നിര്‍മ്മല വാരസ്യാര്‍  ഒരു യുദ്ധവിധവ 

ഒരു സ്ത്രീയുടെ വൈധവ്യത്തിന്റെ വിശദാംശങ്ങള്‍ കിള്ളിക്കീറി അറിയുന്നതില്‍ കാര്യമൊന്നുമില്ല എന്ന് പവിത്രന്‍ വൈദ്യര്‍ക്കറിയാം
നിര്‍മ്മല വാരസ്യാര്‍  ഒരു യുദ്ധവിധവ 

ഒന്ന്​
മുപ്പതു വര്‍ഷമായുള്ള അയല്‍ക്കാരി നിര്‍മ്മല വാരസ്യാരെക്കുറിച്ച് അതുവരെ അറിയാതിരുന്ന ഒരു രഹസ്യം  അവര്‍ ഒരു യുദ്ധവിധവയാണ് എന്നുള്ളത്  പവിത്രന്‍ വൈദ്യരെ ഞെട്ടിച്ചു കളഞ്ഞു.
നിര്‍മ്മല വാരസ്യാര്‍ ഒരു വിധവയാണെന്നല്ലാതെ യുദ്ധവിധവയാണെന്ന് അയാള്‍ക്ക് അറിയുമായിരുന്നില്ല.

അയാള്‍ക്കെന്നല്ല, അയാളുടെ ഭാര്യ പത്മിനിക്കോ മകന്‍ ജയമോഹനോ പോലും അക്കാര്യം അറിയുമായിരുന്നിരിക്കാന്‍ ന്യായമില്ല. അങ്ങനെയെങ്കില്‍ സ്വാഭാവികമായി അയാളും അത് അറിയേണ്ടതായിരുന്നുവല്ലോ.
ഒരു സ്ത്രീയുടെ വൈധവ്യത്തിന്റെ വിശദാംശങ്ങള്‍ കിള്ളിക്കീറി അറിയുന്നതില്‍ കാര്യമൊന്നുമില്ല എന്ന് പവിത്രന്‍ വൈദ്യര്‍ക്കറിയാം. ഒരു വിധവ എപ്രകാരമുള്ള വിധവയായാലെന്ത്? എങ്കിലും മുപ്പതു വര്‍ഷമായുളള അയല്‍ക്കാരി ഒരു യുദ്ധവിധവയായിരുന്നു എന്നറിയാതെ പോയത് തനിക്കു സംഭവിച്ച ഒരു വലിയ പിഴവു തന്നെയായി പവിത്രന്‍ വൈദ്യര്‍ക്കു തോന്നി.
തനിക്കു മാത്രമല്ല, ഭാര്യ പത്മിനിക്കും മകന്‍ ജയമോഹനും കൂടി അതേ പിഴവു സംഭവിച്ചതിലായിരുന്നു പവിത്രന്‍ വൈദ്യര്‍ക്ക് അദ്ഭുതം.
നിര്‍മ്മല വാരസ്യാരെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലേക്കും കിഴിഞ്ഞിറങ്ങുന്ന ഒരു കണ്ണ് എല്ലായ്‌പോഴും സൂക്ഷിച്ചിരുന്ന ഒരാളായിരുന്നു പവിത്രന്‍ വൈദ്യരുടെ ഭാര്യ പത്മിനി. അതിനു കാരണം വൈധവ്യത്തിലും കെടാതെനിന്ന അവരുടെ സൗന്ദര്യവും പരാശ്രയമില്ലാതെ മകള്‍ക്കൊപ്പം അവര്‍ നയിച്ച ജീവിതവുമായിരുന്നു. 
എന്നാല്‍ താനറിഞ്ഞതായി പത്മിനി ഭാവിക്കാത്ത, അതേസമയം ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാനായി മൂര്‍ച്ചകൂട്ടി ഉള്ളില്‍ സൂക്ഷിച്ച മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. പവിത്രന്‍ വൈദ്യരുടെ രഹസ്യനോട്ടങ്ങള്‍ നിര്‍മ്മല വാരസ്യാരുടെ നേര്‍ക്ക് നീളാന്‍ തുടങ്ങിയതായിരുന്നു അത്. 

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക


സ്വന്തം ഭര്‍ത്താവിനെപ്രതി ഏതൊരു ഭാര്യയ്ക്കും അനായാസം നടത്താന്‍ കഴിയുന്ന ഒരു കണ്ടെത്തലായിരുന്നതിനാല്‍ അത് പത്മിനിയെ ഒട്ടും തന്നെ ആവേശഭരിതയാക്കുകയുണ്ടായില്ല എന്നത് മറ്റൊരു കാര്യം.
നിര്‍മ്മല വാരസ്യാര്‍ ഒരു യുദ്ധവിധവയാണ് എന്ന, വളരെ പ്രാഥമികമായ ഒരു കണ്ടെത്തല്‍ നടത്താന്‍ പത്മിനിക്ക് എന്തുകൊണ്ടാണ് കഴിയാതിരുന്നത് എന്നുമാത്രം പവിത്രന്‍ വൈദ്യര്‍ക്ക് മനസ്സിലായില്ല.
ജയമോഹനും നിര്‍മ്മല വാരസ്യാരുടെ മകള്‍ മീനാക്ഷിയും െ്രെപമറി ക്ലാസ്സു മുതല്‍ കോളേജ് കഴിയും വരെ സഹപാഠികളും പൂവണിയാത്ത ഒരു കൗമാരപ്രണയത്തിലെ കഥാപാത്രങ്ങളുമായിരുന്നിട്ടും നിര്‍മ്മല വാരസ്യാരുടെ വൈധവ്യത്തെ സംബന്ധിച്ച രഹസ്യം അവര്‍ക്കിടയിലും വെളിപ്പെടുകയുണ്ടായില്ല.
എന്തായാലും ഇക്കാര്യമറിയുമ്പോള്‍ പത്മിനിക്കും ഞെട്ടാതിരിക്കാനാവില്ല എന്ന് പവിത്രന്‍ വൈദ്യരോര്‍ത്തു. പക്ഷേ, മരിച്ചുപോയവര്‍ ഞെട്ടുന്നത് ജീവിച്ചിരിക്കുന്നവര്‍ക്ക് കാണാന്‍ വേണ്ടിയല്ലാത്തതിനാല്‍ പത്മിനിയുടെ ഞെട്ടല്‍ അയാള്‍ കാണുകയില്ല.
മകന്‍ ജയമോഹനെ ഇക്കാര്യം വിളിച്ചറിയിക്കുന്ന രംഗം പവിത്രന്‍ വൈദ്യര്‍ ഒന്ന് സങ്കല്പിച്ചു നോക്കി.
കുറച്ചുനേരം ഫോണിന്റെ മറുതലയ്ക്കല്‍ നിശ്ശബ്ദതയായിരിക്കും. തുടര്‍ന്ന് അവന്‍ പതിഞ്ഞ ശബ്ദത്തില്‍ പറയും:
'അച്ഛന്‍ വെറുതെ എന്റെ മനസ്സമാധാനം കളയല്ലേ. ഇവിടെ വന്ന് എന്റെയൊപ്പം താമസിക്കാന്‍ പറഞ്ഞാല്‍ അതും കേള്‍ക്കില്ല.' 
വാന്‍കൂവറില്‍ സ്ഥിരവാസമാക്കിയിട്ടുള്ള അവന്‍ പവിത്രന്‍ വൈദ്യര്‍ക്കുവേണ്ടി ആശ്രിത വിസയെടുക്കുകയും ഒരു തവണ ടിക്കറ്റ് ബുക്ക് ചെയ്യുകയും വരെ ചെയ്തിട്ടുള്ളതാണ്. പവിത്രന്‍ വൈദ്യര്‍ ഒപ്പം ചെല്ലാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.
പക്ഷേ, തുടര്‍ന്നുള്ള ദിവസങ്ങളില്‍ അയാളുടെ മനസ്സ് കലങ്ങിമറിയാന്‍ തുടങ്ങി.
വീട് അനാഥമാവില്ലേ, മുറ്റം മുഴുവന്‍ കാടു കയറില്ലേ, പത്മിനിയുടെ അസ്ഥിത്തറയില്‍ സന്ധ്യയ്ക്ക് വിളക്കു കൊളുത്താന്‍ ആളില്ലാതാകില്ലേ, പറമ്പിന്റെ പച്ചയില്‍ വെയില്‍ വീഴുന്നതും തുലാക്കാറ്റിന് മദം പൊട്ടുന്നതും ബലിക്കാക്കകള്‍ മഴ നനയുന്നതുമൊക്കെ കണ്ടുകൊണ്ട് ഉമ്മറത്ത് താന്‍ കിടന്ന ചാരുകസേര അനാഥമാവില്ലേ... തുടങ്ങിയ തരളമായ ചില വിചാരങ്ങള്‍ മൂലമായിരുന്നു അയാളുടെ മനസ്സ് കലങ്ങിമറിഞ്ഞതെങ്കിലും അടിത്തട്ടില്‍ അതിന്റെ കാരണമായി വര്‍ത്തിച്ചത് കൃഷി ചെയ്തും ചിട്ടിക്കമ്പനി നടത്തിയും പരമ്പരാഗതമായി ലഭിച്ച വൈദ്യവൃത്തി ചെയ്തും ഒരായുസ്സുകൊണ്ട് താനുണ്ടാക്കിയ ഭൂസ്വത്തും വീടുമുള്‍പ്പെടുന്ന മുതല്‍ ഉപേക്ഷിച്ചു പോകുന്നതിലുള്ള മടിയായിരുന്നു. തരളവിചാരങ്ങള്‍ അവനവനെത്തന്നെ കബളിപ്പിക്കാനുള്ള ഒരു മറയാണെന്നും അതിനു പിന്നില്‍ എല്ലായ്‌പോഴും സ്വാര്‍ത്ഥവും കണിശവുമായ കാരണങ്ങളുണ്ടാവുമെന്നുമുള്ള തിരിച്ചറിവ് പവിത്രന്‍ വൈദ്യര്‍ക്കുണ്ടായിരുന്നു.
ഒടുവില്‍ വാന്‍കൂവറിലേക്ക് യാത്ര പുറപ്പെടേണ്ടതിന്റെ തലേ രാത്രി പവിത്രന്‍ വൈദ്യര്‍ ഒരു തീരുമാനത്തിലെത്തി.
അയാള്‍ ജയമോഹനോട് പറഞ്ഞു, 'ഞാന്‍ വരുന്നില്ല.'
ഒപ്പം അയാള്‍ അതിനുള്ള കാരണവും കൂട്ടിച്ചേര്‍ത്തു, 'എനിക്ക് ഇവിടെക്കിടന്നു മരിക്കണം.'

രണ്ട്

പരിസരത്ത് മറ്റു വീടുകളൊന്നുമില്ലാതിരുന്നതുകൊണ്ട് അയല്‍പ്പക്കങ്ങള്‍ എന്നു വിശേഷിപ്പിക്കാമായിരുന്നു എന്നതൊഴിച്ചാല്‍ വിശാലമായ രണ്ടു പറമ്പുകള്‍ക്കു നടുവില്‍ ഒറ്റപ്പെട്ടു നിന്ന രണ്ടു വീടുകളായിരുന്നു പവിത്രന്‍ വൈദ്യരുടേതും നിര്‍മ്മല വാരസ്യാരുടേതും. ഇലഞ്ഞി, പാല, അരയാല്‍, പേരാല്‍, മഞ്ചാടി, കുടപ്പന, തേക്ക്, മഹാഗണി തുടങ്ങിയ മരങ്ങള്‍ വളര്‍ന്നു പന്തലിച്ച് നട്ടുച്ചയ്ക്കും ഇരുട്ടു വീണ പറമ്പിനു നടുവില്‍, ഓട്ടുമേല്‍ക്കൂരയും ചരല്‍ മുറ്റവുമായി പഴമയുടെ പ്രൗഢിയോടെ നിന്ന വീടായിരുന്നു നിര്‍മ്മല വാരസ്യാരുടേത്. 
പവിത്രന്‍ വൈദ്യരുടേതാകട്ടെ, റബ്ബര്‍ വെട്ടിക്കളഞ്ഞ് കപ്പ നട്ട, പകല്‍ മുഴുവന്‍ വെയില്‍ സുലഭമായ പറമ്പിനു നടുവില്‍ ആധുനിക രീതിയില്‍ പണികഴിപ്പിച്ചിട്ടുള്ള ഒരു ഇരുനില വീടും. രണ്ടു പറമ്പുകള്‍ക്കും അതിരിട്ടുകൊണ്ട് ഒരാള്‍പ്പൊക്കമുള്ള ഒരു കന്മതിലുണ്ടായിരുന്നുവെങ്കിലും ഉമ്മറത്തെ ചാരുകസേരയിലിരുന്നാല്‍ പവിത്രന്‍ വൈദ്യര്‍ക്ക് നിര്‍മ്മല വാരസ്യാരുടെ വീടും അതിനെ ചുറ്റിപ്പറ്റിയുള്ള അവരുടെ ചലനങ്ങളും വ്യക്തമായിത്തന്നെ കാണാന്‍ സാധിക്കുമായിരുന്നു. സത്യത്തില്‍ ആ കാഴ്ചകള്‍ കണ്ടുകൊണ്ടാണ് അയാളുടെ ദിവസങ്ങളോരോന്നും കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. രാവിലെ മുറ്റമടിക്കുകയും ചെടികള്‍ക്ക് വെള്ളമൊഴിക്കുകയും ചെയ്യുന്നതു മുതല്‍ വൈകിട്ട് വീടിനു പിന്നിലെ അടുക്കളത്തോട്ടത്തില്‍ കൊത്തും കിളയുമായി ചെലവഴിക്കുന്നതുവരെയുള്ള നിര്‍മ്മല വാരസ്യാരുടെ ഓരോ പ്രവൃത്തിയും പവിത്രന്‍ വൈദ്യര്‍ക്ക് ഹൃദിസ്ഥമായിരുന്നു. വെള്ളികെട്ടിയ മുടിയും മെലിഞ്ഞ ശരീരവുമുള്ള അവരുടെ ചലനങ്ങളില്‍ നിറഞ്ഞുനിന്ന ഒരുതരം ഭാരമില്ലായ്മയായിരുന്നു പവിത്രന്‍ വൈദ്യരെ ആകര്‍ഷിച്ചത്. പവിത്രന്‍ വൈദ്യരുടെ കാര്യത്തില്‍ അടിച്ചുതുടയ്ക്കാനും തുണിയലക്കാനും ഭക്ഷണമുണ്ടാക്കാനുമായി എന്നും വന്നുപോകുന്ന ഒരു ജോലിക്കാരിയുണ്ടായിരുന്നുവെങ്കില്‍ നിര്‍മ്മല വാരസ്യാരുടെ കാര്യത്തില്‍ അതൊന്നുമുണ്ടായിരുന്നില്ല. വീട്ടുജോലികളെല്ലാം ഭാരരഹിതമായ ചലനങ്ങളിലൂടെ അവര്‍ സ്വയം ചെയ്തു തീര്‍ത്തു.
നിര്‍മ്മല വാരസ്യാര്‍ ചെയ്തിരുന്ന ഒരേയൊരു ഭാരിച്ച പ്രവൃത്തിയായി പവിത്രന്‍ വൈദ്യര്‍ക്ക് അനുഭവപ്പെട്ടത് ഉച്ചയൂണു കഴിഞ്ഞ് ഉമ്മറത്തെ തൂണും ചാരി വന്മരങ്ങള്‍ തണല്‍ വീഴ്ത്തുന്ന പറമ്പിലേയ്ക്കും അതിനപ്പുറത്തെ വെയിലിന്റെ മരീചികയിലേക്കും നോക്കിയുള്ള നിശ്ചലമായ അവരുടെ ഇരിപ്പായിരുന്നു. തന്റെ മുന്നിലെ ഏകാന്തതയുടെ സാമ്രാജ്യത്തെ വരച്ചവരയില്‍ നിര്‍ത്തുന്ന ഒരു ചക്രവര്‍ത്തിനിയെപ്പോലെയുണ്ടാകുമായിരുന്നു അപ്പോഴവര്‍. 
നിര്‍മ്മല വാരസ്യാരുടെ ആ ഇരിപ്പിന്റെ ഭാരം ചിലപ്പോഴൊക്കെ വെയിലും തണലും നീന്തി സ്വന്തം വീടിന്റെ ഉമ്മറത്തെ ചാരുകസേരയിലിരുന്ന് മയങ്ങുന്ന പവിത്രന്‍ വൈദ്യരേയും വന്നു തൊടുമായിരുന്നു. അപ്പോഴൊക്കെ ആരോ വിളിച്ചിട്ടെന്നതുപോലെ അയാള്‍ മയക്കം വിട്ടുണരുകയും എന്തോ കണ്ടെത്താനെന്നവണ്ണം വെയിലിന്റെ സ്ഥടിക പ്രസരത്തിലേക്ക് കണ്ണുകള്‍ തുറന്നുപിടിക്കുകയും ചെയ്തു.

മൂന്ന്

ചെന്നൈയില്‍ സകുടുംബം വാസമുറപ്പിച്ചിരിക്കുന്ന മകള്‍ മീനാക്ഷി തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന വിവരം നിര്‍മ്മല വാരസ്യാര്‍ തന്നെയാണ് പവിത്രന്‍ വൈദ്യരോട് പറയുകയുണ്ടായത്.
അത് ഒരുച്ച നേരമായിരുന്നു. ഉമ്മറത്ത് പുറത്തേയ്ക്കും നോക്കി പതിവുള്ള ഇരിപ്പിനുപകരം നിര്‍മ്മല വാരസ്യാര്‍ പവിത്രന്‍ വൈദ്യരോടു സംസാരിക്കാനായി മതിലിനപ്പുറം വരികയായിരുന്നു.
'പോകാതെ വയ്യ', വന്മരങ്ങള്‍ക്കു കീഴില്‍ ഉച്ചയുടെ പുള്ളിവെയിലേറ്റ് നിന്നുകൊണ്ട് അവര്‍ പറഞ്ഞു, ' മനസ്സാഗ്രഹിക്കുന്നിടത്ത് ശരീരമെത്താതായിരിക്കുന്നു.'
അനൗപചാരികമായ ഒരു യാത്രപറച്ചിലാണതെന്ന് പവിത്രന്‍ വൈദ്യര്‍ തിരിച്ചറിഞ്ഞു. എന്നെങ്കിലുമൊരിക്കല്‍ അയാള്‍ അത് പ്രതീക്ഷിച്ചിരുന്നതുമാണ്.
നിര്‍മ്മല വാരസ്യാരുടെ വീട് അവരുടെ ഭാരരഹിതമായ ചലനങ്ങളും ഭാരം നിറഞ്ഞ നിശ്ചലമായ ഇരിപ്പുമൊഴിഞ്ഞ് വന്മരങ്ങള്‍ തണല്‍ വീഴ്ത്തിയ പറമ്പിനു നടുവില്‍ ഇരുണ്ടു മൂടി നില്‍ക്കുന്ന ദൃശ്യം ഒരു നിമിഷം പവിത്രന്‍ വൈദ്യരുടെ മനസ്സിലൂടെ കടന്നുപോയി.
'ഒരു മടങ്ങിവരവുണ്ടാകുമോ എന്നറിയില്ല', നിര്‍മ്മല വാരസ്യാര്‍ തുടര്‍ന്നു, 
'ഒരാഗ്രഹമാണെങ്കില്‍ ബാക്കിയുണ്ടുതാനും.'
നിര്‍മ്മല വാരസ്യാരുടെ ആഗ്രഹമെന്തെന്നറിയാനായി പവിത്രന്‍ വൈദ്യര്‍ ചെവി കൂര്‍പ്പിച്ചു.
'വൈദ്യര്‍ക്കു മാത്രം സാധിച്ചുതരാന്‍ കഴിയുന്ന ഒന്നാണത്', നിര്‍മ്മല വാരസ്യാര്‍ പറഞ്ഞു.
'എനിക്കോ?' പവിത്രന്‍ വൈദ്യര്‍ക്ക് ആശ്ചര്യമായി.
'യെസ്', നിര്‍മ്മല വാരസ്യാര്‍ പറഞ്ഞു, 'വില്‍ യു ടെയ്ക് മി ഫോര്‍ എ ഫ്‌ലൈറ്റ് ബിഫോര്‍ ഐ ലീവ് ദിസ് പ്ലേസ് ?'
നിര്‍മ്മല വാരസ്യാരുടെ വെള്ളികെട്ടിയ മുടി ഉച്ചവെയിലില്‍ ജ്വലിക്കാന്‍ തുടങ്ങുന്നതായും
അവരുടെ ഉടല്‍ അതിന്റെ ഘനരൂപമഴിഞ്ഞ് ഭാരമില്ലാതെ ഉലയാന്‍ തുടങ്ങുന്നതായും പവിത്രന്‍ വൈദ്യര്‍ക്കു തോന്നി.
ഇവിടെ നിന്ന് പോകും മുന്‍പ് തന്നെ ഒന്നു പറക്കാന്‍ കൊണ്ടുപോകുമോ എന്ന നിര്‍മ്മല വാരസ്യാരുടെ ചോദ്യത്തേക്കാള്‍ പവിത്രന്‍ വൈദ്യരെ അത്ഭുതപ്പെടുത്തിയത് ഇംഗ്ലീഷറിയാത്ത തനിക്ക് ആ ചോദ്യം എങ്ങനെ മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നതായിരുന്നു.
അയാളെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം നിര്‍മ്മല വാരസ്യാരുടെ ഇംഗ്ലീഷ് പരിജ്ഞാനമായിരുന്നു. ഇത്രയും കാലം അയല്‍ക്കാരായിരുന്നിട്ടും ഒരിക്കല്‍പോലും അയാള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ലാത്തതും അതുകൊണ്ടുതന്നെ അവിശ്വസനീയവുമായ ഒന്നായിരുന്നു അത്.
ചില ആഗ്രഹങ്ങള്‍ ഒരുപക്ഷേ, ഭാഷയെ ഒരു സങ്കേതം മാത്രമായി ചുരുക്കുകയും ഏതു ഭാഷയും ആര്‍ക്കും വഴങ്ങുന്ന ഒരു സ്ഥിതിയുണ്ടാക്കുകയും ചെയ്‌തേക്കാമെന്ന നിഗമനത്തില്‍ അയാള്‍ ഒടുവില്‍ എത്തിച്ചേര്‍ന്നു.
നിര്‍മ്മല വാരസ്യാരുടെ ചോദ്യത്തിന് അതേ ഭാഷയില്‍ 'യെസ്, ഓഫ് കോഴ്‌സ്' എന്ന് അനായാസം മറുപടി കൊടുക്കാന്‍ കൂടി കഴിഞ്ഞതോടെ തന്റെ നിഗമനം ശരിയാണെന്ന് പവിത്രന്‍ വൈദ്യര്‍ക്ക് ബോധ്യപ്പെടുകയും താനും നിര്‍മ്മല വാരസ്യാരെപ്പോലെ ഒരു ഇംഗ്ലീഷ് പരിജ്ഞാനിയായിരിക്കുന്നതില്‍ അയാള്‍ അത്ഭുതപ്പെടുകയും ചെയ്തു.
'മൈ ഹസ്ബന്റ് വാസ് എ ഫൈറ്റര്‍ പൈലറ്റ്', നിര്‍മ്മല വാരസ്യാര്‍ പറഞ്ഞു, 'മൂന്ന് ശത്രു വിമാനങ്ങള്‍ വെടിവെച്ചിട്ടതിനുശേഷം നാലാമതൊന്നില്‍നിന്നുള്ള വെടിയേറ്റ് വിമാനം തകര്‍ന്നാണ് അദ്ദേഹം മരിച്ചത്.'
 'ദാറ്റ്‌സ് റിയലി എക്‌സൈറ്റിങ്ങ്', പവിത്രന്‍ വൈദ്യര്‍ പറഞ്ഞു.
'ഒരു വാരസ്യാരുടെ ഭര്‍ത്താവെന്ന നിലയില്‍ മാത്രമല്ല, അല്ലാതെയും അദ്ദേഹം ഒരു വാര്യരായിരുന്നു', നിര്‍മ്മല വാരസ്യാര്‍ ചിരിച്ചു, 'എ ട്രൂ വാര്യര്‍.'
ആ ചിരിയില്‍ പങ്കുചേരണമെന്ന് പവിത്രന്‍ വൈദ്യര്‍ക്കുണ്ടായിരുന്നു.
പക്ഷേ, നിര്‍മ്മല വാരസ്യാര്‍ തന്റെ മേലര്‍പ്പിച്ച പ്രതീക്ഷയുടെ വലിപ്പം അയാളെ അതിന് അനുവദിച്ചില്ല.

നാല്

പവിത്രന്‍ വൈദ്യര്‍ പിറ്റേന്നുതന്നെ 'സ്‌നേഹതീരം' ഓട്ടോറിക്ഷയുടെ െ്രെഡവര്‍ കുഞ്ഞുമോനെ ഫോണ്‍ ചെയ്തു വരുത്തി.
ചെറിയ യാത്രകള്‍ക്കെല്ലാം പവിത്രന്‍ വൈദ്യര്‍ ആശ്രയിച്ചിരുന്നത് കുഞ്ഞുമോന്റെ 'സ്‌നേഹതീര'ത്തെയായിരുന്നു. നീണ്ട യാത്രകള്‍ വേണ്ടിവരുമ്പോള്‍ പവിത്രന്‍ വൈദ്യര്‍ കുഞ്ഞുമോനെ തന്റെ കാറിന്റെ സാരഥിയാകാന്‍ ക്ഷണിച്ചു.
നിര്‍മ്മല വാരസ്യാര്‍ക്ക് ചെറിയ യാത്രകള്‍ പൊതുവേ കുറവായിരുന്നു.
നീണ്ടയാത്രകള്‍ വേണ്ടിവരുമ്പോള്‍ അവരും കുഞ്ഞുമോനെത്തന്നെ തന്റെ കാറോടിക്കുവാന്‍ വിളിച്ചു.
അന്ന് പക്ഷേ, പവിത്രന്‍ വൈദ്യര്‍ കുഞ്ഞുമോനെ ഫോണ്‍ ചെയ്തു വരുത്തിയത് എവിടേയ്‌ക്കെങ്കിലും യാത്ര പോകാനായിരുന്നില്ല. 
ഓട്ടോറിക്ഷ വന്നുനിന്ന പാടെ പവിത്രന്‍ വൈദ്യര്‍ അഞ്ഞൂറു രൂപയുടെ മൂന്ന് നോട്ടുകള്‍ കുഞ്ഞുമോന്റെ നേര്‍ക്ക് നീട്ടി.
'ഒരു റം. ഓള്‍ഡ് മൊങ്ക്.'
അതായിരുന്നു പവിത്രന്‍ വൈദ്യരുടെ ബ്രാന്‍ഡ്.
കുഞ്ഞുമോന്‍ പണം വാങ്ങി ഓട്ടോറിക്ഷയുമായി പറന്നു.
കുഞ്ഞുമോന്‍ മദ്യവുമായി എത്തുമ്പോഴേയ്ക്ക് പവിത്രന്‍ വൈദ്യര്‍ വീടിനു പിന്നാമ്പുറത്തെ ഔട്ട് ഹൗസില്‍ ഗ്ലാസ്സും വെള്ളവും ഐസുമെല്ലാം സജ്ജമാക്കിയിരുന്നു.
ഒപ്പമിരിക്കാന്‍ കുഞ്ഞുമോനെ പവിത്രന്‍ വൈദ്യര്‍ക്ക് നിര്‍ബ്ബന്ധിക്കേണ്ടിവന്നു. 
അത്തരം സന്ദര്‍ഭങ്ങളില്‍ പുലര്‍ത്തേണ്ട ഔചിത്യത്തെക്കുറിച്ച് കുഞ്ഞുമോനെ ആരും പഠിപ്പിക്കേണ്ടതില്ലായിരുന്നു.
എന്നാല്‍, മദ്യപിച്ചു കഴിയുന്നതോടെ കുഞ്ഞുമോന്റെ ഔചിത്യബോധം അപ്രത്യക്ഷമാവുകയും നാട്ടിലെ കുലീനകളായ സ്ത്രീകളുമായി തനിക്കുണ്ടെന്ന് അവകാശപ്പെടുന്ന അവിഹിതത്തിന്റെ കഥകള്‍ അയാള്‍ ഓരോന്നായി വിസ്തരിക്കാന്‍ തുടങ്ങുകയും ചെയ്യുമായിരുന്നു.
കുഞ്ഞുമോന്റെ അത്തരം വീരവാദങ്ങള്‍ പവിത്രന്‍ വൈദ്യര്‍ ഒരു പരിധിവരെ ആസ്വദിക്കുകയും ചെയ്തു. 
എന്നാല്‍, തന്റെ രൂപത്തേയും നിറത്തേയും പ്രതിയുള്ള അപകര്‍ഷതകളില്‍നിന്നു നീന്തിക്കയറാനുള്ള കുഞ്ഞുമോന്റെ ശ്രമമാണ് അത്തരം യുക്തിരഹിതമായ കഥകള്‍ക്കു പിന്നിലെന്ന തിരിച്ചറിവില്‍ പവിത്രന്‍ വൈദ്യര്‍ ചിലപ്പോഴൊക്കെ അയാളെ ശാസിക്കാനും മുതിര്‍ന്നു.
'ജീവിതത്തിനെന്തോന്ന് യുക്തി വൈദ്യരേ?', അപ്പോള്‍ കുഞ്ഞുമോന്‍ പറഞ്ഞു, 'പത്തു ശതമാനം യഥാര്‍ത്ഥത്തില്‍ സംഭവിക്കണതും തൊണ്ണൂറു ശതമാനം നമ്മള്‍ സങ്കല്പിച്ചു കൂട്ടണതുമല്ലേ ജീവിതം. ആ പത്തു ശതമാനത്തില്‍ കടിച്ചുതൂങ്ങണതിലും ഭേദം മറ്റേ തൊണ്ണൂറു ശതമാനത്തില്‍ മുങ്ങിച്ചാകണതാ.'
രണ്ടു പേരുടേയും ഗ്ലാസ്സുകള്‍ രണ്ടു തവണ വീതം കാലിയായിക്കഴിഞ്ഞപ്പോള്‍ പവിത്രന്‍ വൈദ്യര്‍ താന്‍ കരുതിവച്ചിരുന്ന ചോദ്യം കുഞ്ഞുമോനോട് ചോദിക്കാന്‍ തീരുമാനിച്ചു.
എല്ലാ മാസവും ആദ്യത്തെ ആഴ്ച കുഞ്ഞുമോന്‍ നിര്‍മ്മല വാരസ്യാരുമായി അവരുടെ കാറില്‍ ഒരു നീണ്ട യാത്ര പതിവുണ്ട്. സന്ധ്യയോടെ തിരിച്ചെത്തുകയും ചെയ്യും. മറ്റെന്തു മുടങ്ങിയാലും നിര്‍മ്മല വാരസ്യാരുടെ ആ യാത്ര മാത്രം മുടങ്ങാറില്ല.
'എങ്ങോട്ടാണ് ആ യാത്ര?'
അതായിരുന്നു പവിത്രന്‍ വൈദ്യര്‍ക്ക് അറിയേണ്ടത്.
കുഞ്ഞുമോന്‍ ചോദ്യം ശ്രദ്ധിച്ചു കേട്ടുവെങ്കിലും പെട്ടെന്ന് ഒരു മറുപടി പറയുകയുണ്ടായില്ല. 
അയാള്‍ എന്തോ ഒരാലോചനയിലാണ്ടു.
പവിത്രന്‍ വൈദ്യര്‍ ഗ്ലാസ്സുകള്‍ മൂന്നാമതും നിറച്ചു.
'അതൊരു രഹസ്യമൊന്നുമല്ല. അറിയേണ്ടവര്‍ക്കെല്ലാം അറിയാം', കുഞ്ഞുമോന്‍ പറഞ്ഞു, 'എന്നാല്‍ അതൊരു പരസ്യവുമല്ല. നാല്‍പ്പത്തിയെട്ടു കിലോമീറ്റര്‍ അകലെയുള്ള മിലിട്ടറി കാന്റീനിലേക്ക് മാസം തോറുമുള്ള മദ്യത്തിന്റെ ക്വോട്ട വാങ്ങാനാണ് ആ യാത്ര. അവരുടെ ഭര്‍ത്താവ് യുദ്ധത്തില്‍ മരിച്ച ഒരു പട്ടാള ഓഫീസറായിരുന്നുവല്ലോ. മാസം പത്ത് കുപ്പി കിട്ടും. അതില്‍ എട്ടെണ്ണവും അവര്‍ സ്‌കോച്ച് തന്നെ വാങ്ങും. രണ്ട് റമ്മും. റമ്മില്‍ ഒന്ന് എനിക്കാണ്. രണ്ടാമത്തേത് തെങ്ങുകയറ്റക്കാരന്‍ കുമാരനും.'
കുഞ്ഞുമോന്‍ പറഞ്ഞു.
'അപ്പോള്‍ സ്‌കോച്ചോ?', പവിത്രന്‍ വൈദ്യര്‍ ചോദിച്ചു.
'ഒന്നുകില്‍ അവരുതന്നെ കുടിച്ചുതീര്‍ക്കുന്നു. അല്ലെങ്കില്‍ ഏതോ രഹസ്യ അറയില്‍ പൂഴ്ത്തി വയ്ക്കുന്നു. എന്തായാലും ഒരു തുള്ളിപോലും പുറത്താര്‍ക്കും പോകുന്നില്ല' കുഞ്ഞുമോന്‍ പറഞ്ഞു.
'അല്ല, അവര്‍ കുടിച്ചുതീര്‍ക്കുക തന്നെയാണ്.' നിര്‍മ്മല വാരസ്യാരുടെ ദേഹത്തിന്റെ ചോരത്തുടുപ്പ് ഓര്‍ത്തെടുത്തുകൊണ്ട് പവിത്രന്‍ വൈദ്യര്‍ പറഞ്ഞു.

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

അഞ്ച്

ചെറുപയര്‍പ്പച്ച നിറമുള്ള ഫ്‌ലൈയിങ്ങ് ഓവറോളും അതേ നിറമുള്ള ജി  സ്യൂട്ടും ധരിച്ച് ഫ്‌ലൈയിങ്ങ് ഹെല്‍മറ്റ് ഇടതു കൈമടക്കിലൊതുക്കി പവിത്രന്‍ വൈദ്യര്‍ കണ്ണാടിക്കു മുന്നില്‍ നിന്നു.
ഷേവു ചെയ്ത തിളങ്ങുന്ന കവിളുകളും പറ്റെ വെട്ടിയ മുടിയും ആ വേഷവും അയാളില്‍നിന്നു പ്രായത്തെ ചോര്‍ത്തിക്കളഞ്ഞിരുന്നു. നരച്ച മീശയുടെ അഗ്രങ്ങള്‍ മുകളിലേയ്ക്ക് ചെറുതായി പിരിച്ചു വെച്ച് കണ്ണാടിയില്‍ നോക്കി ഒന്നു മന്ദഹസിക്കുക കൂടി ചെയ്തതോടെ അയാള്‍ക്ക് തന്നെക്കുറിച്ചുള്ള മതിപ്പ് വര്‍ദ്ധിച്ചു.
പവിത്രന്‍ വൈദ്യര്‍ക്കൊപ്പം നിര്‍മ്മല വാരസ്യാരും തയ്യാറായിക്കഴിഞ്ഞിരുന്നു. അവരുടെ വേഷവും പവിത്രന്‍ വൈദ്യരുടേതു തന്നെയായിരുന്നു. ഫ്‌ലൈയിങ്ങ് ഓവറോളിന്റേയും ജി  സ്യൂട്ടിന്റേയും ചെറുപയര്‍പ്പച്ച അവരുടെ വെളുത്തു മെലിഞ്ഞ ഉടലിനു നന്നായി ഇണങ്ങി. ചീകിയൊതുക്കി പിന്നില്‍ കെട്ടിവച്ച നരച്ച മുടിയൊഴിച്ചാല്‍ പ്രായം അവരേയും ഉപേക്ഷിച്ചുപോയ മട്ടായിരുന്നു.
ടര്‍മാക്കില്‍ കിടന്ന വിമാനത്തിനു നേര്‍ക്ക് പവിത്രന്‍ വൈദ്യര്‍ അളന്നുമുറിച്ച ചുവടുകളോടെ നടന്നു. പിന്നാലെ നിര്‍മ്മല വാരസ്യാരും.
അത് ഒരേയൊരു അവസരമാണെന്ന തോന്നല്‍ എന്തുകൊണ്ടോ പവിത്രന്‍ വൈദ്യര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നിര്‍മ്മല വാരസ്യാര്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ഒരനുഭവമായിരിക്കണം അതെന്നും അയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു.
പവിത്രന്‍ വൈദ്യര്‍ അതിനുവേണ്ടി പ്ലാന്‍ ചെയ്തിരുന്നത് അഞ്ചു വിമാനങ്ങളെക്കൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു മോക് ഡ്രില്‍ ആയിരുന്നു. പരസ്പരം വെടിവയ്ക്കുകയും അതേസമയം വെടിയേല്‍ക്കാതെ ഒഴിഞ്ഞുമാറുകയും ചെയ്യുന്ന ഒരു കളിയായിരുന്നു അത്. തോക്കുകളുടെ സ്ഥാനത്ത് ക്യാമറകളായിരുന്നുവെന്നുമാത്രം. വെടിവയ്ക്കാന്‍ വേണ്ടി ട്രിഗറമര്‍ത്തുമ്പോള്‍ വെടിയുണ്ടകള്‍ പായുന്നതിനുപകരം ക്യാമറകള്‍ മിഴി തുറക്കും. മറുചേരിയിലെ വിമാനത്തിന്റെ വെടിയുണ്ട കൊള്ളുമായിരുന്ന ഭാഗത്തിന്റെ ചിത്രം അങ്ങനെ ക്യാമറയില്‍ പതിയും. ഒടുവില്‍ ആ ചിത്രങ്ങളെല്ലാം പരിശോധിച്ച് എത്ര വെടി ലക്ഷ്യത്തില്‍ കൊണ്ടു, എത്ര കൊണ്ടില്ല, കൃത്യത എത്ര ശതമാനം എന്നെല്ലാം വിലയിരുത്താന്‍ കഴിയും.
'ഹോപ് യു വില്‍ എന്‍ജോയ് ഇറ്റ്', പവിത്രന്‍ വൈദ്യര്‍ നിര്‍മ്മല വാരസ്യാരോടു പറഞ്ഞു.
അതു പറയുമ്പോഴും ശരിക്കുള്ള വെടിയുണ്ടകള്‍ പായാത്ത, ലക്ഷ്യങ്ങള്‍ വേധിക്കപ്പെടാത്ത ഒരു കളിയാണതെന്ന നിരാശ അയാള്‍ക്കുണ്ടായിരുന്നു.
പവിത്രന്‍ വൈദ്യരുടെ വിമാനം മുന്നിലും ഒപ്പമുള്ള അഞ്ചു വിമാനങ്ങള്‍ പിന്നിലുമായി താറാവുകള്‍ വെള്ളത്തിലേക്കെന്നതുപോലെ ആകാശത്തേക്ക് ഉയര്‍ന്നു.
ഒരു യുദ്ധവിമാനം പറത്തുന്നത് ആദ്യമായിട്ടായിരുന്നുവെങ്കിലും അതിന്റെ അപരിചിതത്വമൊന്നും പവിത്രന്‍ വൈദ്യരില്‍ പ്രകടമായിരുന്നില്ല. മറിച്ച് താന്‍ എത്രയോ കാലമായി തുടരുന്ന ഒരു പ്രവൃത്തിയാണതെന്ന ലാഘവം അയാളില്‍ ഉണ്ടായിരുന്നുതാനും.
നിര്‍മ്മല വാരസ്യാരുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഒരു യുദ്ധവിമാനത്തിന്റെ കോക്പിറ്റിലെ പിന്‍സീറ്റിലിരുന്ന് താന്‍ എത്രയോ പറന്നിരിക്കുന്നു എന്ന ഒരു ഭാവമായിരുന്നു അവര്‍ക്കും.
എങ്കിലും ഇരുവരും ഒരുമിച്ച് ഒരേ യുദ്ധവിമാനത്തിന്റെ കോക്പിറ്റിലിരുന്ന് പറക്കുന്നത് ആദ്യമായിട്ടാണെന്ന ബോധം അവരെ ഗൂഢമായി ഉത്തേജിതരാക്കിക്കൊണ്ടുമിരുന്നു.
വിമാനം പറന്നുകൊണ്ടിരുന്നത് ഒരു മരുഭൂമിക്ക് മുകളിലൂടെയായിരുന്നു. താഴെ മണല്‍പ്പുഴകളുടെ മഞ്ഞനിറം വെയിലില്‍ തിളങ്ങി അന്തമില്ലാതെ കിടന്നു.
മോക്ഡ്രില്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. കൊണ്ടും കൊടുത്തും വിമാനങ്ങള്‍ മുന്നേറി. പവിത്രന്‍ വൈദ്യരുടെ പ്രകടനം പക്ഷേ, തുടക്കം മുതല്‍ തന്നെ മോശമായിരുന്നു. തന്റെ നിയന്ത്രണത്തിലല്ലാത്ത എന്തോ ഒന്നുതന്നെ ചതിക്കുന്നതായി അയാള്‍ക്ക് തോന്നിക്കൊണ്ടിരുന്നു. പിന്നില്‍നിന്നുതന്നെ ലക്ഷ്യം വച്ച ഒരു വിമാനത്തില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടി കുതിക്കുമ്പോളാണ് അയാള്‍ക്ക് അത് ഏറ്റവും സ്പഷ്ടമായി അനുഭവപ്പെട്ടത്. എന്‍ജിന്റെ ശക്തി എവിടെയോ ചോരുന്നു.
ത്രോട്ടില്‍ പരമാവധി മുന്നോട്ടു നീക്കിയിട്ടും വിമാനത്തിന്റെ വേഗം കൂടുന്നില്ല.
ത്രോട്ടിലിന്റെ സ്ഥാനം അതിന്റെ പരമാവധിയില്‍ എത്തിച്ചിട്ടും എന്‍ജിന്റെ പ്രവര്‍ത്തനവും അതുവഴി വിമാനത്തിന്റെ വേഗവും കൂടാത്തതെന്തുകൊണ്ടാണെന്നുമാത്രം പവിത്രന്‍ വൈദ്യര്‍ക്കു മനസ്സിലായില്ല.
യഥാര്‍ത്ഥത്തില്‍ എന്‍ജിന്‍ അപ്പോള്‍ പ്രവര്‍ത്തിച്ചത് വിമാനം ഭൂമിയിലായിരിക്കുന്ന അവസ്ഥയില്‍, എന്തെങ്കിലും പരിശോധനകള്‍ക്കുവേണ്ടി പ്രവര്‍ത്തിപ്പിക്കേണ്ടിവരുമ്പോഴത്തെ വേഗത്തില്‍ മാത്രമായിരുന്നു. ആ വേഗം അറിയപ്പെട്ടിരുന്നത് നിഷ്‌ക്രിയവേഗമെന്നായിരുന്നു. അതാകട്ടെ, വിമാനത്തെ ഒരിഞ്ചുപോലും മുന്നോട്ടു നീക്കാന്‍ കെല്പുള്ളതുമായിരുന്നില്ല. 
പവിത്രന്‍ വൈദ്യരുടെ കണ്ണുകള്‍ കോക്പിറ്റിനുള്ളിലെ മാപിനികളിലൂടെയും സൂചകങ്ങളിലൂടെയും ഒരു തവണ സഞ്ചരിച്ചു. എല്ലാം സാധാരണ നിലയിലായിരുന്നു  വിമാനത്തിന്റെ വേഗമൊഴികെ. 
എല്ലാ പരിശോധനകളിലും ആരോഗ്യവാനെന്നു തെളിഞ്ഞ, എന്നാല്‍ പൗരുഷം മാത്രം നഷ്ടപ്പെട്ട ഒരു വൃദ്ധനാണ് തന്റെ വിമാനമെന്ന് പവിത്രന്‍ വൈദ്യര്‍ക്കു തോന്നി.
ഇങ്ങനെ തുടര്‍ന്നാല്‍ അധികം വൈകാതെ വിമാനം നിലംപതിക്കുമെന്ന് അയാള്‍ക്കുറപ്പായി.
'ത്രോട്ടില്‍ ഔട്ട് ഓഫ് കണ്‍ട്രോള്‍. കംബാറ്റ് സ്‌റ്റോപ്... ഓള്‍ ഫൈവ് ഡിസെന്‍ഗേജ്.'
പവിത്രന്‍ വൈദ്യരുടെ സന്ദേശം റേഡിയോ ട്രാന്‍സ്മിറ്ററിലൂടെ മറ്റു വിമാനങ്ങളിലേക്ക് പറന്നു.
തന്റെ മുന്നില്‍ രണ്ടു വഴികളേയുള്ളു എന്ന് പവിത്രന്‍ വൈദ്യര്‍ തിരിച്ചറിഞ്ഞു. ഒന്നുകില്‍ ഗ്ലൈഡ് ചെയ്ത് റണ്‍വേ വരെയെത്തിച്ച് വിമാനം താഴെയിറക്കുക. അല്ലെങ്കില്‍ വിമാനമുപേക്ഷിച്ച് ഇജക്ട് ഔട്ട് ചെയ്യുക.
വിമാനം അപകടകരമായ വേഗത്തിലായിരുന്നു താഴേയ്ക്ക് പൊയ്‌ക്കൊണ്ടിരുന്നത്. ഗ്ലൈഡ് ചെയ്താല്‍ വിമാനം ഒരു മുപ്പതു കിലോമീറ്റര്‍ കൂടി മുന്നോട്ടു സഞ്ചരിച്ചേക്കാം. റണ്‍വേയാണെങ്കില്‍ അന്‍പതു കിലോമീറ്റര്‍ ദൂരത്താണ്. അതിനാല്‍ വിമാനം ഗ്ലൈഡ് ചെയ്ത് താഴെയിറക്കുക അപ്രായോഗികമാണ്.
രണ്ടാമത്തെ പോംവഴി ഇജക്ട് ഔട്ട് ചെയ്യുക എന്നതാണ്. വിമാനം രണ്ടു കിലോമീറ്ററെങ്കിലും ഉയരത്തിലായിരിക്കുമ്പോള്‍ തന്നെ അത് ചെയ്യുകയും വേണം. 
പവിത്രന്‍ വൈദ്യര്‍ അള്‍ട്ടിമീറ്ററില്‍ നോക്കി. നിലവില്‍ മൂന്നേകാല്‍ കിലോമീറ്റര്‍ ഉയരത്തിലാണ് വിമാനം. അയാള്‍ വിന്‍ഡ് സ്‌ക്രീനിലൂടെ പുറത്തേയ്ക്കും നോക്കി. മരുഭൂമിയുടെ മഞ്ഞ അതിവേഗം തന്റെ നേര്‍ക്ക് കുതിച്ചെത്തുന്നുണ്ട്.
'ബി പ്രിപ്പേയ്ഡ് ഫോര്‍ ആന്‍ ഇജക്ഷന്‍', പവിത്രന്‍ വൈദ്യര്‍ ഇന്റര്‍കോമിലൂടെ പിന്നിലിരിക്കുന്ന നിര്‍മ്മല വാരസ്യാരോടു പറഞ്ഞു, 'വെയ്റ്റ് ഫോര്‍ മൈ കമാന്റ്.'
വിമാനത്തിന്റെ ഉയരം രണ്ടര കിലോമീറ്ററിലേയ്ക്ക് താഴ്ന്നതും അയാള്‍ ഇന്റര്‍കോമിലൂടെ അലറി, 'ഇജക്ട്.'
കോക്പിറ്റിനു മുകളിലെ കനോപ്പി പിന്നിലേക്ക് തുറക്കുകയും പവിത്രന്‍ വൈദ്യരും നിര്‍മ്മല വാരസ്യാരും രണ്ട് വെടിയുണ്ടകള്‍ കണക്കെ മുകളിലേക്ക് തെറിക്കുകയും ചെയ്തു.

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

ആറ്

ചക്രവാളം ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേയ്ക്ക് ഊഞ്ഞാലാടുന്നതായിട്ടാണ് പവിത്രന്‍ വൈദ്യര്‍ക്ക് ആദ്യം തോന്നിയത്. വിടര്‍ന്ന പാരച്യൂട്ടില്‍ തൂങ്ങിക്കിടക്കുന്ന താന്‍ കാറ്റില്‍ ഒരു പെന്‍ഡുലംപോലെ ആടുകയാണെന്നു തിരിച്ചറിയാന്‍ അയാള്‍ക്ക് കുറച്ചു സമയം വേണ്ടിവന്നു.
പാരച്യൂട്ടിനെ നിയന്ത്രിക്കാന്‍ ശ്രമിച്ചുകൊണ്ട് അയാള്‍ ചുറ്റുമൊന്ന് കണ്ണോടിച്ചു.
നിര്‍മ്മല വാരസ്യാരുടെ പൊടിപോലും എവിടെയും കാണുന്നുണ്ടായിരുന്നില്ല.
താഴെ മരുഭൂമിയുടെ കോണിലൊരിടത്ത് അയാളുടെ വിമാനം കത്തിയമര്‍ന്നുകൊണ്ടിരുന്നു.
കാറ്റ് ശക്തമായിരുന്നു. പാരച്യൂട്ടിനെ നിയന്ത്രിച്ച് താഴ്ത്തിക്കൊണ്ടു വരാന്‍ അയാള്‍ നന്നേ പാടുപെട്ടു.
ലാന്റിങ്ങ് ഒട്ടും സുഗമമായിരുന്നില്ല. ഇരുകാലുകളും മടക്കിയ അവസ്ഥയില്‍ ഏറ്റവും കുറഞ്ഞ ആഘാതത്തോടെ ഭൂമിയെ തൊടുന്നതിനുപകരം കാലുകള്‍ ശക്തമായി തറയിലിടിച്ച് അയാള്‍ മലര്‍ന്നടിച്ചു വീണു. വേദനയുടെ ഒരു കൊള്ളിയാന്‍ അയാളുടെ ഉപ്പൂറ്റികളില്‍നിന്ന് മൂര്‍ദ്ധാവിലേക്ക് പാഞ്ഞു. 
മണല്‍ ചുട്ടുപഴുത്തിരുന്നു. സൂര്യനാണെങ്കില്‍ നേരെ മുകളിലും. അയാള്‍ കുറച്ചുനേരം കണ്ണടച്ചു കിടന്നു. തൊണ്ട വരണ്ടിരുന്നു. ഉടലിനുള്ളില്‍ എവിടെയൊക്കെയോ വേദന പെരുകാന്‍ തുടങ്ങിയിരുന്നു. ആരുടെയെങ്കിലും സഹായമില്ലാതെ അയാള്‍ക്ക് ആ കിടപ്പില്‍നിന്നു ചലിക്കാനാകുമായിരുന്നില്ല. ചുറ്റും മരുഭൂമിയില്‍ കറങ്ങിനടക്കുന്ന ചുഴലിക്കാറ്റുകളുടെ ചൂളം. അവ ഉയര്‍ത്തിവിടുന്ന പൊടിമേഘങ്ങള്‍.
അല്പം കഴിഞ്ഞപ്പോള്‍ ദൂരെനിന്ന് ആരോ നടന്നടുക്കുന്നത് അയാളുടെ ശ്രദ്ധയില്‍പ്പെട്ടു. അടുത്തെത്തിയതോടെ രൂപം വ്യക്തമായി. നിര്‍മ്മല വാരസ്യാരായിരുന്നു അത്. അവരുടെ വേഷം പക്ഷേ, ഫ്‌ലൈയിങ്ങ് ഓവറോളും ജി  സ്യൂട്ടുമായിരുന്നില്ല. വീട്ടിലായിരിക്കുമ്പോഴെന്നതുപോലെ സെറ്റുസാരിയും ബ്ലൗസുമായിരുന്നു. അവരുടെമേല്‍ വീണിരുന്നത് മരുഭൂമിയിലെ തീ വെയിലിനു പകരം വന്മരങ്ങള്‍ക്കു കീഴിലെ പുള്ളി വെയിലായിരുന്നു.
പവിത്രന്‍ വൈദ്യര്‍ക്കുമേല്‍ തന്റെ മെലിഞ്ഞ ഉടലിന്റെ നിഴല്‍ വീഴ്ത്തിക്കൊണ്ടുനിന്നുകൊണ്ട് നിര്‍മ്മല വാരസ്യാര്‍ എന്തോ ചോദിച്ചു.
അതെന്താണെന്ന് പവിത്രന്‍ വൈദ്യര്‍ക്ക് മനസ്സിലായില്ല.
അങ്ങനെയൊരു ഭാഷ അയാള്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു.
പവിത്രന്‍ വൈദ്യര്‍ തിരിച്ച് നിര്‍മ്മല വാരസ്യാരോടും എന്തോ ചോദിച്ചു.
അതെന്താണെന്ന് നിര്‍മ്മല വാരസ്യാര്‍ക്കും മനസ്സിലായില്ല.
അങ്ങനെയൊരു ഭാഷ അവരും ആദ്യമായി കേള്‍ക്കുകയായിരുന്നു.


ഈ കഥ കൂടി വായിക്കാം
മലമുകളിൽ രണ്ടുപേർ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com