കെ.ടി.സതീശന്‍ എഴുതിയ കഥ: ദേശീയപാത

ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക
കെ.ടി.സതീശന്‍
കെ.ടി.സതീശന്‍

വശയായ ഒരു എരുമ നടന്നുവരും പോലെ രാഘവന്റെ മുച്ചക്രവണ്ടി റോഡരികിലൂടെ മുന്നോട്ടു കേറി. അയാള്‍ തന്നെയാണ് പെഡല്‍ തിരിച്ച് വണ്ടിയുരുട്ടിയത്. വലംകൈ തളരുമ്പോള്‍ ഇടംകൈ കൊണ്ടു തിരിച്ചും വണ്ടി മുന്നോട്ടുരുട്ടി. പുഴക്കാറ്റും ദൂരെ നിന്നൊരു പ്രസംഗവും നിരന്തരം വണ്ടിക്കകത്തേക്ക് വീശിയിരുന്നു. വ്യക്തതയില്ലാത്ത ഒരു നീക്കത്തിന്റെ പാതയിലേക്കെന്നപോലെ ഇമചിമ്മാതെ അയാള്‍ അതു തുടര്‍ന്നു.

വണ്ടിയുടെ മുകള്‍ഭാഗം മറച്ച ഫ്‌ലക്‌സ് കീറി മുഷിഞ്ഞിരുന്നു. അകവും അലങ്കോലമാണ്. കുറേ കടലാസുകളും മരുന്ന് ഡബ്ബയും രണ്ട് ഊന്നുവടികളുമെല്ലാം വണ്ടിക്കകത്തുണ്ട്.

സി.വി ജങ്ഷനിലേക്ക് അല്പം കൂടി ദൂരമേ ഒള്ളൂ. പെഡല്‍ തിരിച്ച് വലത് തോളെല്ല് വേദനിക്കുന്നുണ്ട്. അയാള്‍ കൈ ഒന്നു നീട്ടി കുടഞ്ഞു. സി.വി ജങ്ഷനിലൂടെ കടന്നുപോകുന്ന നെടുമ്പാതയുടെ പണി അവിടെ തിരക്കിട്ട് നടക്കുകയാണെന്നു കേട്ടു. വലിയ ലോറികള്‍ ഇരമ്പി നീങ്ങുന്നുവത്രെ. ഇരട്ടപ്പാലങ്ങളും വീതികൂടിയ റോഡും നികന്നുവരുന്നു. എത്ര പെട്ടെന്നാണ് ഇടങ്ങള്‍ക്ക് ഒരാളെ വേണ്ടാതെയാകുന്നത്.

പണ്ട് ചൂണ്ടയിടാനായി ക്ഷമയോടെ പതിയിരുന്ന പുഴക്കരയാണിത്. മാടുകള്‍ വരിയായി മേഞ്ഞിറങ്ങിയ പുല്‍ചതുപ്പായിരുന്നു. ഇന്നത് കര്‍മ്മ റോഡ് എന്ന തുറസ്സായ പാതയായി. ഒരു വശം ഓളം വെട്ടുന്ന പുഴയും മറ്റേവശം നിറഞ്ഞ മനുഷ്യജീവിതങ്ങളുമുള്ള വെളിച്ചമുള്ള പാത. ഹാര്‍ബറിലേക്കുള്ള വാഹനങ്ങള്‍ അതിലേ തിരക്കിട്ട് കടന്നുപോയി.

താനും കുഞ്ഞിക്കിളിയനും ഒരുമിച്ചാണ് ഇതിലേ പുഴയിറങ്ങിയിരുന്നത്. എരുന്ത് വാരാനും വേനലില്‍ വെള്ളരി നടാനും കന്നിനെ മേക്കാനും വാറ്റി കുടിക്കാനും കാറ്റ് കൊള്ളാനും പുഴയായിരുന്നു ആശ്രയം. ഇപ്പോള്‍ പുഴയരിക് കരിങ്കല്ല് കെട്ടി വേര്‍തിരിച്ചിരിക്കുന്നു. അന്യനാട്ടുകാരനെപ്പോലെ ഇന്നാട്ടുകാര്‍ക്കും സന്ദര്‍ശകരായി വന്ന് കരിങ്കല്‍ കെട്ടില്‍നിന്നു നെടുനീളെ കിടന്ന പുഴയിലെ അലകള്‍ നോക്കി നില്‍ക്കാം. വിനോദബോട്ടുകളെ കാണാം. അസ്തമയം കാണാന്‍ വരുന്നവര്‍ക്കുള്ളതായി ഇന്ന് പുഴ.

ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക

റോഡരികില്‍ തന്നെയാണ് ശ്മശാനം. അയാളത് നോക്കി. മുന്‍പൊക്കെ റോഡില്‍ നിന്നേ മണല്‍പരപ്പ് കാണാമായിരുന്നു. മതിലിനരികിലെല്ലാം മരങ്ങള്‍ വളര്‍ന്നു. കത്തിത്തീര്‍ന്ന ചിതയില്‍നിന്നുള്ള പുക മരങ്ങള്‍ക്കു മുകളില്‍ ഉയരുന്നുണ്ട്. രാവും പകലുമില്ലാതെ സമയം ചെലവിട്ടിരുന്ന മറ്റൊരു സ്ഥലമായിരുന്നു അത്. അതിന്റെ ആ കരിങ്കല്‍ഭിത്തി മാറ്റമില്ലാതെ ഇപ്പോഴുമുണ്ട്. ചിലയിടത്ത് തുളയും മടയും വീണു. ഓര്‍മ്മ തെളിയുകയാണോ തെറ്റുകയാണോ എന്നു നിശ്ചയമില്ല. വണ്ടി മുന്നോട്ടുരുളുംതോറും കയ്യുടെ കഴപ്പല പടര്‍ന്നു വേദനിക്കുന്നുണ്ട്. പതുക്കെ നീങ്ങിയത് അതുകൊണ്ടു മാത്രമല്ല. രണ്ടിരട്ടി വലിപ്പമുള്ള ലോറികള്‍ക്കിടയിലൂടെയാണ് തന്റെ മുച്ചക്രവണ്ടി ഉരുളുന്നത്. പേടിയാണ്.

ദേശീയപാതയ്ക്ക് സ്ഥലം നിര്‍ണ്ണയിച്ചയിടത്തെ തെങ്ങിന്‍തോപ്പുകളും പാടവുമെല്ലാം കുറേക്കാലം ഉടമകളില്ലാതെ പൊന്തകെട്ടി കിടന്നിരുന്നു.

ആ മറവുകള്‍ കുടിയന്മാരുടെ പറുദീസയായി. ഒഴിഞ്ഞ പുരയിടത്തിലെ ഉയരമുള്ള തെങ്ങുകളില്‍നിന്ന് ഇളനീര്‍ വെട്ടി ഇറക്കാന്‍ ആരുടേയും അനുമതി വേണ്ടാത്തതുകൊണ്ട് പണിയില്ലാതാകുമ്പോള്‍ താന്‍ തെങ്ങില്‍ കേറും. ഒരു കുല ഇളനീര്‍ ചെത്തി വിറ്റാല്‍ മുതല്‍മുടക്കില്ലാത്ത ചെറിയ വരുമാനത്തിനു മാര്‍ഗ്ഗമുണ്ട്.

അന്ന് എന്തോ വല്ലാതെ മനഃക്ലേശം തോന്നി. ഒരു നിമിഷം കുഞ്ഞിക്കിളിയനിലേക്കും തന്റെ ജീവിതത്തിലേക്കും ഓര്‍മ്മ തെന്നി. കുരല്‍ മറിഞ്ഞ് ഇളനീര്‍ക്കുല വലിക്കുമ്പോഴേക്കും ഉണങ്ങിയ മടലിനൊടൊപ്പം കൈകാലിട്ടടിക്കുന്ന ഒരു നിലവിളിയായി താഴേക്കു പതിച്ചു.

എങ്ങും ആരെയും കണ്ടില്ല. ഒരാളും ഓടിക്കൂടിയുമില്ല. കുടിയന്മാരുടെ ഉഴച്ച ചുവടുകളും ഇടറിയ വര്‍ത്തമാനങ്ങളും കുറേനേരം ചുറ്റും നടന്നു. പിന്നെ ഏതോ രണ്ടുപേര്‍ ചണച്ചാക്കില്‍ പൊതിഞ്ഞെടുത്ത് ഗൂഡ്‌സ് വണ്ടിയിലേക്കിട്ടു. സര്‍ക്കാര്‍ ആശുപത്രി ലക്ഷ്യം വെച്ച് വണ്ടി ഞെളിഞ്ഞും ഞെരങ്ങിയും പൊന്തകള്‍ക്കിടയിലൂടെ പാഞ്ഞു. ഓര്‍മ്മവരുമ്പോള്‍ ഭാര്യ അടുത്തു നില്‍പ്പുണ്ടായിരുന്നു. അവള്‍ കരഞ്ഞു.

പുറത്തുവന്ന തന്റെ ഞരക്കം മനസ്സിലാക്കിയെടുക്കാന്‍ എന്ന വണ്ണം അവള്‍ തിരിച്ചു ചോദിച്ചു:

'മോളോ?'

'ങും.'

'ഓള് വീട്ടിലാണ്.'

'ഒറ്റയ്‌ക്കോ?'

താനും കണ്ണു തുടച്ചു.

കാലിലെ പുതപ്പു നീക്കിയപ്പോള്‍ വലം കാല്‍മുട്ടിനു മുകളില്‍ വെച്ച് മുറിച്ചു മാറ്റിയിരുന്നു. അന്ന് മരവിച്ചുനിന്നതാണ് ജീവിതം. ഒന്നൊന്നര കൊല്ലം ഒന്നിനും പറ്റാത്തവിധം മണ്ണുമായി വേര്‍പെട്ടു. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പതുക്കെ മുച്ചക്രവണ്ടിയില്‍ പുറത്തിറങ്ങിത്തുടങ്ങിയത്. സി.വി ജങ്ഷനിലേക്കും ഇന്നാണ് ആദ്യമായി ഇറങ്ങുന്നത്.

ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക

'ഇവനേയ്, ഇവനൊക്കെ വേണ്ടി ഇവിടെയെത്ര നേതാക്കളുണ്ട്. ഗാന്ധിയില്ലേ ഈമ്മസ്സില്ലേ, ന്നിട്ട്... അംബേദ്കറുടെ ഫോട്ടോ തെരുവില്‍ പതിച്ച് തൊഴുന്നു മാലയിടുന്നു കുമ്പിടുന്നു. പന്നന്‍. അന്നേ നോട്ടമിട്ടതാ ഞാന്‍...'

ശിരസ്സില്‍ തുന്നിപ്പിടിപ്പിച്ച ഓലവട്ടിയിലാണ് അയാള്‍ ആദ്യം കേറിപ്പിടിച്ചത്.

തലേന്നു പിരിഞ്ഞുകിട്ടിയതില്‍ ബാക്കി കുറച്ച് അതിലുണ്ടായിരുന്നു. കൊടുത്തുതീര്‍ക്കാന്‍ അതു തികയുകയും ഇല്ല. പരിശോധനക്കായി ബലത്തില്‍ വട്ടി പറിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുറത്തി കുതറി. പരിപാടി കഴിഞ്ഞ് ഒരുമിച്ച് കൊടുക്കാമെന്ന് കുറവന്‍ പറഞ്ഞുനോക്കി. കിട്ടിയേ പോകൂ എന്നു ശഠിച്ച് ചെണ്ടക്കാര്‍ നിലത്ത് കുന്തിച്ചിരുന്നു.

വിചാരണയ്‌ക്കെടുക്കാന്‍ ഒരാളെ കിട്ടിയതിന്റെ ആനന്ദം ആള്‍ക്കൂട്ടത്തിനുണ്ട്. പലരും കണ്ട് പരിചയമുള്ളവരാണ്. അപരിചിതരുമുണ്ട്. 'പൈസ കൊടുത്ത് ഒഴിവാക്കടാ' എന്നു പറഞ്ഞ് അവര്‍ കുറത്തിയോടു കയര്‍ത്തു. 'പരിപാടി കഴിയട്ടെ. നടക്കാന്‍ പോണല്ലേ ള്ളൂ' അതു പറഞ്ഞപ്പോള്‍ പിറകില്‍നിന്ന് ഒരാള്‍ കുറത്തിയുടെ വാര്‍മുടി മേലേക്കുയര്‍ത്തി. മുടി പറിഞ്ഞ വേദനയോടൊപ്പം ഓലവട്ടിയും വാര്‍മുടിയും ഒന്നിച്ച് അയാളുടെ കയ്യോടൊപ്പം പോയി. വേദനിച്ചിടത്ത് തടവിക്കൊണ്ട് കുറത്തി ശബ്ദമുയര്‍ത്തിയപ്പോള്‍ ആള്‍ക്കൂട്ടം കുറത്തിയെ തല്ലാനോങ്ങി മുന്‍പോട്ടും പിറകോട്ടും പിടിച്ചുതള്ളി. അവന്റെയൊരു കുറത്തിയും കുറവനും എന്നു പുച്ഛിച്ചു. അവര്‍ക്ക് കുറത്തിയുടെ ബ്ലൗസ് അഴിച്ചു കാണണമെന്നുണ്ടായിരുന്നു. പിടിവലിക്കിടെ ആരുടേയോ ഒരു കൈ ചേലക്കുത്തില്‍ പിടിച്ചുവലിക്കുകയും പാവാടയില്‍ ചവിട്ടി കുറത്തിയെ പിറകോട്ടുന്തുകയും ചെയ്തതോടെ കുറത്തി അടിതെറ്റി വീണു. റോഡില്‍നിന്നെണീക്കുമ്പോള്‍ 'അരുതെടാ അരുതെടാ' എന്ന് കുറത്തി തൊഴുതു.

അറവുമാടിന്റെ തൊലി ചീന്തുംപോലെ പിറകില്‍നിന്നും രണ്ടു പേര്‍ കൂക്കിവിളിച്ച് കുറത്തിയുടെ ബ്ലൗസ് വലിച്ചൂരി. കയ്യില്‍ കുപ്പിവളയും തുണിനിറച്ച മാറിടവും വരയന്‍ ടൗസറുമായി പരിഭ്രമിച്ചു പോയ കുറത്തി കടുംചായമിട്ട ചുണ്ടുമായി വിതുമ്പി. നിലത്തിരുന്നു തലയടിച്ചു കരഞ്ഞു. കവിളിലിട്ട മനയോലയിലൂടെ കണ്‍മഷി ഉരുണ്ടു. അയാള്‍ ആകെ വിയര്‍ത്തു.

സഹിക്കാനാവാത്ത അപമാനത്തെ ഓര്‍ത്ത് മുച്ചക്രവണ്ടിയുടെ തറയില്‍ ആഞ്ഞു ചവിട്ടിയപ്പോള്‍ ഉണങ്ങിയ കശുമാങ്ങപോലെ മുറികൂടിയ മുട്ടുകാലിന്റെ തുമ്പ് ഇളകി. തുടരെത്തുടരെ മീശ ഇറക്കുകയും തെറുത്തുകയറ്റുകയും ചെയ്ത കുറത്തി എല്ലാം ക്ഷമിച്ച് പെഡല്‍ വീണ്ടും മുന്നോട്ടുരുട്ടി.

പുതുതായി പണിഞ്ഞ നിള പൈതൃക മ്യൂസിയം പുഴയോരത്ത് തലനീര്‍ത്തി നിന്നത് അയാളുടെ കണ്ണില്‍പ്പെട്ടു. മ്യൂസിയത്തിന്റെ മുറ്റത്തോടു ചേര്‍ന്ന് പത്തേമാരിയുടെ ഇരുമ്പു മാതൃകയും കടല്‍ ചിത്രവുമുണ്ട്. കുട്ടികളും കുടുംബവുമായി ആളുകള്‍ മ്യൂസിയത്തിന്റെ മുറ്റത്തുനിന്നു മൊബൈലില്‍ ചിത്രങ്ങള്‍ എടുക്കുകയാണ്. വന്നിറങ്ങിയവരുടെ പൈതൃകത്തെ ആഘോഷിക്കാന്‍ അഴിമുഖവും പുഴയോരവും എന്നും എപ്പോഴും താല്പര്യം കാട്ടിപ്പോന്നു. വന്നവര്‍ക്ക് അഭയം കൊടുത്ത തറവാട്ടുകാരും പൈതൃകത്തിന്റെ പങ്കില്‍ ആനന്ദിച്ചു. കടല്‍ കടന്നുപോയ അടിമകളുടെ ജീവിതമോ അവര്‍ക്കു സംഭവിച്ച സഹനമോ ചരിത്രമോ എങ്ങും പ്രധാനമേ ആയില്ല. പറയുകയോ പരിഗണിക്കുകയോ ഇല്ല. പിന്നെ ഇത് ആരുടെ പൈതൃകം.

മ്യൂസിയത്തിനു മുന്നിലെ വാകമരത്തിന്റെ വേരില്‍ കുഞ്ഞിക്കിളിയന്‍ ഇരിക്കുന്നതുപോലെ കുറത്തിക്കു തോന്നി. വെയിലേറ്റ് വയ്യാതാകുമ്പോള്‍ പുഴക്കരയില്‍, അവന്‍ വന്നിരിക്കാറുണ്ടായിരുന്നു. കുറത്തി വണ്ടി നിര്‍ത്തി. നെഞ്ച് വേദനിക്കുന്നുണ്ട്. വയറിലെ പേശികളും വലിയുന്നു. കുറച്ച് വെള്ളം എടുത്തു കുടിച്ചു.

'കെട്ടിപ്പൊക്കുന്ന പൈതൃകം തോറ്റുപോയവനെ നിന്ദിക്കാനുള്ള ഉപകരണമാണ് രാഗവാ...'

കുഞ്ഞിക്കിളിയന്‍ ചിരിക്കുന്നതു കണ്ടപ്പോള്‍ കുറത്തി ചോദിച്ചു:

'ഇന്ന് തോണിയിറക്കിയില്ലേ... പൊഴേല് എര്‌ന്തെടുക്കാനൊന്നും പോയില്ലേ...?'

വാകമരത്തിന്റെ തണലില്‍ കുഞ്ഞിക്കിളിയന്‍ ഉണ്ടായിരുന്നില്ല. പുഴക്കാറ്റേറ്റ് കാറ്റാടിമരം അവിടെ ചൂളംവിളിച്ചു നിന്നു.

പണി നടക്കുന്ന ദേശീയപാതയിലേക്ക് മുച്ചക്രവണ്ടി കേറിക്കഴിഞ്ഞിരുന്നു. സി.വി ജങ്ഷനിലേക്ക് അത് ഉരുളുന്നത് കുറത്തി അറിഞ്ഞു. ജങ്ഷനിലെ പാതയോരത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങള്‍ പല സമയങ്ങളിലായി നടക്കാറുണ്ട്. ഇപ്പോഴും കേള്‍ക്കുന്നുണ്ട് ഉശിരന്‍ ശബ്ദത്തില്‍ ഒരു രാഷ്ട്രീയ പ്രസംഗം. കാറ്റില്‍ പാതനീളെ അത് ഒഴുകി. അതിന്റെ ശബ്ദവും താളവും ശ്രദ്ധിച്ചാണ് താന്‍ നീങ്ങിയത്. അപ്പോഴും തന്റെ വശങ്ങളിലൂടെ വാഹനങ്ങളുടെ വേഗതകള്‍ തല്‍ക്ഷണം പാഞ്ഞകലുന്നുണ്ടായിരുന്നു. അവ കണ്ണില്‍നിന്നു മറയുന്നു. ദേശം മായുന്നു. തൊട്ടടുത്തെത്തിയെന്നു തോന്നിച്ച് കാലം അകലുന്നതായും തോന്നി.

കുഞ്ഞിക്കിളിയന്റെ കഠിനമായ ഓര്‍മ്മയില്‍നിന്നു ശ്രദ്ധ വിടാതെ കുറത്തി വീല്‍ചെയര്‍ ഉരുട്ടുന്നത് തുടര്‍ന്നു.

കന്യാകുമാരിയില്‍നിന്നും വന്നിരുന്ന മുട്ടിക്കാര്‍ ദൂരെ കടലില്‍ പോയി ഒറ്റമരം കുഴിച്ചുണ്ടാക്കിയ മുട്ടിവഞ്ചിയിലിരുന്നാണ് മീന്‍ പിടിക്കാറ്. കട്ടിയുള്ള പ്ലാസ്റ്റിക്ക് നൂലില്‍ തെങ്ങിന്‍കുലച്ചില്‍ അടയാളം കെട്ടി അവര്‍ കടലില്‍ എറിയിട്ടും. ഹവാലക്കാരാണ് ഇത്തരം മുട്ടിക്കാരെ വിളിച്ചു കൊണ്ടുവരിക. കടല്‍തീരത്തോ പുഴയോരത്തോ അവര്‍ക്കായി ഏര്‍പ്പാടാക്കിയ ആള്‍പ്പാര്‍പ്പുള്ള വീടുകളില്‍ മുട്ടിക്കാര്‍ അന്തിയുറങ്ങും. അവര്‍ക്കു വേണ്ട ഭക്ഷണം, എണ്ണ, സോപ്പ് ഇതിനെല്ലാം ആ വീട്ടുകാരെ ഹവാലക്കാര്‍ ചുമതലപ്പെടുത്തും. മുട്ടിക്കാരുടെ വസ്ത്രങ്ങള്‍ അവിടത്തെ പെണ്ണുങ്ങള്‍ അലക്കും. പോക്കും വരവുമെല്ലാം എളുപ്പമായപ്പോള്‍ മുട്ടിക്കാരുടെ വരവ് അപൂര്‍വ്വമായി. മുട്ടിക്കാര്‍ ആയിരത്തിനു പണിയെടുത്താല്‍ ഇരുനൂറ് ഹവാലക്കാര്‍ക്കുള്ളതാണ്. അതാണ് കരാര്‍. അങ്ങനെ പുഴയോരത്ത് എത്തിപ്പെട്ടതാണ് കന്യാകുമാരിക്കാരന്‍ ചേറു.

ചിത്രീകരണം- സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം- സചീന്ദ്രന്‍ കാറഡുക്ക
നല്ല വേനലില്‍ താനും കുഞ്ഞിക്കിളിയനും പുഴയില്‍ നട്ട വെള്ളരി അറുക്കാന്‍ പോയതാണ്. അന്ന് വൈരങ്കോട് ചെറിയ തീയ്യാട്ട് നടക്കുകയുമാണ്. വലിയ തീയ്യാട്ടിനു കെട്ടിയാടേണ്ടതാണല്ലോ, ആ വഴിക്കൊന്ന് കേറി. തിരിച്ചെത്തുമ്പോള്‍ രാത്രിയായിരുന്നു. നിലാവുമുണ്ട്. പുഴയിറങ്ങിക്കടന്ന് ശ്മശാനത്തിന്റെ മതിലെത്തി രണ്ടുപേരും പിരിഞ്ഞു. വീട്ടിലെത്തിയപ്പോള്‍ അവിടത്തെ മൂകത വിങ്ങിപ്പൊട്ടാറായിരുന്നു.

തന്നെ തിരഞ്ഞ് ചേറു വീട്ടില്‍ വന്നെന്നും താനും കുഞ്ഞിക്കിളിയനും വെള്ളരി മാട്ടത്തില്‍ ഉണ്ടെന്നറിഞ്ഞ് മാട്ടത്തിലേക്ക് ചേറുവിനു വഴി കാട്ടാന്‍ മകളെ കൂടെ കൊണ്ടുപോയെന്നും മൂന്നു മണല്‍ തിട്ട കേറിയിറങ്ങി വെള്ളരി മാട്ടത്തില്‍ എത്തിയപ്പോള്‍ അവിടെ തങ്ങളില്ലെന്നു കണ്ട് കരിമ്പനകള്‍ വളര്‍ന്ന പുഴയുടെ നടുക്ക്‌വെച്ച് മകളെ പ്രലോഭിപ്പിച്ചതും കുതറിനടന്നപ്പോള്‍ വാ പൊത്തി വീഴ്ത്തിയതും പുഴ ഇറങ്ങിക്കടക്കുന്ന യാത്രക്കാരെ കണ്ട് അവളെ കൈപ്പ പന്തലിനടിയിലേക്ക് വലിച്ചുകൊണ്ടുപോയതും ചെറിയ തീയ്യാട്ടിന്റെ ആളലുകളോടെ കുറത്തി കേട്ടു. കുഞ്ഞിക്കിളിയനെ മാത്രമെ പുറത്തൊരാളെന്ന നിലയ്ക്ക് അപ്പോള്‍ ഓര്‍ത്തൊള്ളൂ.

'എന്താടാ ഈ അര്‍ദ്ധരാത്രിയില്‍ വിശേഷിച്ച്.'

അവനോട് കാര്യം പറഞ്ഞു.

രാത്രിക്കു രാത്രി ചേറുവിനെ തിരക്കി ചെന്നെങ്കിലും കടലില്‍ പോയിട്ടില്ലെന്ന് ഹവാലക്കാരന്‍ പറഞ്ഞു. ചേറുവിന്റെ ഫൈബര്‍ വള്ളം പുഴക്കരയില്‍ കിടപ്പുണ്ടായിരുന്നു.

ടോര്‍ച്ചടിച്ച് രണ്ടുപേരും വെള്ളരി മാട്ടിലേക്ക് ഇറങ്ങിനടന്നു. മൂന്നാമത്തെ തിട്ടയിറങ്ങിയതും കാട്ടുപോത്തിന്റെ മുരള്‍ച്ചയോടെ ചേറു പുഴയിലേക്ക് ചാടി. വാറ്റ് കുടിച്ച് അയാള്‍ കൂടുതല്‍ ശക്തനായിരുന്നു. കുഞ്ഞിക്കിളിയും താനും പിറകെ ചാടി. ബലിഷ്ഠനായ അയാള്‍ വഴുക്കി മാറി ഊളിയിട്ടു. വെള്ളത്തിനടിയില്‍ വച്ച് പൂണ്ടടക്കം പിടിച്ച് ചേറുവിന്റെ കുരലില്‍ കൈത്തണ്ട അമര്‍ത്തി കുഞ്ഞിക്കിളിയന്‍ ശ്വാസം ഞെരിച്ചതോടെ ആശ്രയമറ്റ ചേറുവിനു തന്റെ അഴിഞ്ഞു കിടന്ന മുടിയില്‍ പിടികിട്ടി. കൈപ്പടം ഒന്നൂടെ ചുറ്റി മുഴുവന്‍ മുടിയും ഇതിനകം ചേറു കൈക്കലാക്കി. താന്‍ വേദനകൊണ്ടു പുളയുന്നത് കണ്ട് കുഞ്ഞിക്കിളിയന്‍ അവന്റെ കഴുത്തിലെ പിടിവിടാതെ സര്‍വ്വശക്തിയുമെടുത്ത് ചേറുവിന്റെ ചെവി അമര്‍ത്തി കടിച്ചു. പല്ലും കീഴ്ചുണ്ടും കടന്ന് ചോര കുത്തിയൊലിച്ചപ്പോള്‍ പ്രണനുംകൊണ്ട് ചേറു പുഴയിലേക്ക് കുതറി ചാടി. വെള്ളത്തിലേക്ക് താഴ്ന്നു. കുതറലില്‍ ചേറുവിന്റെ ചെവിക്കൂട കുഞ്ഞിക്കിളിയന്റെ വായില്‍ മുറിഞ്ഞു പോന്നത് അവന്‍ ആഞ്ഞുതുപ്പി. കൈകാലിട്ടടിച്ച് ചേറു അഴിമുഖത്തേക്ക് കുതിച്ചു നീന്തുമ്പോള്‍ കുഞ്ഞിക്കിളിയന്‍ പറഞ്ഞു.

'പുറത്താരും അറിയേണ്ട. വളന്ന് വരണ പെണ്ണാ... നെയമൂം കോടതീം എത്രകണ്ട് ചേരും എന്നറിയില്ല...' പിന്നെ എന്തോ ആലോചിച്ചുകൊണ്ട് അവന്‍ പറഞ്ഞു: '...ഒരു വഴിണ്ട്.'

ചേറുവിനെ പിന്നെ കണ്ടിട്ടില്ല. ആഴ്ചകള്‍ കഴിഞ്ഞ് നാണപ്പേട്ടന്റെ പീടികമുറ്റത്തു വന്ന് കുഞ്ഞിക്കിളിയനെ പൊലീസുകാര്‍ പിടിച്ചു.

രാത്രി ശ്മശാനത്തില്‍ കയറി ആരുമറിയാതെ കുഴിമാന്തിയതും മണ്ണറയുടെ മൂടു കല്ലിളക്കി ഒരു തലയോട്ടി കുഴിച്ച് എടുത്തതായിരുന്നു അവനെതിരെ കേസ്. അവനെ ജനങ്ങള്‍ക്കു മുന്നിലൂടെ ശ്മശാനത്തിലേക്കു നടത്തിച്ചു. കുഴിമാന്തിയതെങ്ങനെ എന്ന് ആളുകള്‍ മുന്‍പാകെ ഒരിക്കല്‍ കൂടെ അവനെക്കൊണ്ട് അവതരിപ്പിച്ചു കാണിച്ചു. തന്നെ കണ്ടതോടെ അവന്റെ കയ്യിലിരുന്ന തലയോട്ടിയുടെ കണ്ണിലൂടെയും വായിലൂടെയും മണ്ണ് നിലത്തേക്കു ചാടി. എളുങ്ക് തലയോട്ടി പുഴയില്‍ കഴുകി പൊലീസ് അവനെ വണ്ടിയില്‍ കേറ്റിക്കൊണ്ടുപോയി.

ആളുകള്‍ പലതും പറഞ്ഞു.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കുഞ്ഞിക്കിളിയന്‍ ജാമ്യത്തിലിറങ്ങി. തന്നെ കാണാന്‍ വന്നു. കുറേനേരം രണ്ടു പേരും സംസാരിക്കാതെ ഇരുന്നു. പിന്നെ പറഞ്ഞു.

'സഹികെട്ടു രാഗവാ... എങ്ങനെ നോക്ക്യാലും നമ്മുടേത് തെറ്റും, നമുക്ക് നേരെയുള്ളതൊക്കെ ശരിയും. മുക്കട്ടേലെ നാരായണന്‍ മന്ത്രവാദി ആവശ്യപ്പെട്ടാണ് തലയോട്ടി ഞാനെടുത്തത്. ചേറൂനെ കാല്‍ക്കലെത്തിച്ച് തരാന്ന് ആളെന്നോട് തീര്‍ത്തും പറഞ്ഞപ്പൊ... വീണുപോയി...'

അവനില്‍ നിരാശ കണ്ടു. തന്നോട് അവസാനമായി ഇത്രയുമാണ് അവന്‍ പറഞ്ഞത്. പിന്നീട് തനിക്ക് മുഖം തന്നില്ല. പൈതൃക മ്യൂസിയത്തിന്റെ മിനുക്കുപണി നടക്കുന്ന പുറമ്പോക്കിലെ മരക്കൊമ്പത്ത് അവന്‍ സ്വയം തൂങ്ങിനിന്നു.

അവന്റെ വാക്ക്, അവന്റെ വിചാരങ്ങള്‍, ശക്തി, പ്രധാനമായ അവന്റെ ആത്മാഭിമാനം എല്ലാം കുറത്തിക്കറിയാം. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ അത് നിയമത്താലും വിശ്വാസത്താലും വിധിക്കപ്പെട്ടത് കുറത്തിയെ കലശലായി വേദനിപ്പിച്ചു. നിലവിളിപോലെ ശബ്ദമുണ്ടാക്കി ഒരു കൂട്ടം പക്ഷികള്‍ കുറത്തിയുടെ വണ്ടിക്കു മുകളിലൂടെ അപ്പോള്‍ പറന്നു. കുറത്തി നെടുവീര്‍പ്പിട്ടു. തന്റെ കുറവന്‍ യഥാര്‍ത്ഥത്തില്‍ ആ നിരാശ പേറിയവനല്ല എന്ന് കുറത്തിക്ക് അറിയാമായിരുന്നു.

സി.വി ജങ്ഷനില്‍ എത്തിയതോടെ അതുവരെ വ്യക്തമല്ലാതിരുന്ന പ്രസംഗം മിന്നല്‍പോലെ വ്യക്തമായി കേട്ടുതുടങ്ങി. പ്രസംഗിക്കുന്ന ആള്‍ അതിന്റെ കൂടുതല്‍ വിശദങ്ങളിലേക്ക് കടന്നിരുന്നു. റോഡില്‍ തന്നെ കടന്ന് അധികം പേര്‍ മുന്നോട്ട് കേറാന്‍ ശ്രമിക്കുന്നത് അയാള്‍ കണ്ടു. പ്രസംഗം കേള്‍ക്കാന്‍ വേണ്ടി തന്നെയാവണം ഈ ആള്‍ക്കൂട്ടം മുന്നോട്ട് കടന്നുപോകുന്നത്. ആള്‍ത്തിരക്കില്‍ കുറത്തി കൂടുതല്‍ വിയര്‍ക്കുന്നുണ്ടായിരുന്നു.

കോലാഹലങ്ങള്‍ അടുത്തടുത്തു വരുന്നത് വ്യക്തമാണ്. മൈക്കിലൂടെ ഒലികള്‍ നാലുപാടും പരന്നു. ചെറിയ വിറയലുണ്ടെങ്കിലും അയാള്‍ മുന്നോട്ടുതന്നെ കേറി.

തെരുവിന്റെ ഓരത്ത് പൂനിറമുള്ള തുണിപ്പന്തലിനു താഴെയുള്ള മൈക്കിനു മുന്നില്‍നിന്നാണ് ആ ശബ്ദം പുറപ്പെട്ടത്. അല്പം കൂടി മുന്നോട്ടാഞ്ഞ് കാര്യം വിശദീകരിച്ചുകൊണ്ടിരുന്ന ആളെ വ്യക്തമാകും വിധം കുറത്തി ഒന്നുകൂടി നോക്കി.

ആദ്യം സംശയിച്ചെങ്കിലും പരിചിതമായ ആ വാക്കുകള്‍ പറയുന്നത് കുഞ്ഞിക്കിളിയന്‍ തന്നെയാണല്ലോ എന്ന് ആ നിമിഷം അയാള്‍ക്കു മനസ്സിലായി. സത്യമാണത്... അവന്‍ കറുത്ത കോട്ടാണ് ധരിച്ചിരുന്നത്. കനത്ത ഒരു നിയമ പുസ്തകം ഇടംകൈ കൊണ്ട് നെഞ്ചു ചേര്‍ത്തു പിടിച്ചിരിക്കുന്നു. മുന്‍പെന്നും കണ്ടിട്ടില്ലാത്ത കട്ടിക്കണ്ണട മുഖത്തണിഞ്ഞിട്ടുണ്ട്.

ചൂണ്ടുവിരല്‍ മുന്നിലേക്കു നീട്ടി അവന്‍ തെരുവിനോട് സംസാരിച്ചുകൊണ്ടു നില്‍ക്കുന്നു.

തോല്‍വിയുടെ കഥ പറയുകയാണവന്‍ വിജയത്തിലേക്കുള്ള വഴിയും ഉരുത്തിരിക്കുന്നുണ്ട്. കേട്ടു നിന്നവരുടെ തിരക്കു കാരണം വണ്ടികള്‍ തന്റെ ചുറ്റും നീങ്ങാനിടമില്ലാതെ നിരത്തില്‍ പെട്ടു കിടക്കുകയാണ്. താന്‍ എങ്ങനെയോ ജങ്ഷന്റെ നടുക്കിലെത്തി. അഞ്ച് റോഡുകള്‍ ചേരുന്ന കവലയാണ്. മുഴുവന്‍ വാഹനങ്ങളും കടന്നുപോകേണ്ടുന്ന വണ്ടികള്‍ക്കു നടുക്കാണ് താനിപ്പോള്‍. ഇടയ്ക്കു കേറിവന്ന ചെറുവാഹനങ്ങള്‍ വഴി സ്തംഭിപ്പിച്ച് വണ്ടികള്‍ക്കിടയില്‍ വന്ന് നിര്‍ത്താതെ ഹോണടിച്ചുകൊണ്ടിരുന്നു.

മുഴുവന്‍ തടിച്ചുകൂടിയ ജനങ്ങളോടും അപ്പോഴും അവന്‍ വിരല്‍ ചൂണ്ടി തുടര്‍ന്നു:

'...എന്തുകൊണ്ട് കാലവും സമയവും നിനക്കു മാത്രം കിടങ്ങുകളായി തീരുന്നു? ചങ്ങലയായി മാറുന്നു? നീ മാത്രം എപ്പോഴും പിന്‍തള്ളപ്പെടുന്നു? നോക്കൂ... വിച്ഛേദിക്കപ്പെട്ടവന്റെയെല്ലാം ജീവിതം അങ്ങനെയാണ്. വേദന ആസ്വദിക്കാന്‍ നില്‍ക്കാതെ കൂട്ടമായി തെരുവില്‍ അണിനിരക്കുകയാണ് മനുഷ്യര്‍. ജീവിതത്തോട് പൊരുതാനുള്ള വഴി നിന്റെ മുന്നില്‍ തെളിയാത്തിടത്തോളം ജനാധിപത്യത്തിന്റെ ഉള്‍ബലം പേറുന്നവരായിരിക്കുക മാത്രമാണ് നിനക്കുള്ള പോംവഴി. മറ്റാരെക്കാളും അതറിയേണ്ടത് നീ തന്നെയാണ്...'

പ്രസംഗവും വണ്ടികളുടെ ഹോണടിയും ചേര്‍ന്നപ്പോള്‍ തല കൂടുതല്‍ പെരുത്തു. വിയര്‍ത്തു. ശ്വാസംമുട്ടുംപോലെ തോന്നി. മുച്ചക്രവണ്ടിയുടെ കൈപ്പിടിയില്‍നിന്നു കൈ വേര്‍പെടുന്നത് അയാളറിഞ്ഞു.

ഭ്രാന്തമായി, എന്നാല്‍ ആകാംക്ഷയോടെ കുറത്തി വണ്ടിയില്‍ ഒന്നു നിവര്‍ന്നു. അപ്പോഴും തിങ്ങിഞെരുങ്ങിയ വണ്ടികള്‍ കാത് തുളയ്ക്കും മട്ടില്‍ നിര്‍ത്താതെ ഹോണടിച്ചു. സത്യത്തില്‍ അവയ്ക്ക് കടന്നുപോകാനുള്ള വഴി അടയപ്പെട്ടിരുന്നു. അതില്‍ കുറത്തിക്കെന്തെങ്കിലും ചെയ്യാനുണ്ടായിരുന്നുമില്ല. ഇപ്പോള്‍ ഉള്ളതിനെക്കള്‍ കൂടുതല്‍ അടുത്തേക്കെത്താനുള്ള കുഞ്ഞിക്കിളിയന്റെ വാക്കുകള്‍ ഒരു തോറ്റംപോലെ രാഘവന്‍ കേട്ടു. ആ ഇരിപ്പില്‍ എന്തോ, മൂത്രവും മലവും പുറം തള്ളും പോലെ അയാള്‍ക്കു തോന്നി. കണ്ണ് നനയും പോലെയും തോന്നി. കരഞ്ഞുകൊണ്ടയാള്‍ മുകളിലേക്ക് നോക്കി.

'...ആള്‍ക്കൂട്ടത്തില്‍ നിര്‍ത്തിയ ആനയുടെ പിന്‍കാലില്‍ കൊരുത്ത ചങ്ങല ആന കാണുന്നില്ല. കാലനക്കുമ്പോള്‍ ബന്ധിച്ചിട്ടുണ്ടെന്ന് അതറിയുന്നു. അനങ്ങാതെ നില്‍ക്കുന്നു. നിന്റെ കാലുകള്‍ നിനക്കു കാണാം, പക്ഷേ, കാണാത്ത ചങ്ങല തടഞ്ഞ് നീയും അനങ്ങുന്നില്ല... സാഹോദര്യത്തെ ഉണര്‍ത്തിക്കൊണ്ടു മാത്രമേ മനുഷ്യന്‍ എങ്ങും കാലനക്കിയിട്ടൊള്ളൂ ജീവിതത്തെ പണിഞ്ഞിട്ടൊള്ളൂ... ഇന്നു മാത്രമല്ല, അതേ നാളെയും സംഭവിക്കു...'

വേഷമണിഞ്ഞ രാഘവനും കുഞ്ഞിക്കിളിയനും ആ തോറ്റത്തിനൊത്ത് കൈകോര്‍ത്ത് കടും നിറങ്ങള്‍ നിറഞ്ഞ മലഞ്ചെരിവിലൂടെ പറന്നു. പാടശേഖരങ്ങള്‍ കടന്നു. കാടും ചുരങ്ങളും പകര്‍ന്നു. കോര്‍ത്ത കൈ വിടാതെ ആണി മുനയില്‍നിന്നു വര്‍ണ്ണപ്പമ്പരം തിരിയുംപോലെ ഒരു വട്ടം കൂടി തിരിഞ്ഞു. ആ തിരിയലില്‍ ആദ്യമായി കുറത്തിക്കു തലചുറ്റി. പ്രസംഗവും നിലച്ചു.

ട്രാഫിക്കിലെ പൊലീസുകാരന്‍ പാഞ്ഞെത്തി നിരത്തില്‍ തടസമുണ്ടാക്കിയ മുച്ചക്ര വണ്ടി ഓരത്തേക്കു തള്ളിനിര്‍ത്തിയ ശേഷം അതിലിരുന്ന മുഷിഞ്ഞ മനുഷ്യന്റെ മൂക്കിനും ചുണ്ടിനുമിടയില്‍ വിരല്‍വെച്ചു ശ്വാസം പരിശോധിച്ചു. കുനിഞ്ഞുതൂങ്ങിയ തല ഉയര്‍ത്തി കണ്‍പോള തുറന്നു നോക്കി. പൊലീസുകാരന്‍ കൈ എടുത്തപ്പോള്‍ ആ കറുത്ത മനുഷ്യന്‍ മുച്ചക്രവണ്ടിയുടെ കൈപ്പിടിയിലേക്ക് ചാഞ്ഞുവീണു.

മുച്ചക്രവണ്ടിയേയോ അതിലെ മനുഷ്യനേയോ ശ്രദ്ധിക്കാതെ വലിയ വാഹനങ്ങള്‍ വേഗത വീണ്ടെടുത്ത് വീണ്ടും കടന്നുപോകാന്‍ തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com