ഇന്ദിരാവിരുദ്ധ രാഷ്ട്രീയത്തിന്റെ പരിണാമങ്ങള്‍

ഇന്ത്യ സ്വന്തം കുഞ്ഞിനെപ്പോലെ ഇന്ദിരാഗാന്ധിയെ സ്‌നേഹിച്ചിരുന്നു. 
ഇന്ദിരാവിരുദ്ധ രാഷ്ട്രീയത്തിന്റെ പരിണാമങ്ങള്‍

കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന ആന്റണി വിഭാഗത്തെ ഉപാധികളില്ലാതെ തിരിച്ചെടുത്ത് കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനുണ്ടായ ഏറ്റവും വലിയ ആഘാതത്തില്‍നിന്നും പാര്‍ട്ടിയെ രക്ഷിച്ചെടുക്കുക എന്ന ദൗത്യമാണ് ഇടതുമുന്നണി ഭരണം തകര്‍ത്തതിലൂടെ ഇന്ദിരാഗാന്ധി ചെയ്തത്. സി.പി. ജോണ്‍ എഴുതുന്നു.

കേന്ദ്രത്തിലെ ഇന്ദിരാഭരണത്തിനും കേരളത്തിലെ അച്യുതമേനോന്‍ ഭരണത്തിനുമെതിരായ സമരപ്രചാരണ പരിപാടികളായിരുന്നു '70-കളിലെ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ കാതല്‍. ഡിഗ്രിതലത്തില്‍ ഞാന്‍ ആദ്യം പഠിക്കാനെത്തിയത് കേരളവര്‍മ്മയിലാണ്- ബി.എസ്‌സി ഫിസിക്‌സ്. അക്കാലത്താണ് പട്ടാമ്പി സംസ്‌കൃത കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന സെയ്താലി കൊല്ലപ്പെട്ടത്. ഇതിനിടയില്‍ ശാസ്ത്രപഠനത്തിന് പേരുകേട്ട സെന്റ് തോമസ് കോളേജില്‍നിന്നും അഡ്മിഷന്‍ ലെറ്റര്‍ വന്നു. കേരളവര്‍മ്മ മതിയെന്നു പറഞ്ഞ അമ്മ പിന്നീട്, രാഷ്ട്രീയത്തില്‍ അകപ്പെടരുതെന്നു കരുതിയാകണം എന്നോട് സെന്റ് തോമസില്‍ ചേരാന്‍ പറഞ്ഞു. അക്കാലത്ത് സെന്റ് തോമസില്‍ എസ്.എഫ്.ഐ താരതമ്യേന ദുര്‍ബ്ബലമായിരുന്നു. കലാലയങ്ങളില്‍ എസ്.എഫ്.ഐ വിജയിച്ചു തുടങ്ങിയത് ആ വര്‍ഷമായിരുന്നു. അന്ന് കവികളായി അറിയപ്പെട്ടിരുന്ന ഹിരണ്യനും ഐ. ഷണ്‍മുഖദാസും കേരളവര്‍മ്മയില്‍നിന്നും സെന്റ് തോമസില്‍നിന്നും വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചത് അദ്ഭുതമായിരുന്നു.

പൊടുന്നനെയാണ് അടിയന്തരാവസ്ഥ പൊട്ടിവീണത്. ഞങ്ങള്‍ക്കെല്ലാം പതിനെട്ടും പത്തൊന്‍പതും വയസ്സ് പ്രായം. ഇന്ദിരാഗാന്ധിയോടുള്ള വിരോധം മനസ്സില്‍ വീണ്ടും ശക്തമായി. എല്ലാത്തിനും കാരണം ഇന്ദിരയാണ്. 'ഒരു പെണ്‍ ഹിറ്റ്‌ലര്‍ പിറന്നു'വെന്ന എ.കെ.ജിയുടെ പാര്‍ലമെന്റ് പ്രസംഗം നിരോധിക്കപ്പെട്ടുവെങ്കിലും വാമൊഴിയായും കൈയെഴുത്ത് പോസ്റ്ററായും നാട്ടിലാകെ പ്രചരിച്ചു. ജനാധിപത്യത്തിനുവേണ്ടി പ്രവര്‍ത്തിക്കേണ്ടത് ഒരു ഉത്തരവാദിത്തമായി ഞങ്ങളുടെ ചെറിയ മനസ്സുകളില്‍ തോന്നി. പോസ്റ്റര്‍ ഒട്ടിക്കല്‍, നോട്ടീസ് അടിക്കല്‍, യോഗം ചേരല്‍ അങ്ങനെ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍. പൊരിഞ്ഞ പ്രവര്‍ത്തനം തന്നെ.

ഞങ്ങളുടെ നാട്ടിലെ എം.എല്‍.എയായ ടി.കെ. കൃഷ്ണന്റെ ജ്യേഷ്ഠന്റെ മകന്‍ ടി.കെ.പ്രസാദായിരുന്നു കോളേജിലെ ഞങ്ങളുടെ നേതാവ്. ഷംസുദ്ദീനും ഒ.ആര്‍. അരവിന്ദാക്ഷനും ജില്ലാനേതാക്കള്‍. അടിയന്തരാവസ്ഥക്കാലത്ത് തൃശൂര്‍ ജില്ലാകമ്മറ്റി ഓഫീസിലെ (അഴീക്കോടന്‍ മന്ദിരം) ഓല ഷെഡ്ഡിലാണ് എസ്.എഫ്.ഐയുടെ അഞ്ചാം സംസ്ഥാന സമ്മേളനം നടന്നത്. അടിയന്തരാവസ്ഥാവിരോധം, ഇന്ദിരാവിരോധം ഒപ്പം സഞ്ജയ്ഗാന്ധിയോടുള്ള പകയും നിറഞ്ഞ കാലം. സംസ്ഥാനപ്രസിഡന്റ് എം.എ. ബേബിയും ആക്ടിങ് സെക്രട്ടറി സി.കെ. ശശിയും (സി.എച്ച്. കണാരന്റെ മകന്‍- അഞ്ചാറു വര്‍ഷം മുന്‍പ് മരിച്ചു) എ.കെ. ബാലനും തോമസ് ഐസക്കും എന്‍. വാസുദേവനുമാണ് ഞങ്ങളറിയുന്ന സംസ്ഥാന നേതാക്കള്‍. സെന്റ് തോമസിലെ അടിയന്തരാവസ്ഥ വിരുദ്ധപ്രവര്‍ത്തനം അതീവ രഹസ്യമായാണ് നടന്നിരുന്നതെങ്കിലും ഉള്ള പ്രവര്‍ത്തകരെ യോജിപ്പിച്ചു നിര്‍ത്താനും ലളിതമെങ്കിലും സജീവമായി പ്രവര്‍ത്തിക്കാനും ഞങ്ങള്‍ ശ്രമിച്ചിരുന്നു. ഇതിനിടയില്‍ ഞാന്‍ എസ്.എഫ്.ഐയുടെ താലൂക്ക് സെക്രട്ടറിയും ജില്ലാകമ്മറ്റി അംഗവുമായി മാറിയിരുന്നു.

ഇനിയൊരിക്കലും പിന്‍വലിക്കപ്പെടില്ലെന്നു കരുതിയ അടിയന്തരാവസ്ഥ പതുക്കെപ്പതുക്കെ ഉരുകാന്‍ തുടങ്ങി. ഞങ്ങള്‍ ഉടനെ തെരുവില്‍ പ്രകടനവുമായി ഇറങ്ങി. പടിഞ്ഞാറേക്കോട്ട സി.പി.എം ഓഫീസില്‍നിന്നും സ്വരാജ് റൗണ്ട് ചുറ്റി നടന്ന പ്രകടനത്തിലും നിറഞ്ഞത് ഇന്ദിരാവിരോധം തന്നെ. പൊതുതെരഞ്ഞെടുപ്പ് ചിത്രം വീണ്ടും മാറ്റി വരച്ചു. കേരളത്തില്‍ ഇന്ദിരാതരംഗം ആഞ്ഞടിച്ചപ്പോള്‍ ഉത്തരേന്ത്യയില്‍ ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും നിലംപൊത്തി. രാജന്‍ കേസ് കേരളരാഷ്ട്രീയത്തെ പിടിച്ചുലച്ചു. കരുണാകരന്‍ രാജിവച്ചിറങ്ങി. കോണ്‍ഗ്രസ് പിളര്‍ന്നു.

77 ജൂണ്‍ 3-ന് നടത്തിയ രാജന്‍ ദിനം ഒരു തരത്തില്‍ എസ്.എഫ്.ഐയുടെ പുനര്‍ജന്മമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഞങ്ങള്‍ ഏറെ പണിപ്പെട്ട് നടത്തിയിരുന്ന സംഘടനയുടെ കേവലമായ, വരണ്ട രാഷ്ട്രീയാവസ്ഥയിലേക്ക് രാജന്‍സംഭവം ഉയര്‍ത്തിവിട്ട അടിയന്തരാവസ്ഥാവിരോധം ഒരു പെരുമഴയായി പെയ്തു. രാജന്‍ദിനമാചരിക്കാന്‍ ഞങ്ങള്‍ റോഡിലിറങ്ങുമ്പോഴേക്ക് പല സ്‌കൂളുകളിലെയും കോളേജുകളിലെയും കുട്ടികള്‍ സ്വയംപ്രകടനമായി തെരുവിലിറങ്ങിയിരുന്നു. വിദ്യാര്‍ത്ഥി പ്രകടനം കണ്ട പൊലീസുകാര്‍ റോഡില്‍നിന്നും ഓടി ഒളിക്കുന്നത് രസകരമായ കാഴ്ചയായിരുന്നു. എസ്.എഫ്.ഐ അവരുടെ നേതൃസ്ഥാനം ഏറെ പണിപ്പെട്ട് ഏറ്റെടുക്കുകയായിരുന്നു. പ്രകടനത്തിനിടയില്‍ വന്നുപെട്ട മന്ത്രി അവുക്കാദര്‍കുട്ടി നഹയുടെ കാറിനു പിന്നാലെ കുട്ടികള്‍ ഓടി. മന്ത്രിയെ രക്ഷപ്പെടുത്താന്‍ ഡ്രൈവര്‍ കാര്‍ ഒരിടവഴിയിലേക്ക് തിരിച്ചു. പക്ഷേ, അത് ഒരു ഹോട്ടലിലേക്കുള്ള വഴിയായിരുന്നു. ഏറെ ബഹുമാന്യനായ നഹ ഹോട്ടലില്‍ കയറി; കുട്ടികള്‍ പുറകെയും. ഒടുവില്‍ അദ്ദേഹം ഹോട്ടലിന്റെ പുറകിലത്തെ വാതില്‍ വഴി എങ്ങനെയോ തൃശൂര്‍ മുനിസിപ്പല്‍ ഓഫീസില്‍ കയറി രക്ഷപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ അക്ഷരാര്‍ത്ഥത്തില്‍ തെരുവു കൈയടക്കി. തുടര്‍ന്ന് ആഹ്വാനമില്ലാതെ പ്രകടനങ്ങള്‍ നടന്നു. കുട്ടികളെ തിരികെ ക്ലാസ്സില്‍ കയറ്റാനും ഞങ്ങള്‍ക്ക് ഏറെ പാടുപെടേണ്ടിവന്നു.

രാഷ്ട്രീയം വീണ്ടും തകിടം മറിഞ്ഞു. അടിയന്തരാവസ്ഥയില്‍ സകല നേതാക്കളെയും അറസ്റ്റ് ചെയ്ത ഇന്ദിരാഗാന്ധി അറസ്റ്റിലായി. കോണ്‍ഗ്രസ് പിളര്‍ന്നു. കേരളത്തില്‍ ഇന്ദിര കോണ്‍ഗ്രസ് കോണ്‍ഗ്രസ്സിലെ ചെറുന്യൂനപക്ഷമായി. പക്ഷേ, ഇന്ദിരാഗാന്ധി അടങ്ങിയിരുന്നില്ല. അവര്‍ കേരളത്തില്‍ പര്യടനം നടത്തി. അതിനെതിരായും കരിങ്കൊടി പ്രകടനങ്ങള്‍ നടന്നു. കുന്ദംകുളം വഴി ഇന്ദിരാഗാന്ധി കടന്നുപോകുമ്പോള്‍ ഞങ്ങള്‍ കരിങ്കൊടി പ്രകടനം നടത്തി.

ഷാ കമ്മീഷന്റെ മുന്നിലും തിഹാര്‍ ജയിലിലും കയറിയിറങ്ങിയ ഇന്ദിരാഗാന്ധി ജനതാഗവണ്‍മെന്റിന്റെ പതനത്തിനുശേഷം വീണ്ടും പ്രധാനമന്ത്രിയായി. പക്ഷേ, കേരളത്തില്‍ ഇതിനിടെ സി.പി.എമ്മും ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിലെ വലിയൊരു വിഭാഗവും അടിയന്തരാവസ്ഥക്കാലത്ത് മുഖ്യമന്ത്രിപദമലങ്കരിച്ച സി.പി.ഐയും കോണ്‍ഗ്രസ് മുന്നണിയില്‍നിന്നിരുന്ന ആര്‍.എസ്.പിയും എല്ലാം ഉള്‍പ്പെട്ട ഇടതുപക്ഷ ജനാധിപത്യമുന്നണി(എല്‍.ഡി.എഫ്) രൂപപ്പെട്ടുകഴിഞ്ഞിരുന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായശേഷം ഇടതുമുന്നണിക്കെതിരെ പ്രചാരണത്തിനെത്തിയിരുന്നെങ്കിലും കേരളചരിത്രത്തിലാദ്യമായി അന്‍പത്തൊന്നു ശതമാനം വോട്ടുനേടി എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തി.

രാഷ്ട്രീയം വീണ്ടും മാറി. എല്‍.ഡി.എഫ് അധികാരത്തില്‍നിന്നും താഴെയിറങ്ങി. ഇക്കാര്യത്തില്‍ ഇന്ദിരാഗാന്ധി വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന ആന്റണി വിഭാഗത്തെ ഉപാധികളില്ലാതെ തിരിച്ചെടുത്ത് കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനുണ്ടായ ഏറ്റവും വലിയ ആഘാതത്തില്‍നിന്നും പാര്‍ട്ടിയെ രക്ഷിച്ചെടുക്കുക എന്ന ദൗത്യമാണ് ഇടതുമുന്നണി ഭരണം തകര്‍ത്തതിലൂടെ ഇന്ദിരാഗാന്ധി ചെയ്തത്. ഇടതുപക്ഷത്തുനിന്നും ആന്റണിയും കേരളകോണ്‍ഗ്രസ് മാണിയും വിട്ടുപോയെങ്കിലും 82-ലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 46 ശതമാനത്തിലധികം വോട്ടുനേടി. ഇതിനിടെ ഞാന്‍ എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി അഖിലേന്ത്യാകമ്മറ്റികളിലും പ്രവര്‍ത്തിച്ചു. സമ്മേളനങ്ങള്‍, പാര്‍ട്ടി ക്ലാസ്സുകള്‍, പാര്‍ട്ടി സ്‌കൂളുകള്‍. സ്‌കൂള്‍ തലം മുതല്‍ സംസ്ഥാനതലം വരെയുള്ള ജാഥകള്‍, പ്രക്ഷോഭങ്ങള്‍, പ്രചാരണ പരിപാടികള്‍... നിത്യേന സംഘര്‍ഷം മുറ്റിനിന്ന കാമ്പസ്‌രാഷ്ട്രീയം. ഈ താളത്തിന്റെയെല്ലാം രാഷ്ട്രീയശ്രുതി അടിസ്ഥാനപരമായി ഒന്നായിരുന്നു- ഇന്ദിരാ രാഷ്ട്രീയത്തോടുള്ളവിരോധം.

എസ്.എഫ്.ഐയുടെ കേന്ദ്ര കമ്മറ്റിയോഗങ്ങള്‍ കൊല്‍ക്കത്തയിലോ അല്ലെങ്കില്‍ ഡല്‍ഹിയിലോ ആണ് ചേരുക. കൊല്‍ക്കത്തയില്‍ യോഗം ചേരുമ്പോള്‍ പാര്‍ട്ടി അംഗങ്ങളുടെ യോഗത്തില്‍ ജ്യോതിബസു പങ്കെടുക്കും. ഡല്‍ഹിയിലാകുമ്പോള്‍ ബസവ പുന്നയ്യയും. 1984-ല്‍ കേന്ദ്രകമ്മറ്റിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ട എന്നോടൊപ്പം ആദ്യമായി കമ്മറ്റിയില്‍ പങ്കെടുക്കാന്‍ വന്ന എ. വിജയരാഘവനുമുണ്ട്. എം.എ. ബേബിയാണ് പ്രസിഡന്റ്. നേപ്പാള്‍ദേബ് ഭട്ടാചാര്യ സെക്രട്ടറിയും. യോഗം നടന്നുകൊണ്ടിരിക്കെ പെട്ടെന്നു കിട്ടിയ ഒരു വിവരവുമായി സീതാറാം യെച്ചൂരി ഓടിയെത്തി. ഓഫീസിന്റെ ചുമതല അന്ന് സീതാറാമിനായിരുന്നു. (ബേബിയുടെയും നേപ്പാളിന്റെയും നിര്‍ദ്ദേശങ്ങളനുസരിച്ച് പ്രമേയങ്ങളെഴുതുകയും ഓഫീസ് പ്രവര്‍ത്തനം ചിട്ടപ്പെടുത്തുകയും ചെയ്തിരുന്ന ഒരാള്‍ മാത്രമായിരുന്നു അന്ന് സീതാറാം യെച്ചൂരിയെന്നു പറഞ്ഞാല്‍ ഇന്ന് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും.) ഇന്ദിരാഗാന്ധിക്ക് വെടിയേറ്റു എന്നാണ് ഞെട്ടിപ്പിക്കുന്ന ആ വിവരം. ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകരാണ് വെടിവച്ചത് എന്ന വാര്‍ത്തയെ ആദ്യം എല്ലാവരും സംശയത്തോടെയാണ് കണ്ടത്. അതും ഇന്ദിരാഗാന്ധിയുടെ ഒരു പൊളിറ്റിക്കല്‍ ട്രിക്കാണോ എന്നു സംശയിക്കാനും ആളുണ്ടായി.

നിമിഷങ്ങള്‍ക്കകം എല്ലാം വ്യക്തമായി. ഔപചാരിക അനുശോചനത്തിനുശേഷം യോഗം നിര്‍ത്തി ഞങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ ഡല്‍ഹി ഒന്നും സംഭവിക്കാത്തതുപോലെ ചലിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ സി.പി.എം ഓഫീസിലെത്തി. ഓഫീസിനു മുന്നിലെ ചുവന്ന കൊടി പകുതി താഴ്ത്തിക്കെട്ടിയിരുന്നു. ഉടനെ പുറത്തിറങ്ങിയ സി.പി.എമ്മിന്റെ കമ്മ്യൂണിക്കേ ഇന്ദിരാവധം സാമ്രാജ്യത്വത്തിന്റെ കുത്തിത്തിരുപ്പാണെന്ന് തുറന്നടിച്ചു. ഇന്ദിരാവിരോധം മാത്രം തലയിലുണ്ടായിരുന്ന ഞങ്ങള്‍ക്ക് ആ പ്രസ്താവന പൂര്‍ത്തീകരിക്കാന്‍ ബുദ്ധിമുട്ടുള്ള രാഷ്ട്രീയ സമസ്യയായി തോന്നി. ഇന്ദിരാവിരോധത്തില്‍ ജനിച്ചു വളര്‍ന്ന ഞങ്ങള്‍ ഇന്ദിരാവധത്തില്‍ ഔപചാരികതയ്ക്കപ്പുറത്ത് അനുശോചിക്കുകയും അതിന്റെ രാഷ്ട്രീയം ഞങ്ങളുടെ തന്നെ രാഷ്ട്രീയമാണെന്ന് തിരിച്ചു മനസ്സിലാക്കുകയും ചെയ്യാന്‍ വളരെ പണിപ്പെട്ടു. ഇ.എം.എസ് അനൗപചാരികമായി ഞങ്ങളോടു സംസാരിച്ചു. ഗാന്ധിവധത്തിനുശേഷം ഇന്ത്യ നേരിടുന്ന ഈ രാഷ്ട്രീയവെല്ലുവിളിയില്‍ ഇടതുപക്ഷത്തിന്റെ പങ്ക് നിര്‍ണ്ണായകമാണെന്ന് അദ്ദേഹം പറഞ്ഞത് ഞാന്‍ ഇന്നുമോര്‍ക്കുന്നു.

വൈകുന്നേരമായപ്പോഴും ഡല്‍ഹി ശാന്തമാണ്. എ.കെ. ബാലന്‍ അന്ന് എം.പിയാണ്. ബാലന്‍ എന്നെയും കൂട്ടി ഇന്ദിരാഗാന്ധിയുടെ മൃതശരീരം സൂക്ഷിച്ചിരുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍സയന്‍സ്സിലേക്കു പോയി. ഒരിടത്തുംവാഹന തടസ്സമുണ്ടായില്ല. പക്ഷേ, ഇതിനകം കേരളം എല്ലാ അര്‍ത്ഥത്തിലും നിശ്ചലമായിക്കഴിഞ്ഞിരുന്നുവെന്ന വിവരം ഞങ്ങള്‍ക്കു കിട്ടിയിരുന്നു. എം.പിയാണെങ്കിലും ആശുപത്രിയില്‍ വച്ച് ബാലന് മൃതശരീരം കാണാന്‍ കഴിഞ്ഞില്ല. പരമാവധിശ്രമിച്ചതിനുശേഷം ഞങ്ങള്‍ പുറത്തിറങ്ങി. സന്ധ്യ മയങ്ങിത്തുടങ്ങി. ഡല്‍ഹിയുടെ നിസ്സംഗതയില്‍ പരിഭവം തോന്നിയ ഞങ്ങള്‍ക്ക് ക്രമേണ ഡല്‍ഹിയുടെ ഭാവപ്പകര്‍ച്ച കാണാനായി. ചെറിയ ആള്‍ക്കൂട്ടങ്ങള്‍ രൂപപ്പെടുന്നു. പലരുടെയും കൈയില്‍ ഹോക്കി സ്റ്റിക്കുകളും കൈയില്‍ കിട്ടിയ വടികളും. ബസ്സില്‍ എയിംസിലേക്കുവന്ന ഞങ്ങള്‍ക്ക് വാഹനമൊന്നും കിട്ടാതെയായി. അതിവേഗം അന്തരീക്ഷത്തില്‍ ഭയം കനത്തു. സ്‌കൂട്ടര്‍ ഓടിച്ചുവന്ന ഒരു സിക്കുകാരനെ ഒരു ചെറുകൂട്ടം തടഞ്ഞു. അയാളെന്തെങ്കിലും പറയുന്നതിനു മുന്‍പ് അടി തുടങ്ങി. സ്‌കൂട്ടര്‍ തീയിട്ടു.ഞങ്ങള്‍ക്കു തൊട്ടടുത്ത് ഒരാള്‍ കൊല്ലപ്പെടുകയാണ്. പരിഭ്രാന്തരായ ഞങ്ങള്‍ മെയിന്‍ റോഡ് ഉപേക്ഷിച്ച് ഇടവഴികളിലൂടെ നടന്നു. അവിടെയും ചെറുസംഘങ്ങള്‍ രൂപപ്പെടുകയാണ്. എങ്ങനെയോ സംഘടിപ്പിച്ച ഒരു കാറില്‍ ഞങ്ങള്‍ ഡല്‍ഹിയുടെ ഹൃദയഭാഗത്തുള്ള എം.പിമാരുടെ ഫ്‌ളാറ്റില്‍ (വി.പി. ഹൗസില്‍) എത്തി. അതിനിടയില്‍ മുന്നില്‍ക്കണ്ട സിക്കുകാരോടെല്ലാം ഞങ്ങള്‍ക്കറിയാവുന്ന ഭാഷയില്‍ അപകടം നടക്കുന്നുണ്ടെന്ന വിവരം പറഞ്ഞു. വി.പി. ഹൗസിനു മുന്നില്‍വച്ച് ഞങ്ങളുടെ അപായസൂചന കിട്ടിയ വൃദ്ധനായ സിക്കുകാരന്റെ മുഖം പരിഭ്രാന്തമായതും അയാളെങ്ങോട്ടോ നടന്നു മറഞ്ഞതും ഞാനിന്നുമോര്‍ക്കുന്നു. ഡല്‍ഹി കത്തിപ്പടര്‍ന്ന് സിക്കുകാരെ കൂട്ടത്തോടെകൊലപ്പെടുത്തി.

ദീപാവലിക്കു ശേഷമുള്ള തണുപ്പ് നേരിയ തോതില്‍ അനുഭവപ്പെടുന്ന കാലം.എല്ലാവരുടെയും മനസ്സില്‍ ഉദ്വേഗത്തില്‍ കുതിര്‍ന്ന ഭയം. എസ്.എഫ്.ഐയുടെ പഞ്ചാബ് സംസ്ഥാന പ്രസിഡന്റിനെ പുറത്തു കാണിക്കാന്‍ വയ്യ. മുടി വെട്ടാന്‍ ഞങ്ങള്‍ പറഞ്ഞെങ്കിലും അയാള്‍ അതു നിരസിച്ചു. കമ്മ്യൂണിസ്റ്റുകാരനാണെങ്കിലും മുടിവെട്ടി താടി വടിച്ച ഒരാളെ അയാളുടെ ഗ്രാമം നിര്‍ദ്ദയം നിരസിക്കുമെന്ന യാഥാര്‍ത്ഥ്യം വിതുമ്പിക്കൊണ്ടയാള്‍ ഞങ്ങളെ ബോദ്ധ്യപ്പെടുത്തി. സിക്ക് മനഃശാസ്ത്രത്തിന്റെ സങ്കീര്‍ണ്ണതകള്‍ ആദ്യമായി എനിക്കു മനസ്സിലായത് അന്നാണ്.ഇന്ദിരാഗാന്ധിയുടെ മരണവാര്‍ത്തയറിഞ്ഞ് വിദേശപര്യടനം അവസാനിപ്പിച്ച് മടങ്ങിയെത്തിയ പ്രസിഡന്റ് സെയില്‍ സിങ്ങിനെയും റീത്ത് സമര്‍പ്പിക്കാനെത്തിയ പൊളിറ്റ് ബ്യൂറോ അംഗം ഹര്‍കിഷന്‍സിങ് സുര്‍ജിത്തിനെയും അവര്‍ സിക്കുകാര്‍ കൂടിയാണെന്ന് ഡല്‍ഹി ഓര്‍മ്മിപ്പിച്ചു. ലോകനേതാക്കളുടെ വരവിനുവേണ്ടി ഇന്ദിരാഗാന്ധിയുടെ മൃതശരീരം സൂക്ഷിക്കുകയായിരുന്നു. കലാപം ശക്തമായതോടെ പട്ടാള ടാങ്കുകള്‍ ഡല്‍ഹിയുടെ തെരുവുകളിലൂടെ പാഞ്ഞുനടന്നു.

പുറത്തിറങ്ങുന്നത് തികച്ചും അപകടകരമായ സന്ദര്‍ഭത്തില്‍ അനാഥരായ സ്ത്രീകള്‍ക്കുവേണ്ടി തുണിയും മറ്റും ശേഖരിക്കാനും പരിമിതമായെങ്കിലും സഹായം ചെയ്യാനും സുശീലാ ഗോപാലന്‍ ഓടിനടന്നത് ഓര്‍മ്മയുണ്ട്. കലാപം അതിന്റെ കേന്ദ്രത്തില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ പലര്‍ക്കും സാധിച്ചിരുന്നില്ല. അവധിയില്‍ നാട്ടില്‍ കഴിഞ്ഞിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് തിരികെ ദേശാഭിമാനി ഓഫീസിലെത്തി. ഡല്‍ഹിയിലെത്തിയ അപ്പുക്കുട്ടനോടൊപ്പം കലാപകേന്ദ്രങ്ങളായ മംഗോള്‍പുരിയും ത്രിലോക്പുരിയും സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. സാധാരണ എളുപ്പം ലഭിക്കുമായിരുന്ന ക്യാമറ, വണ്ടി, അത്യാവശ്യത്തിനുള്ള പണം ഒന്നും കലാപത്തിന്റെ ആ ദിനങ്ങളില്‍ എളുപ്പത്തില്‍ ലഭ്യമായില്ല.

അപ്പുക്കുട്ടനോടൊപ്പം എം.എ. ബേബിയും ഞാനും ഡല്‍ഹിയില്‍ പുതുമുഖമായ എ. വിജയരാഘവനും മനുഷ്യര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ചേരികളിലെത്തി. അറവുശാലയില്‍ മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നപോലെ കൊല്ലപ്പെട്ട മനുഷ്യരുടെ ശവശരീരങ്ങള്‍ അവിടെ കിടക്കുകയായിരുന്നു. ഒരു മൃതദേഹം തെരുവുപട്ടി കടിച്ചുകീറുന്നത് ഞങ്ങള്‍ കണ്ടു. മനംമടുപ്പിക്കുന്നതായിരുന്നു കാഴ്ചകളത്രയും. രാഷ്ട്രീയ നേതാക്കന്മാര്‍ അവിടെ പോകാന്‍ പേടിച്ചിരുന്നു. ഒരു പരിധിവരെ പത്രക്കാരും.

പിറ്റേന്നാണ് ഇന്ദിരാഗാന്ധിയുടെ സംസ്‌കാരം. ഞാനും വിജയരാഘവനും വിലാപയാത്രയ്ക്കു പിന്നില്‍ നടന്നു. വിജനമായ ഡല്‍ഹി. പട്ടാള അകമ്പടിയോടെ ഇന്ദിരാഗാന്ധിയുടെ മൃതദേഹം കടന്നുപോകുമ്പോള്‍ വല്ലാത്തൊരു മ്ലാനതയും നിസ്സംഗതയും ഡല്‍ഹിയെ വിഴുങ്ങിക്കഴിഞ്ഞിരുന്നു. ഞങ്ങള്‍ കിലോമീറ്ററുകള്‍ വിലാപയാത്രയ്‌ക്കൊപ്പം നടന്നു. പട്ടാളവ്യൂഹത്തിന്റെ മാര്‍ച്ചും ദുഃഖഗാനാലാപനത്തിനും എല്ലാം തീര്‍ക്കാനുള്ള വ്യഗ്രതയാണുണ്ടായിരുന്നതെന്ന് തോന്നുന്നു. വിലാപയാത്രയില്‍ പോകുമ്പോഴും ഇന്ദിരാഗാന്ധിയുടെ വിശ്വവിഖ്യാതമായ മൂക്ക് വ്യക്തിത്വത്തിന്റെ ചിഹ്നം പോലെ ഉയര്‍ന്നുകാണാമായിരുന്നു. ഞങ്ങള്‍ രണ്ടുപേരും വിലാപയാത്ര പോയ വഴിയില്‍നിന്നും മാറി ശക്തിസ്ഥലിന്റെ പാര്‍ശ്വവഴികളിലൂടെ നടന്നു. ആരും ഞങ്ങളെ ശ്രദ്ധിക്കാനോ തടയാനോ ഉണ്ടായിരുന്നില്ല. ചിത ഒരുക്കിയിടത്തുനിന്നും വളരെ അകലെയല്ലാത്ത ഒരുസ്ഥലം വരെ ഞങ്ങളെത്തി. ഇന്ദിരാഗാന്ധിയുടെ മൃതശരീരം; ചിതയ്ക്കരികില്‍ ലോകനേതാക്കള്‍ നിരന്നിട്ടുണ്ട്. അവരെയും ചിതയ്ക്ക് തീകൊളുത്തിയ രാജീവ് ഗാന്ധിയെയും കുടുംബാംഗങ്ങളെയും വ്യക്തമായി കാണുന്നിടത്താണ് ഞങ്ങള്‍ നിന്നത്. ഇന്ദിരാഗാന്ധിയെ അഗ്നിനാളങ്ങളേറ്റുവാങ്ങി; അവര്‍ ചരിത്രത്തിന്റെ ഭാഗമായി. ഞങ്ങള്‍ തിരിച്ചു നടന്നു. കുറെ നടന്നപ്പോള്‍ ഒരു സൈക്കിള്‍ റിക്ഷ കിട്ടി. റിക്ഷാക്കാരന്‍ സമയം ചോദിച്ചു. ഞാന്‍ വാച്ച് കാണിച്ചു കൊടുത്തു; അദ്ദേഹം തനിക്ക് വാച്ച് നോക്കാന്‍ അറിയില്ലെന്ന് ആംഗ്യം കാണിച്ചു. അയാള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ സമയം പറയാന്‍ ഞങ്ങള്‍ക്കും അറിയില്ലായിരുന്നു.

ഇന്ദിരാഗാന്ധിയുടെ മരണശേഷം രാജ്യം വീണ്ടും തെരഞ്ഞെടുപ്പിന് ഒരുങ്ങി. ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ രാഷ്ട്രീയത്തിന്റെ സങ്കീര്‍ണ്ണതകളെ നിര്‍ദ്ധാരണം ചെയ്യുന്നതില്‍ വീണ്ടും ബുദ്ധിമുട്ടി. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലൂടെ പ്രതിപക്ഷത്തെ ജയിലിലടച്ച ഇന്ദിരാഗാന്ധി, തെരഞ്ഞെടുപ്പുപോലും മാറ്റിവച്ച് ഏകാധിപത്യത്തിന്റെ തിരനോട്ടം നടത്തിയ ഇന്ദിരാഗാന്ധി, ഇന്ത്യന്‍ ജനാധിപത്യത്താല്‍ തിരസ്‌കരിക്കപ്പെട്ട് വീണ്ടും ജയിച്ചു വന്ന ഇന്ദിരാഗാന്ധി, അവര്‍ കൊല്ലപ്പെട്ടിരിക്കുന്നു. അത് സാമ്രാജ്യത്വത്തിന്റെ ഇടപെടലാണെന്ന് ഇടതുപക്ഷം പ്രഖ്യാപിക്കുന്നു. പക്ഷേ, തെരഞ്ഞെടുപ്പ് മറ്റൊരു പ്രശ്‌നമാണ്. 'ഇന്ദിരാഗാന്ധിയെ രക്ഷിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ ഇന്ത്യയെ രക്ഷിക്കും?' എന്ന സൂത്രവാക്യം ഉരുത്തിരിഞ്ഞു. ഇത് രാഷ്ട്രീയ കീറാമുട്ടിയെ പിളര്‍ക്കാന്‍ പറ്റിയ ആയുധമാണെന്ന് എല്ലാവരും കരുതി. പക്ഷേ, ജനങ്ങള്‍ മറിച്ചാണ് ചിന്തിച്ചത്. കേരളത്തില്‍ പതിനേഴു സീറ്റിലും ഇടതുപക്ഷം തോറ്റു. ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ സുരേഷ് കുറുപ്പിനുവേണ്ടി കോട്ടയത്ത് കേന്ദ്രീകരിച്ചു. തെരഞ്ഞെടുപ്പു സമിതിയെ സഹായിക്കാന്‍ വിദ്യാര്‍ത്ഥികള്‍ പ്രത്യേക സമിതിയുണ്ടാക്കി. അതിന്റെ കണ്‍വീനര്‍ ഞാനായിരുന്നു. തെരുവു നാടകങ്ങള്‍, എക്‌സിബിഷന്‍, കാല്‍നടജാഥകള്‍, ചിത്രം വച്ച പോസ്റ്ററുകള്‍ (ആദ്യമായാണ് സി.പി.എം സ്ഥാനാര്‍ത്ഥികളുടെ ചിത്രം വച്ച് പോസ്റ്റര്‍ അടിച്ചത്), 'കലാകൗമുദി'യില്‍ ഫീച്ചര്‍, ...ഇങ്ങനെ പാരമ്പര്യേതരമായ നിരവധി പ്രവര്‍ത്തനങ്ങള്‍. എല്ലാ പ്രചാരണങ്ങളുടെയും മുഖ്യ ലക്ഷ്യം മരിച്ചതിനുശേഷവും ആഞ്ഞടിച്ച ഇന്ദിരാതരംഗത്തെ പ്രതിരോധിക്കുക എന്നതുതന്നെ. പക്ഷേ, രക്തസാക്ഷിയായ ഇന്ദിരാഗാന്ധിയുടെ പാര്‍ട്ടിയെ ജനങ്ങള്‍ നല്ല ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്തു. ഇന്ത്യ സ്വന്തം കുഞ്ഞിനെപ്പോലെ ഇന്ദിരാഗാന്ധിയെ സ്‌നേഹിച്ചിരുന്നു. ഓമനിച്ചു വളര്‍ത്താനും ശാസിക്കാനും തെറ്റിപ്പോയാല്‍ ശിക്ഷിക്കാനും വീണ്ടും മാറോടണച്ച് സ്‌നേഹിക്കാനും നഷ്ടപ്പെട്ടപ്പോള്‍ വാവിട്ടുകരയാനും തയ്യാറായ ഇന്ത്യയെന്ന അമ്മയുടെ മകളായിരുന്നു ഇന്ദിരാഗാന്ധി.

ഇന്ദിരാഗാന്ധിയുടെ തിരോധാനം ഇന്ത്യന്‍ ഇടതുപക്ഷത്തിന് പ്രത്യേകിച്ച് സി.പി.എമ്മിന് ലക്ഷണമൊത്ത ഒരു ശത്രുവിനെയാണ് നഷ്ടപ്പെടുത്തിയത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായതു മുതല്‍ അടിയന്തരാവസ്ഥക്കാലത്തുപോലും അവരോടൊപ്പം നിന്ന സി.പി.ഐയെ ഇടതുപക്ഷഐക്യത്തിന്റെ പേരില്‍ അടര്‍ത്തിയെടുത്തിട്ട് നാലുവര്‍ഷമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ഈ ഐക്യത്തിനുവേണ്ടി പി.കെ.വി മന്ത്രിസഭ രാജിവച്ചു. എസ്.എ. ഡാങ്കേയും മൊഹിത് സെന്നും സി.പി.ഐ വിട്ടു. ഇന്ദിരാഗാന്ധിയുടെ മരണം, അടിയന്തരാവസ്ഥ- ഏകാധിപത്യവിരുദ്ധ രാഷ്ട്രീയത്തില്‍ വലിയ ശൂന്യത സൃഷ്ടിച്ചു. ഈ ശൂന്യത കൃത്യമായി മനസ്സിലാക്കിയത് ആര്‍.എസ്.എസ്സായിരുന്നു.
മഹാഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ രാജീവ്ഗാന്ധി സര്‍ക്കാരിനെ വെറും രണ്ടംഗങ്ങള്‍ മാത്രമുള്ള ബി.ജെ.പിയെക്കൊണ്ട് നേരിടാന്‍ കഴിയില്ലെന്ന് മറ്റാരെക്കാളും നന്നായി ആര്‍.എസ്.എസ്സിന് അറിയാമായിരുന്നു. ഇന്ദിരാവധത്തിലേക്കു നയിച്ച പഞ്ചാബ് പ്രശ്‌നവും ആസ്സാമിലെ വിഘടനവാദവുമെല്ലാം ബാബ്‌റി മസ്ജിദ് രാഷ്ട്രീയത്തിലേക്ക് വഴിമാറാന്‍ ഇന്ദിരയുടെ മരണശേഷം അധികനാള്‍ വേണ്ടിവന്നില്ലെന്നത് ഓര്‍ക്കുക. ഇടതുപക്ഷവും അതിവേഗം ഏകാധിപത്യവിരോധത്തില്‍നിന്നും വര്‍ഗ്ഗീയ വിരോധത്തിലേക്ക് വഴുതിവീണു.

കേരളത്തില്‍  അഖിലേന്ത്യാ മുസ്‌ലിം ലീഗിനെ എല്‍.ഡി.എഫില്‍നിന്നും ഒഴിവാക്കാനും ശരീഅത്ത് വിവാദത്തിന് തിരികൊളുത്താനും ഇ.എം.എസ് തന്നെ മുന്‍കൈയെടുത്തതും 1984-ലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ്. ഈ രണ്ടു വിവാദങ്ങളും മൃദുഹിന്ദുത്വത്തിന്റെ ഭാവമാര്‍ജ്ജിച്ചതും സി.പി.എമ്മില്‍ ബദല്‍ രേഖയുടെ പേരില്‍ പിളര്‍പ്പുണ്ടായതും ചരിത്രം. ഈ വിവാദങ്ങള്‍ എം.വി.ആറിനെ പാര്‍ട്ടി പുറത്താക്കുന്നതിലേക്ക് നയിച്ചു.തുടര്‍ന്ന് ഞങ്ങള്‍ സി.എം.പിയുടെ തുടക്കക്കാരായി. 1987-ല്‍ തെരഞ്ഞെടുപ്പു തന്ത്രത്തിന്റേ പേരിലും 89 മുതല്‍ രാഷ്ട്രീയനയത്തിന്റെ അടിസ്ഥാനത്തിലും ഞങ്ങള്‍ ഇന്ദിരാ കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷികളായി.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ഇന്ദിരാതരംഗത്തിനെതിരെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളോട് ചേര്‍ന്നുനിന്നാണ് ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തകനായി വളര്‍ന്നത്. അടിയന്തരാവസ്ഥയില്‍ പ്രവര്‍ത്തകനായും പിന്നീട് നേതൃനിരയിലേക്കും കടന്നുവന്നതിനുശേഷം ഇന്ദിരാഗാന്ധിയുടെ അഭാവത്തിലുണ്ടായ രാഷ്ട്രീയച്ചുഴിയില്‍ ഇന്ത്യയിലെ വര്‍ഗ്ഗീയ-ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ വിതാനത്തില്‍ എത്തിനില്‍ക്കുകയാണിപ്പോള്‍. ഇന്ദിരാഗാന്ധിയുടെ സാന്നിദ്ധ്യവും അഭാവവും എന്റെ തലമുറയെ പിടിച്ചുലച്ച അംശങ്ങളാണ്.തന്റെ സാന്നിദ്ധ്യത്തിലും അഭാവത്തിലും ഒരുപോലെ ഇന്ത്യയെ സ്വാധീനിച്ച വ്യക്തിവിശേഷമാണ് ഇന്ദിരാഗാന്ധി.
 

(2009 ഒക്ടോബര്‍ ലക്കം സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചത്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com