പ്രക്ഷുബ്ധകാലത്തും ചരിത്രം രചിച്ച് നിയമസഭ അറുപത്തിയഞ്ചിലേക്ക്

മുന്‍പില്ലാത്ത ദുരനുഭവങ്ങളുടെ കറുത്തപാട് കൂടി  അടയാളപ്പെടുത്തിക്കൊണ്ടാണ് ചരിത്രസന്ദര്‍ഭങ്ങള്‍ പിറന്ന കേരള നിയമസഭ 64 വയസ്സ് പൂര്‍ത്തിയാക്കുന്നത്
പ്രക്ഷുബ്ധകാലത്തും ചരിത്രം രചിച്ച് നിയമസഭ അറുപത്തിയഞ്ചിലേക്ക്

കേരളത്തില്‍നിന്നു രാജ്യസഭയിലേക്ക് ഒഴിവുവരുന്ന മൂന്നു സീറ്റുകളിലേക്ക് ഇപ്പോള്‍ തെരഞ്ഞെടുപ്പു നടത്താന്‍ വിസമ്മതിച്ച കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനെ നിയമപരമായി പൊരുതി തോല്‍പ്പിച്ചുകൊണ്ടാണ് കേരള നിയമസഭ അറുപത്തിയഞ്ചിലേക്കു കടക്കുന്നത്. ഔദ്യോഗികമായി നിയമസഭയല്ല; കാലാവധി കഴിയുന്ന 14-ാം നിയമസഭയിലെ അംഗം എസ്. ശര്‍മ്മയാണ് കോടതിയില്‍ പോയത്. അതുപക്ഷേ, സഭാംഗം എന്ന നിലയില്‍ ഈ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനുള്ള സ്വന്തം അവകാശം ഉറപ്പുവരുത്തുന്നതിനായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദമല്ല, കേരളത്തിലെ സാമാജികന്റെ അവകാശമാണ് വിജയിച്ചത്. കേരള നിയമസഭയ്ക്കു തലയെടുപ്പു നല്‍കുന്ന അഭിമാനവേളകളുടെ സമീപകാല അനുഭവങ്ങളിലൊന്നു മാത്രമാണിത്. അതേസമയം, മുന്‍പില്ലാത്ത ദുരനുഭവങ്ങളുടെ കറുത്തപാട് കൂടി അടയാളപ്പെടുത്തിക്കൊണ്ടാണ് ചരിത്രസന്ദര്‍ഭങ്ങള്‍ പിറന്ന കേരള നിയമസഭ 64 വയസ്സ് പൂര്‍ത്തിയാക്കുന്നത്. ഒന്നാം കമ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാര്‍ ആദ്യമായി നിയമസഭ ചേര്‍ന്ന ഏപ്രില്‍ മാസത്തില്‍ത്തന്നെയാണ് സഭാനാഥനായ സ്പീക്കറെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതും. ലോകം ഉറ്റുനോക്കിയ 1957-ലെ ഒന്നാം ഇ.എം.എസ്. സര്‍ക്കാരിന്റേയും ഒന്നാം നിയമസഭയുടേയും രാഷ്ട്രീയ പിന്തുടര്‍ച്ചക്കാരനാണ് സംശയനിഴലില്‍ നില്‍ക്കേണ്ടിവരുന്ന സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നത് യാദൃച്ഛികം. 1957 ഏപ്രില്‍ 27-നാണ് നിയമസഭ ആദ്യം ചേര്‍ന്നത്. ഈ 27-ന് 64 തികയും. 14-ാം നിയമസഭയുടെ കാലാവധി സാങ്കേതികമായി ജൂണ്‍ വരെയുണ്ട്. എങ്കിലും അഞ്ചാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പു ഫലം മെയ് രണ്ടിനു വന്നുകഴിഞ്ഞാല്‍ വൈകാതെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കായി ചേരും. പുതിയ സഭയില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയും മുന്നണിയും ആരാകുമെന്നറിയാന്‍ കേരളം കാത്തിരിക്കുകയാണ്; ആരാകും മുഖ്യമന്ത്രി? ആരാകും സ്പീക്കര്‍? ആരാകും പ്രതിപക്ഷ നേതാവ്? തുടങ്ങിയ ആകാംക്ഷകളുടെ മുള്‍മുനയിലാണ് കേരളം. ഇടതുമുന്നണിയുടെ ഭരണത്തുടര്‍ച്ചയ്ക്കാണോ പ്രതിപക്ഷമായ യു.ഡി.എഫിന്റെ തിരിച്ചുവരവിനാണോ നിയമസഭ സാക്ഷ്യം വഹിക്കാന്‍ പോകുന്നത് എന്നതാണ് ആകാംക്ഷയുടെ ആകെത്തുക. 2007-ല്‍ നിയമസഭയുടെ 50-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്കും 2017-ല്‍ 60-ാം വാര്‍ഷികത്തിനും നേതൃത്വം നല്‍കാന്‍ അവസരം കിട്ടിയത് ഇടതുപക്ഷ ജനാധിപത്യമുന്നണിക്കാണ്. 50-ാം വാര്‍ഷികത്തില്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരും 60-ല്‍ പിണറായി വിജയന്‍ സര്‍ക്കാരും. കേരളപ്പിറവിയുടെ 60-ാം വാര്‍ഷികം, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം എന്നിവയ്ക്കും ഇപ്പോഴത്തെ സഭാകാലത്ത് പ്രത്യേക സമ്മേളനങ്ങള്‍ ചേര്‍ന്നു. അറുപത്തിയഞ്ചും എഴുപതും വര്‍ഷാഘോഷങ്ങളെ നയിക്കാന്‍ നിയോഗിതരാകുന്ന രാഷ്ട്രീയ മുന്നണിയേയും സര്‍ക്കാരിനേയും സ്പീക്കറേയും കാത്തിരിക്കുക കൂടിയാണ് നിയമസഭ. 

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം 

മലയാളം സംസാരിക്കുന്ന പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 1956 നവംബര്‍ ഒന്നിനു രൂപീകരിച്ച കേരളത്തിന്റെ നിയമനിര്‍മ്മാണസഭയില്‍ ആദ്യമായി മാതൃഭാഷയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് 27 വര്‍ഷത്തിനുശേഷമാണ് എന്നറിയാമോ? ഏഴാം നിയമസഭയിലായിരുന്നു അത്. ഒന്നാം നിയമസഭയില്‍ അവിശ്വാസ പ്രമേയങ്ങള്‍ വന്നിരുന്നില്ല; രണ്ടാം നിയമസഭ മുതലായിരുന്നു തുടക്കം. മൂന്ന്, നാല്, ആറ് സഭകളിലും അവിശ്വാസ പ്രമേയങ്ങള്‍ ഉണ്ടായി. എല്ലാം ഇംഗ്ലീഷില്‍. അവിശ്വാസത്തില്‍ മാത്രമല്ല, ഒട്ടുമിക്ക നടപടിക്രമങ്ങളിലും ഇംഗ്ലീഷിന്റെ സ്വാധീനം ശക്തമായിരുന്നു. 
1985 ഏപ്രില്‍ എട്ടിന് കെ. കരുണാകരന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയമാണ് ആദ്യമായി മലയാളത്തില്‍ നിയമസഭാ സെക്രട്ടേറിയറ്റിന് എഴുതിക്കൊടുത്തതും സഭയില്‍ അവതരിപ്പിച്ചതും. ''ശ്രീ. കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ഈ സഭ അവിശ്വാസം രേഖപ്പെടുത്തുന്നു'' എന്ന ഒറ്റവരി പ്രമേയം അവതരിപ്പിച്ചത് സഭയിലും പുറത്തും സി.പി.എമ്മിന്റെ തീപ്പൊരി നേതാവായിരുന്ന എം.വി. രാഘവന്‍. അതേ എം.വി.ആര്‍. പിന്നീട് യു.ഡി.എഫ് മന്ത്രിസഭയില്‍ അംഗമായത് കേരള രാഷ്ട്രീയത്തിലെ വലിയ അദ്ധ്യായത്തിലെ ഭാഗം. എട്ട്, ഒന്‍പത്, 11, 14-ാം നിയമസഭകളില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ മാതൃകയായത് എം.വി. രാഘവന്റെ മലയാളം പ്രമേയം. 64-ന് എതിരെ 74 അംഗങ്ങളുടെ എതിര്‍പ്പോടെ കരുണാകരന്‍ സര്‍ക്കാരിനെതിരായ പ്രമേയം സഭ തള്ളി. എങ്കിലും ഏഴാം നിയമസഭയില്‍ത്തന്നെ വീണ്ടും അവിശ്വാസമുണ്ടായി, 1986-ല്‍. പ്രതിപക്ഷ നേതാവ് ഇ.കെ. നായനാരുടെ ആ പ്രമേയവും മലയാളത്തിലായിരുന്നു. 

കേരളത്തെ ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തിയ ആറര പതിറ്റാണ്ടിന്റെ പര്യായംകൂടിയാണ് നിയമസഭ. 50 വര്‍ഷം തുടര്‍ച്ചയായി അംഗമായിരുന്ന രണ്ടുപേര്‍ കേരള നിയമസഭയുടെ മാത്രം പ്രത്യേകതയാണ്. രാജ്യത്ത് മറ്റൊരു സഭയിലും ഇങ്ങനെയൊരു റെക്കോഡ് ഇല്ല. ആ രണ്ടു പേരില്‍ ഉമ്മന്‍ ചാണ്ടി അടുത്ത സഭയിലും അംഗമാകാന്‍ മത്സരിച്ചു ഫലം കാത്തിരിക്കുന്നു. കെ.എം. മാണി സഭാംഗമായിരിക്കേ രണ്ടു വര്‍ഷം മുന്‍പ് അന്തരിച്ചു. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ എം.എല്‍.എ വി.എസ്. അച്യുതാനന്ദനാണ്. 15-ാം നിയമസഭയിലേക്കു മത്സരിക്കാതിരുന്ന അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാത്ത സഭയാണ് വരാന്‍ പോകുന്നത്. ഒന്നാം നിയമസഭയിലും അംഗമായിരുന്നവരില്‍ ജീവിച്ചിരിക്കുന്നത് കെ.ആര്‍. ഗൗരിയമ്മ മാത്രം. മാത്യു ടി. തോമസ് ആണ് ഏറ്റവും കുറഞ്ഞ പ്രായത്തില്‍ അംഗമായത്. ആദ്യമായി എം.എല്‍.എ ആകുമ്പോള്‍ അദ്ദേഹത്തിന് 25 വയസ്സും ആറ് മാസവും. ആര്‍. ബാലകൃഷ്ണപിള്ളയാണ് പ്രായം കുറഞ്ഞ അംഗം എന്നായിരുന്നു ഇതുവരെ സഭാരേഖകളില്‍. പക്ഷേ, അദ്ദേഹം അംഗമായപ്പോള്‍ 26 വയസ്സുണ്ടായിരുന്നുവെന്ന് വ്യക്തമായതോടെയാണ് മാത്യു ടി. തോമസ് ആ റെക്കോഡിനുടമയായി മാറിയത്. 14-ാം നിയമസഭയിലും അംഗമായ മാത്യു ടി. തോമസ് തിരുവല്ലയില്‍ ഇത്തവണയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി. ഒന്നാം നിയമസഭയിലേക്ക് ഒന്‍പത് സ്ത്രീകളാണ് മത്സരിച്ചത്. ആറ് പേര്‍ ജയിച്ചു. നിലവിലെ സഭയില്‍ ഒന്‍പത് വനിതാ അംഗങ്ങള്‍; അവരില്‍ എട്ടും ഇടതുപക്ഷം. ആദ്യമായി രണ്ട് വനിതാ മന്ത്രിമാര്‍ ഉണ്ടായതും ഈ സഭാകാലത്ത്; അവര്‍, കെ.കെ. ശൈലജ ടീച്ചറും ജെ. മേഴ്സിക്കുട്ടിയമ്മയും വീണ്ടും മത്സരിക്കുന്നു.

എ.കെ. ആന്റണി, വി.എസ്. അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി എന്നിവരാണ് കേരള സമൂഹത്തിനൊപ്പം ഇപ്പോഴുമുള്ള മുന്‍ മുഖ്യമന്ത്രിമാര്‍. മുന്‍ പ്രതിപക്ഷ നേതാക്കളും ഇവര്‍ തന്നെ. ആറ് മുന്‍ സ്പീക്കര്‍മാര്‍ സാമൂഹിക, രാഷ്ട്രീയ ചലനങ്ങളില്‍ ശ്രദ്ധയോടെ നമുക്കൊപ്പമുണ്ട്. വക്കം പുരുഷോത്തമന്‍, പി.പി. തങ്കച്ചന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, വി.എം. സുധീരന്‍, എം. വിജയകുമാര്‍, കെ. രാധാകൃഷ്ണന്‍. ഇവരില്‍ കെ. രാധാ കൃഷ്ണന്‍ മാത്രമാണ് ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 

ആദ്യമായി അവതരണാനുമതി തേടിയ അവിശ്വാസ പ്രമേയത്തിന് അനുമതി കിട്ടിയില്ല എന്നാണ് ചരിത്രം. ക്രമപ്രകാരമല്ല എന്നു ചൂണ്ടിക്കാട്ടിയാണ് സി.ജി. ജനാര്‍ദ്ദനന്റെ പ്രമേയത്തിന് സ്പീക്കര്‍ ഡി. ദാമോദരന്‍ പോറ്റി അനുമതി നിഷേധിച്ചത്. രണ്ടാം നിയമസഭയില്‍ 1961 ജൂണ്‍ 26-നായിരുന്നു ഇത്. പിറ്റേന്ന് ക്രമപ്രകാരം വേറെ പ്രമേയം കൊണ്ടുവന്നപ്പോള്‍ അനുമതി കിട്ടി. പി.എസ്.പി മന്ത്രിമാരായ പട്ടം താണുപിള്ള, കെ. ചന്ദ്രശേഖരന്‍ എന്നിവരില്‍ ഈ സഭ അവിശ്വാസം രേഖപ്പെടുത്തുന്നു എന്നായിരുന്നു ആദ്യ പ്രമേയം. ''പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്‌ക്കെതിരെ അവിശ്വാസം രേഖപ്പെടുത്തുന്നു'' എന്നു മാറ്റിയ പ്രമേയമാണ് 27-ന് അവതരിപ്പിച്ചത്. സഭ അതു ചര്‍ച്ച ചെയ്‌തെങ്കിലും വോട്ടിനിട്ടപ്പോള്‍ പ്രമേയത്തെ അനുകൂലിച്ചത് 30 പേരും എതിര്‍ത്തത് 86 പേരുമാണ്.

പ്രക്ഷുബ്ധകാലം 

സാമൂഹികക്ഷേമം ലക്ഷ്യം വെച്ച് ഏറ്റവുമധികം നിയമനിര്‍മ്മാണങ്ങള്‍ നടത്തിയ സഭ എന്ന ഖ്യാതി ലോകത്തിനു മുന്നില്‍ കേരളത്തിന്റെ അഭിമാനമാണ്. അതേസമയം, ആദിവാസി വിഭാഗത്തില്‍നിന്ന് കേരളത്തിലാദ്യമായി ഒരു മന്ത്രിയുണ്ടായത് 13-ാം നിയമസഭയിലാണ്; 2011-2016 ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ യുവജനക്ഷേമ മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മി. ഇപ്പോഴത്തെ സഭയുടെ കാലാവധി കഴിയുന്നതോടെ ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം ഇല്ലാതാകുന്നു എന്നതാണ് മറ്റൊരു വലിയ പ്രത്യേകത. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട് എം.എല്‍.എ ആയ അവസാനത്തെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി ജോണ്‍ ഫെര്‍ണാണ്ടസ് മാറും. ഇനി പാര്‍ലമെന്റിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ വംശജരെ നാമനിര്‍ദ്ദേശം ചെയ്യേണ്ട എന്ന നിയമഭേദഗതി പ്രാബല്യത്തിലാവുകയാണ്. കേരളത്തില്‍ ഇനി ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്‍നിന്ന് ജനപ്രതിനിധി ഉണ്ടാകണമെങ്കില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചുവരണം.

കുടിയൊഴിപ്പിക്കല്‍ നിരോധന നിയമമാണ് കേരള നിയമസഭ ആദ്യം പാസ്സാക്കിയത്. ഭൂപരിഷ്‌കരണ നിയമം ഉള്‍പ്പെടെ പിന്നീടിങ്ങോട്ടുണ്ടായ നിരവധി ചരിത്രപരമായ നിയമനിര്‍മ്മാണങ്ങളുടേയും സാമൂഹികനീതി ഉറപ്പാക്കാനുള്ള ഇടപെടലുകളുടേയും തുടക്കം. ഈ വര്‍ഷം ജനുവരി 21-നു പാസ്സാക്കിയ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി നിയമം അവസാനത്തേതും. കേരള മോഡല്‍ എന്ന കീര്‍ത്തി നേടിത്തന്ന നിയമനിര്‍മ്മാണങ്ങളുടെ നീണ്ട പട്ടിക ഈ നിയമസഭയ്ക്ക് സ്വന്തം. 

ചേര്‍ന്നത് ഏപ്രില്‍ 27-ന് ആണെങ്കിലും 1957 ഫെബ്രുവരിയില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പിനു ശേഷം മാര്‍ച്ച് ഒന്നിന് ഒന്നാം നിയമസഭ രൂപീകരിച്ചു. 127 അംഗങ്ങളായിരുന്നു ആ സഭയിലുണ്ടായിരുന്നത്. ശങ്കരനാരായണന്‍ തമ്പി സ്പീക്കറും കെ.ഒ. അയിഷാ ബായി ഡെപ്യൂട്ടി സ്പീക്കറും. കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് വിമോചനസമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഒന്നാം ഇ.എം.എസ്. സര്‍ക്കാരിനെ പിരിച്ചുവിട്ടതോടെ 1959 ജൂലൈ 31-ന് നിയമസഭയും ഇല്ലാതായി. ഏഴ് സമ്മേളനങ്ങളിലായി 175 ദിവസമാണ് ഒന്നാം നിയമസഭ ചേര്‍ന്നത്. സര്‍വ്വകലാശാലാ ബില്‍, വിദ്യാഭ്യാസ ബില്‍, കാര്‍ഷികബന്ധ ബില്‍ എന്നീ ചരിത്രപ്രധാന ബില്ലുകള്‍ ഉള്‍പ്പെടെ 88 ബില്ലുകള്‍ സഭയില്‍ അവതരിപ്പിച്ചു നിയമമാക്കി. ഭരണ, പ്രതിപക്ഷ പാര്‍ട്ടികളുടെ സഭാ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കാര്യോപദേശക സമിതിയും രൂപീകരിച്ചു.
ഒന്നാം നിയമസഭയിലെന്നതുപോലെ രണ്ടാം നിയമസഭയിലും ഡെപ്യൂട്ടി സ്പീക്കറായത് സ്ത്രീയാണ് എന്നതും മുസ്ലിം സ്ത്രീയാണ് എന്നതും രാജ്യത്തൊരിടത്തും തുല്യതയില്ലാത്ത റെക്കോഡുകളിലൊന്നാണ്. എ. നഫീസത്തു ബീവി ആയിരുന്നു 1960 ഫെബ്രുവരി 22-നു രൂപീകരിച്ച രണ്ടാം നിയമസഭയുടെ ഉപാധ്യക്ഷ. കെ.എം. സീതി സാഹിബ് സ്പീക്കറായി. സീതി സാഹിബിന്റെ വിയോഗത്തോടെ സി. എച്ച്. മുഹമ്മദ് കോയ സ്പീക്കറായി; 1961 ജൂണ്‍ ഒന്‍പതിന്. നവംബര്‍ 10-ന് അദ്ദേഹം രാജിവച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ 13-ന് അലക്‌സാണ്ടര്‍ പറമ്പിത്തറയ്ക്കായി സ്പീക്കര്‍ പദവി. പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യ മുന്നണി സര്‍ക്കാര്‍ രൂപീകരിച്ചത് രണ്ടാം നിയമസഭാകാലത്താണ്. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും മുസ്ലിംലീഗുമായിരുന്നു ആ മുന്നണിയിലെ കക്ഷികള്‍. സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് മുന്നണിയിലെ ആഭ്യന്തരപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇടപെട്ട കോണ്‍ഗ്രസ് ദേശീയ നേതൃത്വം പട്ടം താണുപിള്ളയെ പഞ്ചാബ് ഗവര്‍ണറായി നിയമിച്ചു. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായിരുന്ന ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായി. കേരളത്തിലെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി. ആ സര്‍ക്കാരിനും കാലാവധി തികയ്ക്കാന്‍ കഴിഞ്ഞില്ല. 1964 സെപ്റ്റംബര്‍ മൂന്നിന് പി.കെ. കുഞ്ഞ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസ്സായി. രണ്ടു ദിവസത്തെ ചര്‍ച്ചയ്ക്കുശേഷം വോട്ടിനിട്ടപ്പോള്‍ 50-ന് എതിരെ 73 അംഗങ്ങളുടെ പിന്തുണയാണ് അവിശ്വാസത്തിനു കിട്ടിയത്. സഭ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. 12 സമ്മേളനങ്ങളിലായി 300 ദിവസമാണ് രണ്ടാം നിയമസഭ ചേര്‍ന്നത്. 159 നിയമങ്ങള്‍ നിര്‍മ്മിച്ചു. പഞ്ചായത്ത് നിയമം, പൊലീസ് നിയമം തുടങ്ങിയ പ്രധാന നിയമങ്ങള്‍ ഇതില്‍പ്പെടും. 

1965-ലെ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം കിട്ടിയില്ല. അതോടെ രാഷ്ട്രപതിഭരണം 1967 മാര്‍ച്ച് വരെ നീണ്ടു. മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടാം ഇ.എം.എസ്. സര്‍ക്കാര്‍ നിലവില്‍ വന്നു. ഡി. ദാമോദരന്‍ പോറ്റി സ്പീക്കര്‍, എം.പി മുഹമ്മദ് ജാഫര്‍ ഖാന്‍ ഡെപ്യൂട്ടി സ്പീക്കര്‍. ഇതിനിടെ 1964-ല്‍ പിളര്‍ന്ന കമ്യൂണിസ്റ്റു പാര്‍ട്ടി സി.പി.ഐയും സി.പി.എമ്മുമായി മാറിയിരുന്നു. സപ്തകക്ഷി മുന്നണി എന്നു പേരുകേട്ട മുന്നണിയാണ് സി.പി.എമ്മിന്റേയും സി.പി.ഐയുടേയും നേതൃത്വത്തില്‍ രൂപീകരിച്ചത്. രണ്ടാം ഇ.എം.എസ്. സര്‍ക്കാരിനും കാലാവധി തികയ്ക്കാനായില്ല. അഴിമതി ആരോപണങ്ങള്‍ ഉള്‍പ്പെടെ മുന്നണിയേയും സര്‍ക്കാരിനേയും ഉലച്ചു. 1969 നവംബര്‍ ഒന്നിന് സര്‍ക്കാര്‍ രാജിവച്ചു. പക്ഷേ, നിയമസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി ഗവര്‍ണറോട് ശുപാര്‍ശ ചെയ്തില്ല. ഈ അവസരം ഉപയോഗപ്പെടുത്തി സി.പി.എം ഇല്ലാത്ത പുതിയ സര്‍ക്കാരിനു സി.പി.ഐ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചു. സി. അച്യുതമേനോന്‍ ആയിരുന്നു മുഖ്യമന്ത്രി. ആ സര്‍ക്കാരും അധികം നിലനിന്നില്ല. 1970 ജൂണ്‍ 26-ന് നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. പുതിയ നിയമസഭാ രൂപീകരണത്തിനു വേണ്ടി തെരഞ്ഞെടുപ്പു നടത്തുകയായിരുന്നു ലക്ഷ്യം. ഏഴ് സമ്മേളനങ്ങളിലായി 211 ദിവസം ചേര്‍ന്ന മൂന്നാം നിയമസഭ 102 നിയമങ്ങള്‍ നിര്‍മ്മിച്ചു. സഹകരണസംഘങ്ങള്‍ രൂപീകരിക്കുന്നതു സംബന്ധിച്ച നിയമം, ഭൂപരിഷ്‌കരണ നിയമഭേദഗതി, കാലിക്കറ്റ് സര്‍വ്വകലാശാലാ രൂപീകരണ നിയമം തുടങ്ങിയവ അവയില്‍ പ്രധാനമാണ്. മഹാത്മാഗാന്ധിയുടെ നൂറാം ജന്മവാര്‍ഷികമായിരുന്ന 1969 ഒക്ടോബറില്‍ ഒരു ദിവസത്തെ പ്രത്യേക സമ്മേളനവും ചേര്‍ന്നു. 

മുസ്ലിംലീഗ് നേതാവ് കെ. മൊയ്തീന്‍കുട്ടി ഹാജി എന്ന ബാവ ഹാജി സ്പീക്കറും ആര്‍.എസ്. ഉണ്ണി ഡെപ്യൂട്ടി സ്പീക്കറുമായി 1970 ഒക്ടോബര്‍ നാലിനാണ് നാലാം നിയമസഭ നിലവില്‍ വന്നത്. സി. അച്യുതമേനോന്‍ ആയിരുന്നു മുഖ്യമന്ത്രി. നാലാം നിയമസഭയുടെ കാലാവധി മൂന്നു ഘട്ടങ്ങളിലായി 1977 മാര്‍ച്ച് 21 വരെ നീണ്ടു. 1970 ജൂണ്‍ 25ന് അര്‍ദ്ധരാത്രി പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച കുപ്രസിദ്ധമായ അടിയന്തരാവസ്ഥയാണ് പ്രധാന കാരണം. 1975-ല്‍ നടക്കേണ്ട തെരഞ്ഞെടുപ്പു നടന്നില്ല. ആറു വര്‍ഷവും അഞ്ചു മാസവും 18 മാസവും സഭ നിലനിന്നു. 16 സമ്മേളനങ്ങളിലായി 322 ദിവസമാണ് ആ സഭ ചേര്‍ന്നത്. 226 ബില്ലുകള്‍ പാസ്സാക്കി. പട്ടികജാതി, പട്ടികവര്‍ഗ്ഗ ക്ഷേമത്തിനുള്ള നിയമസഭാ സമിതി രൂപീകരിച്ചത് ഈ സഭയിലാണ്. 1972 ആഗസ്റ്റ് 14-ന് സ്വാതന്ത്ര്യത്തിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രത്യേക സമ്മേളനം ചേര്‍ന്നതും നാലാം നിയമസഭയാണ്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗം ഉള്‍പ്പെടെ തുടക്കത്തില്‍ 127-ഉം പിന്നീട് 134-ഉം ആയിരുന്നു സഭയിലെ അംഗങ്ങളുടെ എണ്ണം. ഇത് ഇപ്പോഴത്തെ 140-ലേക്ക് ഉയര്‍ത്തിയത് അഞ്ചാം നിയമസഭയിലാണ്. ചാക്കീരി അഹമ്മദ് കുട്ടി സ്പീക്കറും പി.കെ. ഗോപാലകൃഷ്ണന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ആ സഭയില്‍ മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ ആഭ്യന്തരമന്ത്രി. അടിയന്തരാവസ്ഥയില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കാണാതാവുകയും ചെയ്ത കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി രാജന്റെ തിരോധാനം തുടക്കത്തിലേ കരുണാകരന്‍ സര്‍ക്കാരിനെ ഉലച്ചു. അടിയന്തരാവസ്ഥയിലെ പൊലീസ് ക്രൂരതകള്‍ ഒന്നൊന്നായി പുറത്തു വന്നു. രാജന്‍ കേസിലെ ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് കരുണാകരന് രാജിവയ്ക്കേണ്ടി വന്നു. അതും ഒരു ഏപ്രിലിലായിരുന്നു; 1977 ഏപ്രില്‍ 25-ന്. പകരം എ.കെ. ആന്റണി മുഖ്യമന്ത്രിയായി. ആ മുന്നണിയും സര്‍ക്കാരും പോരിലും പ്രതിസന്ധികളിലും ഉലഞ്ഞാടുകയായിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ ആന്റണിയും രാജിവച്ചു. സി.പി.ഐ നേതാവ് പി.കെ. വാസുദേവന്‍ നായരാണ് പിന്നീട് മുഖ്യമന്ത്രിയായത്. ഇടതുപാര്‍ട്ടികളുടെ ഏകീകരണം എന്ന ലക്ഷ്യത്തിനു വേണ്ടി കോണ്‍ഗ്രസ് സര്‍ക്കാരില്‍നിന്ന് പി.കെ.വി. രാജിവച്ചു. മുസ്ലിംലീഗിന് ആദ്യമായി മുഖ്യമന്ത്രി സ്ഥാനം കിട്ടിയത് ഇതേത്തുടര്‍ന്നാണ്. സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായി. ഒന്നര മാസം മാത്രമേ അദ്ദേഹത്തിന് ആ പദവിയില്‍ തുടരാന്‍ കഴിഞ്ഞുള്ളൂ. 1979 ഡിസംബര്‍ ഒന്നിനു രാജിവച്ചു. കേരളം മൂന്നാം വട്ടവും രാഷ്ട്രപതിഭരണത്തിലായി. ചുമട്ടുതൊഴിലാളി നിയമവും കടാശ്വാസ നിയമവും ഉള്‍പ്പെടെ ആ നിയമസഭയുടെ സംഭാവനകളാണ്. വിഷയനിര്‍ണ്ണയ സമിതികള്‍ (സബ്ജക്ട് കമ്മിറ്റികള്‍) രൂപീകരിക്കുന്നതിനു നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് സ്പീക്കര്‍ ഒരു സര്‍വ്വകക്ഷി സമിതി രൂപീകരിച്ചതും അഞ്ചാം സഭാകാലത്താണ്. രാജ്യത്താദ്യമായി കേരള നിയമസഭയില്‍ ഇതേത്തുടര്‍ന്നു സബ്ജക്ട് കമ്മിറ്റികള്‍ നിലവില്‍ വന്നു. 

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിന്റെ തന്നെ ഭാഗമായിരുന്ന നിയമസഭ പ്രത്യേക കെട്ടിടത്തിലേക്കു മാറ്റുന്നതിനുള്ള നടപടികള്‍ തുടങ്ങിയത് അക്കാലത്താണ്. പുതിയ നിയമസഭാമന്ദിരത്തെക്കുറിച്ചു നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. സമിതി നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ച് 1978 സെപ്റ്റംബര്‍ 19-ന് മന്ത്രിസഭ ഉത്തരവ് ഇറക്കി. 1979 ജൂണ്‍ നാലിന് രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡി പുതിയ മന്ദിരത്തിനു തറക്കല്ലിട്ടു.

തിരിച്ചടികള്‍, തിരിച്ചുവരവുകള്‍

കേരള രാഷ്ട്രീയത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി (എല്‍.ഡി.എഫ്), ഐക്യജനാധിപത്യമുന്നണി (യു.ഡി.എഫ്) എന്നീ രണ്ടു രാഷ്ട്രീയമുന്നണികള്‍ രൂപംകൊള്ളുകയും അവയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തത് അതിനു തൊട്ടുപിന്നാലെയാണ്. 1980-ല്‍ ആരംഭിച്ച പുതിയ ദശകം ഈ പുതിയ മുന്നണികളുടെ 'അരങ്ങേറ്റ'ദശകം കൂടിയായി. ആറാം നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി. എ.പി. കുര്യന്‍ സ്പീക്കറും എം.ജെ. സക്കറിയ ഡെപ്യൂട്ടി സ്പീക്കറുമായി നിയമസഭയും നിലവില്‍ വന്നു. 

ആ സര്‍ക്കാരിനും കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കേരള കോണ്‍ഗ്രസ് (എം), കോണ്‍ഗ്രസ് (ഐ) പിളര്‍ന്നു രൂപീകരിച്ച കോണ്‍ഗ്രസ് (എസ്) എന്നിവ ഉള്‍പ്പെട്ടതായിരുന്നു എല്‍.ഡി.എഫ്. എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എസ്സും കെ.എം. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്സും പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇ.കെ. നായനാര്‍ സര്‍ക്കാര്‍ രാജിവച്ചു. മാണിയും ആന്റണി, ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ് വിമതരും കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫിലേക്കാണ് പോയത്. കരുണാകരന്‍ മുഖ്യമന്ത്രിയായി. എ.പി. കുര്യന്‍ രാജിവച്ചതോടെ പകരം എ.സി. ജോസ് സ്പീക്കറുമായി. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതെ ആ സര്‍ക്കാരും രാജിവച്ചു. കേരളം വീണ്ടും രാഷ്ട്രപതിഭരണത്തില്‍.

തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് 1982 മെയ് 24-ന് നിലവില്‍ വന്ന ഏഴാം നിയമസഭ അഞ്ചു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കി. കെ. കരുണാകന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാരായിരുന്നു ഭരണത്തില്‍. വക്കം പുരുഷോത്തമന്‍ സ്പീക്കര്‍. 1984-ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ലോക്സഭയിലേക്കു മത്സരിച്ചു വിജയിച്ചതോടെ വി.എം. സുധീരന്‍ പിന്‍ഗാമിയായി. പൊതുപ്രവര്‍ത്തക അഴിമതി നിരോധന നിയമം പാസ്സാക്കുകയും മഹാത്മാഗാന്ധി സര്‍വ്വകലാശാല രൂപീകരിക്കുകയും ചെയ്തത് ആ നിയമസഭയുടെ കാലത്താണ്. 

എട്ടാം നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ വിജയം എല്‍.ഡി.എഫിനായിരുന്നു. ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 1987 മാര്‍ച്ചില്‍ അധികാരമേറ്റു. വര്‍ക്കല രാധാകൃഷ്ണന്‍ സ്പീക്കറും ഭാര്‍ഗവി തങ്കപ്പന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ആ സഭ നാലാം വര്‍ഷം പിരിച്ചുവിട്ട് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടു. 1991-ലെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ലഭിച്ച അതിഗംഭീര വിജയമായിരുന്നു കാരണം. ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പു വിജയത്തിലെ പിന്തുണ നിയമസഭാ തെരഞ്ഞെടുപ്പിലും ലഭിക്കുമെന്നും ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരില്‍വച്ച് പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ എല്‍.ടി.ടി.ഇ തീവ്രവാദികള്‍ ബോംബുസ്ഫോടനത്തില്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തില്‍ യു.ഡി.എഫ് തിരിച്ചുവന്നു. 

ഒന്‍പതാം നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നതുവരെ മുഖ്യമന്ത്രിയായി തുടരാന്‍ കെ. കരുണാകരനു സാധിച്ചില്ല. ഒരു വര്‍ഷം ബാക്കിനില്‍ക്കെ ഐ.എസ്.ആര്‍.ഒ ചാരക്കേസ് വിവാദത്തില്‍ അദ്ദേഹത്തിനു രാജിവയ്ക്കേണ്ടിവന്നു. ഇന്നും അലകളടങ്ങാത്ത ചാരക്കേസ്. എ.കെ. ആന്റണി മുഖ്യമന്ത്രിയായതോടെ ഉണ്ടായ മാറ്റത്തില്‍ സ്പീക്കര്‍ പി.പി. തങ്കച്ചനും രാജിവച്ചു. പകരം തേറമ്പില്‍ രാമകൃഷ്ണന്‍ സ്പീക്കറായി. പിന്നീട് 11-ാം നിയമസഭയില്‍ സ്പീക്കറായിരുന്ന വക്കം പുരുഷോത്തമന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയാകാന്‍ രാജിവച്ചപ്പോഴും തേറമ്പില്‍ രാമകൃഷ്ണനാണ് പകരക്കാരനായത്. 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ കനത്ത പരാജയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി രാജിവച്ചതിനെ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായത്. 

10-ാം നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഇ.കെ. നായനാര്‍ മത്സരിച്ചില്ലെങ്കിലും എല്‍.ഡി.എഫിനു ഭരണം കിട്ടിയപ്പോള്‍ അദ്ദേഹമാണ് മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിയാകേണ്ടിയിരുന്ന വി.എസ്. അച്യുതാനന്ദന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാതിരുന്ന അസാധാരണ സാഹചര്യത്തിലാണ് അസാധാരണ തീരുമാനമെടുത്തത്. എം. വിജയകുമാര്‍ ആയിരുന്നു സ്പീക്കര്‍. ആ സര്‍ക്കാരും സഭയും കാലാവധി പൂര്‍ത്തിയാക്കി. കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ ഇടതുപക്ഷ സര്‍ക്കാര്‍. സഭാകാലാവധി മുഴുവന്‍ പദവിയില്‍ തുടരാന്‍ സാധിച്ച ആദ്യത്തെ സ്പീക്കറും വിജയകുമാറാണ്. സി.എ. കുര്യനായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. രാജ്യത്താദ്യമായി രാഷ്ട്രപതി ഒരു സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്ത അപൂര്‍വ്വ വേളയ്ക്കും 10-ാം നിയമസഭ സാക്ഷ്യംവഹിച്ചു. 1997 സെപ്റ്റംബര്‍ 18-ന് രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ കുറിച്ച ആ ചരിത്രസന്ദര്‍ഭത്തിന് 2022 സെപ്റ്റംബര്‍ 18-ന് കാല്‍ നൂറ്റാണ്ടു തികയും. 15-ാം നിയമസഭ അതിനും വേദിയാകാന്‍ പോവുകയാണ്. 

അതൊരു കാലം 

രാജ്യത്ത് മറ്റൊരു നിയമസഭയ്ക്കുമില്ലാത്ത ഗാംഭീര്യവും സൗകര്യങ്ങളുമുള്ള പുതിയ നിയമസഭാ മന്ദിരം 1998 മാര്‍ച്ച് 22-ന് രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജൂണ്‍ 29-നാണ് പഴയ നിയമസഭയിലെ അവസാന സമ്മേളനം ചേര്‍ന്നത്. പുതിയ സഭയുടെ നാഥനാകാന്‍ എം. വിജയകുമാറിനും സഭാനേതാവായിരിക്കാന്‍ ഇ.കെ. നായനാര്‍ക്കും അവസരം ലഭിച്ചു. ജൂണ്‍ 30-നാണ് പുതിയ മന്ദിരത്തില്‍ സഭ ആദ്യമായി ചേര്‍ന്നത്. 2001 ഫെബ്രുവരി 24-ന് പഴയ നിയമസഭാ മന്ദിരം ചരിത്രസ്മാരകമായി പ്രഖ്യാപിക്കുകയും ഉപരാഷ്ട്രപതി കിഷന്‍കാന്ത് അത് രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ചെയ്തു. റാഗിംഗ് നിരോധന നിയമം നിര്‍മ്മിച്ചതും പ്രീഡിഗ്രി നിര്‍ത്തലാക്കി പ്ലസ് ടു കൊണ്ടുവന്നതും സംസ്ഥാനത്ത് ലോകായുക്ത രൂപീകരിച്ചതും പത്താം നിയമസഭയാണ്. അവ ഉള്‍പ്പെടെ 104 ബില്ലുകള്‍ നിയമമാക്കിയ സഭ 268 ദിവസം ചേര്‍ന്നു. 

11-ാം നിയമസഭയിലേക്ക് യു.ഡി.എഫ് വിജയിച്ചത് 99 അംഗങ്ങളുമായാണ്. ചരിത്രവിജയമായിരുന്നു അത്. 2001 മെയ് 17-ന് എ.കെ. ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വക്കം പുരുഷോത്തമന്‍ സ്പീക്കര്‍, എന്‍. സുന്ദരന്‍ നാടാര്‍ ഡെപ്യൂട്ടി സ്പീക്കര്‍. വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായി സഭയിലും പുറത്തും നിറഞ്ഞുനിന്ന കാലം. ഔദ്യോഗിക ഭാഷ സംബന്ധിച്ച നിയമസഭാ സമിതിയും ലോക്കല്‍ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റിയും രൂപീകരിച്ചത് ആ സഭയാണ്. സംസ്ഥാന കോണ്‍ഗ്രസ്സിലെ എ - ഐ പോര് അതിന്റെ പാരമ്യത്തിലെത്തിയതിനെ തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഹൈക്കമാന്റ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാജിവച്ച കെ. മുരളീധരനെ വൈദ്യുതിമന്ത്രിയാക്കി. വടക്കാഞ്ചേരി എം.എല്‍.എ വി. ബലറാമിനെ രാജിവയ്പിച്ച് മത്സരിച്ച മുരളീധരനു ജയിക്കാനായില്ല. അതോടെ, ഒരു നിയമസഭാ സമ്മേളനത്തില്‍പ്പോലും പങ്കെടുക്കാതെ മുരളീധരന്‍ മന്ത്രിസ്ഥാനമൊഴിഞ്ഞു. സി.പി.എം നേതാവ് എ.സി. മൊയ്തീനാണ് മുരളീധരനെ തോല്‍പ്പിച്ചത്. മൊയ്തീന്‍ ആദ്യമായി സഭയിലെത്തിയ തെരഞ്ഞെടുപ്പ്. 

2004 ആഗസ്റ്റ് 29-നാണ് എ.കെ. ആന്റണി രാജിവച്ചത്. 31-ന് ഉമ്മന്‍ ചാണ്ടി അധികാരമേറ്റു. സ്പീക്കര്‍ സ്ഥാനം രാജിവച്ച വക്കം പുരുഷോത്തമന്‍ ധനകാര്യമന്ത്രിയായി. കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ആരോപണവിധേയനായ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ രാജി, പകരക്കാരനായി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മന്ത്രിസഭാ പ്രവേശം, സുപ്രീംകോടതി വിധിയെ തുടര്‍ന്ന് കൂത്തുപറമ്പ് എം.എല്‍.എ പി. ജയരാജന്റെ രാജി, ഉപതെരഞ്ഞെടുപ്പില്‍ ജയരാജന്റെ തിരിച്ചുവരവ്, രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നിയമസഭയില്‍നിന്ന് എ.കെ. ആന്റണിയുടെ രാജി, കെ. കരുണാകരന്‍ രൂപീകരിച്ച ഡി.ഐ.സി(കെ)യില്‍ ചേരുന്നതിന് ഒന്‍പത് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ രാജി, കോണ്‍ഗ്രസ് ഐയില്‍ ചേരുന്നതിന് കോണ്‍ഗ്രസ് എസ്. എം.എല്‍.എ വി.സി. കബീറിന്റെ രാജി, സുപ്രീംകോടതി അയോഗ്യത വിധിച്ചതിനെ തുടര്‍ന്ന് നീലലോഹിതദാസിന്റെ രാജി തുടങ്ങി കേരള നിയമസഭയുടെ ചരിത്രത്തിലെ നിരവധി അപൂര്‍വ്വ സംഭവങ്ങള്‍ക്കാണ് 11-ാം നിയമസഭ സാക്ഷിയായത്. 

രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം 2005 ജൂലൈ 28-ന് സഭയെ സംബോധന ചെയ്തു. മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു, ഡോ. ബി.ആര്‍. അംബേദ്കര്‍ എന്നിവരുടെ പൂര്‍ണ്ണകായ പ്രതിമ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നിയമസഭാ വളപ്പില്‍ അനാച്ഛാദനം ചെയ്തു. മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ അര്‍ദ്ധകായ പ്രതിമ സഭാ കവാടത്തില്‍ സ്ഥാപിച്ചു. ജനാധിപത്യത്തിന്റെ വളര്‍ച്ച പ്രതിഫലിപ്പിക്കുകയും കേരളനിയമസഭയുടെ അപൂര്‍വ്വ മുഹൂര്‍ത്തങ്ങള്‍ പ്രതിനിധീകരിക്കുകയും ചെയ്യുന്ന നിയമസഭാ മ്യൂസിയം 2006 മെയ് അഞ്ചിനു തുറന്നു.

മാറ്റങ്ങളുടെ കൗതുകം 

12-ാം നിയമസഭയിലേക്കു നടന്ന 2006-ലെ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍നിന്നു ജയിച്ചുവന്ന വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി. കെ. രാധാകൃഷ്ണന്‍ സ്പീക്കര്‍, ജോസ് ബേബി ഡെപ്യൂട്ടി സ്പീക്കര്‍. തൊട്ടുമുന്‍പത്തെ നിയമസഭാകാലത്ത് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി.എസ്. കേരളത്തിന്റെ മനസ്സാക്ഷിയെ സ്വന്തമാക്കി മാറ്റിയതിന്റെ ഫലംകൂടിയാണ് തെരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തില്‍ പ്രതിഫലിച്ചത്. അഴിമതി ആരോപണത്തില്‍ കുടുങ്ങി പൊതുമരാമത്ത് മന്ത്രി ടി.യു. കുരുവിള, പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങളെ തുടര്‍ന്ന് ഗതാഗത മന്ത്രി മാത്യു ടി. തോമസ്, കുരുവിളയ്ക്കു തിരിച്ചുവരാന്‍ മോന്‍സ് ജോസഫ്, വിമാനയാത്രയില്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന വിവാദത്തില്‍പ്പെട്ട് പി.ജെ. ജോസഫ് എന്നിവര്‍ പലപ്പോഴായി രാജിവച്ചു. ജോസ് തെറ്റയിലാണ് രാജിവച്ച മറ്റൊരു മന്ത്രി. പി.ജെ. ജോസഫ് പിന്നീട് കുറ്റവിമുക്തനായി തിരിച്ചുവന്നു. സഭയുടെ കാലാവധി കഴിയാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മാണി ഗ്രൂപ്പില്‍ ലയിക്കാന്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു മുന്നണി വിട്ടു. ഭൂരിപക്ഷമുണ്ടായിരുന്നതിനാല്‍ ഇത് വി.എസ്. സര്‍ക്കാരിനെ ബാധിച്ചില്ല. 

കോണ്‍ഗ്രസ് എം.എല്‍.എമാരായിരുന്ന കെ.വി. തോമസ്, കെ. സുധാകരന്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ ലോക്സഭയിലേക്കു മത്സരിച്ചു ജയിച്ചതിനെ തുടര്‍ന്ന് 2009 മെയ് 28-നു രാജിവച്ചു. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തന്നെ ജയിച്ചു. സി.പി.എമ്മിന്റെ മുന്‍ എം.പി എ.പി. അബ്ദുല്ലക്കുട്ടിയാണ് അവരിലൊരാള്‍. സുധാകരനു പകരം കണ്ണൂരില്‍നിന്നാണ് അബ്ദുല്ലക്കുട്ടി ജയിച്ചത്. ഡൊമനിക് പ്രസന്റേഷന്‍ എറണാകുളത്തും എ.എ. ഷുക്കൂര്‍ ആലപ്പുഴയിലും ജയിച്ചു. അബ്ദുല്ലക്കുട്ടി പിന്നീട് ബി.ജെ.പിയില്‍ പോയതും ദേശീയ വൈസ് പ്രസിഡന്റായതും ചരിത്രം. സി.പി.എം വിട്ട് മുസ്ലിംലീഗിലേക്കു പോയ മങ്കട എം.എല്‍.എ മഞ്ഞളാംകുഴി അലിയും രാജിവച്ചു. എന്നാല്‍, സഭാ കാലാവധി തികയാന്‍ ആറു മാസത്തില്‍ കുറവു മാത്രമുണ്ടായിരുന്നതുകൊണ്ട് ഉപതെരഞ്ഞെടുപ്പ് നടന്നില്ല. 

2007 ഏപ്രില്‍ ഏഴിന് ഗവര്‍ണര്‍ ആര്‍.എല്‍. ഭാട്ടിയ ആണ് നിയമസഭയുടെ 50-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്തത്. ഒരു വര്‍ഷം നീണ്ട ആഘോഷം. നാല് പുതിയ സബ്ജക്ട് കമ്മിറ്റികള്‍ക്കു പുറമേ നാല് പുതിയ ക്ഷേമസമിതികളും 12-ാം നിയമസഭ രൂപീകരിച്ചു. മത്സ്യബന്ധന-അനുബന്ധത്തൊഴിലാളി ക്ഷേമസമിതി, യുവജന ക്ഷേമസമിതി, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനുള്ള സമിതി, പ്രവാസിക്ഷേമസമിതി എന്നിവയാണ് രൂപീകരിച്ചത്. 

13-ാം നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനായിരുന്നു വിജയം. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും ജി. കാര്‍ത്തിയേകന്‍ സ്പീക്കറുമായി. എന്‍. ശക്തന്‍ ഡെപ്യൂട്ടി സ്പീക്കര്‍. മുതിര്‍ന്ന പാര്‍ലമെന്റേറിയനും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന ടി.എം. ജേക്കബ് ഭക്ഷ്യ - പൊതുവിതരണ മന്ത്രിയായിരിക്കെ മരിച്ചു. ഷിബു ബേബി ജോണിനു താല്‍ക്കാലിക അധികച്ചുമതല നല്‍കിയെങ്കിലും പിറവം ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചുവന്ന അനൂപ് ജേക്കബിനെ മന്ത്രിയാക്കി. അനൂപിനൊപ്പം ലീഗിന്റെ അഞ്ചാമത്തെ മന്ത്രിയായി മഞ്ഞളാംകുഴി അലിയും 2012 ഏപ്രില്‍ 12-നു സത്യപ്രതിജ്ഞ ചെയ്തു. മുസ്ലിംലീഗിന് അഞ്ചാമത് ഒരു മന്ത്രിയെക്കൂടി നല്‍കിയത് യു.ഡി.എഫിലും പുറത്തു രാഷ്ട്രീയ വിവാദത്തിന് ഇടയാക്കി. പ്രവാസികാര്യമായിരുന്നു അലിയുടെ വകുപ്പ്. 

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നെയ്യാറ്റിന്‍കരയില്‍നിന്നു ജയിച്ച സി.പി.എം നേതാവ് ആര്‍. ശെല്‍വരാജ് 2012 മാര്‍ച്ച് ഒന്‍പതിനു രാജിവച്ചത് സി.പി.എമ്മിനെ മാത്രമല്ല, കേരള രാഷ്ട്രീയത്തെയാകെ ഞെട്ടിച്ചു. കോണ്‍ഗ്രസ്സില്‍ ചേരാനായിരുന്നു രാജി. നാല് എം.എല്‍.എമാരുടെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു ബലം കൂട്ടാനായിരുന്നു കേരളത്തില്‍ മുന്‍പില്ലാത്ത ഈ നടപടി. ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ശെല്‍വരാജ് തന്നെ ജയിച്ചു. 2012 ജൂണ്‍ 15-ന് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് നടന്ന ദിവസം കേരളത്തിന്റെയാകെ ശ്രദ്ധ പിടിച്ചടുപ്പിച്ച മറ്റൊരു സംഭവമുണ്ടായി. വി.എസ്. അച്യുതാനന്ദന്റെ ഒഞ്ചിയം സന്ദര്‍ശനമായിരുന്നു അത്. കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ വീട്ടിലെത്തി ഭാര്യ കെ.കെ. രമയേയും കുടുംബാംഗങ്ങളേയും വി.എസ്. ആശ്വസിപ്പിച്ചു. ദൃശ്യമാധ്യമങ്ങളിലൂടെ ആ സന്ദര്‍ശനം കേരളം മുഴുവനും കണ്ടു. 

കെ.ബി. ഗണേഷ്‌കുമാര്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍നിന്നു രാജിവച്ചത് ഭാര്യ ഡോ. യാമിനിയുടെ പരാതി വിവാദമായതിനെ തുടര്‍ന്നാണ്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ 2014 ജനുവരി ഒന്നിന് ആഭ്യന്തരമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറായിരിക്കെ ജി. കാര്‍ത്തികേയന്‍ 2015 മാര്‍ച്ച് ഏഴിന് അന്തരിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ സ്പീക്കറായി. ഗവണ്‍മെന്റ് ചീഫ് വിപ്പായിരുന്ന പി.സി. ജോര്‍ജിനെ ആ സ്ഥാനത്തു നിന്ന് നീക്കിയതാണ് 13-ാം നിയമസഭയിലെ പ്രധാന സംഭവങ്ങളിലൊന്ന്. സര്‍ക്കാരിനെതിരായും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേയുമുള്ള പരസ്യവിമര്‍ശനങ്ങളാണ് ജോര്‍ജിനു കുരുക്കായത്.

ബാര്‍ കോഴ വിവാദത്തില്‍പ്പെട്ട ധനകാര്യമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചതും തുടര്‍ന്നുണ്ടായ വഴിവിട്ട നടപടികളും വന്‍കോളിളക്കത്തിനാണ് ഇടയാക്കിയത്. 2015 മാര്‍ച്ച് 13-നായിരുന്നു സംഭവം. പ്രതിപക്ഷ എം.എല്‍.എമാരില്‍ ചിലര്‍ ഡയസില്‍ കയറി കംപ്യൂട്ടര്‍ തട്ടിമറിച്ചിടുകയും പരസ്പരം കയ്യാങ്കളിയുടെ വക്കിലെത്തുകയും ചെയ്തു. കെ.ടി. ജലീലും വി. ശിവന്‍കുട്ടിയും പി. ശ്രീരാമകൃഷ്ണനും അന്നത്തെ പ്രതിഷേധത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. 

കെ.എം. മാണിയുടെ കാലത്തുതന്നെ കേരള കോണ്‍ഗ്രസ് എം യു.ഡി.എഫ് വിട്ടു സഭയില്‍ പ്രത്യേക ബ്ലോക്കായി. പിന്നീട് യു.ഡി.എഫിലേക്കു തിരിച്ചുപോവുകയും ചെയ്തു. പി.ജെ. കുര്യന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിനു കൊടുത്ത് കോണ്‍ഗ്രസ് തിരിച്ചുവരവിനുവേണ്ടി വിട്ടുവീഴ്ച ചെയ്തു. കോട്ടയത്തുനിന്നുള്ള ലോക്സഭാംഗത്വം രാജിവച്ച് ജോസ് കെ. മാണി രാജ്യസഭാംഗമായി. കെ.എം. മാണിയുടെ ഒഴിവിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്സിന് പാലാ സീറ്റ് നഷ്ടപ്പെട്ടത് സമകാലിക ചരിത്രം. ജയിച്ചത് എന്‍.സി.പിയിലെ മാണി സി. കാപ്പന്‍. രാഷ്ട്രീയഗതി മാറിയപ്പോള്‍ കെ.എം. മാണിയുടെ മകന്‍ ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് (എം) എല്‍.ഡി.എഫിലെത്തി. മാണി സി. കാപ്പന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പാലായില്‍ മത്സരിക്കേണ്ടിവന്നു. ജോസ് കെ. മാണി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. അതിന്റെ ഉള്‍പ്പെടെ ഫലത്തിനാണ് കേരളം കാത്തിരിക്കുന്നത്. ജയിക്കുന്നത് മാണി സി. കാപ്പനായാലും ജോസ് കെ. മാണി ആയാലും തോല്‍ക്കുന്നയാളുടെ രാഷ്ട്രീയഭാവിക്ക് അത് കനത്ത തിരിച്ചടിയാകും.

വെല്ലുവിളികളുടെ കാലം 

കാലാവധി കഴിയുന്നത് 14-ാം നിയമസഭയാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയും പി. ശ്രീരാമകൃഷ്ണന്‍ സ്പീക്കറും വി. ശശി ഡെപ്യൂട്ടി സ്പീക്കറുമായ സഭ. കൊവിഡ് മഹാമാരി ഉള്‍പ്പെടെ അഞ്ച് വലിയ വെല്ലുവിളികള്‍ കേരളം അഭിമുഖീകരിച്ച കാലത്തെ സഭ എന്ന പ്രത്യേകതയുണ്ട്. രണ്ടു പ്രളയങ്ങളും ഓഖി കൊടുങ്കാറ്റും നിപയും കൊവിഡും സഭയില്‍ പ്രതിഫലിക്കാതെ പോയിട്ടില്ല. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചട്ടം 300 പ്രകാരമുള്ള പ്രമേയങ്ങള്‍ അവതരിപ്പിച്ചു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന നിരവധി ഇടപെടലുകള്‍ പ്രതിപക്ഷം സാധ്യമാക്കിയ സഭ. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍നിന്നു ജയിച്ച വട്ടിയൂര്‍ക്കാവ് എം.എല്‍.എ കെ. മുരളീധരന്‍, ആറ്റിങ്ങലില്‍നിന്നു ജയിച്ച കോന്നി എം.എല്‍.എ അടൂര്‍ പ്രകാശ് എന്നിവരും ആലപ്പുഴയില്‍നിന്നു ലോക്സഭയിലേക്കു ജയിച്ച എല്‍.ഡി.എഫിന്റെ അരൂര്‍ എം.എല്‍.എ എ.എം. ആരിഫും രാജിവച്ചു. വട്ടിയൂര്‍ക്കാവ്, കോന്നി സീറ്റുകള്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു, അരൂര്‍ യു.ഡി.എഫും. അതോടെ എല്‍.ഡി.എഫിന് അംഗസംഖ്യ വര്‍ദ്ധിക്കുക മാത്രമല്ല ഉണ്ടായത്. വനിതാ അംഗങ്ങള്‍ ഇല്ലാതിരുന്ന യു.ഡി.എഫിന് ഒരു വനിതാ അംഗത്തെ കിട്ടി. ഷാനിമോള്‍ ഉസ്മാന്‍. നിയമസഭയ്ക്ക് സ്വന്തമായി ടി.വി. ചാനല്‍ ഉണ്ടായതും ഈ സഭാകാലത്ത്; സഭാ ടി.വി നിലവില്‍ പരിപാടികള്‍ തയ്യാറാക്കി മറ്റു ടി.വി ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്നു. ഭാവിയില്‍ അതൊരു സമ്പൂര്‍ണ്ണ ടി.വി ചാനല്‍ ആയി മാറ്റുക എന്നത് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റേയും സഭാ സെക്രട്ടേറിയറ്റിന്റേയും ആഗ്രഹമായിരുന്നു. ഇനിയമുണ്ട് അതിനു കാലം. കസ്റ്റംസും സഭയും, സി.എ.ജിയും സഭയും മുഖാമുഖം നില്‍ക്കുന്ന അസാധാരണ സാഹചര്യത്തിലൂടെ ഈ സഭാകാലം കടന്നുപോയി. കിഫ്ബിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളാണ് സി.എ.ജിയുമായി 'ഏറ്റുമുട്ടാന്‍' കാരണമായത്. സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷുമായുള്ള സൗഹൃദം സ്പീക്കര്‍ പദവി ദുരുപയോഗം ചെയ്യാന്‍ ഇടയാക്കി എന്ന പ്രതിപക്ഷ ആരോപണം സ്പീക്കറെ നീക്കല്‍ പ്രമേയത്തിലാണ് എത്തിയത്. സഭാ ചട്ടത്തിലെ 15-ാം വകുപ്പുപ്രകാരം ചര്‍ച്ച ചെയ്ത പ്രമേയത്തില്‍ വിശദ ചര്‍ച്ചയാണ് നടന്നത്. വോട്ടിനിട്ടു പ്രമേയം സഭ തള്ളി. പെരുമാറ്റച്ചട്ടം ലംഘിച്ച പി.സി. ജോര്‍ജിനെ പ്രിവിലേജസ് ആന്റ് എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സഭ ശാസിച്ചു. കടലാസ് രഹിത സഭ എന്ന ലക്ഷ്യത്തിലേക്കുള്ള തുടക്കവും ഈ സഭയുടെ 18-ാം സമ്മേളനത്തിലുണ്ടായി. 

സ്ത്രീകളുടേയും കുട്ടികളുടേയും ഭിന്നശേഷിക്കാരുടേയും ക്ഷേമം സംബന്ധിച്ച സമിതിയുടെ പരിഗണനാപട്ടികയില്‍ ട്രാന്‍സ്ജെന്‍ഡറിനെക്കൂടി ഉള്‍പ്പെടുത്തി സമിതിയുടെ പേരുമാറ്റിയത് അതിപ്രധാന ചുവടുവയ്പായി. 
ബി.ജെ.പിക്ക് ആദ്യമായി കേരള നിയമസഭയില്‍ പ്രാതിനിധ്യമുണ്ടായത് 14-ാം നിയമസഭയിലാണ്; ഒ. രാജഗോപാല്‍. നേമം എം.എല്‍.എ ആയ അദ്ദേഹം ഇത്തവണ മത്സരിക്കുന്നില്ല. അടിയന്തരാവസ്ഥയില്‍ പൊലീസിന്റെ ഭീകര മര്‍ദ്ദനത്തിനു പ്രതിപക്ഷ എം.എല്‍.എമാര്‍ പോലും ഇരയായതിനു ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തരാവസ്ഥയ്ക്കുശേഷം സമ്മേളിച്ച സഭയില്‍ പൊലീസ് രാജിനെക്കുറിച്ച് പിണറായി നടത്തിയ പ്രസംഗം സഭാരേഖകളിലെ ഉജ്ജ്വലമായ ഒരു അധ്യായമാണ്. 1996-ലെ ഇ.കെ. നായനാര്‍ സര്‍ക്കാരില്‍ ഒന്നര വര്‍ഷം മന്ത്രിയായിരുന്നു പിണറായി. പിന്നീട് സി.പി.എം സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെ വിയോഗത്തെ തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറിയായി. 16 വര്‍ഷം ആ ചുമതല വഹിച്ച ശേഷമാണ് വീണ്ടും എം.എല്‍.എയും മുഖ്യമന്ത്രിയുമായത്.

വി.എസ്. അച്യുതാനന്ദന്‍ സഭാംഗമായിരിക്കെത്തന്നെ സജീവ പൊതുജീവിതത്തില്‍നിന്നു വിശ്രമജീവിതത്തിലേക്കു മാറുന്നതും അദ്ദേഹം ഒരു വാക്കുകൊണ്ടുപോലും തെരഞ്ഞെടുപ്പില്‍ ഇടപെടാതിരിക്കുന്നതും കേരളം കണ്ടു. 

സംഭവബഹുലമായ കാലങ്ങളെ സമ്പത്താക്കി, പുതിയ അനുഭവങ്ങളുടെ കാലത്തിലേക്ക് പ്രവേശിക്കാന്‍ കാത്തിരിക്കുകയാണ് കേരള നിയമസഭ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com