കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'

കാര്‍മേഘങ്ങള്‍ക്കുള്ളില്‍ ചന്ദ്രന്‍ അപ്രത്യക്ഷമാകുന്ന രാത്രിക്കായി കാത്തിരിക്കുകയാണ്. ടാര്‍പോളിന്‍ മറയിലൂടെ പുറത്തേക്ക് നോക്കി.

ഇരുട്ട്. അന്തമറ്റ ഇരുട്ട്.

സ്രഷ്ടാവിന്റെ കൃപ! അയാള്‍ തലതാഴ്ത്തി

കുഞ്ഞുങ്ങളുടെ നിലവിളി! വൃദ്ധരുടെ ചുമ, ദുഃസ്വപ്നങ്ങളുടെ പിറുപിറുപ്പുകള്‍ കാത് കൂര്‍പ്പിച്ചു. ഇല്ല. ഒന്നുമില്ല.

ഇരുട്ടിന്റെ വന്യമായ ശാന്തത.

ഭൂമിയോളം അയാള്‍ താഴ്ന്നു.

നെറ്റി ക്വാറിപ്പൊടിയില്‍ സ്പര്‍ശിച്ചു. തലച്ചോറില്‍ പാറകള്‍ ഡൈനാമിറ്റ് വെച്ച് തകര്‍ക്കുന്നു. ക്ഷീരപഥങ്ങള്‍ ചിതറിത്തെറിക്കുന്നു.

ദൈവമേ!

ദിവസമോ മാസമോ ഓര്‍മ്മയില്ല. പേര് പോലും ഇരുളുന്ന സന്ധ്യയിലേക്കാണ് പട്ടാളവണ്ടി ഇടുങ്ങിയ ഗേറ്റിലൂടെ പ്രവേശിച്ചത്.

നിലവിളികള്‍. ശാപവാക്കുകള്‍. തേങ്ങലുകള്‍. നീണ്ട നെടുവീര്‍പ്പുകള്‍.

വിയര്‍പ്പിന്റെ രൂക്ഷഗന്ധം. മലമൂത്രങ്ങളുടെയും.

പട്ടാളക്കാരുടെ ആക്രോശങ്ങളും തെറികളും എല്ലാറ്റിനുംമേല്‍ കൂര്‍ത്ത കുപ്പിച്ചില്ലുകള്‍ വാരിയെറിഞ്ഞു.

അവസാനമിറങ്ങിയത് അയാളാണ്.

മങ്ങിയ വെളിച്ചത്തില്‍ പഴയ ടാര്‍പാളിന്‍കൊണ്ട് നിര്‍മ്മിച്ച ടെന്റുകള്‍. ശവക്കൂനകള്‍ കണക്കെ.

ഒന്നമര്‍ത്തിച്ചവിട്ടിയാല്‍ താഴും. ചതുപ്പിലേക്ക് മൂക്കിലേക്കും കാതിലേക്കും വായിലേക്കും കണ്ണിലേക്കും തള്ളിക്കയറാന്‍ പരാക്രമിക്കുന്ന ചെറുകീടങ്ങള്‍. പ്രാണികള്‍.

രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള ക്യാമ്പ്.

ആര്‍ക്കും പേരുകളില്ല. ആരും പരസ്പരം ചോദിച്ചുമില്ല. വലതു കൈത്തണ്ടയില്‍ അച്ചുകുത്തിയ അക്കങ്ങളാണ് അടയാളങ്ങള്‍.

പട്ടാളക്യാമ്പിലായിരുന്നു അച്ചുകുത്തല്‍. രണ്ടാമത്തെ മദ്ധ്യാഹ്നത്തിലാണ് അയാളുടെ ഊഴമായത്.

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

കൈക്കുഞ്ഞുങ്ങളെ ഏന്തിയ അമ്മമാര്‍. പൂര്‍ണ്ണ ഗര്‍ഭിണികള്‍. കൈകാല്‍ തളര്‍ന്നവര്‍. വൃദ്ധര്‍. എല്ലാവര്‍ക്കും ഒരേ ക്യൂവാണ്. നാഴികകളോളം പാമ്പായി ചുറ്റിവളരുന്നത്.

ഒരു പകല്‍ മുഴുവന്‍ പിറുപിറുപ്പും ശാപവാക്കും തേങ്ങലും വിതുമ്പലും നിലവിളികളുമായിരുന്നു. ഗതിമുട്ടി ചിലര്‍ നിന്നിടത്ത് വിസര്‍ജ്ജിച്ചു. ദുര്‍ഗന്ധവും ഈച്ചകളും...

ഓരോ ഗ്ലാസ് കട്ടന്‍ ചായയും ഓരോ റൊട്ടിയും നല്‍കിയത് സന്ധ്യയ്ക്കാണ്. ഇരുട്ടിലും ക്യൂ ചലിച്ചു.

പുലര്‍ച്ചെയാണ് അയാള്‍ അച്ചുകുത്തുന്ന ഷെഡ്ഡിലെത്തിയത്. ടിന്‍ ഷീറ്റടിച്ച് താല്‍ക്കാലികമായി നിര്‍മ്മിച്ചത്.

അകത്തെ ഇടുങ്ങിയ മുറിയിലാണ് അച്ചുകുത്ത് യന്ത്രം. അതിനുമുന്‍പ് മുഖത്തിന്റേയും കണ്ണിന്റേയും ഡിജിറ്റല്‍ ഫോട്ടോ എടുക്കും. ശേഷം ഇടത് കൈത്തലം, തള്ളവിരല്‍.

അടിവസ്ത്രങ്ങള്‍പോലും അഴിച്ച് പരിശോധിക്കും; മലദ്വാരവും. പെന്‍ഡ്രൈവ്. ഡിജിറ്റല്‍ ക്യാമറ... മയക്കുമരുന്ന്. ടിഷ്യു പേപ്പര്‍.

മൃഗങ്ങളെപ്പോലെ അനുസരിച്ചു.

അച്ചുകുത്ത് യന്ത്രത്തിന്റെ പടിയില്‍ വലത് കൈത്തണ്ട നിവര്‍ത്തിവെയ്ക്കണം.

സ്പിരിറ്റില്‍ മുക്കിയ പഞ്ഞി കൈത്തണ്ടയിലൂടെ ഓടിച്ചാലായി. തുടര്‍ന്ന് മൂര്‍ച്ച നഷ്ടപ്പെട്ട റേസര്‍ ബ്ലെയ്ഡ്‌കൊണ്ട് കൈത്തണ്ട നാലഞ്ച് തവണ അമര്‍ത്തി വടിക്കും. ചോര പൊടിയും. അതിനുമേല്‍ ഏതോ ലായനി തേയ്ക്കും.

കൂര്‍ത്തതും അതിസൂക്ഷ്മവുമായ ഉരുക്ക് സൂചികള്‍ ഘടിപ്പിച്ച യന്ത്രം തൊലി തുളച്ച് മാംസത്തിലേക്ക് ആഴ്ന്നിറങ്ങി അക്കങ്ങള്‍ വരയും. കുഞ്ഞുങ്ങള്‍പോലും വേദനയില്‍ കരഞ്ഞില്ല. കിനിഞ്ഞുവരുന്ന ചോരയിലേക്ക് ആസിഡ് തുള്ളികള്‍ ഇറ്റിച്ചിട്ടും.

പുറത്തെത്തിയവരുടെ മുഖത്ത് അവസാനം ഒരു നമ്പറെങ്കിലും കിട്ടിയല്ലോ എന്ന ആശ്വാസം.

അയാള്‍ 912. ടെന്റിലെത്തുന്നതിനുമുമ്പ് മരണപ്പെട്ട ഒരു യുവാവിന്റേതാണ് അതെന്ന് പിന്നീടറിഞ്ഞു.

അവന്റെ മുഖം?

എങ്ങനെയാണ് അവന്‍ മരണപ്പെട്ടത്?

രഹസ്യമായി ആരോ പിറുപിറുക്കുന്നുണ്ടായിരുന്നു. എപ്പോഴോ ഒരു വെടിയൊച്ച കാതില്‍ പതിഞ്ഞത്.

അയാള്‍ക്ക് പിന്നിലുണ്ടായിരുന്ന ഗര്‍ഭിണിയുടേത് 6122. അവരുടെ ഒക്കത്തിരുന്ന കുഞ്ഞിന്റേത് 1009. അതും ഒരു പുനര്‍ജന്മം. അല്ലെങ്കില്‍ പ്രേതജന്മം.

ഒരു സര്‍ക്കാരിന്റേയും കണക്കില്‍ ഇവര്‍ പൗരന്മാരല്ല. ഒരു രാഷ്ട്രത്തിനും ഇവരെ വേണ്ട. വെറും കീടങ്ങള്‍. ബൂട്ടിനടിയിലിട്ട് ചതച്ചരയ്ക്കാവുന്നവ.

പുറം ലോകത്തിനറിയില്ല ഇങ്ങനെയൊരു കൂട്ടരെപ്പറ്റി.

ക്യാമ്പില്‍നിന്ന് പത്ത് കിലോമീറ്റര്‍ ദൂരത്തുള്ളവര്‍ക്കുപോലും.

കലാപത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്ന് ജീവനുംകൊണ്ട് ഓടി രക്ഷപ്പെട്ടവര്‍. ഉടുവസ്ത്രങ്ങളൊഴിച്ച് യാതൊന്നുമില്ലാത്തവര്‍.

തീനാക്കുകളില്‍നിന്നും വെടിയുണ്ടകളില്‍നിന്നും ബോംബുസ്ഫോടനങ്ങളില്‍നിന്നും എങ്ങനെ രക്ഷപ്പെട്ടെന്ന് പലര്‍ക്കും അത്ഭുതമാണ്. ക്യാമ്പിലെത്തിയതോടെ ചിലര്‍ക്കെങ്കിലും തോന്നി, രക്ഷപ്പെടേണ്ടിയിരുന്നില്ല.

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'
അഖില കെ.എസ്. എഴുതിയ കഥ മൃതസഞ്ജീവനി

ക്യാമ്പില്‍ മദ്യപാനവും പുകവലിയും നിരോധിച്ചിട്ടുണ്ട്. ലംഘിക്കുന്നവരെ രഹസ്യതടങ്കല്‍ പാളയത്തിലേക്കയയ്ക്കും. മറകള്‍ക്കുള്ളില്‍ രാത്രിയില്‍ ആരെങ്കിലും പുകവലിക്കുന്നുണ്ടോന്നറിയാന്‍ അഭയാര്‍ത്ഥികളില്‍ ചിലരെ ഒറ്റുകാരാക്കിയിട്ടുണ്ട്. അവര്‍ നായ്ക്കളായി മണം പിടിക്കും. ക്യാമ്പില്‍ ഭക്ഷണവിതരണത്തില്‍ സഹായികളാണവര്‍. ഒരു റൊട്ടിക്കഷ്ണമോ ഉള്ളിപ്പോറ്റോ അധികമായി കിട്ടിയേക്കും.

പിടിക്കപ്പെടുന്ന മദ്യപര്‍ക്ക് അകലെ ക്വാറികളില്‍ കരിങ്കല്ല് പൊട്ടിക്കലാണ് ശിക്ഷ. ആറാഴ്ച. എന്നിട്ടും ചിലര്‍ മദ്യപിച്ചു. ശിക്ഷകള്‍ ഏറ്റുവാങ്ങി. ക്യാമ്പിനേക്കാള്‍ ഭേദം ക്വാറിപ്പണിയാണെന്ന് രഹസ്യം പറഞ്ഞു.

മേധാവിയുടെ കല്‍പ്പനയില്ലാതെ പുറത്ത് കടക്കാന്‍ അനുവാദമില്ല. രക്ഷപ്പെട്ട ഒരു യുവതിയുടേയും യുവാവിന്റേയും മൃതദേഹങ്ങള്‍ രണ്ട് ഫര്‍ലോങ്ങ് അപ്പുറത്തുള്ള കരിമ്പില്‍ തോട്ടത്തില്‍ കണ്ടെത്തി. കഴുത്തറക്കപ്പെട്ട്. മുഖം വികൃതമാക്കപ്പെട്ട്. ഗുഹ്യഭാഗങ്ങള്‍ ഛേദിക്കപ്പെട്ട്.

പക്ഷേ, അതൊന്നും അയാളെ ഭയപ്പെടുത്തിയില്ല. അല്ലെങ്കില്‍, ഈ എഴുപതാം വയസ്സില്‍ ആരെയാണ് ഭയപ്പെടേണ്ടത്?

സ്രഷ്ടാവിനെയൊഴിച്ച്.

അയാള്‍ പ്രാര്‍ത്ഥിച്ചു. കണ്ണു നനഞ്ഞു. കുറ്റിത്താടിയിലൂടെ ഒലിച്ചിറങ്ങിയ കണ്ണീര്‍ തുടച്ചില്ല.

മറനീക്കി അയാള്‍ പുറത്തുകടന്നു.

ക്യാമ്പിന്റെ തെക്ക് ഏറ്റവും ഒടുവിലത്തേതാണ് അയാളുടെ ടെന്റ്. കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ട വൃദ്ധയും അന്‍പതിനോടടുത്ത അവരുടെ മകനും കൂടെ.

വിലങ്ങനെയിട്ട ചാര്‍പ്പയില്‍ വൃദ്ധ മരണശ്വാസം വലിക്കുന്നു. ശരീരമാകെ പൊട്ടിയൊലിക്കുന്ന വ്രണങ്ങള്‍. ചീഞ്ഞ മാംസത്തിന്റെ ദുര്‍ഗന്ധം. കൂരച്ച നെഞ്ച് വല്ലപ്പോഴും ഉയര്‍ന്നുതാഴുന്നു. ജീവനും മരണവും.

ആഴ്ചയിലൊരിക്കല്‍ ക്യാമ്പിലെത്തുന്ന സുമുഖനായ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മകന്‍ വൃദ്ധയുടെ വിണ്ടുകീറിയ ചുണ്ടുകളില്‍ വെള്ളം ഇറ്റിക്കും. നിമിഷത്തിനകം ജലം ചുട്ടുപൊള്ളുന്ന മണലിലേയ്‌ക്കെന്നപോലെ അപ്രത്യക്ഷമാകും. ഇത്തരക്കാരെ അകലെയുള്ള ദയ യൂണിറ്റിലേക്ക് മാറ്റുന്നതായി കേള്‍ക്കുന്നുണ്ട്. ഒരു വണ്ടി നിറയാന്‍ കാത്തിരിക്കുകയാണത്രെ.

മകന്‍ നിലത്ത് പഴകിപ്പൊളിഞ്ഞ പ്ലാസ്റ്റിക് ഷീറ്റില്‍ കണ്ണടച്ച് കിടക്കുകയാവും, എപ്പോഴും. ഒരക്ഷരം ഉരിയാടില്ല. അയാള്‍ ശ്രമിക്കായ്കയല്ല.

കറുത്ത് മെല്ലിച്ച മുഖം. വലത്തെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവ്. അതിന്റെ ചുറ്റും ഈച്ചകള്‍. വെളിച്ചം കെട്ട കണ്ണുകള്‍. ക്ഷൗരം ചെയ്യാത്ത വികൃതമായ താടി. വിയര്‍പ്പ് നാറ്റം.

ഇരുട്ടിന്റെ കനത്ത പുതപ്പിനുള്ളിലൂടെ അരിച്ചിറങ്ങുന്ന തണുപ്പിന്റെ സൂചികള്‍ ശരീരത്തില്‍ തുളച്ചുകയറി. തുളകള്‍ വീണ കോട്ടിലൂടെയും ഷെര്‍വാണിയിലൂടെയും പൈജാമയിലൂടെയും.

കൂര്‍ത്ത മുള്ളുകളുള്ള ഉരുക്കുവേലിയുടെ പ്രധാന പോയിന്റിനുള്ളില്‍ തോക്കേന്തിയ പട്ടാളക്കാര്‍. അവരുടെ ഭര്‍ത്സനങ്ങളും ആക്രോശങ്ങളുമാണ് അര്‍ദ്ധരാത്രിവരെ ക്യാമ്പിനെ ശബ്ദമുഖരിതമാക്കുന്നത്.

പട്ടാളക്കാര്‍ ആരോടാണ് ഇങ്ങനെ ഒച്ചയിടുന്നത്? ചിലപ്പോള്‍ തോന്നും അവര്‍ അവരോടുതന്നെയാണ് ശബ്ദിക്കുന്നതെന്ന്. ജീവിതോപാധിക്കായി മഞ്ഞിലും മഴയിലും വെയിലിലും ക്രൂരതയുടെ മുഖങ്ങളുമായി ആര്‍ക്കോ വേണ്ടി കാവല്‍ക്കാരുടെ വേഷം കെട്ടിനില്‍ക്കേണ്ടിവന്ന തങ്ങളുടെ ഗതികേടിനോട്. അവര്‍ക്കും മക്കളും ഭാര്യമാരും മാതാപിതാക്കളും സഹോദരങ്ങളുമുണ്ടാകില്ലേ. അവരെ കാത്തിരിക്കുന്നവര്‍. പ്രാര്‍ത്ഥിക്കുന്നവര്‍.

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

അയാള്‍ നെടുവീര്‍പ്പിട്ടു. ഈ ലോകം അസംബന്ധങ്ങളുടേതാണ്? ആരാണ് ശത്രു, മിത്രം, ഒറ്റുകാരന്‍. എല്ലാവരും ആത്മവഞ്ചനയില്‍ കുരുങ്ങിക്കിടക്കുന്ന പ്രാണികളോ? ദൂരത്തിരുന്ന് ചരടുവലിക്കുന്ന ചോരക്കൊതിയന്മാര്‍ക്കുവേണ്ടി ജീവിതം ഹോമിക്കുന്നവര്‍.

പാതിരയായാല്‍ പട്ടാളക്കാര്‍ നാവുകള്‍ വിഴുങ്ങി കണ്ണും കാതും യന്ത്രങ്ങളാക്കി ഇടയ്ക്കിടെ ഒരു കാലില്‍നിന്ന് മറ്റേതിലേക്ക് ശരീരഭാരമിറക്കി ഏതോ ശത്രുവിനെ ഉന്നംപിടിച്ച് വിരല്‍ കാഞ്ചിയില്‍ തൊട്ട് നില്‍ക്കും. അവരുടെ കണ്ണില്‍ ക്യാമ്പിലെ കൈക്കുഞ്ഞുങ്ങള്‍ മുതല്‍ മരണശ്വാസമെടുക്കുന്ന വൃദ്ധ വരെ രാജ്യദ്രോഹികളാണ്. ഏത് രാജ്യത്തിന്റെയെന്ന് അവര്‍ക്കുമറിയില്ല.

അവര്‍ കണ്‍പോളകളടയ്ക്കുന്നു ണ്ടോയെന്നറിയാന്‍ ശരീരത്തില്‍ ചിപ്പ് പിടിപ്പിച്ചിട്ടുണ്ടത്രെ.

അയാള്‍ നാലുകാലില്‍ വിജനമായ തെക്കുഭാഗത്തേക്ക് ഇഴഞ്ഞു. ചതുപ്പിലൂടെ. തിരിഞ്ഞുനോക്കാതെ. തണുപ്പിന്റെ സൂചികള്‍ മാംസത്തിലേക്ക് കുത്തിയിറങ്ങുന്ന വേദന. അയാള്‍ പല്ലിറുമ്മി പ്രതിരോധിച്ചു.

ഉരുക്കുമുള്ളില്‍ കൈ മുറിയാതിരിക്കാന്‍ കോട്ട് ഊരി. കയ്യുറകളാക്കി. വേലിയുടെ താഴത്തെ വരി ബലമായി അടര്‍ത്തി. പരാജിതനായി. വീണ്ടും. വിയര്‍പ്പൊഴുകി. അവസാന ശ്രമത്തില്‍ അയാള്‍ കണ്ണടച്ചു. സ്രഷ്ടാവിനെ പലയാവര്‍ത്തി വിളിച്ചു.

നുഴഞ്ഞ് പുറത്തെത്തി. അതിവേഗം നടന്നു. കാലുകള്‍ വലിച്ചിഴച്ച്. കുറേ ദൂരം പിന്നിട്ടു. അകലെ ജലത്തിന്റെ സ്ഫടികരാശി.

കൈക്കുമ്പിളില്‍ വെള്ളമെടുത്തു. ചോരപൊടിഞ്ഞ വിരലുകള്‍ നീറി. മുഖം കഴുകി. ദാഹമൊടുങ്ങുംവരെ കോരിക്കുടിച്ചു.

ഇരുമ്പ്കുറ്റിയില്‍ പ്ലാസ്റ്റിക് കയറില്‍ കെട്ടിയിട്ട ചെറിയ തോണി കാറ്റില്‍ ഇളകുന്നു. തുഴയുടെ മിനുസത്തില്‍ അയാളുടെ കൈത്തലം സ്പര്‍ശിച്ചതും അത് പ്രതിഷേധിച്ചു. അയാള്‍ മന്ത്രിച്ചു. ''ചങ്ങാതി, നിന്നെ വേദനിപ്പിക്കാനല്ല; നീയെന്നെ തുണയ്ക്കണം.''

പുഴയുടെ മദ്ധ്യത്തില്‍ അന്തരീക്ഷം മൂടി മൂടല്‍മഞ്ഞ്. എവിടെയോ തുഴ തടഞ്ഞു. അയാള്‍ വിരലുകളാല്‍ കണ്ണ് ഞെരടി തുടച്ചു. ഒരു നിമിഷം പുഴയുടെ കണ്ണ് പാതി തുറന്നു. കല്ലുകെട്ടിയ മൃതദേഹങ്ങള്‍ രണ്ട്... നാല്... അഞ്ച്... എണ്ണം നിര്‍ത്തി, അയാള്‍ ആകാശത്തേക്ക് കണ്ണുകളുയര്‍ത്തി, ദൈവമേ...

മറുകര തെളിഞ്ഞു. തോണി കുറ്റിയില്‍ കെട്ടി. കുന്നു കയറി. കയറുംതോറും കുന്ന് കുന്നായിത്തന്നെ. അന്തമില്ലാത്ത നിരകള്‍. ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക്.

അകലെ നിഴല്‍രൂപങ്ങള്‍ ചലിക്കുന്നു. അയാള്‍ പാറക്കൂട്ടത്തിന്റെ മറവില്‍ പതുങ്ങി.

നാല് ചെമ്മരിയാടുകളുമായി യുവാവ്. ഇടതൂര്‍ന്ന മുടി, മെരുക്കമില്ലാത്ത താടി. കണ്ണില്‍ ആശങ്കയുടെ മിന്നല്‍.

ആടുകള്‍ ശബ്ദിച്ചു. ഇടയന്‍ വഴിമാറി. തിരിഞ്ഞ് തിരിഞ്ഞ് നോക്കിക്കൊണ്ട്.

അയാള്‍ ആട്ടിടയന്‍ വന്ന വഴിയിലേക്കിറങ്ങി.

ഓരോ അണുവിലും ദാഹം. ഇനി ഒരടി മുന്നോട്ട് വെയ്ക്കാനാവില്ല. ചുറ്റിനും നോക്കി.

ആളുയരത്തില്‍ കള്ളിമുള്‍ച്ചെടികള്‍. അതിന്റെ നിഴലില്‍ അയാള്‍ മണ്ണിലേക്കിരുന്നു. തല മുട്ടുകള്‍ക്കിടയില്‍ തിരുകി. കൈകള്‍ തലയില്‍ പിണച്ച്.

ചെറുകാറ്റ് വീശി. വളര്‍ന്നു ചുടുകാറ്റായി. പൊടിയുയര്‍ന്നു. താഴ്ന്നു.

കോട്ട് തലയിലിട്ട് അയാള്‍ എണീറ്റു. കള്ളിച്ചെടികള്‍ക്കിടയില്‍ അനാഥമായി ഒരു വടി. വലിച്ചെടുത്തു.

വടിയൂന്നി നടത്തം തുടര്‍ന്നു.

തലകള്‍ കത്തിയ കൂറ്റന്‍ പനകളുടെ നിഴലുകള്‍. അടുത്തെത്തിയതും അവയുടെ ഉള്‍ഭാഗങ്ങളില്‍നിന്ന് പുകയുയരുന്നു. കുട്ടിക്കാലത്ത് ഇങ്ങനെയൊരു പനയുടെ പൊത്തില്‍നിന്നാണ് ഒരു തത്തയെ അയാള്‍ക്ക് കിട്ടിയത്.

മുളച്ചീളുകള്‍കൊണ്ട് നിര്‍മ്മിച്ച കൂട്ടില്‍ അവന്‍ അതിനെ വെച്ചു. രാവിലെ കൂടിന്റെ വാതില്‍ തുറന്നിടും. അത് പുറത്ത് പോയി വൈകീട്ട് തിരിച്ചെത്തും. ഒരു ദിവസം സമയം കഴിഞ്ഞിട്ടും അത് തിരിച്ചെത്തിയില്ല. അവന്‍ ആകാശത്തേക്ക് കണ്ണുകളുമായി മുറ്റത്തു നിന്നു. ഏറെനേരം. വരുമെന്ന പ്രതീക്ഷയോടെ. അവന്റെ കണ്ണുകളിലേക്ക് ആകാശത്ത്‌നിന്ന് ഒരു മിന്നല്‍, വലിയ ശബ്ദത്തില്‍ ഇറങ്ങിവന്നു. ഭൂമിയെ വിറപ്പിച്ച്. കണ്ണുകളില്‍ ഇരുട്ടുകയറി. തിരിച്ച് വരാന്തയിലേക്കോടി. കണ്ണ് തുറന്നത്, ആകാശത്തെ വെണ്‍മേഘങ്ങളിലേക്കാണ്.

കരിഞ്ഞ വിരലുകളും കൈകളുമായി മരപ്രേതങ്ങള്‍...

കരിഞ്ഞ ഭൂമി...

മാംസത്തിന്റേയും കത്തിത്തീരാത്ത പ്ലാസ്റ്റിക്കിന്റേയും കൂടിക്കലര്‍ന്ന ശ്വാസം മുട്ടിക്കുന്ന ഗന്ധം.

കൈപ്പടം നെറ്റിയില്‍ ചേര്‍ത്ത് അയാള്‍ ആകാശത്തേക്ക് കണ്ണുയര്‍ത്തി. കറുത്ത മേഘങ്ങള്‍.

തല താഴ്ത്തി കണ്ണടച്ചു.

കാലുകള്‍ തളരുന്നു. ശരീരം വേദനയില്‍ നുറുങ്ങുന്നു. കാഴ്ച കെടുന്നു. കാതില്‍ പാതാളമുഴക്കം.

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

തിരിച്ചുപോയാലോ? അര്‍ദ്ധരാത്രിക്ക് മുമ്പേ ക്യാമ്പിലെത്താം. പക്ഷേ, കാണാതായ നമ്പറിന്നായ് തിരച്ചില്‍ എപ്പോഴേ തുടങ്ങിക്കാണും. എങ്കില്‍, ഒന്നോ രണ്ടോ വെടിയുണ്ടയില്‍ ജീവിതം ഒടുങ്ങിയേക്കാം.

ദൈവമേ, ഈ വൃദ്ധന് അടയാളം നല്‍കൂ...

പിച്ചവെച്ച നാള്‍ മുതല്‍ ഞാന്‍ നിന്നെ വിളിച്ച് കേഴുന്നതല്ലേ! നീ എന്നെ കൈവിടുമോ?

ഭാര്യ, മക്കള്‍, മരുമക്കള്‍, പേരകുട്ടികള്‍... എല്ലാം നീയെടുത്തു. ഇനിയും ഈ നിസ്സാരനെ പരീക്ഷിക്കുകയാണോ? താങ്ങാനുള്ള ശേഷി ഇവനില്ല. എല്ലാം ചാരമായിത്തീര്‍ന്ന ഈ ശ്മശാനത്തിലേക്ക് നീയെന്നെ എന്തിന് ആട്ടിപ്പായിച്ചു? നീയെല്ലാം കാണുന്നവനല്ലേ?

പേരും ഊരുമില്ലാത്ത നിര്‍ജ്ജീവമായ ഒരക്കം മാത്രമാണ് ഞാനിപ്പോള്‍.

അയാള്‍ ചുടുമണ്ണിലേക്കിരുന്നു. വടിയില്‍ താങ്ങി. ഭൂമി കറങ്ങി, അയാളും. ഏറെ നേരം.

എപ്പോഴോ എല്ലാം നിലച്ചു. ബോധാബോധങ്ങളുടെ കാലക്കയത്തില്‍, ആരോ മുതുകില്‍ സ്പര്‍ശിക്കുന്നു.

കണ്ണു തുറന്നു.

ഒരു കറുത്ത പട്ടി. ശരീരമാകെ നീണ്ട രോമങ്ങള്‍. അതിന്റെ വാല്‍ അയാളുടെ കൈത്തണ്ടയില്‍ ഉരുമ്മി. മോന്ത നെറ്റിയിലും. മൂക്കിന്റെ ജലരാശിയുള്ള സ്നിഗ്ദ്ധത അയാളിലേക്ക് കിനിഞ്ഞിറങ്ങി.

അതിന്റെ കണ്ണുകളുടെ സൗമ്യതയിലൂടെ അനാദിയായ കാലം അയാളിലേക്ക് പ്രവേശിച്ചു. ആദി ഭൂമിയുടെ ഇരുണ്ട തണുപ്പ്. ഊറിക്കൂടുന്ന ജലത്തുള്ളികള്‍.

ദൈവമേ!

അയാള്‍ അതിനെ നെഞ്ചോട് ചേര്‍ത്തു. അതിന്റെ നെഞ്ചിടിപ്പ് അയാളുടെ രക്തത്തിലേക്ക് സംക്രമിച്ചു. അതിന്റെ നെറ്റിയില്‍ മുത്തമിട്ടു.

അവള്‍ ദൈവഭാഷയില്‍ മോങ്ങി. ആദിശബ്ദമായി അത് അയാളില്‍ നിറഞ്ഞു.

അവള്‍ നാവ് നീട്ടി. വാലാട്ടി. അയാളുടെ മുമ്പേ നടന്നു. അയാള്‍ അവളെ അനുഗമിച്ചു.

അയാളുടെ കണ്ണുകള്‍ ചുറ്റിനുമുള്ള പ്രേതാവശിഷ്ടങ്ങളിലേക്ക് സഞ്ചരിച്ചു. കത്തിയമര്‍ന്ന കുടിലുകള്‍. മണ്ണിലേക്കമര്‍ന്ന മരങ്ങളുടെ കരി കൂമ്പാരങ്ങള്‍. തീ നാക്കുകള്‍ നക്കിയൊടുക്കിയ മനുഷ്യരുടെയും വളര്‍ത്തുമൃഗങ്ങളുടെയും വികൃതമായ രൂപങ്ങള്‍.

പക്ഷേ, അവളുടെ കണ്ണുകള്‍ അത്തരം കാഴ്ചകളിലേയ്‌ക്കൊന്നും പോയതേയില്ല. അവളുടെ കൂര്‍ത്ത മോന്ത ഓരോ ചുവടും അടുത്തതിലേക്കുള്ള ജാഗ്രതയായിരുന്നു.

ഒരു വളവ് തിരിഞ്ഞപ്പോള്‍ അവള്‍ തിരിഞ്ഞുനോക്കി. അയാള്‍ കൈപ്പത്തി ബാക്കിയുള്ള ഒരു മനുഷ്യരൂപത്തിലേക്ക് സൂക്ഷിച്ചുനോക്കുകയാണ്. അവള്‍ ദൂരെ നിന്നു. നീണ്ട മോങ്ങലിലൂടെ അയാളെ ഉണര്‍ത്തി. തൊട്ടുപിന്നില്‍ അയാള്‍ എത്തിയെന്ന് ഉറപ്പാക്കിയശേഷമേ അവള്‍ മുന്നോട്ട് നീങ്ങിയുള്ളൂ.

നീ എങ്ങോട്ടാണ് എന്നെ വലിച്ച് കൊണ്ടുപോകുന്നത്? താമസിയാതെ നിഴലുകള്‍ കുറുകി കുറുകി അപ്രത്യക്ഷമാകും. ഇരുട്ട് പരക്കും.

ദൈവമേ!

പെട്ടെന്ന്, അവള്‍ നിന്നു. അയാളുടെ കാലുകളില്‍ ശരീരം ചുറ്റി. അസാധാരണമായ ശബ്ദത്തില്‍ മോങ്ങി.

അവള്‍ എന്തൊക്കെയോ മന്ത്രിച്ചുകൊണ്ടിരുന്നു. അവളുടെ ദൈവഭാഷ എന്തെന്നറിയാന്‍ അയാള്‍ ചൂടാറിയിട്ടില്ലാത്ത മണ്ണില്‍ മുട്ടുകുത്തി. അവളുടെ മുഖം തന്നിലേക്കമര്‍ത്തി. ഒന്നും മനസ്സിലായില്ല.

ദൈവമേ, ഇവളുടെ സ്വരവ്യഞ്ജനങ്ങള്‍ ഈ വൃദ്ധനിലേക്ക് പകര്‍ന്ന് തരൂ.

അയാള്‍ കണ്ണടച്ച് പ്രാര്‍ത്ഥിച്ചു.

അവള്‍ അയാളില്‍നിന്ന് മുഖമടര്‍ത്തി. അയാളുടെ ഇടനെഞ്ചിലേക്ക് ചേര്‍ന്നു. അയാളുടെ ഹൃദയമിടിപ്പിലേക്ക്. അയാള്‍ മണ്ണില്‍നിന്നുണര്‍ന്നു. വലതു ഭാഗത്തെ കുടിലിന്റെ അവശിഷ്ടങ്ങളിലേക്ക് കണ്ണുകള്‍ നീങ്ങി.

പാതി തകര്‍ന്ന മണ്‍ചുമര്‍ കവച്ച് കടന്നു. തറയോട് ചേര്‍ന്നുകിടക്കുന്ന വെന്ത് ചുളുങ്ങിയ ലോഹപ്പാത്രത്തിന്റെ കോടിയ വായില്‍ ധാന്യത്തിന്റെ കരിത്തുണ്ടുകള്‍. അയാള്‍ അതിലൊന്നില്‍ സ്പര്‍ശിച്ചു. കൈത്തലത്തിലേക്കെടുത്തു.

ഇളംകാറ്റില്‍ നൃത്തം വെയ്ക്കുന്ന ഗോതമ്പു ചെടികളുടെ പാടങ്ങള്‍. ജലമൊഴുകുന്ന ചെറുതോടുകളില്‍ നീര്‍കൊക്കുകള്‍ ധ്യാനിക്കുന്നു. ചിലവ ധ്യാനത്തില്‍നിന്നുണര്‍ന്ന് വിദൂരങ്ങളിലേക്ക് പറക്കുന്നു. വയല്‍ക്കരയില്‍ നാടന്‍വാദ്യത്തിന്റെ ശീലുകള്‍. എവിടെയോ താണസ്ഥായിയില്‍ ഉറക്കുപാട്ട്.

പെട്ടെന്ന് ആക്രോശങ്ങള്‍, തെറിവിളികള്‍, സ്ഫോടനങ്ങള്‍, നിലവിളികള്‍, തീനാക്കുകള്‍.

കുഞ്ഞുങ്ങളെ ഒക്കിലേറ്റി പലായനം ചെയ്യുന്ന അമ്മമാര്‍. വീണുപോയ വൃദ്ധര്‍. യുവതികളുടെ ചങ്കറക്കുന്ന രോദനം. എല്ലാറ്റിനേയും പൊതിഞ്ഞ് അഗ്‌നിയുടെ കൂറ്റന്‍ തിരകള്‍.

ദൈവമേ, നീയെന്തിന് മനുഷ്യനെ ഈ ഭൂമിയിലേക്കയച്ചു! അവനില്‍ തീയിന്റെ രഹസ്യമോതി.

അവനെ നിനക്ക് കാട്ടിലെ മൃഗങ്ങളിലൊന്നായി ജീവിക്കാന്‍ വിടാമായിരുന്നില്ലേ? എന്തിനവന്റെ തലച്ചോറില്‍ വെളിച്ചമുണര്‍ത്തി!

നിന്നെ ഒന്നും ബാധിക്കുന്നില്ല. നീയെല്ലാം കണ്ട് ശിലാമൗനമായി എവിടെയോ മറഞ്ഞിരിക്കുന്നു.

നാഥാ ഇനി വയ്യ. ഈ ജീവിതം തിരിച്ചെടുക്കൂ. ഭൂമിയില്‍നിന്ന് മനുഷ്യനെ അപ്രത്യക്ഷനാക്കൂ. നീ വിചാരിച്ചാല്‍ ഒരു നിമിഷാര്‍ദ്ധത്തില്‍ നിനക്കതിനപ്പുറവും ചെയ്യാം. നീ സര്‍വ്വശക്തന്‍! എല്ലാം അറിയുന്നവന്‍.

അയാളില്‍ വാക്കുകള്‍ പിടഞ്ഞു. ശ്വാസമെടുക്കാന്‍ അയാള്‍ പണിപ്പെട്ടു. നെഞ്ച് തടവി. അയാള്‍ തറയിലേക്കിരുന്നു. ശിരസ്സ് പൊടിയിലമര്‍ന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദിവസങ്ങളായി കല്ലിച്ച് കിടന്നിരുന്ന നീരുറവകള്‍ പൊട്ടി. അയാള്‍ തേങ്ങി തേങ്ങി കരഞ്ഞു. അയാളില്‍നിന്ന് ബോധം ഒലിച്ച്‌പോയി. അയാള്‍ ശൂന്യതയിലേക്ക് വീണു.

കാറ്റിന്റെ ഇളം കൈകള്‍ അയാളുടെ ശരീരം തലോടി. അസ്തമനത്തിന്റെ ലോഹകാന്തി അയാളെ പൊതിഞ്ഞു. മണ്ണിനടിയില്‍നിന്ന് നേര്‍ത്ത ശബ്ദം. അയാള്‍ ഉണര്‍ന്നു. കണ്ണുതുറന്നു. ചുറ്റും നോക്കി. ഹൃദയം കൂര്‍പ്പിച്ചു.

ഞെട്ടിയെണീറ്റു പൊളിഞ്ഞ് തകര്‍ന്ന അരച്ചുമര്‍ ചാടിക്കടന്നു.

മൂന്നു പട്ടിക്കുഞ്ഞുങ്ങളുടെ ശവങ്ങള്‍. തൊട്ടപ്പുറത്ത് കത്തിക്കരിഞ്ഞ അഞ്ച് മനുഷ്യരൂപങ്ങള്‍; കെട്ട്പിണഞ്ഞ്.

അയാള്‍ തലതാഴ്ത്തി തിരിഞ്ഞു. വലതുകാല്‍ തറയില്‍നിന്നുയര്‍ത്തി.

എന്തോ അയാളെ പിന്നാക്കം വലിച്ചു. അയാള്‍ ധൃതിയില്‍ ചുറ്റും പരതി. അടര്‍ന്നുതൂങ്ങുന്ന വാതിലിന്റെ പാളിമാറ്റി കുനിഞ്ഞ് അപ്പുറമെത്തി.

വായ് തുറന്നുപിടിച്ച് മരണപ്പെട്ട വൃദ്ധയെപ്പോലെ പാതിയുരുകിപ്പോയ ഇരുമ്പലമാര. പുറത്തേക്ക് തള്ളിനില്‍ക്കുന്ന ദുപ്പട്ടയുടെ കഷ്ണം. കരിയാത്ത ഒരു തുണ്ട്. അയാള്‍ വിറയലോടെ അത് കയ്യിലെടുത്തു. കൈത്തലത്തില്‍ അതിന്റെ ഇരുണ്ട പച്ചനിറം ഇളകി.

ദൈവമേ, ഈ അടയാളം നീയെന്തിന് എന്റെ നേരെ നീട്ടി. നീയിനിയും എന്നെ പരീക്ഷിക്കുകയാണോ? ഇനിയും നിനക്ക് മതിയായില്ലേ? അനാഥനായ ഈ വൃദ്ധന്റെ വേദന. ഭൂമിയില്‍ ആരെന്നതിന് ഒരു തെളിവുമില്ലാത്ത കിഴവന്‍. അയാള്‍ പൊട്ടിക്കരഞ്ഞു.

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

അനാഥരുടെ നാഥാ, നിസ്സഹായരുടെ രക്ഷകാ, ഇനിയെങ്കിലും നീയെന്നെ വെറുതെ വിടൂ. ഈ വൃദ്ധന്‍ അവന്റെ അവസാന മണിക്കൂറുകള്‍ എണ്ണിത്തീര്‍ത്ത് എവിടെയെങ്കിലും ഒടുങ്ങാം. നിന്നെ ഞാന്‍ ഇനി ഏറെ ബുദ്ധിമുട്ടിക്കില്ല.

ദൈവമേ, നീ തന്നെയല്ലേ എന്നെ ആത്മഹത്യയുടെ കൊടുമുടികളില്‍നിന്ന് മണ്ണിലേക്ക് വലിച്ചിട്ടത്? നീ തന്നെയല്ലേ, ഹേ മനുഷ്യാ, ഞാന്‍ നിനക്ക് തന്ന ജീവന്‍ നശിപ്പിക്കാന്‍ നിനക്കെന്തധികാരം എന്ന് ക്രൂദ്ധനായത്? ഞാന്‍ മാപ്പിരന്നപ്പോള്‍ ആശ്വസിപ്പിച്ചത്? നീ തന്നെയല്ലേ, ക്യാമ്പെന്ന തടവറയില്‍നിന്ന് എന്നെ പുറത്തെത്തിച്ചത്? പട്ടാളക്കാരുടെ കണ്ണില്‍ പെടാതെ ഇവിടേയ്‌ക്കെത്തിച്ചത്?

അതെ, എനിക്കറിയാം, നിന്റെ അറിവില്ലാതെ ഈ പ്രപഞ്ചത്തില്‍ ഒരു ചെറുചലനം പോലും ഉണ്ടാകുന്നില്ല...

കരിഞ്ഞ അവശിഷ്ടങ്ങള്‍... കരിയാത്തതായി എന്തെങ്കിലുമുണ്ടോയെന്ന് പരതി. ഒന്നുമില്ല.

മേഘങ്ങളുടെ കരിങ്കൂട്ടങ്ങള്‍ നീങ്ങുന്ന ആകാശത്തേക്ക് തന്നെ ഉയര്‍ത്തി വീണ്ടും വിലപിച്ചു.

സര്‍വ്വശക്താ...

സൂര്യന്‍ അയാളുടെ കണ്ണുകളിലേയ്ക്കിറങ്ങി. കാഴ്ച മഞ്ഞളിച്ചു. നിമിഷങ്ങളോളം മഞ്ഞയുടെ ചുഴിയില്‍ അയാള്‍ കറങ്ങി.

കണ്ണ് തുറന്നു. കണ്ണുകള്‍ക്ക് ചുറ്റിനും തുമ്പികള്‍ നീന്തുന്നു. അവയുടെ അതിലോലമായ സ്ഫടിക ചിറകുകളില്‍ മഴവില്ലുകള്‍. സൂചിമുനക്കണ്ണുകളില്‍ നക്ഷത്രങ്ങള്‍.

ഇതെന്റെ മതിഭ്രമം!

നീയെന്നെ വീണ്ടും പരീക്ഷിക്കുന്നു.

കണ്ണ് തുടച്ചു. വീണ്ടും നോക്കി.

തുമ്പികള്‍ തുമ്പികള്‍.

തിരശ്ചീനമായി അവ നീന്തുകയാണ്. ഒന്ന് മറ്റൊന്നിനെ സ്പര്‍ശിക്കാതെ. മൗനമായി. മങ്ങിയ വെയില്‍ അവയെ സ്വര്‍ണ്ണശലഭങ്ങളാക്കി.

അയാള്‍ വിളഞ്ഞ ഗോതമ്പ് വയലിലെ ബാലനായി. ഒരു തുമ്പിയുടെ ചിറകില്‍ തൊടാനായി കൈനീട്ടി. അത് മേലോട്ടുയര്‍ന്നു. ഒന്നിന്റെ പിറകെ മറ്റൊന്നായി. എല്ലാം ഞൊടിയിടയില്‍ അപ്രത്യക്ഷമായി.

തന്റെ വിഡ്ഢിത്തത്തില്‍ അയാള്‍ പരിതപിച്ചു.

ദൈവമേ, നീയെന്നോട് ക്ഷമിക്ക്.

ഈ വൃദ്ധന്റെ ആസക്തി എഴുപതാം വയസ്സിലും കെട്ടടങ്ങിയിട്ടില്ല.

അയാള്‍ ലജ്ജിച്ച് തലതാഴ്ത്തി. തിരിച്ച് നടക്കാന്‍ വലതുകാല്‍ ഉയര്‍ത്തി.

ഉറുമ്പുകള്‍ വരിവരിയായി... ഏതോ പുതിയ ഭൂഖണ്ഡം കണ്ടെത്തി യാത്ര പോകുന്ന തീര്‍ത്ഥാടകരായി. അവ യാത്രാവഴിയില്‍ പരസ്പരം നിശ്ശബ്ദമായി സംസാരിക്കുന്നു.

അയാള്‍ അവയെ പിന്തുടര്‍ന്നു. ചുടലപ്പറമ്പിലെ ജീവബിന്ദുക്കളെ.

കരിഞ്ഞ അവശിഷ്ടക്കുന്നുകള്‍ക്കിടയില്‍ അവ മറഞ്ഞു. പക്ഷേ, അപ്പുറെ പ്രത്യക്ഷമായി.

തകര്‍ന്നുകിടക്കുന്ന ചുമരിന്റെ മൂലയില്‍ അവ എന്തിനെയോ വട്ടമിടുന്നു.

അയാള്‍ വാരിയെടുത്തു. വായുവില്‍ മെല്ലെ കുടഞ്ഞു. ഒരു തളിര്‍ച്ചില്ല വീശുമ്പോലെ.

അവളുടെ നേര്‍ത്ത കരച്ചിലുയര്‍ന്നു. അയാള്‍ക്ക് മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍.

ഇരുകൈകളിലുമായി കുഞ്ഞിനെ മലര്‍ത്തിപ്പിടിച്ച് അയാള്‍ ആകാശത്തിനു നേരെ ഉയര്‍ത്തി. കണ്ണുകളടച്ചു.

തേങ്ങിതേങ്ങി കരഞ്ഞു.

കണ്ണീര്‍തുള്ളികള്‍ അവളുടെമേല്‍ പതിഞ്ഞു. അവള്‍ നിലവിളിച്ചു.

അയാള്‍ ചുറ്റും പരതി. ഒരിറ്റു വെള്ളത്തിനായി.

പുറത്തെത്തി.

അടുത്തു കണ്ട തകര്‍ന്ന പൈപ്പിന്‍ചുവട്ടിലേക്ക് നടന്നു.

ദൈവം കാത്തുവെച്ചതുപോലെ ഒരു കുഞ്ഞിമൊന്തയില്‍ വെള്ളം. ഒരു തടാകമായി അത് അയാളിലേയ്ക്കെത്തി. വിരലുകളില്‍ ജലം പകര്‍ന്ന് അയാള്‍ അവളുടെ ചുണ്ടുകളിലിറ്റിച്ചു.

അവള്‍ മലര്‍ന്ന പൂവിതള്‍ ചുണ്ടുകള്‍ പിളര്‍ത്തി. അയാളെ നോക്കിച്ചിരിച്ചു.

ഈ പ്രപഞ്ചം മുഴുവന്‍ തന്റേതായി മാറിയ ആനന്ദത്താല്‍ അയാള്‍ അതിവേഗം കിഴക്കന്‍ കുന്നിനെ ലക്ഷ്യമാക്കി നടന്നു.

കുന്ന് കാടായി മാറുന്ന പച്ചയുടെ ആദ്യ അടയാളത്തില്‍, അയാള്‍ തിരിഞ്ഞുനോക്കി.

ദൂരെ, പ്രേതഭൂമിയിലേക്ക് നീളുന്ന പടുകൂറ്റന്‍ വാഹനങ്ങള്‍. കൂറ്റന്‍ ദിനോസറുകളായി മണ്ണ് മാന്തികള്‍. അവയുടെ ഏറ്റവും മുന്‍പിലായി തുറന്ന വാഹനത്തില്‍ തോക്കേന്തിയ പട്ടാളക്കാര്‍.

അയാള്‍ വൃക്ഷച്ഛായയിലേക്ക് മാറി. ശ്രദ്ധിച്ചു.

തോക്കുകള്‍ ആഹ്ലാദസൂചകമായി ആകാശത്തേക്ക് ഗര്‍ജ്ജിച്ചു. കൂടുകളിലേക്ക് പറന്നിരുന്ന പറവകളില്‍ ചിലവ ചിറകൊടിഞ്ഞ് താഴേയ്ക്ക് വീഴുന്നു. ശേഷിച്ചവ ചിതറി പല ദിശകളിലേക്ക് രക്ഷപ്പെട്ടു.

വാഹനങ്ങളില്‍നിന്ന് കോണ്‍ക്രീറ്റ് കട്ടകളും നിര്‍മ്മാണവസ്തുക്കളും ഇറക്കുന്ന തിരക്ക്. പട്ടാളക്കാര്‍ക്കൊപ്പം സഹായികളായി സ്ത്രീകളും പുരുഷന്മാരും.

അവര്‍ ഒരു പുതിയ നഗരം പണിയുന്നു. മനുഷ്യരുടെ അസ്ഥികള്‍ക്കുമേല്‍. നിശ്വാസങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുംമേല്‍. ചരിത്രത്തിനുമേല്‍.

അയാള്‍ കണ്ണുകള്‍ പിന്‍വലിച്ചു. കാട്ടിനുള്ളിലേക്ക് കടന്നു. പലദിശകളില്‍നിന്നു പക്ഷികളുടെ കൂജനങ്ങള്‍. ചീവീടുകളുടെ പാട്ട്. ഇഴജീവികളുടെ സ്‌നേഹയാത്രകള്‍. കാട്ടാനകളുടെ ചിന്നംവിളി. സിംഹഗര്‍ജ്ജനങ്ങള്‍.

മരങ്ങളും ചെടികളും പച്ചിലകളാട്ടി കാറ്റ് പകര്‍ന്നു. അയാള്‍ മണ്ണില്‍ മുട്ടുകുത്തി. ഇലകള്‍ക്കിടയിലൂടെ ചന്ദ്രന്‍ താഴേയ്ക്കിറങ്ങി വന്നു. നിവര്‍ത്തിപ്പിടിച്ച കൈകളില്‍ കുഞ്ഞുമായി അയാള്‍ ആകാശത്തേക്ക് കണ്ണുകളുയര്‍ത്തി...

തൊട്ടപ്പുറെ നീര്‍ച്ചാല്‍ ഒഴുകുന്നതിന്റെ സംഗീതത്തില്‍ അയാള്‍ പ്രാര്‍ത്ഥിച്ചു.

സര്‍വ്വശക്തനായ ദൈവമേ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com