പോരാട്ട കേരളം

കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ചുവരെഴുത്ത്
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ചുവരെഴുത്ത് ഫയല്‍

മൂന്നാമതും മോദി സര്‍ക്കാര്‍ വരുമോ എന്ന ചോദ്യത്തിനു തെരഞ്ഞെടുപ്പില്‍ രാജ്യം നല്‍കാന്‍ പോകുന്ന ഉത്തരം എന്തുതന്നെയായാലും കേരളത്തിന്റെ ഊന്നല്‍ കേരളം സ്വന്തം നിലയില്‍ ചോദിക്കുന്ന ഒരു രാഷ്ട്രീയ ചോദ്യത്തിലാണ്. ബി.ജെ.പിക്ക് കേരളത്തില്‍നിന്ന് ഇത്തവണ ലോക്സഭാംഗം ഉണ്ടാകുമോ? കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളില്‍ ചോദിച്ച അതേ ചോദ്യമാണിത്. തിരുവനന്തപുരത്ത് ഒ. രാജഗോപാല്‍ വിജയത്തിന്റെ വക്കുവരെ എത്തുകയും ചെയ്തു. 20-ല്‍ 20 സീറ്റുകളും യു.ഡി.എഫും എല്‍.ഡി.എഫും വീതിച്ചെടുക്കുന്ന രീതി തന്നെയാണ് തുടരുന്നത്. ഇത്തവണ മുന്‍ തെരഞ്ഞെടുപ്പുകളേക്കാള്‍ കൂടുതല്‍ പ്രാധാന്യവും പ്രതീക്ഷയും ബി.ജെ.പിക്കു കേരളത്തിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടര്‍ച്ചയായ സന്ദര്‍ശനങ്ങളാണ് ആ പ്രാധാന്യത്തിന്റെ മറയില്ലാത്ത സൂചന. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുന്‍പ് അദ്ദേഹം രണ്ടു മാസത്തിനിടയില്‍ നാലു തവണ വന്നുപോയി. കേരളത്തില്‍ ബി.ജെ.പി ഇത്തവണ രണ്ടക്കം കടക്കും എന്നു മൂന്നാമത്തെ വരവില്‍ അദ്ദേഹം നടത്തിയ പ്രഖ്യാപനമാണ് അവരുടെ പ്രതീക്ഷയിലേയ്ക്ക് ചൂണ്ടുന്ന ഏറ്റ ശക്തമായ വിരല്‍. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണ് എന്നതും എത്ര ശ്രമിച്ചിട്ടും കേരളം അവര്‍ക്കു മുന്നില്‍ വാതില്‍ അടച്ചുതന്നെ വയ്ക്കുന്നു എന്നതും ഇത്തവണത്തെ അധിക പ്രതീക്ഷയും ചേരുമ്പോഴാണ് ചര്‍ച്ചകളില്‍ ബി.ജെ.പിക്കും തുല്യ പ്രാധാന്യം കിട്ടുന്നത്.

ബി.ജെ.പിയെ ജയിപ്പിക്കാന്‍ എല്‍.ഡി.എഫോ യു.ഡി.എഫോ അവരുമായി രഹസ്യ ധാരണകളെന്തെങ്കിലും ഉണ്ടാക്കിയതായി കൃത്യമായ ആരോപണങ്ങളില്ല. പക്ഷേ, കോണ്‍ഗ്രസ്സിനെ ജയിപ്പിക്കാന്‍ രണ്ടിടത്ത് ബി.ജെ.പി ശ്രമിക്കും എന്ന സി.പി.എമ്മിന്റെ ആരോപണം സജീവ ചര്‍ച്ചയായി. ആലപ്പുഴയില്‍ കെ.സി. വേണുഗോപാല്‍ ജയിച്ചാല്‍ ഒഴിവു വരുന്ന രാജസ്ഥാനിലെ രാജ്യസഭാ സീറ്റ്; വടകരയില്‍ ഷാഫി പറമ്പില്‍ ജയിച്ചാല്‍ ഒഴിവുവരുന്ന പാലക്കാട് നിയമസഭാ സീറ്റ് എന്നിവിടങ്ങളില്‍ ബി.ജെ.പി കണ്ണു വയ്ക്കുന്നു എന്ന് കാര്യകാരണ സഹിതം പറയാന്‍ സി.പി.എമ്മിനു കഴിഞ്ഞു. പ്രചാരണരംഗത്തെ ആദ്യ റൗണ്ട് മേല്‍ക്കൈ എന്നു പറയാവുന്ന സാമര്‍ത്ഥ്യം അവര്‍ ഇതില്‍ കാണിക്കുകയും ചെയ്തു. ഇങ്ങനെയാണ് ധാരണയെക്കുറിച്ചുള്ള ആരോപണത്തിലെ വിശദാംശങ്ങള്‍: '2020 ജൂണില്‍ ആണ് കെ.സി. വേണുഗോപാല്‍ രാജസ്ഥാനില്‍നിന്നു രാജ്യസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്; 2026 ജൂണ്‍ വരെ കാലാവധി ഉണ്ട്. ആലപ്പുഴയില്‍ ജയിച്ചാല്‍ രാജ്യസഭാംഗത്വം രാജിവെയ്ക്കണം. അങ്ങനെ രാജിവെച്ചാല്‍ രാജസ്ഥാനിലെ എം.എല്‍.എമാര്‍ പുതിയൊരു രാജ്യസഭാംഗത്തെ തെരഞ്ഞെടുക്കണം. നിലവില്‍ 115 എം.എല്‍.എമാരാണ് ബി.ജെ.പിക്ക് രാജസ്ഥാനില്‍ ഉള്ളത്; കോണ്‍ഗ്രസ്സിന് 69. സ്വാഭാവികമായും വേണുഗോപാല്‍ ഒഴിയുന്ന രാജ്യസഭാ സീറ്റ് ബി.ജെ.പിക്കു ലഭിക്കും.

നിലവില്‍ നാല് സീറ്റ് കൂടി ലഭിച്ചാല്‍ എന്‍.ഡി.എയ്ക്ക് രാജ്യസഭയില്‍ തനിച്ച് ഭൂരിപക്ഷം ലഭിക്കും. ഈ പുതിയ സീറ്റ് അതിലേക്ക് മുതല്‍ക്കൂട്ടാകും. കഴിഞ്ഞ തവണ ആലപ്പുഴയില്‍ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.എസ്. രാധാകൃഷ്ണന്‍ 187729 വോട്ടുകള്‍ നേടിയിരുന്നു. ഇത്തവണ ബി.ജെ.പിയുടെ കൂടി സഹായത്തോടെ എല്‍.ഡി.എഫിനെ തോല്‍പ്പിക്കുകയും രാജ്യസഭാ സീറ്റ് എണ്ണം വര്‍ദ്ധിപ്പിക്കുകയുമാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം.''

ഇനി വടകര: ''കേരളത്തില്‍ 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മില്‍ നേര്‍ക്കു നേര്‍ക്കുനേര്‍ മത്സരം നടന്ന ഒരേ ഒരു മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ പരീക്ഷണ ഭൂമികയായിരുന്നു നേമവും പാലക്കാടും. നേമത്ത് ഒ. രാജഗോപാലിനെ സി.പി.എമ്മിലെ വി. ശിവന്‍കുട്ടി തോല്‍പ്പിച്ചു. പാലക്കാട്ട് ത്രികോണ മത്സരത്തില്‍ കേവലം 3859 വോട്ടിനാണ് ഷാഫി പറമ്പില്‍ ഇ. ശ്രീധരനോട് ജയിച്ചത്. ബി.ജെ.പി ജയിക്കാതിരിക്കാന്‍ എല്‍.ഡി.എഫിലേക്ക് പോകേണ്ടിയിരുന്ന കുറച്ചു മതനിരപേക്ഷ വോട്ടുകള്‍ കൂടി ഷാഫിക്കു ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഇ. ശ്രീധരനു മുന്നില്‍ ഷാഫി തോല്‍ക്കുമായിരുന്നു. ഷാഫി പറമ്പിലിനെ വടകരയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെ ഒരു കാര്യം വ്യക്തമായിക്കഴിഞ്ഞു. പാലക്കാട് നിയമസഭാ സീറ്റ് എന്നന്നേയ്ക്കുമായി ബി.ജെ.പിക്ക് ബലി നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നു. വടകരയിലെ ബി.ജെ.പി വോട്ട് ഷാഫിക്കു ലഭിച്ചാല്‍ ഷാഫി ജയിക്കും. യാതൊരു വിജയപ്രതീക്ഷയും ഇല്ലാത്ത വടകരയില്‍ തോറ്റാല്‍ ബി.ജെ.പിക്ക് എന്തു ചേതം? പകരം 3859 വോട്ടുകള്‍ക്കു മാത്രം കഴിഞ്ഞ തവണ ബി.ജെ.പി തോറ്റ പാലക്കാട്ട് ഉപതെരഞ്ഞെടുപ്പ് നടക്കും. നേമത്ത് പൂട്ടിയ അക്കൗണ്ട് പാലക്കാട് വഴി തുറന്ന് നിയമസഭയില്‍ എത്താമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.''

ഈ രണ്ടു മണ്ഡലങ്ങളിലെ ധാരണയെ ക്കുറിച്ച് ആക്ഷേപം ഉന്നയിച്ച് കോണ്‍ഗ്രസ്സിനേയും ബി.ജെ.പിയേയും പ്രതിരോധത്തിലാക്കാനാണ് സി.പി.എം ശ്രമിച്ചത്. പക്ഷേ, ലോക്സഭാ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് കേന്ദ്രത്തില്‍ അധികാരത്തിലെത്തുകയാണ് ലക്ഷ്യമെന്ന് കെ.സി. വേണുഗോപാല്‍ ഇതിനോടു പ്രതികരിച്ചു. വടകരയില്‍ ഷാഫി പറമ്പില്‍ കെ.കെ. ശൈലജയെ തോല്‍പ്പിക്കുമെന്നു നിങ്ങള്‍ക്കുതന്നെ ഉറപ്പായോ എന്ന ചോദ്യം കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍ വ്യാപകമായി ഉയര്‍ത്തുകയും ചെയ്തു.

സമകാലിക മലയാളം വാരിക
സമകാലിക മലയാളം വാരിക cover photo

മണ്ഡലങ്ങള്‍,

സ്ഥാനാര്‍ത്ഥികള്‍

2019-ലെ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകളിലും ജയിച്ച യു.ഡി.എഫ് ഇത്തവണയും അതേ പ്രതീക്ഷയിലല്ല. പുറമേ ഇരുപതും കിട്ടുമെന്നു പറയുന്നുണ്ടെങ്കിലും 2019-ലെ ജയത്തിനു ശേഷമുണ്ടായ നിരവധി സാമൂഹിക, രാഷ്ട്രീയ ചലനങ്ങള്‍ അകമേ അവരുടെ പരിഗണനയിലുണ്ട്. അതില്‍ ഒന്നാമത്തേത് ബി.ജെ.പി ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തും എന്ന ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ചും മുസ്ലിങ്ങളുടെ പ്രതീക്ഷയ്‌ക്കേറ്റ തിരിച്ചടിയായിരുന്നു. ഇടതുപക്ഷത്തിനു വലിയ തോല്‍വി നല്‍കി പകരം പാര്‍ലമെന്റിലേക്ക് അയച്ചവര്‍ അവിടെ പ്രതീക്ഷയ്‌ക്കൊത്തവിധം ഉയര്‍ന്നു പ്രവര്‍ത്തിച്ചില്ല എന്ന നിരാശയും ബാക്കിയായി. ഇതു വലിയ പ്രചാരണമാക്കി മാറ്റാന്‍ ഇടതുപക്ഷത്തിനു സാധിച്ചു എന്നത് പ്രധാനമാണ്. കേരളത്തില്‍നിന്നു ജയിച്ച ഒരേയൊരു എല്‍.ഡി.എഫ് ലോക്സഭാംഗം എ.എം. ആരിഫും രാജ്യസഭാംഗങ്ങളായി ഈ കാലയളവിനിടെ പ്രവര്‍ത്തിച്ച കെ.കെ. രാഗേഷ്, എളമരം, കരീം, കെ.കെ. സോമപ്രസാദ്, വി. ശിവദാസ്, ബിനോയ് വിശ്വം, എ.എ. റഹീം, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവരും കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കും ജനവിരുദ്ധമെന്നു വിമര്‍ശനമുയര്‍ന്ന നിയമനിര്‍മ്മാണങ്ങള്‍ക്കും സംഘപരിവാറിന്റെ വര്‍ഗ്ഗീയ, രാഷ്ട്രീയ അജന്‍ഡയ്ക്കുമെതിരെ പാര്‍ലമെന്റിലും പുറത്തും നിറഞ്ഞുനിന്നു പ്രവര്‍ത്തിച്ചു. അതിന്റെ കണക്കുകളും ദൃശ്യങ്ങളും വാര്‍ത്തകളുമായിത്തന്നെയാകും തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് ഇറങ്ങുക. മാത്രമല്ല, കേരളത്തെ സാമ്പത്തികമായി രൂക്ഷ പ്രതിസന്ധിയിലാക്കുന്നവിധം കേന്ദ്രം പ്രവര്‍ത്തിക്കുന്നു എന്നു വ്യക്തമായിട്ടും അതിനെതിരെ ഒരു വാക്കും മിണ്ടാന്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ക്കു കഴിഞ്ഞില്ല. ആകെക്കൂടി തൃശൂര്‍ എം.പി ടി.എന്‍. പ്രതാപന്‍ മാത്രമാണ് ഒരു വട്ടം പാര്‍ലമെന്റില്‍ കേരളത്തിനുവേണ്ടി സംസാരിച്ചത്. പ്രതാപന് ഇത്തവണ അപ്രതീക്ഷിതമായി സീറ്റും നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തിലെ ഭരണപക്ഷമൊന്നടങ്കം ഡല്‍ഹിയില്‍ സമരം ചെയ്തത് കേരളത്തിനോടുള്ള കേന്ദ്രത്തിന്റെ 'സാമ്പത്തിക ഉപരോധ'ത്തിനെതിരെ ആയിരുന്നു. അതില്‍ യു.ഡി.എഫ് എം.പിമാര്‍ പങ്കെടുത്തില്ല. രാഹുല്‍ ഗാന്ധി അടക്കമുള്ള കേരളത്തിലെ യു.ഡി.എഫ് എം.പിമാരുടെ ഈ വിഷയത്തിലെ മൗനത്തെക്കുറിച്ച് തെരഞ്ഞെടുപ്പു രംഗത്ത് ചോദ്യം ഉയരുക സ്വാഭാവികം.

ശശി തരൂര്‍ (തിരുവനന്തപുരം), അടൂര്‍ പ്രകാശ് (ആറ്റിങ്ങല്‍), എന്‍.കെ. പ്രേമചന്ദ്രന്‍ (കൊല്ലം), എ.എം. ആരിഫ് (ആലപ്പുഴ), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), തോമസ് ചാഴികാടന്‍ (കോട്ടയം), ആന്റോ ആന്റണി (പത്തനംതിട്ട), ഡീന്‍ കുര്യാക്കോസ് (ഇടുക്കി), ഹൈബി ഈഡന്‍ (എറണാകുളം), ബെന്നി ബഹനാന്‍ (ചാലക്കുടി), ടി.എന്‍. പ്രതാപന്‍ (തൃശൂര്‍), വി.കെ. ശ്രീകണ്ഠന്‍ (പാലക്കാട്), അബ്ദുസ്സമദ് സമദാനി (മലപ്പുറം), ഇ.ടി. മുഹമ്മദ് ബഷീര്‍ (പൊന്നാനി), രമ്യാ ഹരിദാസ് (ആലത്തൂര്‍), എം.കെ. രാഘവന്‍ (കോഴിക്കോട്), രാഹുല്‍ ഗാന്ധി (വയനാട്), കെ. മുരളീധരന്‍ (വടകര), കെ. സുധാകരന്‍ (കണ്ണൂര്‍), രാജ്മോഹന്‍ ഉണ്ണിത്താന്‍ (കാസര്‍കോട്) എന്നിവരാണ് നിലവില്‍ കേരളത്തില്‍നിന്നുള്ള ലോക്സഭാംഗങ്ങള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവരോട് മത്സരിച്ചു തോറ്റവരും ഇവരില്‍ ചിലരും ഇപ്പോള്‍ എവിടെ എന്നു നോക്കുന്നത് ഈ തെരഞ്ഞെടുപ്പുരംഗത്ത് കൗതുകമുള്ള കാര്യമാണ്.

ശശി തരൂരും രാജീവ് ചന്ദ്രശേഖരനും പന്ന്യന്‍ രവീന്ദ്രനും
ശശി തരൂരും രാജീവ് ചന്ദ്രശേഖരനും പന്ന്യന്‍ രവീന്ദ്രനും pti photo

തരൂരും പന്ന്യനും ഇടയില്‍ സംഭവിക്കുന്നതെന്ത്?

തിരുവനന്തപുരത്തു മത്സരിച്ചു തോറ്റ മുന്‍ സംസ്ഥാന ഭക്ഷ്യമന്ത്രിയും സി.പി.ഐ നേതാവുമായ സി. ദിവാകരന്‍ മത്സരിക്കുന്നില്ല; ഇപ്പോള്‍ പൊതുവെ നിശ്ശബ്ദനുമാണ്. 2019-ല്‍ തിരുവനന്തപുരത്ത് രണ്ടാംസ്ഥാനത്തെത്തിയ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ ഇത്തവണ മത്സരിക്കുന്നില്ല. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചാണ് കുമ്മനം ലോക്സഭയിലേക്ക് മത്സരിച്ചത്. ശശി തരൂര്‍ തന്നെയാണ് നാലാം തവണയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രന്‍ എല്‍.ഡി.എഫില്‍നിന്നും കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പിയില്‍നിന്നും മത്സരിക്കുന്നു. പി.കെ. വാസുദേവന്‍ നായരുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലാണ് 2005-ല്‍ പന്ന്യന്‍ മത്സരിച്ചു ജയിച്ചത്. എ.കെ. ആന്റണിക്കും യു.ഡി.എഫ് സര്‍ക്കാരിനുമെതിരെ കെ. കരുണാകരന്റേയും കോണ്‍ഗ്രസ് വിട്ട് അദ്ദേഹം രൂപീകരിച്ച ഡി.ഐ.സി(കെ)യുടേയും സമ്പൂര്‍ണ്ണ പിന്തുണ എല്‍.ഡി.എഫിനു കിട്ടിയ അന്നത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോള്‍. വിജയാഹ്ലാദം പങ്കുവയ്ക്കാന്‍ കെ. കരുണാകരന്റെ വീട്ടിലെത്തിയ പന്ന്യനെ ലഡു നല്‍കി കരുണാകരന്‍ സ്വീകരിച്ചതും അടുപ്പില്‍ തയ്യാറായിക്കൊണ്ടിരുന്ന പായസം ഇളക്കി പന്ന്യന്‍ മാധ്യമ ക്യാമറകള്‍ക്കു പോസ് ചെയ്തതും ആ തെരഞ്ഞെടുപ്പു ചിത്രങ്ങളിലുണ്ട്. പക്ഷേ, തൊട്ടടുത്ത ദിവസങ്ങളില്‍ത്തന്നെ, ഡി.ഐ.സി(കെ)യെ എല്‍.ഡി.എഫില്‍ എടുക്കുന്നതിനെ സി.പി.ഐ ശക്തമായി എതിര്‍ത്തു. അന്നത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ കെ. കരുണാകരനേയും ഡി.ഐ.സിയേയും കുറിച്ചു മാധ്യമങ്ങളോട് പറഞ്ഞത്, 'തൊട്ടാല്‍ കുളിക്കണം' എന്നാണ്. പിന്നീടൊരിക്കലും തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍.ഡി.എഫ് ജയിച്ചിട്ടില്ല. വീണ്ടുമൊരിക്കല്‍ക്കൂടി പന്ന്യന്‍ രവീന്ദ്രനിലൂടെ സി.പി.ഐ ജയിക്കാന്‍ ശ്രമിക്കുമ്പോള്‍ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബി.ജെ.പിയുടെ പ്രചാരകയായി വരുന്നുണ്ട്; 2005 ഓര്‍മ്മിപ്പിക്കാന്‍. അതേസമയം, 2009-ലെ ആദ്യ മത്സരത്തില്‍ ഡി.സി.സിയുടേയും കെ.പി.സി.സിയുടെ തന്നെയും മനസ്സും ശരീരവും കൂടെയില്ലാതിരുന്ന ശശി തരൂര്‍ അന്നും പിന്നീട് മൂന്നു തവണയും ജയിച്ചു കയറിയത് ഹൈക്കമാന്റിന്റെ പിന്തുണ ഉറപ്പാക്കിയാണ്. 2009-ല്‍ തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഡി.സി.സി, കെ.പി.സി.സി ഓഫീസുകള്‍ക്കു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. എന്നാല്‍, കേന്ദ്രമന്ത്രിയും കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവിയെ സോണിയ ഗാന്ധി തിരുവനന്തപുരത്തെ പാര്‍ട്ടിയെ അനുനയിപ്പിക്കാന്‍ നിയോഗിച്ചു. കാര്യങ്ങളില്‍ മാറ്റം വരികയും തരൂര്‍ ജയിക്കുകയും ചെയ്തു. ഇന്നിപ്പോള്‍, രാമക്ഷേത്ര പ്രശ്‌നത്തില്‍ സ്വീകരിച്ച മൃദുഹിന്ദുത്വ സമീപനവും പലസ്തീന്‍ വിഷയത്തിലെ ഇസ്രയേല്‍ അനുകൂല നിലപാടും തരൂരിനെ ബാധിക്കുന്ന വിഷയങ്ങളായി ഉണ്ട്. അതിലെ ന്യൂനപക്ഷ രോഷം ഭൂരിപക്ഷ സമുദായ പിന്തുണകൊണ്ട് മറികടക്കാമെന്ന തരൂര്‍ പ്രതീക്ഷയ്ക്ക് ബദലായാണ് രാജീവ് ചന്ദ്രശേഖറിന്റെ വരവ്.

അടൂര്‍ പ്രകാശ്, വി.മുരളീധരന്‍, വി.ജോയി
അടൂര്‍ പ്രകാശ്, വി.മുരളീധരന്‍, വി.ജോയി -facebook

ജില്ലാ സെക്രട്ടറിയും കേന്ദ്രമന്ത്രിയും

അടൂര്‍ പ്രകാശും

മത്സരിക്കുന്നെങ്കില്‍ ആറ്റിങ്ങലില്‍ എന്ന ഉറച്ച നിലപാട് മാസങ്ങള്‍ക്കു മുന്‍പേ സഹപ്രവര്‍ത്തകരെ അറിയിച്ച് മണ്ഡലത്തില്‍ സ്ഥിരം സാന്നിധ്യമായ ഒരാളുണ്ട്; കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. സിറ്റിംഗ് എം.പി അടൂര്‍ പ്രകാശും സി.പി.എം ജില്ലാ സെക്രട്ടറിയും വര്‍ക്കല എം.എല്‍.എയുമായ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. ജോയിയും പിന്നീടാണ് വന്നത്. മുരളീധരന്റെ ആറ്റിങ്ങല്‍ ആകര്‍ഷണത്തിന് എന്താണ് കാരണം? 2014-ല്‍ ആറ്റിങ്ങലില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്ന എസ്. ഗിരിജാ കുമാരി 90528 വോട്ടാണ് നേടിയത്. അന്ന് സമ്പത്തിനെതിരെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ 323100 വോട്ടു പിടിച്ചു. അടൂര്‍ പ്രകാശ് അത് 380995 ആയി ഉയര്‍ത്തി. വ്യത്യാസം 57895. എന്നാല്‍, ഗിരിജാകുമാരിയില്‍നിന്നു ശോഭാ സുരേന്ദ്രനിലേക്കു വന്നപ്പോള്‍ കിട്ടിയ വോട്ടുകളുടെ എണ്ണം 248081. വ്യത്യാസം 157553. അവരുടെ പ്രകടനത്തിന്റെ തുടര്‍ച്ച വിജയമായി തനിക്കു കിട്ടുമെന്ന് മുരളീധരന്‍ പ്രതീക്ഷിക്കുന്നു. 2014-ല്‍ ബി.ജെ.പിയുടെ എ,ബി,സി കാറ്റഗറികളിലൊന്നും പെടാത്ത മണ്ഡലമായിരുന്ന ആറ്റിങ്ങല്‍ ഇപ്പോള്‍ എ പ്ലസ് ആണ് എന്ന കൗതുകവുമുണ്ട്. ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റായി ആറ്റിങ്ങലിനെ മാറ്റിയ എ. സമ്പത്തു തന്നെയാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസ്സിലെ അടൂര്‍ പ്രകാശിനോട് തോറ്റത്. മുന്‍ കോന്നി എം.എല്‍.എയും ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു അടൂര്‍ പ്രകാശ്. ഇത്തവണ അടൂര്‍ പ്രകാശും വി. മുരളീധരനും മണ്ഡലം നിലനിര്‍ത്താനും പിടിക്കാനും നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്‍.ഡി.എഫിന്റെ ഒത്ത മറുപടിയാണ് വി. ജോയി എന്ന് സി.പി.എം അവകാശപ്പെടുന്നു. എം.എല്‍.എയെ ഇറക്കി ജയം ഉറപ്പാക്കുമ്പോള്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങും. അതുകൂടി കണക്കിലെടുക്കുന്നുണ്ട് സി.പി.എം. ഉപതെരഞ്ഞെടുപ്പു വിജയം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിധിയെഴുത്ത് ആകുമെന്നുറപ്പ്. വര്‍ക്കല നഷ്ടപ്പെടില്ല എന്നാണ് അതിനു സി.പി.എമ്മിന്റെ മറുപടി. കഴിഞ്ഞ തവണ തോറ്റ ശേഷം എ. സമ്പത്ത് ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായും പിന്നീട് മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയില്‍ മത്സരിക്കുന്നു.

മുകേഷും എം.കെ പ്രേമചന്ദ്രനും
മുകേഷും എം.കെ പ്രേമചന്ദ്രനും -facebook

കൊല്ലത്ത് ആരുടെ പ്രേമലു

കൊല്ലത്തും നിയമസഭാംഗത്തെയാണ് സിറ്റിംഗ് എം.പിയെ വീഴ്ത്താന്‍ എല്‍.ഡി.എഫ് മത്സരിപ്പിക്കുന്നത്. കൊല്ലം എം.എല്‍.എ എം. മുകേഷ്. യു.ഡി.എഫില്‍ പോയതു മുതല്‍ എല്‍.ഡി.എഫിന്റെ, പ്രത്യേകിച്ച് സി.പി.എമ്മിന്റെ വലിയ രാഷ്ട്രീയ ശത്രുവായി മാറിയ എന്‍.കെ. പ്രേമചന്ദ്രന്‍ വി.എസ്. സര്‍ക്കാരിലെ മന്ത്രി ആയിരുന്നു എന്നതും ഇടതുപക്ഷത്തിന്റെ നാവായിരുന്നു എന്നതുമൊന്നും രണ്ടുപക്ഷത്തിന്റേയും പരിഗണനകളില്‍ ഇപ്പോഴില്ല. കൊല്ലം സി.പി.എം എടുത്ത് പത്തനംതിട്ട ആര്‍.എസ്.പിക്ക് കൊടുക്കാന്‍ 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം തീരുമാനിച്ചതും അതില്‍ പ്രതിഷേധിച്ച് ആര്‍.എസ്.പി രായ്ക്കുരായ്മാനം യു.ഡി.എഫിന്റെ ഭാഗമായതും ചരിത്രം. 2014-ലും 2019-ലും പ്രേമചന്ദ്രന്‍ കൊല്ലത്തുനിന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ചു. കഴിഞ്ഞ തവണ സി.പി.എമ്മിലെ കെ.എന്‍. ബാലഗോപാലിനെ 1,48,869 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. അതിനു മുന്‍പ് എല്‍.ഡി.എഫിലായിരിക്കെ 1996-ലും 1998-ലും പ്രേമചന്ദ്രന്‍ കൊല്ലത്തുനിന്ന് എം.പിയായിട്ടുണ്ട്. സംഘടനാപരമായി വളരെച്ചെറിയ പാര്‍ട്ടിയായ ആര്‍.എസ്.പിയുടെ മാത്രം കരുത്തിലല്ല, അപ്പുറത്തും ഇപ്പുറത്തുമുള്ള നിരവധിയാളുകളുടെ വോട്ടിലാണ് പ്രേമചന്ദ്രന്‍ ജയിക്കുന്നത്. ബാബ്‌റി മസ്ജിദ് വിഷയത്തിലുള്‍പ്പെടെ സ്വീകരിച്ച ശക്തമായ മതേതര പക്ഷ നിലപാട്, മുസ്ലിം സംഘടനകളുമായും നേതാക്കളുമായുമുള്ള മികച്ച ബന്ധം എന്നിവയൊക്കെ കൊല്ലത്തെ തുടര്‍ വിജയത്തില്‍ അദ്ദേഹത്തെ സഹായിച്ച ഘടകങ്ങളായി എണ്ണപ്പെടുന്നവയാണ്. പക്ഷേ, ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് ഒപ്പം ഭക്ഷണം കഴിക്കാന്‍ പോയത് പ്രേമചന്ദ്രനു വിനയായി മാറിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വിരുന്നിനാണ് ബി.ജെ.പിയുടെ വിരുന്നിനല്ല പോയതെന്നും പ്രധാനമന്ത്രി വിളിച്ചാല്‍ പോകാതെങ്ങനെ എന്നുമുള്ള ചോദ്യങ്ങള്‍ പ്രേമചന്ദ്രന്‍ ഉന്നയിക്കുന്നുണ്ട്. പക്ഷേ, ബി.ജെ.പി സംഘപരിവാര്‍ സംഘടനയല്ല എന്നുകൂടി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് കൂടുതല്‍ കുരുക്കായിടത്താണ് നില്‍പ്പ്. ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച 12 നിയോജകമണ്ഡലങ്ങളില്‍ കൊല്ലം ഇല്ല. അത് പലതരം അഭ്യൂഹങ്ങള്‍ക്കു വഴിവച്ചെങ്കിലും മുതിര്‍ന്ന നേതാക്കളിലൊരാള്‍ തന്നെ അവിടെ സ്ഥാനാര്‍ത്ഥിയാകും എന്നാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ പറയുന്നത്. കുമ്മനം രാജശേഖരന്റെ പേരാണ് ഏറ്റവുമധികം കേള്‍ക്കുന്നത്. കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.വി. സാബു 1,03,339 വോട്ടുകള്‍ നേടിയിരുന്നു.

പിന്നീട് 2021-ല്‍ കൊട്ടാരക്കരയില്‍നിന്നു വിജയിച്ച കെ.എന്‍. ബാലഗോപാല്‍ ഇപ്പോള്‍ സംസ്ഥാന ധനമന്ത്രി. 2014-ല്‍ പ്രേമചന്ദ്രനോട് തോറ്റത് സി.പി.എം പി.ബി അംഗം എം.എ. ബേബി.

മുകേഷിനു ബലം എല്‍.ഡി.എഫിന്റെ സംഘടനാശേഷിയും പ്രേമചന്ദ്രനെ തോല്‍പ്പിക്കാനുള്ള വീറും വാശിയും തന്നെയാണ്. ബാലഗോപാലിനും ബേബിക്കും സാധിക്കാത്തത് മുകേഷിനു കഴിയുമോ എന്ന് കേരളം താല്‍പ്പര്യത്തോടെ നോക്കുന്നു.ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥി ചലച്ചിത്ര നടന്‍ കൃഷ്ണകുമാറാണ്‌

അരുണ്‍കുമാറും കൊടിക്കുന്നേല്‍ സുരേഷും
അരുണ്‍കുമാറും കൊടിക്കുന്നേല്‍ സുരേഷും facebook

മാവേലിക്കര മാറുമോ?

സി.പി.ഐയുടെ യുവസ്ഥാനാര്‍ത്ഥി സി.എ. അരുണ്‍കുമാര്‍ സിറ്റിംഗ് എം.പി കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാവ് കൊടിക്കുന്നിലിനോട് മത്സരിക്കുന്ന മാവേലിക്കര എസ്.സി സംവരണ മണ്ഡലമാണ്. 2019-ല്‍ ചിറ്റയം ഗോപകുമാറിനെ തോല്‍പ്പിച്ചത് 61,138 വോട്ടുകള്‍ക്കാണ്. അടൂര്‍ എം.എല്‍.എ ആയി 2021-ല്‍ മൂന്നാം തവണ തെരഞ്ഞെടുക്കപ്പെട്ട ചിറ്റയം ഗോപകുമാര്‍ ഇപ്പോള്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍. ബി.ഡി.ജെ.എസ്സിന്റെ തഴവ സഹദേവന്‍ 1,33,546 വോട്ടുകളാണ് കഴിഞ്ഞ തവണ മാവേലിക്കരയില്‍ നേടിയത്. കലാശാല ബൈജുവാണ് ഇത്തവണ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥി. 2014-ല്‍ ബി.ജെ.പിയുടെ പി. സുധീറിനു കിട്ടിയത് 79,743. ആ തെരഞ്ഞെടുപ്പില്‍ ചെങ്ങറ സുരേന്ദ്രനായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. കൊടിക്കുന്നിലിന്റെ ഭൂരിപക്ഷം 32,737.

കെ.സി  വേണുഗോപാല്‍, എ.എം ആരിഫ്, ശോഭാസുരേന്ദ്രന്‍
കെ.സി വേണുഗോപാല്‍, എ.എം ആരിഫ്, ശോഭാസുരേന്ദ്രന്‍ -facebook

അതിജീവിച്ച ആലപ്പുഴ

ആലപ്പുഴയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് തരംഗത്തെ എല്‍.ഡി.എഫ് അതിജീവിച്ച ഒരേ ഒരു മണ്ഡലം. സി.പി.എമ്മിലെ എ.എം. ആരിഫ് കോണ്‍ഗ്രസ്സിലെ ഷാനിമോള്‍ ഉസ്മാനോട് ജയിച്ചത് 10,474 വോട്ടുകള്‍ക്കു മാത്രമാണ്. 2014-ല്‍ കെ.സി. വേണുഗോപാല്‍ 19,407 വോട്ടുകള്‍ക്ക് സി.പി.എമ്മിലെ സി.ബി. ചന്ദ്രബാബുവിനെ തോല്‍പ്പിച്ച മണ്ഡലത്തിലാണ് പതിനായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് ഷാനിമോള്‍ തോറ്റത്. ഇത് കോണ്‍ഗ്രസ്സിനുള്ളില്‍ അന്നുമിന്നും പുകയുന്നുണ്ട്. ഇത്തവണ വേണുഗോപാല്‍ വന്നില്ലെങ്കില്‍ പരിഗണിക്കപ്പെട്ട പേരുകളില്‍ ഷാനിമോള്‍ ഉണ്ടായിരുന്നുമില്ല. 2019-ലെ അരൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ഷാനിമോള്‍ക്ക് 2021-ല്‍ മണ്ഡലം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.

2019-ലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.എസ്. രാധാകൃഷ്ണന്‍ യു.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്ത് കാലടി സര്‍വ്വകലാശാല വി.സിയും മുന്‍ പി.എസ്.സി ചെയര്‍മാനുമായിരുന്നു. അദ്ദേഹത്തിന് 1,87,729 വോട്ടുകള്‍ നേടാന്‍ കഴിഞ്ഞു. ഇത്തവണ ശോഭാ സുരേന്ദ്രന് രാധാകൃഷ്ണനേക്കാള്‍ വോട്ടു നേടാന്‍ കഴിയുമെന്നും ത്രികോണ മത്സരപ്രതീതി ഉണ്ടാക്കാന്‍ കഴിയുമെന്നുമുള്ള വിലയിരുത്തലുകളുണ്ട്

ആന്റോ ആന്റണി, ഡോ. തോമസ് ഐസക്ക്, അനില്‍ ആന്റണി
ആന്റോ ആന്റണി, ഡോ. തോമസ് ഐസക്ക്, അനില്‍ ആന്റണി -facebook

ഏത് ആന്റണി? അതോ ഐസക്കോ?

പത്തനംതിട്ടയില്‍ യു.ഡി.എഫ് എം.പി ആന്റോ ആന്റണിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ടി.എം. തോമസ് ഐസക്കും തമ്മിലാണ് മത്സരം. എ.കെ. ആന്റണിയുടെ മകനും ബി.ജെ.പി ദേശീയ സെക്രട്ടറിയുമായ അനില്‍ ആന്റണിയുമുണ്ട്. ശ്രദ്ധേയമാണ് മത്സരം. ആന്റോ ആന്റണിക്ക് ഇത് നാലാം മത്സരം. തോമസ് ഐസക്ക് വി.എസ്., പിണറായി സര്‍ക്കാരുകളില്‍ കഴിവു തെളിയിച്ച ധനമന്ത്രി, അനില്‍ ആന്റണിക്ക് എ.കെ. ആന്റണിയുടെ ലെഗസി. കഴിഞ്ഞ തവണ ആന്റോ ആന്റണി വീണാ ജോര്‍ജ്ജിനോട് ജയിച്ചത് 44,243 വോട്ടുകള്‍ക്കാണ്. മൂന്നാം സ്ഥാനത്തെത്തിയ ബി.ജെ.പിയിലെ കെ. സുരേന്ദ്രന്‍ 2,97,396 വോട്ട് പിടിച്ചു. പത്തനംതിട്ട ലോക്സഭാ നിയോജകമണ്ഡലത്തില്‍പ്പെട്ട ആറന്മുള നിയമസഭാ നിയോജകമണ്ഡലത്തിലെ എം.എല്‍.എ ആയിരിക്കെയാണ് വീണാ ജോര്‍ജ്ജിനെ സി.പി.എം ലോക്സഭയിലേക്കും മത്സരിപ്പിച്ചത്. 2021-ലും ആറന്മുളയില്‍നിന്നു ജയിച്ച അവര്‍ രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായി. കെ. സുരേന്ദ്രന്‍ പിന്നീട് ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായി.

2014-ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായത് മുന്‍ കോണ്‍ഗ്രസ് നേതാവ് പീലിപ്പോസ് തോമസാണ്. അദ്ദേഹത്തെ 56,191 വോട്ടിനാണ് ആന്റോ ആന്റണി തോല്‍പ്പിച്ചത്. 2009-ല്‍ ആണ് ആന്റോ ആന്റണി ആദ്യം മത്സരിച്ചത്. അന്ന് സി.പി.എമ്മിലെ കെ. അനന്തഗോപന്‍ തോറ്റത് 1,11,206 വോട്ടിന്. ആന്റോയുടെ ഭൂരിപക്ഷം കുറഞ്ഞുവരുന്നതും ബി.ജെ.പിയുടെ വോട്ടുകള്‍ കൂടിവരുന്നതും ശ്രദ്ധേയം. 2014-ല്‍ എം.ടി. രമേശ് നേടിയത് 1,38,954 വോട്ട്. 2009-ല്‍ ബി. രാധാകൃഷ്ണ മേനോനു കിട്ടിയ 56,294-ന്റെ സ്ഥാനത്തായിരുന്നു ഇത്.

തോമസ് ചാഴിക്കാടന്‍, ഫ്രാന്‍സിസ് ജോര്‍ജ്ജ്, തുഷാര്‍ വെള്ളാപ്പള്ളി
തോമസ് ചാഴിക്കാടന്‍, ഫ്രാന്‍സിസ് ജോര്‍ജ്ജ്, തുഷാര്‍ വെള്ളാപ്പള്ളി -facebook

കേരള കോണ്‍ഗ്രസ്സുകള്‍ തമ്മില്‍

കേരള കോണ്‍ഗ്രസ്സുകള്‍ തമ്മില്‍ മത്സരിക്കുന്ന ഒരേയൊരു മണ്ഡലം എന്ന പ്രത്യേകതയുണ്ട് കോട്ടയത്തിന്. മാണി ഗ്രൂപ്പിലെ സിറ്റിംഗ് എം.പി തോമസ് ചാഴികാടനും ജോസഫ് ഗ്രൂപ്പിലെ മുന്‍ ഇടുക്കി എം.പി ഫ്രാന്‍സിസ് ജോര്‍ജ്ജും. 2019-ല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചാഴികാടന്‍ 1,06,251 വോട്ടിനു തോല്‍പ്പിച്ചത് സി.പി.എമ്മിലെ വി.എന്‍. വാസവനെയാണ്. മുന്‍ മൂവാറ്റുപുഴ എം.പിയും വാജ്പേയി സര്‍ക്കാരിലെ സഹമന്ത്രിയുമായിരുന്ന പി.സി. തോമസ് ആയിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. തോമസ് 1,54,658 വോട്ടു പിടിച്ചു. വാസവന്‍ പിന്നീട് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍നിന്നു ജയിച്ച് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ മന്ത്രിയായി. അതിനുമുന്‍പ് 2006-2011 കാലയളവില്‍ കോട്ടയം എം.എല്‍.എയുമായിട്ടുണ്ട്. 1991 മുതല്‍ 2011 വരെ ഏറ്റുമാനൂര്‍ എം.എല്‍.എ ആയിരുന്ന ചാഴികാടനെ 2011-ല്‍ സി.പി.എമ്മിലെ കെ. സുരേഷ് കുറുപ്പാണ് തോല്‍പ്പിച്ചത്.

1999-2004, 2004-2009 കാലയളവില്‍ ഇടുക്കിയെ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ച ഫ്രാന്‍സിസ് ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ.എം. ജോര്‍ജ്ജിന്റെ മകനാണ്. തോമസ് ചാഴികാടനും ഫ്രാന്‍സിസ് ജോര്‍ജ്ജുമായുള്ള മത്സരത്തിനു രാഷ്ട്രീയ പ്രാധാന്യമേറെ. എന്‍.ഡി.എയില്‍ ഇത്തവണ അവിടെ ബി.ഡി.ജെ.എസ്സിനാണ് സീറ്റ്. തുഷാര്‍ വെള്ളാപ്പള്ളിയാണ് സ്ഥാനാര്‍ത്ഥി. ബി.ജെ.പിയില്‍ എത്തിയ പി.സി. ജോര്‍ജും തുഷാറും തമ്മിലുണ്ടായ വാക്‌പോര് വാര്‍ത്തയായിരുന്നു. ജോര്‍ജ് തുഷാറിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ജോര്‍ജിനെ പ്രചാരണത്തിന് ഇറക്കേണ്ടത് ബി.ജെ.പിയാണ് എന്ന് തുഷാറിന്റെ മറുപടി.

2014-ല്‍ ജനതാദള്‍ എസിലെ മുന്‍ മന്ത്രി മാത്യു ടി. തോമസിനെ കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ. മാണി തോല്‍പ്പിച്ചത് 1,20,599 വോട്ടിനാണ്. നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്സിനാണ് അന്ന് എന്‍.ഡി.എ സീറ്റ് കൊടുത്തത്. നോബിള്‍ മാത്യു 44,357 വോട്ടു പിടിച്ചു

ഹൈബി ഈഡന്‍, കെ.ജെ ഷൈന്‍, കെ.എസ് രാധാകൃഷ്ണന്‍
ഹൈബി ഈഡന്‍, കെ.ജെ ഷൈന്‍, കെ.എസ് രാധാകൃഷ്ണന്‍ -facebook

എറണാകുളത്ത് കെ.വി. തോമസ്

ഫാക്ടര്‍ എത്രത്തോളം

സി.പി.എമ്മിന്റെ പുതുമുഖ വനിതാ സ്ഥാനാര്‍ത്ഥി, അദ്ധ്യാപക സംഘടനാ നേതാവ് കെ.ജെ. ഷൈനും സിറ്റിംഗ് എം.പി കോണ്‍ഗ്രസ്സിലെ ഹൈബി ഈഡനും മത്സരിക്കുന്ന എറണാകുളത്തും ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ട്വന്റിട്വന്റി ആന്റണി ജൂഡിയെ നിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ സി.പി.എമ്മിലെ പി. രാജീവിനെ 1,69,053 വോട്ടുകള്‍ക്കാണ് ഹൈബി ഈഡന്‍ തോല്‍പ്പിച്ചത്. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും കാഞ്ഞിരപ്പള്ളിയിലെ ഇടതു സ്വതന്ത്ര എം.എല്‍.എയുമായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനമായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി. കിട്ടിയത് 1,37,749 വോട്ട്. രാജീവ് 2021-ല്‍ കളമശേരിയില്‍നിന്ന് നിയമസഭയിലേക്കു ജയിച്ച് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായി. അല്‍ഫോണ്‍സ് കണ്ണന്താനം ചിത്രത്തിലൊരിടത്തുമില്ല. 2014-ല്‍ എല്‍.ഡി.എഫിലെ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ 87,047 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച, കോണ്‍ഗ്രസ്സിലെ മുന്‍ സംസ്ഥാന മന്ത്രി കെ.വി. തോമസ് ഇപ്പോള്‍ എല്‍.ഡി.എഫിനൊപ്പമാണ്. ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി. തോമസിന്റെ സാന്നിധ്യം ഇടതുപക്ഷത്തിനു ഗുണം ചെയ്യുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്. പുതുമുഖ സ്വതന്ത്രനായി വന്ന് എറണാകുളം പിടിച്ച സെബാസ്റ്റ്യന്‍ പോളിനെപ്പോലൊരു രാഷ്ട്രീയ പടക്കുതിരയെ വീണ്ടും ഇറക്കാതെ സി.പി.എം വനിതാ പ്രാതിനിധ്യത്തിനു പുതുമുഖത്തെ ഇറക്കിയത് അപ്രതീക്ഷിതമാണ്. പാര്‍ലമെന്റിലേക്കാണ് ഷൈന്‍ ടീച്ചര്‍ പുതുമുഖം; നിലവില്‍ പറവൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറാണ്. കെ.എസ്.ടി.എ നേതാവും.

ജോയ്‌സ് ജോര്‍ജ്ജും ഡീന്‍ കുര്യാക്കോസും
ജോയ്‌സ് ജോര്‍ജ്ജും ഡീന്‍ കുര്യാക്കോസും -facebook

ഡീനും ജോയ്സും ജയിച്ചും തോറ്റും

വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെ മലയോര ജനതയുടെ ജീവിതമാകെ ചര്‍ച്ചയാകുന്ന മണ്ഡലമാണ് ഇടുക്കി. സിറ്റിംഗ് എം.പി കോണ്‍ഗ്രസ്സിലെ ഡീന്‍ കുര്യാക്കോസും മുന്‍ എം.പി സി.പി.എമ്മിലെ ജോയ്സ് ജോര്‍ജ്ജും മത്സരിക്കുന്ന ഇടുക്കിയില്‍ എന്‍.ഡി.എ ഘടകകക്ഷി ബി.ഡി.ജെ.എസ്സിന്റെ സ്ഥാനാര്‍ത്ഥി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥാണ്. എസ്.എന്‍.ഡി.പി യോഗം വനിതാസംഘം സെക്രട്ടറി കൂടിയാണ് അവര്‍. 2019-ല്‍ ജോയ്സ് ജോര്‍ജ്ജിനെ 1,71,053 വോട്ടുകള്‍ക്കാണ് ഡീന്‍ തോല്‍പ്പിച്ചത്. ബി.ഡി.ജെ.എസ്സിന്റെ ബിജു കൃഷ്ണന്‍ 78,648 വോട്ടുകള്‍ നേടി. ജോയ്സ് ജോര്‍ജ്ജ് ഇടതു സ്വതന്ത്രനായി ഡീന്‍ കുര്യാക്കോസിനെ 50,542 വോട്ടുകള്‍ക്കു തോല്‍പ്പിച്ച 2014-ല്‍ ബി.ജെ.പിയുടെ സാബു വര്‍ഗ്ഗീസിനു കിട്ടിയത് 50,438 വോട്ടുകള്‍. ജോയ്സ് ജോര്‍ജ്ജ് മണ്ഡലത്തില്‍ത്തന്നെ ഓടിനടന്ന് ജനപ്രതിനിധിയെപ്പോലെ പ്രവര്‍ത്തിച്ചു എന്ന എല്‍.ഡി.എഫിന്റെ വാദത്തില്‍ കഴമ്പുണ്ട്.

രവീന്ദ്രനാഥും ബെന്നി ബഹന്നാനും
രവീന്ദ്രനാഥും ബെന്നി ബഹന്നാനും -facebook

ചാലക്കുടിക്കാര്‍ക്ക് കൗതുക മത്സരം

ചാലക്കുടിയില്‍ മത്സരിക്കുന്ന മുന്‍ സംസ്ഥാന വിദ്യാഭ്യാസമന്ത്രി . രവീന്ദ്രനാഥിന്റെ ജീവിത ലാളിത്യത്തിനുകൂടിയാണ് എല്‍.ഡി.എഫ് വോട്ടു ചോദിക്കുന്നത്. സ്ഥാനാര്‍ത്ഥി സിംപിളാണെങ്കില്‍ അതും വോട്ടാകും എന്ന പ്രതീക്ഷ ഫലം കണ്ടാലും ഇല്ലെങ്കിലും സിറ്റിംഗ് എം.പി ബെന്നി ബഹനാനും രവീന്ദ്രനാഥും ഗംഭീരമായിത്തന്നെ മത്സരിക്കുമെന്നുറപ്പ്. യു.ഡി.എഫിന് ഈസിയായി ജയിക്കാവുന്ന മണ്ഡലം എന്ന ധാരണ ഇന്നസെന്റിനെ ഇറക്കി പൊളിച്ച അനുഭവമുണ്ട് എല്‍.ഡി.എഫിന്.

2014-ല്‍ കോണ്‍ഗ്രസ്സിലെ പി.സി. ചാക്കോയെ ഇന്നസെന്റ് തോല്‍പ്പിച്ചത് 13,884 വോട്ടുകള്‍ക്കാണ്. ബി.ജെ.പിയുടെ ബി. ഗോപാലകൃഷ്ണന് അന്ന് 92,848 വോട്ടു കിട്ടി. ഇന്നസെന്റ് ബെന്നി ബഹനാനോട് തോറ്റ കഴിഞ്ഞ തവണത്തെ തരംഗത്തില്‍ ഭൂരിപക്ഷം 1,32,274 ആയിരുന്നു. ബി.ജെ.പിയുടെ എ.എന്‍. രാധാകൃഷ്ണന് 1,28,996 വോട്ടുകള്‍ കിട്ടി. പി.സി. ചാക്കോ പിന്നീട് കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയില്‍ എത്തി എല്‍.ഡി.എഫിന്റെ ഭാഗമായി. കേരളത്തിന്റെ പ്രിയനടന്‍ ഇന്നസെന്റ് ഇന്ന് ഇല്ല.

കെ.എം. ഉണ്ണിക്കൃഷ്ണനാണ് ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥി.

കെ.മുരളീധരന്‍, സുരേഷ് ഗോപി, വി.എസ് സുനില്‍ കുമാര്‍
കെ.മുരളീധരന്‍, സുരേഷ് ഗോപി, വി.എസ് സുനില്‍ കുമാര്‍ -facebook

തൃശൂര്‍ ആരെടുക്കും?

കേരളം ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും ആകാംക്ഷയോടെ നോക്കുന്ന മണ്ഡലം ഏതാണ് എന്ന ചോദ്യത്തിന് തൃശൂര്‍ എന്നാണ് ഒന്നാമത്തെ മറുപടി. 20-ല്‍ 19 സീറ്റുകളും 2019-ല്‍ നേടിയ യു.ഡി.എഫിന്റെ സിറ്റിംഗ് എം.പി മത്സരിക്കാത്ത ഏക മണ്ഡലം. ടി.എന്‍. പ്രതാപനായിരിക്കില്ല സ്ഥാനാര്‍ത്ഥി എന്നു ചിന്തിക്കേണ്ട യാതൊരു സാഹചര്യവും തുടക്കത്തില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ തവണ പ്രതാപനും സി.പി.ഐയുടെ രാജാജി മാത്യു തോമസിനും പിന്നില്‍ മൂന്നാം സ്ഥാനത്തായിപ്പോയ സുരേഷ് ഗോപി ഇത്തവണ മാസങ്ങള്‍ക്കു മുന്‍പേ തയ്യാറെടുത്ത് ഇറങ്ങി; സി.പി.ഐ മുന്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കി. പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ പോയതാണ് കാര്യങ്ങള്‍ മാറ്റിയത്. വടകരയില്‍ രണ്ടാമതും മത്സരിക്കുമെന്ന് ഉറപ്പിച്ചിരുന്ന കെ. മുരളീധരന്‍ തൃശൂരിലേക്കു മാറി. കെ. കരുണാകരന്റേയും പത്മജയുടേയും 'തട്ടകത്തില്‍' ജയിച്ച് പത്മജയ്ക്ക് മറുപടി കൊടുക്കാനാണത്രേ ഈ മാറ്റം. പത്മജയെക്കൊണ്ട് ബി.ജെ.പിക്ക് കാല്‍ക്കാശിന്റെ ഗുണമുണ്ടാകില്ല എന്നുപറഞ്ഞ് പിറ്റേ ദിവസമായിരുന്നു തീരുമാനം. ഏതായാലും പ്രതാപന്‍ പരസ്യമായി സന്തോഷം പ്രകടിപ്പിച്ച് മുരളിക്കുവേണ്ടി പിന്‍മാറി. മത്സരം കൂടുതല്‍ കൊഴുത്തു.

കഴിഞ്ഞ തവണ പ്രതാപന്റെ ഭൂരിപക്ഷം 93,633 ആയിരുന്നു. രാജാജി മാത്യു തോമസിന് 3,21,456-ഉം സുരേഷ് ഗോപിക്ക് 2,93,822-ഉം വോട്ട് കിട്ടി. മണ്ഡലത്തില്‍ കൂടുതല്‍ സ്വീകാര്യനായ സുനില്‍ കുമാറിലൂടെ ജയം ഉറപ്പാക്കാമെന്ന് എല്‍.ഡി.എഫ് കരുതുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ അടക്കം കാഴ്ചവച്ചാണ് സുരേഷ് ഗോപിയുടെ പ്രചാരണം തുടങ്ങിയത്. ഇതേ തൃശൂരില്‍ 1998-ല്‍ തോറ്റിട്ടുണ്ട് കെ. മുരളീധരന്‍.

കെ.രാധാകൃഷ്ണന്‍, രമ്യാ ഹരിദാസ്‌
കെ.രാധാകൃഷ്ണന്‍, രമ്യാ ഹരിദാസ്‌ -facebook

രമ്യാ ഹരിദാസ് ഇനി എപ്പോള്‍ പാടും

ഒരു സ്ഥാനാര്‍ത്ഥി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അക്ഷരാര്‍ത്ഥത്തില്‍ പാട്ടുംപാടി ജയിച്ച മണ്ഡലമാണ് ആലത്തൂര്‍. കേരള രാഷ്ട്രീയം രമ്യാ ഹരിദാസിനെ അങ്ങനെയാണ് പരിചയപ്പെടുന്നത്. ഭൂരിപക്ഷം 1,58,968. എല്‍.ഡി.എഫിനു നഷ്ടപ്പെട്ട ആലത്തൂര്‍ തിരിച്ചുപിടിക്കാന്‍ ഇത്തവണ മത്സരിക്കുന്നത് സംസ്ഥാന മന്ത്രി കെ. രാധാകൃഷ്ണന്‍. സി.പി.എം സാധാരണഗതിയില്‍ ചെയ്യാറില്ലാത്ത കാര്യമാണ് മന്ത്രിയെ ലോക്സഭയിലേക്കു മത്സരിപ്പിക്കല്‍. പക്ഷേ, ആലത്തൂര്‍ പിടിക്കാന്‍ രാധാകൃഷ്ണന്‍ തന്നെ വേണം എന്നു മാസങ്ങള്‍ക്കു മുന്‍പേ തീരുമാനിക്കുകയായിരുന്നു. രാധാകൃഷ്ണന്‍ ജയിച്ചാല്‍ ചേലക്കര നിയമസഭാമണ്ഡലത്തിലുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പ്, നിലവിലെ എം.എല്‍.എമാരില്‍നിന്നു പകരമൊരു മന്ത്രി; അതിലെ സാമുദായിക പ്രാതിനിധ്യം ഇങ്ങനെ പലതും പിന്നാലെ വരും. പക്ഷേ, ഇപ്പോള്‍ എല്‍.ഡി.എഫിനു മുന്നിലുള്ളത് ആലത്തൂര്‍ ജയം മാത്രം. രാഹുല്‍ ഗാന്ധിയുടെ ടാലന്റ് ഹണ്ടിലൂടെ വന്ന രമ്യാ ഹരിദാസിന് രണ്ടാം ജയം എളുപ്പമല്ല. രാഷ്ട്രീയം പറയുന്നില്ല എന്നതാണ് രമ്യാ ഹരിദാസിനെക്കുറിച്ച് പൊതുവേയുള്ള വിമര്‍ശനം. വിശ്വാസ്യതയും ജനകീയതയുമാണ് രാധാകൃഷ്ണന്റെ മുതല്‍ക്കൂട്ട്.

2009-ലും 2014-ലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ച പി.കെ. ബിജുവിനെയാണ് രമ്യാ ഹരിദാസ് തോല്‍പ്പിച്ചത്. കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥി ടി.വി. ബാബുവിനു കിട്ടിയത് 89,837 വോട്ടുകള്‍. ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി പ്രൊഫസര്‍ ടി.എന്‍ സരസു ആണ്

വി.കെ ശ്രീകണ്ഠന്‍, എ.വിജയരാഘവന്‍, .കൃഷ്ണകുമാര്‍
വി.കെ ശ്രീകണ്ഠന്‍, എ.വിജയരാഘവന്‍, .കൃഷ്ണകുമാര്‍ -facebook

പാലക്കാട്ടെന്താ വിശേഷം?

സിറ്റിംഗ് എം.പി കോണ്‍ഗ്രസ്സിലെ വി.കെ. ശ്രീകണ്ഠനെ തോല്‍പ്പിക്കാന്‍ പി.ബി അംഗം എ. വിജയരാഘവനെ സി.പി.എം നിയോഗിച്ച പാലക്കാട്ട് കഴിഞ്ഞ തവണത്തെ യു.ഡി.എഫ് തരംഗത്തിലും വെറും 11,637 വോട്ട് മാത്രമായിരുന്നു ഭൂരിപക്ഷം. സി.പി.എമ്മിലെ എം.ബി. രാജേഷ് എത്രത്തോളം അതിശക്തമായി പൊരുതി എന്നതിനു തെളിവാണ് ഈ കുറഞ്ഞ ഭൂരിപക്ഷം. 2014-ല്‍ യു.ഡി.എഫിലായിരുന്ന ജെ.ഡി.എസ് നേതാവ് എം.പി. വീരേന്ദ്രകുമാറിനെ 1,05,300 വോട്ടുകള്‍ക്ക് എം.ബി. രാജേഷ് തോല്‍പ്പിച്ച മണ്ഡലം. അന്ന് ശോഭാ സുരേന്ദ്രനും (1,36,587) കഴിഞ്ഞ തവണ സി. കൃഷ്ണകുമാറും (2,18,556) രണ്ടാമതെത്തി. ഈ തെരഞ്ഞെടുപ്പിലും കൃഷ്ണകുമാറാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി.

സംസ്ഥാനത്ത് ഒരിടത്തു മാത്രം നഗരസഭയില്‍ ബി.ജെ.പി ഭരണമുള്ളത് പാലക്കാട് നഗരസഭയിലാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ. ശ്രീധരന്‍ രണ്ടാം സ്ഥാനത്തെത്തി.

അബ്ദുസ്സമദ് സമദാനി, കെ.എസ്. ഹംസ, ഇ.ടി. മുഹമ്മദ് ബഷീര്‍,വി. വസീഫ്
അബ്ദുസ്സമദ് സമദാനി, കെ.എസ്. ഹംസ, ഇ.ടി. മുഹമ്മദ് ബഷീര്‍,വി. വസീഫ് -facebook

പൊന്നാനിയും മലപ്പുറവും രാഷ്ട്രീയപ്പോരും

പൊന്നാനിയില്‍നിന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ മലപ്പുറത്തേക്കും മലപ്പുറത്തുനിന്ന് അബ്ദുസ്സമദ് സമദാനി പൊന്നാനിയിലേക്കും മാറിയതുകൊണ്ടുമാത്രം എന്തു മാറ്റമാണ് ഉണ്ടാകുന്നത് എന്ന് മുസ്ലിം ലീഗ് തന്നെ പറയേണ്ടിവരും. ഏതായാലും റാഡിക്കലായ ഒരു മാറ്റമല്ല; രണ്ടിലൊരിടത്ത് ചെറുപ്പക്കാരോ സ്ത്രീയോ ആയിരുന്നെങ്കില്‍ അതു മനസ്സിലാക്കാമായിരുന്നു. മൂന്നാമതൊരു സീറ്റുകൂടി കിട്ടുമെന്നും അവിടെ പി.കെ. ഫിറോസോ മറ്റോ മത്സരിക്കുമെന്നും പറഞ്ഞുകേട്ടിരുന്നെങ്കിലും അവസാനം രണ്ടു സീറ്റുകൊണ്ട് തൃപ്തിപ്പെടണം എന്ന കോണ്‍ഗ്രസ് അഭ്യര്‍ത്ഥനയ്ക്ക് ലീഗ് വഴങ്ങുകയായിരുന്നു. പകരം രാജ്യസഭാ സീറ്റാണ് വാഗ്ദാനം. അതു കിട്ടിയാല്‍ കിട്ടി എന്നു പറയാം.

കഴിഞ്ഞ തവണ പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീറിനോട് 1,93,273 വോട്ടുകള്‍ക്ക് തോറ്റ പി.വി. അന്‍വറിനു പകരം സമദാനിക്കെതിരെ മുന്‍ ലീഗ് നേതാവ് കെ.എസ്. ഹംസയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. ഹംസ ലീഗ് വിട്ടത് കുഞ്ഞാലിക്കുട്ടിയുടെ സി.പി.എം അനുകൂല സമീപനങ്ങളില്‍ പ്രതിഷേധിച്ചാണ് എന്നു വ്യാപക പ്രചാരണമുണ്ട്. അതെന്തായാലും സ്വര്‍ണ്ണക്കടത്തു കേസ് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിച്ച് ഹംസ പ്രസംഗിച്ചതിന്റെ വീഡിയോ ലീഗുകാര്‍ പ്രചരിപ്പിക്കുന്നുമുണ്ട്. ഹംസ ഇ.കെ. സുന്നിയാണെന്നും സമസ്തയുടെ പിന്തുണ കിട്ടുമെന്നും മറ്റുമുള്ള പ്രചരണത്തിന്റെ മുനയൊടിക്കുന്ന മറുപടി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഭാഗത്തുനിന്നാണ് ഉണ്ടായത്. സമസ്തയ്ക്ക് സ്ഥാനാര്‍ത്ഥികളില്ല എന്ന ആ പ്രതികരണം എല്‍.ഡി.എഫിനു വിഷമവും ലീഗിനു സന്തോഷവുമുണ്ടാക്കുന്നതാണ്. പക്ഷേ, അതുകൊണ്ടുമാത്രം എല്‍.ഡി.എഫ് തോല്‍ക്കണമെന്നില്ല. ഇ.ടിയല്ല സമദാനി; ഇ.ടിയുടെ ജനകീയത സമദാനിക്കില്ലതാനും. നിവേദിത സുബ്രഹ്മണ്യനാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി.

മലപ്പുറത്ത് കഴിഞ്ഞതവണ ജയിച്ച പി.കെ. കുഞ്ഞാലിക്കുട്ടി രാജിവയ്ക്കുകയായിരുന്നു. കേന്ദ്രത്തില്‍ മോദി ഭരണത്തുടര്‍ച്ച ഉണ്ടായതായിരുന്നു കാരണം. ലീഗിനു പങ്കുള്ള ഭരണം വന്നാല്‍ കേന്ദ്രമന്ത്രിയാകാം എന്നു പ്രതീക്ഷിച്ച് മത്സരിച്ച അദ്ദേഹം അതു പൊളിഞ്ഞപ്പോള്‍ രാജിവച്ച് കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധിച്ചു. പിന്നീട് നിയമസഭയിലേക്കു മത്സരിച്ചു. കുഞ്ഞാലിക്കുട്ടിയോടു മത്സരിച്ച സി.പി.എമ്മിന്റെ യുവനേതാവ് വി.പി. സാനു 3,29,720 വോട്ടു നേടി. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 2,60,153. ബി.ജെ.പിയുടെ ഉണ്ണിക്കൃഷ്ണനു കിട്ടിയത് 82,332. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എ.പി. അബ്ദുല്ലക്കുട്ടിയായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി. 68,935 വോട്ടു മാത്രമാണ് കിട്ടിയത്. അന്ന് സമദാനിക്കെതിരെ വി.പി. സാനു 4,23,633 വോട്ടു നേടി. ഇത്തവണ സമദാനിക്കെതിരെ മറ്റൊരു യുവനേതാവ് വി. വസീഫ് ആണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഡോ. അബ്ദുസ്സലാം ബി.ജെ.പി സ്ഥാനാര്‍ത്ഥിയും. പൗരത്വ നിയമഭേദഗതിയും രാമക്ഷേത്രവും പലസ്തീനും ഈ രണ്ടു മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന്റേയും യു.ഡി.എഫിന്റേയും തീപ്പൊരി വിഷയങ്ങളാണ്. ആരാണ് ന്യൂനപക്ഷ സംരക്ഷകര്‍ എന്ന ചോദ്യം രണ്ടു കൂട്ടരും പരസ്പരം ഉയര്‍ത്തുന്ന തെരഞ്ഞെടുപ്പ്.

എം.കെ രാഘവന്‍, എളമരം കരീം, എം.ടി രമേശ്
എം.കെ രാഘവന്‍, എളമരം കരീം, എം.ടി രമേശ് -facebook

കരീമിക്കയും രാഘവേട്ടനും

കോണ്‍ഗ്രസ് എം.പി എം.കെ. രാഘവനെ ഇനി ലോക്സഭിലേക്ക് അയക്കില്ല എന്നുറപ്പിച്ചാണ് കോഴിക്കോട്ടെ ജനകീയ മുഖമുള്ള തൊഴിലാളി നേതാവ് എളമരം കരീമിനെ സി.പി.എം ഇറക്കിയത്. എം.ടി. രമേശ് ആണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. 2019-ലും മറ്റൊരു ജനകീയ നേതാവായിരുന്നു സി.പി.എം സ്ഥാനാര്‍ത്ഥി; മുന്‍ എം.എല്‍.എ എ. പ്രദീപ് കുമാര്‍. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചതിന്റെ തരംഗമാണ് കേരളമാകെ യു.ഡി.എഫിന് അനുകൂലമായതെങ്കില്‍ വയനാടിനോടു ചേര്‍ന്ന കോഴിക്കോട് മണ്ഡലത്തില്‍ ലക്ഷത്തില്‍ താഴെ ആയിരുന്നു ഭൂരിപക്ഷം: 85,225. പക്ഷേ, 2014-ല്‍ ഭൂരിപക്ഷം 16,883 മാത്രമായിരുന്നു.

ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് 2029-ല്‍ 1,61,216 വോട്ടു കിട്ടി. 2014-ല്‍ എം.കെ. രാഘവനോട് തോറ്റ എ. വിജയരാഘവന്‍ നേടിയത് 3,80,732 വോട്ട്; പ്രദീപ് കുമാറിന് 4,08,219. ആനുപാതികമായി മൊത്തം വോട്ടിലുമുണ്ട് വര്‍ദ്ധന.

രാഹൂല്‍ ഗാന്ധി, ആനി രാജാ, കെ.സുരേന്ദ്രന്‍
രാഹൂല്‍ ഗാന്ധി, ആനി രാജാ, കെ.സുരേന്ദ്രന്‍ -facebook

വയനാട്ടില്‍ ആരാകും, എന്താകും?

രാഹുല്‍ ഗാന്ധി വയനാട്ടില്‍ വീണ്ടും മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇനിയും ഉണ്ടാകാനിരിക്കുന്നതേയുള്ളൂ. കേരളത്തിലെ മറ്റു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് വന്നപ്പോള്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി എന്നാണ് വന്നതെന്നതു ശരിയാണ്. പക്ഷേ, ഇപ്പോഴും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും രാഹുല്‍ ഗാന്ധിക്കുതന്നെയും ഇക്കാര്യത്തില്‍ തീര്‍ച്ചയില്ല. അതിനു രണ്ടു കാരണങ്ങളാണ് പ്രധാനമായുമുള്ളത്. ഇതാകട്ടെ, 2019-ലും ഉയര്‍ന്ന അതേ കാരണങ്ങളാണുതാനും. ബി.ജെ.പിക്കെതിരെ ഫാസിസ്റ്റു വിരുദ്ധ സഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസ്സും ഇടതുപക്ഷവും കേരളത്തില്‍ പരസ്പരം രാഷ്ട്രീയ എതിരാളികളാണെങ്കിലും രാഹുലിനെപ്പോലുള്ള ഒരു ദേശീയ നേതാവ് ഇടതുപക്ഷത്തിനെതിരെ മത്സരിക്കാന്‍ കേരളത്തില്‍ വരുന്നത് ശരിയോ എന്നത്; പിന്നെ, എന്തുകൊണ്ട് ബി.ജെ.പിയുമായി നേരിട്ടു മത്സരിക്കുന്നില്ല എന്ന ചോദ്യം. അമേത്തിയില്‍ തോറ്റത് രാഹുല്‍ വയനാട്ടില്‍ക്കൂടി മത്സരിച്ചതുകൊണ്ടാണ് എന്ന പ്രചരണം കോണ്‍ഗ്രസ്സിനുള്ളില്‍ത്തന്നെയുണ്ട്. ഇത്തവണ അമേത്തിയില്‍ മത്സരിച്ചില്ലെങ്കിലും ബി.ജെ.പിയെ മുഖാമുഖം നേരിടാന്‍ തയ്യാറാകണം എന്ന സമ്മര്‍ദ്ദമുണ്ട്. അത് ദക്ഷിണേന്ത്യയില്‍ കര്‍ണാടകയിലോ തമിഴ്നാട്ടിലോ ആയാല്‍ നന്ന് എന്ന വാദവുമുണ്ട്.

എന്തുതന്നെയായാലും ഇടതുമുന്നണി സി.പി.ഐയുടെ ശ്രദ്ധേയയായ ദേശീയ നേതാവ് ആനി രാജയെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയാക്കിക്കഴിഞ്ഞു. കഴിഞ്ഞതവണ സി.പി.ഐയുടെ പി.പി. സുനീര്‍ 2,74,597 വോട്ടുകള്‍ മാത്രമാണ് നേടിയത്. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 4,31,770 ആയിരുന്നു. ബി.ഡി.ജെ.എസ്സിന്റെ തുഷാര്‍ വെള്ളാപ്പള്ളി 78,816 വോട്ടു നേടി. തൊട്ടുമുന്‍പ്, 2014-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.ഐ. ഷാനവാസ് 20,870 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. സി.പി.ഐയുടെ സത്യന്‍ മൊകേരിക്ക് അന്ന് 3,56,165 വോട്ടു കിട്ടി. ബി.ജെ.പിയുടെ പി.ആര്‍. രശ്മില്‍നാഥിന് 80,752. തൊട്ടുമുന്‍പ് 2009-ല്‍ എം.ഐ. ഷാനവാസ് 1,53,439 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ സ്ഥാനത്താണ് 2014-ല്‍ കുത്തനേ കുറഞ്ഞത്. സി.പി.ഐയ്ക്ക്, എല്‍.ഡി.എഫിനു പ്രഹരശേഷിയുള്ള മണ്ഡലമാണ് വയനാട് എന്ന തെളിവുകളാണ് ഇവ. അതിശക്തമായ ന്യൂനപക്ഷ രാഷ്ട്രീയ സ്വാധീനമുള്ള മണ്ഡലമാണ്. ദേശീയ രാഷ്ട്രീയത്തിലെ സമീപകാല വിഷയങ്ങളൊക്കെ അതിന്റെ എല്ലാ ശക്തിയോടെയും പ്രതിഫലിക്കുന്ന ഇടം. ഒപ്പം, കാട്ടാന ആക്രമണംപോലുള്ള വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഉപയോഗിക്കാനുള്ള ശ്രമങ്ങളും സജീവം. ബി.ജെ.പി സംസ്്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി

കെ.കെ ശൈലജ, ഷാഫി പറമ്പില്‍
കെ.കെ ശൈലജ, ഷാഫി പറമ്പില്‍ -facebook

ശൈലജയും ഷാഫിയും

പിന്നെ കുറേ ആരവങ്ങളും

വടകരയാണ് ഇത്തവണ രാഷ്ട്രീയപ്പോരിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്. കെ. മുരളീധരനെ തൃശൂരിലേക്കു മാറ്റി കോണ്‍ഗ്രസ് കൊണ്ടുവന്ന പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍ യുവ നേതാവാണ്; പാലക്കാട്ട് മെട്രോമാന്‍ ഇ. ശ്രീധരനെ വിറപ്പിച്ച മത്സരത്തിനുടമയാണ്. വടകരയില്‍ ആര് മത്സരിച്ചാലും ടി.പി. ചന്ദ്രശേഖരന്‍ വധം ചര്‍ച്ചയാവുക സ്വാഭാവികം. ആര്‍.എം.പിയുടേയും കെ.കെ. രമയുടേയും സജീവ പിന്തുണ യു.ഡി.എഫിന് ഉണ്ടുതാനും. കഴിഞ്ഞ തവണ കെ. മുരളീധരനോടു തോറ്റ പി. ജയരാജനു പകരം ഇത്തവണ കെ.കെ. ശൈലജയെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുമ്പോള്‍ സി.പി.എമ്മിനു മുന്നില്‍ കെ. മുരളീധരന്‍ തന്നെയായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. മണ്ഡലം പിടിക്കാന്‍ ശൈലജയ്ക്കു കഴിയും എന്നും കരുതി. പക്ഷേ, ഷാഫി പറമ്പില്‍ കുറച്ചുകൂടി മികച്ച സ്ഥാനാര്‍ത്ഥിയാണ് എന്ന പ്രതീതി ഉണ്ടായിട്ടുണ്ട്. ഷാഫിയുടെ സമുദായഘടകം കൂടി അനുകൂലമായേക്കും എന്ന കണക്കുകൂട്ടല്‍ കോണ്‍ഗ്രസ്സിനുമുണ്ട്.

2019-ല്‍ 84,663 വോട്ടിനാണ് മുരളീധരന്‍ ജയിച്ചത്. പി. ജയരാജന്‍ 4,42,092 വോട്ടുകള്‍ നേടി. ബി.ജെ.പിയുടെ വി.കെ. സജീവനു കിട്ടിയത് 80,128. 2014-ല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എ.എന്‍. ഷംസീറിനെ തോല്‍പ്പിച്ചത് 3,306 വോട്ടുകള്‍ക്കു മാത്രമാണ്. പക്ഷേ, 2009-ല്‍ പി. സതീദേവിക്കെതിരെ മുല്ലപ്പള്ളിക്ക് 56,186 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നു. പിന്നീട് കെ.പി.സി.സി പ്രസിഡന്റായ മുല്ലപ്പള്ളിയുടെ നേതൃത്വത്തില്‍ക്കൂടി ആയിരുന്നു 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പും തരംഗമുണ്ടാക്കിയ ഫലവും. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം പ്രസിഡന്റ് സ്ഥാനത്തുനിന്നു മുല്ലപ്പള്ളിയെ മാറ്റി. പി. ജയരാജന്‍ ഇപ്പോള്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍, എ.എന്‍. ഷംസീര്‍ നിയമസഭാ സ്പീക്കര്‍.

എം.വി ജയരാജന്‍, സി.രഘുനാഥന്‍, കെ.സുധാകരന്‍
എം.വി ജയരാജന്‍, സി.രഘുനാഥന്‍, കെ.സുധാകരന്‍facebook

സുധാകരന്റെ ഭാവി

എന്താകും; ജയരാജന്റേയും?

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ പിണറായി വിജയനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സി. രഘുനാഥന്‍ ഇത്തവണ കണ്ണൂരില്‍ മത്സരിക്കുന്നുണ്ട്; പക്ഷേ, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയല്ല; ബി.ജെ.പി സ്ഥാനാര്‍ത്ഥി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ മത്സരിക്കണോ വേണ്ടയോ എന്നു പലവട്ടം ആലോചിച്ചിട്ട് ഒടുവില്‍ മത്സരിക്കുന്ന മണ്ഡലം. സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. കണ്ണൂരില്‍ സുധാകരനെ ഇത്തവണ തോല്‍പ്പിക്കും എന്നുറപ്പിച്ച് സി.പി.എം കൂടുതല്‍ കരുത്തോടെ ഇറങ്ങുമ്പോള്‍ വിജയം ആവര്‍ത്തിക്കുമെന്നാണ് സുധാകരന്റെ പ്രതീക്ഷ. കഴിഞ്ഞ തവണ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം, മുന്‍ മന്ത്രി പി.കെ. ശ്രീമതിയെ 94,559 വോട്ടിനാണ് സുധാകരന്‍ തോല്‍പ്പിച്ചത്. സി.കെ. പത്മനാഭനായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി; 68,509 വോട്ടു കിട്ടി. 2014-ല്‍ പി.കെ. ശ്രീമതി 6,566 വോട്ടിന് കെ. സുധാകരനെ തോല്‍പ്പിച്ചു. തൊട്ടുമുന്‍പ് കെ. സുധാകരന്‍ കെ.കെ. രാഗേഷിനെ തോല്‍പ്പിച്ചത് 43,151 വോട്ടിന്. രണ്ടു കൂട്ടര്‍ക്കും അഭിമാന മണ്ഡലമാണ് കണ്ണൂര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മ്മടം മണ്ഡലം ഉള്‍പ്പെടുന്ന ലോക്സഭാ മണ്ഡലം. പണ്ട് എസ്.എഫ്.ഐയുടെ ദേശീയ നേതാവായിരുന്ന എ.പി. അബ്ദുല്ലക്കുട്ടിയെ 1999-ലും 2004-ലും മുല്ലപ്പള്ളിക്കെതിരെ നിര്‍ത്തി ജയിപ്പിച്ച് അത്ഭുതക്കുട്ടി എന്നു വിശേഷിപ്പിച്ചിട്ടുണ്ട് സി.പി.എം. അബ്ദുല്ലക്കുട്ടി പിന്നീട് കോണ്‍ഗ്രസ്സില്‍ പോയി എം.എല്‍.എയും അവിടുന്ന് ബി.ജെ.പിയില്‍ പോയി ദേശീയ ഉപാധ്യക്ഷനുമായി.

രണ്ടു വട്ടം എടക്കാട് എം.എല്‍.എ ആയിരുന്ന എം.വി. ജയരാജന്‍ കണ്ണൂരിലെ ശ്രദ്ധേയരായ പൊതുപ്രവര്‍ത്തകരുടെ മുന്‍നിരയിലാണ്. സി.പി.എം സംസ്ഥാന സമിതി അംഗം. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ ജില്ലാ സെക്രട്ടറിയുടെ ചുമതലയേല്‍ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നു രാജിവച്ചു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം.എല്‍ അശ്വനി, എം.വി ബാലകൃഷ്ണന്‍
രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം.എല്‍ അശ്വനി, എം.വി ബാലകൃഷ്ണന്‍ -facebook

ഉണ്ണിത്താന്‍ കാസര്‍കോട്ടു

നില്‍ക്കണോ പോണോ

രാജ്മോഹന്‍ ഉണ്ണിത്താന്‍പോലും ജയിക്കുന്ന യു.ഡി.എഫ് തരംഗമായിരുന്നു 2019-ല്‍ എന്ന് കോണ്‍ഗ്രസ്സുകാര്‍ തന്നെ തമാശ പറയും. കാരണമുണ്ട്. മുന്‍പ് മത്സരിച്ചപ്പോഴൊന്നും ഉണ്ണിത്താന്‍ ജയിച്ചിട്ടില്ല. മാത്രമല്ല, കാസര്‍കോട് ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റുമാണ്. എ.കെ.ജിയുടെ പഴയ മണ്ഡലം. ഇടയ്ക്ക് മൂന്നു വട്ടം കോണ്‍ഗ്രസ് ജയിച്ചിട്ടുണ്ടെങ്കിലും 1996 മുതല്‍ എല്‍.ഡി.എഫ് മാത്രമാണ് ജയിച്ചത്. 2009-ല്‍ കാസര്‍കോട് സീറ്റില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് സ്ഥാനാര്‍ത്ഥിയാക്കിയ ഷാനിമോള്‍ ഉസ്മാന്‍ അങ്ങോട്ടു പോകാന്‍ പോലും തയ്യാറായില്ല. പിന്നീട് സ്ഥാനാര്‍ത്ഥിയായത് ഷാഹിദ കമാല്‍. സി.പി.എമ്മിലെ പി. കരുണാകരനോട് തോറ്റ ഷാഹിദ കമാല്‍ ഇപ്പോള്‍ സി.പി.എമ്മില്‍. ഇതൊക്കെയാണെങ്കിലും 2019-ല്‍ ജയിച്ച ശേഷം കാസര്‍കോട്ടുകാരുടെ പ്രിയങ്കരനാകാന്‍ രാജ്മോഹന്‍ ഉണ്ണിത്താനു സാധിച്ചു എന്നതു സത്യം. ഉണ്ണിത്താനെ സ്വീകരിക്കാന്‍ ആദ്യം ലീഗുകാരും ഒരു വിഭാഗം കോണ്‍ഗ്രസ്സുകാരും മടിച്ചിരുന്നു എന്നതും കൂടി കണക്കിലെടുക്കുമ്പോള്‍ ഉണ്ണിത്താന്റെ കഠിനാധ്വാനത്തില്‍ കാര്യമുണ്ട്. സി.പി.എമ്മിലെ കെ.പി. സതീശ് ചന്ദ്രനെ 40,438 വോട്ടിനാണ് ഉണ്ണിത്താന്‍ തോല്‍പ്പിച്ചത്. ബി.ജെ.പിയുടെ രവീശതന്ത്രി കുണ്ടാര്‍ 1,76,049 വോട്ടു നേടി. 2014-ല്‍ ടി. സിദ്ദീഖിനെ സി.പി.എമ്മിലെ പി. കരുണാകരന്‍ 6,921 വോട്ടിനു മാത്രമാണ് തോല്‍പ്പിച്ചത്. കെ. സുരേന്ദ്രനായിരുന്നു അന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി; 1,72,826 വോട്ടു കിട്ടി.

സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനാണ് ഇത്തവണ സി.പി.എം സ്ഥാനാര്‍ത്ഥി. മണ്ഡലത്തിലുടനീളം ആഴത്തില്‍ ബന്ധങ്ങളുള്ള രാഷ്ട്രീയ പ്രവര്‍ത്തകന്‍. എം.എല്‍. അശ്വിനി ബി.ജെ.പി സ്ഥാനാര്‍ത്ഥി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com