ഇരുന്തത് ഒരേയൊരു ചേല: കൃപ അമ്പാടി എഴുതിയ കഥ

കഥ / കൃപ അമ്പാടി ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം
ചിത്രീകരണംസചീന്ദ്രന്‍ കാറഡുക്ക

കുത്തിയൊഴുകുന്ന പെരിയാറിലേക്കു കൂപ്പുകുത്താന്‍ നില്‍ക്കുന്ന പച്ചപ്പിന്റെ കട്ടത്താടിപോലെ തൂങ്ങിക്കിടക്കുന്ന പെരുത്ത തേനീച്ചക്കൂട്. അതിലേക്ക് പൊങ്ങിവരുന്ന മുളന്തോട്ടിയുടെ അറ്റത്ത് പുകയുന്ന ചട്ടിക്കു മുകളിലൂടെ ഇരമ്പുന്ന ആയിരക്കണക്കിന് ഡ്രോണുകള്‍. അവയുടെ ദിശ നിയന്ത്രിക്കാന്‍ മുളന്തോട്ടിയാട്ടുന്ന കനിമൊഴിയുടെ കാളിയ അരക്കെട്ടിന്റെ തേന്‍താളം. അരയാട്ടുന്ന കനിമൊഴിയുടെ ഫ്രെയിമിലേക്ക് കയറിയെങ്കിലും ധാനിഷിന്റെയുള്ളില്‍ പെരിയാറ് മാത്രം കവിഞ്ഞതിനാല്‍ അവനിതൊന്നും അറിഞ്ഞതേയില്ല.

അടിവയറ്റിലിഴയുന്ന ചെറുപുല്ലുകളുടെ നിരതെറ്റിക്കാന്‍ വലത്തോട്ടു തിരിയുന്ന പെരിയാറിന്റെ പൊക്കിള്‍ച്ചുഴിയിലേക്ക് അവന്‍ കൊതിയോടെ നോക്കി. ആഴമളക്കാന്‍ പൊക്കിളിനകത്തേക്ക് പൂതിയോടെ എടുത്തുചാടി. വീറും പേറുമുള്ളവളുടെ ഉടല്‍തൊട്ടാല്‍ എത്ര പോന്നവനാണെങ്കിലും അവളില്‍ മുങ്ങിച്ചാവുമെന്നുറപ്പുള്ളതിനാല്‍, തൊട്ടപ്പോഴേക്കും ചുറ്റിവലിച്ചെടുത്ത് മുക്കിയ ആറ്റിലേക്ക് ഒരൊച്ചയും പുറപ്പെടുവിക്കാതെ അവന്‍ താഴ്ന്നുപോയി.

എന്തോ വെള്ളത്തില്‍ വീണെന്ന ഞെട്ടലില്‍ കനിമൊഴിയുടെ വായവിട്ട് മുറുക്കാനും കൈവിട്ട് തോട്ടിയും തറപറ്റി. 'എന്നടാ... അങ്ങേ... സത്തോം...' അവള്‍ ഇരുകയ്യും ഉയര്‍ത്തി. മുങ്ങിപ്പോകുന്നവന്റെ ഒരു തുമ്പ് അവളുടെ കണ്ണില്‍ പിടുത്തമിട്ടു. തലയിലടിച്ച് പിന്നിലേക്കു നോക്കി അവള്‍ ഏതോ ഒരു പേര് വിളിക്കുന്നുണ്ട്. അവിടെങ്ങും കേള്‍ക്കാന്‍ ആരുമില്ല. അന്നേരം കൈകളുയര്‍ത്തി വെള്ളത്തില്‍ പൊങ്ങിയവനോട്:

'ടേയ്, സാവ്ക്ക്രാക്കി... കട്ടേലെ പോകെ എങ്ക ആറ് താന്‍ കിടച്ചിതാ... ബേമാനി' എന്നവളുടെ ഭാഷയില്‍ അലറി. ആറ്റിറമ്പിലേയ്ക്ക് ഊര്‍ന്നിറങ്ങി ഉടനെ അരക്കുത്ത് അഴിച്ച് ചേല പറിച്ച് എറിഞ്ഞുകൊടുത്തു. ഉടുത്തുടുത്ത് സ്പ്രിങ്ങുപോലെ ചുരുണ്ടിരിക്കുന്ന ആ പഴന്തുണിയില്‍ ധാനിഷിന് പിടുത്തംകിട്ടി. ചേലയുടെ ഇങ്ങേത്തല കയ്യില്‍ച്ചുറ്റി കാലില്‍തടഞ്ഞ കല്ലില്‍ ചവിട്ടിപ്പിടിച്ചുകൊണ്ട്: 'എന്‍... അയ്യനാറേ... ഇരുന്തത് ഒരെയൊരു ചേല ഇന്ത നാറി മവന്‍ അതയും നാസം പണ്ണീട്ടാന്‍...'

അവള്‍ ധീരമായി അവനെ ചീത്തവിളിച്ചു.

ഒരു കെട്ടുണ്ടെന്നതൊഴിച്ചാല്‍ അടിപ്പാവാടയെന്നു തോന്നിക്കാത്ത, പാദംവരെ കീറി പിടുത്തംവിട്ട, മുഷിഞ്ഞു കരിമ്പനടിച്ച തുണിക്കുള്ളില്‍നിന്ന് അവളുടെ കറുത്തകാലുകള്‍ പുറത്താക്കപ്പെട്ടു. ഇല്ലായ്മ വളച്ച രണ്ട് സേഫ്റ്റിപിന്നില്‍ കൊളുത്തിനിര്‍ത്തിയിട്ടുണ്ട് പൊളിഞ്ഞ മാറിടം. 'എന്നൈപ്പോലെ ഉണ്ണവും ഉടുക്കവും ഉന്നിടം യെതുവും ഇല്ലയാ... ഇരക്ക് വന്തായാ?' ഉണ്ണാനും ഉടുക്കാനും ഇല്ലാത്ത ഒരുത്തന്‍ പെരിയാറ്റില്‍ ചാടിച്ചാവാന്‍ വന്നെന്നാണ് കനിമൊഴി കരുതിയത്. അവളുടെ മനസ്സ് കലക്കിക്കൊണ്ട് അവര്‍ക്കിടയില്‍ ചേലയ്ക്ക് ഒഴുക്കുപിടിച്ചു. ഊരുന്നവന്റെ വലിയ ലോകത്തേക്കുള്ള വലിച്ചിലില്‍ ഉടുക്കാനില്ലാത്തവളുടെ ചെറിയ ലോകത്തിന് കാലുകള്‍ വഴുക്കിത്തുടങ്ങി. പൊടിമീശ കിളിച്ച ഒരു ചെക്കന്‍, എവിടെനിന്നോ പെട്ടെന്ന് വെള്ളത്തിലേക്ക് ചാടിവീണ് ഒഴുക്കില്‍പ്പെട്ട ചേലയില്‍ പിടുത്തമിട്ടു. കനിമൊഴിയുടേതെന്നു തോന്നിക്കുന്ന ഒരു ഉരുണ്ട ചെക്കന്‍. ധാനിഷ് മുങ്ങിപ്പൊങ്ങി ആറ്റിലേക്ക് ആക്കം വന്നപ്പോള്‍:

'എന്താണ് ബ്രോ മൊടയാണോ?'

എന്ന് രസിച്ചു ചോദിച്ച ചെക്കന്‍, വെള്ളത്തില്‍ കിടക്കുന്നോനെ വലിച്ചിട്ടു കിട്ടാതായപ്പോള്‍:

'ചാവാനായിരുന്നെങ്കി ആ വരാപ്പുഴപ്പാലത്തേന്ന് ചാടണ്ടേ ബ്രോ?'

എന്നാക്കി പല്ലിറുമ്മി. ചേല കക്ഷത്തില്‍ ചുറ്റി അവനൊരു പ്രത്യേക പിടിപിടിച്ചു.

'തൂക്കടാ മവനെ...' കനിമൊഴിയുടെ നഗ്‌നതയിലേക്ക് അവര്‍ അവനെ വലിച്ചടുപ്പിക്കുമ്പോള്‍ അവളുടെ വയറിലെ പഷ്ണിക്കുഴികള്‍ തുടുത്ത പൊക്കിളിന്റെ ഇരുവശത്തായി ജയിച്ചുനിന്നു. ചെക്കന്‍ ചേല കുടഞ്ഞെടുത്ത് എറിഞ്ഞുകൊടുത്തു. അവന്റെ തള്ളയ്ക്ക് ഉടുക്കാന്‍...

നെറുകില്‍ കുരുങ്ങിയ ശ്വാസത്തിന്റെ ഓരോ ഇഴയും അറുത്തുമാറ്റി ധാനിഷ് ആ സ്വപ്നത്തില്‍നിന്നു വിയര്‍ത്തെഴുന്നേറ്റു. ഫ്‌ലാറ്റിലെ ബയോവേസ്‌റ്റെടുക്കാന്‍ വരുന്ന കനിമൊഴിയും മകനും ചേക്കേറിയ സ്വപ്നത്തിന്റെ തേന്‍കൊമ്പ് ഒഴുകിപ്പോവാന്‍ അവന്‍ ജഗ്ഗിലെ വെള്ളം തൊണ്ടയിലേക്ക് കുത്തിയൊഴിച്ചു. പിടിച്ചുനില്‍ക്കാനാവാത്തവിധം വീണ്ടും പനിച്ചു തുടങ്ങിയതിനാല്‍ ലോകത്ത് ഇനി ഒരാള്‍ക്കു മാത്രമെ തന്നെ രക്ഷിക്കാനാവു എന്ന ബോധ്യത്തില്‍ അവന്‍ ദില്‍ഷയെ ഫോണില്‍ വിളിച്ചു.

ചിത്രീകരണം
ചിത്രീകരണംസചീന്ദ്രന്‍ കാറഡുക്ക

'ഡീ... നിനക്കിപ്പൊ ഫ്‌ലാറ്റിലേക്കൊന്നു വരാന്‍ പറ്റ്വോ?'

ഒന്നും മിണ്ടാതെ അവള്‍ കാള്‍ കട്ടാക്കിയതിനാല്‍ അവന്‍ ഫോണ്‍ ബെഡിലേക്കിട്ടു. അപ്പുറത്തെ ബില്‍ഡിങ്ങിലിരുന്ന് മുറിക്കകം പകര്‍ത്തുന്ന ഒരു ഡോപോ ക്യാമറയിലേക്ക് അവന്റെ നോട്ടം തെറിച്ചുതിരിഞ്ഞതിനാല്‍ റൂമിലെ ജനലുകളടച്ചു. പുറത്തെ കാറ്റുപോലും കയറാതിരിക്കാന്‍ ബാല്‍ക്കണിയിലെ ജനലുകളും അടച്ചുകൊളുത്തിട്ടു. ഡോപോ ക്യാമറയായോ സിബുള്ളറ്റിന്‍ ക്യാമറയായോ, എ.ഐ ക്യാമറയായോ എങ്ങനെ വേണമെങ്കിലും രൂപം മാറാനറിയുന്ന ഞാനിപ്പോള്‍ ബൈക്ക് റൈഡിങ് ഭ്രാന്തുള്ള അവന്റെ ഹെല്‍മറ്റിലെ ഗോപ്രോയാണ്. ശീലിച്ചുപോയതിനാല്‍ എന്നെ പുറത്താക്കാന്‍ മറന്നതാണ്.

ആറ് വര്‍ഷം മുന്‍പ് കൊച്ചിയിലെ നമ്പര്‍ വണ്‍ അഡ്വട്ടൈയ്‌സിങ് കമ്പനിയുടെ പ്രൊഡക്ഷന്‍ ടീം ക്യാപ്റ്റനായി ധാനിഷ് വരുമ്പോള്‍, കമ്പനിയില്‍ അവതാരകയും പ്രോഗ്രാം എക്‌സിക്യൂട്ടീവുമായിരുന്നു ദില്‍ഷ. ജോലിയില്‍ പലപ്പോഴായി തൊഴുത്തില്‍ കുത്തുകള്‍ ഉണ്ടായെങ്കിലും 'ഞങ്ങള് കണ്ണൂര്‍ക്കാരാണപ്പാ' എന്ന രസതന്ത്രം പ്രാവര്‍ത്തികമാക്കിയതിനാല്‍ രണ്ടാളേയും കമ്പനി മുന്‍നിരയില്‍ത്തന്നെ നിലനിര്‍ത്തി. ഇന്നലെത്തൊട്ട് കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. നിമിഷംതോറും വളരുന്ന ഒരു ഭയപ്പാടിലേക്ക് ഈ കൊച്ചിക്കാലത്തിനിടയില്‍ അവന്‍ ആദ്യമായി അകപ്പെട്ടു. ഇന്ന് ഒറ്റപ്പകല്‍കൊണ്ട് 'മതിലകത്ത് ഫാമിലി' ഗ്രൂപ്പില്‍നിന്ന് പുറത്താക്കപ്പെട്ട അവനെ ആ അപമാനം തീരുംമുന്‍പ് വല്ല്യമ്മ പങ്കജാക്ഷി ടീച്ചര്‍ വാട്‌സ് ആപ്പില്‍ ബ്ലോക്കുചെയ്തു. വേണ്ടപ്പെട്ട എല്ലാ ഗ്രൂപ്പുകളില്‍നിന്നും റിമൂവ് ചെയ്യപ്പെട്ടു. മെസ്സന്‍ജറിലും തെറിവിളിക്കുശേഷമുള്ള ബ്ലോക്കുകളുടെ എണ്ണം മണിക്കൂറിനനുസരിച്ചു കൂടിക്കൊണ്ടിരിക്കുന്നു. നാട്ടുകാരുടേയും കൂട്ടുകാരുടേയും കുടുംബക്കാരുടേയും ഇന്‍ബോക്‌സില്‍ അവനിപ്പോള്‍ തൊലഞ്ഞു കിടപ്പുണ്ട്.

ധാനിഷിന്റെ കസിന്‍ ബ്രിജിത്താണ് വീഡിയോയെക്കുറിച്ച് പറയാന്‍ ആദ്യം വിളിച്ചത്. 'യുവര്‍ ഫ്രണ്ട് ഓണ്‍ എ പോണ്‍ വീഡിയോ' എന്ന സന്ദേശത്തോടെയാണ് അയാള്‍ക്ക് എഫ്.ബി മെസഞ്ചറില്‍ വീഡിയോ കിട്ടിയത്. 'പെട്ടല്ലേ അളിയാ...' എന്നു കിട്ടിയ തക്കത്തിനു കുത്താന്‍വേണ്ടി വിളിച്ചവരോട് പ്രത്യേകിച്ചു മറുപടിയൊന്നും പറയാതെ ധാനിഷ് ഉരുകിയൊലിച്ചു.

ദില്‍ഷയ്ക്ക് വീഡിയോ അയച്ചുകൊടുത്തത് കമ്പനിയിലെ ലേഡി ഫോട്ടോഗ്രാഫര്‍ സ്‌റ്റെല്ല സൂസനാണ്. ഇനിവരുന്ന പ്രൊജക്റ്റിലേക്കുള്ള മോഡല്‍ സെലക്ഷന്റെ സാമ്പിള്‍ ക്ലിപ്പുകളിലേതോ എന്നു കരുതിയാണ് വീഡിയോ ഓപ്പണ്‍ ചെയ്തത്. സ്‌ക്രീനില്‍ ഒരു സുന്ദരിപ്പെണ്ണ്. തിരിച്ചറിയാനാവാത്തവിധം പഴുതടച്ച നിര്‍മ്മിത സുന്ദരി. വീഡിയോയില്‍ ധാനിഷിനെ കണ്ടതോടെ ദില്‍ഷ ഞെട്ടി. സുന്ദരിപ്പെണ്ണ് സ്‌ക്രീനിന്റെ ഇടതുവശം ചേര്‍ന്ന് താഴ്ഭാഗത്തേക്ക് ചതുരപ്പെട്ടു. ദില്‍ഷ അമ്പരന്ന് കട്ടിലിലേക്ക് അമര്‍ന്നിരുന്നു. ഫ്‌ലാറ്റിലെ കറുത്ത സെറ്റിയിലിരുന്ന് വെളുവെളുത്ത ആ ലേഡി മോഡലിന്റെ നിര്‍ദ്ദേശങ്ങള്‍ അവന്‍ ക്ഷമയോടെ അനുസരിക്കുന്നു. തോന്നലാണോ സത്യമാണോ എന്ന് ദില്‍ഷയ്ക്കു സംശയമായി. ഏതോ വലിയ മായ കാട്ടാന്‍ നില്‍ക്കുന്നപോലെ ആ പെണ്ണ് അതിന്റെ അരയില്‍ക്കിടന്ന ഒരു നേര്‍ത്തപാട കാലിലൂടെ ഉരിച്ചിട്ടു. നഗ്‌നതകൊണ്ട് പ്രതിരോധിക്കുന്ന സമരതന്ത്രമാണോ?

ചെമ്പന്‍മുടിക്കാരിയായ ആ മോഡല്‍ ഒരു വെള്ളക്കൂറയാണെന്ന് ദില്‍ഷയ്ക്കു തോന്നി. കൂറപ്പെണ്ണ്, മിനുത്ത ബാത്‌റൂമിന്റെ ഒരു മൂലയിലേക്ക് പതുങ്ങിയിരുന്നു. അറ്റം ചുവന്ന അതിന്റെ മുലകളാട്ടി. കല്ലുപതിപ്പിച്ച പൊക്കിള്‍ക്കുഴി വെട്ടിത്തിളങ്ങി. ചെത്തുവീണതും പച്ചകുത്തിയതുമായ കൈകള്‍ നീട്ടി. കുന്തളിച്ച തുടയിലൂടെയത് മേലെക്കുഴിഞ്ഞു. ദില്‍ഷയ്ക്ക് ചങ്ക് വരഞ്ഞുതേച്ചപോലെ ഒരു പുകച്ചിലിറങ്ങി. കൂറ വലതുകയ്യിലെ വെപ്പുനഖങ്ങള്‍ ഊരിമാറ്റി. ചൂണ്ടുവിരലും നടുവിരലും ഉയര്‍ത്തി തെറുത്തുകാട്ടി ചുംബിച്ചു. അതേ വിരലുകള്‍ താഴ്ത്തി ഉടലിന്റെ നടുക്ക് കുഴിയെടുക്കാന്‍ തുടങ്ങി.

കട്ട് , ഗ്രെയ്ന്‍സ് കയറി കാഴ്ച പിടച്ചുരുണ്ട് ദില്‍ഷക്ക് വയറ്റില്‍നിന്ന് ഒരു മൂളല്‍ തിരിച്ചുകയറി. കൂറയ്ക്ക് ശ്വേതരക്തമെന്ന് എഴുതിച്ച്, റെക്കോര്‍ഡ് ബുക്ക് നടുതുളച്ചു മാര്‍ക്കിട്ട ജനാര്‍ദ്ദനന്‍ മാഷ് വെള്ള ജുബ്ബയിട്ട് സ്വര്‍ഗ്ഗത്തില്‍നിന്ന് അങ്ങോട്ടിറങ്ങിവന്നു. പണ്ടത്തേതിന്റെ ബാക്കി, ദില്‍ഷയുടെ ഉടലിലൂടെ അയാള്‍ അടിപടലം ചൂരലോട്ടി. പക്ഷേ, അടികൊണ്ടത് തനിക്കെന്നപോലെ ആ എരണംകെട്ട വെള്ളക്കൂറ ഉടനെ ധാനിഷിനോട് തുണി യാചിച്ച് കരയാന്‍ തുടങ്ങി.

അതിന്, ഈ പന്നപ്പെണ്ണിന്റെ വസ്ത്രങ്ങള്‍ ആരൊളിപ്പിച്ചെന്നാണ്? ശുദ്ധ ലീലാവിലാസം. ചന്തമുള്ള ചേലകളാടുന്ന വലിയൊരു മരക്കൊമ്പ് ദില്‍ഷയുടെ മനസ്സില്‍ തൂങ്ങി. മേലോട്ടുനോക്കി മുലകള്‍ പൊത്തിക്കരയുന്ന കുറേ പെണ്ണുങ്ങള്‍ ഉള്ളില്‍ നിറഞ്ഞു. അതിലൊരുത്തിയെങ്കിലും വെള്ളത്തില്‍നിന്നു ചങ്കൂറ്റത്തോടെ കയറിവന്ന് അവളുടെ തുണിമോഷ്ടിച്ചവനെ വലിച്ചിറക്കി രണ്ടെണ്ണം പൊട്ടിച്ചുവിട്ടിരുന്നെങ്കില്‍... പണ്ട്, അമ്മ പറഞ്ഞ കഥയില്‍ അവളിട്ട

ആ ട്വിസ്റ്റിന് അമ്മയുടെ വിരല്‍കൊണ്ടതാണ് ഇപ്പോഴും തുടയില്‍ കറുത്തപൂവായ് വിരിഞ്ഞുകിടക്കുന്നത്. അന്തകാലത്തെ സംബന്ധത്തിനും ഇന്തകാലത്തെ ഹുക്ക് അപ്പിനും ഇടയില്‍ ഒരു സ്‌പെഷ്യല്‍ മാര്യേജ് ആക്ട് തലമുറയുണ്ട്. അതില്‍പ്പെട്ട ആളാണ് അമ്മ. തെറ്റിപ്പോവാറുണ്ടെങ്കിലും

ആ തലമുറയില്‍പ്പെട്ട പാവങ്ങള്‍ ഇപ്പോഴും മനുഷ്യരുടെ കാതും മുടിയും കണ്ടാണ് ആണോ പെണ്ണോ എന്നു തിരിച്ചറിയുന്നത്. അത്രപേര്‍ ഊരിയിട്ടും തീരാത്ത തുണിയോ പാഞ്ചാലിക്കെന്ന് ചോദിച്ചപ്പോഴാണ് അമ്മ തട്ടാനെ വിളിച്ചുവരുത്തി അവളുടെ മൂക്ക് കുത്തിച്ചുവിട്ടത്. അങ്ങനെ മിക്ക കഥകളുടേയും അവസാനത്തില്‍ നാവിന്റേയോ നിലപാടിന്റേയോ ഗുണവ്യത്യാസത്തില്‍ ദില്‍ഷ ശിക്ഷ ഏറ്റുവാങ്ങിയിരുന്നു.

വിപ്ലവം. ധാനിഷ് അവന്റെ തുണി ഊരി വെള്ളക്കൂറയ്ക്ക് എറിഞ്ഞുകൊടുത്തു. കണ്ണും മുഖവും തള്ളിച്ച് ചുവട്ടിലേക്ക് ഉടല്‍ കൂര്‍പ്പിച്ച് ഒറ്റനിമിഷംകൊണ്ട് ഒരു കഥയുടെ രാഷ്ട്രീയം അവന്‍ മാറ്റിക്കളഞ്ഞു. സ്‌ക്രീനില്‍ നിറഞ്ഞ അവനെ കണ്ടിട്ട് ബ്ലാക്ക് ക്യാറ്റ് വെര്‍ജിനിയാ സിഗരറ്റ് പായ്ക്കിലെ കണ്ടന്‍പൂച്ചയാണെന്ന് അവള്‍ക്കു തോന്നി. കറുത്തപൂച്ച ഇടയ്ക്കിടെ നാവുകാട്ടുന്നു. കണ്ണടച്ച് കൈനക്കിത്തോര്‍ത്തുന്നു. പോയിപ്പോയി പൂച്ചയുടേത് വീര്‍ത്തുവീര്‍ത്ത് പൊട്ടാറാവുന്നു. 'ശ്ശോ...' ദില്‍ഷ മുഖം ചുളിച്ചു. നെഞ്ചുമദിച്ചുപൊങ്ങിയ ഒരു ചുഴലിയില്‍പ്പെട്ട അവളുടെ അണപ്പല്ലിനിടയില്‍ കവിള്‍ത്തുമ്പു പെട്ടു. ആ സമയം മറുപുറത്ത് അതേ താളത്തില്‍ വെളുത്തരക്തം വാര്‍ന്ന് വെള്ളക്കൂറയ്ക്ക് മോക്ഷം കിട്ടി. അത് അവനോട് ചിരിച്ചുകൊണ്ട് കൈവീശി മോചിതയായി. നിങ്ങളുടെ രാജ്യത്തെ നിയമപ്രകാരം ഗൂഗിളില്‍പോലും തിരഞ്ഞാല്‍ വരാത്ത ഡിജിറ്റല്‍ ഓര്‍ഗാസം.

ദില്‍ഷയ്ക്ക് തലകറങ്ങി. വായ വരണ്ടും നാവിറങ്ങിയും അടിവയര്‍ വേദനിച്ചും അവള്‍ക്കു ശങ്കകയറി. അപ്രതീക്ഷിതമായ ഒരു നിരാശയെ കഴുകി തിരിച്ചുവന്നു. ഒന്നു തുടച്ചുകളയാന്‍ ഉടലാകെ മുഖം തപ്പി. ബുദ്ധിയൊന്നു തെളിഞ്ഞപ്പോള്‍ സ്‌റ്റെല്ലയുടെ ചാറ്റ് ബോക്‌സ്, ഡിലീറ്റ് മീഡിയ ഓപ്ഷനിട്ട് അപ്രത്യക്ഷമാക്കി. ബന്ധമുണ്ടായിരുന്ന, നീരജിനൊപ്പമുള്ള പല ഫോട്ടോസും വീഡിയോസും ഇന്‍ബോക്‌സില്‍നിന്നു ഡിലീറ്റ് ചെയ്തു. കളഞ്ഞിട്ടും 'എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ്' ആവാത്ത ഓര്‍മ്മകളെ പെരുക്കിച്ചിക്കി. അതിനിടയില്‍ അറിയാതെ കൈതട്ടി അയാള്‍ക്ക് ഒരു കാള്‍ പോയി.

കുറച്ചുകഴിഞ്ഞപ്പോള്‍ നീരജ് തിരിച്ചുവിളിക്കുന്നു. കമ്പനിയില്‍ ഫാഷന്‍ ഡിസൈനറായിരുന്ന അയാള്‍ കൊച്ചീന്ന് സ്വന്തം നാടായ തിരുപ്പൂരിലേക്ക് ഒരു വര്‍ഷം മുന്‍പാണ് സ്ഥലംമാറ്റം കിട്ടി പോയത്. ഉദ്ദേശിച്ചത് കാള്‍ കട്ട് ചെയ്യാനായിരുന്നെങ്കിലും അവള്‍ വിറച്ചുതൊട്ടത് പച്ചയില്‍. ആദ്യം കട്ടിലിലേക്കും അവിടുന്ന് അയാളുടെ സ്‌ക്രീനിലേക്കും ദില്‍ഷ ഇടര്‍ച്ചയോടെ കയറി. മുന്നിലേക്കു തൂങ്ങിക്കിടന്ന കുര്‍ത്ത പിന്നിലേക്കു വലിച്ച് നേരെയിട്ടു. നീരജ് ഉറക്കച്ചടവോടെ നോക്കിയിരിക്കുന്നു. എന്തുപറ്റി എന്നയാള്‍ ചോദിക്കുംമുന്നെ, 'നിങ്ങക്ക് ഒരു കുപ്പായം ഇട്ടൂടെ' എന്ന് സന്ദര്‍ഭംവിട്ട് അവള്‍ അങ്ങോട്ട് ചോദിച്ചു.

'ങേ... അടെന്ത്! ഓ നിനക്ക് സംസാറിക്കാന്‍ മൂഡില്ലെങ്കില്‍ പിന്നെ കാണാം കണ്ണേ...' അവള്‍ക്കെന്തു പറ്റിയെന്ന് ഒരു പിടിയും കിട്ടാത്തതുകൊണ്ട് മുറിമലയാളത്തില്‍ അത്രയും പറഞ്ഞ് അയാള്‍ മര്യാദയോടെ കാള്‍ കട്ട് ചെയ്തു പോയി. മുന്‍പ് അവളുടെ നിറത്തിന്റെ ഭൂപടാതിര്‍ത്തികള്‍ അയാളിലേക്ക് തുറന്നിട്ടിട്ടുണ്ട്. ഈ ഫാസ്റ്റ് രതി ലൈഫില്‍ തനിക്ക് മൊബൈല്‍ റിസ്‌ക്കുകളുണ്ടെന്ന് അവള്‍ക്കുറപ്പാണ്. ഇതുവരെ അതൊന്നും പുറത്തായിട്ടില്ലെന്ന സമാധാനത്തില്‍ നടുവിരലും ചൂണ്ടുവിരലും ഞൊട്ടയിട്ടു മടക്കിവച്ച് അവള്‍ പുതപ്പിനടിയിലേക്ക് ഒതുങ്ങി.

വെളുപ്പാന്‍കാലത്ത് ധാനിഷിന്റെ ചുണ്ടുകിട്ടാന്‍ കുറച്ചുനേരം ആവിപൊക്കിക്കിടന്നെങ്കിലും ഒടുക്കം കാപ്പിക്ക് തിളച്ചുവറ്റേണ്ടിവന്നു. ഉറങ്ങാതെ കരിഞ്ഞ അവന്റെ തലയ്ക്കു ചുവട്ടില്‍ ഉടല്‍ പിന്നെയും പുകഞ്ഞുനിന്നു. വിയര്‍പ്പുമണക്കുന്ന വസ്ത്രങ്ങളെ കുടുക്കിട്ടു നിര്‍ത്തി ധാനിഷ് ഫ്‌ലാറ്റിനു പുറത്തിറങ്ങി. പതിവു സെല്‍ഫിക്കായി ലിഫ്റ്റ് തിളക്കമുള്ള ഫ്രെയിമില്‍ കാത്തുനിന്നെങ്കിലും അവന്‍ മുഖംതാഴ്ത്തി. ഗ്രൗണ്ട് ഫ്‌ലോര്‍ ബട്ടണ്‍ അമര്‍ത്തി. മൂന്നാം നിലയില്‍ തുറക്കപ്പെട്ട ലിഫ്റ്റിലേക്ക് കാലെടുത്തുവച്ചതും രേഷ്മ ഡോക്ടര്‍ ധാനിഷിനെ കണ്ടു. ഡ്യൂട്ടിക്കു പോവാന്‍ ധൃതിയുണ്ടായിട്ടും അവനെ കണ്ടതും അവര്‍ അതേ വേഗതയില്‍ ആ കാല് തിരിച്ചെടുത്തു. അതോടെ, ഉള്ളില്‍നിന്നുണ്ടായ കുത്തൊഴുക്കില്‍ മുങ്ങിപ്പോവാന്‍ സാധ്യതയുള്ള ആ ചതുരത്തില്‍ അവന്‍ തീര്‍ത്തും ഒറ്റപ്പെട്ടു. നിമിഷം കഴിയുംതോറും മുറുകുന്ന അസ്വസ്ഥതയുടെ കുരുക്ക് വലിയുകയാണെന്ന് അവനു ബോധ്യമായി. കടകള്‍ക്കു മുന്നിലും റോഡിലും ട്രാഫിക്കിലുമൊക്കെയിരുന്ന് തുറിച്ചുനോക്കുന്ന ക്യാമറകളെ കൈകൊണ്ട് മറച്ച് ധാനിഷ് ബൈക്കോടിച്ചു. അടുത്തുള്ള ആശ്രമത്തിലെ ദൈവം വിളിച്ച പത്രസമ്മേളനത്തിനു പോകുന്ന ഭരണക്കാരും മാധ്യമവണ്ടികളും റോഡുമുടക്കിയെങ്കിലും തിരിച്ചറിയപ്പെട്ടാലുള്ള അവസ്ഥയോര്‍ത്താവണം കിട്ടിയ ഗ്യാപ്പില്‍ ബൈക്ക് അവനേയുംകൊണ്ട് ഊര്‍ന്നുപോന്നു. മുപ്പത്തിമുക്കോടി കണ്ണുകള്‍ ലൈവ് തുറക്കുന്ന നാട്ടില്‍ ഇക്കണ്ട യൂട്യൂബര്‍മാര്‍ക്കിടയിലൂടെ കടന്നുപോകുമ്പോള്‍ സൂക്ഷിക്കണം. ഒതുക്കത്തില്‍ പരിശീലിക്കേണ്ട ഭക്തി പരസ്യമാക്കിയും ഒച്ചയെടുത്തു പരിശീലിക്കേണ്ട തൃപ്തി രഹസ്യമാക്കിയും ശീലിച്ചവരല്ലെ നിങ്ങള്‍?

അവന്‍ ഓഫീസില്‍ എത്തിയില്ല, അതിനുമുന്‍പേ വിളിവന്നു. കുറച്ചു ദിവസത്തേക്ക് അങ്ങോട്ട് വരേണ്ടതില്ലെന്ന്. ഒറ്റ സീന്‍ കാരണം ഓടിക്കാനാവാതെ പൊട്ടിപ്പോയ ജീവിതത്തിനു മുന്നില്‍ ധാനിഷ് മടുത്തുനിന്നു.

അവനെ വിളിച്ചിട്ട് കിട്ടാതായപ്പോള്‍ ദില്‍ഷയ്ക്ക് സംശയമായി. നിങ്ങളുടെ നാട്ടില്‍ ഒരാളുടെ ഫോണ്‍ നമ്പര്‍ കട്ടായെങ്കില്‍ അയാള്‍ക്ക് ദാരിദ്ര്യമായെന്നും ആ അവസ്ഥ തുടര്‍ന്നാല്‍ അയാള്‍ ആത്മഹത്യ ചെയ്യുമെന്നും ഊഹിക്കണം. അതുകൊണ്ട്, ഒരാളെ വിളിച്ചിട്ട് കിട്ടാതായാലും ഓണ്‍ലൈനില്‍ കാണാതായാലും അയാള്‍ അപകടപ്പെട്ടെന്നു കരുതി തിരക്കുന്നവരെയാണ് ഈ കാലത്ത് മനുഷ്യരായി കാണേണ്ടത്. ധാനിഷ് ഈ അര്‍ദ്ധരാത്രിയില്‍ മരിച്ചുപോവരുതെന്ന് അവള്‍ അതിയായി ആഗ്രഹിച്ചു. അവന്റെ ഡി.പിയിലെ കാക്കപ്പുള്ളിയില്‍ അമര്‍ത്തിച്ചുംബിച്ചു. 'നിന്നെ ചുംബിക്കുകയെന്നാല്‍ കോടാനുകോടി നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും മറ്റാരുമറിയാതെ മടിക്കുത്തിലൊളിപ്പിക്കുക എന്നാണ്...' ചൂണ്ടുവിരലില്‍ ഗാഢമായി ചുംബിച്ച് സ്‌ക്രീന്‍ വഴുക്കാതെ ദില്‍ഷ വീണ്ടുമെഴുതി, 'ഒരു കുത്തെങ്കിലും തിരിച്ചയക്കടാ... ഞാനത് ഒരു ഗ്രഹമായ് വായിച്ചോളാം. ഈ നശിച്ച മാനം വിട് നീ.' ആ രണ്ടു മെസ്സേജുകളും അവനിലേക്കു ശരിപ്പെടാതെ കിടന്നു.
ചിത്രീകരണം
ചിത്രീകരണംസചീന്ദ്രന്‍ കാറഡുക്ക

പാതിരാത്രിയില്‍ അഞ്ച് കിലോമീറ്റര്‍ സ്‌കൂട്ടര്‍ ഓടിച്ചുവന്ന ദില്‍ഷ, പൈപ്പ്‌ലൈന്‍ റോഡിലെ ഫീനിക്‌സ് ഗ്രൂപ്പിന്റെ പുതിയ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിനു മുന്നില്‍ നിര്‍മ്മിതി പിഴച്ച പ്രതിമപോലെ ചരിഞ്ഞുനിന്നു. സെക്യൂരിറ്റി ഒരു കള്ളച്ചിരിയോടെ ഗേറ്റ് പാതിതുറന്നിട്ടു. അയാളുടെ ഉളുക്കിയ കഴുത്ത്, അഞ്ചാംനിലയിലെ ലൈറ്റ് അണക്കാത്ത മുറിയിലേക്ക് പതുക്കെ തിരിച്ചുവെച്ചു. പകല്‍തൊട്ട് മുറിയടച്ചിരിക്കുന്ന ധാനിഷിനെയോര്‍ത്ത് അയാളുടെയുള്ളില്‍ ചിരിപൊട്ടി.

പനിച്ചുവിറച്ചു കിടന്ന ധാനിഷ്, മുട്ടിന്റെ മൂന്നാംനിറുത്തില്‍ കതകുതുറന്നു. ദില്‍ഷ അകത്തുകയറി. അവള്‍, അവന്റെ ഉള്‍ഭയത്തെ ഉന്തിവീഴ്ത്തി കഴുത്തില്‍ മലര്‍ത്തിത്തൊട്ടു. 'ഓരോന്ന് ഒപ്പിച്ചുവച്ചിട്ട്... ഇനി നീ ഇരുന്ന് ചുട്.' അവര്‍ അറച്ചുനില്‍ക്കുന്നതിനിടയില്‍ മൗനംമാത്രം കുറച്ചുനേരത്തേക്കു കൈകോര്‍ത്ത് അവിടെയിരുന്നു.

'നീ പനിക്ക് ടാബ്ലെറ്റ് വല്ലോം കഴിച്ചോ?'

'ഇല്ല.'

'ഓഹോ... ബെസ്റ്റ്, എല്ലാ തവണയും പരിപാടി കഴിഞ്ഞ് എന്നെക്കൊണ്ട് ടാബ്ലെറ്റ് കഴിപ്പിക്കുന്ന ആ ഓര്‍മ്മയിലാണോ ഈ പുണ്യാളിച്ച ഇരിപ്പ്?'

'ഡീ... നീ എന്റെ പനി കൂട്ടാന്‍ വന്നതാണൊ?'

'അയ്യോടാ... ഒരു പാവം. നിന്റെ പേടിപ്പനി മാറ്റാനൊന്നും എന്നെക്കൊണ്ട് പറ്റില്ലപ്പാ.' ദില്‍ഷ, മേശവലിപ്പിലെ ഡപ്പയില്‍നിന്നു പാരസെറ്റമോള്‍ തപ്പിയെടുത്തു. അവന്റെ ഫോണ്‍ ഇപ്പോഴും ബെഡില്‍ കിടന്നു മൂളുന്നുണ്ട്. ആ വൈബ്രേഷന്‍ കിട്ടിയ ദില്‍ഷ: 'നീ ഫോണ്‍ എടുക്കെടാ.' നോട്ടം ചെന്നുനിന്നിടത്ത് അവളൊന്നു ഞെട്ടി. ഫോണിന്റെ ഫ്രണ്ട് ക്യാമറയും ബാക്ക് ക്യാമറയും ഒരു മെഡിക്കല്‍ പ്ലാസ്റ്റര്‍ നീട്ടിയൊട്ടിച്ച് മറച്ചുവച്ചിരിക്കുന്നു. 'യെന്റെ ദൈവമേ... അപ്പൊ നിന്റെ കിളി മൊത്തത്തില്‍ പോയോ...' അവള്‍ ഒച്ചവെച്ചു.

ധാനിഷ്, കരച്ചില്‍ മുട്ടിയ കുട്ടിയെപ്പോലെ സെറ്റിയിലേക്കിരുന്നു. മുഖം പൊത്താനാഞ്ഞെങ്കിലും അവന് കൈകള്‍ കുഴഞ്ഞു. ഏതുനിമിഷവും ബോധം പോകാമെന്ന അവസ്ഥയിലേക്ക് ഉടലയഞ്ഞ് ചാഞ്ഞു.

'ശ്ശോ... എന്തായിതെന്റെ ധാനിഷേ...!'

ദില്‍ഷ ഫോണ്‍ കട്ടിലിലേക്കു തിരിച്ചെറിഞ്ഞ്, അവന്റെ അരികിലേക്ക് ഓടി. അടഞ്ഞ കണ്ണുകളുള്ള അവന്റെ മുഖം കോരിയെടുത്ത് അവളുടെ വയറിലേക്ക് അമര്‍ത്തിച്ചേര്‍ത്തു. കുട്ടിക്കുര്‍ത്തയുടെ നേര്‍ത്ത ഇഴകള്‍വിട്ട് അവളുടെ പൊക്കിളില്‍നിന്ന് ഒരു വഴുത്തകൊടി വളര്‍ന്ന് അവന്റെ കഴുത്തില്‍ ചുറ്റിയതുപോലെ അവളുടെ അരയില്‍ കെട്ടിപ്പിടിച്ച് അവന്‍ അമ്മയെ മണത്തു. കാമത്തിന്റെ അര്‍മാദാവസ്ഥയില്‍ ഒരുവന്‍ എത്രമേല്‍ ഉടല്‍ഭാരം ഇല്ലാത്തവനാകുന്നുവോ അത്രമേല്‍ കനപ്പെട്ടുപോവും പ്രേമം വറ്റുമ്പോഴും എന്ന് അവളറിഞ്ഞു. ആ മുറുകലിന്റെ മൂര്‍ച്ഛയില്‍ കണ്ണുകളടച്ച ധാനിഷ് അവളുടെ അരയില്‍ പിടഞ്ഞുതൂങ്ങി. ഒരു വാര്‍ന്ന ചാലായി അവളിലേക്കു തൂര്‍ന്നുകിടന്നു. ദില്‍ഷയുടെ പൊക്കിളിനുമാത്രം കേള്‍ക്കാന്‍പാകത്തില്‍ അവന്‍ പിറുപിറുത്തു. അവന്റെ കണ്ണിനോടുചേര്‍ന്ന് മുഴച്ചുമൂത്തുനിന്ന കാക്കപ്പുള്ളി പകര്‍ന്ന് അവളുടെ വയറില്‍ കറുത്തപൊട്ട് മുളയ്ക്കുമെന്ന് ഏതാണ്ടുറപ്പായി. എങ്കിലത് അവനില്‍നിന്ന് നുള്ളിവയ്ക്കാതെ അവളില്‍ അടയാളപ്പെടുന്ന ആദ്യത്തെ പുള്ളിയാവണം.

'നീ ഇങ്ങനെ തളര്‍ന്നു തരിപ്പണമായി ഇരുന്നിട്ടെന്തടാ കാര്യം?'

ധാനിഷിനു മറുപടിയില്ല.

'പോയി കിടക്ക്. ഉറങ്ങാന്‍ നോക്ക്' ദില്‍ഷ അവന്റെയടുത്ത് ഇരുന്നു.

'നിനക്ക് ഈ രാത്രി പോകാതിരുന്നൂടെ?' മരിക്കുമെന്ന് തോന്നിയപ്പോള്‍ അവന്റെ മൗനം പൊട്ടി.

'പോകുന്നില്ല. ഞാനീ സെറ്റിയില്‍ കിടക്കാം. നീ പോയി കിടക്ക്', അവള്‍ ബെഡ് ചൂണ്ടി.

ധാനിഷ് എഴുന്നേറ്റ് ബെഡില്‍ പോയി ഇരുന്നു. ചുമരിലെ കബോര്‍ഡില്‍ പതിപ്പിച്ച നീളന്‍ കണ്ണാടി അവന് ഒരു സ്‌ക്രീന്‍ ആയിത്തോന്നി. നൂലില്‍ തൂങ്ങിയാടുന്ന തുണിയില്ലാത്ത ഒരു കുഞ്ഞുബൊമ്മയെ അവനതില്‍ കണ്ടു.

send one lakh ruppes immediately to prevent your nude video from being leaked....ഇത്രയും വലിയ ഭവിഷ്യത്ത് പ്രതീക്ഷിക്കാത്തതിനാല്‍ ആ മെസ്സേജ് ഡിലീറ്റ് ചെയ്ത് അജ്ഞാതമായ ഒരു അക്കൗണ്ട് ഇന്നലെ ബ്ലോക്ക് ചെയ്തിരുന്നു. ആ മെസ്സേജ് കണ്ണാടിയിലൂടെ അവനു ഫ്‌ലാഷ് ലൈന്‍ പോകുന്നു. കണ്ണുകളില്‍ കവിഞ്ഞ ആ ഭ്രമത്തെ അവന്‍ വായുവില്‍ ചൂണ്ടുവിരലാല്‍ തേച്ചുകളഞ്ഞു. പൊറുപ്പിക്കാനാവാത്ത കണ്ണാടി ഉടച്ചുകളയാന്‍ ചാടിയെഴുന്നേറ്റു.

'നീ കിടക്കുന്നോ? അതോ ഞാന്‍ ലൈറ്റ് ഓഫ് ചെയ്യണോ.'

അശരീരി കേട്ടതും ബര്‍മുഡയില്‍ കൈ പിണച്ചുവച്ച് കണ്ണുകള്‍ തുറിച്ച് ധാനിഷ് അവിടെത്തന്നെ നിന്നു. കണ്ണാടിയിലേക്ക് ഇരുട്ടുവീണപ്പോള്‍ അവന്‍ കാലുകള്‍ പിന്‍വലിച്ച് കട്ടിലിലേക്കു മലര്‍ന്നു. രാത്രി, അതിന്റെ അവസാന കമ്പളം അവന്റെ നെഞ്ചിലേക്കുതന്നെ വലിച്ചിട്ടു... ഇനി ഒരു പുലരിയുണ്ടാവണമെന്നില്ല.

എല്ലാ ദിവസവും കിടക്കും മുന്‍പ് വിളിക്കാറുണ്ടായിരുന്ന അമ്മ ഇന്നലെയും ഇന്നും വിളിച്ചിട്ടില്ല. ഇനി വിളിക്കുമെന്ന് തോന്നുന്നുമില്ല.

കണ്ണൂരെ പേരുകേട്ട വക്കീലും സഹപാഠിയുമായിരുന്ന ശശിധരന്‍നായരുടെ മൂത്തമോളെ മകനുവേണ്ടി അമ്മ നിശ്ചയിച്ചുവച്ചിരിക്കുകയായിരുന്നു. വീട്ടുകാര്‍ ഉറപ്പിച്ച പെണ്ണിനോട് അവന് ഇതുവരെ ഒരു അടുപ്പവും തോന്നിയില്ലെങ്കിലും നാട്ടില്‍ കിട്ടാത്ത തുണിയെല്ലാം വരുത്തിച്ച് കുളത്തില്‍ ചാടിയും എടുത്തുപൊക്കിയും അവര്‍ ഷൂട്ട് ചെയ്‌തെടുപ്പിച്ച ഒരു പ്രീ വെഡിങ് സി.ഡി നന്നായി ഓടി. കാര്യങ്ങളൊക്കെ അറിഞ്ഞ സ്ഥിതിക്ക് ശശിധരന്‍നായര്‍ കൂട്ടുകാരിയുടെ സൗഹൃദത്തെ മരണംവരെ തൂക്കിലേറ്റും. അമ്മയുടെ നിലയില്ലാത്ത കാലുകള്‍ ധാനിഷിന്റെ മുഖത്തിനു മുകളില്‍ ഇരുട്ടിലൂടെ ആടി. അവന്‍ ഒച്ചവച്ച് എഴുന്നേറ്റിരുന്നു.

'എന്തടാ നിനക്ക്.'

ദില്‍ഷ ലൈറ്റ് ഓണ്‍ ചെയ്തു.

'എനിക്ക് ഇനി നേരം വെളുക്കണമെന്നില്ലെടി...' അവനു ശബ്ദം കനച്ചു. ഉറക്കം തടസ്സപ്പെട്ടതിനാല്‍ തിരിച്ചെന്തോ പറയാന്‍ നാവില്‍ തിളപൊട്ടിയെങ്കിലും അകമഴിഞ്ഞു സ്‌നേഹിക്കുന്ന കാരണത്താല്‍ അവളുടെ ഒച്ച വെന്തുതൂവിയില്ല. പകരം, ബെഡില്‍ ചെന്നിരുന്ന് അവന്റെ വിരലുകളില്‍ വിരല്‍കോര്‍ത്തു. ആത്മവിശ്വാസത്തോടെ അവന്റെ കണ്ണുകളിലേക്കു നോക്കി.

'ഡാ, നീ എന്തിനാണിങ്ങനെ താളം തെറ്റുന്നത്?

നീ ഒന്ന് ആലോചിച്ചു നോക്ക്. ആളുകള്‍ നൃത്തം ചെയ്യുന്നത് ഉടലുകൊണ്ടല്ലേ! അതൊരു കലയല്ലേ? നീ നിന്റെ ഉടലുകൊണ്ടാടിയ കലയില്‍ നിന്റെ രൂപമാണ് ആഘോഷിക്കപ്പെടേണ്ടത്. മറ്റുള്ളവര്‍ എന്തുകണ്ടു എന്നത് നിന്നെ അലട്ടേണ്ടുന്ന കാര്യമല്ല.'

ധാനിഷ് അവളില്‍നിന്ന് കണ്ണുകള്‍ പിന്‍വലിച്ച് അവന്റെ കാല്‍പാദങ്ങളില്‍ നോക്കിയിരുന്നു.

'താളം അതിനുവേണ്ട ഉടല്‍ കണ്ടെത്തുന്നു. ഏത് പാട്ടിനൊപ്പവും ആളുകള്‍ നൃത്തം ചെയ്യുന്നു. രതിയും അതിനുവേണ്ട ഉടല്‍ കണ്ടെത്തുന്നു. നീയല്ലെങ്കില്‍ മറ്റൊരു ഉടലില്‍ അത് നൃത്തം തുടരും. രതി രതിക്കുവേണ്ടി മാത്രമാണ്.'

അവനില്‍ നിറയുന്ന കണങ്ങളിലേക്ക് അവള്‍ ആവുംവിധം അവളെ നിറച്ചുകൊണ്ടിരുന്നു.

'നിനക്കു മാത്രമായി ഒരു നേട്ടമോ നഷ്ടമോ ഉണ്ടായിട്ടില്ല. നിനക്ക് മാത്രമായ ഒരു കുറ്റവുമില്ല.'

ധാനിഷില്‍ ജീവിതത്തിന്റെ ഉപ്പും ചോറും കുഴഞ്ഞുകൂടുന്നത് അവള്‍ നോക്കിയിരുന്നു.

'കുറ്റമാണെങ്കില്‍, ഇവിടം വിട്ടുപോയിട്ടും മാറാത്തിപ്പെണ്ണില്‍ ഉടലേറുമ്പോള്‍ 'ദില്‍ഷ' എന്നുരുവിട്ടിരുന്ന നീരജും കുറ്റക്കാരനല്ലേ? നീ ആഴമളക്കുമ്പോള്‍ 'പൃഥ്വിരാജ്' എന്ന് ഉരുവിട്ടിരുന്ന ഞാനും കുറ്റക്കാരിയല്ലേ?'

'പൃഥ്വിരാജ്' നടനെയോര്‍ത്ത് ധാനിഷിന്റെ ചുണ്ടില്‍ ചിരിപടര്‍ന്നു. അവന്‍ മുഖമുയര്‍ത്തി ദില്‍ഷയുടെ മുഖത്തേക്കുതന്നെ നോക്കിയിരുന്നു. ചത്തിരുന്ന അവന്റെ കണ്ണുകള്‍ ചുവന്നു. അത്രമേല്‍ നിഗൂഢമായി തനിക്കുവേണ്ടി ഉടല്‍ പകുത്തവളുടെ ഉയിര്‍തൊട്ട് ഉള്ളില്‍ തൊഴുതു.

ശേഷം, പുലര്‍ന്നാലും പൊലിയാതിരിക്കാന്‍ രണ്ടു നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക് ഇറങ്ങി പുണര്‍ന്നുകിടന്നു. 'മാനം' വാശിയോടെ അവരെത്തന്നെ നോക്കിനിന്നു; നേരമൊന്നു വെളുപ്പിക്കാന്‍. സര്‍വ്വശക്തിയും നിറച്ച ഒരു നക്ഷത്രം മറ്റതിനോട് ചെവിയില്‍ മന്ത്രിച്ചു: 'അണയരുത്. അപകടകരമായി കത്തിനില്‍ക്കണം.'

ചിത്രീകരണം
ഈ കൂട്ടില്‍ കോഴിയുണ്ടോ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com