ഗുരുവായൂരിലേക്കുള്ള വഴി

വരണ്ട ചുണ്ടു പതുക്കെ നനച്ച് കാഞ്ചന അല്പം വശം ചെരിഞ്ഞുനിന്നു. “എന്തു വന്നാലും പേടിക്കരുത്, പേടി കാണിക്കരുത്
ഗുരുവായൂരിലേക്കുള്ള വഴി

ടിഞ്ഞാറെക്കോട്ട ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ സമയം ഏഴ് മുപ്പതായിരുന്നു.

അല്പം കഴിഞ്ഞപ്പോൾ ലക്ഷ്മി ഏജൻസീസ് ഷട്ടറിട്ടു. അഞ്ചോ ആറോ കുന്നംകുളം ബസുകളും മൂന്നാല് ശക്തൻ സ്റ്റാന്റും വന്നുപോയി. അവസാനമെത്തിയ ബസിൽനിന്ന് കണ്ടക്ടർ ചാടിയിറങ്ങി അടുത്തെത്തി ഒരടക്കംപോലെ പറഞ്ഞു: “എന്തൂട്ടു നോക്കി നിക്കാ ചേച്ച്യേ? കേറിപ്പോരേ... ഇനി ബസ്സൊന്നൂല്യ.”

വരണ്ട ചുണ്ടു പതുക്കെ നനച്ച് കാഞ്ചന അല്പം വശം ചെരിഞ്ഞുനിന്നു. “എന്തു വന്നാലും പേടിക്കരുത്, പേടി കാണിക്കരുത്.” ആവർത്തിച്ചു കേട്ടിരുന്ന ആ വാക്കുകൾ അവളുടെ ചെവിയിൽ മുഴങ്ങി. സത്യത്തിൽ അവൾക്ക് നല്ല പേടിയുണ്ടായിരുന്നു. പേടിച്ച്, അടിവയറ്റിൽനിന്ന് എന്തൊക്കെയോ ഉരുണ്ടുകൂടുന്നതുപോലെ തോന്നിയിരുന്നു. ഒന്നു ടോയ്‌ലറ്റിൽ പോകണമെന്നുണ്ടായിരുന്നു. ചുറ്റിവരിഞ്ഞ ഏകാന്തതയിലും ഇരുട്ടിലും നിൽക്കുമ്പോൾ ഇരുട്ടും പേടിയും ഒന്നാണെന്നവൾക്കു തോന്നി. രണ്ടും ഒന്നുപോലെ ആളുകളെ നിസ്സഹായരും നിരാലംബരുമാക്കുന്നു. പേടിയെ മായ്ക്കാൻ, മറക്കാൻ പല തവണ ശ്വാസമകത്തേക്കെടുത്ത് പുറത്തേക്കു വിട്ടു; മുഖത്ത് നിസ്സംഗത വരുത്താൻ ശ്രമിച്ചു. ആ പ്രതികരണം കണ്ടാവാം ബസിലേക്ക് തിരിച്ചുകയറിയ കണ്ടക്ടർ ഡ്രൈവറോട്, എന്നാൽ കാഞ്ചന കേൾക്കാനെന്നപോലെ “മറ്റേ ഗഡ്യാ... വണ്ടി കേറാൻ നിക്കണതൊന്നല്ല, മ്മക്കറിഞ്ഞൂടെ” എന്നു പറഞ്ഞു. എതിർവശത്തെ പഴക്കടയിലേക്ക് ധൃതിയിൽ സ്കൂട്ടറിൽ വന്നിറങ്ങിയ ഒരു കുടുംബത്തെ ശ്രദ്ധിക്കുന്നതുപോലെ കാഞ്ചന ആ പറച്ചിലവഗണിച്ചുനിന്നു. അവിടന്ന് എന്തെങ്കിലും വാങ്ങണോ എന്ന് ഒരു നിമിഷം ചിന്തിച്ചെങ്കിലും വേണ്ടെന്നു വെച്ചു. ആ നേരത്താവും ചിലപ്പോൾ ഗുരുവായൂർ ബസ് വരിക. “ഏഴ് നാല്പത്തഞ്ചിന്റെ ചെമ്പരത്തി” എന്നാണ് പറഞ്ഞിരുന്നത്. എട്ടേ മുക്കാലാവുമ്പോഴേക്ക് ഗുരുവായൂരെത്താം.

ചിത്രീകരണം- സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം- സചീന്ദ്രന്‍ കാറഡുക്ക

ചില ബസുകൾ വന്നുപോയി. ചില ഓട്ടോകൾ അവളുടെ അടുത്തെത്തി ഓട്ടം പതുക്കെയാക്കി. ഡ്രൈവർമാരിൽ ചിലർ തല പുറത്തേക്കിട്ട് “കയറുന്നുണ്ടോ?” എന്ന സൂചന കൊടുത്തു. ഒന്നുരണ്ടു പേർ എവിടേക്ക് പോകണമെന്നു ചോദിച്ചു. അപ്പോൾ ബസ് സ്റ്റോപ്പിൽ കാഞ്ചനയെക്കൂടാതെ മൂന്ന് അന്യസംസ്ഥാനത്തൊഴിലാളികളേ ഉണ്ടായിരുന്നുള്ളൂ. അവരുടെ കയ്യിൽ ചില പൊതികളുണ്ടായിരുന്നു, അടുത്തുള്ള മാർജിൻ ഫ്രീയിൽനിന്നും വാങ്ങിച്ചതാവണം. അതിലൊരാൾ സിഗരറ്റു പുകച്ചുകൊണ്ട് ഉച്ചത്തിൽ സംസാരിച്ചു. മറ്റു രണ്ടുപേർ കേൾവിക്കാരായിരുന്നു. ഭാഗ്യവശാൽ അവർ കാഞ്ചനയെ ശ്രദ്ധിക്കുകയോ നോട്ടങ്ങളാൽ മുറിപ്പെടുത്തുകയോ ചെയ്തില്ല. ‘ചെമ്പരത്തി’ വരുന്നതുവരെയെങ്കിലും അവരവിടെ ഉണ്ടായാൽ നന്നായിരുന്നു എന്നവളോർത്തു. അപരിചിതരാണെങ്കിൽക്കൂടിയും അവരുടെ സാന്നിദ്ധ്യം അവൾക്കല്പം സുരക്ഷിതത്വം കൊടുത്തിരുന്നു.

ഒരു വിനോദയാത്രാ സംഘത്തിന്റെ വണ്ടി അവൾക്കു മുന്നിലൂടെ കടന്നുപോയി. നിറയെ ലൈറ്റും പാട്ടും ബഹളവുമുണ്ടായിരുന്ന അതിനുള്ളിലെ ആളുകൾ പാട്ടിനൊത്ത് നൃത്തം ചെയ്യുന്നതു കണ്ടപ്പോൾ കാഞ്ചനയ്ക്ക് ചെറിയ ഒരു സന്തോഷം തോന്നി. അതിനകത്തുള്ളവരൊക്കെ വളരെ ആഹ്ലാദഭരിതരായിരുന്നു. പ്രശ്നരഹിതമായ ലോകത്തിന്റെ ആ താല്‍ക്കാലിക സാന്നിദ്ധ്യം അവളിലും ഉന്മേഷത്തിന്റെ കണികകൾ നിറച്ചു. ആ വാഹനം കാഞ്ചനയ്ക്ക് തൊട്ടടുത്തു വന്നുനിന്നു. വെറുതെയെങ്കിലും അതിലൊന്നു കയറിപ്പോകണമെന്നവൾക്ക് മോഹം തോന്നിയതുമാണ്. ആ മോഹവലയത്തിൽ അല്പനേരം കുടുങ്ങിനിന്നുപോയതിനാലാണ് ‘ചെമ്പരത്തി’ അടുത്തെത്തിയത് അറിയാതെ പോയത്. പതിവിനു വിപരീതമായി ബസുകൾ ഉണ്ടാക്കുന്ന വലിയ ഒച്ചപ്പാടുണ്ടാക്കാതെയാണ് അത് നിർത്തിയതും. പരിഭ്രമിച്ചുകൊണ്ട് അവൾ തിരക്കിട്ടു കയറി, മുന്നിൽനിന്ന് രണ്ടാമത്തെ സീറ്റിലിരുന്നു. സത്യത്തിലപ്പോഴാണ് ശ്വാസം നേരെ വീണത്. എന്തെങ്കിലും കാരണവശാൽ ബസ് വന്നില്ലെങ്കിൽ എന്തുചെയ്യണമെന്നവൾക്ക് ഒരു പിടിയുമില്ലായിരുന്നു. ആരുമവളോടത് പറഞ്ഞുകൊടുത്തിരുന്നില്ല. അവളാകട്ടെ, ചോദിച്ചുമില്ല. ചോദിക്കാൻ കഴിയുമായിരുന്നില്ല.

വലിയ തിരക്കൊന്നും കൂട്ടാതെ വാഹനം മുന്നോട്ടെടുത്തപ്പോഴാണ് അവൾ അതിലെ മറ്റു യാത്രക്കാരെ ശ്രദ്ധിച്ചത്. അവളെക്കൂടാതെ, കണ്ടക്ടറേയും ഡ്രൈവറേയും കിളിയേയും കൂടാതെ മൂന്നുപേരെ അതിലുണ്ടായിരുന്നുള്ളൂ. ഏറ്റവും പിന്നിലെ സീറ്റിൽ തലയിലൊരു കെട്ടുംകെട്ടി ഇരുന്നിരുന്ന വൃദ്ധൻ ഉറങ്ങുകയായിരുന്നു. എവിടെന്നോ ജോലി കഴിഞ്ഞുവരുന്ന മധ്യവയസ്കയായ ഒരു സ്ത്രീ ആകാംക്ഷ തോന്നിപ്പിച്ച മുഖഭാവത്തോടെ സ്ത്രീകളുടെ സീറ്റിലിരിപ്പുണ്ടായിരുന്നു. കാഞ്ചനയുടെ സീറ്റിന് എതിരേയുള്ളതിൽ ഒരു പുരുഷനായിരുന്നു. അയാളുടെ സമീപത്തായി ഒരു ചാക്കും അതിൽനിന്നു പുറത്തേക്കു തുറിച്ചുനിൽക്കുന്ന ഏതോ പണിയായുധവുമുണ്ടായിരുന്നു. ഇവരെല്ലാവരും ഇറങ്ങിപ്പോവുകയും താനൊറ്റക്കാവുകയും ചെയ്യുമോ എന്ന ചിന്ത മനസ്സിലൂടെ കടന്നുപോയെങ്കിലും “അതിനെന്ത്?” എന്നവൾ സ്വയം സമാധാനിച്ചു. ഗുരുവായൂരെത്താൻ ഒരു മണിക്കൂറിൽ കൂടുതലെടുക്കില്ല. എട്ടേമുക്കാൽ അത്ര വൈകിയ സമയമൊന്നുമല്ല.

ബസ് വളരെ സാവധാനമാണ് നീങ്ങുന്നത്. തണുത്ത കാറ്റടിക്കുന്നുണ്ട്. വഴി ഏറെക്കുറെ വിജനമായിരിക്കുന്നു. അപൂർവ്വമായി മാത്രം വലിയ വാഹനങ്ങൾ. ചില ഇരുചക്രവാഹനങ്ങൾ. ഒന്നോ രണ്ടോ ലോറികൾ. ഞായറാഴ്ചയുടെ ആലസ്യത്തിലാണ് എല്ലാവരും. പൊടുന്നനെ, ആ വിനോദയാത്രാസംഘം ഏതു ദിശയിൽ നീങ്ങിയിട്ടുണ്ടാവുമെന്ന് കാഞ്ചന ആലോചിച്ചു. താൻ ബസിൽ കയറിയപ്പോൾ അതവിടെ നിർത്തിയിരുന്നു. പിന്നീട് എന്തുണ്ടായാവോ! ഒരുപക്ഷേ, ഭക്ഷണം കഴിക്കാനോ മറ്റോ നിർത്തിയതാകണം. ഭക്ഷണമെന്നാലോചിച്ചപ്പോഴാണ് തനിക്ക് നന്നായി വിശക്കുന്നുണ്ടെന്നവൾക്കു മനസ്സിലായത്. രാവിലെയെപ്പോഴോ കഴിച്ചതാണ്. വിശപ്പു മാത്രമല്ല, ദാഹവുമുണ്ട്. എങ്കിലും ഇനിയും ഒന്നോ രണ്ടോ മണിക്കൂറു കഴിയാതെ ഒന്നിനും സാധ്യതയില്ല എന്നോർത്തപ്പോൾ നിരാശയും സങ്കടവും തോന്നി. അതു മറക്കാനായി ശ്രദ്ധ ബസിനുള്ളിലേക്കു തിരിച്ചു. ഡ്രൈവറുടേയും യാത്രക്കാരുടേയും സീറ്റുകൾക്കിടയ്ക്കുള്ള ചില്ലുകൊണ്ടുള്ള മറയിൽ അനുഗ്രഹിച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന ലക്ഷ്മീദേവി. കയ്യിൽനിന്നു പൊഴിയുന്ന സ്വർണ്ണനാണയങ്ങൾ. ഫോട്ടോക്കു മുകളിൽ ചുവപ്പും പച്ചയും ബൾബുകൾ കത്തുകയും കെടുകയും ചെയ്യുന്നുണ്ടായിരുന്നു. ഭാഷ മനസ്സിലാകാത്തത്ര വേഗതയിലുള്ള സംഗീതോപകരണങ്ങളുടെ അതിപ്രസരമുള്ള പാട്ട്, ബസിൽ അല്പം പതിഞ്ഞ ശബ്ദത്തിൽ കേൾക്കാനുണ്ടായിരുന്നു. എല്ലാം വളരെ സ്വാഭാവികമെന്നു ചിന്തിക്കാൻ കാഞ്ചന ശ്രമിച്ചുകൊണ്ടിരുന്നു. എന്നിട്ടും എല്ലാത്തിനുമിടയിലൂടെ തന്നെ പൊതിഞ്ഞുനിൽക്കുന്ന ഭയത്തിൽനിന്നു രക്ഷപ്പെടാനായി അവൾ പണ്ടെന്നോ പഠിച്ച ഒരു നാമം ചൊല്ലാൻ ശ്രമിച്ചു. അമ്മയുടെ മുഖമോർമ്മ വരികയും കടുത്ത സങ്കടത്തിലേക്ക് മനസ്സു കൂപ്പുകുത്തുകയും ചെയ്യുന്നതായി തോന്നിയപ്പോൾ നാമം ചൊല്ലൽ ഉപേക്ഷിച്ച് വീണ്ടും പുറത്തേയ്ക്കു നോക്കിയിരുന്നു. സങ്കടവും സന്തോഷവും മറച്ചുവെക്കാൻ വലിയ വിഷമമില്ലെന്നും ഭയത്തെ ഒളിപ്പിക്കാനും നിയന്ത്രിക്കാനുമാണ് പ്രയാസമെന്നുമവളോർത്തു. “അതിനാൽ ഭയത്തെ നേരിടുക തന്നെയാണ് ചെയ്യേണ്ടത്. സംഭവിക്കാൻ സാധ്യതയുള്ളതിന്റെ അങ്ങേയറ്റം സങ്കല്പിക്കുക. അതിനെ തരണം ചെയ്യാനുള്ള പല വഴികൾ ഓർത്തുവെയ്ക്കുക. അതിലൊന്നിലേക്ക് ഓടിക്കയറുക. എന്തു വന്നാലും പതറാതിരിക്കുക.” അവളുടെ ചെവിയിൽ ഈ വാക്കുകൾ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു.

ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക

അപ്പോഴാണ് കണ്ടക്ടർ അടുത്തെത്തി ശക്തിയായി തോണ്ടി “ടിക്കറ്റ്” എന്നു പറഞ്ഞത്. അത്ര ശക്തിയിൽ തോണ്ടേണ്ട കാര്യമുണ്ടായിരുന്നില്ല എന്ന തോന്നലിലും “ഗുരുവായൂർ” എന്ന് അവളുറക്കെ പറഞ്ഞു. “മുപ്പത്തഞ്ച്” അയാളവളെത്തന്നെ നോക്കിനിൽക്കുകയായിരുന്നു. നൂറിന്റെ നോട്ടാണ് കാഞ്ചന കൊടുത്തത്. “ചില്ലറേല്യേ ചേച്ച്യേ?” കണ്ടക്ടർ അതൃപ്തി കാണിച്ചു. ഇല്ലെന്നവൾ തലയാട്ടി. “എന്നാ ഒരഞ്ച്‌ണ്ടോന്ന് നോക്ക്.” ഭാഗ്യത്തിന് അഞ്ചുരൂപയുടെ ഒരു നാണയം കിട്ടി. അയാൾ അന്‍പതു രൂപ മാത്രം തിരികെ കൊടുത്തു. ബാക്കിയെന്ന അർത്ഥത്തിൽ അവളയാളുടെ മുഖത്തു നോക്കിയെങ്കിലും അതവഗണിച്ച് അയാൾ പുറകോട്ടു തിരിഞ്ഞു. “ഇരുപതു കൂടെ” അവളാവശ്യപ്പെട്ടു. “കിടന്നു പിടക്കാണ്ടിരിക്ക് ചേച്ച്യേ. ഇപ്പത്തരാം ബാക്കി ചില്ലറേല്യ.” കണ്ടക്ടർ ഗൗരവത്തിലായിരുന്നു. അയാളുടെ ഭാവവും പറച്ചിലും അവൾക്കൊട്ടും തന്നെ പിടിച്ചില്ല. “പിടക്കാണ്ടിരിക്ക്” എന്ന വാക്ക് അവൾക്ക് വല്ലാത്ത അലോസരമുണ്ടാക്കുകയും ചെയ്തു. ഇതേ വാക്ക് മുന്‍പൊരിക്കൽ കേട്ടിട്ടുണ്ടല്ലോ? എവിടെയാണത്? എപ്പോൾ? അവളോർത്തുകൊണ്ടിരുന്നു. ആ ഓർമ്മ സമ്മാനിച്ച അസ്വസ്ഥത കുറക്കാനെന്നോണം ചുരിദാറിന്റെ ദുപ്പട്ടകൊണ്ട് തല മൂടിപ്പുതച്ചു. അപ്പോഴവൾക്ക് ചെറിയൊരു സമാധാനം തോന്നി.

ബസ് ‘അമല’യെത്തിയപ്പോൾ പുറകിലെ സീറ്റിലെ സ്ത്രീ ധൃതിവെച്ചിറങ്ങുന്നതും സ്റ്റോപ്പിൽ കാത്തുനിന്ന ഒരു പയ്യൻ അവർക്കു സമീപത്തേക്ക് വരുന്നതും പെട്ടെന്ന് അവരുടെ മുഖത്ത് സന്തോഷവും ആശ്വാസവും പരക്കുന്നതും കയ്യിലിരുന്ന ‘കുത്താമ്പുള്ളി ഹാന്റ് ലൂംസ്’ എന്നെഴുതിയ കവർ പയ്യനെ ഏല്പിക്കുന്നതും കാഞ്ചന കണ്ടു. ജീവിതത്തിന്റെ ആ സ്വാഭാവികത ആഹ്ലാദഭരിതയാക്കിയെങ്കിലും ഒരു വിഷാദം തന്റെയുള്ളിൽ മുളപൊട്ടുന്നതവൾ തിരിച്ചറിഞ്ഞു. ആരും അവിടെനിന്ന് ബസിൽ കയറിയില്ല. പുറകിലെ സീറ്റിലെ ഉറക്കം തൂങ്ങിക്കൊണ്ടിരുന്ന വൃദ്ധൻ അതു തുടർന്നു. ചാക്കിന്റെ ഉടമസ്ഥനും ജനാലയിൽ തലചേർത്ത് ഉറക്കത്തിലേക്കു വീണിരുന്നു. ബസ് മുന്നോട്ടെടുത്തു. കാഞ്ചനയ്ക്ക് നല്ല ക്ഷീണമുണ്ടായിരുന്നുവെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ല. ഇപ്പോൾ ബസിലെ പാട്ടിന് അല്പം കൂടി ശബ്ദം കൂട്ടിയിട്ടുണ്ട്. സംഗീതം പകരുന്ന സാന്ത്വനത്തിനു പകരം ആ ഒച്ച അവളെ അസ്വസ്ഥപ്പെടുത്തി. ചില കുറ്റാന്വേഷണ സിനിമയിലേതുപോലെ എന്തോ സംഭവിക്കാൻ പോകുന്നു എന്നോർമ്മപ്പെടുത്തുന്ന ഒരുതരം ശബ്ദമായിരുന്നു അതിനുണ്ടായിരുന്നത്. അതൊന്നു നിർത്താമോയെന്നോ ഒച്ച കുറയ്ക്കാമോ എന്നോ കണ്ടക്ടറോട് ആവശ്യപ്പെടണമെന്നുണ്ടായിരുന്നുവെങ്കിലും ചെയ്തില്ല. പകരം ഇരുകയ്യിലേയും ചൂണ്ടുവിരലുകൾ ദുപ്പട്ടക്കകത്തുകൂടി ചെവിയിലേക്കു തിരുകി കൂനിപ്പിടിച്ചിരുന്നു.

കയ്യെടുത്തപ്പോൾ കണ്ടക്ടർ ഡ്രൈവറോട് പറഞ്ഞുകൊണ്ടിരുന്നതിന്റെ ബാക്കിയാണ് കാഞ്ചന കേട്ടത്. “ദിവ്യമോള് എന്ത് പോക്കാ പോയേ! സമയം തെറ്റിച്ചിട്ടേയ്. ഞാൻ നോക്കുമ്പോ അവൻ ജാതി കുതിപ്പ്. മനീഷും ചെറിയപറമ്പിലും ബാക്കീല് ബാക്കില്ണ്ട്ട്ടാ. അവനൊന്നും നോക്കാണ്ട് ഒരൊറ്റ പെട്യാ. ഏത്! ഒന്നും നോക്കൂല്യ, ആരേം പേടീംല്യ. നാവിന്റടീല് മറ്റത് വെച്ച് ഒരു പെടക്കലാ. ആര്ക്കും അറിയൂല്യാ. എന്താ ഉണ്ണീന്നറിയാ, അവൻ! മുട്ടാമ്പറ്റില്യ. അല്ല. അവന്റെ ദൈര്യം അവന്റെ മൊതലാളിയാട്ടാ. അഞ്ച് കൊല്ലം കുത്ത് കേസായിട്ട് ജയിലില് കെടന്നോനാ. ഊരിപ്പോന്നതാ. പിന്ന്യെണ് ബസ് വേടിച്ചത്. നാട്ടില് എരട്ടപ്പേര്ണ്ട്. തേരട്ട രവി. മൊകത്ത് നോക്കി ഒരാളും വിളിക്കില്യാട്ടാ. വിളിച്ചാ വിവരറിയും. അതാ ദിവ്യമോളോട് ആരും മുട്ടാല്യാത്തത്. അല്ല ചേട്ടാ, മ്മടെ മൊതലാളി എന്താ എപ്പഴും ശോകം? മ്മക്ക് സീനിണ്ടായിട്ടല്ല ട്ടാ. എന്നാലും മോന്ത കണ്ടാ അന്നത്തെ ദൂസം പോക്കാ. മൊതളാളിമാര് നല്ല ജഗജഗാന്ന് ഇരിക്കണം.” ഡ്രൈവർ അഭിപ്രായമെന്തോ പറയുന്നുണ്ടെങ്കിലും കേൾക്കാനാവുന്നില്ല. കിളി ഇതിനിടെ ബോണറ്റിലിരിപ്പു പിടിച്ചു. കണ്ടക്ടറുടെ സംഭാഷണത്തിൽ അവന് രസം കേറിയിട്ടുണ്ടെന്ന് വ്യക്തം. “ദിവ്യമോള് മാത്രൊന്നല്ല ചേട്ടാ. കാഞ്ഞാണി റൂട്ടിലെ കിങ്ങിണീം നല്ല ഉണ്ണ്യാന്നാ. മനോജ്ന്നാങ്ങണ്ടാ ആ ചേട്ടന്റെ പേര്. നല്ല ബോതംള്ള ഒരു നേരല്യ. ഇന്നാള്‌ന്റെ ഗീരിഷേട്ടാ, ആ റൂട്ടില് ബൈക്കില് പൂവ്ണ്ടായ്‌ര്‌ന്ന രണ്ട് ക്ടാങ്ങളെ കിങ്ങിണി തട്ടി. ഒരുത്തൻ അപ്പന്നെ സ്‌പോട്ടില് വട്യായി. മറ്റോന്റെ കാലിലെ ചെരട്ട പൊട്ടിപാളീസായി. രണ്ടുകൊല്ലം എണീറ്റ് നടക്കാമ്പറ്റില്യാന്നാ കേട്ടേ.” കണ്ടക്ടർക്ക് ആ പറഞ്ഞത് ഇഷ്ടമായി. അയാൾ തുടയിൽത്തട്ടി ആർത്തുചിരിച്ചു. “ആ ചത്ത ചെക്കനെ എനിക്കറിയാട്ടാ. മ്മടെ അളിയന്റെ ബന്ത്വാട്ടാ. പറഞ്ഞട്ട് കാര്യല്യ. പതിനാറ് വയസ്സ്. ലൈസൻസില്യ. അത് വിഷയല്ല, എന്നാലും ആ ചെക്കൻ ഒറ്റ മോനായ്‌ര്‌ന്ന്. എന്റമ്മോ! സിനിമേല്ണ്ടാവില്യ, അവന്റെ തള്ളേടെ പോലത്തെ നെലോളി. കരച്ച്‌ല്ന്ന്ച്ചാ, അമ്മാതിരി കരച്ച്‌ല്. അയ്‌നിപ്പ മെന്റലായിന്നാ കേട്ടേ. അല്ല, ഞാമ്പറഞ്ഞതേ, ചെക്കമ്മാര്ക്ക് ബൈക്കാ കിട്ട്യാ മുൻപിൻ നോട്ടംല്യ. അങ്ങട് ഇട്ക്കന്നെ. ബസ്സോളെ പുല്ലു വെല്യാ. ഞാമ്പറായ്‌ന്ന്‌ച്ചാ നന്നായോള്ളോ. ഇവറ്റോള് ഒരു പാടാ പടിക്കും.” അതു പറഞ്ഞു തിരിഞ്ഞു അയാൾ കാഞ്ചനയെ നോക്കി. “കേച്ചേരി, കേച്ചേരി” എന്നുറക്കെ വിളിച്ചു. ഉറക്കം തൂങ്ങിയിരുന്ന വൃദ്ധൻ ചാടിപ്പിടഞ്ഞ് ഇറങ്ങി. ചാക്കുകാരനും ഇറങ്ങി. ബസിൽ കാഞ്ചന മാത്രമായി. പക്ഷേ, അപ്പോഴവൾക്ക് മുന്‍പത്തെയത്ര പേടി തോന്നിയില്ല. ഡ്രൈവറും കണ്ടക്ടറും കിളിയും എന്തെങ്കിലുമൊക്കെ പറഞ്ഞിരിക്കുകയും തന്നെ അവഗണിക്കുകയും ചെയ്യുമായിരിക്കുമെന്നവൾ ചിന്തിച്ചു.

കേച്ചേരി കഴിഞ്ഞും ബസ് സാവധാനമാണ് പോയിരുന്നത്. “അല്ല ചേട്ടാ, എനിക്ക് മനസ്സിലാവാത്ത കാര്യാട്ടാ. മ്മള് വല്ലപ്പോഴും രണ്ട് വീശി വണ്ടിട്ത്താ അപ്പോ ഊത്തായി, ഫൈനായി. ഈ മറ്റേ ഐറ്റം എന്തോരം തേമ്പ്യാലും വലിച്ചാലും ആരും കണ്ടുപിടിക്കൂല്യാ, കേസൂല്യാ. അതെവ്ട്‌ത്തെ മര്യാദ്യാ?” കണ്ടക്ടറുടെ അഭിപ്രായം കിളി ശരിവെച്ചു. “അത് ശര്യാ ചേട്ടാ. ഇപ്പ മറ്റതന്ന്യാ ഫാഷൻ. സ്കൂളിലെ ചെക്കമ്മാര് വരെ അതല്ലേ? വല്യ കാശൂല്യാട്ടാ.” കണ്ടക്ടർക്ക് ഫാഷൻ എന്ന പ്രയോഗം അത്ര ഇഷ്ടമായില്ല. “എന്തൂട്ട് ഫാഷൻ! ഇതൊക്കെ പണ്ടൂണ്ട്. ഇപ്പങ്ങ്ട് ആകാശത്ത്ന്ന് പൊട്ടിവീണതൊന്നല്ല. പിന്നെ പണ്ടത്തേലും ഇപ്പ കിട്ടാൻ എള്പ്പ്ണ്ട്ന്ന് മാത്രം. ദേ, നീയാ നോക്ക്യേ. പ്പ, മ്മടെ വണ്ടീല് കേറണ എത്ര പേര്‌ടേല് ഇത്ണ്ടാവ്ന്ന് നിൻക്കറിയാ? പെണ്ണ്ങ്ങള് വരെ കൊണ്ട് നടക്കല്ലേ? അവര്യെണങ്കി സംശയിക്കൂല്യ. ഏത്! ഒരാൾക്ക്ട്ട് മനസ്സിലാവൂല്യ. കള്ള് കുപ്പീരെപോലെ കൊണ്ട് നടക്കാൻ വല്ല ബുദിമുട്ടുംണ്ടാ? ല്യ. അദന്നെ കാരണം.” കിളി തലയാട്ടി. “അല്ല, വണ്ടി ഓടിക്കണോരെ കുറ്റം പറയാമ്പറ്റ്വോ? ഇപ്പ, കാസർഗോഡ്ന്ന് കത്തിച്ച് തൃശൂർക്കാ വരണ വണ്ടി... അല്ല... ഏത്... ആ ഗഡി എങ്ങനെ എത്തിക്കുംന്നാ ഈ പറയണേ. ഒറക്കം വരാണ്ടും കണ്ണടഞ്ഞു പൂവാണ്ടും സമയത്ത് എത്തിക്കണത് എള്പ്പാ? റോട്ടില് ഓടിക്കണങ്കെ ദൈര്യം വേണ്ടേ? ചങ്കൂറ്റം വേണ്ടേ? അത് ദിവനാ പൂശ്യാ കിട്ടും. ഒന്നും നോക്കണ്ട. ഒറ്റ ഇട്ക്കല്. ചവിട്ടി വിടന്നെ. ക്ലീൻ ക്ലീൻ.”

കാഞ്ചന ബാഗ് നെഞ്ചോടു ചേർത്തുപിടിച്ചിരുന്നു. വൈബ്രേഷൻ മോഡിലിട്ടിട്ടുള്ള മൊബൈലിൽ, പുറപ്പെട്ടശേഷം വിളിയൊന്നും വന്നിട്ടില്ല. ഇനി അഥവാ വല്ലതും വന്നിട്ടുണ്ടെങ്കിൽ പാട്ടിന്റെ ശബ്ദം കാരണം ഒരുപക്ഷേ, അറിയാതെ പോയിട്ടുണ്ടുമുണ്ടാകാം. എന്തായാലും അവൾ ബാഗു തുറക്കാനോ ഫോൺ പരിശോധിക്കാനോ ധൈര്യപ്പെട്ടില്ല. അതു ചെയ്യുകയും പാടില്ലായിരുന്നു. പെട്ടെന്ന് മുന്നറിയിപ്പില്ലാതെ മഴ പെയ്യാൻ തുടങ്ങി. തുറന്നിട്ട ജനാലയോട് ചേർന്നുള്ള ഇരിപ്പുമാറ്റി കാഞ്ചന ഷട്ടറിട്ടു. അപ്പോഴേക്കും കിളിയും ധൃതിയിൽ ബസിലെ ബാക്കി ഷട്ടറുകൾ ഓരോന്നായി ഇട്ടുകഴിഞ്ഞിരുന്നു. ബസൊരു അടഞ്ഞ കൂടായി. പുറത്തുനിന്ന് ഒരു ശബ്ദവും-മഴയുടേതൊഴികെ-അകത്തേക്കു വരാതായി. തിരിച്ചും. അപ്പോഴാണ് കാഞ്ചന ഏറ്റവുമധികം ഭയന്നത്. അന്നത്തെ യാത്രയിൽ അപ്പഴിപ്പഴായി ഭയത്തിന്റെ മുള്ളുകൾ അവളെ കുത്തിക്കൊണ്ടിരുന്നുവെങ്കിലും ഒരു മുള്ളൻപന്നിയെപ്പോലെ ആക്രമിക്കാൻ തയ്യാറായി തന്റെ മുന്നിലുണ്ടെന്നു ബോധ്യപ്പെട്ടത് അപ്പോഴാണ്. ഇരുട്ടും ഒറ്റയാകലും പെണ്ണെന്ന അവസ്ഥയും ഏറ്റെടുത്ത ദൗത്യത്തിന്റെ അനിശ്ചിതത്വവും കൂടെയുള്ള അപരിചിതരായ മൂന്നു പുരുഷന്മാരുടെ സാന്നിദ്ധ്യവും അവളെ തീർത്തും നിസ്സഹായയാക്കുന്നത് അറിഞ്ഞുകൊണ്ടിരുന്നുവെങ്കിലും കഴിവതും അതു പുറത്തു കാണിക്കാതെ തന്റെ മുന്നിലുള്ള ഫോട്ടോയിലെ വിളക്കുകൾ മിന്നുകയും കെടുകയും ചെയ്യുന്നതിലേക്കു ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഡ്രൈവറോട് അടുത്തുചെന്ന് എന്തോ പറഞ്ഞ് കണ്ടക്ടർ പാട്ടിന്റെ ശബ്ദം അല്പം കൂടി കൂട്ടി. ഇപ്പോഴത് ചെവിയടപ്പിക്കുന്ന ഒച്ചയിലായിരിക്കുന്നു. അതിലും വേഗത്തിൽ കാഞ്ചനയുടെ ഹൃദയമിടിക്കാൻ തുടങ്ങി. അവളെ നോക്കി അയാൾ “മ്മക്ക് മിന്നിച്ചു പോവാം ലേ ചേച്ച്യേ. ചേച്ചി എന്തൂട്ടാ പേടിച്ചപോലെ ഇരിക്കണേ? ഹൈ! പേടിക്കണ്ടാട്ടാ. ഞങ്ങളൊക്കെല്യേ?” എന്നു പറയുകയും അനേകം അർത്ഥങ്ങൾ വ്യാഖ്യാനിക്കാവുന്ന ഒരു ചിരി ചിരിക്കുകയും ചെയ്തു. അയാൾ അവളുടെ സീറ്റിൽ വന്നിരുന്നു. മഴച്ചാറ്റൽ നനച്ചതെങ്കിലും കാഞ്ചന പരമാവധി ജനലാക്കരികിലേയ്ക്ക് നീങ്ങി. താൻ ചിലപ്പോൾ മരിച്ചുപോയേക്കുമെന്നവൾക്കു തോന്നി. അവളുടെ ഭാവമാറ്റം കണ്ട് പരിഹാസരൂപേണ അയാൾ തുടർന്നു. “ദേ! ചേച്ചി പേടിച്ചു. മ്മള് ചേച്ചിക്ക് കമ്പനി തരാൻ വന്നതല്ലേ? വിശേഷം പറയ് ചേച്ച്യേ, ചേച്ചി ഈ നേരത്ത് എന്താ ഒറ്റയ്ക്ക്? ഗുരുവായൂര്ക്കല്ലേ ടിക്കറ്റ്? അവടെ എങ്ങ്ടാ പോണ്ടേ? കൂടെ ആരുല്യേ? പറയ് ന്നേയ്. മ്മക്ക് എന്തായാലും വഴീണ്ടാക്കാന്നേയ്” -അയാൾ അവൾക്കരികിലേയ്ക്ക് അല്പം കൂടി നീങ്ങിയിരുന്നു. വൃത്തികെട്ട ഒരു നോട്ടം പാസ്സാക്കി. കിളി ഒന്നുമറിയാത്തപോലെ മുന്നിലേക്കു നോക്കിയിരുന്നു. കാഞ്ചന ഒന്നും മിണ്ടിയില്ല. അതയാൾക്ക് അത്ര ഇഷ്ടമായില്ല. “ചേച്ചി വല്ലതും പറയ് ചേച്ച്യേ, മ്മളൊക്കെ അന്യമ്മാരാ? ഒന്നൂല്യെങ്കിലും ഇത്രനേരം മ്മള് ഒന്നിച്ച് യാത്ര ചെയ്തില്ലേ, അതോർക്കണ്ടേ, അല്ലേടാ ബൈജ്വോ?” അയാൾ കിളിയെ നോക്കി. കിളി അത് ശരിവെച്ച് തിരിഞ്ഞുനോക്കി തലയാട്ടി. “അതു നേരാ” എന്നു പറഞ്ഞ് വീണ്ടും മുന്നോട്ടു തന്നെ നോക്കിക്കൊണ്ടിരുന്നു. അതിനിടയിൽ കണ്ടക്ടർ അവളുടെ അരയിൽ മുട്ടുകൊണ്ട് പതിയെ കുത്തി. കാഞ്ചന പെട്ടെന്ന് ചാടിയെണീറ്റു. ആ പ്രതികരണം ഒട്ടും പ്രതീക്ഷിക്കാത്ത കണ്ടക്ടർ ആദ്യമൊന്നു പരിഭ്രമിച്ചെങ്കിലും പിന്നെ “ഹായ്, ചേച്ചി ഇര്ന്നോ ചേച്ച്യേ. മ്മള് ഒന്നും ചെയ്തിലല്ലോ, വിശേഷം ചോയ്‌ച്ചല്ലേള്ളോ! ടാ, ബൈജൂ, ചേച്ചി കുഞ്ഞിക്കാട്ങ്ങള്‌ടെ പോല്യാട്ടാ. മിണ്ട്യാ പേടിച്ചു. ഹൈ! എന്റെ കയ്യ് അറിയാണ്ട് കൊണ്ടോള്ളൂ. ചേച്ചിക്ക് കിക്കിളി. ഹേത്!” കിളി വീണ്ടും തിരിഞ്ഞുനോക്കി എന്തിനോടോ ഉള്ള പുച്ഛച്ചിരി ചിരിച്ചു. മുന്നോട്ടു നടന്ന് ഡ്രൈവറുടെ ഇടതുഭാഗത്തെ സീറ്റിനടുത്ത് പോയി നിന്നു. ഡ്രൈവറവളെ നോക്കിയതേയില്ല. കിളിയും. അത്രയായപ്പോൾ ധൈര്യത്തോടെ കണ്ടക്ടർ അവൾക്കടുത്തേക്കെത്തി നിലയുറപ്പിച്ചു. “ഗുരുവായൂര് എത്തീട്ടില്യ ചേച്ച്യേ. ചേച്ചി ഇരിക്ക്.” അയാളവളുടെ കയ്യിൽ പിടിച്ച് വലിച്ചു. “വണ്ടി നിർത്ത്, എനിക്കിറങ്ങണം” അവൾ ശബ്ദമുയർത്തി. ഡ്രൈവർ അപ്പോഴൊന്നു തിരിഞ്ഞുനോക്കി. “വണ്ടി നിർത്താൻ” അവൾ കൂകി വിളിച്ചു. പക്ഷേ, അവളുടെ ശബ്ദം അകത്ത് പാട്ടിലെ ഒച്ചയിലും പുറത്തെ കാറ്റിലും മഴയിലും അലിഞ്ഞുപോയി. പാട്ടിന്റെ ശബ്ദം പ്രളയത്തെ ഓർമ്മിപ്പിച്ചു. കടപുഴകി വരുന്ന മരങ്ങളും വീടുകളും അവൾക്കു ചുറ്റും കറങ്ങി. ഒലിച്ചുപോകുന്ന മൃഗങ്ങളും ശവശരീരങ്ങളും അവളുടെ തലക്കുള്ളിൽ നൃത്തം വെച്ചു. താനൊരു ദ്വീപിലാണെന്നും തനിക്കു ചുറ്റും വെള്ളമാണെന്നും അവസാന ആലംബമെന്നോണം താനേതോ മരത്തിന്റെ കൊമ്പിൽപ്പിടിച്ച് തൂങ്ങിയാടുകയാണെന്നും ഏതു നിമിഷവും അത് പൊട്ടിവീണേക്കാമെന്നും അവൾക്കപ്പോൾ തോന്നി. അവളുച്ചത്തിൽ നിലവിളിക്കുകയോ സഹായിക്കണേ എന്ന് ഉറക്കെ കരയുകയോ ചെയ്തു. കയ്യിലുള്ള ഒരേ ഒരു സമ്പാദ്യം നെഞ്ചോടു ചേർത്തുവെച്ചു. സ്വബോധത്തിലേക്ക് വന്നപ്പോൾ അവൾ ബസിന്റെ കമ്പിയിൽ തൂങ്ങിനിന്നാടുകയായിരുന്നു. ബസിലുള്ള മൂന്നു പുരുഷന്മാർ അവൾക്കല്പം ദൂരെയായിരുന്നു. മുന്നിലുള്ള റോഡും വെളിച്ചവും കാണാമായിരുന്നു. അനേകം വാഹനങ്ങൾ ഒന്നിനുപിറകെ ഒന്നായി വരിയിൽ നിർത്തിയിട്ടിരുന്നത് കാഞ്ചന കണ്ടു. അവളുടെ ബസ് ഓട്ടംനിർത്തി മുരണ്ടുകൊണ്ടിരുന്നു. കിളി ബസിൽനിന്നും ഇറങ്ങി. മുന്നിൽ കിടന്ന വാഹനത്തിനടുത്ത് എന്താണ് സംഭവമെന്നന്വേഷിച്ചു. ബസിലെ മുൻവശത്തെ ഷട്ടർ കണ്ടക്ടർ തുറന്നു. അതിലൂടെ ആരോ അറിയിക്കുന്നത് കാഞ്ചന കേട്ടു. “മരം വീണതാ ചേട്ടാ. ഇപ്പ പൂവാമ്പറ്റില്യ. മുറിക്കാനാള് വര്ണ്ട്ന്ന് പറയ്ണ്ട്. കഴിയുമ്പ പാതിരാത്ര്യാവും.” ബസ് വലിയൊരൊച്ചയോടെ നിന്നു. കാഞ്ചന തുറന്ന വാതിലിലൂടെ ചാടിയിറങ്ങി. ഒന്നും നോക്കാതെ, നിർത്തിയിട്ടിരുന്ന വണ്ടികളുടെ ഓരം ചേർന്ന് മുന്നോട്ടു നടന്നു. എവിടെയെത്തിയെന്ന് അവൾക്കു മനസ്സിലായില്ല. ബസ് സ്റ്റോപ്പുപോലെ തോന്നിച്ച ഒരിടത്തുനിന്ന് അവൾ കടകളുടെ ബോർഡിനു താഴെ എഴുതിയത് മങ്ങിയ വെളിച്ചത്തിൽ വായിച്ചു. “ചൊവ്വല്ലൂർപ്പടി.” എട്ടേ മുക്കാൽ ഇപ്പോൾത്തന്നെയായിട്ടുണ്ട്. ഗുരുവായൂർക്ക് ഇനിയുമുണ്ടല്ലോ ദൂരം! എന്തായാലും മരം വീണുകിടക്കുംവരെ നടക്കാമെന്നവൾ കരുതി. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരോ ഒന്നുരണ്ടു പുരുഷയാത്രക്കാരോ അങ്ങിങ്ങ് കൂടിനിന്ന് മടുപ്പോടെ, അനിശ്ചിതത്വത്തോടെ സംസാരിക്കുന്നതൊഴികെ സ്ത്രീകളായ ആരെയും അവൾ ബസിനുള്ളിലോ പുറത്തോ കണ്ടില്ല. ഒരു വീടിന്റെ സുരക്ഷിതത്വത്തിലേക്ക് ചുരുണ്ടുകൂടാൻ കാഞ്ചന കൊതിച്ചുവെങ്കിലും ഇപ്പോൾ തനിക്കതിനു സാധ്യമല്ലല്ലോ എന്ന ബോധ്യം അവളെ സങ്കടപ്പെടുത്തി. അവിടെ നിർത്തിയിട്ട എല്ലാ വാഹനങ്ങളിൽനിന്നും എല്ലാ കണ്ണുകളും തന്റെ നേർക്കാണെന്നവൾക്കു തോന്നി. അവയിൽ ഏതെങ്കിലുമൊന്നു തുറന്ന് ആരെയെങ്കിലുമവളെ ബലമായി ഉള്ളിലേക്ക് വലിച്ചിടുമെന്നവൾ വല്ലാതെ ഉൾക്കണ്ഠപ്പെട്ടു. കാലുകൾക്ക് വേഗത കിട്ടുന്നില്ലായിരുന്നു. ശ്വാസം മുട്ടുന്നുണ്ടായിരുന്നു. എങ്കിലും വഴിയൊക്കെ നല്ല ധാരണയുള്ളതുപോലെ അവൾ മുന്നോട്ടുതന്നെ നീങ്ങി.

ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക

ഒരോട്ടോറിക്ഷ അവൾക്കരികിൽ വന്നുനിന്നു. ബ്ലോക്കിൽനിന്ന് വളച്ചെടുത്ത ഒന്നായിരിക്കണമത്. ഒന്നുമാലോചിക്കാതെ കാഞ്ചന കൈകാണിച്ചു. അപ്പോഴാണ് അതിലുള്ളത് ബസിലെ കണ്ടക്ടറാണോ, അവളെ പിന്തുടർന്ന് വരികയാണോ എന്ന സംശയമുണ്ടായത്. അവൾ കൈമടക്കി മുന്നോട്ടുതന്നെ നീങ്ങി. ഓട്ടോറിക്ഷയും. അവൾ ഭയത്തോടെ അതിനുള്ളിലേയ്ക്ക് പാളിനോക്കി. ഡ്രൈവറൊരു വയസ്സനാണ്. നിമിഷാർദ്ധത്തിൽ അവൾ ഓട്ടോക്കുള്ളിലേക്ക് കയറി. “മമ്മിയൂരമ്പലം”, ഡ്രൈവർ സംശയാസ്പദമായി അവളെ നോക്കി. ഒരു മാത്ര കഴിഞ്ഞ് പറഞ്ഞു. “നാനൂറാവും, വളഞ്ഞുപോണം.” അപ്പോഴാണ് കണ്ടക്ടർ ടിക്കറ്റിന്റെ ബാക്കി പൈസ കൊടുത്തില്ലല്ലോ എന്നവളോർത്തത്. തിടുക്കത്തിൽ ബാഗിന്റെ സൈഡ് പോക്കറ്റു തുറന്നുനോക്കി. കൃത്യം നാനൂറ്. അല്പം ചില്ലറയുമുണ്ട്. “കുഴപ്പമില്ല ചേട്ടാ” എന്നവൾ പറഞ്ഞു. “ഈ രാത്രി എന്താ ഒറ്റയ്ക്ക്?” ഈ ചോദ്യം പ്രതീക്ഷിച്ചതാണ്. “ഒരാശുപത്രി കേസുണ്ടായിരുന്നു” എന്നുത്തരം പറഞ്ഞ് അവൾ പുറകോട്ടു ചാരിയിരുന്ന് നെടുവീർപ്പിട്ടു. വഴിയിൽ മുഴുവൻ ഡ്രൈവർ അവളെ ഉപദേശിച്ചുകൊണ്ടിരുന്നു. രാത്രി, അസമയത്ത് അവളുടെ പ്രായത്തിലുള്ള ഒരു പെണ്ണ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിലെ അപകടസാധ്യതകളെക്കുറിച്ചും എത്ര വലിയ ആശുപത്രിക്കേസായാലും രാത്രി പോരേണ്ടായിരുന്നു എന്നും തന്നെപ്പോലൊരാളുടെ ഓട്ടോയിൽ കയറിയത് എത്ര നന്നായെന്നും അയാൾ ആവർത്തിച്ചു പറഞ്ഞു. അവൾ എല്ലാത്തിനുമുത്തരമായി “അതെ, അതെ” എന്നും. വീട്ടുപേരും വീട്ടിലുള്ളവരുടെ വിവരങ്ങളുമെല്ലാം ചോദിച്ചെങ്കിലും അവിടെ വാടകയ്ക്ക് താമസിക്കാൻ വന്ന ബന്ധുവീട്ടിൽ വന്നതാണെന്നും മാത്രം അവൾ പറഞ്ഞൊഴിഞ്ഞു. അവളുടെ മറുപടി അയാളത്ര വിശ്വസിച്ചതായി തോന്നിയില്ലെങ്കിലും തുടർ ചോദ്യങ്ങളൊന്നുമുണ്ടായില്ല. കുണ്ടും കുഴിയും വളവും തിരിവും ഇരുട്ടുമുള്ള അനേകം ഉൾവഴികൾ പിന്നിട്ട് അമ്പലത്തിനടുത്ത് വണ്ടി നിർത്തി. “ഇവടെവട്യാ വീട്?” “അടുത്തെവട്യാങ്കണ്ടാ. നടക്കണം. ആളെ വിളിച്ച്ണ്ട്. വന്നു കൊണ്ടക്കോളും.” “അവര് വരണവരെ വേണെങ്കി ഞാൻ നിക്കാം.” അയാൾ കാരുണ്യവാനായി. “വേണ്ട ചേട്ടാ, ഒറ്റയ്ക്കു നിക്കാൻ പേടീല്യ” എന്നു ശബ്ദത്തിലവൾ ധൈര്യം വരുത്തി അയാളെ ഒഴിവാക്കി. എന്നിട്ടുമയാൾ അല്പനേരം കൂടി അവിടെനിന്നു. “വന്നിലല്ലോ മോളേ” എന്നു പറഞ്ഞു. അവളപ്പോൾ ബാഗിൽനിന്ന് ഫോണെടുത്ത് നമ്പർ നോക്കുന്നതായും വിളിക്കുന്നതായും അഭിനയിച്ചു. “ആണോ, ഞാനങ്ങോട്ടുവരാം” എന്നു ഫോണിൽ പറഞ്ഞ് ഡ്രൈവറോട് പൊയ്‌ക്കൊള്ളാൻ ആംഗ്യം കാണിക്കുകയും അവൾ നിന്നിടത്ത് ഇടത്തുഭാഗത്തേക്കുള്ള ചെറിയ വഴിയിലൂടെ തിരിയുകയും ചെയ്തു. ഓട്ടോ അകന്നുപോകുന്ന ശബ്ദം കേട്ടപ്പോൾ തിരിച്ചു റോഡിലേക്കു തന്നെ വന്നു. പോകുന്ന സ്ഥലത്തുള്ള ഒരു വീട്ടുപേര് എങ്ങനെയെങ്കിലും അറിഞ്ഞ് മനഃപാഠമാക്കിവയ്ക്കണമെന്നും അത്യാവശ്യഘട്ടങ്ങളിൽ അത് യുക്തിയോടെ ഉപയോഗിക്കണമെന്നും നിർദ്ദേശിച്ചിരുന്നതിനാൽ മമ്മിയൂർകളരിയെന്നും അവിടത്തെ ശ്രീഹരിചേട്ടന്റെ അകന്ന ബന്ധത്തിലാണെന്നും പറയാൻ ഒരുങ്ങിയിരിക്കുകയായിരുന്നു. ഒന്നും വേണ്ടിവന്നില്ല. “അമ്പലത്തിനടുത്ത് അല്പം കൂടി പോയാൽ സൂപ്പർമാർക്കറ്റ്. അതിനടുത്തുള്ള കടയുടെ തിണ്ണയിൽ ഒരാൾ കിടക്കുന്നുണ്ടാവും. ഉറങ്ങുന്നപോലെ. ഉറങ്ങുകയാവില്ല. അയാളോട് കോഡ് പറയണം. അപ്പോളയാൾ മറ്റേ കോഡ് പറയും.” രണ്ടു കോഡുകൾ അവൾ പലതവണ ഉരുവിട്ടിരുന്നു. എവിടെയും ഒന്നും എഴുതിവെക്കാൻ അനുവാദമില്ലായിരുന്നു. വഴിയിൽ സാമാന്യം ഇരുട്ടുണ്ടായിരുന്നു. ഭയന്നുഭയന്ന് ഭയമില്ലാതായതിനാൽ അവളാ ഇരുട്ടിലൂടെ പതുക്കെ നടന്നു. സൂപ്പർമാർക്കറ്റ് കണ്ടുപിടിച്ചു. അതിനടുത്തുള്ള കടയും. അതിന്റെ തിണ്ണിയിലൊരാൾ മൂടിപ്പുതച്ച് കിടപ്പുണ്ടായിരുന്നു. മുഖം വ്യക്തമല്ല. അതിന്റെ ആവശ്യവുമില്ല. തട്ടിയുണർത്തിയപ്പോൾ എഴുന്നേറ്റിരുന്നു. സത്യത്തിലയാൾ ഉറങ്ങിപ്പോയിരുന്നു. സുബോധത്തിലെത്താൻ അല്പം താമസിക്കുന്നുവെന്നു മനസ്സിലായെങ്കിലും സമയം കളയാതെ കാഞ്ചന “പോസ്റ്റോഫീസ്” എന്നു പറഞ്ഞു. മറുകോഡായി അയാൾ “ശബരിമല” എന്നും. അയാളുടെ ശബ്ദം അല്പം വിറച്ചിരുന്നതായി അവൾക്കു തോന്നി. ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യരുത് എന്ന് ഉത്തരവുണ്ടായിരുന്നതിനാൽ കാഞ്ചന ബാഗു തുറന്ന് അതിലുള്ള പൊതി അയാൾക്കു കൈമാറി. അയാളത് വാങ്ങി തലയിണയായി വെച്ചിരുന്ന കെട്ടിലേക്ക് തിരുകുകയും ഉടനെ കിടപ്പു പിടിക്കുകയും ചെയ്തു.

മഴ പിന്നെയും പെയ്യാൻ തുടങ്ങി. ലോകത്തിലേക്കുവെച്ച് ഏറ്റവും വലിയ ഏകാകി താനാണെന്ന് കാഞ്ചനയ്ക്കപ്പോൾ തോന്നി. തന്നെ വിഴുങ്ങാനാഞ്ഞുനിൽക്കുന്ന കൂർത്ത ദംഷ്ട്രകളും തേറ്റയുമുള്ള ഒരു മൃഗമാണ് രാത്രിയെന്നും അതിൽനിന്നും രക്ഷപ്പെടുക എളുപ്പമല്ലെന്നും. കിട്ടാവുന്ന വേഗതയിൽ അവൾ തിരിച്ചുനടന്നു. മമ്മിയൂരമ്പലം. പിന്നെ വണ്ടി കിട്ടുന്ന എവിടെയെങ്കിലും. അതിനിടെ വരാനിടയുള്ള ചോദ്യങ്ങൾ, ഭീഷണികൾ, അപകടങ്ങൾ. സാധനം കൈമാറുക എന്നതിലവസാനിച്ചിരുന്നു ദൗത്യം. അതുവരെയേ നിർദ്ദേശങ്ങളുള്ളൂ. പിന്നീടുള്ളത് സ്വയം തീരുമാനിക്കണം. അതിനും തയ്യാറായതുകൊണ്ടാണ് അതേറ്റെടുത്തതും. മറ്റു വഴിയില്ലായിരുന്നു. എന്തിനും മുകളിലായിരുന്നു അകലെ അവളെ കാത്തിരിക്കുന്ന ചിലത്. ഒരു കൊച്ചുവീട്. “എത്ര രാത്രിയായാലും വരും” എന്ന വാഗ്ദാനം. സുഖമില്ലാത്ത കാലു വലിച്ചുവെച്ച് ഉറക്കച്ചടവിൽ കതകു തുറക്കുന്ന മെലിഞ്ഞ രൂപം. അവനു കൊടുക്കാൻ ഉച്ചക്കെപ്പോഴോ വാങ്ങിവെച്ച രണ്ടു പഴംപൊരിയുടെ പൊതി. കമ്പിയൊടിഞ്ഞ കുടയുടെ സുരക്ഷിതത്വത്തിൽ, മിന്നൽ വെളിച്ചത്തിൽ പരിചയമില്ലാത്തിടത്തു കൂടി നടക്കുമ്പോൾ അവളാ ഓർമ്മയിൽ ബാഗ് തുറക്കാനാഞ്ഞു. ഒന്നു നിന്നു. ഓർത്തു. അയാൾ, ആ കടത്തിണ്ണയിൽ ഉറങ്ങുന്ന ആൾ “ശബരിമല” എന്നു പറഞ്ഞുവോ? അതോ അത് തന്റെ തന്നെ ശബ്ദമോ? തിടുക്കത്തിൽ പൊതിയെങ്ങാൻ മാറിപ്പോയോ?

ഷനോജ് ആർ ചന്ദ്രൻ എഴുതിയ കഥ 
അമ്പലപ്പുഴ സിസ്റ്റേഴ്സ് 

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com