ക്ഷേമ സ്‌കോളര്‍ഷിപ്പുകള്‍ വിവാദമാകുമ്പോള്‍

ക്ഷേമ സ്‌കോളര്‍ഷിപ്പുകള്‍ വിവാദമാകുമ്പോള്‍

ഉചിതമായ ചര്‍ച്ചകളും നയപരമായ തീരുമാനവും എടുത്തില്ലെങ്കില്‍ ലവ് ജിഹാദ് വിഷയത്തിലടക്കം കേരളത്തില്‍ കൂടി വരുന്ന ക്രൈസ്തവ-മുസ്ലിം ഭിന്നത കൂടുതല്‍ രൂക്ഷമാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയേക്കാം

ന്യൂനപക്ഷ ക്ഷേമ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കണമെന്ന് നിര്‍ദ്ദേശിച്ചും നിലവില്‍ നല്‍കിവരുന്ന 80:20 അനുപാതം റദ്ദാക്കികൊണ്ടും കേരള ഹൈക്കോടതി ഉത്തരവിട്ടു. കേരള സമൂഹത്തില്‍ ദൂരവ്യാപകമായി തന്നെ രാഷ്ട്രീയ-സാമൂഹ്യചലനങ്ങള്‍ ഉണ്ടാക്കാന്‍ പാകത്തിലുള്ള വിധിയാണ് കോടതിയില്‍നിന്നുമുണ്ടായത്. ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ വ്യക്തമാക്കുന്ന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ കേരളത്തില്‍ നിയോഗിക്കപ്പെട്ട പാലോളി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് കോടതി തീരുമാനം. മുസ്ലിം ക്ഷേമത്തിനായി 2008-ല്‍ അംഗീകരിക്കപ്പെട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2011-ല്‍ വന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് സ്‌കോളര്‍ഷിപ്പുകളില്‍ 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കും പരീക്ഷാപരിശീലന കേന്ദ്രങ്ങളില്‍ 20 ശതമാനം വരെ മറ്റ് ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കുമായി ഏര്‍പ്പെടുത്തിയത്.  പിന്നീട് 2015-ല്‍ വന്ന സര്‍ക്കാര്‍ ഉത്തരവിലും 20 ശതമാനം സംവരണം തുടര്‍ന്നു. ഇതിനെയാണ് കോടതി ചോദ്യം ചെയ്തിരിക്കുന്നത്. മുസ്ലിം സമുദായത്തിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങള്‍ പല കോണുകളില്‍നിന്ന് ഉയര്‍ത്തുന്നതിനിടയിലാണ് കോടതിവിധിയും ഉണ്ടാകുന്നത്. സാമുദായികമായ പ്രത്യാഘാതങ്ങളേക്കാള്‍ രാഷ്ട്രീയമായ മുതലെടുപ്പുകള്‍ക്കും വഴിവെക്കുന്നതാണ് ഇതുണ്ടാക്കിയ സാഹചര്യം. ഒരു വശത്ത്, സര്‍ക്കാരുകള്‍ മുസ്ലിം പ്രീണനം നടത്തുന്നുവെന്ന് സംഘ്പരിവാര്‍ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ന്യൂനപക്ഷങ്ങളുടെ ആനുകൂല്യങ്ങള്‍ മുസ്ലിം വിഭാഗം കയ്യടക്കുന്നുവെന്ന വാദം മറ്റു കോണില്‍നിന്നും ഉയരുന്നു. എന്നാല്‍, 2006-ല്‍ മുസ്ലിം സമുദായത്തിലെ പിന്നോക്കാവസ്ഥ പരിഹരിക്കാനാണ് സച്ചാര്‍ കമ്മിറ്റി നിര്‍ദ്ദേശമനുസരിച്ച് സ്‌കോളര്‍ഷിപ്പുകളും സംവരണവും ഏര്‍പ്പെടുത്തിയതെന്ന കാര്യം പലപ്പോഴും മറന്നുപോവുകയും ചെയ്യുന്നു. അതേസമയം, ദളിത്-പിന്നാക്ക ക്രൈസ്തവരുടെ സാമൂഹ്യമായ പിന്നോക്കാവസ്ഥ പരിഹരിക്കാനാവശ്യമായ മെച്ചപ്പെട്ട നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളില്‍ മാത്രം ഒതുങ്ങേണ്ടതല്ല അത്. എന്നാല്‍, കോടതി വിധിയെ എങ്ങനെ സമീപിക്കുമെന്ന് സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടുമില്ല.

സച്ചാര്‍, പാലോളി കമ്മിറ്റികള്‍

ഇന്ത്യയിലെ മുസ്ലിങ്ങളുടെ വിദ്യാഭ്യാസപരവും സാമൂഹ്യവും സാമ്പത്തികവുമായ അവസ്ഥയെകുറിച്ച് പഠിക്കാനാണ് യു.പി.എ സര്‍ക്കാര്‍ 2005 മാര്‍ച്ച് ഒന്‍പതിന് ജസ്റ്റിസ് രജീന്ദ്ര സച്ചാറിന്റെ നേതൃത്വത്തില്‍ ഏഴംഗ കമ്മിറ്റിയെ നിയോഗിച്ചത്. ഒന്നര വര്‍ഷത്തിന് ശേഷം 2006 നവംബര്‍ 30-ന് റിപ്പോര്‍ട്ട് പാര്‍ലമെന്റിന് സമര്‍പ്പിച്ചു. രാജ്യത്തെ മുസ്ലിങ്ങളുടെ ദൈന്യമായ അവസ്ഥ ചൂണ്ടികാണിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടേതിനേക്കാള്‍ നേരിയ വ്യത്യാസം മാത്രമാണ് മുസ്ലിങ്ങളുടെ ജീവിത നിലവാരമെന്ന് റിപ്പോര്‍ട്ട് പറയുന്നു. മുസ്ലിങ്ങള്‍ കൂടുതലായി താമസിക്കുന്നയിടങ്ങളിലെ ചികിത്സാ സൗകര്യങ്ങളില്ലായ്മ, ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ്, സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ നാമമാത്രമായ പ്രാതിനിധ്യം, ജോലി ഉള്ളവര്‍ തന്നെ താഴ്ന്ന തസ്തികയില്‍ മാത്രം ജോലിചെയ്യുന്ന അവസ്ഥ, ഇന്ത്യയിലെ മറ്റ് മതങ്ങളിലുള്ളവരെ അപേക്ഷിച്ച് ദാരിദ്ര്യം ഏറ്റവും കൂടുതല്‍ അങ്ങനെ നിരവധി കണ്ടെത്തലുകളാണ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞത്. മുസ്ലിങ്ങളുടെ ജീവിതത്തെ ആഴത്തില്‍ പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നതിനൊപ്പം നയപരമായ പരിഹാര നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തു സച്ചാര്‍ കമ്മിറ്റി.

മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനായി കമ്മിറ്റി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി 2007 ഒക്ടോബര്‍ 15-ന് കേരള സര്‍ക്കാര്‍ സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പഠന കമ്മിറ്റി ഉണ്ടാക്കി. അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രിയായ പാലോളി മുഹമ്മദ് കുട്ടി അദ്ധ്യക്ഷനും ടി.കെ. ഹംസ എം.പി, കെ.ഇ. ഇസ്മയില്‍ എം.പി, എ.എ. അസീസ് എം.എല്‍.എ, ടി.കെ. വില്‍സന്‍, ഡോ. ഫസല്‍ ഗഫൂര്‍, ഒ. അബ്ദുറഹ്മാന്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, സി. അഹമ്മദ്കുഞ്ഞ്, കടക്കല്‍ അബ്ദുള്‍ അസീസ് മൗലവി എന്നിവര്‍ അംഗങ്ങളുമായുള്ളതായിരുന്നു കമ്മിറ്റി. മൂന്ന് മാസത്തെ പഠനത്തിനും സിറ്റിങ്ങിനും വിവരശേഖരണത്തിനുമൊടുവില്‍ 2008 ഫെബ്രുവരി 21-ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2008 മെയ് ആറിന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് ഉത്തരവായി.

കേരളത്തിലെ മുസ്ലിങ്ങളുടെ സാമൂഹ്യ-വിദ്യാഭ്യാസ-തൊഴില്‍ പിന്നോക്കാവസ്ഥ പാലോളി കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 14 ജില്ലകളിലും നടത്തിയ സിറ്റിങ്ങിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവരങ്ങളും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള ഡാറ്റയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠന റിപ്പോര്‍ട്ടുകളും പാലോളി കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശകലനം ചെയ്യുന്നുണ്ട്. കേരളത്തില്‍ 18-നും 25-നും ഇടയിലുള്ളവരുടെ പഠനത്തിന്റെയും തൊഴിലിന്റെയും കണക്കില്‍ ഏറ്റവും പിന്നിലുള്ളത് മുസ്ലിം സമുദായമാണെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കോളേജില്‍ പഠിക്കുന്നവരുടെ സമുദായാടിസ്ഥാനത്തിലുള്ള കണക്കില്‍ ഹിന്ദു 18.7, മുന്നാക്ക ഹിന്ദു 28.1, പിന്നാക്ക ഹിന്ദു 16.7, പട്ടിക ജാതി 10.3, പട്ടിക വര്‍ഗം 11.8, ക്രിസ്ത്യന്‍ 20.5, മുസ്ലിം 8.1 എന്നിങ്ങനെയാണ്. കോളേജടക്കം മറ്റ് പഠനങ്ങളും കൂടിയെടുത്താല്‍ ഹിന്ദു 28.6, മുന്നാക്ക ഹിന്ദു 39.7, പിന്നാക്ക ഹിന്ദു 26.9, പട്ടികജാതി 16.9, പട്ടിക വര്‍ഗം 17.7, ക്രിസ്ത്യന്‍ 35.4, മുസ്ലിം 14.3 എന്നാണ്.

ഈ പ്രായത്തിനിടയിലുള്ളവരുടെ തൊഴിലില്ലായ്മയുടെ കണക്കെടുത്താലും മുസ്ലിം സമുദായത്തിലാണ് കൂടുതല്‍. ഹിന്ദു 39.1, മുന്നാക്ക ഹിന്ദു 36.3, പിന്നാക്ക ഹിന്ദു 40.2, പട്ടികജാതി 40.9, പട്ടിക വര്‍ഗം 45.1, ക്രിസ്ത്യന്‍ 31.9, മുസ്ലിം 55.2 എന്നാണ് കണക്ക്. ദാരിദ്ര്യത്തിന്റെ കാര്യത്തില്‍, പട്ടിക വര്‍ഗം 38.7, പട്ടിക ജാതി 38, മുസ്ലിം 28.7, ഹിന്ദു 22.6, ക്രിസ്ത്യന്‍ നാല് ശതമാനം എന്നിങ്ങനെയാണ്. നാഷണല്‍ സാംപിള്‍ സര്‍വ്വെ പ്രകാരം കേരളത്തില്‍ 37.8 ശതമാനം മുസ്ലിങ്ങളും ഭൂരഹിതരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ക്രിസ്ത്യന്‍ വിഭാഗത്തില്‍ ഇത് മൂന്ന് ശതമാനമാണ്. മുസ്ലിം പ്രദേശങ്ങളില്‍ മതിയായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്തതും ഗതാഗത സൗകര്യങ്ങളില്ലാത്തതും വിദ്യാഭ്യാസത്തില്‍നിന്ന് മുസ്ലിം കുട്ടികള്‍ കൊഴിഞ്ഞുപോകുന്നതിനെക്കുറിച്ചും അതിന്റെ കാരണങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കേരളത്തിലെ മുസ്ലിങ്ങളുടെ ഉന്നമനത്തിനായുള്ള നിര്‍ദ്ദേശങ്ങളും നടപടികളും പാലോളി കമ്മിറ്റി മുന്നോട്ടുവെച്ചത്. പ്രൊഫഷണല്‍ ഉന്നതവിദ്യാഭ്യാസത്തിനുള്ള സഹായങ്ങള്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പാക്കുക, സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങളിലെ മുസ്ലിം പ്രാതിനിധ്യമുയര്‍ത്താന്‍ കൃത്യമായ പരിശീലനങ്ങള്‍ നല്‍കുക, മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ കോളേജുകള്‍ ആരംഭിക്കുകയും പുതിയ കോഴ്സുകളും ബാച്ചുകളും സീറ്റുകളും അനുവദിക്കുക, പെണ്‍കുട്ടികള്‍ക്കായി തൊഴിലധിഷ്ഠിത കോഴ്സുകളും പരിശീലന കേന്ദ്രങ്ങളും ആരംഭിക്കുക, ഹോസ്റ്റല്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, തൊഴില്‍ മേഖലയില്‍ മുസ്ലിം സ്ത്രീകളുടെ പ്രാതിനിധ്യം ഉയര്‍ത്തുക, യോഗ്യരായ എല്ലാ മുസ്ലിം പെണ്‍കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കുക, ഗവേഷണ സംബന്ധിയായ പഠനത്തിന് വര്‍ഷത്തില്‍ 12000 രൂപ, ഡിഗ്രി, പി.ജി. കോഴ്സുകള്‍ പഠിക്കുന്നവര്‍ക്ക് വര്‍ഷം 2000 രൂപയടക്കം  മറ്റ് വിവിധ തരം സ്‌കോളര്‍ഷിപ്പുകള്‍ പ്രോത്സാഹിപ്പിക്കാനും നല്‍കാനും കമ്മിറ്റി നിര്‍ദ്ദേശം വെച്ചു. കേരളത്തിലെ പിന്നാക്ക ന്യൂനപക്ഷ മുസ്ലിം സമുദായത്തിന്റെ ജീവിതാവസ്ഥ മെച്ചപ്പെടുത്താന്‍ ഈ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ക്ക് കഴിയുമെന്ന പ്രതീക്ഷയും റിപ്പോര്‍ട്ടില്‍ പങ്കുവെയ്ക്കുന്നുണ്ട്.

മാറ്റം വരുത്തിയ ഉത്തരവ്

മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാനുള്ള നിര്‍ദ്ദേശങ്ങളും പഠനങ്ങളും മാത്രമാണ് പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. അതിന്റെ ഉദ്ദേശ്യവും അതുതന്നെയായിരുന്നു. എന്നാല്‍ 2011-ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ അവസാനകാലത്ത് വന്ന രണ്ട് ഉത്തരവുകളിലൂടെയാണ് 20 ശതമാനം പ്രാതിനിധ്യം മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമായി മാറ്റിവെച്ചത്. മുസ്ലിം യുവജനതയ്ക്കായുള്ള സിവില്‍ സര്‍വ്വീസ്, യു.പി.എസ്.സി പി.എസ്.സി ബാങ്കിങ് സര്‍വ്വീസ്, എന്‍ട്രന്‍സ് തുടങ്ങിയ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലന കേന്ദ്രങ്ങളില്‍ മുസ്ലിം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് അവസര നഷ്ടമുണ്ടാകാത്ത വിധത്തില്‍ 10 മുതല്‍ 20 ശതമാനം വരെ സീറ്റുകളില്‍ മറ്റ് ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കു കൂടി പ്രവേശനം അനുവദിച്ചുകൊണ്ട് 2011 ജനുവരി 31-ന് സര്‍ക്കാര്‍ ഉത്തരവിറക്കി. 2011 ഫെബ്രുവരി രണ്ടിലെ ഉത്തരവില്‍ ബിരുദ, ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് എന്നിവയുടെ 20 ശതമാനം ലത്തീന്‍-പരിവര്‍ത്തിത ക്രൈസ്തവ വിദ്യാര്‍ത്ഥിനികള്‍ക്കു കൂടി അനുവദിച്ചുകൊണ്ടും ഉത്തരവിറങ്ങി.

ഇതുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ മുസ്ലിംലീഗ് നേതാക്കള്‍ ഇക്കാര്യത്തിലെ അവ്യക്തതകളും വന്നേക്കാവുന്ന പ്രശ്‌നങ്ങളും ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ അക്കാര്യം പരിഗണിച്ചില്ല. കൂടുതല്‍ വാദങ്ങള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികളും മുതിര്‍ന്നില്ല. പിന്നീട് യു.ഡി.എഫ് അധികാരത്തില്‍ വന്നെങ്കിലും മുന്‍ സര്‍ക്കാരിന്റെ കാലത്തെടുത്ത ഈ തീരുമാനം തിരുത്തുന്നത് സാമുദായികമായ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം എന്ന വിലയിരുത്തലില്‍ ആ രീതിയില്‍ തന്നെ മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയാണുണ്ടായത്. പിന്നീട് സി.എ. അടക്കം മൂന്ന് കോഴ്സുകള്‍ക്ക് കൂടി സ്‌കോളര്‍ഷിപ്പ് അനുവദിച്ചുകൊണ്ടുള്ള 2015 മെയ് എട്ടിലെ ഉത്തരവിലും 20 ശതമാനം മറ്റ് വിഭാഗങ്ങള്‍ക്ക് എന്നത് പിന്തുടര്‍ന്നു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പരിശീലനകേന്ദ്രങ്ങളുടെ പേരുമാറ്റം നടത്തിയിരുന്നു. കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്ലിം യൂത്ത് എന്നത് കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് എന്നാക്കി മാറ്റി. മുസ്ലിം എന്നത് ന്യൂനപക്ഷം എന്നാക്കി മാറ്റിയത് മറ്റ് വിഭാഗം കുട്ടികളും അവിടെ പഠിക്കുന്നതുകൊണ്ടായിരുന്നു എന്നാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പുമന്ത്രിയായിരുന്ന കെ.ടി. ജലീല്‍ പറയുന്നത്.

എന്നാല്‍, മുസ്ലിങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ കൂടുതല്‍ ലഭിക്കുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നടക്കുന്നതിനിടയില്‍ ഈ പേരുമാറ്റവും സ്വാധീനിക്കപ്പെട്ടതായി മുസ്ലിം സംഘടനകള്‍ ആരോപിക്കുന്നുണ്ട്. മുസ്ലിം ക്ഷേമപദ്ധതികള്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ എന്ന തരത്തില്‍ അവതരിപ്പിക്കപ്പെട്ടു. ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും തുല്യമായി നല്‍കണം എന്നും 80:20 എന്നതിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ടുമാണ്  ജസ്റ്റിന്‍ പള്ളിവാതുക്കല്‍ ഹൈക്കോടതിയില്‍ പൊതുതാല്പര്യഹര്‍ജി ഫയല്‍ ചെയ്തത്. ഇതിലാണ് ക്ഷേമപദ്ധതികള്‍ക്കായുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ റദ്ദാക്കികൊണ്ട് ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ നല്‍കണം എന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

ഇനിയെന്ത്?

വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് പോകണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇപ്പോഴും വ്യക്തമായ ഒരു നിലപാട് എടുത്തിട്ടില്ല. കോടതി വിധി നടപ്പാക്കേണ്ടതാണ് എന്നാണ് മന്ത്രി എം.വി. ഗോവിന്ദന്‍ പറഞ്ഞത്. എന്നാല്‍, മുഖ്യമന്ത്രി അത്തരത്തില്‍ പ്രതികരിച്ചിട്ടുമില്ല. വിധി വന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതും റദ്ദാകും. ഇക്കാര്യത്തില്‍ ഉചിതമായ ചര്‍ച്ചകളും നയപരമായ തീരുമാനവും എടുത്തില്ലെങ്കില്‍ ലവ് ജിഹാദ് വിഷയത്തിലടക്കം കേരളത്തില്‍ കൂടി വരുന്ന ക്രൈസ്തവ-മുസ്ലിം ഭിന്നത കൂടുതല്‍ രൂക്ഷമാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയേക്കാം. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ കേരള സമൂഹത്തില്‍ വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്താനുള്ള ശ്രമങ്ങളെ തള്ളികളയണമെന്നാണ് മുതിര്‍ന്ന സി.പി.എം നേതാവ് എം.എ. ബേബിയുടെ ഇക്കാര്യത്തിലെ പ്രതികരണം. എന്നാല്‍, ക്രൈസ്തവ-മുസ്ലിം ജനവിഭാഗങ്ങളെ എല്‍.ഡി.എഫിന് എതിരാക്കി നിര്‍ത്താന്‍ വേണ്ടിയുള്ള ഈ ശ്രമങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും തിരക്കഥയുണ്ട് എന്നാണ് മുന്‍മന്ത്രി കെ.ടി. ജലീലിന്റെ ആരോപണം.

നിലവില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജെ.ബി. കോശി കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന് പ്രത്യേക ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ സാമുദായികമായ അസ്വസ്ഥതകള്‍ ഉണ്ടാവുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാതിരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ ഉണ്ടാവേണ്ടതാണ്.

വിധിക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി. അബുബക്കര്‍ മുസ്ലിയാര്‍, മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, ഡോ. ഫസല്‍ ഗഫൂര്‍ തുടങ്ങി നിരവധി മുസ്ലിം സമുദായ-സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. മദ്രസ അദ്ധ്യാപകര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നു എന്ന  പ്രചാരണത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുക, വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങള്‍ വ്യക്തമാക്കുന്ന ധവളപത്രം പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നുണ്ട്. 

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണ് ഇതെന്നും അപ്പീലിന് പോകാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പറയുന്നു. ''സച്ചാര്‍ കമ്മിറ്റിയും പാലോളി കമ്മിറ്റിയും മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും മാത്രമുള്ളതായിരുന്നു. പല സമുദായത്തിനും പലതരത്തിലുള്ള കമ്മിറ്റികളുണ്ട്. അതിലെല്ലാമുള്ള ആനുകൂല്യങ്ങള്‍ അതത് സമുദായത്തിന് കിട്ടേണ്ടതാണ്. മുസ്ലിം കുട്ടികള്‍ക്ക് കിട്ടേണ്ട ആനുകൂല്യത്തില്‍നിന്ന് 20 ശതമാനം മാറ്റിയത് തെറ്റായ നടപടിയായിരുന്നു. മറ്റൊന്നാണ് പരിശീലന കേന്ദ്രങ്ങളുടെ പേര് മാറ്റിയത്. ഇടതുസര്‍ക്കാര്‍ മനപ്പൂര്‍വ്വം നടത്തിയ ഈ രണ്ട് കാര്യങ്ങളാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമായത്. കോടതി ഇതിന്റെ പശ്ചാത്തലം നോക്കാതെ ഉപരിപ്ലവമായാണ് തീരുമാനമെടുത്തത്. ഫലത്തില്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള ആനുകൂല്യങ്ങളും കിട്ടാത്ത അവസ്ഥയായി. സര്‍ക്കാര്‍ അപ്പീലിന് പോയി തിരുത്തിയില്ലെങ്കില്‍ ഇതുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കും''- ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com