ഗ്രൂപ്പിസത്തിനു തിരശ്ശീലവീഴുമോ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ 

സംഘടനാതലത്തിലും പാര്‍ലമെന്ററി തലത്തിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇപ്പോള്‍ കൈക്കൊണ്ട നടപടികള്‍ ഗ്രൂപ്പിസം അവസാനിപ്പിക്കുന്നതില്‍ കലാശിക്കുമെന്നു കരുതാനാകുമോ?
കെ. സുധാകരന്‍
കെ. സുധാകരന്‍

ദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞപ്പോള്‍ മുന്‍പെങ്ങുമില്ലാത്ത മട്ടിലുള്ള തോല്‍വിയാണ് യു.ഡി.എഫിനേയും മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ്സിനേയും ഉലച്ചു കളഞ്ഞത്. അവ ഏല്‍പ്പിച്ച പരുക്കുകള്‍ നിസ്സാരമല്ലായിരുന്നു. ജനപിന്തുണയില്‍ സാരമായ ഇടിവു സംഭവിച്ചു എന്നു ഉറക്കെപ്പറയാന്‍ കോണ്‍ഗ്രസ്സിന്റേയോ യു.ഡി.എഫിന്റേയോ നേതാക്കള്‍ തയ്യാറായില്ലെങ്കിലും ''ഇനിയൊരു തിരിച്ചുവരവ് അത്ര എളുപ്പമായിരിക്കുകയില്ല'' എന്നു സമ്മതിക്കാന്‍ മനസ്സില്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയും ഐക്യജനാധിപത്യ മുന്നണിയും അഭിമുഖീകരിക്കുന്ന പരുഷമായ യാഥാര്‍ത്ഥ്യങ്ങള്‍ നേതാക്കള്‍ മനസ്സിലാക്കിയിരിക്കുന്നു എന്നതാണ് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ സംഘടനാശൈഥില്യമാണ് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കു കൂടി വിനയായതെന്ന് ഷിബു ബേബിജോണിനെപ്പോലുള്ള നേതാക്കളും മുസ്‌ലിം ലീഗുമൊക്കെ പരസ്യമായി പറയുകയും ചെയ്തു. സി.പി.ഐ.എമ്മിനും ഇടതുമുന്നണിക്കുമുള്ള സംഘടനാപരമായ ഭദ്രതയും അച്ചടക്കവും അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മികവായി ഭവിച്ചപ്പോള്‍ മെച്ചപ്പെട്ട ഒരു സ്ഥാനാര്‍ത്ഥിപ്പട്ടിക അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുകൂടി വലിയ തോല്‍വിയാണ് കോണ്‍ഗ്രസ്സും അതു നയിക്കുന്ന മുന്നണിയും നേരിട്ടത്. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ നേതാക്കന്മാര്‍ സ്ഥിതിവിവരക്കണക്കുകളും വസ്തുതകളും വിലയിരുത്തുകയും അവയുടെ അടിസ്ഥാനത്തില്‍ കുറേയൊക്കെ സാധുതയുള്ള ചില നിഗമനങ്ങളിലെത്തുകയും ചെയ്തു. സംഘടനാപരമായ മുന്നോട്ടുപോക്കിനും ഒരു തിരിച്ചുവരവിനും അടിമുടിയുള്ള അഴിച്ചുപണി അനിവാര്യമെന്ന് വ്യാപകമായി അഭിപ്രായമുണ്ടായി. ഇപ്പോഴത്തെ നേതൃത്വത്തിനു സംഘടനയ്ക്ക് പുതുജീവന്‍ പകരാനും കാറ്റും കോളും നിറഞ്ഞ രാഷ്ട്രീയ കാലാവസ്ഥയില്‍ പ്രസ്ഥാനത്തേയും മുന്നണിയേയും നയിക്കാനും സാധിക്കുകയില്ല എന്ന തോന്നല്‍ പരസ്യമായി പ്രകടിപ്പിക്കപ്പെട്ടു. പാര്‍ട്ടിയെ ഗ്രസിച്ചതെന്ത് എന്ന ചര്‍ച്ചകളില്‍ മുന്തിനിന്നത് ഗ്രൂപ്പിസമായിരുന്നു. ശരിക്കും പറഞ്ഞാല്‍ കോണ്‍ഗ്രസ്സിന്റെ ഏതു പ്രതിസന്ധിയിലും സ്ഥിരം വേട്ടമൃഗമായി മാറുന്നത് ഗ്രൂപ്പിസമാണ്. സംഘടനാപരമായ ജനാധിപത്യത്തിന്റെ അഭാവമോ നേതാക്കള്‍ക്ക് ജനങ്ങളുമായുള്ള സമ്പര്‍ക്കത്തില്‍ വന്ന കുറവോ ചര്‍ച്ചയാകുന്നതിനേക്കാള്‍ ഗ്രൂപ്പിസമാണ് സര്‍വ്വതിനും കാരണം എന്ന ലളിതമായ ഉത്തരത്തില്‍ ഏതന്വേഷണങ്ങളും ചെന്നെത്തുന്നത് പതിവുമാണ്. ഒടുവില്‍ ഗ്രൂപ്പുകള്‍ക്കതീതമായി നില്‍ക്കാന്‍ കഴിവുള്ള ഒരു നേതൃത്വത്തിനുവേണ്ടിയുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്യും. 

പകരം വന്നവരുടെ പുതിയ കാലം 

കുറേ കാലത്തിനുശേഷം ഗ്രൂപ്പുകളുടെ ഇടപെടലില്ലാതെ സംസ്ഥാനത്തെ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ ഹൈക്കമാന്‍ഡ് പുതിയ അദ്ധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും നിയോഗിച്ചപ്പോഴാണ് കേരളത്തില്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുകളെ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയത്തിനു തിരശ്ശീല വീഴാന്‍ പോകുന്നു എന്ന തോന്നല്‍ വ്യാപകമായത്. ഗ്രൂപ്പ് മാനേജര്‍മാരോടുള്ള കൂടിയാലോചനകള്‍ കൂടാതെ കെ.പി.സി.സിക്ക് പുതിയ അദ്ധ്യക്ഷനേയും പുതിയ പ്രതിപക്ഷ നേതാവിനേയും നിയോഗിച്ചതാണ് ഇങ്ങനെയൊരു ധാരണ ശക്തിപ്പെടുത്തുന്നതിനു ഇടയാക്കിയതും. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനുവര്‍ത്തിച്ചുവന്ന പതിവിനു വിപരീതമാണ് ഇതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വടക്കേ ഇന്ത്യയില്‍ ഹൈക്കമാന്‍ഡ് നേരിട്ടു കാര്യങ്ങള്‍ നിശ്ചയിക്കുന്ന പതിവാണെങ്കിലും കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ട ഗ്രൂപ്പ് മേലാളന്മാരോടു കൂടിയാലോചിക്കാതെ തീരുമാനമെടുക്കുന്ന സന്ദര്‍ഭങ്ങള്‍ ചരിത്രത്തില്‍ വിരളമാണ്. എന്നാല്‍, ഇതില്‍ ജനാധിപത്യ ധ്വംസനമൊന്നുമില്ലെന്നും കോണ്‍ഗ്രസ് മറ്റു പല സംസ്ഥാനങ്ങളിലും അനുവര്‍ത്തിക്കുന്ന രീതി കേരളത്തിലെ കോണ്‍ഗ്രസ്സിനും ബാധകമാക്കി എന്നേ ഉള്ളൂവെന്നും കെ.പി. ഉണ്ണികൃഷ്ണനെപ്പോലുള്ള നേതാക്കള്‍ വാദിക്കുന്നുണ്ട്. കേരളത്തിലെ സമുന്നതനായ നേതാവാണ് കെ. സുധാകരന്‍. വി.ഡി. സതീശനാകട്ടെ, പാര്‍ലമെന്ററി രംഗത്ത് മുന്‍കാലങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ ആളാണ്. അതുകൊണ്ട് ഇരുവരേയും സുപ്രധാന സ്ഥാനങ്ങളിലിരുത്തിയ ഹൈക്കമാന്‍ഡ് നടപടിയില്‍ അസ്വാഭാവികമായി ഒന്നുമില്ല.
 
അണികളുടെ ആഗ്രഹപ്രകാരമാണ് ഇവരെ പ്രധാന സ്ഥാനങ്ങളിലിരുത്തിയത് എന്നു ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഗ്രൂപ്പുകളുടെ രോഷം ഇപ്പോഴും പാര്‍ട്ടിക്കുള്ളില്‍ അമര്‍ന്നു കത്തുന്നുണ്ട്. കെ. സുധാകരന്‍, വി.ഡി. സതീശന്‍ എന്നിവരെ സുപ്രധാന സ്ഥാനങ്ങളില്‍ നിയോഗിച്ചത് മൂലം പരുക്ക് എ. ഗ്രൂപ്പിനാണെന്നും ഫലത്തില്‍ എ. ഗ്രൂപ്പിനെ ദുര്‍ബ്ബലപ്പെടുത്തുന്നതാണ് ഈ നീക്കങ്ങളെന്നുമാണ് ഉമ്മന്‍ ചാണ്ടിയോട് അടുപ്പമുള്ള വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ കോണ്‍ഗ്രസ്സില്‍ കേഡര്‍ എന്നു പറയാവുന്ന തരത്തിലുള്ള സംഘടനയോടും നേതാവിനോടുമുള്ള കൂറ് ശക്തമായുള്ളത് ഉമ്മന്‍ ചാണ്ടി നയിക്കുന്ന ഗ്രൂപ്പിനാണ്. മുന്‍കാലങ്ങളില്‍ ഐ ഗ്രൂപ്പിന്റെ ഭാഗമായി നിന്ന വി.ഡി. സതീശനും സുധാകരനും കോണ്‍ഗ്രസ്സിന്റെ സുപ്രധാന പദവികളില്‍ അവരോധിക്കപ്പെട്ടതോടെ ഉമ്മന്‍ ചാണ്ടി നയിക്കുന്ന ഗ്രൂപ്പിന് ഫലത്തില്‍ പ്രാതിനിധ്യം ഇല്ലാതായിരിക്കുകയാണ്. ഇനി കെ. മുരളീധരന്‍ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് നിയോഗിക്കപ്പെട്ടാലും അത് എ. ഗ്രൂപ്പിന്റെ പ്രാതിനിധ്യമായി അവര്‍ കണക്കാക്കിയേക്കില്ല. അദ്ദേഹം ഉമ്മന്‍ ചാണ്ടിയോട് അടുപ്പം പുലര്‍ത്തുന്നയാളാണെങ്കിലും എ ഗ്രൂപ്പിനോട് എല്ലാ സന്ദര്‍ഭത്തിലും ചേര്‍ന്നുനില്‍ക്കാറില്ല. നേരത്തെ ഐ ഗ്രൂപ്പില്‍ ഉണ്ടായിരുന്ന ആളുമായിരുന്നു. ഏതായാലും ഇന്നത്തെ അവസ്ഥയില്‍ ഉമ്മന്‍ ചാണ്ടി ഒട്ടും തൃപ്തനല്ലാ എന്നാണ് എ ഗ്രൂപ്പ് നേതാക്കന്മാര്‍ നല്‍കുന്ന സൂചന. 
കെ.പി.സി.സി അദ്ധ്യക്ഷനായി കെ. സുധാകരനെ നിയോഗിക്കാന്‍ തീരുമാനമെടുക്കുന്നതിനു മുന്‍പ് തങ്ങളോട് ഇക്കാര്യത്തില്‍ കൂടിയാലോചിക്കേണ്ട കാര്യമില്ലെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ നിയോഗിക്കുമ്പോള്‍ ഹൈക്കമാന്‍ഡ് സംസ്ഥാനതലത്തില്‍ ഒരു കൂടിയാലോചനയും നടത്തിയിരുന്നില്ല. ഇനി ഇക്കാര്യത്തിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനു സ്വതന്ത്രമായി തീരുമാനമെടുക്കാവുന്നതാണ് എന്ന് അറിയിക്കുകയായിരുന്നുവത്രേ. ഗ്രൂപ്പ് രാഷ്ട്രീയം അവസാനിച്ചു കാണാനുള്ള താല്‍പ്പര്യത്തില്‍നിന്നല്ല, മറിച്ച് സംസ്ഥാന നേതൃത്വത്തെ അവഗണിച്ചുകൊണ്ട് പ്രതിപക്ഷ നേതാവിനെ 'വാഴിച്ചതിലുള്ള' അതൃപ്തിയായിരുന്നുവെന്നു ഹൈക്കമാന്‍ഡിന് വ്യക്തമായിരുന്നു. തുടര്‍ന്ന് ഗ്രൂപ്പ് വികാരങ്ങളെ തണുപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി രമേശ് ചെന്നിത്തലയെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും അദ്ദേഹത്തിനു വ്യക്തിപരമായി നേരിട്ട വിഷമങ്ങളെ ശമിപ്പിക്കുകയും ചെയ്തതും വാര്‍ത്തകളിലുണ്ടായി. 

ഗ്രൂപ്പുകളുടെ താല്‍പ്പര്യമെന്തെന്ന് ആരായാന്‍ തയ്യാറെങ്കിലും അവ മറികടന്നു ഹൈക്കമാന്‍ഡ് സ്വന്തം താല്‍പ്പര്യം നടപ്പാക്കാന്‍ ഇടയുണ്ടെന്ന മുന്‍ധാരണയില്‍ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാനുള്ള ശ്രമം ഉമ്മന്‍ ചാണ്ടി നടത്തിയത് വിജയിക്കാതെ പോയത് സ്വന്തം ഗ്രൂപ്പില്‍നിന്നു തന്നെയുള്ളവര്‍ പിറകില്‍നിന്നു കുത്തിയതിന്റെ ഫലമായിരുന്നു. പി.ടി. തോമസ്, കെ. ബാബു, തിരുവഞ്ചൂര്‍ തുടങ്ങിയവര്‍ പ്രതിപക്ഷ നേതൃസ്ഥാനം നോട്ടമിട്ടിട്ടുണ്ടായിരുന്നു. എന്നാല്‍, രമേശാണ് ഉമ്മന്‍ ചാണ്ടിയുടെ താല്‍പ്പര്യമെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ ഫലത്തില്‍ വി.ഡി. സതീശന് അനുകൂലമാകുന്ന നിലപാടെടുക്കുകയായിരുന്നു. ഗ്രൂപ്പുകള്‍ക്കതീതമായി കെട്ടുറപ്പുള്ള പാര്‍ട്ടി എന്ന മുദ്രാവാക്യം ഇതിനു മറയാക്കാനും അവര്‍ക്കു സാധിച്ചു. കേരളത്തിലെ കോണ്‍ഗ്രസ്സില്‍ കെ.സി. വേണുഗോപാല്‍ എന്ന എ.ഐ.സി.സി അഖിലേന്ത്യാ സെക്രട്ടറിയുടെ വളര്‍ന്നുവരുന്ന സ്വാധീനത്തിന്റെ കൂടി പ്രതിഫലനമായി പുതിയ സ്ഥാനാരോഹണങ്ങള്‍. 

ഗ്രൂപ്പ് നേതാക്കളുടെ മനസ്സറിഞ്ഞ് കെ.പി.സി.സി അദ്ധ്യക്ഷനെ നിയോഗിക്കുന്ന പതിവ് ഇത്തവണ വേണ്ടെന്നു രാഹുലിനു താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍, തീരുമാനം അടിച്ചേല്‍പ്പിച്ചു എന്ന പഴി ഒഴിവാക്കാനും അദ്ദേഹത്തിനു ആഗ്രഹമുണ്ടായിരുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ താരിഖ് അന്‍വറിനെ ഇക്കാര്യത്തിനു നിയോഗിച്ചു. അദ്ദേഹം ഗ്രൂപ്പ് നേതാക്കളേയും ജനപ്രതിനിധികളേയും ഭാരവാഹികളേയും ഫോണില്‍ വിളിച്ചു. അഭിപ്രായം ആരായുകയും ചെയ്തു. നേരത്തേ പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ അവരുടെ അഭിപ്രായം കണക്കിലെടുത്തിട്ടില്ല. ആയതിനാല്‍ ഇക്കാര്യത്തില്‍ ഒരു അഭിപ്രായം പറയുന്നതില്‍നിന്ന് ചാണ്ടിയും ചെന്നിത്തലയും വിട്ടുനിന്നു അതേസമയം, അവര്‍ക്കിരുവര്‍ക്കും സുധാകരനോട് എതിര്‍പ്പില്ലെന്ന വിലയിരുത്തലാണ് ഹൈക്കമാന്‍ഡിന് ഉണ്ടായത്. 
ഇതിനിടെ നേരത്തെ കോണ്‍ഗ്രസ്സില്‍ പുതുരാഷ്ട്രീയവക്താക്കള്‍ എന്ന നിലയില്‍ എടുത്തു കാണിക്കപ്പെട്ടിരുന്ന വിഭാഗത്തില്‍ വി.ഡി. സതീശനൊന്നിച്ചുണ്ടായിരുന്ന ഷാഫി പറമ്പിലും വയനാട്ടില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതോടെ വേണുഗോപാലുമായി അടുത്ത സിദ്ദിഖും അടക്കമുള്ളവര്‍ സതീശനോട് എതിര്‍പ്പില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. എ ഗ്രൂപ്പിന്റെ കെട്ടുറപ്പിനെയാണ് ഈ പിരിഞ്ഞുപോകലുകള്‍ ബാധിച്ചത്. തുടര്‍ന്ന് സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായി. ഗ്രൂപ്പുകള്‍ക്കതീതമായ പിന്തുണ ഹൈക്കമാന്‍ഡിന് ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ട് എന്നു വ്യക്തം. ഈ അവസ്ഥയില്‍ ഖിന്നനായാണ് ചെന്നിത്തല പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ സ്ഥാനാരോഹണ വേളയില്‍ ഒപ്പമുണ്ടായവര്‍ എല്ലാവരും എപ്പോഴും ഒപ്പമുണ്ടാകാനിടയില്ലെന്ന് ഉറക്കെ പരിതപിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തത്. അദ്ദേഹത്തിന്റെ വികാരപ്രകടനം കുറിക്കുകൊള്ളുക തന്നെ ചെയ്തു. ഹൈക്കമാന്‍ഡ് ചെന്നിത്തലയെ ഡല്‍ഹിയിലേയ്ക്ക് വിളിപ്പിക്കുകുയും ആവലാതികള്‍ കേള്‍ക്കുകയും ചെയ്തു. വൈകാതെ എ.കെ. ആന്റണി ഡല്‍ഹി രാഷ്ട്രീയം മതിയാക്കി കേരളത്തിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ വര്‍ക്കിങ് കമ്മറ്റിയിലേക്ക് രമേശ് ചെന്നിത്തലയെ എത്തിക്കാനും സംഘടനാ ചുമതല ഏല്‍പ്പിക്കാനുമാണ് രാഹുല്‍ ഗാന്ധിയുടെ പദ്ധതി. അത് യാഥാര്‍ത്ഥ്യമാകുന്നതോടെ ഐ ഗ്രൂപ്പ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് പരിസമാപ്തിയാകുമെന്നാണ് പ്രതീക്ഷ. അതോടെ കെ.സി. വേണുഗോപാലിന്റെ സ്വാധീനം കേരളത്തിലെ പാര്‍ട്ടിയില്‍ വര്‍ദ്ധിക്കാനും പഴയ ഐ ഗ്രൂപ്പ് അദ്ദേഹത്തിനു കീഴില്‍ ശക്തിപ്പെടാനുമാണ് സാധ്യത. 

അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് നിര്‍ജ്ജീവമാകാനുള്ള സാധ്യതയും ഇല്ലെന്നുതന്നെ പറയാം. കാരണം കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ പിന്‍ബലം യഥാര്‍ത്ഥത്തില്‍ എ വിഭാഗം എന്നുവിളിക്കുന്ന ഈ വിഭാഗം തന്നെയാണ്. സുധാകരന്റേയും സതീശന്റേയും നിയമനങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച അലയൊലികളെ അടക്കിനിര്‍ത്താന്‍ രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കുന്നതിലൂടെ തല്‍ക്കാലം ഹൈക്കമാന്‍ഡിനു കഴിഞ്ഞിട്ടുണ്ടെങ്കിലും വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ നിയമനത്തെ സംബന്ധിച്ച് ഉമ്മന്‍ ചാണ്ടി വിഭാഗം ഉയര്‍ത്തിയ മുറുമുറുപ്പുകള്‍ക്ക് ഇപ്പോഴും ശമനമായിട്ടില്ല. 

ഗ്രൂപ്പ് രാഷ്ട്രീയം എന്ന ജന്മവൈകല്യം 

കോണ്‍ഗ്രസ് എന്നത് ഒരു കൂടാര പാര്‍ട്ടിയാണ് (Big tent party) വ്യത്യസ്ത ആശയക്കാരുടേയും ചിന്താഗതിക്കാരുടേയും ഒരു തുറന്ന വേദി. അത്തരം ഒരു സംഘടനയ്ക്ക് സഹജമായ ദൗര്‍ബ്ബല്യങ്ങളിലൊന്നാണ് ആന്തരികമായ ഉള്‍പ്പിരിവുകള്‍. ശക്തമായ ഒരു കേന്ദ്രീകൃത നേതൃത്വത്തിന്റെ ആദ്ധ്യക്ഷത്തിലും നിര്‍വ്വചിക്കപ്പെട്ട ലക്ഷ്യത്തെ സംബന്ധിച്ച ധാരണയിലുമാണ് സാധാരണഗതിയില്‍ ഈ ഉള്‍പ്പിരിവുകള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ ഇത്തരം പാര്‍ട്ടികള്‍ മറികടക്കാറുള്ളത്. ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനം എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലം തൊട്ടേ കോണ്‍ഗ്രസ്സില്‍ നിരവധി ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു. മിക്കപ്പോഴും ആദര്‍ശാശയ സമുച്ചയങ്ങളെ ആസ്പദമാക്കിയുള്ള സംഘം ചേരലുകളായിരുന്നു അവ. മലബാറിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഒരു ഉദാഹരണമാണ്. ആശയങ്ങളേയും ആദര്‍ശങ്ങളേയും അടിസ്ഥാനമാക്കിയുള്ള ഭിന്നതകളുടെ ഒരു സന്ദര്‍ഭത്തിലാണ് മുഹമ്മദ് അബ്ദുറഹിമാന്‍ കോണ്‍ഗ്രസ് അധ്യക്ഷനായും ഇ.എം.എസ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടത്. കെ. കേളപ്പനായിരുന്നു അന്ന് എതിര്‍ചേരിയെ നയിച്ചത്. 

ഗ്രൂപ്പിസത്തിന്റെ ചരിത്രം 

സ്വാതന്ത്ര്യാനന്തരം 1952-ലെ തെരഞ്ഞെടുപ്പോടെയാണ് സാരമായ തോതില്‍ കെ.പി.സി.സിയെ ഗ്രൂപ്പിസം ഗ്രസിക്കാന്‍ തുടങ്ങിയത്. കേളപ്പന്റെ നേതൃത്വത്തില്‍ ഒരു ഗ്രൂപ്പും കെ. മാധവമേനോന്‍, സി.കെ. ഗോവിന്ദന്‍നായര്‍, കുട്ടിമാളു അമ്മ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മറ്റൊരു ഗ്രൂപ്പും പാര്‍ട്ടിയെ നെടുകെ പിളര്‍ത്തിയതും ചരിത്രമാണ്. ഗ്രൂപ്പിസം സഹിക്കാതെ അഖിലേന്ത്യാ നേതൃത്വം ഇടപെടുകയും അഖിലേന്ത്യാതലത്തില്‍നിന്ന് ഒരാളെ പ്രസിഡന്റാക്കി ഒരു അഡ്‌ഹോക്ക് കമ്മിറ്റിയെ പ്രദേശത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കാന്‍ നിയോഗിച്ചതും അതിന്റെ ഭാഗമാണ്. 1952-ലെ തെരഞ്ഞെടുപ്പില്‍ കേളപ്പനും കെ.എ. ദാമോദര മേനോനും പാര്‍ലമെന്റിലേക്ക് കോണ്‍ഗ്രസ്സിനെതിരെ മത്സരിച്ച് ജയിച്ചിട്ടുമുണ്ട്. 

ഐക്യകേരളം പിറവിയെടുത്തതിനുശേഷവും കോണ്‍ഗ്രസ്സില്‍ ഐക്യമുണ്ടായില്ല. തിരു-കൊച്ചിയും മലബാറും ഒന്നായി കെ.പി.സി.സി രൂപീകരിച്ചശേഷം 1957-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഗവണ്‍മെന്റ് രൂപീകരിച്ചത്. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ നേതാവായ പട്ടം താണുപ്പിള്ളയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നില്ല. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി മാറുകയാണ് ഉണ്ടായത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിച്ചതും പട്ടംതാണുപ്പിള്ളയുടെ നേതൃത്വത്തിലുള്ള വിഭാഗം തിരുവിതാംകൂറില്‍ വിട്ടുപോയതും കേരളത്തില്‍ പൊതുവേ കോണ്‍ഗ്രസ്സിന്റെ ശക്തിക്ഷയത്തിനു കാരണമായി. എന്നാല്‍, ഗ്രൂപ്പുരാഷ്ട്രീയം ഉള്‍പ്പെടെയുള്ള പ്രതികൂലഘടകങ്ങള്‍ ഏല്‍പ്പിച്ച പരുക്കുകളെ കോണ്‍ഗ്രസ് മറികടക്കുന്നത് സാമുദായിക വലതുപക്ഷത്തെ തങ്ങളോട് ചേര്‍ത്തുനിര്‍ത്തിയാണ്. ശബരിമല ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ ഇന്നും കോണ്‍ഗ്രസ്സിന്റെ സാമുദായിക മതപ്രീണനത്തിനു അടിത്തറയാകുന്നതും സാമുദായിക വലതുപക്ഷത്തെ പ്രീണിപ്പിക്കുകയെന്ന ആ പഴയ തന്ത്രമാണ്. ആ നിലയ്ക്ക് ഇന്നും കേരള രാഷ്ട്രീയത്തെ വലത്തോട്ട് പിടിച്ചുവലിക്കുന്ന നിലപാടുകള്‍ക്ക് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസം ഒരു കാരണമായെന്നു കാണാം. 

വിമോചനസമരത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരുപറ്റം വിദ്യാര്‍ത്ഥി നേതാക്കന്മാര്‍ ഉദിച്ചുയരുകയായിരുന്നു. കേരളാ സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ നീലക്കൊടി ക്യാംപസുകളില്‍ അതോടെ ഉയര്‍ന്നുപൊങ്ങിത്തുടങ്ങി. ക്യാംപസുകളില്‍ ക്രമേണ ആ സംഘടന ഒരു അനിഷേധ്യശക്തിയായി മാറുകയായിരുന്നു. എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി തുടങ്ങിയ വിദ്യാര്‍ത്ഥി നേതാക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുതന്നെ പുതിയ ഉണര്‍വ്വും ഉയിരും പ്രദാനം ചെയ്തു. കോണ്‍ഗ്രസ്സിന്റെ മുഖച്ഛായ മാറി. അറുപതുകളില്‍ കോണ്‍ഗ്രസ്സിനു ലഭിച്ച ഇന്ദിരയുടെ നേതൃത്വവും അവരുടെ ജനകീയ പരിപാടികളും പൊതുവേ ഇടതുപക്ഷമനസ്സുള്ള കേരളസമൂഹത്തില്‍ വലിയ ചലനങ്ങളുണ്ടാക്കി. എന്നാല്‍, അപ്പോഴും കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിസം കൊടികുത്തി വാണു. ആര്‍. ശങ്കറും പി. ടി. ചാക്കോയും മറ്റും ഗ്രൂപ്പ് നേതാക്കന്മാരായി. 1962 മുതല്‍ 1964 വരെ രണ്ട് വര്‍ഷക്കാലം മാത്രമാണ് ശങ്കറിന് മുഖ്യമന്ത്രിയായി തുടരാന്‍ കഴിഞ്ഞത് അപ്പോഴേക്കും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന് അധികാരമൊഴിയേണ്ടി വന്നു. പീച്ചി സംഭവത്തെ തുടര്‍ന്ന് പി. ടി. ചാക്കോവിനു പാര്‍ട്ടിതന്നെ വിട്ടുപോകേണ്ടിവന്നതിനു പിറകിലും ഗ്രൂപ്പിസം തന്നെ. 

ദേശീയതലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് കേരളത്തിലും പ്രതിഫലിച്ചു. എം. കമലം, കെ. ശങ്കരനാരായണന്‍, ടി.ഒ. ബാവ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിയില്‍ സ്വാധീനമുള്ള ഇടത്തരം നേതാക്കളും സംഘടനാ കോണ്‍ഗ്രസ്സിന്റെ ഭാഗമായി. ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് റിക്വിസിഷണിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ പുതിയ നേതൃത്വം അനിവാര്യമായി. 

അവഗണിക്കാനാകാത്ത യാഥാര്‍ത്ഥ്യങ്ങള്‍ 

രാഷ്ട്രീയരംഗത്ത് പരിചയമുള്ള വലിയൊരു വിഭാഗം സംഘടനാ കോണ്‍ഗ്രസ്സിനൊപ്പം നിലയുറപ്പിച്ചതോടെ കെ.എസ്.യു നേതാക്കളായ പലര്‍ക്കും പുതിയ ചുമതലകള്‍ നല്‍കേണ്ടിവന്നു. രാഷ്ട്രീയ പരിചയം കുറവായിരുന്ന അവര്‍ക്ക് നേരത്തെ കോണ്‍ഗ്രസ്സില്‍ ഉണ്ടായിരുന്നവരും ഇന്ദിരയ്‌ക്കൊപ്പം നിലയുറപ്പിച്ചിരുന്നവരുമായ കെ. കരുണാകരനും സി.എം. സ്റ്റീഫനും ആര്‍. ശങ്കറും വലിയ പിന്തുണ നല്‍കി. എന്നാല്‍, പിന്നീട് കെ. കരുണാകരന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ ലീഡറാക്കി ഒരു ഗ്രൂപ്പും പുതിയ തലമുറയിലുള്ള വയലാര്‍ രവിയുടേയും എ.കെ. ആന്റണിയുടേയും ഉമ്മന്‍ ചാണ്ടിയുടേയും നേതൃത്വത്തിലുള്ള മറ്റൊരു വിഭാഗവും പിന്നീട് രൂപപ്പെട്ടു. 

അടിയന്തരാവസ്ഥക്കാലത്ത് പലതവണയായി ഇന്ദിരയെ നേതാക്കള്‍ കയ്യൊഴിഞ്ഞപ്പോള്‍ അതിന്റെ പ്രതിഫലനവും കേരളത്തിലുണ്ടായി. ആന്റണിയും ഉമ്മന്‍ ചാണ്ടിയും അങ്ങനെ കോണ്‍ഗ്രസ് വിട്ടവരാണ്. അവരോടൊപ്പം അവരെ പിന്തുണച്ചിരുന്ന വിഭാഗവും കോണ്‍ഗ്രസ്സില്‍ നിന്നും പുറത്തുപോയി വേറെ പാര്‍ട്ടിയുണ്ടാക്കിയിട്ടുണ്ട്. '80-കളുടെ തുടക്കത്തില്‍ കോണ്‍ഗ്രസ് യു എന്ന പാര്‍ട്ടിയെ നയിച്ച ആന്റണിയും കൂട്ടരും സി.പി.എമ്മിനൊപ്പം മന്ത്രിസഭയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, ദേശീയതലത്തില്‍ ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി നില ഭദ്രമാക്കുകയും അധികാരം ഉറപ്പിക്കുകയും ചെയ്തതോടെ കേരളത്തില്‍ ഈ വിഭാഗത്തില്‍പ്പെട്ട നേതാക്കന്മാരും അണികളും വീണ്ടും കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് തിരിച്ചുപോയി. എങ്കിലും ഗ്രൂപ്പിസത്തിനു തിരശ്ശീല വീഴുകയുണ്ടായില്ല. ആന്റണിയുടേയും കരുണാകരന്റേയും നേതൃത്വത്തിലുള്ള രണ്ടുവിഭാഗങ്ങളും തിരുത്തല്‍വാദികളുമെല്ലാം ഇടയ്ക്കിടയ്ക്ക് വാര്‍ത്തകളുടെ തലക്കെട്ടുകള്‍ പിടിച്ചെടുത്തുകൊണ്ടിരുന്നു. ഒടുവില്‍ കെ. കരുണാകരന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടിക്കു പുറത്തുപോയിട്ടും ഗ്രൂപ്പിസം ഇല്ലാതായില്ല. പഴയ കരുണാകര ശിഷ്യന്മാരും തിരുത്തല്‍ വാദികളും അവശിഷ്ട ഐഗ്രൂപ്പുകാരും മറ്റൊരു ഗ്രൂപ്പായി സംഘടിച്ചു. 

ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം കോണ്‍ഗ്രസ്സിന്റെ ഭാവിയ സംബന്ധിച്ച് വലിയ ചോദ്യമാണ് ഉയര്‍ത്തിയിരിക്കുന്നത്. കേരളത്തിലും കേന്ദ്രത്തിലും അധികാരത്തിലില്ലാത്ത പാര്‍ട്ടി നിലനില്‍പ്പു സംബന്ധിച്ച വലിയ വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ അധികാരമേറ്റ സതീശനും സുധാകരനുമുള്‍പ്പെടെയുള്ളവര്‍ പരിഹാരം കണ്ടെത്തേണ്ടതും ഈ വെല്ലുവിളികള്‍ക്കു തന്നെയാണ്. ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും പാര്‍ട്ടിയിലുള്ള സ്വാധീനത്തെ അവഗണിച്ചുകൊണ്ട് ഇരുവര്‍ക്കും മുന്നോട്ടു പോകാനാകില്ലെന്ന് സ്പഷ്ടം. എന്നാല്‍, ഗ്രൂപ്പിസം അവസാനിപ്പിക്കുന്നതിനേക്കാള്‍ സംഘടനാപരമായ ജനാധിപത്യം ഉറപ്പാക്കുന്നതില്‍ ഊന്നല്‍ നല്‍കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്ന് കോണ്‍ഗ്രസ്സിന്റെ ചരിത്രം അറിയാവുന്നവര്‍ പറയും. 

ഗ്രൂപ്പുകള്‍ എളുപ്പം ഇല്ലാതാകില്ല 

സണ്ണിക്കുട്ടി അബ്രഹാം 
പത്രപ്രവര്‍ത്തകന്‍ 

കോണ്‍ഗ്രസ് പാര്‍ട്ടി ഉണ്ടായ കാലം തൊട്ട് കേരളത്തില്‍ ആ പാര്‍ട്ടിക്കകത്ത് ഗ്രൂപ്പ് വ്യത്യാസങ്ങളുമുണ്ട്. അത്ര എളുപ്പത്തിലൊന്നും ഇല്ലാതാകുന്ന ഒന്നല്ല. മലബാറിലായിരുന്നല്ലോ അന്ന് കോണ്‍ഗ്രസ് പാര്‍ട്ടി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുമൊക്കെ ഈ ഗ്രൂപ്പുകളില്‍നിന്നുമാണ് മുളപൊട്ടുന്നത്. പി. കൃഷ്ണപ്പിള്ളയും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബുമൊക്കെ ഇങ്ങനെ ഗ്രൂപ്പുകളുടെ ഭാഗമായി നിന്നതാണ്. 1940-ല്‍ കെ.പി.സി.സി അധ്യക്ഷനായി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് കെ.പി.സി.സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് അത്തരം പ്രവര്‍ത്തനങ്ങളുടെ ഒരു പരിണതിയാണ്. അക്കാലത്തുതന്നെ കേളപ്പന്റെ നേതൃത്വത്തില്‍ ഗാന്ധിയന്‍ സംഘവും ഉണ്ടായിരുന്നു. ആശയങ്ങളെ അടിത്തറയാക്കിയ ഇത്തരം ഉള്‍പ്പിരിവുകളായിരുന്നു ആദ്യകാല ഗ്രൂപ്പുകള്‍. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പുകള്‍ ഇല്ലാതായിട്ടില്ല. പി.ടി. ചാക്കോയും ആര്‍. ശങ്കറുമൊക്കെ ഗ്രൂപ്പു നേതാക്കന്മാരായിരുന്നു. സി.കെ.ജിയും സി.എം. സ്റ്റീഫനുമൊക്കെ ഗ്രൂപ്പുകളുടെ ഭാഗമായിരുന്നു. സംഘടനാവിഭാഗം, പാര്‍ലമെന്ററി വിഭാഗം എന്നതരത്തിലായിരുന്നു '70-കളില്‍ ഈ ഉള്‍പ്പിരിവുകള്‍ ദൃശ്യമായത്. കെ. കരുണാകരനും മറ്റും നയിച്ച ഒരു വിഭാഗവും എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയുമൊക്കെ നയിച്ച മറ്റൊരു വിഭാഗവും കോണ്‍ഗ്രസ്സില്‍ ശക്തമായി. '80-കളിലും '90-കളിലുമൊക്കെ ഈ നേതാക്കന്മാര്‍ നയിച്ച ഗ്രൂപ്പുകള്‍ കോണ്‍ഗ്രസ്സില്‍ സജീവമായിരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. 

കേരളത്തിലെ ഗ്രൂപ്പിസം അവസാനിപ്പിക്കുന്നതിന് ഹൈക്കമാന്‍ഡിന്റെ നടപടികള്‍ പര്യാപ്തമാകുമെന്നു കരുതാനാകില്ല. ഒരു തവണ വി.എം. സുധീരനെ അദ്ധ്യക്ഷനാക്കിയത് ഇങ്ങനെയൊരു നീക്കത്തിന്റെ ഭാഗമായിരുന്നു. അന്നത്തേക്കാള്‍ ദുര്‍ബ്ബലമാണ് ഇന്ന് ഹൈക്കമാന്‍ഡിന്റെ അവസ്ഥ. ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ പഴയപോലെ ഒരു നീക്കം എത്രമാത്രം ഫലപ്രദമാകുമെന്ന് കണ്ടറിയേണ്ടതുണ്ട്. ഗ്രൂപ്പിസം ഇല്ലാതാക്കുന്നത് പഴയ പ്രബലരായ നേതാക്കളെയും അവരുടെ അഭിപ്രായങ്ങളേയും അവഗണിച്ചുകൊണ്ടാകരുത്.

കേരളത്തില്‍ സംഘടനാപരമായ ദൗര്‍ബ്ബല്യമാണ് പ്രധാനപ്രശ്‌നം. ജംബോ കമ്മിറ്റികള്‍ വേണ്ടെന്നുവയ്ക്കണം എന്നൊക്കെ പറയാനെളുപ്പമാണ്. എന്നാല്‍, കമ്മിറ്റികളുടെ വലിപ്പം ചുരുക്കുമ്പോള്‍ കുറച്ചുപേര്‍ സംഘടനാപരമായി ഇനി സജീവമാകേണ്ടതില്ല എന്നു തീരുമാനിച്ചാല്‍ എന്തു ചെയ്യാനൊക്കും? സംഘടനാ തെരഞ്ഞെടുപ്പാണ് മറ്റൊരു പ്രശ്‌നം. തീര്‍ച്ചയായും പ്രശ്‌നങ്ങളുണ്ടാകും. പക്ഷേ, ഇത്തിരി പ്രയാസപ്പെട്ടാണെങ്കിലും സംഘടനാ തെരഞ്ഞെടുപ്പുകള്‍ സമയാസമയങ്ങളില്‍ നടത്തുന്ന ഒരു ശീലം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. 

അധികാരം മാത്രം ലക്ഷ്യമിട്ട ഗ്രൂപ്പ് പ്രവര്‍ത്തനം ശാപം

എന്‍.പി. രാജേന്ദ്രന്‍
പത്രപ്രവര്‍ത്തകന്‍ 

കോണ്‍ഗ്രസ് പാര്‍ട്ടി ഉണ്ടായ കാലം തൊട്ടേ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുമുണ്ട്. എന്നാല്‍, അന്ന് ഇന്നത്തെപ്പോലെയല്ല. ഏതെങ്കിലും ആശയത്തേയും ആദര്‍ശത്തേയോ ഒക്കെ അടിസ്ഥാനപ്പെടുത്തിയുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഗ്രൂപ്പുകളായി പ്രത്യക്ഷപ്പെടുക. ഗ്രൂപ്പുകളുടെ ലക്ഷ്യം അധികാരം മാത്രമായതാണ് ഇന്നത്തെ പ്രശ്‌നം. ഗ്രൂപ്പുകളുടെ പ്രസക്തിയെ ഞാന്‍ തള്ളിപ്പറയുകയൊന്നുമില്ല. ഗ്രൂപ്പുപ്രവര്‍ത്തനങ്ങളും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. ഒരര്‍ത്ഥത്തില്‍ ഓരോ രാഷ്ട്രീയപ്പാര്‍ട്ടിയും ഓരോ ഗ്രൂപ്പുകളല്ലേ? കോണ്‍ഗ്രസ്സില്‍ ഇന്ദിരാഗാന്ധിയുടേയും മൊറാര്‍ജി ദേസായിയുടേയും നേതൃത്വത്തില്‍ ഗ്രൂപ്പുകളുണ്ടായിരുന്നു. ഇന്ദിരയുടെ നേതൃത്വത്തിലുളള ഗ്രൂപ്പാണ് കോണ്‍ഗ്രസ്സ് (ആര്‍) ആയി മാറിയത്.
 
ഇന്ന് ഈ ഗ്രൂപ്പുകളൊക്കെ വ്യക്തികളെ ചുറ്റിപ്പറ്റി അധികാരലബ്ധിയെന്ന തത്ത്വത്തെ മാത്രം അടിസ്ഥാനമാക്കി നില്‍ക്കുമ്പോഴാണ് കുഴപ്പമാകുന്നത്. ഇപ്പോള്‍ അത്തരത്തിലുള്ള ഗ്രൂപ്പിസത്തിനു അവസാനം കാണാനുള്ള ഇച്ഛാശക്തി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേന്ദ്രനേൃത്വം കാണിച്ചിരിക്കുന്നുവെന്നത് നല്ല കാര്യമായിട്ടേ ഞാന്‍ പറയൂ. ഏതായാലും പഴയ ഗ്രൂപ്പുകളൊന്നും അതേ രീതിയില്‍ ഇന്ന് കോണ്‍ഗ്രസ്സിലില്ല. ഉമ്മന്‍ ചാണ്ടിയല്ലേ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് പിന്തുണച്ചത്? ചാണ്ടിയുടെ കൂടെയുള്ളവരല്ലേ സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിന്തുണച്ചത്? അതുകൊണ്ട് അത്തരം ഗ്രൂപ്പുകള്‍ക്കൊക്കെ പഴയ രീതിയിലുള്ള പ്രസക്തി ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല. ഒരു പാര്‍ട്ടിക്കുള്ളില്‍ തീരുമാനങ്ങളുണ്ടാകുമ്പോള്‍ വേണ്ട രീതിയില്‍ കണ്‍സല്‍ട്ടേഷന്‍ ഉണ്ടാകണം. സുധാകരനെ അദ്ധ്യക്ഷസ്ഥാനത്തേയ്ക്കു തീരുമാനിക്കുമ്പോള്‍ അത്തരം കണ്‍സള്‍ട്ടേഷനൊക്കെ ഉണ്ടായിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കെ.സി. വേണുഗോപാല്‍ അമിതാധികാരം കാണിക്കുന്നുവെന്നതായിരുന്നു മറ്റൊരു ആരോപണം. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ അദ്ദേഹം ആ രീതിയില്‍ ഇടപെടുകയുണ്ടായില്ലല്ലോ? ഈ പരാതികളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് ഞാന്‍ കരുതുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com