മരുന്നിനു കാശില്ലാതെ മരിക്കും കാലം 

മരുന്നിനു കാശില്ലാതെ മരിക്കും കാലം 

ദില്ലിയിലെ ഭരണസിരാകേന്ദ്രത്തില്‍ ധൃതിപിടിച്ച് പല നീക്കങ്ങളും നടക്കുന്നതിനും ആ നാളുകള്‍ സാക്ഷിയായി

കൊവിഡ് പകര്‍ച്ചയുടെ ആദ്യകാലം.

ലോകം മുഴുവന്‍ രോഗഭീതിയലമരുകയും പൂട്ടിയിടപ്പെടുകയും ചെയ്ത നാളുകള്‍. വീടുകളിലും വീടുകളില്ലാത്തവര്‍ തെരുവിലും തളര്‍ന്നുറങ്ങിയ നാളുകള്‍. രോഗത്തിനു മുന്‍പാകെ ശാസ്ത്രം പകച്ചുനില്‍ക്കുമ്പോള്‍ ഈ തക്കം നോക്കി സാമൂഹ്യമാധ്യമങ്ങളിലും സമൂഹമധ്യത്തിലുമൊക്കെ ശാസ്ത്രവിരോധവും അന്ധവിശ്വാസവും അന്യമതവിദ്വേഷവും പ്രചരിപ്പിക്കുന്ന തിരക്കിലായിരുന്നു ഇന്ത്യന്‍ ഭരണകൂടം കയ്യാളുന്ന പാര്‍ട്ടിയുടെ അനുയായികള്‍. കൊവിഡ് വിലക്കുകള്‍ ലംഘിച്ചുകൊണ്ട് ഒരു പ്രത്യേക മതവിഭാഗം നടത്തിയ സമ്മേളനത്തില്‍ പങ്കെടുത്തവരില്‍നിന്നുമാണ് ചിലയിടത്തൊക്കെ കൊവിഡ് പരന്നത് എന്നതുകൊണ്ട് ആ വിഭാഗം ഉള്‍പ്പെടുന്ന ന്യൂനപക്ഷത്തിനു നേരെയുള്ള വെറുപ്പ് വര്‍ദ്ധിപ്പിക്കുന്നതു ലക്ഷ്യമിട്ട് ആ മതവിഭാഗത്തിന്റെ പേരു ചേര്‍ത്ത് രോഗത്തെ പുനര്‍നാമകരണം ചെയ്യാന്‍ ശ്രമിച്ചതാണ് നാം ആദ്യം കണ്ടത്. അന്നത്തെ യു.എസ് പ്രസിഡന്റിനത് ചൈനീസ് വൈറസ് ആയപ്പോള്‍ ഇന്ത്യയില്‍ ചിലര്‍ക്കത് 'തബ്‌ലീഗി കൊറോണ' ആയി. 

തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലുള്ള ഭരണാധികാരികള്‍ ബോധപൂര്‍വ്വം ഇന്ത്യന്‍ സമൂഹത്തില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ച ശാസ്ത്രബോധത്തെ കൊഞ്ഞനം കുത്തുന്ന പ്രസ്താവനകളുടെ വരവായി. അസുഖം മാറാന്‍ 'ഗോ കൊറോണ, ഗോ കൊറോണ' എന്ന മുദ്രാവാക്യം മുഴക്കിയാല്‍ മതിയെന്നും ചാണകത്തില്‍ കൊറോണയെ അകറ്റാനുള്ള ഔഷധമുണ്ടെന്നുമൊക്കെ ജനപ്രതിനിധികളുള്‍പ്പെടെയുള്ള ചിലര്‍ പരസ്യമായി പ്രഖ്യാപിച്ചു. കൈ കഴുകാനും മാസ്‌ക് ഉപയോഗിക്കാനും ശാരീരികമായ അകലം പാലിക്കാനും സാമൂഹ്യമായ കൂടിച്ചേരലുകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനുമുള്ള ശാസ്ത്രീയമായ കരുതലുകളെ പഴയകാലത്തെ അയിത്താചരണത്തിന്റെ ശരിമയ്ക്ക് ഉദാഹരണങ്ങളായി മറ്റു ചിലര്‍ വ്യാഖ്യാനിക്കുകയും ചെയ്തു. ചുരുക്കത്തില്‍, ശാസ്ത്രവിരുദ്ധതയും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കല്‍, ന്യൂനപക്ഷത്തോടുള്ള വെറുപ്പ്, വര്‍ഷങ്ങള്‍ക്കു മുന്‍പേ പുരോഗമന ഇന്ത്യ ഉപേക്ഷിച്ച അയിത്താചരണം പോലുള്ള നികൃഷ്ടമായ ജാത്യാചാരങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം എന്നിവയ്ക്ക് രോഗത്തിന്റെ സന്ദര്‍ഭത്തില്‍ രാജ്യം സാക്ഷിയായി. എന്നാല്‍, ആധുനിക വൈദ്യശാസ്ത്രം നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ അനുസരിക്കണമെന്നും കൊവിഡ് പ്രോട്ടൊക്കോള്‍ പാലിക്കണമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞതും ശ്രദ്ധേയമായി. 

അതേസമയം, കുടിയേറ്റത്തൊഴിലാളികളായി കഴിഞ്ഞിരുന്ന അഞ്ചുകോടിയോളം ജനങ്ങള്‍ നഗരങ്ങളില്‍നിന്നും സ്വന്തം ഗ്രാമങ്ങളിലേക്കു പലായനം ചെയ്യുകയായിരുന്നു. ജോലിയോ ഭക്ഷണമോ അവര്‍ ജോലിചെയ്യുന്ന ഇടങ്ങളില്‍ ഇല്ലാത്തതായിരുന്നു കാരണം. ഗതാഗത സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ കാല്‍നടയായിട്ടായിരുന്നു പലായനം. പലരും വഴിക്കു തളര്‍ന്നുവീണു മരിച്ചു. ചെറിയ കുട്ടികളടക്കം. തൊഴിലില്ലാത്തവരാകുന്ന ജനതയുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള ചുമതല മുഴുവന്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കു വിട്ടുകൊടുത്ത് ദുരിതങ്ങള്‍ക്കു മുന്‍പില്‍ കേന്ദ്രം മൗനം ഭജിച്ചിരിക്കുകയായിരുന്നു. 

അവിടംകൊണ്ടും അവസാനിച്ചില്ല. ദില്ലിയിലെ ഭരണസിരാകേന്ദ്രത്തില്‍ ധൃതിപിടിച്ച് പല നീക്കങ്ങളും നടക്കുന്നതിനും ആ നാളുകള്‍ സാക്ഷിയായി. നിയമങ്ങള്‍ പരിഷ്‌കരിച്ചും പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യമേഖലയ്ക്കു കൈമാറാന്‍ തീരുമാനമെടുത്തും ഭരണക്കാര്‍ തങ്ങളുടെ നയം നടപ്പില്‍ വരുത്താന്‍ ജനം അത്യാവശ്യ കാര്യങ്ങള്‍ക്കുപോലും പുറത്തിറങ്ങാന്‍ മടിച്ച കൊവിഡ് ലോക്ക് ഡൗണിന്റെ സന്ദര്‍ഭമാണ് തെരഞ്ഞെടുത്തത് എന്നതു ശ്രദ്ധേയം. 

ഫാർമസി കമ്പനി
ഫാർമസി കമ്പനി

രാജ്യത്തെ പത്തു ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയിലേക്കു നയിക്കാന്‍ പോരുന്നതാണ് ഈ തീരുമാനങ്ങളെന്നാണ് പിന്നീട് കേന്ദ്രഭരണാധികാരികള്‍ അവകാശപ്പെട്ടത്. അതേസമയം 'ഇരുട്ടത്തുള്ള പിടിച്ചുപറിയായിട്ടാണ്' ഈ നീക്കങ്ങളെ വിമര്‍ശകരും പ്രതിപക്ഷവും വിലയിരുത്തിയത്. തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതാനും പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാനും കാര്‍ഷിക നിയമങ്ങള്‍ മാറ്റിയെഴുതാനും വിദ്യാഭ്യാസരംഗത്തെ ആഗോള മൂലധന താല്‍പ്പര്യങ്ങള്‍ക്കു തുറന്നുകൊടുക്കാനുമൊക്കെ ധൃതിയില്‍ തീരുമാനങ്ങളെടുത്തത് ഈ സന്ദര്‍ഭത്തിലാണ്. 

ഇതിനിടയില്‍ മറ്റൊന്നു കൂടി സംഭവിച്ചു. ഏറെക്കാലം ലോകത്തിന്റെ ഫാര്‍മസി എന്നറിയപ്പെട്ട ഇന്ത്യയില്‍ ജീവന്‍രക്ഷാ ഔഷധങ്ങളടക്കം കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കാന്‍ കഴിഞ്ഞത് വര്‍ഷങ്ങള്‍ക്കു മുന്‍പേ നടപ്പില്‍ വന്ന ഈ മേഖലയിലെ കുത്തക കമ്പനികളുടെമേല്‍ നിയന്ത്രണം നിമിത്തമായിരുന്നു. 
ഔഷധനിര്‍മ്മാണരംഗത്തെ ശക്തമായ പൊതുമേഖലാ സാന്നിധ്യം മൂലമായിരുന്നു. പൊതുമേഖലയുടെ ഈ മേല്‍ക്കൈ ഫലത്തില്‍ ഇല്ലാതാക്കാനുള്ള നീക്കമാണ് കൊവിഡ് കാലത്ത് ഭരണതലത്തില്‍ നടന്നത്. ഇന്ത്യന്‍ ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, രാജസ്ഥാന്‍ ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവ അടച്ചുപൂട്ടാന്‍ തീരുമാനിച്ചപ്പോള്‍ ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ്, ബംഗാള്‍ കെമിക്കല്‍സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, കര്‍ണാടക ആന്റിബയോട്ടിക്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയുടെ ഓഹരികള്‍ വിറ്റഴിക്കാനും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കുറഞ്ഞവിലയ്ക്ക് മരുന്ന് ലഭ്യമാകുന്നതിനുള്ള സാധ്യത ഇല്ലാതാകുകയും ദരിദ്രര്‍ക്ക് ജീവന്‍രക്ഷാ ഔഷധങ്ങള്‍ കിട്ടാക്കനിയാകുകയും ചെയ്യും. 

ഇരിക്കുന്ന കൊമ്പുമുറിക്കുമ്പോള്‍ 

2020 മെയ് 31-നാണ് ചില പൊതുമേ ഖല ഔഷധക്കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ (ഉശ്‌ലേൊലി)േ കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്ത കാര്യം വാണിജ്യകാര്യമന്ത്രി പിയൂഷ് ഗോയല്‍ അറിയിക്കുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ വ്യവസായ പ്രമുഖരുമായുള്ള ആശയവിനിമയത്തിനിടെയായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. പൊതുമേഖലാസ്ഥാപനങ്ങള്‍ നല്‍കുന്ന സൗകര്യം വിനിയോഗിച്ച് (പ്ലഗ് ആന്‍ഡ് പ്ലേ നിര്‍മ്മാണ മാതൃക) ഉല്പാദനം വര്‍ദ്ധിപ്പിക്കാനും അദ്ദേഹം സ്വകാര്യ ഇന്ത്യന്‍ കമ്പനികളെ ക്ഷണിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ആത്മനിര്‍ഭര്‍ ഭാരത്' എന്ന കാഴ്ചപ്പാടിന് അനുസൃതമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതോടെ, കഴിയുന്നത്ര വേഗം ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റ്‌സ്- എ.പി.ഐയുടെ വിതരണരംഗത്ത് ഇന്ത്യ ഒരു സ്വാശ്രയ രാജ്യമായി മാറണമെന്നും ഗോയല്‍ ആവശ്യപ്പെട്ടിരുന്നു. ആശയവിനിമയത്തിനിടെ മറ്റൊരു കാര്യത്തിലേക്കു കൂടി ഗോയല്‍ ശ്രദ്ധ ക്ഷണിച്ചു. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ഔഷധരംഗത്ത് ഇന്ത്യയ്ക്ക് അഭിമാനാര്‍ഹമായ രീതിയില്‍ അവസരത്തിനൊ ത്തു ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തിന് ഇന്ത്യയിലെ ഔഷധ വ്യവസായത്തെ ഗോയല്‍ പ്രശംസിക്കുകയും ചെയ്തു. പിന്നിട്ട രണ്ടു മാസങ്ങള്‍ക്കിടെ 120 രാജ്യങ്ങളില്‍ ഏതാനും അവശ്യ മരുന്നുകള്‍ എത്തിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. അതില്‍ 40 രാജ്യങ്ങള്‍ക്ക് സൗജന്യമായി ഗ്രാന്റ് രൂപത്തിലാണ് ലഭ്യമാക്കിയത്. അതുകൊണ്ടുതന്നെ ഇന്ത്യയെ 'ലോക ഫാര്‍മസി' ആയി അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കിഴക്കന്‍ യൂറോപ്പ്, റഷ്യ തുടങ്ങിയ ഇടങ്ങളില്‍ ഇന്ത്യന്‍ മരുന്നുകളുടെ വില്പനാസാധ്യത മുതലെടുക്കാനും ഇന്ത്യന്‍ ഔഷധവ്യവസായികളെ അദ്ദേഹം ഉപദേശിച്ചു. 

മന്ത്രി പറഞ്ഞത് ശരിയാണ്. ലോകം മുഴുവന്‍ കൊവിഡിന്റെ പിടിയിലമര്‍ന്ന സന്ദര്‍ഭത്തില്‍ ലോകം പ്രതീക്ഷയോടെ നോക്കുന്ന രാജ്യങ്ങളിലൊന്നുതന്നെയാണ് ഇന്ത്യ. നമ്മുടെ രാജ്യത്തും കുറഞ്ഞ വിലയില്‍ ആവശ്യക്കാര്‍ക്കു മരുന്നു കിട്ടുന്നുണ്ട്. 

എന്നാല്‍, ലോകത്തിന്റെ ഫാര്‍മസി എന്നത് മോദി സര്‍ക്കാരിന്റെ നടപടികളെക്കൊണ്ട് കിട്ടിയ പുതിയ ഒരു വിശേഷണമല്ല. ഇന്ത്യയില്‍നിന്നു കാലങ്ങളായിട്ട് ലോകമെമ്പാടും കുറഞ്ഞ വിലയ്ക്കു സുലഭമായി മരുന്നുകള്‍ ലഭ്യമാകുന്നുണ്ട് എന്നതാണ് നേര്. രാജ്യത്ത് ഉല്പാദിപ്പിക്കുന്ന മരുന്നുകളില്‍ 40,000 കോടി രൂപയ്ക്കുള്ള മരുന്നുകള്‍ ഇരുനൂറോളം വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്. ഇന്ത്യന്‍ ജനതയ്ക്കു മാത്രമല്ല, വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ക്കും അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളിലെ പാവപ്പെട്ടവര്‍ക്കും കുറഞ്ഞവിലയ്ക്ക് മികച്ച ഔഷധം ലഭ്യമാക്കുക വഴിയാണ് വികസ്വര രാജ്യങ്ങളുടെ ഫാര്‍മസി, സാധുക്കളുടെ മരുന്നുകട എന്നീ പദവികള്‍ ഇന്ത്യന്‍ ഔഷധമേഖല കൈവരിച്ചത്. 133 രാജ്യങ്ങളിലേക്കായി 44.6 കോടി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികകളും 154 കോടി പാരസെറ്റാമോള്‍ ഗുളികകളുമാണ് ഇന്ത്യ കൊവിഡ് കാലത്ത് വിതരണം ചെയ്തത്. ആഗോളതലത്തില്‍ത്തന്നെ ജനറിക് മരുന്നുകളും വാക്‌സീനും ഉല്പാദിപ്പിക്കുന്നതില്‍ മുന്നിട്ടുനില്‍ക്കുന്നത് ഇന്ത്യയാണ്. 

നവ ഉദാരവല്‍ക്കരണത്തിന്റെ കടന്നുകയറ്റം സര്‍വ്വ മേഖലകളേയും ബാധിക്കുംവരെ ഭദ്രമായ ഒരു ഔഷധനയവും നമുക്കുണ്ടായിരുന്നു. ഇന്ത്യയുടെ ജനകീയ ഔഷധനയം ഏറെക്കാലം നമുക്കും ലോകത്തിനും ഗുണകരമായിട്ടുണ്ട്. രണ്ടാം യു.പി.എ, മോദി ഭരണക്കാലത്ത് അത് അട്ടിമറിച്ചെങ്കിലും ആ പഴയ നയത്തിന്റെ ഗുണഫലങ്ങളാണ് ഈ കൊവിഡ് കാലത്തും സമൂഹം അനുഭവിക്കുന്നത്. കൊവിഡ് കാലത്ത് യു.എസ് പോലുള്ള രാജ്യങ്ങള്‍ ഇന്ത്യയ്ക്കു മുന്നില്‍ മരുന്നിനു കൈനീട്ടുന്നതും കൊടുക്കാന്‍ മടിച്ചപ്പോള്‍ ട്രംപ് കണ്ണുരുട്ടിയതും നാം കണ്ടതാണ്. അമേരിക്കയില്‍ റിയല്‍ എസ്റ്റേറ്റ് കുമിള തകര്‍ന്നതിനെത്തുടര്‍ന്നു ലോകമെമ്പാടും സാമ്പത്തികത്തകര്‍ച്ച നേരിട്ട 2008 കാലത്ത് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ആരോഗ്യത്തോടെ നിര്‍ത്താന്‍ പൊതുമേഖലാ ബാങ്കുകള്‍ എങ്ങനെ സഹായിച്ചോ, അതുകണക്ക് കൊവിഡ് പ്രതിസന്ധി കാലത്ത് ജനാരോഗ്യം സംരക്ഷിക്കുന്നതില്‍ ഇനിയും പൂര്‍ണ്ണമായും തകരാത്ത ജനകീയ ഔഷധനയത്തിന്റെ അടിത്തറയും ആരോഗ്യരംഗത്തെ ഗവണ്‍മെന്റ് ഇടപെടലുകളും സഹായകമായിട്ടുണ്ടെന്നുള്ളത് തര്‍ക്കമറ്റ സംഗതിയാണ്. 

1970-ല്‍ നടപ്പാക്കിയ പേറ്റന്റ് നിയമം, 1977-ലെ ജനതാ സര്‍ക്കാര്‍ നടപ്പാക്കിയ ഔഷധവില നിയന്ത്രണനിയമം എന്നിവ മൂലം ഗുണമേന്മയുള്ള മരുന്ന് കുറഞ്ഞവിലയ്ക്ക് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറി. അതോടൊപ്പം, വിദേശ ഇന്ത്യന്‍ കുത്തക കമ്പനികളുടെമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിലൂടെ രാജ്യത്തെ പൊതു-സ്വകാര്യ മേഖലാ ഔഷധക്കമ്പനികള്‍ വളര്‍ന്നു. അതിന്റെ ഗുണമാണ് നാം അനുഭവിക്കുന്നത്. 
ലോക വ്യാപാരസംഘടനയുടെ നിബന്ധനയ്ക്കു വഴങ്ങി ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ ഒന്നാം എന്‍.ഡി.എ സര്‍ക്കാരും ഒന്നാം യു.പി.എ സര്‍ക്കാരും മാറ്റം വരുത്തിയിരുന്നു. പ്രക്രിയ പേറ്റന്റിന്റെ സ്ഥാനത്ത് ഉല്‍പ്പന്ന പേറ്റന്റ് വന്നതോടെ പുതിയ ഔഷധങ്ങള്‍ അതിഭീമമായ വിലയ്ക്ക് ഇന്ത്യയില്‍ വിറ്റഴിക്കാന്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അവസരം ലഭിച്ചു. ഇതിനുപുറമെ കുത്തക കമ്പനികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി വിലനിയന്ത്രണ നിയമത്തില്‍ അയവുവരുത്തുകയും ചെയ്തതോടെ ഔഷധവില കുതിച്ചുയരാന്‍ തുടങ്ങി. ഔഷധമേഖലയിലെ വിദേശ മൂലധന നിക്ഷേപം നൂറു ശതമാനമായി വര്‍ദ്ധിപ്പിച്ചു. സര്‍ക്കാരിന്റെ അവഗണന മൂലം പൊതുമേഖലാ ഔഷധക്കമ്പനികളുടെ വളര്‍ച്ച മുരടിച്ചു. സാര്‍വ്വത്രിക പ്രതിരോധകുത്തിവെയ്പു പരിപാടിക്ക് വാക്‌സീന്‍ നല്‍കിയിരുന്ന ഫാക്ടറികള്‍ അടച്ചുപൂട്ടുകയും ചെയ്തു. 

കൊവിഡ് പടര്‍ന്ന സന്ദര്‍ഭത്തിലാണ് നാം നമ്മുടെ പ്രാധാന്യം തിരിച്ചറിഞ്ഞത്. കൊവിഡ് വാക്‌സീനുവേണ്ടിയുള്ള പരീക്ഷണങ്ങള്‍ ഏറെക്കുറെ ഫലവത്തായ സന്ദര്‍ഭത്തില്‍ ലോകത്തെ വികസിത-വികസ്വര രാജ്യങ്ങളിലുള്ള ദരിദ്രജനകോടികള്‍ക്ക് മരുന്ന് നിഷേധിക്കുന്ന നിലപാടാണ് സമ്പന്ന രാജ്യങ്ങള്‍ കൈക്കൊള്ളുന്നതെന്ന് ആരോപണമുണ്ട്. സമ്പന്ന രാജ്യങ്ങള്‍ വാക്‌സീനുകള്‍ വ്യാപകമായി പൂഴ്ത്തിവെയ്ക്കുകയാണെന്നും. ഫൈസര്‍ ബയോടെക്, മോഡേണ എന്നിവയില്‍ നിന്നൊക്കെയുള്ള വാക്‌സീനുകളാണ് സമ്പന്ന രാജ്യങ്ങള്‍ പൂഴ്ത്തിവെയ്ക്കുന്നതായി ആരോപിക്കപ്പെടുന്നത്. 

ആഗോളതലത്തില്‍ കൊവിഡ് 19 നെതിരെ വന്‍തോതില്‍ വാക്‌സീനേഷന്‍ നടക്കുമ്പോള്‍ ജനങ്ങള്‍ക്ക് കുത്തിവെയ്പ് നല്‍കുന്നതില്‍ സമ്പന്ന-ദരിദ്ര രാജ്യങ്ങള്‍ക്കിടയില്‍ വലിയ അന്തരം പ്രകടമാണ് എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. സമ്പന്ന രാജ്യങ്ങളിലെ ധനികര്‍ക്ക് കുത്തിവയ്പു ലഭ്യമാകുമ്പോള്‍ അവിടങ്ങളിലെ ദരിദ്രര്‍ക്കും ദരിദ്ര രാജ്യങ്ങളിലെ ജനങ്ങള്‍ക്കും കുത്തിവെയ്പിനുള്ള അവസരം നിഷേധിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിലേയും ചൈനയിലേയും മരുന്നുല്പാദനമേഖലയ്ക്ക് ഇത് നല്ല അവസരമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, മരുന്നുല്പാദനമേഖലയില്‍നിന്നും ഇന്ത്യന്‍ പൊതുമേഖല നേട്ടം കൊയ്യേണ്ടതില്ല എന്ന നിര്‍ബ്ബന്ധബുദ്ധിയാണ് കേന്ദ്രഗവണ്‍മെന്റിനുള്ളത് എന്ന വാദം ശരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍. വിശേഷിച്ചും ഇത്തരമൊരു ലോകസാഹചര്യത്തില്‍ ഇന്ത്യയിലെ പൊതുമേഖലയിലെ മരുന്നുല്പാദനത്തില്‍നിന്ന് കേന്ദ്രഗവണ്മെന്റ് പിന്മാറാനൊരുങ്ങുമ്പോള്‍. 

ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

കേന്ദ്രഗവണ്‍മെന്റ് ഇന്ത്യന്‍ ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, രാജസ്ഥാന്‍ ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവ അടച്ചുപൂട്ടാന്‍ തീരുമാനിച്ചപ്പോള്‍ ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ്, ബംഗാള്‍ കെമിക്കല്‍സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, കര്‍ണാടക ആന്റിബയോട്ടിക്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയുടെ ഓഹരികള്‍ വിറ്റൊഴിക്കാനും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെത്തന്നെ, ജനൗഷധിപോലുള്ള സാധാരണക്കാരായ രോഗികളെ സഹായിക്കുന്ന പദ്ധതികള്‍ക്ക് ഈ നീക്കം തിരിച്ചടിയാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍, പൊതുമേഖലാ ഔഷധക്കമ്പനികളായ ഇന്ത്യന്‍ ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ്, രാജസ്ഥാന്‍ ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് എന്നിവ അടച്ചുപൂട്ടാനും ബംഗാള്‍ കെമിക്കല്‍സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ് ലിമിറ്റഡ് എന്നിവയുടെ ഓഹരികളുടെ തന്ത്രപരമായ വില്പന സംബന്ധിച്ചും 2019-ല്‍ തന്നെ ധാരണയായിരുന്നു. അടച്ചുപൂട്ടുന്നവയുടെ ഭൂമി സ്വകാര്യമേഖലയ്ക്ക് കൈമാറാനും. 

സര്‍ക്കാര്‍ ആശുപത്രികളിലേക്ക് കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ വിതരണം ചെയ്യുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈ മരുന്നുകമ്പനികളെ ശക്തിപ്പെടുത്തുന്നതിനുപകരം ആഭ്യന്തര, വിദേശ സ്വകാര്യ മരുന്നു ഉല്പാദകരുടെ താല്പര്യസംരക്ഷണത്തിനുവേണ്ടിയാണ് അവ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ താല്പര്യപ്പെടുന്നതെന്ന് അന്നു വിവിധ ട്രേഡ് യൂണിയനുകള്‍ ആരോപിക്കുകയും ചെയ്തിരുന്നു. 

ആരോഗ്യമേഖലയിലെ സര്‍ക്കാര്‍ ഇടപെടലും മരുന്നുകള്‍ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കലും അനിവാര്യമാണ് എന്നാണ് കൊവിഡ് പോലുള്ള രോഗങ്ങളുടെ പകര്‍ച്ചാക്കാലത്തില്‍നിന്നും നാം പഠിക്കുന്ന പാഠം. പകര്‍ച്ചവ്യാധികള്‍ നേരിടുന്നതിനു സാമൂഹ്യമായ ജാഗ്രത അനിവാര്യമാണ് എന്നതുപോലെ. എന്നാല്‍, ഇത്തരത്തിലൊരു പാഠവും നമ്മുടെ ഭരണാധികാരികള്‍ പഠിച്ചിട്ടില്ല എന്നതിന്റെ സൂചനയാണ് ഔഷനിര്‍മ്മാണ വ്യവസായരംഗത്തെ സ്വകാര്യവല്‍ക്കരണ നീക്കങ്ങള്‍ തെളിയിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com