ജയന്‍ സ്മരണകള്‍ ഒരു പേരൂര്‍ക്കട മോഡല്‍

ജയന്‍ വിടപറഞ്ഞിട്ട് 40 വര്‍ഷം തികയുമ്പോള്‍ അനശ്വരനടന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയാണ് പേരൂര്‍ക്കടയിലെ ജയന്‍ സാംസ്‌കാരിക സമിതി
ആർ ഷിബു/ ഫോട്ടോ: ബിപി ദീപു/എക്സ്പ്രസ്
ആർ ഷിബു/ ഫോട്ടോ: ബിപി ദീപു/എക്സ്പ്രസ്

ജീവിച്ച കാലത്തേക്കാള്‍ മരണശേഷം മലയാളികള്‍ സ്‌നേഹിച്ച നടന്‍ ജയന്റെ വിയോഗത്തിനു 40 വര്‍ഷം തികയുകയാണ് നവംബര്‍ 16-ന്. ആരാധകരുടേയും സിനിമാ പ്രവര്‍ത്തകരുടേയും അനുസ്മരണയോഗങ്ങളും ചാനലുകളില്‍ ജയന്‍ സിനിമകളുമായി ഈ ദിനവും കടന്നുപോകും. പക്ഷേ, തിരുവനന്തപുരം പേരൂര്‍ക്കട നിവാസികള്‍ക്ക് കൊവിഡ് കാലത്തെ ഈ വിയോഗ വാര്‍ഷികത്തില്‍ പ്രത്യേകമൊയൊരു നൊമ്പരമുണ്ട്; 10 വര്‍ഷമായി നവംബറിലെ ഈ ദിനങ്ങളില്‍ അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന ജയന്‍ ചലച്ചിത്രോത്സവം ഇത്തവണ ഇല്ല. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുകൊണ്ട് ഇത്തവണ ചലച്ചിത്രോത്സവം ഉണ്ടായിരിക്കുന്നതല്ല എന്ന ബോര്‍ഡ് കഴിഞ്ഞ ദിവസം ജയന്‍ സാംസ്‌കാരിക സമിതി പ്രവര്‍ത്തകര്‍ പേരൂര്‍ക്കട ജംഗ്ഷനില്‍ വച്ചു. ചലച്ചിത്രോത്സവമെന്നു പറഞ്ഞാല്‍ മേളക്കൊഴുപ്പോടെ നടത്തുന്ന വന്‍ പരിപാടിയൊന്നുമായിരുന്നില്ല. നഗരത്തിന്റെ ഭാഗമാണെങ്കിലും നാട്ടിന്‍പുറത്തനിമ ബാക്കിനില്‍ക്കുന്ന പേരൂര്‍ക്കടയിലെ ജയന്‍ സിനിമാപ്രേമികള്‍ ബാപ്പുജി വായനശാലയുടെ സ്റ്റേജിനു മുന്നിലെ ചെറിയ സ്ഥലത്തും വഴിയരികിലും മരച്ചുവട്ടിലും ഓട്ടോ സ്റ്റാന്റിലും വെയിറ്റിംഗ് ഷെഡ്ഡിലും നിന്നും ഇരുന്നും ജയന്‍ സിനിമകള്‍ ആസ്വദിക്കുന്ന മൂന്നു ദിനങ്ങള്‍. എത്രയോ വട്ടം കണ്ടതാണെങ്കിലും അടുത്ത രംഗവും അടുത്ത സംഭാഷണവും അടുത്ത പാട്ടും അടുത്ത സ്റ്റണ്ടും ക്ലൈമാക്‌സും അറിയാത്തവരെപ്പോലെ ജയന്‍ സിനിമകള്‍ അവര്‍ ആകാംക്ഷയോടെ കണ്ടു.

ഒരു സുപ്രഭാതത്തില്‍ ജയന്‍ സാംസ്‌കാരിക സമിതി രൂപപ്പെടുകയും ചലച്ചിത്രോത്സവം തുടങ്ങുകയുമായിരുന്നില്ല. അതിനു പിന്നില്‍ ജയനെ ഒരുപാട് ഇഷ്ടപ്പെടുന്ന ആര്‍. ഷിബു എന്ന സിനിമാസ്വാദകന്റെ അധ്വാനവും സൗഹൃദങ്ങളുമുണ്ട്. രസകരവും അത്ഭുതപ്പെടുത്തുന്നതുമാണ് ഷിബുവിന്റെ ജയന്‍ ആരാധന. ആരെയും കാണിക്കാനായിട്ടല്ലാതെ അതിലേക്കൊരു ജീവകാരുണ്യ പ്രവര്‍ത്തനംകൂടി ചേര്‍ത്തുവെച്ചിട്ടുമുണ്ട്. എല്ലാ വര്‍ഷവും ജയന്‍ ഓര്‍മ്മദിവസം 20 കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായമായി 2000 രൂപ വീതം. 

''മലയാളത്തിന്റെ അനശ്വര നടന്‍ ജയന്‍ വിടപറഞ്ഞതിന്റെ 29-ാം വാര്‍ഷികദിനമായ നാളെ വൈ.എം.സി.എ ഹാളില്‍ അനുസ്മരണയോഗം.'' 2009 നവംബര്‍ 15-നു മലയാള പത്രങ്ങളുടെ തിരുവനന്തപുരം പ്രാദേശിക പേജില്‍ വന്ന വാര്‍ത്തയിലാണ് തുടക്കം. അതിനു മുന്‍പും ജയന്‍ അനുസ്മരണയോഗങ്ങള്‍ നടക്കാറുണ്ടെങ്കിലും ഇതിനു പോയേ പറ്റൂ എന്ന് പേരൂര്‍ക്കടയില്‍ ജിംനേഷ്യം നടത്തുന്ന ഷിബു തീരുമാനിച്ചു. പിറ്റേന്ന് മറ്റെല്ലാം മാറ്റിവച്ച് നഗരത്തിലെ വൈ.എം.എസി.എ ഹാളില്‍ എത്തി. പ്രശസ്ത കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി ഉദ്ഘാടകന്‍, ഭീമന്‍ രഘു മുഖ്യാതിഥി. കാസര്‍കോടു നിന്ന് ഒരു ജീപ്പില്‍ ജയന്റെ ബോര്‍ഡുവച്ച് ഏതാനും പേര്‍ വന്നിട്ടുണ്ട്. തിരക്കായാലോ എന്നു വിചാരിച്ച് ഷിബു മുന്നിലെ സീറ്റുകളിലൊന്നില്‍ ചെന്നിരുന്നു. പക്ഷേ, തുടങ്ങിയപ്പോള്‍ സദസ്സില്‍ വളരെക്കുറച്ചു പേര്‍ മാത്രം. വന്നവരെല്ലാം ജയനോടുള്ള ഇഷ്ടംകൊണ്ടു മാത്രം എത്തിയതാണ് എന്നു മനസ്സിലാകുമായിരുന്നു. കാരണം, ജയനെക്കുറിച്ച് വേദിയിലുള്ളവര്‍ സംസാരിക്കുമ്പോള്‍ അവര്‍ അത്രയ്ക്കു വലിയ ശ്രദ്ധയാണ് നല്‍കിയത്. പക്ഷേ, വേണ്ടത്ര സമയമെടുത്ത് പ്രചാരണം നല്‍കി സംഘടിപ്പിച്ചതല്ല എന്നു വ്യക്തം. ഇത്രയും വലിയൊരു മനുഷ്യനെക്കുറിച്ച് ഇത്ര ചെറിയ സദസ്സാണോ ഓര്‍മ്മിക്കേണ്ടത് എന്ന് അന്ന് ഷിബു ആലോചിച്ചു, ഇങ്ങനെ അധികമാരാലും അറിയപ്പെടാതെ നടത്തേണ്ട ഒരു ചടങ്ങല്ല ഇതെന്നു തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് പിറ്റേ വര്‍ഷം മുതല്‍ പേരൂര്‍ക്കടയില്‍ ജയന്‍ അനുസ്മരണം തുടങ്ങിയത്. പക്ഷേ, വേറിട്ട തുടക്കം നല്‍കി ശ്രദ്ധേയമാക്കാതെ വെറുതെ തുടങ്ങിയാല്‍ പത്താള്‍ തികച്ചു പങ്കെടുക്കാത്ത ഗതി വന്നെങ്കിലോ എന്നു പേടിച്ചു. ജയന്റെ ജന്മനാടായ കൊല്ലം തേവള്ളി മുതല്‍ തിരുവനന്തപുരം വരെ ഷിബുവും സുഹൃത്തുക്കളും വാഹന-പദയാത്ര നടത്തിയാണ് ആ ആശങ്ക മറികടന്നത്. ജയന്‍ അനുസ്മരണ റോഡ് ഷോ. അതൊരു പ്രത്യേകതയുള്ള തുടക്കം തന്നെയായിരുന്നു. അതിനു പൊലീസിന്റെ അനുമതി കിട്ടുന്നതിനു മൂന്നു ദിവസം തുടര്‍ച്ചയായി തിരുവനന്തപുരത്തുനിന്ന് കൊല്ലത്തു പോകേണ്ടിവന്നത് വിഷമിപ്പിച്ചില്ല. ഒരാവേശം. ജയന്‍ പ്രതിമയില്‍ ഹാരമണിയിച്ച ശേഷം ജയന്റെ അനുജന്റെ മകന്‍ കണ്ണന്‍ കൈമാറിയ ദീപശിഖയുമായി അറുപതോളം വാഹനങ്ങളിലായിരുന്നു യാത്ര. ഇടയ്ക്കു മഴ തുടങ്ങി, കനത്ത മഴ. തിരുവനന്തപുരത്തെ വെള്ളത്തിനിടയിലാക്കിയ പേമാരി തന്നെ ആയിരുന്നു അത് എന്ന് ഷിബു ഓര്‍മ്മിക്കുന്നു. പക്ഷേ, യാത്ര ഇടയ്ക്ക് അവസാനിപ്പിച്ചില്ല. ഗാന്ധി പാര്‍ക്കില്‍ എത്തിച്ചേരുമ്പോള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റിരുന്നത് മമ്മൂട്ടിയാണ്. പിറ്റേന്നു പെരുന്നാള്‍; ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു നില്‍ക്കേണ്ടിവന്നതാണ് അദ്ദേഹത്തിന്. ഈ ഉദ്ഘാടനം കഴിഞ്ഞ് എറണാകുളത്തെ വീട്ടിലേക്കു പോകേണ്ടതാണ്. മമ്മൂട്ടി ഹോട്ടല്‍ മുറിയില്‍ കാത്തിരിക്കുമ്പോള്‍ പുറത്ത് മഴ ശക്തിപ്പെടുകയായിരുന്നു. യാത്ര മണിക്കൂറുകളോളം വൈകിയപ്പോള്‍ ഷിബുവിനെ വിളിച്ച് അറിയിച്ച് എറണാകുളത്തേക്കു പോയി. ജയനോടുള്ള ഇഷ്ടം കൊണ്ട് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിലെ തിരുവനന്തപുരത്തുനിന്നുള്ള മന്ത്രി പകരക്കാരനായി ഉദ്ഘാടനം ചെയ്തു. ഗാന്ധി പാര്‍ക്കില്‍ നടത്തേണ്ട സമ്മേളനം മഴ കാരണം ഓഡിറ്റോറിയത്തിലാണു നടത്തിയത്. ആ മഴദിനം മറക്കാതിരിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്; പേരൂര്‍ക്കടയില്‍ അമ്മയുടെ കൈപിടിച്ച് സ്‌കൂളില്‍നിന്നു മടങ്ങിയ കുട്ടി മഴവെള്ളത്തില്‍ ഒഴുകിപ്പോയതിന്റെ നടുക്കുന്ന ഓര്‍മ്മയാണ് അത്. 

ജയൻ സാംസ്കാരിക സമിതി
ജയൻ സാംസ്കാരിക സമിതി

ഇഷ്ടത്തിന് ഓരോ കാരണങ്ങള്‍ 

ബാപ്പുജി വായനശാലയ്ക്കു സമീപം ഒരു ഒറ്റമുറി കൂരയാണ് ജയന്‍ സാംസ്‌കാരിക സമിതിയുടെ ഓഫീസ്. അതിനുള്ളില്‍ കയറിയാല്‍ ജയന്‍ സിനിമകളുടെ കാലം കേരളത്തില്‍ തിരിച്ചെത്തിയ പ്രതീതി. ജയന്‍ സിനിമകളുടെ ചിത്രങ്ങള്‍, ബോര്‍ഡുകള്‍, ജയനും പ്രേംനസീറും കെട്ടിപ്പിടിച്ചു നില്‍ക്കുന്ന പോസ്റ്റര്‍, നോട്ടീസുകള്‍, ഒരു വലിയ പെട്ടിനിറയെ ഓര്‍മ്മച്ചിത്രങ്ങള്‍. സര്‍ക്കാര്‍ വക ഭൂമിയാണത്. പുറമ്പോക്കു കയ്യേറിയതൊന്നുമല്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടെ ഒരു മുറുക്കാന്‍ കട ആയിരുന്നു, പിന്നീട് ടെലഫോണ്‍ ബൂത്തായി. ഇപ്പോള്‍ ഇങ്ങനെ. 

ആദ്യത്തെ വര്‍ഷം പത്തു പേര്‍ക്കാണ് ചികിത്സാ ധനസഹായം നല്‍കിയത്. അടുത്ത വര്‍ഷം മുതല്‍ 20 പേര്‍ക്കായി. കൂടാതെ ജയനൊപ്പം അഭിനയിച്ചവരില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് 5,000 രൂപ വീതം ഗുരുദക്ഷിണ കൊടുക്കുന്നു. പൂജപ്പുര രവിക്കും ജി.കെ. പിള്ളയ്ക്കും രാഘവനുമൊക്കെ ഗുരുദക്ഷിണ കൊടുക്കാന്‍ കഴിഞ്ഞത് അനുഗ്രഹമായാണ് ഷിബുവും കൂട്ടുകാരും കാണുന്നത്. അത്തരമൊരു സന്ദര്‍ഭത്തിലെ നോട്ടീസിന്റെ മാതൃക ഇതാ: ''അനശ്വര നടന്‍ ജയന്‍ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ പൗരുഷത്തിന്റെ പ്രതീകമായിരുന്ന ചലച്ചിത്രതാരം ജയന്റെ മരിക്കാത്ത ഓര്‍മ്മകളുടെ 36 വര്‍ഷം തികയുന്നതിനോടനുബന്ധിച്ച് ജയന്‍ അനുസ്മരണവും നിര്‍ദ്ധന രോഗികള്‍ക്കു ചികിത്സാസഹായ വിതരണവും 2016 നവംബര്‍ 16 ബുധനാഴ്ച വൈകുന്നേരം ആറ് മണിക്ക് പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാല ആഡിറ്റോറിയത്തില്‍ വച്ച് നടക്കുന്നു. തദവസരത്തില്‍ ജയന്റെ സമകാലികരായ ചലച്ചിത്രതാരം ജി.കെ. പിള്ളയ്ക്ക് ഗുരുദക്ഷിണ നല്‍കി ആദരിക്കുന്നു.'' നാട്ടുമ്പുറത്തെ പഴയ ആര്‍ട്സ് ആന്റ് സ്‌പോര്‍ട്സ് ക്ലബുകളുടെ നോട്ടീസ് മാതൃകയില്‍ ജാഡകളൊന്നുമില്ലാത്ത ഒരു അറിയിപ്പ്. ജയന്റെ 34-ാം വിയോഗ വാര്‍ഷികത്തില്‍, 2014 നവംബറില്‍ ആദരിച്ചത് പ്രമുഖ നടന്‍ രാഘവനെയാണ്. 

ജയന്‍ അവസാനം അഭിനയിക്കുകയും മരണത്തിന് ഇടയാക്കിയ അപകടമുണ്ടാവുകയും ചെയ്ത കോളിളക്കത്തിന്റെ അണിയറക്കാരില്‍ ഒരാളായിരുന്ന കല്ലിയൂര്‍ ശശിയെ കഴിഞ്ഞ വര്‍ഷം ആദരിച്ചു. അദ്ദേഹമാണ് ആദ്യ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ വര്‍ഷം ആദരം സ്വീകരിക്കാന്‍ എത്തിയ ശശി ജയന്‍ സാംസ്‌കാരിക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് അത്ഭുതപ്പെട്ടു; സന്തോഷം അറിയിക്കുകയും ചെയ്തു. ആരംഭശൂരത്വമൊക്കെ കഴിഞ്ഞ് വെറും പേരിന് എന്തെങ്കിലും ചെയ്യുന്നുണ്ടാകും എന്നാണ് അത്തരം നിരവധി അനുഭവങ്ങള്‍ ഉള്ള അദ്ദേഹം ചിന്തിച്ചത്. അങ്ങനെയല്ല എന്നു കാണിച്ചുകൊടുത്തത് ഷിബുവിന്റേയും കൂട്ടുകാരുടേയും ആത്മാര്‍ത്ഥതയുടെ ബലമാണ്. 

20 വര്‍ഷമായി പേരൂര്‍ക്കടയില്‍ ജിംനേഷ്യം നടത്തുകയാണ് ഷിബു. അതിനും 10 വര്‍ഷം മുന്‍പ് ഈ മേഖലയിലുണ്ട്. ഇപ്പോള്‍ വയസ്സ് 50 കഴിഞ്ഞു. പക്ഷേ, കണ്ടാല്‍ ഒരു 35-ല്‍ കൂടുതല്‍ പറയില്ല. ശരീരം നന്നായി സൂക്ഷിക്കുന്ന ആളോടുള്ള ഇഷ്ടമായാണ് ജയനോടുള്ള ഇഷ്ടം തുടങ്ങിയതും ആരാധനയായി മാറിയതും. ജയന്റെ ശരീരത്തെക്കുറിച്ചു പറയുമ്പോള്‍ നൂറുനാവ്. ''അദ്ദേഹത്തിന്റെ ആരോഗ്യവും സൗന്ദര്യവുമുള്ള ശരീരം തന്നെയാണ് ആകര്‍ഷിച്ചത്. അങ്ങനെയാണ് ഞാന്‍ ജിമ്മില്‍ പോയിത്തുടങ്ങിയതും. ശരീരസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്ന വിവിധ തരം വ്യായാമങ്ങള്‍ക്ക് ഇപ്പോള്‍ നിരവധി യന്ത്രങ്ങളുണ്ട്. പക്ഷേ, അതുപോലെ ഒരു ശരീരം ഉണ്ടാക്കിയെടുക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. ഇതൊന്നുമില്ലാത്ത കാലത്ത് എങ്ങനെ അദ്ദേഹം ശരീരം അത്രയ്ക്കു ശരിയാക്കിയെടുത്തു എന്നതു വലിയ അത്ഭുതം തന്നെയാണ്'' -ഷിബു പറയുന്നു. മലയാള സിനിമയിലെന്നല്ല, കേരളത്തില്‍ മറ്റൊരാള്‍ക്കുപോലും ജയനെപ്പോലെ ആകാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഷിബുവിന്റെ അഭിപ്രായം. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും പരസ്പരം യോജിക്കുന്നവിധം ദൈവം സൂക്ഷ്മതയോടെ സൃഷ്ടിച്ചുവിട്ട ആളാണ് എന്നുവരെ പറഞ്ഞുകളയും. ''ഏതെങ്കിലുമൊരു അവയവം മറ്റൊന്നിനോടു ചേരാത്തവിധം പുഷ്ടിപ്പെട്ടാല്‍ വേറെന്തോ കോലമായിപ്പോകും; ചില പരസ്യങ്ങളിലെപ്പോലെ മസില്‍മാനായിപ്പോകും. അദ്ദേഹം അങ്ങനെയായില്ല എന്നതാണ് കാര്യം'' -ഷിബുവിന്റെ വാക്കുകള്‍.

കാത്തിരിപ്പ് 

അനുസ്മരണ സമ്മേളനങ്ങളില്‍ മുതിര്‍ന്ന കലാപ്രതിഭകളെ ആദരിക്കുകയും വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ ആദരിക്കുകയും മറ്റും കഴിഞ്ഞാണ് ജയന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. സ്‌ക്രീനില്‍ ജയനും പ്രേംനസീറും സീമയും മറ്റും നിറഞ്ഞഭിനയിക്കുമ്പോള്‍ പേരൂര്‍ക്കട-കുടപ്പനക്കുന്ന് റോഡ് ചേരുന്നിടം ജനനിബിഡമാകും. കേരളത്തിലെ പല തലമുറകളുടെ ഗൃഹാതുര സ്മരണകളില്‍ മായാതെ നില്‍ക്കുന്ന, വല്ലപ്പോഴുമൊന്നു തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന ഒരുകാലത്തിന്റെ ബ്ലാക് ആന്റ് വൈറ്റ് ചിത്രം പോലെ. ഒരു പതിറ്റാണ്ടോളമായി ആസ്വദിച്ചിരുന്നത് ഈ വര്‍ഷം ഇല്ലാത്തതില്‍ വിഷമമുണ്ട്, സംഘാടകര്‍ക്കും നാട്ടുകാര്‍ക്കും. ജയന്റെ 40-ാം വിയോഗ വാര്‍ഷികമാണ് ഈ നവംബറില്‍ എന്ന് അറിയിക്കുന്ന ബോര്‍ഡ് വച്ചപ്പോള്‍ പ്രദേശത്തെ ആളുകള്‍ ആകാംക്ഷയോടെ ചുറ്റും കൂടി. ''കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ ഈ വര്‍ഷം ജയന്‍ ചലച്ചിത്രോത്സവം ഉണ്ടായിരിക്കുന്നതല്ല'' എന്ന അറിയിപ്പ് അതില്‍ കണ്ട് അവര്‍ നിരാശരായി. അടുത്ത വര്‍ഷം കൂടുതല്‍ ഗംഭീരമായി നമ്മള്‍ ജയന്‍ ചലച്ചിത്രോത്സവം നടത്തും എന്നു പറഞ്ഞ് അവരെ ആശ്വസിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ് ഷിബുവും കൂട്ടുകാരും. ഇത്തവണ മാസ്‌ക് ധരിച്ചും അകലം പാലിച്ചും ചെറിയ തോതിലൊരു അനുസ്മരണയോഗം മാത്രം ചേര്‍ന്നു പിരിയും. അതൊരുപക്ഷേ, ഇതുവരെ നടന്ന ജയന്‍ അനുസ്മരണങ്ങളേക്കാള്‍ വികാരഭരിതമായിക്കൂടെന്നില്ല.

ആദ്യവര്‍ഷം സാംസ്‌കാരിക സമിതി രൂപീകരിച്ചിരുന്നില്ല, ജിമ്മിന്റെ പേരില്‍ത്തന്നെയായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. സുരേന്ദ്രന്‍ എന്ന അധ്യാപകനാണ് ആദ്യം സഹകരിച്ചവരിലൊരാള്‍. പണം പിരിക്കരുത് എന്നായിരുന്നു ആദ്യമെടുത്ത തീരുമാനം. ജിമ്മിന്റെ വാര്‍ഷിക പരിപാടികള്‍ ആ വര്‍ഷം മുതല്‍ വേണ്ടെന്നുവച്ചു. ആ പണം അനുസ്മരണത്തിന്റേയും ചലച്ചിത്രോത്സവത്തിന്റേയും സംഘാടനത്തിനു മാറ്റി. 
തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കു സ്വതന്ത്രനായി മല്‍സരിക്കുന്ന ഷിബുവിന്റെ പ്രചാരണ വാഹനത്തില്‍നിന്ന് ഇടവേളകളില്‍ കേള്‍ക്കുന്നത് ജയന്റെ സിനിമകളില്‍ അദ്ദേഹം പാടി അഭിനയിച്ച പാട്ടുകള്‍ മാത്രമാണ്. അറിവുവെച്ച കാലം മുതല്‍ മനസ്സില്‍ ജയനെക്കൊണ്ടു നടന്നയാളാണ് ഷിബു. പിന്നെയാണ് ശരീരവും കൂടി ആ ഇഷ്ടത്തിലേക്കു വന്നത്. അങ്ങനെയുള്ള ജയനെ നേരില്‍ കാണാന്‍ കഴിയാത്തതിലാണ് വിഷമം. 'നായാട്ട്' എന്ന സിനിമയുടെ ചിത്രീകരണത്തിന് ജയന്‍ പേരൂര്‍ക്കടയില്‍ വന്നിരുന്നു, ഷിബു സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്. കൂട്ടുകാരന്റെ കൂടെ ഷൂട്ടിംഗ് കാണാന്‍ പുറപ്പെടുകയും ചെയ്തു. പക്ഷേ, സ്‌കൂളില്‍ പോയിട്ട് സിനിമാ നടനെ കാണാന്‍ പോയത് അച്ഛന്‍ അറിഞ്ഞാല്‍ കിട്ടാവുന്ന ശിക്ഷ ഓര്‍ത്തപ്പോള്‍ തിരിച്ചുപോയി. അതുകൊണ്ട് ജയനെ കാണാന്‍ കഴിയാതെപോയ ഭാഗ്യദോഷിയാണ് താന്‍ എന്നൊരു വിഷമമുണ്ട്. ജയന്റെ പേരില്‍ കുറച്ചു കാര്യങ്ങള്‍ ചെയ്യുകയും ആ പേരില്‍ത്തന്നെ നാലുപേര്‍ അറിയുകയും ചെയ്യുമ്പോള്‍ ആ വിഷമം മാറിപ്പോകുന്നുമുണ്ട്. ഇഷ്ടം കൂടിയതുകൊണ്ടാകാം ഇടയ്‌ക്കൊക്കെ ജയനെ സ്വപ്നത്തില്‍ കാണാറുമുണ്ട്. 

വിജു വി. പ്രസിഡന്റും ഷിബു സെക്രട്ടറിയുമായാണ് ജയന്‍ സാംസ്‌കാരിക സമിതി പ്രവര്‍ത്തിക്കുന്നത്. സതി കുഞ്ഞിരാമന്‍ ട്രഷറര്‍. അടുത്ത വര്‍ഷം 50 പേര്‍ക്കു ചികിത്സാച്ചെലവു നല്‍കണമെന്നും കഴിയുമെങ്കില്‍ അഞ്ചു വര്‍ഷംകൊണ്ട് അത് 100 പേര്‍ക്കു വീതമാക്കി മാറ്റണം എന്നുമാണ് സമിതിയുടെ ആഗ്രഹം. സമ്പത്തുള്ളവരുടേയോ സ്ഥലത്തെ പ്രധാന ദിവ്യന്മാരുടേയോ കൂട്ടായ്മ അല്ല ജയന്‍ സാംസ്‌കാരിക സമിതി. ജയനോടുള്ള ഇഷ്ടം തരുന്ന ഊര്‍ജ്ജമാണ് സമ്പത്തും സമ്പാദ്യവും എന്നു പറയുന്നു അവര്‍. ജയന്റെ സിനിമ കാണുമ്പോള്‍ നിങ്ങളെ ഓര്‍ക്കും എന്നു കൂട്ടുകാരും ബന്ധുക്കളും പറയുന്നതാണ് ഷിബുവിന്റെ അഭിമാനം. ജയന്‍ സ്മരണയുമായി ബന്ധപ്പെട്ട ഏതു കാര്യത്തിനു പോകുമ്പോഴും അതുമായി ബന്ധപ്പെട്ട ആളുകള്‍ അത് എളുപ്പമാക്കി കൊടുക്കാറുണ്ട്. അതാണ് അനുഭവം. നാലു പതിറ്റാണ്ടിനുശേഷവും മലയാളികള്‍ സ്‌നേഹിക്കുന്ന ജയനെ എല്ലാക്കാലത്തും ഓര്‍ക്കുന്നതിനു തങ്ങളാല്‍ കഴിയുന്ന ഇടപെടല്‍; ഷിബുവും കൂട്ടുകാരും സ്വന്തം പ്രവര്‍ത്തനങ്ങളെ അങ്ങനെയാണ് നിര്‍വ്വചിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com