കേരളത്തിന്റെ സ്വന്തം ഒ.ടി.ടിയില്‍ പടം തുടങ്ങുമ്പോള്‍

രാജ്യത്താദ്യമായി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കേരളം ഓവര്‍ ദി ടോപ് (ഒ.ടി.ടി) വേദി തുടങ്ങാനൊരുങ്ങുമ്പോള്‍ ഉയരുന്ന ചോദ്യങ്ങളും ചലച്ചിലച്ചിത്രകാകാരന്മാരുടെ പ്രതികരണങ്ങളും
കേരളത്തിന്റെ സ്വന്തം ഒ.ടി.ടിയില്‍ പടം തുടങ്ങുമ്പോള്‍

ത്മരാജന്റെ 'ഇന്നലെ'യിലെ അച്ചായനെ ഓര്‍മ്മയില്ലേ. ശോഭനയെ ആഗ്രഹിക്കുകയും ജയറാമിന്റെ കയ്യില്‍നിന്നു തല്ലുവാങ്ങുകയും ചെയ്യുന്ന വഷളന്‍ പണക്കാരന്‍. കെ.കെ. സുധാകരന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. 'നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' എന്ന പേരില്‍ പത്മരാജന്‍ തന്നെ സിനിമയാക്കിയ 'നമുക്കു ഗ്രാമങ്ങളില്‍ച്ചെന്നു രാപാര്‍ക്കാം' എന്ന നോവലെറ്റ് എഴുതിയ പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ കെ.കെ. സുധാകരനല്ല. ഈ സുധാകരനെ ഇന്നലെയ്ക്കുശേഷം സിനിമകളിലൊന്നും കണ്ടില്ല. ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്നു ഇക്കാലമത്രയും. അടുത്തിടെ അദ്ദേഹം തന്നെ നിര്‍മ്മിച്ചു മുഖ്യകഥാപാത്രമായി അഭിനയിച്ച 'തിമിരം' എന്ന സിനിമ നീസ് സ്ട്രീം എന്ന ഓവര്‍ ദി ടോപ് (ഒ.ടി.ടി) വേദിയില്‍ റിലീസ് ചെയ്തു. സംവിധാനം ശിവറാം മണി. തിമിരശസ്ത്രക്രിയയ്ക്കു വിധേയനായ വയോധികന്റെ പ്രശ്‌നങ്ങള്‍ സുധാകരന്‍ ഗംഭീരമായി അവതരിപ്പിച്ച സിനിമ. രചനാ നാരായണന്‍ കുട്ടിയും വിശാഖ് നാരായണനും മറ്റുമാണ് കൂടെ അഭിനയിച്ചത്. ഒ.ടി.ടി വേദി വഴി ഒരു മാസംകൊണ്ട് കണ്ടത് 192 പേര്‍. എന്നാല്‍, സമീപകാലത്തു സജീവമായ ഒരു സമൂഹമാധ്യമം വഴി ഇതിന്റെ വ്യാജപകര്‍പ്പ് ഇതേ കാലയളവില്‍ കണ്ടത് നാലര ലക്ഷത്തോളം പേര്‍. 

രാജ്യത്താദ്യമായി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കേരളം ഒ.ടി.ടി വേദി തുടങ്ങാനൊരുങ്ങുമ്പോള്‍ കണക്കിലെടുക്കേണ്ട കാര്യങ്ങളിലൊന്ന് ഇതുകൂടിയാണ്; താരമൂല്യമില്ലാത്തതുകൊണ്ട് പ്രേക്ഷകരില്‍ എത്താതെ പോകുന്ന നല്ല സിനിമകള്‍ക്ക് പ്രദര്‍ശന അവസരം ഉറപ്പാക്കുക ലക്ഷ്യമായിരിക്കുമ്പോള്‍ പ്രത്യേകിച്ചും. ഒ.ടി.ടിയുടെ കാലം വരുന്നു എന്നു മനസ്സിലാക്കി ഈ മേഖലയിലേയ്ക്കു നിരവധിയാളുകള്‍ വന്നുകൊണ്ടിരിക്കുന്നു. പക്ഷേ, അവരില്‍ ബഹുഭൂരിപക്ഷത്തിനും ചലച്ചിത്രകാരന് മാന്യമായ സാമ്പത്തിക വിഹിതമോ പ്രേക്ഷകരേയോ നല്‍കാന്‍ കഴിയുന്നില്ല. സിനിമയുടെതന്നെ വ്യാജ സി.ഡി വ്യാപനത്തിനെതിരെ ശക്തമായ ശബ്ദമുയര്‍ത്തിവര്‍ ഇതിനെതിരെ മിണ്ടുന്നുമില്ല. പ്രതികരിച്ചു പോയാല്‍ അത് ഒ.ടി.ടി പ്ലാറ്റ്ഫോമുകളേയും അവിടുത്തെ സിനിമാ റിലീസിനേയും ഉള്‍പ്പെടെ പിന്തുണയ്ക്കലായി വ്യാഖ്യാനിക്കപ്പെടുമോ എന്ന പേടിയും ഈ മൗനത്തിനു കാരണമാണ്. താരങ്ങളുടെ സിനിമയ്ക്ക് പരിഗണനയും പ്രാധാന്യവും നല്‍കുകയും താരമൂല്യമില്ലാത്ത സിനിമകള്‍ കലാമൂല്യം മാത്രം നോക്കി പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകാതിരിക്കുകയുമാണ് സ്വകാര്യ തിയേറ്ററുകള്‍. ഇത് മുന്‍പേയുണ്ട്. പടം പ്രദര്‍ശിപ്പിച്ചു പണമുണ്ടാക്കുക മാത്രം ലക്ഷ്യമായതുകൊണ്ട് അവരുടെ ഭാഗത്തു നിന്നു നോക്കുമ്പോള്‍ ശരിയാണുതാനും. അതു മറികടക്കാനാണ് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) സ്വന്തം തിയേറ്ററുകളില്‍ താരമൂല്യത്തേക്കാള്‍ കലാമൂല്യമുള്ള കൊച്ചുസിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഈ മഹാമാരിക്കാലത്ത് സര്‍ക്കാര്‍ വക തിയേറ്ററുകളുടെ ആ ദൗത്യമാണ് സര്‍ക്കാര്‍ വക ഒ.ടി.ടി വേദികള്‍ നിര്‍വ്വഹിക്കാന്‍ പോകുന്നതെന്നാണ് വാദം. ഇതൊരു സ്ഥിരം സംവിധാനമായിരിക്കും. അതു മനസ്സിലാക്കിയാണ് പിന്തുണയ്ക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചത്. കെ.എസ്.എഫ്.ഡി.സിയുടെ തയ്യാറെടുപ്പും മുന്നൊരുക്കങ്ങളും ദീര്‍ഘകാല ലക്ഷ്യത്തോടെയാണുതാനും. അങ്ങനെയല്ലെന്നും കൊവിഡ് കാലത്തേയ്ക്കു മാത്രമാണെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറയുന്നുണ്ട്. 

സജി ചെറിയാൻ
സജി ചെറിയാൻ

കെ.എസ്.എഫ്.ഡി.സിക്ക് ഇപ്പോഴുള്ള 17 തിയേറ്ററുകള്‍ രണ്ടു വര്‍ഷംകൊണ്ട് 50 ആക്കി വര്‍ദ്ധിപ്പിക്കുക; ഒപ്പം, ഒ.ടി.ടി വേദിയും നിലനിര്‍ത്തുക എന്നതാണ് കെ.എസ്.എഫ്.ഡിസി സര്‍ക്കാരിനു നല്‍കിയ കരടു റിപ്പോര്‍ട്ടില്‍ പറഞ്ഞത്. കെ.എസ്.എഫ്.ഡിസിയുടെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിര്‍മ്മാണ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സിനിമകള്‍ക്ക് ഈ ഒ.ടി.ടിയില്‍ മുന്‍ഗണനയുമുണ്ടാകും. അതൊരുറപ്പാണ്. അതിനേക്കാള്‍ വലിയ മറ്റൊരുറപ്പു കൂടിയുണ്ട്: എത്ര ആളുകള്‍ കണ്ടു എന്നതിലെ സുതാര്യത, അതിനനുസരിച്ചുള്ള സാമ്പത്തിക വിഹിതം. ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ലിക്‌സ് എന്നിവപോലെ വമ്പന്‍ ഒ.ടി.ടി വേദികള്‍ വന്‍തുക മുന്‍കൂര്‍ നല്‍കിയാണ് സിനിമകള്‍ വാങ്ങുന്നത്. പക്ഷേ, താരമൂല്യം നിര്‍ബ്ബന്ധം. അല്ലെങ്കില്‍ മറ്റേതെങ്കിലും വേദിയില്‍ റിലീസ് ചെയ്തു പ്രേക്ഷകശ്രദ്ധയും അഭിപ്രായവും വരണം. സമീപകാലത്ത് ഏറ്റവും ശ്രദ്ധ നേടുകയും ചര്‍ച്ചയാവുകയും ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ആദ്യം വന്‍കിട ഒ.ടി.ടികള്‍ മാത്രമല്ല, ടി.വി ചാനലുകളും നിരാകരിച്ച സിനിമയാണ്. ദേശീയ അവാര്‍ഡ് നേടിയ നടന്‍ സുരാജ് വെഞ്ഞാറമ്മൂടും നല്ല നടിയെന്നു പേരെടുത്ത നിമിഷ സജയനും മുഖ്യകഥാപാത്രങ്ങളായിട്ടും കാര്യമുണ്ടായില്ല. നീസ് സ്ട്രീമില്‍ ആണ് അത് റിലീസ് ചെയ്തത്. പടം ഹിറ്റായപ്പോള്‍ എല്ലാവരും അംഗീകരിച്ചു, സ്വീകരിച്ചു. പ്രമുഖ ഒ.ടി.ടികളിലും ടി.വി ചാനലിലും വന്നു. ആ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അതിന്റെ സ്ത്രീപക്ഷ സ്വഭാവം സമൂഹമാധ്യമങ്ങള്‍ വഴി സമര്‍ത്ഥമായി പ്രചരിപ്പിക്കുക കൂടി ചെയ്തതാണ് സിനിമ വിജയിക്കാന്‍ ഇടയാക്കിയത്. 'തിമിര'ത്തിന്റെ പരാധീനതയും 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ന്റെ അലച്ചിലുമില്ലാതെ നല്ല സിനിമയെ സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ ഒ.ടി.ടി വേദി ഒരുങ്ങുന്നത് എന്ന സൂചന കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണിന്റെ വാക്കുകളിലുണ്ട്. വിഖ്യാത ചലച്ചിത്രകാരനായ അദ്ദേഹം ഒരു സ്വന്തം അനുഭവം പറഞ്ഞു: 2018 നവംബറില്‍ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ആദ്യ പ്രദര്‍ശനം നടത്തിയ അദ്ദേഹത്തിന്റെ ഒടുവിലത്തെ സിനിമ 'ഓള്' തിയേറ്ററില്‍ നിന്നില്ല. പക്ഷേ, യുട്യൂബില്‍ ഒരു വര്‍ഷം കൊണ്ട് പത്തു ലക്ഷം ആളുകള്‍ കണ്ടു. ''അതിന് പ്രേക്ഷകരുണ്ട് എന്നാണല്ലോ ഇതില്‍നിന്നു മനസ്സിലാകുന്നത്. അത്രയും പേര്‍ കണ്ടു എന്നത് അടുത്ത പടത്തിനുള്ള പ്രോത്സാഹനം കൂടിയാണ്. തിയേറ്റര്‍ മാത്രം നോക്കിയാല്‍ നിരാശരാകും. ആ അര്‍ത്ഥത്തില്‍ ഇതൊരു സാംസ്‌കാരിക മുന്നേറ്റം കൂടിയാണ്. തിയേറ്ററിന്റെ ഗുണനിലവാരവും കാഴ്ചാസൗന്ദര്യവും ഇതിനില്ല എന്നതു ശരിയാണ്. രണ്ടിന്റേയും കാഴ്ചാ അനുഭവം വെവ്വേറെയാണ്'' -അദ്ദേഹം പറയുന്നു. 

പ്രതീക്ഷകള്‍, ആശങ്കകള്‍ 

ജൂണ്‍ 30-നു തിരുവനന്തപുരത്തു കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെ മുഖാമുഖത്തിലാണ് സര്‍ക്കാര്‍ ഒ.ടി.ടി വേദി തുടങ്ങാന്‍ പോകുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. നിലവിലുള്ള ഏതെങ്കിലും പ്ലാറ്റ്ഫോമുമായി സഹകരിച്ച് ചെറുകിട സിനിമകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഒ.ടി.ടി തുടങ്ങും. കലാമൂല്യമുള്ള എല്ലാ സിനിമകളും ജനങ്ങളില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇതിന്റെ സാധ്യതാപഠനത്തിനു സാംസ്‌കാരിക സെക്രട്ടറിയേയും ചലച്ചിത്ര വികസന കോര്‍പറേഷന്‍ എം.ഡിയേയും ചുമതലപ്പെടുത്തി എന്നും അറിയിച്ചു. കൊവിഡ് സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് ചെറുകിട സിനിമകള്‍ പ്രേക്ഷകരിലെത്താനുള്ള വഴിയായും തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന വന്‍കിട സിനിമകള്‍ക്കും ഇവിടേക്കു വരാമെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യത്താദ്യമാണ് എന്ന പ്രത്യേകതയുണ്ട്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനു തുടങ്ങാനുള്ള ആഗ്രഹവും മന്ത്രി അറിയിച്ചു. 

ഇതിനോട് ആദ്യം ശക്തമായ പരസ്യ വിമര്‍ശനം ഉന്നയിച്ചത് സംസ്ഥാന ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ കൂടിയായ വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ്. സര്‍ക്കാരിന് ആരോ ഇക്കാര്യത്തില്‍ തെറ്റായ ഉപദേശം നല്‍കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമ ചെയ്യുന്നവര്‍ക്കു ദോഷകരമാകും, സര്‍ക്കാര്‍ ഇറങ്ങേണ്ട സ്ഥലമല്ല ഇത് എന്നിങ്ങനെ ഉപദേശങ്ങള്‍ നല്‍കിയ അദ്ദേഹം നല്ല സിനിമികളെ ഒ.ടി.ടിയില്‍ ഒതുക്കാമെന്നാണോ എന്ന ചോദ്യവും ഉന്നയിച്ചു. ''സര്‍ക്കാരിന് എത്രയോ തിയേറ്ററുകളുണ്ട്. 'കൊടിയേറ്റം' റിലീസ് ചെയ്യാന്‍ ഞാന്‍ ബുദ്ധിമുട്ടിയിരുന്നു. ഇന്നും പുതുതായി നല്ല സിനിമകള്‍ ചെയ്യുന്നവര്‍ക്ക് അതേ ബുദ്ധിമുട്ടുണ്ട്. അവരെ സഹായിക്കാന്‍ തിയേറ്റര്‍ ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്'' അടൂരിന്റെ വാക്കുകള്‍. അതിനു മറുപടിയായാണ് കൊവിഡ് കാലത്തേയ്ക്കു മാത്രമാണ് ഒ.ടി.ടി വേദി എന്ന് മന്ത്രി പറഞ്ഞത്. എന്നാല്‍, കൊവിഡ് സ്ഥിതി ഉടനെയൊന്നും മാറാനിടയില്ല എന്ന വിലയിരുത്തല്‍ ശക്തമായി നിലനില്‍ക്കുന്നു. തയ്യാറാക്കിയ സിനിമകളുടെ ട്രെയിലര്‍ ഉള്‍പ്പെടെ ഇറക്കിയ പുതിയ സംവിധായകരില്‍ പലരും തിയേറ്റര്‍ എന്ന പ്രതീക്ഷയില്‍നിന്ന് ഒ.ടി.ടി എന്ന യാഥാര്‍ത്ഥ്യത്തിലേക്കു മാറുന്നു. വിനോദ് ഗുരുവായൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഉദാഹരണം: 'മിഷന്‍ സി' തിയേറ്റര്‍ റിലീസ് ചെയ്യണമെന്ന തീരുമാനം മാറ്റിവയ്ക്കുന്നു. ഈ പ്രതിസന്ധി സമയത്ത് ആ കാത്തിരിപ്പ് എത്ര നാള്‍ എന്നു നമുക്കു തീരുമാനിക്കാന്‍ കഴിയില്ലല്ലോ. ഞങ്ങളും ഒ.ടി.ടിയിലേക്ക് മാറുകയാണ്. സെന്‍സര്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു. റിലീസ് ഡേറ്റ് ഉടനെ അറിയിക്കുന്നതാണ്. എല്ലാവരുടേയും സപ്പോര്‍ട്ട് വേണം.''

വിനോദ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് 'മിഷന്‍ സി.' 'പുതിയമുഖ'ത്തിന്റെ സംവിധായകന്‍ ദീപന്‍ പൃഥ്വിരാജിനെ നായകനാക്കി രണ്ടാമതു ചെയ്ത 'ഹീറോ'യുടെ തിരക്കഥാകൃത്ത്. പിന്നീട് 2016-ല്‍ ചെമ്പന്‍ വിനോദിനെ നായകനാക്കി 'ശിഖാമണി' എന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചു. 'മിഷന്‍ സി' ആക്ഷന്‍ സിനിമയാണ്. തിയേറ്ററില്‍ റിലീസ് ചെയ്യണമെന്ന് ആഗ്രഹിച്ചു. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് മെയ് 13-ന് റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം. പക്ഷേ, കൊവിഡിന്റെ രണ്ടാംവരവില്‍ തിയേറ്ററുകള്‍ വീണ്ടും അടഞ്ഞു. പിന്നീട് ഓണത്തിനു റിലീസ് ചെയ്യാന്‍ ആഗ്രഹിച്ചു. പക്ഷേ, തിയേറ്ററുകള്‍ തുറക്കാന്‍ വൈകും എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് ഇപ്പോഴത്തെ മാറ്റം. ട്രെയ്ലറും പാട്ടുകളും പുറത്തിറക്കിയപ്പോള്‍ നല്ല പ്രതികരണമാണുണ്ടായത്. അതുകൊണ്ട് ആമസോണുമായി സംസാരിച്ചപ്പോള്‍ അവര്‍ കാണാന്‍ തയ്യാറായി. തീരുമാനമായിട്ടില്ല. ഫേസ്ബുക്ക് പോസ്റ്റ് വന്നപ്പോള്‍ നിരവധി ഒ.ടി.ടിക്കാര്‍ വിളിച്ചെന്ന് വിനോദ് ഗുരുവായൂര്‍ പറഞ്ഞു. ഇത്രയും ഒ.ടി.ടി വേദികള്‍ ഉണ്ടെന്ന് അറിയുന്നതുതന്നെ ഇപ്പോഴാണ്. ഈ ഒ.ടി.ടി വേദികളില്‍ എത്രയെണ്ണം വേണ്ടവിധം സിനിമ പ്രേക്ഷകരില്‍ എത്തിക്കും എന്ന ആശങ്ക ഭൂരിഭാഗം സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമുണ്ട്. സാമ്പത്തിക വിഹിതം നിശ്ചയിക്കുന്നതിലേയും സിനിമ കണ്ടവരുടെ എണ്ണം പങ്കുവയ്ക്കുന്നതിലും സുതാര്യതക്കുറവിനെക്കുറിച്ച് എല്ലാവര്‍ക്കും പറയാനുണ്ട്. അവിടെയാണ് ഇത്തരം കാര്യങ്ങളില്‍ വിശ്വസിക്കാവുന്ന സര്‍ക്കാര്‍ ഒ.ടി.ടി വേദിയുടെ പ്രസക്തി. അതുകൊണ്ട് അവരില്‍ പലരും സര്‍ക്കാര്‍ വക ഒ.ടി.ടിക്കായി കാത്തിരിക്കുകകൂടിയാണ്. ഫസ്റ്റ് ഷോസ്, ഹൈഹോപ് ഫിലിം ഫാക്ടറി, കേവ്സ്, റൂട്സ് വീഡിയോ, തീയേറ്റര്‍ പ്ലേ തുടങ്ങി ഇരുപതോളം പുതിയ ഒ.ടി.ടി വേദികളാണ് പൊടുന്നനെ എന്നതുപോലെ മുളച്ചു വന്നത്. 

ഒ.ടി.ടി എന്ന ചുരുക്കപ്പേരും അതെന്താണ് സംഗതിയെന്നും സിനിമ കാണുന്നവര്‍ക്കെല്ലാം ഇപ്പോഴറിയാം. വിജയ് ബാബുവിന്റെ 'സൂഫിയും സുജാതയും' ആണ് ആദ്യമായി ഒ.ടി.ടിയില്‍ റിലീസ് ചെയ്ത മലയാളം സിനിമ. സംവിധാനം ഷാനവാസ് നരണിപ്പുഴ. അതു മുതല്‍ ഈ മാസം 15-ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഫഹദ് ഫാസിലിന്റെ 'മാലിക്' വരെ അറുപതോളം ഒ.ടി.ടി റിലീസുകള്‍. തിയേറ്ററുകളില്‍ തരംഗമായ ജിത്തു ജോസഫ് സിനിമ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനും ഒ.ടി.ടി റിലീസ് ആണ് കാലം വിധിച്ചത്. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത അന്നാ ബെന്നിന്റെ 'കപ്പേള' നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തു നന്നായി ഓടി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ സിനിമ 'ജോജി', മഹേഷ് നാരായണന്റെ 'സീ യു സൂണ്‍', മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ജോജു ജോര്‍ജ്ജ് സിനിമ 'നായാട്ട്', ജൂഡ് ആന്റണി ജോസഫിന്റെ അന്നാ ബെന്‍-സണ്ണി വെയ്ന്‍ സിനിമ 'സാറാസ്', തനു ബാലക് സംവിധാനം ചെയ്ത പൃഥ്വിരാജ് സിനിമ 'കോള്‍ഡ് കേസ്', എഡിറ്റിംഗിന് 2017-ല്‍ സംസ്ഥാന അവാര്‍ഡ് കിട്ടിയ അപ്പു എന്‍. ഭട്ടതിരി സംവിധാനം ചെയ്ത ബോബന്‍ കുഞ്ചാക്കോ-നയന്‍താര സിനിമ 'നിഴല്‍' തുടങ്ങിയവ ഒ.ടി.ടിയില്‍ റിലീസ് ചെയ്ത പ്രധാന സിനിമകളാണ്. ഇവയില്‍ മിക്കതും പിന്നീട് ടി.വി ചാനലുകളിലും വന്നു. ഒ.ടി.ടിയിലെ വിജയം മികച്ച സാറ്റലൈറ്റ് റൈറ്റ് നേടുന്നതിലേക്കുള്ള കടമ്പ കൂടിയായി മാറി. അതിനും പക്ഷേ, നല്ല ഒ.ടി.ടി വേദി വേണം. കേരളത്തിന്റെ സ്വന്തം ഒ.ടി.ടി മോശമാകില്ലെന്നു മാത്രമല്ല, വിശ്വാസ്യതയില്‍ ഒന്നാമതായിരിക്കും എന്ന പ്രതീക്ഷ കൂടിയാണ് യുവ സംവിധായകരും അണിയറ പ്രവര്‍ത്തകരും പങ്കുവയ്ക്കുന്നത്. 

മഹാമാരിക്കാലത്ത് പുതിയ സിനിമകള്‍ കാണാന്‍ ആളുകള്‍ക്ക് അവസരം ലഭിച്ചത് ഒ.ടി.ടിയിലൂടെയാണെന്നും സര്‍ക്കാര്‍ ഒ.ടി.ടി വേദി തുടങ്ങുമ്പോള്‍ ഈ അവസരം വര്‍ദ്ധിക്കുമെന്നും 2000-ല്‍ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച 'സായാഹ്നം' മുതല്‍ 2017-ല്‍ പുറത്തിറങ്ങിയ 'സ്വയം' വരെ ഏഴു മികച്ച സിനിമകള്‍ സംവിധാനം ചെയ്ത പ്രമുഖ സംവിധായകന്‍ ആര്‍. ശരത് പറയുന്നു. ''സര്‍ക്കാര്‍ നല്ല സിനിമകളോടു ചെയ്യുന്ന വലിയ കാര്യമാണ് ഇത്. ഒരേ പ്ലാറ്റ്ഫോമില്‍ നല്ല തോതിലുള്ള മത്സരം ഉണ്ടാകും. താരങ്ങളുടെ സിനിമകള്‍ മാത്രമാണ് ഇപ്പോള്‍ മേല്‍ക്കൈ നേടുന്നത്. പകരം,. ഒ.ടി.ടിയില്‍ കലാമൂല്യമുള്ള സിനിമകള്‍ വരും. സിനിമയ്ക്ക് നല്ല ഉണര്‍വ്വുണ്ടാകും'' എന്നും ശരത് അഭിപ്രായപ്പെടുന്നു.

ഒ.ടി.ടി വേദികള്‍ അടിയന്തര ഘട്ടങ്ങളില്‍ ചലച്ചിത്രകാരനെ സംബന്ധിച്ചിടത്തോളം ഒരു സഹായമായേക്കും എന്നു വിശ്വസിക്കുകയാണ് ഇന്ദ്രന്‍സിനു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത 'ആളൊരുക്കം', പിന്നീട് 'സബാഷ് ചന്ദ്രബോസ്' എന്നീ സിനിമകള്‍ സംവിധാനം ചെയ്ത യുവസംവിധായകന്‍ വി.സി. അഭിലാഷ്. അതേസമയംതന്നെ സിനിമ ആസ്വദിക്കേണ്ടത് എല്ലാവിധ സാങ്കേതിക സൗകര്യങ്ങളോടുകൂടിയാണ് എന്നും ഉറച്ചു വിശ്വസിക്കുന്നു. ''തിയേറ്റര്‍ തന്നെയാണ് എപ്പോഴും ഒന്നാം ഓപ്ഷന്‍. കാരണം തിയേറ്റര്‍ നല്‍കുന്ന സാങ്കേതികപരമായ മെച്ചങ്ങള്‍, സൗകര്യങ്ങള്‍ ഒരിക്കലും ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ ഉണ്ടാകണമെന്നില്ല. എന്നാല്‍, കൂടുതല്‍ ആളുകളിലേക്കു സിനിമ എത്താന്‍ സിനിമ ചെയ്യുന്നവര്‍ക്ക് ഒ.ടി.ടി അവസരമുണ്ടാക്കുന്നു. ഒരു സിനിമ ഉണ്ടാക്കുമ്പോള്‍ അതിന്റെ പ്രീപ്രൊഡക്ഷന്‍ മുതലുള്ള ഘട്ടങ്ങളില്‍ എത്രയോ വിദഗ്ദ്ധ സാങ്കേതിക പ്രതിഭകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ കഠിനാധ്വാനത്തിന്റെ ഫലം പ്രേക്ഷകര്‍ക്കു മനസ്സിലാകണമെങ്കില്‍ അത്തരത്തിലുള്ള സംവിധാനത്തിലായിരിക്കണം അത് ആസ്വദിക്കേണ്ടത്. അതാണ് അടൂര്‍ സാര്‍ പറയുന്നതെന്നാണ് മനസ്സിലാകുന്നത്'' - അഭിലാഷ് പറയുന്നു.

ഏറെ ആഗ്രഹിച്ചു ചെയ്ത 'നിഴല്‍' തീയേറ്ററില്‍ രണ്ടാഴ്ച ഓടിയെങ്കിലും കൊവിഡ് കാരണം ശരിക്കുമുള്ള റിലീസ് നടന്നത് ഒ.ടി.ടിയിലാണെന്ന് അപ്പു എന്‍. ഭട്ടതിരി പറയുന്നു. ''ഒ.ടി.ടിയാണ് സഹായമായത്. നിഴലിന്റെ പ്രേക്ഷകര്‍ ഒ.ടി.ടിയില്‍ വന്നശേഷം വര്‍ദ്ധിച്ചു. അതിനുശേഷമാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തത്. തിയേറ്ററില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ അതുള്ള സമയത്ത് അവിടെത്തന്നെ പോകും. പക്ഷേ, കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് കാഴ്ചാസംസ്‌കാരത്തില്‍ ഒ.ടി.ടി മുഖേന വലിയ മാറ്റമുണ്ടായി എന്നതൊരു വസ്തുതയാണ്. മൊബൈലില്‍ സിനിമ കാണുന്നത് എത്രത്തോളം ശരിയാണെന്ന ചര്‍ച്ചയൊക്കെ നടക്കുന്നുണ്ടെങ്കിലും നിരവധിപ്പേര്‍ കാണുന്നു. മാസങ്ങളുടേയും വര്‍ഷങ്ങളുടേയും പ്രയത്‌നമായ സിനിമ അങ്ങനെ കാണാന്‍ ആളുകളുണ്ടാകുന്നു എന്നതാണ് പ്രധാനം'' എന്നും അപ്പു എന്‍. ഭട്ടതിരി.

ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതുകൊണ്ട് പിന്നീടു തിയേറ്ററില്‍ റിലീസ് പറ്റാത്ത സ്ഥിതി ഇല്ല എന്നു വിവിധ ചലച്ചിത്രമേളകളില്‍ ശ്രദ്ധിക്കപ്പെട്ട 'ജലസമാധി'യും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്ത വേണു നായര്‍ പറയുന്നു: ''ഇതൊരു ഓപ്ഷനാണ്. ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ് എന്നീ വലിയ ഒ.ടി.ടികള്‍ സിനിമ എടുക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. താരമൂല്യമാണ് അവരും നോക്കുന്നത്. തിയേറ്ററുകള്‍ തുറന്നാല്‍ത്തന്നെ പഴയതുപോലെ വമ്പന്‍ സിനിമകള്‍ക്കായിരിക്കും അവസരം.''
 
ഒ.ടി.ടിയില്‍നിന്നു വരുമാനം കൃത്യമായി കിട്ടുകയും കുറഞ്ഞപക്ഷം  നഷ്ടമുണ്ടാകാതിരിക്കുകയെങ്കിലും ചെയ്താല്‍ ഏതൊരു നിര്‍മ്മാതാവും ആ സാധ്യതയെക്കുറിച്ചു ചിന്തിക്കുകയാണ് ചെയ്യുക എന്ന് വി.സി. അഭിലാഷ്. സര്‍ക്കാര്‍ ഒ.ടി.ടി തുടങ്ങുമ്പോള്‍ സുതാര്യത ഉണ്ടാകുമെന്നതും എത്രപേര്‍ കണ്ടെന്ന് അറിയാന്‍ പറ്റുമെന്നതും നിര്‍മ്മാതാവിനെ സംബന്ധിച്ചു വളരെ പ്രധാനമാണെന്ന് ആര്‍. ശരത്. സര്‍ക്കാര്‍ ഒ.ടി.ടി സംവിധാനം തുടങ്ങുന്നതില്‍ സുതാര്യത ഉറപ്പാണെന്നും ചലച്ചിത്രകാരന്മാര്‍ക്കു നല്ലതാണെന്നും വേണു നായര്‍. ''പക്ഷേ, സ്റ്റാര്‍ട്ടപ്പ് പോലെ ആകരുത്. പ്രധാന പ്ലാറ്റ്ഫോമുകളെപ്പോലെ ആയിരിക്കണം. സാമ്പത്തിക നേട്ടം എങ്ങനെയാകും എന്ന് അനുഭവിച്ചറിയാനാകണം.'' ഒ.ടി.ടിയില്‍ പോകുന്നത് നിര്‍വ്വാഹമില്ലാതെയാണെങ്കിലും സര്‍ക്കാര്‍ ഒ.ടി.ടി തുടങ്ങുന്നതിനെ സാമ്പത്തികാടിസ്ഥാനത്തില്‍ ഉള്‍പ്പെടെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് വിനോദ് ഗുരുവായൂര്‍. ഒ.ടി.ടി തുടക്കത്തില്‍ വലിയ പ്രതീക്ഷയായിരുന്നെങ്കിലും അതിന്റെ ഗുണഫലം കിട്ടിയവര്‍ കുറവാണെന്ന് ഈ മേഖലയില്‍ പി.ആര്‍.ഒ ആയി പ്രവര്‍ത്തിക്കുന്ന അജയ് തുണ്ടത്തില്‍ പറയുന്നു. ''തിയേറ്ററുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ കൂണുപോലെ നിരവധിയെണ്ണം തുടങ്ങി. ഒരേസമയം പത്തില്‍ കൂടുതല്‍ ഒ.ടി.ടികളില്‍ വരെ റിലീസ് ചെയ്തിട്ടും നിര്‍മ്മാതാവിനു കിട്ടുന്നത് തുച്ഛമായ പണം മാത്രം. പുതിയ ആളുകള്‍ വരാന്‍ ഒ.ടി.ടിയാണ് മാര്‍ഗ്ഗം. പക്ഷേ, 50 ശതമാനമെങ്കിലും അവര്‍ക്ക് കൊടുക്കണം. സാമ്പത്തിക സുരക്ഷ ഉറപ്പാക്കണം. സര്‍ക്കാര്‍ ഒ.ടി.ടിയില്‍ ഇതു മാതൃകയാക്കണം.'' സര്‍ക്കാര്‍ ഒ.ടി.ടി വേദിയുടെ ചര്‍ച്ചകള്‍ നീങ്ങുന്നത് ഇത്തരം കാതലായ വിഷയങ്ങളിലൂടെയാണ് എന്ന പ്രതീക്ഷയുണ്ട് ഇവര്‍ക്ക് ഓരോര്‍ത്തര്‍ക്കും.

സൂഫിയും സുജാതയും. മലയാളത്തിലെ ആദ്യ ഒടിടി ചിത്രം
സൂഫിയും സുജാതയും. മലയാളത്തിലെ ആദ്യ ഒടിടി ചിത്രം

തിരിച്ചുവരവ്, തിരിച്ചറിവ് 

'സൂഫിയും സുജാതയും' ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഉണ്ടായ ചര്‍ച്ചയും വിവാദവും കേരളം ഏറെ താല്‍പ്പര്യത്തോടെയാണ് ശ്രദ്ധിച്ചത്. ഒ.ടി.ടി റിലീസിനെ അനുകൂലിച്ചവര്‍ കുറവും എതിര്‍ത്തവര്‍ കൂടുതലുമായിരുന്നു. പക്ഷേ, അതിവേഗമാണ് കാലം മാറിവന്നത്. ഇപ്പോള്‍ സംവിധായകരുടെ മാത്രമല്ല, നിരവധി നിര്‍മ്മാതാക്കളുടേയും മനോഭാവം മാറി. അപ്പോഴും, കബളിപ്പിക്കലും വിശ്വാസവഞ്ചനയും സംബന്ധിച്ച ആശങ്കകള്‍ അവരില്‍ പലര്‍ക്കുമുണ്ട്. ഒ.ടി.ടിക്കു സിനിമ കൊടുക്കുന്നതിന് ഉണ്ടാക്കുന്ന കരാറിലെ ചതിക്കുഴികളില്‍ ഈ ചെറിയ കാലയളവിനുള്ളില്‍ത്തന്നെ പലരും പെട്ടു. സിനിമയുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ മുഴുവന്‍ തങ്ങള്‍ക്കാണെന്നു തുടങ്ങി 99 വര്‍ഷത്തേക്കുള്ള അവകാശം വരെ കരാറിന്റെ ഭാഗമാക്കിയ ചതിക്കുഴികള്‍. ഈ മേഖലയുമായി അടുത്തു ബന്ധമുള്ളവരില്‍നിന്നുതന്നെ കിട്ടിയത് അമ്പരപ്പിക്കുന്ന വിവരങ്ങളാണ്. സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.എഫ്.ഡിസി മുഖേന ഒ.ടി.ടി വേദി തുടങ്ങുന്നതിനെ ഒരു വിഭാഗം നിര്‍മ്മാതാക്കളും പ്രതീക്ഷയോടെ കാണാന്‍ ഈ അനുഭവങ്ങള്‍ ഇടയാക്കുന്നു.
 
തുടക്കത്തില്‍ ഒ.ടി.ടിയോടുള്ള നിലപാട് അറിയാന്‍ അംഗങ്ങള്‍ക്കിടയില്‍ 'അഭിപ്രായ സര്‍വ്വേ' പോലും നടത്താന്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ (കെ.എഫ്.പി.എ) തയ്യാറായി. 2020 ജൂണ്‍ ആദ്യം നടന്ന സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഇരുപതോളം നിര്‍മ്മാതാക്കളുടെ സിനിമകള്‍ റിലീസിനു തയ്യാറായിരിക്കുകയായിരുന്നു. തിയേറ്ററുകള്‍ അടച്ചതിന്റെ പ്രതിസന്ധിയില്‍ കുടുങ്ങിയവര്‍. മുപ്പതോളം സിനിമകള്‍ ചിത്രീകരണത്തിനു ശേഷമുള്ള വിവിധ ഘട്ടങ്ങളില്‍. അന്ന് ഒ.ടി.ടി റിലീസിനെ എതിര്‍ത്ത സംഘടനാ ഭാരവാഹികളിലൊരാള്‍ ഒരു മാധ്യമ പ്രവര്‍ത്തകനോട് പറഞ്ഞത് ശ്രദ്ധേയമാണ്: ''ഞാന്‍ ആ നിര്‍മ്മാതാക്കളുടെ പേരു വെളിപ്പെടുത്താന്‍ തയ്യാറല്ല. അവര്‍ക്ക് ഭാവിയില്‍ ഒ.ടി.ടി റിലീസിനുള്ള അവസരം അതുമൂലം നഷ്ടപ്പെടാന്‍ ഇടയായാലോ.'' തിയേറ്റര്‍ റിലീസിനുവേണ്ടി ഒരുങ്ങിയ സിനിമ തന്നെയായിരുന്നു സൂഫിയും സുജാതയും. പക്ഷേ, അതു നടക്കില്ലെന്ന് ഉറപ്പായതോടെയാണ് 2020 മെയ് 15-ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. അപ്പോഴേയ്ക്കും കൊവിഡ് പ്രതിസന്ധിയില്‍പ്പെട്ട് ഹിന്ദിയിലും മറ്റു പ്രാദേശിക ഭാഷകളിലുമായി പത്തില്‍ താഴെ സിനിമകള്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്തു കഴിഞ്ഞിരുന്നു. അപ്പോഴും ഭൂരിഭാഗം മലയാളം നിര്‍മ്മാതാക്കളും കൊവിഡ് സാഹചര്യം മാറുന്നതും തിയേറ്ററുകള്‍ തുറക്കുന്നതും ജനം പഴയതുപോലെ സിനിമ കാണാന്‍ എത്തുന്നതും പ്രതീക്ഷിച്ചു. അവരില്‍ പലരുമാണ് പിന്നീട് ആമസോണ്‍ പ്രൈമിലും നെറ്റ്ഫ്‌ലിക്‌സിലും സ്വന്തം സിനിമകള്‍ നല്ല വില വാങ്ങി റിലീസ് ചെയ്തത്. അതിനുശേഷം ടി.വി ചാനലുകള്‍ക്കു പ്രദര്‍ശനാവകാശം വിറ്റും മികച്ച ലാഭം നേടി. പണം മുടക്കി സിനിമകളെടുത്തവര്‍ അര്‍ഹിക്കുന്നതു തന്നെയാണ് കിട്ടിയത്; തിയേറ്ററില്‍ വന്നില്ലെങ്കിലും. പക്ഷേ, എല്ലാവര്‍ക്കും ഈ അവസരം കിട്ടിയില്ല. ചെറുകിട ഒ.ടി.ടികളുടെ വ്യാപ്തിക്കുറവ്, സാമ്പത്തിക ഇടപാടിലെ സുതാര്യതക്കുറവ്, ടി.വി ചാനലുകളുടെ വിട്ടുവീഴ്ചയില്ലാത്ത വിലപേശല്‍ തുടങ്ങിയതെല്ലാം അവരെ ബുദ്ധിമുട്ടിച്ചു. ഇതിനെല്ലാം പരിഹാരമാകുമെങ്കില്‍ സര്‍ക്കാര്‍ തുടങ്ങുന്ന ഒ.ടി.ടി വേദിയോട് എന്തിനു മുഖം തിരിക്കണം എന്നാണ് ഇപ്പോഴുയരുന്ന മറുചോദ്യങ്ങളുടെ പൊതുസ്വഭാവം. 

രാജ്യത്തിനു പുറത്ത് വിശ്വവിഖ്യാതരായ ചലച്ചിത്ര പ്രതിഭകളും ഒ.ടി.ടിയെ ഒരു സാധ്യതയായി കാണുകയാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. നിലവിലെ സ്ഥിതിവച്ചു നോക്കുമ്പോള്‍ ഒരു ആശ്വാസം നല്‍കാന്‍ ഒ.ടി.ടി സഹായകമാവുകതന്നെ ചെയ്യും. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉടമയായ ഒ.ടി.ടി എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്നവരുടെ എണ്ണം കൂടി വരുമെന്നാണ് അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതീക്ഷ. ഒരുപാടു സിനിമകള്‍ സര്‍ക്കാരിന്റെ ഒ.ടി.ടിയെ ആശ്രയിക്കാന്‍ സാധ്യതയുണ്ട് എന്നുതന്നെയാണ് കരുതുന്നത്. വലിയൊരു നിര്‍മ്മാതാവിനെ കിട്ടാതെ സ്വന്തം വസ്തു വിറ്റുപോലും സിനിമയെടുക്കുന്നവരുണ്ട്. അവര്‍ക്ക് തിയേറ്ററുകളില്‍ വേണ്ടത്ര ആളെ കിട്ടാത്ത സ്ഥിതി അഭിമുഖീകരിക്കേണ്ടി വരാറുമുണ്ട്. അതാകട്ടെ കൊവിഡ് കാലത്തെ പ്രശ്‌നമല്ല; കൊവിഡ് കാലത്തെ അടച്ചിടല്‍ കഴിഞ്ഞാലും മാറുകയുമില്ല. അതിനുള്ള മറുപടി കൂടിയായാണ് സര്‍ക്കാര്‍ തുടങ്ങുന്ന ഒ.ടി.ടി വേദിയെ അവര്‍ കാണുന്നത്. എങ്ങനെ സിനിമ കാണണം എന്നു തീരുമാനിക്കേണ്ടത് പ്രേക്ഷകരാണെന്ന് പൊതുവേ പറയാമെങ്കിലും മാറിയ സാഹചര്യം പ്രേക്ഷകരേയും സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നു. സിനിമ കാണാന്‍ തിയേറ്റര്‍ തന്നെ വേണമെന്നുള്ളവര്‍ക്കു മുന്നില്‍ അടഞ്ഞ വാതിലുകളാണുള്ളത്. മറ്റു പലര്‍ക്കും മൊബൈല്‍ ഫോണിലായാലും കണ്ടാല്‍ മതി. കൊവിഡ് കാലം മാറുമ്പോള്‍ തിയേറ്ററുകള്‍ പഴയതുപോലെ ആകുമെന്നു പ്രതീക്ഷിക്കാമെങ്കിലും ഇപ്പോഴത്തെ അനിശ്ചിതാവസ്ഥ നിസ്സാരമല്ല. അവിടേക്കുകൂടി എത്തുകയാണ് സര്‍ക്കാരിന്റെ കണ്ണും കാതും കൈകളും. ഇതിനിടെ, കൊവിഡ് കാലം നിര്‍ബ്ബന്ധമാക്കി മാറ്റിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ ഡിജിറ്റല്‍ വിഭജനംപോലെ സിനിമ കാണാന്‍ ആഗ്രഹിക്കുന്നവരിലും ഡിജിറ്റല്‍ വിഭജനം ഉണ്ടാകുമോ എന്ന ആശങ്കയുമുണ്ട്. ഒ.ടി.ടി വേദികളില്‍ വരുന്ന സിനിമകള്‍ ഇപ്പോള്‍ത്തന്നെ കാണാന്‍ കഴിയാത്തവര്‍ കുറവല്ല. എപ്പോഴെങ്കിലും തിയേറ്ററില്‍ വരുമ്പോള്‍ കാണുന്ന അവരില്‍നിന്ന് അകലെയാണ് ഒ.ടി.ടി സിനിമ. സ്മാര്‍ട്ഫോണും കണക്റ്റിവിറ്റിയുമൊക്കെ പ്രശ്‌നങ്ങള്‍ തന്നെയാണ്. ഇത് ചൂണ്ടിക്കാട്ടി പുതിയ നീക്കത്തെ എതിര്‍ക്കുന്നവര്‍ കെ.എസ്.എഫ്.ഡിസിയിലും സര്‍ക്കാരിലുമുണ്ട്. 

പക്ഷേ, അതു പരസ്യ വിമര്‍ശനമായിട്ടില്ല. തിയേറ്ററുകളെ പ്രതിസന്ധിയിലാക്കുക ലക്ഷ്യമല്ല എന്ന കെ.എസ്.എഫ്.ഡിസിയുടെ ഉറപ്പിലാണ് പ്രതീക്ഷ; മാത്രമല്ല, സര്‍ക്കാര്‍ വക തിയേറ്ററുകളുടെ എണ്ണം കൂട്ടുന്നത് കൊവിഡ് കാലം കഴിയുമ്പോള്‍ എല്ലാ പ്രേക്ഷകര്‍ക്കും ഉപകാരപ്പെടുമെന്നും കേരളം കരുതുന്നു. 
ഇനി കാത്തിരുന്നാണ് കാണേണ്ടത്; പുതിയ സിനിമകള്‍ മാത്രമല്ല, സര്‍ക്കാര്‍ ഉടമയാകുന്ന പുതിയ വേദിയുടെ ഗുണദോഷങ്ങളും.

വിമര്‍ശിക്കുന്നവരുടെ നല്ല സിനിമകളും ലോകമെമ്പാടും എത്തിക്കാനുള്ള സംവിധാനം 
ഷാജി എന്‍. കരുണ്‍ 
(കെ.എസ്.എഫ്.ഡിസി ചെയര്‍മാന്‍)

കെ.എസ്.എഫ്.ഡിസി ഒ.ടി.ടി വേദി തുടങ്ങുന്നതിനോട് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത് പകുതി കേട്ടിട്ടാണ് എന്നു തോന്നി. തിയേറ്ററില്‍ക്കൂടി വന്നിട്ടേ ഒ.ടി.ടിയിലേക്കു പോവുകയുള്ളൂ. അത് ആദ്യമേ പറഞ്ഞിട്ടുണ്ട്. കെ.എസ്.എഫ്.ഡിസിക്ക് ഇപ്പോള്‍ത്തന്നെ 17 തിയറ്ററുകള്‍ ഉണ്ട്. അത് രണ്ട് വര്‍ഷത്തിനിടയില്‍ 50 ആക്കി വര്‍ദ്ധിപ്പിക്കാന്‍ പോവുകയാണ്. മറ്റുള്ള ഒ.ടി.ടി പോലെയാകില്ല, വ്യത്യസ്തമായ കാഴ്ചപ്പാടോടെയാണ് സര്‍ക്കാര്‍ തുടങ്ങുന്നത്. എല്ലാ സാങ്കേതികത്തികവോടെയുമാണ് എല്ലാ സിനിമകളും നിര്‍മ്മിക്കുന്നത്. നമ്മുടെ സ്റ്റുഡിയോ അപ്ഡേറ്റ് ചെയ്യുന്നത് അതിനുവേണ്ടിക്കൂടിയാണ്. അത് ആദ്യം തിയേറ്ററിലാണ് അനുഭവിപ്പിക്കുക. എങ്ങനെയാണ് ഇപ്പോഴത്തെ ആശങ്ക വന്നതെന്ന് അറിയില്ല. ഇപ്പോള്‍ തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സ്ഥിതിയാണ്; ഈ സാഹചര്യത്തെ മറികടക്കുന്നതിനു സിനിമയെടുക്കുന്നവരെ സഹായിക്കാനുള്ള ഉത്തരവാദിത്തമാണ് ഒ.ടി.ടിയിലൂടെ നിര്‍വ്വഹിക്കുക.

ടി.വി വന്നപ്പോഴും തിയേറ്റുകള്‍ ഇല്ലാതാകുമെന്ന ഇതേ ആശങ്ക പ്രചരിച്ചിരുന്നു. പക്ഷേ, സിനിമ ഇന്നുമുണ്ട്. സിനിമ മാത്രമല്ല, എല്ലാ തിയേറ്റര്‍ കലകളും എന്നും നിലനില്‍ക്കും. ഒന്ന് മറ്റൊന്നിനെ നശിപ്പിക്കുന്നില്ല. 

തിയേറ്ററില്‍ ലൈറ്റ് ഓഫാക്കി ഒന്നിച്ചിരുന്നു കാണുക എന്നത് തന്നെയാണ് സങ്കല്‍പ്പം. പക്ഷേ, മാറ്റങ്ങളെ അറിയാതെ പോകാന്‍ കഴിയില്ല. 20 വര്‍ഷം മുന്‍പ് ഞാനെടുത്ത ചിത്രങ്ങള്‍ കണ്ട യുവ പ്രേക്ഷകര്‍ ഇന്നു നമ്മളെടുക്കുന്ന സിനിമയ്ക്കില്ല. അതേസമയം ഭേദപ്പെട്ട സിനിമകള്‍ ചൈനയിലും വിയറ്റ്നാമിലും കൊറിയയിലുമൊക്കെ ഉണ്ടാകുന്നു. അതൊക്കെ കാന്‍ ചലച്ചിത്ര മേളയിലും മറ്റും വരുന്നുമുണ്ട്. ഇന്ത്യയില്‍ എത്ര സമാന്തര സിനിമക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്? ഇല്ല എന്നതാണ് വസ്തുത. സാംസ്‌കാരിക രംഗത്ത് വലിയ അധപതനമുണ്ട്. അതു മറികടക്കാനും നല്ല സിനിമകള്‍ തിരിച്ചുകൊണ്ടുവരാനുള്ള സന്ദര്‍ഭമായി ഇതിനെ കണ്ടുകൂടെ? അതു തിരിച്ചു കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ കൂടി ആവശ്യമാണ്. കച്ചവട ചരക്കാക്കി മാത്രം മാറ്റാതെ സിനിമയുടെ സാംസ്‌കാരിക സാധ്യതകള്‍ കൂടി കണക്കിലെടുക്കുകയാണ് ഞങ്ങള്‍. 

ഉദാഹണത്തിന്, പുതിയ ചില സിനിമകളില്‍ മോശം ഭാഷയിലുള്ള വര്‍ത്തമാനങ്ങളുണ്ട് എന്ന വിമര്‍ശനം വരുന്നു. അവയില്‍ പലതും ഒ.ടി.ടിയിലാണ് പ്രദര്‍ശിപ്പിച്ചത്. ആ സിനിമയിലെ മോശം ഭാഷയ്ക്കു ഉത്തരവാദി ഒ.ടി.ടിയാണോ. അത്തരമൊരു സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഒ.ടി.ടി വേദി വരുന്നത്. വിമര്‍ശകരല്ല സ്വീകരിക്കുന്നവരാണ് അധികവും. കാലത്തിന്റേയും സാങ്കേതികവിദ്യയുടേയും മാറ്റം കാണണം. സാങ്കേതികവിദ്യയുടെ മാറ്റം സ്വാഗതം ചെയ്യണം. എല്ലാം മാറിക്കൊണ്ടിരിക്കുമ്പോഴും ഉള്ളടക്കമാണ് പ്രധാനം. അതുണ്ടാക്കുന്ന ആള്‍ക്കാണ് സിനിമയെ ബഹുമാനിക്കുന്നവര്‍ പരിഗണന നല്‍കുക. ഒ.ടി.ടിയില്‍ വരുമ്പോള്‍ ലോകം മുഴുവന്‍ കാണും. കൂടുതല്‍ പ്രേക്ഷകരില്‍ സിനിമ എത്തും. സര്‍ക്കാരിന്റെ ഒ.ടി.ടി വേദിയെ വിമര്‍ശിക്കുന്നവര്‍ നല്ല സിനിമ ചെയ്യുമ്പോഴും അത് ലോകമെമ്പാടും എത്തിക്കാനുള്ള സംവിധാനം കൂടിയാണ് ഇത്. 

രാജ്യത്തെ ഏറ്റവും അറിയപ്പെടുന്ന ഒ.ടി.ടികളുമായി ചര്‍ച്ച തുടരുകയാണ്. നമ്മുടെ ഒ.ടി.ടിയില്‍ വരുന്നതിന്റെ വ്യാജ പതിപ്പുകള്‍ ഇറങ്ങിയാല്‍ അതു നേരിടാനുള്ള നിയമവശങ്ങള്‍ ഉള്‍പ്പെടെ പലതും വ്യക്തമാകേണ്ടതുണ്ട്. ഇതില്‍ ലോകത്ത് സംഭവിക്കുന്ന വലിയ മാറ്റങ്ങള്‍ ശ്രദ്ധിക്കുകയാണ്. സര്‍ക്കാരിനു സ്വന്തം നിലയില്‍ത്തന്നെ ഒ.ടി.ടി വേദി ചെയ്യാം; വാടകക്കെടുക്കുകയോ മറ്റുള്ളവയെ ആശ്രയിക്കുകയോ വേണ്ടി വരില്ല. സിനിമ തുടര്‍ച്ചയായി കാണാന്‍ കഴിയണം. സങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ തിരുത്താനും കഴിയണം. സുതാര്യമാകണം. കാണുന്നവരുടെ എണ്ണം കൃത്യമായി പങ്കുവയ്ക്കണം. അതിന്റെ പേരില്‍ വാദങ്ങളും തര്‍ക്കങ്ങളും വരരുത്. മറ്റു വലിയ ഒ.ടി.ടികള്‍ പണം ഒന്നിച്ചു കൊടുത്ത് വാങ്ങുകയാണ്. ഇത് അങ്ങനെയായിരിക്കില്ല. 

കെ.എസ്.എഫ്.ഡിസിയുടെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ചെയ്യുന്ന പടങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഒ.ടി.ടി വേദിയിലും മുന്‍ഗണന നല്‍കും. അപ്പോള്‍ നിര്‍മ്മാണവും കൂടും സിനിമ ചെയ്യുന്നര്‍ക്ക് പ്രദര്‍ശനകാര്യത്തില്‍ ഉറപ്പുമാകും. നവംബര്‍ ഒന്നിനു തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. എങ്കിലും പ്ലാറ്റ്ഫോം ഉണ്ടാക്കുന്നവരുമായും നിയമവിദഗ്ദ്ധരുമായും മറ്റുമായുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന വിശദമായ പ്രോജക്റ്റ് സര്‍ക്കാര്‍ പരിശോധിച്ചിട്ടേ അന്തിമ തീരുമാനമെടുക്കുകയുള്ളൂ. അതുകൊണ്ട് നവംബര്‍ ഒന്ന് എന്നതു നീണ്ടേക്കാം. 

സര്‍ക്കാര്‍ സ്വന്തം നിലയില്‍ ഒ.ടി.ടി പ്ലാറ്റ്ഫോം തുടങ്ങുന്നതിനെക്കുറിച്ചുള്ള അഭിപ്രായം 2019-ല്‍ത്തന്നെ എഴുതികൊടുത്തതാണ്. തൊട്ടടുത്ത ബജറ്റില്‍ ഡോ. തോമസ് ഐസക് അതു പറഞ്ഞു, ആസൂത്രണ ബോര്‍ഡും അംഗീകരിച്ചു. മാറ്റങ്ങള്‍ക്കൊപ്പം ചേരേണ്ടതിന്റേയും ഏറ്റവും പുതിയ ഇടപെടലുകള്‍ കേരളവും നടത്തേണ്ടതിന്റേയും ആവശ്യകതയെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകടിപ്പിച്ച രാഷ്ട്രീയ കാഴ്ചപ്പാട് ഒ.ടി.ടി വേദി എന്ന ആശയത്തേയും സ്വാധീനിച്ചിട്ടുണ്ട്. നമ്മള്‍ പത്തിരുപതു വര്‍ഷം പിന്നിലായിരുന്നു. അത് തിരിച്ചറിഞ്ഞു മാറ്റത്തിനു കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ പിന്തുണയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തേത്.

തിയേറ്ററും ഒ.ടി.ടിയും കൂടി പറ്റില്ല; പറഞ്ഞതു മനസ്സിലാക്കിത്തന്നെ
അടൂര്‍ ഗോപാലകൃഷ്ണന്‍
 

സംസ്ഥാന സര്‍ക്കാര്‍ ഒ.ടി.ടി വേദി തുടങ്ങുന്നത് തിയേറ്ററുകള്‍ക്കെതിരാകും എന്നല്ല, കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കിത്തന്നെയാണ് ഞാന്‍ പറഞ്ഞത്. കൊച്ചു പടങ്ങളെടുക്കുന്നവര്‍ ആദ്യംതന്നെ ഒ.ടി.ടിയിലേക്കു പോയാല്‍ അവര്‍ക്കു പിന്നെ തിയേറ്ററിലേക്കു വരാന്‍ പറ്റില്ല. കെ.എസ്.എഫ്.ഡിസി കച്ചവടത്തിനു മാറ്റമല്ലല്ലോ. നല്ല സിനിമകള്‍ ലാഭേച്ഛ കൂടാതെ പ്രദര്‍ശിപ്പിക്കാനും കൂടിയാണ്. തിയേറ്ററുകള്‍ തുറക്കുന്ന മുറയ്ക്ക് നല്ല സിനിമകള്‍ വിദഗ്ദ്ധ സമിതിയെ വച്ച് തെരഞ്ഞെടുത്ത് പ്രദര്‍ശിപ്പിക്കണം. എല്ലാ സിനിമയും എന്നല്ല. നല്ലതു തെരഞ്ഞെടുക്കാമല്ലോ. ഒ.ടി.ടി വേദി അതിനു പരിഹാരമല്ല. അവിടെ കാണിച്ചവ പിന്നീട് തിയേറ്ററുകള്‍ എടുക്കില്ല. സ്ഥിരമായി ഒ.ടി.ടിയിലും നില്‍ക്കില്ല. ചലച്ചിത്രകാരന്മാരും ഒ.ടി.ടിക്കു വേണ്ടിയല്ല സിനിമയെടുക്കുന്നത്. നിവൃത്തിയില്ലാത്തതുകൊണ്ട് ചെയ്യുകയാണ്. കേരളത്തിലെ മറ്റൊരു തിയേറ്ററുമില്ലെങ്കിലും കെ.എസ്.എഫ്.ഡിസിയുടെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചാല്‍ മതി. നഷ്ടമുണ്ടാകില്ല. പക്ഷേ, ഒ.ടി.ടിയില്‍ ഒതുക്കലായിപ്പോകും. എല്ലാ പടങ്ങളും അവിടെ രക്ഷപ്പെടണമെന്നില്ല.
ഒ.ടി.ടി വേദിയോട് അന്ധമായ എതിര്‍പ്പില്ല. ശ്രമിച്ചു നോക്കട്ടെ, ഫലം കണ്ടിട്ടു പറയാം. ഭേദപ്പെട്ട പടങ്ങളെ അവിടെ കയറ്റി ഒഴിവാക്കരുത് എന്നൊരു അഭ്യര്‍ത്ഥനയുണ്ട്. സര്‍ക്കാരിന്റെ ഒ.ടി.ടി വേദി കൊവിഡ് കാലത്തേക്കു മാത്രമുള്ള സംവിധാനമാണെന്നാണ് സാംസ്‌കാരിക മന്ത്രി പറഞ്ഞത്. അങ്ങനെയാണെങ്കില്‍ നല്ലത്. തിയേറ്ററും ഒ.ടി.ടിയും കൂടി പറ്റില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com