന പ്രവര്‍ത്തനം. അതു പൊളിക്കണമെന്ന് അവരെ പോറ്റുന്ന ജോയിന്റ് കൗണ്‍സില്‍ തന്നെ തീരുമാനിച്ചിരുന്നു. സ്ഥലംമാറ്റങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനം പരമാവധി നടപ്പാക്കുകയാണ് പരിഹാരമായി നിര്‍ദ്ദേശിച്ചത്. സീനിയോറിറ്റി കൃത്യമായി പാലിക്കുക, പ്രത്യേക അനുകമ്പ നല്‍കേണ്ട  പശ്ചാത്തലമുള്ളവ പ്രത്യേകമായി പരിഗണിക്കുകയും ചെയ്യുക എന്നായിരുന്നു നിലപാട്. യൂണിയനും അസോസിയേഷനും വിയോജിപ്പില്ലെങ്കിലും സംഗതി ഇതുവരെ പൂര്‍ണ്ണമായി നടപ്പായില്ല. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും അതാണ് സ്ഥിതി. സ്ഥലംമാറ്റത്തിന്റെ കാര്യത്തില്‍ ജീവനക്കാരുടെ സംഘടനകളുടെ ഇടപെടല്‍ യു.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്ത് കൂടുതലാണ് എന്ന് ഇടതുപക്ഷ സംഘടനകളും ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്തും ഇതു കുറവല്ലെന്നു മറ്റു സംഘടനകളും പറയുന്നു. പക്ഷേ, ഒന്നുണ്ട്: ഇടതുഭരണത്തില്‍ എന്‍.ജി.ഒ യൂണിയനോ ജോയിന്റ് കൗണ്‍സിലോ നേതാക്കള്‍ക്കു പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗമായി സ്ഥലംമാറ്റത്തെ ഉപയോഗപ്പെടുത്തുന്നില്ല. പക്ഷേ, ജി. സുധാകരനെപ്പോലെ അതിശക്തമായ അഴിമതിവിരുദ്ധ നിലപാടെടുക്കുന്ന മന്ത്രി കണ്ണിലെണ്ണയുമൊഴിച്ച് ജാഗ്രതയോടെ ഇരുന്നിട്ടുപോലും 'സ്ഥലംമാറ്റ കച്ചവട'ത്തിന്റെ കേന്ദ്രമായി പൊതുമരാമത്ത് വകുപ്പ് നില്‍ക്കുന്നു എന്ന വസ്തുതയുമുണ്ട്. എന്‍.ജി.ഒ യൂണിയന്‍ ഇക്കാര്യത്തില്‍ നിസ്സഹായതയാണ് പ്രകടിപ്പിക്കുന്നത്.

''നവലിബറല്‍ നയങ്ങളുടെ ഭാഗമായ അവകാശനിഷേധങ്ങളുടെ പശ്ചാത്തലത്തില്‍, അതിന് ഇരകളായി മാറിയ ജീവനക്കാരെ മാത്രം അടര്‍ത്തിയെടുത്ത് വിഭാഗീയ സംഘടനകള്‍ രൂപീകരിക്കുന്നതു ശരിയല്ല. ഒറ്റക്കെട്ടായി പൊരുതി നയപരമായ മാറ്റം സാധ്യമാക്കുകയാണ് വേണ്ടത്. തൊഴിലാളിവര്‍ഗ്ഗ താല്പര്യങ്ങള്‍ക്കു വിരുദ്ധമായി വകുപ്പ്, കാറ്റഗറി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് തൊഴിലെടുത്ത് ജീവിക്കുന്നവരുടെ ഉത്തമ താല്പര്യങ്ങള്‍ക്കു ഗുണകരമല്ല'' -ഇ. പ്രേംകുമാര്‍ എന്‍.ജി.ഒ യൂണിയന്റെ നയം വ്യക്തമാക്കുന്നു. കാറ്റഗറി സംഘടനകളില്‍പ്പെട്ടവരെല്ലാം നല്ലവരാണ് എന്നു പറയാന്‍ പറ്റില്ല എന്നും ഒരുപാട് അധികപ്പറ്റുകളുണ്ട് എന്നും അനൗദ്യോഗികമായി സമ്മതിക്കാന്‍ ജോയിന്റ് കൗണ്‍സില്‍ നേതാക്കള്‍ മടിക്കുന്നില്ല, അത്ര മാത്രം; അതിനപ്പുറം പോകാന്‍ കഴിയില്ല. സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളിലെല്ലാം ഏറിയും കുറഞ്ഞും ഇത്തരം ഇടപെടലുകളുണ്ട് എന്നതിനു തെളിവുകളേറെ. അഴിമതിമുക്തമാക്കാന്‍ പൂര്‍ണ്ണമായും സാധിക്കുന്നില്ല.

പ്രത്യേക രാഷ്ട്രീയ ബന്ധമില്ലാതെ 'സ്വതന്ത്രം' എന്ന ലേബലില്‍ പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി കേസുകളില്‍പ്പെട്ടതിന് സമീപകാല ഉദാഹരണങ്ങളുണ്ട്. ഇവര്‍ നടത്തുന്ന ക്രമക്കേടുകള്‍ ജീവനക്കാരുടെ സംഘടനകളുടെ വിശ്വാസ്യതയ്ക്കുതന്നെ മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സംഘടനയാണ് മറ്റൊരു പ്രധാന 'സ്വതന്ത്ര സംഘടന.' ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമായോ യൂണിയനുമായോ ബന്ധമില്ല. പക്ഷേ, പണപ്പിരിവിന്റെ പേരില്‍ പേരുദോഷം കേള്‍പ്പിച്ചിട്ടുമുണ്ട്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനശൈലി എന്നാണ് യൂണിയനും അസോസിയേഷനും ജോയിന്റ് കൗണ്‍സിലും ഈ സംഘടനയെക്കുറിച്ച് പറയുന്നത്. സുതാര്യമല്ലാതെ പ്രവര്‍ത്തിക്കുന്നു എന്നത് കാറ്റഗറി സംഘടനകളെക്കുറിച്ചു പൊതുവേയുള്ള വിമര്‍ശനമാണ്. 

ഡോ. സുനിൽ മാണി
ഡോ. സുനിൽ മാണി

മാറേണ്ടത് ചട്ടങ്ങളോ?

പെരുമാറ്റച്ചട്ടം പൂര്‍ണ്ണമായും കണക്കിലെടുത്താല്‍ ഒരു സംഘടനയ്ക്കും പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നാണ് സര്‍വ്വീസ് സംഘടനകളുടെ നിലപാട്. ഇക്കാര്യത്തില്‍ എല്ലാവരും യോജിക്കുന്നു. ട്രേഡ് യൂണിയന്‍ നിയമങ്ങള്‍ക്കുള്ളില്‍നിന്നുകൊണ്ടു വേണം പ്രവര്‍ത്തിക്കാന്‍ എന്നായിരുന്നു യൂണിയന്‍ രൂപീകരണ ഘട്ടത്തിലെ നിലപാട്. പക്ഷേ, കേരള സര്‍വ്വീസ് ചട്ടങ്ങള്‍ (കെ.എസ്.ആര്‍) വേറൊന്നായതുകൊണ്ട് കെ.എസ്.ആറിന്റെ പരിധിക്കുള്ളിലുള്ള ജീവനക്കാരുടെ സംഘടനകള്‍ക്ക് പ്രത്യേകം പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. രാഷ്ട്രീയപ്പാര്‍ട്ടിയുടെ യോഗത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജീവനക്കാരെ പിരിച്ചുവിട്ട സാഹചര്യം വരെ 1967-നു മുന്‍പ് ഉണ്ടായി. പെരുമാറ്റച്ചട്ടം ഇന്നത്തെ രീതിയിലുള്ള സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല എന്നതാണ് വസ്തുത. പക്ഷേ, സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാതിരിക്കാനും കഴിയില്ല. എങ്കിലും തങ്ങള്‍ക്കു രാഷ്ട്രീയാഭിമുഖ്യമുള്ള പാര്‍ട്ടി ഉള്‍പ്പെട്ട മുന്നണി അധികാരത്തിലുള്ളപ്പോള്‍ അത് പച്ചയായി ദുരുപയോഗപ്പെടുത്താതിരിക്കാനുള്ള ജാഗ്രത മുന്‍പൊക്കെ ഉണ്ടായിരുന്നു. അത് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു; അത്തരം നിലവാരത്തകര്‍ച്ചയിലേക്കും അധഃപതനത്തിലേക്കും എത്തിച്ചതില്‍ കാറ്റഗറി സംഘടനകളുടെ പങ്ക് വളരെ വലുതാണ്. ജീവനക്കാരുടെ ഭരണപക്ഷ സംഘടനകള്‍ മറയില്ലാതെ രാഷ്ട്രീയ സംഘടനകളായി മാറുന്നതിനു തലസ്ഥാനത്തെ ഭരണപക്ഷ സംഘടനകളുടെ ഇടപെടലുകളാണ് തെളിവ്. യു.ഡി.എഫ് ഭരണകാലത്ത് കെ.പി.സി.സി ആസ്ഥാനത്തും മുഖ്യമന്ത്രിയുടെ ഓഫീസിലും ഉണ്ടാകാറുള്ള അതേ തിരക്കാണ് എന്‍.ജി.ഒ അസോസിയേഷന്‍ ആസ്ഥാനത്തും. അധ്യാപക സംഘടനകളുടെ ഇടപെടലുകള്‍ ഇതിനു പുറമേയാണ്; സി.പി.ഐക്ക് എ.കെ.എസ്.ടി.യുവും സി.പി.എമ്മിന് കെ.എസ്.ടി.എയും കോണ്‍ഗ്രസ്സിന് കെ.പി.എസ്.ടി.എയും ഉണ്ട്. അധ്യാപകര്‍ക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം കൂടുതലാണ്, തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും സഹകരണ സംഘം ഭാരവാഹിയാവുകയുമൊക്കെ ചെയ്യാം.

കെഎം എബ്രഹാം
കെഎം എബ്രഹാം

ജീവനക്കാരുടെ സംഘടനയ്ക്കു ഭാരവാഹിയായി സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമേ പാടുള്ളൂ എന്നാണ് പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥ. പക്ഷേ, വിരമിച്ച ശേഷവും സംസ്ഥാന ഭാരവാഹിയായി തുടരുന്നതിന് ഇപ്പോള്‍ പ്രമുഖ ഇടതുപക്ഷ സംഘടനയില്‍ത്തന്നെ ഉദാഹരണമുണ്ട്. രാഷ്ട്രീയ ബന്ധം പാടില്ല എന്നു പെരുമാറ്റച്ചട്ടം പറയുന്നു; അതു പ്രായോഗികമല്ലെന്നു സംഘടനകളും. അംഗങ്ങളില്‍നിന്നു വരിസംഖ്യ മാത്രമേ ശേഖരിക്കാന്‍ പാടുള്ളു എന്നു പെരുമാറ്റച്ചട്ടം പറയുന്നു; സംഘടനകള്‍ അവരുടെ ശമ്പളത്തില്‍നിന്നു ലെവി പിരിക്കുന്നു, ജീവനക്കാരെക്കൊണ്ട് പണം പിരിപ്പിക്കുന്നു. പ്രവര്‍ത്തനത്തിന് രജിസ്ട്രേഷന്‍ നിര്‍ബ്ബന്ധമാണെന്നു പെരുമാറ്റച്ചട്ടം; മിക്ക കാറ്റഗറി സംഘടനകള്‍ക്കും രജിസ്ട്രേഷന്‍ ഇല്ല. പെരുമാറ്റച്ചട്ടത്തില്‍ കാലാനുസൃത മാറ്റം വേണമെന്നു ശക്തമായി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടില്ല. അസോസിയേഷന്‍ സമ്മേളനത്തില്‍ ഇതിനെക്കുറിച്ചു പ്രമേയം പാസ്സാക്കിയിരുന്നു. പക്ഷേ, അതിനു പിന്നാലെ സംഘടനകള്‍ പോകാത്തതിനു കാരണം, അതെടുത്തുവച്ച് കര്‍ക്കശമായി ഒരു സര്‍ക്കാരും ജീവനക്കാരുടെ സംഘടനാപ്രവര്‍ത്തനത്തെ നേരിടാറില്ല എന്നതാണ്. അങ്ങനെയൊരു സാഹചര്യം വന്നാല്‍ നോക്കാം എന്നാണ് സംഘടനകളുടെ സമീപനം. രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യം അംഗീകരിക്കണമെന്നത് ജീവനക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണെന്ന് ചവറ ജയകുമാര്‍ പറയുന്നു. അധ്യാപകരുടെ സ്വാതന്ത്ര്യം ചൂണ്ട ിക്കാട്ടിയാണ് ഈ ആവശ്യം. സമൂഹമാധ്യമത്തില്‍ സര്‍ക്കാരിനെതിരെ ഒരു പോസ്റ്റിട്ടാല്‍ നടപടിയും കേസുമുണ്ട ാകുന്നു. ഇത് പൗരസ്വാതന്ത്ര്യ ലംഘനമാണ് എന്നാണ് വാദം. 

പങ്കാളിത്ത പെന്‍ഷന്‍ യാഥാര്‍ത്ഥ്യമായത് ജീവനക്കാരുടെ സംഘടനകളെ ദുര്‍ബ്ബലമാക്കി എന്നതാണ് വസ്തുത. ഒന്നര ലക്ഷത്തോളം ജീവനക്കാര്‍ പങ്കാളിത്ത പെന്‍ഷന്റെ പരിധിയിലുള്ളവരായി മാറിക്കഴിഞ്ഞു. അവര്‍ സംഘടനകളോടും താല്പര്യമില്ലാത്തവരായി മാറി. ഈ വിഷയത്തില്‍ പണിമുടക്കും സമരവുമൊക്കെ നടത്തിയതാണ്. പക്ഷേ, നടപ്പാക്കുന്നത് തടയാന്‍ കഴിഞ്ഞില്ല. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കും എന്ന പ്രതീക്ഷ ഇല്ല.

എന്‍.ജി.ഒ അസോസിയേഷന്‍ സംഘടനാശേഷിയില്‍ രണ്ടാമതാണ്. ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണകാലത്ത് പ്രതിപക്ഷ സംഘടന എന്ന നിലയില്‍ ജീവനക്കാരുടെ ശബ്ദം ഉച്ചത്തില്‍ കേള്‍പ്പിക്കേണ്ടവര്‍. പക്ഷേ, അവര്‍ വിഷയങ്ങള്‍ക്കു മുന്‍ഗണന കൊടുത്ത് പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ല എന്ന വിമര്‍ശനമുണ്ട്. ''അവര്‍ എത്രയോ സമരങ്ങള്‍ ചെയ്യേണ്ടതാണ്. എത്രയെത്ര വിഷയങ്ങള്‍ ഉയര്‍ന്നു വന്നു. പക്ഷേ, അസോസിയേഷനെ സമരരംഗത്തു കാണുന്നില്ല. ഭരണപക്ഷ യൂണിയനുകളുടെ ശബ്ദം ദുര്‍ബ്ബലമാകുന്ന സന്ദര്‍ഭത്തില്‍ അവയിലെ ജീവനക്കാര്‍പോലും ഇവരുടെ പ്രതികരണം പ്രതീക്ഷയോടെ നോക്കിപ്പോകാറുണ്ട്. പക്ഷേ, ദുര്‍ബ്ബലമാണ് ശബ്ദം. ആളില്ലാത്തതുകൊണ്ടല്ല. അധികാരത്തര്‍ക്കവും ഗ്രൂപ്പിസവും മറ്റും ആ സംഘടനയെ ദുര്‍ബ്ബലമാക്കുന്ന പ്രധാന ഘടകങ്ങളാണ്'' -സംഘടനയുടെ സാധാരണ പ്രവര്‍ത്തകരിലൊരാള്‍ പറയുന്നു. എന്നാല്‍, അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളില്‍ സംഘടന പിന്നിലല്ലെന്ന് ചവറ ജയകുമാര്‍ വിശദീകരിക്കുന്നു. 

എല്‍.ഡി.എഫ് ഭരണകാലത്ത് എന്‍.ജി.ഒ യൂണിയന്‍ പൂര്‍ണ്ണ വിധേയത്വത്തിലേക്കു മാറുകയും എന്‍.ജി.ഒ അസോസിയേഷന്‍ സമരശേഷി പ്രകടമാക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ആ വിടവു കുറച്ചെങ്കിലും നികത്തുന്നത് ജോയിന്റ് കൗണ്‍സിലാണ്. ഇടയ്ക്ക് സി.പി.ഐ നേതൃത്വം ചെവിക്കു പിടിക്കാറുണ്ടെങ്കിലും അത് ശ്രദ്ധിക്കാതെ പ്രതികരിക്കുന്ന രീതിയാണ് അവരുടേത്. അതിന് നിരവധി ഉദാഹരണങ്ങള്‍ ഈ നാലു വര്‍ഷത്തിനിടയിലും ഉണ്ടായി. പതിനൊന്നാം ശമ്പള പരിഷ്‌കരണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കൗണ്‍സിലാണ്. ഇപ്പോഴൊന്നും പറയരുത്, കുറച്ചു കഴിയട്ടെ എന്ന ധനമന്ത്രി ടി.എം. തോമസ് ഐസക്കിന്റെ നിലപാടില്‍ യൂണിയന്‍ മാത്രമല്ല, അസോസിയേഷനും നിശ്ശബ്ദമായിപ്പോയിരുന്നു. 

1974 വരെ ജോയിന്റ് കൗണ്‍സില്‍ ആയിരുന്നു വലിയ സംഘടന. രാഷ്ട്രീയ കാരണങ്ങളാല്‍ അസോസിയേഷന്‍ രൂപീകരിച്ചതോടെ ജോയിന്റ് കൗണ്‍സിലിന്റെ അംഗബലത്തില്‍ കാര്യത്തില്‍ പരിക്കേറ്റു. സംഘടന ചെറുതായി. അപ്പോഴാണ് എന്‍.ജി.ഒ യൂണിയന്‍ വലിയ സംഘടനയായത്. യോജിച്ച ഇടപെടലുകള്‍ക്കുള്ള യു.ഡി.എഫ് അനുകൂല സമരവേദിയാണ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ (സെറ്റോ). എന്‍.ജി.ഒ അസോസിയേഷനും കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിനും (കെ.ജി.ഒ) ഉള്‍പ്പെടെ 15 സംഘടനകളാണ് അതിലുള്ളത്. ഇടതുപക്ഷ സംഘടനകളുടെ പൊതുസമരവേദി എഫ്.എസ്.ഇ.ടി.ഒ (ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ്). എന്‍.ഡി.എ സംഘടനകള്‍ക്ക് പൊതുവേദിയായി ഫെറ്റോ (ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ്).

അഴിമതിക്കെതിരെ ശക്തമായ പ്രചാരണമാണ് ജീവനക്കാരുടെ സംഘടനകള്‍ നടത്തുന്നത് എന്നാണ് എല്ലാ സംഘടനകളുടേയും അവകാശവാദം. ജോയിന്റ് കൗണ്‍സില്‍ അതില്‍ മുന്നിലുമാണ്. പക്ഷേ, സി.പി.ഐ മന്ത്രി ഭരിക്കുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പില്‍ - ജോയിന്റ് കൗണ്‍സിലുമായി ബന്ധമുള്ള ചില സംഘടനകളുടെ ചില നേതാക്കളെക്കുറിച്ച് നിലനില്‍ക്കുന്നത് വലിയ പരാതികളും ആക്ഷേപങ്ങളുമാണ്.

വര്‍ഗ്ഗീയ ശക്തികളുടെ രാഷ്ട്രീയ ഇടപെടലുകള്‍ സര്‍വ്വീസ് സംഘടനാ മേഖലയിലും ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗ്ഗീയ നിലപാടുള്ള പോഷകസംഘടനകള്‍ രൂപംകൊള്ളാന്‍ ഇടയാക്കി എന്ന് എന്‍.ജി.ഒ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. ഇത് തൊഴിലെടുക്കുന്നവരുടെ വര്‍ഗ്ഗ ഐക്യം തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് എന്നാണ് യൂണിയന്റേയും അസോസിയേഷന്റേയും ജോയിന്റ് കൗണ്‍സിലിന്റേയും വിമര്‍ശനം. അതിനിടയിലാണ്, ജീവനക്കാരേയും അവരുടെ സംഘടനകളേയും ആശങ്കയിലാക്കുന്ന രണ്ട് റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ കയ്യിലെത്തിയിരിക്കുന്നത്. മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയും സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (സി.ഡി.എസ്) ഡയറക്ടര്‍ ഡോ. സുനില്‍ മാണി അധ്യക്ഷനായ കമ്മിഷനും നല്‍കിയ റിപ്പോര്‍ട്ടുകള്‍ ശുഭപ്രതീക്ഷയല്ല നല്‍കുന്നത്. കൊവിഡും ലോക്ഡൗണും സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ വരുത്തിയ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിച്ച കെ.എം. എബ്രഹാം സമിതി വന്‍തോതിലുള്ള ചെലവു ചുരുക്കലാണ് നിര്‍ദ്ദേശിച്ചത്. ജീവനക്കാരുടെ പുനര്‍വിന്യാസം ഉള്‍പ്പെടെയാണ് സുനില്‍ മാണി സമിതിയുടെ ശുപാര്‍ശകള്‍. ആസൂത്രണത്തിലും വികസനത്തിലും പുനരേകീകരണം നിര്‍ദ്ദേശിക്കുന്നതാണ് സമിതിയുടെ സമീപനം. ഇത് ജീവനക്കാരുടെ അവകാശങ്ങളെ ബാധിക്കുമെന്നാണ് സംഘടനകളുടെ പേടി. എങ്ങനെ എന്ന് ഇനിയും അറിയാനും പറയാനുമിരിക്കുന്നതേയുള്ളു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com