കൂച്ചുവിലങ്ങു വീഴുക സൈബര്‍ കുറ്റങ്ങള്‍ക്കോ മനുഷ്യാവകാശങ്ങള്‍ക്കോ?  

സൈബറിടങ്ങളിലെ കുറ്റകൃത്യങ്ങള്‍ തടയാനുദ്ദേശിച്ച് ഓര്‍ഡിനന്‍സ് മുഖാന്തിരം ഇടതു സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമഭേദഗതി ആത്യന്തികമായി മനുഷ്യാവകാശ-മാധ്യമ സ്വാതന്ത്ര്യങ്ങള്‍ക്ക് കയ്യാമമിടുമെന്ന് വ്യാപകമായ ഭയം
കൂച്ചുവിലങ്ങു വീഴുക സൈബര്‍ കുറ്റങ്ങള്‍ക്കോ മനുഷ്യാവകാശങ്ങള്‍ക്കോ?  

സൈബര്‍ ഭീഷണികളെ തടയുന്നതിനായി കേരള പൊലീസ് ആക്ട് ഭേദഗതി ചെയ്യാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം വരുംനാളുകളില്‍ രാഷ്ട്രീയ-നിയമവൃത്തങ്ങളില്‍ കൂടുതല്‍ ചൂടും പുകയുമുയര്‍ത്തിയേക്കും. നിലവിലുള്ള ഭരണക്കാര്‍ക്ക് രുചിക്കാത്ത ഏതൊരു വാര്‍ത്തയേയും ബോധപൂര്‍വ്വമോ അല്ലാതെയോ ഒരു കുറ്റകൃത്യമാക്കി മാറ്റാന്‍ ഈ ഭേദഗതി ഉതകുമെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ വ്യാപകമാകുന്നതിനു വഴിയൊരുക്കുമെന്നുമാണ് ഭേദഗതിക്കെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം.

ഏതെങ്കിലും ആശയവിനിമയോപാധി മുഖാന്തിരം വ്യക്തികളില്‍ അഭിമാനക്ഷതമേല്പിക്കുക, വ്യക്തികളെ തേജോവധം ചെയ്യുക, ഭീഷണിപ്പെടുത്തുക എന്നിങ്ങനെയുള്ള ഉദ്ദേശ്യത്തോടെയുള്ള ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുകയോ ഉണ്ടാക്കുകയോ ചെയ്യുന്ന കുറ്റത്തിന് 10,000 രൂപ പിഴയോ അഞ്ചു വര്‍ഷം തടവോ, ഈ രണ്ടു ശിക്ഷകളും കൂടി ഒരുമിച്ചോ അനുഭവിക്കേണ്ടതുണ്ട് എന്നതാണ് കേരളാ പൊലീസ് ആക്ട് 118 (എ)യില്‍ കൂട്ടിച്ചേര്‍ത്ത വകുപ്പ്. ഇതു സംബന്ധിച്ചുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഒക്ടോബര്‍ 21-നു ചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

നിരവധി സ്ത്രീകളും സിനിമാതാരങ്ങളും മാധ്യമപ്രവര്‍ത്തകരുമായ പ്രശസ്തരും സാമൂഹ്യമാധ്യമങ്ങളില്‍ തങ്ങള്‍ അപമാനിക്കപ്പെടുന്നുവെന്ന ഏറെക്കാലമായി പരാതി ഉന്നയിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമഭേദഗതി എന്നാണ് ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുള്ളത്. കൊവിഡ് പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് വ്യാവഹാരിക ലോകത്തെ നമ്മുടെ ചലനങ്ങള്‍ പരിമിതപ്പെടുത്തേണ്ടിവന്നതിനെത്തുടര്‍ന്ന് ഓണ്‍ലൈന്‍ ലോകത്തെ നമ്മുടെ ജീവിതം മുന്‍പന്നേത്തേക്കാളുമധികം സജീവമായപ്പോള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങളും ആ ലോകത്ത് സജീവമായി എന്നത് വസ്തുതയാണ്. അതേസമയം, കുറ്റകൃത്യങ്ങള്‍ അവിടെ മാത്രം ഒതുങ്ങുന്നില്ലെന്നും മതവിദ്വേഷവും വെറുപ്പും ഭയവും വ്യത്യസ്ത സമുദായങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ ഉല്‍ക്കണ്ഠാജനകമായ സ്ഥിതിവിശേഷം സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തിലും സ്ത്രീകളും കുട്ടികളുമടക്കമുള്ള ദുര്‍ബ്ബല വിഭാഗങ്ങളുടേയും മറ്റും സ്വകാര്യ ജീവിതത്തിനും സൈബര്‍ ആക്രമണങ്ങള്‍ വലിയ ഭീഷണിയായതിനെത്തുടര്‍ന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനു നിലവിലുള്ള നിയമ വ്യവസ്ഥകള്‍ അപര്യാപ്തമാണെന്നു വിലയിരുത്തപ്പെടുന്നതിനാലും ആണ് പൊലീസ് ആക്ടില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത് എന്നാണ് ഇത് സംബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. ഈ ഭേദഗതി, ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ടെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

നിലവിലുള്ള പൊലീസ് ആക്ടില്‍ 118-എ എന്ന വകുപ്പില്‍ കൂട്ടിച്ചേര്‍ക്കലിനാണ് മന്ത്രിസഭ ശുപാര്‍ശ ചെയ്യുന്നത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേര്‍ക്കുന്ന വകുപ്പിലുള്ളത്.

സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ, അപവാദ പ്രചരണങ്ങളെക്കുറിച്ച് ഹൈക്കോടതി തന്നെ മെയ് മാസം ഒരു കേസില്‍ പരാമര്‍ശിച്ച കാര്യവും പത്രക്കുറിപ്പില്‍ എടുത്തുപറയുന്നുണ്ട്. ഒരു ഓണ്‍ലൈന്‍ ചാനലിന്റെ അവതാരിക നടത്തിയ വിദ്വേഷ പ്രചാരണത്തിനെതിരെ എടുത്ത കേസില്‍ കുറ്റം ആരോപിക്കപ്പെട്ടയാള്‍ക്ക് ജാമ്യം നല്‍കി 2020 മെയ് മാസത്തില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ, അപവാദപ്രചാരണങ്ങളടക്കമുള്ള കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നത്.

വര്‍ദ്ധിച്ചുവരുന്ന ഈ പ്രവണത അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു എന്ന വസ്തുതയും പത്രക്കുറിപ്പില്‍ എടുത്തുപറയുന്നുണ്ട്. എന്നാല്‍, കൊവിഡ് വ്യാപകമായതിനുശേഷം സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങളും വിദ്വേഷ പ്രസ്താവനകളും ഏറെ വര്‍ദ്ധിച്ചതായിട്ടാണ് കാണുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചതെന്നും ഗവണ്‍മെന്റ് വ്യക്തമാക്കുന്നുണ്ട്.

2000-ലെ ഐ.ടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണ് എന്നു കണ്ട് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പൊലീസിനു കഴിയാത്ത സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചതെന്നും പത്രക്കുറിപ്പില്‍ വിശദീകരണമുണ്ട്.

തീര്‍ച്ചയായും മന്ത്രിസഭ സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ പെരുകിവരുന്നത് നമ്മുടെ സംസ്ഥാനത്ത് ഉല്‍ക്കണ്ഠയുണര്‍ത്തുന്ന സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനോ ഇതു സംബന്ധിച്ച് ലഭിക്കുന്ന പരാതികളിന്‍മേല്‍ വേഗത്തില്‍ നടപടികളെടുക്കുന്നതിനോ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനു കഴിയുന്നില്ല എന്നത് ഹൈക്കോടതിയടക്കം പലതവണ ചൂണ്ടിക്കാണിച്ചിട്ടുള്ളതുമാണ്. നിലവിലുള്ള നിയമങ്ങള്‍ക്ക് വേണ്ടത്ര മൂര്‍ച്ചയില്ലാത്തതുകൊണ്ടല്ല, പലപ്പോഴും നീതി കിട്ടാതിരിക്കുകയോ നീതി കിട്ടുന്നില്ലെന്ന തോന്നല്‍ ഉണ്ടാക്കുംവിധം നടപടിക്രമങ്ങള്‍ നീണ്ടുപോകുകയോ ചെയ്യുന്ന സന്ദര്‍ഭത്തില്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നവര്‍ തന്നെ നിയമം കയ്യിലെടുക്കാന്‍ നിര്‍ബ്ബന്ധിതരാകുന്നത് എന്നതും അടുത്തിടെ ഉണ്ടായ സംഭവങ്ങള്‍ തെളിയിച്ചിട്ടുള്ളതുമാണ്. സ്ത്രീസമൂഹമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് മുഖ്യമായും ഇരകളാകാറുള്ളത്. സമൂഹത്തിലെ ദുര്‍ബ്ബല വിഭാഗം എന്ന നിലയില്‍ സ്ത്രീകള്‍ക്ക് നിയമപരമായി പ്രത്യേക പരിരക്ഷ എന്ന തത്ത്വം ജനാധിപത്യ ഭരണകൂടവും സംവിധാനവും നിശ്ചയമായും പ്രയോഗവല്‍ക്കരിക്കേണ്ടതുതന്നെയാണ്. അതുകൊണ്ട് ഓര്‍ഡിനന്‍സ് മുഖാന്തിരം പൊലീസ് നിയമം ഭേദഗതി ചെയ്യാന്‍ സംസ്ഥാന മന്ത്രിസഭ എടുത്ത തീരുമാനം തീര്‍ച്ചയായും സ്വാഗതം ചെയ്യപ്പെടേണ്ടതായിരുന്നു.

രണ്ടു വര്‍ഷം മുന്‍പുതന്നെ സൈബര്‍ കേസുകള്‍ അതത് പൊലിസ് സ്റ്റേഷനുകളില്‍ത്തന്നെ അന്വേഷിക്കാന്‍ ഭരണകൂടം അനുമതി നല്‍കിയിരുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പരാതികളില്‍ ഓരോ പൊലീസ് സ്റ്റേഷനിലും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അന്വേഷണം നടത്താമെന്നും പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചിരുന്നു. അതോടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന് എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും അധികാരമുള്ള ആദ്യ സംസ്ഥാനമായി കേരളം മാറുകയും ചെയ്തിരുന്നു.

ഭേദഗതി ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍

പ്രധാനമായും മൂന്നു തരത്തിലുള്ള വിമര്‍ശനങ്ങളാണ് പൊലീസ് ആക്ട് ഭേദഗതിക്കെതിരെ ഉയരുന്നത്. ഇത്തരത്തിലുള്ള നിയമനീക്കങ്ങളെ സംബന്ധിച്ചുണ്ടായ മുന്‍കാല സുപ്രീംകോടതി വിധികളുടെ വെളിച്ചത്തില്‍ പുതിയ ഓര്‍ഡിനന്‍സ് നിലനില്‍ക്കില്ലെന്നതാണ് ഒന്നാമത്തെ വിമര്‍ശനം. നിയമഭേദഗതിയിലൂടെ പൊലീസില്‍ നിക്ഷിപ്തമാകുന്ന പുതിയ അധികാരങ്ങള്‍ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും മൗലിക അവകാശങ്ങള്‍ക്കുമെതിരെ ദുരുപയോഗം ചെയ്യപ്പെടുമെന്ന, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന വിമര്‍ശനമാണ് രണ്ടാമത്തേത്. ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിനു ഹാനികരമാകുമെന്ന വിമര്‍ശനമാണ് മൂന്നാമത്തേത്.

സൈബര്‍ ലോകത്തെ ഒരു ഇടപെടല്‍ കുറ്റകൃത്യമാണോ എന്നു നിര്‍ണ്ണയിക്കാനും കേസ് എടുക്കാനും ഉള്ള അധികാരം ഭേദഗതിയിലൂടെ പൊലീസില്‍ നിക്ഷിപ്തമാക്കുന്നതാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നെറ്റി ചുളിയാന്‍ മുഖ്യമായും ഇടയാക്കിയിട്ടുള്ളത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയോപാധി പ്രയോജനപ്പെടുത്തി ഉള്ളടക്കം നിര്‍മ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള പുതിയ വ്യവസ്ഥ കടിഞ്ഞാണില്ലാത്ത അധികാരമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുക എന്ന് അവര്‍ ഭയപ്പെടുന്നു. ആധുനിക നിയമവാഴ്ചാ സംവിധാനവും നീതിനിര്‍വ്വഹണവുമെല്ലാം പൊതുവേ മനുഷ്യാവകാശങ്ങളെ വിശുദ്ധമായി കരുതി സൃഷ്ടിക്കപ്പെട്ടവയാണ്. എന്നാല്‍, ഇപ്പോഴത്തെ നിയമഭേദഗതി ഇതുവരേയുള്ള നിലപാടുകളില്‍ ഒരു വഴിത്തിരിവിനു കാരണമായേക്കാമെന്നാണ് ആശങ്ക. നമ്മുടെ പൊലീസ് സേനയുടെ ഭൂതകാലത്തില്‍ അധികാര ദുര്‍വിനിയോഗത്തിനും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമുള്ള ഉദാഹരണങ്ങള്‍ ഒട്ടനവധി ആണ് എന്നതിനാല്‍ ഈ ആശങ്കകള്‍ തള്ളിക്കളയാനുമാകില്ല.

എന്നാല്‍, ലോക്ഡൗണ്‍ കാലത്ത് വര്‍ദ്ധിച്ച കുട്ടികള്‍ക്കെതിരേയുള്ള സൈബര്‍ കുറ്റൃത്യങ്ങള്‍ നിയന്ത്രിക്കാനാകുന്നുണ്ട് എന്ന് ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് ചൂണ്ടിക്കാണിച്ചത് പൊലീസിന്റെ ജാഗ്രത ഒന്നുകൊണ്ടുതന്നെ കുറ്റകൃത്യങ്ങള്‍ തടയാനാകും എന്ന വസ്തുത വ്യക്തമാക്കുന്നുണ്ട്. കേരള പൊലിസ് ഇന്റര്‍പോളിന്റെ സഹായത്തോടെ നടത്തുന്ന ഓപ്പറേഷന്‍ പി-ഹണ്ടിലൂടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനായി എന്നാണ് അദ്ദേഹം പറഞ്ഞത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ വീടുകളിലൊതുങ്ങേണ്ടിവരികയും പഠനമുള്‍പ്പെടെയുള്ളവ ഓണ്‍ലൈനാകുകയും ചെയ്തപ്പോള്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് കുട്ടികള്‍ ഇരയാകുന്നതു കൂടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്തു വ്യാപകമായി നടന്ന പരിശോധനയില്‍ ഇതിനകം തന്നെ 1000 കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞതും പൊലീസിന്റെ ജാഗ്രത വലിയൊരളവ് ഗുണകരമാകുമെന്നുതന്നെയാണ് വെളിവാക്കുന്നത്.

നിലവില്‍ പരിഗണനയിലുള്ള ഭേദഗതിക്കെതിരെ ഭരണപക്ഷത്തുനിന്നുതന്നെ ശക്തമായ എതിര്‍പ്പുയരുന്നത് വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്ന വസ്തുതയാണ് ചൂണ്ടിക്കാണിക്കുന്നത്. ഭരണപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐയുടെ ഔദ്യോഗിക ജിഹ്വയായ ജനയുഗത്തില്‍ ഭേദഗതിയെ വിമര്‍ശിച്ച് മുഖപ്രസംഗം വരികയും ചെയ്തു. സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ആവശ്യമെങ്കില്‍ കര്‍ക്കശമായ നിയമനിര്‍മ്മാണങ്ങള്‍ക്ക് മടിക്കേണ്ടതില്ല എന്നു പ്രഖ്യാപിക്കുന്ന മുഖപ്രസംഗം, എന്നാല്‍, മനുഷ്യാവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും ഹനിക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ വേണ്ട എന്ന് അസന്ദിഗ്ദ്ധമായി വ്യക്തമാക്കുകയും ചെയ്യുന്നു. മാത്രവുമല്ല, ഭേദഗതിക്കു നിദാനമായ കേരള ഹൈക്കോടതിയുടെ വിധിയിലെ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ച് പൊലീസിന്റെ കൈകുറ്റപ്പാടുകളിലേക്ക് വിരല്‍ചൂണ്ടാനും ജനയുഗം മുഖപ്രസംഗം തയ്യാറാകുന്നുണ്ട്.

ജസ്റ്റിസ് കുഞ്ഞികൃഷ്ണന്റെ വിധിയിലെ പ്രാധാന്യമുള്ള മറ്റു ചില വരികള്‍ ഗവണ്‍മെന്റ് അവഗണിച്ചിരിക്കുന്നു എന്നും അതു കുറ്റപ്പെടുത്തുന്നു. നിലവിലുള്ള ശിക്ഷാനിയമത്തില്‍ത്തന്നെ മേല്‍പ്പറഞ്ഞ തരത്തിലുള്ള കുറ്റവാളികള്‍ക്കെതിരെ കേസെടുക്കുന്നതിനു വ്യവസ്ഥയുണ്ടെന്നും അതിനു പൊലീസ് ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും മേല്‍പ്പറഞ്ഞ വിധിന്യായത്തിലുണ്ടെന്ന് ഓര്‍മ്മിപ്പിക്കാനും മിനക്കെടുന്നുണ്ട് മുഖപ്രസംഗം. പൊലീസിനെ സംബന്ധിച്ച വിമര്‍ശനാത്മകമായ ആ പരാമര്‍ശം അര്‍ഹിക്കുന്ന ഗൗരവത്തോടെ കണക്കിലെടുക്കപ്പെട്ടില്ലെന്നു വേണം കരുതാന്‍. ഏതു നിയമവും കാര്യക്ഷമമായി നടപ്പാക്കണമെങ്കില്‍ നിര്‍വ്വഹണ ഏജന്‍സി അതിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട് അത് സത്യസന്ധമായി പ്രാവര്‍ത്തികമാക്കാന്‍ തയ്യാറായാല്‍ മാത്രമേ കഴിയൂ എന്നും സി.പി.ഐ മുഖപത്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  കുറ്റകൃത്യങ്ങള്‍ തടയാന്‍ നിലവിലെ നിയമങ്ങള്‍ ഒരളവുവരെ പര്യാപ്തമാണ് എന്ന് നിയമഭേദഗതിയെ വിമര്‍ശിച്ചു സംസാരിച്ച സന്ദര്‍ഭത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഓര്‍മ്മിപ്പിക്കുന്നുണ്ട്.

118 എ-യ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മുഖ്യമായത് പൊലീസിനു സ്വമേധയാലോ, അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും പരാതിയിലോ കേസ് എടുക്കാം എന്ന് അധികാരം നല്‍കുന്ന പുതിയ വകുപ്പ് വ്യാപകമായ അധികാര, നിയമ ദുര്‍വിനിയോഗത്തിനും വ്യക്തി സ്വാതന്ത്ര്യഹനനത്തിനും വഴിവയ്ക്കും എന്നതാണ്. ഇരയാക്കപ്പെട്ട വ്യക്തി തന്നെയാകണമെന്നില്ല കേസുകൊടുക്കുന്നത്. ഇതൊരു കോഗ്നിസിബള്‍ ഒഫന്‍സ് (Cognizable offense) ആയതിനാല്‍ കുറ്റാരോപിതനെ വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാനും കോടതിയുടെ ഉത്തരവില്ലാതെ തന്നെ അന്വേഷണം നടത്താനും പൊലീസിനു അധികാരമുണ്ടാകും. അതുകൊണ്ടുതന്നെ ഗവണ്മെന്റിനെതിരെയുള്ള വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ഈ വകുപ്പ് അവ നല്‍കിയവര്‍ക്കെതിരെ പ്രയോഗിക്കാനുള്ള സാധ്യതയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ഭയക്കുന്നു. അതേസമയം, മാധ്യമങ്ങള്‍ ചിലപ്പോഴെങ്കിലും വിശേഷിച്ച് ദൃശ്യമാധ്യമങ്ങള്‍, വിദ്വേഷപ്രചരണത്തിനു ഉപാധിയാകുന്നുണ്ടെന്നും അവ ഏതെങ്കിലും വിഭാഗങ്ങള്‍ക്കെതിരെയുള്ള വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കാനുള്ള മാര്‍ഗ്ഗമാകുന്നുണ്ടെന്നു കാണാതേയും ഇരുന്നുകൂടാ. കൊവിഡ് ഭീതി പടരുകയും രാജ്യം ലോക് ഡൗണിലാകുകയും ചെയ്ത സന്ദര്‍ഭത്തില്‍ തബ്‌ലീഗ് പ്രവര്‍ത്തകരാണ് രാജ്യത്ത് കൊറോണ പകര്‍ത്തുന്നത് എന്നു തോന്നിപ്പിക്കുംവിധം സമൂഹത്തോടു ഉത്തരവാദിത്വമുള്ളതെന്ന് ഘോഷിക്കുന്ന ചില മുഖ്യധാരാമാധ്യമങ്ങളടക്കം റിപ്പോര്‍ട്ടുകള്‍ സംപ്രേഷണം ചെയ്തത് ഓര്‍മ്മിക്കേണ്ടതാണ്. എന്നാല്‍, ഇത്തരം വിദ്വേഷപ്രചരണങ്ങളെ തടയുന്നതിനു നിലവിലുള്ള നിയമങ്ങള്‍ ശക്തമായി നടപ്പാക്കുന്നതിനു പകരം കാടന്‍നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് പ്രശ്‌നം വഷളാക്കുകയേ ചെയ്യുകയുള്ളൂ എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. ''മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാന്‍ പോലും സര്‍ക്കാരിന് അവകാശം നല്‍കുന്ന ഇത്തരമൊരു നിയമഭേദഗതി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് അങ്ങേയറ്റം ഹാനികരമാണ്. ഇത് ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് എതിരാണ്...'' എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുതിയ നിയമഭേദഗതിക്കെതിരെ പ്രതികരിച്ചത്.  

സംസ്ഥാന ഗവണ്‍മെന്റ് മാധ്യമ വിമര്‍ശനങ്ങളോട് പൊതുവേ അസഹിഷ്ണുതയോടെയുള്ള നിലപാടാണ് സ്വീകരിക്കുന്നത് എന്നു വിമര്‍ശനം നേരത്തേ തന്നെയുള്ളതാണ്. ഈ പശ്ചാത്തലത്തില്‍ക്കൂടിയാണ് പുതിയ ഭേദഗതിയോടുള്ള എതിര്‍പ്പ് കൂടുതല്‍ പ്രസക്തി നേടുന്നത്. നേരത്തേ വ്യാജ വാര്‍ത്തകള്‍ തടയാനെന്ന പേരില്‍ പി.ആര്‍.ഡിയെ ഉപയോഗിച്ചതും പിന്നീട് പൊലീസിനെത്തന്നെ ഇത്തരമൊരു കാര്യത്തിനു ചുമതലപ്പെടുത്തിയതും മാധ്യമങ്ങളെ ആശങ്കയിലാക്കിയിരുന്നു. സാമൂഹ്യമാധ്യമങ്ങളെ നിയന്ത്രിക്കാനാണ് പുതിയ വകുപ്പ് എന്നു പുറമെ പറയുമ്പോഴും ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നു പറയുന്നതിലൂടെ പത്ര-ദൃശ്യ മാധ്യമങ്ങളേയും നിയമത്തിന്റെ പരിധിക്കുള്ളില്‍ കൊണ്ടുവരുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. മാധ്യമങ്ങളും പ്രതിപക്ഷവും ഉന്നയിക്കുന്ന വിമര്‍ശനത്തിന്റെ അടിസ്ഥാനവും ഇതുതന്നെയാണ്. സാമൂഹ്യമാധ്യമങ്ങളെ നിയന്ത്രിക്കാനെന്ന പേരില്‍ കൊണ്ടുവരുന്ന ഭേദഗതി ഒടുവില്‍ പത്രമാരണനിയമമായി കലാശിക്കുമെന്നാണ് ഭയം.

നടപടികള്‍ക്കു കൂടുതല്‍ മൂര്‍ച്ച നല്‍കുന്നതു മുന്‍നിര്‍ത്തി കൊണ്ടുവന്ന രണ്ടു നിയമങ്ങള്‍ നേരത്തെ സുപ്രീംകോടതി റദ്ദാക്കിയത് ഇതു സംബന്ധിച്ച് ജനയുഗം പത്രത്തില്‍ വന്ന മുഖപ്രസംഗം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇത്തരമൊരു നിയമഭേദഗതി സുപ്രീംകോടതി അനുവദിക്കുമോ എന്നു പരിശോധിക്കണമെന്ന് സംസ്ഥാന ഗവണ്‍മെന്റിനോട് പ്രതിപക്ഷനേതാവും ആവശ്യപ്പെട്ടിട്ടുണ്ട്. 2000-ലെ ഐ.ടി ആക്ട് 66 എ, 2011-ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) എന്നീ വകുപ്പുകള്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യങ്ങളെ നിഹനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു 2015-ല്‍ പരമോന്നത നീതിപീഠം റദ്ദു ചെയ്യുന്നത്.  നിലവിലുള്ള വകുപ്പുകള്‍ മുന്‍നിര്‍ത്തി സൈബര്‍ കുറ്റങ്ങള്‍ തടയാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ വാദവും ഖണ്ഡിക്കപ്പെടുന്നുണ്ട്. പൊതുവിടങ്ങളില്‍ നടക്കുന്ന അധിക്ഷേപ പ്രചാരണങ്ങളില്‍ സെക്ഷന്‍ 119 പ്രകാരമാണ് കേസുകള്‍ എടുക്കാറുള്ളത്. ഇതില്‍ സാമൂഹ്യമാധ്യമങ്ങളും ഉള്‍പ്പെടും എന്നു നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, 119 പ്രകാരം ഒരു കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ പരാതിക്കാരന്‍ വേണമെന്നും പൊലീസിന് ഇതില്‍ സ്വമേധയാ കേസ് എടുക്കാന്‍ കഴിയില്ലെന്നതും കൊണ്ട് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ ഈ നിയമം ഫലപ്രദമാകില്ലെന്നും മറുവാദവുമുണ്ട്.

തീര്‍ച്ചയായും നിയമപരവും രാഷ്ട്രീയപരവുമായ നിരവധി വിവക്ഷകളുള്ളതാണ് പൊലീസ് വകുപ്പ് 118 എ ഭേദഗതി. ഈ വകുപ്പ് പ്രാവര്‍ത്തികമാകുന്ന പക്ഷം സംഭവിക്കാവുന്നവ സംബന്ധിച്ച് വലിയ ആശങ്കകളാണ് മാധ്യമലോകത്തിനും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും നിയമവിദഗ്ദ്ധര്‍ക്കും ഉള്ളത്. എന്തായാലും ഇപ്പോള്‍ ഇതു സംബന്ധിച്ചു നടക്കുന്ന സംവാദങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട നിയമാവബോധത്തിലേക്കും നിയമനിര്‍മ്മാണ ശ്രമങ്ങളിലേക്കും നമ്മുടെ സമൂഹത്തെ നയിക്കുമെന്നു കരുതാം.

മാധ്യമസ്വാതന്ത്ര്യം തടയരുത്
റെജി കെ.പി.
(കെ.യു.ഡബ്ലി.യു.ജെ സംസ്ഥാന പ്രസിഡന്റ്)

സൈബറിടങ്ങളിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനു പൊലീസ് ആക്ട് ഭേദഗതി ചെയ്യാന്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സ് പരിധിയില്‍ മാധ്യമങ്ങളേയും ഉള്‍പ്പെടുത്താനുള്ള തീരുമാനം ദൗര്‍ഭാഗ്യകരമാണ്. ഭരണാധികാരികള്‍ക്ക് അഹിതമായ എന്തിനേയും ക്രിമിനല്‍ കുറ്റമാക്കുന്ന വ്യവസ്ഥകള്‍ ബോധപൂര്‍വ്വമോ അല്ലാതേയോ ഈ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഭേദഗതിപ്രകാരം അപകീര്‍ത്തിക്കേസുകളില്‍നിന്നു വ്യത്യസ്തമായി ഏതൊരാള്‍ക്കും പരാതി കൊടുക്കാം. അല്ലെങ്കില്‍ ഏതു പൊലീസ് ഉദ്യോഗസ്ഥനും സ്വമേധയാ കേസെടുക്കാമെന്നുള്ള വ്യവസ്ഥ മാധ്യമപ്രവര്‍ത്തകരെ വാര്‍ത്തയുടെ പേരില്‍ ക്രിമിനല്‍ കേസ് പ്രതികളാക്കുന്ന സന്ദര്‍ഭമാണ് സൃഷ്ടിക്കുക. വാര്‍ത്തകള്‍ക്ക് പൊലീസ് കൂച്ചുവിലങ്ങിടുന്ന അവസ്ഥ ജനാധിപത്യത്തിനു ചേര്‍ന്നതല്ല.

ഏത് സുസ്ഥിര ജനാധിപത്യ വ്യവസ്ഥയുടേയും അടിത്തറ ശക്തമായ മാധ്യമങ്ങളാണ്. അവയുടെ സ്വാതന്ത്ര്യത്തിനു നേരെ കടന്നുകയറുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്കു നേരെയുള്ള കടന്നുകയറ്റമായിട്ടു വേണം കണക്കാക്കാന്‍.  മാധ്യമങ്ങള്‍ക്കു മൂക്കുകയറിടാനുള്ള അധികാരം പൊലീസിനെ ഏല്പിച്ചാല്‍ അതു ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് ഈ നിയമഭേദഗതിയുടെ പരിധിയില്‍നിന്നു മാധ്യമങ്ങളെ ഒഴിവാക്കണമെന്നാണ് ഭരണാധികാരികളോട് അഭ്യര്‍ത്ഥിക്കാനുള്ളത്.   

സൈബര്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മാധ്യമസ്വാതന്ത്ര്യം ബലിയാകരുത്
സെബാസ്റ്റ്യന്‍ പോള്‍

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണെന്ന വാദം പൂര്‍ണ്ണമായും ശരിയല്ല. നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായും നടപ്പാക്കുകയാണ് വേണ്ടത്. ഇപ്പോള്‍ത്തന്നെ കുറ്റകൃത്യമാകുന്ന തരത്തിലുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നവരേയും ഷെയര്‍ ചെയ്യുന്നവരേയും ഒരുപോലെ നിയമത്തിനു മുന്‍പാകെ കൊണ്ടുവരാന്‍ സാധിക്കുന്നുണ്ട്. അതായത് അതിനു നിയമമുണ്ട് എന്നര്‍ത്ഥം. ഭാഗ്യലക്ഷ്മിയെ അപമാനിച്ച വിജയ് നായരുടെ കാര്യത്തില്‍ അതു നാം കണ്ടതാണ്. തീര്‍ച്ചയായും സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്‌ക്കൊപ്പം നിയമങ്ങളും വികസിപ്പിക്കേണ്ടതുണ്ട്. എന്നാല്‍, ഓര്‍ഡിനന്‍സിന്റെ  രൂപത്തില്‍ തിടുക്കത്തില്‍ എടുക്കേണ്ട ഒരു നടപടി അല്ല. ഏറെ അവധാനതയോടെ, പൊതുമണ്ഡലത്തില്‍ വേണ്ടത്ര സംവാദങ്ങള്‍ നടത്തി മാത്രമേ ഇങ്ങനെയൊരു നിയമത്തിനു അന്തിമരൂപം നല്‍കാവൂ.

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നത് ഇന്ത്യയില്‍ ഒരു നിയമം ഉണ്ട്. 2000-ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്. അതിലെ ഒരു പ്രധാന വകുപ്പ് റദ്ദാക്കിയത് സുപ്രീംകോടതിയാണ്. 66 എ. ഭരണഘടനയുടെ 19 എ വകുപ്പിന്റെ ലംഘനമാണ്. അതായത് അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ  പരിമിതപ്പെടുത്തലാണ് പരാമര്‍ശിക്കപ്പെട്ട വകുപ്പ് എന്ന കാരണത്താലാണ് പരമോന്നത കോടതി അത് റദ്ദാക്കിയത്. നേരത്തെ കേരളാ പൊലീസ് ആക്ടിലെ 118 ഡി എന്ന വകുപ്പും റദ്ദ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ രണ്ടു വകുപ്പുകളും റദ്ദു ചെയ്യാന്‍ കോടതി കണ്ടെത്തിയ അതേ കാരണങ്ങള്‍ ഉന്നയിച്ച് പുതിയ നിയമഭേദഗതി കോടതിയുടെ നിയമപരിശോധനയില്‍ റദ്ദുചെയ്യപ്പെടാനുള്ള സാദ്ധ്യതയും ഏറെയാണ്.

നവമാധ്യമ ലോകത്തെ ആള്‍ക്കൂട്ടങ്ങളെ നിയന്ത്രിക്കാനുള്ള നിയമത്തിന്റെ പരിധിയില്‍ പത്രം, റേഡിയോ, ടെലിവിഷന്‍ തുടങ്ങിയ പാരമ്പര്യ മാധ്യമങ്ങളെ  കൂടി ഉള്‍പ്പെടുത്തിയതാണ് തെറ്റായ മറ്റൊരു നീക്കം. അവയിലെ വ്യാജവാര്‍ത്തകളേയും വിദ്വേഷപ്രചരണങ്ങളേയും തടയാനും കുറ്റവാളികളെ നിയമത്തിനു മുന്‍പാകെ കൊണ്ടുവരാനും വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങള്‍ നേരത്തേ തന്നെ ഇവിടെയുണ്ട്. മാധ്യമങ്ങള്‍ ശക്തിപ്പെട്ടിട്ടില്ലാത്ത 1860-ല്‍ ഉണ്ടാക്കിയ ഇന്ത്യന്‍ പീനല്‍ കോഡിന്റെ പരിധിയില്‍ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്നതിനെതിരെ  നിയമങ്ങളുമുണ്ട്. ഏതായാലും ധൃതിപിടിച്ച് ഇത്തരമൊരു ഓര്‍ഡിനന്‍സ് പ്രസ്സ് ചെയ്യരുത് എന്നതാണ് ഞാന്‍ ശക്തമായി ആവശ്യപ്പെടുന്നത്.  ലോകത്ത് മറ്റു രാജ്യങ്ങളിലെല്ലാം സൈബറിടത്തിലെ അതിക്രമങ്ങള്‍ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. അവിടങ്ങളിലെ ഭരണകൂടങ്ങള്‍ എങ്ങനെയാണ് ഈ പ്രശ്‌നത്തെ നേരിടുന്നത് എന്നു നോക്കിയും അനുഭവങ്ങള്‍ പഠിച്ചും കൂടി വേണം ഇക്കാര്യത്തില്‍ നാം നിയമങ്ങള്‍ ഉണ്ടാക്കാന്‍.

ഫാസിസ്റ്റ് സ്റ്റേറ്റിന് ആയുധം നല്‍കരുത്
തുഷാര്‍ നിര്‍മല്‍ സാരഥി
(അഭിഭാഷകന്‍, മനുഷ്യവകാശ പ്രവര്‍ത്തകന്‍)

അപകീര്‍ത്തിപ്പെടുത്തല്‍, അപവാദപ്രചരണം എന്നിവ തടയല്‍ എന്നിവയൊക്കെ ഉദ്ദേശിച്ചാണ് പൊലീസ് ആക്ട് 118 എ ഭേദഗതി. നേരത്തെയുള്ള 500-ാം വകുപ്പ് ഇക്കാര്യത്തില്‍ നിയമനടപടികള്‍ക്കായി നിലവിലുണ്ട്. എന്നാല്‍, 500-ാം വകുപ്പിനു കീഴില്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍  പത്തോളം കാരണങ്ങള്‍ അതില്‍ത്തന്നെ നല്‍കിയിട്ടുണ്ട്. പബ്ലിക് അഥോറിറ്റിക്കെതിരെയുള്ള വിമര്‍ശനം അതില്‍പ്പെടും. സത്യമാണെന്നു വിശ്വസിച്ച് ഒരു സംഗതി പരസ്യമായി പറയുന്നതാണ് മറ്റൊന്ന്. 118 എ പ്രകാരം ഈ ഒഴികഴിവുകളൊന്നുമില്ല. ഇതുപ്രകാരം മറ്റൊരാളുടെ പരാതിപോലും ഇല്ലാതെ വിശ്വാസത്തെ ഹനിക്കുന്നുവെന്നൊക്കെ പറഞ്ഞു കേസെടുക്കാം. ഇന്ന് ഇന്ത്യയില്‍ ഹിന്ദുത്വവാദികള്‍ ഏറ്റവും കൂടുതല്‍ തങ്ങളുടെ വിമര്‍ശകരെ ഒതുക്കാന്‍ ഉപയോഗിക്കുന്ന  മാര്‍ഗ്ഗമാണിത്. ഇന്ത്യയില്‍ രൂപംകൊണ്ടിട്ടുള്ള ഫാസിസ്റ്റ് സ്റ്റേറ്റിന് ഈ സന്ദര്‍ഭത്തില്‍ ഒരു ആയുധം നല്‍കലാകും ഈ നിയമഭേദഗതി.  പ്രശാന്ത് ഭൂഷണിനു നേരെയുള്ള കോടതി നടപടികളെയൊക്കെ അപലപിക്കുന്നവര്‍ തന്നെ ഇത്തരമൊരു  നിയമഭേദഗതിയുമായി മുന്നോട്ടുവരുന്നു എന്നത് കൗതുകകരമാണ്.

* 118(എ)

* സവിശേഷത: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വമേധയാ കേസെടുക്കാം.
* അപകീര്‍ത്തി കേസ് നിയമപ്രകാരം (ഐ.പി.സി സെക്ഷന്‍ 499, 500) പരാതിക്കാരന്‍ വേണം.
* നിലവിലുള്ള നിയമങ്ങള്‍ക്ക് പോരായ്മകള്‍ കുറവെന്ന് നിയമവിദഗ്ദ്ധര്‍
* സ്ത്രീകള്‍ക്ക് അഭിമാനക്ഷതമുണ്ടാക്കുന്ന കുറ്റത്തെ നേരിടാന്‍ സെക്ഷന്‍ 119 പര്യാപ്തം. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെയുള്ള ഏത് മാദ്ധ്യമങ്ങളിലൂടെയുമുള്ള ആക്രമണങ്ങളെ നേരിടാന്‍ ഈ നിയമം മതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com