ശ്യാം പ്രസാദ് എഴുതിയ കഥ: ലാന്‍ഡ്സ്കേപ്പ് ഇന്‍ ദി മിസ്റ്റ്

ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക
ശ്യാം പ്രസാദ്
ശ്യാം പ്രസാദ്
30 നവംബര്‍ 2021 ആര്‍ടിപിസിആര്‍ നെഗറ്റീവാണ്. അത്രയും ആങ്ങ്‌സൈറ്റി കുറഞ്ഞുകിട്ടി. പക്ഷേ, വീണ്ടും പണ്ടത്തെപ്പോലെ പേടി വന്നുതുടങ്ങിയിട്ടുണ്ട്, ചെവിക്ക് ചുറ്റും ശബ്ദങ്ങള്‍ കേള്‍ക്കുന്നു. എന്നോട് ആരൊക്കെയോ മരിക്കാന്‍ വേണ്ടി പറയുന്നു. ഇന്നു രാവിലേയും മരണത്തെക്കുറിച്ചുള്ള ദുഃസ്വപ്നം കണ്ടുകൊണ്ടാണ് ഞെട്ടി എണീറ്റത്. എനിക്ക് വേണ്ടപ്പെട്ടവരൊക്കെ മരിച്ചുപോവുന്നു. എനിക്കോര്‍മ്മയുണ്ട് മുന്‍പ് ഇതുപോലെയുള്ള സ്വപ്നം കണ്ടിരുന്ന സമയത്ത് കുറേ ദിവസങ്ങള്‍ കഴിഞ്ഞാണെങ്കിലും അതൊക്കെ അതേപടി ആവര്‍ത്തിച്ചിരുന്നത്. വിവേകിനോട് ഇവിടെ വന്നുനില്‍ക്കാന്‍ പറയണം, എനിക്കിനി വയ്യ. അവനെ വിളിച്ചിട്ട് കുറേയായി... (കുമാറിന്റെ ഡയറിയില്‍നിന്ന്)

1

പ്പോഴും മരണത്തെക്കുറിച്ചുള്ള ദുഃസ്വപ്നങ്ങള്‍ കണ്ടുകൊണ്ടാണ്, കുറേ കാലത്തിനുശേഷം ആ ദിവസങ്ങളിലെ അയാളുടെ പുലരികള്‍ തുടങ്ങിയിരുന്നത്.

തണുപ്പ് നാലുചുവരുകളേയും മുറിയിലെ സ്വാഭാവികമായ ചൂടിനേയും മറികടന്ന് അയാളുടെ എല്ലുകളിലേക്ക് ഒരു ചേരട്ടയെപ്പോലെ പതിയ, അത്രയും പതുക്കെ അരിച്ചുകയറി അതിന്റെ കാഠിന്യം വര്‍ദ്ധിക്കുമ്പോഴാണ് ഒരു ഞെട്ടലോടെ അന്നത്തെ ദുഃസ്വപ്നത്തെ അയാള്‍ സ്വയം അവസാനിപ്പിക്കാറ്.

ആദ്യ ദിവസം മകന്‍ ഒരു കാറപകടത്തില്‍ മരിക്കുന്നതായും പിന്നീട് സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്കിനിടയില്‍ ഒരാള്‍ മറ്റൊരാളെ കുത്തിക്കൊല്ലുന്നതായും മറ്റൊരു ദിവസം മുഖം വ്യക്തമാവാത്ത വേണ്ടപ്പെട്ട ആരോ ഒരാള്‍ ആത്മഹത്യ ചെയ്യുന്നതായും ദുഃസ്വപ്നം കണ്ടുണര്‍ന്നു. ഇത്തരം സ്വപ്നങ്ങള്‍ക്ക് ക്രമമായ ഒരാവര്‍ത്തനം വരികയും കൃത്യം നാലുദിവസങ്ങള്‍ കഴിഞ്ഞ് അതില്‍ രണ്ടു മരണങ്ങള്‍ സംഭവിക്കുകയും ചെയ്തതോടുകൂടി എപ്പോഴും മഴ ചാറിക്കൊണ്ടിരിക്കുന്ന മലയോര ഗ്രാമത്തിലുള്ള വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ അയാള്‍ക്കു പേടിയായി തുടങ്ങി. വര്‍ഷാവസാനവും പെയ്യുന്ന മഴയുടെ തണുപ്പില്‍നിന്നും നേരിയ ഒരാശ്വാസം കിട്ടാന്‍ പത്തു വര്‍ഷങ്ങള്‍ക്കു മുന്നേ നിര്‍ത്തിയ സിഗരറ്റ് വലി ദിവസം രണ്ട് എന്ന കണക്കില്‍ വീണ്ടും ആവര്‍ത്തിക്കാന്‍ തുടങ്ങി. പകലിനെ, മഴയുടെ ഇരുട്ട് വിഴുങ്ങാന്‍ തുടങ്ങുന്നതിനു തൊട്ടുമുന്‍പ് ചൂടുള്ള ഒരു കപ്പ് ചായ ഗ്ലാസ്സിലേക്ക് പകര്‍ന്ന് ഊതിയൂതി കുടിച്ച്, ഫോണില്‍ ടൈപ്പ് ചെയ്ത്, എണ്ണം തെറ്റിച്ച് അന്നത്തെ ആറാമത്തെ സിഗരറ്റിനുവേണ്ടി കുമാര്‍ തീപ്പെട്ടിയുരതി!

2

'ഈ കെട്ട് ഇന്നിനി അഴിക്കത്തില്ല.'

നരച്ചുതുടങ്ങിയ ചെറുരോമങ്ങളുള്ള വയറില്‍നിന്നും മുകളിലേക്ക്, കഴുത്ത് വരെ ഉമ്മ വെയ്ക്കുന്നതിനിടയില്‍ വിവേകിന്റെ കവിളുകളില്‍ രണ്ടു കൈകൊണ്ടും നിര്‍ത്താതെ അടിച്ചുകൊണ്ട് മറിയ പറഞ്ഞു.

കുറച്ചുകൂടെ ബലത്തില്‍ അടിക്കാന്‍ പറഞ്ഞ്, കാലുകള്‍കൊണ്ട് അരയില്‍ കൊളുത്തി മറിയയെ അവന്‍ അടുത്തേക്ക് ചേര്‍ത്തുനിര്‍ത്തി.

എഴുതിക്കൊണ്ടിരിക്കുന്ന നോവലിന്റെ അവസാന അദ്ധ്യായം തുടങ്ങുന്നതിനു മുന്നേയുള്ളൊരു സംഭോഗത്തിലാണ് മറിയ അവന്റെ രണ്ട് കൈകളും കൂട്ടിക്കെട്ടിയത്.

വലിയൊരു ശബ്ദത്തിനു തൊട്ടുമുന്നെയുള്ള നിശ്ശബ്ദതയെ നിര്‍ത്താതെയുള്ള മൊബൈലിന്റെ ശബ്ദം ഇല്ലാതെയാക്കിയതുകൊണ്ട് വിവേകിന്റെ കയ്യിലുള്ള കെട്ടഴിക്കാന്‍ മറിയ അപ്പോള്‍ നിര്‍ബ്ബന്ധിതയായി. പക്ഷേ, ഫോണെടുക്കാന്‍ മടി കാണിച്ചുകൊണ്ട് അവന്‍ കിടക്കയുടെ ഒരു മൂലയിലേക്ക് ചുരുണ്ടുകിടന്നു.

പുറത്ത് ജനലിലൂടെ ഒരു കൂട്ടം കാക്കകള്‍ പാറിത്തുടങ്ങിയതും മൊബൈല്‍ വീണ്ടും ശബ്ദിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു പുതപ്പ് വലിച്ചുചുറ്റി മറിയയാണ് ഫോണെടുക്കാന്‍ ഹാളിലേക്കു ചെന്നത്. എന്നാല്‍, ഫോണെടുക്കാതെ അവളത് വിവേകിന്റെ കയ്യില്‍ത്തന്നെ കൊണ്ടുപോയി കൊടുത്തു.

എല്ലാം മൂളിക്കേട്ടുകൊണ്ട് ഫോണ്‍ വെച്ചതും, കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം, മറിയയെ അടുത്തേക്ക് ചേര്‍ത്തുനിര്‍ത്തി അവന്‍ വീണ്ടും ഉമ്മവെയ്ക്കാന്‍ തുടങ്ങി. ഡിസംബറിലെ മഴപെയ്ത് തോര്‍ന്നൊരു ഞായറാഴ്ച പുലരിയില്‍, ജനല്‍പ്പാളികളെ മറച്ച് കാറ്റില്‍ ഇളകിയാടുന്ന കലണ്ടറിനു മുന്നില്‍നിന്ന്, നിശ്ശബ്ദമായി അവര്‍ ഇണചേര്‍ന്നു.

'സുനില്‍ അങ്കിളാണ് വിളിച്ചത്, അച്ഛന്‍ മരിച്ചു. നമ്മുക്കു പോണം, നീ പോയി വേഗം ഫ്രഷ് ആയിട്ട് വാ.' ജഗ്ഗിലുണ്ടായിരുന്ന വെള്ളം ഗ്ലാസ്സിലേക്ക് പകര്‍ന്നു നിര്‍ത്താതെ കുടിച്ചുകൊണ്ടിരുന്നതിനിടയില്‍ ഇടതുചുണ്ടിന്റെ കോണില്‍ പറ്റിയ വെള്ളം വലതുകൈകൊണ്ട് തുടച്ച് വിവേക് പറഞ്ഞു. അതു കേട്ട്, അയ്യോ എന്ന ശബ്ദത്തിനൊപ്പം തോളില്‍നിന്നും ഉതിര്‍ന്നു വീണുകൊണ്ടിരുന്ന മുടി മുകളിലേക്ക് കെട്ടിവെച്ച് മറിയ അവനെ വന്നു കെട്ടിപ്പിടിച്ചു.

'നിനക്കറിയോ, അച്ഛനെ ഒരിക്കല്‍പോലും എനിക്ക് കെട്ടിപ്പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പോകുമ്പോള്‍പോലും എനിക്കതിനു കഴിഞ്ഞിരുന്നില്ല. കഴിയാത്തതാണോ അതോ തോന്നാത്തതാണോ എന്നെനിക്ക് അറിയില്ല മറിയാ... പക്ഷേ, എനിക്കെന്തോ അപ്പൊ ഒന്നിനും തോന്നിയില്ല. അത് കഴിഞ്ഞിട്ടിപ്പൊ പത്ത് വര്‍ഷങ്ങളായി, ലോങ്ങ് ടെന്‍ ഇയേഴ്‌സ്...'

വണ്ടിയോടിക്കുന്നതിനിടയില്‍, അലസമായി പുറത്തേക്ക് നോക്കിക്കൊണ്ട്, പറയാന്‍ പോവുന്നൊരു കഥയുടെ തുടക്കമെന്നോണം വളരെ നിര്‍വ്വികാരതയോടെയാണ് വിവേകത് പറഞ്ഞത്.

'അച്ഛനും വിവേകും തമ്മില്‍ മിണ്ടാറില്ലായിരുന്നോ?'

'മിണ്ടാട്ടമൊക്കെയുണ്ടായിരുന്നു. ആവശ്യത്തിനു മാത്രം. അച്ഛന്‍ നന്നായി സിനിമകള്‍ കാണാറുണ്ടായിരുന്നു. പക്ഷേ, ഞങ്ങള്‍ സിനിമകളെപ്പറ്റിപ്പോലും കൂടുതലൊന്നും സംസാരിച്ചിട്ടില്ല. ഒരിക്കല്‍ അച്ഛനെനിക്ക് തിയോ ആഞ്ചലോ പൗലോസിന്റെ 'ലാന്റ്‌സ്‌കേപ്പ് ഇന്‍ ദി മിസ്റ്റ്' കാണിച്ചു തന്നു! കടയില്‍നിന്നു വന്നാല്‍ അച്ഛന്‍ തട്ടിന്‍പുറത്ത് കേറും.

അവിടെ അച്ഛന്റെ മുറി ഒരു കുഞ്ഞു തിയേറ്ററാണെന്ന് വേണമെങ്കില്‍ പറയാം. സ്വന്തമായി മിനി പ്രൊജക്ടറും ഒരുപാട് സിനിമകളുടെ കാസറ്റുകളും അവിടെയുണ്ടായിരുന്നു.

'മറിയാ, നീ ലാന്റ്‌സ്‌കേപ്പ് ഇന്‍ ദി മിസ്റ്റ് കണ്ടിട്ടുണ്ടോ?'

'ഇല്ല.'

കറുത്ത വലയങ്ങളാല്‍ ചുറ്റിനിന്ന വിവേകിന്റെ കണ്ണില്‍നിന്നും നോട്ടമെടുക്കാതെ മറിയ അതിനുള്ള ഉത്തരം ഒറ്റവാക്കില്‍ പറഞ്ഞുതീര്‍ത്തു.

'നമ്മുക്കു കാണണം. അമ്മ പറഞ്ഞ അറിവ് വെച്ച് അച്ഛനെയന്വേഷിച്ച് ജര്‍മനിയിലേക്ക് പോകുന്ന രണ്ട് കുട്ടികളുടെ കഥയാണത്.'

അന്ന് അച്ഛന്റെ മുറിയില്‍നിന്നും അത് കണ്ടിറങ്ങുമ്പോള്‍ എന്റെ മനസ്സിലും എന്തോ ഒരു ഭാരമുണ്ടായിരുന്നു. അതിലെ ചില രംഗങ്ങള്‍ മഞ്ഞിന്റെ ഒരു പാടപോലെ അന്നത്തെ രാത്രി സ്വപ്നങ്ങളിലെല്ലാം തെളിഞ്ഞുവന്നു. പിന്നീടെപ്പോഴോ ഞാനാ സിനിമയെപ്പറ്റി മറന്നുപോയിരുന്നു. പക്ഷേ, അതിലെ പശ്ചാത്തലസംഗീതം കുറേക്കാലം എന്റെ ഓര്‍മ്മയെ ഹോണ്ട് ചെയ്തുകൊണ്ടിരുന്നു.'

നാട്ടിലേക്കുള്ള യാത്രയില്‍ പിന്നീട് മറിയയാണ് കാറോടിച്ചത്. മഴ തോര്‍ന്നെങ്കിലും തണുപ്പ് ഒരു ഒച്ചിനെപ്പോലെ ചുറ്റും ഒട്ടിപ്പിടിച്ചിരിക്കുന്നത് അവരുടെ യാത്രയുടെ വേഗം കുറച്ചു.

'ഒരിക്കല്‍ കൂടിയെനിക്ക് ഫിറോസാബാദില്‍ പോണം.'

തണുപ്പിന്റെ നേരിയ മരവിപ്പ് കൈകളിലേക്ക് കയറിതുടങ്ങിയപ്പോള്‍ ഏതോ ഓര്‍മ്മയില്‍നിന്നും തിരിച്ച് വന്ന്, രണ്ടുകൈകളും കൂട്ടിത്തിരുമ്മി ഒരു ദീര്‍ഘനിശ്വാസത്തിനുശേഷം വിവേക് പറഞ്ഞു.

'എന്താണവിടെ, നീയെപ്പോഴും ഫിറോസാബാദിനെപ്പറ്റി പറയാറുണ്ടല്ലോ?'

'കുപ്പിവളകളുടെ നഗരമാണ് ഫിറോസാബാദ്. ചിലപ്പോഴൊക്കെ ആ നഗരമെന്നെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോകാറുണ്ട്.

അവിടെയൊരു കുപ്പിവളക്കമ്പനിയിലായിരുന്നു അച്ഛന്‍ തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും ജീവിച്ച് തീര്‍ത്തത്.

നിറയെ കുപ്പിവളകള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍, പല നിറങ്ങളില്‍ റോഡരികില്‍ വളകള്‍ മൊത്തമായും ചില്ലറയായും വില്‍ക്കുന്ന കടകളും ആള്‍ക്കാരും. നിറങ്ങള്‍കൊണ്ടും ശബ്ദങ്ങള്‍ കൊണ്ടും എപ്പോഴുമവിടെ തിരക്കായിരിക്കും.

ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ ഷിഫ്റ്റനുസരിച്ചായിരുന്നു അച്ഛനു ഡ്യൂട്ടി.

ഒരിക്കല്‍ ഞാനുമമ്മയും അവിടെ പോയപ്പോഴായിരുന്നു അച്ഛന്‍ ഞങ്ങളെ താജ്മഹല്‍ കൊണ്ടുപോയി കാണിച്ചുതന്നത്. താജ്മഹലിന്റെ നിറം മങ്ങുന്നതിന് ഫിറോസാബാദിലെ കുപ്പിവള കമ്പനികളില്‍നിന്നുള്ള പുക നല്ലൊരു ശതമാനം കാരണമാവുന്നുണ്ടെന്ന് ഈ അടുത്ത് ഞാന്‍ വായിച്ചിരുന്നു.

ഫിറോസാബാദിലെ പണി വിട്ട് വന്നതില്‍ പിന്നെ, ഇടയ്ക്ക് ചെവിക്ക് ചുറ്റും കുപ്പിവളകളുടെ ശബ്ദം കേള്‍ക്കുന്നുവെന്ന് അച്ഛനെന്നോട് പറഞ്ഞിട്ടുണ്ട്. കുപ്പിവളകളുടയുന്ന ശബ്ദം അച്ഛനെ പേടിപ്പെടുത്തിയിരുന്നു, എന്നെനിക്ക് മനസ്സിലായി. എപ്പോഴും ഫര്‍ണസ്സിന്റെ അടുത്തുള്ള പണിയായതുകൊണ്ട് തന്നെ ജോലി കളഞ്ഞ് വീട്ടില്‍ വന്ന സമയങ്ങളില്‍ അച്ഛന്റെ മുഖമാകെ കരുവാളിച്ച് പോയിരുന്നു. ക്രമേണ ഇടതു കണ്ണിന്റെ കാഴ്ചയും കുറഞ്ഞുവന്നു. ഇരുപത് വര്‍ഷത്തോളമവിടെ പണിയെടുത്തിട്ടാണ് അതുപേക്ഷിച്ച് നാട്ടിലേക്ക് വന്നത്. അന്നൊക്കെ മുറിയടച്ച് ഇരിക്കലായിരുന്നു എപ്പോഴും.

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ നിരാശയും വിഷാദവും അച്ഛനെ മൂടിനിന്ന സമയമാണ് അതെന്ന്, ഒരു കുറ്റബോധത്തോടെ ഞാനിപ്പൊഴൊക്കെ ഓര്‍ക്കാറുണ്ട്.

അച്ഛന്‍ ഫിറോസാബാദിലായിരുന്ന സമയത്ത് ഞാനും അമ്മയും വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. വര്‍ഷത്തിലൊരിക്കല്‍, വേനലവധിക്ക് നാട്ടില്‍ വരുമ്പോള്‍ എനിക്ക് നിറയെ മധുരപലഹാരങ്ങളും കളിപ്പാട്ടങ്ങളും അമ്മയ്ക്ക് പല നിറത്തിലുള്ള കുപ്പിവളകളും വസ്ത്രങ്ങളും കൊണ്ടുവരുമായിരുന്നു. എന്നാല്‍, ആ കുപ്പിവളകള്‍ അച്ഛന്‍ വീട്ടിലുണ്ടായിരുന്ന ചുരുങ്ങിയ സമയങ്ങളില്‍ മാത്രമാണ് അമ്മ ധരിച്ചിരുന്നത്. പിന്നീടൊരിക്കലും അമ്മയത് ഉപയോഗിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അച്ഛനൊരിക്കലും അതിനെപ്പറ്റി ചോദിച്ചിട്ടില്ലായിരുന്നു.

ഒരിക്കല്‍ പറമ്പില്‍ കളിക്കുമ്പോള്‍ ഒരു കവറുനിറയെ ഉടഞ്ഞുപോയ കുപ്പിവളകളെനിക്ക് കിട്ടി.

ഫിറോസാബാദില്‍നിന്നു വന്ന്, ഒരു വര്‍ഷത്തിനുശേഷം വീടിനടുത്ത് തന്നെ ഒരു പലചരക്ക് കട തുടങ്ങി. രാത്രി കടയടച്ച് കഴിഞ്ഞാല്‍ പിന്നീട് കുറെനേരം മുകളിലുള്ള മുറിയിലിരുന്ന് പഴയ സിനിമകള്‍ കാണും. കൂടുതല്‍ സംസാരങ്ങളോ മറ്റോ ഇല്ലാതെ ഇടയ്ക്ക് ഞാനും പോയി ഇരുന്നിട്ടുണ്ടവിടെ. ചില രാത്രികളില്‍, മഴ പെയ്യുമ്പോള്‍ അച്ഛനിടയ്ക്ക് ഉച്ചത്തില്‍ കരയുന്നത് കേള്‍ക്കാം. എനിക്കപ്പോള്‍ അച്ഛനെ പോയി ചേര്‍ത്ത് പിടിക്കണമെന്നു തോന്നിയിരുന്നു. കുടുംബക്കാരറിഞ്ഞാല്‍ എന്ത് ചെയ്യുമെന്ന ഇന്‍സെക്യൂരിറ്റി കാരണം ആ സമയങ്ങളിലൊന്നും ഒരു ഡോക്ടറെ കാണിക്കാനോ ഒരു സഹായം തേടാനോ അമ്മ സമതിച്ചിരുന്നില്ല. വീട് വിട്ട് പോവുമെന്ന അമ്മയുടെ ഭീഷണി വകവെക്കാതെ, ഒരുപാട് വൈകിയെങ്കിലും ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത്, അച്ഛനെ ഞാനൊരു സൈക്ക്യാട്രിസ്റ്റിനെ കാണിച്ചു. തിരച്ചറിവിന്റെ ഏതോ ഒരു നിമിഷത്തില്‍ അമ്മയ്ക്ക് മനം മാറ്റമുണ്ടായി ആശുപത്രിയില്‍ വന്ന് കൂട്ടിരുന്നു. മനുഷ്യര്‍ നമ്മുടെയൊക്കെ ജീവിതത്തില്‍നിന്നുമിറങ്ങിപ്പോവുന്നത് ശരിക്കും പറഞ്ഞാല്‍ അപ്രതീക്ഷിതമായി തന്നെയാണ്. രണ്ട് വര്‍ഷം കഴിഞ്ഞ്, മഴ തോര്‍ന്നൊരു വൈകുന്നേരം അച്ഛന് രാത്രി കഴിക്കാനുള്ള മെഡിസിന്‍ എടുത്തുവെച്ച് അമ്മ വീട് വിട്ടുപോയി. ആ സമയത്തൊക്കെ കണ്ണിന്റെ കാഴ്ച നല്ല രീതിയില്‍ കുറഞ്ഞിരുന്നു, അമ്മയിറങ്ങി പോയതിന്റെ നേരിയ ഇമേജ് മാത്രമേ അച്ഛന് കാണാന്‍ പറ്റിയൊള്ളൂ. വയ്യാത്ത അവസ്ഥയില്‍നിന്നും മെല്ലെ നടന്നു തുടങ്ങിയ അച്ഛനത് വലിയ ട്രോമയായിരുന്നു. ഇപ്പോ ഇതാ അച്ഛനും പോയി.'

ഉറക്കച്ചടവോടെ വിവേക് പറഞ്ഞുനിര്‍ത്തിയപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ വണ്ടിയോടിക്കുന്നതിന്റെ ഇടയിലും മറിയ അവന്റെ നെറ്റിയില്‍ മെല്ലെ തലോടി.

'അമ്മയായിട്ട് പിന്നീട് കോണ്‍ടാക്റ്റ് ഒന്നുമുണ്ടായിരുന്നില്ലേ?'

'ഇടയ്ക്ക് വിളിക്കുമായിരുന്നു, അമ്മയുടെ വീട്ടുകാരൊരിക്കലും അച്ഛനെ അവരുടെ കുടുംബത്തില്‍ കയറ്റിയിരുന്നില്ല, എവിടെയൊക്കെ ഡിസ്റ്റന്‍സ് പാലിക്കണമെന്ന് അവര്‍ക്ക് കൃത്യമായി അറിയാമായിരുന്നു മറിയാ... അച്ഛന്റെ ഫാമിലി ഫങ്ഷന്‍സിലൊന്നും അവരാരും വരാറില്ലായിരുന്നു, വന്നാലും ഒന്നും കഴിക്കാതെ പോവും, വീടിന്റടുത്ത് വേറൊരു പരിപാടിയുണ്ടായിരുന്നു അവിടുന്ന് കഴിച്ചെന്ന് പറയും...'

നേരിയ ചാറ്റല്‍മഴയ്ക്കിടയിലും വണ്ടികള്‍ വലിയ ശബ്ദത്തില്‍ ഹോണ്‍ മുഴക്കിക്കൊണ്ട് അവരെ കടന്നുപോവുന്നത് മറിയ വെറുതെ നോക്കിയിരുന്നു. രണ്ട് മനുഷ്യര്‍ തമ്മിലുള്ള ഏറ്റവും വലിയ ദൂരം നിശ്ശബ്ദതയാണെന്ന തോന്നല്‍ അപ്പോള്‍ മറിയയെ വന്ന് മൂടിനിന്നു.

ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക

3

ക്രമരഹിതമായൊരു നിശ്ശബ്ദതയ്ക്ക് ഒപ്പമുള്ള ചന്ദനത്തിരി മണംകൊണ്ട് ഏതൊരു മരണവീടിനേയും അടയാളപ്പെടുത്തുന്നപോലെ തന്നെയായിരുന്നു ചുരം കയറി വിവേകും മറിയയും കയറിച്ചെന്ന ആ വീടിന്റേയും മുഖച്ഛായ.

ഇരുപത്തിയഞ്ച് വര്‍ഷത്തോളം താനീ വീട്ടിലാണ് താമസിച്ചതെന്ന് ഓര്‍ത്തപ്പോള്‍ വിവേകിനു വല്ലാത്തൊരു വിഷാദം തന്നെ പൊതിയുന്നത് അറിയാന്‍ പറ്റി. കണ്ണിലേക്ക് ഇരുട്ട് കയറി, ശരീരം തളരുന്നപോലെയുണ്ടെന്നു പറഞ്ഞപ്പോള്‍ മറിയ അവന്റെ തോളില്‍ ചേര്‍ത്തുപിടിച്ചു. ഇടത് കൈകൊണ്ട് ബാഗിലുണ്ടായിരുന്ന കുപ്പിവെള്ളം വിവേകിനു നേരെ നീട്ടി.

നീട്ടിവളര്‍ത്തിയ നരച്ച താടിയുള്ള, ഉയരം കുറഞ്ഞൊരു മനുഷ്യനാണ് വിവേകിനെ വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയത്, അയാള്‍ സ്വയം പരിചയപ്പെടുത്തുന്നതിനു മുന്നേ തന്നെ അത് സുനില്‍ പ്രകാശ് യാദവ് ആയിരിക്കുമെന്ന് വിവേകിന് ഉറപ്പുണ്ടായിരുന്നു. കൊവിഡ് പ്രോട്ടോക്കോളുള്ളതിനാല്‍ വളരെ കുറച്ചാളുകള്‍ മാത്രമേ വീട്ടിലുണ്ടായിരുന്നൊള്ളൂ, കുറച്ചുനേരത്തെ നിശ്ശബ്ദതയും നിസ്സംഗതയും മുറ്റിനിന്ന നോട്ടത്തിനുശേഷം വിവേകിനേയും മറിയയേയും അവരെല്ലാം തിരിച്ചറിഞ്ഞു. മഴക്കാറ് നീങ്ങിയിട്ടും ഉച്ചയായപ്പോഴേക്ക് ഇരുട്ട് ആ വീടിനെ മൂടി നിന്നിരുന്നു.

പരിചിതമല്ലാത്ത ചില വിയര്‍പ്പുഗന്ധങ്ങള്‍, അടക്കിപ്പിടിച്ച ചില ചിരികളും വര്‍ത്തമാനങ്ങളും... എത്രയൊക്കെ ശ്രമിച്ചിട്ടും വീട് ഒരു അപരിചിത വസ്തുപോലെ, യാത്ര തുടങ്ങിയിട്ടും ഒരിക്കലും എത്തിച്ചേരാന്‍ പറ്റാത്ത ഒരിടംപോലെ വിവേകിനപ്പോള്‍ തോന്നി. അച്ഛനെ അവസാനമായി കാണുമ്പോഴും അതിവൈകാരികമായി യാതൊന്നും തന്നെ തന്റെയുള്ളില്‍നിന്നും പുറത്തേക്ക് വരുന്നില്ലെന്നോര്‍ത്ത് അതിന്റെ നിസ്സഹായതയില്‍ കൂടിനിന്ന ആളുകളെ നോക്കി മുഖത്ത് വെറുതെയൊരു ചിരി വരുത്തി. മടുപ്പുളവാക്കുന്ന ഒരുതരം മണം പരത്തിക്കൊണ്ട് ജനലഴിയിലൂടെ നൂലുപോലെ ഇറങ്ങിപ്പോയ ചന്ദനത്തിരി മണത്തിനു പിന്നാലെ, വിയര്‍പ്പിനു പുകയില മണമുള്ള ഒരു മനുഷ്യന്‍ കടന്നുവന്നു. 'ഞാന്‍ സുനില്‍ പ്രകാശ് യാദവ്.' ഇടറിയ സ്വരത്തോടെ അയാള്‍ പറഞ്ഞു.
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

'അങ്കിളിനെ കണ്ടപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി.'

'നിന്നെപ്പറ്റി നിന്റെ അച്ഛന്‍ പറഞ്ഞ അതേ രൂപം തന്നെയാണ് നിനക്ക്, ഇപ്പൊ കുറച്ച് തടിച്ചിട്ടുണ്ടെന്നു മാത്രം.' തങ്ങളുടെ സംസാരം ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നലില്‍ വിവേകിനെ തോളില്‍ കൈവെച്ച് അയാള്‍ പുറത്തേക്ക് കൊണ്ടുപോയി.

പിന്നെ അപരിചിതത്വമില്ലാതെ സുനില്‍ തുടര്‍ന്നു: 'ഇന്നലെ രാത്രി എനിക്ക് നിന്റെ അച്ഛന്റെ ഫോണില്‍നിന്നും ഒരു മെസ്സേജ് വന്നിരുന്നു, അത് കണ്ടപ്പോഴേ എനിക്ക് എന്തോ പ്രശ്‌നം തോന്നി, ആ നമ്പറില്‍ പിന്നെ വിളിച്ചിട്ട് കിട്ടിയതേയില്ല, നിങ്ങളുടെ ആരുടേയും നമ്പര്‍ കയ്യിലുണ്ടായിരുന്നില്ല. സോ, നൈറ്റ് തന്നെ ഞാനിങ്ങോട്ട് പുറപ്പെട്ടു. ഇവിടെ വന്നപ്പോഴേക്കും... ഹാളിനടുത്തുള്ള മുറിയിലെ ഫാനിലായിരുന്നു..!'

കരയാതെ, മരവിപ്പില്‍നിന്നിരുന്ന വിവേകിന്റെ തോളില്‍ തട്ടിയിട്ട് സുനില്‍ പ്രകാശ് യാദവ് ആ ചെറിയ ആള്‍ക്കൂട്ടത്തിലേക്ക് പെട്ടെന്നുതന്നെ തിരിച്ചുപോയി. മരണം മനുഷ്യനെ ശൂന്യരാക്കുന്നു എന്ന താന്‍ തന്നെ എഴുതിയ ഒരുവരി അപ്പോള്‍ വിവേകിന്റെ മനസ്സിലേക്ക് വന്നു. അപ്പോള്‍ ഏതോ ചിന്തയില്‍നിന്നും വേഗം തിരിച്ചുവന്നിട്ട്, മറിയ അവനെ വന്ന് ഹഗ്ഗ് ചെയ്തു.

മരിച്ചുകഴിഞ്ഞാല്‍ പിന്നെ ശവമാണ്, ജീവിച്ചിരിക്കുമ്പോള്‍ മനുഷ്യനാവാനുള്ള ഓട്ടപ്പാച്ചിലും. മതപരമായ മരണാനന്തര ചടങ്ങുകളിലൊന്നും താല്പര്യമില്ലാത്ത ആളാണ് അച്ഛനെന്ന് വിവേക് ഓര്‍മ്മിപ്പിച്ചതുകൊണ്ട്, ഓട്ടോപ്‌സി റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം ടൗണിലുള്ള ഇലക്ട്രിക്കല്‍ ക്രിമറ്റോറിയത്തിലാണ് ശവം ദഹിപ്പിച്ചത്. അതിനുള്ള കാര്യങ്ങളെല്ലാം ചെയ്ത്, മുന്നില്‍ തന്നെയുണ്ടായിരുന്നത് സുനില്‍ പ്രകാശ് യാദവായിരുന്നു.

മരണത്തിന്റെ മണം ബാക്കിവെച്ച് ഇരുട്ടില്‍ വീട് ഒറ്റയ്ക്കായി തുടങ്ങിയ സമയത്ത് ഇടതുകയ്യില്‍ കത്തിത്തീരാറായ ഒരു സിഗരറ്റുമായി സുനില്‍ വിവേകിന്റെ അടുത്തേക്ക് വന്നു.

'വിവേക് സ്‌മോക്ക് ചെയ്യുമോ?'

'ചെയ്തിരുന്നു, ഇപ്പോ നിര്‍ത്തി.'

ഒരു ദീര്‍ഘനിശ്വാസത്തിനുശേഷം വിവേക് തുടര്‍ന്നു: 'അച്ഛന്‍ ലീവിനു വരുന്ന സമയത്തൊക്കെ, സുനില്‍ അങ്കിളിനെപ്പറ്റി എന്നോട് പറഞ്ഞിട്ടുണ്ട്.'

'ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു, അവന്‍ ഫിറോസബാദില്‍നിന്നും പോയതിനുശേഷം ഫ്രീക്വന്റായി അങ്ങനെ കോണ്ടാക്ട് ഒന്നും കീപ്പ് ചെയ്തിരുന്നില്ല, ഇടയ്ക്ക് വിളിക്കുമായിരുന്നു. ഞാന്‍ പിന്നെ നാട്ടില്‍നിന്നും ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തു, അതിനുശേഷം ഒന്ന് രണ്ട് വട്ടം കണ്ടു. പത്ത് വര്‍ഷത്തോളമായി ഞാനിപ്പോ ഇവിടെയാണ്. ഫാമിലി കൊച്ചിയിലുണ്ട്, ബിസ്സിനസ്സ് ഒക്കെ ഇവിടെത്തന്നെ.'

'ഞാനാകെ സ്റ്റക്കാണ് അങ്കിളേ, അച്ഛന്‍ ഇങ്ങനെയൊരു എടുത്തുചാട്ടം ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല.'

'സീ വിവേക്, നമ്മളാണല്ലോ കഷ്ടപ്പെടുന്നത്, അല്ല താനൊന്ന് ആലോചിച്ചു നോക്കിക്കേ, ഇനിയിപ്പൊ ഈ വീടൊന്ന് വാടകയ്ക്ക് കൊടുക്കണമെന്ന് തോന്നിയാല്‍പോലും ആരെങ്കിലും വരുവോ? ഒരു തൂങ്ങിമരണം നടന്ന വീട്ടിലൊക്കെ ആര് താമസിക്കാനാണ്...' പറഞ്ഞതിലെ പ്രശ്‌നം മനസ്സിലാക്കി വിലകുറഞ്ഞ മദ്യത്തിന്റെ മണമുള്ള ഏമ്പക്കത്തിനൊപ്പം കീശയില്‍നിന്നും സിഗരറ്റ് പാക്ക് തപ്പുന്നതിനിടയില്‍ സുനില്‍ പ്രകാശ് യാദവ് ഒരു ക്ഷമ പറഞ്ഞു. എന്നിട്ടും ഒന്നും മിണ്ടാതെ വിവേക് അയാളെത്തന്നെ നോക്കിനിന്നു.

'വിവേക് ആര്‍ യൂ ഓക്കെ?'

'യെസ്... ഓക്കെയാണ് മറിയാ, നീയിവിടെ കൂടെ നിക്ക്. ഒറ്റയ്ക്കാക്കി പോവല്ലെ.' അപ്പോള്‍ നിസ്സഹായനായ വിവേകിന്റെ മുഖത്തേക്ക് നോക്കിയിട്ട് മറിയ അവന്റെ കയ്യില്‍ ചേര്‍ത്തുപിടിച്ചു.

'നിന്റെ അച്ഛന്‍ കുമാര്‍, അയാള്‍ നല്ലൊരു മനുഷ്യനായിരുന്നു. എന്റെ ഏറ്റവും അടുത്ത സുഹൃത്തും.'

മരണവീടിന്റെ മൂകതയിലും അടുത്തൊരു സിഗരറ്റിന് തീപ്പെട്ടിയുരതി നാലഞ്ചു പുകകള്‍ ഒരുമിച്ചെടുത്ത് പുകയൂതിവിട്ട്, ഭാവമാറ്റങ്ങളില്ലാതെ സുനില്‍ പ്രകാശ് യാദവ് ഇരുപത് വര്‍ഷം പുറകിലേക്ക് പോയി.

'തൊണ്ണൂറുകളുടെ അവസാനമാണ് കുമാര്‍ ഫിറോസാബാദില്‍ എത്തുന്നത്. രണ്ടു വര്‍ഷം അലഞ്ഞുതിരിഞ്ഞു നടന്ന്, അവസാനം അവിടെയുള്ള കുപ്പിവള കമ്പനികളിലൊന്നില്‍ കരാറടിസ്ഥാനത്തില്‍ ജോലിക്ക് കേറി. ഞാനന്ന് അവിടെ ഗോഡൗണ്‍ സൂപ്പര്‍വൈസറായിരുന്നു.

പണി പഠിച്ചുതുടങ്ങിയതോടെ അവന്‍ ദിവസം രണ്ട് ഷിഫ്റ്റുകള്‍ എടുക്കാന്‍ തുടങ്ങി. നല്ല പണിക്കാരനായിരുന്നു കുമാര്‍. കമ്പനി കോമ്പൗണ്ടില്‍ത്തന്നെ തൊഴിലാളികള്‍ക്ക് താമസസൗകര്യമുണ്ട്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ കുമാര്‍ കുപ്പിവളകളുമായും ഫിറോസബാദിലെ മനുഷ്യരുമായും കംഫര്‍ട്ടബിളായി. വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല, ഞങ്ങളുടെ സൗഹൃദവും അതിന്റെകൂടെ വളര്‍ന്നിരുന്നു. കമ്പനി കോമ്പൗണ്ടിലെ താമസം വിട്ട് എന്റെ വീടിന്റെ മുകളിലെ നിലയില്‍ വാടകയൊന്നും തരാതെ താമസിക്കാന്‍ വിളിച്ചിട്ടും കുമാര്‍ വന്നില്ല, അവനവിടെ തൊഴിലാളികളുടെ കൂടെ തന്നെയായിരുന്നു എപ്പോഴും. നൂറ് വര്‍ഷമായി കുപ്പിവളകള്‍ നിര്‍മ്മിക്കുന്ന കമ്പനിയായിരുന്നു ഞങ്ങള്‍ വര്‍ക്ക് ചെയ്തിരുന്ന താക്കൂര്‍ ബാംഗിള്‍ വര്‍ക്‌സ്. അവിടെയുള്ള മിക്ക കമ്പനികള്‍ക്കും അത്രയും കാലത്തെ പഴക്കമുണ്ടായിരുന്നു. ഫിറോസബാദിലെ തന്നെ ആദ്യത്തെ തൊഴിലാളിസംഘടനയായ ദളിത് ലേബര്‍ ഫെഡറേഷന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്നു കുമാര്‍. കമ്പനിയില്‍ പണിയില്ലാത്ത ദിവസങ്ങളില്‍ ഗ്രാമത്തിലെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തും ഒരു ചെറിയ ലൈബ്രറി ഉണ്ടാക്കി കുട്ടികളെക്കൊണ്ട് വായന വളര്‍ത്തിയും അവന്‍ സമയം ചെലവഴിച്ചു. കൂലി കുറവും ഓവര്‍ടൈം ഡ്യൂട്ടിയും കമ്പനിയിലെ സുരക്ഷിതത്വമില്ലായ്മയെപ്പറ്റിയുമൊക്കെ നിരന്തരം സംഘടന ചോദ്യം ചെയ്തു മാറ്റങ്ങള്‍ വരുത്തിയതുകൊണ്ടാണ് ഇന്നത്തെ നിലയില്‍ ആ കമ്പനി എത്തിപ്പെട്ടത്. അക്കാലത്തൊക്കെ കാര്യങ്ങള്‍ അങ്ങനെ കുഴപ്പമില്ലാതെതന്നെ മുന്നോട്ട് പോയി. ഒരുപാട് വര്‍ഷങ്ങള്‍, ഒരു മനുഷ്യന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വര്‍ഷങ്ങള്‍ എന്നു വിളിക്കാവുന്ന ഒരു കാലഘട്ടം തന്നെ കുമാര്‍ അവിടെ തൊഴിലാളികള്‍ക്കുവേണ്ടി ജീവിച്ചുതീര്‍ത്തു. പക്ഷേ, പ്രശ്‌നങ്ങള്‍ തുടങ്ങുന്നത് അവിടെനിന്നൊന്നുമായിരുന്നില്ല.'

സുനില്‍ പ്രകാശ് യാദവ് പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കേള്‍ക്കാനോ മനസ്സിലാക്കാനോ പറ്റിയ സന്ദര്‍ഭം ഇതല്ല എന്നു തിരിച്ചറിഞ്ഞിട്ടും വിവേക് അവിടെനിന്നും മാറി നില്‍ക്കുകയോ അയാളെ തടയുകയോ ചെയ്തില്ല. അതിനുപകരം തന്നോടടക്കം ഇത് എത്രാമത്തെ ആളോടായിരിക്കും ഇപ്പോള്‍ സുനിലിത് പറഞ്ഞിട്ടുണ്ടാവുക എന്നാലോചിച്ച് വിവേകിനു വെറുതെയൊരു മനംമറിച്ചിലുണ്ടായി. കത്തിത്തീരാറായ സിഗരറ്റില്‍നിന്നും അവസാനത്തെ പുകയും വലിച്ചെടുത്ത് മുഴുവനായി പുറത്തേക്ക് വിട്ട് പറഞ്ഞു പഴകിയ ഒരു വിവരണംപോലെ, ശബ്ദം കുറച്ച് ഏതോ ഒരു രഹസ്യം പറയാന്‍ തുടങ്ങുന്നപോലെ ആകുലതകളോ ഇടര്‍ച്ചകളോ ഇല്ലാതെ സുനില്‍ തുടര്‍ന്നു.

'ഗോഡൗണ്‍ മാനേജര്‍ തൊട്ട് മുകളിലുള്ളവര്‍ക്ക് മാത്രമായി കമ്പനിയില്‍ ഫില്‍റ്റര്‍ ചെയ്ത ചൂടുള്ളതും തണുത്തതുമായ വെള്ളം ലഭ്യമായിരുന്നു, തൊഴിലാളികള്‍ക്കുവേണ്ടി, പുറത്ത് പമ്പുപയോഗിച്ച് വലിയ ടാങ്കിലായിരുന്നു വെള്ളം നിറച്ചുവെച്ചിരുന്നത്. അതിന്റെ സമീപം കെട്ടിയിട്ട ഗ്ലാസുകള്‍ ഉപയോഗിച്ച് വേണം ബാക്കിയുള്ള എല്ലാ തൊഴിലാളികളും വെള്ളം കുടിക്കാന്‍. ഇത് ചോദ്യം ചെയ്തുകൊണ്ട് ഓഫീസ് കെട്ടിടത്തിനുള്ളിലെ ഫില്‍റ്ററിലെ വെള്ളം കുമാറും മറ്റു മൂന്നുപേരും കൂടെ സമരത്തിന്റെ ഭാഗമായി കുടിച്ചു. അതുവരെ മുതലാളിമാരായി മാത്രം ഇരുന്നവര്‍ ആ ഒരൊറ്റ സംഭവത്തിനുശേഷം താക്കൂര്‍മാരായി മാറുന്നത് ഞാന്‍ നേരിട്ട് കണ്ടതാണ്. വെള്ളം തൊട്ട് അശുദ്ധമാക്കിയെന്ന പേരില്‍ സംഘടനയിലുള്ള എല്ലാവര്‍ക്കും നല്ലപോലെ തല്ലുകിട്ടി. കുമാറിനേയും മറ്റു മൂന്നു പേരേയും തൂണില്‍ കെട്ടിയിട്ടായിരുന്നു അടിച്ചിരുന്നത്. പൊട്ടിപ്പോയ കുപ്പിവളകള്‍ തുണിയില്‍ ചുറ്റി, വായുവില്‍ ഉയര്‍ത്തി ഒന്ന് ചുഴറ്റിയിട്ട് മുതുകത്തായിരുന്നു അടി. അടികൊണ്ട് മുതുകു മുഴുവന്‍ മുറിവുകളായിരുന്നു, മുഖം നീര് വന്നു ചീര്‍ത്തിരുന്നു. ഞങ്ങള്‍ കുറച്ച് ആളുകള്‍ ചേര്‍ന്നാണ് അവനേയും മറ്റുള്ളവരേയും ആശുപത്രിയിലെത്തിച്ചത്. സത്യത്തില്‍ സമരം ചെയ്തതിനല്ല അന്ന് അവരെ തല്ലിയത് എന്നെല്ലാവര്‍ക്കുമറിയാം. സമരത്തിനുണ്ടായിരുന്ന എല്ലാ തൊഴിലാളികളേയും പിരിച്ചുവിടുകയും പിറ്റേന്നുതന്നെ പകരം ആള്‍ക്കാര്‍ വരികയും യാതൊന്നും സംഭവിക്കാത്തതുപോലെ കമ്പനി അതിന്റെ പതിവുശീലങ്ങളിലേക്കു തിരികെപ്പോവുകയും ചെയ്തു. അവിടുത്തെ തൊഴിലാളികളെല്ലാം ഇപ്പോഴും ടാങ്കിലെ വെള്ളം തന്നെയാണ് കുടിക്കുന്നത്. ഒരുമാസത്തോളം കുമാര്‍ എന്റെ കൂടെയായിരുന്നു, സംസാരമൊക്കെ നല്ലപോലെ കുറഞ്ഞു, നമുക്ക് വേറെയൊരു ജോലി നോക്കാമെന്നു പറഞ്ഞെങ്കിലും അവനതിനു കൂട്ടാക്കിയില്ല. ഡല്‍ഹിയില്‍ കുറേ അലഞ്ഞ് പിന്നീടെപ്പഴോ അവന്‍ നാട്ടിലേക്കു തിരിച്ചുപോയി. ഇടയ്ക്ക് വിളിക്കുമായിരുന്നു, ഒന്നു രണ്ട് വട്ടം ഇവിടെവെച്ച് ഞങ്ങള്‍ കണ്ടിരുന്നു, എന്തോ ഒരു വിടവ് അപ്പോഴേക്ക് ഞങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിരുന്നു. അന്നത്തെ ആ സംഭവത്തിന്റെ ഷോക്ക് അവനെ വിട്ട്‌പോയിട്ടില്ലെന്ന് എനിക്ക് എപ്പോഴും തോന്നിയിരുന്നു. പക്ഷേ, നാട്ടില്‍ കടയൊക്കെ തുടങ്ങി വീണ്ടും ജീവിതത്തിലേക്ക് വന്നു എന്നാണ് ഞാനും കരുതിയത്, പക്ഷേ ഇതിപ്പോ...'

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

4

ഇരുട്ട് മൂടിനിന്ന ആ വീടിനെ, വലിയൊരു നിശ്ശബ്ദത കൂടി അടുത്ത നിമിഷത്തില്‍ കൈപ്പിടിയിലാക്കി. തനിക്ക് കരയാനുള്ള കഴിവ് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന തിരിച്ചറിവില്‍ വിവേക് മറിയയുടെ തോളിലേക്ക് ചാഞ്ഞുകിടന്നു.

'നമ്മുക്ക് കുറച്ചുനേരം അകത്തുപോയി കിടന്നാലോ?'

'വേണ്ട മറിയാ, നമുക്കിവിടെയിരിക്കാം.'

ആളുകളെല്ലാം തിരികെപ്പോയി എന്നുറപ്പിച്ചതിനുശേഷം ഇരുട്ടില്‍നിന്നും സുനില്‍ പ്രകാശ് യാദവ് മെല്ലെ വരാന്തയിലേക്ക് കടന്നുവന്നു.

'വിവേക്, എനിക്കിന്നു രാത്രിതന്നെ തിരിച്ചുപോണം, എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചാ മതി, ഇങ്ങനെ ഡൗണ്‍ ആവല്ലേ, ഒറ്റയ്ക്ക് ആണെന്നൊന്നും വിചാരിച്ച് പേടിക്കേണ്ട.'

പോക്കറ്റിനുള്ളില്‍ സിഗരറ്റ് പാക്കറ്റ് തപ്പുന്നതിനിടയില്‍ അയാള്‍ പെട്ടെന്ന് പറഞ്ഞുതീര്‍ത്തു.

സുനില്‍ പോയിക്കഴിഞ്ഞും അകത്തേക്ക് പോവാതെ മറിയയും വിവേകും വീടിനു പുറത്ത് തന്നെ കുറെനേരം നിന്നു. പെയ്‌തെന്നു തോന്നിച്ചൊരു മഴക്കാറിനെ കാറ്റ് കൊണ്ടുപോയപ്പോള്‍, മൂടി നിന്ന നിശ്ശബ്ദതയെ വിവേക് തന്നെ ഇല്ലാതെയാക്കി.

'സംടൈംസ് വീ ഓള്‍ ഡിസെര്‍വ് എ ഡീപ്പ് ടൈറ്റ് ഹഗ്ഗ്, എന്നെനിക്ക് അന്നു മാനസികാരോഗ്യകേന്ദ്രത്തിന്റെ ഗേറ്റ് കടന്നു പുറത്തേക്ക് പോകുമ്പോള്‍ തോന്നിയിരുന്നു. അച്ഛനത് ഡിസെര്‍വ് ചെയ്യുന്നുണ്ടായിരുന്നു മറിയാ...

ഒരാള്‍ക്ക് മറ്റൊരു മനുഷ്യനോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ബേസിക് ആയിട്ടുള്ള കാര്യം എന്താന്ന് അറിയോ മറിയയ്ക്ക്, കൈന്‍ഡ് ആയിട്ട് ഇരിക്കുക എന്നതാണത്. അച്ഛന് പലപ്പോഴുമത് കിട്ടിയിരുന്നില്ല.'

ആ സമയത്ത് മറിയയ്ക്ക് തിരിച്ച് ഒന്നുംതന്നെ പറയാനുണ്ടായിരുന്നില്ല.

'മറിയാ, നമുക്കിന്നു രാത്രിതന്നെ തിരിച്ച്‌പോയാലോ? ഇവിടെ മൊത്തത്തില്‍ പേടിപ്പെടുത്തുന്ന ഒരുതരം നിശ്ശബ്ദതയാണ്, എനിക്കെന്റെ കുട്ടിക്കാലം ഓര്‍മ്മവരുന്നു, അന്നും ഇതുപോലെയുള്ള നിശ്ശബ്ദതയായിരുന്നു ഏറ്റവും കൂടുതലുണ്ടായിരുന്നത്...'

പറഞ്ഞ് മുഴുവിക്കും മുന്നേ മറിയ വന്ന് വിവേകിനെ ചേര്‍ത്ത്പിടിച്ചു.

'നമുക്കു പോവാം വിവേക്. ഞാന്‍ െ്രെഡവ് ചെയ്യാം, നീയിവിടെ വെയ്റ്റ് ചെയ്യ്, ഞാന്‍ അകത്ത് പോയി ബാഗ് എടുത്തിട്ട് വരാം.'

'വേണ്ട നീ വണ്ടിയെടുക്ക്, ഞാന്‍ പോയി ബാഗ് എടുക്കാം.'

ഹാളിലെ ഇരുട്ടിനെ നിയോണ്‍ വെളിച്ചം മായ്ചുകളഞ്ഞപ്പോള്‍ വിവേക് ബാഗുമായി പുറത്തിറങ്ങി. പക്ഷേ, കുമാറിന്റെ മുറിയിലെ റാക്കില്‍ നിന്നും താഴെ വീഴാനായി നിന്ന ഡയറി അന്നേരമാണ് വിവേക് ശ്രദ്ധിച്ചത്. അതെടുക്കാനായി തിരിച്ച് വീണ്ടും മുറിയിലേക്ക് കയറി.

പേരറിയാത്ത, നിറയെ ശാഖകളുള്ള ഒരു മരത്തിനു കീഴില്‍ വിവേകും കുമാറും നില്‍ക്കുന്ന പഴയൊരു ചിത്രമാണ് അവന്റെ കയ്യില്‍ ആദ്യം തടഞ്ഞത്, മങ്ങിത്തുടങ്ങിയ ആ ചിത്രം നോക്കി അവന്‍ നിശ്ശബ്ദമായി കരഞ്ഞു. പിന്നീട് കണ്ണുനീരിന്റെ നനവുപറ്റിയ, പുറം ചട്ട കീറിത്തുടങ്ങിയ ഡയറിയുടെ താളുകള്‍ മെല്ലെ മറിച്ചുതുടങ്ങി. കുമാര്‍ അവസാനമെഴുതിയ കുറിപ്പില്‍നിന്നും കണ്ണെടുക്കുമ്പോള്‍ തിരിച്ച് കാറില്‍ത്തന്നെ യാത്ര ചെയ്യണോ വേണ്ടയോ എന്ന തീരുമാനം വിവേക് മനസ്സില്‍ രൂപപ്പെടുത്തിയിരുന്നു.

ചെറിയ മൂടല്‍മഞ്ഞിനൊപ്പം പുറത്ത് അന്നേരം മഴ പൊടിഞ്ഞുതുടങ്ങിയിരുന്നു. ഇരുട്ട് മൂടിയ വീടിനെ കാറിന്റെ മഞ്ഞവെളിച്ചം മാത്രം പൊതിഞ്ഞുനിന്നു. പുറത്തുനിന്ന് കുറേ നേരം വിളിച്ചിട്ടും അനക്കമില്ലാതിരുന്നപ്പോള്‍, മറിയ കാറിന്റെ ഹോണ്‍ തുടരെത്തുടരെ അമര്‍ത്തിക്കൊണ്ടിരുന്നു. അപ്പോള്‍ ഒരു ഇടിമിന്നലിനൊപ്പം ആ ശബ്ദം അവിടെയാകെ മുഴങ്ങി.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com