വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ആ രാത്രി ശോഭ തിരിച്ചെത്തിയില്ല; കണ്ടെത്തിയത് പാടത്ത് മരിച്ച നിലയില്‍; അന്വേഷണത്തിലെ അനാസ്ഥ ആരെ രക്ഷിക്കാൻ?

വയനാട് മാനന്തവാടിയില്‍ ആദിവാസി യുവതി ശോഭ കൊല്ലപ്പെട്ടതാണെന്നു തെളിവുസഹിതം ചൂണ്ടിക്കാട്ടിയിട്ടും അന്വേഷണം ഒരടി മുന്നോട്ടുവയ്ക്കാതെ ആരെയോ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍
ശോഭ കൊല്ലപ്പെട്ട നിലയിൽ
ശോഭ കൊല്ലപ്പെട്ട നിലയിൽ

ഫെബ്രുവരി രണ്ടിനാണ് വയനാട് മാനന്തവാടി കുറുവ ദ്വീപിനു സമീപം കുറുക്കന്‍മൂല കോളനിയില്‍ ശോഭ മരിച്ചത്. കൊലപാതകമാണെന്നു നാട്ടുകാരും ബന്ധുക്കളും പല തെളിവുകള്‍ വെച്ച് ആവര്‍ത്തിക്കുകയാണ്. ഒരുമാസം ആകാറായെങ്കിലും പ്രതികളുടെ കാര്യത്തില്‍ പൊലീസിനിപ്പോഴും ഉറപ്പില്ലാത്ത അവസ്ഥയാണ്. ആദിവാസി സ്ത്രീയുടെ കൊലപാതകം മുഖ്യധാരയില്‍ ഒരിക്കലും ചര്‍ച്ചയാകില്ലെന്നും അതിന്റെ അന്വേഷണം ഗൗരവതരമായി നടക്കില്ലെന്നും വീണ്ടും വീണ്ടും തെളിയുകയാണെന്ന് ആദിവാസി സംഘടനകള്‍ ആരോപണമുയര്‍ത്തിക്കഴിഞ്ഞു. പലതരം ചൂഷണങ്ങള്‍ക്കൊടുവിലാണ് ശോഭയുടെ മരണം. ആദിവാസി സ്ത്രീകളെ ചൂഷണം ചെയ്യുകയും അപകടപ്പെടുത്തുകയും ചെയ്യുന്ന മാഫിയതന്നെയുണ്ടെന്നും ഇതിനെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ശോഭയുടെ മരണത്തെ മുന്‍നിര്‍ത്തി മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്. 

ദുരൂഹം ആ രാത്രി 

ഫെബ്രുവരി ഒന്നിനു രാത്രിയാണ് ശോഭ വീട്ടില്‍നിന്ന് ഇറങ്ങിയത്. ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്നാണ് ടി.വി കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ ശോഭ പോയതെന്ന് അമ്മ അമ്മിണി പറയുന്നു. ആ രാത്രി ശോഭ തിരിച്ചെത്തിയില്ല. പുലര്‍ച്ചെതന്നെ അയല്‍വീട്ടിലും ബന്ധുക്കളോടും വിവരം പറഞ്ഞു. പലതവണ ഫോണില്‍ വിളിച്ചുനോക്കിയെങ്കിലും ഫോണെടുത്തില്ല. ചുറ്റുവട്ടത്തൊക്കെ അന്വേഷിച്ചു. എവിടെയും കണ്ടെത്താനായില്ല. പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ അവര്‍ തീരുമാനിച്ചു. അവിടെവരെ പോകാനുള്ള പണമില്ലാത്തതിനാല്‍ വീട്ടിലുണ്ടായിരുന്ന കുറച്ച് കുരുമുളക് കടയില്‍ കൊണ്ടുപോയി വിറ്റ് അതുവഴി സ്റ്റേഷനിലേയ്ക്കു പോകാനായിരുന്നു ആലോചിച്ചത്. കട തുറക്കുന്ന സമയം വരെ കാത്തിരുന്നു മുളകുമായി താഴെ അങ്ങാടിയിലേയ്ക്കു പോകുന്നതിനിടെയാണ് കുറുക്കന്‍മൂല ബസ്റ്റോപ്പിനടുത്ത് പൊലീസുകാരെ കണ്ടത്. വയലില്‍ ഒരു സ്ത്രീ മരിച്ചിട്ടുണ്ടെന്ന് അപ്പോഴാണ് അമ്മിണി അറിഞ്ഞത്. പൊലീസുകാരുടെ കൂടെ ചെന്നുനോക്കിയപ്പോള്‍ അത് ശോഭയായിരുന്നു. ഷോക്കേറ്റുമരിച്ച നിലയിലാണ് മൃതദേഹം. കാലികള്‍ക്കു കൊടുക്കാനുള്ള തീറ്റപ്പുല്‍ കൃഷി നടത്തുന്ന പാടമാണത്. അതിനുചുറ്റം അനധികൃതമായി കമ്പിവേലി കെട്ടി വൈദ്യുതി പ്രവഹിപ്പിച്ചിരുന്നു. അതില്‍നിന്നു ഷോക്കേറ്റായിരിക്കാം മരണമെന്നാണ് പ്രാഥമികമായി പൊലീസ് അനുമാനിച്ചത്. അതിന്റെ പേരില്‍ സ്ഥലമുടമയായ ജിനു ജോസഫിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തു. കൊലപാതകമെന്നു നാട്ടുകാരും ബന്ധുക്കളും ആവര്‍ത്തിച്ചു പറയുകയാണ്. പണിയ വിഭാഗത്തില്‍പ്പെട്ടയാളാണ് ശോഭ. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ അവര്‍ കൂലിപ്പണിയെടുത്താണ് രണ്ട് ആണ്‍മക്കളെ വളര്‍ത്തുന്നത്. വീടിനടുത്തുള്ള ആളുമായി വര്‍ഷങ്ങളായി ശോഭയ്ക്ക് അടുപ്പമുള്ളതായി ചേച്ചി ശാന്ത പറയുന്നു. മരണം നടന്ന ദിവസവും അയാളുടെ ഫോണ്‍കോള്‍ വന്നപ്പോഴാണ് ശോഭ ഇറങ്ങിപ്പോയതെന്ന് ഇവര്‍ പറയുന്നു. നാട്ടുകാരും അയല്‍വാസികളും അമ്മയടക്കമുള്ള ബന്ധുക്കളും ഇയാള്‍ക്കെതിരെ പൊലീസില്‍ പറഞ്ഞെങ്കിലും ചോദ്യം ചെയ്തു വിട്ടയക്കുകയായിരുന്നു മാനന്തവാടി പൊലീസ്. കൊലപാതകത്തില്‍ ഇയാളുടെ കൂടെ മറ്റു ചിലര്‍ കൂടി ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പൊലീസിന്റെ അനാസ്ഥ തുടരുകയും കേസ് ഒതുക്കിത്തീര്‍ക്കുമെന്നും തോന്നിയതോടെയാണ് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു പ്രതിഷേധം കനപ്പിച്ചത്. ഒപ്പം ആദിവാസി സംഘടനകളും ചേര്‍ന്നു. അതിനിടയിലാണ് മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്. ആദിവാസി സ്ത്രീകളെ ചൂഷണം ചെയ്തു കുരുക്കിലാക്കുന്ന മാഫിയ തന്നെയുണ്ടെന്നും അതുകൊണ്ടു ശോഭയുടെ കേസില്‍ അടിയന്തരമായി അന്വേഷണം വേണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവില്‍ പറയുന്നു. ഒരുമാസത്തിനകം ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് കമ്മിഷനു മുന്‍പാകെ സമര്‍പ്പിക്കാനാണ് ഉത്തരവ്.

ശോഭ
ശോഭ

ഞങ്ങള്‍ ആദിവാസികളായതുകൊണ്ടല്ലേ ഇങ്ങനെ 

പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഉദാസീനത ശോഭയുടെ കുടുംബത്തിനു താങ്ങാന്‍ പറ്റാത്തതാണ്. ദുരൂഹമായ ഒരു മരണം നടന്നിട്ടും കാര്യമായി രാഷ്ട്രീയ സംഘടനകളൊന്നും തന്നെ ഇവരുടെ അടുത്തെത്തുകയോ ഇടപെടുകയോ ചെയ്തിട്ടില്ല. ഷോക്കേറ്റുമരിച്ചു എന്നത് ഞങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് ശോഭയുടെ സഹോദരി ശാന്ത പറയുന്നു. ''കൊന്ന് അവിടെ കൊണ്ടിട്ടതായിരിക്കും. അല്ലാതെ ഈ പാതിരാത്രി അവള്‍ എങ്ങനെ അവിടെ എത്തി. പകല്‍ പോലും അങ്ങോട്ട് ആളുകള്‍ പോകാറില്ല. ഒരു ഫോണ്‍ വന്നിട്ടാണ് രാത്രി അവള്‍ പുറത്തേക്കിറങ്ങിയത്. എന്നാല്‍, പൊലീസുകാര്‍ പറയുന്നത് അങ്ങനെയൊരു കോള്‍ വന്നില്ല എന്നാണ്. ഞങ്ങള്‍ക്കെന്തു ചെയ്യാന്‍ പറ്റും. ശോഭയ്ക്ക് ഒരാളുമായി അടുപ്പമുണ്ടായിരുന്നു. അയാളെയാണ് ഞങ്ങള്‍ക്കു സംശയം. അയാള്‍ ഒറ്റയ്ക്കല്ല, കൂടെ മറ്റു പലരും ഉണ്ട്. ഇയാളെ പിടിച്ചാല്‍ മറ്റഉള്ളവരേയും പിടിക്കാം. ഫോണ്‍ വിളിച്ചയാളുതന്നെയാണ് പ്രതി. 

ഞങ്ങള്‍ ആദിവാസികളായതുകൊണ്ടാണല്ലോ ഇതിങ്ങനെ. ഞങ്ങള്‍ക്കു പൈസയില്ല, സ്വാധീനമില്ല. ഒന്നുംചെയ്യാന്‍ ഞങ്ങള്‍ക്കു കഴിയില്ലല്ലോ. അതുകൊണ്ടാണ് മറ്റുള്ളവര്‍ ഇങ്ങനെ ചെയ്യുന്നത്. ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഷോക്കേറ്റു എന്നു പറയുന്ന കമ്പിവേലി രാവിലെ അഞ്ചുമണിക്കു പോയി മാറ്റി എന്നും പറയുന്നു. പുല്ലുവെട്ടാന്‍ പോയപ്പോ കണ്ടു എന്നാണ് പറയുന്നത്. രാവിലെ അഞ്ചുമണിക്കൊക്കെ ആ സ്ഥലത്തു പോയി എന്നതു വിശ്വസിക്കാന്‍ പറ്റില്ല. അത്ര രാവിലെ ആരാണ് അവിടെ പോയി പുല്ലുവെട്ടുന്നത്. ഞാന്‍ മൃതദേഹം കണ്ടതാണ്. മുഖത്തൊക്കെ നല്ല പാടുണ്ട്. കഴുത്തിലും പാടുണ്ട്. കാലിനു ചെളിപോലും പറ്റിയിട്ടില്ല. ചെരിപ്പും ഇട്ടിട്ടുണ്ട്. വേറെ എവിടുന്നെങ്കിലും അപകടപ്പെടുത്തി ഇവിടെ കൊണ്ടുവന്നിട്ട ശേഷം ഷോക്കടിപ്പിച്ചതായിരിക്കും'' - ശാന്ത പറയുന്നു.

ഞങ്ങളെല്ലാവരും അയാള്‍ക്കെതിരെ പറഞ്ഞിട്ടും പൊലീസ് ചോദ്യം ചെയ്തു വിടുകയായിരുന്നു എന്ന് ശോഭയുടെ ബന്ധു സിന്ധു പറയുന്നു. ''പൊലീസുകാര്‍ പറയുന്നത് അങ്ങനെയൊരു ഫോണ്‍ വന്നിട്ടില്ല എന്നാണ്. അന്നേ ദിവസം ഒരു ഫോണും വന്നിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. ഫോണ്‍ വന്ന് ഇറങ്ങിപ്പോകുന്നത് ശോഭയുടെ അമ്മ കണ്ടതാണ്. പിറ്റേന്നു കാണുന്നില്ല എന്നറിഞ്ഞപ്പോള്‍ ഞങ്ങളൊക്കെ രാവിലെ മുതല്‍ പരതുന്നുണ്ടായിരുന്നു. മരണം ഞങ്ങളൊന്നും അറിയുന്നതിനു മുന്‍പ് പൊലീസ് അറിഞ്ഞിട്ടുണ്ട്. അവര്‍ അവിടെ എത്തിയിട്ടും ഉണ്ട്. അവള്‍ കിടന്നിട്ടുള്ള സ്ഥലത്തെ പുല്ല് അല്ല അവളുടെ കയ്യില്‍ ഉള്ളത്. ഉണങ്ങിയ പുല്ലാണ്. അതിന്റെ പരിസരത്ത് ഒരു കമ്പും ഇലക്ട്രിക് വയറും ബള്‍ബും കൊണ്ടിട്ടിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്. ഈ രാത്രി ഒരു വഴിപോലും ഇല്ലാത്ത അവിടെ ശോഭ എങ്ങനെയാണ് എത്തുക. പകലാണെങ്കില്‍ ഞങ്ങള്‍ ചിലപ്പോള്‍ ഞണ്ടിനെ പിടിക്കാന്‍ ഒക്കെ പോകാറുണ്ട്. അങ്ങനെയാണെന്നെങ്കിലും വിചാരിക്കാം. അല്ലാതെ ഈ രാത്രി അവളവിടെ പോകുമോ. ഞങ്ങള്‍ക്ക് അതിന്റെയടുത്ത് നിന്ന് ഒരു ഫോണ്‍ കിട്ടിയിരുന്നു. ശോഭയുമായി അടുപ്പമുള്ളയാളുടെ ഫോട്ടോയായിരുന്നു അതില്‍ നിറയെ. അതൊക്കെക്കൊണ്ടുതന്നെ അതൊരു കൊലപാതകം ആണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. അവളെത്ര വേദനിച്ചിട്ടുണ്ടാകും. ഇനിയിങ്ങനെയൊരു സംഭവം ഉണ്ടാകാന്‍ പാടില്ല. കൊലയാളിയെ നിയമത്തിനു മുന്‍പില്‍ എത്തിക്കണം. 

ആക്ഷന്‍ കമ്മിറ്റിയും പ്രതിഷേധവും 

കേസന്വേഷണം ശരിയായ രീതിയില്‍ അല്ല എന്നു തുടക്കം മുതല്‍ ആക്ഷേപമുയര്‍ന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി ഉണ്ടാക്കിയത്. ഉന്നത പൊലീസുദ്യോഗസ്ഥരെ കണ്ടു പരാതി കൊടുത്തും പ്രതിഷേധങ്ങള്‍ നടത്തിയും കമ്മിറ്റി കേസിനെ സജീവമാക്കുന്നുണ്ട്. പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമല്ലെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ പറയുന്നു. ''ആരൊക്കെ അന്വേഷിച്ചിട്ടും പുരോഗതി ഉണ്ടായിട്ടില്ല. മൂന്നു സി.സി.ടി.വി ക്യാമറ അവിടെ ഉണ്ടായിരുന്നു. അടുത്തുള്ള കടയിലും പള്ളിയിലും ഒക്കെയായി. അതൊന്നും പൊലീസ് പരിശോധിച്ചിട്ടില്ല. വിശദമായ ഒരന്വേഷണം പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ആ രീതിയിലുള്ള രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ട് എന്നാണ് കരുതുന്നത്. അവിടുന്നു ഷോക്കേറ്റ് മരിച്ചു എന്നതു വിശ്വസനീയമല്ല. മറ്റെവിടുന്നോ മരിച്ചതിനുശേഷം അവിടെ കൊണ്ടിട്ടതാവാനാണ് സാധ്യത. വീട്ടില്‍ ടി.വി കണ്ടുകൊണ്ടിരുന്ന ശോഭ എങ്ങനെ അവിടെ എത്തി എന്നത് കേരള പൊലീസിനു കണ്ടുപിടിക്കാന്‍ കഴിയില്ല എന്നു പറയുന്നതു ശരിയല്ലല്ലോ. അത്ര മോശമല്ലല്ലോ കേരള പൊലീസ്. ശോഭയ്ക്ക് അടുപ്പമുണ്ടായിരുന്ന ആളുടെ വീട്ടില്‍നിന്നു രാത്രി കരച്ചിലും ബഹളവും കേട്ടു എന്ന് അയല്‍വാസികള്‍ പറഞ്ഞിട്ടുണ്ട്. എന്നിട്ടും പൊലീസ് ആ വീട് പരിശോധിച്ചിട്ടില്ല. ആ വീടിന്റെ പിറക് വശത്ത് രക്തപ്പാടുകളുണ്ട്. പൊലീസ് അതൊന്നും ശ്രദ്ധിച്ചിട്ടില്ല. അന്വേഷണം ഈ രീതിയില്‍ തന്നെയാണെങ്കില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ നടത്താനാണ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം'' - ജേക്കബ് സെബാസ്റ്റ്യന്‍ പറയുന്നു. എം. ഗീതാനന്ദന്റെ നേതൃത്വത്തില്‍ ആദിവാസി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 

ശോഭയുടെ അമ്മ അമ്മിണിയും
സഹോദരിമാരും

കൃത്രിമം നടത്താന്‍ കഴിയില്ല: പൊലീസ്

''അന്വേഷണം പൂര്‍ത്തിയായിട്ടില്ല. പ്രാഥമികമായ അന്വേഷണത്തിന്റേയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തില്‍ ഷോക്കേറ്റ് മരിച്ചു എന്നതാണ് നിഗമനം. കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കാലിനു ഷോക്കേറ്റതാണ് മരണകാരണം എന്നാണുളളത്. ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും പ്രാഥമികമായ പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. സൂക്ഷ്മ പരിശോധന നടത്തിയാലെ കൂടുതല്‍ വ്യക്തമാകുകയുള്ളൂ. മരിക്കുന്നതിനു മുന്‍പുള്ള മറ്റു പരിക്കുകളൊന്നും ഉണ്ടായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്ല.

ആ പ്രദേശത്തേയ്ക്കു കാര്യമായ വഴിയൊന്നുമില്ല. ആളുകള്‍ സ്ഥിരമായി പോകുന്ന ഒരു സ്ഥലവുമല്ല അത്. വന്യമൃഗങ്ങള്‍ കയറാതിരിക്കാന്‍ താല്‍ക്കാലികമായി കെട്ടിയിട്ടുള്ള ഒരു കമ്പിവേലിയാണ് അവിടെ ഉണ്ടായിരുന്നത്. നടന്നുപോകുമ്പോള്‍ കമ്പി കാലില്‍ തട്ടി ഷോക്കേറ്റതായിരിക്കാം. ഫെന്‍സിങ് വെച്ചയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ, ശോഭ ഈ സമയത്ത് അവിടെ എന്തിനു വന്നു എന്നതാണ് ഞങ്ങള്‍ അന്വേഷിക്കുന്നത്. നടന്നുപോകുമ്പോള്‍ കാലിന്റെ മുട്ടിനു താഴെ ഷോക്കേറ്റു എന്നാണ് ഡോക്ടര്‍ പറയുന്നത്. അന്വേഷണം പൂര്‍ത്തിയായാലേ കൃത്യമായി പറയാന്‍ കഴിയുള്ളൂ.

ഫോണിന്റെ കാര്യത്തില്‍ ആളുകള്‍ പറയുന്ന സംശയത്തില്‍ കാര്യമില്ല. മൊബൈല്‍ ഫോണ്‍ ഞങ്ങള്‍ക്കു തിരിമറി നടത്താനൊന്നും സാധിക്കില്ല. സൈബര്‍സെല്ലില്‍ ആണ് പരിശോധിക്കുന്നത്. അതിലൊന്നും ഒരു കൃത്രിമവും നടത്താന്‍ കഴിയില്ല. അതൊക്കെ അനാവശ്യമായ സംശയങ്ങളാണ്. അവരുടെ ഫോണില്‍ ബന്ധപ്പെട്ടിട്ടുള്ള മുഴുവന്‍ ആളുകളേയും ചോദ്യംചെയ്തു വരികയാണ്. 90 ശതമാനത്തോളം അതു പൂര്‍ത്തിയായി. ഇനി കുറച്ചുപേരെ കൂടി ചോദ്യം ചെയ്യാനുണ്ട്. വീട്ടുകാര്‍ പറയുന്നത് രണ്ടാം തീയതി രാത്രി ഫോണ്‍ വന്ന് ശോഭ ഇറങ്ങിപ്പോയി എന്നാണ്. എന്നാല്‍, അന്നേ ദിവസം ആ ഫോണിലേയ്ക്ക് ആരും വിളിച്ചിട്ടില്ല എന്നാണ് കണ്ടെത്തിയത്'' - അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി. കുബേരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com