'പത്ത് ചെറുകഥകള്‍'- ബിജു സി.പി.  

ബുദ്ധനു മുന്നില്‍ വെച്ച് ശാരിപുത്തന്‍ ഇങ്ങനെ പറഞ്ഞതു കേട്ട് ഭിക്ഷുക്കള്‍ വിവര്‍ണരായി. ശാരിപുത്തന് ബുദ്ധനെ വലിയ മതിപ്പൊന്നുമില്ലേ... അദ്ദേഹം സ്വയം ബുദ്ധനാവുകയാണോ... അവര്‍ ആശങ്കകൊണ്ടു
'പത്ത് ചെറുകഥകള്‍'- ബിജു സി.പി.  


ബുദ്ധന്‍ ഒരു ചാട്ട

 
പഞ്ചേന്ദ്രിയങ്ങളോരോന്നിനേയും ഗാഢമായി ധ്യാനിച്ച് ഇന്ദ്രിയങ്ങളെ അടക്കി നിര്‍വ്വാണം നേടുന്നതിനെക്കുറിച്ച് ഒരു ആര്‍ഹതന്‍ ബുദ്ധനോടു ചോദിച്ചു. മൗനമധുഹാസത്തോടെ ബുദ്ധന്‍ ആ ചോദ്യം ശാരിപുത്തനു കൈമാറി എന്തുണ്ട് പറയാന്‍! 

ശാരിപുത്തന്‍ പറഞ്ഞു: ഇന്ദ്രിയങ്ങളോരോന്നിനേയും ഗാഢമായി ധ്യാനിച്ച് നിര്‍വ്വാണത്തിലേക്ക് എത്താനാവുമെന്നു പറയുന്നതിനെ ഞാന്‍ അംഗീകരിക്കുന്നത് അത് ബുദ്ധന്‍ അങ്ങനെ പറഞ്ഞിട്ടുള്ളതുകൊണ്ടല്ല. അനുഭവത്തില്‍ എനിക്കത് സാക്ഷാല്‍ക്കരിക്കാന്‍ കഴിഞ്ഞിട്ടുള്ളതിനാലാണ്. സ്വന്തമായി സാക്ഷാല്‍ക്കരിക്കാന്‍ കഴിയാത്തവരാണ് മറ്റുള്ളവര്‍ പറഞ്ഞത് അങ്ങനെ തന്നെ അംഗീകരിച്ച് പ്രമാണമായി കൊണ്ടുനടക്കുന്നത്.

ബുദ്ധനു മുന്നില്‍ വെച്ച് ശാരിപുത്തന്‍ ഇങ്ങനെ പറഞ്ഞതു കേട്ട് ഭിക്ഷുക്കള്‍ വിവര്‍ണരായി. ശാരിപുത്തന് ബുദ്ധനെ വലിയ മതിപ്പൊന്നുമില്ലേ... അദ്ദേഹം സ്വയം ബുദ്ധനാവുകയാണോ... അവര്‍ ആശങ്കകൊണ്ടു. അപ്പോള്‍, ഒന്നുകൂടി വിടര്‍ന്ന മധുഹാസത്തോടെ ബുദ്ധന്‍ പറഞ്ഞു: ബുദ്ധനോ മറ്റാരെങ്കിലുമോ പറഞ്ഞു എന്നതുകൊണ്ടല്ല ഒന്നും പ്രമാണമാകേണ്ടത്. ഓരോന്നിന്റേയും വാസ്തവം അവരവര്‍ക്കു തന്നെ ബോധ്യപ്പെടുകയാണ് വേണ്ടത്. 

ബുദ്ധന്‍ ശാരിപുത്തനോടു പറഞ്ഞു: ഓര്‍ക്കുന്നില്ലേ ആനന്ദന്‍ ഭിക്ഷുമഠത്തിലേക്കു കൊണ്ടുവന്ന ആ യുവാവിന്റെ കഥ! ശ്രാവസ്തിയില്‍ നഗരത്തിനു പുറത്തെ ഒരു തെരുവില്‍വെച്ചാണ് ആനന്ദന്‍ ആ യുവാവിനെ കണ്ടത്. നടക്കാന്‍പോലും ആരോഗ്യമില്ലാത്ത ഒരാള്‍. യൗവ്വനത്തിന് അതിന്റെ ശോഭകളൊന്നും പ്രകാശിപ്പിക്കാന്‍ കഴിയാത്തവിധം ദുര്‍ബ്ബലമായ ശരീരം. കീറിപ്പറിഞ്ഞ് മലീമസമായ വസ്ത്രങ്ങള്‍. ആനന്ദന്‍ ആദ്യം അയാള്‍ക്ക് തന്റെ പങ്ക് ഭക്ഷണം നല്‍കി. പിന്നെ അയാളെ കൂട്ടി രപ്തി നദിയിലേക്കു നടന്നു. രപ്തിയുടെ കടവിലിറങ്ങി അയാള്‍ക്കൊപ്പം കുളിച്ചു. യുവാവിന്റെ കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ പുഴവെള്ളത്തില്‍ കഴുകിയുണക്കാന്‍ അയാള്‍ക്കൊപ്പം കൂടി. പിന്നെ ആനന്ദന്റെ മേല്‍വസ്ത്രം അയാള്‍ക്ക് ഉടുപുടവയായി നല്‍കി. അവര്‍ വിഹാരത്തിലേക്കു നടന്നു. അവിടെ അയാള്‍ക്ക് പുതിയ വസ്ത്രങ്ങളും ഭക്ഷണവും ഉറങ്ങാന്‍ ഒരിടവും നല്‍കി. എന്തിനാണ് തന്നെ വിഹാരത്തിലേക്ക് കൂട്ടിയതെന്ന് അയാള്‍ ചോദിച്ചപ്പോള്‍ ആനന്ദന്‍ ഒന്നു പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു: നീ വെയിലത്തായിരുന്നല്ലോ. ഇവിടെ സ്വച്ഛശീതളമായ തണലുണ്ട്. 

മൂന്നാം ദിവസം അയാള്‍ ആനന്ദനെ തേടിപ്പിടിച്ച് അങ്ങോട്ടു ചെന്നു. എന്നിട്ടു പറഞ്ഞു: എനിക്ക് ഭിക്ഷുവായി ചേരണം. അപ്പോഴും ആനന്ദന്‍ പുഞ്ചിരിച്ചു. അങ്ങനെ ആ യുവാവ് ധര്‍മ്മസംഘത്തില്‍ ചേര്‍ന്നു. അപ്പോഴും അയാള്‍ തന്റെ പഴയ കീറവസ്ത്രങ്ങളും വക്കു പൊട്ടിയടര്‍ന്ന ഭിക്ഷാപാത്രവും ഉപേക്ഷിച്ചില്ല. അവ ഒരു മരത്തിന്റെ ചുവട്ടിലായുള്ള ചെറിയൊരു പോടിനു ചേര്‍ത്തു കെട്ടിവെച്ചു. ഇടയ്‌ക്കൊക്കെ മനസ്സിനു ചാഞ്ചല്യമുണ്ടാകുമ്പോള്‍ അയാള്‍ ആ മരത്തിനടുത്തേയ്ക്കു പോകും. ഒരു ധ്യാനവിഷയമെന്നോണം അയാള്‍ തന്റെ ഭൂതകാല ദുരിതങ്ങളെ പാലിച്ചുകൊണ്ടിരുന്നു. എവിടെ പോകുന്നു എന്നു ചോദിക്കുന്നവരോട് എന്റെ ഗുരുവിനെ കണ്ടു വന്ദിക്കാന്‍ പോകുന്നു എന്നാണ് അയാള്‍ പറയാറുണ്ടായിരുന്നത്. 

കുറേ കഴിഞ്ഞപ്പോള്‍ അയാള്‍ ആ പഴയ കുപ്പായത്തിന്റേയും പാത്രത്തിന്റേയും അടുത്തേക്ക് പോവാതായി. അവയെ ആശ്രയിച്ചുള്ള ധ്യാനമനനങ്ങളിലൂടെ ആ യുവാവ് അതിവേഗം ആര്‍ഹത പദവിയിലേക്ക് ഉയര്‍ന്നു. ഇപ്പോള്‍ താങ്കള്‍ ഗുരുവിനെ കാണാന്‍ പോകാറില്ലല്ലോ എന്ന് അന്വേഷിച്ചവരോട് അയാള്‍ പറഞ്ഞു: ഒരു പടവു കയറാന്‍ നമുക്കു ഗുരുവിന്റെ കൈത്താങ്ങു വേണം. അതു മതി. ഇപ്പോള്‍ എനിക്ക് ഗുരുവിന്റെ ആവശ്യമില്ല. ചാട്ട തൊട്ടാല്‍ മതി കുതിരകള്‍ കുതിച്ചു പായാന്‍. അവയുടെ കുതിപ്പല്ല, ശിക്ഷയുമല്ല ആ ചാട്ട. അത് ഒരു പ്രേരകം മാത്രം. അതാണ് ഗുരുവും. ബുദ്ധനും അത്രതന്നെ. 

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

2
കൊത്തിയെടുത്ത തലകള്‍
 

സദാ ഞാന്‍ എന്റെ ആയുധങ്ങള്‍ രാകി മൂര്‍ച്ച വരുത്തി. വേനലിലും ശിശിരത്തിലും ശരത്തിലും വസന്തത്തിലുമെല്ലാം പുലരും മുന്‍പേ ഉണര്‍ന്ന് ആയുധവിദ്യയില്‍ നിരന്തര പരിശീലനം നടത്തി. മഹാസാമ്രാജ്യം കെട്ടിപ്പടുക്കുന്ന ചക്രവര്‍ത്തിയാകാന്‍.

ഞാന്‍ കൊത്തിവീഴ്ത്തിയ ശിരസ്സുകള്‍ കണ്ട് മുഖസ്തുതിപാലകര്‍ ഗളഖണ്ഡനപണ്ഡിതാ എന്ന് എപ്പേരും പുകഴ്ത്തി.

വടക്കും തെക്കും കിഴക്കും പടിഞ്ഞാറും ഇറവെള്ളത്തിന്റെ മഹാസമുദ്രങ്ങള്‍ അതിരിട്ട സാമ്രാജ്യത്തില്‍ ഞാന്‍ ഛത്രപതി. കമ്പി പൊട്ടി, ആകാശനക്ഷത്രത്തുളകള്‍ മിന്നുന്ന ഛത്രം. എന്റെ തീന്മേശയ്ക്കു കീഴേ ഞാന്‍ കൊത്തിയിട്ട അനേകമനേകം രാജാക്കന്മാരുടെ ശിരസ്സുകള്‍.

പാഴ്തടികളെല്ലാം വെറുതേ ഞാന്‍ പാഴാ ക്കി. ഒരു ശില്പിയാകാന്‍ ഇനിയും ഞാന്‍ മാറി പിറക്കേണ്ടിയിരിക്കുന്നു...

3
മെനക്കേട് 

എവിടെപ്പോകാനാണ് ഇവിടെ ഇരിക്കുന്നത് എന്നു ചോദിച്ചപ്പോള്‍ എങ്ങും പോകാനല്ല... എന്നു സത്യം പറഞ്ഞതാണ്. പക്ഷേ, അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. നിറയെ യാത്രക്കാര്‍ വന്നുപോകുന്ന ഇടത്ത് എങ്ങും പോകണ്ടാത്തവര്‍ ഇരിക്കാന്‍ പാടില്ലായിരിക്കും!

അവരുടെ വണ്ടിയില്‍ കയറ്റി. സ്റ്റേഷനിലെത്തിയപ്പോള്‍ ഞാന്‍ ചിരിച്ചുപോയി.

ആ സ്റ്റേഷനില്‍ ചുമ്മാ ഇരുന്ന കുറ്റത്തിന് ഇനി ഈ സ്റ്റേഷനില്‍ ചുമ്മാ ഇരിക്കണം! 

രാത്രി വൈകിയപ്പോള്‍ സ്റ്റേഷനില്‍ ഉറക്കം തൂങ്ങികള്‍ മാത്രം. ഫോണൊച്ച സ്റ്റേഷനെ ഉണര്‍ത്തി. ഞാന്‍ ചോദിച്ചു: സാറേ കട്ടന്‍ ചായയുണ്ടോ...

ചൂടു ചായ കുടിക്കുന്നതിനിടെ ആ പൊലീസുകാരനില്‍നിന്നു ഞാന്‍ അയാളുടെ ജീവിതത്തെക്കുറിച്ച് മൊഴിയെടുത്തു. കുതറിനിന്ന പൊലീസുകാരന്‍ രണ്ടു മൂന്നു ചോദ്യങ്ങളില്‍ മനുഷ്യനായി. 

അവനവനെക്കുറിച്ച് കരുതലോടെ നല്ല നാല് അന്വേഷണം വന്നാല്‍ ഏത് പൊലീസുകാരനും വരും ഒന്നു രണ്ട് മെറ്റമോര്‍ഫസിസൊക്കെ!

ആത്മകഥയുടെ മൊഴിയെടുപ്പിനോട് എത്ര താല്പര്യത്തിലാണ് അയാള്‍ സഹകരിച്ചതെന്നോ!

വെറുതേ ചില മൂളലുകള്‍, എന്നിട്ടോ... എന്നൊരു ജിജ്ഞാസപ്പെടല്‍, ആഹാ എന്നൊരു കൗതുകപ്പെടല്‍... രഹസ്യങ്ങളില്ലാതെ തുറന്നുവിടുന്ന ഒരു പാവം കഥയുടെ ജീവിത ഒഴുക്ക്.

പുലര്‍ച്ചെ ഓഫീസര്‍ ചോദിച്ചു: ചായ വേണോ...

കുടിച്ചു.

നീ പോകുന്നില്ലേ...

ഓ! ഞാനെങ്ങും പോകുന്നില്ല... എവിടെപ്പോകാന്‍!

നീ പൊക്കോ...

എനിക്കെങ്ങും പോകാനില്ല സാറേ... ചുമ്മാ ഇവിടെ ഇരുന്നോളാം...

എഴുന്നേറ്റ് പോടാ... വെറുതേ... മനുഷ്യനെ മെനക്കെടുത്താന്‍!

ഞാന്‍ എഴുന്നേറ്റു! 

എന്തെല്ലാം മെനക്കേടുകള്‍!

4
ഇളം മരണം 

തോരാതെ മഴ പെയ്യുന്ന ഒരു കര്‍ക്കടകത്തില്‍ പുലര്‍ച്ചെ മൂന്നു മണിക്ക് ജനവാതിലുകള്‍ തുറന്നിട്ട് മഴച്ചാറലേറ്റിരിക്കും. നാരങ്ങാ പിഴിഞ്ഞ, തിളനില്‍ക്കാത്ത ചായയോ നിറയെ ഐസ് ക്യൂബുകളിട്ട രണ്ടു പെഗ്ഗ് റമ്മോ ആകാം. അതങ്ങനെ മൊത്തിക്കുടിച്ച് കാലുകള്‍ മേശപ്പുറത്തേയ്ക്കു നീട്ടിവെച്ച് നമ്മള്‍ ടാബ് തുറക്കും. 

അതില്‍ പക്ഷേ, സാപിയന്‍സും കസാന്‍ദ് സാക്കീസും ഒക്കെയേ ഉണ്ടാവൂ. അതിന്മേല്‍ മഴച്ചാറലേല്‍ക്കാതെ മാറ്റിവെച്ച്, പഴയൊരു പുസ്തകം തപ്പിയെടുത്ത് കാരൂരിന്റെ വള്ളക്കാരനും ഉറൂബിന്റെ പുണ്യാളനും വായിക്കും. സച്ചിദാനന്ദന്റെ മീര പാടുന്നു മഴയൊച്ചയിലേക്ക് ഒന്ന് അമറാന്‍ നോക്കും. 

പിന്നെ വീണ്ടും ടാബ് തുറക്കും. എത്രയൊക്കെ ശ്രമിച്ചാലും ഒരു വാചകംപോലും മുഴുവന്‍ എഴുതാന്‍ പറ്റാതാവും. പഴയൊരു നോട്ടുപുസ്തകം തപ്പിയെടുത്ത് എഴുതാന്‍ തുടങ്ങും.

രാവിലെ നിലത്തുനിന്ന് തപ്പിപ്പിടഞ്ഞെഴുന്നേറ്റു നോക്കുമ്പോള്‍ വാന്‍ഗോഗിന്റെ ഗോതമ്പു പാടം പോലെ എന്തോ ഒന്ന് കടലാസിലുണ്ടാവും. നമുക്കു പക്ഷേ, ചിത്രമെഴുതാന്‍ അറിയില്ലല്ലോ. പക്ഷേ, തീമഞ്ഞ പുരണ്ട സ്വപ്നത്തിനടിയില്‍നിന്ന് അതു നമുക്കു വായിച്ചെടുക്കാനാവും. തിടുക്കത്തില്‍ അത് കുറിച്ചുവെക്കും. ഒരിക്കലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അതിമനോഹരമായൊരു കഥയുടെ വിസ്മയകരമായ തുടക്കമോ ഒടുക്കമോ ആയിരിക്കും അത്.

കടുത്ത തലവേദനയും ജലദോഷവും വകവെക്കാതെ എഎഎഎഎ എന്ന് ഫയല്‍നെയിം കൊടുത്ത് അത് ടാബില്‍ കമ്പോസ് ചെയ്തു സൂക്ഷിക്കും. എഴുതാന്‍ കഴിയാതെപോയ വിസ്മയസുന്ദരമായ ആ കഥയെക്കുറിച്ചു സങ്കടപ്പെട്ട് ഹാങ് ഓവര്‍ തീര്‍ക്കാനായി ഒരു പകുതി റം അര ഗ്ലാസ്സ് ചൂടുകട്ടന്‍ ചായയില്‍ കഴിച്ച് മൂടിപ്പുതച്ച് ഉറങ്ങാന്‍ കിടക്കും. കുറച്ചേറെ നേരത്തേക്ക് ഒരിളം മരണം.

5
സാധ്യതകള്‍ 

ഒരു സ്ത്രീയും ഒരു പുരുഷനും. അല്ലെങ്കില്‍ ആണും പെണ്ണും. അതായത് പപ്പാതിയായിപ്പോയ ഒരു മനുഷ്യര്‍. 
അവര്‍ക്കിടയില്‍ ആകെയുള്ളത് സ്‌നേഹം മാത്രം. ശരീരസ്‌നേഹം, മനസ്‌നേഹം, ആത്മസ്‌നേഹം, ബുദ്ധിസ്‌നേഹം. അതായത്, ഇഴുകിയിഴുകി വഴുക്കി വഴുക്കി സ്‌നേഹമയ സ്‌നേഹം. അതായത് സ്‌നേഹം പലത്.

അവര്‍ക്ക് ഇടംവലം അമ്മയപ്പകളില്ല. ഉമ്മയുപ്പകളില്ല. അതായത് മതജാതികളില്ല, പാരമ്പര്യ ദീനങ്ങളില്ല.

അവര്‍ക്ക് മേലുകീഴ് നാട്ടുകാരില്ല. സഹപാഠികളില്ല കൂട്ടുശല്യക്കാരില്ല. സഹപ്രവര്‍ത്തകങ്ങളില്ല. അതായത് മാനാഭിമാനം, പ്രസ്റ്റീജ്, ദുരഭിമാനം, എന്തു വിചാരങ്ങള്‍ ഇറ്റിസി.

ചന്തയ്‌ക്കെതിരെയുള്ള ഒറ്റമുറി ഫ്‌ലാറ്റില്‍ ഒറ്റമുറിയായി അവര്‍. അതായത്, ആള്‍ക്കൂട്ടത്തില്‍, കെട്ടനാറ്റത്തില്‍, കൂക്കുബഹളങ്ങളില്‍, വിലക്കുറവുകളില്‍.

അവര്‍ക്ക് ജോലിയില്ല. അതുകൊണ്ടുതന്നെ ലീവ്, കാഷ്വലോ പ്രിവിലേജോ ആനുവലോ സിക്കോ ഇല്ല. അതായത്, ജോലിയില്ലെന്നു പറഞ്ഞ് അവര്‍ക്കു കൂലിപോലുമില്ല.

അവര്‍ ചിലപ്പോള്‍ രാത്രിക്കു രാത്രി പീടികകള്‍ പെയിന്റടിച്ച് കളറാക്കും. ചിലപ്പോള്‍ മീന്‍കട ക്ലീന്‍കടയാക്കും. ചിലപ്പോള്‍ ഒരുവണ്ടി സവാള ഏറ്റെടുത്ത് വിറ്റുതീര്‍ക്കും. ചിലപ്പോള്‍ പത്തോ പന്ത്രണ്ടോ ഖണ്ഡമുള്ള വെബ്‌സീരിസിനു ത്രില്ലന്‍ കഥയെഴുതിക്കൊടുക്കും. 

കുറേ പൈസയും നേരവുമുള്ളപ്പോള്‍ ചരിത്രമോ ധനശാസ്ത്രമോ സാഹിത്യമോ ഗവേഷിക്കും. അത്യാവശ്യം വരുമ്പോള്‍ മാത്രം സീരിയലിലോ സിനിമയിലോ അഭിനയിച്ചു കൊടുക്കപ്പെടും.

അതായത് അവര്‍ക്കു ജോലിയില്ലാത്തതുകൊണ്ടുള്ള തിരക്ക് അത്രയേറെയായിരുന്നു.

അവര്‍ ചിലപ്പോള്‍ കൊച്ചിയിലോ കോഴിക്കോട്ടോ മുംബൈയിലോ ചെന്നൈയിലോ ബംഗ്ലൂരോ ലക്‌നോയിലോ ഗോഹട്ടിയിലോ വസിച്ചു. അതായത്, അവര്‍ക്ക് ധാക്കയിലോ കറാച്ചിയിലോ ലണ്ടനിലോ ദുബായിലോ അമേരിക്കയില്‍പോലുമോ വസിക്കണമെങ്കില്‍ പരോള്‍ കിട്ടപ്പെടണമായിരുന്നു.

അവര്‍ 'വിഷ്ണുരമയ്ക്കു നിശയ്ക്കു ശശാങ്കനുമയ്ക്കു ഹരന്‍' എന്ന നാടകത്തില്‍ അഭിനയിക്കുകയായിരുന്നു എന്ന് അവര്‍ തന്നെ തിരിച്ചറിഞ്ഞ് സങ്കടംകൊണ്ടു. 

അതായത് അവര്‍ വെറും കഥാപാത്രങ്ങളായിരുന്നു.

അതായത് വേണമെങ്കില്‍ നമ്മളെയൊക്കെപ്പോലെ പോലും ആയിത്തീരാന്‍ പറ്റുമായിരുന്ന ചില കേവല സാധ്യതകള്‍.

6
പൂക്കളെ പ്രണയിക്കുന്നവര്‍
 

പൂക്കളെ പ്രണയിക്കുന്നവള്‍ കവിയല്ല, അവനും. അവള്‍ വെറുമൊരു ലോലകാമുകി മാത്രം. അവന്‍ ലോലകാമുകന്‍. (ട്രാന്‍സ് ജെന്‍ഡറുകള്‍ അല്ലെങ്കിലേ ലോലമനസ്‌കരാണല്ലോ!)

ഓരോ പൂവിലും ഒരു വഞ്ചനയുണ്ട്. മണ്ണാഴങ്ങളില്‍ ഞെരുങ്ങിക്കുടുങ്ങിയിട്ടും കരിങ്കല്ലിന്റെ കരളില്‍ അമര്‍ന്നു കയറുന്ന വേരുകളോടുള്ള അവജ്ഞയുടെ വഞ്ചന.

കാറ്റും മഴയും പ്രാണിയും ചെള്ളും കറക്കിയും കുതിര്‍ത്തും കുത്തിയും ഞെരിച്ചിട്ടും ഉലയാതെ ഉയിര്‍ കാത്ത തായ്ക്കമ്പിനോടുള്ള പുച്ഛം കലര്‍ന്ന വഞ്ചന.

തലനീട്ടി വെയിലേറ്റ്, തളിര്‍ നീട്ടി മഴയേറ്റ്, കാറ്റിന്റെ കാമക്കലിയേറ്റ് പിഞ്ഞിപ്പറിഞ്ഞ്, നീരും ചൂടും വാറ്റി, മൊട്ടിനെ താലാട്ടി, കായ്കളെ കനിയാക്കുന്ന ഇലച്ചാര്‍ത്തിനോടുള്ള ഗര്‍വ്വം നിറഞ്ഞ വഞ്ചന.
പൂവ് ഒരു ഭോഗമാണ്. നൊടി മാത്രകളിലേക്ക് മാത്രം നുരയുന്ന കമ്പനം. നേരിയൊരു തേന്‍കിനിവായി ഒലിച്ചൊടുങ്ങുന്ന ഭ്രമം. 

പൂക്കളെ പ്രണയിക്കുന്നവര്‍ കവികളല്ല. അവര്‍ ലോലലോലരായ ചില ലാലസര്‍.

7
വെള്ളപ്പൊക്കം കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ 

ഇട്ടെറിഞ്ഞിട്ടു പോയ, എല്ലാമെല്ലാമായ വീടാണെങ്കിലും ഓടിച്ചെന്നങ്ങു കേറില്ല. സ്വന്തസ്വന്തമായുള്ള ഒന്നേയൊന്നായ, വീടാണെങ്കിലും ഓടിച്ചെന്നങ്ങു കേറില്ല.

കാല് ചെളിയിലാണ്ടു പോയേക്കാം, സൂക്ഷിക്കണം. മുള്ളും തടിയും കല്ലും കമ്പും ഓളത്തിലടിഞ്ഞിട്ടുണ്ടാവാം, ശ്രദ്ധിക്കണം. ചുറ്റും വലയിട്ട് വീടിനെ പൊതിഞ്ഞിട്ടാണ് പോയതെങ്കിലും ജാഗ്രത വേണം. ഇറയത്തു നിറയെ പഴുതാരയും തേളും കണ്ടേക്കാം. അകത്തെന്തായാലും ഉറുമ്പിന്റെ പലജാതി പലമത സമ്മേളനങ്ങളുണ്ടാവും.

ഒരു മൂര്‍ഖന്‍, രണ്ടു ചേര, നീര്‍ക്കോലികള്‍, ഒക്കെ വലയില്‍ കുടുങ്ങി പിടയുന്നുണ്ടാവും. ചത്ത കീരി, ഉടുമ്പ്, ഓന്ത്, നീന്താന്‍ മറന്ന അരണകള്‍, ഒക്കെയൊക്കെയുണ്ടാവും.

ഈ ജന്മത്തിലിതാദ്യമാണ് ഒരു മൂര്‍ഖനെ കൊല്ലാതെയൊന്ന് രക്ഷിച്ചുവിടണമല്ലോ എന്ന് വഴി തേടുന്നത്. വീട്ടിലേക്ക് അവ ഇഴഞ്ഞുകയറാതെ വെളുത്തുള്ളിയും കായവും അരച്ചു കലക്കി പുണ്യാഹം തളിക്കണം. പിന്നെ നീണ്ട കമ്പില്‍ കത്തികെട്ടി വല മുറിച്ച് ആദ്യം മൂര്‍ഖനെ അകലേക്ക് ഇഴഞ്ഞോടിക്കണം. ചേരയും നീര്‍ക്കോലിയും എവിടെയങ്കിലും ചെന്നു കേറട്ടെ. 

വെള്ളപ്പൊക്കം കഴിഞ്ഞ് വീട്ടിലേക്കെത്തുമ്പോള്‍ എന്തൊരു ക്ഷമ, എന്തു ശാന്തി, എന്തൊരു ബോധോദയം.

8
മഹായാത്രികന്റെ യൂട്യൂബ് വീഡിയോ... 

മഹായാത്രികന്റെ 50 സഞ്ചാരങ്ങള്‍ എന്നൊരു വീഡിയോ ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചത് എത്ര നാള്‍ പുറകേ നടന്നിട്ടാണെന്ന് ദൈവത്തിനു മാത്രമേ അറിയൂ! ഓരോ സഞ്ചാരങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി ഡയറിയില്‍ എഴുതിവെച്ചിട്ടുണ്ടായിരുന്നു. എന്നും രാവിലെ അപ്പിയിട്ടതുപോലും അനുഭവങ്ങളായി എഴുതിവെച്ചിട്ടുള്ള മഹായാത്രികന്‍! പഴയ ഓട്ടോഫോക്കസ് ക്യാമറയില്‍ എടുത്ത് പോസ്റ്റ് കാര്‍ഡ് വലിപ്പത്തില്‍ പ്രിന്റ് ചെയ്‌തെടുത്ത നൂറു നൂറു ഫോട്ടോകള്‍ ആല്‍ബത്തില്‍ ക്രമമായി ഒട്ടിച്ചുവെച്ചിട്ടുണ്ടായിരുന്നു മഹായാത്രികന്‍. ഓരോ യാത്രകളെക്കുറിച്ചും അദ്ദേഹം പറയാന്‍ തുടങ്ങി. പരീക്ഷയ്‌ക്കൊരുങ്ങിക്കഴിഞ്ഞ മിടുക്കനായ കുട്ടിയെപ്പോലെ കൃത്യം കൃത്യമായി പറഞ്ഞുതുടങ്ങി മഹായാത്രികന്‍.

1) ആദ്യയാത്ര ലക്ഷദ്വീപിലേക്ക് ഒരു മീന്‍പിടിത്ത ബോട്ടിലായിരുന്നു. പുലര്‍ച്ചെ രണ്ടു മണിക്ക് കടപ്പുറത്തുനിന്നു ബോട്ട് പുറപ്പെട്ടു. ഒന്നു രണ്ടു മണിക്കൂര്‍ പിടിച്ചുനിന്നെങ്കിലും വൈകാതെ അദ്ദേഹം ഉറങ്ങിപ്പോയി. കൊടും ബഹളത്തിലേക്കാണ് ഉണര്‍ന്നത്. വലയിട്ട് നീങ്ങിയ ബോട്ടിനരികിലൂടെ പാഞ്ഞുപോയ ഒരു കപ്പല്‍ വലയാകെ മുറിച്ചെന്നു മാത്രമല്ല, വലപിടിച്ചു നിന്നയാളെ വലിച്ച് കടലിലാക്കുകയും ചെയ്തു. ഈ നാറിയെ കൂടെ കൂട്ടിയതിന്റെ ദുരി തമാണെന്നു പറഞ്ഞ് നിറയെ അടികിട്ടി. വെളുക്കും മുമ്പേ മറ്റൊരു ബോട്ടില്‍ കരയിലേക്ക് കൊടുത്തുവിടുകയും ചെയ്തു. അന്ന് കടലില്‍പ്പോയ സഹയാത്രികനെ തിരിച്ചു കിട്ടിയോ എന്ന് ഇപ്പോഴും അറിയില്ല!

2) രണ്ടാമത്തെ യാത്ര തവാങ്ങിലേക്കായിരുന്നു. ഗോഹട്ടി വരെ എത്താന്‍ വലിയ വിഷമമുണ്ടായില്ല. കൊഹിമയില്‍നിന്ന് ഇംഫാലിലേക്ക് തിരിച്ചത് വൈകിട്ട് അഞ്ചു മണിയോടടുത്ത്. രണ്ടു മൂന്നു മണിക്കൂര്‍ വഴിയരികില്‍ കാത്തുനിന്നു. നടന്നുപോയ ഒരു യാത്രക്കാരി ഒരു ഇലപ്പൊതിയില്‍ കുറച്ച് പുഴുവറുത്തതു കൊടുത്തത് കഴിച്ച് പിന്നെയും ഒന്നു രണ്ടു മണിക്കൂര്‍ നിന്നു. വൈകാതെ അതുവഴി വന്ന ഒരു പട്ടാളവണ്ടിയില്‍ കയറ്റി നേരേ ഗോഹട്ടിയില്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഒരു ദിവസം സ്റ്റേഷനിലിരുത്തി. പിന്നെ നിര്‍ബ്ബന്ധമായി നാട്ടിലേക്കുള്ള വണ്ടിയില്‍ കയറ്റിവിട്ടു.

3) മൂന്നാമത്തെ യാത്ര കുംഭമേള കാണാനായിരുന്നു. ഭോപ്പാലിലൂടെ കടന്നുപോകുന്ന വണ്ടിയിലായിരുന്നു യാത്ര. സഹയാത്രികര്‍ നല്‍കിയ മധുരപലഹാരം കഴിച്ച് രാത്രി കഴിച്ചുകൂട്ടി. ഉണരുമ്പോള്‍ ഡല്‍ഹിയിലെ നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ കിടക്കുകയായിരുന്നു അദ്ദേഹം. എന്താണ് പറ്റിയതെന്ന് ഓര്‍മ്മയേയില്ല.

4) നാലാമത്തെ യാത്ര മഹാബലിപുരത്തേക്കായിരുന്നു. ചെന്നൈ സെന്‍ട്രലില്‍നിന്ന് തിരുവാണ്‍മിയൂരിലേക്കു കയറിയ ബസ് അഡയാറിലെത്തിയപ്പോള്‍ അറിയാതെ ഇറങ്ങേണ്ടി വന്നു. കാന്‍സര്‍ സെന്ററില്‍ കയറി. ഒന്നു ചുറ്റി നടന്നിട്ട് പിറ്റേന്നു തിരികെ പോന്നു.

ഏഴാമത്തെ യാത്രയെക്കുറിച്ചുള്ള വിവരണം കഴിഞ്ഞതും എനിക്കു ദേഷ്യം വന്നു. ഛീ നാറീ... താന്‍ ഏതെങ്കിലും യാത്ര പോയിട്ട് അവിടെ എത്തിയ കഥ പറയാനുണ്ടോ.... 50 യാത്രകളുടെ കഥ പറയണമെന്നു പറഞ്ഞ് പിറകേ നടന്ന യൂട്യൂബര്‍ ഏഴാം യാത്രയോടെ തന്റെ കുത്തിനു പിടിച്ചെന്ന് അദ്ദേഹം പറയുന്നതും ഞങ്ങള്‍ ചിത്രീകരിച്ചു.

ഇതുവരെ ഞങ്ങള്‍ക്ക് ഏറ്റവുമധികം കാഴ്ചക്കാരുണ്ടായത് ഈ വീഡിയോക്കായിരുന്നു. ആദ്യമായി ദശലക്ഷം കാഴ്ചക്കാരെത്തിയ വീഡിയോ. നമുക്ക് ബാക്കികൂടി ചെയ്താലോ എന്നു ചോദിച്ചപ്പോള്‍ ആ തെണ്ടി...

അവന്റെ മഹായാത്രകള്‍... അയാള്‍ ചോദിക്കുകയാണ് ഒരിക്കലും ലക്ഷ്യത്തിലെത്താത്തവന്റെ യാത്രാവിവരണങ്ങള്‍ ആരു കേള്‍ക്കാനാണെന്ന് ആരു കാണാനാണെന്ന്! 

അതിശയം തന്നെ! ഒരിക്കലും ലക്ഷ്യത്തിലെത്താത്തവനോട് എന്തൊരാക്രാന്തമാണ് ഈ മനുഷ്യര്‍ക്കൊക്കെ.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

9
മഹാഭാര്യതം 

എന്റെ കെട്ടിയോന്‍ ഒരു ധര്‍മ്മപുത്രനാണ് ചിലപ്പോള്‍. ധര്‍മ്മപുത്രനോ ധര്‍മ്മപ്പുത്രനോ! ആദര്‍ശം പറയുന്നതു കേട്ടാല്‍ ചവിട്ടിയുരുട്ടാന്‍ തോന്നും. കാര്യത്തോടടുത്താല്‍ കൊടും നുണ പറയാനും പക്ഷേ, മനസ്സാക്ഷിക്കുത്തില്ല കേട്ടോ! ...അന്നേരം അടുത്തുകൂടുമ്പോളാണെങ്കിലോ! ഞാന്‍ മുന്‍പേ ഞാന്‍ മുന്‍പേ എന്ന് എന്തൊരു തിടുക്കം! എല്ലാര്‍ക്കും ഒരു വല്യേട്ടനാണെന്ന മട്ടാണ് എപ്പോളും.

എന്റെ കെട്ടിയോന്‍ ചിലപ്പോളൊരു ഭീമസേനന്‍. ഗജോദരന്‍, തീറ്റമാടന്‍. തടിയും കുടവയറും. എന്നാലും ഒരു പാവം. ഞാനൊന്നു ചിണുങ്ങിപ്പറഞ്ഞാല്‍, ഏത് ആകാശപ്പൂവും പറിക്കാന്‍ പാഞ്ഞോളും വാലും പൊക്കി.
എന്റെ കെട്ടിയോന്‍, ചിലപ്പോള്‍ ഒരര്‍ജുനന്‍. പലപ്പോളും ബൃഹന്ദള. ആണല്ല, പെണ്ണുമല്ല. വീരനെന്നൊരു വമ്പാണ്. ഒരുത്തിയുടെ ഒരുത്തരീയം കണ്ടാല്‍ മതി, പിടയ്ക്കും എവിടെവിടെയോ ചില ഞരമ്പ് ഞരമ്പന്.
എന്റെ കെട്ടിയോന്‍ പലപ്പോഴും നകുലന്‍. അപ്പനമ്മ, വീട്, കൂട് കുലമഹിമയേ പാടൂ. പാലു വാങ്ങും, വീടൊരുക്കും... അങ്ങനെയങ്ങനെ. പിന്നെ അതൊരു കാര്യമാണ് പേടിയുണ്ടെന്നെ.

എന്റെ കെട്ടിയോന്‍, ചിലനേരം സഹദേവന്‍. മുടിയൊതുക്കി, മുഖം മിനുക്കി, പമ്മിയെത്തും സുന്ദരനായ്. ാവം. പാപ്പം കൊടുത്ത്, തോളു തട്ടി, പാട്ടുപാടി ഞാനുറക്കും... ഹ... ഹ...
ഇനി ഞാനോ!

ഒരു പാഞ്ചാലി! ഒന്നിനോളം പൊന്നൊരുത്തന്‍ തുണി പറിക്കാനോങ്ങി വന്നാല്‍, നെഞ്ചലച്ചു കരയുമ്പോള്‍ കണ്ണനെയേ ഞാന്‍ വിളിക്കൂ. എന്റെ കള്ളക്കൂട്ടുകാരനെ.

ഈ ഞാനേ... ഒരു പാഞ്ചാലി. അടുക്കളപ്പുറത്ത് പണിത്തളത്തില്‍ ഇപ്പോഴുമുണ്ട് എന്റെ ദിവ്യവരം അക്ഷയപാത്രം. മുഷിഞ്ഞമുണ്ട്, കിടക്കവിരി, ഷഡ്ഡിയുണ്ട്, സോക്‌സുമുണ്ട്... കാലിയാവില്ലൊരിക്കലും!

10 
അറിഞ്ഞതില്‍നിന്നുള്ള മോചനം 

ലവള്‍ടെ മുഖത്ത് ഇരു സൈഡ്‌സുകളിലും വിധിയാം വണ്ണം കവിളുകള്‍ തന്നെയായിരുന്നു. വണ്ണം കുറവാണെങ്കിലും വിധിവിഹിതമേവള്‍ക്കും ലംഘിച്ചു കൂടുമോ! കുഴികളായിരുന്നില്ല. മിനിമം അവ നുണക്കിടങ്ങുകളെങ്കിലുമായിരുന്നു. വദനം കവിള്‍കാന്തിയാര്‍ന്നു എന്നത് ശുദ്ധാല്‍ ശുദ്ധമായ നല്ല പത്തരമാറ്റ് പവന്മാര്‍ക്ക് നുണ. ലവള്‍ടെ വദനമാ? കാന്തിയാ? നല്ല കൂത്ത്! മോണയുടെ അന്തരാളങ്ങളില്‍ പല്ലു കിളിര്‍ക്കാത്തതിനാല്‍ കവിള്‍മധ്യരേഖയുടെ പിന്നില്‍ ചെവിയോളമുള്ള മേഖലകള്‍ ഉള്ളിലേക്കു വലിഞ്ഞുകൂടിയിരുന്നു. കണ്‍ജെനിറ്റല്‍ ആബ്‌സെന്‍സ് ഓഫ് മോണോഗമി എന്നോ മറ്റോ പേരുള്ള മോണയില്‍ ജന്മനാ പല്ലുകിളിര്‍ക്കാത്ത അവസ്ഥാന്തരം. അക്കവിളാദ്യം കാണ്‍കേ മുദാ രതമതിലെപ്പടിയെന്നേ ചിന്തയുണര്‍ന്നൂ ലവന്ന്. വദനമെന്നൊന്നു കേട്ടാലോ ആ ടൈപ്പൊന്നു കണ്ടാലോ രതിചിന്ത വഹിച്ചുപോയ് സ്ഥിതിചെയ്യുന്ന മനമോടാത്ത കുമാര്‍ഗ്ഗമില്ലല്ലോ എന്ന് ഉടനുടന്‍ ലവന്‍മനസ്സ് പൊളിറ്റിക്കല്‍ കറക്റ്റനെസ്സിനെക്കുറിച്ച് സാക്ഷ്യം പറഞ്ഞു. മനസ്സിലുണരുന്ന അത്തരം സാക്ഷ്യങ്ങളുടെ നെറ്റ് എഫക്റ്റാകുന്നു മനസ്സാക്ഷി. ലവന്‍ ലവളോട് ചിരിച്ചു. അവള്‍ മിഴിപ്പറ്റ്, ചിരിപ്പറ്റ്, നാദമേളങ്ങളോടെ ലവന്‍ ചിരിയെ വരവേറ്റു. ഏറ്റത് പിന്നെ ഇറക്കിവെച്ചു. ഇനി ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് ചര്‍ച്ച ചെയ്യണം. നോട്ടത്താലേ ചെയ്തു. അഡ്വഞ്ചര്‍ ടൂറിസത്തിലേക്ക് ഊന്നാന്‍ വലംകാല്‍ പൊക്കി അതുമ്മേല്‍ പിടിക്കാനെന്നോണം കൈ താഴ്ത്തി പിന്നാമ്പുറത്തോട്ടു നോക്കി കാതരമിഴിയുടെ പോസില്‍ നില്‍പ്പാണ് ടിയാള്‍. രവിവര്‍മ്മ വരച്ചൊപ്പിച്ച ശകുന്തളയുടെ സെയിം പിച്ച്. 

ഓ.കെ. ശകൂ, കം ആന്‍ഡ് സിറ്റ് ഓണ്‍ മൈ ബാക്ക് സീറ്റ്. അവിടെയിരുന്ന് ഇനി നീയാകുന്നു ഡ്രൈവ് ചെയ്യേണ്ടത്. നീ സാക്ഷാല്‍ സാരഥി, ഞാന്‍ വെറും പാര്‍ഥിപന്‍. ലവന്‍ വിനയംകൊണ്ട് അന്വിതനായി. ബൈക്കിന്റെ സീറ്റ് ശകുന്തള പിന്തിരിഞ്ഞു നടക്കുമ്പോലെയാകുന്നു. പിന്നിടമഭ്യുന്നതമായ് സന്നതമായ് മുന്നിടം... ഡ്യൂക്കിന്റെ പിറകില്‍ ലവള്‍ സീറ്റഡ്. പിന്നിലിരുന്ന് ചെവി ച്യൂയിങ് ഗം ആക്കാന്‍ പരുവത്തില്‍ ലവള്‍ പൊസിഷനെടുത്തു. ഇരുവഴിയായ് വന്നവര്‍ അവരോ പെരുവഴിയായ് തീര്‍ന്നു വേഗം.

തീവണ്ടി കേറി എറണാകുളമെത്തി പിന്നെ സ്റ്റേഷന്റെ മുന്നില്‍ നിരന്നിരുന്നു പ്രലോഭിപ്പിച്ച ബൈക്കുകളില്‍നിന്നു കണ്ണില്‍ പിടിച്ച ഒരെണ്ണം നിഷ്പ്രയാസം പൂട്ടു തുറന്ന് എടുത്തുപോന്നതാണ് സദ്ശ്രീ ലവന്‍. പൂട്ട് തുറക്കാതെ ബൈക്ക് എടുക്കുന്നത് നിഷിദ്ധമാകുന്നു. ഹറാം. ജാഗ്രതക്കുറവ്. അശാസ്ത്രീയം. ആകയാല്‍ ബൈക്ക് എടുക്കും മുന്‍പ് പൂട്ട് തുറക്കുകതന്നെ ചെയ്തു. തദനന്തരമാകുന്നു മേല്‍വിവരിച്ച പ്രണയസാക്ഷാല്‍ക്കാരം. 

കാരം വെള്ളത്തുണിയോടെന്നോണം ലവള്‍ ലവനോടു ചെയ്തു. ക്ലീന്‍ ക്ലീനാക്കിക്കളഞ്ഞു ലവനെ. അതുവരെ അറിഞ്ഞതില്‍നിന്നെല്ലാം മോചനം. ആ സമ്പൂര്‍ണ്ണ പരിണാമത്തില്‍ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് പോലും മാറ്റി നവനവോന്മേഷം പ്രാപ്യ. മൂന്നു നില ഫ്‌ലാറ്റിന്റെ മുകളിലെ മുറിയില്‍നിന്ന് ഒന്നരയാഴ്ചത്തെ പൊറുതികെടുത്തി സീലിങ് ഫാനും രണ്ട് എല്‍.ഇ.ഡി ബള്‍ബുകളും ഉള്‍പ്പെടെ ജംഗമങ്ങളെല്ലാം അഴിച്ചെടുത്ത് ഉച്ചയ്ക്ക് ഉച്ചാനം ലവള്‍ ലവന്മാര്‍ സ്ഥാനാന്തരണം പ്രാപിച്ചു. ലവള്‍ ഒരു ഇന്‍ഡക്ഷന്‍ കുക്കറും രാപകല്‍ ഭേദമില്ലാതെ കട്ടന്‍ ചായ നിര്‍മ്മിക്കാനാവുന്ന പാത്രവും ചായതയ്യാറിപ്പിനുള്ള മേത്തരം പൊടിയും ആയത് ഊറ്റിമാറ്റാനുതകുന്ന അരിപ്പത്തരവും പൊടിപൊലുമില്ലാതെ കേവലാവസ്ഥയിലായ കട്ടന്‍ചായയെ ഊതിയൂതിയോ ഊതാതെയൂതാതെയോ കുടിക്കാന്‍ പാകത്തിനുള്ള രണ്ട് ചില്ലിന്‍ വെള്ളഗ്ലാസ്സുകളേയും സകലമാന വസ്തുക്കളും ഒരുമിച്ചിട്ട് കഴുകി വെടിപ്പാക്കാനുപകരിക്കുന്ന പ്ലാസ്റ്റിക്ക് നിര്‍മ്മിത ബെയ്‌സിന്‍ ഒന്നിനേയും മുഴുവന്‍ വിലയും കൊടുത്ത് വാങ്ങി. പല്ലു കിളിര്‍ക്കാത്ത കവിളാന്തരങ്ങളിലേക്ക് ലവള്‍ ഷാര്‍ജ ഷെയ്ഖിന്റെ മഹാശീതം വലിച്ചു നിറയ്ക്കുന്നത് വിസ്മയസുന്ദരം. ആ കൊടും ശൈത്യം അവിടെ തെല്ലിട നിര്‍ത്തി ലവള്‍ ആസ്വദിച്ചു രസിച്ചു. ഉച്ചയ്ക്ക് ഒരു മൂന്നു മൂന്നേകാലിനിടയ്ക്കുള്ള മണിയോടെ കാല്പനികത തീണ്ടാത്തതും ആധുനികതയുടെ നിര്‍മമതകളെ മറികടന്നതും എന്നാല്‍ തികച്ചും ഉത്തരാധുനികമല്ലാത്തതുമായ ആദ്യരാത്രി നിര്‍വ്വഹണം. 
വൈകിട്ട് ഒരു ആറു മണിയോടെ ആദ്യത്തെ അസൈന്‍മെന്റ്. ലവള്‍ക്ക് പക്ഷേ, പരിചയക്കുറവിനു പുറമേ ശത്രുവിന്റെ ശേഷിനിലവാരങ്ങള്‍ വിലയിരുത്തുന്നതില്‍ പറ്റിയ പാളിച്ചയും പ്രശ്‌നമായി. ഒന്നാമത് പൊട്ടിച്ചെടുത്ത മാലയുടെ ഒരു ചെറുകഷണമേ കയ്യില്‍ കിട്ടിയുള്ളൂ. രണ്ടാമത് മാലക്കാരിച്ചേച്ചിയുടെ പ്രത്യുല്പന്നമതിത്വം. ജില്‍ ജില്ലെന്നു ചേച്ചി പറന്നു പിടിച്ച് ലവളെ ബൈക്കില്‍നിന്നു വീഴ്ത്തിക്കളഞ്ഞു. മറ്റു തിരക്കുകളൊന്നും വകവെക്കാതെ ചേച്ചി അലറിവിളിക്കുകയും വിളികേട്ട് എത്തിയും വലിഞ്ഞും നോക്കിയവര്‍ താമസംവിനാ വിനയാവുകയും ചെയ്തു. 

പോകല്ലേടാ... എന്ന് ലവള്‍ കേണേവമൂചേ. ബട്ട് ക്യാ കരൂം! നീ അവടെക്കെടന്ന് ഊചേ എന്ന് ഖിന്നതയാ അനിവാര്യമായ പ്രയാണത്തിലേക്ക് കുതിക്കേണ്ടിവരാന്‍ ആയുള്ളവന്‍ നിര്‍ബ്ബന്ധിതനാവുകയായിരുന്നു. കുതിച്ചു. ലവള്‍ടെ പേര് എന്താരുന്ന് എന്ന് ഠിമ്മെന്ന് മറന്നേ പോയി ലവന്‍. അല്ലെങ്കില്‍ത്തന്നെ ഒരു പേരില്‍ എന്തിരിക്കുന്നു! നിശ്ശൂന്യമായ അവളുടെ കവിള്‍ ഗര്‍ത്തങ്ങളെപ്രതി മണിക്കൂറുകള്‍കൊണ്ടൊരു നൊസ്റ്റാള്‍ജിയ എക്കാലത്തേക്കുമായി കാത്തുവെച്ചാലോ എന്ന് ലവന്‍ ഒരു മാത്ര വെറുതേ നിനച്ചു. നിനച്ചതേയുള്ളൂ എങ്ങും പോയില്ല. ഓ! വേണ്ട. ലവന്‍ ദൂരെ ദൂരേയ്ക്ക് പോകാന്‍ നിനച്ചു. സന്ധ്യരാത്രിക്കു പിന്നേം ഇനി അറിഞ്ഞതില്‍ നിന്നുള്ള മോചനം പ്രാപിക്കണമല്ലോ എന്ന് ലവന്‍ വിചാരം പൂണ്ടു. മോചനമല്ലേ, പ്രാപിച്ചു കളയാം എന്നു പിന്നേം ചെറു ചിന്തവഹിച്ച് ഡ്യൂക്ക് ഓടിച്ച് ഇച്ഛയ്‌ക്കൊത്ത വഴി ഗച്ഛനായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com