ചൂണ്ടുവിരല്‍ത്തുമ്പിലെ കരിമഷിക്കറകള്‍

ഗാന്ധിജിയെപ്പോലെ ഒരാള്‍ ഏതെങ്കിലും നിയോജകമണ്ഡലത്തില്‍നിന്ന് സ്വതന്ത്രനായി ജയിക്കുമോ? ജയിക്കണമെങ്കില്‍ ഒരു പാര്‍ട്ടിയുടെ ടിക്കറ്റു വേണം, ചെലവാക്കാന്‍ പണം വേണം, ഏതെങ്കിലും വോട്ടു ബാങ്കും വേണം.
ചൂണ്ടുവിരല്‍ത്തുമ്പിലെ കരിമഷിക്കറകള്‍

മ്മുടെ ജനാധിപത്യം ലോകത്തില്‍ ഏറ്റവും മുന്തിയ ജനുസ്സാണെന്ന് അഭിമാനിക്കുന്നു.
ആണോ?
ഉവ്വ്, ജനസംഖ്യ ഇത്രയുമുള്ള ജനായത്തം ലോകത്ത് വേറെ ഇല്ല. അടിയന്തരാവസ്ഥയുടെ ഗ്രഹണകാലം മാറ്റിയാല്‍, അനുസ്യൂതിയും അന്യൂനം തന്നെ.
പക്ഷേ, ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഒ.പി. റാവത്ത് നാലു നാള്‍ മുന്‍പ് 'ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍' എന്ന സെമിനാറില്‍ പറഞ്ഞത് കാര്യം ഒട്ടും പന്തിയല്ല എന്നാണ്.
തെരഞ്ഞെടുപ്പുകളില്‍ കള്ളപ്പണത്തിന്റെ സ്വാധീനം തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണെന്നും വ്യക്തിവിവര മോഷണവും ദുരുപയോഗവും വ്യാജവാര്‍ത്തകളും വെല്ലുവിളികളാണെന്നും ജനാധിപത്യത്തെ നിലനിര്‍ത്തുന്ന ധീരത, സ്വഭാവദാര്‍ഢ്യം, വിവേകം തുടങ്ങിയ സവിശേഷ ഗുണങ്ങള്‍ രാജ്യത്ത് നാശത്തിന്റെ വക്കിലാണെന്നും അദ്ദേഹം തുറന്നുതന്നെ പറഞ്ഞു.

അടുത്ത കൊല്ലത്തെ വേനലില്‍ നാട് ദേശീയ പൊതുതെരഞ്ഞെടുപ്പിനെ നേരിടാനിരിക്കയാണ്. എല്ലാ രാഷ്ട്രീയ കക്ഷികളും കച്ചയും കീശയും മീശയും ഒരുക്കുന്നു! അടവുകളും നയങ്ങളും ആസൂത്രണം ചെയ്യുന്നു. അവകാശവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും പൊടിപാറുന്നു.

ഈ സമയത്ത് ഉള്ളിലുയിര്‍ത്ത ചില നിഗമനങ്ങളും ആശങ്കകളും പങ്കുവെയ്ക്കണമെന്നു തോന്നുന്നു. ഇതു പറയുന്നതിനാല്‍ ഞാനും ഒരു 'അര്‍ബന്‍ നക്‌സലായി മുദ്രകുത്തപ്പെട്ടേക്കാമെന്നിരിക്കിലും നേരു പറയാതിരിക്കാന്‍ വയ്യല്ലോ, എഴുത്തുകാരനായിപ്പോയില്ലേ?
നമ്മുടെ ജനായത്തത്തെ അതിന്റെ പിറവി മുതല്‍ എനിക്കു പരിചയമുണ്ട്. ഏതാണ്ട് ആറ് പതിറ്റാണ്ടു കാലത്തെ പങ്കാളിത്താനുഭവവും ഉണ്ട്.

ആളുകള്‍ക്ക് എഴുത്തും വായനയും അറിയാത്തതിനാല്‍ ആദ്യകാല തെരഞ്ഞെടുപ്പുകളില്‍ വര്‍ണ്ണപ്പെട്ടികളായിരുന്നു മുറ. സീലടി ഇല്ല. ബാലറ്റ് പേപ്പര്‍ വെറുതെ 'ഇഷ്ടനിറപ്പെട്ടി'യില്‍ ഇടുക. കുറച്ചു കഴിഞ്ഞപ്പോള്‍ 'ചിത്രപ്പെട്ടി'യായി. കാളപ്പെട്ടി, സൂര്യപ്പെട്ടി, പക്ഷിപ്പെട്ടി എന്നിങ്ങനെ. അതും കഴിഞ്ഞ് പെട്ടി ആകെ ഒന്നായി, ബാലറ്റ് പേപ്പറില്‍ ചിഹ്നങ്ങളായി. കള്ളി തെറ്റാതെ സീലടിക്കണം.
അപ്പോഴൊക്കെയും ഒരു സൗകര്യം ഉണ്ടായിരുന്നു. ബാലറ്റ് പേപ്പര്‍ പോക്കറ്റിലോ മടിക്കുത്തിലോ വെച്ച് പുറത്തു കൊണ്ടുവന്ന് കൈമാറി ചായക്കോ ചാരായത്തിനു തന്നെയോ വഴി കാണാമായിരുന്നു!
അടുത്ത കാലത്ത് ഇലക്ട്രോണിക്ക് യന്ത്രങ്ങള്‍ വന്നതോടെ ഇതു നടക്കാതായി. പക്ഷേ, എല്ലാം ഒരു മായാജാലം പോലെ ആയി! എവിടെ കുത്തിയെന്നതിന് രേഖയില്ലാത്തതുകൊണ്ട് ഏതാണ്ട് ജലരേഖ പോലെ!

അന്നും ഇന്നും മാറാതെ ഉള്ളതു ചൂണ്ടുവിരലിലെ മായാമഷിയാണ്. ഇത് ഇനിയുമെന്തിനാണ് എന്നു മനസ്സിലാകുന്നില്ല. വരണാധികാരിയുടെ മുന്നിലെ പട്ടികയില്‍, ഐ.ഡി. കാര്‍ഡുമായി വരുന്ന വോട്ടറുടെപേര് പരസ്യമായി വെട്ടിയാല്‍ ധാരാളമായില്ലേ?
അതിരിക്കട്ടെ, ഇന്ത്യയില്‍ എവിടെയെങ്കിലും നിലവില്‍ വന്ന ഏതെങ്കിലും ഭരണസമിതിക്ക് ഇക്കാലത്തിനിടെ എന്നെങ്കിലും ഭൂരിപക്ഷ പിന്തുണ ഉണ്ടായോ? ഓരോ സീറ്റിലും കുറേപ്പേര്‍ മത്സരിക്കും, ആകെ വോട്ടര്‍മാരില്‍ ശരാശരി അന്‍പതു ശതമാനം വോട്ടു ചെയ്യും. പോള്‍ ചെയ്ത വോട്ടുകളില്‍ എണ്ണക്കൂടുതല്‍ കിട്ടുന്ന ആള്‍ ജയിക്കും! ഇതു പക്ഷേ, നിയോജക മണ്ഡലത്തിലെ മൊത്തം സമ്മതിദായകരുടെ പത്തു ശതമാനം പോലും ഉണ്ടാവില്ല, ചിലപ്പോള്‍. ഈ ഭരണസമിതി ആരെയാണ് പ്രതിനിധീകരിക്കുന്നത്? 'ഭൂരിപക്ഷം' കിട്ടി ഇന്നേവരെ കേന്ദ്രമോ സംസ്ഥാനമോ ഒരു ഭരണസമിതിയും ഭരിച്ചിട്ടില്ല, ഇപ്പോള്‍ ഭരിക്കുന്നില്ല, ഇങ്ങനെ പോയാല്‍ നാളെയും ഭരിക്കില്ല. തീര്‍ത്തും അന്തസ്സാരശൂന്യമാണ് ഈ വ്യവസ്ഥിതി എന്നര്‍ത്ഥം. മൊത്തം വോട്ടര്‍മാരില്‍ (പോള്‍ ചെയ്തതല്ല) 50 ശതമാനത്തിലേറെ കിട്ടാതെ ആരും 'ജയി'ക്കില്ല എന്നു വന്നാലേ പ്രാതിനിധ്യം ശരിയാവൂ.


ധീരത, സ്വഭാവധാര്‍ഢ്യം, വിവേകം എന്നിവയില്‍ സര്‍വ്വസമ്മതനായ ഗാന്ധിജിയെപ്പോലെ ഒരാള്‍ ഏതെങ്കിലും നിയോജകമണ്ഡലത്തില്‍നിന്ന് സ്വതന്ത്രനായി ജയിക്കുമോ? ജയിക്കണമെങ്കില്‍ ഒരു പാര്‍ട്ടിയുടെ ടിക്കറ്റു വേണം, ചെലവാക്കാന്‍ പണം വേണം, ഏതെങ്കിലും വോട്ടു ബാങ്കും വേണം. 'മൂക്കില്ലാ രാജ്യത്ത് മുറിമൂക്കനായാലും രാജാവാകാം' എന്ന സൗകര്യമുള്ളതിനാലാണ് വോട്ടു ബാങ്കുകള്‍ വാഴുന്നത്. വോട്ടര്‍മാരില്‍ നാലു ശതമാനം വരുന്ന, ജാതിമത ഉപജാതി ബാങ്കുകളില്‍ ഒരെണ്ണമുണ്ടെങ്കില്‍ ജയം ഉറപ്പ്. പത്തു ശതമാനത്തിന്റെ പിന്‍ബലമുള്ള ഒരു പാര്‍ട്ടി കൂടിയുണ്ടെങ്കില്‍ പിന്നെ ഒന്നും വേണ്ട. ആദ്യകാലങ്ങളില്‍ ഈ പാര്‍ട്ടികള്‍ ജനങ്ങളോടു സംഭാവന വാങ്ങിയാണ് പണമുണ്ടാക്കിയിരുന്നത്. അനീതിക്ക് അച്ചാരമായി സമൂഹദ്രോഹികള്‍ മൊത്തമായി വന്‍തുകകള്‍ കൊടുത്തു തുടങ്ങിയപ്പോള്‍ ചില്ലിക്കാശ് വേണ്ടാതായി. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ തിരിച്ചായി സംഗതി. കൊള്ളലാഭമുണ്ടാക്കുന്ന മാഫിയകള്‍ ഭരണാധികാരികളുടെ ബിനാമികളായി!

ഇന്ത്യയിലെ ഓരോ രാഷ്ട്രീയകക്ഷിയും ഓരോ കോര്‍പ്പറേറ്റ് മുതലാളിയുടെ ടീമാണ് എന്നതല്ലേ നേര്? പാര്‍ട്ടികള്‍ ഒന്നിക്കുന്നതും വേര്‍പിരിയുന്നതും മുന്നണികള്‍ രൂപം കൊള്ളുന്നതും കാലുമാറ്റങ്ങള്‍ അരങ്ങേറുന്നതും എല്ലാം 'മുതലാളി'മാര്‍ പുറകില്‍നിന്ന് ചരടു വലിക്കുന്നതിനനുസരിച്ചല്ലേ? പുറമേയ്ക്ക് മാന്യതയും ഉള്ളില്‍ ക്വട്ടേഷന്‍ സംഘസ്വഭാവവുമുള്ള പാര്‍ട്ടികള്‍ ആരെയാണ് പ്രതിനിധീകരിക്കുന്നത്? പരസ്പരം വെട്ടിയും കുത്തിയും കൊല്ലുന്നത് ആര്‍ക്കുവേണ്ടിയാണ്? തങ്ങള്‍ ചുണയും കരുത്തുമുള്ളവരെന്ന് ആരെ ബോദ്ധ്യപ്പെടുത്താനാണ്?

ഇതൊക്കെയും ജാതിമതവികാരങ്ങളെ വോട്ടിനായി ദുരുപയോഗം ചെയ്യുന്നതും തടയാന്‍ തെരഞ്ഞെടുപ്പു കമ്മിഷന് എന്തുകൊണ്ട് കഴിയുന്നില്ല.
കോടതികള്‍ക്കും എന്തുകൊണ്ടു കഴിയുന്നില്ല എന്നാലോചിക്കുമ്പോഴാണ് ഒരു വസ്തുത വെളിപ്പെടുക: നമ്മുടെ ഭരണഘടന അന്യൂനമല്ല. ഭരണഘടന വെച്ചല്ലേ

കോടതികള്‍ക്ക് വിധിക്കാനാവൂ? എന്തുകൊണ്ട് ഇങ്ങനെ വന്നു എന്ന ചിന്ത ഒരു പടികൂടി നീണ്ടാല്‍ കൂടുതല്‍ അലോസരങ്ങളിലാണ് അവസാനിക്കുക കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയുടെ തെരഞ്ഞെടുപ്പും മതിയായ ജനാധിപത്യ സ്വഭാവമുള്ളതായിരുന്നില്ല! ബ്രിട്ടീഷ് ഭരണഘടനയില്‍ അല്ലറചില്ലറ മാറ്റങ്ങള്‍ വരുത്തി, വിഭാഗീയതകള്‍ക്ക് വളരാന്‍ ഇടവും ഉഴവും അടിവളവുമിട്ട് രൂപപ്പെടുത്തിയതല്ലേ സത്യത്തില്‍ നമ്മുടെ ഭരണഘടന?

പൊതുതാല്‍പ്പര്യങ്ങളെ സമഗ്രമായി പ്രതിനിധീകരിക്കാനും സംരക്ഷിക്കാനും ലോകഗതിക്കൊപ്പം സ്വയം മാറാനും പാകത്തില്‍ ഈ ഭരണഘടനയെ രൂപാന്തരപ്പെടുത്താന്‍ എന്തു ചെയ്യണമെന്ന ചോദ്യമല്ലേ യഥാര്‍ത്ഥത്തില്‍ അടുത്ത പൊതു തെരഞ്ഞെടുപ്പിലെ കാതലായ വിഷയമാകേണ്ടത്?

അല്ല, നാട്ടിനകത്തും പുറത്തുമുള്ള ആര്‍ത്തിപ്പണ്ടാരങ്ങള്‍ക്ക് കൊള്ളയടിച്ച് കോടീശ്വര മത്സരത്തില്‍ വിജയിക്കാനുള്ള ഉപാധി മാത്രമായി തുടര്‍ന്നാല്‍ മതിയോ നമ്മുടെ മഹത്തായ ജനാധിപത്യം? ചൂണ്ടുവിരലിലെ കരിമഷിക്കറ എന്നെങ്കിലും ചുരണ്ടി നീക്കാതിരിക്കാന്‍ പറ്റില്ലെന്നിരിക്കെ എന്തിന് ഇനിയും ഏറെ വൈകിക്കണം?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com