ചൂര്

ഗേറ്റ് കടന്നതും ഇരുട്ടായിരുന്നു. നിറച്ചു മരങ്ങൾ വഴിയുടെ ഇരുവശത്തും തിങ്ങിനിന്നു.
ചൂര്

ല്ലാണ്ടിചള്ള.”

കണ്ടക്റ്റർ ഉറക്കെ വിളിച്ച് പറഞ്ഞപ്പോൾ തിരക്കിലൂടെ അവൾ ഏന്തി പുറത്തേക്ക് നോക്കി. കൂറ്റൻ ഗേറ്റും നിറയെ മരങ്ങളും.

ഇറങ്ങുന്നില്ലേ? അയാളുടെ കണ്ണുകൾ അവളെ ആണ് നോക്കുന്നത്. തിരക്കിനിടയിലൂടെ ബാഗും കുടയും വലിച്ച് അവൾ പുറത്തേക്ക് തള്ളിപ്പോയി. കാലെടുത്തുവച്ചതും ബസ് വിട്ടതും ഒരുമിച്ചായിരുന്നു. മുന്നോട്ടാഞ്ഞു വീഴാൻ പോയ അവളെ, അവൾ തന്നെ പിടിച്ച് നിർത്തി. ഗേറ്റിനടുത്ത് ആരും ഉണ്ടായിരുന്നില്ല. നിറയെ പുണ്ണ് വന്നു മൂടിയ ഒരു നായ കുറച്ചകലെ നാവും പുറത്തേക്ക് നീട്ടി കിടപ്പുണ്ടായിരുന്നു. ബസ് പോയ വഴിയേ വെറുതെ കണ്ണു പായിച്ചപ്പോൾ കൂറ്റൻ മരങ്ങൾ തിങ്ങിയ വഴിയുടെ അറ്റത്തു, ദൂരെ ഒരു പാലം കണ്ടു. അവിടെ കരിമ്പു ജ്യൂസ് വിൽക്കുന്ന ഒരുത്തൻ. പെട്ടെന്നു ബോധം വന്നു സമയം നോക്കിയപ്പോൾ 9.50. സമയം വൈകിയല്ലോ.

ഗേറ്റ് കടന്നതും ഇരുട്ടായിരുന്നു. നിറച്ചു മരങ്ങൾ വഴിയുടെ ഇരുവശത്തും തിങ്ങിനിന്നു. അവയുടെ ഇടുക്കിൽനിന്നും വെളിച്ചം ഞെരുങ്ങിപ്പതുങ്ങി ഊർന്നുവീണു. മുന്നിൽ ഇരുട്ടിന്റെ മറ്റൊരു ചാൽപോലെ നീണ്ട വഴി. കുറച്ചു മുന്നോട്ട് നീങ്ങിയപ്പോൾ വിടവിലൂടെ പാടങ്ങൾ കാണാനായി. വലിയ ആകാശത്തിന്റെ നീല ചീളുകളും. മരങ്ങളുടെ നേരിയ തണുപ്പിലൂടെ ഏന്തി നടന്നപ്പോൾ, എന്നോ മറന്ന കുട്ടിക്കാലത്തിന്റെ നിഴൽവഴികൾ അവളിൽ മടിയോടെ തലപൊക്കി. പിന്നെ, വലിയ പണിയാണ് എന്നു സ്വയം ഓർമ്മിപ്പിച്ചുകൊണ്ട് വന്ന വഴിയേ തിരിഞ്ഞു നടന്നു. ഇപ്പോൾ കുറെ കാലം ആയി അങ്ങനെ ആണ്. തണുപ്പിന്റേയും നിഴലുകളുടേയും ഉച്ചവെയിൽ മയക്കങ്ങളുടേയും ഇടയിലൂടെ ഉള്ള യാത്രകൾ കുറവാണ്. പണ്ടൊരു കാലത്ത് തിളച്ചൂടുകളിലും ചുവന്ന ചെമ്പരത്തികൾ വിരിഞ്ഞു വിടർന്നാടുമായിരുന്നു. അവയുടെ വഴുപ്പിൽ തെന്നി പായൽ കെട്ടിയ വെള്ളങ്ങൾക്കിടയിൽ അവൾ അലയുമായിരുന്നു. ചെമ്പരത്തിയുടെ ചുവപ്പ് അവൾക്ക് ആഴങ്ങളുടെ വിള്ളലുകൾ വിടർത്തി തലചായ്ക്കാൻ ഉള്ള ഇടങ്ങൾ കാണിച്ചു കൊടുത്തു. അവിടെ പതുങ്ങി, മണ്ണിലെക്കാഴ്ന്നു, അതിന്റെ അടരുകൾക്കിടയിൽ ആയിരത്തിഒന്നാം ലോകത്തിന്റെ അവൾവഴികൾ അവൾക്കു മുന്നിൽ അലസമായി അഴിഞ്ഞുവീഴുമായിരുന്നു. പണ്ടുപണ്ടൊരു കാലത്ത്.

കുറച്ചേറെ നടന്നുകഴിഞ്ഞപ്പോൾ മുന്നിൽ തവിട്ടുനിറം പൂശിയ വലിയ കെട്ടിടം കാണാനായി. അപ്പോഴേക്കും വിയർത്തൊലിച്ചു ബ്ലൗസ് ശരീരത്തിൽ കുതിർന്നിരുന്നു. ചെറുതായി കിതക്കുന്നുമുണ്ടായിരുന്നു. കുറെ സ്ത്രീകൾ കൂട്ടത്തോടെ കുട്ടയും ചൂലുമായി വരുന്നത് കണ്ടു. വലിയ കെട്ടിടത്തിനപ്പുറത്തേക്ക് മറ്റൊരെണ്ണം. രണ്ടിനും ഇടയിൽ കോൺക്രീറ്റ് പാവിയ ഒഴിഞ്ഞ ഇടം. അവിടെ കുറെ ഇരിപ്പിടങ്ങളും. അവരിലൊരാൾ അവളെ ചൂണ്ടി എന്തോ പറഞ്ഞു. എന്നിട്ട് അവൾക്കു നേരെ നടന്നുവന്നു. നനഞ്ഞൊട്ടിയ മുഖം അമർത്തി തുടച്ച് അവൾ ചിരിക്കാൻ ശ്രമിച്ചു. “സൂപ്രണ്ട് സാറിന്റെ ഓഫീസ്?” അവളെ ഒന്നു നോക്കി ആ സ്ത്രീ ചോദിച്ചു: “അവിടെക്കാണോ?”

അതേ.”

അവളെ അടിമുടി നോക്കിയിട്ട് ആ സ്ത്രീ വീണ്ടും: “പുതിയ സ്വീപ്പർ ആണോ.”

, അതേ.”

ഞങ്ങളെ കുടുംബശ്രീന്നു നിയമിച്ചതാ... നിങ്ങള് സ്ഥിരം അല്ലേ?”

അതേ. മാറ്റായിട്ടു വന്നതാ. കുറച്ചു നേരായി വന്നിട്ട്. ഇവിടുന്ന് ഇങ്ങോട്ട് നടക്കാൻ ഇത്രയും ദൂരം ഉണ്ട് എന്നു കരുതിയില്ല.”

മേലേയാ.”

ങേ?”

സൂപ്രണ്ട് മേലേയാ.”

ആഹ്, ഞാൻ ന്ന പോകട്ടെ.”

തിരക്കുപിടിച്ച് വീണ്ടും ഓടി.

ചെറിയ ഒരു ഇടനാഴിക്കു ശേഷം കുത്തനെ ഉള്ള കുറെ സ്റ്റെപ്പുകൾ. കയറിയും കയറിയും എത്തുന്നില്ല എന്നു തോന്നിയപ്പോഴേക്കും മുകളിലെ നിലയിലെ ചെറിയ മറ്റൊരു ഇടനാഴിയിലേക്ക് എത്തി. മുന്നിൽ വലിയ ഒരു വാതിൽ. അത് കടന്നുചെന്നാൽ പിന്നെ വലിയ ഇടനാഴി. അതിന്റെ അരികിൽ കുറെ മുറികൾ. എല്ലാറ്റിലും ആളുകൾ പണികൾ തുടങ്ങുന്നതിന്റെ തിരക്കിൽ. വിശേഷങ്ങൾ ആരായുന്നവരും ചെറുതായി പൊട്ടിച്ചിരിക്കുന്നവരും ഗൗരവത്തിൽ ഇരിക്കുന്നവരും. പിന്നെ എല്ലാവരും ഫൈലുകൾക്ക് പിന്നിലേക്കും മുന്നിലുള്ള കംപ്യൂട്ടറുകളിലേക്കും തിരിഞ്ഞു. സൂപ്രണ്ട് എന്നെഴുതിയ ബോർഡ് വച്ച ഒരു മേശയ്ക്ക് മുന്നിൽ അവൾ നിന്നു. അവിടെ ആരും ഉണ്ടായിരുന്നില്ല. ഓഫീസിലുള്ള മറ്റുള്ളവർ അവളെ കൗതുകത്തോടെ നോക്കി. കുറച്ചു വിട്ടു ഒരു മേശക്ക് മുന്നിൽ ഇരുന്ന സ്ത്രീയുടെ അടുത്തു ചെന്നവൾ ചോദിച്ചു: “സൂപ്രണ്ട്?”

ദാ, അവിടെ ഉണ്ട്. ആരാ?”

സ്ഥലം മാറി വന്ന സ്വീപ്പറാ.”

ആഹ്. എന്താ അവസാന ദിവസം വരെ ആയത്?”

ചില കാര്യങ്ങൾ ഒക്കെ ശരിയാക്കാൻ ഉണ്ടായിരുന്നു.” നനഞ്ഞ മുഖം വീണ്ടും തുടച്ച് അവൾ പറഞ്ഞു. പി.എഫ് പാസ്സാവാൻ കാത്തുനിന്ന കാര്യം ഒക്കെ പെട്ടെന്നു വിവരിക്കാൻ ആവില്ലല്ലോ. അതു കിട്ടാതെ എങ്ങനെ സ്ഥലം മാറിവരും, ലോണിന്റെ ഭാരം മുഴുവൻ തലയിലല്ലേ. ശമ്പളം എങ്ങാനും വൈകിയാലോ.

ആരാ?”

ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക

പുറകിൽനിന്നുള്ള ശബ്ദം കേട്ടപ്പോൾ ആണ് സീറ്റിൽ അന്വേഷിച്ച ആൾ എത്തിയത് അറിഞ്ഞത്. മുന്നിലേക്ക് ചീവി വച്ച മുടി, കട്ടിക്കണ്ണട, നീളമുള്ള ഒരു മനുഷ്യൻ.

സർ, ഞാൻ വനജ. പോളിയിൽനിന്നും സ്ഥലം മാറി വന്ന...”

ആഹ്. എവിടെയാ വീട്?”

പെരിങ്ങോട്.”

അത് കുറെ ദൂരം ഉണ്ടല്ലോ.”

ഒന്നര മണിക്കൂർ വരും ബസിൽ. രണ്ടെണ്ണം പിടിക്കണം. അതിനിടയിൽ ബ്ലോക്കോ മറ്റോ വന്നാൽ പിന്നേം...”

ഹും. ഗേറ്റീന്നു ഇങ്ങോട്ട് നടക്കാനും വരും കുറച്ചു ദൂരം. അപ്പോ അതൊക്കെ കണ്ടു വേണം വീട്ടിൽന്നിറങ്ങാൻ. പഞ്ചിങ്ങാണല്ലോ. സമയം വൈകിയാൽ അറിയാലോ.”

വൈകില്ല, സാർ.”

കടലാസുകൾ ഒക്കെ അടുക്കിവച്ച ശേഷം ഡയറക്ടറുടെ മുറിയിലേക്ക് ചെന്നു. അവിടെ വച്ച റജിസ്റ്ററിൽ ഒപ്പിട്ട ശേഷം, വീണ്ടും സൂപ്രണ്ടിന്റെ അടുത്തേക്ക്.

പണികൾ എല്ലാം ശ്രീജ പറഞ്ഞുതരും. ഓഹ്, അവർ ലീവാണല്ലോ. സാരമില്ല. ഈ ഇടനാഴിയുടെ അറ്റത്ത് രമണി നിൽപ്പുണ്ടാവും. അവരെ കണ്ടാലും മതി. ഓരോരുത്തർക്കും ഒരോരോ ഇടങ്ങൾ അല്ലോറ്റെഡ് ആണ്. അത് രണ്ട് ആഴ്ചകൾ കൂടുമ്പ മാറും. എല്ലാം ശ്രീജ. അല്ല അവർ ലീവാണല്ലോ... ഒന്നു രണ്ടാഴ്ച കഴിയും. ജ്യേഷ്ഠൻ പെട്ടെന്നു മരണപ്പെട്ടുപോയി. അതാണ്. നിങ്ങൾ രമണിയെ കണ്ടോളു.”

ശരി, സാർ.”

ഇടനാഴിയിലേക്ക് ഇറങ്ങിയപ്പോൾ പാടങ്ങളിൽനിന്നും തണുത്ത ഒരു കാറ്റ് പിശുക്കിയൊന്ന് വീശി. അങ്ങുമിങ്ങും നോക്കി അവസാനം രമണിയെ കണ്ടെത്തി. ചിരിക്കുമ്പോൾ കണ്ണുകളിലേക്ക് അത് പടരാതിരിക്കാൻ അവർ ശ്രമിക്കുന്നപോലെ.

എന്താ വരാത്തെ എന്നു ഞങ്ങളെല്ലാം വിചാരിക്ക്യായിരുന്നു. ഇന്ന് അവസാനത്തെ ദിവസം ആണല്ലോ. ഇന്ന് വരും എന്നു ഉറപ്പിച്ചിരിക്കുകയായിരുന്നു. വൈകിയപ്പോ കരുതി എന്തായീന്നു...”

ബസ് ഇറങ്ങി ഇത്ര നടക്കാൻ ഉണ്ട് എന്നറിഞ്ഞില്ല. പിന്നെ വീട്ടിൽനിന്നു ബസ് പിടിച്ച് ഇവിടെ എത്താൻ കുറച്ചു ദൂരം ഉണ്ട്.”

ആഹ്. അതേ. അതൊരു വല്ലാത്ത പൊല്ലാപ്പ് പിടിച്ച നടത്തം ആണ്. സമയം ഇല്ലാത്ത സമയത്ത്.”

വരൂ. നിങ്ങളുടെ ഡ്യൂട്ടി ചാർട്ട് നോക്കാം നമുക്ക്.”

തിരിച്ചു സൂപ്രണ്ടിന്റെ മുറിയുടെ പിന്നിലേക്കുള്ള ചെറിയ ഇടുങ്ങിയ മുറിയിലേയ്ക്ക് പോയി. അവിടെ ഒരു മേശയ്ക്ക് മുകളിൽ ഉള്ള ഫയലിൽനിന്നും ടൈപ്പ് ചെയ്തു ഡയറക്ടർ ഒപ്പുവെച്ച ഒരു കടലാസ് എടുത്ത് അവർ വൃത്തിയാക്കേണ്ട ഇടങ്ങൾ പറഞ്ഞുകൊടുത്തു. ചൂലും കോരിയും എല്ലാം വെക്കുന്ന ഇടങ്ങളും കാട്ടിക്കൊടുത്തു.

ഒഴിഞ്ഞ പാടങ്ങളിൽനിന്നും വരണ്ട കാറ്റുവീശിയപ്പോൾ ചുവന്ന മണ്ണും കൂടി അടിഞ്ഞുവന്നു. മേശയും കസേരയും എല്ലാം ഓറഞ്ചു നിറം. എല്ലാം ഒന്നു വൃത്തിയാക്കി വന്നപ്പോളേക്കും രമണി മറ്റൊരു സ്ത്രീയേയും കൂട്ടിവന്നു.

ഇത് അയിഷ. ഇവളാണ് ഭാഗ്യവതി. അപ്പുറത്താ വീട്. ആ വേലിക്കുള്ളിലെ വിടവിലൂടെ നൂണ്ട് ഇങ്ങ് ഓടിവരും. ഉച്ചക്ക് ഉണ്ണാൻ പോകും. ഒന്നു കിടക്കും. പിന്നേം വരും. മക്കൾ സ്കൂളിൽനിന്നു വരുമ്പോളേക്കും വീട്ടിൽ എത്തും. എന്തു സുഖം. അല്ലേ?”

ആയിഷ പതിഞ്ഞ് ഒന്നു ചിരിച്ചു. ചിരിക്കുമ്പോൾ മുഖത്താരോ വിളക്കിനു തിരി ഇട്ടു കത്തിച്ച പോലെ.

ചിത്രീകരണം- സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം- സചീന്ദ്രന്‍ കാറഡുക്ക

എല്ലാരും കൂടെ കുത്തനെ ഉള്ള ഗോവണികൾ ഇറങ്ങി വീണ്ടും നടന്ന് ഇറക്കത്തിൽ ഉള്ള ഒരു കാന്റീനിലേയ്ക്ക് കയറി. പുതിയ ആളെ പരിചയപ്പെടാൻ ആരും വന്നൊന്നും ഇല്ല. മൂന്നു പേരും ഓരോ കാപ്പി കുടിച്ചു. മറ്റുള്ള ഓഫീസുകളിൽനിന്നും പലരും വന്നു പോയി. ഉറക്കെ ചിരിക്കുന്നവരും ഗൗരവത്തിൽ സംസാരിക്കുന്നവരും. അവരുടെ വേഷവിധാനത്തിലൊക്കെ നാഗരികത.

ഒരു സ്ത്രീ അവരെ കണ്ട് അങ്ങോട്ട് നടന്നടുത്തു. അവർ ഉടുത്ത സാരിക്ക് എന്തൊരു ചന്തം.

രമണീ, ഞങ്ങളുടെ മുറിയിൽ കുറച്ചു പഴയ കടലാസ്സുകൾ ഒക്കെ മാറ്റാൻ ഉണ്ട്. ഒന്നു വന്നാൽ എവിടെ ഒക്കെ വൃത്തിയാക്കാമായിരുന്നു.”

ആ സാറേ, ഇത് വനജ. ഇന്നും നാളെയും ആളുടെ പണിക്ക് കുറച്ചു ആക്കം ഉണ്ട്. ഇവരെ വിളിച്ചോളൂ.”

ഇതാരാ? പുതിയ ആൾ ആണോ?” ചിരിച്ചുകൊണ്ടവർ ചോദിച്ചപ്പോ അവരുടെ മുഖത്ത് വെളിച്ചം വന്നു പോയി. അവൾ എഴുന്നേൽക്കാൻ നോക്കി. “അയ്യോ, എണീക്കണ്ട, ഇരുന്നു ചായ കുടിച്ചോളൂ. എന്നിട്ട് എന്റെ ഡിപ്പാർട്ട്‌മെന്റിലേക്ക് വന്നാൽ മതി. രമണീ, ഒന്ന് ഇവർക്കു സ്ഥലം കാണിച്ചുകൊടുക്കണേ.”

ആ സാറേ, ഞാൻ കൊണ്ടുവരാ.”

അവർ നടന്നുപോയപ്പോൾ രമണി അവരെ നോക്കി പറഞ്ഞു: “അവിടെ ഉള്ള ഗംഗാധരൻ സാറിന് ഇത്ര വേവലാതി ഇല്ല. ഇവർക്ക് എപ്പോ നോക്ക്യാലും വൃത്തി, വൃത്തി എന്നൊരു ജപം മാത്രേ ഉള്ളൂ.”

നമ്മളെ പണിയല്ലേ രമണിയേ” എന്നു ആയിഷ ഓർമ്മിപ്പിച്ചപ്പോൾ “എന്നാ നീ ഇവളെ അവിടെ കൊണ്ടാക്ക്” എന്നു പറഞ്ഞു പറ്റിൽ കാശെഴുതി രമണി പെട്ടെന്ന് എഴുന്നേറ്റ് പോയി.

ഇതൊന്നും കാര്യാക്കണ്ട. പതിവാ” എന്നു പറഞ്ഞ് ആയിഷ ചിരിച്ചു. “അത് രാജി മാഡം ആണ്. നല്ല മനുഷ്യപ്പറ്റാ. എന്തെങ്കിലും സഹായം വെണെങ്കിൽ അവരെ കണ്ടാ മതി. വാ, ഞാൻ അവരുടെ ഡിപ്പാർട്ട്മെന്റില്‍ കൊണ്ടാക്ക. എനിക്കു ആ വഴി ആണ് അടുത്ത ഡ്യൂട്ടി.”

അവരുടെ മുറിയിൽ അഞ്ചാറ് പേരുണ്ടായിരുന്നു. ചിലർ ഫൈലിൽ മുഖം പൂത്തി ഇരിക്കുന്നു. “രാജി മാഡം, ആളെ ഇവിടെ ഏൽപ്പിച്ചിട്ടുണ്ടേ. ഞാൻ പോവുന്നേ” എന്നു പറഞ്ഞ് ആയിഷ വേഗം പോയി. രാജി മാഡം എഴുന്നേറ്റ് വന്നു ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞുകൊടുത്തു. സംശയങ്ങൾ ഉണ്ടായപ്പോൾ സഹായിച്ചു. അവരും കൂടി ഒപ്പം നിന്നു വേണ്ടതും വേണ്ടാത്തതും ആയ കടലാസുകൾ ഒക്കെ വേർതിരിച്ചു. പൊടി പാറി തട്ടുകൾ മുഴുവനും അഴുക്കായിരുന്നു. അവൾ അതൊക്കെ രണ്ടു വട്ടം തുടച്ചു വൃത്തിയാക്കി. എല്ലാവരോടും എണീക്കാൻ പറഞ്ഞു മുറി മുഴുവനും തൂത്തു. പിന്നെ വെള്ളമിട്ട് തുടച്ചു. മേശയും കസേരയും കൂടി തുടച്ചെടുത്ത് എല്ലാം അടുക്കിയപ്പോൾ ആ മുറിയിൽ നല്ല വെളിച്ചം. പണികഴിഞ്ഞു നടു നിവർത്തിയപ്പോൾ എല്ലാവവരുടേയും മുഖത്തും വെളിച്ചം.

നന്നായി ചെയ്തൂട്ടോ, സാധാരണ ഇത്രക്ക് വൃത്തിയാവാറില്ല.” അവർ അതു പറഞ്ഞപ്പോൾ, അവൾക്കു തണുത്ത കാറ്റ് വീശുന്നതുപോലെ തോന്നി. “എന്റെ പണിയല്ലെ സാറേ” എന്നു പറഞ്ഞൊപ്പിച്ചു. “ഇനി വനജ തന്നെ വന്നാ മതി” എന്നു ഗൗരവം തോന്നിക്കുന്ന ഒരു സാർ കണ്ണടക്കിടയിലൂടെ നോക്കി പറഞ്ഞു. ചിരിച്ചുകൊണ്ടവൾ പുറത്തേയ്ക്ക് നടന്നു.

ആദ്യത്തെ ദിവസം അങ്ങനെ കഴിഞ്ഞു. പിന്നീടുള്ള ഒന്നു രണ്ടു ദിവസങ്ങളിൽ കൂടുതൽ ആളുകളെ പരിചയപ്പെട്ടു. സ്വീപ്പർമാരിൽ സ്ഥിരം ആയവർ 12 പേരാണ്. പിന്നെയുള്ളതൊക്കെ കുടുംബശ്രീയിൽനിന്നും കോൺട്രാക്റ്റ് വഴി വന്നവർ. എല്ലാവർക്കും വൃത്തിയാക്കാൻ ഉള്ള ഇടങ്ങൾ കൃത്യമായി വീതിക്കപ്പെട്ടിരിക്കുന്നു. പണിക്കിടയിൽ ചെറിയ വർത്തമാനങ്ങൾ. പുഞ്ചിരികൾ. വിശേഷങ്ങൾ പങ്കുവെയ്ക്കൽ. സംസാരത്തിനിടെ ശ്രീജ തിങ്കളാഴ്ച വരുമെന്നാരോ പറഞ്ഞു. അപ്പോഴാണ് ഈ പേര് മുന്നേ കേട്ടതോർത്തത്. സൂപ്രണ്ട് പറഞ്ഞിരുന്നല്ലോ. “ആരാ ശ്രീജ?” രമണിയോട് ചോദിച്ചു. “, നിങ്ങൾ കണ്ടില്ലല്ലേ? ആൾ ലീവാണല്ലോ. ഏട്ടൻ മരിച്ചുപോയി. ഒന്നു രണ്ടു വർഷമായി ഇവിടെ ആണ്. എല്ലാരുമായ് നല്ല കൂട്ടാ. കാര്യങ്ങൾ ചെയ്യാൻ എന്താ മിടുക്ക്. ഡ്യൂട്ടി ഇടാൻ ഒക്കെ സൂപ്രണ്ട് ആളെ ആണ് വിളിക്ക.” അന്ന് ബസ് കയറി വീട്ടിലേക്ക് തിരികെ പോകുമ്പോൾ അവരെപ്പറ്റി വെറുതെ ഓർത്തു. അടുത്ത ആഴ്ച കാണുമല്ലോ എന്ന്.

പിറ്റേ ദിവസം രാവിലെ ഓടിക്കിതച്ചു ഒപ്പിട്ടു, ചൂലെടുത്തു അവൾക്ക് അല്ലോറ്റെഡ് ആയ തെക്കേ ഭാഗത്തുള്ള മുറികൾ വൃത്തിയാക്കാൻ പോകുമ്പോൾ ആണ് ഇടനാഴിയിൽ ആയിഷ ചുമരിനോട് ചേർന്ന് ഇരിക്കുന്നത് കണ്ടത്. അടുത്തേക്ക് നടന്നുകഴിഞ്ഞപ്പോൾ ആണ് കണ്ണുകൾ അടഞ്ഞു മുഖം വിളറി വിയർത്തത് ശ്രദ്ധിച്ചത്. “അയ്യോ, ആയിഷാ, എന്തു പറ്റി?” കുലുക്കിവിളിച്ചെങ്കിലും അവർ കണ്ണു തുറന്നു നോക്കിയില്ല. അവർ മെല്ലെ ഊർന്ന് താഴേക്കു വീണുപോയി. പരിഭ്രമിച്ച് ഒരു നിമിഷം നിന്നെങ്കിലും അവൾ തിരിഞ്ഞോടി സൂപ്രണ്ടിന്റെ മുറിയിൽ ചെന്നു തിടുക്കത്തിൽ കാര്യം പറഞ്ഞു, ഒരു കുപ്പി വെള്ളവും എടുത്തു തിരിച്ചോടി. മുഖത്തേക്ക് വെള്ളം കുടഞ്ഞെങ്കിലും ആയിഷ കണ്ണു തുറന്നില്ല. അവൾക്കു ചുറ്റും ആളുകൾ കൂടുന്നത് അവളറിഞ്ഞു. പെട്ടെന്നൊരു ധൈര്യത്തിൽ അവൾ എല്ലാവരേയും നോക്കി പറഞ്ഞു: “എല്ലാവരും ഒന്നു മാറിനിൽക്ക്. ഇവർക്ക് കുറച്ച കാറ്റ് കിട്ടട്ടെ.” മുന്നോട്ടാഞ്ഞ സൂപ്രണ്ടുസാർ മെല്ലെ പിന്നിലേക്ക് ഒരു അടി വെക്കുന്നതവൾ കണ്ടു. “എല്ലാവരും മാറി നിൽക്ക്.” അവളുടെ ശബ്ദത്തിനു ചെറിയ ഘനം ഉണ്ടായിരുന്നു. ഇടത്തെ കൈകൊണ്ട് ആയിഷയുടെ മൂക്കു അടച്ചുപിടിച്ച്, ആയിഷയുടെ വായക്കു മേലെ സാരിയുടെ തലപ്പ് എടുത്തിട്ടു വായക്കു മീതെ വായ തുറന്നുവെച്ചുകൊണ്ട് അവൾ ശക്തമായി ഊതി. രണ്ടു മൂന്നു വട്ടം ചെയ്തപ്പോഴേക്കും ആയിഷയിൽ ഒരനക്കം തോന്നി. ചെറുതായി ചുമച്ചുകൊണ്ട് അവർ കണ്ണു തുറന്നു. അപ്പോഴേക്കും ഒന്നു രണ്ടു പേർ അവരെ താങ്ങി ഇരുത്തി, ആശുപത്രിയിലേക്ക് എടുത്തുകൊണ്ട് പോയി. എല്ലാം പെട്ടെന്നു കഴിഞ്ഞു. ചുറ്റും കൂടിനിന്നവർ മെല്ലെ ഒഴിഞ്ഞുപോയി. ചിലർ അവളെ ചുമലിൽ തട്ടി അഭിനന്ദിച്ചു. രാജി മാഡം അടുത്തുവന്ന് “ഇതൊക്കെ എങ്ങനെ അറിയാം?” എന്നു ചോദിച്ചപ്പോൾ പരിഭ്രമം മാറാത്ത സ്വരത്തിൽ “പണ്ടത്തെ എൻ.സി.സി” എന്നവൾ പറഞ്ഞൊപ്പിച്ചു. അന്നു വൈകുന്നേരം ഒപ്പിടാൻ ചെന്നപ്പോൾ ഡയറക്ടർ അവൾ ചെയ്തത് നല്ല കാര്യം ആണെന്നു പറഞ്ഞു. കൂടെ ഒപ്പിടാൻ വന്ന എല്ലാവരും പുറത്തിറങ്ങിയപ്പോൾ വീണ്ടും അവളെ തോണ്ടി, ചെറുതായി ചിരിച്ചു. അവൾക്ക് എല്ലാവരോടും ഇതൊരു വലിയ കാര്യമാക്കണ്ട എന്നു പറയാൻ തോന്നി. എന്നാൽ അതു പറഞ്ഞാൽ വീണ്ടും സംസാരം നീണ്ടുപോകുമോ എന്നു ഭയന്ന് അവൾ നേരിയ ഒരു ചിരിയിലൂടെ അവർക്ക് നന്ദി പറഞ്ഞു.

ഒരാഴ്ച കടന്നുപോയതറിഞ്ഞില്ല. ഇപ്പോൾ അവളെ മിക്ക ആളുകൾക്കും അറിയാം. ആയിഷയുടെ സംഭവം പറഞ്ഞു കുറെ പേർ അവളെ പരിചയപ്പെട്ടു. വെള്ളിയാഴ്ച ആയപ്പോൾ ആശ്വാസം തോന്നി. പിറ്റേന്നു രണ്ടാം ശനി ആണല്ലോ. വൈകി എഴുന്നേൽക്കണം എന്നു കരുതിയെങ്കിലും രാവിലെ 4.30-നു താനേ ഉറക്കം ഞെട്ടി. അറിയാതെ കിടക്കയിൽനിന്നും എഴുന്നേറ്റപ്പോൾ ആണ് ശനിയാണെന്ന് ഓർമ്മവന്നത്. രണ്ടു ദിവസം ഓടിപ്പോയതുപോലെ. ഞായറാഴ്ച രാത്രി കിടക്കുമ്പോൾ നാളെ രാവിലെ തന്നെ എണീക്കണം എന്നുറപ്പിച്ചു അലാറം വെച്ചാണ് കിടന്നത്.

രാവിലെ അലാറം അടിക്കുന്നത് പകുതി ഉറക്കത്തിൽ ആണ് കേട്ടത്. കണ്ണു തുറക്കാനാവാത്ത പോലെ ഒരു ക്ഷീണം. മെല്ലെ ചെരിഞ്ഞ് എണീക്കാൻ ആയുമ്പോൾ ആണ് അയാൾ ഇടുപ്പിൽ അമർത്തി കൈവച്ചത്. “എനിക്കു പോകണം” ഉറങ്ങിയ ശബ്ദത്തിൽ പറഞ്ഞുനോക്കി. പക്ഷേ, പിടി അയഞ്ഞില്ല. ശരീരത്തിനു മുകളിൽ അയാൾ അള്ളി കയറിയതും ശരീരം ഉണർന്നു. മക്കൾ കേൾക്കാതിരിക്കാനായി അടുത്ത മുറിയിലേക്ക് അയാൾ എടുത്തുകൊണ്ട് പോകുന്നത് കണ്ണു തുറക്കാതെ അറിഞ്ഞു. ഇരുട്ട് മുറിഞ്ഞു ശബ്ദം പുറത്തേക്ക് വന്നപ്പോൾ ഒക്കെ അയാൾ വായ പൊത്തി പിടിച്ചു. ചിലപ്പോൾ ചുണ്ടുകൾ വെച്ച് വായ അടച്ചുകളഞ്ഞു. അയാൾ ഒഴിഞ്ഞുപോയ നിറവിൽ മയങ്ങി എണീറ്റത് അഞ്ചു മണി കഴിഞ്ഞായിപ്പോയി. പിടഞ്ഞോടിയിട്ടും അന്ന് കിട്ടാനുള്ള ബസ് കണ്ണിൽനിന്നും മായുന്നതേ കണ്ടുള്ളൂ. കരച്ചിൽ വന്നുപോയി. അടുത്ത ബസിന് ഓടി പിടഞ്ഞെത്തിയാലും സമയത്തിന് എത്തില്ല. പഞ്ച് ചെയ്യാൻ അരമണിക്കൂർ എങ്കിലും കഴിയും. ഏതായാലും ലീവ് ആവും. ഇന്നു പോകണ്ട എന്നു വെക്കാം. തിരിച്ചു വീട്ടിലേക്ക് എത്തിയപ്പോൾ അയാൾ വരാന്തയിൽനിന്നു ചെരിപ്പിട്ടു ഇറങ്ങാൻ നിൽക്കുകയാണ്. അവളെ കണ്ടപ്പോൾ എന്തേ എന്നു അയാൾ ചോദിച്ചില്ല. ചുണ്ടിലേക്കു വന്ന ചിരി അമർത്തിത്തുടച്ചു മെല്ലെ ഞാനിറങ്ങുന്നു എന്നു പറഞ്ഞു അയാൾ തല താഴ്ത്തി ഇറങ്ങിപ്പോയി. ഫോണിൽനിന്നും രമണിയുടെ നമ്പർ തിരഞ്ഞെടുത്ത് വിളിക്കണം എന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് പോയാലോ എന്നും ആലോചിച്ചു. പിന്നെ എല്ലാം വേണ്ട എന്നുവെച്ച് വീടിന്റെ അരികും മൂലയും മെല്ലെ വൃത്തിയാക്കി, ഉച്ചയ്ക്ക് ചോറുണ്ട് കിടന്നുറങ്ങി. പിറ്റെന്നു സമയത്ത് തന്നെ എത്തിയപ്പോൾ ഒരു ആശ്വാസം തോന്നി. മറ്റാരും ഇടനാഴിയിൽ ഉണ്ടായിരുന്നില്ല. പഞ്ച് ചെയ്തു റജിസ്റ്റർ തിരഞ്ഞപ്പോൾ കണ്ടില്ല. ഓഫീസിൽ സൂപ്രണ്ടിന്റെ മേശയിൽ ആവും. തിരക്കിട്ട് ഓഫീസിലേക്ക് കയറാനായുമ്പോൾ ആണ് കൂട്ടച്ചിരി കേട്ടത്. രമണിയുടേയും ആയിഷയുടേയും ഇടയിൽ മുടി വിടർത്തിയിട്ട സ്ത്രീയെ എവിടെയോ പരിചയം തോന്നി. “റജിസ്റ്റർ...” “എന്താ വൈകിയേ. ഓടിക്കിതച്ചു പോയല്ലോ” ആയിഷ ചോദിച്ചു. “ഇല്ല... സമയത്താണല്ലോ... നിങ്ങൾ എന്നെക്കാളും നേരെത്തെ ആയത് കൊണ്ടാണ്. ആയിഷ, ഇപ്പോൾ എങ്ങനെ ഉണ്ട്?” “കുഴപ്പമില്ല” എന്നു പറഞ്ഞ് ആയിഷ കയ്യിൽ അമർത്തിപ്പിടിച്ചു. “അന്നു സഹായിച്ചേനു നേരിട്ടു നന്ദി പറയണം എന്നു കരുതീട്ടാ വിളിക്കാഞ്ഞേ കേട്ടോ. ഒന്നും തോന്നല്ലേ” -മെല്ലെ ചിരിച്ചു പുതിയ ആളെ ഒന്നു നോക്കി. അപ്പോഴും അവരുടെ കണ്ണുകൾ ഒരു മാറ്റവുമില്ലാതെ അവളിൽ തറഞ്ഞുനിൽക്കുന്നത് കണ്ടു. ചെറിയ ഒരു പതർച്ച തോന്നി. ഇവരെന്താണ് ഇങ്ങനെ നോക്കുന്നത്? വെറുതെ തോന്നുന്നതാണോ? “ഇന്നലെ പിന്നെ ബസ് വിട്ടുപോയി.” രമണി ഇടക്ക് കയറി പുതിയ ആളെ പരിചയപ്പെടുത്തി. “ശ്രീജ, ഇതാണ് വനജ” -രമണി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. അപ്പോഴും അവരുടെ കണ്ണുകളിൽ ഒന്നും അയഞ്ഞില്ല. “ഇന്നലെ സൂപ്രണ്ട് പറഞ്ഞില്ലേ. പിന്നെ രാജി സാറും അവരുടെ മുറി നല്ലോണം വൃത്തിയാക്കീന്നു... ഇതാണ്.” “ഓഹ് ആണോ?” “നല്ല മിടുക്കിയാ. ആയിഷയെ രക്ഷപ്പെടുത്തിയ ആൾ അല്ലേ? എല്ലാവരും അങ്ങോട്ട് കയറി പരിചയപ്പെട്ടു, അല്ലെടീ?” ആയിഷ ചിരിച്ചുകൊണ്ട് അവളെ ചേർത്തുപിടിച്ചു. ശ്രീജയുടെ ചുണ്ടുകൾ ലേശം ഒന്നു വിടർന്നെങ്കിലും കണ്ണുകൾ അതേ പടി ആയിരുന്നു. അവൾ പെട്ടെന്നു റജിസ്റ്റർ തിരയുന്നതായി ഭാവിച്ചു തിരിഞ്ഞുനിന്നു. നട്ടെല്ലിലൂടെ ഒരു തേരട്ട ഇഴയുന്നപോലെ. ചെറുതായി തളർച്ച തോന്നി. അവരെല്ലാവരും അവിടുന്നു പോയി എന്നുറപ്പാക്കിയേ അവൾ തിരച്ചിൽ അവസാനിപ്പിച്ചുള്ളൂ. ആ സ്ത്രീ, അവരെന്താവും അങ്ങനെ നോക്കിയത്? അവർക്ക് ഇതിനു മുന്നേ അവളെ അറിയുമോ?

പണി തുടങ്ങി ഇടനാഴി മുഴുവൻ അടിച്ചു വൃത്തിയാക്കിയപ്പോഴേ ശ്വാസം നേരെ വീണുള്ളൂ. എഴുന്നേറ്റ് നടു നിവർത്തിയപ്പോൾ മുന്നിൽ രാജി മാഡവും അവരുടെ കൂടെ ജോലി ചെയ്യുന്ന പേരറിയാത്ത മാഡവും. “അല്ല ഇന്ന് ചായ ഒന്നും വേണ്ടേ?” അപ്പോഴാണ് സമയം നോക്കിയത്. ഓഹ് ഇത്രക്കു വൈകിയോ. ആരും വിളിച്ചില്ലലോ? എന്തുപറ്റി. താഴേക്കു നോക്കിയപ്പോൾ എല്ലാവരും ശ്രീജയോടൊപ്പം നടന്നുപോകുന്നത് കണ്ടു. രമണിയും ആയിഷയും പിന്നേയും ഒന്നു രണ്ടു പേരും. എവിടേക്കാണോ? ഇനി ഇപ്പോൾ ചായ കുടിക്കാൻ സമയം ഒന്നും ഇല്ല. ചോറുണ്ണാൻ ആയി. ഓഫീസിനു പുറകിൽ ഉള്ള ചെറിയ മുറിയിൽ ചില മേശകളും കസേരകളും നിരത്തി എല്ലാവരും ഒരുമിച്ച് ഇരുന്നാണ് കഴിക്കുക. അവൾ ചോറ്റുപാത്രം എടുത്തു ചെന്നപ്പോൾ അവിടെ രമണിയേയും ആയിഷയേയും കണ്ടില്ല. ആയിഷ വീട്ടിൽ പോയിട്ടുണ്ടാകും. രമണിയോ? ശ്രീജയോ? അവരെവിടെ പോയി? ചോറുണ്ട് കുറച്ചുനേരം വരാന്തയിൽ ഇട്ട മേശയിൽ ഇരുന്ന് അന്നത്തെ പത്രം തുറന്നു നോക്കുമ്പോൾ ഉറക്കെ ഉള്ള ചിരി കേട്ടു തല ഉയർത്തിനോക്കി. ശ്രീജയുടെ ഇടത്തും വലതുമായി നടന്നുവരുന്നു രണ്ടുപേരും. അവൾ ചിരിച്ചുകൊണ്ട് എവിടെ പോയതാ എന്നു ചോദിച്ചതു ശ്രീജ കേട്ടില്ലെന്നു തോന്നി. അവർ അവളെ നോക്കാതെ ഓഫീസിനുള്ളിലേക്ക് കയറിപ്പോയി. ആയിഷ വന്നു, “ഇവർ രണ്ടു പേരും ദാ ആ മരത്തിനടിയിലെ ബെഞ്ചിലിരുന്നാ ഇന്ന് ഊണ് കഴിച്ചേ. ഞാൻ വീട്ടീന്നു തിരിച്ചുവരുമ്പോ എന്നേം വിളിച്ച് പണ്ട് നട്ട മരത്തിൽ ജാംബ ഉണ്ടായത് കാണിക്കാൻ കൊണ്ടുപോയി. അതാ വൈകിയെ. കഴിച്ചില്ലേ?” “.” ഉച്ചക്കുള്ള പണി തീർത്തു ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ ശ്രീജയും ഉണ്ടായിരുന്നു. മറ്റെല്ലാവരോടും സംസാരിക്കുന്നു. അവളോടു മാത്രം ഒന്നും മിണ്ടുന്നില്ല. ബസ് വന്നപ്പോൾ അടുത്തടുത്തായി നിൽക്കുമ്പോഴും അവളെ നോക്കാതെ പുറത്തേക്കും, പിന്നിൽ നിൽക്കുന്ന ലതികയോടും ഒക്കെ സംസാരിക്കുന്നുണ്ടായിരുന്നു. ഏതാണെന്നറിയാത്ത ഒരു ഘനം മനസ്സിനെ ചൂഴുന്നതുപോലെ. ഒരു ദിവസംകൊണ്ട് എന്താണ് സംഭവിച്ചത്? രമണിയും ആയിഷയും എന്തേ വിളിക്കാതെ പോയി? മനസ്സിനൊരു സമാധാനം കിട്ടിയില്ല. ഒന്നുമില്ല എന്നു സ്വയം സമാധാനിക്കാൻ ശ്രമിക്കുംതോറും എന്തോ ഒന്നു ശരിയല്ല എന്നു മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു. പിന്നേയും ഒരാഴ്ച ഒറ്റയ്ക്കുള്ള ഊണും ഇല്ലാത്ത ചായയുമായി പോയി. അടുത്ത ആഴ്ച തുടങ്ങിയപ്പോൾ ഒക്കെ തോന്നലാവും എന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. രാവിലെ ഒപ്പിടാൻ എല്ലാവരും ഒന്നിച്ചാണ് എത്തിയത്. അങ്ങോട്ട് കയറി രമണിയോട് വിശേഷം ചോദിച്ചു. അവർ എന്തോ പറഞ്ഞു. ആയിഷയുടെ മുഖത്ത് ചെറിയ ഒരു ആശങ്കപോലെ തോന്നി. ശ്രീജയുടെ മുന്നിൽനിന്ന് ഏറ്റവും ഭംഗിയായി ചിരിച്ചുകൊണ്ട്, “നല്ല സാരിയാണല്ലോ” എന്നു പറഞ്ഞു. അവർ ഒരടി പിന്നിലേക്ക് വെച്ച് മൂക്കു ചുളിച്ചുകൊണ്ട് മുഖം തിരിച്ചു. “ശ്ശെ” എന്നവർ പറഞ്ഞോ? അതോ തോന്നിയതോ? അന്നുച്ചക്കും ചോറ്റുപാത്രവുമായി ചെറിയ മുറിയിലേക്കു നടന്നപ്പോൾ ലതികയേയും മറ്റുള്ളവരേയും മാത്രമേ കണ്ടുള്ളൂ. അവരാണെങ്കിൽ അവൾക്കു വഴി മാറിക്കൊടുക്കും പോലെ അവളിൽനിന്നും കഴിവതും ഒതുങ്ങി ഇരിക്കുന്നതുപോലെ തോന്നി. എല്ലാം കൂടി തല പെരുക്കുന്നപോലെ. അവളുടെ തോന്നൽ മാത്രം ആണോ? എല്ലാവർക്കും എന്തെങ്കിലും മാറ്റം ഉണ്ടോ? രമണിയും ആയിഷയും മാത്രമല്ല. മറ്റുള്ളവരും അവളെ ഒഴിഞ്ഞു നടക്കുന്നോ? നാളെ ചോദിക്കണം. എന്താണെന്ന്. തീരുമാനിച്ചുറപ്പിച്ചപ്പോൾ ഒരു സമാധാനം.

ഞാൻ വരുന്നതിനു മുന്നേ ആ ചെറിയ മുറിയിൽ ഇരുന്നല്ലേ കഴിക്കുക?” രാവിലെ ഇടനാഴിയുടെ അറ്റത്ത് ചൂലും പിടിച്ചുനിൽക്കുന്ന ശ്രീജയെ കണ്ടപ്പോൾ ചിരിച്ചുകൊണ്ട് ചോദിച്ചു. അവരുടെ കണ്ണിൽ മഞ്ഞുറഞ്ഞ തണുപ്പ്. ചോദിച്ചല്ലോ എന്നായിപ്പോയി. “ഞാനതിനു ചോറു കൊണ്ട് വന്നില്ലല്ലോ.” “അല്ല ആയിഷ.” “വീട്ടിൽനിന്നുണ്ണുന്ന ആയിഷ ആണോ ഞാൻ ചോറു കൊണ്ടുവരുന്നത് അറിയുക?” കണ്ണിലുള്ള മഞ്ഞുമല നാവിൽനിന്നുറ്റി. ആവൂ. താങ്ങാൻ ആവുന്നില്ല. എന്താണിവർക്ക്. എന്തിനാണ് ഇത്രയും വെറുപ്പ്. ഇതുവരെ കണ്ടുപോലും ഇല്ലാത്ത രണ്ടു പേർ.

പിന്നീടുള്ള ദിവസങ്ങളിൽ ആ തണുപ്പ് മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നതു ശരിയാണ് എന്നു തോന്നി.

അവളെ ചായ കുടിക്കാൻ ആയിഷയോ രമണിയോ വിളിക്കുന്നില്ല. ചോറുണ്ണാൻ പണ്ടെ ആയിഷ വീട്ടിലേക്കാണല്ലോ പോകുക. എന്നാലും അവളോടു സൗമ്യമായി സംസാരിക്കുമായിരുന്നു. അതും ഇപ്പോൾ ഇല്ല. രമണി ഉച്ചയാവുമ്പോഴേക്കും താഴേക്കിറങ്ങുന്നത് ചിലപ്പോൾ കാണാം. ഒറ്റയ്ക്ക് കാന്റീനിൽ പോകാൻ ഒരു മടി. രണ്ടും കൽപ്പിച്ചു ചെറിയ ഒരു ഫ്ലാസ്‌ക് വാങ്ങി അതിൽ കുറച്ചു കാപ്പി നിറച്ചുകൊണ്ട് പോകാൻ തുടങ്ങി. പണിയെടുക്കുന്ന ദിക്കിൽ കൊണ്ടുപോയി മെല്ലെ കാപ്പി കുടിക്കുമ്പോൾ ഉയർന്നുയരുന്ന സൂര്യന്റെ വെളിച്ചം മുഖത്തേക്കടിക്കും. ദൂരേക്ക് നീളുന്ന പാടങ്ങളിൽ ചിലപ്പോൾ കുനിഞ്ഞുനിൽക്കുന്ന രൂപങ്ങൾ ഉണ്ടാവും. അവിടെനിന്നു വീശുന്ന കാറ്റിന് സൂര്യന്റെ ചൂട് കുറക്കാനാവാത്തപോലെ. അന്നു ചോറ്റു പാത്രവും എടുത്തു ചെറിയ ഊണ് മുറിയിലേക്കു പ്രവേശിക്കുമ്പോൾ ആരുടേയും മുഖത്തേക്കു നോക്കാതിരിക്കാൻ ശ്രദ്ധിച്ചു. ആദ്യത്തെ ദിവസം ലതിക മറ്റുള്ളവർ എവിടെ എന്നു ചോദിച്ചതോർത്തു. അറിയില്ലെന്നു പറഞ്ഞപ്പോ ലതികയുടെ അടുത്തിരിക്കുന്ന സുഭാഷിണി അവളെ മെല്ലെ തൊണ്ടിയത് പെട്ടെന്നു ഓര്‍മ്മവന്നു. മറ്റുള്ളവർ അവളിൽനിന്നും കുറച്ചു മാറിയാണ് ഇരിക്കുന്നത് എന്നു തോന്നിയത് സത്യം തന്നെയാണ്. കൈ വെക്കാൻ ഇടം ഇല്ലാതിരുന്ന മേശയാണ്. അവൾക്കു കൈ ചോറ്റുപാത്രത്തിനടുത്ത് വെക്കാൻ പറ്റിയപ്പോൾ ചുറ്റും നോക്കി. അവളുടെ കസേര ഇട്ട ഇടത്തുന്നു കുറച്ചു മാറിയാണ് മറ്റുള്ളവർ കസേരകൾ ഇട്ടിരിക്കുന്നത്. അവളെ തൊടാതെ. അവളുടെ ചോറിൽ പങ്ക് പറ്റാതെ. അവളുടെ വശം തിരിയാതെ. അവളെ നോക്കാതെ. പെട്ടെന്നൊരു ഞെട്ടലിൽ വറ്റു തൊണ്ടയിൽ കുരുങ്ങിപ്പോയി. ശ്വാസം കുടുങ്ങിയപോലെ തോന്നിയപ്പോൾ കുപ്പിയിൽനിന്നും കുറച്ചു വെള്ളം കുടിച്ചു ചോറ്റുപാത്രം അടച്ചുവെച്ചെണീറ്റു. പുറത്തേക്ക് നടന്നപ്പോൾ ആരും നോക്കിയില്ല. ആരുടേയോ കസേരക്കടുത്തൂടെ പോയപ്പോൾ അവർ ഞെട്ടി മാറിയതും മൂക്ക് ചുളിച്ചു മുഖം തിരിച്ചതും മങ്ങിയ കണ്ണുകളിലൂടെ കണ്ടു.

എന്താണ്? എന്താണ് തനിക്ക് സംഭവിക്കുന്നത്? വന്ന ആഴ്ച കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ. കൂടെ കൂട്ടുമായിരുന്ന ആരും ഇപ്പോൾ ഇല്ല. വല്ലാതെ ഒറ്റപ്പെട്ടപോലെ. തലയ്ക്കു വല്ലാത്ത വിങ്ങൽ അനുഭവപ്പെട്ടു. കണ്ണുകൾ നിറഞ്ഞുവന്നത് ആരും കാണാതിരിക്കാൻ ഇടനാഴിയുടെ വക്കിലേക്ക് ഓടിപ്പോയി തുടച്ചു. പാടത്തുനിന്നും വീശിയ കാറ്റിൽ അവളുടെ ശരീരം അടങ്ങിയില്ല. അതു വിയർത്ത്‌ കൊട്ടിക്കൊണ്ടിരുന്നു. ആകാശത്തു പറന്നുയരുന്ന പരുന്തുകളുടെ വെളുത്ത കഴുത്ത് അവൾക്കു കാണാമായിരുന്നു. അതിലേക്കു നോക്കി ശ്വാസം ശക്തിയായി ഉള്ളിലേക്കു വലിച്ചെടുത്തു. എനിക്കെന്താണ്?

പിറ്റേന്നും അതിന്റെ പിറ്റേന്നും എല്ലാം അവൾ ചുറ്റും സൂക്ഷ്മതയോടെ നോക്കി. അവളുടെ അടുത്തുകൂടെ പോകുന്ന ലതിക ചെറുതായി വഴിമാറുന്നു. സുഭാഷിണി മൂക്ക് ചുളിക്കുന്നു. രമണിയെ മിക്കവാറും കാണുന്നില്ല. ആയിഷ മാത്രം ദൂരെനിന്നു കാണുമ്പോൾ കൈവീശി കാണിച്ചു. ശ്രീജ ഒരിക്കലും കൺവെട്ടത്ത് വന്നില്ല. മുന്നിൽകൂടി പോകേണ്ടിവന്ന സമയങ്ങളിൽ അവളിലൂടെ അപ്പുറത്തേക്കോ മറ്റോ നോക്കി വേറെ ആരോടൊക്കെയോ നോക്കി ചിരിക്കുകയും വർത്തമാനം പറയുകയും ചെയ്തു. അവൾ തൊട്ടപ്പുറത്ത് നിൽക്കുമ്പോൾ ശ്രീജയുടെ ചിരിക്ക് മുഴക്കവും സംസാരത്തിനു ബഹളവും കൂടി. മറ്റുള്ളവരിലേക്ക് ശ്രീജ ചൊരിയുന്ന അത്രയും വെയിൽ, വനജയുടെ തലയ്ക്കുമേൽ മാത്രം കൂർത്ത ആലിപ്പഴങ്ങൾ ആയി പെയ്തിറങ്ങി. ഒറ്റായ്മയുടെ മരുപ്രദേശങ്ങളിൽ മൺതരികൾ പറന്നുയർന്ന അവളുടെ കാഴ്ചയെ മായ്‌ചു കളയാനാഞ്ഞു. തിളങ്ങുന്ന തരികൾ അവളുടെ കൃഷ്ണമണികളിൽ തറഞ്ഞുകയറിയപ്പോൾ അവൾ വേദന കൊണ്ടുരുകി. ആവുന്നില്ല. ഒറ്റയ്ക്കടിച്ചു തീർത്ത ഇടനാഴിയിൽ ചപ്പുചവറുകൾ കൂട്ടിവെക്കുംതോറും കാറ്റുവന്നവയെ പറത്തിവിട്ടു. ഓരോ ദിവസവും വീട്ടിലെത്തുമ്പോൾ അവൾ തലവേദനകൊണ്ട് കിടന്നുപോയി. കുഞ്ഞുങ്ങൾ അവൾക്കു ചുറ്റും ആധിപിടിച്ചിരുന്നു. അയാൾ വീട്ടിൽ കയറി വരുമ്പോൾ കുഞ്ഞുങ്ങളെ അടുത്തേയ്ക്ക് വിളിച്ചു മേല് കഴുകി, പഠിക്കാൻ പറഞ്ഞു. എന്നിട്ട് കഞ്ഞിക്കരിയിട്ടു, ചെറുപയർ പുഴുക്കുണ്ടാക്കി അവൾക്കും മക്കൾക്കും കൊടുത്തു. ചില ദിവസങ്ങളിൽ ചപ്പാത്തി പരത്തി, കിഴങ്ങ് കറിയോ ഇറച്ചിയോ ഉണ്ടാക്കി. എന്താണെന്നു മക്കൾ ഉറങ്ങിയ ശേഷം അവളോടു പറ്റിക്കിടന്നയാൾ ചോദിച്ചു. അറിയില്ലെന്നവൾ പറഞ്ഞപ്പോൾ “സാരമില്ല. ആവുമ്പോൾ പറഞ്ഞാൽ മതി” എന്നു പറഞ്ഞുറക്കി. പിന്നീടൊരു രാത്രി അവൾ മഞ്ഞുമലകൾക്കിടയിൽ ഒറ്റപ്പെട്ടു നിൽക്കുമ്പോൾ ഉള്ള് മുറിവേൽപ്പിക്കുന്ന തണുപ്പിനെക്കുറിച്ച് പറഞ്ഞു. അയാളുടെ ഉള്ളിൽ ഉയര്‍ന്ന ദേഷ്യത്തിന്റെ ആളൽ അവളെ ചകിതയാക്കി. “ശരിയാവും, വിട്ടേക്ക്” അവൾ അയാളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു. ഓരോ ദിവസവും അവൾ അവളെത്തന്നെ വലിച്ചിഴച്ച് പണിക്കു കൊണ്ടുപോയി. ആർക്കും മുഖം കൊടുക്കാതെ, പണികൾ ചെയ്തു തിരിച്ചുവന്നു. ചോറുണ്ണുന്ന മുറിയിൽനിന്നും മാറി ഇടനാഴിയുടെ അറ്റത്തുള്ള മൂലയിൽ ഒരു കസേര ഇട്ട് അവിടിരുന്നു ചോറുണ്ടു. ദൂരങ്ങളിലേക്ക് കണ്ണു പായിക്കുമ്പോൾ ഇലപൊഴിഞ്ഞ ഒരു മരം കാറ്റിലാടി നിൽക്കുന്നതു കാണാം. ഒരു ദിവസമതിൽ ഒരിലയും പിന്നീട് അനേകം ഇലകളും വന്നു നിറഞ്ഞു പച്ച മൂടിയത് കണ്ടപ്പോൾ മുന്നോട്ട് നടക്കാൻ ആവുമെന്നവൾക്കു തോന്നി.

ഒരുച്ചയ്ക്ക് ഇടനാഴിയുടെ അറ്റത്ത് നിൽക്കുന്ന അവൾക്ക് രാജി മാഡം അടുത്തുവന്നു തൊട്ട് വിളിച്ചപ്പോൾ ആണ് ബോധം ഉണ്ടായത്. “എന്താണ് വനജേ? കുറച്ചു ദിവസം ആയല്ലോ ഒരു മൂടാപ്പ്?” അവർ ചിരിച്ചുകൊണ്ട് ചോദിച്ചു. ഇവർ ഇതു ശ്രദ്ധിച്ചോ? ആരെങ്കിലും ഇവരോട് എന്തെങ്കിലും പറഞ്ഞോ? “ഒന്നൂല്ലല്ലോ മാഡം.” “അല്ല, എന്തോ ഉണ്ട്. എന്നോടു പറയാൻ ആവാത്ത വല്ലതും ആണോ?” പിന്നേയും ചിരി. പറയണോ? പറഞ്ഞാൽ ഇവർ വിശ്വസിക്കുമോ? തന്റെ തോന്നൽ ആണെന്നോ മറ്റോ പറയുമോ. “മാഡം, ഞാൻ... ഞാനിവിടെ വരുന്നതിന് മുന്നേ എനിക്കിവിടെ ആരെയും പരിചയം ഇല്ല. വന്ന ആഴ്ച കാര്യങ്ങൾ കുഴപ്പമില്ലാതെ പോയി. പിന്നെ പെട്ടെന്നു...” എന്താണ് പറയേണ്ടത്? പെട്ടെന്നു ചുറ്റും ശൂന്യമായെന്നോ? എല്ലാ ശബ്ദങ്ങളും പിൻവലിഞ്ഞെന്നോ? എന്തുകൊണ്ടെന്നു ചോദിച്ചാൽ എന്തു പറയും? തോന്നലായിരുന്നോ? ആ തണുപ്പ് പെയ്തില്ലെന്നോ? “പെട്ടെന്നു, ഒറ്റക്കായിപ്പോയി... ഞാൻ...” പറഞ്ഞതും അവൾക്കുള്ളിൽനിന്നും ഒരു കരച്ചിൽ പുറത്തേയ്ക്ക് തികട്ടിവന്നു. കണ്ണുകൾ നിറഞ്ഞൊഴുകിയതും അവർ തോളിൽ തട്ടി സാരമില്ല എന്നു പറയുന്നതും അറിയുന്നുണ്ടായിരുന്നു. കുറച്ചേറെ ദിവസങ്ങളായി ഉള്ളിൽ കനത്തിരുന്ന മാനം ഒഴുകിയിറങ്ങി ശൂന്യമാവുന്നതുമറിഞ്ഞു. ഒന്നടങ്ങിയപ്പോൾ രാജി മാഡം പറഞ്ഞു: “ആരോടെങ്കിലും എന്താണെന്നു ചോദിക്കായിരുന്നില്ലേ, വനജേ? പിന്നെ ആളുകൾ എല്ലാവരും പെരുമാറുന്നത് അവരുടെ തോന്നൽ കൊണ്ടാണ്. അത് വനജയുടെ ഒരു കാര്യവും കൊണ്ടാവണമെന്നില്ല. കേട്ടോ? വിഷമിക്കല്ലേ.” അവരോട് ഏറെ നന്ദി തോന്നി. ചോദിക്കാമായിരുന്നു. ശരിയാണ്. ആരോടെങ്കിലും. ആരോട്? ഇപ്പൊഴും ദൂരെനിന്നു ഒരു തരി വെളിച്ചം ചിതറുന്ന ആയിഷയോടല്ലാതെ ആരോട്?

തിരക്കിട്ട് നടക്കുമ്പോൾ ചുറ്റുപാടും തിരഞ്ഞു. എവിടെ അവൾ? ഇന്നേത് ഭാഗത്താണ് ഡ്യൂട്ടി? അതാ അവിടെ, ചൂലടുക്കി പോകുവാൻ തയ്യാറായി ലതികയേയും പുതിയതായി വന്ന പ്രിയയേയും വിളിച്ച് വരുന്നു. “ആയിഷ” -വനജ വിളിച്ചപ്പോൾ പെട്ടെന്നു അവൾ നടത്തം നിർത്തി അവിടെ നിന്നു. മറ്റുള്ളവർ ഒന്നു നിന്നു പിന്നെ വഴിമാറിപ്പോയി. “ആയിഷ... എനിക്കൊരു കാര്യം അറിയണം” -ആയിഷയുടെ മുഖത്തെ വല്ലായ്മയെ ഗൗനിക്കാതെ അവൾ തുടർന്നു: “നീ പറ... എന്താണ്... എന്താണ് എന്നോട് മിണ്ടാത്തത്... അടുത്തു വരാത്തത്... എന്താണ്... നീ പറ... എനിക്കറിയാതെ വയ്യ... അതാണ്... പറ... പറ...” ആയിഷ മൂക്കൊന്നു വിടർത്തി ഒരടി പിന്നോട്ടു വച്ചു. “ഒന്നുമില്ല... വനജേ... നിന്റെ തോന്നലാവും... ആരാ മിണ്ടാത്തെ? ആരാ...” മുഴുമിപ്പിക്കാൻ വനജ സമ്മതിച്ചില്ല. “നീ പറ. എന്താ ആരും എന്റെ അടുത്തു വരാത്തെ... ഞാനെന്താ ഒറ്റയ്ക്ക്... ആദ്യത്തെ ഒരാഴ്ച ഒന്നുമുണ്ടായില്ലല്ലോ... നിങ്ങൾക്കൊക്കെ ഉപകാരം മാത്രമല്ലേ ഞാൻ ചെയ്തുള്ളൂ... ഞാനെങ്ങനെയാ... നീ പറ...” മുഴുമിക്കും മുന്നേ അവളുടെ തൊണ്ട ഇടറിപ്പോയി. കവിളിലൂടെ ഒരു നീർത്തുള്ളി ഉരുണ്ടിറങ്ങി. ആയിഷ ഒരു മിനിറ്റ് അവളെ നോക്കി, എന്നിട്ട് മെല്ലെ പറഞ്ഞു: “ശ്രീജ, ശ്രീജ പറഞ്ഞു...” “ശ്രീജ? അവർക്ക്... അവരെന്ത്...?” വനജയുടെ കണ്ണുകൾ മിഴിഞ്ഞു പോയി. “ശ്രീജ പറഞ്ഞു, നിന്നെ.... നിന്നെ... തീട്ടം നാറുന്നു എന്ന്.”

ഒരു നിമിഷം. തീട്ടം. അവളാ വാക്ക് തലയിൽ ഉരുവിട്ടു. തീട്ടം.

ആയിഷ തുടർന്ന്: “നിന്റെ അടുത്തു വരുമ്പോൾ ഓക്കാനം വരുന്നുവെന്ന്. നിന്റെ സാരിയിൽ നിന്നും വല്ലാത്ത ഒരു ചൂരടിക്കുന്ന് എന്ന്...” തലക്കുള്ളിലൂടെ വെളുത്ത കഴുത്തുള്ള പരുന്തുകൾ ഒന്നിച്ചു ചിറകടിച്ചു. “എല്ലാർക്കും പിന്നെ അങ്ങനെ തോന്നിയത്രേ... എനിക്കു... എനിക്കു സംശയം ഉണ്ടായിരുന്നു വനജേ, വെറുതെ ആണോന്നു... പക്ഷേ, ഞാൻ അടുത്തു വന്നാ അവരെന്നേ ഒറ്റക്കാക്കിയാലോ... എനിക്കു മണത്തു നോക്കണം എന്നുണ്ടായിരുന്നു... സത്യാണോന്നു... പക്ഷേ, എനിക്ക് അടുത്തു വരാൻ...” മുഴുവനും കേൾക്കാൻ വനജ നിന്നില്ല.

സ്റ്റെപ്പുകൾ ഇറങ്ങിവരുന്നവരുടെ മുന്നിൽ ശ്രീജയുണ്ടായിരുന്നു. അവരുടെ ചിരിയുടെ മുഴക്കം പരുന്തിന്റെ ചിറകുകൾക്കു മീതെ അമറി. അവരുടെ മുന്നിലേക്കിറങ്ങി നിന്നുകൊണ്ട് വനജ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു: “ശ്രീജ, ഒന്നു നിന്നേ...” ആ പതുക്കത്തിലും ശ്രീജയുടെ കണ്ണിൽ ആദ്യമായി മഞ്ഞല്ലാത്ത ഒരു തിളക്കം അവൾ കണ്ടു. പേടിയുടെ ഒരു നേർവര. ബസ് കയറാൻ വന്ന സ്ത്രീകളൊക്കെ ഒന്നു രണ്ടടി മാറി അവളെ നോക്കുകയാണ്. അവർ മൂക്ക് വിടർത്തി വായുവിലെന്തോ തിരയുന്നു. “ശ്രീജ, നിങ്ങൾക്കെന്നെ മുന്നേ അറിയുമോ?” അവർ ഒന്നും മിണ്ടിയില്ല. “അറിയുമോ എന്ന്?” ഇത്തവണ ശബ്ദത്തിനു മൂർച്ച കൂടിയിരുന്നു. “ഇല്ല...” “പിന്നെ നിങ്ങൾക്കെന്താണ് എന്നോടിത്ര പക? പറ? പറ. ഞാൻ നിങ്ങളെ എന്തെങ്കിലും ചെയ്തോ? പറ. വായടച്ചു നിക്കല്ലേ... പറ?” വനജ ഒരടി മുന്നോട്ടെടുത്തു. “ഞാനെന്തു ചെയ്തൂന്നാ...” ശ്രീജ ചിരിക്കാൻ ശ്രമിച്ചു മറ്റുള്ളവരെ നോക്കി, “ഇത് നല്ല കൂത്ത്...” “നിങ്ങൾ ഒന്നും ചെയ്തില്ലേ? പറ? നിങ്ങൾ ഒന്നും ചെയ്തില്ലേ?” വാക്കുകളിൽനിന്നും ചീളുകൾ തെറിച്ചു. “നീ വന്നതിൽ പിന്നെ ഇവിടെ ഉള്ളവരെല്ലാം എന്തേ എന്നോടു മിണ്ടാതായി? എന്തേ എന്നെ ഒഴിഞ്ഞു നടക്കുന്നു? നീ ഇതിനു മുന്നേ ചോറുണ്ണുവാൻ ഇരുന്ന ഇടത്തുനിന്നു എന്തിന് മാറിപ്പോയി? നിനക്കെന്താണ് എന്നോടിത്ര ദേഷ്യം? പറ.” ഒട്ടും ഉയരാതെ അവളുടെ ശബ്ദം പാറക്കല്ലുപോലെ ഉറച്ചിരുന്നു. മറ്റുള്ളവരെ നോക്കി അവൾ ചോദിച്ചു: “നിങ്ങൾക്കെല്ലാം എന്തു നാറുന്നുവെന്ന്? പറ? എന്തു നാറുന്നുവെന്ന്? എന്നെ... എന്നെ തീട്ടം കൊണ്ടു പൂശിയപ്പോൾ നിനക്കു തൃപ്തി ആയോ? പറ? ആയോ?” വനജ ഒരടികൂടെ മുന്നിലേക്ക് നിന്നു. “ഞാൻ വന്നിവിടെ പെട്ടതല്ലേ? എന്റെ വീട്ടിൽനിന്നും ഇത്ര ദൂരെ ഒരിടത്ത് അറിയാതെ വന്നു പെട്ടതല്ലേ? നീ ഉള്ള ഇടം ഞാൻ പിടിച്ച് വാങ്ങിയതാണോ?” ശ്രീജ മെല്ലെ പിന്നോട്ടു മാറി. “നിന്നോട് ഞാൻ എന്തെങ്കിലും ചെയ്തോ? പറ? എപ്പോഴെങ്കിലും? എന്തെങ്കിലും? പറ... നീ പറ... എന്നിട്ട് നീ എന്തിന് എന്നെ കുറിച്ചു... പറ... പറയാൻ...” കിതപ്പ് പടർന്ന് വാക്കുകൾ കലങ്ങി. “നാണമില്ലേ? ഇരുന്നിടത്ത് ഇരിക്കുവാൻ പോലുമാകാതെ നീ ഇറങ്ങിയോടിയത് ഇതുകൊണ്ടാണോ... പറ... ഈ നാറ്റം കൊണ്ട്... എന്റെ തീട്ടത്തിന്റെ നാറ്റം കൊണ്ട്...” ശ്രീജ നിലത്തിരുന്നുപോയി. “ഇന്നാ മണത്തുനോക്ക്. എന്നിട്ട് പറ. എന്നിട്ട് പറ... ഇത് തീട്ടത്തിന്റെ മണമാണോ... പറ, ആണോ.”

തെരുത്ത് കയറ്റിയ സാരി അവൾ മുകളിലേക്കു വീണ്ടും വലിച്ചുയർത്തി. കാലുകൾ വിടർത്തിവച്ചു അവൾ ശ്രീജയുടെ കണ്ണുകളെ നോക്കി. അവ മലച്ചിരിക്കുന്നു. ചുറ്റുമുള്ളവർ അന്ധാളിപ്പോടെ അവളെത്തന്നെ നോക്കുന്നു. അകത്തിയ കാലുകൾക്കിടയിൽനിന്നും മഞ്ഞവെളിച്ചത്തിന്റെ അലകളുയർന്നു. ഇറ്റ് വീഴുന്ന വിസർജ്യത്തിൽനിന്നും ഉയർന്ന തീക്ഷ്ണഗന്ധത്തിൽ എല്ലാവരും ഒരു മാത്ര തടഞ്ഞുനിന്നു.

പിന്നെ ചിതറിത്തെറിച്ചു.

 

ഈ കഥ കൂടി വായിക്കാം
അമ്പലപ്പുഴ സിസ്റ്റേഴ്‌സ്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com