

കുമളി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ലെന്നും ജലനിരപ്പ് ഉയര്‍ത്തുമെന്നുമുള്ള തമിഴ്‌നാടിന്റെ പ്രഖ്യാപനത്തിനെതിരെ ഇടുക്കിയില്‍ പ്രതിഷേധം. ഒരു ഇടവേളക്കു ശേഷം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കം മറ നീക്കി പുറത്തു വരുന്നതിനാണ് തമിഴ്‌നാടിന്റെ നയപ്രഖ്യാപനം വഴിവെച്ചത്. അണക്കെട്ടിന്റെ സുരക്ഷയും ജനങ്ങളുടെ ആശങ്കകളും വീണ്ടും ചര്‍ച്ചയാകുകയാണ്.
നൂറ്റാണ്ടിലേറെ പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലി കേരളവും തമിഴ്നാടും തമ്മിലുള്ള തര്‍ക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 2014-ല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്നാടിന് സുപ്രീംകോടതി അനുമതി നല്‍കിയെങ്കിലും, മാറിവരുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും പ്രളയസാധ്യതകളും ചൂണ്ടിക്കാട്ടി പുതിയ അണക്കെട്ട് വേണമെന്ന ഉറച്ച നിലപാടിലാണ് കേരളം. എന്നാല്‍, പുതിയ ഡാം അനുവദിക്കില്ലെന്ന തമിഴ്നാടിന്റെ പ്രഖ്യാപനം സമവായ നീക്കങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണ്.
അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ത്തിയാല്‍ പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് വലിയ സുരക്ഷാ ഭീഷണിയാണ് ഉണ്ടാകുന്നതെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍ ഷാജി ജോസഫ് പറഞ്ഞു. വിഷയത്തില്‍ കേരള സര്‍ക്കാര്‍ കര്‍ശന നിലപാട് എടുക്കണമെന്നാണ് മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നിലപാട്. തമിഴ്‌നാട് നടത്തുന്നത് ആസൂത്രിത നീക്കമാണെന്നാണ് സമരസമിതിയുടെ വിലയിരുത്തല്‍. നിയമപരവും രാഷ്ട്രീയവുമായ പ്രതിരോധം ഉണ്ടായില്ലെങ്കില്‍ പെരിയാറിന്റെ തീരങ്ങള്‍ വീണ്ടും കലുഷിതമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates