ആരാണ് നവോത്ഥാന മൂല്യങ്ങളുടെ ആരാച്ചാര്‍?

പഴയ മൂല്യബോധത്തില്‍നിന്നു പുതിയ മൂല്യബോധത്തിലേക്കുള്ള പരിവര്‍ത്തനമാണ് നവോത്ഥാനം എന്നു സാമാന്യമായി പറയാം.
ആരാണ് നവോത്ഥാന മൂല്യങ്ങളുടെ ആരാച്ചാര്‍?

ഴയ മൂല്യബോധത്തില്‍നിന്നു പുതിയ മൂല്യബോധത്തിലേക്കുള്ള പരിവര്‍ത്തനമാണ് നവോത്ഥാനം എന്നു സാമാന്യമായി പറയാം. സാമൂഹിക ജീവിതത്തിന്റെ വ്യത്യസ്ത അടരുകളില്‍ അള്ളിപ്പിടിച്ചുനില്‍ക്കുന്ന സങ്കുചിതത്വങ്ങളോടുള്ള കലഹത്തില്‍നിന്നാണ് ആ പരിവര്‍ത്തനം ആരംഭിക്കുന്നതും വികസിക്കുന്നതും. 14 തൊട്ട് 17 വരെയുള്ള നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ സംഭവിച്ച നവോത്ഥാനം കലയുടേയും സാഹിത്യത്തിന്റേയും മേഖലയില്‍ തുടങ്ങി മതവും സംസ്‌കാരവും രാഷ്ട്രീയവുമടക്കമുള്ള ഇതര മേഖലകളിലേക്ക് പടര്‍ന്നു. മധ്യകാലഘട്ടത്തിനും ആധുനിക കാലഘട്ടത്തിനുമിടക്കുള്ള അന്തരാളഘട്ടമായിരുന്നു  ഇറ്റലിയില്‍ ഡാന്റെയുടെ ഭാഷാസാഹിത്യ വിപ്ലവത്തോടേയും ഡാവിഞ്ചിയുടേയും മൈക്കലാഞ്ചലോയുടെയും കലാവിപ്ലവത്തോടെയും സമാരംഭിച്ച യൂറോപ്യന്‍ നവോത്ഥാനം.

മധ്യകാല മൂല്യങ്ങളില്‍നിന്നു ആധുനിക മൂല്യങ്ങളിലേക്കുള്ള പാലം എന്ന നിലയില്‍ത്തന്നെയാണ് ഇന്ത്യയിലും നവോത്ഥാന മുന്നേറ്റങ്ങളുണ്ടായത്. ഭാഷാസാഹിത്യാദികളുടെ മേഖലയിലുള്‍പ്പെടെ പല സാമൂഹിക തുറകളിലും ജനകീയ സംസ്‌കാരത്തിന് ഊന്നല്‍ നല്‍കിയ ഭക്തിപ്രസ്ഥാനം ഭാരതീയ നവോത്ഥാനത്തിന്റെ ഭാഗമായി എണ്ണപ്പെടേണ്ടതാണ്. സംസ്‌കൃത ഭാഷാ സാഹിത്യത്തിനു പകരം ജനകീയ ഭാഷാസാഹിത്യത്തിന്റെ  പ്രചാരവും ഭിന്ന സംസ്‌കാരങ്ങള്‍ തമ്മില്‍ ഗാഢമായ ഇടപഴകലുകളും ഭക്തിപ്രസ്ഥാന ശതകങ്ങളില്‍ രാജ്യത്ത് നടക്കുകയുണ്ടായി. അതിന്റെ തുടര്‍ച്ചയായിത്തന്നെ വേണം 19-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ബംഗാളില്‍ തുടക്കം കുറിച്ചതും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലേക്ക് സംക്രമിച്ചതുമായ നവോത്ഥാന പ്രക്രിയയെ കാണാന്‍.

'ആദ്യത്തെ ഇന്ത്യന്‍ ലിബറല്‍' എന്നു ബ്രിട്ടീഷ് ചരിത്രപണ്ഡിതന്‍ ക്രിസ്റ്റഫര്‍ ബെയ്ലി വിശേഷിപ്പിച്ച, ബംഗാളുകാരനായ റാംമോഹന്‍ റോയിയാണ് ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത്. ബ്രഹ്മണ കുടുംബത്തില്‍ ജനിച്ച റോയിക്ക് 'രാജ' എന്ന പട്ടം മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ രണ്ടാമന്‍ നല്‍കിയതോടെ അദ്ദേഹം രാജാറാം മോഹന്‍ റോയിയായി അറിയപ്പെട്ടു. വിധവാദഹനാചാരമായ സതിക്കും ശിശുവിവാഹത്തിനും സ്വത്തവകാശത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള വിവേചനത്തിനുമെതിരെ ഇടറാത്ത കാല്‍വെപ്പോടെ രംഗത്തിറങ്ങിയ പരിഷ്‌കര്‍ത്താവാണ് റോയി. ദ്വാരകനാഥ ടാഗോറും ദേവേന്ദ്രനാഥ ടാഗോറും ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറും കേശബ് ചന്ദ്രസെന്നും ഉള്‍പ്പെടെ മറ്റു പലരും റോയിയുടെ പിന്‍ഗാമികളായി ബംഗാളില്‍ നവോത്ഥാനരംഗത്ത്  പ്രവര്‍ത്തിച്ചു.

മേല്‍ച്ചൊന്നവരെല്ലാം മേല്‍ജാതിക്കാരായ പരിഷ്‌കര്‍ത്താക്കളായിരുന്നു. കീഴ്ജാതിക്കാരിയില്‍നിന്നു  ഉയര്‍ന്നുവന്ന പ്രഥമ നവോത്ഥാന നായകന്‍ മഹാരാഷ്ട്രക്കാരനായ ജ്യോതിറാവു ഫുലെയാണ്. സവര്‍ണ്ണ മേധാവിത്വത്തിനെതിരെ ആഞ്ഞടിച്ച ഫുലെയെപ്പോലെ തമിഴകത്ത് ഇ.വി രാമസ്വാമി നായ്കരും ബ്രാഹ്മണ മേധാവിത്വത്തെ വെല്ലുവിളിച്ച് രംഗത്ത് വരുകയുണ്ടായി. ഗുജറാത്തില്‍ സ്വാമിനാരായണനും ഒറീസയില്‍ മഹിമാ ഗോസായിയും സാമൂഹിക പരിഷ്‌കരണരംഗത്ത് ശക്തമായ ചലനങ്ങള്‍ സൃഷ്ടിച്ചവരാണ്.

കേരളത്തില്‍ 19-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ശ്രീനാരായണഗുരുവിലൂടെ പിറവിയെടുത്ത നവോത്ഥാന വിചാരങ്ങള്‍ അയ്യന്‍കാളിയും പണ്ഡിറ്റ് കറുപ്പനും സഹോദരന്‍ അയ്യപ്പനും ചട്ടമ്പിസ്വാമികളും ടി.കെ. മാധവനും സി. കേശവനും ബ്രഹ്മാനന്ദ ശിവയോഗിയും വാഗ്ഭടാനന്ദനും വക്കം മൗലവിയും മക്തി തങ്ങളും പാലക്കുന്നത്ത് അബ്രഹാം മല്‍പ്പാനും പൊയ്കയില്‍ യോഹന്നാനും ഉള്‍പ്പെടെ പലരിലൂടെ പലമട്ടില്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്തി. പഴയ മൂല്യബോധത്തെ കുറഞ്ഞോ കൂടിയോ ഉള്ള അളവില്‍ വെല്ലുവിളിച്ചുകൊണ്ടാണ് അവരെല്ലാം കടന്നുപോയത്. മതം സൃഷ്ടിക്കുന്ന മതില്‍ക്കെട്ടുകളും ജാതികൃത അനീതികളും യുക്തിനിഷേധപരമായ മൂഢവിശ്വാസങ്ങളും തകര്‍ത്ത് സമൂഹത്തെ കൂടുതല്‍ മാനവികമാക്കാന്‍ ശ്രമിക്കുകയായിരുന്നു ഇപ്പറഞ്ഞവരെല്ലാം.

മുകളില്‍ പരാമര്‍ശിച്ച നവോത്ഥാന പഥികരിലൂടെ കേരളം കൈവരിച്ച മാനവിക, ജാതിവിരുദ്ധ, യുക്തിചിന്താധിഷ്ഠിത മൂല്യങ്ങള്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്നു എന്ന് ഇപ്പോള്‍ പലരും വിലപിക്കുന്നു. ഇടതുപക്ഷ രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളിലുള്ളവരാണ് അവരില്‍ വലിയ വിഭാഗം. സംശയമില്ല, സംസ്ഥാനത്ത് നവോത്ഥാന മൂല്യങ്ങള്‍ അടിക്കടി ദുര്‍ബ്ബലപ്പെടുക തന്നെയാണ്. പക്ഷേ, അതിന് ആരാണ് ഉത്തരവാദികള്‍? ഒന്നര നൂറ്റാണ്ടോളം മുന്‍പ് ആരംഭിച്ചതും 20-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ബലപ്പെട്ടതുമായ നവമൂല്യബോധത്തിന്റെ ആരാച്ചാര്‍മാര്‍ ആരൊക്കെയാണ്? പത്തൊന്‍പതാം ശതകത്തിന്റെ അന്ത്യത്തില്‍ സ്വാമി വിവേകാനന്ദന്‍ കണ്ട ഭ്രാന്താലയ സമാനമായ അവസ്ഥയിലേക്ക് കേരളം തിരിച്ചു നടക്കുന്നുവെങ്കില്‍ ആ ദുരന്തത്തിന് ആരുടെ കര്‍മ്മങ്ങളാണ് ഹേതുവായത്?

അകത്തളത്തിലേക്ക് കണ്ണയക്കാതെ പുറംഭാഗം മാത്രം നോക്കി കാര്യങ്ങള്‍ വിലയിരുത്തുന്നവര്‍ക്ക് എല്ലാ കുഴപ്പങ്ങള്‍ക്കും പിന്നില്‍ ജാതിമത വര്‍ഗ്ഗീയ ശക്തികളാണെന്നു പറഞ്ഞ് ഒഴിയാന്‍ സാധിക്കും. അത് പക്ഷേ, ഭാഗികമായ സത്യം മാത്രമാണ്. നവോത്ഥാന സാരഥികളും പ്രസ്ഥാനങ്ങളും ഉഴുതുമറിച്ച മലയാള മണ്ണില്‍ വര്‍ഗ്ഗീയ, മതമൗലിക ശക്തികള്‍ക്ക് നവോത്ഥാന വിരുദ്ധതയുടെ ആകാശവും ഭൂമിയും പണിയാന്‍ എങ്ങനെ സാധിച്ചു എന്നുകൂടി ആലോചിക്കേണ്ടതല്ലേ? ശ്രീനാരായണനും അയ്യന്‍കാളിയും അയ്യപ്പനും വക്കം മൗലവിയും യോഹന്നാനുമെല്ലാം ചേര്‍ന്നു സൃഷ്ടിച്ചെടുത്ത മതനിരപേക്ഷ, ജാതിവിരുദ്ധ, പെണ്‍പക്ഷാനുകൂല മാനവികാന്തരീക്ഷത്തെ കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങള്‍ക്കിടയില്‍ മതാന്ധവും ജാതിദുര്‍വാശി നിര്‍ഭരവും ലിംഗസമത്വ നിഷേധപരവുമായി രൂപാന്തരപ്പെടുത്താന്‍ നവോത്ഥാന വിരുദ്ധസംഘങ്ങള്‍ക്ക് സാധിച്ചതിനു പിന്നില്‍ വ്യക്തമായ ചില രാഷ്ട്രീയ കാരണങ്ങളുണ്ട്. മതേതര പാര്‍ട്ടികളെ ആപാദചൂഢം ഗ്രസിച്ച പാര്‍ലമെന്ററി വ്യാമോഹങ്ങളും തത്ഫലമായി ഉരുത്തിരിഞ്ഞു വന്ന ആദര്‍ശദീക്ഷാരഹിതമായ മുന്നണി രാഷ്ട്രീയവുമാണവ.

നവോത്ഥാന കേരളത്തിന്റെ മുതുകില്‍ ആദ്യമേറ്റ ചവിട്ട് 1959-ലെ കുപ്രസിദ്ധ വിമോചന സമരമായിരുന്നു. കമ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ്സ് ജാതിമതശക്തികളെ കൂട്ടുപിടിച്ചു നടത്തിയ ആ സമരാഭാസം പില്‍ക്കാലത്ത് സംസ്ഥാനത്തെ നയിച്ചത് മതജാതി വര്‍ഗ്ഗീയ സ്വരൂപങ്ങള്‍ക്ക് മാന്യതയും സമ്മതിയും നേടിക്കൊടുക്കുന്ന മുന്നണി രാഷ്ട്രീയത്തിലേക്കാണ് മതനിരപേക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്സിന്റേയും സി.പി.ഐ.എമ്മിന്റേയും ചിറകുകള്‍ക്ക് കീഴില്‍ രണ്ടു മുന്നണികള്‍ നിലവില്‍ വന്നു. ഇരുമുന്നണികളും അവകാശപ്പെട്ടത് തങ്ങള്‍ മതനിരപേക്ഷ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു എന്നാണെങ്കിലും പ്രയോഗതലത്തില്‍ ഐക്യജനാധിപത്യ മുന്നണിയും ഇടതു ജനാധിപത്യ മുന്നണിയും മതനിരപേക്ഷതയുടെ മുഖാവരണമിട്ട വര്‍ഗ്ഗീയ മുന്നണികള്‍ തന്നെയായിരുന്നു.

അറുപതുകള്‍ തൊട്ട് സംസ്ഥാനത്ത് കോണ്‍ഗ്രസ്സ് മുന്നണിയും സി.പി.ഐ.എം. മുന്നണിയും അധികാരത്തിലേറിയത് ന്യൂനപക്ഷ വര്‍ഗ്ഗീയതയേയും ഹൈന്ദവ ജാതീയതയേയും തരാതരം കൂട്ടുപിടിച്ചാണ്. ആദര്‍ശങ്ങളും ആശയങ്ങളുമെല്ലാം അധികാരത്തിന്റെ ചക്കരക്കുടത്തിനു മുന്‍പില്‍ അടിയറവെക്കപ്പെട്ടു. ചെങ്കോലും കിരീടവുമണിയാന്‍ ഏത് വര്‍ഗ്ഗീയ, ജാതീയ ചെകുത്താന്മാരേയും ഒപ്പം കൂട്ടാം എന്നതായി ഏറ്റവും മഹത്തായ രാഷ്ട്രീയ തത്ത്വം. മുഖ്യധാരാ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും ആ തത്ത്വം മുറുകെപിടിക്കുന്നതിലുള്ള മത്സരത്തിലാണ്, അല്ലാതെ മതനിരപേക്ഷ തത്ത്വം പ്രാവര്‍ത്തികമാക്കാനുള്ള മത്സരത്തിലല്ല ഏര്‍പ്പെട്ടുപോന്നത്. സിംഹാസനമേറാനുള്ള അത്യാര്‍ത്തിയില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസ്സും നവോത്ഥാന മൂല്യങ്ങള്‍ക്ക് അവധി കൊടുക്കുകയും വര്‍ഗ്ഗീയ, ജാതീയ, മതമൗലിക സംഘങ്ങള്‍ മാറോട് ചേര്‍ക്കുന്ന പുനരുത്ഥാന മൂല്യങ്ങളുടെ കാവല്‍ഭടന്മാരായി മാറുകയും ചെയ്തു.
ആറു ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് ആധുനികാര്‍ത്ഥത്തില്‍ നവോത്ഥാനം. മാനവികത, ജനാധിപത്യം, മതനിരപേക്ഷത, ലിംഗസമത്വം, യുക്തിവാദം, ശാസ്ത്രീയബോധം എന്നിവയാണവ. ശാസ്ത്രീയബോധവും യുക്തിവിചാരവും മാറ്റിനിര്‍ത്തി നവോത്ഥാനപാതയിലൂടെ ആര്‍ക്കും സഞ്ചരിക്കാനാവില്ല. ഇന്ത്യയില്‍ റാം മോഹന്‍ റോയി തൊട്ട് നാരായണഗുരുവരെയുള്ളവര്‍ മതപരിഷ്‌കരണത്തിലേര്‍പ്പെട്ടപ്പോള്‍ അവര്‍ ആശ്രയിച്ചത് യുക്തിവിചാരത്തെയാണ്. രാമവര്‍മ്മ തമ്പാനും മിതവാദി സി. കൃഷ്ണനും സി.വി. കുഞ്ഞുരാമനും സഹോദരന്‍ അയ്യപ്പനും എം.സി. ജോസഫും കുറ്റിപ്പുഴ കൃഷ്ണപിള്ളയും വി.ടി. ഭട്ടതിരിപ്പാടും ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയും സ്വതന്ത്ര സമുദായം മാധവനും ബാരിസ്റ്റര്‍ എ.കെ.പിള്ളയും സി. കേശവനും പമ്പിള്ളി ഗോവിന്ദ മേനോനും കേസരി ബാലകൃഷ്ണപിള്ളയും പി. കേശവദേവുമെല്ലാം കേരളത്തിലെ അറിയപ്പെടുന്ന യുക്തിവാദികളും നവോത്ഥാന പഥികരുമായിരുന്നു.

ഇത്ര സമ്പന്നമായ ഒരു യുക്തിവാദ പാരമ്പര്യം കേരളത്തിനുണ്ടായിട്ടും സംസ്ഥാനം പലകുറി ഭരിച്ച കമ്യൂണിസ്റ്റുകാര്‍ പോലും യുക്തിവാദത്തെ (റാഷണലിസത്തെ) നിരാകരിക്കുകയേ ചെയ്തിട്ടുള്ളൂ. 1981-ല്‍ സംസ്ഥാനത്തെ യുക്തിവാദിസംഘം പ്രവര്‍ത്തകര്‍ ശബരിമലയിലെ മകരജ്യോതി ദൈവികമല്ലെന്നും അത് മനുഷ്യസൃഷ്ടമാണെന്നും സംശയാതീതമായി തെളിയിച്ചിരുന്നു. സെക്യുലറിസ്റ്റുകള്‍ എന്ന് അഭിമാനിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരോ കോണ്‍ഗ്രസ്സുകാരോ അന്നു യുക്തിവാദികളെ പിന്തുണക്കാനോ മകരജ്യോതിയില്‍ ദിവ്യത്വമേതുമില്ലെന്നു പ്രഖ്യാപിക്കാനോ മുന്നോട്ട് വന്നില്ല. എന്നുവെച്ചാല്‍, യുക്തിയുടേയോ ശാസ്ത്രത്തിന്റെയോ കൂടെയല്ല, മുഴുത്ത മൂഢവിശ്വാസത്തിന്റെ കൂടെയാണവര്‍ നിന്നത്.

ഈ ശാസ്ത്രബോധവിരുദ്ധതയ്ക്ക് (നവോത്ഥാന മൂല്യവിരുദ്ധതയ്ക്ക്) കാരണം ഒന്നേയുള്ളൂ. അപ്രതിഹത പാര്‍ലമെന്ററി വ്യാമോഹം അന്ധവിശ്വാസങ്ങളെ തഴുകിയാണെങ്കിലും അധികാരം കൈപ്പിടിയിലൊതുക്കാനുള്ള അടങ്ങാത്ത ദാഹം. സിംഹാസനലബ്ധിക്ക് മൂഢവിശ്വാസങ്ങളേയും അനാചാരങ്ങളേയും മാത്രമല്ല, മതതീവ്രവാദത്തേയും തലോടാമെന്ന നിലപാടും ഇരുമുന്നണികളും കൈക്കൊണ്ടുപോന്നിട്ടുണ്ട്. 1980-കളുടെ ഒടുവില്‍ മതതീവ്രവാദത്തിന്റെ തീപ്പൊരിപ്പതാകയുമായി പ്രത്യക്ഷപ്പെട്ട മഅ്ദനിയെ രണ്ടുകൂട്ടരും കൂട്ടുപിടിച്ചത് മാലോകര്‍ കണ്ടതാണ്.

നവോത്ഥാന മൂല്യങ്ങളുടെ ശിരസ്സറുക്കുന്ന ആരാച്ചാര്‍ വേലയില്‍ മുഴുകി സി.പി.ഐ.എമ്മും കോണ്‍ഗ്രസ്സും മുന്നോട്ടു കൊണ്ടുപോകുന്ന മുന്നണി രാഷ്ട്രീയം കൊണ്ട് ലാഭമുണ്ടാക്കിയത് കേരളത്തിലെ മൂന്നു സമുദായങ്ങളിലും പെട്ട വര്‍ഗ്ഗീയ പാര്‍ട്ടികളാണെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കോണ്‍ഗ്രസ്സും സി.പി.ഐ.എമ്മും കാണെക്കാണെ മെലിഞ്ഞപ്പോള്‍ മുസ്ലിം, ക്രൈസ്തവ, ഹൈന്ദവ വര്‍ഗ്ഗീയ സംഘടനകള്‍ തടിച്ചുകൊഴുത്തു. പത്ത് കൊല്ലം മുന്‍പ് വരെ കേരളത്തില്‍ നിസ്സാര ശക്തിയായിരുന്ന ബി.ജെ.പി സമീപകാലത്ത് ആര്‍ജ്ജിച്ച കരുത്ത്  മുന്നണി രാഷ്ട്രീയത്തിന്റെ ഉപോല്പന്നമാണ്.

ഇപ്പോളിതാ മറ്റൊരു രാഷ്ട്രീയ സര്‍ക്കസ്. 'നവോത്ഥാന മൂല്യസംരക്ഷണ സമിതി'ക്കാരെ മുന്നില്‍ നിര്‍ത്തി സി.പി.ഐ.എമ്മും ഇടതു സര്‍ക്കാരും വനിതാമതില്‍ ഉയര്‍ത്താന്‍ പോകുന്നു. ആരാച്ചാര്‍മാര്‍ ജീവദായകരുടെ വ്യാജവേഷം കെട്ടുന്നത് പോലുള്ള ഏര്‍പ്പാടാണിത്. അതിരിക്കട്ടെ, ഹൈന്ദവ സംഘങ്ങളെ മാത്രം സംഘടിപ്പിച്ചു നടത്തുന്ന ഈ പെണ്‍ഭിത്തി തെറ്റായ ഒരു സന്ദേശം നല്‍കുന്നിണ്ട്. മുസ്ലിങ്ങളും ക്രൈസ്തവരും പരിഷ്‌കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്നും പരിഷ്‌കരിക്കപ്പെടാന്‍ ബാക്കിയുള്ളത് ഹിന്ദുക്കള്‍ മാത്രമാണ് എന്നതുമാണത്. വെളിവുള്ള ആര്‍ക്കും അതംഗീകരിക്കാന്‍ കഴിയില്ല. ഒരു കാര്യം കൂടി. മനുഷ്യച്ചങ്ങല, മനുഷ്യമതില്‍, വനിതാമതില്‍ എന്നീ അഭിധാനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ കമ്യൂണിസ്റ്റുകാര്‍ ചുരുങ്ങിയത് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ആ പ്രസിദ്ധ വാചകമെങ്കിലും ഓര്‍ക്കണം. ചങ്ങലകളല്ലാതെ മറ്റൊന്നും തൊഴിലാളികള്‍ക്ക് നഷ്ടപ്പെടാനില്ല എന്നാണതില്‍ പറയുന്നത്. ചങ്ങല അടിമത്തത്തിന്റേയും മതില്‍ വിഭജനത്തിന്റേയും പ്രതീകങ്ങളാണ്. അടിമത്തവും മനുഷ്യര്‍ തമ്മിലുള്ള വിഭജനവും ആഗ്രഹിക്കുന്ന പാര്‍ട്ടിയായി മാറിക്കഴിഞ്ഞോ സി.പി.ഐ.എം?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com