പട്ടയമില്ല, വീടും; മനുഷ്യത്വം കുടിയിറങ്ങുമ്പോള്‍

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പെരിയ പഞ്ചായത്ത് അധികൃതരും സത്യസായി ട്രസ്റ്റും ശ്രീനിഷയുടെ കുടുംബത്തിനു വീട് കൈമാറിയത്
ശ്രീനിഷ സത്യസായി ഓര്‍ഫനേജ് നല്‍കിയ വീട്ടില്‍
ശ്രീനിഷ സത്യസായി ഓര്‍ഫനേജ് നല്‍കിയ വീട്ടില്‍

രണാധികാരികളുടെ പിടിവാശിയും പിടിപ്പുകേടുംകൊണ്ട് ദുരിതങ്ങള്‍ക്കുമേല്‍ ദുരിതമാകുകയാണ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതരും അവരുടെ കുടുംബവും. നാലുവര്‍ഷം മുന്‍പ് പൂര്‍ത്തിയായ വീടുകള്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്കു മുന്നില്‍ കാടുകയറി നശിക്കുകയാണ്. നാലു വര്‍ഷമായിട്ടും അര്‍ഹരായവര്‍ക്കു ഭൂമിയും വീടും കൈമാറാന്‍ അധികൃതര്‍ക്കു കഴിഞ്ഞില്ല. പട്ടയത്തിന്റെ പേരിലുള്ള സാങ്കേതികത്വം പറഞ്ഞാണ് ഇവര്‍ക്ക് വീട് വിട്ടുനല്‍കാത്തത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വര്‍ഷങ്ങളെടുക്കുന്ന അതേ സമയത്തുതന്നെ അതിവേഗം തീരുമാനമെടുത്ത് നടപ്പാക്കിയ ഒരു കുടിയൊഴിപ്പിക്കല്‍ കൂടി കാസര്‍കോട് ഉണ്ടായി. ഒഴിഞ്ഞുകിടന്ന വീടുകളിലൊന്ന് എന്‍ഡോസള്‍ഫാന്‍ ബാധിതയായ പെണ്‍കുട്ടിക്കും കുടുംബത്തിനും കൊവിഡ് കാലത്ത് പഞ്ചായത്ത് അധികൃതരും വീട് നിര്‍മ്മിച്ച ട്രസ്റ്റും കൈമാറിയിരുന്നു. വര്‍ഷങ്ങളായി വാടകവീട്ടില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന് ഏറെ ആശ്വാസകരമായ നടപടി. എന്നാല്‍, എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ല എന്ന വാദമുയര്‍ത്തി കുടിയൊഴിയാന്‍ കളക്ടര്‍ ഉത്തരവിട്ടു. എക്‌സ്പ്രസ് വേഗത്തില്‍ കളക്ടറുടെ ഉത്തരവുമായി വില്ലേജ് അധികാരികള്‍ വീടൊഴിപ്പിക്കാനുള്ള നോട്ടീസുമായി എത്തി. എങ്ങോട്ടിറങ്ങുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും കുടുംബവും. പുല്ലൂര്‍-പെരിയ, എന്‍മകജെ പഞ്ചായത്തുകളിലായി 56 വീടുകള്‍ കൈമാറാതെ നശിക്കുന്നതിനിടയിലാണ് കുടിയൊഴിപ്പിക്കല്‍.

കൈമാറാത്ത വീടുകള്‍ 

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് വീടുവെച്ച് നല്‍കാന്‍ 2015-ലാണ് സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയത്. നിരവധി സംഘടനകളും ട്രസ്റ്റുകളും ഇവിടെ വീട് നിര്‍മ്മിച്ച് കൊടുക്കാറുണ്ട്. എന്നാല്‍, സര്‍ക്കാര്‍ തലത്തില്‍ മൂന്നു പഞ്ചായത്തുകളിലായി 15 ഏക്കര്‍ സ്ഥലത്ത് 108 വീടുകള്‍ എന്ന വലിയ പ്രൊജക്ടായിരുന്നു ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ കാലത്ത് ഉണ്ടായത്. തിരുവനന്തപുരത്തെ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിനായിരുന്നു നിര്‍മ്മാണച്ചുമതല നല്‍കിയത്. ഓരോ കുടുംബത്തിനും 10 സെന്റ് ഭൂമിയും വീടും പുറമെ പാര്‍ക്ക്, ക്ലിനിക് തുടങ്ങി മറ്റ് അനുബന്ധ സൗകര്യങ്ങളുമുള്ള ഒരു ടൗണ്‍ഷിപ്പായിരുന്നു പദ്ധതി. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ കൂടുതലുള്ള പെരിയ, എന്‍മകജെ, കിനാനൂര്‍-കരിന്തളം എന്നീ മൂന്ന് പഞ്ചായത്തുകളിലാണ് അഞ്ചേക്കര്‍ വീതം 15 ഏക്കര്‍ ഭൂമി നല്‍കിയത്. പെരിയയില്‍ 2017-ല്‍ത്തന്നെ 45 വീടുകള്‍ ട്രസ്റ്റ് പൂര്‍ത്തിയാക്കി. പൂര്‍ത്തയാക്കിയവയില്‍ 22 വീടുകളുടെ താക്കോല്‍ദാനം 2017-ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ഇവര്‍ക്കുള്ള പട്ടയവും ചടങ്ങില്‍ റവന്യുമന്ത്രി വിതരണം ചെയ്തു. ബാക്കി വീടുകളുടെ കാര്യത്തില്‍ പിന്നീട് ഒരു തീരുമാനവും എടുത്തില്ല. മുഖ്യമന്ത്രി കൈമാറിയ വീടുകളില്‍ താമസിച്ചവര്‍ തന്നെ കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്. താമസിക്കുന്ന വീടിന്റേയും സ്ഥലത്തിന്റേയും പട്ടയമല്ല പലരുടേയും കൈകളിലുള്ളത്. വീടുകള്‍ തെരഞ്ഞെടുത്ത് നല്‍കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച കാരണം റേഷന്‍ കാര്‍ഡടക്കം ഒരാനുകൂല്യങ്ങളും ഇവിടെ താമസിക്കുന്നവര്‍ക്കു നാലുവര്‍ഷമായിട്ടും കിട്ടിയിട്ടില്ല. വീട്ടുനമ്പര്‍ പോലും കൊടുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. രേഖകളൊന്നുമില്ലാത്തതിനാല്‍ സ്വയം തൊഴിലിനോ കുടുംബശ്രീ യൂണിറ്റ് രൂപീകരിക്കാനോ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവിടെയുള്ളവര്‍. ഇത് പരിഹരിച്ചു നല്‍കേണ്ട റവന്യൂ വിഭാഗം തുടര്‍നടപടികളൊന്നും എടുത്തതുമില്ല.

2018-ല്‍ തന്നെ എന്‍മകജെ പഞ്ചായത്തില്‍ 36 വീടുകളുടെ പണി പൂര്‍ത്തിയാക്കി ട്രസ്റ്റ് കൈമാറി. ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ സഹകരണത്തോടെയായിരുന്നു എന്‍മകജെയിലെ വീടുകള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍, മൂന്ന് വര്‍ഷമായിട്ടും ഈ വീടുകളിലൊന്നുപോലും ആവശ്യക്കാര്‍ക്കു നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഇവിടേക്കുള്ള റോഡ് നിര്‍മ്മാണം മറ്റൊരു വ്യക്തി സ്ഥലത്തിന് അവകാശവാദമുന്നയിച്ചതോടെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. റോഡിന്റെ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ട്രസ്റ്റ് മുഖ്യമന്ത്രിയെ വരെ സമീപിച്ചെങ്കിലും പരിഹാരമായില്ല.

രണ്ട് പഞ്ചായത്തിലെ വീടുകള്‍ സര്‍ക്കാര്‍ അധികൃതരുടെ അനാസ്ഥ കാരണം ഈ സ്ഥിതിയിലായതോടെ കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ 36 വീടുകളുടെ നിര്‍മ്മാണം ട്രസ്റ്റ് തുടങ്ങിയില്ല. ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ അവിടുത്തെ നിര്‍മ്മാണക്കാര്യത്തില്‍ പുനരാലോചന വേണ്ടിവരുമെന്നാണ് സത്യസായി ട്രസ്റ്റ് അധികൃതര്‍ പറയുന്നത്. കമ്പനികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍നിന്നൊക്കെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന തുക സമാഹരിച്ചാണ് ട്രസ്റ്റ് വീടൊരുക്കിയത്.

പട്ടയത്തിനു പകരം കുടിയൊഴിക്കല്‍ 

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പെരിയ പഞ്ചായത്ത് അധികൃതരും സത്യസായി ട്രസ്റ്റും ശ്രീനിഷയുടെ കുടുംബത്തിനു വീട് കൈമാറിയത്. 17 വര്‍ഷത്തോളമായി വാടകവീട്ടിലാണ് ശ്രീനിഷയുടെ കുടുംബം. ശാരീരിക ബുദ്ധിമുട്ടുകളെ മറികടന്ന് 10-ാം ക്ലാസ്സ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വാര്‍ത്ത വന്ന ശേഷമായിരുന്നു ഈ ഇടപെടല്‍ നടന്നതും വീട് കൈമാറിയതും. കൂലിപ്പണിക്കാരനായ അച്ഛന്‍ ശശി കൊവിഡ് കാലമായതിനാല്‍ വാടക കൊടുക്കാന്‍പോലും ബുദ്ധിമുട്ടുകയായിരുന്നു. അമ്മ വൃക്കസംബന്ധമായ അസുഖമുള്ളയാളാണ്. 

എന്‍ഡോസള്‍ഫാന്‍ ആനുകൂല്യം ലഭിക്കുന്നയാളാണ് ശ്രീനിഷ. എന്നാല്‍, എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഇല്ലാത്തയാളാണെന്നും വീട് നല്‍കാന്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാത്തതിനാല്‍ വീട് ഒഴിയണമെന്നുമുള്ള കളക്ടറുടെ ഉത്തരവാണ് ശ്രീനിഷയ്ക്കും കുടുംബത്തിനും കിട്ടിയിരിക്കുന്നത്. അനര്‍ഹര്‍ക്ക് വീട് നല്‍കാന്‍ കഴിയില്ല എന്നാണ് പിന്നീട് ജില്ലാകളക്ടര്‍ ഇറക്കിയ പത്രക്കുറിപ്പിലും ആവര്‍ത്തിച്ചത്. എന്നാല്‍, മകള്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ലിസ്റ്റില്‍ ഉണ്ടെന്നും അതിന്റെ ആനുകൂല്യം ലഭിക്കാറുണ്ടെന്നും ശ്രീനിഷയുടെ അച്ഛന്‍ ശശി പറയുന്നു. വീട് നല്‍കാനായി പഞ്ചായത്ത് തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടതാണ് ഈ കുടുംബം.

''പഞ്ചായത്തിലും കളക്ടറേറ്റിലും മന്ത്രിക്കും എല്ലാം വീടിനായി നിരവധി തവണ അപേക്ഷ കൊടുത്തിരുന്നു. അതിലൊന്നും നടപടിയായില്ല. എന്റെ മകള്‍ക്ക് എന്‍ഡോസള്‍ഫാന്റെ പെന്‍ഷന്‍ കിട്ടുന്നുണ്ട്. ലിസ്റ്റില്‍ ഇല്ലെങ്കില്‍ പിന്നെയെങ്ങനെയാണ് ആനുകൂല്യം കിട്ടുക. 17 വര്‍ഷമായി വാടക ക്വാര്‍ട്ടേഴ്സിലാണ് ഞങ്ങള്‍ താമസിക്കുന്നത്. 

മകള്‍ നല്ല മാര്‍ക്കോടെ പത്താംക്ലാസ്സ് ജയിച്ചതിന്റെ വാര്‍ത്ത വന്നപ്പോഴാണ് ട്രസ്റ്റ് പഞ്ചായത്തുമായി ബന്ധപ്പെട്ട് വീട് അനുവദിച്ചത്. അന്നു പറഞ്ഞത് പട്ടയം മറ്റുള്ളവര്‍ക്കെല്ലാം കൊടുക്കുമ്പോള്‍ തരാം എന്നാണ്. പക്ഷേ, കിട്ടിയത് കുടിയൊഴിയാനുള്ള നോട്ടീസാണ്. വീട് കിട്ടിയപ്പോള്‍ ഒരാശ്വാസമായിരുന്നു. ഇങ്ങനെ ആവും എന്നു വിചാരിച്ചില്ല. ഇറങ്ങിപ്പോകാന്‍ മറ്റൊരിടമില്ല''- ശശി പറയുന്നു. 

6272 പേരാണ് എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പട്ടികയില്‍ ജില്ലയിലുള്ളത്. ഇതില്‍ സ്വന്തമായി വീടില്ലാത്ത നിരവധി പേരുണ്ട്. അപേക്ഷ നല്‍കി വര്‍ഷങ്ങളായി കാത്തിരിക്കുന്നവര്‍. പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ തയ്യാറാക്കിയ അര്‍ഹരുടെ ലിസ്റ്റും നിലവിലുണ്ട്. എന്നാല്‍, കളക്ടറുടെ നേതൃത്വത്തില്‍ നറുക്കെടുപ്പിലൂടെ 42 കുടുംബങ്ങളെ തെരഞ്ഞെടുത്തിരുന്നു. പ്രാദേശികമായ അന്വേഷണങ്ങള്‍ നടത്തി അര്‍ഹരായവര്‍ക്കു മുന്‍ഗണനാക്രമത്തില്‍ വീട് നല്‍കുന്നതിനു പകരം നറുക്കെടുത്ത് ഗുണഭോക്താക്കളെ കണ്ടെത്തുന്ന രീതിയാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചത്. ഇങ്ങനെ നറുക്കെടുത്തവരില്‍ത്തന്നെ പലരും വീട് ഏറ്റെടുക്കാന്‍ തയ്യാറായതുമില്ല. ബാക്കിയുള്ളവരുടെ കാര്യത്തിലും തീരുമാനമായില്ല. ശ്രീനിഷയുടെ കുടിയൊഴിപ്പിക്കലിനെതിരെ യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയും പ്രതിഷേധം നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com