ദിലീപ്  /ഫയല്‍ ചിത്രം
ദിലീപ് /ഫയല്‍ ചിത്രം

തെളിവ് ഹാജരാക്കാന്‍ സമയം തേടി പ്രോസിക്യൂഷന്‍; ദിലീപിന്റെ അറസ്റ്റ് വിലക്ക് നീട്ടി

കേസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കൈമാറുമെന്ന് അന്വേഷണസംഘം അറിയിച്ചു
Published on

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. കേസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കൈമാറുമെന്ന് അന്വേഷണസംഘം അറിയിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം വിശദമായി പരിശോധിക്കേണ്ടതുണ്ട്. 

അതിന്റെ പരിശോധനാഫലം മുഴുവനായി ലഭിച്ചിട്ടില്ല. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുന്നതിനായി കേസ് പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ച ജസ്റ്റിസ് ഗോപിനാഥ് കേസ് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.  

അതുവരെ ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി വിലക്കിയിട്ടുണ്ട്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ അറസ്റ്റാണ് താല്‍ക്കാലികമായി തടഞ്ഞിട്ടുള്ളത്.

ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചെന്ന് ദിലീപ്  

നേരത്തെ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ അഭിഭാഷകന്റെ പക്കലുണ്ടെന്നും ഇത് കൈമാറില്ലെന്നുമാണ് ദിലീപ്  അന്വേഷണസംഘത്തെ അറിയിച്ചത്. ഫോണുകൾ കേസുമായി ബന്ധമുള്ളതല്ലെന്നും ഹാജരാക്കാനാവില്ലെന്നുമാണ് അറിയിച്ചത്. ബാങ്കിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്ന ഫോൺ ആണ് ഹാജരാക്കാൻ ആവശ്യപ്പെടുന്നത്. മറ്റൊരു ഫോണിൽ ബാലചന്ദ്രകുമാറിനെതിരായ തെളിവാണ്. ഈ ഫോൺ വിവരങ്ങൾ വീണ്ടെടുക്കാൻ താൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചുവെന്നും ദിലീപ് പറയുന്നു. 

ഒരാഴ്ചയ്ക്കകം ഇതിന്റെ ഫലം ലഭിക്കും. ഈ ഫലം താൻ കോടതിക്ക് കൈമാറാം. കേസുമായി ബന്ധപ്പെട്ട മൊബൈൽ ഫോണുകൾ ഹാജരാക്കിയതാണ്. വീണ്ടും ഫോൺ ആവശ്യപ്പെടാൻ  നിയമപരമായി അധികാരമില്ല. ഫോൺ ഹാജരാക്കാൻ നോട്ടീസ് നൽകിയത് നിയമപരമല്ല. ബാലചന്ദ്രകുമാറിന്റെയും ബൈജു പൗലോസിന്റെയും ഫോണുകൾ പിടിച്ചെടുക്കണം. ഇവർ തനിക്കെതിരെ നടത്തുന്ന ഗൂഢാലോചന ഫോൺ പരിശോധിച്ചാൽ തെളിയുമെന്നും ദിലീപ് ആരോപിക്കുന്നു. 

കേസെടുത്തതിന് പിന്നാലെ പ്രതികളെല്ലാം ഫോണുകൾ ഒരുമിച്ച് മാറ്റി

ഡിസംബർ 9 ന് കൊലപാതക ഗൂഢാലോചന കേസ് എടുത്തതിന് പിന്നാലെയാണ് ദിലീപിന്‍റെ രണ്ട് ഫോൺ അടക്കം 5 ഫോണുകൾ പ്രതികൾ ഒരുമിച്ച് മാറ്റുന്നത്. പഴയ  സിം കാർഡുകൾ ഇട്ട  പുതിയ ഫോണിലായിരുന്നു പിന്നീട് പ്രതികളെല്ലാം  ഉപയോഗിച്ചത്. ദിലീപിന്‍റെ വീട്ടിലെ റെയ്ഡിൽ പിടിച്ചെടുത്തത് പുതിയ ഫോണുകളാണ്.  

എന്നാൽ  കേസ് എടുത്തതിന് പിറകെ പ്രതികളെല്ലാവരും ഒരുമിച്ച് ഫോൺ മാറ്റിയത് ഗൂഡാലോചനയിലെ നിർണ്ണായക തെളിവുകൾ നശിപ്പിക്കാനാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. പ്രതികളുടെ പേഴ്സണൽ  ഫോൺ ലഭിച്ചിരുന്നെങ്കിൽ വാട്സ് ആപ് ചാറ്റുകൾ അടക്കം വീണ്ടെടുക്കാനാകും. നടി കേസിലെ സാക്ഷികളെ സ്വാധീനിച്ചതും, ഗൂഡാലോചനയിലെ നിർണ്ണായക തെളിവുകളും ഈ ഫോണുകളിൽ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com