പാതിരിമാര്‍ നട്ടുവളര്‍ത്തിയ ചേറ്റുവയിലെ കണ്ടല്‍ക്കാട്

പല കാരണങ്ങളാൽ സഭയിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട അഞ്ച് പുരോഹിതന്മാരിൽ രണ്ട് പേർ. പുറത്താക്കപ്പെട്ട സമയത്ത് ഇവർ പ്രകൃതിക്കുവേണ്ടി നട്ടുപിടിപ്പിച്ച കണ്ടൽക്കാടുകളെക്കുറിച്ച്...
പാതിരിമാര്‍ നട്ടുവളര്‍ത്തിയ ചേറ്റുവയിലെ കണ്ടല്‍ക്കാട്

മ്യൂണിസവും നിരീശ്വരവാദവുമടക്കം പല കാരണങ്ങൾ പറഞ്ഞ് 1989-ലാണ് ജോസ് തത്തറത്തിൽ, ജേക്കബ് തച്ചറാട്ടിൽ അടക്കം 5 പുരോഹിതന്മാരെ ക്രിസ്ത്യൻസഭ സസ്‌പെൻഡ് ചെയ്യുന്നത്. പിന്നീട് 1993-1994 കാലഘട്ടത്തിൽ ഈ രണ്ട് പുരോഹിതന്മാർ ചേർന്ന് തൃശൂരിലെ ചേറ്റുവയിൽ പത്തേക്കറോളം വരുന്ന സ്ഥലത്ത് കണ്ടൽതൈ നട്ടു. 30 വർഷങ്ങൾക്കിപ്പുറം അന്ന് നട്ട കണ്ടൽതൈകൾ മനോഹരമായ കണ്ടൽക്കാടായി മാറിയിരിക്കുകയാണ്. കണ്ടശ്ശാംകടവിലും പൊന്നാനിയിലും ഇവർ ഇതുപോലെ കണ്ടൽതൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. രണ്ട് പുരോഹിതന്മാർ ചേർന്ന് പ്രകൃതിക്കും മനുഷ്യനും പക്ഷികൾക്കുമെല്ലാമായി പ്രവർത്തിച്ചപ്പോൾ ചേറ്റുവയിൽ അതിമനോഹരമായ വലിയൊരു കണ്ടൽകാടും അതിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഒട്ടേറെ പക്ഷികളടക്കം പല ജീവികളുടെ ആവാസകേന്ദ്രവും ഉണ്ടായിവരികയായിരുന്നു.

ചേറ്റുവയിലെ കണ്ടല്‍-ആദ്യകാലം 
ചേറ്റുവയിലെ കണ്ടല്‍-ആദ്യകാലം 

പള്ളിയിൽനിന്ന് താൽക്കാലികമായി പുറത്താക്കപ്പെട്ടതുകൊണ്ടാണ് ഇതെല്ലാം ചെയ്യാനായതെന്ന് ഇവർ സന്തോഷത്തോടെ ഓർക്കുന്നു. 1989-ൽ പുറത്താക്കുകയും 1996-ല്‍ തിരിച്ചെടുക്കുകയും ചെയ്‌തെങ്കിലും ഇതിനിടയിലുള്ള ചെറിയ കാലം പ്രകൃതിക്കായി ചെലവഴിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഈ രണ്ട് പുരോഹിതന്മാരും. പള്ളിയിൽനിന്ന് സസ്‌പെൻഡ് ചെയ്ത സംഭവം ജേക്കബ് തച്ചറാട്ടിലച്ചൻ ഓർക്കുന്നത് ഇങ്ങനെയാണ്: ഹ്യൂമൻ റൈറ്റ്‌സിനെക്കുറിച്ച് മൂന്ന് മാസത്തെ കോഴ്‌സ് ചെയ്യാൻ ലീവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പുറത്താക്കപ്പെട്ടവരിൽ ഉണ്ടായിരുന്ന ലൂയിസ് ചാലക്കൽ ബിഷപ്പിനെ സമീപിച്ചു. ഹ്യൂമൻ റൈറ്റ്‌സ് എന്ന് കേട്ടപ്പോൾ ഇതുതന്നെയല്ലേ കമ്യൂണിസം എന്നു പറഞ്ഞ് ബിഷപ്പ് അദ്ദേഹത്തിന് ലീവ് കൊടുക്കാൻ തയ്യാറായില്ല. ലൂയിസ് ചാലക്കൽ തന്റെ പട്ടം കിട്ടി 25 വർഷം ആഘോഷിക്കുന്ന വേളയിലായിരുന്നു ഇത്.

ചേറ്റുവയിലെ കണ്ടല്‍ക്കാട്
ചേറ്റുവയിലെ കണ്ടല്‍ക്കാട്

അങ്ങനെ ഞാൻ (ജേക്കബ് തച്ചറാട്ടിൽ ) ബിഷപ്പിന്റെ അടുത്തു പോവുകയും 25 വർഷം ജോലി ചെയ്ത ആൾക്ക് 40 ദിവസത്തെ ലീവ് അവകാശമാണെന്നും വിട്ടില്ലെങ്കിൽ അനുവാദമില്ലാതെ ഞാനും പോകുമെന്നു പറഞ്ഞു. അദ്ദേഹത്തെ കോഴ്‌സ് ചെയ്യാൻ അനുവദിച്ചെങ്കിലും തിരിച്ച് വന്നപ്പോൾ പ്രീസ്റ്റ് ഹോമിലേക്കാണ് അപ്പോയിന്റ് ചെയ്തത്. പ്രീസ്റ്റ് ഹോം എന്നാൽ അച്ഛൻമാർക്ക് വിശ്രമജീവിതം നയിക്കാനുള്ള ഇടമാണ്. അതായത് കോഴ്‌സ് കഴിഞ്ഞ് തിരിച്ചു വന്ന ഇദ്ദേഹത്തെ പള്ളിയിൽ പുരോഹിതനായി നിൽക്കാൻ അനുവദിച്ചില്ല. പ്രീസ്റ്റ് ഹോമിൽ വെറുതെ ഇരിക്കാൻ വിട്ടു. ഇതിനെതിരെ ഞങ്ങൾ ശക്തമായി പ്രതിഷേധിച്ചു. വിവിധ സ്ഥലങ്ങളിലായി സ്ട്രീറ്റ് മീറ്റിങ്ങുകൾ സംഘടിപ്പിച്ചു. ചിലയിടങ്ങളിൽനിന്ന് പല പ്രശ്‌നങ്ങളും നേരിട്ടു. നായനാർ മുഖ്യമന്ത്രിയായ സമയമായിരുന്നു. ബിഷപ്പ് കരുണാകരന്റെ പക്ഷവും. അതുകൊണ്ട് ഞങ്ങൾക്ക് എല്ലായിടത്തും പൊലീസ് പ്രൊട്ടക്ഷൻ ലഭിച്ചു.

അതിനിടയിലാണ് ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം ഇറങ്ങുന്നത്. നാടകം വലിയ കോളിളക്കം ഉണ്ടാക്കി. സഭ നാടകത്തെ എതിർത്തപ്പോൾ മാതൃഭൂമിയിൽ ജോസഫ് വടക്കൻ എഴുതിയ ലേഖനത്തിന് ഞാൻ (ജേക്കബ് തച്ചറാട്ടിൽ) ലെറ്റർ ടു എഡിറ്ററിൽ മറുപടി എഴുതി. ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് പറഞ്ഞുകൊണ്ട് നാടകത്തെ അനുകൂലിച്ചുകൊണ്ടുള്ള എഴുത്തും സഭയിൽ വലിയ പ്രശ്‌നം ഉണ്ടാക്കി. അങ്ങനെ ഈ നാടകത്തെ അനുകൂലിച്ച ജോസ് തലക്കോട്ടൂർ, സി.ടി. ജോസ്, ലൂയിസ് ചാലയ്ക്കൽ, ജോസ് തത്തറത്തിൽ, ജേക്കബ് തച്ചറാട്ടിൽ എന്നിവരെ 1989-ൽ സസ്‌പെൻഡ് ചെയ്തു. പിന്നീട് സി.പി.സി.എ എന്ന ആൾ ഇന്ത്യ ലെവലിലുള്ള പുരോഹിതന്മാരുടെ സംഘടന ഈ വിഷയം പഠിക്കുകയും ഒരു ദിവസത്തേക്കുപോലും സസ്‌പെൻഡ് ചെയ്യാനുള്ള ന്യായമില്ല എന്ന് കണ്ടെത്തുകയും ചെയ്തു.

അഞ്ച് പേരെ ഒരുമിപ്പിച്ച ഘടകം

ഞങ്ങൾ അഞ്ച് പേരും നന്നായി വായിക്കാൻ താല്പര്യമുള്ളവരായിരുന്നു. നിരവധി പുസ്തകങ്ങളുടെ ശേഖരം ഞങ്ങൾക്കുണ്ടായിരുന്നു. ആഴ്ചയിലൊരിക്കൽ പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾ ഒത്തുകൂടി. അരിയങ്ങാടിയിൽ പുസ്തകങ്ങൾ അടുക്കിവെക്കാനായി ഒരു മുറി വാടകയ്‌ക്കെടുത്തു. അവിടെ പുസ്തകവായനയും പുസ്തകങ്ങളെക്കുറിച്ചുള്ള സംസാരങ്ങൾക്കും ഞങ്ങൾ ഒത്തുകൂടി. പുരോഹിതന്മാർക്കിടയിൽ അധികം കണ്ടുവരാത്ത കാര്യമായതിനാൽ തന്നെ ഞങ്ങൾ അരിയങ്ങാടി ടീം, അരിയങ്ങാടി ഗാങ് എന്നൊക്കെ അറിയപ്പെടാൻ തുടങ്ങി. പുസ്തകങ്ങളോടുള്ള അടുപ്പം തന്നെയാണ് ഞങ്ങളെ ഒന്നിപ്പിച്ച പ്രധാന ഘടകം.

കണ്ടലുകൾ നടാനുണ്ടായ കാരണം

സസ്‌പെൻഡ് ചെയ്യപ്പെട്ട അഞ്ച് പുരോഹിതന്മാരിൽ ജോസ് തത്തറത്തിൽ, ജേക്കബ് തച്ചറാട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് കണ്ടൽചെടികൾ വെച്ചുപിടിപ്പിച്ചത്. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ കീഴിൽ തിരുവനന്തപുരത്തെ ഫാദർ ടോം കോച്ചേരിയുടെ റിസർച്ച് വിങ് ആയ പി.സി.ഒ കായലിൽ കണ്ടൽ നട്ടാൽ മത്സ്യസമ്പത്ത് വർദ്ധിക്കുമെന്ന് കണ്ടെത്തി. പി.സി.ഒയിലെ ആക്ടീവ് മെമ്പറായ നളിനി നായക് ആണ് ജോസ്, ജേക്കബ് എന്നിവരെ കണ്ടെത്തുന്നത്. ബാംഗ്ലൂർ സ്വദേശിയായ നളിനി നായക് തന്റെ പതിനാറാം വയസിലാണ് വിനോദ സഞ്ചാരത്തിനായി തിരുവനന്തപുരത്ത് എത്തുന്നത്. പിന്നീട് വിഴിഞ്ഞം ഭാഗത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതം കണ്ടപ്പോൾ അവർക്കുവേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റെ സയൻസ് ആൻഡ് ടെക്‌നോളജി വിഭാഗത്തിന്റെ ഫണ്ടിങ്ങ് പി.സി.ഒയ്ക്ക് ഉണ്ടായിരുന്നു. നളിനി നായക് വഴി ഈ രണ്ട് പുരോഹിതന്മാരും കണ്ടൽ നടാൻ തയ്യാറായി.

ഫാ. ജോസ് തത്തറത്തില്‍
ഫാ. ജോസ് തത്തറത്തില്‍

ചേറ്റുവയിലെ കണ്ടൽ നടലിനെക്കുറിച്ച് ജേക്കബ് തച്ചറാട്ടിലച്ചനും ജോസ് തത്തറത്തിലച്ചനും സംസാരിക്കുന്നു.

ചേറ്റുവയിലെ പത്തേക്കറോളം വരുന്ന സ്ഥലം ഞങ്ങൾ കണ്ടെത്തിയ സ്ഥലമാണ്. കായലിലാണ് കണ്ടൽ നടുക എന്ന് പറഞ്ഞപ്പോൾ ഇതെവിടെ നടും എന്ന് അന്വേഷിച്ച് കായലിന്റെ ഓരത്തുകൂടി നടന്നപ്പോൾ ഒരാളെ കണ്ടെത്തുകയും അങ്ങനെ അദ്ദേഹത്തോട് ആവശ്യം പറയുകയും ചെയ്തു. അങ്ങനെ വേലിയേറ്റം വരുമ്പോൾ മുങ്ങിപ്പോവുകയും ഇറക്കം വരുമ്പോൾ പൊങ്ങിവരികയും ചെയ്യുന്ന പത്തേക്കറോളം വരുന്ന ചേറ്റുവയിലെ ഈ ചെറിയ തുരുത്ത് ഞങ്ങൾ കണ്ടെത്തി. കൊച്ചേട്ടൻ എന്ന അദ്ദേഹവും മകൻ വിശ്വംഭരനും ആ നിമിഷം മുതൽ ഞങ്ങളോട് നല്ല രൂപത്തിൽ സഹകരിച്ചു. കൊച്ചേട്ടൻ ഇപ്പോൾ മരിച്ചു. മകൻ വിശ്വംഭരൻ ഇപ്പോഴും അവിടെയുണ്ട്. അവരുടെ ആ സ്‌നേഹവും ആതിഥ്യമര്യാദയും തന്നെയാണ് ഞങ്ങളെ ചേർത്തുനിർത്തുന്ന ഘടകം. ഈ രണ്ട് പേര് കൂടാതെ ഞങ്ങളോടൊപ്പം അന്ന് കുറെ ചെറുപ്പക്കാർ ചേർന്നുനിന്നു. അവരുടെ പേര് വിവരങ്ങൾ ഞങ്ങളുടെ കയ്യിൽനിന്നും നഷ്ടപ്പെട്ടു. ഞങ്ങൾ ഈ ഒരു പ്രോജക്ടിനുവേണ്ടി പറഞ്ഞപ്പോൾ പരസ്പരം പറഞ്ഞറിഞ്ഞു വന്ന ചെറുപ്പക്കാരായിരുന്നു അവർ. അവരൊക്കെ അതിനുശേഷം പിരിഞ്ഞുപോയി. കായലിലെ ഈ മരങ്ങൾ, എല്ലാ ദിവസവും തോട്ടം നോക്കുന്നതുപോലെ നോക്കേണ്ടല്ലോ. അത് തന്നെ വളർന്നോളും. അതുകൊണ്ട് തന്നെ ഞങ്ങൾക്കാർക്കും പിന്നീട് അവരുമായി ബന്ധപ്പെടാനോ അവരുടെ അഡ്രസ്സ് സൂക്ഷിച്ചുവെക്കാനോ സാധിച്ചില്ല. അതോർക്കുമ്പോൾ നല്ല സങ്കടമുണ്ട്. കാരണം അവർക്ക് ഇതിന്റെ നന്മ കാണാൻ പറ്റിയിട്ടില്ല.

ഞങ്ങൾക്കുപോലും ഇത് ഓർത്തുവെക്കാനോ ഒന്നും പറ്റിയിട്ടില്ല. ചേറ്റുവയിൽ മാത്രമല്ല, പൊന്നാനിയിലും കണ്ടശ്ശാംകടവിലുമെല്ലാം ഇതേപോലെ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. കണ്ടശ്ശാംകടവിൽ ചെയ്ത പ്രോജക്ടിനെക്കുറിച്ച് 1992 മെയ് 26-ന് മാതൃഭൂമി ദിനപത്രം ഫ്രണ്ട് പേജിൽ ഫോട്ടോയും വാർത്തയും കൊടുത്തു.

തൃശൂരിൽ അൾട്ടർ മീഡിയ നടത്തുന്ന അനിൽകുമാർ, കൃഷിമലയാളം പുസ്തകം എഴുതിയ സുജിത്, സന്തോഷ് തുടങ്ങിയവർ ഞങ്ങളുടെ ഓർമ്മയിൽ വരുന്ന അന്ന് ഞങ്ങളോടൊപ്പം നിന്ന ചെറുപ്പക്കാരിൽ ചില സുഹൃത്തുക്കളാണ്.

ചേറ്റുവയിൽ കണ്ടൽ നടാനായി ഞങ്ങൾ എത്തുമ്പോൾ അവിടെ കുറച്ചു കണ്ടൽ മരങ്ങളുണ്ട്. ഒരു പത്ത് മരങ്ങളോളം ഉണ്ടായിരുന്നു. ഇതിൽ ഒരു മരം ഇപ്പോഴും അവിടെ ഉള്ളതായി ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്.

കണ്ടൽ കാണുമ്പോൾ തന്നെ നല്ല പച്ചരത്‌നം പോലെ ഇരിക്കും. ബംഗാളിലെ സുന്ദർബൻ കാടുകൾ കണ്ടലാണ്. കണ്ടലിന്റെ ബംഗാളിലെ പേര് തന്നെ സുന്ദർബൻ എന്നാണ്. സുന്ദരി ചെടികൾ !

ജേക്കബ് തച്ചറാട്ടില്‍ 
ജേക്കബ് തച്ചറാട്ടില്‍ 

ചേറ്റുവയിൽ ഞങ്ങൾ കണ്ടെത്തിയ സ്ഥലത്തപ്പോൾ കണ്ടൽ മരങ്ങൾ ഉണ്ടായിരുന്നു എന്ന് പറഞ്ഞല്ലോ. പക്ഷേ, ആ മരങ്ങളിൽനിന്നുള്ള വിത്തുകളൊന്നും ഞങ്ങൾക്ക് തികയില്ലായിരുന്നു. അങ്ങനെ ഞങ്ങൾ അന്വേഷിച്ചറിഞ്ഞ് മംഗലാപുരം അപ്പുറം ഉഡുപ്പിക്ക് അടുത്തുള്ള മുൾക്കി നദിയിൽനിന്നാണ് വിത്തുകൾ എത്തിച്ചത്.

അവിടെ പോയി ഒരു ചെറുപ്പക്കാരനെ കണ്ടെത്തി ആവശ്യം പറഞ്ഞപ്പോൾ മരത്തിൽ കയറി വിത്തുകൾ കുലുക്കി താഴെ ഇട്ട് തരാം എന്ന് അദ്ദേഹം പറഞ്ഞു. പുഴയിലിറങ്ങി ഞങ്ങൾ വിത്ത് പെറുക്കണം. പരിചയമില്ലാത്ത പുഴയായതുകൊണ്ട് പേടി ഉണ്ടായിരുന്നു. എന്നാൽ, പേടിക്കേണ്ടതില്ല ഒഴുക്കില്ല എന്നെല്ലാം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഷോർട്‌സൊക്കെ ഇട്ട് ഞങ്ങൾ ഇറങ്ങി. ഇറങ്ങിയപ്പോഴാണ് കാര്യം മനസ്സിലാവുന്നത്. കാലിന്റെ മുട്ട്‌വരെ ചളിയായിരുന്നു. അപ്പോഴാണ് അവൻ പറഞ്ഞതിന്റെ പൊരുൾ ഞങ്ങൾക്ക് മനസ്സിലായത്. അവൻ ഞങ്ങളെ ചതിച്ചതല്ല, തമാശയായിട്ടാണ് ഇത് ചെയ്തത്.

അങ്ങനെ അവിടെനിന്നും ഏകദേശം പതിനായിരത്തോളം വിത്തുകൾ ചാക്കിലാക്കി. ഇതിന്റെ വിത്ത് മുരിങ്ങാക്കോൽ പോലെയാണ്. മരത്തിൽനിന്ന് വീണ് അവിടെ മണ്ണുണ്ടെങ്കിൽ അവിടെത്തന്നെ മരമായി വളരുന്നു. ഇല്ലെങ്കിൽ വെള്ളത്തിലൂടെ ഒലിച്ച് മണ്ണുള്ള സ്ഥലത്ത് വളരുന്നു. കരപിടിപ്പിക്കുന്ന മരം എന്നതാണ് ഇതിന്റെ പ്രത്യേകത. വിത്തിന്റെ ഒരു ഭാഗം ജാവലിൻ ത്രോയുടെ മുനപോലെ അത്രയും മൂർച്ചയുള്ളതാണ്. മറ്റേ ഭാഗം അതിന്റെ മുകുളം ഉൾക്കൊണ്ട് മരോട്ടിയെന്ന മരത്തിലെ മരോട്ടിക്കായപോലെ വളരെ ഹാർഡായ പോലെയാണ്. മെഴുകുതിരിയുടെ നാളം പോലെയുള്ള മുകുളത്തെ സംരക്ഷിക്കാൻ പ്രകൃതി കൊടുത്ത സംവിധാനം ഒന്ന് കാണേണ്ടതുതന്നെയാണ്.

വിത്തിന്റെ മൂർച്ചയുള്ള മുന കാരണം ചാക്കെല്ലാം തുളഞ്ഞു. മുള്ള്പോലെ പുറത്തേക്ക് നിൽക്കുന്നതുകൊണ്ട് റെയിൽവേസ്റ്റേഷനിലെ ചുമട്ടുതൊഴിലാളികൾ സഹായിക്കാൻ തയ്യാറായില്ല. പിന്നെ ഞങ്ങൾ അച്ചന്മാരാണ്, സോഷ്യൽ വർക്കിന്റെ ഭാഗമായി പരിസ്ഥിതിക്കുവേണ്ടി കണ്ടൽ നടാൻ വേണ്ടിയാണ് എന്നൊക്കെ പറഞ്ഞപ്പോൾ അവർ സഹകരിച്ചു. അങ്ങനെയാണ് ട്രെയിൻ വഴി വിത്തുകൾ ചാക്ക് കണക്കിനു കൊണ്ടുവന്നത്.

മാവിനെപ്പോലെ കണ്ടലിലും പല വെറൈറ്റികളുണ്ട്. ഞങ്ങൾ അതൊന്നും കണ്ടിട്ടില്ല. റൈസഫോറം എന്ന കണ്ടലാണ് ഞങ്ങൾ നട്ടത്. മലയാളത്തിൽ ഇതിനെ ഭ്രാന്തൻ കണ്ടൽ എന്നാണ് വിളിച്ചത്. എന്നാൽ, ബംഗാളികൾ ഇതിനെ സുന്ദരിച്ചെടി എന്നാണ് വിളിക്കുന്നത്. ഇപ്പോൾ അവിടെ ഒരു അഞ്ചാറു തരം കണ്ടലുണ്ട്. അതൊന്നും ഞങ്ങൾ നട്ടതല്ല. പ്രകൃതികൊണ്ടു വന്ന് നട്ടിട്ടുള്ളതാണ്.

ഞങ്ങൾ വെച്ച് പിടിപ്പിച്ച കണ്ടലിന് ഏകദേശം 30 വർഷത്തെ പ്രായമുണ്ട്. അന്ന് വിത്ത് കിട്ടിയപ്പോൾ ഇതേ പോലെ കണ്ടശ്ശാംകടവ്, ഏനാംമാവ്, പൊന്നാനി എന്നിവിടങ്ങളിലൊക്കെ എത്തിയിട്ടുണ്ട്. പക്ഷേ, ചേറ്റുവയിലേതുപോലെ ഫോക്കസ് ചെയ്യാൻ സാധിച്ചില്ല. ചേറ്റുവയിൽ ഒരു തുരുത്തിൽ ഫോക്കസ് ചെയ്തു. മറ്റിടത്തൊക്കെ നീളത്തിൽ നടുകയാണ് ചെയ്തത്.

ഫാ. ജോസും ഫാ. ജേക്കഭും കണ്ടല്‍ വച്ച് തുടങ്ങിയ കാലത്ത്
ഫാ. ജോസും ഫാ. ജേക്കഭും കണ്ടല്‍ വച്ച് തുടങ്ങിയ കാലത്ത്

നടുമ്പോഴുണ്ടായ പ്രതിബന്ധം

നിറയെ മുള്ളുള്ള വയൽചുള്ളി എന്ന ചെടി ഈ പത്തേക്കർ സ്ഥലത്ത് വളരെ സമൃദ്ധമായി ഉണ്ടായിരുന്നു. ആ പ്രദേശങ്ങളിലൊക്കെ ഞങ്ങൾ വിത്ത് എറിഞ്ഞ് പിടിപ്പിക്കുകയാണ് ഉണ്ടായത്. ഇപ്പോ കണ്ടൽ വളർന്ന് തണൽ വന്നപ്പോൾ ഈ ചെടി വളരെ കുറഞ്ഞു.

ഇപ്പോഴത്തെ ചേറ്റുവയിലെ കണ്ടൽകാട്

ഇപ്പോ ചേറ്റുവയിൽ സുന്ദരമായ ഒരു പക്ഷിസങ്കേതമാണ് ഈ കണ്ടൽകാട്. തൃശൂരിൽ ഇത്രയ്ക്ക് സുന്ദരമായൊരു പക്ഷിസങ്കേതം വേറെ ഇല്ലെന്ന് വന്നവരൊക്കെ പറഞ്ഞ് കേൾക്കുമ്പോൾ സന്തോഷമുണ്ട്. ഇവിടെ ഇങ്ങനെ ഒരു പക്ഷി സങ്കേതം ആവുമെന്ന് ഞങ്ങളുടെ ഭാവനയിൽ ഇല്ലായിരുന്നു. വേറൊരു കാര്യം, പക്ഷികൾ വന്നപ്പോൾ പക്ഷികളെ സംരക്ഷിക്കലും ഞങ്ങളുടെ ഉത്തരവാദിത്വമായി. മുന്‍പ് ഞങ്ങളായാലും വിശ്വംഭരൻ ആയാലും കൂട്ടുകാരെ ഈ സ്ഥലം കാണിക്കാൻ കൊണ്ടുവരുമ്പോ മരം കയറും. മറ്റ് മരങ്ങളെപ്പോലെയല്ല, ഇതിന്റെ വേരിലൂടെയാണ് സഞ്ചാരം. അതിൽ കേറിനിന്ന് നോക്കുമ്പോൾ വേറൊരു ലോകത്ത് എത്തിപ്പെട്ടത് പോലെയാണ്. ഈ കാട്ടിനുള്ളിൽ മൈന, കാക്ക, കൊക്ക് എല്ലാം വളരെ സമൃദ്ധിയായി കാണപ്പെടാറുണ്ട്. അതേപോലെ ഓരോ സീസണിൽ വരുന്ന പലതരം പക്ഷികളേയും ഇവിടെ കാണാറുണ്ട്.

അതുകൊണ്ട് ഇപ്പോ പഴയതുപോലെ കൂട്ടുകാരോട് മരം കയറാൻ പറയാൻ പരിമിതിയായി. നമ്മൾ താഴെനിന്ന് മരം കയറുമ്പോഴേക്ക് മുകളിൽ കലാപം തുടങ്ങും. പക്ഷികളാകെ പരിഭ്രമിച്ചു പറക്കാൻ തുടങ്ങും. അതുകൊണ്ട് മരം കയറൽ ഇപ്പോൾ പ്രോത്സാഹിപ്പിക്കുന്നില്ല.

ഞങ്ങൾക്ക് ഇപ്പോൾ മരങ്ങൾ നട്ട മനുഷ്യൻ എന്ന പുസ്തകത്തിലെ ആളുടെ അവസ്ഥയാണ്. മരങ്ങൾ നട്ട മനുഷ്യൻ ചെറിയ ഒരു കഥാപുസ്തകമാണ്. കഥയിൽ, ജനവാസയോഗ്യമല്ലാത്ത നശിച്ച ഒരു സ്ഥലത്ത് ഒരാൾ ഒറ്റയ്ക്ക് വിത്തുകൾ ശേഖരിച്ചും മരങ്ങൾ നട്ടും ഒരു കാട് ഉണ്ടാക്കി. അയാൾ കാടൊക്കെ വെച്ചുപിടിപ്പിച്ച് ആ കാട്ടിൽ തന്നെയായിരുന്നു താമസം. അങ്ങനെ കാട് വളർന്നപ്പോൾ ഇത് ഫോറസ്റ്റുകാരുടെ ശ്രദ്ധയിൽ പെട്ടു. അങ്ങനെ അവർ വന്നുനോക്കിയപ്പോൾ കാടിനുള്ളിലൊരാൾ കിടക്കുന്നുണ്ട്. അങ്ങനെ അയാൾക്ക് ഫോറസ്റ്റ് ഉദ്യോഗസ്ഥർ താക്കീത് കൊടുക്കുന്ന രസകരമായ ഒരു പുസ്തകമാണത്. അതേപോലെ ഈ സ്ഥലത്തും ഫോറസ്റ്റിന്റെ കണ്ടൽകാട് സംരക്ഷിക്കൂവെന്ന ബോർഡ് വന്നുകഴിഞ്ഞു.

വർഷങ്ങൾക്കിപ്പുറം തൃശൂർ ജൂബിലി ഹോസ്പിറ്റലിലെ പ്രീസ്റ്റ് ഹോമിലിരുന്ന് ഇതെല്ലാം ഓർക്കുമ്പോൾ രണ്ട് പേരുടേയും മുഖത്തെ സന്തോഷം അത്രയേറെയാണ്. അഞ്ചാറുവർഷം പുറത്താക്കപ്പെട്ടതുകൊണ്ട് പ്രകൃതിക്കുവേണ്ടി ഇതെല്ലാം ചെയ്യാൻ കഴിഞ്ഞുവെന്ന് രണ്ട് പേരും ചിരിച്ചുകൊണ്ട് പറയുന്നു. ഒന്നുമല്ലാതിരുന്ന ഒരു തുരുത്ത് ഇന്ന് കാണുന്ന രൂപത്തിൽ കണ്ടൽ കാടായി മാറിയതിൽ ഈ രണ്ട് പുരോഹിതന്മാരും വളരെയേറെ സംതൃപ്തരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com