ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കള്‍ തഴയപ്പെടുമ്പോള്‍

ശിവരാജ് ചൗഹാന്‍, വസുന്ധര രാജെ, രമണ്‍ സിങ്, സുശീല്‍കുമാര്‍ മോദി...നേതാവ് എന്ന നിലയില്‍ പ്രാപ്തിയും കഴിവും തെളിയിച്ചവര്‍.
ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കള്‍ തഴയപ്പെടുമ്പോള്‍



ശിവരാജ് ചൗഹാന്‍, വസുന്ധര രാജെ, രമണ്‍ സിങ്, സുശീല്‍കുമാര്‍ മോദി...നേതാവ് എന്ന നിലയില്‍ പ്രാപ്തിയും കഴിവും തെളിയിച്ചവര്‍. മോദി-ഷാ കൂട്ടുകെട്ട് പാര്‍ട്ടിക്കകത്ത് നിശ്ചയിച്ച വിരമിക്കല്‍ പ്രായം 75 വയസ്സിനേക്കാള്‍ കുറവായിട്ടും ഈ പ്രമുഖ നേതാക്കളൊക്കെ പാര്‍ട്ടിയില്‍ അരികുവല്‍ക്കരിക്കപ്പെട്ടു. ഇവര്‍ക്കൊക്കെ പ്രായം മോദിയെക്കാള്‍ കുറവ്. പകിട്ടിലും പാരമ്പര്യത്തിലും ഒട്ടും പിന്നിലല്ലതാനും. ബിഹാറില്‍, 2020-ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അത്ര അറിയപ്പെടാത്ത, പ്രശസ്തരല്ലാത്ത തര്‍ക്കിഷോര്‍ പ്രസാദിനേയും രേണു ഖുഷ് വാലയേയുമാണ് മന്ത്രിസഭയില്‍ ബി.ജെ.പി ഉള്‍പ്പെടുത്തിയത്. അതേപോലെത്തന്നെയാണ് ഇത്തവണ മധ്യപ്രദേശില്‍ മോഹന്‍ യാദവിനേയും രാജസ്ഥാനില്‍ ആദ്യമായി എം.എല്‍.എയാകുന്ന ഭജന്‍ലാല്‍ ശര്‍മ്മയേയും പാര്‍ട്ടി മുഖ്യമന്ത്രിയാക്കിയത്. ചൗഹാനും വസുന്ധരയും ഒഴിവാക്കപ്പെട്ടു. അദ്വാനിയെ അരികിലിരുത്തി മോദി പ്രധാനമന്ത്രിപദത്തിലെത്തിയ അതേ തലമുറമാറ്റം തന്നെയാണ് ഇപ്പോഴും  നടപ്പിലാകുന്നത്. സംസ്ഥാനത്തെ പ്രബല നേതാക്കന്മാരെ തഴഞ്ഞ് നോമിനികളെ കുടിയിരുത്തുന്ന തലമുറ മാറ്റത്തിന്റെ പേരില്‍ പാര്‍ട്ടിയിലും തന്റെ അപ്രമാദിത്യം അരക്കിട്ടുറപ്പിക്കുകയാണ് മോദിയും അമിത്ഷായും.  

ശിവരാജ് ചൗഹാന്‍
അപ്രസക്തനാകുമോ?

പതിനാറര വര്‍ഷമാണ് ശിവരാജ് ചൗഹാന്‍ മധ്യപ്രദേശിലെ മുഖ്യമന്ത്രി കസേരയിലിരുന്നത്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന, കാര്യപ്രാപ്തിയുള്ള നേതാവും അദ്ദേഹം തന്നെ. ഉത്തരേന്ത്യയിലെ ബി.ജെ.പിയുടെ എണ്ണം പറഞ്ഞ ഒ.ബി.സി നേതാക്കളിലൊരാള്‍. എന്നിട്ടും ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യനാളുകളില്‍ ബി.ജെ.പി അദ്ദേഹത്തെ മാറ്റിനിര്‍ത്തി. ഈ നീരസം കാണിക്കാതെ പ്രചരണത്തില്‍ സജീവമായി വീണ്ടും സ്വന്തം പാര്‍ട്ടിയെ അധികാരത്തിലേറ്റുകയും ചെയ്തു.  അഞ്ചാം തവണയും അദ്ദേഹത്തിന് മുഖ്യമന്ത്രി കസേര ലഭിക്കില്ലെന്ന് ഉറപ്പായിരുന്നു. വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്നില്ലെങ്കിലും ആ സ്ഥാനം താന്‍ അര്‍ഹിച്ചിരുന്നുവെന്ന് അദ്ദേഹം മനസ്സിലെങ്കിലും കണ്ടിരുന്നിരിക്കണം. 

ശിവരാജ് സിങ് ചൗഹാന്‍
ശിവരാജ് സിങ് ചൗഹാന്‍


മധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ ഒരു കര്‍ഷക കുടുംബത്തിലാണ് ചൗഹാന്റെ ജനനം. ആര്‍.എസ്.എസിലൂടെയാണ് പൊതുരംഗത്ത് പ്രവര്‍ത്തനം തുടങ്ങിയത്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ എ.ബി.വി.പിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം 1991-ല്‍ വിദിശ മണ്ഡലത്തിലാണ് ആദ്യമായി വിജയിക്കുന്നത്. പിന്നീട് മൂന്നു തവണ കൂടെ അദ്ദേഹം ഇവിടെനിന്നു വിജയിച്ചു. ശേഷം ചൗഹാന്റെ നോട്ടം ദേശീയ രാഷ്ട്രീയത്തിലേക്കായി. എം.പിയായിരിക്കെയാണ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് അദ്ദേഹം എത്തുന്നത്. അതോടെ, വീണ്ടും സംസ്ഥാനത്തേക്കെത്തി. 
2003-ല്‍ ദിഗ്വിജയ് സിങ്ങിന്റെ കോണ്‍ഗ്രസ് മന്ത്രിസഭയെ അട്ടിമറിച്ച് അധികാരത്തി ലെത്തിയ ഉമാഭാരതിക്ക് ഒരു വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രിപദം രാജി വയ്ക്കേണ്ടിവന്നു. മറ്റൊരു മുതിര്‍ന്ന നേതാവായ ബാബുലാല്‍ ഗൗര്‍ ഈ സ്ഥാനത്തെത്തിയെങ്കിലും ആഭ്യന്തരപ്രശ്നങ്ങള്‍ പാര്‍ട്ടിയില്‍ രൂക്ഷമായതോടെ ഒരു വര്‍ഷത്തിനുള്ളില്‍ ഗൗറിനും സ്ഥാനമൊഴിയേണ്ടിവന്നു. ഇതോടെയാണ് ഒത്തുതീര്‍പ്പ് എന്ന നിലയില്‍ ചൗഹാന്‍ രംഗത്തെത്തുന്നത്. അങ്ങനെ 2005-ല്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിപ്പുറപ്പിച്ച ചൗഹാന് കഴിഞ്ഞ 18 വര്‍ഷത്തിനിടെ ആ കസേരയില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്നത് 2018 മുതലുള്ള 15 മാസങ്ങളില്‍ മാത്രമാണ്. പക്ഷേ, ഇത്തവണ ഒത്തുതീര്‍പ്പെന്ന രീതിയിലല്ല ഭജന്‍ലാല്‍ ശര്‍മ്മ വരുന്നതെന്ന വ്യത്യാസമുണ്ട്.

 
വാജ്പേയി-അദ്വാനി കാലഘട്ടത്തില്‍നിന്ന് മോദി-ഷാ കാലത്തിലേക്കെത്തുമ്പോള്‍ ആ കൂട്ടുകെട്ടിനൊപ്പം നില്‍ക്കാന്‍ ചൗഹാന്‍ ശ്രദ്ധിച്ചിരുന്നു. 2020-ല്‍ ഭരണം 'തിരികെപ്പിടിച്ച്' കേന്ദ്ര നേതൃത്വം ചൗഹാനെ മുഖ്യമന്ത്രിപദമേല്പിച്ചു. അന്നുതന്നെ അദ്ദേഹത്തിന് അതിന്റെ 'റിസ്‌ക്'  മനസ്സിലായിരുന്നു. പാര്‍ട്ടിയിലോ ഭരണത്തിലോ മുന്‍പ് ഉണ്ടായിരുന്ന ആധിപത്യം അന്നുമുതല്‍ അദ്ദേഹത്തിന് ഇല്ലാതായി. ഇത്തവണ തെരഞ്ഞെടുപ്പിനു മുന്‍പേ കാര്യങ്ങള്‍ ഏറെക്കുറെ ഉറപ്പായിരുന്നു. സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ വി.ഡി. ശര്‍മയും ചൗഹാനും തമ്മിലുള്ള ഭിന്നത അത് കൂടുതല്‍ ഉറപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നും കോണ്‍ഗ്രസ് നാള്‍ക്കുനാള്‍ ശക്തിയാര്‍ജ്ജിച്ചു വരികയാണെന്നും ബി.ജെ.പി നേതൃത്വത്തിനു വ്യക്തമായി. ഇതോടെ ചൗഹാനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്നു തന്നെയായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. കൂട്ടായ നേതൃത്വം, മോദിയുടെ പേരില്‍ വോട്ടഭ്യര്‍ത്ഥന എന്ന തീരുമാനത്തെ ചൗഹാനും എതിര്‍ത്തില്ല. എതിര്‍ക്കാന്‍ മറ്റ് വഴികളില്ല  എന്നു പറയുന്നതാകും ശരി. 


2009-ല്‍ യു.പി.എ ഭരണം നിലനിര്‍ത്തി. എല്‍.കെ. അദ്വാനിയുടെ പ്രധാനമന്ത്രിപദ മോഹം ഇല്ലാതായതോടെ മറ്റൊരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കായുള്ള അന്വേഷണം ബി.ജെ.പി ആരംഭിക്കുന്നത്. കേശുഭായ് പട്ടേലിനു പകരം നരേന്ദ്ര മോദി ഗുജറാത്തിലും ബാബു ലാല്‍ ഗൗറിനു പകരം ശിവരാജ് സിങ് ചൗഹാന്‍ മധ്യപ്രദേശിലും മുഖ്യമന്ത്രിയായതിനു ശേഷം തുടര്‍ച്ചയായ വിജയങ്ങളായിരുന്നു ഇരു സംസ്ഥാനങ്ങളിലും. ഇരുവരും മുഖ്യമന്ത്രിമാരായി തുടരുകയും ചെയ്തു. ഇതില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അദ്വാനിയുടെ പിന്തുണ ശിവരാജ് സിങ് ചൗഹാനായിരുന്നു.

ലാളിത്യമുള്ള, അത്ര തീവ്രമല്ലാത്ത, എല്ലാവരേയും ഉള്‍ക്കൊള്ളണമെന്ന് പറയുന്ന ചൗഹാന് പക്ഷേ, നറുക്ക് വീണില്ല. ന്യൂനപക്ഷ സമുദായങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കുന്നതാവാം ഒരുപക്ഷേ, കാരണം. മികച്ച ഭരണാധികാരിയെന്ന പേരുണ്ടായിട്ടും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി തെരഞ്ഞെടുത്തത് മോദിയെയാണ്. അന്നു മുതലാണ് കെട്ടിലും മട്ടിലും ബി.ജെ.പിയുടെ ഭാവവും രൂപവും മാറിയത്. മോദി-ഷാ കൂട്ടുകെട്ടിലൂടെ ബി.ജെ.പി തുടര്‍ച്ചയായി വിജയങ്ങള്‍ കൊയ്തു. ഏതാണ്ട് ഉത്തരേന്ത്യ മുഴുവന്‍ പിടിച്ചടക്കുകയും ചെയ്തു. 


2013 വരെ മോദിയും ചൗഹാനും ബി.ജെ.പിയുടെ മുഖ്യമന്ത്രിമാര്‍ എന്ന നിലയില്‍ തുല്യരായിരുന്നു. എന്നാല്‍ അവിടെനിന്ന് 10 വര്‍ഷം കഴിയുമ്പോള്‍ പാര്‍ട്ടിയില്‍ ഒറ്റസ്വരമേയുള്ളൂ. അത് മോദിയുടേതാണ്, ബി.ജെ.പിയുടെ ഉന്നതാധികാര സമിതിയായ പാര്‍ലമെന്ററി ബോര്‍ഡില്‍ അംഗങ്ങളായിരുന്ന ചൗഹാനേയും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയേയും 2022 ഓഗസ്റ്റില്‍ ഒഴിവാക്കിയിരുന്നു. ചൗഹാന്റെ പടിയിറക്കത്തിന്റെ തുടക്കമായിരുന്നു ഇത്.

ശിവരാജ് സിങ് ചൗഹാന്‍ പ്രചരണത്തിനിടയില്‍
ശിവരാജ് സിങ് ചൗഹാന്‍ പ്രചരണത്തിനിടയില്‍


2018-ല്‍ മധ്യപ്രദേശില്‍ ബി.ജെ.പി പരാജയപ്പെട്ടപ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യ 22 എം. എല്‍.എമാരുമായി ബി.ജെ.പിയിലേക്കെത്തി. ഇതോടെ കമല്‍നാഥ് മന്ത്രിസഭ വീണു. ഭരണം ബി.ജെ.പിക്കു കിട്ടി. അന്ന്, എല്ലാ വിഭാഗങ്ങളേയും കൂട്ടി യോജിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ ചൗഹാനല്ലാതെ മറ്റൊരു വഴി പാര്‍ട്ടി നേതൃത്വത്തിനില്ലായിരുന്നു. ഒ.ബി.സി വിഭാഗങ്ങളെ തൃപ്തിപ്പെടുത്തേണ്ടതും ബി.ജെ.പിക്ക് ആവശ്യമായിരുന്നു. എന്നാല്‍, ഇന്നങ്ങനെയല്ല സ്ഥിതി.  ചൗഹാനു പകരം ആളെ കണ്ടെത്താമെന്ന ആത്മവിശ്വാസം ഇന്ന് മോദിക്കും കൂട്ടര്‍ക്കുമുണ്ട്. 
എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പൂര്‍ണ്ണമായും ചൗഹാനെ തഴയാന്‍ മോദി-ഷാ കൂട്ടുകെട്ട് തയ്യാറുമല്ല. ബി.ജെ.പിയുടെ ഏറ്റവും വലിയ ഒ.ബി.സി നേതാക്കളിലൊരാളായ ചൗഹാനെ മാറ്റിനിര്‍ത്തുന്നത് തിരിച്ചടിയാകുമെന്ന് അവര്‍ കരുതുന്നു.  അഞ്ചു തവണ എം.പി, 4 വട്ടം മുഖ്യമന്ത്രിയായ മറ്റാരും തന്നെ ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിലില്ല.  വസുന്ധരയേയോ രമണ്‍സിങ്ങിനേയോ ഒഴിവാക്കിയതു പോലെ ചൗഹാനെ ബി.ജെ.പി തഴയില്ലെന്നു കരുതാം. ചൗഹാന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആറാം വട്ടവും മത്സരത്തിനിറക്കി ദേശീയ നേതൃത്വത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം. 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 29 മണ്ഡലങ്ങളിലും ബി.ജെ.പിയെ വിജയിപ്പിക്കുക എന്നതാണ് ഇനി തന്റെ ലക്ഷ്യമെന്ന് അദ്ദേഹവും പറഞ്ഞിട്ടുണ്ട്.

വസുന്ധരയില്ലാത്ത
രാജസ്ഥാന്‍ 

ഇത്തവണ ഏറെ ദിവസത്തെ അനിശ്ചിതത്വത്തിനു ശേഷമാണ് രാജസ്ഥാനില്‍ മുഖ്യമന്ത്രിയെ തീരുമാനിച്ചത്. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ തഴഞ്ഞ് ആ സ്ഥാനത്തേക്കെത്തിയത് ഭജന്‍ലാല്‍ ശര്‍മ. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ശര്‍മ ഇതാദ്യമായാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. സാംഗനേറില്‍നിന്നു ജയിച്ച അദ്ദേഹത്തെ ബ്രാഹ്മണ വിഭാഗത്തിനു പരിഗണന നല്‍കിയാണ് മുഖ്യമന്ത്രിയാക്കിയതെന്ന് പാര്‍ട്ടി പറയുന്നു. മധ്യപ്രദേശിലെപ്പോലെത്തന്നെ രാജസ്ഥാനിലും  ഇത്തവണ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ല. പാര്‍ട്ടിയിലെ അസ്വാരസ്യങ്ങള്‍ ഇല്ലാതാക്കാനായിരുന്നു ഈ തന്ത്രം.

വസുന്ധര രാജെ
വസുന്ധര രാജെ


രണ്ടു പതിറ്റാണ്ടോളമായി രാജസ്ഥാനില്‍ ബി.ജെ.പിയുടെ മുഖമാണ് എഴുപതുകാരിയായ വസുന്ധര രാജെ. രാജസ്ഥാന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായ അവര്‍ അഞ്ചു തവണ പാര്‍ലമെന്റംഗമായി. നിലവില്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റുമാണ്. എന്നാല്‍, മോദി-ഷാ കൂട്ടുകെട്ടിന് വസുന്ധരയെ അത്ര താല്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.  കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തോല്‍വിക്കുശേഷം പാര്‍ട്ടിയുമായി അവര്‍ അകല്‍ച്ചയിലുമായിരുന്നു. പ്രധാനപ്പെട്ട പാര്‍ട്ടി യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല. 
ഇത്തവണ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാട്ടണമെന്ന് ആവശ്യം ഉയര്‍ന്നു. അവഗണിക്കുന്നുവെന്നു തോന്നിയപ്പോള്‍ രാഷ്ട്രീയത്തില്‍നിന്നു വിരമിക്കാന്‍ സമയമായെന്ന് അവര്‍ പ്രസ്താവനയിറക്കി. വിട്ടുവീഴ്ചയ്ക്ക് വസുന്ധര ഒരുക്കമല്ലെന്നു  വന്നതോടെ അനുനയത്തിന്റെ പാതയില്‍ കേന്ദ്രനേതൃത്വമെത്തി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചില്ലെങ്കിലും അവരുടെ വിശ്വസ്തര്‍ക്കു മത്സരിക്കാന്‍ അവസരം നല്‍കി ദേശീയനേതൃത്വം പ്രശ്നം പരിഹരിച്ചു. 
വസുന്ധരയെപ്പോലൊരു മാസ് ലീഡറിനെ കണ്ടെത്താന്‍ ഇന്നും ബി.ജെ.പിക്കു കഴിഞ്ഞിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. ചൗഹാനെപ്പോലെത്തന്നെ വാജ്പേയ്-അദ്വാനി 'തലമുറ'യില്‍പ്പെട്ടയാളാണ് വസുന്ധരയും. നാലു പതിറ്റാണ്ട് നീളുന്ന രാഷ്ട്രീയ പരിചയം, രണ്ട് തവണ മുഖ്യമന്ത്രി...


കോണ്‍ഗ്രസ്സിലൂടെയാണ് വസുന്ധര രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് കടുത്ത കോണ്‍ഗ്രസ് വിരോധിയുമായി. അമ്മ വിജയരാജെ സിന്ധ്യയുടെ പാത പിന്‍പറ്റി 1984-ലാണ് വസുന്ധര രാജെ സിന്ധ്യ രാഷ്ട്രീയത്തിലെത്തുന്നത്. 1951-ല്‍ രൂപീകൃതമായ ജനസംഘ് 1977-ല്‍ ജനതാപാര്‍ട്ടിയില്‍ ലയിക്കുകയും പിന്നീട് തമ്മിലടിച്ചു പിരിയുകയും ചെയ്ത ശേഷം വാജ്പേയി-അദ്വാനി എന്നിവരുടെ നേതൃത്വത്തില്‍ പഴയ ജനസംഘ് നേതാക്കള്‍ 1980-ല്‍ ബി.ജെ.പി രൂപീകരിച്ചപ്പോഴും ശക്തമായ പിന്തുണയുമായി വിജയരാജെ സിന്ധ്യ കൂടെയുണ്ടായിരുന്നു. എല്ലാക്കാലത്തും മധ്യപ്രദേശില്‍നിന്നു വാജ്പേയിയുടെ വിജയം ഉറപ്പാക്കിയിരുന്നതും ഗ്വാളിയോര്‍ മേഖലയില്‍ രാജമാത എന്നറിയപ്പെട്ടിരുന്ന വിജയരാജെയായിരുന്നു.


വിജയരാജയുടെ മകന്‍ മാധവറാവു സിന്ധ്യ ആദ്യകാലത്ത്  ജനസംഘിലായിരുന്നെങ്കിലും പിന്നീട് കോണ്‍ഗ്രസ്സിലെത്തി. അമ്മയും മകനും തമ്മില്‍ സ്വത്തുതര്‍ക്കങ്ങളും കേസും വഴക്കുമൊക്കെ കോടതിയിലുമെത്തി. എന്നാല്‍, സഹോദരന്റെ വഴിയേ പോകാതെ അന്നു നാമമാത്രമായ എം.പിമാരും എം.എല്‍.എമാരും മാത്രമുണ്ടായിരുന്ന ബി.ജെ.പിയിലേക്കായിരുന്നു വസുന്ധരയുടെ വരവ്. എല്ലാക്കാലത്തും പാര്‍ട്ടികള്‍ക്കപ്പുറം രാഷ്ട്രീയ സ്വാധീനമേറെയുണ്ട് സിന്ധ്യ കുടുംബത്തിന്. എന്നാല്‍, നാലു പതിറ്റാണ്ട് നീളുന്ന രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന സമയമാണ് വസുന്ധരയ്ക്കിപ്പോള്‍. 


1953 മാര്‍ച്ച് എട്ടിന് മുംബൈയിലാണ് വസുന്ധര ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസം കൊടൈക്കനാലിലെ പ്രസന്റേഷന്‍ കോണ്‍വന്റ് സ്‌കൂളില്‍. ഇക്കണോമിക്സും പൊളിറ്റിക്കല്‍ സയന്‍സും പഠിച്ച് മുംബൈ സോഫിയ വനിതാ കോളജില്‍നിന്ന് ഉന്നത വിദ്യാഭ്യാസം നേടി. 1972-ല്‍ ധോല്‍പൂരിലെ ജാട്ട് രാജകുടുംബത്തിലെ  റാണാ ഹേമന്ദ് സിങ്ങിനെയാണ് വിവാഹം കഴിച്ചത്. ഒരു വര്‍ഷം മാത്രമാണ് ആ ബന്ധം നീണ്ടത്.  1984-ല്‍ ബി.ജെ.പി ദേശീയ സമിതി അംഗമായാണ് രാഷ്ട്രീയ പ്രവേശനം. 1985-ല്‍ ധോല്‍പൂരില്‍നിന്ന് എം.എല്‍.എയായി. ആ വര്‍ഷം സംസ്ഥാന യുവമോര്‍ച്ച വൈസ് പ്രസിഡന്റുമായി. 1987-ല്‍ സംസ്ഥാന ബി.ജെ.പി വൈസ് പ്രസിഡന്റായി. 1989 മുതല്‍ 2003 വരെ ഝാലാവാഡിനെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തി. 1999 മുതല്‍ വാജ്പേയി സര്‍ക്കാരുകളില്‍ വിവിധ വകുപ്പുകളില്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി പ്രവര്‍ത്തിച്ചു. ഈ ചുമതലയില്‍ ഇരിക്കവെയാണ് വാജ്പേയിയുടെ നിര്‍ദേശപ്രകാരം 2013 ഡിസംബറില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. തൊട്ടു പിന്നാലെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷയുമായി സ്ഥാനമേറ്റു.
ജാതിയും ഉപജാതികളുമായി വിവിധ ചേരികളില്‍  ഭിന്നിച്ചു നിന്നിരുന്ന രാജസ്ഥാനിലെ ബി.ജെ.പിയെ ശക്തമാക്കിയത് വസുന്ധരയാണ് എന്നത് നിഷേധിക്കാനാവില്ല. രാജസ്ഥാനിലെ സമ്പന്ന കര്‍ഷകരായ ജാട്ടുകള്‍ എല്ലാക്കാലവും കോണ്‍ഗ്രസ്സിനെ പിന്തുണച്ചിരുന്നവരായിരുന്നു. രജപുത്ര ക്ഷത്രിയ വിഭാഗത്തില്‍പ്പെട്ട അവര്‍ വിവാഹം കഴിച്ചത് ജാട്ട് വിഭാഗക്കാരനെയാണെന്നതുകൊണ്ട് രണ്ട് വിഭാഗങ്ങളുടെ പിന്തുണയും അവര്‍ക്ക് കിട്ടി. വസുന്ധരയുടെ ഏക മകനും ഇപ്പോള്‍ നാലാം തവണയും എം.പിയുമായ ദുഷ്യന്ത് സിങ് വിവാഹം കഴിച്ചത് മറ്റൊരു നിര്‍ണ്ണായക വിഭാഗമായ ഗുജ്ജര്‍ സമുദായത്തില്‍പ്പെട്ട നിഹാരിക സിങ്ങിനെയാണ്. കുടുംബത്തിലുണ്ടായ ഈ ബന്ധങ്ങള്‍ അവര്‍ക്ക് നേടിക്കൊടുത്ത പൊളിറ്റിക്കല്‍ മൈലേജ് ചെറുതല്ല. പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളുമായി അവര്‍ക്കു നേരിട്ടുള്ള ബന്ധവും വലിയ മുതല്‍ക്കൂട്ടായി. 
2014-ല്‍ വസുന്ധര രാജെ മുഖ്യമന്ത്രിയായിരിക്കെ അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമിട്ടു നടത്തിയ പ്രചാരണത്തിന് രാജസ്ഥാനില്‍ സര്‍വ്വ പിന്തുണയും നല്‍കിയത് വസുന്ധരയായിരുന്നു. രാജസ്ഥാനില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതും വസുന്ധരയുടെ താല്പര്യപ്രകാരമായിരുന്നു. എന്നാല്‍, മോദി ഭരണത്തില്‍ ഏറിയതോടെ അതിനു മാറ്റം വന്നു. ഹിന്ദുത്വത്തിന്റെ തീവ്രതയുടെ ഏറ്റക്കുറച്ചിലിന്റെ പേരില്‍ പിന്നീട് ഭിന്നിപ്പ് രൂക്ഷമായി. അന്ന് പാര്‍ട്ടിയില്‍ രണ്ടാം നിരക്കാരായിരുന്ന മിക്ക നേതാക്കളും ഒതുക്കപ്പെട്ടെങ്കിലും അതിനെ ചെറുത്തുനിന്ന ഏക നേതാവായി വസുന്ധര.  പാര്‍ട്ടിയില്‍ അവര്‍ക്കുള്ള ആധിപത്യവും അണികള്‍ക്കിടയിലെ സ്വീകാര്യതയും അതിനവരെ പ്രാപ്തമാക്കി. ഇന്നും അതിനൊന്നും മാറ്റമില്ല. 


രാഷ്ട്രീയത്തില്‍നിന്ന് അവരെ നിഷ്‌കാസിതയാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. അവര്‍ മുഖ്യമന്ത്രിയായിരിക്കെ 2017-2018 കാലഘട്ടത്തില്‍ത്തന്നെ പകരക്കാരെ വയ്ക്കുന്നതിനായുള്ള ശ്രമങ്ങള്‍ കേന്ദ്രനേതൃത്വം ആലോചിച്ചിരുന്നു. അവര്‍ ഭരിച്ചിരുന്ന ഖനന മന്ത്രാലയത്തിന്റെ പേരില്‍ റെയ്ഡ് നടത്തി മുഖ്യമന്ത്രിയിലേക്കു കാര്യങ്ങള്‍ എത്തിയതാണ്.  ഐ.പി.എല്‍ ചെയര്‍മാനും വ്യവസായിയുമായിരുന്ന ലളിത് മോദിയുമായുള്ള അവരുടെ അടുത്ത ബന്ധവും വിവാദമാക്കി. എന്നാല്‍ ഭൂരിപക്ഷം എം.പിമാരും എം.എല്‍.എമാരും അവരെ പിന്തുണച്ചു. ഒരു ഭരണമാറ്റം നടപ്പാക്കാന്‍ കേന്ദ്രനേതൃത്വത്തിനു ഇതായിരുന്നു തടസം. കേന്ദ്രമന്ത്രിസ്ഥാനവും മറ്റും നല്‍കി അവരെ ഡല്‍ഹിയിലേക്കു മാറ്റുകയായിരുന്നു മറ്റൊരു പദ്ധതി. എന്നാല്‍, അതും അവര്‍ നിഷേധിച്ചു. 2018-ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതില്‍ കേന്ദ്രനേതൃത്വം പിടിമുറുക്കി. അവിടെയും മുഖ്യമന്ത്രിയായിരുന്ന വസുന്ധരയും കേന്ദ്രനേതൃത്വവും തമ്മില്‍ വലിയ ശീതസമരമാണുണ്ടായത്. മന്ത്രിസഭയിലെ രണ്ടാമനും വസുന്ധരയുടെ വലംകൈയുമായിരുന്ന യൂനുസ് ഖാന് കേന്ദ്രനേതൃത്വം ടിക്കറ്റ് നിഷേധിക്കുന്നതില്‍ വരെയെത്തി കാര്യങ്ങള്‍.


 ബി.ജെ.പിയുടെ മാര്‍ഗ്ഗദര്‍ശിയായ ആര്‍.എസ്.എസിനും വസുന്ധരയോടു താല്പര്യം തീരെയില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ബി.ജെ.പിയിലാണെങ്കിലും ഒരിക്കലും തീവ്ര ഹിന്ദുത്വത്തിന്റെ വക്താവായിരുന്നില്ല വസുന്ധര. കഴിഞ്ഞ തവണ ഭരണത്തിലിരിക്കെ വര്‍ഗ്ഗീയ ചേരിതിരിവുകളേയും കലാപസാധ്യതപോലും ഉണ്ടായിരുന്ന സാഹചര്യങ്ങളേയും അവര്‍ ആദ്യമേ തന്നെ ഇല്ലാതാക്കി.  അഴിമതി ആരോപണങ്ങള്‍ പലതും ഉയര്‍ന്നപ്പോഴും പ്രതിപക്ഷത്തോടും ജനാധിപത്യ സംവിധാനങ്ങളോടുമുള്ള ബഹുമാനവും അവര്‍ എന്നും പുലര്‍ത്തി. ഇതുതന്നെയാവണം ആര്‍.എസ്.എസിന് അവരോടുള്ള ഇഷ്ടക്കേടും.

സുശീല്‍ കുമാര്‍ മോഡിയും
രമണ്‍സിങ്ങും ഉമാഭാരതിയും

2005-ല്‍ റാബ്റി ദേവി സ്ഥാനമൊഴിഞ്ഞപ്പോള്‍ നിതീഷ്‌കുമാര്‍ മുഖ്യമന്ത്രിയായി. ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിയും. ധനകാര്യമന്ത്രിയായും പാര്‍ട്ടി നേതാവുമായി കഴിവു തെളിയിച്ച സുശീല്‍ കുമാറിനെ 2020 തെരഞ്ഞെടുപ്പോടെ ഒതുക്കുന്നതാണ് കണ്ടത്. എ.ബി.വി.പിയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം ജയപ്രകാശ് നാരായണ്‍ നയിച്ച 1974 വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലെ മികച്ച നേതാവായിരുന്നു. ഒതുക്കിയപ്പോഴും കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം നല്‍കുമെന്ന് അദ്ദേഹത്തിന്റെ അണികള്‍ വിശ്വസിച്ചെങ്കിലും അതുണ്ടായില്ല. പിന്നീട് രാജ്യസഭാ എം.പിയാക്കി നാമനിര്‍ദേശം നല്‍കിയെങ്കിലും അദ്ദേഹം ഇന്ന് പാര്‍ട്ടിയില്‍ അപ്രധാനമായ നേതാവായി നില്‍ക്കുന്നു. 

രമണ്‍ സിങ്
രമണ്‍ സിങ്


രജപുത് കുടുംബത്തില്‍ ജനിച്ച് ആയുര്‍വേദ ഡോക്ടറായ രമണ്‍ സിങ്ങ് ബി.ജെ.പിയില്‍ ചേര്‍ന്നത് 1976-ലാണ്. സംഘാടനശേഷിയും നേതൃത്വ മികവും കൊണ്ട് ശ്രദ്ധ നേടി. നക്സലൈറ്റ് ആക്രമണങ്ങള്‍ ചെറുക്കാനെന്ന പേരില്‍ സാല്‍വ ജുദും എന്ന ക്രൂരമായ സംഘത്തെ നിയോഗിച്ചത് അദ്ദേഹമായിരുന്നു.

2018-ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റതോടെ രമണ്‍ സിങ്ങിന്റെ ഭാവിയും തുലാസിലായി. ഏറ്റവുമൊടുവില്‍ സിങ്ങിനെ സ്പീക്കറാക്കിയാണ് കേന്ദ്രനേതൃത്വം ഒതുക്കിയത്. 

സുശീല്‍ കുമാര്‍ മോഡി
സുശീല്‍ കുമാര്‍ മോഡി


രാമജന്മഭൂമി പ്രക്ഷോഭത്തിലെ തീപ്പൊരി നേതാവായ ഉമാഭാരതിയും തഴയപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 2019-നു ശേഷം പൊതുവേദികളിലോ, പാര്‍ട്ടി വേദികളിലോ ഉമാഭാരതി സജീവമല്ല. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉമ മത്സരിച്ചിരുന്നില്ല. 2014-ല്‍ യു.പി.യിലെ ഝാന്‍സി മണ്ഡലത്തില്‍നിന്നാണ് ലോക്സഭയില്‍ എത്തിയത്. തുടര്‍ന്ന് കേന്ദ്ര ജലവിഭവമന്ത്രിയുമായി. എന്നാല്‍, 2019-ല്‍ മത്സരിക്കാഞ്ഞതാണെന്ന് അവരുടെ അനുയായികള്‍ പറയുന്നു. എന്നാല്‍, സീറ്റു കൊടുത്തില്ലെന്നാണ് അവരുടെ എതിരാളികള്‍ പറയുന്നത്.

ഉമാഭാരതി ഹിമാലയന്‍
യാത്രയില്‍ 

രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഉമ ആഗ്രഹിക്കുന്നുണ്ട്. 2003-ല്‍ ഡിസംബര്‍ മുതല്‍ ഏകദേശം 10 മാസക്കാലം മധ്യപ്രദേശ് മുഖ്യമന്ത്രിയായിട്ടുണ്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുവേണ്ടി പ്രചാരണത്തിനിറങ്ങില്ല, പകരം പ്രാര്‍ത്ഥിക്കുമെന്നാണ് മുന്‍പ് അവര്‍ പറഞ്ഞത്. അതിനായി ഹിമാലയത്തിലേക്കു പോവുകയാണത്രെ.
 പാര്‍ട്ടിയുടെ ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവുമായി നല്ല ബന്ധത്തിലല്ല ഉമാഭാരതി. മരുമകന്‍ രാഹുല്‍ സിങ് ലോധിയെ രണ്ടു മാസം മുന്‍പ് ശിവരാജ് ചൗഹാന്‍ മന്ത്രിസഭയില്‍ അംഗമാക്കിയിരുന്നു. ഇടക്കാലത്തു സജീവ രാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണെന്നു പ്രഖ്യാപിച്ച ഉമ പിന്നീടു തിരിച്ചുവരവും പ്രഖ്യാപിച്ചു. വനിതാ സംവരണബില്‍ പാസ്സാക്കിയപ്പോള്‍ അതില്‍ ഒ.ബി.സി സംവരണം വേണമെന്ന് അടുത്ത കാലത്ത് ഉമാഭാരതി ആവശ്യപ്പെട്ടത് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി. 

നേതൃത്വത്തിലെ
 പുതുമ

പുതിയ മുഖങ്ങളെ ഉള്‍ക്കൊള്ളിക്കുന്നതിലൂടെ പാര്‍ട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് ബി.ജെ.പിയുടെ ശ്രമം. ഇത് മാത്രമല്ല, നിതീഷ് കുമാറിന്റെ ജാതി സെന്‍സിനെ നേരിടാനുള്ള നീക്കങ്ങളില്‍ പ്രധാനമാണ് ഇത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 65 ശതമാനം സംവരണം വേണമെന്ന ഇന്ത്യ മുന്നണിയുടെ ആവശ്യത്തെ ബി.ജെ.പി നേതൃമാറ്റംകൊണ്ട് നേരിടാമെന്ന ആത്മവിശ്വാസത്തിലാണ്. ഛത്തീസ്ഗഡില്‍ ഗോത്രനേതാവ്, മധ്യപ്രദേശില്‍ ഒ.ബി.സി നേതാവ്, രാജസ്ഥാനില്‍ ബ്രാഹ്മണന്‍. ജാതിബാലന്‍സിന്റെ പുതിയ രാസസൂത്രമാണ് ബി.ജെ.പി 2024-ല്‍ പയറ്റാനൊരുങ്ങുന്നത്. 


ഇതിനു പുറമേ 2024-ല്‍ മോദി എന്ന ഏക പ്രചരണബിംബത്തെ ആശ്രയിച്ച് ജയിക്കാമെന്നും പാര്‍ട്ടി കരുതുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നില്‍ തന്റെ വഴിയില്‍ തടസമായേക്കാമെന്നു തോന്നുന്ന നേതാക്കളെയെല്ലാം അദ്ദേഹം വെട്ടിമാറ്റുകയാണെന്ന് ആര്‍.എസ്.എസിനോട് അടുപ്പമുള്ളവര്‍തന്നെ പറയുന്നു. ആ ലക്ഷ്യം നിര്‍വ്വഹിക്കുന്നത് അമിത് ഷായും. ഉത്തര്‍പ്രദേശിലെ ആദിത്യനാഥ് പോലും അങ്ങനെ ഒതുക്കപ്പെട്ടയാളാണ്. മോദിക്കു പകരക്കാരന്‍ ആരെന്ന ചോദ്യത്തിന് യോഗി ആദിത്യനാഥിന്റെ പേര് ചില കേന്ദ്രങ്ങളിലെങ്കിലും ഉയര്‍ന്നിരുന്നു. മോദി-ഷായേക്കാള്‍ തീവ്രഹിന്ദുത്വം പേറുന്ന യോഗിയുടെ നിലപാടുകള്‍ ആര്‍.എസ്.എസ്സിനും താല്പര്യമാണ്.   
ഇത് മുന്‍കൂട്ടി കണ്ടാണ് ഉത്തര്‍പ്രദേശില്‍ ജയിച്ചപ്പോള്‍ മോദി-ഷാ കൂട്ടുകെട്ട് മുഖ്യമന്ത്രിയായി നിര്‍ദ്ദേശിച്ചത് ആദിത്യനാഥിനെയല്ല, പകരം മനോജ് സിന്‍ഹയെയായിരുന്നു. അതായത് അവര്‍ക്ക് താല്പര്യമുള്ളതുകൊണ്ടല്ല ഉത്തര്‍പ്രദേശില്‍ യോഗി മുഖ്യമന്ത്രിയായത്, പകരം മോദി-ഷാ കൂട്ടുകെട്ടുകളേക്കാള്‍ പിന്തുണ ആദിത്യനാഥിനായിരുന്നു. അത്രയും അണികളുടെ വിപുലമായ ശൃംഖലയും അദ്ദേഹത്തിനുണ്ടായിരുന്നു. തുടര്‍ന്ന് 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ആദിത്യനാഥിനെ ഒതുക്കാന്‍ അവര്‍ ശ്രമിച്ചു. 2022-ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതുപോലും മറ്റുവഴികളില്ലാത്തതുകൊണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
 ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com