കെജ്‌രിവാള്‍ ഇരുതല മൂര്‍ച്ചയുള്ള വാള്‍

ഉത്തരേന്ത്യയില്‍ ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ അതേപടി നേരിടുന്നതില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ ബഹുദൂരം മുന്നേറിയിട്ടുണ്ട് ആം ആദ്മി പാര്‍ട്ടി.
കെജ്‌രിവാള്‍
ഇരുതല മൂര്‍ച്ചയുള്ള 
വാള്‍
Manish Swarup

ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പായി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ 21-നു രാത്രി വൈകി അറസ്റ്റ് ചെയ്തത് ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച് വിചാരപ്പെടുന്നവര്‍ക്ക് അസ്വസ്ഥതയുളവാക്കുന്ന ഒരു നീക്കമാണ്. ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ഒന്‍പത് ഇ.ഡി സമന്‍സുകള്‍ ധിക്കരിച്ചതായാണ് വിശദീകരണം. ഡല്‍ഹി ഗവണ്‍മെന്റ് ഇപ്പോള്‍ റദ്ദാക്കിയ മദ്യനയത്തിനായുള്ള കൈക്കൂലിക്കേസിലെ സമന്‍സും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

എന്നാല്‍, 2012-ല്‍ ആം ആദ്മി രൂപീകരിക്കപ്പെട്ടതിനുശേഷം ഉണ്ടായ രാഷ്ട്രീയ കിടമത്സരങ്ങളുടെ ഭാഗമായിട്ടുണ്ടായതാണ് ഈ അറസ്റ്റ് എന്ന നിഗമനത്തിലെത്താന്‍ അധികം ആലോചിക്കേണ്ടതില്ല, യു.പി.എ ഗവണ്‍മെന്റിന്റെ കാലത്ത് 2011-ല്‍ അഴിമതിക്കെതിരെ അണ്ണാ ഹസാരെ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രസ്ഥാനം ബീജാവാപം ചെയ്തതാണ് ആം ആദ്മി പാര്‍ട്ടിയെ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ ഗവണ്‍മെന്റിനു ജനം അധികാരത്തുടര്‍ച്ച നല്‍കാതിരുന്നതിലും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി അധികാരത്തിലെത്തുന്നതിനു വഴിയൊരുക്കുന്നതിലും അണ്ണ ഹസാരേയുടെ പ്രസ്ഥാനത്തിനും ആം ആദ്മി പാര്‍ട്ടിക്കും സാരമായ പങ്കുണ്ട്. അക്കാലമൊക്കെയും ബി.ജെ.പിക്കും മറ്റ് ഇതര പ്രതിപക്ഷ കക്ഷികള്‍ക്കും ഒപ്പം മന്‍മോഹന്‍സിംഗ് ഗവണ്‍മെന്റിനും അധികാരത്തിലിരിക്കുന്നവരുടെ അഴിമതിക്കും എതിരെ ആഞ്ഞടിച്ച ആം ആദ്മി പാര്‍ട്ടി പിന്നീട് അധികാരത്തില്‍ വന്ന മോദി ഗവണ്‍മെന്റിന്റെ ശത്രുവായി മാറി. പിന്നീടുണ്ടായത് രാഷ്ട്രീയ കശപിശകളുടെ കുത്തൊഴുക്കാണ്. ഒരുപക്ഷം അതിന്റെ വലിപ്പവും ശക്തിയും ഉപയോഗിച്ച് ചെറുതും താരതമ്യേന ദുര്‍ബ്ബലനും എന്നാല്‍, ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്നതുമായ എതിര്‍കക്ഷിയെ കീഴടക്കാനും മൂലക്കിരുത്താനും പല മാര്‍ഗ്ഗേണ ശ്രമിക്കുന്നതാണ് നാം കണ്ടത്. ഏതെങ്കിലും മാര്‍ഗ്ഗത്തിലൂടെ രാജ്യതലസ്ഥാനം ഭരിക്കുന്ന എ.എ.പി ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാക്കാനാണ് കേന്ദ്രം ശ്രമിച്ചത്. തങ്ങളുടെ കളിപ്പാവകളായ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരെ മാറിമാറി ഈ ദൗത്യത്തിന് അവര്‍ നിയോഗിച്ചു. സുപ്രീംകോടതി വിധിയെ മറികടന്ന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നിടത്തോളമെത്തി കേന്ദ്രത്തിന്റെ വൈരനിര്യാതന ബുദ്ധി. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകളും ഭാരത് രാഷ്ട്രസമിതി നേതാവുമായ കവിത അറസ്റ്റിലായതു മുതല്‍ കെജ്‌രിവാളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനു വിധേയനാകേണ്ടി വരുമെന്ന ധാരണ ശക്തമായിരുന്നു. ഇ.ഡിയുടെ സമന്‍സുകള്‍ തുടര്‍ച്ചയായി അവഗണിച്ച കെജ്‌രിവാളിനു സംരക്ഷണം നല്‍കുന്നതിനു അനുകൂലമായി വിധിക്കാന്‍ ഹൈക്കോടതി തയ്യാറാകാതെ വന്നതോടെ കെജ്‌രിവാളിന്റെ അറസ്റ്റ് ആസന്നമായി. രാത്രി വൈകിട്ട് അത്യന്തം നാടകീയമായിട്ടായിരുന്നു അറസ്റ്റ്. പദവിയിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയാണ് അദ്ദേഹം.

മനീഷ് സിസോദിയയും അരവിന്ദ് കെജരിവാളും
മനീഷ് സിസോദിയയും അരവിന്ദ് കെജരിവാളും Manish Swarup
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകളും ഭാരത് രാഷ്ട്രസമിതി നേതാവുമായ കവിത അറസ്റ്റിലായതു മുതല്‍ കെജ്‌രിവാളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനു വിധേയനാകേണ്ടി വരുമെന്ന ധാരണ ശക്തമായിരുന്നു.

എന്നാല്‍, അധികാരം ഉപയോഗപ്പെടുത്തിക്കൊണ്ട് തങ്ങള്‍ക്കുനേരെ കേന്ദ്ര ഭരണാധികാരികള്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളെ നേരിടുന്നതില്‍ ആം ആദ്മി പാര്‍ട്ടിയും പിശകുകള്‍ വരുത്തി. കെജ്‌രിവാളും അദ്ദേഹത്തിന്റെ വലംകയ്യായിരുന്ന സിസോദിയയും പാര്‍ട്ടി എം.പി സഞ്ജയ് സിംഗും ഇപ്പോള്‍ ബി.ജെ.പി തന്ത്രങ്ങള്‍ക്ക് ഇരയാകുന്നതിനു വഴിവെച്ചത് ഈ പിശകുകളാണ്. എന്നാല്‍, തെരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കെ, വ്യാഴാഴ്ച വൈകുന്നേരത്തോടെ ഉണ്ടായ കെജ്രിവാളിന്റെ അറസ്റ്റ് നീണ്ട രാഷ്ട്രീയ വൈരാഗ്യത്തില്‍നിന്നും വ്യത്യസ്തമായ മറ്റൊരു കാരണത്താലല്ല എന്നു പകല്‍പോലെ വ്യക്തം.

രാജ്യത്തെമ്പാടും വിമതശബ്ദങ്ങളെ ശ്വാസംമുട്ടിച്ച് ഇല്ലാതാക്കുന്നു എന്ന ആരോപണത്തിന് ഇതിനകം തന്നെ ബി.ജെ.പി നയിക്കുന്ന കേന്ദ്രഭരണം വിധേയമായിട്ടുണ്ട്. ബുദ്ധിജീവികളേയും എഴുത്തുകാരേയും അതു ഭയക്കുന്നുവെന്നും അവരെ കേസുകളിലകപ്പെടുത്തി തുറുങ്കിലടയ്ക്കുന്നുവെന്നും ആരോപിക്കപ്പെട്ടിട്ടുണ്ട്. 2014-ല്‍ അധികാരത്തില്‍ വന്നതിനുശേഷം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിമര്‍ശകരായ പല ബുദ്ധിജീവികളും എഴുത്തുകാരും രാഷ്ട്രീയ പ്രതിയോഗികളാല്‍ നിശ്ശബ്ദരാക്കപ്പെട്ടു. ഹിന്ദുത്വത്തിന്റെ തീട്ടൂരങ്ങളനുസരിക്കാന്‍ തയ്യാറില്ലാത്ത സ്ത്രീകളും ന്യൂനപക്ഷങ്ങളും ദളിതരും ആക്രമിക്കപ്പെട്ടു. എന്‍.ഡി.എ ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ ശ്വാസംമുട്ടിച്ചു കൊല്ലുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന ആക്ഷേപം വ്യാപകമാണ്. പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ നികുതിവിഹിതം നല്‍കാതെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുക, കേന്ദ്ര ഏജന്‍സികളെ അവിടങ്ങളിലേക്ക് അഴിച്ചുവിടുക, രാജ്ഭവനുകള്‍ കേന്ദ്രീകരിച്ച് ഗവര്‍ണര്‍മാര്‍ സമാന്തരഭരണം നടത്തുക തുടങ്ങി ഒട്ടനവധി നടപടികള്‍ കേന്ദ്രത്തിന്റെ പക്ഷത്തുനിന്നും ഉണ്ടാകുന്നുവെന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള ഫെഡറല്‍ തത്ത്വങ്ങള്‍ക്കു വിരുദ്ധവും സ്വേച്ഛാപരവുമായ പ്രതികാര രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയായിട്ടാണ് കേജ്രിവാളിന്റെ അറസ്റ്റ് എന്നു പ്രതിപക്ഷ കക്ഷികളും ഒരു വിഭാഗം മാദ്ധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നു. ചട്ടം ലംഘിച്ച് മദ്യനയം തിരുത്താന്‍ ആം ആദ്മി ഗവണ്‍മെന്റ് മുതിര്‍ന്നുവെന്നും സ്വകാര്യ പങ്കാളിത്തം അനുവദിച്ച് പാര്‍ട്ടി വലിയ തോതില്‍ പണം സമ്പാദിച്ചുവെന്നുമായിരുന്നു അറസ്റ്റിന് ആസ്പദമായ കേസ്. ഇങ്ങനെ ഒരു ആരോപണം ഉണ്ടായപ്പോഴേ ഗവര്‍ണര്‍ സി.ബി.ഐയെ വിളിപ്പിച്ചു. വൈകാതെ ഉപമുഖ്യമന്ത്രി അറസ്റ്റിലായി. തന്നെ അറസ്റ്റു ചെയ്യാന്‍ നീക്കമുണ്ടെന്നും പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ മോദി ഗവണ്‍മെന്റ് പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും സിസോദിയയുടെ അറസ്റ്റിനെത്തുടര്‍ന്ന് കെജ്‌രിവാള്‍ പ്രസ്താവിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുന്‍പേ ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറനെ ഇതേ രീതിയില്‍ അറസ്റ്റ് ചെയ്ത സംഭവമുണ്ടായി. എന്നാല്‍, സോറന്‍ അറസ്റ്റിനു മുന്‍പേ രാജിവയ്ക്കുകയായിരുന്നു.

ഹേമന്ത് സോറന്‍
ഹേമന്ത് സോറന്‍ express photo

അഴിമതിക്കെതിരെ വിശുദ്ധയുദ്ധം പ്രഖ്യാപിച്ചയാളും ആ പോരാട്ടങ്ങള്‍ തുടരുന്നയാളും എന്നതാണ് കെജ്‌രിവാളിന്റെ പ്രതിച്ഛായ. അദ്ദേഹം നയിക്കുന്ന പാര്‍ട്ടിയും ഇത്തരമൊരു പ്രതിച്ഛായ അവകാശപ്പെടുന്ന രാഷ്ട്രീയകക്ഷിയാണ്. 'അഴിമതിവിരുദ്ധത' എന്നൊരു കുഴി കുഴിച്ച് അതില്‍ നൂറ്റാണ്ടിന്റെ പഴക്കമുള്ള ഒരു രാഷ്ട്രീയ കക്ഷിയെ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ ചാടിക്കാന്‍ കഴിഞ്ഞതിന്റെ കേമത്തം അരവിന്ദ് കെജ്‌രിവാളിനുണ്ട്. കോണ്‍ഗ്രസ് എന്ന ഗോലിയാത്തിനെ മലര്‍ത്തിയടിച്ച ഈ ദാവീദിനെ ബി.ജെ.പിയും ഭയക്കുന്നു.

കെജ്‌രിവാളിന്റെ

'കോംപിറ്റേറ്റീവ് ഹിന്ദുത്വ'

കെജ്‌രിവാളിന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായ മാത്രമാണോ ബി.ജെ.പിക്കു പ്രകോപനം? സമകാലിക ചരിത്രം പരിശോധിച്ചാല്‍ അതു മാത്രമല്ലെന്നു കാണാം. ഹിന്ദുത്വ രാഷ്ട്രീയം ഉന്നയിക്കുന്ന വ്യത്യസ്ത മുദ്രാവാക്യങ്ങളോട് ആം ആദ്മി പാര്‍ട്ടി എടുക്കുന്ന നിലപാടുകൂടി ബി.ജെ.പിക്കു തലവേദന സൃഷ്ടിക്കുന്നുണ്ട്. രാമക്ഷേത്രത്തിന്റെ കാര്യത്തിലായാലും പൗരത്വ നിയമത്തിന്റെ കാര്യത്തിലായാലും കെജ്‌രിവാള്‍ എടുക്കുന്ന നിലപാട് ഹിന്ദുത്വരാഷ്ട്രീയവിരുദ്ധ നിലപാട് എടുക്കുന്നവരെയല്ല, മറിച്ച് ഹിന്ദുത്വ കക്ഷിയായ ബി.ജെ.പിയെയാണ് ഭയപ്പെടുത്തുന്നത്. പഴയ ക്ഷേമരാഷ്ട്രീയവും മൃദുഹിന്ദുത്വവും ചേര്‍ന്ന ആ നിലപാടു നിമിത്തം ബി.ജെ.പി വോട്ടുചോര്‍ച്ച ഭയക്കുന്നുണ്ട് എന്നുതന്നെ പറയണം. ബി.ജെ.പിയുടെ വോട്ടുബാങ്കിലേക്കു കടന്നുകയറുന്നതു ലാക്കാക്കി നിലപാടുകളെടുക്കുകയും പ്രസ്താവനകളിറക്കുകയും ചെയ്യുന്നയാളാണ് കെജ്‌രിവാള്‍. ഉദാഹരണത്തിനു രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ഇന്ത്യന്‍ കറന്‍സിയില്‍ ലക്ഷ്മിയുടേയും ഗണപതിയുടേയും ചിത്രങ്ങള്‍ ഒരു പുറത്ത് അച്ചടിക്കണമെന്ന കെജ്‌രിവാളിന്റെ പ്രസ്താവന. സാധാരണ മട്ടില്‍ അതിരുകടന്ന വിശ്വാസത്തിന്റെ പ്രകടനമെന്ന നിലയില്‍ എഴുതിത്തള്ളാവുന്ന ഈ പ്രസ്താവന ബി.ജെ.പിയെയാണ്, മതനിരപേക്ഷ വാദികളെയല്ല ആദ്യം പ്രകോപിപ്പിച്ചത് എന്നും ശ്രദ്ധിക്കേണ്ടതാണ്. അന്ന് ബി.ജെ.പിയുടെ രാഷ്ട്രീയവക്താവ് കെജ്‌രിവാളിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ രംഗത്തു വരികയും വോട്ടുബാങ്ക് ലാക്കാക്കിയാണ് അദ്ദേഹം ഇത്തരത്തില്‍ പ്രസ്താവനകളിറക്കുന്നതെന്ന് ആക്ഷേപിക്കുകയും ചെയ്തു. 2020-ല്‍ ഡല്‍ഹി തെരഞ്ഞെടുപ്പു പ്രചരണവേളയില്‍ കെജ്‌രിവാള്‍ ഹനുമാന്‍ ചാലിസ ചൊല്ലിയതും തെരഞ്ഞെടുപ്പു വിജയം നേടിയതിനുശേഷം ഹനുമാന്‍ മന്ദിര്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തിയതുമെല്ലാം മാദ്ധ്യമശ്രദ്ധ നേടിയിരുന്നു. കെജ്‌രിവാളിന്റെ ഈ നടപടികള്‍ അന്നും ബി.ജെ.പിയെത്തന്നെയാണ് ആദ്യം പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്. 'ഹനുമാന്‍ സ്വാമി'യുടെ അനുഗ്രഹം കൊണ്ടാണ് ആം ആദ്മി പാര്‍ട്ടിക്ക് ഡല്‍ഹിയില്‍ വിജയിക്കാനായത് എന്നാണ് അന്ന് ബി.ജെ.പി വക്താവ് അവകാശപ്പെട്ടത്; എന്നാല്‍, ആ അനുഗ്രഹം ബി.ജെ.പിക്ക് ഇല്ലാത്തതുകൊണ്ടാണോ ബി.ജെ.പി തോറ്റത് എന്ന ചോദ്യത്തിനു മുന്‍പില്‍ ഉത്തരമില്ലാതെപോയെങ്കിലും.

ആം ആദ്മി പ്രവര്‍ത്തകര്‍
ആം ആദ്മി പ്രവര്‍ത്തകര്‍ AFP photo

ഉത്തരേന്ത്യയില്‍ ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ അതേപടി നേരിടുന്നതില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ ബഹുദൂരം മുന്നേറിയിട്ടുണ്ട് ആം ആദ്മി പാര്‍ട്ടി. കെജ്‌രിവാളിന്റേയും പാര്‍ട്ടിയുടേയും നിലപാടിനെ നിസ്തുല ഹെബ്ബാര്‍ എന്ന രാഷ്ട്രീയ നിരീക്ഷക വിളിക്കുന്നത് 'കോംപിറ്റേറ്റീവ് ഹിന്ദുത്വ' എന്നാണ്. അതേസമയം, ജനക്ഷേമ നിലപാടുകളുള്ള ഗവണ്‍മെന്റുകളാണ് അവ നയിക്കുന്നത് എന്ന പ്രതിച്ഛായയും പാര്‍ട്ടിക്കു ഗുണകരമായിട്ടുണ്ട്. സൗജന്യ വിദ്യാഭ്യാസം, സൗജന്യ വൈദ്യസഹായം, സ്ത്രീകള്‍ക്കും മറ്റ് അവശവിഭാഗങ്ങള്‍ക്കുമുള്ള ഇളവുകള്‍ തുടങ്ങി നിരവധി ക്ഷേമനടപടികള്‍ പാര്‍ട്ടി നയിക്കുന്ന ഗവണ്‍മെന്റുകള്‍ നടപ്പാക്കിപ്പോരുന്നുണ്ട്. അവയെല്ലാം കഴിഞ്ഞ മൂന്നു ദശകമായി നവലിബറല്‍ നയങ്ങള്‍കൊണ്ടു പൊറുതിമുട്ടിയ സാധാരണ മനുഷ്യരുടെ കയ്യടി നേടുന്നതിനു സഹായകമായിട്ടുമുണ്ട്. ഇന്ത്യയുടെ ഭരണസിരാകേന്ദ്രം സ്ഥിതിചെയ്യുന്ന ഡല്‍ഹിയുടെ ഭരണം ആ പാര്‍ട്ടിയാണ് കൈകാര്യം ചെയ്യുന്നത്. ഡല്‍ഹിക്കു പുറമേ പഞ്ചാബ് എന്ന സംസ്ഥാനത്തിന്റെ ഭരണവും അവര്‍ക്കുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ 12 ശതമാനത്തിലധികം വോട്ടും രണ്ട് സീറ്റുകളും നേടിയത് അവര്‍ക്കു ദേശീയ പാര്‍ട്ടി എന്ന പദവിയും നേടിക്കൊടുത്തിട്ടുണ്ട്. ചുരുക്കത്തില്‍, ഒരു 'പൊട്ടന്‍ഷ്യല്‍ എനിമി'യായി ബി.ജെ.പി ആം ആദ്മി പാര്‍ട്ടിയെ കണക്കാക്കുന്നു. അതിന്റെ നേതാവിനെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലേക്കു നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം തുടങ്ങിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റു ചെയ്തതിനു മറ്റൊരു കാരണവും തേടേണ്ടതില്ല. ഇന്ത്യ ഭരിക്കുന്ന ഹിന്ദുത്വകക്ഷി നയിക്കുന്ന മുന്നണിക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന 'ഇന്‍ഡ്യ' മുന്നണിയിലെ ഒരു പ്രബലകക്ഷിയാണ് ആം ആദ്മി പാര്‍ട്ടി. ആം ആദ്മിയും മറ്റൊരു പ്രബലകക്ഷിയായ കോണ്‍ഗ്രസ്സും തമ്മിലൊരു ധാരണ ഈ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ സുസാദ്ധ്യമായിരിക്കുന്നു. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലോക്സഭയിലേക്കു സംഭാവന ചെയ്യുന്ന ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസ്സും തമ്മില്‍ ധാരണയിലെത്തിയിരിക്കുന്നു. നിതീഷിനെ കൂടെ നിര്‍ത്താനായില്ലെങ്കിലും ബിഹാറിലും മഹാഗഡ്ബന്ധന്‍ വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്കു സാദ്ധ്യതയുള്ള കര്‍ണാടകയിലും ഉള്‍പ്പാര്‍ട്ടി ഛിദ്രങ്ങള്‍ വിജയസാദ്ധ്യതയെ ബാധിക്കുമെന്നുറപ്പാണ്. ഈ പശ്ചാത്തലത്തില്‍ എന്‍.ഡി.എക്കെതിരെയുള്ള നീക്കങ്ങളെ രാഷ്ട്രീയമായും സാമ്പത്തികമായും തകര്‍ക്കുക എന്നതാണ് ലക്ഷ്യം.

എന്തായാലും അറസ്റ്റിനെ പ്രതിപക്ഷ കക്ഷികള്‍ക്കെതിരെയുള്ള നീക്കമായി ചിത്രീകരിക്കാനും അത് തെരഞ്ഞെടുപ്പുവിഷയമായി ഉന്നയിക്കാനും ആം ആദ്മി പാര്‍ട്ടി ഉള്‍പ്പെടെയുളള ബി.ജെ.പി വിരുദ്ധ കക്ഷികള്‍ ഒരുമ്പെടുമെന്ന് ഉറപ്പാണ്. പ്രശ്‌നത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം എന്നും അറിയുന്നു. എന്തുതന്നെയായാലും രാജിവെയ്ക്കാന്‍ തയ്യാറില്ലെന്നാണ് കെജ്‌രിവാളിന്റെ പ്രഖ്യാപനം. ജയിലിലിരുന്നു ഭരിക്കും. ആ നിലപാടിനു പിന്തുണയുമായി ബി.ജെ.പി വിരുദ്ധചേരിയും നിലയുറപ്പിച്ചിട്ടുണ്ട്. എന്തായാലും പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പുതിയൊരു പോര്‍മുഖം തുറന്നിരിക്കുകയാണ് ഈ അറസ്റ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com