അര്‍ജുന്‍ രവീന്ദ്രന്‍ എഴുതിയ കഥ: കാലിക്കോ

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
അര്‍ജുന്‍ രവീന്ദ്രന്‍ എഴുതിയ കഥ: കാലിക്കോ

പ്രഭാകരന്റെ കറുത്ത ഫ്രെയിമുള്ള കണ്ണടയ്ക്കകത്ത് രണ്ട് ഉണ്ടക്കണ്ണുകൾ പതിഞ്ഞു. വെളിച്ചത്തിനൊത്ത് കൺമണിയുടെ വലുപ്പം കൂടിയും കുറഞ്ഞും വരുന്ന ഭംഗിയുള്ള കണ്ണുകൾ. കൂർത്ത ചെവികൾ മഞ്ഞേരിക്കുന്നുപോലെ ഉയർന്നുനിന്നു. ഓടപ്പൂപോലെയുള്ള വെള്ളമീശ ഫ്രെയിമും കടന്ന് കുന്നു കയറിപ്പോയി കാവിലെ ഈറ്റക്കൂട്ടങ്ങളിലൊന്നായപോലെ അയാൾക്കു തോന്നി. അയാളിലാകമാനം ഒരു നിശ്ശബ്ദത നിറഞ്ഞു.

മഞ്ഞേരിക്കുന്നിനു മുകളിൽ ഒരു പുലിദൈവം കാവുണ്ട്. കുന്നിൻ ചെരിവിൽ പച്ചകുത്തിപ്പടർന്നു താഴ്വാരം വരെയെത്തിയ കൊടും കാവ്. ഇല്ലാത്ത മരങ്ങളില്ല, തളിർക്കാത്ത ചെടികളില്ല. വെയിൽ കടന്നുചെല്ലുന്നിടങ്ങൾ അധികമില്ല. കൂടുകൂട്ടാത്ത കിളികളില്ല, വന്നുപോകാത്ത നാൽക്കാലികളും.

പുലിദൈവം കാവിലെ പ്രധാന ദേവതമാർ പുലികളാണ്. പുലികളെ പെറ്റ് സംരക്ഷിച്ച അമ്മപ്പുലിയാണ് അവരിൽ പ്രധാനി. പണ്ടെന്നോ കിഴക്കൻ മലയിൽനിന്ന് ഒരു അമ്മപ്പുലിയും കിടാങ്ങളും മഞ്ഞേരിക്കുന്നിന്റെ ഉച്ചിയിലുള്ള കാറ്റാടിമരത്തിനടുത്തെത്തി. ആടിമയങ്ങി പുലിക്കിടാങ്ങൾ അമ്മപ്പുലിയുടെ ചൂടുപറ്റിക്കിടന്നു. തണ്ടയാന്മാർ അവർക്ക് പൂവും നീരും കൊടുത്തു. നീര് കയ്യേറ്റ ശേഷം അവരെ കാണാതായി. അവിടെ ഒരു കാട് പൊടിച്ചുയർന്നു. കുന്നിന്റെ ഉച്ചി മുതൽ വള്ളിക്കെട്ടും പൂക്കളും മഞ്ചാടിമരങ്ങളും ചന്ദനക്കാടുമൊക്കെയായി കോട്ടൂര് നാട് തുടങ്ങുന്നിടം വരെ കാവിറങ്ങിത്തുടങ്ങി.

വയലിനക്കരെ ഏതാനും തെങ്ങുകൾ നിറഞ്ഞ പറമ്പ് കഴിഞ്ഞാൽ പ്രഭാകരന്റെ വീടായി. റിട്ടയർമെന്റിനു ശേഷം പുസ്തകങ്ങളുമായി സ്വസ്ഥജീവിതം നയിക്കുകയാണ് അയാൾ. വീടിനു മുകളിലത്തെ നിലയിൽ പണിത ലൈബ്രറി റൂമാണ് അയാളുടെ ലോകം.

പണ്ടൊക്കെ കാവിലെങ്ങും പുലിമുരൾച്ച കേൾക്കാറുണ്ടായിരുന്നെന്ന് പ്രഭാകരന്റെ മുത്തി പറയാറുണ്ടായിരുന്നു. കാവ് തീരുന്നിടത്ത് കോട്ടൂർ വയലാണ്. കനത്തു നിൽക്കുന്ന കാവിലെ വന്മരങ്ങളിൽനിന്നുള്ള ഇരുട്ട് കോട്ടൂർ വയലിന്റെ പകുതിയോളം തണൽ നൽകും. ആ തണലത്ത് വൈകുന്നേരങ്ങൾ ചെലവിടുന്ന ശീലം അയാൾക്കുണ്ടായിരുന്നു. പക്ഷേ, അന്നു കണ്ട ഏതോ ഒരു പകൽസ്വപ്നത്തിന്റെ ഭയപ്പാടിൽ അയാൾ ആ ദിക്കിലേയ്ക്ക് നോക്കാറേയില്ല.

വയലിനക്കരെ ഏതാനും തെങ്ങുകൾ നിറഞ്ഞ പറമ്പ് കഴിഞ്ഞാൽ പ്രഭാകരന്റെ വീടായി. റിട്ടയർമെന്റിനു ശേഷം പുസ്തകങ്ങളുമായി സ്വസ്ഥജീവിതം നയിക്കുകയാണ് അയാൾ. വീടിനു മുകളിലത്തെ നിലയിൽ പണിത ലൈബ്രറി റൂമാണ് അയാളുടെ ലോകം.

എല്ലാ വിഷയങ്ങളെക്കുറിച്ചുള്ളതുമുണ്ടെങ്കിലും പൂച്ചകളെക്കുറിച്ചുള്ള പുസ്തകങ്ങളൊന്നും തന്റെ പക്കലില്ല എന്നത് അയാളിൽ നിരാശയുണ്ടാക്കി. ഉണ്ടായിരുന്നെങ്കിൽ അവയുടെ സൈക്കോളജി അറിയാമായിരുന്നു. മനുഷ്യർക്കു മനസ്സിലാക്കാൻ പറ്റാത്ത ഭാഷയിൽ അവർ എന്താണ് സംസാരിക്കുന്നത് എന്നു മനസ്സിലാക്കാൻ സാധിക്കുമായിരുന്നു.

വലിയ മീശരോമങ്ങൾ ഇരുദിശയിലേയ്ക്കും വിറപ്പിച്ച് പച്ചക്കണ്ണുകൾ മിഴിച്ച് ചുറ്റും ഭയപ്പാടോടെ നോക്കുന്ന ആ ജന്തുവിനെ അയാൾ സൂക്ഷ്മമായി നോക്കി.

മുറ്റത്ത് വിതറിയ ജെല്ലിക്കഷണങ്ങൾക്കുമേൽ തന്റെ ഒട്ടിയ ശരീരം ചേർത്തുവച്ച് കണ്ണുകളിൽ ഒരിറ്റ് വെള്ളം നിറച്ച് അത് കിടപ്പുണ്ട്. നാല് മാസത്തിലധികം പ്രായം വരുമെന്നു തോന്നുന്നില്ല. ഏത് ദിശയിൽനിന്നായിരിക്കും അത് വന്നിട്ടുണ്ടാവുക എന്ന് പ്രഭാകരൻ വെറുതെ ചിന്തിച്ചു.

എന്തായാലും ഗോമതിയുടെ കുട്ടിയല്ല, മുഖസാദൃശ്യം തീരെയില്ല. കുറച്ചുകൂടി വട്ടത്തിലുള്ള മുഖം, നീളമുള്ള മീശരോമങ്ങൾ. ഹൈബ്രിഡ് ഫീച്ചർ ഉള്ള പൂച്ചയാണ്, പൂർണമായും നാടൻ അല്ല. അമ്മു അതിന്റെ ജനിതക രഹസ്യങ്ങൾ ഉരുക്കഴിച്ചുകൊണ്ടിരുന്നു. അറിയാത്ത സ്റ്റോപ്പിൽ ബസിറങ്ങേണ്ടിവന്ന യാത്രക്കാരന്റെ പരുങ്ങലോടെ അത് അമ്മുവിനേയും പ്രഭാകരനേയും മാറി മാറി നോക്കിക്കൊണ്ടിരുന്നു.

“ആരോ ഇട്ടിട്ട് പോയതാണെന്നു തോന്നുന്നു അച്ഛാ...” അമ്മുവിന്റെ കണ്ണുകളിൽ ഒരു മാതൃഭാവം കണ്ടു.

“നാട്ടുകാരൊക്കെ ഈ പൂച്ചകളെ ഇവിടെയെന്തിനാണെന്തോ ഇട്ടിട്ട് പോകുന്നത്?” സെന്റർ ഹാളിൽനിന്നുള്ള ആശയുടെ ശബ്ദം ഒരു തുരുത്തിൽനിന്നെന്നപോലെ അയാൾ കേട്ടു.

“അത് തന്നത്താൻ കയറിവന്നതാണെന്നാണ് തോന്നുന്നത്.” അങ്ങനെ വിശ്വസിക്കാനാണ് അയാൾക്ക് ഇഷ്ടം. കണ്ണട ഒതുക്കിവച്ച ശേഷം ഒരു കയ്യിൽ പത്രവും പിടിച്ച് അയാൾ അതിനെ നോക്കിനിന്നു.

പുലർകാലത്ത് മുറ്റത്ത് വന്നുകയറിയ അതിഥിയെ അയാൾക്ക് നന്നേ ഇഷ്ടപ്പെട്ടു. കറുപ്പും വെള്ളയും ഓറഞ്ചും പുള്ളികളുള്ള പൂച്ചയെ കാലിക്കോ എന്നാണ് പറയുക എന്ന് അമ്മു പറയുന്നു. എന്തായാലും ഈ കളർപാറ്റേൺ നല്ല ഭംഗിയുണ്ട്. ജീവജാലങ്ങളെ സൃഷ്ടി എന്നു വിളിക്കുന്നതിന്റെ പൊരുൾ മനസ്സിലായെന്ന് അയാൾക്കു തോന്നി. ഈ വീട്ടുപരിസരത്ത് അടുത്ത കാലത്തൊന്നും ഇങ്ങനെയൊരെണ്ണത്തെ കണ്ടിട്ടില്ല.

സ്നേഹത്തേക്കാളേറെ അത് അനുകമ്പ കാംക്ഷിക്കുന്നു എന്ന് അയാൾക്കു തോന്നി. വെറുതെ സ്നേഹിക്കുക, സ്നേഹം തിരികെ ലഭിക്കാതിരിക്കുമ്പോൾ സങ്കടപ്പെടുക തുടങ്ങിയ ബാലിശമായ വികാരങ്ങളോട് അല്ലെങ്കിലും അയാൾക്കു മമതയില്ല.

അനുവാദമില്ലാതെ വീട്ടിൽ കയറാൻ മടിച്ച് മുറ്റത്തിരുന്ന് അത് പ്രഭാകരനെ നോക്കി കണ്ണുകൾ മുറുക്കിയടച്ചും തുറന്നുമിരുന്നു. അങ്ങനെ പൂച്ചകൾ ചെയ്യാറുള്ളത് അവർക്ക് നമ്മളോട് സ്നേഹം തോന്നുമ്പോഴാണ് എന്ന് അമ്മു പണ്ടേ പറയാറുണ്ട്. വീട്ടിൽ കയറിവരുന്ന പൂച്ചകൾക്ക് അഭയം കൊടുക്കുമെങ്കിലും ഈ വക കാര്യങ്ങളിലൊന്നും പ്രഭാകരനു ഗ്രാഹ്യമില്ല.

അതു വീണ്ടും അയാളെ നോക്കി കണ്ണുകൾ ഇറുക്കിയടച്ച് ദയനീയമായി കരഞ്ഞു.

സ്നേഹത്തേക്കാളേറെ അത് അനുകമ്പ കാംക്ഷിക്കുന്നു എന്ന് അയാൾക്കു തോന്നി. വെറുതെ സ്നേഹിക്കുക, സ്നേഹം തിരികെ ലഭിക്കാതിരിക്കുമ്പോൾ സങ്കടപ്പെടുക തുടങ്ങിയ ബാലിശമായ വികാരങ്ങളോട് അല്ലെങ്കിലും അയാൾക്കു മമതയില്ല. പൂച്ചയും അങ്ങനെയാണെന്ന് അയാൾക്കു തോന്നി, ഒരു സന്ന്യാസിയെപ്പോലെ.

“നിങ്ങൾ ഇപ്പോ ഈ ഫിലോസഫിയൊക്കെ പറയും. അവസാനം പൂച്ചയുടെ അപ്പി ഞാനും അമ്മുവും കോരണം.” ആശയുടെ മുഖം ഓർത്തപ്പോൾ കാലിക്കോയെ വിട്ട് ഓടിയാലോ എന്നയാൾക്കു തോന്നി. പക്ഷേ, വെള്ളം ഇറക്കിവച്ച ഉണ്ടക്കണ്ണുകൾ കണ്ടപ്പോൾ അയാൾക്കു വീണ്ടും വീണ്ടും അതിനെ നോക്കാൻ തോന്നി.

“എന്താണ് അച്ഛന്റെ ഉദ്ദേശം?” അമ്മു പൂച്ചയേയും പ്രഭാകരനേയും മാറി മാറി നോക്കി കയ്യും കെട്ടി നിൽപ്പുണ്ട്.

“നല്ല വിശപ്പുണ്ട് എന്നു തോന്നുന്നു മോളെ.” അയാൾ ഒരു പരുങ്ങലോടെ പുഞ്ചിരിച്ചു.

ഉയരമുള്ള മതിലിനു മുകളിലിരുന്ന് കാലിക്കോയെ തുറിച്ചുനോക്കുന്ന ഗോമതിയെ അമ്മു നോക്കി. ഓറഞ്ച് നിറം മാത്രമുള്ള തന്റെ രോമങ്ങൾ തുറിച്ച് വച്ച് ഗോമതി മുരളുന്നുണ്ടായിരുന്നു. ഈ മതിലിനിപ്പുറം കയറാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു എന്നവൾ ചോദിച്ചുകൊണ്ടിരുന്നു.

“അച്ഛാ, അതിന് ഇഷ്ടമാവുന്നില്ലാട്ടോ.”

“അത് കുറച്ചു ദിവസം കഴിയുമ്പോ ശരിയാവും മോളെ.”

അമ്മുവിന് അത് അത്ര വിശ്വാസം തോന്നിയില്ല. ഗോമതിക്ക് ഈയിടെയായി ഒരിത്തിരി മൊരടത്തരം കൂടുന്നുണ്ട്. വീട്ടിലെ ഒറ്റപ്പൂച്ചയായതുകൊണ്ടാവാം.

“പെണ്ണാണെന്നു തോന്നുന്നു.” അവൾ കാലിക്കോയെ ഒന്നിരുത്തിനോക്കിയ ശേഷം പറഞ്ഞു. അത് എങ്ങനെ മനസ്സിലായി എന്ന അർത്ഥത്തിൽ അയാൾ അവളെ നോക്കി.

“കാലിക്കോ ഷേഡിൽ വരുന്നത് 99 ശതമാനം പെണ്ണായിരിക്കും.”

അപ്പോഴേയ്ക്കും അവൾ അതിന്റടുത്തു പോയി തലയിലൊന്നു മൃദുവായി തൊട്ടു. ഉടൻ തന്നെ കാലിക്കോ എഴുന്നേറ്റ് അവളുടെ കാലുകളിൽ ഉരുമ്മിനിന്നു.

“ആരോ വളർത്തിയ പൂച്ചയാണ്.”

അമ്മു നോക്കുമ്പോഴേയ്ക്കും പത്രം തുറന്നുവായിച്ചുകൊണ്ട് ഒന്നുമറിയാത്തപോലെ പ്രഭാകരൻ അകത്തേയ്ക്ക് കയറിപ്പോയി. ആശയിൽനിന്നു രക്ഷപ്പെടാൻ പടികൾ കയറി മുകളിൽ പോകുമ്പോൾ അയാളുടെ മനസ്സിൽ എന്നും തോന്നാറുള്ള ആ വചനം വീണ്ടും ഉയിർകൊണ്ടു.

അവൾക്കതിന്റെ ഒട്ടിയ വയറും ശുഷ്‌കിച്ച കൈകാലുകളും കണ്ടപ്പോൾ പണ്ട് കുറുക്കൻ പിടിച്ച കുഞ്ഞമ്മിണിയെ ഓർമ്മവന്നു. ഇത്രയ്ക്കും തെളിഞ്ഞ നിറങ്ങൾ ആയിരുന്നില്ലെങ്കിലും അതും ഒരു കാലിക്കോ ആയിരുന്നു. അതിനെക്കുറിച്ച് ആലോചിച്ചപ്പോൾ അവളുടെ നെഞ്ചിൽ മൂന്നു നിറത്തിൽ പുള്ളികളുള്ള ഒരു വിഷാദം കനത്തുനിന്നു. അപ്പോഴാണ് അകത്തുനിന്നും ഭൂകമ്പം പോലെയൊരു ശബ്ദം കേട്ടത്.

“പൂച്ചയും പട്ടിയും ഒന്നും കൊണ്ട് ഇങ്ങോട്ട് കേറിവരണ്ട, എന്നെക്കൊണ്ടാവൂല.”

അമ്മു നോക്കുമ്പോഴേയ്ക്കും പത്രം തുറന്നുവായിച്ചുകൊണ്ട് ഒന്നുമറിയാത്തപോലെ പ്രഭാകരൻ അകത്തേയ്ക്ക് കയറിപ്പോയി. ആശയിൽനിന്നു രക്ഷപ്പെടാൻ പടികൾ കയറി മുകളിൽ പോകുമ്പോൾ അയാളുടെ മനസ്സിൽ എന്നും തോന്നാറുള്ള ആ വചനം വീണ്ടും ഉയിർകൊണ്ടു.

“പ്രഭാകരാ, നിന്റെ വീട്ടിൽ അഭയം തേടിവരുന്ന ഓരോ പൂച്ചയേയും ദൈവം പറഞ്ഞു വിടുന്നതാണ്. എന്താണ് ദൈവം അതുങ്ങളോട് പറയാറ് എന്നറിയോ, ഇങ്ങനെയൊരു പ്രഭാകരനുണ്ട് കോട്ടൂര് നാട്ടിൽ. ജീവിക്കാൻ വഴിയില്ലെങ്കിൽ അവന്റടുത്ത് പൊയ്ക്കോ, അവൻ നിനക്ക് അഭയം തരും.”

ലൈബ്രറി റൂമിൽ മേശപ്പുറത്ത് നിരത്തിവെച്ച വേദപുസ്തകങ്ങൾക്കിടയിൽ അയാൾ ഈ വചനത്തിന്റെ ഉറവിടം തപ്പാറുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. ഇതുപോലൊന്ന് എവിടെയോ കേട്ടിട്ടുണ്ട് എന്നു മനസ്സ് പറഞ്ഞുകൊണ്ടിരുന്നിട്ടും അയാൾക്ക് ഒന്നും തന്നെ വെളിപ്പെട്ടില്ല. അയാൾ ലൈബ്രറി റൂമിലെ ജനാലയിലൂടെ അമ്മുവിനേയും പൂച്ചയേയും നോക്കി. അയാളും കയ്യൊഴിഞ്ഞെന്നു മനസ്സിലായപ്പോൾ അവൾ അതിനെ വിട്ട് അകത്തേയ്ക്ക് നടന്നുതുടങ്ങിയിരുന്നു. മൂപ്പെത്താത്ത ശബ്ദത്തിലുള്ള ആ പൂച്ചക്കുട്ടിയുടെ കരച്ചിൽ ഉയർന്നുകേട്ടു.

“മോളെ, ഒരിത്തിരി ചോറും പാലും കൊടുത്തോ, അത് തിന്നിട്ട് പൊയ്ക്കോട്ടേ”

അയാൾ ആശ കേൾക്കാതിരിക്കാൻ ശബ്ദം താഴ്ത്തി അമ്മുവിന് ആംഗ്യം കാണിച്ചു.

അമ്മു അകത്തേയ്ക്ക് കയറിയപ്പോൾ അനാഥയായപോലെ തോന്നപ്പെട്ട കാലിക്കോ അകത്തേയ്ക്ക് കയറാൻ ഒരു ശ്രമം നടത്തുകയായിരുന്നു. പടിക്കെട്ട് വരെ ചെന്നെത്തിയെങ്കിലും അൽപ്പനേരം ശങ്കിച്ചുനിന്ന് തിരികെ നടന്ന് പഴയ സ്ഥാനത്ത് പോയി വീണ്ടും കിടന്നു.

പ്രഭാകരൻ ജനാലയിലൂടെ നോക്കിനിൽക്കെ പെട്ടെന്ന് അത് എന്തോ കണ്ട് കണ്ണും മൂക്കും കൂർപ്പിച്ച് മുന്നോട്ടാഞ്ഞിരുന്നു. പതുക്കെ മൂവർണ്ണങ്ങളിലുള്ള രോമങ്ങൾ എഴുന്നേൽപ്പിച്ച് ഇടതൂർന്ന വാലിനെ മഞ്ഞേരിക്കുന്നിനു മുകളിലെ കാറ്റാടിമരംപോലെ ഇളകിയാടാൻ അനുവദിച്ചു. മാർജാരകുലത്തിന്റെ സകല വീര്യത്തോടും കൂടെ ആ പെൺപൂച്ച പോരിനു തയ്യാറായി നിൽക്കുകയായിരുന്നു.

ആശയ്ക്ക് അന്നു പത്ത് വയസ്സ് മാത്രം. കോട്ടൂർ നാട് തണുപ്പ് പുതച്ച് കിടന്ന ഇരുട്ടിൽ, ചാണകം മെഴുകിയ നിലത്ത്, കീറിത്തുടങ്ങിയ പായയിൽ ഇരുകൈകളും ചേർത്ത് ഒരു വശത്തേയ്ക്ക് കൂനി ആശ കിടക്കുകയായിരുന്നു.

പടിക്കെട്ട് കടന്ന് അത് ഉമ്മറത്തേയ്ക്ക് കുതിക്കുന്നത് അയാൾ കണ്ടു.

അമ്മുവിന്റെ നിലവിളി കേട്ട് അയാളും ആശയും ഓടിവന്നപ്പോൾ ഒരു കുരുടൻ പാമ്പിനേയും കടിച്ച് പിടിച്ച് മുറ്റത്തൂടെ നടക്കുകയാണ് കാലിക്കോ.

“ഇവൾ കൊള്ളാലോ.” പ്രഭാകരനു പൂച്ചയെ ഒന്ന് നേരിട്ട് അഭിനന്ദിക്കണം എന്നു തോന്നി.

“കുരുടൻ പാമ്പാണ്, വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ.”

ആശ ദേഷ്യപ്പെട്ട് അകത്തേയ്ക്ക് കയറിപ്പോയി. ചുറ്റും പെരുമഴ പെയ്യുന്നപോലെ ആശയ്ക്ക് തോന്നി. മാനം പൊട്ടിയൊലിക്കുന്ന ഒച്ചകേട്ടു. നിലാവില്ലാത്ത ഒരു രാത്രിയുടെ ഓർമ്മയിൽ കനപ്പെട്ട അവൾക്ക് അൽപ്പനേരം കിടക്കണം എന്നു തോന്നി. ബെഡിൽ കിടന്നയുടൻ ഏതോ ഒരു അഗാധദുഃഖത്തിൽ കണ്ണുകളടച്ചു.

മഞ്ഞേരിക്കുന്നിനു കീഴെ പണ്ടൊരു തുലാമാസം വെള്ളിടിയോടെ മഴ പെയ്തു. ഇരുട്ടിൽ മിന്നലിന്റെ വെളിച്ചം മാത്രം ഇടയ്ക്കിടെ കത്തിത്തീർന്നുകൊണ്ടിരുന്നു. മരത്തലപ്പുകൾ കൂടി നിന്നു കുടപിടിച്ച കാവകത്തെ മണ്ണിൽ വരെ മഴ ചാലുകൾ കീറി.

ആശയ്ക്ക് അന്നു പത്ത് വയസ്സ് മാത്രം. കോട്ടൂർ നാട് തണുപ്പ് പുതച്ച് കിടന്ന ഇരുട്ടിൽ, ചാണകം മെഴുകിയ നിലത്ത്, കീറിത്തുടങ്ങിയ പായയിൽ ഇരുകൈകളും ചേർത്ത് ഒരു വശത്തേയ്ക്ക് കൂനി ആശ കിടക്കുകയായിരുന്നു.

വയൽ വരമ്പത്ത്നിന്നോ തൊടിയിൽനിന്നോ എങ്ങുനിന്നോ ഇരച്ചുവന്ന കരിവഴല പടിക്കെട്ടുകടന്ന് അകത്തെത്തി. രാത്രിയേക്കാളും കറുത്തുനിന്ന അതിന്റെ ദേഹം മുഴുവൻ തിളങ്ങുന്ന വെള്ളിവളയങ്ങളുണ്ടായിരുന്നു. അത് പതുക്കെ അവളുടെ കാലരികത്തേയ്ക്ക് ഇഴഞ്ഞുകൊണ്ടിരുന്നു. അത് താൻ കാണാത്ത കാഴ്ചയാണെങ്കിൽ കൂടിയും ആശ ഇന്നും മനസ്സിൽ സങ്കൽപ്പിക്കാറുണ്ട്. വലിയ പല്ലുകളില്ലാത്ത ആയിനം പാമ്പിന് ആഴത്തിലുള്ള പല്ലും ചുവന്ന കണ്ണുകളും പത്തടി നീളവും ഒത്ത തടിയുമുണ്ടെന്ന് വരെ അവൾ സങ്കൽപ്പിക്കും. എന്തൊരു ഭീതിദമായ രാത്രി!

പാമ്പനക്കം കേട്ട് അടുക്കളയിൽ ഒരു മൂലയ്ക്ക് കിടന്നുറങ്ങുകയായിരുന്ന രാമകൃഷ്ണൻ കണ്ണുകൾ പാതി തുറന്നു. മുഖം കുടഞ്ഞ് ഒന്നെണീറ്റ് സാധാരണ അവൻ ചെയ്യാറുള്ളതുപോലെ ഒന്ന് മൂരി നിവർന്നു. പതുക്കെ ആശ കിടന്ന നടുമുറിയിലേയ്ക്ക് നാലുകാലുകളിൽ അലസമായി നടന്നു. അവളെ ഒന്നു മുട്ടിയുരുമ്മി തിരിച്ച് വന്നു കിടക്കാം എന്നു വിചാരിച്ചിട്ടുണ്ടാവണം.

മുറിയിലേയ്ക്ക് കടന്നയുടനെ അവൻ അപകടത്തെ കണ്ടു. ഉറക്കത്തിന്റെ ആലസ്യം വിട്ടുമാറിയിട്ടില്ലെങ്കിലും തന്റെ അനുവാദമില്ലാതെ വീടിനുള്ളിൽ കയറിപ്പറ്റിയ ഉരഗമേതെന്നറിയാൻ അവൻ ശബ്ദം കേൾപ്പിക്കാതെ സൂക്ഷ്മതയോടെ മുന്നോട്ട് നടന്നു. ലക്ഷ്യത്തിലെത്താൻ കഴിയുന്നിടത്തെത്തിയപ്പോൾ വാല് പൊക്കി രോമങ്ങൾ തുറുപ്പിച്ച് ഒട്ടും സമയം കളയാതെ കരിവഴലയ്ക്ക് നേരെ ചാടിയടുത്തു, അവന്റെ ചീറ്റൽ ശബ്ദം കേട്ടുണർന്ന ആശ കണ്ടത് പാമ്പിനെ കടിച്ച് കുടഞ്ഞ് ഉമ്മറത്തേയ്‌ക്കോടുന്ന രാമകൃഷ്ണനെ ആണ്.

“രാത്രി വാതില് തുറന്നിടരുത് എന്നു പറഞ്ഞാൽ തിരിയൂല കഴുതയ്ക്ക്.” ഏട്ടനെ വഴക്ക് പറഞ്ഞു കൊണ്ട് അമ്മമ്മയും മാമനും അച്ഛനുമെല്ലാം ഓടിയെത്തി. രാമകൃഷ്ണനിൽനിന്നു പാമ്പിനെ വിടുവിക്കാൻ അവർ ആവതും ശ്രമിച്ചെങ്കിലും കലിയടങ്ങാതെ അവൻ അതിനെ തട്ടിക്കളിച്ചുകൊണ്ടിരുന്നു.

ഏറെ സമയത്തെ പരിശ്രമത്തിനുശേഷം പാമ്പ് ചത്തെന്നുറപ്പ് വരുത്തി രാമകൃഷ്ണൻ തിരികെ അടുക്കളയിലേയ്ക്ക് പോയി. അവന് എന്തോ ക്ഷീണമുണ്ടെന്ന് ആശയ്ക്ക് തോന്നിയിരുന്നെങ്കിലും മറ്റാരും അതത്ര കണക്കിലെടുത്തില്ല.

പിറ്റേ ദിവസം രാവിലേയ്ക്ക് പെരുമഴ പെയ്തൊഴിഞ്ഞെങ്കിലും അവൻ ഉണർന്നില്ല. മൂവായിരത്തിലൊന്ന് എന്ന കണക്കിനുള്ള കോട്ടൂർ നാട്ടിലെ ഒരേയൊരു ആൺകാലിക്കോ ആയിരുന്നു അവൻ. ഓറഞ്ചും കറുപ്പും വെള്ളയും കലർന്ന അവന്റെ മേനിയിൽ കോട്ടൂരെ മണ്ണും അവളുടെ കണ്ണീരും വീണു.

ഏതോ ഒരു തുള്ളി കണ്ണുനീർ കൺപോളയ്ക്ക് മുകളിൽ പതിക്കുന്നതുപോലെ അവൾക്കു തോന്നി. അവൾ ഞെട്ടിയെഴുന്നേറ്റു നേരെ മുറ്റത്തേയ്ക്ക് പോയി.

പാമ്പിനെ വകവരുത്തി അരികത്തിട്ട് അവിടെത്തന്നെ കിടന്ന കാലിക്കോ ആശയെ കണ്ടപ്പോൾ ബഹുമാനത്തോടെ മുൻകൈകൾക്കുള്ളിലേയ്ക്ക് തല താഴ്ത്തിവച്ചു.

അവൾ അതിനെ നോക്കി കുറെ നേരം നിന്നു. അന്നേരമത് മണ്ണിൽ കിടന്നു പതിയെ ഉരുളാൻ തുടങ്ങി.

“ഒരു പൂച്ച നമ്മളെ കാണുമ്പോൾ മലർന്നുകിടക്കുന്നുണ്ടെങ്കിൽ ഒറപ്പിച്ചോ അതു നമ്മളെ വിശ്വസിക്കുന്നുണ്ടെന്ന്.”

“അമ്മൂ, നിന്റെ ഗൂഗിൾ യൂണിവേഴ്‌സിറ്റി കയ്യിൽ തന്നെ വച്ചാൽ മതി.”

ആശയുടെ മുഖത്ത് ചെറുതായി പുഞ്ചിരി പൊട്ടിത്തുടങ്ങിയിരുന്നു.

അൽപ്പം ഭയപ്പാടോടെ അവളുടെ കണ്ണിൽ ഉറ്റുനോക്കിനിന്ന കാലിക്കോയുടെ അടുത്തേയ്ക്ക് അവൾ നടന്നു. പതുക്കെ അതിന്റെ തലയിൽ തൊട്ടപ്പോൾ അമ്മുവിന്റെ ഭാഷയിലെപ്പോലെ അത് മോട്ടോർ ഇടാൻ തുടങ്ങി. സ്നേഹമുള്ള സാമീപ്യങ്ങൾ അടുത്തുണ്ടാവുമ്പോൾ പൂച്ചകളുടെ ചങ്കിൽ നിന്ന് വരുന്ന ആ വൈബ്രേഷൻ ഉലകമെങ്ങും നിറയുമ്പോലെ അവൾക്കു തോന്നി.

അന്തിക്ക് ഇരുട്ട് വീഴുംനേരം കാവിലെത്തിയപ്പോൾ തന്നെ സ്ഥലകാലബോധം നഷ്ടപ്പെട്ട അവസ്ഥയുണ്ടായിരുന്നു എന്ന കാര്യം എവിടെയോ ഓർമ്മയിൽ പതിഞ്ഞിട്ടുണ്ട്. വയല് കടന്നു കാവിനറ്റത്തെ കുളപ്പടവിലേയ്ക്ക് നടന്നതും കൃത്യമായി ഓർമ്മയുണ്ട്. അതിനുശേഷം വഴി തിരിയുന്നില്ല എന്നവൻ മുത്തിയോട് പറഞ്ഞിരുന്നു.

ആശ കാലിക്കോയെ കൈകളിലെടുത്ത് നെഞ്ചോട് ചേർത്തു. ഒരു കൈക്കുഞ്ഞിനെപ്പോലെ അത് അനങ്ങാതെ ചേർന്നുനിന്നു.

“ഇവളുടെ പേര് രമ.”

“രമയോ?” അമ്മു പ്രഭാകരനെ നോക്കി.

അയാൾ പൂച്ചകളെപ്പോലെ കണ്ണുകൾ ഇറുക്കിയടച്ച് പുഞ്ചിരിച്ചു.

കറുപ്പും വെളുപ്പും ചുവപ്പും ചേർന്ന ആടയാഭരണങ്ങളും ഓറഞ്ച് വർണ്ണത്തിൽ ചായില്യമണിഞ്ഞ മുഖശോഭയും ചേർന്ന് ഏതാണ്ടൊരു കാലിക്കോ കളർപാറ്റേൺ തന്നെ അയാളുടെ മുൻപിൽ തെളിഞ്ഞു.

ചന്ദനമരങ്ങൾ നിറഞ്ഞ കാവിനകത്തൂടെയുള്ള കല്ല് കെട്ടിയ പടവുകൾ. കാവിന്റെ ഉച്ചിയിലുള്ള പള്ളിയറ മുറ്റത്തുനിന്ന് താഴ്‌വാരത്തുള്ള കുളക്കടവ് വരെ അത് ചെരിഞ്ഞിറങ്ങുന്നു. പള്ളിയറയിൽ ഏറെ നേരവും വസിക്കുന്ന ദൈവങ്ങൾ അന്തിവിളക്ക് കാണുന്നതിനു മുൻപായി നീരാട്ടിനിറങ്ങി. ചെത്തിയും ചെമ്പരത്തിയും ചുവന്നുനിന്ന നേരം പള്ളിയറവാതിൽ തുറന്ന്, മുറ്റത്ത് പതിഞ്ഞു നിന്ന മഞ്ചാടിമണികൾക്കുമേലെ കാൽത്തള കിലുക്കിയവർ താഴോട്ടിറങ്ങി. കാറ്റ് മരവിച്ചുപോയ നേരത്ത് ഇലയനക്കം കേൾക്കാത്ത നിശ്ശബ്ദതയിൽ നേരിയ മഞ്ഞിൽ പൊതിഞ്ഞ ചന്ദനമരങ്ങൾക്കിടയിലുള്ള വഴിയിലൂടെയവർ നടന്നു. എഴുന്നള്ളത്തും അന്തിവിളക്കും കാണാൻ കുളപ്പടവിൽ ഇരിക്കുന്ന മുത്തിക്കും പ്രഭാകരനും അരികിലവർ വന്നു. അമ്മപ്പുലി പതുക്കെ അവനു നേരെ തിരിഞ്ഞു. പുലിക്കിടാങ്ങൾ അനുസരണയോടെ പുറകിൽ നിന്നു.

അമ്മപ്പുലി ദൈവം വന്നവന്റെ കൈപിടിച്ചു. വല്ലാത്തൊരു തണുപ്പും ചന്ദനത്തിന്റെ ഗന്ധവും.

അന്തിക്ക് ഇരുട്ട് വീഴുംനേരം കാവിലെത്തിയപ്പോൾ തന്നെ സ്ഥലകാലബോധം നഷ്ടപ്പെട്ട അവസ്ഥയുണ്ടായിരുന്നു എന്ന കാര്യം എവിടെയോ ഓർമ്മയിൽ പതിഞ്ഞിട്ടുണ്ട്. വയല് കടന്നു കാവിനറ്റത്തെ കുളപ്പടവിലേയ്ക്ക് നടന്നതും കൃത്യമായി ഓർമ്മയുണ്ട്. അതിനുശേഷം വഴി തിരിയുന്നില്ല എന്നവൻ മുത്തിയോട് പറഞ്ഞിരുന്നു. കരിയില തട്ടി നടക്കവേ സർപ്പദംശനം സംഭവിച്ചപോലെ തോന്നിയെങ്കിലും കാലിൽ മുറിവൊന്നും കണ്ടില്ല. പക്ഷേ, ഒരു മയക്കംപോലെ തോന്നി. ആകെയൊരിരുട്ട് പോലെ.

“ഒന്നൂല്ല മോനെ, കളിയാട്ടം കാണണ്ടേ നിനിക്ക്?” മുത്തിയുടെ സ്വരം അക്കരെനിന്നും വന്ന പ്രതിധ്വനിപോലെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു. കളിയാട്ടവും ചെണ്ടമുട്ടും ആൾക്കാരും ബഹളവുമൊന്നും അവനവിടെ കാണാൻ പറ്റിയില്ല. ദൈവങ്ങളെ കണ്ടു, അവരെ മാത്രം. വഴി തെറ്റി വന്ന പൂച്ചക്കുട്ടിയെപ്പോലെ അവൻ അവരുടെ മുൻപിൽ നിന്നു.

കൈകൾ പിടിച്ച ശേഷം പുലിദൈവം അവന്റെ തലയിൽ ചെക്കിപ്പൂക്കൾ ചേർത്തനുഗ്രഹിച്ചു.

“അഭയം കൊടുക്കാൻ പ്രാപ്തിയുള്ള ആൾത്തരം തന്നെയാണല്ലോ...” ദൈവത്തിന്റെ ശബ്ദം മാത്രം അവന്റെ കാതിൽ ബാക്കിനിന്നു.

കാലങ്ങൾക്കിപ്പുറം പ്രഭാകരൻ തന്റെ വീട്ടുമുറ്റത്ത് കണ്ണ് തുറന്നു.

“അഭയം കൊടുക്കാറുള്ളത് ഞാനല്ല ദൈവേ, ആശയാണ്...” അന്നു പറഞ്ഞില്ലെങ്കിലും ഇന്നയാൾക്ക് പറയണമെന്നു തോന്നി.

അര്‍ജുന്‍ രവീന്ദ്രന്‍ എഴുതിയ കഥ: കാലിക്കോ
'ഏഴുനിറത്തില്‍ ഒരു നിമിഷം'- പി.എഫ്. മാത്യൂസ് എഴുതിയ കഥ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com