''എന്താടോ ഞാന്‍ ഉടന്‍ ചത്തുപോവുമെന്ന് വിചാരിച്ചോ...''; ചിരിയോടെ നായനാര്‍ ചോദിച്ചു

ഒന്നാംന്നാം പേജില്‍, 'കണ്ണേ, മടങ്ങുക' എന്ന അടിക്കുറിപ്പോടെ ആ ചിത്രം പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ കേരളം ഇളകിമറിഞ്ഞു. അന്നത്തെ ആരോഗ്യമന്ത്രി വി.സി. കബീര്‍ ആശുപത്രി സന്ദര്‍ശിച്ചു. ആരോഗ്യരംഗത്തെ വലിയ പരിഷ്‌കരണങ്ങള്‍ക്കാണ് അത് വഴിയൊരുക്കിയത്
ജി. ബിനുലാല്‍
ജി. ബിനുലാല്‍

കേരളത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലച്ചതാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഒമ്പതാം വാര്‍ഡിന്റെ ആ ചിത്രം. മാതൃഭൂമി സീനിയര്‍ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫറായി 2022-ല്‍ വിരമിച്ച ജി. ബിനുലാല്‍ ന്യൂസ് ഫോട്ടോഗ്രഫി രംഗത്ത് തന്റേതായ ഇടം നേടിയത് ആ ഒറ്റ ചിത്രത്തോടെയായിരുന്നു. 1988-ല്‍ തുടങ്ങിയ മാധ്യമജീവിതത്തില്‍ അദ്ദേഹത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഫോട്ടോഗ്രാഫറായിരുന്ന അച്ഛന്‍ ഗോപാലകൃഷ്ണന്‍ നായര്‍ക്കു കിട്ടുന്ന ആദരവ് കണ്ടാണ് ഫോട്ടോഗ്രാഫിയില്‍ താല്പര്യം ഉണ്ടാകുന്നത്. അദ്ദേഹത്തിന്റെ റോളിഫ്‌ലക്സ് ക്യാമറയില്‍ പൂച്ചയുടെ പടം എടുത്താണ് തുടക്കം. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വൈ.എം.സി.എയും കേരളകൗമുദിയും ചേര്‍ന്നു നടത്തിയ മത്സരത്തില്‍ ഒന്നാം സമ്മാനം കിട്ടി; അടുത്ത കൊല്ലവും.

കണ്ണേ മടങ്ങുക : ഇതായിരുന്നു തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ കുപ്രസിദ്ധമായ ആ ഒമ്പതാം വാർഡ് (2000)
കണ്ണേ മടങ്ങുക : ഇതായിരുന്നു തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ കുപ്രസിദ്ധമായ ആ ഒമ്പതാം വാർഡ് (2000)ഫോട്ടോ :ജി.ബിനുലാല്‍

അച്ഛന് കോഴിക്കോട്ടേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോള്‍, അവിടെ കോളേജില്‍ ഡിഗ്രിക്ക് അഡ്മിഷന്‍ കിട്ടിയില്ല. ഐ.ടി.ഐയില്‍ സിവില്‍ എന്‍ജിനീയറിങ്ങ് പഠിച്ചു. പിന്നെ കറസ്പോണ്ടന്‍സ് കോഴ്സിനു ചേര്‍ന്നു. നാഷണല്‍ ഹൈവേയില്‍ ഓവര്‍സിയറായി ജോലി കിട്ടിയെങ്കിലും ഫോട്ടോഗ്രാഫറാകണമെന്ന ആഗ്രഹം കാരണം പോയില്ല. അച്ഛന്റെ ഒരു സുഹൃത്ത് നടത്തുന്ന ആശ സ്റ്റുഡിയോയില്‍ പോയി ഫോട്ടോഗ്രാഫിയും പഠിച്ചു. അവിടെ വിവിധ പത്രങ്ങള്‍ക്കുവേണ്ടി പടങ്ങള്‍ എടുക്കാനുള്ള അവസരം കിട്ടി. അങ്ങനെയായിരുന്നു തുടക്കം. 1987-ല്‍ കേരള സന്ദര്‍ശനം കഴിഞ്ഞ് രാഷ്ട്രപതി ഗ്യാനി സെയില്‍ സിങ്ങ് കോഴിക്കോട് വെസ്റ്റ് ഹില്‍ മൈതാനത്തെ ഹെലിപാഡില്‍നിന്നു പുറപ്പെട്ടപ്പോള്‍ രാഷ്ട്രപതിക്കായി ഒരുക്കിയ ചുവന്ന പരവതാനി ഉദ്യോഗസ്ഥര്‍ ചുരുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടു. അതിന്റെ ചിത്രങ്ങള്‍ എടുത്തു. 'ദ ഹിന്ദു'വിന്റെ ഫോട്ടോഗ്രാഫറായാണ് പോയതെങ്കിലും ആ ചിത്രങ്ങള്‍ അവര്‍ പ്രസിദ്ധീകരിച്ചില്ല. ബ്യൂറോ ചീഫിന്റെ അനുവാദത്തോടെ അവയുമായി മാതൃഭൂമിയിലെത്തി വി. രാജഗോപാലിനെ കണ്ടു. അദ്ദേഹം വളരെ പ്രാധാന്യത്തോടെ അത് പത്രത്തില്‍ കൊടുത്തു.

ആ വര്‍ഷം തന്നെ മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രാഫര്‍മാരെ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. എഴുത്ത്, പ്രാക്ടിക്കല്‍ പരീക്ഷകളും അഭിമുഖവും നടത്തി അവര്‍ ഫോട്ടോഗ്രാഫര്‍മാരെ തെരഞ്ഞെടുത്തത് അതാദ്യമായിരുന്നു. കൊച്ചിയില്‍ നടത്തിയ പ്രായോഗിക പരീക്ഷയില്‍ അഞ്ചു വിഷയങ്ങളില്‍നിന്ന് മൂന്നെണ്ണത്തെ ആസ്പദമാക്കി മൂന്ന് മണിക്കൂറിനകം അഞ്ചു ചിത്രങ്ങളെടുത്ത്, ഓഫീസില്‍ കൊണ്ടുവന്ന് പ്രോസസ് ചെയ്ത് പ്രിന്റ് എടുത്ത്, അടിക്കുറിപ്പ് സഹിതം നല്‍കി. ബിനുലാലിനൊപ്പം വി.എസ്. ഷൈനും നിയമിക്കപ്പെട്ടു.

''ട്രെയിനിങ്ങ് കാലത്ത് ആദ്യം 650 രൂപയായിരുന്നു സ്‌റ്റൈപ്പന്റ്. സ്റ്റുഡിയോയില്‍നിന്ന് നല്ല പ്രതിഫലം കിട്ടുന്ന കാലത്ത്, കുറഞ്ഞ ശമ്പളത്തില്‍ എന്തിന് പത്രത്തില്‍ പോകുന്നു എന്ന് ചോദിച്ചവരുണ്ടായിരുന്നു.'' തിരുവനന്തപുരം ബ്യൂറോയില്‍ അന്ന് എം.എം. വര്‍ഗ്ഗീസായിരുന്നു, ചീഫ്. കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍.ഡി.എഫ് നടത്തിയ ട്രെയിന്‍ സമരത്തിന്റെ ഫോട്ടോയാണ് ആദ്യമായി എടുത്തത്. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ടിനോടനുബന്ധിച്ച്, തടിയില്‍ തീര്‍ത്ത പഞ്ചപാണ്ഡവരുടെ വിഗ്രഹം വച്ചുകെട്ടുന്ന ചടങ്ങിന്റെ ഫോട്ടോയ്ക്ക് ആദ്യമായി ബൈലൈന്‍ കിട്ടി.

ജി. ബിനുലാല്‍
'പൊലീസ് ക്യാമറ തല്ലിപ്പൊട്ടിച്ചു, ഓഫീസിലെത്തിയപ്പോള്‍ കിട്ടിയത് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ്'
ഹർഷബാഷ്പം തൂകി...

ആദ്യ ‘സ്വരലയ’പുരസ്കാരം യേശുദാസിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം പി.ജയചന്ദ്രൻ.വേദിയിൽ ഒപ്പം, മുഖ്യമന്ത്രി ഇ.കെ നായനാർ,മമ്മൂട്ടി,ജയറാം
ഹർഷബാഷ്പം തൂകി... ആദ്യ ‘സ്വരലയ’പുരസ്കാരം യേശുദാസിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം പി.ജയചന്ദ്രൻ.വേദിയിൽ ഒപ്പം, മുഖ്യമന്ത്രി ഇ.കെ നായനാർ,മമ്മൂട്ടി,ജയറാംഫോട്ടോ :ജി.ബിനുലാല്‍

1992-ല്‍ ചെന്നൈയില്‍ നടന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഫോട്ടോയെടുക്കാന്‍ ബിനുലാല്‍ നിയോഗിക്കപ്പെട്ടു. കോഴിക്കോട് നിന്ന് ട്രെയിനില്‍ കയറിയപ്പോള്‍, ഫസ്റ്റ് ക്ലാസ്സ് കംപാര്‍ട്ട്‌മെന്റില്‍ ഒപ്പം പിണറായി വിജയനുണ്ടായിരുന്നു. വളരെ സ്നേഹത്തോടെ വീട്ടുകാര്യങ്ങളൊക്കെ തിരക്കി..

പൊന്മുടിയില്‍ ഹെലികോപ്റ്റര്‍ അപകടമുണ്ടായതറിഞ്ഞ് റിപ്പോര്‍ട്ടര്‍ ആര്‍.കെ. കുമാറിനൊപ്പം അവിടേയ്ക്ക് പോയതാണ് മറ്റൊരു അനുഭവം. തീപിടിച്ച ഹെലികോപ്റ്ററിനടുത്തേക്ക് പോകാന്‍ ഒരു ആദിവാസി ബാലന്‍ വഴികാട്ടിയായി. കാട്ടിലൂടെ ഒരു മണിക്കൂറോളം നടന്ന് അവിടെയെത്തി ചിത്രങ്ങളെടുത്തു. മറ്റൊരു വഴിയിലൂടെ ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും വൈകി.

35 വര്‍ഷത്തെ ഫോട്ടോഗ്രഫി അനുഭവങ്ങളില്‍ ഏറ്റവും അവിസ്മരണീയമായ ചിലത് അദ്ദേഹം വിവരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കായി ആഹാരവും വസ്ത്രവും വിതരണം ചെയ്യാന്‍ 2000-ലെ രാജീവ് ഗാന്ധി സദ്ഭാവന ദിനത്തില്‍ ഒരു സന്നദ്ധസംഘടന ഒരുക്കിയ പരിപാടിക്ക് അവിടെ എത്തി. മറ്റു പത്രങ്ങളിലെ ഫോട്ടോഗ്രാഫര്‍മാരും ഉണ്ടായിരുന്നു. അനാഥരായ രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന ഒന്‍പതാം വാര്‍ഡിന്റെ ദുരവസ്ഥയെക്കുറിച്ച് നേരത്തെ കേട്ടിരുന്നു. പക്ഷേ, അവിടേക്ക് മാധ്യമപ്രവര്‍ത്തകരെ ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ചടങ്ങിനിടയില്‍ അതിനകത്ത് കയറി. മാലിന്യങ്ങള്‍ക്കു നടുവില്‍ വസ്ത്രം പോലുമില്ലാതെയാണ് വൃദ്ധരായ രോഗികള്‍ അവിടെ കിടന്നിരുന്നത്. പെട്ടെന്ന് രണ്ട് സ്നാപ് എടുത്തു. അപ്പോഴേക്കും സെക്യൂരിറ്റി ജീവനക്കാര്‍ ഓടിവന്ന് തടഞ്ഞു. ഫിലിം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അവിടെയുണ്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രക്ഷിച്ചത്.

തിരുവനന്തപുരം പൂജപ്പുരയിലെ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിൽ ചികിൽസക്കെത്തിയ സി.പി.എം നേതാവ് ഹർകിഷൻ സിങ്ങ് സൂർജിത്.
തിരുവനന്തപുരം പൂജപ്പുരയിലെ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിൽ ചികിൽസക്കെത്തിയ സി.പി.എം നേതാവ് ഹർകിഷൻ സിങ്ങ് സൂർജിത്.ഫോട്ടോ :ജി.ബിനുലാല്‍

അന്ന് മാതൃഭൂമിയുടെ എഡിറ്റര്‍ കെ. ഗോപാലകൃഷ്ണനായിരുന്നു. ഒന്നാം പേജില്‍, 'കണ്ണേ, മടങ്ങുക' എന്ന അടിക്കുറിപ്പോടെ അത് പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ കേരളം ഇളകിമറിഞ്ഞു. അന്നത്തെ ആരോഗ്യമന്ത്രി വി.സി. കബീര്‍ ആശുപത്രി സന്ദര്‍ശിച്ചു. ആരോഗ്യരംഗത്തെ വലിയ പരിഷ്‌കരണങ്ങള്‍ക്കാണ് അത് വഴിയൊരുക്കിയത്. അമേരിക്കയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒന്‍പതാം വാര്‍ഡില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാമ്പത്തികസഹായം ചെയ്തു. ഒരു സന്നദ്ധസംഘടന വാര്‍ഡില്‍ അഞ്ചു ഹോം നേഴ്സുമാരെ നിയമിച്ചു. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ഈ ചിത്രം യു.ഡി.എഫ് പ്രചാരണായുധമായും ഉപയോഗിച്ചു. ഒട്ടേറെ പുരസ്‌കാരങ്ങള്‍ ചിത്രത്തിനു ലഭിച്ചു. 'അതാണെന്റെ മാസ്റ്റര്‍പീസ്.'

പിന്നീട് ആശുപത്രി സന്ദര്‍ശിച്ച്, മാറിയ ഒന്‍പതാം വാര്‍ഡിന്റെ ചിത്രങ്ങളും എടുത്തു. മാതൃഭൂമി തുടര്‍ റിപ്പോര്‍ട്ടും നല്‍കി.

കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറായിരുന്ന ഡോ. ജെ.വി. വിളനിലത്തിനെതിരായ എസ്.എഫ്.ഐയുടെ സമരം അക്രമത്തിലേക്ക് തിരിഞ്ഞപ്പോള്‍, മ്യൂസിയം പൊലീസ് സ്റ്റേഷനിലെ എസ്.ഐയെ ഒരു നേതാവ് കടിക്കുന്ന ചിത്രം കിട്ടി. അത് നിയമവിദ്യാര്‍ത്ഥിയായിരുന്ന ബി. സത്യനായിരുന്നു (അദ്ദേഹം പില്‍ക്കാലത്ത് എം.എല്‍.എ ആയി). അത് അടുത്ത ദിവസം പത്രത്തില്‍ അച്ചടിച്ചു വന്നപ്പോള്‍ എസ്.ഐ വിളിച്ചു. തന്റെ പരിക്ക് ബഹളത്തിനിടയില്‍ പറ്റിയതല്ല, നേതാവ് കടിച്ചതാണെന്ന് അയാള്‍ അറിഞ്ഞത് ആ ഫോട്ടോ കണ്ടപ്പോള്‍ മാത്രമായിരുന്നു! ''ആ ചിത്രത്തോടെ സത്യന് ഒരു ഇരട്ടപ്പേരു കിട്ടി. അതില്‍ പരിഭവിച്ച് അദ്ദേഹം കുറേക്കാലം മിണ്ടാതെ, പിണങ്ങിനടന്നു.''

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നായനാരെക്കുറിച്ചുള്ള രസകരമായൊരു അനുഭവവും ബിനുലാല്‍ പങ്കുവച്ചു. ശംഖുംമുഖത്ത് നടന്ന ഒരു പാര്‍ട്ടി യോഗത്തിനെത്തിയ അദ്ദേഹത്തിന്റെ ധാരാളം ഫോട്ടോകളെടുത്തു. അത്തരം ചിത്രങ്ങള്‍ നെഗറ്റീവ് സഹിതം ലൈബ്രറിയില്‍ സൂക്ഷിച്ചുവയ്ക്കും. ഞാന്‍ പടമെടുക്കുന്നത് ശ്രദ്ധിച്ച അദ്ദേഹം എന്നെ വിളിച്ച് ഏതു പത്രത്തിലാണെന്നു ചോദിച്ചു: ''എന്താടോ ഞാന്‍ ഉടന്‍ ചത്തുപോവുമെന്ന് വിചാരിച്ചോ... ഇത്രേം ഫിലിമൊക്കെ നെനക്കവര്‍ വാങ്ങിത്തരുമോ... ഞാന്‍ വീരനെ കാണുമ്പോള്‍ പറയുന്നുണ്ട്!''

കാലിടറരുത്:ട്രെഡ്മില്ലിൽ കാൽ വഴുതി വീഴുന്ന എ.കെ.ആന്റണിയെ രക്ഷിക്കുന്ന കെ.എം.മാണി, പി.പി. ജോർജ്ജ്, എം.എം.ഹസൻ, വക്കം പുരുഷോത്തമൻ
കാലിടറരുത്:ട്രെഡ്മില്ലിൽ കാൽ വഴുതി വീഴുന്ന എ.കെ.ആന്റണിയെ രക്ഷിക്കുന്ന കെ.എം.മാണി, പി.പി. ജോർജ്ജ്, എം.എം.ഹസൻ, വക്കം പുരുഷോത്തമൻഫോട്ടോ :ജി.ബിനുലാല്‍

പെരുമണ്‍ തീവണ്ടി ദുരന്തവാര്‍ത്ത അറിഞ്ഞ ഉടന്‍ ക്യാമറയുമായി അവിടെയെത്തി. ഒരാഴ്ച കൊല്ലത്തെ റിപ്പോര്‍ട്ടറുടെ വീട്ടില്‍ താമസിച്ചാണ് പടങ്ങള്‍ എടുത്തത്. ഹൃദയഭേദകമായിരുന്നു, ആ കാഴ്ചകള്‍. കുട്ടികളുടെ മൃതദേഹങ്ങള്‍ വള്ളത്തില്‍ കിടത്തി മഹസ്സര്‍ എഴുതുന്നത് കണ്ടു.

തിരുവനന്തപുരം എം.എല്‍.എ ഹോസ്റ്റലിലെ ആരോഗ്യസംവിധാനം ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോള്‍ എ.കെ. ആന്റണി മറിഞ്ഞുവീഴുന്ന അപൂര്‍വ്വ ചിത്രം യാദൃച്ഛികമായി കിട്ടിയതാണ്. ട്രെഡ്മില്ലില്‍ കാലെടുത്തു വച്ചപ്പോള്‍ തന്നെ ആരോ സ്വിച്ചിട്ടു. വീഴാതിരിക്കാന്‍ കെ.എം. മാണിയും കൂടെ ഉള്ളവരും അദ്ദേഹത്തെ താങ്ങിപ്പിടിച്ചു.

സി.പി.എമ്മില്‍ പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കുന്ന കാലം. അത് കണ്ണൂരില്‍ സംഘര്‍ഷത്തിലെത്തിയ നാളുകളില്‍ തിരുവനന്തപുരത്ത് സെനറ്റ് ഹാളില്‍ നടന്ന ഒരു പാര്‍ട്ടി സമ്മേളനത്തിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ പോയി. തൊട്ടടുത്ത കസേരകളില്‍ ഇരുന്ന് പിണറായിയും വി.എസും ലോഹ്യം പറയുന്ന അപൂര്‍വ്വമായ ചിത്രം കിട്ടി.

തിരുവനന്തപുരത്ത് എ. ഗ്രൂപ്പുകാരുടെ അക്രമത്തിൽ നിന്ന് ലീഡറെ രക്ഷിച്ചു കൊണ്ടുപോകുന്നു
തിരുവനന്തപുരത്ത് എ. ഗ്രൂപ്പുകാരുടെ അക്രമത്തിൽ നിന്ന് ലീഡറെ രക്ഷിച്ചു കൊണ്ടുപോകുന്നുഫോട്ടോ :ജി.ബിനുലാല്‍++

കോണ്‍ഗ്രസ് ഐ, എ ഗ്രൂപ്പുകള്‍ എതിര്‍ചേരിയിലായിരുന്ന കാലത്ത് ഒരു ധര്‍ണ്ണ ഉദ്ഘാടനം ചെയ്യാന്‍ സെക്രട്ടറിയേറ്റിനു മുന്നിലെത്തിയ കെ. കരുണാകരനെ എതിരാളികളുടെ അക്രമത്തില്‍ നിന്ന് രക്ഷിച്ചുകൊണ്ടുപോകുന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ന്യൂസ് ഫോട്ടോഗ്രഫിയുടെ ഭാവിയില്‍ ആശങ്കയുണ്ട് ബിനുലാലിന്. ''പത്രങ്ങളിലെ ഫോട്ടോ ഡിസ്‌പ്ലേ ചുരുങ്ങിവരുകയാണ്. ഇപ്പോള്‍ എല്ലാവരും ഫോട്ടോഗ്രാഫര്‍മാരാണ്. അതുകൊണ്ടുതന്നെ വാര്‍ത്താഫോട്ടോഗ്രാഫര്‍മാര്‍ക്ക് വലിയ വിലയില്ല. അവര്‍ കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്.'' വ്യത്യസ്തമായ ചിത്രങ്ങള്‍ക്കേ ശ്രദ്ധ നേടാന്‍ കഴിയൂ. ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുള്ളവരായിരിക്കണം. അവര്‍ എന്നും സ്വയം നവീകരിച്ചുകൊണ്ടിരിക്കണമെന്നും ജി. ബിനുലാല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com