ചിത്രീകരണം - മണി കാക്കര
ചിത്രീകരണം - മണി കാക്കര

ഫിഫ്റ്റി-ഫിഫ്റ്റി (ബംഗാളി കഥ)

ഉച്ചയ്ക്ക് ഒരു ക്ലെയിം ഫയലില്‍ മുഖംപൂഴ്ത്തി ഇരിക്കുമ്പോഴാണ് ഫോണ്‍ ശബ്ദിച്ചത്. റിസീവറെടുത്ത് മറുതലയ്ക്കല്‍ അയന്‍ ആണെന്നറിഞ്ഞ് ഞെട്ടാതിരുന്നില്ല.

ച്ചയ്ക്ക് ഒരു ക്ലെയിം ഫയലില്‍ മുഖംപൂഴ്ത്തി ഇരിക്കുമ്പോഴാണ് ഫോണ്‍ ശബ്ദിച്ചത്. റിസീവറെടുത്ത് മറുതലയ്ക്കല്‍ അയന്‍ ആണെന്നറിഞ്ഞ് ഞെട്ടാതിരുന്നില്ല. കാരണം ഓഫീസിലേക്ക് ഫോണ്‍വിളിക്കുന്ന പതിവ് അവനുണ്ടായിരുന്നില്ല. മിക്കവാറും ദിവസങ്ങളില്‍ രാത്രി പത്തുമണിക്കുശേഷം വീട്ടിലേക്കാണ് അയന്‍ വിളിച്ചിരുന്നത്. ''ഹലോ'', പറഞ്ഞതും അവന്‍ പറഞ്ഞു, ''അതേ നീ തിരക്കിലാണോ? ഒരു അത്യാവശ്യ കാര്യമുണ്ട്. പറ്റിയാല്‍ ഒരു മണിക്കൂറിനകം ഗരിയാഹട്ട് വരെ  വരണം.'' തീര്‍ത്തും ഉത്തേജിതനായാണ് അയന്‍ സംസാരിച്ചത്.
''എന്തുപറ്റീ? എന്താകാര്യം?''
''ഞാന്‍ പെണ്ണുകെട്ടുകയാണ്. മാര്യേജ് രജിസ്റ്ററില്‍ ഒപ്പിടേണ്ട സാക്ഷികളില്‍ ഒരാള്‍ നീയാണ്.''
''അതെന്താ ഇത്ര പെട്ടെന്ന്? നീലാഞ്ജന സമ്മതിച്ചോ?''
''അതൊക്കെ പറയാം. നീലാഞ്ജനയെയല്ല സോമലതയെയാണ് കല്യാണം കഴിക്കുന്നത്. നാലരയാണ് രജിസ്ട്രാറോട് പറഞ്ഞിരിക്കുന്ന സമയം. ഇഷിതയോടും വരാന്‍ പറയണം.''
ഉള്ളില്‍ തള്ളിത്തികട്ടിയ പല ചോദ്യങ്ങളെയും തടുത്തുനിര്‍ത്തി ഞാന്‍ ചോദിച്ചു: ''അല്ല, അതിപ്പോ ഇഷിതയെ ഈ നേരത്ത് എങ്ങനെ കിട്ടാനാണ്?''
''നീയൊന്ന് ശ്രമിച്ചുനോക്ക്. ഒരു ടാക്സിയെടുത്ത് രണ്ടാളും കൂടി വന്നാല്‍മതി. ടാക്സിക്കൂലി ഞാന്‍ തന്നേക്കാം.''
''ടാക്സിക്കൂലി അല്ല പ്രശ്നം. ഇഷിതയെ കൂട്ടാനാവുമോ എന്നതാണ്?''
''എന്തായാലും നിങ്ങള്‍ വന്നേ പറ്റൂ. ഞങ്ങള്‍ ഗരിയാഹട്ട് ജംഗ്ഷനില്‍ കാത്തുനില്‍ക്കും. സമയം നാലരയാണ്. ഓര്‍മ്മവേണം.'' അത്രയും പറഞ്ഞ് അയന്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു.
എന്തുചെയ്യണമെന്നറിയാതെ ഞാന്‍ അല്പനേരം കുഴങ്ങി. പരസ്യമായി നടന്ന പൊരിഞ്ഞവഴക്കിനെ തുടര്‍ന്നാണ് സോമലതയുമായുള്ള ബന്ധം അയന്‍ അവസാനിപ്പിച്ചത്. അതിനുശേഷം വീട്ടുകാര്‍ കണ്ടെത്തിയ വധുവാണ് നീലാഞ്ജന. ഇരുവീട്ടുകാരും തമ്മില്‍ കൂടിയാലോചിച്ച് അഗ്രഹായണത്തിലോ ഫാല്‍ഗുനത്തിലോ വിവാഹം നടത്താമെന്ന തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്തിരുന്നു. ഇതിനിടയില്‍ക്കൂടി സോമലത വീണ്ടും ചിത്രത്തില്‍ പ്രവേശിച്ചത് എങ്ങനെയാണ്?
ഇഷിതയെ ഫോണ്‍ വിളിക്കണോ വേണ്ടയോ എന്ന് ഞാന്‍ തെല്ലിട സംശയിച്ചു. കാരണം വിവാഹസമയത്ത് ഫ്രീലാന്‍സറായിരുന്ന അവളിപ്പോള്‍ ഒരു ടെലിവിഷന്‍ ചാനലിലെ റിപ്പോര്‍ട്ടറാണ്. തിരക്കൊഴിഞ്ഞ നേരമില്ല. എന്നിട്ടും ചാഞ്ചല്യപ്പെട്ടുകൊണ്ട് ഞാന്‍ നമ്പര്‍ ഡയല്‍ ചെയ്തു.
ഫോണ്‍ അറ്റന്‍ഡു ചെയ്തുകൊണ്ട് ഇഷിത പറഞ്ഞു: ''എന്താ പതിവില്ലാതെ ഈ നേരത്തൊരു ഫോണ്‍? എന്തെങ്കിലും അത്യാവശ്യമുണ്ടോ?''
'''നിനക്കൊരു സ്‌കൂപ് തരാമെന്നു വിചാരിച്ചു. അയന്‍ കല്യാണം കഴിക്കുകയാണ്. നിര്‍ബന്ധമായും ചെല്ലണമെന്ന് പറഞ്ഞിട്ടുണ്ട്.''
''നീലാഞ്ജനയെ ആണോ വിവാഹം കഴിക്കുന്നത്?''
''അതല്ലേ തമാശ! നീലാഞ്ജനയെ വിട്ടു. പകരം ആരാണെന്ന് ഊഹിക്കാമോ?''
''സോമലതയാണോ? അപ്പോള്‍ നീലാഞ്ജന?''
''അയന്റെ കാര്യമല്ലേ. തലയും വാലും തിരിയില്ല. കഴിഞ്ഞ ആഴ്ചയാണ് നീലാഞ്ജനയുമായി അവന്‍ ഡിന്നറിന് പോയത്.''
''സ്യൂട്ടിന്റെ അളവ് നല്‍കാന്‍ നീലാഞ്ജനയുടെ അളിയനോടൊപ്പം തയ്യല്‍ക്കടയില്‍ പോയ കാര്യംപോലും എന്നോട് പറഞ്ഞിരുന്നു.''
''വട്ടല്ലേ. നല്ല ഒന്നാന്തരം വട്ട്! നിന്നേം വിളിച്ചോണ്ട് ചെല്ലണമെന്നാണ് ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞത്.''
''എത്രമണിക്കാണ്?''
''നാലുമണിക്ക് ഗരിയാഹട്ടില്‍.''
''ഓക്കെ. എത്തിയേക്കാം.''
ഫോണ്‍ റിസീവര്‍ തിരികെവച്ച് സമാധാനത്തോടെ ക്ലെയിം ഫയല്‍ പഠിച്ച്, വൗച്ചറുകള്‍ പരിശോധിച്ച്, അനുകൂല തീരുമാനം രേഖപ്പെടുത്തി മാനേജര്‍ക്ക് കൊടുത്തയച്ചശേഷമാണ് ഓഫീസില്‍ നിന്നിറങ്ങിയത്. മടിച്ചുമടിച്ചാണെങ്കിലും ഒരു ടാക്സിയെടുത്ത് ഗരിയാഹട്ടിലേക്ക് യാത്രതിരിക്കുകയും ചെയ്തു. ടാക്സിക്കൂലി തരാമെന്ന് അയന്‍ പറഞ്ഞെങ്കിലും പിശുക്കനായ അവന്റെ വാചകക്കസര്‍ത്തായേ അതിനെ കാണാനാവൂ. നേരത്തേ ഇഷിത എത്തിച്ചേര്‍ന്നിരുന്നു. എന്നെയും കാത്തുനില്‍ക്കുകയായിരുന്നു അവര്‍ മൂന്നുപേരും. സോമലത സാരിയാണുടുത്തിരുന്നത്. അയന്‍ മനോഹരമായ കുര്‍ത്തയും. വഴിയുടെ ഓരംചേര്‍ന്ന് ടാക്സി നിര്‍ത്തിയതും അയന്‍ ഓടിവന്ന് ശബ്ദമേറെ താഴ്ത്തി എന്നോടുപറഞ്ഞു: ''അതേ, ഇന്നിനി നീലാഞ്ജനയുടെ കാര്യമൊന്നും എടുത്തിട്ടേക്കരുത്.''
കണ്ണുകളിറുക്കി ഞാന്‍ ചോദിച്ചു: ''ഇതെന്തുപറ്റി നിനക്ക്? നിങ്ങള്‍ ഇരുവരും വീണ്ടുമൊന്നിക്കാന്‍ തക്ക കാരണമെന്തുണ്ടായി.''
''അതൊന്നും ശരിയാവില്ല ചങ്ങാതീ. ഒരു നാരങ്ങാവെള്ളം കുടിച്ചാല്‍പോലും കണക്ക് പറയുന്ന കക്ഷിയോടൊപ്പം പൊറുക്കാന്‍ പറ്റില്ല.''
''ആ ഒരൊറ്റ കാരണംകൊണ്ടാണോ നീലാഞ്ജനയെ ഒഴിവാക്കിയത്?''
''അങ്ങിനെയല്ല സുഹൃത്തേ, കഴിഞ്ഞ ദിവസം സോമലത എന്നെ ഫോണ്‍ വിളിച്ച് ഏറെ കരഞ്ഞു. എന്നെക്കൂടാതെ അവള്‍ക്ക് ജീവിക്കാനാവില്ല എന്ന് പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ അഞ്ചാറ് വര്‍ഷത്തെ ബന്ധമാണ്. അതുമായി നീലാഞ്ജനയെ താരതമ്യം ചെയ്യാനാവില്ല. അതുകൊണ്ട് ജീവിതപങ്കാളി സോമയാവട്ടെ എന്ന് തീരുമാനിച്ചു.''
''നിന്റെ തീരുമാനം വീട്ടിലറിയിച്ചോ?''
''ഇന്നുരാത്രി അറിയും. അച്ഛന്‍ എതിര്‍ക്കില്ലായിരിക്കും. അമ്മ എതിര്‍ക്കുമെന്നുറപ്പാണ്. അമ്മയുടെ ചോയ്സാണല്ലോ ഞാന്‍ നിരാകരിച്ചത്.''
''വിവാഹക്കാര്യമറിയുമ്പോള്‍ വീട്ടിലാകെ പ്രശ്‌നമാകുമല്ലോ?''
''ആയാല്‍ ആവട്ടെ. അടുത്തമാസം ആദ്യം ഒരു ഫ്‌ലാറ്റിലേക്ക് മാറണം.''
ഞങ്ങളുടെ സംസാരം നീളുന്നതു കണ്ട് അക്ഷമയോടെ ഇഷിത വിളിച്ചുചോദിച്ചു: ''ഇതെത്ര നേരമായി കുശുകുശുക്കാന്‍ തുടങ്ങിയിട്ട്. സമയം പോകുന്നു...''
''രണ്ട് മാല വാങ്ങണ്ടെ... അയന്‍-സോമലത പരിണയമാണെന്നോര്‍മ്മവേണം.'' ഞാന്‍ പറഞ്ഞു.
തടസ്സമൊന്നുമില്ലാതെ വിവാഹം രജിസ്റ്റര്‍ ചെയ്തു. പ്രായം ചെന്ന അവിവാഹിതയായ രജിസ്ട്രാര്‍ ചില്ലറ അലോസരമുണ്ടാക്കിയെങ്കിലും എല്ലാവരും ചേര്‍ന്ന് അവരെ മയപ്പെടുത്തി. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ചെന്നതായിരുന്നു അവരെ പ്രകോപിപ്പിച്ചത്. സാധാരണയിലും ചെലവല്പം കൂടുകയും ചെയ്തു. അയന്റെ രീതിയനുസരിച്ച് ചെലവുകള്‍ ഫിഫ്റ്റി ഫിഫ്റ്റി ആക്കേണ്ടതായിരുന്നു. പക്ഷേ, വിവാഹനാളില്‍ എല്ലാ പുരുഷന്മാരെയും പോലെ അയനും ഉദാരമതിയായി. ആദ്യരാത്രിയില്‍ പ്ലാറ്റിനത്തില്‍ വജ്രം പതിപ്പിച്ച മോതിരം ഇഷിതയ്ക്ക് സമ്മാനിച്ചത് ആ നേരം വെറുതെ ഞാന്‍ ഓര്‍മ്മിച്ചെടുത്തു. രജിസ്ട്രാഫീസില്‍ സോമലതയുടെ ഭാഗത്തുനിന്ന് അവളുടെ ചേച്ചിയും ഭര്‍ത്താവുമാണെത്തിയത്. വീട്ടുകാരെ അറിയിക്കാതെ ഇറങ്ങിപ്പോന്നതായിരുന്നു അവളും.
ഒരുപക്ഷേ, വിവാഹരജിസ്ട്രറില്‍ ഒപ്പുവയ്ക്കുന്നതുവരെ അയന്റെ വാക്കിനെ മുഖവിലക്കെടുക്കാന്‍ സാധിക്കാതിരുന്നതുകൊണ്ടാവും സോമലത വീട്ടില്‍ അറിയിക്കാതിരുന്നത്. ചേച്ചിയും ഭര്‍ത്താവും ചെല്ലുമ്പോള്‍ വീട്ടുകാരറിയട്ടെ!
പരസ്പരം അണിയിച്ച വരണമാല്യം ബാഗിലൊതുക്കിവെച്ച് എല്ലാവരും ചേര്‍ന്ന് നേരേ പോയത് പാര്‍ക്ക് സ്ട്രീറ്റിലേക്കായിരുന്നു. അവിടത്തെ പ്രശസ്തമായ റസ്റ്റോറന്റില്‍നിന്ന് അയന്റെ വകയായിരുന്നു ചെലവ്. സോമലതയുടെ ചേച്ചിയുടെ ഭര്‍ത്താവ് ശൈബാല്‍-ദാ ബില്ലുകൊടുക്കാന്‍ തുനിഞ്ഞതാണ്. പക്ഷേ, അയന്‍ തീരെ സമ്മതിച്ചില്ല. തന്റെ സഹജമായ പിശുക്ക് ഒരു ദിവസത്തേക്ക് മാറ്റിവച്ചതുപോലെയായിരുന്നു അയന്റെ പെരുമാറ്റം. അതുകാണാന്‍ നല്ല ചേലുണ്ടായിരുന്നു. എന്തിനും ഏതിനും കണിശമായ കണക്കുപറയുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പിശുക്കിന്റെ തോട് പൊട്ടിച്ച് പുറത്തുവന്നിരിക്കുന്നു. നാണം കിനിയുന്ന മൃദുമന്ദഹാസം ചുണ്ടുകളില്‍ പറ്റിനില്ക്കുന്നു. ഇടയ്ക്കിടെ ഒരു കാരണവുമില്ലാതെ സോമലതയെ സ്പര്‍ശിക്കുന്നു. ചെറിയ തമാശകളില്‍പോലും ഉറക്കെ പൊട്ടിച്ചിരിക്കുന്നു. കാഴ്ചയ്ക്ക് സോമലതയേക്കാള്‍ സുന്ദരനായിരുന്നു അയന്‍. പക്ഷേ ഇന്നിതാ, വിവാഹദിനത്തില്‍ സ്വര്‍ണ്ണത്തിന്റെ മാന്ത്രികവടിയാല്‍ തലോടപ്പെട്ട് ഒരു രാജകുമാരിയെപ്പോലെ സുന്ദരിയായി സോമലത മാറിയിരിക്കുന്നു. പുതുമണവാട്ടിയുടെ നാണംമുറ്റിയ കണ്ണുകളാല്‍ അവളുടെ നോട്ടം ഇടയ്ക്കിടെ അയനിലേക്ക് പാറിവീണുകൊണ്ടിരുന്നു. നേര്‍ത്ത തമാശകളില്‍പോലും അവളുടെ കവിളുകള്‍ ചുവന്നുതുടുത്തു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇനിയൊരിക്കലും പരസ്പരം കാണില്ലെന്ന ശപഥമെടുത്ത് തല്ലിപ്പിരിഞ്ഞവരാണ് അവരിരുവരുമെന്ന് ഓര്‍ത്തെടുക്കാന്‍ തന്നെ പ്രയാസമായിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയശേഷവും തീക്ഷ്ണമായ ആ ഓര്‍മ്മ വിടാതെ പിന്തുടര്‍ന്നതുകൊണ്ട് ഇഷിതയോട് പറഞ്ഞു. ''അയനും സോമയും ചേര്‍ന്ന് ഭയങ്കര സര്‍പ്രൈസാണ് നമുക്ക് തന്നത്...!''
ഇഷിത പറഞ്ഞു: ''അതേയതേ, സോമയ്ക്ക് മനംമാറ്റമുണ്ടാകുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല.''
''അതിന് സോമയല്ലല്ലോ, അയനല്ലേ മനംമാറ്റമുണ്ടായത്. അവര്‍ തമ്മില്‍ പിരിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ സോമ തകര്‍ന്ന് തരിപ്പണമായി. അയനെ ഫോണ്‍ വിളിച്ച് അവള്‍ കരച്ചിലോട് കരച്ചിലായിരുന്നു.''
ഇഷിത ചെറുതായി ചിരിച്ചു. പിന്നെ പറഞ്ഞു: ''അത് അയന്‍ ഇറക്കിയ നമ്പരാണ്. സോമ എന്നോട് എല്ലാ കാര്യങ്ങളും വിസ്തരിച്ച് പറഞ്ഞിരുന്നു.''
''എന്താണിത്രമാത്രം പറയാനുള്ളത്?''


''കഴിഞ്ഞ പത്തു ദിവസമായി അയന്‍ ദിവസേന വിളിയായിരുന്നു സോമയെ. രണ്ടുദിവസം നാഷണല്‍ ലൈബ്രറിയുടെ മുന്നില്‍ച്ചെന്ന് അവളെ കാണാന്‍ കാത്തുനില്‍ക്കുകയും ചെയ്തു. ഉടനടി വിവാഹത്തിന് സമ്മതിക്കണമെന്നും അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും അയന്‍ ഭീഷണിപ്പെടുത്തിയും കുട്ടികളെപ്പോലെ കരഞ്ഞും കേണുപറഞ്ഞുമാണ് സോമയെക്കൊണ്ട് സമ്മതിപ്പിച്ചത്. ഗവേഷണം പൂര്‍ത്തിയാക്കാനും വീട്ടില്‍ പറഞ്ഞ് അനുവാദം വാങ്ങാനുമുള്ള സാവകാശം ആവശ്യപ്പെട്ടുവെങ്കിലും അയന്‍ സമ്മതിച്ചില്ലപോലും. അങ്ങനെ നിന്നനില്പില്‍ സോമയെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു.''
ഒരുപക്ഷേ, ഇഷിത പറയുന്നത് ശരിയാവാനാണ് കൂടുതല്‍ സാധ്യത. കാരണം അയന്‍ ഇതല്ല ഇതിലപ്പുറവും ചെയ്യും. സുഹൃത്തുക്കളുടെ മുന്‍പില്‍ ഒടിഞ്ഞാലും ശരി വളയില്ല എന്ന നിലപാട് സ്വീകരിക്കുന്ന കക്ഷിയാണ്. സോമയുമായി പ്രണയത്തിലായി എന്ന് ഞങ്ങളോട് പറയാന്‍തന്നെ അവന് ഒന്നരവര്‍ഷം വേണ്ടിവന്നിരുന്നു.
എങ്കിലും അയനെ ന്യായീകരിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ''സോമ പറയുന്നത് ശരിയാണെന്ന് എങ്ങനെ വിശ്വസിക്കും. സത്യത്തില്‍ അവള്‍ക്കായിരുന്നു കടുത്ത പ്രേമം.''
''അത് വെറുതെ തോന്നുന്നതാ. ഒരിക്കല്‍ വീട്ടുകാരോടൊപ്പം സോമ ഗാംടോക്കില്‍ പോയപ്പോള്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞതും വിരഹം മൂത്ത് അയനും അങ്ങോട്ട് പാഞ്ഞത് ഓര്‍മ്മയില്ലേ?'' അത്രയും പറഞ്ഞ് ഇഷിത ചിരിച്ചു. 
അതോര്‍ത്തെടുക്കവെ എനിക്കും ചിരിപൊട്ടി. അതോടൊപ്പം ഇനിയെങ്കിലും പ്രശ്‌നങ്ങളില്ലാതെ ആഹ്ലാദചിത്തരായി അവരിരുവരും കഴിയട്ടെ എന്നൊരു പ്രാര്‍ത്ഥന മനസ്സില്‍ കിനിയുകയും ചെയ്തു.
വിവാഹശേഷം ജാദവ്പൂരിലെ മനോഹരമായ ഒരു അപ്പാര്‍ട്ട്മെന്റിലേക്കാണ് അയനും സോമയും താമസം മാറിയത്. മൂന്നാം നിലയിലെ, കിഴക്കും തെക്കും മറയാത്ത ഫ്‌ലാറ്റില്‍ നിറയെ വെളിച്ചമായിരുന്നു. നിറയെ കാറ്റായിരുന്നു. നിറയെ പ്രണയമായിരുന്നു. അയന്റെ അമ്മയ്ക്ക് സോമയുമായുള്ള വിവാഹത്തോട് എതിര്‍പ്പായിരുന്നു. എന്നാല്‍, സോമയുടെ മാതാപിതാക്കള്‍ അയനെ മരുമകനായി സന്തോഷപൂര്‍വ്വം സ്വീകരിച്ചു. മാത്രമല്ല, ഒരു ചെറിയ വിവാഹസല്‍ക്കാരം നടത്തുകയും അയനും സോമയ്ക്കും സ്വര്‍ണ്ണാഭരണങ്ങളും ഫ്രിഡ്ജും വാഷിങ് മെഷീനുമടക്കം എല്ലാ വീട്ടുപകരണങ്ങളും വാങ്ങി നല്‍കുകയും ചെയ്തു. വാടകക്കെടുത്തതായിരുന്നെങ്കിലും സോമ അപ്പാര്‍ട്ട്മെന്റ് അതിമനോഹരമായി അണിയിച്ചൊരുക്കി. ചില അവധിദിവസങ്ങളില്‍ ഞങ്ങളവരെ സന്ദര്‍ശിക്കുകയും ഭക്ഷണം കഴിച്ച് പിരിയുകയും ചെയ്തു. ഏറെ വൈകാതെ അയന്റെ അച്ഛന്‍ പുത്രനേയും പുത്രവധുവിനേയും പതിവായി സന്ദര്‍ശിക്കാന്‍ തുടങ്ങി. അയന്റെ അമ്മയുടെ എതിര്‍പ്പും അലിഞ്ഞുതുടങ്ങിയിരുന്നു. ഏതാനും തവണ അവര്‍ അയന്റെ വീട്ടില്‍ ചെല്ലുകയും ചെയ്തു. എല്ലാം ശാന്തമായൊഴുകിത്തുടങ്ങുകയായിരുന്നു വീണ്ടും. പക്ഷേ, ഏതാനും മാസങ്ങള്‍ക്കൊടുവില്‍ ഒരു ദിവസം വൈകീട്ട് ഓഫീസില്‍ നിന്നെത്തി വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു മുന്നറിയിപ്പുമില്ലാതെ അയന്‍ കയറിവന്നത്. ലിവിംഗ് റൂമിലെ സോഫയിലേക്കമര്‍ന്ന്, തലകുടഞ്ഞുകൊണ്ട് അവന്‍ പറഞ്ഞു: ''സോമയെ കല്യാണം കഴിച്ചത് ജീവിതത്തിലെ വലിയ അബദ്ധമായിപ്പോയി.''
പെട്ടെന്നെന്തു പറയണമെന്ന അന്ധാളിപ്പോടെ ഞാന്‍ ചോദിച്ചു: ''ഇതെന്തുപറ്റി? നീ അവളുമായി വഴക്കടിച്ചോ?''
''അവളുമായി വഴക്കടിക്കാനോ? ഷീ ഈസ് ഇന്‍ടോളറബിള്‍. ഒരു കാര്യത്തിലും ഏകാഭിപ്രായമില്ല.''
''എടാ, അത് നിനക്കൊരു ഭാര്യയില്‍നിന്നും പ്രതീക്ഷിക്കാനാവില്ല.''
''നിനക്കവളുടെ സ്വഭാവമറിയാഞ്ഞിട്ടാണ്. വലത്തോട്ട് തിരിയാന്‍ പറഞ്ഞാല്‍ ഇടത്തോട്ട് തിരിയും. അതുമാത്രമല്ല, ഇടത്തോട്ട് തിരിയാന്‍ എന്നോട് ശാഠ്യം പിടിക്കുകയും ചെയ്യും. എനിക്ക് മലര്‍ന്നുകിടന്നുറങ്ങുന്നതാണ് ശീലം. ചരിഞ്ഞുകിടന്നുറങ്ങണമെന്ന് അവള്‍ വാശിപിടിക്കുന്നു. മലര്‍ന്നുകിടന്നുറങ്ങുന്നതു കണ്ടാല്‍ മൃതദേഹമാണെന്ന തോന്നല്‍ വരുന്നുപോലും.''
അയന്റെ വാക്കുകള്‍ കേട്ട് എനിക്ക് ചിരിക്കാതിരിക്കാനായില്ല. ഞാന്‍ ചോദിച്ചു: ''ഇതാണോ പ്രശ്‌നം!'' ശേഷം കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു: ''സോമയെ നോക്കി ചരിഞ്ഞുകിടക്കുന്നതില്‍ നിനക്ക് ഇഷ്ടക്കേട് തോന്നാനിടയില്ലല്ലോ...''
''ഇക്കഴിഞ്ഞ ഏതാനും മാസങ്ങളായി ഞാന്‍ മഹാറാണി പറയുന്നതൊക്കെ അനുസരിക്കുകയാണ്. പക്ഷേ, എത്രയാണെന്നുവച്ചാണ്? എങ്ങനെ കിടന്നുറങ്ങണമെന്ന കാര്യം തീരുമാനിക്കാനുള്ള അവകാശം പോലുമില്ലേ എനിക്ക്? കഴിഞ്ഞ ദിവസം അരിശം വന്ന് ഞാന്‍ മുറിവിട്ട് സോഫയിലാണ് കിടന്നുറങ്ങിയത്.''
''ഇതൊക്കെ നിസ്സാര കാര്യമല്ലേ അയന്‍. പറഞ്ഞാല്‍ തീരാവുന്നതേയുള്ളു.''
''കൊള്ളാം! അവളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഒരാള്‍ക്കുമാവില്ല. എത്രകാലമെന്നു കരുതിയാണ് ഞാന്‍ പീഡനം സഹിക്കുക. എന്റെ ഒരു കാര്യത്തിലും അവള്‍ക്ക് ശ്രദ്ധയില്ല. എന്റെ ഭക്ഷണം, വസ്ത്രധാരണം ഒന്നും ശ്രദ്ധിക്കാന്‍ നേരമില്ല. ഷി ഈസ് ഓള്‍വെയ്സ് ബിസി വിത്ത് ഹെര്‍ വര്‍ക്ക്. ഗവേഷണ പ്രബന്ധം തയ്യാറാക്കുകയാണുപോലും. മണ്ണാങ്കട്ട! ഇന്ന് രാവിലെ ഒന്നും കഴിക്കാതെയാണ് ഞാന്‍ ഓഫീസില്‍ പോയത്. എന്നിട്ടും പകല്‍ ഒരിക്കല്‍പോലും എന്തെങ്കിലും കഴിച്ചോയെന്ന് ചോദിച്ച് അവള്‍ ഫോണ്‍വിളിച്ചില്ല. ഇത്ര  സ്വാര്‍ത്ഥയായ പെണ്‍കുട്ടിയുടെ കൂടെ പൊറുക്കുന്നതെങ്ങനെ? നീ തന്നെ പറ...!''
അയന്‍ നല്ല ചൂടിലായിരുന്നു. എനിക്ക് സോമലതയോട് വല്ലാത്ത അരിശം തോന്നുകയും ചെയ്തു. പിരുപിരുപ്പുള്ള ചെറുക്കനെ ഒന്നിണക്കിക്കൊണ്ടുപോകാന്‍ സാധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാവുമെന്ന് സോമലതയെ കണ്ടു പറയണമെന്നു തീരുമാനിച്ചുറച്ച് ഒരു വിധേനയാണ് അയനെ അന്നു പറഞ്ഞയച്ചത്. എന്നാല്‍ രണ്ടു ദിവസം പിന്നിടുന്നതിനു മുന്‍പ് തന്നെ ചിത്രം നൂറ്റിയെണ്‍പതു ഡിഗ്രി മാറിത്തിരിഞ്ഞു. ഓഫീസില്‍ നിന്നെത്തിയ ഇഷിതയ്ക്ക് പറയാന്‍ ഏറെയുണ്ടായിരുന്നു. ലൈബ്രറിയില്‍ വച്ച് സോമലതയെ കണ്ടതും അവനെക്കുറിച്ച് ഏറെ പരാതി പറഞ്ഞതും അവള്‍ വിവരിച്ചു. നിസ്സാരമായി തള്ളിക്കളയാനാവാത്ത പരാതികളായിരുന്നു സോമ ഉന്നയിച്ചതും.
ഒരു തരത്തിലും പൊരുത്തപ്പെടാനാവാത്ത വ്യക്തിത്വമാണ് അയന്റേതുപോലും. തികഞ്ഞ സ്വാര്‍ത്ഥതയാണ്  മുഖമുദ്ര. രാത്രി കൊതുകുവല നാട്ടുന്നതിനെച്ചൊല്ലിയും ആഹാരത്തില്‍ എരിവ് കുറഞ്ഞാലും അയന്‍ തൊള്ളതുറക്കുകയാണത്രെ. ഓഫീസില്‍ പോകുന്നതിനു മുന്‍പ് തൂവാലപോലും എടുത്തുകൊടുക്കണം. ഒരു ഗ്ലാസ്സ് വെള്ളംപോലും  സ്വയമെടുത്ത് കുടിക്കില്ല. സോമയുടെ പരാതിയും പരിഭവവും അനന്തമായി നീണ്ടു.


അയനെക്കുറിച്ചുള്ള മോശം പരാമര്‍ശങ്ങള്‍ കേട്ടിട്ടും ഞാന്‍ അവന്റെ പക്ഷം പിടിക്കുകയാണുണ്ടായത്. ഞാന്‍ പറഞ്ഞു: ''സോമലത പറയുന്ന കാര്യങ്ങള്‍ അപ്പാടെ വിശ്വസിക്കേണ്ട കാര്യമില്ല. ഭര്‍ത്താവിന്റെ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നത് ദാസ്യപ്പണിയായി അവള്‍ കാണേണ്ട ആവശ്യമെന്തിരിക്കുന്നു?''
''വീട്ടിലെ കാര്യങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ചെയ്തിരുന്നെങ്കില്‍ അങ്ങനെ പറയേണ്ടിവരുമായിരുന്നില്ല. വീട്ടുകാര്യങ്ങള്‍ക്കു പുറമേ സോമയ്ക്കുമില്ലേ ധാരാളം കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍. ഗവേഷണം ചെയ്തുകൊണ്ടിരിക്കുകയാണവള്‍. അതിന്റെ ഡാറ്റ ശേഖരിക്കണം, ഗൈഡിനെ കാണണം. അങ്ങനെ എത്രയോ കാര്യങ്ങള്‍. കഴിഞ്ഞൊരു ദിവസം അയനും സോമയും തമ്മില്‍ ശണ്ഠകൂടിയ കാര്യം കേട്ടാല്‍ ആരും ചിരിക്കും. അയന്‍ ആവശ്യപ്പെട്ടത് ബുള്‍സൈ. സോമ നല്‍കിയത് ഓംലറ്റ്. പോരാത്തതിന് വേണമെങ്കില്‍ കഴിച്ചാല്‍മതിയെന്ന് പറയുകയും ചെയ്തുപോലും.''
''സോമയുടെ അത്തരം രൂക്ഷമായ നിലപാടുകളോട് എനിക്ക് യോജിപ്പില്ല. ആരായാലും അല്പസ്വല്പം വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാവുകയേയുള്ളു.''
''വഷളാവുകയാണെങ്കില്‍ ആവട്ടെ. എല്ലാവരും എന്നെപ്പോലെ എല്ലാം സഹിച്ച് വായടച്ച് കഴിയണമെന്നില്ലല്ലോ.''
''ഇതിനിടയിലേയ്ക്ക് നീ സ്വയം കയറിപ്പറ്റുന്നത് എന്തിനാണ്?''
''ഞാനും സഹിക്കുന്നുണ്ട്. നിങ്ങള്‍ക്കുവേണ്ടി എത്രയേറെ വിട്ടുവീഴ്ചകള്‍ ഞാനും ചെയ്തിരിക്കുന്നു. നിങ്ങളുടെ അമ്മയ്ക്ക് ഇഷ്ടമില്ലാത്തതുകൊണ്ടാണല്ലോ എനിക്ക് ജീന്‍സ് ഉപേക്ഷിക്കേണ്ടിവന്നത്. ആഴ്ചയില്‍ ആറു ദിവസവും ജോലിചെയ്തിട്ട് ഏഴാം ദിവസം ഞായറാഴ്ച എനിക്കെന്താണ് ഒരു വിശ്രമം ഉള്ളത്? നിങ്ങള്‍ക്ക് കൂട്ടുകാരോടൊപ്പം സൊറ പറഞ്ഞിരുന്നാല്‍ മതിയല്ലോ! ഞാനെത്ര ക്ഷീണിതയാണെങ്കിലും ഞാന്‍ തന്നെ വിളമ്പാതെ നിങ്ങളിലാര്‍ക്കും ആഹാരം ഇറങ്ങില്ലല്ലോ.''
''അതുകൊള്ളാം. ഇത്ര നിസ്സാര കാര്യത്തെ ചൊല്ലിയാണോ നീ നീരസപ്പെടുന്നത്. ഇക്കാര്യം ഇതിന് മുന്‍പൊരിക്കലും നീ പറഞ്ഞിട്ടില്ലല്ലോ.''
''പറയാനവസരം കിട്ടിയപ്പോള്‍ പറഞ്ഞതാണ്.''
''ഞാന്‍ കരുതിയത് നീയതൊക്കെ ഇഷ്ടത്തോടെ ചെയ്യുന്നു എന്നാണ്.''
''ഇഷ്ടപ്പെട്ടിട്ട് ചെയ്യുന്നതാണോ അതോ സ്വസ്ഥതയ്ക്ക് വേണ്ടി ചെയ്യുന്നതാണോ എന്നത് എനിക്കേ അറിയാവൂ. ചെയ്തില്ലെങ്കില്‍ നിങ്ങളടക്കമുള്ളവരുടെ വീര്‍ത്തുകെട്ടിയ മുഖം കാണേണ്ടിവരില്ലേ?''
''എന്നെ ഈ ചിത്രത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്തിനാണ്?''
''കാരണം നിങ്ങളും പ്രച്ഛന്നവേഷമണിയുന്ന അയനാണ്. അയന്‍ ഒച്ചപ്പാടുണ്ടാക്കുന്നു എന്ന വ്യത്യാസം മാത്രമേ ഉള്ളു.''
''അല്ല. ഞാന്‍ വിട്ടുവീഴ്ചകള്‍ ചെയ്തിട്ടില്ലെന്നാണോ നീ പറഞ്ഞുവരുന്നത്. വിവാഹശേഷം ഞാനെത്രയോ മാറിപ്പോയിരിക്കുന്നു.''
''എന്താണ് മാറിയത്?''
''നിന്നോടൊത്ത് പോകാന്‍ സമയം കണ്ടെത്താനാവാതെ വന്നതോടെയാണല്ലോ എന്റെ പതിവുശീലങ്ങളില്‍നിന്ന് നാടകവും സിനിമയും മാഞ്ഞില്ലാതായത്. വല്ലപ്പോഴും വലിച്ചിരുന്ന ഒന്നോ രണ്ടോ സിഗററ്റും ഞാന്‍ ഒഴിവാക്കിയില്ലേ!''
''ഓ... എന്തൊരു മഹാത്യാഗം! ഇനിയെന്തൊക്കെയുണ്ട് ആ ലിസ്റ്റില്‍?''
ഇഷിതയുടെ ആ ചോദ്യത്തിന് മുന്‍പില്‍ എനിക്കുത്തരം മുട്ടി. അതുണര്‍ത്തിവിട്ട അസ്വസ്ഥതയില്‍ ഞാന്‍ പറഞ്ഞു: ''ഇതൊക്കെ അക്കമിട്ട് സൂക്ഷിക്കേണ്ട കാര്യങ്ങളാണോ?''
''തലയെത്ര പുകച്ചാലും ഏറെയൊന്നും നിങ്ങള്‍ക്ക് പറയാനുണ്ടാവില്ല. പിന്നെയെങ്ങനെയാണ് വലിയ അലമ്പില്ലാതെ നാം കഴിഞ്ഞുകൂടുന്നത് എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. ഉത്തരം ലളിതമാണ്. ചെറിയ ഇഷ്ടക്കേടുകളോടൊപ്പം നാം ഒരുപോലെ പങ്കുവെയ്ക്കുന്ന ഇഷ്ടങ്ങളുമുണ്ട്. കൊതുകുവല നാട്ടി ഉറങ്ങാന്‍ നാമിഷ്ടപ്പെടുന്നു. എരിവുള്ള ഭക്ഷണം സ്വാദോടെ കഴിക്കുന്നു. ചെറിയ ശബ്ദത്തില്‍ നാമൊരുപോലെ കൂര്‍ക്കം വലിക്കുന്നു. ഒരേസമയത്ത് കിടപ്പറയിലെത്തുന്നു.... ഇതുപോലെയുള്ള കൊച്ചുകൊച്ചു വിഷയങ്ങളാണ് അയന്റേയും സോമയുടേയും ഇടയില്‍ വലിയ  പ്രശ്‌നങ്ങളുണ്ടാക്കുന്നത്. പക്ഷേ, ഞാനതിനെ കാര്യമായെടുക്കുന്നില്ല. വിവാഹത്തിന് മുന്‍പും അവര്‍ വഴക്കടിച്ചിരുന്നതാണല്ലോ. ഇപ്പോഴും അത് തുടരുന്നു എന്നുമാത്രം.''
''ഈ രീതിയില്‍ അവര്‍ മുന്നോട്ട് പോകുമെന്നാണോ നീ പറഞ്ഞുവരുന്നത്?''
''നമുക്ക് നോക്കാം?''
അയന്‍-സോമ ബന്ധം ഏറെക്കാലം മുന്നോട്ട് പോയില്ല. വിവാഹത്തിന്റെ ഒന്നാം വാര്‍ഷികം ഗംഭീരമായാണ് അവര്‍ ആഘോഷിച്ചത്. പാട്ടും നൃത്തവും പലതരത്തിലുള്ള ഭക്ഷണവും ഡ്രിങ്ക്സുമൊക്കെയായി സംഘടിപ്പിച്ച വിവാഹവാര്‍ഷികവിരുന്നില്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി ഒട്ടേറെപ്പേര്‍ പങ്കെടുത്തിരുന്നു. മനോഹരമായി അണിഞ്ഞൊരുങ്ങി സദാസമയവും ആഹ്ലാദവതിയായാണ് സോമലത എല്ലാവരോടും ഇടപഴകിയത്. അയനും ഉത്സാഹത്തിമിര്‍പ്പിലായിരുന്നു. തമ്മില്‍ത്തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന് അവരെ കാണുമ്പോള്‍ ആര്‍ക്കും ലവലേശം അനുഭവപ്പെട്ടതുമില്ല.
വിവാഹവാര്‍ഷികത്തിന്റെ രണ്ടാഴ്ച പിന്നിടുന്നതിന് മുന്‍പുതന്നെ ഒരു മഞ്ഞുകാല പ്രഭാതത്തില്‍ നനഞ്ഞുകുതിര്‍ന്ന കാക്കയെപ്പോലെയാണ് അയന്‍ വീട്ടില്‍ കയറിവന്നത്. കൈവശം ഒരു വലിയ സ്യൂട്ട്കേസും തോള്‍സഞ്ചിയും  ഉണ്ടായിരുന്നു. ആ കാഴ്ചകണ്ട് ഞങ്ങള്‍ ഇരുവരും ഒരുപോലെ ഞെട്ടി. ഉറക്കച്ചടവോടെ ഞാന്‍ ചോദിച്ചു: ''എന്തായിത്? എന്തുപറ്റീ നിനക്ക്?''
''എല്ലാം അവസാനിപ്പിച്ചു. എവരിതിംഗ് ഈസ് ഫിനിഷ്ഡ്.''
തന്റെ പുരികങ്ങള്‍ കോട്ടി ഇഷിത ചോദിച്ചു: ''നിങ്ങള്‍ തമ്മില്‍ പുതിയ തൊന്തരവെന്താ ഉണ്ടാക്കിയത്?''
''തൊന്തരവൊന്നുമില്ല. കീറിക്കളഞ്ഞു! ഇന്നുമുതല്‍ ഞങ്ങള്‍ ബന്ധം അവസാനിപ്പിച്ചു.''
ഒരു കോറസിലെന്നോണം ഞങ്ങള്‍ ചോദിച്ചു: ''എന്തുകൊണ്ട്?''
ഇടറിയ ശബ്ദത്തില്‍ അയന്‍ പറഞ്ഞു: ''സോമ എന്നെ അപ്പാര്‍ട്ട്മെന്റില്‍ നിന്നിറക്കിവിട്ടു.''
''അങ്ങനെ സംഭവിക്കാന്‍ മാത്രം എന്തുണ്ടായി?''
''ഇന്നലെ രാത്രി ഞാനുറങ്ങുമ്പോള്‍ കൂര്‍ക്കംവലിക്കുള്ള തുള്ളിമരുന്ന് അവള്‍ എന്റെ മൂക്കിലൊഴിച്ചു. അതെങ്ങാനും എന്റെ ശ്വാസനാളിയില്‍ പെട്ടിരുന്നെങ്കിലോ? ഇനിയിപ്പോ എന്നെ കൊന്നുകളയുമോ എന്നാണ് പേടി! ആ നേരം ഞാനുറപ്പിച്ചതാണ് ഇനി അവളുടെ കൂടെ പൊറുക്കാനാവില്ലെന്ന്.'' അതു പറയുമ്പോള്‍ കോപത്താല്‍ അയന്‍ വിറച്ചു. അവന്റെ കണ്ണുകള്‍ എവിടെയും ഉറയ്ക്കാതെ വട്ടംകറങ്ങിക്കൊണ്ടിരുന്നു. പല്ലുകള്‍ ഞെരിക്കുകയും കൈകള്‍ കൂട്ടിത്തിരുമ്മുകയും ചെയ്തു. പെട്ടെന്ന് ചാടിയെഴുന്നേറ്റ് അയന്‍ തുടര്‍ന്നു: ''ഞാന്‍ പോവുകയാണ്. ഈ സ്യൂട്ട്കേസ് തല്‍ക്കാലം ഇവിടെയിരിക്കട്ടെ. ഒരു ഹോട്ടല്‍മുറി നോക്കിയിട്ട് വരാം.''
''അതിന് നിനക്കിവിടെ തങ്ങിക്കൂടെ?''
''വേണ്ട. എന്നെ ചൊല്ലി നിങ്ങളുടെ ജീവിതത്തില്‍ ബുദ്ധിമുട്ട് ഉണ്ടാവരുത്.''
''എന്നാല്‍പ്പിന്നെ നിനക്ക് സ്വന്തം വീട്ടിലേക്ക് പോയിക്കൂടെ. അവിടെ അമ്മ മാത്രമല്ലേയുള്ളൂ.''
''ഇല്ല. ഞാന്‍ എങ്ങോട്ടുമില്ല. നിങ്ങള്‍ക്കറിയാമല്ലോ ആ അപ്പാര്‍ട്ട്മെന്റ് വാടകക്കെടുത്തത് ഞാനാണ്. വീട്ടുപകരണങ്ങള്‍ വാങ്ങി നല്‍കിയത് അവളുടെ അച്ഛനാണ്. അയാള്‍ സ്വന്തം ഇഷ്ടപ്രകാരം വാങ്ങിയതാണ്. അല്ലാതെ ആരും ആവശ്യപ്പെട്ടിട്ടല്ല. എന്നാലും അവിടെയുള്ള പകുതി സാധനങ്ങള്‍ ഞാന്‍ വാങ്ങിയതാണ്.''
ഞങ്ങളുടെ അഭ്യര്‍ത്ഥന മാനിക്കാതെ അയന്‍ ഇറങ്ങിപ്പോയി. അല്പനേരം എന്തുചെയ്യണമെന്നറിയാതെ ഇരുന്നശേഷം ഇഷിത പറഞ്ഞു: ''ഞാനൊന്ന് സോമയെ വിളിക്കട്ടെ? കാര്യങ്ങളുടെ മറുവശം അറിയാന്‍ പറ്റും.''
സോമയെ ലൈനില്‍ കിട്ടിയതും ഇഷിതയ്ക്ക് തുടങ്ങിവയ്ക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളു. എറെ സമയമെടുത്താണ് സോമലത കാര്യങ്ങള്‍ വിശദീകരിച്ചത്. ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച് തിരികെ വന്ന് ഇഷിത പറഞ്ഞു: ''പ്രതീക്ഷയ്ക്ക് വകയില്ല. ആര്‍ക്കും ഒന്നും ചെയ്യാനാവാത്തവിധം കാര്യങ്ങള്‍ വഷളായി മാറിയിരിക്കുന്നു.''
''സോമയും നല്ല വാശിക്കാരിയാണ്.'' ഞാന്‍ മറുപടി നല്കി.
''അയാള്‍ കാട്ടിക്കൂട്ടുന്ന വേലകള്‍ കുറച്ചൊന്നുമല്ല സോമയെ വേദനിപ്പിക്കുന്നത്. അവള്‍ക്കാണെങ്കില്‍ തിസീസ് സമര്‍പ്പിക്കാന്‍ ഇനി ഏതാനും മാസങ്ങളെ അവശേഷിക്കുന്നുള്ളു. അതിന്റെ തിരക്കിലാണവള്‍. പക്ഷേ, അയന്‍ ഒട്ടും സഹകരിക്കുന്നില്ല.''
''അവരെന്താണെന്നുവച്ചാല്‍ തീരുമാനിക്കട്ടെ. നമുക്ക് മധ്യസ്ഥത വഹിക്കാനാവില്ല.''
പ്രതീക്ഷിച്ചപോലെ അയനും സോമലതയും തീവണ്ടിപ്പാളംപോലെ സമാന്തരമായി നീങ്ങി. ഏറെ വൈകാതെ അയന്‍ സ്ഥലംമാറ്റം വാങ്ങി ഹൈദരാബാദിലേക്കും സോമ അപ്പാര്‍ട്ട്മെന്റ് ഒഴിഞ്ഞ് സ്വന്തം വീട്ടിലേക്കും തിരിച്ചുപോയി. അവള്‍ സമയബന്ധിതമായി തിസീസ് സമര്‍പ്പിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു സ്‌കൂളില്‍ ജോലിയും തരപ്പെടുത്തി. അതിനിടെ സോമയുടെ മാതാപിതാക്കളടക്കം നിരവധിപ്പേര്‍ സമാധാന ചര്‍ച്ചകള്‍ നടത്തിയെങ്കിലും അവരേവരും ദയനീയമായി പരാജയപ്പെട്ടു.
വഴിപിരിഞ്ഞ മട്ടായിരുന്നിട്ടും അയനും സോമലതയും ഞങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്നു. സോമലത ഇഷിതയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും പി.എച്ച്ഡി കിട്ടിയപ്പോള്‍ ലഡു നല്‍കി മടങ്ങുകയും ചെയ്തു. വിവാഹബന്ധം തകര്‍ന്നതിന്റെ വിഷാദം അവളെ അലട്ടുന്നതായി തോന്നിയതേയില്ല. അറിയാതെ അയന്റെ പേര് പരാമര്‍ശിച്ചപ്പോഴൊക്കെ അവള്‍ പൊടുന്നനെ ഉദാസീനയായി.
ഹൈദരാബാദില്‍നിന്ന് ഇ-മെയിലുകള്‍ വഴിയാണ് അയന്‍ സൗഹൃദം നിലനിര്‍ത്തിയത്. കാലാവസ്ഥയും പച്ചക്കറികളുടെ വിലനിലവാരവുമുള്‍പ്പെടെ ആ നഗരത്തെ സംബന്ധിക്കുന്ന സര്‍വ്വത്ര വിവരങ്ങള്‍ ദൈര്‍ഘ്യമേറിയ ഇ-മെയില്‍ സന്ദേശങ്ങളിലൂടെ ഞങ്ങളെ അറിയിക്കുമായിരുന്നു.
രണ്ട് നഗരങ്ങളില്‍ ഒറ്റയ്ക്ക് താമസിച്ച് അവര്‍ ജീവിതം തള്ളിനീക്കുമോ എന്ന് ഞങ്ങള്‍ സത്യമായും ആശങ്കപ്പെട്ടു. വിവാഹമോചനത്തെക്കുറിച്ച് അവരിരുവരും ഒരിക്കല്‍പോലും സംസാരിച്ചതുമില്ല. കുളു-മണാലിയിലെ മധുവിധുവിനുശേഷം യാത്രകള്‍ക്ക് സംഭവിച്ച ഇടവേള മുറിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ പുരിയിലേക്ക് യാത്ര പോയത്. എത്തിയപ്പോള്‍ത്തന്നെ ഇഷിതയ്ക്ക് ചെറിയ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. അതിനാല്‍ പകല്‍ മുഴുവന്‍ മുറിയില്‍ വിശ്രമിച്ച് വെയില്‍ ചാഞ്ഞതോടെ കടല്‍തീരത്തുകൂടെ അലക്ഷ്യമായി നടക്കാനിറങ്ങിയതായിരുന്നു ഞങ്ങള്‍. അല്പദൂരം നടന്നതും കണ്‍മുന്നില്‍ പതിഞ്ഞ ദൃശ്യം കണ്ട് ഞങ്ങള്‍ ഒരുപോലെ പകച്ചു. ഭൂമിയിലെ എട്ടാമത്തെ അത്ഭുതംപോലെ, മധുവിധു ആഘോഷിക്കുന്ന യുവമിഥുനങ്ങളെപ്പോലെ എതിര്‍ദിശയില്‍നിന്നും നടന്നുവന്നത് അയനും സോമയുമായിരുന്നു. അയന്റെ ഇടതുകൈ സോമയുടെ തോളിലും അവളുടെ വലതുകൈ അയന്റെ അരക്കെട്ടിലും ചുറ്റിപ്പിണഞ്ഞ് വിശ്രമിച്ചു. ചുറ്റുപാടുകളെ പാടെ വിസ്മരിച്ച്, ഗാഢപ്രണയത്തിന്റെ തന്മയീഭാവത്തില്‍ ലയിച്ച് നീങ്ങുകയായിരുന്നു അവര്‍.
ആ കാഴ്ചകണ്ട് വിശ്വസിക്കാനാവാതെ കണ്ണുകള്‍ ഒരാവര്‍ത്തി അമര്‍ത്തി തിരുമ്മി നോക്കവേ അവര്‍ ഞങ്ങളുടെ അടുക്കല്‍ എത്തിക്കഴിഞ്ഞിരുന്നു. ഞെട്ടലോടെ ഞങ്ങള്‍ ചോദിച്ചു: ''നിങ്ങളെങ്ങനെ ഒരുമിച്ച് ഇവിടെ എത്തി?''
''ഞങ്ങളുടേതായ സ്ഥലത്തുനിന്ന്. ഞാന്‍ ഹൈദരാബാദില്‍നിന്നും സോമ കൊല്‍ക്കത്തയില്‍നിന്നും.'' അയനാണ് മറുപടി നല്കിയത്.
ജിജ്ഞാസ അടക്കാനാവാതെ ഇഷിത ചോദിച്ചു:
''അപ്പോള്‍ നിങ്ങള്‍ തമ്മിലുള്ള പ്രശ്‌നമൊക്കെ തീര്‍ന്നോ?''
അതിന് മറുപടി നല്‍കിയത് സോമയായിരുന്നു. അവള്‍ പറഞ്ഞു: ''പ്രശ്‌നമൊക്കെ അതിന്റെ വഴിക്കാണ്. ഞങ്ങള്‍ രണ്ടുപേരും രണ്ടു വീടുകളിലാണ് താമസം. ഇവിടെയും അതുപോലെതന്നെ. ഞങ്ങളിരുവരും ഇവിടെ വന്നിട്ടും വ്യത്യസ്ത ഹോട്ടലുകളിലാണ് താമസം. ബീച്ചില്‍വച്ച് പതിവായി കണ്ടുമുട്ടും. ചില ദിവസങ്ങളില്‍ ഏതെങ്കിലും ഒരു മുറിയില്‍ നാലഞ്ച് മണിക്കൂര്‍ ഒരുമിച്ച് ചിലവിടും. ശേഷം മടങ്ങും. ഏറെ ആലോചനകള്‍ക്കൊടുവിലാണ് ഒരേ മേല്‍ക്കൂരയ്ക്ക് താഴെ ഏറെക്കാലം ഒരുമിച്ചു താമസിക്കാന്‍ ആവില്ല എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞത്. എന്നാല്‍, എന്നന്നേക്കുമായി വഴിപിരിയാനും സാധിക്കുന്നില്ല. അതുകൊണ്ടാണീ ഫിഫ്റ്റി-ഫിഫ്റ്റി അറേഞ്ച്മെന്റ്. ഹൈദരാബാദില്‍നിന്നും കൊല്‍ക്കത്തയില്‍നിന്നും എത്തിച്ചേരാനുള്ള സൗകര്യമാണ് ഞങ്ങള്‍ എല്ലായ്‌പോഴും പരിഗണിക്കാറ്.''  അത്രയും പറഞ്ഞ് നടന്നകലുന്ന അവരെ നോക്കി ഞങ്ങള്‍ അസ്തപ്രജ്ഞരായി നിന്നു.
സൂര്യന്‍ താഴ്ന്നുതുടങ്ങിയിരുന്നു. സന്ധ്യയായതോടെ സമുദ്രത്തിന്റെ ഗാഢനീലിമ മാഞ്ഞില്ലാതായി. അകലെയായി ഒരു മത്സ്യബന്ധന വഞ്ചി നിശ്ചലമായി കിടന്നു. ഉയര്‍ന്നുതാഴുന്ന തിരമാലകളില്‍ പെട്ട് അത് ഊയലാടിക്കൊണ്ടിരുന്നു. ഇടയ്ക്കിടെ അത് കാഴ്ചയില്‍നിന്ന് പൊടുന്നനെ മറയുകയും നിമിഷങ്ങള്‍ക്കകം ശൂന്യതയില്‍ നിന്നെന്നപോലെ വീണ്ടും തെളിഞ്ഞെത്തുകയും ചെയ്തു. 
ആ ദൃശ്യം നോക്കിനിന്നതുകൊണ്ടാവണം ഏറെ നേരമെടുത്താണ് ഇഷിത സംസാരിച്ചത്. അവള്‍ പറഞ്ഞു: ''സോമയുടെ ആശയമെന്തായാലും ഗംഭീരം തന്നെ, അല്ലേ!''
''ഗംഭീരമെന്നല്ല, അസംബന്ധമെന്നാണ് വിശേഷിപ്പിക്കേണ്ടത്.''
''ഒട്ടുമല്ല! എനിക്കവരുടെ ആശയം ഇഷ്ടപ്പെട്ടു. നമ്മുടെ കാര്യം തന്നെ നോക്കൂ. ഒരുമിച്ചു കഴിയുന്നു. ദിവസേനയെന്നോണം എന്തെങ്കിലും കാര്യത്തെച്ചൊല്ലി തര്‍ക്കിക്കുന്നു. പലപ്പോഴും ജീവിതം നിര്‍ജീവമായിപ്പോകുന്നു. അവരെപ്പോലെ വര്‍ഷത്തിലൊരിക്കലോ മറ്റോ വല്ല കാട്ടിലോ മേട്ടിലോ വച്ച് കണ്ടുമുട്ടിയാല്‍ മതിയായിരുന്നു നമുക്കും...''
''അതുമല്ലെങ്കില്‍ ഏതെങ്കിലുമൊരു സമുദ്രതീരത്തുവച്ച്...'' എന്നുപറഞ്ഞ് ചിരിച്ചുകൊണ്ട് ഞാന്‍ ഇഷിതയെ പിടിച്ചു തള്ളി. ശേഷം തുടര്‍ന്നു: ''ചെല്ല്, നീയും ചെന്ന് അവരെ അനുകരിക്ക്...''
''അതിനിനി ബാല്യമില്ല.''
''എവിടെയാ തടസ്സം?''
''നിങ്ങളൊരു പൊട്ടനാ...! ഇനിയും മനസ്സിലായില്ലേ?''
''എന്തുപറ്റീ?''
''ഓഫീസില്‍നിന്ന് എങ്ങനെ ലീവെടുക്കണമെന്നും സഹപ്രവര്‍ത്തകരോട് എങ്ങനെയീ കാര്യം പറയണമെന്നുമോര്‍ത്ത് കുഴഞ്ഞിരിക്കുകയാണ് ഞാന്‍.''
''ലീവോ, എന്തിന്?''
''അയാം പ്രഗ്‌നന്റ്'' അത്രയും പറഞ്ഞ് എന്റെ നാസികയില്‍ വിരലമര്‍ത്തിക്കൊണ്ട് അവള്‍ തുടര്‍ന്നു, മനസ്സിലായോ ചെറുക്കാ, നമ്മുടെ ഇടയിലേക്ക് മൂന്നാമതൊരാള്‍ കൂടി വരുന്നു..!''
തെല്ല് അവിശ്വസനീയതയോടെ ഞാന്‍ ഇഷിതയെ നോക്കിനിന്നു. ആഹ്ലാദത്തിന്റെ ചെറുതിരകള്‍ ഇഷിതയുടെ കണ്ണുകളില്‍ തട്ടിച്ചിതറുന്നത് ഞാന്‍ കണ്ടു. അതിന്റെ കമ്പനം എന്റെ നെഞ്ചില്‍ നിറയുന്നതും സിരകളിലും ഉടലിലാകെയും പടരുന്നതും ഞാനറിഞ്ഞു.
ആ നിമിഷങ്ങളില്‍ ഏതാണ് പ്രണയമെന്ന് എനിക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ടായില്ല. ഞങ്ങളുടെ ബാന്ധവമാണോ അതോ അയന്‍-സോമലതയുടെ അകലങ്ങളില്‍ ഇരുന്നുകൊണ്ടുള്ളതാണോ പ്രണയത്തെ സാക്ഷാല്‍ക്കരിക്കുന്നത്? അതോ രണ്ടുമാണോ? പപ്പാതി! ഫിഫ്റ്റി ഫിഫ്റ്റി...!

പരിഭാഷ : സുനില്‍ ഞാളിയത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com