എ.ആര്‍. നഗര്‍ മോഡല്‍; ക്രമക്കേടിന്റെ 'സഹകരണ' മാതൃക

കണക്കില്ലാത്ത അക്കൗണ്ടുകള്‍, വ്യക്തതയില്ലാത്ത നിക്ഷേപകര്‍. മലപ്പുറം എ.ആര്‍. നഗര്‍ സര്‍വ്വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും തട്ടിപ്പിന്റെ വിവരങ്ങളും ഗൗരവമുള്ളത്
എ.ആർ. നഗർ സഹകരണ ബാങ്ക്
എ.ആർ. നഗർ സഹകരണ ബാങ്ക്

ണക്കില്ലാത്ത അക്കൗണ്ടുകള്‍, വ്യക്തതയില്ലാത്ത നിക്ഷേപകര്‍. മലപ്പുറം എ.ആര്‍. നഗര്‍ സര്‍വ്വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും തട്ടിപ്പിന്റെ വിവരങ്ങളും ഗൗരവമുള്ളത്. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പിക്കും മകനുമെതിരേ കെ.ടി. ജലീല്‍ ഉന്നയിച്ച ആരോപണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ ക്രമക്കേടെന്ന് വ്യക്തം. സഹകരണ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വലിയ തട്ടിപ്പുകള്‍. 2020 ഫെബ്രുവരി 13-ന് സഹകരണ രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ആദായനികുതി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയ്ക്കു ശേഷം 2021 ആഗസ്റ്റ് 31-ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഉള്ളത് ഗുരുതരമായ കണ്ടെത്തലുകളാണ്. 

കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ക്രമക്കേട് ആരോപണമാണ് തെളിവുകളുടെ പിന്‍ബലത്തോടെ ഈ ബാങ്കിനു നേരെ ഉയര്‍ന്നിരിക്കുന്നത്. 1021 കോടിയുടെ കള്ളപ്പണ ഇടപാട്, ജീവനക്കാര്‍ അറിയാതെ അവരുടെ പേരില്‍ അക്കൗണ്ടുകള്‍, മുസ്ലിം ലീഗ് നേതാക്കളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍, നിരവധി മുസ്ലിം ലീഗ് കമ്മിറ്റികളുടെ പേരില്‍ അവരറിയാതെ അക്കൗണ്ടുകള്‍, ഇതിനൊക്കെ പുറമേ പലരുടെ പേരിലുമായി 257 വ്യാജ അക്കൗണ്ടുകള്‍ വേറെയും. ഇതിലെല്ലാം പതിനായിരങ്ങളും ലക്ഷങ്ങളും നിക്ഷേപങ്ങള്‍. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖിന്റെ മൂന്നുകോടിയുടെ സ്ഥിര നിക്ഷേപത്തെക്കുറിച്ചുള്ള ദുരൂഹത നിയമസഭയില്‍പ്പോലും ഉന്നയിക്കപ്പെട്ടു. ബാങ്കിന്റെ മുന്‍ സെക്രട്ടറിയും ഇപ്പോള്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ വി.കെ. ഹരികുമാറും കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള ബന്ധവും ക്രമക്കേടുകളില്‍ ഹരികുമാറിന്റെ പങ്കും പുറത്തുവരുന്നു. 

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കണം എന്നാണ് തുടക്കത്തില്‍ കെ.ടി. ജലീല്‍ ആവശ്യപ്പെട്ടത്. റിസര്‍വ്വ് ബാങ്കിനു പുറമേ ഇ.ഡിക്കും പരാതി കൊടുക്കുമെന്നു പറഞ്ഞിരുന്നു. എന്നാല്‍, കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയെ വിളിച്ചു വരുത്തുന്നതിനോട് സി.പി.എമ്മിനും ഇടതുമുന്നണിക്കുമുള്ള നയപരമായ വിയോജിപ്പ് വ്യക്തമായതോടെ ആ ആവശ്യത്തില്‍നിന്ന് അദ്ദേഹം പിന്മാറി. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ ഇ.ഡിക്ക് ജലീല്‍ മൊഴിയും രേഖകളും നല്‍കിയിരുന്നു. 

എആർ ന​ഗർ സർവീസ് സഹകരണ
ബാങ്കിലെ ക്രമക്കേടുകളെക്കുറിച്ചുള്ള
അന്വേഷണ റിപ്പോർട്ടുകളുടെ
പ്രസക്ത ഭാ​ഗം

ആളില്ലാത്ത വിലാസങ്ങള്‍ 

2021 ജൂലൈ 22-ലെ കോഴിക്കോട് ഇന്‍കം ടാക്‌സ് ഡെപ്യൂട്ടി ഡയറക്ടറുടെ നോട്ടീസ്, സഹകരണസംഘം രജിസ്ട്രാറുടെ 2013-ലെ സര്‍ക്കുലര്‍, 2021 ജൂലൈ 27-ലെ മലപ്പുറം ജോയിന്റ് രജിസ്ട്രാര്‍ ജനറലിന്റെ ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ഇപ്പോഴത്തെ പരിശോധന. വ്യാജ അക്കൗണ്ടുകളുടേയും ആദായനികുതി നിയമലംഘനത്തിന്റേയും എല്ലാ വിവരങ്ങളും ഉള്‍പ്പെടുന്നതാണ് ഇതിന്റെ റിപ്പോര്‍ട്ട്. അന്വേഷണസംഘം രജിസ്ട്രാറുടെ കെ.വൈ.സി മാനദണ്ഡങ്ങള്‍ മുഴുവന്‍ നിക്ഷേപങ്ങളിലും പാലിച്ചിട്ടില്ല എന്നു കണ്ടെത്തി. ബാങ്ക് സെക്രട്ടറിക്ക് പരിശോധനയെക്കുറിച്ച് കത്ത് നല്‍കുകയും കെ.വൈ.സി രേഖകള്‍ ഹാജരാക്കേണ്ട അക്കൗണ്ടുകളുടെ പട്ടിക നല്‍കുകയും ചെയ്തു. എന്നാല്‍, ഈ അക്കൗണ്ടുകളില്‍ സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍ പ്രകാരമുള്ള കെ.വൈ.സി രേഖകള്‍ ഹാജരാക്കിയിട്ടില്ല. മാത്രമല്ല, ഇവരുടെ ഫോണ്‍ നമ്പറോ ഐഡന്റിറ്റി തെളിയിക്കുന്ന രേഖകളോ ഹാജരാക്കാനും സെക്രട്ടറിക്കു സാധിച്ചില്ല. തിരൂരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ മുന്‍പാകെ നേരിട്ടു ഹാജരായി രേഖകള്‍ സമര്‍പ്പിക്കുന്നതിന് ഈ കസ്റ്റമര്‍ ഐ.ഡികളില്‍പ്പെട്ടവര്‍ക്ക് കത്ത് നല്‍കിയിരുന്നത്. എന്നാല്‍, ആരും ഹാജരായില്ല. കത്തുകള്‍ വിലാസക്കാരില്ലാതെ മടങ്ങുകയും ചെയ്തു. 

ബാങ്കില്‍ ക്രമരഹിതമായ വിവിധ ഇടപാടുകള്‍ വി.കെ. ഹരികുമാര്‍ നടത്തിയതായും വിശദ പരിശോധനയ്ക്ക് ഹരികുമാറിന്റെ ബാങ്കിലെ സാന്നിധ്യം മൂലം സാധിക്കുന്നില്ലെന്നും സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സ്ഥാനത്തു നിന്ന് ഹരികുമാറിനെ മാറ്റണം എന്നായിരുന്നു ആവശ്യം. 2020 ഒക്ടോബര്‍ 14-ന് ഹരികുമാറിന്റെ നിയമനം റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിച്ചു. എന്നാല്‍, ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങി തുടരുകയാണ് ഹരികുമാര്‍. കൃത്രിമരേഖ ചമയ്ക്കലിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 465-ാം വകുപ്പ്, വിശ്വാസവഞ്ചനയ്ക്ക് 405-ാം വകുപ്പ് എന്നിവയും കേരള സഹകരണ നിയമത്തിലെ ചട്ടം 198-ഉം ചുമത്തി ഹരികുമാറിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനു കഴിഞ്ഞ ഏപ്രില്‍ 13-ന് ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരേയും ഹരികുമാര്‍ ഹൈക്കോടതിയില്‍നിന്നു സ്റ്റേ വാങ്ങി. ഹരികുമാറിനെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിച്ചതിനെതിരേയും അദ്ദേഹം സെക്രട്ടറിയായ കാലയളവിലും വിരമിച്ച ശേഷവും ബാങ്കില്‍ നടത്തിയ ക്രമക്കേടുകളെക്കുറിച്ചും അന്വേഷിക്കുന്നതിന് ഹൈക്കോടതിയില്‍ ഹര്‍ജി നിലവിലുണ്ട്. കെ.പി. മുജീബ് റഹ്മാന്‍ ആണ് ഹര്‍ജിക്കാരന്‍. 

എആർ ന​ഗർ സർവീസ് സഹകരണ
ബാങ്കിലെ ക്രമക്കേടുകളെക്കുറിച്ചുള്ള
അന്വേഷണ റിപ്പോർട്ടുകളുടെ
പ്രസക്ത ഭാ​ഗം

കണക്കില്ലാത്ത അക്കൗണ്ടുകള്‍ 

എ.ആര്‍. നഗര്‍ സഹകരണ ബാങ്കിന്റെ എസ്.ബി.ഐ മലപ്പുറം കൂരിയാട് ശാഖയിലെ അക്കൗണ്ടില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖ് വിദശത്തുനിന്ന് പണം നിക്ഷേപിച്ചത് 2015 ഡിസംബര്‍ ആറിനും 2017 ജൂണ്‍ ഒന്നിനും ജൂണ്‍ 21-നുമാണ്. ഓരോ തവണയും ഓരോ കോടി രൂപ വീതം. ഈ മൂന്നുകോടി ഹവാല ഇടപാടാണ് എന്നാണ് ആരോപണം. വിദേശ ഇന്ത്യക്കാര്‍ ഇന്ത്യയിലെ ബാങ്കുകളില്‍ പണം നിക്ഷേപിക്കേണ്ടത് എങ്ങനെ എന്ന് ആര്‍.ബി.ഐ ആക്റ്റ്, എഫ്.ഇ.എം.എ ആക്റ്റ് എന്നിവയില്‍ വ്യക്തമായി പറയുന്നുണ്ട്. അതിനു വിരുദ്ധമായാണ് എന്‍.ആര്‍.ഇ, എന്‍.ആര്‍.ഒ അക്കൗണ്ടുകള്‍ തുടങ്ങാന്‍ നിയമപരമായി സാധിക്കാത്ത എ.ആര്‍. നഗര്‍ സഹകരണ ബാങ്കിന്റെ പേരില്‍ കൂരിയാട് എസ്.ബി.ഐ ശാഖയിലേക്ക് ആഷിഖ് പണം അയച്ചത്. ഈ പണം സേവിങ്സ് അക്കൗണ്ടിലേക്കു മാറ്റാതെ നേരിട്ട് സ്ഥിരനിക്ഷേപമാക്കി മാറ്റുകയാണ് ചെയ്തത്. ആഷിഖിന്റെ ഈ സ്ഥിരനിക്ഷേപം വിദേശ വിനിമയ ചട്ടലംഘനമാണെന്നും അത് ആര്‍.ബി.ഐ അന്വേഷണ പരിധിയില്‍പ്പെട്ടതാണെന്നും കെ.ടി. ജലീല്‍ ആരോപിക്കുന്നു. 

മുന്‍ എം.എല്‍.എയും ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ അബ്ദുറഹിമാന്‍ രണ്ടത്താണി അടക്കമുള്ളവര്‍ക്ക് അനധികൃത വായ്പയും ആനുകൂല്യങ്ങളും നല്‍കി. തട്ടിപ്പു മറയ്ക്കാന്‍ ബാങ്കിന്റെ കംപ്യൂട്ടറില്‍നിന്നു കസ്റ്റമര്‍ മേല്‍വിലാസങ്ങള്‍ വ്യാപകമായി ഡിലീറ്റ് ചെയ്തു. പരിശോധനയ്ക്കു വിധേയമാക്കിയ 257 കസ്റ്റമര്‍ ഐ.ഡികളില്‍ മാത്രം 862 ബെനാമി അക്കൗണ്ടുകളാണ് കണ്ടെത്തിയത്. ഒരാള്‍ക്ക് ഒരു കസ്റ്റമര്‍ ഐ.ഡി മാത്രം തുടങ്ങാന്‍ നിയമപരമായ അനുമതി ഉണ്ടായിരിക്കെയാണ് വിവിധ ഐ.ഡികളും ഓരോ ഐ.ഡിയിലും നിരവധി അക്കൗണ്ടുകളുമുള്ളത്. ഈ ബെനാമി അക്കൗണ്ടുകളില്‍ കഴിഞ്ഞ പത്തു വര്‍ഷം മാത്രം 114 കോടി രൂപയുടെ അനധികൃത ഇടപാടുകള്‍ നടന്നതായാണ് കണ്ടെത്തിയത്. ഈ ഇടപാടുകളെല്ലാം നടത്തിയത് ഹരികുമാറാണെന്ന് നിലവിലെ ബാങ്ക് സെക്രട്ടറി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു രേഖാമൂലം മൊഴി നല്‍കിയിട്ടുണ്ട്. അമ്പതിനായിരത്തില്‍പ്പരം അംഗങ്ങളുടെ പേരില്‍ 75000-ല്‍പ്പരം അക്കൗണ്ടുകളുള്ള ഈ സ്ഥാപനത്തിലെ കൂടുതല്‍ കസ്റ്റമര്‍ ഐ.ഡികള്‍ പരിശോധിച്ചാല്‍ കള്ളപ്പണ ക്രയവിക്രയത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാകും പുറത്തുവരിക എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ബെനാമി അക്കൗണ്ടുകളില്‍നിന്ന് ഹരികുമാര്‍ 2.66 കോടി രൂപ നിക്ഷേപ വായ്പ എടുത്തതായാണ് സെക്രട്ടറിയുടെ മൊഴിയിലെ മറ്റൊരു വെളിപ്പെടുത്തല്‍. ബാങ്കിലെ 12 ജീവനക്കാരുടെ പേരില്‍ 6.78 കോടി രൂപയുടെ അനധികൃത നിക്ഷേപമാണ് കണ്ടെത്തിയത്. എന്നാല്‍, ഈ തുക ജീവനക്കാര്‍ അറിയാതെ ഹരികുമാര്‍ അവരുടെ പേരില്‍ നിര്‍ബ്ബന്ധപൂര്‍വ്വം നിക്ഷേപിച്ചതാണെന്നും അതിന്റെ ഉറവിടത്തേക്കുറിച്ച് അറിവില്ല എന്നും മൊഴിയിലുണ്ട്. പണം പിന്‍വലിച്ചതും ഹരികുമാര്‍ തന്നെ. 

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം അക്കൗണ്ട് വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിച്ചില്ല. രാജ്യത്ത് കള്ളപ്പണ ഇടപാടുകള്‍ തടയുന്നതിനു കൊണ്ടുവന്ന ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായാണ് എ.ആര്‍. നഗര്‍ ബാങ്കില്‍ ഇടപാടുകള്‍ നടന്നതെന്നും 1021 കോടിയുടെ കള്ളപ്പണ ഇടപാടു നടന്നത് പത്തു വര്‍ഷത്തിനുള്ളില്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, മറ്റൊരു ഗുരുതര പരാമര്‍ശം കൂടി ആ റിപ്പോര്‍ട്ടിലുണ്ട്. ''ഹരികുമാര്‍ ജോലി ചെയ്ത 40 വര്‍ഷത്തെ ഇത്തരം ഇടപാടുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഭയാനകമായിരിക്കും അവസ്ഥ'' എന്നാണ് അത്.

വ്യാജ അക്കൗണ്ടുകള്‍ പിടിക്കപ്പെട്ടപ്പോള്‍ അത്തരത്തിലുള്ള മറ്റ് അക്കൗണ്ടുകള്‍ തുടങ്ങി തട്ടിപ്പ് ആവര്‍ത്തിച്ചു. മുന്‍പ് അങ്കണവാടി അദ്ധ്യാപികയായിരുന്ന മുതിര്‍ന്ന പൗര എം. ദേവിയുടെ പേരില്‍ അവരറിയാതെ നിക്ഷേപിച്ചത് 80 ലക്ഷം രൂപ. അവരുടെ പരാതി വേങ്ങര പൊലീസിന്റെ പക്കലുണ്ട്. ഈ തുക നിക്ഷേപിച്ചതും ഹരികുമാറാണ് എന്നാണ് സെക്രട്ടറിയുടെ മൊഴി. 

2012-'13 കാലയളവില്‍ രണ്ടരക്കോടി രൂപയുടെ സ്വര്‍ണ്ണപ്പണയ വായ്പാ അഴിമതി ഇതേ ബാങ്കില്‍ നടന്നിട്ടുണ്ട്. ഒ.ജി.എല്‍ 655 നമ്പര്‍ സ്വര്‍ണ്ണപ്പണയ വായ്പയില്‍ ഈടായി സ്വീകരിച്ച ഉരുപ്പടികളില്‍ ആറു ലോക്കറ്റുകള്‍ കുറവു വന്നത് ജോയിന്റ് രജിസ്ട്രാര്‍ക്ക് ബാങ്ക് റിപ്പോര്‍ട്ടു ചെയ്തില്ല എന്ന് 2019-'20ലെ ഓഡിറ്റ് കുറിപ്പില്‍ പരാമര്‍ശമുണ്ട്. ഈ സ്വര്‍ണ്ണപ്പണയം നല്‍കിയത് ഹരികുമാറിന്റെ ഭാര്യയുടെ പേരിലാണ്. 

ബാങ്കിന്റെ ഇപ്പോഴത്തെ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ അബ്ദുല്‍ അസീസ് അയിന്തൂര്‍ പേക്കാട്ടിന് 30 ലക്ഷം രൂപ വായ്പയുണ്ട്. ഇതില്‍ തിരിച്ചടവൊന്നും നടത്താതെ ഒരേ ദിവസം വായ്പ പുതുക്കി 8000 രൂപയുടെ അനധികൃത പലിശ ഇളവും ഹരികുമാര്‍ നല്‍കി. ബാങ്കിന്റെ നിയമവ്യവസ്ഥയ്ക്കു വിരുദ്ധമായി ഒരാള്‍ക്ക് 20 ലക്ഷം രൂപയും (വായ്പാ നമ്പര്‍ എന്‍.എ.എം.റ്റി 8872), 30 ലക്ഷം രൂപയും (എന്‍.എ.എം.റ്റി 8846) നല്‍കി. ഈ വായ്പയില്‍ യാതൊരു തിരിച്ചടവും നടത്താതെ തന്നെ 2020 സെപ്റ്റംബര്‍ 24-ന് ക്ലോസ് ചെയ്തതായി കാണിച്ച് അന്നുതന്നെ 71149 രൂപ (നമ്പര്‍ എന്‍.എ.എം.റ്റി 9023) അനധികൃതമായി പലിശ ഇളവു ചെയ്തു. ഈ വായ്പക്കാരന്‍ അബ്ദുറഹിമാന്‍ രണ്ടത്താണിയാണ് എന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാള്‍ക്ക് പരമാവധി 50 ലക്ഷം രൂപ മാത്രമേ വായ്പ നല്‍കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയുണ്ട്. എന്നാല്‍, ഒരേ ആധാരത്തില്‍ 50 ലക്ഷം രൂപയും അതിന്റെ പകര്‍പ്പുവച്ച് വീണ്ടും 50 ലക്ഷവും അനുവദിച്ചു. 2019 മാര്‍ച്ച് 23, 27 തീയതികളിലായിരുന്നു ഇത്. ഈ വായ്പക്കാരന്‍ തുപ്പിലിക്കാട്ട് ഹംസ കുഞ്ഞാലിക്കുട്ടിയുടെ ബെനാമിയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ലീഗിന്റെ മറ്റൊരു വൈസ് പ്രസിഡന്റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവിയുടെ പേരില്‍ വിവിധ കസ്റ്റമര്‍ ഐ.ഡികളിലെ പല അക്കൗണ്ടുകളിലായി രണ്ടു കോടിയോളം രൂപയുടെ നിക്ഷേപമാണുള്ളത്. 

ബാങ്കില്‍ ഇടപാടുകള്‍ നടത്തുന്ന സോഫ്റ്റുവെയറിന്റെ ഡേറ്റാ ബേസില്‍ ഹരികുമാര്‍ വ്യാപക തിരുത്തലുകള്‍ നടത്തിയതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. 2019 നവംബര്‍ നാലിന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ഹരികുമാര്‍ ചുമതലയേറ്റതു മുതല്‍ ഡേറ്റാ ബേസിലെ കസ്റ്റമര്‍ ഐ.ഡികളിലെ വിലാസങ്ങളില്‍ തിരുത്തലുകള്‍ വരുത്തി. ഇതു ചെയ്തത് ഹരികുമാറാണ് എന്നു സെക്രട്ടറിയുടെ മൊഴിയിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com