ദു:സ്വപ്നത്തിന്റെ പിറ്റേന്ന്: സച്ചിദാനന്ദന്‍ എഴുതിയ കഥകള്‍

ദു:സ്വപ്നത്തിന്റെ പിറ്റേന്ന്: സച്ചിദാനന്ദന്‍ എഴുതിയ കഥകള്‍

എന്നാല്‍, പിന്നീടാണ് സ്‌നേഹസമ്പന്നരും സൗമ്യശീലരുമായ മനുഷ്യരും ഭിന്ന സ്വഭാവികളായ ദൈവങ്ങളും ഒന്നിച്ചു താമസിക്കുന്ന ആ പട്ടണത്തില്‍നിന്ന് അവിശ്വസനീയമായ വാര്‍ത്തകള്‍ തുടര്‍ച്ചയായി വരാന്‍ തുടങ്ങിയത്.

  
രണ്ടു കഥകള്‍

ദു:സ്വപ്നത്തിന്റെ പിറ്റേന്ന്

ദ്യം പ്രസവത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജാനകിയുടെ വയറ്റില്‍നിന്ന് ഒരു കത്രിക കിട്ടി എന്ന വാര്‍ത്ത പരന്നപ്പോള്‍ ആരും അതത്ര കാര്യമാക്കിയില്ല. സിസ്സേറിയന്‍ ശസ്ത്രക്രിയ കഴിഞ്ഞു ഡോക്ടര്‍മാര്‍ ചിലപ്പോള്‍ കത്രിക, പഞ്ഞി മുതലായവ ഉദരത്തില്‍ മറന്നിടുന്നതും േ അമ്മയ്ക്കു വയറുവേദന കലശലാകുമ്പോള്‍ മറ്റൊരു ശസ്ത്രക്രിയയിലൂടെ കത്രികയും പഞ്ഞിയും മറ്റും പുറത്തെടുക്കുന്നതും ഈ ശസ്ത്രക്രിയയില്‍ വീണ്ടും പുതിയ കത്രിക അകത്തു മറന്നിടാതെയിരിക്കാന്‍ ഒരു യുവ ഡോക്ടറേയോ ഹൗസ് സര്‍ജ്ജനേയോ കാവല്‍ നിര്‍ത്തുന്നതും പലരും കേട്ടിട്ടുണ്ടായിരുന്നതുകൊണ്ടാവാം അത്.

എന്നാല്‍, പിന്നീടാണ് സ്‌നേഹസമ്പന്നരും സൗമ്യശീലരുമായ മനുഷ്യരും ഭിന്ന സ്വഭാവികളായ ദൈവങ്ങളും ഒന്നിച്ചു താമസിക്കുന്ന ആ പട്ടണത്തില്‍നിന്ന് അവിശ്വസനീയമായ വാര്‍ത്തകള്‍ തുടര്‍ച്ചയായി വരാന്‍ തുടങ്ങിയത്. ശ്യാമള പ്രസവിച്ചത് ഒരു കറിക്കത്തി. നന്ദിനി ഒരു വെട്ടുകത്തി. ചന്ദ്രിക ഒരു വാള്‍. രമണി ഒരു കൈത്തോക്ക്. ശാലിനി ഒരു നാടന്‍ ബോംബ്. ശരിയാണ്, പട്ടണത്തില്‍ വല്ലപ്പോഴും കൊലപാതകങ്ങള്‍ നടക്കാറുണ്ട്, ഒഴിഞ്ഞ ഗോഡൗണുകളിലും കാട്ടുപൊന്തകളിലും കുളങ്ങളിലും നിന്നു ചിലപ്പോള്‍ ആയുധങ്ങള്‍ കണ്ടെടുക്കാറുമുണ്ട്. ശരിയാണ്, ചെറുപ്പക്കാര്‍ സുഹൃത്തുക്കളെപ്പോലും സംശയിക്കാന്‍ ആരംഭിച്ചിരുന്നു. ശരിയാണ്, ഇടയ്ക്കിടയ്ക്ക് കൊടികളേന്തിയ ശവഘോഷയത്രകള്‍ തെരുവുകളെ പലനിറക്കടലുകളാക്കാറുണ്ട്. ശരിയാണ്, ചിലപ്പോള്‍ ദരിദ്രരായ യുവാക്കള്‍ക്ക് പൊലീസിനേയോ മറുകക്ഷിയേയോ ഭയന്ന്  ഒളിച്ചിരിക്കേണ്ടിവരാറുണ്ട്. പക്ഷേ, ഇങ്ങനെ മനുഷ്യര്‍ ആയുധങ്ങള്‍ക്ക് അച്ഛനമ്മമാരാകുക... ഇത് മുന്‍പുണ്ടായിട്ടില്ല. വേദന മുഴുവന്‍ അനുഭവിച്ചത്, എപ്പോഴുമെന്നപോലെ, സ്ത്രീകള്‍ തന്നെ. പലപ്പോഴും അവര്‍ക്ക് ശസ്ത്രക്രിയകള്‍ക്കു വിധേയരാകേണ്ടിവന്നു. ഇനി അമ്മമാരാകാന്‍ കഴിയാത്തവിധം അവരുടെ അവയവങ്ങള്‍ കീറിപ്പോയി. സ്‌കൂള്‍മുറ്റം മുതല്‍ ഇടവഴി വരെ കൊലപാതകങ്ങള്‍ കണ്ട കണ്ണുകള്‍ പോലും അത്ഭുതംകൊണ്ട് വിടര്‍ന്നു വിടര്‍ന്നു വന്നു. ജനിതകശാസ്ത്ര കുതുകികള്‍ അമ്പരന്ന് എക്‌സ്, വൈ ഇവ കൂടാതെ വസ്തുക്കളെ ഉല്പാദിപ്പിക്കുന്ന ക്രോമസോമുകള്‍  ഉണ്ടോ എന്നും സാഹചര്യങ്ങള്‍ എസ്.ആര്‍.വൈ ജീനുകളില്‍ ഇത്തരം മ്യൂട്ടേഷനുകള്‍ ഉണ്ടാക്കുമോ എന്നും അന്വേഷിച്ചു തുടങ്ങി.

എന്നാല്‍, വിചിത്ര സംഭവങ്ങളുടെ ആരംഭം മാത്രമായിരുന്നു ആ ആയുധപ്പിറവികള്‍. നാരായണന്‍ നമ്പ്യാരുടെ കിണറ്റിലെ വെള്ളം ചുകന്നു കണ്ടപ്പോള്‍ അടിയില്‍ കലക്കമുണ്ടാകും എന്നേ വീട്ടുകാരും അയല്‍ക്കാരും വിചാരിച്ചുള്ളൂ. എന്നാല്‍, കുട്ടികളാണ് ആദ്യമായി അതില്‍ ചോര മണത്തത്. രുചിച്ചു നോക്കിയപ്പോള്‍ മുതിര്‍ന്നവര്‍ക്കും അതില്‍ ചോരയുടെ ഉപ്പുരസം അനുഭവപ്പെട്ടു. തെയ്യം കെട്ടും മുന്‍പ് വ്രതമനുഷ്ഠിച്ചവര്‍ കുളിക്കുന്ന കുളത്തില്‍ മുങ്ങിനിവര്‍ന്നവരുടെ മുടിയും തുണിയും മുഴുവന്‍ രക്തനിറമായി. കോട്ടയ്ക്കരികില്‍ കുഴി കുത്തിക്കളിച്ചിരുന്ന കുട്ടികള്‍, കുഴിക്കു ആഴം കൂടും തോറും അതില്‍ ഉതിരം വന്നുനിറയുന്നത് കണ്ടു പേടിച്ചു. കുടിക്കാനോ കുളിക്കാനോ പൈപ്പ് തുറക്കുമ്പോള്‍ നിണം ചാടി വന്നു തുടങ്ങി. ഓത്തുപള്ളിക്കുളത്തിലും മാമോദീസാ വെള്ളത്തിലും അമ്പലത്തിലെ പുണ്യാഹ ജലത്തിലും വേനലില്‍ പാര്‍ട്ടിയാപ്പീസുകളില്‍ കൂജകളില്‍ വെച്ചിരുന്ന കുളിര്‍നീരിലും രുധിരവര്‍ണ്ണം നിറഞ്ഞതോടെ നാടിനെയാകെ എന്തോ ശാപം ഗ്രസിച്ചിരിക്കുന്നതായി തെയ്യങ്ങള്‍ ഉറഞ്ഞു തുള്ളി പറഞ്ഞു തുടങ്ങി. യേശുപ്രതിമയുടെ ശിരസ്സിലെ മുള്‍ക്കിരീടത്തിലും കുരിശില്‍ വെച്ച് ആണിയടിച്ച കൈകാലുകളിലും നിന്ന് ജീവനുള്ള രക്തം നിലവിളിച്ചുകൊണ്ട് താഴെ വെണ്ണക്കല്‍ത്തറയില്‍ ഓടി നടക്കുന്നത് പാതിരിമാരെ പരിഭ്രാന്തരാക്കി. അതേ രക്തം പൂജയ്ക്കു ശേഖരിച്ച പൂക്കളിലും വിഗ്രഹങ്ങളിലും കണ്ട പൂജാരിമാര്‍ ദേവപ്രശ്‌നം വെച്ച് പരിഹാരം അന്വേഷിച്ചു. 'പ്രളയം' എന്നായിരുന്നു പരിഹാരം കണ്ടത്. ആര്‍ക്കും അതിന്റെ അര്‍ത്ഥം പിടി കിട്ടിയില്ല.

ഖബറിസ്ഥാനുകളില്‍നിന്നും സിമിത്തേരികളില്‍നിന്നും ശവക്കുഴികളില്‍നിന്നും ചിതകള്‍ എരിഞ്ഞിടത്തുനിന്നും സന്ധ്യകളില്‍ പുക ഉയരുന്നത് ആദ്യം ശ്രദ്ധിച്ചത് ശ്മശാനങ്ങളില്‍ രാവു കഴിച്ചുകൂട്ടിയിരുന്ന യാചകരായിരുന്നു. രാത്രി ആ പുക കട്ടിപിടിച്ചു ദാഹം പൂണ്ട് അനാഥമായ പ്രേതരൂപങ്ങളായി തെരുവുകളില്‍ അലഞ്ഞു. നാട്ടുകാര്‍ക്കു മുഴുവന്‍ ഉറക്കം നഷ്ടപ്പെട്ടു. അവര്‍ ചുകന്നുവീര്‍ത്ത കണ്ണുകളുമായി കുഞ്ഞുങ്ങള്‍ക്കു കാവലിരുന്നു. ചിലപ്പോള്‍ വാതില്‍പ്പടികളിലും നടക്കല്ലുകളിലും ശിരസ്സടിച്ച് ഉന്മാദികളെപ്പോലെ കരഞ്ഞു. അതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍ നാട്ടില്‍ നടമാടാന്‍ തുടങ്ങി. വിവേകികള്‍പോലും അവിവേകികളെപ്പോലെ പെരുമാറാന്‍ തുടങ്ങി. കക്ഷികള്‍ക്കു സ്വന്തം ആളുകളേയും അവര്‍ ശത്രുക്കളായി കരുതുന്ന ആളുകളേയും തിരിച്ചറിയാന്‍ പ്രയാസമായിത്തുടങ്ങി. എല്ലാവരുടേയും കയ്യിലെ ആയുധങ്ങള്‍ ഒരുപോലെയിരുന്നു. മുഖഭാവവും ഒന്നായിരുന്നു. ചിരികള്‍ ഓര്‍മ്മയില്‍ മാത്രമായി. രൗദ്രമായിരുന്നു ഭൂമിയുടെ ഭാവം. വൃക്ഷങ്ങള്‍ ശോകം കൊണ്ട് ഇലകള്‍ പൊഴിച്ചു. നായകളേയും പൂച്ചകളേയും തെരുവുകളില്‍ കാണാതായി. പശുക്കള്‍ പാലു നല്‍കാന്‍ വിസമ്മതിച്ചതോടെ കുഞ്ഞുങ്ങള്‍ കാണെക്കാണെ മെലിഞ്ഞു വന്നു.

അങ്ങനെയാണ് ആ നാട് വാസയോഗ്യമല്ലാതായത്. പിന്നെയൊരിക്കല്‍ കേട്ടു, ഇപ്പോള്‍ അവിടെ ചെടികളോ വള്ളികളോ പൂക്കളോ വളരുന്നില്ല. വീടുകളെല്ലാം ഫാക്റ്ററികളായി മാറി, വൃക്ഷങ്ങള്‍ വൈദ്യുതത്തൂണുകളായി. ആശുപത്രികള്‍ അനാഥാലയങ്ങളായി. അവയ്ക്കെല്ലാം വെള്ളം മംഗലാപുരത്തുനിന്നു കൊണ്ടുവരുന്നു. ദേവാലയങ്ങളില്‍ എലികള്‍ പെറ്റുപെരുകി. ഇടയ്ക്ക് തീവണ്ടികള്‍ മാത്രം അതിലേ കൂകിപ്പായും. അവയിലിരുന്നു ചിലര്‍ തങ്ങളുടെ പഴയ വീടുകളും സ്‌കൂളുകളും കടകളും കാവുകളും നോക്കി നെടുവീര്‍പ്പിടും.

വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരിക്കല്‍ ഞാനും ആ വഴി പോയി, ഒരു കവിതയുടെ കൂടെ. അപ്പോഴേക്കും ചില മരങ്ങള്‍ പൂവിടാന്‍ തുടങ്ങിയിരുന്നു. കാറ്റിനു തണുപ്പ് തിരിച്ചു കിട്ടിയിരുന്നു. രക്തസാക്ഷികളാക്കപ്പെട്ട പാവപ്പെട്ട മനുഷ്യര്‍ അലഞ്ഞുതിരിയുന്നത് വ്യര്‍ത്ഥമെന്നു കണ്ട് ശവക്കുഴികളിലേക്ക് തിരിച്ചുപോയിരുന്നു, തങ്ങള്‍ക്കു പിന്തുടര്‍ച്ചക്കാരുണ്ടാവില്ലെന്ന് അവര്‍ക്ക് ഉറപ്പുള്ളപോലെ. ചോര പോലിരുന്ന വെള്ളം ഇപ്പോള്‍ കണ്ണീര്‍പോലെ തെളിഞ്ഞിരുന്നു പശ്ചാത്താപത്തിന്റെ കണ്ണീരാകാം. നാലു പക്ഷികള്‍ ഒരു വടക്കന്‍ പാട്ടു മൂളിക്കൊണ്ടിരുന്നു. അതില്‍ ചേകവരോ വാളുകളോ പരിചകളോ കുടിപ്പകകളോ വെല്ലുവിളികളോ അടരുകളോ ചതികളോ യുവാക്കളുടെ ശവങ്ങളോ വിജയാട്ടഹാസങ്ങളോ വിലാപങ്ങളോ ഇല്ലായിരുന്നു. പകരം ചില പ്രണയകഥകള്‍, അയല്‍ക്കാര്‍ അത്താഴം കഴിച്ചില്ലേ എന്നു സ്‌നേഹപൂര്‍വ്വം അന്വേഷിക്കുന്ന വീട്ടുകാര്‍, അനുഗ്രഹം ചൊരിയുന്ന തെയ്യങ്ങള്‍, കുട്ടികളുടെ ചിരികള്‍, പൂമ്പാറ്റകളുടെ ചിറകടി, പുഴയുടെ കളകളം. എല്ലാം തിരിച്ചു വന്നിരുന്നു: കുരുതി കൊടുക്കപ്പെട്ട ആ യുവാക്കളും അവരെ ഓര്‍ത്തോര്‍ത്ത് കരഞ്ഞു മരിച്ച സ്ത്രീകളുമൊഴികെ. 


നാട്

റബിക്കടലിലൂടെ തമിഴ്നാടിന്റെ തെക്കേ തീരം കടന്നുപോകുമ്പോള്‍ അല്പം പ്രായം ചെന്ന ഒരു നാവികന്‍ അടുത്തിരിക്കുന്ന ചെറുപ്പക്കാരനോട് പറഞ്ഞു: ''ഇവിടം പണ്ട് കരയായിരുന്നു. നിറയെ മനുഷ്യരുമുണ്ടായിരുന്നു.''
''മനുഷ്യരോ? ഇവിടെയോ?'' തിരയടിക്കുന്ന നീലജലത്തിന്റെ ആഴമേറിയ ഏകാന്തതയിലേക്ക് ഉറ്റുനോക്കി യുവാവ് ചോദിച്ചു: ''ഇപ്പോഴും ആ നാട് ഇതിന്നടിയിലുണ്ടാകുമോ?''
''അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. ഭാഗ്യത്തിന് അവിടത്തെ ആളുകളില്‍ പകുതിയും പുറംനാടുകളിലായിരുന്നു. അതുകൊണ്ട് അവരുടെ ഭാഷ വാമൊഴിയായി നിലനിന്നു. അതാണിപ്പോള്‍ നാം സംസാരിക്കുന്നത്.''
അവര്‍ അച്ഛനും മകനുമായിരുന്നു. യുവാവ് ഭാഷ പഠിച്ചത് പിതാവില്‍നിന്നു തന്നെ ആയിരുന്നു. രണ്ടു പേരും മെര്‍ച്ചന്റ് നേവിയില്‍ ആയിരുന്നു.
''അപ്പോള്‍ നമ്മുടെ നാടായിരുന്നു മുങ്ങിപ്പോയത്, അല്ലെ?''
''അതെ. അത് ഒരു നീണ്ട കഥയാണ്. രാജ്യത്ത് ഏറ്റവും മുന്നില്‍നിന്ന നാടായിരുന്നു അത്, വിദ്യാഭ്യാസം, സംസ്‌കാരം, ആയുസ്സ്, ആരോഗ്യം, ഇവയുടെയെല്ലാം കണക്കില്‍ ആദ്യത്തേത്.''
''എന്നിട്ട്? ആരെങ്കിലും നമ്മുടെ നാടിനെ ആക്രമിച്ചോ? അതോ പല പഴയ നാടുകളും അപ്രത്യക്ഷമായപോലെ കടല്‍ കയറിയോ?''
''നീ കേട്ടിട്ടുണ്ടാവും ചില വ്യക്തികളുടെ ആത്മഹത്യാവാസനയെക്കുറിച്ച്...''
''ഉവ്വ്, പക്ഷേ, അതു വ്യക്തികള്‍ക്കല്ലേ ഉണ്ടാകൂ?''
''അങ്ങനെയാണ് മന:ശാസ്ത്രം പറയുന്നത്. പക്ഷേ, ചിലപ്പോള്‍ അത് ഒരു ജനതയ്ക്ക് ആകെ പിടിപെടാം.''
''ഹോ! തെളിച്ചുപറയൂ. അതെങ്ങനെ സാധ്യമാകും?''
''നമ്മുടെ ആ പ്രപിതാമഹര്‍ ബുദ്ധിശൂന്യരായിരുന്നു എന്നു പറയാനാവില്ല. വലിയ ബിരുദങ്ങള്‍ ഉള്ളവര്‍, ഒന്നാംതരം വക്കീലന്മാര്‍, ജഡ്ജിമാര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, വാസ്തുശില്പികള്‍, സംഗീതജ്ഞര്‍, നര്‍ത്തകര്‍, എഴുത്തുകാര്‍, വിശ്വസാഹിത്യം പരിചയമുള്ള നല്ല വായനക്കാര്‍, മനുഷ്യരുടെയെല്ലാം സമത്വം സ്വപ്നം കണ്ടിരുന്ന ചിന്തകര്‍, എല്ലാം അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. എവിടെയും പോലെ അടിപിടികളും ആത്മഹത്യകളും കൊലപാതകങ്ങളും എല്ലാമുള്ളപ്പോഴും ആപല്‍ഘട്ടങ്ങളില്‍ അവര്‍ സ്വയംമറന്നു മറ്റുള്ളവരെ സഹായിച്ചു. ഉദാഹരണത്തിന്...'' വൃദ്ധന്റെ കണ്ണുകള്‍ നിറഞ്ഞു. അയാള്‍ കുറേ നേരം ഒന്നും പറഞ്ഞില്ല. മകനും നിശ്ശബ്ദനായി.
അല്പം കഴിഞ്ഞു ഒരു നെടുവീര്‍പ്പിട്ട് അയാള്‍ തുടര്‍ന്നു: ''ഇരുനൂറ്റിയമ്പത് വര്‍ഷം മുന്‍പ് അവിടെ ഒരു പ്രളയമുണ്ടായി. മനുഷ്യര്‍ക്ക് എത്ര നിസ്സ്വാര്‍ത്ഥികളാകാം എന്നു തെളിഞ്ഞ സമയമായിരുന്നു അത്. അതുകൊണ്ട് അതിനും ഏതാണ്ട് നൂറു വര്‍ഷം മുന്‍പുണ്ടായ പ്രളയത്തെ അപേക്ഷിച്ച് ജനസംഖ്യ വര്‍ദ്ധിച്ചിട്ടും അക്കുറി നാശനഷ്ടങ്ങള്‍ വളരെക്കുറവേ ഉണ്ടായുള്ളൂ. ക്രമേണ അവര്‍ കൂട്ടായ പരിശ്രമവും സഹായങ്ങളും കൊണ്ട് ആ ദുരന്തത്തില്‍നിന്നു കരകയറുകയും ചെയ്തു. പക്ഷേ...''
''പക്ഷേ?''
''അതെ, അവിടെയാണ് ഞാന്‍ നേരത്തെ പറഞ്ഞ ആ ആത്മഹത്യാപ്രവണതയുടെ കാര്യം പ്രസക്തമാകുന്നത്.''


''നമ്മുടെ നാട്ടില്‍ സ്വാര്‍ത്ഥതയ്ക്കും കുറവില്ലായിരുന്നു. ഇത്രയധികം പുഴകളും -നാല്‍പ്പത്തിനാല് എന്നു പഴയ ഭൂപടങ്ങളില്‍ കാണുന്നു- രണ്ടു മഴക്കാലങ്ങളും ഉള്ളപ്പോള്‍ പിന്നെ വെള്ളം സൂക്ഷിക്കുന്നതെന്തിന് എന്നു ചിലര്‍ ആലോചിച്ചു. പ്രളയം വന്നിട്ടും പുഴകളില്‍ മണലൂറ്റല്‍ തുടര്‍ന്നു, അധികവും മലഞ്ചെരിവുകളില്‍ ഉയര്‍ന്ന മാളികകള്‍ക്കും ഒഴിവുകാല വസതികള്‍ക്കും വേണ്ടി. വനം മുക്കാലും നശിച്ചുകഴിഞ്ഞിട്ടും കാട്ടിലെ മരംവെട്ടല്‍ നിര്‍ബാധം തുടര്‍ന്നു. മലകള്‍ ഇടിഞ്ഞു വീണുകൊണ്ടിരുന്നപ്പോഴും പുതിയ മടകളുണ്ടാക്കി പാറക്കല്ലുകള്‍ നിറച്ച ലോറികള്‍ ലാഭം തേടി പാഞ്ഞുകൊണ്ടിരുന്നു. അങ്ങനെ വനങ്ങള്‍ മരുഭൂമികളും മലകള്‍ മടകളും പുഴകള്‍ ചാലുകളുമായി. കുളങ്ങളും കായലുകളും തണ്ണീര്‍ത്തടങ്ങളും നികത്തി കൂറ്റന്‍ ബംഗ്ലാവുകളും വന്‍ഹോട്ടലുകളും പാവങ്ങള്‍ക്ക് എത്തിനോക്കാനാകാത്ത ആശുപത്രികളും പണിതു.''

''ആര്‍ത്തി മനുഷ്യരെ മൃഗങ്ങളാക്കി. അയല്‍ക്കാര്‍ക്ക് വിശക്കുന്നുണ്ടോ എന്ന് ആരും അന്വേഷിക്കാതായി. ഒരിക്കല്‍ ജനങ്ങള്‍ തുരത്തിയിരുന്ന അനാചാരങ്ങള്‍പോലും തിരിച്ചുവന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയിരുന്നവര്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് അടിമകളായാല്‍ മതി എന്ന് മുദ്രാവാക്യം മുഴക്കി. ജാതിക്കെതിരെ ശബ്ദമുയര്‍ത്തിയവര്‍ ജാതികളുടെ പലവര്‍ണ്ണക്കൊടികളുയര്‍ത്തി. നന്മയ്ക്കായി കൈകോര്‍ത്തിരുന്ന മതങ്ങള്‍ ശത്രുതയുടെ മാളങ്ങളായി. വിവേകത്തിന്റെ ശബ്ദങ്ങള്‍ ആളുകള്‍ക്കു പൊറുക്കാന്‍ വയ്യാതായി. രാഷ്ട്രീയ സംവാദങ്ങള്‍ വാക്കുകള്‍ക്കു പകരം വാക്കത്തികള്‍ കൊണ്ടായി. നാടുമുഴുവന്‍ പതുക്കെപ്പതുക്കെ കടലില്‍ താഴുന്നതും പ്രളയവും വരള്‍ച്ചയും നാടിന്റെ ഉടമസ്ഥതയ്ക്കുവേണ്ടി തര്‍ക്കിക്കുന്നതും ഭാഷയുടെ മിടിപ്പ് സാവധാനം താണുതാണു വരുന്നതും പ്രകൃതി അനുഗ്രഹങ്ങള്‍ ഒന്നൊന്നായി പിന്‍വലിക്കുന്നതും ഗുരുക്കന്മാര്‍ മൗനികളാകുന്നതും ആരും ശ്രദ്ധിച്ചില്ല...

''എന്തിനു പറയുന്നു, ഞാന്‍ ജനിക്കുന്നതിനും തൊണ്ണൂറു വര്‍ഷം മുന്‍പ്, അതായത് ഇന്നത്തേയ്ക്ക് നൂറ്റിയമ്പതു വര്‍ഷം മുന്‍പ് സംഭവിച്ച അവസാനത്തെ പ്രളയം നമ്മുടെ നാടിനെ എന്നെന്നേയ്ക്കുമായി കടലിലാഴ്ത്തി. പിന്നീട് അത് പൊങ്ങിവന്നില്ല. ഒരു രൂപകം എന്ന നിലയില്‍ ഐതിഹ്യം പിന്തുടരുകയാണെങ്കില്‍ മഴുകൊണ്ടുണ്ടായ നാട് മഴുകൊണ്ട് ഇല്ലാതായി എന്നും പറയാം, അഥവാ, വെള്ളത്തില്‍നിന്നു പൊങ്ങിവന്ന നാടിനെ വെള്ളം തിരിച്ചെടുത്തു എന്ന്... ഇതെല്ലാം ബര്‍മ്മയിലായിരുന്ന എന്റെ അച്ഛന്‍ മുത്തച്ഛനില്‍നിന്നു കേട്ടുമനസ്സിലാക്കി എനിക്കു പറഞ്ഞു തന്നതാണ്.''
വൃദ്ധന്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ ആ ദുരന്തകഥ പറഞ്ഞു നിര്‍ത്തി. മകന്‍ ഖിന്നമായ ആകാംക്ഷനിറഞ്ഞ കണ്ണുകള്‍ കൂര്‍പ്പിച്ച് ഒരു തെങ്ങിന്‍ തലപ്പെങ്കിലും കാണുന്നുണ്ടോ എന്നറിയാന്‍ കടലിന്നടിയിലേയ്ക്ക്  ഉറ്റുനോക്കി.
പെട്ടെന്നു ശിരസ്സുയര്‍ത്തി ആ യുവാവ് അച്ഛനോടു തിരക്കി: ''ആരായിരുന്നു അച്ഛന്റെ മുത്തച്ഛന്‍?''

''നീ കേട്ടിട്ടുണ്ടാവും: മൃഗാംഗമോഹന്‍. അമ്മൂമ്മ ചൈനക്കാരിയായിരുന്നു : താന്‍ വാന്‍.* അവര്‍ എല്ലാം മുന്‍കൂട്ടിക്കണ്ടിരുന്നു.''
സംഘകാലത്തുനിന്നുള്ള ശക്തമായ ഒരു കാറ്റ് വലിയൊരു മൂളലോടെ കടന്നുപോയി. അതില്‍ മുഴങ്ങിക്കേട്ട ലോഹനാദം ചിലങ്കകളുടെയോ വാളുകളുടെയോ എന്നു വ്യക്തമായിരുന്നില്ല. ഉപ്പിന്റെ മായാത്ത രുചി മാത്രം അവരുടെ നാവുകളില്‍ തങ്ങിനിന്നു. ഒരു നക്ഷത്രം കപ്പലിനു വഴി കാട്ടാനെന്നപോലെ കിഴക്കുദിച്ചു. എവിടെയോ പുതിയ ഒരു നാട് ജനിക്കുന്നതായി അവര്‍ക്കു തോന്നി. ഇരുവരും ഇരുളിലേക്കു കണ്ണ് നട്ടിരുന്നു, അവിടെ മുകിലുകള്‍ക്കിടയില്‍ ഒരു താഴ്വരയിലെ മാവുകള്‍ക്കും വാഴകള്‍ക്കുമിടയില്‍നിന്ന്  ഒരു ഗുരുവിന്റെ ശാന്തമായ മുഖം തങ്ങളെ ഉറ്റുനോക്കുന്നതായി അവര്‍ക്കു തോന്നി.
------
ഒ.വി. വിജയന്റെ 'പാറകള്‍' എന്ന കഥ ഓര്‍ക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com