ദളിത് സംരംഭകര്‍ പെരുവഴിയില്‍ 

കോട്ടയം ജില്ലയിലെ പൂവന്തുരുത്ത് വ്യവസായ എസ്റ്റേറ്റില്‍ കമലു രാജന്‍ എന്ന ദളിത് സ്ത്രീ നടത്തുന്ന പ്ലാസ്റ്റിക് ചാക്ക് നിര്‍മ്മാണ യൂണിറ്റ് കാണേണ്ടതുതന്നെയാണ്
ദളിത് സംരംഭകര്‍ പെരുവഴിയില്‍ 

കോട്ടയം ജില്ലയിലെ പൂവന്തുരുത്ത് വ്യവസായ എസ്റ്റേറ്റില്‍ കമലു രാജന്‍ എന്ന ദളിത് സ്ത്രീ നടത്തുന്ന പ്ലാസ്റ്റിക് ചാക്ക് നിര്‍മ്മാണ യൂണിറ്റ് കാണേണ്ടതുതന്നെയാണ്. ഏഴു വര്‍ഷം മുന്‍പു തീ വിഴുങ്ങിയ ഷെഡ്ഡിന്റെ അവശിഷ്ടത്തില്‍ അദ്ധ്വാനിച്ച് ജീവിതം തിരിച്ചു പിടിക്കാന്‍ ഒരു കുടുംബം നടത്തുന്ന പെടാപ്പാട് അറിയാം. തീപിടിച്ചു തകരാറിലായ മുന്നിലെ ഷട്ടര്‍ തുറക്കാനാകാത്തതുകൊണ്ടു പിന്നില്‍ക്കൂടി കയറണം. പടുത വലിച്ചുകെട്ടിയാണ് പ്രവര്‍ത്തിക്കുന്നത്. നാലു ചുമരുകളും പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. ഇതൊന്നു നന്നാക്കിയെടുത്ത് പഴയതുപോലെയാക്കാന്‍ കമലുവും രാജനും മുട്ടാത്ത വാതിലുകളില്ല. പക്ഷേ, വ്യവസായവകുപ്പിന്റേയും പട്ടികവിഭാഗ ക്ഷേമവകുപ്പിന്റേയും വാതിലുകള്‍ തറന്നില്ല. ഇടയ്ക്ക് ഒന്നു വഴിതുറന്നെങ്കിലും ഉദ്യോഗസ്ഥരുടെ മനുഷ്യത്വമില്ലായ്മ അത് അടച്ചുകളഞ്ഞു. എന്നിട്ടും തളര്‍ന്നുപോകാതെ ഈ കൊച്ചുസ്ഥാപനംകൊണ്ടുതന്നെയാണ് ഒരു കുടുംബം ജീവിക്കുന്നത്. 

തിരുവനന്തപുരം മണ്‍വിള വ്യവസായ എസ്റ്റേറ്റില്‍ പട്ടികജാതി വ്യവസായ സഹകരണ സംഘം രൂപീകരിച്ച് ചെറുകിട വസ്ത്രനിര്‍മ്മാണശാല തുടങ്ങിയ എസ്.എസ്. അനില്‍ കുമാറും സഹപ്രവര്‍ത്തകരും അതിന്റെ നിലനില്‍പ്പിനായി ഒരു വായ്പ ചോദിച്ച് ഒരു വര്‍ഷമായി കയറിയിറങ്ങുന്നു. നാല് ബാങ്കുകളെ സമീപിച്ചെങ്കിലും അവര്‍ കനിഞ്ഞില്ല. ജില്ലാ വ്യവസായ കേന്ദ്രവും പട്ടികവിഭാഗ ക്ഷേമവകുപ്പും പട്ടികവിഭാഗ ക്ഷേമ കോര്‍പ്പറേഷനും കനിഞ്ഞില്ല. എങ്കിലും അനില്‍ കുമാറും സംഘത്തിന്റെ മറ്റു ഭാരവാഹികളായ വി.എസ്. സ്മിതയും എസ്.എസ്. അജയകുമാറും കെ. ഓമനയും കുടുംബാംഗങ്ങളും ജീവനക്കാരും പ്രതീക്ഷ കൈവിട്ടിട്ടില്ല. 

പൂവന്തുരുത്തിലേയും മണ്‍വിളയിലേയും ദളിത് സംരംഭകരുടെ അനുഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. ജീവിക്കാന്‍ ചെറുകിട സംരംഭങ്ങള്‍ തുടങ്ങിയവരില്‍ ബഹുഭൂരിപക്ഷവും പിടിച്ചുനില്‍ക്കാനുള്ള തീവ്രശ്രമത്തിലാണ്. പലരും മുന്നോട്ടുപോകാനാകാതെ പൂട്ടിപ്പോകുന്നു; അല്ലെങ്കില്‍ കടക്കെണിയില്‍നിന്നു രക്ഷപ്പെടാന്‍ മറ്റാര്‍ക്കെങ്കിലും കൈമാറുന്നു. മുടക്കാന്‍ പണമില്ലാത്തവര്‍, വായ്പ ചോദിച്ചാല്‍ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ആവശ്യപ്പെടുന്ന ഈടു നല്‍കാന്‍ കഴിയാത്തവര്‍, നിലനില്‍പ്പിനായി നെട്ടോട്ടമോടുന്നവരായി മാറിയിരിക്കുന്നു ഇവര്‍. ദളിത് ശാക്തീകരണത്തിന്റെ പേരില്‍ വലിയ വര്‍ത്തമാനം പറയുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ അറിഞ്ഞില്ലെന്നു നടിക്കുകയാണ് ഈ ദുരവസ്ഥ. പുതിയ സംരംഭങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സംസ്ഥാന പട്ടികവിഭാഗ ക്ഷേമവകുപ്പ് സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കിവച്ചിരിക്കുകയാണ്. പക്ഷേ, നിലവിലുള്ള സ്ഥാപനങ്ങള്‍ തകരാതിരിക്കാനും നിലച്ചുപോയവ തുറക്കാനും പദ്ധതികളില്ല. ഈ കാര്യങ്ങളൊന്നു വിശദമായി പറയാന്‍ പട്ടികവിഭാഗ ക്ഷേമ മന്ത്രി എ.കെ. ബാലനെ കാണാന്‍ പലവട്ടം ശ്രമിച്ചിട്ടും ഇവര്‍ക്കു കാണാന്‍ കഴിഞ്ഞിട്ടില്ല. മന്ത്രിയോടു പറയേണ്ടത് തങ്ങളോടു പറഞ്ഞാല്‍ മതിയെന്നാണ് ഉദ്യോഗസ്ഥരും മന്ത്രിയുടെ സ്റ്റാഫും പറയുന്നത്. പക്ഷേ, പറഞ്ഞതും എഴുതിക്കൊടുത്തതുമൊന്നും മന്ത്രിയുടെ എത്തിയതിന്റെ സൂചനകളൊന്നുമില്ല. ഇ-മെയിലില്‍ മന്ത്രിക്ക് അയച്ച നിവേദനത്തിനു മറുപടിയുമില്ല. ധനമന്ത്രി ടി.എം. തോമസ് ഐസക്കിനെ നേരിട്ടു കാണാന്‍ ശ്രമിച്ചപ്പോഴും ഇതുതന്നെയായിരുന്നു അനുഭവം. നിവേദനം മന്ത്രിയുടെ സെക്രട്ടറിക്കു കൊടുത്തു മടങ്ങേണ്ടിവന്നു. ജനക്ഷേമ പ്രഖ്യാപനങ്ങള്‍ വാരിക്കോരിച്ചൊരിഞ്ഞ തോമസ് ഐസക്കിന്റെ 'തെരഞ്ഞെടുപ്പുബജറ്റ്' വന്നപ്പോള്‍ എസ്.സി, എസ്.ടി സംരംഭങ്ങളുടെ അതിജീവനത്തിന് ഉതകുന്ന നിര്‍ദ്ദേശങ്ങളൊന്നും ഉണ്ടായുമില്ല. സംഘടിത വോട്ടുബാങ്ക് അല്ലാത്തതുകൊണ്ടുകൂടിയാണ് തങ്ങള്‍ അവഗണിക്കപ്പെടുന്നത് എന്ന് അവര്‍ ചിന്തിച്ചു പോകുന്നതില്‍ തെറ്റില്ല; ദളിത് സംഘടനകള്‍ നിരവധിയുണ്ടെങ്കിലും ഫലവുമില്ല. 2011-ലെ സെന്‍സസ് പ്രകാരം 53 വിഭാഗങ്ങളായി 30,39,579 ആണ് കേരളത്തിലെ പട്ടികജാതി ജനസംഖ്യ. ആകെ ജനസംഖ്യയുടെ 9.10 ശതമാനം. 

എന്തുകൊണ്ടിങ്ങനെ?

സംസ്ഥാനത്തു ലഘു, ചെറുകിട, ഇടത്തരം സംരംഭങ്ങളും (എം.എസ്.എം.ഇ) കച്ചവടങ്ങളും നടത്തുന്നവരെ പ്രതിനിധീകരിക്കുന്ന കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് ആന്റ് കൊമേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഫോര്‍ എസ്.സി, എസ്.ടി (ഐ.സി.ഡബ്ല്യു.എ) ജനുവരി 11-ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവസിച്ചു. അന്നും മന്ത്രി എ.കെ. ബാലനു നിവേദനം നല്‍കാന്‍ ശ്രമിച്ചു. കഴിഞ്ഞില്ല. നിയമസഭാ സമ്മേളനത്തിലായിരുന്നു മന്ത്രി. വ്യവസായ, വ്യാപാര മേഖലയില്‍ കേരളത്തില്‍ പട്ടികവിഭാഗങ്ങളുടെ എണ്ണം വളരെക്കുറവാണ്. ദേശീയപാതയുടേയോ എം.സി റോഡിന്റേയോ വശങ്ങളില്‍ ഒരു പെട്ടിക്കട പോലുമില്ല. വ്യവസായവകുപ്പിന്റെ നിയന്ത്രണത്തിലുള്ള വ്യവസായ പ്ലോട്ടുകളില്‍ ചെറിയ ഷെഡ്ഡുകളില്‍ സംരംഭങ്ങള്‍ നടത്തുന്ന കുറച്ചുപേര്‍ മാത്രമാണുള്ളത്. ഇവരുടേയും അവസ്ഥ പരിതാപകരമാണ്. ഇതില്‍ ഏകദേശം 80 ശതമാനം ഷെഡ്ഡുകളും അടഞ്ഞുകിടക്കുകയോ സ്വന്തമായി നടത്താന്‍ പ്രവര്‍ത്തനമൂലധനം ഇല്ലാത്തതുകൊണ്ട് മറുവാടകയ്ക്ക് കൊടുത്തിരിക്കുകയോ ആണ്. കേരളത്തില്‍ ദളിത് അഭ്യസ്ഥവിദ്യരുടെ എണ്ണം കൂടുന്നതുപോലെതന്നെ അവരിലെ തൊഴില്‍രഹിതരുടെ എണ്ണവും കൂടുന്നതാണ് സ്ഥിതി. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യമേഖലയിലും തൊഴില്‍ കിട്ടാക്കനി. ''വ്യവസായ, വ്യാപാര മേഖലകളില്‍ ദളിത് യുവജനങ്ങള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം'' -ഐ.സി.ഡബ്ല്യു.എ ട്രഷറര്‍ ബാലമുരളി പറയുന്നു. 

എസ്.സി, എസ്.ടി വകുപ്പിനു വികസന നയം പ്രഖ്യാപിക്കുക, സംസ്ഥാനത്തെ പട്ടിക വിഭാഗങ്ങള്‍ക്കായി ആരംഭിച്ച ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളെ തകര്‍ച്ചയില്‍നിന്നു തിരിച്ചുകൊണ്ടുവന്നു പട്ടികവിഭാഗങ്ങള്‍ക്കു തൊഴിലവരങ്ങള്‍ ലഭ്യമാക്കണം എന്ന നിയമസഭാ സമിതി ശുപാര്‍ശ നടപ്പാക്കുക എന്നിവയുള്‍പ്പെടെയാണ് മന്ത്രിക്കു നല്‍കാന്‍ തയ്യാറാക്കിയ നിവേദനത്തിലെ ആവശ്യങ്ങള്‍. പട്ടികവിഭാഗങ്ങളുടെ സംരംഭങ്ങള്‍ക്ക് 50 ശതമാനം സബ്സിഡിയും 40 ശതമാനം പലിശരഹിത വായ്പയും നല്‍കണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വ്യവസായ, വാണിജ്യ ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കുന്ന ഭൂമിയില്‍ പട്ടികവിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന സംവരണം നടപ്പാക്കുക, എസ്.സി, എസ്.ടി സഹകരണ സംഘങ്ങള്‍ക്ക് ഈടില്ലാതെയുള്ള വായ്പാ പദ്ധതികള്‍ നടപ്പാക്കുക, പട്ടികവിഭാഗ സംരംഭകര്‍ ഒറ്റയ്ക്കും കൂട്ടായും നടത്തുന്ന ഹൈടെക് സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കുക, യുവസംരംഭകരെ കൈപിടിച്ചുയര്‍ത്തുന്നതിന് പ്രോജക്റ്റ് മാനേജ്മെന്റ് സെല്‍ രൂപീകരിക്കുകയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. 

എം.എസ്.എം.ഇ സംരംഭകരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ 40 ശതമാനം ഉപയോഗപ്പെടുത്തണം എന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. അതില്‍ 20 ശതമാനം എസ്.സി, എസ്.ടി സംരംഭകരുടേതാകണം എന്നാണ് നിര്‍ദ്ദേശം. ഇതു സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കണം എന്നാണ് മറ്റൊരു പ്രധാന ആവശ്യം. പട്ടികവിഭാഗ വികസന കോര്‍പ്പറേഷന്‍ സമഗ്രമായി പുനസ്സംഘടിപ്പിച്ച് എസ്.സി, എസ്.ടി വ്യവസായ വാണിജ്യ വികസന കോര്‍പ്പറേഷനാക്കി മാറ്റണം എന്ന ദീര്‍ഘകാല ആവശ്യത്തോട് വിവിധ സര്‍ക്കാരുകള്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല. അതുണ്ടാകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും നിര്‍മ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ 10 ശതമാനം ദളിത് സംവരണം നടപ്പാക്കാന്‍ നിയമനിര്‍മ്മാണം വേണം. വ്യവസായ എസ്റ്റേറ്റുകളിലേയും മിനി വ്യവസായ പാര്‍ക്കുകളിലേയും ദളിത് സംരംഭകരുടെ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം അവര്‍ക്ക് ഹയര്‍ പര്‍ച്ചേസ് വ്യവസ്ഥയിലോ ദീര്‍ഘകാല പാട്ടവ്യവസ്ഥയിലോ നല്‍കുകയാണ് വേണ്ടത്. അല്ലെങ്കില്‍ പൂര്‍ണ്ണമായും പതിച്ചുനല്‍കണം. കൈത്തറി, കയര്‍ തുടങ്ങിയ മേഖലകളിലെ പൂട്ടിക്കിടക്കുന്ന സഹകരണസംഘങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് എസ്.സി, എസ്.ടി സംരംഭകരെ ഏല്‍പ്പിക്കണം. സംരംഭങ്ങള്‍ക്കുള്ള വായ്പകളില്‍ സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുകയും സമയബന്ധിതമായി വായ്പ അനുവദിക്കുകയും ചെയ്യണം. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ മുന്‍ഗണനാ ക്രമത്തില്‍ നടപ്പാക്കുകയും വേണം.
 
13-ാം നിയമസഭയുടെ പട്ടികജാതി, പട്ടികവര്‍ഗ്ഗ ക്ഷേമസമിതിയുടെ, 2015 ഡിസംബര്‍ ഒന്നിനു സഭയില്‍ സമര്‍പ്പിച്ച 24-ാമതു റിപ്പോര്‍ട്ടാണ് സംരംഭകര്‍ക്കു പ്രതീക്ഷ നല്‍കിയത്. പക്ഷേ, ഒരു ഫലവുമുണ്ടായില്ല. പട്ടികവിഭാഗങ്ങള്‍ നടത്തുന്ന സംരംഭങ്ങള്‍ തകരുന്നത് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ വര്‍ക്ക് ഷെഡ്ഡുകള്‍ ഉണ്ടെങ്കിലും 80 ശതമാനം തകര്‍ച്ചയിലാണ്. ''ഭൂമി ഈടുനല്‍കാന്‍ കഴിയാത്തതുകൊണ്ട് ഞങ്ങള്‍ക്കു ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും വായ്പ തരുന്നില്ല. പദ്ധതികള്‍ക്കു തിരിച്ചടിയായി മാറുന്ന പ്രധാന കാര്യങ്ങളിലൊന്ന് ഇതാണ്. നിലവിലെ പട്ടികവിഭാഗം വികസന കോര്‍പ്പറേഷന്‍ കൊണ്ട് ഒരു കാര്യവുമില്ല. 14 ജില്ലാ ഓഫീസുകളിലും സംരംഭകര്‍ കയറിയിറങ്ങുന്നു. കേന്ദ്ര ധനകാര്യ കോര്‍പ്പറേഷനുകളില്‍നിന്നു കുറഞ്ഞ പലിശയ്ക്കു കോര്‍പ്പറേഷനു ലഭിക്കുന്ന വായ്പ അര്‍ഹതയുള്ളവര്‍ക്കു കിട്ടുന്നില്ല. ജാമ്യരഹിത വായ്പയില്ലതാനും.'' ദളിത് സംരംഭക സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സി.ഒ. രാജന്‍ പറയുന്നു. മാത്രമല്ല, പലപ്പോഴും അവഹേളനങ്ങള്‍ക്കും ഇവര്‍ വിധേയരാവുകയാണ്. ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് ദളിത് സംരംഭകര്‍ക്കു ശവപ്പെട്ടി നല്‍കിയത് വിവാദമായിരുന്നു. ആവശ്യക്കാരെ അന്വേഷിച്ചു കണ്ടെത്തി ശവപ്പെട്ടി വിറ്റു പണമുണ്ടാക്കാനായിരുന്നു നിര്‍ദ്ദേശം. ദളിത് സംരംഭകരെ 'ഉയര്‍ത്തിക്കൊണ്ടുവരാനുള്ള' വേറിട്ട പദ്ധതിയായാണ് നടപ്പാക്കിയവര്‍ വിശേഷിപ്പിച്ചത്. ആടും കോഴിയും വളര്‍ത്തലും ഓട്ടോറിക്ഷയും ഫോട്ടോസ്റ്റാറ്റു കടയുമൊക്കെയാണ് ഇപ്പോഴും ദളിത് സംരംഭകര്‍ക്കുവേണ്ടി സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരിഗണിക്കുന്ന സംരംഭങ്ങള്‍. അതിനപ്പുറമുള്ള സംരംഭങ്ങള്‍ അവരെക്കൊണ്ടു നടത്തി വിജയിപ്പിക്കാന്‍ കഴിയില്ല എന്ന മുന്‍വിധിയോടെയാണ് തീരുമാനമെടുക്കുന്നത്. സംരംഭകത്വ പദ്ധതികള്‍ വിദഗ്ദ്ധരെ വച്ച് പദ്ധതികള്‍ പരിശോധിക്കണം എന്നാണ് ആവശ്യം. പക്ഷേ, പഴയ രീതികള്‍ക്കു മാറ്റമില്ല. പട്ടികവിഭാഗ ക്ഷേമവകുപ്പിനു വികസന നയം ഇല്ലാത്തതുകൊണ്ടാണ് ഇതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തെങ്കിലുമൊക്കെ ചെയ്യുന്നു എന്നു വരുത്താനാണ് ശ്രമം. 

മുനിസിപ്പാലിറ്റികളുടേയും കോര്‍പ്പറേഷനുകളുടേയും ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപക്‌സുകളിലും മറ്റും മുറി അനുവദിക്കുന്നതിന് പട്ടികജാകി സംവരണമുണ്ട്. പക്ഷേ, ആരും ശ്രദ്ധിക്കാത്ത ഇടത്ത് മുറി കൊടുക്കും. മൂത്രപ്പുരയ്ക്ക് സമീപമോ മറ്റോ ആയിരിക്കും മിക്കപ്പോഴും. നിങ്ങള്‍ക്കൊന്നും ഇതു പറഞ്ഞിട്ടില്ല എന്നാണ് ജനപ്രതിനിധികളുടെപോലും പ്രതികരണം. സി.പി.എം പി.ബി അംഗം എം.എ. ബേബിയെ കണ്ട് തങ്ങള്‍ക്കുവേണ്ടി ഇടപെടണമെന്ന് സംരംഭകര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹം ഈ വിവരം കെ. സോമപ്രസാദ് എം.പിയോടു പറയുകയും അതനുസരിച്ചു രണ്ടാഴ്ച മുന്‍പ് അവര്‍ സോമപ്രസാദിനെ കാണുകയും ചെയ്തു. വിശദമായി കേട്ടു. മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താം എന്നു പറഞ്ഞിരിക്കുന്നു. 

പ്രതീക്ഷകളും കാത്തിരിപ്പുകളും 

2008-ല്‍ തുടങ്ങിയ കമലുവിന്റെ പ്ലാസ്റ്റിക് ചാക്ക് നിര്‍മ്മാണ യൂണിറ്റില്‍ ഇപ്പോള്‍ പുതിയത് നിര്‍മ്മിക്കുന്നില്ല. പകരം പഴയതെടുത്ത് സംസ്‌കരിക്കുന്നു. 2014 ഏപ്രിലില്‍ ആണ് തീ പിടുത്തമുണ്ടായത്. ഇതുവരെ അറ്റകുറ്റപ്പണിക്ക് സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഒരു നടപടിയും സ്വീകരിച്ചില്ല. ജില്ലാ വ്യവസായ ഓഫീസര്‍ പറയുന്നത് അവര്‍ക്ക് ഫണ്ടില്ല എന്നാണ്. എസ്.സി ഡയറക്ടര്‍ക്ക് നിവേദനം നല്‍കാനാണ് നിര്‍ദ്ദേശിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേരും രണ്ടു സ്ത്രീത്തൊഴിലാളികളും ഉണ്ട്. കമലുവിന്റെ നാലുപേരടങ്ങുന്ന കുടുംബത്തിന്റേയും ആ തൊഴിലാളുകളുടേയും ഉപജീവന മാര്‍ഗ്ഗമാണ്. അതുകൊണ്ടാണ് സഹായത്തിനു കാത്തുനില്‍ക്കാതെ കത്തിയ ചാരത്തില്‍നിന്നു വാരിക്കൂട്ടി പ്രവര്‍ത്തനം തുടര്‍ന്നത്. വായ്പയായെങ്കിലും സര്‍ക്കാര്‍ സഹായം കിട്ടിയാല്‍ ഇപ്പോഴത്തേക്കാള്‍ കൂടുതല്‍ നന്നായി കൊണ്ടുപോകാന്‍ പറ്റുമെന്ന് കമലു പറയുന്നു. 

തീ പിടുത്തത്തിന്റെ കാരണം എന്തെന്ന് ഇതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. വൈകീട്ടു പൂട്ടി രാജന്‍ വീട്ടിലെത്തിയ പിന്നാലെ അടുത്ത ഷെഡ്ഡുകാരന്‍ വിളിച്ചാണ് തീ പിടുത്ത വിവരം പറഞ്ഞത്. പടുതകളും ചാക്കു കെട്ടുകളും ഉണ്ടായിരുന്നു. ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്സ് വന്നിട്ടും തീ അണയ്ക്കാന്‍ ബുദ്ധിമുട്ടി. എട്ടു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. രണ്ടുമൂന്നു ദിവസം കഴിഞ്ഞ് അവശിഷ്ടങ്ങളില്‍നിന്നു പ്രവര്‍ത്തനം തുടങ്ങി. 

പട്ടികജാതിക്കാരുടെ ഏഴ് ഷെഡ്ഡുണ്ട് പൂവന്തുരുത്തില്‍. ഏഴും ബുദ്ധിമുട്ടില്‍. ഫ്‌ലെക്‌സ്, റബര്‍ ബാന്റ്, ഫര്‍ണിച്ചര്‍, നമ്പര്‍ പ്ലേറ്റ് നിര്‍മ്മാണ യൂണിറ്റുകളാണ് ഇവ. കൂടുതല്‍ മെച്ചപ്പെടുത്തിയാല്‍ കൂടുതല്‍ പണിയും വരുമാനവുമുണ്ടാകും. പക്ഷേ, അതിനു പണം വേണം. ഈടുകൊടുക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ട് വായ്പ കിട്ടാത്ത പ്രശ്‌നം തന്നെയാണ് മറ്റെല്ലാവരേയും പോലെ ഇവരേയും അലട്ടുന്നത്. ദളിത് സംരംഭകര്‍ക്കു ഷെഡ്ഡിനു കൈവശാവകാശ രേഖ ഇല്ല. മാസം 320 രൂപ വാടകയുടെ കരാര്‍ മാത്രം. അതു ജില്ലാ വ്യവസായ കേന്ദ്രത്തില്‍ കൃത്യമായി അടയ്ക്കണം. ഇവിടെ ആകെ 240 ചെറുകിട വ്യവസായ യൂണിറ്റുകളുണ്ട്. മറ്റുള്ളവര്‍ക്കു ദീര്‍ഘകാല പാട്ടമായാണ് ഷെഡ്ഡ് അനുവദിച്ചിരിക്കുന്നത്. അല്ലെങ്കില്‍ കൈവശാവകാശ രേഖ നല്‍കിയിട്ടുണ്ട്. ഈ വിവേചനത്തിനു കാരണം മനസ്സിലാകുന്നുമില്ല. കമലുവിന്റെ യൂണിറ്റ് അറ്റകുറ്റപ്പണികള്‍ക്ക് മൂന്നര ലക്ഷം രൂപ സര്‍ക്കാരില്‍നിന്ന് അനുവദിച്ചിരുന്നു. ജില്ലാ വ്യവസായ കേന്ദ്രത്തിലേക്കാണ് പണം വന്നത്. സ്ഥാപനങ്ങള്‍ തുറക്കാതിരുന്ന ഒന്നാംഘട്ട ലോക്ഡൗണ്‍ കാലത്തായിരുന്നു അത്. യൂണിറ്റു തുറക്കുന്നില്ലെന്നു പറഞ്ഞ് ആ പണം തിരിച്ചയയ്ക്കുകയാണ് ജില്ലാ വ്യവസായ കേന്ദ്രം ഉദ്യോഗസ്ഥര്‍ ചെയ്തത്. സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കുന്നുണ്ടെങ്കിലും അത് ഗുണഭോക്താക്കളെ അറിയിക്കുകയോ സഹായിക്കുകയോ ചെയ്യുന്നില്ല എന്ന പരാതി വിവിധ ജില്ലാ വ്യവസായ കേന്ദ്രങ്ങളെക്കുറിച്ചു നിലനില്‍ക്കുമ്പോഴാണ് കമലുവിനോടും ഈ ചതി. ഷെഡ്ഡ് കത്തിയപ്പോള്‍ പി.ഡബ്ല്യു.ഡി നഷ്ടത്തിന്റെ കണക്കെടുത്തു ജില്ലാ വ്യവസായ കേന്ദ്രത്തിനു കൊടുത്തു. ആ റിപ്പോര്‍ട്ടിന്റെ പകര്‍പ്പു കിട്ടാന്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ ആവശ്യപ്പെട്ടത് 25000 രൂപയാണെന്ന് കമലു പറയുന്നു. അതുകൊണ്ട് റിപ്പോര്‍ട്ടു വാങ്ങിയില്ല. നിര്‍മ്മിതകേന്ദ്രം ഉദ്യോഗസ്ഥര്‍ വന്നുകണ്ട് വ്യവസായ എസ്റ്റേറ്റിനു മൊത്തത്തില്‍ ചുറ്റുമതിലും അറ്റകുറ്റപ്പണികളും ഉള്‍പ്പെടെ നിര്‍ദ്ദേശിക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. അതിലും പക്ഷേ, തുടര്‍നടപടിയില്ല. 

കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതിനിധീകരിക്കുന്ന കോട്ടയം നിയോജക മണ്ഡലത്തിലാണ് പൂവന്തുരുത്ത്. അദ്ദേഹം മന്ത്രിയായിരുന്നപ്പോഴാണ് തീ പിടുത്തം ഉണ്ടായത്. ഇപ്പോള്‍ എം.എല്‍.എ എന്ന നിലയില്‍ അറ്റകുറ്റപ്പണികള്‍ക്കു സഹായം ചോദിച്ച് നിവേദനം നല്‍കിയിരുന്നു. ഫണ്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. 

മണ്‍വിള വ്യവസായ എസ്റ്റേറ്റിലെ സഹായ സഹകരണസംഘത്തിനു പ്രാഥമിക സഹായം പോലും കിട്ടിയില്ല എന്ന സങ്കടമാണ് അനില്‍ കുമാര്‍ പങ്കുവയ്ക്കുന്നത്. ഷെഡ്ഡ് വ്യവസായവകുപ്പും ഫണ്ട് പട്ടികവിഭാഗ ക്ഷേമവകുപ്പുമാണ് നല്‍കേണ്ടത്. പക്ഷേ, ഇവ പരസ്പരം ശരിയായ ഏകോപനമില്ലാത്തതുകൊണ്ട് സംരംഭകന്‍ കയറിയിറങ്ങി വലയും. വ്യവസായ യൂണിറ്റില്‍ കക്കൂസിന് അപേക്ഷ കൊടുത്തപ്പോള്‍ എസ്.സി വകുപ്പ് തള്ളി. വ്യവസായവകുപ്പ് ചെയ്യട്ടെ എന്നാണ് പറഞ്ഞത്. നിയമസഭയുടെ പെറ്റീഷന്‍ സമിതിക്കു പരാതി കൊടുത്തപ്പോഴാണ് മറിച്ചൊരു തീരുമാനത്തിന് ഉദ്യോഗസ്ഥര്‍ തയ്യാറായത്. സഭാസമിതി നിര്‍ദ്ദേശപ്രകാരം എസ്.സി വകുപ്പ് വ്യവസായവകുപ്പിനു ഫണ്ട് കൊടുത്തു. പക്ഷേ, പിന്നീടുള്ള നടപടികള്‍ ഇഴയുന്നു. അഞ്ചു പേരുള്‍പ്പെട്ട ഗാര്‍മെന്റ് യൂണിറ്റാണ്. ലാഭത്തിലായിട്ടില്ല. കൂടുതല്‍ വികസിപ്പിക്കാന്‍ ജില്ലാ പട്ടികജാതി ഓഫീസില്‍ പത്തു ലക്ഷം രൂപ വായ്പയ്ക്ക് ഒരു വര്‍ഷം മുന്‍പാണ് അപേക്ഷ കൊടുത്തത്. കാത്തിരിപ്പല്ല, നെട്ടോട്ടമാണ്. 

സംരംഭം തുടങ്ങുന്നതിനു വ്യവസായ എസ്റ്റേറ്റില്‍ ഷെഡ് അനുവദിച്ചു കിട്ടുന്നതു മുതല്‍ തുടങ്ങുകയാണ് ദളിത് സംരംഭകരുടെ ഈ ബുദ്ധിമുട്ട്. ''വായ്പ കിട്ടാന്‍ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഭൂരിഭാഗം പേര്‍ക്കും കഴിയില്ല. 298 എം.എസ്.എം.ഇകളില്‍ 20 ശതമാനംപോലും പ്രവര്‍ത്തിക്കാതെ പോകുന്നതിനു കാരണവും അതുതന്നെയാണ്.'' ബാലമുരളീകൃഷ്ണന്‍ പറയുന്നു. അങ്ങനെയാണ് പൂട്ടിപ്പോകുന്നത്. പക്ഷേ, സര്‍ക്കാരിന്റെ കണക്കില്‍ എല്ലാം പ്രവര്‍ത്തിക്കുന്നവയാണ്. അതും ദളിതുകളുടെ തന്നെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നു. ഒരിക്കല്‍ എം.എസ്.എം.ഇ ലൈസന്‍സ് കിട്ടിയാല്‍ പിന്നീട് പുതുക്കേണ്ടതില്ല. ലൈസന്‍സ് കിട്ടിയവയെല്ലാം നന്നായി പ്രവര്‍ത്തിക്കുന്നു എന്നാണ് ധാരണ. 

പൂവന്തുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ കമലു രാജന്റെ സ്ഥാപനത്തിന് തീ പിടിച്ചപ്പോൾ
പൂവന്തുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ കമലു രാജന്റെ സ്ഥാപനത്തിന് തീ പിടിച്ചപ്പോൾ

വിവേചനങ്ങളും നേരിട്ട അപമാനവും 

ഇവരുടെ യൂണിറ്റുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന സാധനങ്ങള്‍ വിറ്റഴിക്കാന്‍ വിപണി കണ്ടെത്തുന്നതിലും പ്രതിസന്ധിയുണ്ട്. ഇതു മുതലെടുത്തും പട്ടികേതര വിഭാഗങ്ങളില്‍പ്പെട്ട പണക്കാര്‍ രംഗത്തുവരുന്നു. അവര്‍ ഏറ്റെടുത്തു നടത്തുന്നതോടെ പട്ടികജാതി, വര്‍ഗ്ഗ സംരംഭം അങ്ങനെയല്ലാതായി മാറുന്നു; നിയമപ്രകാരം അത് പാടില്ലാത്തതാണ്. സംരംഭം തുടങ്ങാന്‍ ഷെഡ് ലഭിച്ച പട്ടികവിഭാഗക്കാര്‍ക്ക് നടത്തിക്കൊണ്ടുപോകാന്‍ സാധിക്കാതെ വന്നാല്‍ അതു തിരിച്ചെടുത്ത് അതേ വിഭാഗത്തിലെ മറ്റ് അപേക്ഷകരുണ്ടെങ്കില്‍ നല്‍കണമെന്നാണ് നിയമം. പക്ഷേ, അങ്ങനെയല്ല സംഭവിക്കുന്നത്. 

യഥാര്‍ത്ഥ ഉടമയ്ക്ക് മാസം നിശ്ചിത തുക നല്‍കി പാട്ടത്തിനെടുക്കുന്നവര്‍ വലിയ നിക്ഷേപം നടത്തി ലാഭമുണ്ടാക്കുന്നു. യഥാര്‍ത്ഥ ഉടമയ്ക്കു കിട്ടുന്നത് നക്കാപ്പിച്ച. ഗതികേടുകൊണ്ട് അതു സ്വീകരിക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരായിത്തീരുകയും ചെയ്യുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ പത്തു ശതമാനം പട്ടികജാതി സംവരണത്തിനു വ്യവസ്ഥയുണ്ട്. പക്ഷേ, കൂടുതല്‍ സ്ഥലങ്ങളിലും പാലിക്കപ്പെടുന്നില്ല. വന്‍കിട സ്ഥാപനങ്ങള്‍ കുത്തകയാക്കിവയ്ക്കുന്നതിനു നിരവധി അനുഭവങ്ങളുമുണ്ട്. കോട്ടയം നഗരത്തിലെ നഗരസഭാ ഷോപ്പിംഗ് കോംപ്ലക്‌സ് സ്വകാര്യ സ്വര്‍ണ്ണവ്യാപാര സ്ഥാപനം കയ്യടക്കിയിരിക്കുന്നത് ഉദാഹരണം. അഥവാ സംവരണം പാലിക്കുന്നുവെന്നു വരുത്താന്‍ കൊടുക്കുന്നത് ഏറ്റവും മോശം മുറികളിലൊന്ന് ആയിരിക്കും എന്നതിന് തിരുവനന്തപുരം ശ്രീകാര്യത്തെ മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ 'സംവരണമുറി' ഉദാഹരണം; മൂത്രപ്പുരയോടു ചേര്‍ന്ന്, ആരും ചെന്ന് ഒരു സാധനം വാങ്ങാത്തിടത്ത് ഒരു മുറി. 

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പുകള്‍ ലഭിച്ച പട്ടികവിഭാഗക്കാരില്‍നിന്ന് അത് തട്ടിയെടുക്കപ്പെടുന്നത് വ്യാപകമാണ്. നടത്തിക്കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യം തന്നെയാണ് ഇവിടെയും മുതലെടുക്കുന്നത്. പമ്പു സ്ഥാപിക്കാനുള്ള സ്ഥലവും ആദ്യത്തെ ഒരു ലോഡും കമ്പനി സൗജന്യമായി നല്‍കുന്നു. രണ്ടാമത്തെ ലോഡിനു പണം തികയാതെ വരുന്നു. അതോടെ കടം വാങ്ങിത്തുടങ്ങും. കിട്ടുന്ന ലാഭം കടം വീട്ടാനേ ഉണ്ടാകൂ എന്ന സ്ഥിതി. അങ്ങനെയാണ് 'പുറത്തുനിന്നുള്ളവര്‍' കടന്നുവരുന്നത്. ഇതിനു പുറമേ പട്ടികവിഭാഗക്കാരെക്കൊണ്ട് അപേക്ഷ നല്‍കി അവരുടെ പേരില്‍ പമ്പും ഗ്യാസ് ഏജന്‍സിയും സ്വന്തമാക്കുന്നവരുമുണ്ട്. 

പട്ടികവിഭാഗ വികസന ഫണ്ട് വിനിയോഗിക്കുന്നതിന്റെ കൃത്യമായ ഗുണഫലം അതിന്റെ ഗുണഭോക്താക്കള്‍ക്കു കിട്ടണമെങ്കില്‍ അതുസംബന്ധിച്ചു കൃത്യമായ നയം വേണം. അതില്ല. മോശമല്ലാത്ത സാമ്പത്തിക സാഹചര്യമുള്ളവര്‍ക്കാണ് വായ്പ കിട്ടാനും സാധ്യത. ഉദാഹരണത്തിന്, ബാലമുരളീകൃഷ്ണന്റെ അച്ഛന്‍ സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. ഭേദപ്പെട്ട ചുറ്റുപാടുകളുണ്ട്. അതുകൊണ്ട് വായ്പയ്ക്കു ഗ്യാരന്റി കൊടുക്കാനും വായ്പ ലഭിച്ചാല്‍ തിരിച്ചടവു മുടക്കാതിരിക്കാനും കഴിയും. ഇതു പരിഗണിച്ചാണ് തനിക്ക് സംരംഭം തുടങ്ങാന്‍ ബാങ്ക് വായ്പ തന്നതെന്ന് ബാലമുരളീകൃഷ്ണന്‍ തുറന്നു പറയുന്നു. ഭൂരിഭാഗവും കൊള്ളാവുന്ന ഒരു വ്യവസായ സംരംഭ പദ്ധതിയുമായി പത്തു ലക്ഷം രൂപയ്ക്കു വായ്പയ്ക്കു ശ്രമിച്ചാല്‍ കിട്ടാതെ വരുന്നു. ചെറിയ തുക മാത്രം കിട്ടുന്നതോടെ ആ പ്രോജക്റ്റ് നടക്കാതെ പോകുന്നു. 

ദളിതുകള്‍ വായ്പ തിരിച്ചടയ്ക്കാത്ത സ്ഥിതി വരുമോ, അങ്ങനെയുണ്ടായാല്‍ ജപ്തി പോലുള്ള നടപടികളിലേക്കു പോയാല്‍ വിമര്‍ശനം ഉണ്ടാകുമോ തുടങ്ങിയ ചോദ്യങ്ങള്‍ ബാങ്കുകള്‍ തിരിച്ചും മറിച്ചും സ്വയം ചോദിച്ചാണ് തീരുമാനമെടുക്കുന്നത്. കൊടുത്തുവെന്ന് വരുത്താന്‍ കുറച്ചു പേര്‍ക്ക് കുറച്ചു തുക മാത്രം കൊടുക്കുന്നു. യഥാര്‍ത്ഥത്തില്‍ വന്‍തോതില്‍ വായ്പാ തിരിച്ചടവു മുടക്കുന്നവര്‍ പട്ടിക വിഭാഗങ്ങളിലുള്ളവരേക്കാള്‍ മറ്റു വിഭാഗങ്ങളില്‍ കൂടുതലാണ്. പക്ഷേ, ശതമാനക്കണക്കു പരിശോധിച്ചാല്‍ നേരെ തിരിച്ചാണ് കാണുക. ഉദാഹരണത്തിന്, പത്ത് പട്ടികവിഭാഗക്കാര്‍ വായ്പയെടുത്തിട്ട് എട്ടു പേരുടെ തിരിച്ചടവു മുടങ്ങുന്നുവെങ്കില്‍ 100 മറ്റു വിഭാഗക്കാരില്‍ 40 പേര്‍ മുടക്കുന്നുവെന്നു കരുതുക. തിരിച്ചടവു മുടക്കുന്ന പട്ടികവിഭാഗക്കാര്‍ 80 ശതമാനവും മറ്റുള്ളവര്‍ 40 ശതമാനവുമായിരിക്കും. വായ്പ കിട്ടുന്നവരുടേയും തിരിച്ചടയ്ക്കാത്തവരുടേയും എണ്ണത്തില്‍ പട്ടികവിഭാഗക്കാര്‍ വളരെ പിന്നിലാണ് എന്നതു മറച്ചുവയ്ക്കപ്പെടുകയും ചെയ്യുന്നു. പട്ടികവിഭാഗ വികസന കോര്‍പ്പറേഷനാണ് ഇവര്‍ക്ക് പിന്തുണ നല്‍കേണ്ടത്. അവരും ഈടു ചോദിക്കുന്നു. മുന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനും പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനും പത്തുലക്ഷം രൂപവരെ ഭൂപണയം കൂടാതെ വായ്പ അനുവദിക്കുമ്പോഴാണ് ഈ വിവേചനം. പദ്ധതി നടത്തിപ്പിനായി വാങ്ങുന്ന ഉപകരണങ്ങളാണ് അവര്‍ ഈടായി കണക്കാക്കുന്നത്. അതു വാങ്ങാന്‍ വായ്പ കൊടുക്കുന്നു. പട്ടികവിഭാഗ കോര്‍പ്പറേഷനില്‍ ഉപകരണങ്ങള്‍ക്കു രണ്ടാമത്തെ പരിഗണന മാത്രമാണ് നല്‍കുന്നത്. ഭൂമിയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെയോ ജാമ്യമോ ഇല്ലാതെ വായ്പ അനുവദിക്കുന്ന പ്രശ്‌നമേയില്ല. 

''വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ പട്ടികവിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിനും സമൂഹത്തിലെ മറ്റു വിഭാഗങ്ങളുമായുള്ള എല്ലാത്തരം അന്തരം കുറച്ചു കൊണ്ടുവരുന്നതിനും നടപ്പാക്കിയ പദ്ധതികള്‍ ഉദ്ദേശിച്ച തരത്തില്‍ ഫലപ്രാപ്തിയില്‍ എത്തിയോ എന്നു വിലയിരുത്തപ്പെടേണ്ടതായാണ് കാണുന്നത്.'' കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമസമിതി നിയമസഭയില്‍ വച്ച ഒരു റിപ്പോര്‍ട്ടിലെ നിരീക്ഷണമാണിത്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു തൊട്ടുമുമ്പ്, നിയമസഭയുടെ അവസാന സമ്മേളനത്തിലാണ് വി.പി. സജീന്ദ്രന്‍ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ടു സഭയില്‍ വച്ചത്. ഇപ്പോഴത്തെ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉള്‍പ്പെടെ അംഗങ്ങളായിരുന്നു. അത്തരം വിലയിരുത്തലുകളും വേവലാതികളും വിവിധ തലങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ ധാരാളമുണ്ട്. പക്ഷേ, ഉദ്ദേശിച്ച ഫലമുണ്ടാക്കാന്‍ പിന്നീട് ഇടപെടലുകള്‍ ഉണ്ടാകാതെ പോവുകയും ചെയ്യുന്നു. 

വിയര്‍പ്പൊഴുക്കിയിട്ടും ഫലം കാണാത്തവര്‍ 

പൊതുസംഭരണ നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ മാറ്റത്തിന്റെ ഗുണഫലം ലഭിക്കുന്നതിനു പട്ടികജാതിക്കാര്‍ക്കായി പുതിയ 19 എം.എസ്.എം.ഇ യൂണിറ്റുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുള്ളതായാണ് പട്ടികവിഭാഗ ക്ഷേമവകുപ്പില്‍നിന്നുള്ള വിവരം. 3,170 ആളുകളായിരിക്കും ഇവയുടെ ഗുണഭോക്താക്കള്‍ എന്നും 6,626.72 ലക്ഷം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത് എന്നും ഇതു സംബന്ധിച്ച പദ്ധതിരേഖയില്‍ പറയുന്നു. ഇതു കൂടാതെ കാറ്ററിംഗ്, റെസ്റ്റോറന്റ്, നഗര കാര്‍ഷിക പ്രോത്സാഹന കേന്ദ്രങ്ങള്‍, ഹോംനഴ്സ് പരിശീലന കേന്ദ്രങ്ങള്‍, ലോണ്ടറി യൂണിറ്റുകള്‍, കൃഷി സഹകരണസംഘങ്ങളുടെ രൂപീകരണം, ഓണ്‍കോള്‍ ആരോഗ്യപരിരക്ഷ, നൂറ് എസ്.സി സഹകരണസംഘങ്ങളുടെ പുനരുദ്ധാരണം, പൊതുശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രാദേശിക സംരംഭങ്ങള്‍ തുടങ്ങിയവയുമുണ്ട്. 30982.88 ലക്ഷം രൂപയാണ് ഇവയ്‌ക്കെല്ലാം കൂടി വകയിരുത്തുന്നത്. ഇലക്ട്രിക്കല്‍സ് ആന്‍ഡ് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ (എല്‍.ഇ.ഡി അധിഷ്ഠിത ബള്‍ബുകള്‍), നട്ടും ബോള്‍ട്ടും വാഷറും മറ്റും നിര്‍മ്മിക്കല്‍, തുകലധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍, പി.വി.സി ചെരുപ്പുകള്‍, കയര്‍ തടുക്കുകള്‍, പേപ്പര്‍ ബാഗുകള്‍ തുടങ്ങിയവ നിര്‍മ്മിക്കല്‍, സ്റ്റേഷനറി സാധനങ്ങളുടെ നിര്‍മ്മാണം, പെയിന്റ്, ഇനാമല്‍, ക്ലീനിംഗ് പൗഡര്‍ മുതലായവ നിര്‍മ്മിക്കല്‍, ലൈലോണ്‍, പേപ്പര്‍ ടേപ്പുകള്‍, കയറുകളും മറ്റു പാക്കിംഗ് സാമഗ്രികളും നിര്‍മ്മിക്കല്‍, കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ നിര്‍മ്മിക്കല്‍, സര്‍ജിക്കല്‍ കയ്യുറകള്‍ തുടങ്ങിയവ നിര്‍മ്മിക്കല്‍, റബറധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, ലബോറട്ടറി, മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണം, ഫയര്‍ സേഫ്റ്റിയുമായി ബന്ധപ്പെട്ട സാമഗ്രികളുടെ നിര്‍മ്മാണം എന്നിങ്ങനെ പൊതുവായ ഒന്‍പത് വിഭാഗങ്ങള്‍ക്കു കീഴില്‍ വിവിധ ഉല്‍പ്പന്നങ്ങളുടെ സാധ്യതകളാണ് കണ്ടുവച്ചിരിക്കുന്നത്. 

രാജ്യത്തെ ആകെ എം.എസ്.എം.ഇകളുടെ എണ്ണത്തില്‍ താരതമ്യേന മുന്‍പന്തിയിലുള്ള സംസ്ഥാനമാണ് കേരളം. പുതിയവ കൂടി വരുന്നതോടെ ഈ 'പദവി' ഇനിയും ഉയരും. പക്ഷേ, നിലവിലുള്ളവയുടെ യഥാര്‍ത്ഥ സ്ഥിതി ശരിയായി മനസ്സിലാക്കിയാല്‍ അവയെ തകര്‍ച്ചയില്‍നിന്നു രക്ഷിക്കുന്നതിനാകും മുന്‍ഗണന; അതാണ് വേണ്ടതും. 

2018-ലെ പൊതുസംഭരണ നിയമപ്ര കാരം എല്ലാ കേന്ദ്രമന്ത്രാലയങ്ങളും വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും വര്‍ഷത്തില്‍ വാങ്ങുന്ന സാധനങ്ങളില്‍ 25 ശതമാനം എം.എസ്.എം.ഇകളില്‍നിന്നായിരിക്കണം. ഇതിനു പുറമേ നാലു ശതമാനം സംഭരണം പട്ടികജാതി, വര്‍ഗ്ഗ സംരംഭങ്ങളില്‍നിന്നായിരിക്കണം എന്നുമുണ്ട്. അത് പ്രയോജനപ്പെടുത്താനാണ് പുതിയ സംരംഭങ്ങള്‍ക്കു പദ്ധതി തയ്യാറാക്കിയിരിക്കുന്നത് എന്നാണ് വകുപ്പ് പറയുന്നത്. പുതിയ പദ്ധതികളുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ കൂടി അറിയുമ്പോഴാണ്, നിലവിലെ ദുര്‍ബ്ബല സംരംഭങ്ങളെ ഇവര്‍ കാണാതെ പോകുന്നതിന്റെ ചിത്രം വ്യക്തമാവുക. പട്ടികവിഭാഗങ്ങള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ പിന്തുണ നല്‍കുക, പട്ടികവിഭാഗങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നിവയാണ് പ്രഥമ ലക്ഷ്യങ്ങള്‍. അങ്ങനെയെങ്കില്‍ നിലവിലുള്ള സംരംഭങ്ങള്‍ നന്നായി നിലനിര്‍ത്താന്‍ വേണ്ടതു ചെയ്യുക തന്നെയാണ് ആദ്യം ചെയ്യേണ്ടത്. 

കേരളത്തിലെ ചെറുകിട സംരംഭങ്ങള്‍ക്കു വളര്‍ച്ച ഉണ്ടാക്കുക, പ്രാദേശിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക, പട്ടിക വിഭാഗങ്ങള്‍ സ്ഥാപിക്കുന്ന ചെറുകിട സംരംഭങ്ങള്‍ക്ക് കേന്ദ്ര പൊതുസംഭരണ നയത്തിന്റെ ഗുണഫലം ലഭ്യമാക്കുക, കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അതനുസരിച്ചുള്ള ഉല്‍പ്പാദനം നടത്തുക, ഗുണനിലവാരമുള്ള ഉല്‍പ്പനങ്ങളുടെ സമയബന്ധിത വിതരണം ഉറപ്പാക്കുക, സ്ഥാപനങ്ങളും വ്യവസായങ്ങളും ഗുണഭോക്താക്കള്‍ക്കും ഇടയിലൊരു പാലമായി പ്രവര്‍ത്തിക്കുക, കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു കേരളത്തെ കരകയറ്റുക തുടങ്ങിയവയും ലക്ഷ്യങ്ങളില്‍പ്പെടുന്നു. ഇതില്‍ ഓരോന്നും നിലവിലെ സംരംഭങ്ങള്‍ മെച്ചപ്പെടുത്തിയെടുത്ത് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയിലേക്കുതന്നെയാണ് വിരല്‍ചൂണ്ടുന്നത്. ഈ സംരംഭങ്ങളേയും ഇതിനുവേണ്ടി എത്ര വിയര്‍പ്പൊഴുക്കിയിട്ടും ഫലം കാണാത്തവരേയും കണ്ടില്ലെന്നു നടിച്ചു പുതിയ സംരംഭങ്ങള്‍ക്കു പദ്ധതി തയ്യാറാക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിനു തുല്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com