ഹാദിയയ്ക്കു വേണ്ടി മാര്‍ച്ച് നടത്തിയവര്‍ ഈ അറബ് രാജ്യത്തെ നിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാത്തതെന്ത്?

ഹാദിയയ്ക്കു വേണ്ടി മാര്‍ച്ച് നടത്തിയവര്‍ ഈ അറബ് രാജ്യത്തെ നിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാത്തതെന്ത്?

മുസ്ലിം സ്ത്രീകള്‍ അപര സമുദായാംഗങ്ങളെ വിവാഹം ചെയ്താല്‍ മുസ്ലിം ജനസംഖ്യയില്‍ ഇടിവാണ് സംഭവിക്കുക

ഇന്ത്യയില്‍ മുസ്ലിം പുരുഷന്മാര്‍ക്ക് അപരസമുദായങ്ങളില്‍പ്പെട്ട സ്ത്രീകളെ കല്യാണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി അത്യുത്സാഹപൂര്‍വ്വം കൊടിപിടിക്കുന്നവര്‍ ഇന്നാട്ടിലെ മുസ്ലിം സ്ത്രീകള്‍ക്ക് അപരസമുദായാംഗങ്ങളായ പുരുഷന്മാരെ ജീവിതപങ്കാളികളായി സ്വീകരിക്കാനുള്ള സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടിക്കൂടി അതേ ഉത്സാഹത്തില്‍ കൊടി പിടിക്കേണ്ടതില്ലേ?- ഹമീദ് ചേന്ദമംഗലൂര്‍ ചോദിക്കുന്നു
 


റബ് വസന്തം എന്നു ചിലരും മുല്ലപ്പൂ വിപ്ലവം എന്നു വേറെ ചിലരും വിശേഷിപ്പിച്ച സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് 2011-ല്‍ തുടക്കം കുറിക്കപ്പെട്ടത് ടുണീഷ്യയിലായിരുന്നു. സൈനുല്‍ ആബിദിന്‍ ബിന്‍ അലി എന്ന ടുണീഷ്യന്‍ സ്വേച്ഛാധിപതി അതേ വര്‍ഷം അധികാരഭ്രഷ്ടനായി. തുടര്‍ന്നു 2014 വരെ അവിടെ വാഴ്ചയിലിരുന്നത് ഇസ്ലാമിസ്റ്റുകളായിരുന്നു. ആ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇസ്ലാമിസ്റ്റുകള്‍ പുറന്തള്ളപ്പെടുകയും ബെയ്ജി അല്‍ സെബ്‌സിയുടെ നിദാ ടൂണിസ് പാര്‍ട്ടി അധികാരത്തിലേറുകയും ചെയ്തു. മതഭരണല്ല, മതേതര ഭരണമാണ് അഭികാമ്യം എന്ന് ടുണീഷ്യന്‍ ജനത ഉറപ്പിച്ചതിന്റെ ഫലശ്രുതിയായിരുന്നു നിദാ ടൂണിസ് പാര്‍ട്ടിയുടെ വിജയം.

മറ്റു പല അറബ് രാഷ്ട്രങ്ങളില്‍നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന സാമൂഹിക-രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടാവുന്ന രാജ്യമാണ് ടുണീഷ്യ. അമേരിക്കയില്‍ അടിമത്തം നിരോധിക്കപ്പെടുന്നതിനു മുന്‍പ് 1846-ല്‍ അവിടെ അടിമത്തം നിരോധിക്കപ്പെട്ടു. 1956-ല്‍ ഹബീബ് ബുര്‍ഗിലെ പ്രസിഡന്റായിരുന്ന കാലത്ത് ലിംഗസമത്വത്തില്‍ ഊന്നുന്ന കുടുംബനിയമങ്ങള്‍ നടപ്പാക്കപ്പെട്ട രാഷ്ട്രം കൂടിയാണ് ടുണീഷ്യ. ബഹുഭാര്യത്വം നിരോധിക്കുകയും വിവാഹമോചനം കോടതി മുഖേന വേണമെന്നു നിഷ്‌ക്കര്‍ഷിക്കുകയും ചെയ്യുന്ന നിയമങ്ങള്‍ അക്കാലത്ത് അവിടെ നിലവില്‍ വന്നു.

ഇതോട് ചേര്‍ത്തു പറയേണ്ടതാണ് കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി ടുണീഷ്യ പിന്തുടരുന്ന വിദ്യാഭ്യാസ സമ്പ്രദായം. മതാത്മക വിദ്യാഭ്യാസത്തിനല്ല, മതേതര വിദ്യാഭ്യാസത്തിനാണ് ആ രാജ്യം ബുര്‍ഗിബയുടെ കാലം തൊട്ടേ പ്രാമുഖ്യം നല്‍കിയത്. രാജ്യത്തെ പൊതുവിദ്യാഭ്യാസം തികച്ചും സെക്യുലറാണ്. ആണ്‍-പെണ്‍ വ്യത്യാസമെന്യേ പതിനാറ് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പ്രസ്തുത വിദ്യാഭ്യാസം നിര്‍ബ്ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ത്തന്നെ കൂടുതല്‍ ഉദ്ബുദ്ധമായ ഒരു മധ്യവര്‍ഗ്ഗം അവിടെ വികസിച്ചുവന്നിട്ടുണ്ടെന്നത് വസ്തുതയാണ്. ഇസ്ലാമിസ്റ്റ് പാര്‍ട്ടിയായ അല്‍നഹ്ദക്ക് 2014-ലെ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കിയത് ഈ വിഭാഗമാണെന്നു സാമാന്യമായി പറയാം.
ഇപ്പോള്‍ ഏറ്റവും ഒടുവില്‍ ടുണീഷ്യ, മറ്റൊരു മുസ്ലിം ഭൂരിപക്ഷ രാഷ്ട്രത്തിനും അവകാശപ്പെടാനാവാത്ത ഒരു സാമൂഹിക പരിഷ്‌ക്കരണം കൂടി നിയമദ്വാരാ നടപ്പാക്കിയിരിക്കുന്നു. ആണ്‍കോയ്മാ മൂല്യങ്ങള്‍ക്കെതിരെ പെണ്ണവകാശം ഉറപ്പാക്കുന്ന ഒരു നിയമം രണ്ടുമാസം മുന്‍പ് (2017 സെപ്റ്റംബറില്‍) ആ രാജ്യത്ത് നിലവില്‍ വരികയുണ്ടായി. മുസ്ലിം സ്ത്രീകള്‍ക്ക് അന്യമതങ്ങളില്‍പ്പെട്ട പുരുഷന്മാരെ വിവാഹം കഴിക്കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ നിയമം.

പതിന്നാല് നൂറ്റാണ്ട് പഴക്കമുള്ള ഇസ്ലാം മതം പിന്തുടരുന്ന രാഷ്ട്രങ്ങളും ഭരണകൂടങ്ങളും ഇന്നേവരെ ആലോചിക്കുകപോലും ചെയ്തിട്ടില്ലാത്ത ഒരു പരിഷ്‌ക്കരണമാണ് അല്‍ സെബ്‌സിയുടെ നേതൃത്വത്തില്‍ ടുണീഷ്യന്‍ പാര്‍ലമെന്റ് കൊണ്ടുവന്നിരിക്കുന്നത്. ഇസ്ലാമിന്റെ പ്രാരംഭദശയില്‍ 'വേദം നല്‍കപ്പെട്ട സമുദായ'ങ്ങളില്‍പ്പെടുന്ന സ്ത്രീകളെ വിവാഹം കഴിക്കാന്‍ മുസ്ലിം പുരുഷന്മാര്‍ക്ക് അനുമതി നല്‍കപ്പെട്ടിരുന്നു. അത്തരം വിവാഹങ്ങളില്‍ ജനിക്കുന്ന കുട്ടികളെ മുസ്ലിങ്ങളായി വളര്‍ത്തണം എന്ന വ്യവസ്ഥയ്ക്ക് വിധേയമായിട്ടായിരുന്നു ആ മിശ്രവിവാഹ ഇളവ്.

വേദം നല്‍കപ്പെട്ട സമുദായങ്ങള്‍ (വേദക്കാര്‍) എന്നതു കൊണ്ട് അര്‍ത്ഥമാക്കിയിരുന്നത് ജൂത-ക്രൈസ്തവ സമുദായങ്ങള്‍ എന്നാണ്. ജൂത സമുദായത്തിലും ക്രൈസ്തവ സമുദായത്തിലുമുള്ള സ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കാനുള്ള അനുവാദമാണ് ഏഴാം നൂറ്റാണ്ടില്‍ മുസ്ലിം പുരുഷന്മാര്‍ക്ക് നല്‍കപ്പെട്ടത്. മുസ്ലിങ്ങള്‍ വളരെ ചെറിയ ന്യൂനപക്ഷമായിരുന്ന അറേബ്യയില്‍ അവരുടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യമാണ് ഈ പുരുഷാനുകൂല മിശ്രവിവാഹ അനുമതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.

പില്‍ക്കാലത്ത് ഇത്തരം വിവാഹങ്ങള്‍ ഏറിവന്നപ്പോള്‍ ഇസ്ലാമിക പൗരോഹിത്യം അതിനു വിലക്കേര്‍പ്പെടുത്തുകയുണ്ടായി. അതേ സമയം, ഇസ്ലാമിന്റെ ആദ്യനാളുകളില്‍ വേദക്കാരായ അമുസ്ലിം സ്ത്രീകളെ ഭാര്യമാരാക്കാന്‍ മുസ്ലിം പുരുഷന്മാര്‍ക്ക് ഇസ്ലാം നല്‍കിയ അനുമതി ജൂത-ക്രൈസ്തവ സമുദായങ്ങളില്‍ ഒതുക്കേണ്ടതില്ലെന്നു ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ ചില മുസ്ലിം ലിബറല്‍ ബുദ്ധിജീവികള്‍ ചൂണ്ടിക്കാണിച്ചിരുന്നു എന്നത് സ്മരണീയമാണ്. അവര്‍ വാദിച്ചത് വേദം നല്‍കപ്പെട്ട സമുദായങ്ങളില്‍ ജൂതരും ക്രൈസ്തവരും മാത്രമല്ല, ഹിന്ദു സമുദായമടക്കമുള്ള മറ്റു സമുദായങ്ങളും ഉള്‍പ്പെടുമെന്നായിരുന്നു. അതിനാല്‍, ഹിന്ദു സമുദായം ഉള്‍പ്പെടെയുള്ള അമുസ്ലിം സമുദായങ്ങളില്‍പ്പെടുന്ന സ്ത്രീകളെക്കൂടി ഭാര്യമായി സ്വീകരിക്കാന്‍ മുസ്ലിം പുരുഷന്മാര്‍ക്ക് അനുമതിയുണ്ടെന്നായിരുന്നു അവരുടെ സമര്‍ത്ഥനം. ആ വാദം ഉന്നയിച്ച ലിബറലുകളും ആണ്‍കോയ്മാ പക്ഷത്ത് തന്നെയാണ് നിന്നത്. പുരുഷന്മാര്‍ക്കെന്നപോലെ മുസ്ലിം സ്ത്രീകള്‍ക്കും അപര സമുദായങ്ങളില്‍പ്പെട്ടവരെ വേള്‍ക്കാന്‍ സ്വാതന്ത്ര്യമുണ്ടാകണമെന്ന ചിന്തയിലേയ്ക്ക് അവര്‍ ഉയര്‍ന്നില്ല.
മുകളില്‍ സൂചിപ്പിച്ച മുസ്ലിം ലിബറല്‍ ബുദ്ധിജീവികള്‍ പോലും ആവശ്യപ്പെട്ടിട്ടില്ലാത്തതും ലിംഗസമത്വപരവുമായ പരിഷ്‌ക്കരണമത്രേ ഇപ്പോള്‍ ടുണീഷ്യന്‍ ഭരണകൂടം നടപ്പാക്കിയിരിക്കുന്നത്. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്ന വിഷയത്തില്‍ ആണിനും പെണ്ണിനും മത വിലക്കുകളില്ലാത്ത സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം മുല്ലപ്പൂ വിപ്ലവത്തിന്റെ കാഹളം ആദ്യം മുഴങ്ങിയ നാട്ടില്‍ ഉറപ്പാക്കപ്പെട്ടിരിക്കുന്നു.

പുരുഷാധിപത്യ മൂല്യങ്ങളാല്‍ നിയന്ത്രിക്കപ്പെട്ടുപോരുന്ന ഇസ്ലാമിക പാരമ്പര്യങ്ങളെ അതിരൂക്ഷമായി വെല്ലുവിളിക്കുന്ന ഈ നിയമ പരിഷ്‌ക്കാരം നമ്മുടെ മുസ്ലിം മതസംഘടനകള്‍ ഒന്നുപോലും ശ്രദ്ധിച്ചതായി തോന്നുന്നില്ല. അഥവാ വല്ല സംഘടനകളും ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍ത്തന്നെ ആ പരിഷ്‌ക്കാരത്തിന്റെ പുരോഗമനപരമായ ഉള്ളടക്കം സ്വാഗതം ചെയ്യാന്‍ അവയൊന്നും മുന്നോട്ടുവന്നതായി കാണുന്നില്ല. ഇസ്ലാമേതര മതങ്ങളില്‍നിന്നു ഇസ്ലാമിലേയ്ക്കുള്ള മതപരിവര്‍ത്തനത്തേയും അപരസമുദായങ്ങളില്‍നിന്നു വരുന്ന സ്ത്രീകളെ മുസ്ലിം പുരുഷന്മാര്‍ വിവാഹം കഴിക്കുന്നതില്‍ കാണിക്കുന്ന താല്‍പ്പര്യത്തേയും മനസ്സറിഞ്ഞു സ്വാഗതം ചെയ്യുന്ന സംഘടനകളെല്ലാം ടുണീഷ്യയിലെ ലിംഗസമത്വാധിഷ്ഠിത നിയമഭേദഗതി കണ്ടില്ലെന്നു നടിക്കുന്നു.

സമീപകാലത്ത് അപരമതങ്ങളില്‍നിന്നു ഇസ്ലാമിലേയ്ക്ക് മാറുകയും മുസ്ലിം പുരുഷന്മാരെ വേള്‍ക്കുകയും ചെയ്ത അഖില (ഹാദിയ) ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ വൈവാഹിക സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും വേണ്ടി പല മുസ്ലിം സംഘടനകളും രംഗത്ത് വരികയുണ്ടായി. അക്കൂട്ടത്തില്‍ മതസംഘടനകളും രാഷ്ട്രീയ കക്ഷികളും സാംസ്‌കാരിക കൂട്ടായ്മകളുമെല്ലാം ഉള്‍പ്പെടും. അവയില്‍ ചിലത് ഹാദിയ കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ പ്രതിഷേധിച്ച് കോടതിപരിസരത്തേയ്ക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നതടക്കമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഹാദിയയ്ക്കും ഭര്‍ത്താവിനും വേണ്ടി കേസ് നടത്താന്‍ ഭീമമായ തുക സംഭാവനയിനത്തില്‍ ചില സംഘടനകള്‍ സമാഹരിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അമുസ്ലിം സ്ത്രീകള്‍ മതം മാറി മുസ്ലിം പുരുഷന്മാരെ വിവാഹം കഴിക്കുന്നതിനു സാധ്യമായ സഹായസഹകരണങ്ങളത്രയും അകമഴിഞ്ഞു നല്‍കുന്ന മേല്‍സൂചിപ്പിച്ച സംഘടനകള്‍ ടുണീഷ്യയില്‍ നിലവില്‍ വന്ന ഉപര്യുക്ത നിയമ പരിഷ്‌ക്കാരത്തിലെ പുരോഗമനാത്മകതയും മാനവികതയും മനുഷ്യാവകാശപരതയും എന്തുകൊണ്ട് ഗൗനിക്കുന്നില്ല? ഇന്ത്യയില്‍ മുസ്ലിം പുരുഷന്മാര്‍ക്ക് അപരസമുദായങ്ങളില്‍പ്പെട്ട സ്ത്രീകളെ കല്യാണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി അത്യുത്സാഹപൂര്‍വ്വം കൊടിപിടിക്കുന്നവര്‍ ഇന്നാട്ടിലെ മുസ്ലിം സ്ത്രീകള്‍ക്ക് അപരസമുദായാംഗങ്ങളായ പുരുഷന്മാരെ ജീവിതപങ്കാളികളായി സ്വീകരിക്കാനുള്ള സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടിക്കൂടി അതേ ഉത്സാഹത്തില്‍ കൊടി പിടിക്കേണ്ടതില്ലേ?

അത്ര വിശാലമനസ്‌കത പോപ്പുലര്‍ ഫ്രണ്ടിന്റേയോ ജമാഅത്തെ ഇസ്ലാമിയുടേയോ സമാന സംഘടനകളുടേയോ നേതൃത്വം പ്രദര്‍ശിപ്പിക്കുമെന്നു പ്രതീക്ഷിക്കാവതല്ല. കാരണം, അവര്‍ ഭരിക്കപ്പെടുന്നത് ജനസംഖ്യയുടെ രാഷ്ട്രീയത്താലാണ്. നാട്ടില്‍ മുസ്ലിം ജനസംഖ്യ വര്‍ദ്ധിക്കുന്നതിനു സഹായകമാണ് അന്യസമുദായങ്ങളില്‍പ്പെട്ട സ്ത്രീകളെ മുസ്ലിം പുരുഷന്മാര്‍ വേള്‍ക്കുകയും അത്തരം ദാമ്പത്യങ്ങളില്‍ പിറക്കുന്ന കുട്ടികള്‍ മുസ്ലിം ജനസംഖ്യയുടെ ഭാഗമായിത്തീരുകയും ചെയ്യുന്നത്. മറിച്ച്, മുസ്ലിം സ്ത്രീകള്‍ അപര സമുദായാംഗങ്ങളെ വിവാഹം ചെയ്താല്‍ മുസ്ലിം ജനസംഖ്യയില്‍ ഇടിവാണ് സംഭവിക്കുക. അതിനാല്‍ത്തന്നെ സ്വസമുദായത്തിലെ സ്ത്രീകള്‍ക്ക് പരസമുദായങ്ങളിലെ പുരുഷന്മാരെ വേള്‍ക്കാന്‍ സഹായകമായ യാതൊരു നിയമപരിഷ്‌ക്കാരത്തിനും അവര്‍ തയ്യാറാവില്ല. അമ്മട്ടില്‍ നിയമഭേദഗതി കൊണ്ടുവന്ന അല്‍ സെബ്‌സിയുടെ ടുണീഷ്യന്‍ ഭരണകൂടത്തെ അവര്‍ അകമേ അതികഠിനമായി ശപിക്കുന്നുണ്ടാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com