പൗരത്വനിയമ ഭേദഗതിക്ക് എന്താണ് സംഭവിച്ചത്? 

1955-ലെ പൗരത്വനിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള സിറ്റിസണ്‍സ് (അമെന്റ്‌മെന്റ്) ആക്ട് അഥവാ പൗരത്വ(ഭേദഗതി)നിയമം 2019 പാര്‍ലമെന്റ് പാസ്സാക്കിയത് 2019 ഡിസംബര്‍ 11-നാണ്
പൗരത്വനിയമ ഭേദഗതിക്ക് എന്താണ് സംഭവിച്ചത്? 

1955-ലെ പൗരത്വനിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള സിറ്റിസണ്‍സ് (അമെന്റ്‌മെന്റ്) ആക്ട് അഥവാ പൗരത്വ(ഭേദഗതി)നിയമം 2019 പാര്‍ലമെന്റ് പാസ്സാക്കിയത് 2019 ഡിസംബര്‍ 11-നാണ്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ പീഡിത ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത് ലക്ഷ്യമിട്ടായിരുന്നു ഈ ഭേദഗതി. ഭേദഗതി നടപ്പായാല്‍ ഇന്ത്യന്‍ പൗരത്വപട്ടികയില്‍ പേര് ഇടംപിടിക്കാത്ത ഒരാള്‍ക്ക് അതോടെ പൗരത്വം ലഭിക്കും. 

എന്നാല്‍, ഇന്ത്യയില്‍ എത്തിച്ചേരുന്ന എല്ലാ അയല്‍രാജ്യങ്ങളിലേയും മുഴുവന്‍ അഭയാര്‍ത്ഥികള്‍ക്കും പൗരത്വം ലഭിക്കില്ല. മറിച്ച് ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജൈനന്മാര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കണമെന്ന് അനുശാസിക്കപ്പെടുമ്പോള്‍ തന്നെ മുസ്‌ലിങ്ങള്‍ക്ക് പൗരത്വം നല്‍കേണ്ടതില്ല. അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള, ഇന്ത്യയില്‍ മുസ്‌ലിമായി കണക്കാക്കപ്പെടുന്നവര്‍ ഒഴികെയുള്ളവര്‍ക്കാണ് പൗരത്വം. 2014 ഡിസംബറിനു മുന്‍പേ രാജ്യത്ത് എത്തിച്ചേര്‍ന്നവരായിരിക്കണം ഇവര്‍. 

2019-ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വാഗ്ദാനങ്ങളിലൊന്നായിരുന്നു അത്തരമൊരു നിയമം. തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ അതു മിക്കപ്പോഴും നിര്‍ദ്ദിഷ്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ കൂടെയാണ് ചര്‍ച്ച ചെയ്യപ്പെട്ടതും. 

ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെടുത്തി പൗരത്വനിയമ ഭേദഗതി ചര്‍ച്ച ചെയ്തതിലെ യുക്തി ലളിതമായിരുന്നു. രണ്ടു നടപടികളും വിളക്കിച്ചേര്‍ക്കുക മുഖാന്തിരം ദേശീയ പൗരത്വ രജിസ്റ്ററില്‍ ഇടംപിടിക്കാത്ത ഇസ്‌ലാം ഇതര മതസ്ഥര്‍ക്ക് അവര്‍ അഭയാര്‍ത്ഥികളാണെന്ന് അവകാശപ്പെട്ട് പൗരത്വം നേടുന്നത് അസാധ്യമാക്കുക എന്നതായിരുന്നു. 

എന്നാല്‍, രണ്ടുവര്‍ഷം കഴിഞ്ഞ് സ്ഥിതി എന്താണെന്നു പരിശോധിക്കണം. 

പൗരത്വനിയമ ഭേദഗതി ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ദക്ഷിണേഷ്യ സംബന്ധിച്ച വീക്ഷണം ശക്തമായി പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. പ്രദേശത്തുടനീളമുള്ള ഇസ്രയേല്‍ നടപ്പാക്കിയ 'തിരിച്ചുവരല്‍ നിയമത്തിന്റെ' ഹിന്ദു പതിപ്പാണ് അതെന്നും നിരീക്ഷണമുണ്ട്. സാംസ്‌കാരികമായും ചരിത്രപരമായും ഇന്ത്യയുമായി ബന്ധമുള്ള, ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള ഹിന്ദുത്വ സംഘടനകള്‍ അഖണ്ഡഭാരതമായി കണക്കാക്കുന്ന ഇതര ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിവസിക്കുന്ന ഹിന്ദുക്കള്‍ക്ക് ഇന്ത്യയിലേക്ക് മാറാനുള്ള അവകാശത്തിനു ഭേദഗതി അടിവരയിടുന്നു. എല്ലാനിലയ്ക്കും ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര അടിത്തറയില്‍ പണിതുയര്‍ത്തിയ നൈയാമികസൗധമാണ് അത്.

തീവ്ര ഹിന്ദുത്വദേശീയതയുടെ വക്താക്കളായ ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള ഒരു ഗവണ്‍മെന്റ് വീണ്ടും ഉണ്ടായിട്ടുപോലും ബി.ജെ.പിക്ക് ഹിന്ദുരാഷ്ട്രത്തിന്റെ അടിസ്ഥാനശിലകളിലൊന്നായ പൗരത്വനിയമ ഭേദഗതി നടപ്പാക്കാനൊത്തുവോ എന്നു പരിശോധിക്കുക. 2021-ലെ പാര്‍ലമെന്റിന്റെ ശിശിരകാല സെഷനില്‍ അമിത് ഷാ ഇതു സംബന്ധിച്ച് ഉദാസീനമായി നല്‍കിയ മറുപടിയില്‍ പറഞ്ഞത്: ''പൗരത്വനിയമ ഭേദഗതിക്ക് കീഴില്‍ അതു നടപ്പാക്കാനുള്ള ചട്ടങ്ങള്‍ രൂപീകരിക്കുന്ന മുറയ്ക്ക് അര്‍ഹതയുള്ളവര്‍ക്ക് പൗരത്വത്തിനായി അപേക്ഷിക്കാം എന്നാണ്.''

നിയമനിര്‍മ്മാണം എങ്ങനെ നടപ്പാക്കണം എന്നതു സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി കണക്കാക്കാവുന്നവയാണ് ചട്ടങ്ങള്‍ (Rules). പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഒരു ആക്ട് പ്രാബല്യത്തില്‍ വന്നാല്‍ ആറ് മാസത്തിനുള്ളില്‍ ചട്ടങ്ങള്‍ പരസ്യപ്പെടുത്തിയിരിക്കണം. എന്നാല്‍, പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും മോദി സര്‍ക്കാര്‍ അവ പരസ്യപ്പെടുത്തിയിട്ടില്ല. ചുരുക്കത്തില്‍, പൗരത്വ ഭേദഗതി നിയമം മുഖേന ഒരാള്‍ക്കും ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ സാധ്യമല്ല എന്നര്‍ത്ഥം. 

ഇന്ത്യയുടെ ഭാവിഭാഗധേയം നിര്‍ണ്ണയിക്കാനും ഏതു തരത്തിലുള്ള സാമൂഹ്യവ്യവസ്ഥയും ഭരണകൂടവുമാണ് ഇന്ത്യയിലുണ്ടാകേണ്ടതെന്നു നിര്‍വ്വചിക്കാനും പോരുന്ന തരത്തിലുള്ള ഒരു നടപടിക്ക് ജനപ്രതിനിധിസഭകളുടെ അംഗീകാരമുണ്ടായിട്ടുപോലും ബി.ജെ.പി മടിച്ചുനില്‍ക്കുന്നത് എന്തുകൊണ്ടാണ്? കശ്മീരിനു പ്രത്യേക അവകാശങ്ങള്‍ കല്പിക്കുന്ന ഭരണഘടനാവകുപ്പായ 370-ാം വകുപ്പ് ഇല്ലാതാക്കല്‍, ബാബറി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം, ഏകീകൃത സിവില്‍ കോഡ്, ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തെ ഫലത്തില്‍ അസാധുവാക്കല്‍ എന്നിവയോളം തന്നെ ഹിന്ദുരാഷ്ട്ര നിര്‍മ്മാണപ്രക്രിയയില്‍ നിര്‍ണ്ണായകത്വമുള്ള ഒന്നാണ് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം മതാടിസ്ഥാനത്തില്‍ പൗരത്വം എന്ന സങ്കല്പം മുന്നോട്ടുവെയ്ക്കുന്ന പൗരത്വനിയമ ഭേദഗതിയും. എന്നിട്ടും എന്തുകൊണ്ടാണ് വര്‍ഷം രണ്ടു പിന്നിട്ടിട്ടും ഇതു നടപ്പാക്കാതിരിക്കുന്നത്?

ഉത്തരപൂര്‍വ്വ ഇന്ത്യയിലാണ് 2019-ലെ പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള രൂക്ഷമായ ആദ്യ പ്രതികരണങ്ങള്‍ ഉണ്ടായത്. ഹിന്ദുക്കളടക്കമുള്ള ബംഗ്ലാദേശുകാരുടെ ഇന്ത്യയിലേക്കുള്ള വര്‍ദ്ധിച്ച കുടിയേറ്റത്തിന്റെ ആദ്യ പ്രത്യാഘാതം ഉത്തരപൂര്‍വ്വ ഇന്ത്യയിലാകും ഉണ്ടാകുക എന്നതായിരുന്നു കാരണം. വര്‍ഷങ്ങളായി കുടിയേറ്റക്കാരും തദ്ദേശീയരായ ഗോത്രവര്‍ഗ്ഗക്കാരും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന അസംപോലുള്ള സംസ്ഥാനങ്ങളിലും പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രക്ഷുബ്ധ പ്രതികരണങ്ങള്‍ ഉണ്ടായി.
 
എന്നാല്‍, രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ മുസ്‌ലിം സംഘടനകളേയും പൗരാവകാശ പ്രവര്‍ത്തകരേയും പ്രകോപിപ്പിച്ചത് മറ്റൊന്നാണ്. തെരഞ്ഞെടുപ്പുവേളയിലും അല്ലാതേയും ആഭ്യന്തരമന്ത്രി അമിത് ഷാ തന്റെ പ്രസംഗങ്ങളില്‍ പലപ്പോഴും ദേശീയ പൗരത്വ രജിസ്റ്ററിനേയും പൗരത്വനിയമ ഭേദഗതിയേയും വിളക്കിച്ചേര്‍ത്തു സംസാരിച്ചിരുന്നു. 2019 മെയ് ഒന്നിന് അമിത് ഷാ ഇതു സംബന്ധിച്ച് ചെയ്ത ട്വീറ്റില്‍ വ്യക്തമാക്കിയത്. 'First we will pass the Citizenship Amendment bill and ensure that all the refugees from the neighbouring nations get the Indian citizenship. After that NRC will be made and we will detect and deport every infiltrator from our motherland' എന്നാണ്. അതേ വര്‍ഷം ഏപ്രിലില്‍ പ്രചാരണത്തിനിടെ പശ്ചിമബംഗാളിലെ ബൊന്‍ഗാവോയിലും റായ്ഗഞ്ചിലുമൊക്കെ നടത്തിയ പ്രസംഗങ്ങളില്‍ ഇതേ വാചകങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. 2019 ഒക്ടോബറില്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലും ''ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യന്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കെല്ലാം പൗരത്വം ലഭിക്കും; അപ്പോള്‍ എന്‍.ആര്‍.സി എന്ന പ്രശ്‌നം എവിടെയാണ്? അവരെ സമീപിക്കാനും അവര്‍ക്ക് പൗരത്വം നല്‍കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവരോട് രേഖകള്‍ ഒന്നും ആവശ്യപ്പെടില്ല.'' ഈ പ്രസ്താവനയില്‍നിന്നുതന്നെ ആര്‍ക്കെല്ലാം പൗരത്വം നിഷേധിക്കപ്പെടുമെന്ന് ഉറപ്പായിരുന്നു. 

''എന്‍.ആര്‍.സി അഖിലേന്ത്യാതലത്തില്‍ രാജ്യത്തെ പൗരന്മാരുടെ പട്ടിക തയ്യാറാക്കുമെന്നത് വസ്തുതയാണ്. ഹിന്ദു അഭയാര്‍ത്ഥികള്‍, ബുദ്ധ, ജൈന, സിഖ്, ക്രിസ്ത്യന്‍, പാഴ്‌സി അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം ലഭിക്കണമെന്ന വസ്തുത സര്‍ക്കാര്‍ അംഗീകരിക്കുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവന്നത്.''

അതേ വര്‍ഷം അമിത് ഷാ പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച് നടത്തിയ ഈ പ്രസ്താവനയും മറ്റൊന്നല്ല ചൂണ്ടിക്കാണിച്ചത്. 

അമിത് ഷാ ഉള്‍പ്പെടെ ബി.ജെ.പി നേതാക്കള്‍ ഇതു സംബന്ധിച്ച് നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് വമ്പന്‍ പ്രതിഷേധമാണ് പൗരത്വനിയമ ഭേദഗതിക്കെതിരെ അന്നുണ്ടായത്. പൗരത്വനിയമ ഭേദഗതിക്കെതിരെ വ്യാപകമായി ഉണ്ടായ പ്രതിഷേധത്തിന്റെ വ്യാപ്തിയും വളരെ വലുതായിരുന്നു; ചില സ്ഥലങ്ങളില്‍ സമരം അക്രമാസക്തമായി. ഡല്‍ഹിയില്‍ അതു മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള വംശീയാതിക്രമത്തിലേക്കാണ് നയിച്ചത്. സിഖ് കൂട്ടക്കൊലയുടെ ദാരുണസ്മരണകള്‍ ഇപ്പോഴും നെഞ്ചില്‍ പേറുന്ന ഡല്‍ഹിയില്‍ ബി.ജെ.പി നേതാവ് കപില്‍ മിശ്ര പ്രതിഷേധിക്കുന്നവരോട് തെരുവിലിറങ്ങരുതെന്ന് ആജ്ഞാപിച്ചതും മറക്കാറായിട്ടില്ല. ഡല്‍ഹിയില്‍ മാത്രമല്ല, പല സംസ്ഥാനങ്ങളിലും പ്രതിഷേധക്കാരും പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും ഏറ്റുമുട്ടി. അസമില്‍ അഞ്ച് പേരെങ്കിലും കൊല്ലപ്പെട്ടു. ബംഗാളില്‍ പ്രതിഷേധക്കാര്‍ ട്രെയിനുകള്‍ കത്തിച്ചു. ഉത്തര്‍പ്രദേശില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് വെടിയുതിര്‍ക്കുകയും രണ്ട് ഡസനോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു. മംഗലാപുരത്ത് പൊലീസ് വെടിവെയ്പില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. ചുരുക്കത്തില്‍, ദേശവ്യാപകമായി കനത്ത പ്രതിഷേധത്തിന്റെ അലയൊലികളാണ് പൗരത്വനിയമ ഭേദഗതി ഉണ്ടാക്കിയത്. 

2019ൽ ​ഗുവാഹത്തിയിൽ പൗരത്വ ഭേദ​ഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധം
2019ൽ ​ഗുവാഹത്തിയിൽ പൗരത്വ ഭേദ​ഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധം

തന്ത്രപരമായ പിന്‍മാറ്റം 

രാജ്യത്തിനകത്തും അന്താരാഷ്ട്രതലത്തിലും പൗരത്വനിയമ ഭേദഗതി ഉണ്ടാക്കിയ അലയൊലികള്‍ രൂക്ഷമായിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചു പേടി പടര്‍ന്നത് ഡാറ്റ എന്യൂമറേറ്റര്‍മാരുടെ നേര്‍ക്കുള്ള ഭീഷണികളും അക്രമങ്ങള്‍ക്കും വരെ കാരണമായി. പൗരത്വം നിര്‍ണ്ണയിക്കുന്നതിനാണ് ഈ ഡാറ്റ ശേഖരിക്കുന്നതെന്നു വ്യാപകമായ ഭയമുണ്ടായി. പശ്ചിമ ബംഗാളില്‍ ദേശീയ സാംപിള്‍ സര്‍വ്വേ ഓഫിസ് സംസ്ഥാന പൊലീസ് ഡയറക്ടര്‍ ജനറലിനും സംസ്ഥാന നഗരവികസന മന്ത്രാലയത്തിനും എന്യൂമറേറ്റര്‍മാര്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് കത്തെഴുതുകയും ചെയ്തു. ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വനിയമ ഭേദഗതിയും തമ്മില്‍ ബന്ധമില്ലെന്നു നിരവധി തവണ ബി.ജെ.പി നേതാക്കള്‍ ആവര്‍ത്തിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിഷേധം രൂക്ഷമായിത്തന്നെ തുടരുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍ ബി.ജെ.പി നേതൃത്വവും ഭരണകൂടവും കുറേക്കൂടി ജാഗ്രതയോടെ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചു. ബില്‍ പാസ്സാക്കിയെടുക്കുന്നതിനു മുന്നോടിയായി പാര്‍ലമെന്റില്‍ അതിന്റെ കരടുരൂപം അവതരിപ്പിക്കപ്പെടുന്ന വേളയില്‍ ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അസം, മേഘാലയ, മിസോറാം, ത്രിപുര എന്നീ ഗോത്രമേഖലകള്‍ക്കും ഇന്നര്‍ലൈന്‍ പെര്‍മിറ്റ് വഴി നിയന്ത്രിക്കുന്ന മേഖലകള്‍ക്കും പൗരത്വനിയമ ഭേദഗതി ബാധകമല്ലാതാക്കിയതാണ് ഭരണകൂടം പ്രതിഷേധം തണുപ്പിക്കുന്നതിന് അന്നു നടത്തിയ തന്ത്രപരമായ ഒരു നീക്കം. പാര്‍ലമെന്റില്‍ പൗരത്വനിയമ ഭേദഗതി ബില്‍ ചര്‍ച്ചയ്‌ക്കെടുത്ത സന്ദര്‍ഭത്തില്‍ '2019-ലെ തെരഞ്ഞെടുപ്പു വാഗ്ദാനമായ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതില്‍നിന്നു പിറകോട്ടുപോക്കില്ലെന്ന്'' അമിത് ഷാ അസന്ദിഗ്ധമായി വ്യക്തമാക്കിയതാണ്. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കുശേഷം പ്രധാനമന്ത്രി ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചതിങ്ങനെ: ''കോണ്‍ഗ്രസ് ഭരണമുള്ളപ്പോഴാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ കൊണ്ടുവന്നത്. ഞങ്ങളല്ല അതു നടപ്പാക്കുന്നതിനു തുടക്കമിട്ടത്. പാര്‍ലമെന്റില്‍ ഇത് ആദ്യമായി കൊണ്ടുവന്നതും നടപ്പാക്കുമെന്നു പ്രഖ്യാപിച്ചതും ഞങ്ങളല്ല...'' 

അന്താരാഷ്ട്രരംഗത്ത് ഇന്ത്യയുടെ പ്രതിച്ഛായാനഷ്ടത്തിനു പൗരത്വനിയമ ഭേദഗതി വഴിവെച്ചതും മോദി ഗവണ്‍മെന്റിനു തിരിച്ചടിയായി. പൗരത്വനിയമ ഭേദഗതിയുടെ വംശീയ രാഷ്ട്രീയ സ്വഭാവം ലോകമെമ്പാടും ഒരു ലിബറല്‍ ജനാധിപത്യം എന്ന നിലയില്‍ പ്രകീര്‍ത്തിക്കപ്പെട്ട ഇന്ത്യയുടെ പ്രതിച്ഛായ ഇടിയുന്നതിനു വലിയ കാരണമായി. ദി ഇക്കണോമിസ്റ്റിന്റെ വാര്‍ഷിക ജനാധിപത്യ സൂചികയില്‍ ഇന്ത്യ 2020-ല്‍ ഏറെ പിറകോട്ടുപോയതിന് ഈ നിയമഭേദഗതി ഒരു കാരണമായി. ലോകവ്യാപകമായി ഈ ഭേദഗതി വിലയിരുത്തപ്പെട്ടത് മെച്ചപ്പെട്ട സ്വാതന്ത്ര്യബോധവും സ്വാതന്ത്ര്യവും ഉള്ള ഒരു ജനതയുടെ ഭാഗിക സ്വാതന്ത്ര്യത്തിലേക്കുള്ള തിരിച്ചു നടത്തമായിട്ടാണ്. 

അയല്‍രാജ്യങ്ങളിലും കടുത്ത നീരസം സൃഷ്ടിക്കുന്നതിനും പൗരത്വനിയമ ഭേദഗതി കാരണമായി. ബംഗ്ലാദേശില്‍ ഇതു രൂക്ഷമായ പ്രതികരണമാണ് സൃഷ്ടിച്ചത്. പൗരത്വത്തെപ്രതി ഉയര്‍ന്ന രാഷ്ട്രീയവിവാദങ്ങള്‍ ബി.ജെ.പി നേതാക്കളെ വാക്കുകള്‍കൊണ്ടു ബംഗ്ലാദേശിനെതിരെ കടുത്ത ആക്രമണം നടത്തുന്നതിനു പ്രേരിപ്പിച്ചു. ഇന്ത്യയുടെ കിഴക്കന്‍ അയല്‍ക്കാരന്‍ ഇന്ത്യയിലേക്കു അനധികൃത കുടിയേറ്റത്തിനു പ്രേരണ ചെലുത്തുന്നുവെന്ന് അവരില്‍ പലരും ആരോപിച്ചു. 2018-ല്‍ അമിത് ഷാ ബംഗ്ലാദേശികളെ  'ചിതലുകള്‍' എന്നു വിളിക്കുന്നിടത്തോളം വരെ എത്തി കാര്യങ്ങള്‍. ബംഗ്ലാദേശിലെ ഹിന്ദുന്യൂനപക്ഷത്തിന്റെ സുരക്ഷ അപകടത്തിലാക്കുംവിധമുള്ള നീക്കങ്ങള്‍ സ്വന്തം രാജ്യത്തിനകത്തായാല്‍പ്പോലും ഇന്ത്യ നടത്തരുതെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ ഭരണാധികാരികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ നല്ല ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നതിനു ഒരുപരിധിവരെ പൗരത്വനിയമ ഭേദഗതി കാരണമായി. 

ആഭ്യന്തരരംഗത്തും ബി.ജെ.പിക്ക് കാര്യമായ നേട്ടമൊന്നും തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പുകളില്‍ പൗരത്വനിയമ ഭേദഗതി നേടിക്കൊടുത്തതിനു തെളിവുകളില്ല. ബംഗ്ലാദേശുമായി അടുത്ത ബന്ധമുള്ള ബംഗാളില്‍ തണുപ്പന്‍ പ്രതികരണമാണ് നിയമഭേദഗതിക്കു അനുകൂലമായി ഉണ്ടായത്. 2021-ലെ തെരഞ്ഞെടുപ്പില്‍ അത് തെരഞ്ഞെടുപ്പു വേദികളില്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടതുപോലുമില്ല. മമതയെ മുട്ടുകുത്തിക്കാന്‍ കൂടുതല്‍ നല്ലതെന്നു കരുതി റൊട്ടിയുടേയും തൊഴിലിന്റേയും രാഷ്ട്രീയം ചര്‍ച്ച ചെയ്യാനാണ് തെരഞ്ഞെടുപ്പു വേദികളെ പാര്‍ട്ടി ഉപയോഗപ്പെടുത്തിയത്. 

എന്നാല്‍, ഇതിനെല്ലാമുപരിയായി പൗരത്വനിയമം ഈ രൂപത്തില്‍ ഫലപ്രദമാകുകയില്ല എന്ന നിരീക്ഷണവും ഗവണ്‍മെന്റിന്റെ ഉദാസീന സമീപനത്തിനു പിറകിലുണ്ടെന്നുവേണം കരുതാന്‍. വെറും 30,000 പേര്‍ക്കു മാത്രമേ ഈ പൗരത്വനിയമ ഭേദഗതികൊണ്ടു പ്രയോജനമുണ്ടാകൂ എന്നു ബില്‍ പാസ്സാക്കുന്നതിനു മുന്‍പേ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ അറിയിച്ചിരുന്നു. ബാക്കിയുള്ളവരെല്ലാം നിയമവിധേയമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ ഇന്ത്യന്‍ പൗരത്വം നേടിക്കഴിഞ്ഞിരിക്കുന്നുവെന്നും ഇന്റലിജന്‍സ് ബ്യൂറോ ചൂണ്ടിക്കാട്ടി. 

രണ്ടാംവട്ടം മോദി അധികാരത്തില്‍ വന്നതിനുശേഷം ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുന്ന തരത്തിലുള്ള നിയമനിര്‍മ്മാണങ്ങള്‍ക്ക് ഗവണ്‍മെന്റ് മുന്‍കയ്യെടുത്തിട്ടുണ്ട്. അതെല്ലാം വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് വഴിമരുന്നിടുകയും പ്രതിഷേധങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തു. എന്നാല്‍, നിയമങ്ങള്‍ പാസ്സാക്കിയെടുക്കുന്ന ഭരണകൂടത്തിന് അതു നടപ്പാക്കുന്നതിനുള്ള ഇച്ഛ ഇല്ലായെന്നുള്ളതാണ് അനുഭവം. അടിയുറച്ച പ്രത്യയശാസ്ത്ര ധാരണകളിലൂന്നി നിയമനിര്‍മ്മാണം നടത്തിയാല്‍ മാത്രം പോരാ, ജനങ്ങളുടെ അംഗീകാരംകൂടി അതിനു വേണം എന്ന ഈ സവിശേഷതയ്ക്കു കാരണം ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജനാധിപത്യം തന്നെയാണ് എന്നു സൂക്ഷ്മവായനയില്‍ ബോധ്യമാകും. പൗരത്വനിയമ ഭേദഗതിയുടെ വിധിയും മറ്റൊന്നല്ല വെളിവാക്കുന്നത്.

ന്യൂനപക്ഷത്തെ ഭീഷണിപ്പെടുത്തി നിര്‍ത്തല്‍ ലക്ഷ്യം

ഡോ. ജെ. പ്രഭാഷ്

ഇപ്പോള്‍ പൗരത്വനിയമ ഭേദഗതിയുടെ കാര്യത്തില്‍ ഇവര്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നുണ്ടെങ്കില്‍ അതിന് അവര്‍ ആ നീക്കം ഉപേക്ഷിച്ചുവെന്ന് അര്‍ത്ഥമില്ല. രണ്ട് പ്രധാന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇവര്‍ മിക്കപ്പോഴും പൗരത്വ രാഷ്ട്രീയം പറയുന്നത്. ഇത് എപ്പോഴും ന്യൂനപക്ഷത്തിന്റെ തലയ്ക്കു മുകളില്‍ ഡെമോക്ലിസിന്റെ വാളുപോലെ ഉണ്ടെന്ന തോന്നല്‍ ഉണ്ടാക്കുകയും അവരെ തങ്ങളുടെ വരുതിക്ക് വരുത്തുകയും ചെയ്യുക എന്നതാണ് ഒന്നാമത്തേത്. തെരഞ്ഞെടുപ്പുപോലുള്ള സന്ദിഗ്ധ മുഹൂര്‍ത്തങ്ങളില്‍ രാജ്യവും ഇന്ത്യന്‍ ജനതയും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കുകയെന്നതാണ് രണ്ടാമത്തേത്. എപ്പോഴും സാംസ്‌കാരിക രാഷ്ട്രീയക്കാര്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് തങ്ങളുടെ യഥാര്‍ത്ഥ പരാജയങ്ങളെ മറച്ചുപിടിക്കുന്നത്. ഉദാഹരണത്തിന് മോദിയുടെ ഗംഗാസ്‌നാനവും വാരാണസി കോറിഡോറും പോലുള്ളവ. ഇതൊരു പൊളിറ്റിക്കല്‍ സ്ട്രാറ്റജിയാണ്. 

അത്രയെളുപ്പമൊന്നും നടപ്പാക്കാന്‍ കഴിയുന്ന കാര്യമല്ല പൗരത്വത്തെ സംബന്ധിച്ച അവരുടെ നിലപാടുകള്‍. ഇന്ത്യയെപ്പോലെ ബഹുമുഖ സംസ്‌കാരം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് മതദേശീയതയുടെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍വ്വചിക്കുകയും നടപ്പാക്കുകയും എളുപ്പമല്ല. ജനസംഖ്യയില്‍ 20 ശതമാനം വരുന്ന വിഭാഗത്തെ ബാധിക്കുന്ന പ്രശ്‌നമാണിത്. ഇങ്ങനെ ബാക്ക്ബര്‍ണറില്‍ വെച്ചിട്ടുണ്ടെങ്കില്‍ അത് എപ്പോഴും നടപ്പാക്കാമെന്ന തോന്നല്‍ ഉണ്ടാക്കി ന്യൂനപക്ഷത്തെ ഭീഷണിപ്പെടുത്തി നിര്‍ത്താമെന്ന ധാരണയിലാണ്.

'ഇല്ലിബറല്‍ ജനാധിപത്യ'ത്തിന്റെ അടവുനയങ്ങള്‍

ഡോ. ടി.ടി. ശ്രീകുമാര്‍ 

ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ആ സംസ്ഥാനത്തെ മൂന്നു കഷണങ്ങളാക്കുകയും ചെയ്യുകയും അവിടത്തുകാരുടെ മനുഷ്യാവകാശങ്ങള്‍ നിരന്തരം ലംഘിക്കുകയും ചെയ്ത ഇന്ത്യന്‍ ഭരണകൂടം ഇപ്പോള്‍ കശ്മീരില്‍ അയവേറിയ നിലപാടു സ്വീകരിക്കുന്നു എന്ന വ്യാജപ്രതീതി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതുപോലെ തന്നെയാണ് പൗരത്വനിയമ ഭേദഗതിയുടെ കാര്യത്തില്‍ അവരെടുക്കുന്ന നിലപാടും. പൗരത്വനിയമ ഭേദഗതിയായാലും കശ്മീരിലെ നിലപാടുകളായാലും അവയെല്ലാം ജനാധിപത്യത്തോടു പ്രതിബദ്ധതയുള്ള ഒരു രാജ്യം എന്ന നിലയിലുള്ള ഇന്ത്യയുടെ ആഗോളതലത്തിലുള്ള പ്രതിച്ഛായയ്ക്ക് മങ്ങലേല്പിച്ചിരിക്കുന്നു. പൗരത്വനിയമ ഭേദഗതി മതത്തെ അടിസ്ഥാനപ്പെടുത്തി പൗരനെ നിര്‍വ്വചിക്കാനുള്ള ശ്രമമാണ്. മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പൗരത്വം എന്ന സങ്കല്‍പ്പം ഭരണഘടനയിലുള്ളതല്ല. അതുകൊണ്ടുതന്നെ ഈ ഭരണഘടന നിലനില്‍ക്കേ അതു നടപ്പാക്കാനും വിഷമമാണ്. ന്യൂനപക്ഷത്തെ എന്നും ഒരു സന്ദിഗ്ധാവസ്ഥയില്‍ നിലനിര്‍ത്താനാണ് പൗരത്വനിയമ ഭേദഗതി പോലുള്ള നീക്കങ്ങള്‍കൊണ്ടു മോദി ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്. കൊല്ലാന്‍ മാത്രമല്ല, സ്വന്തം രാജ്യത്തെ പൗരന്മാരടക്കം എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം, ഇല്ലാതാക്കപ്പെടാം എന്ന തോന്നലുണ്ടാക്കുന്ന അക്കിലേ എംബെംബേ പറയുന്ന തരം മൃതിരാഷ്ട്രീയം (Necropolitics) ആണ് ഇവര്‍ പ്രയോഗിക്കുന്നത്. പൗരനു പൗരത്വം നിഷേധിക്കുകയും പൗരന്മാരല്ലാതെ ഒരു രാജ്യത്ത് കഴിയേണ്ടുന്ന അവസ്ഥയിലേക്ക് ഒരു വിഭാഗത്തെ മാറ്റുകയും ചെയ്യുകയെന്നതാണ് ഭരണകൂടത്തിന്റെ ഉദ്ദേശ്യം. 

ആഗോളതലത്തില്‍ സാമ്രാജ്യത്വാനുകൂലനയവും ആഭ്യന്തര രംഗത്ത് മതഭൂരിപക്ഷ രാഷ്ട്രീയവും പ്രയോഗവല്‍ക്കരിക്കുകയെന്നതാണ് ഹിന്ദുത്വ ഗവണ്‍മെന്റിന്റെ ലക്ഷ്യം. ആഭ്യന്തര രംഗത്ത് ക്രോണി കാപ്പിറ്റലിസവും ഇല്ലിബറല്‍ ജനാധിപത്യവുമാണ് അവരുടെ ആശയാദര്‍ശങ്ങള്‍.? 

ജനനം, വംശീയത, മതം പൗരത്വസങ്കല്പം പരിണമിച്ച നാള്‍വഴി

* സ്വാതന്ത്ര്യത്തിനു എട്ടു വര്‍ഷങ്ങള്‍ക്കു ശേഷവും റിപ്പബ്ലിക്ക് ആയതിന് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്ത്യന്‍ പൗരത്വനിയമം 1955 നിലവില്‍ വന്നു. ഈ നിയമപ്രകാരം ജ്യൂസ് സോളി (ജനനം വഴി) എന്ന തത്ത്വത്തിനു കീഴില്‍ രാജ്യത്തെ ഏതു ഭൂവിഭാഗത്തിലും ജനിച്ച എല്ലാവരും ഇന്ത്യക്കാരായിരിക്കും. 1949 നവംബര്‍ 26-നോ അതിനുമുന്‍പായോ രാജ്യത്ത് സ്ഥിരതാമസമാക്കിയ വ്യക്തികള്‍ ഭരണഘടന നിലവില്‍ വന്നതോടെ സ്വയമേവ ഇന്ത്യന്‍ പൗരന്മാരായി കണക്കാക്കപ്പെടും. 

അസം കരാറിനുശേഷം 1986-ല്‍ ഭേദഗതി ചെയ്യപ്പെടുന്നു.

ഇതുപ്രകാരം 1950 ജനുവരി 26-നും 1987 ജൂലൈ ഒന്നിനുമിടയില്‍ രാജ്യത്തു ജനിച്ച ഏതൊരു വ്യക്തിയും ഇന്ത്യന്‍ പൗരനായിരിക്കും. 

1986-ലെ ഭേദഗതിയിലാണ് ആദ്യമായി പൗരത്വത്തില്‍നിന്നും ചില ഒഴിച്ചുനിര്‍ത്തലുകള്‍ സാധ്യമാക്കുന്ന ജുസ് സാംഗിനിസ് (രക്തബന്ധത്തിലൂന്നിയ) സങ്കല്പത്തിലേക്ക് ഇന്ത്യ നീങ്ങുന്നത്. അതോടെ പൗരത്വത്തിന് ഇന്ത്യയില്‍ ജനിക്കണമെന്ന വ്യവസ്ഥ അടിസ്ഥാനമല്ലാതെയായി. പകരം ഇന്ത്യന്‍ വംശജനായിരുന്നാല്‍ മതി.
 
1992-ലെ ഭേദഗതി പ്രകാരം 1950 ജനുവരി 26-നും 1992 ഡിസംബര്‍ 10-നും ഇടയില്‍ മാതാപിതാക്കളില്‍ ഏതെങ്കിലുമൊരാള്‍ ഇന്ത്യക്കാരനായിരുന്നവര്‍ക്കെല്ലാം പൗരത്വത്തിനു അവകാശമുണ്ടെന്നായി.

ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍ഷിപ്പ് അനുവദിക്കുക വഴി 2003-ലെ നിയമ ഭേദഗതി ഇന്ത്യന്‍ വംശീയത (രക്തബന്ധത്തിലൂന്നിയ സങ്കല്പം - Descent) ഒരു ഘടകമായി കണക്കാക്കാനാരംഭിച്ചു. ഇന്ത്യന്‍ വംശജനല്ലെങ്കില്‍ കുടിയേറ്റക്കാരന് ഇന്ത്യന്‍ പൗരത്വം അവകാശപ്പെടാനാകില്ല.

ഇരട്ട പൗരത്വം ഭരണഘടന അനുവദിക്കാത്തതിനാല്‍ Person of Indian Origin എന്നും Overseas Citizen India എന്നീ രണ്ടു സങ്കല്പങ്ങള്‍ 2002-ലും 2006-ലും അംഗീകരിക്കപ്പെട്ടു. ഇവര്‍ക്ക് ഏതാണ്ട് ഇന്ത്യന്‍ പൗരന്മാര്‍ക്ക് തുല്യമായ അവകാശങ്ങളുണ്ട്. 

2015-ലെ ഭേദഗതി പ്രകാരം മുകളില്‍ പ്രസ്താവിച്ച രണ്ടു വിഭാഗങ്ങളേയും ഒരൊറ്റ കാറ്റഗറിയില്‍ പെടുത്തി. ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്‍ഡ്യാ കാര്‍ഡ്‌ഹോള്‍ഡര്‍ എന്ന പേരില്‍. 

2019-ലെ ഭേദഗതിയോടെ വംശീയാടിസ്ഥാനത്തിലുള്ള പൗരത്വം എന്നത് മതപരമായ അടിസ്ഥാനത്തിലേക്ക് മാറി. 2020 ജനുവരിയില്‍ മതപരമായ അടിസ്ഥാനത്തില്‍ പൗരത്വം എന്ന ഭേദഗതി പ്രാബല്യത്തില്‍ വന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com